മുഹ്‌യിദ്ധീൻ മാല
മുഹ്‌യിദ്ധീൻ മാല
الشيخ محي الدين عبد القادر جيلاني (ر).
"മുസ്‌ലിയാർ പറയുന്ന അർത്ഥമാണെങ്കിൽ മാലയിൽ കുഴപ്പമില്ല. കൊട്ടപ്പുറം സംവാദ വേദിയിൽ കേട്ടത് "മുസ്‌ലിയാർ ഉണ്ടാക്കിയ മാലയുടെ അർത്ഥം വിവരിക്കേണ്ടത് മൗലവിയല്ലല്ലോ"
بسم الله الرحمن الرحيم
അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും,
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ,
ആയെ മുഹമ്മദവർകിള ആണോവർ
എല്ലാ കിളയിലും ബങ്കീള ആയോവർ,
എല്ലാ തിശയിലും കേളി മികച്ചോവർ
സുൽത്താനുൽ ഔലിയ്യ എന്നു പെരുള്ളോവർ,
സയ്യിദവർതായും ബാവയും ആണോവർ
ബാവ മുതുകിന്ന് ഖുത്ബായി വന്നോവർ,
ബാനം അതേളീലും കേളി നിറഞ്ഞോവർ
ഇരുന്നെ ഇരുപ്പിന്നേൾ ആകാശം കണ്ടോവർ,
ഏറും മലക്കൂത്തിൽ രാജാളി എന്നോവർ
ബലത്ത് ശരീഅത്തെന്നും കടലുള്ളോവർ,
ഇടത്തെ ഹഖീഖത്തെന്നും കടലുള്ളോവർ
ആകാശത്തുമ്മേലും ഭൂമിക്കു താഴെയും,
അവരെ കൊടി നീളം അത്തിരെ ഉള്ളോവർ
ഷൈഖബ്‌ദുൽ ഖാദിരി കൈലാനി എന്നോവർ,
ഷൈഖമ്മാർക്കെല്ലാർക്കും ഖുത്ബായി വന്നോവർ
അല്ലാഹ് സ്നേഹിച്ചെ മുഹുയുദ്ദീൻ എന്നോവർ,
അറ്റം ഇല്ലാതോളം മേൽമ ഉടയോവർ
മേൽമയിൽ സ്വൽപം പറയുന്നു ഞാൻ ഇപ്പോൾ,
മേൽമ പറകിൽ പല വണ്ണം ഉള്ളോവർ
പാലിലെ വെണ്ണ പോൽ ബൈതാക്കി ചൊല്ലുന്നെൻ,
ബാകിയം ഉള്ളോവർ ഇതിനെ പടിച്ചോവർ
കണ്ടെന്നറിവാളൻ കാട്ടിത്തരും പോലെ,
ഖാളി മുഹമ്മദതെന്നു പെരുള്ളോവർ
കൊഴിക്കോട്ടെഅത്തുര തന്നിൽ പിറന്നോവർ,
കോർവായിതൊക്കെയും നോക്കിയെടുത്തോവർ
അവർ ചൊന്ന ബൈത്തിന്നും ബഹ്‌ജാക്കിത്താബിന്നും,
അങ്ങിനെ തക്മീലാ തന്നിന്നും കണ്ടോവർ
കേൾപ്പാൻ വിശേഷം നമക്കവർ പോരിശ,
കേപ്പിനെ ലോകരെ മുഹിയിദ്ദീൻ എന്നോവർ
മൂലം ഉടയവൻ ഏകൽ അരുളാലെ,
മുഹിയിദ്ദീൻ എന്നോ പേർ ദീൻതാൻ വിളിച്ചോവർ
ആവണ്ണം അല്ലാഹ് പടച്ചവൻ താൻ തന്നെ,
യാ ഗൗസുൽ അ:ളം എന്നല്ലാഹ് വിളിച്ചോവർ
എല്ലാ മശായിഖന്മാരുടെ തോളുമ്മേൽ,
ഏകൽ അരുളാലെ എൻെറ കാലെന്നോവർ
അന്നേരം മലക്കുകൾ മെയ്യെന്നു ചൊന്നോവർ,
അവരെ തലക്കുമ്മേൽ ഖൽഖ് പൊതിഞ്ഞോവർ
അപ്പോളെ ഭൂമീലെ ഷൈഖന്മരെല്ലാരും,
അവർക്കു തല താത്തി ചാച്ചു കൊടുത്തോവർ
ഖാഫ് മല:ഇനും ബഹർ മുഹീത്വിന്നും,
യഅജൂജ് നാട്ടിന്നും തലനെ താതിച്ചോവർ
അതിയിൽ ഒരു ഷൈഖ് അതല്ലെന്നു ചൊന്നാരെ.
