ആദരവും ആരാധനയും

"സത്യ വിശ്വാസികളേ നബിയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്. നിങ്ങളിൽ ചിലർ ചിലരോട് ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബിയോട് ഉച്ചത്തിൽ സംസാരിക്കുകയുമരുത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോയേക്കുമെന്നതുകൊണ്ടത്രെ ( ഇത് നിരോധിച്ചത്) നിശ്ചയമായും അല്ലാഹുവിൻ്റെ റസൂലിനടുത്തുവെച്ച് തങ്ങളുടെ ശബ്ദങ്ങളെ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളെ തഖ്‌വ(ഭയ ഭക്തി)യിലേക്ക് അല്ലാഹു വിശാലമാക്കിക്കൊടുത്തിരിക്കുന്നു. അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്."

ആദരവും ആരാധനയും

അസ്സലാമു അലൈക്കും

മാന്യ സുഹൃത്ത് അൻസാർ സാഹിബ് അറിയുവാൻ താങ്കളുടെ മെയിൽ കിട്ടി വളരെ സന്തോഷം. ആദ്യമായി താങ്കൾ ഖുർആൻ പഠിച്ച ആളാണെന്ന് സൂചിപ്പിച്ചതിനാൽ പറയുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കളുടെ മെയിലിലുള്ള വരികളിലേക്ക്

   "ആദ്യമാദ്യം താങ്കൾ റസൂൽ(സ)യെ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തിയാണെന്നാണ് മനസ്സിലാക്കിയിരുന്നത്. പക്ഷേ ഇപ്പോൾ താങ്കളുടെ E-mail കാണുമ്പോൾ റസൂലിനെ(സ) ആരാധിക്കുന്ന ആളാണെന്നാണ് തോന്നുന്നത്."
  
സുഹൃത്തേ താങ്കളുടെ ആ തോന്നൽ ശരിയല്ല എന്നാണെനിക്ക് പറയുവാനുള്ളത്. കാരണം,ആദരവും ആരാധനയും രണ്ടും രണ്ടാണ്. ഒരു യഥാർത്ഥ വിശ്വാസിയെ സംബന്ധിച്ചേടത്തോളം അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ. കാരണം അല്ലാഹുവിന് പുറമെ മറ്റൊന്നിനെ ആരാധ്യവസ്തുവായി സ്വീകരിച്ചാൽ അവൻ അപ്പോൾ തന്നെ ഇസ്ലാമിൽ നിന്ന് പുറത്താകുന്നതാണ്. എന്തിനേറെ പറയുന്നു നാം ഏറ്റവും സ്നേഹിക്കേണ്ടുന്ന പ്രാവചകൻ (സ) തങ്ങളെപ്പോലും ആരാധിക്കാമെന്നോ അല്ലങ്കിൽ തങ്ങൾക്കർഹതപ്പെട്ടതായിക്കൊണ്ട് അല്ലാഹുവിനെ കൂടാതെ തങ്ങളിൽ വല്ല വിഷയത്തിലും ഭരമേൽപ്പിക്കുകയോ ചെയ്‌താലും അപ്പോൾ അവൻ ഇസ്ലാമിന്റെ വേലിക്കപ്പുറത്തേക്ക് എറിയപ്പെടുന്നതാണ്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ നബി(സ) സ്നേഹിക്കുന്നതിനെ നബി(സ) ആരാധിക്കുന്നതായിക്കാണുന്നത് മനസ്സിൽ മറ്റു വല്ല ഊഹങ്ങളും വരുന്നത് കൊണ്ടാണ്. പക്ഷേ ഒരു സത്യ വിശ്വാസിക്ക് അത്തരം ഊഹങ്ങൾ വരാൻ പാടില്ല. നബിയെ സ്നേഹിക്കാൻ നബി (സ) തന്നെയാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത് " നിങ്ങളുടെ മാതാ പിതാക്കളെക്കാളും മക്കളെക്കാളും മറ്റു സർവ്വ മനുഷ്യരേക്കാളും എന്നെ പ്രിയം വെക്കുന്നത് വരെ നിങ്ങളാരും മുഅ്‌മിനാവുകയില്ല " എന്ന ഹദീസ് സർവ്വരാലും അംഗീകരിക്കുന്ന ഒരാൾക്കും അഭിപ്രായ വ്യത്യസമില്ലാത്ത ഹദീസാണ്. ഇതിലെന്താ പറഞ്ഞത് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കുക സത്യവിശ്വാസിയാവുകയില്ല എന്നാൽ അത്ര നിസ്സാര കാര്യമാണോ ? നബി(സ)യെ കൂടുതൽ സ്നേഹിച്ചാൽ അല്ലാഹുവിനേക്കാൾ കൂടുതലായിപ്പോകുമോ എന്ന് നമ്മെ വസ് വാസ്വാക്കുന്നത് ഇബ്‌ലിസിൻ്റെ വേലയാണ്. അല്ലാഹുവിന് അത്കൊണ്ട് ഒരു കുറവോ കൂടുതലോ ആകാനില്ല . 