അവരെ വലിപ്പട്ടം നീക്കിച്ചു വെച്ചോവർ
അതിനാൽ ചതിയിൽ പെടുവാന്നു കേട്ടാരെ,
എഴുവതാമാനിനെ ഉസ്താദു കണ്ടോവർ
ഞാനെല്ലാ സിറിന്നും സിറെന്നു ചൊന്നോവർ,
ഞാനല്ലാഹ് തന്നുടെ അമ്രെന്നു ചൊന്നോവർ
കൽപനയെന്നൊരു സയ്‌ഫു ഞാനെന്നോവർ,
കോപം ഉടയോന്റെ നാറു ഞാനെന്നോവർ
മറുകരയില്ലാ കടലു ഞാനെന്നോവർ,
മനുഷ്യനറിയാത്ത വസ്തു ഞാനെന്നോവർ
ജിന്നിന്നും ഇൻസിന്നും മറ്റു മലക്കിന്നും,
ഞാനിവയെല്ലാർക്കും മെയ്യെ ഷൈഖന്നോവർ
എല്ലാ വലികളും മേലെ ഖുത്ബാണോരും,
എന്നുടെ വീട്ടിലെ പുള്ളേരതെന്നോവർ
ബാശി ഞാൻ എണ്ണിയെ ഉള്ളവരും ഞാനും,
ബാനവും ഭൂമീലും ഏറും അതെന്നോവർ
എന്നെ ഒരുത്തരെ കൂട്ടിപ്പറയേണ്ട,
എന്നെ പടപ്പിനറിയരുതെന്നോവർ
എന്നുടെ ഏകൽ ഉടയവൻ തന്റേകൽ,
ആകെന്നു ഞാൻ ചൊൽകിൽ ആകും അതെന്നോവർ
ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമെ,
എന്നാണു നിന്നെ പറയെന്നും കേട്ടോവർ
ചൊല്ലില ഞാനൊന്നും എന്നോടു ചൊല്ലാതെ,
ചൊല്ല് നീ എന്റെ അമാനിൽ അതെന്നോവർ
ആരാനും ചോദിച്ചാൽ അവരോടു ചൊല്ലുവാൻ,
അനുവാദം വന്നാൽ പറയാൻ ഞാനെന്നോവർ
എൻകയ്യാൽ ഒന്നുമെ തിന്നേനതെന്നാരെ,
ഏകലാൽ ഹിളറേകി ബാരിക്കൊടുത്തോവർ
ഭൂമി ഉരുണ്ടപൊൽ എൻകയ്യിൽ എന്നോവർ,
ഭൂമി അതൊക്കെയും ഒരു ചുമടെന്നോവർ
കഅബാനെ ചുറ്റുവാൻ ഖുത്ബാണോരെല്ലാരും,
കഅബം ത്വവാഫന്നു താൻ ചെയ്യും എന്നോവർ
എല്ലായിലും മേലാർശിങ്കൽ ചെന്നോവർ,
എന്റെ കണ്ണെപ്പൊഴും ലൗഹിൽ അതെന്നോവർ
എല്ലാ വലികളും ഓരോ നബി വാശി,
ഞാനെന്റെ സിബാവ കാൽവാശി എന്നോവർ
എന്റെ മുരീദുകൾ തൗബായിൽ എത്താതെ,
എന്നും മരിക്കരുതെന്നു കൊതിച്ചോവർ
അതിനെ ഖബൂലാക്കിയാനെന്ന് ചൊല്ലിയാർ,
അവരുടെ ഉസ്താദ് ഹമ്മാദതെന്നോവർ
എന്റെ മുരീദുകൾ എൻകൂടെ കൂടാതെ,
എന്റെ കാലെന്നും പരിക്കെനതെന്നോവർ
കൺകൂടാ വട്ടത്തിൽ നിന്റെ മുരീദുകൾ,
സ്വർഗത്തിൽ പോമെന്നു അല്ലാഹ് കൊടുത്തോവർ
നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്,
നരകത്തെ കാക്കും മലക്ക് പറഞ്ഞോവർ
എന്റെ കൊടിന്റെ കീൾ എല്ലാ വലീകളും,