അല്ലാഹു തന്നെ നബി(സ)യെ ബഹുമാനിക്കാൻ വേണ്ടി പറയുന്നത് കാണുക.

يَا أَيُّهَا الَّذِينَ آمَنُوا لا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بالقول كَجَهْرَ بَعْضِكُمْ لِبَعْضٍ أَن تَحْبَط أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ 2 إِنَّ الَّذِينَ يَعْضُونَ أَصْوَاتَهُمْ عِندَ رَسُولُ اللَّهِ أُولَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ

"സത്യ വിശ്വാസികളേ നബിയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്. നിങ്ങളിൽ ചിലർ ചിലരോട് ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബിയോട് ഉച്ചത്തിൽ സംസാരിക്കുകയുമരുത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോയേക്കുമെന്നതുകൊണ്ടത്രെ ( ഇത് നിരോധിച്ചത്) നിശ്ചയമായും അല്ലാഹുവിൻ്റെ റസൂലിനടുത്തുവെച്ച് തങ്ങളുടെ ശബ്ദങ്ങളെ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളെ തഖ്‌വ(ഭയ ഭക്തി)യിലേക്ക് അല്ലാഹു വിശാലമാക്കിക്കൊടുത്തിരിക്കുന്നു. അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്." (സൂറത്ത് ഹുജുറാത്ത് 2,3)

ഈ ആയത്തിൻ്റെ ഉൾ ആശയത്തിലേക്ക് താങ്കൾ ഒന്ന് ചിന്തിച്ച് നോക്കുക. ഇവിടെ അല്ലാഹു പറഞ്ഞത് നിങ്ങൾ പരസ്‌പരം സംസാരിക്കുന്നത് പോലെ (പരിശുദ്ധാത്മാക്കളായ സ്വഹാബത്തിന് പോലും ബാധകമാണ്) നബി(സ) യുടെ മുമ്പിൽ വെച്ച് സംസാരിച്ച് പോകരുത് എന്നാണ് ഖുർആനിൻ്റെ കൽപന, അങ്ങിനെ സംസാരിച്ച് പോയാൽ നിങ്ങളുടെ സർവ്വ പ്രവർത്തനങ്ങളും നിഷ്ഫലമായിപ്പോകുമെന്നാണ് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഒരാൾ എത്ര വലിയ തെറ്റ് ചെയ്ത‌് പോയാലും അവൻ്റെ ചെയ്‌തുപോയ അമലുകൾ (പ്രവർത്തനങ്ങൾ ) നഷ്ടപ്പെടുമെന്ന് ഇസ്ലാം പറയുന്നില്ല അതേ സമയം പ്രവാചകൻ(സ)യോടുള്ള സംസാ രം മറ്റുളളവർ സംസാരിക്കുന്നത്പോലെയായാൽ വരുന്ന വിപത്ത് എത്ര വലുതാണെന്ന് പ്രവാചകനെ ആരാധിക്കുന്നെന്ന് പറയുന്ന താങ്കൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. സഹോദരാ നബി(സ) യെക്കുറിച്ച് അല്ലാഹു തആലാ ബഹുമാനിച്ച് പറയുമ്പോൾ നാം നബി(സ)ക്ക് നൽകുന്ന ബഹുമാനം വളരെ കുറവാണെന്നാണ് എനിക്ക് പറയുവാനുള്ളത്. അവിടെ അല്ലാഹുവിനേക്കാൾ വലുതായിപ്പോകുമോ എന്ന് സംശയിക്കേണ്ട ഒരാവശ്യവുമില്ല
സംശയാലുക്കളാണ് ഈ രീതിയിൽ പ്രചരിപ്പിക്കുന്നത്. അല്ലാഹു നമ്മെ കാക്കട്ടെ. പിന്നെ താങ്കൾ പറഞ്ഞ മറ്റൊരു കാര്യം താങ്കളുടെ വരിയിലേക്ക്.