എന്റെ മുരീദിൻ ഞാൻ ഷാഫിഅ: എന്നോവർ
ഹല്ലാജെ കൊല്ലും നാൾ അന്നു ഞാനുണ്ടെങ്കിൽ,
അപ്പോൾ അവർകയ് പിടിപ്പേനതെന്നോവർ
എന്നെ പിടിച്ചവർ ഇടറുന്ന നേരത്തു,
എപ്പോഴും അവർ കയ് പിടിപ്പേൻ ഞാനെന്നോവർ
എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട,
എന്നെ പിടിച്ചൊർക്ക് ഞാൻ കാവൽ എന്നോവർ
എല്ലാ മുരീദുകൾ താൻ താന്റെ ഷൈഖപ്പൊൾ,
എന്റെ മുരീദുകൾ എന്റെപോൽ എന്നോവർ
എന്റെ മുരീദുകൾ നല്ലവരല്ലെങ്കിൽ,
എപ്പോഴും നല്ലവൻ ഞാനെന്നു ചൊന്നോവർ
യാതാലൊരിക്കലും അല്ലാട് തേടുകിൽ,
എന്നെക്കൊണ്ടല്ലാട് തേടുവിൻ എന്നോവർ
ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോർക്ക്,
വായ്ക്കുടാ ഉത്തിരം ചെയ്യും ഞാനെന്നോവർ
ഭൂമി തനത്തിൽ ഞാൻ ദീനെ നടത്തുവാൻ,
ബേദാംബർ നമ്മുടെ ആളു ഞാനെന്നോവർ
ആരുണ്ടതെന്റെ മഖാമിനെ എത്തീട്ടു,
ആരാനും ഉണ്ടെങ്കിൽ ചൊല്ലുവീനെന്നോവർ
എഴുവതു വാതിൽ തുറന്നാനെനിക്കല്ലാഹ്,
ആരും അറിയാത്ത ഇൽമാൽ അതെന്നോവർ
ഓരോരോ വാതിലിൻ വീതി അതോരോന്നു,
ആകാശം ഭൂമിയും പൊലെ അതെന്നോവർ
അല്ലാഹ് എനക്കവൻ താൻ ചെയ്ത പോരിശ,
ആർക്കും ഖിയാമത്തോളം ചെയ്യാതെന്നോവർ
എല്ലാർക്കും എത്തിയ നിലപാടതെപ്പോഴും,
എന്റെ ബഖിയത്തിൽ മിഞ്ചം അതെന്നോവർ
എല്ലാരും ഓതിയെ ഇൽമുകളൊക്കെയും,
എന്നുടെ ഇൽമാൽ അതൊട്ടെന്നു ചൊന്നോവർ
എല്ലാ പൊളുതും ഉദിച്ചാൽ ഉറുബാകും,
എൻപളുതെപ്പൊഴും ഉണ്ടെന്നു ചൊന്നോവർ
കുപ്പിയ്യകതുള്ള വസ്തുവിനെപോലെ,
കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ
എന്റെ വചനത്തെ പൊയ്യെന്നു ചൊല്ലുകിൽ,
അപ്പൊളെ കൊല്ലുന്ന നെൻജു ഞാനെന്നോവർ
അവരുടെ ദീനെയും ശേഷം ദുനിയാവെയും,
ആഖിറം തന്നെയും പോക്കും അതെന്നോവർ
നൽനിനവ് എന്നു ഒരുത്തർ നിനച്ചെങ്കിൽ,
നായെൻ അദാബിനെ നെയ്‌ദാക്കും എന്നോവർ
ഏകൽ ഉടയവൻ ഏകലരുളാലെ,
ഇത്തരം എത്തിര ബണ്ണം പറഞ്ഞോവർ
നാലു കിതാബെയും മറ്റുള്ള സുഹ്‌ഫയും,
നായെൻ അരുളാലെ ഓതി ഉണർന്നോവർ
ബേദാംബർ ഏകലാൽ ഖിർക്ക ഉടുത്തോവർ,
വെളുത്തിട്ടു നൊക്കുംബോൾ അതിന്മേലെ കണ്ടോവർ
ബേദം വിളങ്കി പറവാൻ മടിച്ചാരെ,
ബേദാംബർ അവർബായിൽ തുപ്പിക്കൊടുത്തോവർ
നാവാൽ മൊഴിയുന്നെ ഇൽമു കുറിപ്പാനായ്,
നാനൂറു ഹുഖാമയ് അവർചുറ്റും ഉള്ളോവർ
നായെന്നരുളാലെ ഇൽമു പറയുംബോൾ,
നാവിന്നു നേരെ ഒളിവിറങ്ങുന്നോവർ
അവർകയ് പിടിച്ചതിൽ തൊപ്പം പേരപ്പോളെ,
ആകാശവും മറ്റും പലതെല്ലാം കണ്ടോവർ
അവരൊന്നു നന്നായൊരു നോക്കു നോക്കുകിൽ,
അതിനാൽ വലിയ നിലനെ കൊടുത്തോവർ
നാൽപതു വട്ടം ജനാബത്തുണ്ടായാരെ,
നാൽപതു വട്ടം ഒരുരാക്കുളിച്ചൊവർ
നലവേറും ഇഷാ തൊഴുതൊരു വുളുവാലെ,
നാൽപതിറ്റാണ്ട് സുബ്ഹി തൊഴുതോവർ
ഒരു കാൽമൽ നിന്നിട്ടൊരു ഖത്തം തീർത്തൊവർ,
ഒരു ചൊൽ മുതലായി മുവ്വാണ്ട് കാത്തോവർ
എന്നാരെ ഖിളർതാം അവർക്കിട്ടെ ചെന്നിട്ടു,
ഏകൽ അരുളാലെ അവർകൂടെ നിന്നോവർ
ഇരുപത്തയ്യാണ്ടോളം ചുറ്റി നടന്നോവർ,
ഇരിയെന്നയേകൽ കേട്ടാരെ ഇരുന്നോവർ
നാൽപ്പതിറ്റാണ്ടോളം വയളു പറഞ്ഞോവർ,
നന്നായി തൊന്നൂറു കാലം ഇരുന്നോവർ
താരീഖു നാനൂറ്റി എഴുപതു ചൊന്നനാൾ,
കൈലാനിയെന്ന നാട് തന്നിൽ പിറന്നോവർ
ഊണും ഉറക്കും അതൊന്നുമെ കൂടാതെ,
ഓരാണ്ടു കാലം പൊറുത്തു നടന്നോവർ
ഇബ്ലീസവരെ ചതിപ്പാനായ് ചെന്നാരെ,
ഇബ്ലീസെ ചാച്ചു കിടത്തി അയച്ചോവർ
അംബിയാക്കന്മാരും ഔലിയാക്കന്മാരും,
അവരുടെ റൂഹും അവിടെ വരുന്നോവർ
അങ്ങിനെത്തന്നെ മലായിക്കത്തന്മാരും,
അവരുടെ മജ്‌ലിസിൽ ഹാളിറാകുന്നോവർ
ആവണ്ണം നമ്മുടെ ഖോജ രസൂലുല്ലാഹ്,
അവരുടെ റൂഹും അവിടെ വരുന്നോവർ
അവരുടെ മജ്‌ലിസിൽ തുകിൽ ഇറങ്ങുന്നോവർ,
അവരുടെ വഅ:ളാൽ പലരും ചാകുന്നോവർ
ഏറിയ കുറും ഹിളുറെ കാണുന്നോവർ,
അവരുടെ അറിവും നിലയും നിറഞ്ഞോവർ
ഏറും അവർക്കിട്ടെ ഇൻസിലും ജിന്നുകൾ,
ഈമാനും തൗബയും വാങ്ങുവാൻ ചെന്നോവർ
ആകാശത്തുമ്മേൽ അവർ ചെന്ന സ്ഥാനത്ത്,
ആരും ഒരു ഷൈഖും ചെന്നില്ല എന്നോവർ
കൺകൊണ്ടു കാമാൻ അരുതാതെ ലോകരെ,
കാമാൻ അവർ ചുറ്റും എപ്പോളും ഉള്ളോവർ
ഖാഫ് മലഇന്നും അപ്പുറം ഉള്ളോവർ,
കാണാനവർ മേൽമ കാണാനായ് വന്നോവർ
പലപല സ്വഫ്‌ഫായ് അവർതലക്കുമ്മേലെ,
പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവർ
ആകാശം ഭൂമിയും ഒന്നുമെ തട്ടാതെ,
അവിടത്തെ ഖുബ്ബാമെൽ അവർ പൊയി ഇരുന്നോവർ
തേനീച്ച വെച്ചപോൽ ഉറുംബു ചാലിട്ട പോൽ,
തിശ അവർ എപ്പോഴും ആവണ്ണം ഉള്ളോവർ
മുതലായ റമളാനിൽ മുപ്പതു നാളിലും,
മുലകുടിക്കും കാലം മുലനെ തൊടാത്തോവർ
പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ,
പുള്ളേരെ താനം കൊടുപ്പിനതെന്നോവർ
ഇതിനെ പടച്ചെന്നു തൂങ്ങുംബോൾ കേട്ടോവർ,
എവിടേക്കെന്ന് എങ്ങാനും പോകുംബോൾ കേട്ടോവർ
ഏറും അറഫ നാൾ പശുവെ പായിച്ചാരെ,
ഇതിനൊ പടച്ചെന്നു പശുവ് പറഞ്ഞോവർ
ഏതും ഇല്ലാത്ത നാൾ നിന്നെ ഒന്നാക്കിയെൻ,
ഇപ്പോൾ നീയെന്നെ നിനയെന്നും കേട്ടോവർ
ഇരവും പകലും എഴുവതുവട്ടം നീ,
എന്നുടെ കാവലിൽ എന്നേകൽ കേട്ടോവർ
പലരെ ഇടയിന്ന് നിന്നെ തിരഞ്ഞെൻ ഞാൻ,
പാങ്ങോടെ ഇച്ചൊല്ലും ഇങ്ങനെ കേട്ടോവർ
എനക്കു തനക്കായി നിന്നെ പടച്ചെന്ന് ഞാൻ,
ഇങ്ങിനെ തന്നെയും സദ്ദത്തെ കേട്ടോവർ
കളവു പറയല്ല എന്നുമ്മ ചൊന്നാരെ,
കള്ളന്റെ കയ്യിലു പൊന്ന് കൊടുത്തോവർ
അവരെ തടിയെല്ലാം പല താനത്തായാരെ,
അങ്ങിനെ എത്തീര സങ്കടം തീർത്തോവർ
കശമേറും രാവിൽ നടന്നങ്ങു പോകുംബോൾ,
കയ്യ് വിരൽ ചൂട്ടാക്കി കാട്ടി നടന്നോവർ
കണ്ണിൽ കാണാത്തതും ഖൽബകത്തുള്ളതും,
കൺകൊണ്ട് കണ്ടപോൽ കണ്ടു പറഞ്ഞോവർ
ഉറങ്ങുന്ന നെരത്തും ഖബറകം തന്നിന്നും,
ഉടയവൻ ഏകൽ ഉണരെ പറഞ്ഞോവർ
ഖബറകത്തിന്നു സലാമിനെ കേട്ടോവർ,
ഖബറകതുള്ളവരോടു മൊളിന്തോവർ
ഖബറകത്ത് ഉസ്താദെ കുറവാക്കി കണ്ടാരെ,
ഖബറുങ്ങൽ നിന്നിട്ടു നീക്കിച്ചു വെച്ചോവർ
ഖാഫിലക്കാരെരെ കളർ പുടിച്ചാരെ,
കാണാനിലതിന്ന് ഖബ്ഖാബാൽ കൊന്നോവർ
മുട്ടിപ്പാനായി മുതിർന്ന ഷൈഖന്മാരെ,
മറപ്പിച്ചു പിന്നെ തിരിച്ചു കൊടുത്തോവർ
കൂടയിൽ കെട്ടി അവർ മുംബിൽ വെച്ചാരെ,
കൂട അഴിക്കുമ്മുൻ അതിനെ തിരിച്ചോവർ
കുറവുള്ള പൈതലെ നന്നാക്കയും ചെയ്തു,
കുറവില്ല പൈതലെ കുറവാക്കി വിട്ടോവർ
ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ,