"നിങ്ങൾ എന്നെ മാത്രം അരാധിക്കുക എന്ന് അല്ലാഹു പറയുമ്പോൾ താങ്കളും മറ്റുളളവരും  ഒന്നോ രണ്ടോ സ്ഥലങ്ങളിൽ സംശയമുളവാക്കുന്ന കാര്യങ്ങളുടെ പിന്നാലെ പോവുകയാണല്ലോ സഹോദരാ ഏതായാലും വ്യക്തമായ പ്രമാണങ്ങളുടെ പിൻബലമില്ലാതെ താങ്കൾ പറയുന്ന കാര്യങ്ങൾ അസത്യം എങ്ങാനും ആണെങ്കിലോ"

എന്നാണ് താങ്കൾ ചോദിക്കുന്നത്.
മാന്യസുഹൃത്തേ ഒരു മുജാഹിദായ സുഹൃത്തിനോടാണ് ഇത് താങ്കൾ ചോദിക്കുന്നതെങ്കിൽ താങ്കളുടെ ഈ ചോദ്യം തീർത്തും ശരിയാണ്. അതേ സമയം സുന്നി വിശ്വാസിയായ ഈ വിനീതനോട് ഇത് ചോദിച്ചതിൽ നിന്ന് താങ്കൾക്ക് സുന്നികളെക്കുറിച്ചും മുജാഹിദിനെക്കുറിച്ചും തീരെ മനസ്സിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് കാരണം. സുന്നികളെ സംബന്ധിച്ചേടത്തോളം ഇത്തരം സംശയങ്ങൾക്ക് യാതൊരവാകശവുമില്ല കാരണം സുന്നികൾ പൂർവിക പണ്ഡിതന്മാരെ അംഗീകരിക്കുകയും അത് പിൻപറ്റി ജീവിക്കുകയും ചെയ്യുന്നവരാണ്.  സുന്നികൾ സ്വയം മെനെഞ്ഞെടുത്ത് തീരുമാനിക്കുന്നതല്ല. അതിന് ശരിയായ പ്രമാണങ്ങളുടെ തെളിവുണ്ടാവും ഹിജ്റ രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും വന്ന, പത്ത് ലക്ഷത്തിൽ പരം ഹദീസ് മനപ്പാഠമുള്ള മദ്ഹബിൻ്റെ പണ്ഡിതന്മാരെ തഖ്‌ലീദ് ചെയ്‌തു ജീവിക്കുന്നവരാണ്. അതേ സമയം താങ്കളുടെ വാദവുമായി വരുന്ന പുത്തൻ പ്രസ്ഥാനക്കാരോ ? മദ്ഹബ് അവർ സ്വീകരിക്കുന്നില്ല പാളക്കിത്താബുക ളാണെന്ന് പറഞ്ഞ് പണ്ഡിതവഴിയെ തളളുന്നവരാണവർ. ഇനി താങ്കളുടെ വാദത്തിന് വേണ്ടി ഞങ്ങൾ സ്വീകരിച്ച് വരുന്ന വഴി തെറ്റായിപ്പോയങ്കിൽ തന്നെ ഞങ്ങൾക്ക് പടച്ചവനോട് പറയാൻ സാധിക്കും നാഥാ നിൻ്റെ പ്രവാചകൻ പഠിപ്പിച്ചതനുസരിച്ച് കാലക്കാരിൽ വെച്ച് ഏറ്റവും നല്ല കാലം എൻ്റെ കാലമാണ് പിന്നെ അതിനോടടുത്ത കാലമാണ് പിന്നെ അതിനോടടുത്ത കാലമാണ് " എന്ന് പറഞ്ഞ കാലത്തുള്ള പണ്ഡിത മഹത്തുക്കളെ പിൻപറ്റിയാണ് രക്ഷിതാവേ ഞങ്ങൾ ജീവിച്ചത്, മാത്രമല്ല അവർക്കാണെങ്കിൽ പത്ത് ലക്ഷത്തിൽ പരം ഹദീസ് മനഃപാഠമുണ്ടായിരുന്നു. അതേസമയം പൂർവീകരായ മഹത്തുക്കളുടെ വഴി സ്വീകരിക്കാതെ സ്വന്തം ബുദ്ധിക്ക് യോജിച്ചതിനെ അനുകരിച്ച് വന്ന മുജാഹിദുകൾക്ക് നൂറ് ഹദീസ് പോലും അറിയില്ലായിരുന്നു. മാത്രമല്ല ഞങ്ങൾ ജീവിച്ച കാലത്തു എല്ലാ ഹദീസും എടുത്ത് വെച്ചാലും അമ്പതിനായിരം ഹദീസ് പോലും കിട്ടാത്ത കാലമായിരുന്നു മേൽപറയപ്പെട്ട ഇമാമീങ്ങൾക്ക് പത്ത് ലക്ഷം ഹദീസ് മനഃപാഠമുണ്ടായിരുന്നുവെന്ന് ഞങ്ങളെ എതിർക്കുന്നവർ പോലും സമ്മതിച്ചിരുന്നു. അതിനാലാണ് ഈ വഴി സ്വീകരിച്ചെതെന്ന് സുന്നികളായ ഞങ്ങൾക്ക് അല്ലാഹുവിൻ്റെ മുമ്പിൽ പറയാൻ സാധിക്കും.