ചാകും കിളേശത്തെ നന്നാക്കി വിട്ടോവർ
കോഴീടെ മുള്ളോട് കൂകെന്നു ചൊന്നാരെ,
കൂശാതെ കുകി പറപ്പിച്ചു വിട്ടോവർ
എന്നോട് തേടുവിൻ വേണ്ടുന്നതപ്പോരും,
എന്നാരെ തേടി അതെല്ലാം കൊടുത്തോവർ
മേലെ നടന്നോരെ താത്തിച്ചു വെച്ചോവർ,
മേലാൽ വരുന്ന വിശേഷം പറഞ്ഞോവർ
നിലനെ കൊടുപ്പാനും നിലനെ കളവാനും,
നായെൻ അവർക്കാനുവാദം കൊടുത്തോവർ
വേണ്ടീട്ടു വല്ലോരു വസ്തുനെ നോക്കുകിൽ,
വെണ്ടിയെ വണ്ണം അതിനെ ആക്കുന്നോവർ
അപ്പൾ കുലം പുക്കെ പുതിയ ഇസ്ലാമിനെ,
അബ്ദാലമ്മാരാക്കി കൽപ്പിച്ചു വെച്ചോവർ
പറക്കും വലിയ്യെ പടിക്കൽ തളച്ചോവർ,
പറന്നിട്ടു ചൊന്നാരെ തൗബ ചെയ്യിച്ചോവർ
അറിവും നിലയും അതേതും ഇല്ലാതോർക്കു,
അറിവും നിലയും നിറയെ കൊടുത്തോവർ
നിലയും അറിവും അതൊക്കെയും ഉള്ളോരെ,
നിലയും അറിവും പറിച്ചു കളഞ്ഞോവർ
നിലയേറെ കാട്ടി നടന്നൊരു ഷൈഖിനെ,
നിലത്തിന്റെ താഴെ നടത്തിച്ചു വെച്ചോവർ
ഉണർച്ചയിൽ ഉണ്ടാവാൻ പോകുന്ന ദോശത്തെ,
ഉറക്കിൽ കിനാവാക്കി കാട്ടി കളഞ്ഞോവർ
പാമ്പിന്റെ കോലത്തിൽ ജിന്നുകൾ ചെന്നാരെ,
ഭയമേതും കൂടാതെ പറിച്ചെറിഞ്ഞിട്ടോവർ
ജിന്നു ഒരു പൈതലെ കൊണ്ടുപൊയ് വിട്ടാരെ,
ജിന്നെ വിളിപ്പിച്ച് അതിനെ കൊടുത്തോവർ
പലരും പലെബണ്ണം തിമ്മാൻ കൊതിച്ചാരെ,
പാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ചോവർ
പെയ്യും മഴയോടും ഒഴുകുന്ന ഹാറോടും,
പോരും അതെന്നാരെ പോയിച്ചു വെച്ചോവർ
കനിയില്ലാ കാലം കനിയെ കൊടുത്തോവർ,
കരിഞ്ഞ മരത്തുമ്മൽ കായാ:ഇ നിറച്ചോവർ
അവരെ ഒരുത്തൻ പോയ് മസ്ഹറ കണ്ടാരെ,
അപ്പോളെ നാടെല്ലാം തിയ്യായി നിറച്ചോവർ
അവരെ കുറവാക്കി കണ്ടവർക്കെല്ലാർക്കും,
അപ്പോളെ ഒരോ ബലാലെ കൊടുത്തോവർ
അവരെ വെറുപ്പിച്ച വസ്തുവിനപ്പോളെ,
അവരൊരു നോക്കാൽ അതിനെ അമർത്തോവർ
അവരെ ദുആയും ബർക്കത്തും കൊണ്ടോവർ,
ആഖിറവും ദുനിയാവും നിറഞ്ഞോവർ
അവരെ മൊളിയിൽ പുതുമ പലെതുണ്ട്,
ഇത്തിരെ തന്നേന്നു ഓർത്തിട്ടു കൊള്ളാതെ
തലയെല്ലാം കോത്തെൻഞാൻ തൊത്തോളൊ പൊൻ പോലെ,
തടിയെല്ലാം പൊൻപോലെ പിരിതെന്നറിവീരെ
ഇതിയിൽ വലിയെ വിശെഷം പലതുണ്ട്,
അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ,
അറിവാക്കമ്മാരോട് ചോദിച്ച് കൊൾവീരെ
അവരുടെ പോരീശ കേപ്പാൻ കൊതിച്ചാരെ,
അവരെ പുകൾന്നോരെ പോരിശ കേപ്പീര
അമീറമ്മാരുടെ ഏണ്ണവും വണ്ണവും,
അറിഞ്ഞാൽ അറിയാമെ സുൽത്താന്മാർ പോരീശ
ആവണ്ണം നോക്കുവിൻ ഷൈഖമ്മാർ പോരിശ,
അപ്പോൾ അറിയമെ മുഹ്‌യിദ്ദീൻ പോരിശ
കൊല്ലം എഴുന്നൂറ്റി എൺബത്തിരണ്ടിൽ ഞാൻ,
കോത്തൻ ഇമ്മാലനെ നൂറ്റംബത്തിയൻജുമ്മൽ
മുത്തും മാണിക്കവും ഒന്നായി കോത്തെപോൽ,
മുഹ്‌യിദ്ദീൻ മാലനെ കോത്തെൻ ഞാൻ ലോകരെ
മൊളിയൊന്നും പിളയാതെ കളയാതെ ചൊന്നോർക്ക്,
മണിമാടം സ്വർഗ്ഗത്തിൽ നായെൻ കൊടുക്കുമെ
ദുഷ്കം കൂടാതെ ഇതിനെ എഴുതുകിൽ,
ദോഷം ഉണ്ടാവില്ലെന്നന്നായി അറിവീരെ
അല്ലാടെ റഹ്മത്ത് ഇങ്ങിനെ ചൊന്നോർക്കും,
ഇതിനെ പാടുന്നോർക്കും മേലെ കേക്കുന്നോർക്കും
ഇത്തിരെ പോരീശ ഉള്ളൊരു ഷൈഖിനെ,
ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരെ
എല്ലാരെ കോഴിയും കൂകി അടങ്ങുമെ,
മുഹ്‌യിദ്ദീൻ കോഴി ഖിയാമത്തോളം കുകും
ആഖിറം തന്നെ കൊതിയുള്ള ലോകരെ,
അവരെ മുരീദായി കൊള്ളുവീൻ ഇപ്പോളെ
ഞങ്ങൽ എല്ലാരും അവരെ മുരീദാവാൻ,
ഞാങ്ങൾക്ക് ഉദവി താ ഞാങ്ങളെ നായനെ
എല്ലാ മശായിഖമ്മാരെ ദുആനെ നീ,
ഏകണം ഞങ്ങൾക്ക് അവരെ ദുആ കൂടെ
അവർക്കൊരു ഫാതിഹ എപ്പോഴും ഓതുകിൽ,
അവരെ ദുആയും ബർക്കത്തും എത്തുമെ
ഖോജാ ഷഫാ:അത്തിൽ മുഹ്‌യിദ്ദീൻ തൻകൂടെ,
കുട്ട് സുവർക്കത്തിൽ ആലം ഉടയോനെ
നീ ഞങ്ങൾക്കെല്ലാർക്കും സ്വർഗാത്താലത്തിന്ന്,
നിന്നുടെ ത്രിക്കാഴ്ച്ച കാട്ട് പെരിയോനെ
പിശയേറെ ചെയ്ത് നടന്നൊരടിയാന്റെ,
പിശയും പൊറുത്ത് നീ റഹ്‌മത്തിൽ കൂട്ടല്ലാഹ്
നല്ല സ്വലവാത്തും നല്ല സലാമയും,
നിന്റെ മുഹമ്മദിൻ ഏകണം നീ അല്ലാഹ്
മുനാജാത്ത്
മുത്താൽ പടച്ച് ദുനിയാവിൽ നിക്കും നാൾ,
മൂപ്പർ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
കാലം അസ്റാഈൽ മൗത്ത് വാങ്ങുന്നാളിൽ,
കരുത്തർ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
പേടി പെരുത്ത ഖബ്റകം പോകും നാൾ,
പേർപെറ്റെ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
സൂർബിളി കേട്ടിട്ട് ഒക്കെ പുറപ്പെട്ടാൽ,
സുൽത്താൻ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ഏളുമുളമിട്ട് അടുപ്പിച്ചുദിക്കും നാൾ,
എൻകൾ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ചൂട് പെരുത്തെ തറമ്മൽ ഞാൻ നിക്കും നാൾ,
ചൊക്കർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
നരകം അതേളും ക്രോധം മികച്ചനാൾ,
നലവർ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
തൂക്കം പിടിച്ചു കണക്കെല്ലാം നോക്കും നാൾ,
തലവർ മുഹ്‌യിദ്ദീൻ കാവലിൽ ഏകല്ലാഹ്
അരിപ്പത്തിൽ ഇട്ടെ സിറാത്ത് കടക്കും നാൾ,
അരിമാ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ഖോജ ശഫാഅത്തിൽ മുഹ്‌യിദ്ദീൻ തൻകുടെ,
കൂട്ട് സുവർക്കത്തിൽ ആലം ഉടയോനെ
ഖോജ ബേദാംബരെ മങ്കലം കാണുവാൻ,
മങ്കല വേലകൾ കാണുവാൻ ഏകല്ലാഹ്
എന്നെയും എന്നുടെ ഉമ്മയും ബാവയും,
അറിവ് പടിപ്പിച്ചെ ഉസ്താദമ്മാരെയും
എന്നെയും മറ്റുള്ളെ മുഅ:മിൻ എല്ലരെയും,
എൻകൾ നബിന്റെ ശഫാഅത്തിൽ കൂട്ടല്ലാഹ്
പിശയേറെ ചെയ്ത് നടന്നൊരു അടിയാന്റെ,
പിശയും പൊറുത്തു നീ രഹ്‌മത്തിൽ കൂട്ടല്ലാഹ്
എല്ലാ പിശയും പൊറുക്കുന്ന നായേനെ,
ഏറ്റം പൊറുത്തു കിർഫ ചെയ്യ് യാ അല്ലാഹ്
നല്ലെ സ്വലവാത്തും നല്ലെ സലാമയും,
നിന്റെ മുഹമ്മദിൻ ഏക് പെരിയോനെ
الحمد لله رب العالمين .
അമ്പിയാക്കളുടെ പ്രകീർത്തനം ചെയ്യൽ ആരാധനയാണ് : ഔലിയാക്കളെ പ്രകീർത്തനം ചെയ്യൽ ദോഷം പൊറുക്കലിന് കാരണമാകും.
നാഥാ... ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ, ഇതു കാരണമായി ഞങ്ങളുടെ ദോഷം പൊറുക്കകയും നിന്റെ സജ്ജനങ്ങളുടെ കൂടെ ചേർക്കുകയും ചെയ്യേണമേ ആമീൻ.
ഇസ്‌ലാം കേരളക്ക് വേണ്ടി ഇത് തയ്യാറാക്കിയത് :
ഷിനാജ് അബ്‌ദുൽ ഗഫൂർ ചാവക്കാട്
E-mail: [email protected]
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861