അല്ലാഹു ഖുർആനിൽ പറയുന്നത് കാണുക.

ومن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سبيل الْمُؤْمِنِينَ نُوَلهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مصيرا

“തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞിട്ടും വല്ലവനും അല്ലാഹുവിൻ്റെ റസൂലുമായി ഭിന്നിച്ച് നിൽക്കുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്തതിനെ പിൻപറ്റുകയും ചെയ്യുന്നതായാൽ അവൻ തിരിഞ്ഞ ഭാഗത്തേക്ക് നാം അവനെ തിരിക്കും, അവസാനം അവനെ നാം നരകത്തിലിട്ട് കത്തിക്കുകയും ചെയ്യും. അത് എത്രദുഷിച്ച സങ്കേതം!" (സൂറത്തുന്നിസാഅ് 115)

അതേ സമയം ഇമാമുകളെയും പൂർവീകരെയും തള്ളിക്കൊണ്ട് ഇസ്ലാമിൻ്റെ വിധിവിലക്കുകൾ സ്വന്തം ബുദ്ധിയാൽ മെനെഞ്ഞടുത്ത (താങ്കൾ എന്ന് ഞാൻ പറയുന്നില്ല) മുജാഹിദുകൾ, താങ്കൾ സൂചിപ്പിച്ചത് പോലെ എങ്ങാനും പിഴച്ചവരിൽ പെട്ടു പോയാൽ എന്താണ് അല്ലാഹുവിനോട് പറയുക ? അതും ഖുർആൻ തന്നെ പഠിപ്പിക്കുന്നു.

وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُول سَبِيلًا 27 يَا وَيلتَى لَيْتَنِي لَمْ أَتَّخِذَ فلَانًا خَلِيلًا 28 لقد أَضَلَّنِي عَن الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلْإِنسَانِ خَدُولا


'അക്രമി തൻ്റെ രണ്ട് കൈകളും കടിക്കുന്ന ദിവസവും (ഓർക്കുക) അവർ പറയും : "അഹോ, ഞാൻ റസൂലിൻ്റെ കൂടെ സന്മാർഗം സ്വീകരിക്കുന്നതിൽ സഹകരിച്ചെങ്കിൽ എത്ര നന്നായിരുന്നു. എൻ്റെ കഷ്ടമേ, ഇന്നയാളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു. എനിക്ക് ഖുർആൻ പ്രബോധനം വന്ന് കിട്ടിയ ശേഷം അതിൽ നിന്ന് അയാൾ എന്നെ വഴി തെറ്റിക്കുക തന്നെ ചെയ്‌തുവല്ലോ!' പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു. (സൂറത്തുൽ ഫുർഖാൻ 27, 28, 29 )

മനുഷ്യന് അല്ലാഹു സത്യവും അസത്യവും തിരിച്ചറിയുവാനുളള വിവേകം തന്നിട്ടുണ്ട്.  അത് നാം ഏതെങ്കിലും പ്രസംഗകൻ്റെയോ പ്രസ്ഥാനക്കാരൻ്റെയോ ചിന്തക്കനുസരിച്ച് ചലിപ്പിക്കാതെ ഏതാണ് ഹഖ് എന്നും ഏതാണ് ബാത്വിൽ എന്നും അല്ലാഹു തന്ന വിവേക ശക്തികൊണ്ട് നാം തെരഞ്ഞെടുക്കണം അതേ സമയം ഇസ്ലാമിൻെറ വിധിവിലക്കുകളെ നമ്മുടെ വക്രബുദ്ധി കൊണ്ട് നോക്കിക്കാണുകയാണെങ്കിൽ പലതും തിരുത്തേണ്ടതായി നമുക്ക് തോന്നും അതിനുള്ള മാർഗ്ഗമാണ് മേലെ വിവരിച്ചത്.

താങ്കളുടെ അടുത്ത വരികളിലേക്ക്.

അല്ലാഹുവോട് പറയേണ്ടുന്ന കാര്യം ഞാൻ എങ്ങനെ റസൂലിനോട് പറയും അല്ലാഹു എന്ന പിടിക്കയറിൽ പിടിച്ചവനാണോ ഉത്തമൻ ? അതോ അല്ലാഹു അല്ലാത്തവരുടെ പുറകെ പോകുന്നവരാണോ. ഞാൻ പേടിക്കേണ്ടത് അല്ലാഹുവിനെയാണോ അതോ മറ്റ് വല്ലവരെയും ആണോ. അല്ലാഹു തരുന്നത് തടയാൻ ആരെങ്കിലും ഉണ്ടോ പിടിച്ച് വെച്ചത് വാങ്ങിത്തരാൻ ആരെങ്കിലും ഉണ്ടോ ? അല്ലാഹു അല്ലാതെ മറഞ്ഞ കാര്യങ്ങൾ അറിയുന്നവരായി ആരെങ്കിലും ഉണ്ടോ ? അല്ലാഹു അറിയിച്ച് കൊടുക്കുന്നതൊഴികെ. ഈ മാഹാത്മാക്കൾക്ക് മറഞ്ഞതറിയാൻ പറ്റുമെന്ന് ഖുർആനിൽ എവിടെയെങ്കിലും ഉണ്ടോ ? ഈ നിങ്ങൾ അല്ലാഹുവിനോട് നേരിട്ട് ചോദിക്കാതെ മഹാത്മാക്കൾ മുഖേനെ ചോദിക്കാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ?

അല്ലാഹുവിനോട്, റസൂലി(സ)നോട് അല്ലങ്കിൽ മറ്റ് മഹാന്മാരോട് എന്ന് പ്രത്യേകാമായി ഒന്നില്ല. എല്ലാ ചോദ്യവും അല്ലാഹുവിനോട് മാത്രമാണെന്നാണ് ഒരു മുഅ്‌മിൻ വിശ്വസിക്കേണ്ടത്, അവനല്ലാതെ കൊടുക്കുന്നവൻ ഇല്ല, അവനല്ലാതെ കൊടുക്കന്നതിനെ തടയുന്നവനുമില്ല എന്ന അചഞ്ചലമായ വിശ്വാസമാണ് ഒരു മുഅ്മിനുണ്ടായിരിക്കേണ്ടത്. ഈ വിശ്വാസപ്രകാരം ഒരാൾ നബി(സ) യോടോ മറ്റുളളവരോടോ വല്ല സഹായവും തേടുന്നതിന് ഒരു വിരോധവുമില്ല. ഒരാൾ പറയുന്നു  ഞാൻ എല്ലാ കാര്യവും അല്ലാഹുവിനോട് മാത്രമേ പറയുകയുളളൂ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആരോടും ഞാൻ ഒന്നും ചോദിക്കില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല അവൻ്റേ തവക്കുൽ കാരണമായി അല്ലാഹു അവനെ സഹായിക്കും. പക്ഷേ മറ്റൊരു കാര്യം ഇവിടെ മനസ്സിലാക്കാനുള്ളത് മറ്റുള്ളവരും എന്നെപ്പോലെതന്നെ അല്ലാഹുവിനോട് മാത്രമേ സർവ്വതും ചോദിക്കാവൂ, അങ്ങിനെ അവൻ ചോദിക്കുന്നില്ലെങ്കിൽ അവൻ മുശ്‌രിക്കാണ്, ഈ വിശ്വാസ മാണ് അവനിക്കുള്ളതെങ്കിൽ അവൻ്റെ മനസ്സിൽ തവക്കുൽ അല്ല മറിച്ച് മറ്റുളളവരെ മുശ്‌രിക്കാക്കലാണ് അവൻ്റെ ഉദ്ധേശം. അപ്പോൾ അവൻ പിഴച്ചവനാണ്. അല്ലാഹുവിനോട് പറയേണ്ടുന്ന കാര്യം എങ്ങിനെ റസൂലി(സ)നോട് പറയും, ഒരു കുഴപ്പവുമില്ല.

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ

ലോകത്തുളളവർക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല (സൂറത്ത് അമ്പിയാഅ് 107 )

 ലോകത്തുള്ളവർക്കെല്ലാം അനുഗ്രഹമായിട്ടാണ് നബി(സ)യെ അയച്ചത് എന്ന് അല്ലാഹു പറയുമ്പോൾ ഈ അനുഗ്രഹം എനിക്ക് വേണ്ട, എനിക്ക് അല്ലാഹു നേരിട്ട് തരുന്ന അനുഗ്രഹം മതി എന്ന് പറയുവാൻ വല്ല മുജാഹിദുകളും തയ്യാറാവുമോ ?

നാം എപ്പോഴും പേടിക്കേണ്ടത് അല്ലാഹുവിനെയാണ് " മൻ ഖാഫല്ലാഹ ഖാഫഹു കുല്ല ശൈഇൻ " ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെട്ടാൽ എല്ലാ വസ്‌തുവും അവനെ ഭയപ്പെടും എന്നാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. പിന്നെങ്ങിനെ ഒരു മുഅമിനിന് അല്ലാഹുവിനെ ഭയപ്പെടാതിരിക്കാൻ സാധിക്കുക ? അല്ലാഹുവിനെ ഭയമില്ലാത്തവൻ മുഅ്‌മിനാവുകയില്ല. മറഞ്ഞ കാര്യങ്ങൾ എല്ലാം അറിയുന്നത് അല്ലാഹു അറിയിച്ച് കൊടുത്തിട്ട് തന്നെയാണ്. അല്ലാഹു അറിയിച്ച് കൊടുക്കാതെ ഒരറിവും ഒരാൾക്കും, പ്രവാചകനായ മുഹമ്മദ്‌നബി(സ) തങ്ങൾക്ക് പോലും ഇല്ലന്നാണ് മുഅ്‌മിനീങ്ങളുടെ വിശ്വാസം. ഇതിന് വിപരീതമായി അല്ലാഹു അറിയിച്ച് കൊടുക്കാത്ത അറിവുകൾ ആർക്കെങ്കിലും ഉണ്ടെന്ന് ഒരാൾ വിശ്വസിച്ചാൽ അവൻ ഇസ്ലാമിൻ്റെ വേലിക്ക് പുറത്താണ് എന്നാണ് സുന്നത്ത് ജമാഅത്തിൻ്റെ വിശ്വാസം. മറഞ്ഞ കാര്യങ്ങൾ അറിയാവുന്ന നിലക്ക് ഒട്ടേറെ ചരിത്രങ്ങൾ ഖുർആൻ തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ഖിള്റ്(അ)ൻെറയും മൂസാനബി(അ)ൻെറയും ചരിത്രത്തിലൂടെ മഹാന്മാർക്ക് മറഞ്ഞ കാര്യം അറിയുമെന്നാണ് ഖുർആനിൽ കാണുന്നത്. അല്ലാഹുവിനോട് നേരിട്ട് ചോദിക്കാതെ മഹാന്മാരോട് ചോദിക്കണമെന്ന് ഒരാളും ഇസ്ലാമിൻ്റെ പേരിൽ പറയുന്നതായി എനിക്കറിയില്ല അങ്ങനെ പറയുമെന്ന് തോന്നുന്നുമില്ല. നേരെത്തെ പറഞ്ഞത് പോലെ ചോദിക്കുന്നത് മുഴുവനും അല്ലാഹുവിനോടാണ്. അല്ലാഹു നമ്മുടെ പ്രാർത്ഥന സ്വീകരിക്കാൻ വേണ്ടി ചിലപ്പോൾ മഹാന്മാരെ ഇടയാളന്മാരാക്കുകയോ, അവരോട് സഹായത്തിനഭ്യർത്ഥിക്കുകയോ ചെയ്യാറുണ്ട് എന്ന് മാത്രം. ഇത് ഇസ്ലാം അനുവദിച്ചതാണ് പൂർവീകരായ സർവ്വപണ്ഡിതരും ഇത്തരം സഹായം തേടിയിട്ടുണ്ട്.


സത്യം മനസ്സിലാക്കുകയും അതുൾക്കൊണ്ട് ജീവിക്കുകയും ചെയ്യുന്ന സ്‌ജ്ജനങ്ങളിൽ നമ്മയേയും നമ്മുടെ മാതാപിതാക്കളെയും മറ്റ് വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തട്ടെ ആമീൻ.
ദുആ വസ്വിയ്യത്തോടെ........
അബ്ദുല്ല ചെരുമ്പ
Mobile: 0091 9400534861
www.islamkerala.com

 2-ാം ഭാഗം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക