നിസ്കാരം

"അരാധനാ കർമ്മങ്ങളിൽ വച്ച് ഏറ്റവും പ്രധാനമായതു നിസ്ക്കാരമാണ്". "അല്ലാഹുവിൻ്റെ ഏകത്വത്തിലും മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വത്തിലും വിശ്വസിച്ചു കഴിഞ്ഞാൽ നമ്മുടെ മേൽ അല്ലാഹു നിർബന്ധമാക്കിത്തീർത്ത ആദ്യത്തെ കാര്യമാണു നമസ്ക്കാരം". അത് നിർവഹിക്കാതെ എത്ര നന്മ ചെയ്‌തിട്ടു എന്തു ഫലം.

നിസ്കാരം

സഊദി അറേബ്യയിൽ നിന്ന് സജീല നവാസ് എന്ന സഹോദരി ഇസ്ലാം കേരള ഡോട്ട്കോം സന്ദർശകരുമായി പങ്ക്‌ വെക്കാൻ  "നിങ്ങളുടെ അനുഭവം " എന്ന പേജിലേക്ക് അയച്ചു തന്ന അവരുടെ ചില അനുഭവമാണ് താഴെ കാണുന്നത്. പള്ളിയിൽ നിന്ന് ബാങ്ക് വിളി കേൾക്കുമ്പോൾ അതുമായി ബന്ധമുള്ള ആളല്ല ഞാൻ എന്ന നിലക്കു തിരിഞ്ഞു നടക്കുകയും, നിസ്‌കരിക്കുന്നുണ്ടെങ്കിൽ തന്നെ സ്വന്തം ശരീരം പോലും അറിയാത്ത രീതിയിൽ കുത്തി മറിയുന്നവർക്കും ഈ സഹോദരിയുടെ മുഹമ്മദ് ഷമീർ എന്ന കൊച്ചിക്കയുടെ അനുഭവം ഒരു പാഠമാണെന്നതിൽ സംശയമില്ല. അല്ലാഹു നമ്മെ അവനിക്ക് സ്വീകര്യയോഗ്യമായ നിലക്ക് ഇബാദത്ത് ചെയ്യുവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ.
-----------------------------------
അസ്സലാമു അലൈക്കും

ഈ എളിയ സഹോദരിയുടെ അനുഭവം പങ്കുവയ്ക്കാൻ അവസരം തന്ന അബ്ദുള്ള ഇക്കയോടും ഇസ്ലാം കേരളയോടും ആദ്യമായി നന്ദി പറയുന്നു. നമ്മെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൻ്റെ അഹ്ലുകാരിൽ  ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ. 

ഇസ്ലാമിക പഠനത്തിനു ഇസ്ലാം കേരള അമൂല്യമായ സംഭാവനയാണു  സമുഹത്തിനു നൽകുന്നത്. ഇതിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാ നല്ലവരായ സഹോദരങ്ങളെയും സർവ്വ ശക്തനായ റബ്ബ് കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ.

എന്റെ പേരു സജീല നവാസ്, ഭർത്താവിനോടൊപ്പം സൗദി അറേബ്യയിൽ  താമസിക്കുന്നു. നാട്ടിൽ തിരുവനന്തപുരത്താണ്. എനിക്കു എൻ്റെ മാന്യ സുഹൃത്തുക്കളോടു പങ്കുവയ്ക്കാനുള്ളതു നമസ്ക്‌കാരത്തെക്കുറിച്ചാണ്.  ചെറുപ്പത്തിലെ ഞാൻ നമസ്കരിക്കുമായിരുന്നെങ്കിലും കൃത്യനിഷ്ഠയോടു കൂടിയുള്ള നമസ്ക്കാരം എനിക്കു ഉണ്ടായിരുന്നില്ല. സ്കൂ‌ളിലും ട്യൂഷൻ ക്ലാസ്സിലുമൊക്കെ പോയിക്കഴിഞ്ഞ് കിട്ടുന്ന സമയത്ത് മാത്രമെ നിസ്‌കരിക്കാറുണ്ടായിരുന്നുള്ളു. ഖളാ വീട്ടലും ഇല്ലായിരുന്നു. 

ഇപ്പോൾ എൻ്റെ വിവാഹം കഴിഞ്ഞിട്ടു മുന്നു വർഷം കഴിഞ്ഞു. ഇതിനിടയിൽ ദീനിപരമായി പലവിധ മാറ്റവും എനിക്കുണ്ടായി. വളരെ ദീനിബോധമുള്ള വ്യക്തിയാണ് എൻ്റെ ഭർത്താവ്. എന്നെ കൃത്യമായി നമസ്കരിപ്പിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ കൂടിയും, തികഞ്ഞ ആത്മാർത്ഥതയോടു കൂടി എനിക്കു നമസ്കരിക്കാൻ കഴിഞ്ഞില്ല. ഇസ്ലാമിനെയും അതിൻ്റെ നിർദ്ദേശങ്ങളേയും കുറിച്ചുള്ള അജ്ഞതയായിരിക്കാം ഒരു പക്ഷേ അതിനു കാരണം.

ഭർത്താവിനൊടൊപ്പം സൗദിയിൽ വന്ന ശേഷമാണ് നിസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. ധാരാളം  ഒഴിവ് സമയം  ഇവിടെ എനിക്കു കിട്ടി. ഇസ്ലാമിക് ബുക്കുകളിലൂടെയും ഭർത്താവിൻ്റെ ഉപദേശത്തിലൂടെയും നിസ്‌കാരത്തിനു ദുനിയാവിലും ആഖിറത്തിലുമുള്ള പ്രാധാന്യം മനസിലാക്കാൻ എനിക്കു കഴിഞ്ഞു.എന്റെ മനസിൽ നിസ്കാരത്തിൻ്റെ പ്രധാന്യം മനസ്സിലാക്കി തന്ന ചില ഹദീസുകൾ കൂടി ഞാൻ എഴുതട്ടെ......

"അരാധനാ കർമ്മങ്ങളിൽ വച്ച് ഏറ്റവും പ്രധാനമായതു നിസ്ക്കാരമാണ്". "അല്ലാഹുവിൻ്റെ ഏകത്വത്തിലും മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വത്തിലും വിശ്വസിച്ചു കഴിഞ്ഞാൽ നമ്മുടെ മേൽ അല്ലാഹു നിർബന്ധമാക്കിത്തീർത്ത ആദ്യത്തെ കാര്യമാണു നമസ്ക്കാരം". അത് നിർവഹിക്കാതെ എത്ര നന്മ ചെയ്‌തിട്ടു എന്തു ഫലം. ഈ വാക്കുകൾ ഞാൻ വായിച്ചപ്പോൾ എൻ്റെ മനസിൽ വല്ലാത്ത കുറ്റ ബോധം തോന്നി. കൂടാതെ താഴെ പറയുന്ന ഈ ഹദീസുകളും എന്നെ നിസ്ക്കാരത്തിലേക്കു കൂടുതൽ അടുപ്പിച്ചു. "ഏതൊരു പരിത സ്ഥിതിയിലും നിസ്ക്കാരം നിർബന്ധമാണ്. ഒരാൾ രോഗിയാണ് വിരിപ്പിൽ നിന്ന് അനങ്ങാനായില്ല എങ്കിലും കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല എങ്കിലും ഹൃദയം കൊണ്ടെങ്കിലും നിസ്ക്കാരം നിർവ്വഹിക്കണം". "ഒരാൾ ദരിദ്രനാണ് നഗ്നത മറക്കാൻ ഒരു തുണ്ട് തുണി കഷ്ണ‌ം പോലുമില്ല ഈ സ്ഥിതിയിലും നിസ്ക്കാരം നിർവ്വഹിക്കാൻ അവൻ ബാധ്യസ്ഥനാണ്".

സുഹൃത്തുക്കളേ, നിങ്ങൾക്കും ഈ ഹദീസുകളിലൂടെ നിസ്കാരത്തിന്റെ  പ്രധാന്യം മനസിലായി കാണുമല്ലോ. ഇല്ലെങ്കിൽ എൻ്റെ മറ്റൊരു അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയതു നിങ്ങൾക്ക് കൂടുതൽ വ്യക്തമാകാൻ ആ അനുഭവം കുടി ഞാൻ എഴുതട്ടെ.

ഈ ചുട്ടു പൊള്ളുന്ന മണലാരണ്യങ്ങളിൽ പൊള്ളുന്ന വെയിലത്ത്  കൺസ്ട്രക്ഷൻ പണിയും റോഡ് പണിയും ചെയ്യുന്ന സഹോദരന്മാരെ പുറത്തു പോകുമ്പോൾ ഞാൻ കാണാറുണ്ട്. ഒരിക്കൽ വെയിലത്തു റോഡ് പണി ചെയ്യുന്ന ഒരാൾ ളുഹർ ബാങ്കു കേട്ട സമയത്ത് ആകെ വിയർത്തു മുഷിഞ്ഞിട്ടാണെങ്കിലും വുളു ചെയ്‌തു തലയിൽ കെട്ടിയ തുണി റോഡിൻ്റെ സൈഡിൽ വിരിച്ചു ആ എരിയുന്ന വെയിലത്തു പടച്ചവനു വേണ്ടി ഇബാദത്തു ചെയ്യുന്നു. ഇതുകണ്ട എൻ്റെ ഭർത്താവു എന്നോട് പറഞ്ഞു "ആ വ്യക്തിയെക്കാൾ എന്തു മാത്രം റഹ്മത്തും അനുഗ്രഹവുമാണു റബ്ബ് നമുക്കു തന്നത്, എന്നിട്ടും നമ്മൾ റബ്ബിനു വേണ്ടി ഇബാദത്ത് ചെയ്യാതിരുന്നാൽ നമ്മോട് റബ്ബ് പൊറുക്കുമൊ? അത്രയും കഷ്ട്പ്പാട് ആ വ്യക്തിക്കു കൊടുത്തിട്ടും അല്ലാഹുവിനെ സ്മരിക്കുന്നതു  കണ്ടില്ലേ...

ഇതു എൻ്റെ മനസിൽ ആഴത്തിൽ പതിഞ്ഞു. ഞാൻ കൂടുതൽ നിസ്‌കാരത്തിൻ്റെ നിയമങ്ങളെ കുറിച്ചു പഠിക്കാൻ തുടങ്ങി.  ഇപ്പോൾ നിസ്‌കാരത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ചൊല്ലുന്ന എല്ലാത്തിന്റെയും അർത്ഥം മനപാഠമാണ്. നിസ്ക്കരിക്കുമ്പോൾ അർത്ഥമറിഞ്ഞു നിസ്ക്കരിക്കാൻ പരമാവധി ഞാൻ ശ്രമിക്കാറുണ്ട്. കഴിവതും ഖളാ ആക്കാറില്ല. ഇസ്ലാം കേരളയിലൂടെ  ദീനിപരമായി പലവിധ കാര്യങ്ങളും പഠിക്കാൻ സാധിച്ചു.

എനിക്കു വാപ്പായും ഉമ്മായും രണ്ട് ഇക്കമാരുമാണുള്ളത്. ഇക്കമാർ രണ്ടു പേരും ദീനിബോധമുള്ള കുട്ടത്തിലാണ്. പ്രത്യേകിച്ചും മുഹമ്മദ് ഷമീർ എന്ന കൊച്ചിക്ക. നമസ്ക്‌കാരത്തിൽ കൊച്ചിക്ക പുലർത്തുന്ന ആത്മാർത്ഥതയും അതിലൂടെ അല്ലാഹു കൊടുക്കുന്ന അനുഗ്രഹങ്ങളും ഞാൻ ഈ അവസരത്തിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീട് പള്ളിയിൽ നിന്നും വളരെ അകലെയായിരുന്നു. അതുകൊണ്ടു തന്നെ എൻ്റെ ഇക്കമാർ വെള്ളിയാഴ്ച്ച ജുമുഅക്കു മാത്രമെ പള്ളിയിൽ പോയിരുന്നുള്ളൂ. ഞങ്ങളുടെ വീടിനു ചുറ്റും കൂടുതലും അമുസ്ലിംങ്ങളാണുണ്ടായിരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് പള്ളിയുടെ അടുത്തു തന്നെ വസ്തു‌ വാങ്ങി വീടുവയ്ക്കാൻ സാധിച്ചു. അതിനു ശേഷം ഇക്കമാർ സ്ഥിരമായി പള്ളിയിൽ പോകും. ആ സമയത്താണ് പള്ളിയിൽ ഉണ്ടായിരുന്ന ഉസ്‌താദ്‌ മാറി പുതിയ ഉസ്‌താദ് ജോയിൻ ചെയ‌തത്‌. കൊച്ചിക്ക ഉസ്താദിനെ പരിചയപ്പെടുകയും  നല്ല ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അതിനു ശേഷം അഞ്ചു നേരവും പള്ളിയിൽ തന്നെ പോയി നമസ്കരിക്കും. മുതഅലിമീങ്ങളുമായും നല്ല സൗഹൃദത്തിലായിരുന്നു കൊച്ചിക്ക. അവർ എന്തു സഹായം ആവശ്യപ്പെട്ടാലും പരമാവധി അതു സാധിച്ചു കൊടുക്കാൻ കൊച്ചിക്ക ശ്രമിച്ചിരുന്നു.  നബി ദിനാഘോഷങ്ങളിലും, ദിക്ർ ഹൽഖ, സ്വലാത്ത് സദസ്സുകൾ തുടങ്ങിയവയിലും സജീവമായി പങ്കെടുക്കുമായിരുന്നു. Plus two വിൻ്റെ public exam സമയത്തും പള്ളിയിലെ പല കാര്യങ്ങൾക്കും മറ്റും നടന്നു പഠിത്തത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ല. വെള്ളിയാഴ്ച്ച രാവിലെയും ഉച്ചക്കും പരീക്ഷ ഉണ്ടായിരുന്നാലും സ്‌കൂളിൽ നിന്നു ഒന്നര കിലോ മീറ്ററോളം നടന്നു വന്ന് ജുമാ ജമാത്തായി നമസ്ക്കരിച്ചിട്ടേ പോകുകയുള്ളൂ. എത്ര അത്യാവശ്യം ഉണ്ടെങ്കിലും ഒരു നേരത്തെ നമസ്‌കാരം ഖളാ ആക്കില്ല. Plus two വിൻ്റെ result വരാൻ സമയമായി പാസ്സാകുമോ എന്നു പോലും ഞങ്ങൾ സംശയിച്ചു. എന്നാൽ അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് പാസ്സാകുകയും കൊച്ചിക്ക  പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ മാർക്ക് കിട്ടുകയും ചെയ്‌തു. 

ഒരിക്കൽ മറ്റൊരു സംഭവം ഉണ്ടായി, കൊച്ചിക്കാടെ വിരലിൽ പെയ്ൻ്റോ മറ്റോ പറ്റി. എത്ര കഴുകിയിട്ടും, കല്ലിൽ ഉരച്ചിട്ടും പോകുന്നി ല്ല, അതിനാൽ വുളൂ ശരിയാകില്ലാ എന്നത് അറിയാമല്ലോ. നിസ്ക്കാരത്തിന്റെ സമയമായി കൊച്ചിക്ക പെട്ടന്നു ബ്ലൈഡ് എടുത്ത് തൊലിയോടുകൂടി പെയ്ൻ്റ് പറ്റിയ ഭാഗം ചെത്തി കളഞ്ഞു. ഒരുപാടു ബ്ലഡ് പോയി. ഇതു കണ്ടു എല്ലാരും വഴക്കു പറഞ്ഞെങ്കിലും കൊച്ചിക്കാക്കു നമസ്ക്കാരത്തോടുള്ള സൂക്ഷ്‌മത എത്രത്തോളമെന്നും ഞങ്ങൾക്ക് മനസിലായി. മറ്റൊരിക്കൽ അസുഖം മൂലം ഹോസ്‌പിറ്റലിൽ കൊച്ചിക്കായെ അഡ്‌മിറ്റു ചെയ്‌തു. ബെഡിൽ നിന്ന് അധികം അനങ്ങരുതെന്ന് ഡോക്ടർ പറഞ്ഞു എന്നിട്ടും നമസ്‌കാര സമയമായപ്പോൾ എഴുന്നേൽക്കാൻ വയ്യാതിരുന്നിട്ടും എങ്ങനെയെങ്കിലും പോയി വുളു ചെയ്തു.  ജനറൽ വാർഡിൻ്റെ ഒരറ്റത്ത് ഷീറ്റു വിരിച്ചു നമസ്ക്‌കരിച്ചു. ഇതു കണ്ട ഡോക്ടർമാർ പോലും അതിശയിച്ചുപോയി . ചില വഖ്ത് പള്ളിയിൽ പോയി നമസ്ക്കരിച്ചാലും തൃപ്‌തി വരാതെ വീണ്ടും വീട്ടിൽ വന്ന് നമസ്ക്കരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. "നീ എന്താ ഔലിയാ ആണോ" എന്ന് മറ്റുള്ളവർ കളിയാക്കുമെങ്കിലും നിസ്ക്കാരത്തിൻ്റെ കാര്യത്തിൽ കൊച്ചിക്ക പുലർത്തുന്ന ആത്മാർത്ഥത മറ്റുള്ളവർക്കും ഒരു പാഠമായിരുന്നു.

പണ്ടു മുതലേ ദുബായിൽ പോകണമെന്നായിരുന്നു കൊച്ചിക്കാടെ ആഗ്രഹം. ഡിഗ്രി കഴിഞ്ഞു ഒന്നു രണ്ട് കോഴ്‌സുകൾ ചെയ്‌ത ശേഷം പല സ്ഥലത്തും interview അറ്റൻ്റ് ചെയ്തെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഇനി ഒരു interview-നും പോകില്ലാ എന്നു ഉസ്‌താദിനോടു കൊച്ചിക്ക പറഞ്ഞു, ഉസ്‌താദ് പറഞ്ഞു "നീ ഇനിയും ശ്രമിക്കണം ഇൻശാ അല്ലാഹ് കിട്ടും". അതനുസരിച്ചു വീണ്ടും കൊച്ചിക്ക interview അറ്റൻ്റ് ചെയ്യുകയും ദുബായിൽ തന്നെ ജോലി ശരിയാകുകയും ചെയ്‌തു. താമസിയാതെ കൊച്ചിക്കാടെ ആഗ്രഹം പോലെ ദുബായിൽ തന്നെ പോയി.ആദ്യത്തെ ശമ്പളം സദഖ നൽകിയും കുട്ടികൾക്കും  മുതഅലിമീങ്ങൾക്കും മധുരം വാങ്ങി കൊടുത്തും ചിലവഴിച്ചു. പെട്ടന്നായിരുന്നു വല്യക്കായുടെ കല്ല്യാണം ഉറച്ചത്. ആ സമയത്തു കൊച്ചിക്ക പോയിട്ട് നാലു മാസം തികയുന്നതേ ഉള്ളൂ. ലീവ് കിട്ടാൻ യാതൊരു സാധ്യതയും ഇല്ല. കൊച്ചിക്ക ഇല്ലാത്ത കല്യാണത്തെക്കുറിച്ചു ഞങ്ങൾക്ക് ഓർക്കാൻ കൂടി പറ്റില്ലായിരുന്നു.കൊച്ചിക്ക ഞങ്ങളോടു പറഞ്ഞു "ലീവ് കിട്ടാൻ പ്രയാസമാണ് എല്ലാരും റബ്ബിനോട് ദുആ ചെയ്യണം ഇൻശാ അല്ലാഹ് ശരിയാകും."കുറച്ചു ദിവസം കഴിഞ്ഞ്, കൊച്ചിക്ക വിളിച്ചു പറഞ്ഞു അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് ഇരുപത് ദിവസത്തെ ലീവ് കിട്ടി എന്ന സന്തോഷ വാർത്ത. നാട്ടിൽ വന്നപ്പോഴും ബന്ധുക്കൾക്കാകട്ടെ ഉസ്‌താദിനാകട്ടെ ചെറിയ തോതിനാണെങ്കിലും എന്തെങ്കിലും വങ്ങാൻ കൊച്ചിക്ക മറന്നില്ല. എല്ലാരും പറയാറുണ്ട്  "അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും കൊച്ചിക്കാക്കുണ്ടെന്ന്".

ഇപ്പോൾ ദുബായിൽ പോയിട്ട് ഒരു വർഷം തികയാറായി. 24 വയസ്സായി. കല്യാണത്തെ കുറിച്ചു ഞങ്ങൾ പറയുമ്പോൾ ഞങ്ങളോടു കൊച്ചിക്ക പറയുന്ന ഡിമാൻ്റ് എന്തൊക്കെയാണെന്നറിയണ്ടേ. "ദീനീ ബോധമുള്ള കുട്ടിയാകണം, ഫത്ഹുൽ മുഈൻ പഠിച്ചിരിക്കണം, പർദ്ദ ധരിക്കണം, പാവപ്പെട്ട വീട്ടിലെ കുട്ടിയായിരിക്കണം, സ്ത്രീധനം വാങ്ങില്ല, തഹജ്ജുദ് നിസ്ക്കാരം വരെ നമസ്ക്കരിക്കാൻ തയ്യാറാകണം, അതിലുമുപരി ഇസ്ലാമിനെ പറ്റി കൊച്ചിക്കായെ പഠിപ്പിച്ചു കൊടുക്കാൻ കഴിവുള്ള കുട്ടിയാകണം". ഇതൊക്കെയാണു പ്രധാന ഡിമാൻ്റ്. ഈ ചിന്താഗതി വളർന്ന് വരുന്ന തലമുറയ്ക്കും ഇതു വായിക്കുന്ന സഹോദരങ്ങൾക്കും ഉണ്ടാകട്ടെ എന്നു ഞാൻ ദുആ ചെയ്യുന്നതൊടൊപ്പം നിസ്ക്കാരത്തെക്കുറിച്ചു കുറച്ചു കാര്യവും കൂടി എഴുതി നിർത്തട്ടെ!

എൻ്റെ മാന്യ സുഹൃത്തുക്കളേ... എത്ര തിരക്കാണെങ്കിലും അഞ്ചു നേരത്തെ നമസ്ക്കാരം നിർവ്വഹിക്കാൻ സമയം കണ്ടെത്തുക തന്നെ വേണം.  നിസ്ക്കാരത്തിൻ്റെ നിയമ വിധികളെ കുറിച്ചു അറിഞ്ഞു നമസ്ക്കരിക്കണം  അല്ലെങ്കിൽ അതു വ്യായാമമായി അധ:പതിക്കും. അറിവു സമ്പാദിക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാഹു സ്വീകരിക്കുന്ന അറിവു സമ്പാദിക്കാനും അതു ജീവിതത്തിൽ പകർത്താനും നാം ശ്രമിക്കണം. ചെറുപ്പത്തിൽ കഴിയാത്തതു മുതിർന്നിട്ടെങ്കിലും പഠിക്കുക തന്നെ വേണം. സത്യ വിശ്വാസത്തെ വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരേ ഒരു കാര്യം നമസ്ക്കരമാണ്. റബ്ബും റബ്ബിന്റെ സൃഷ്ടിയും തമ്മിലുള്ള ബന്ധത്തിൻ്റെ ഉപാധിയാണത്. നമസ്ക്കാരം മുഖേന നമ്മുക്ക് അല്ലാഹു പൊറുത്തു തരികയും പാപങ്ങൾ കഴുകി കളയുകയും ശരീരവും മനസും ശുദ്ധമാക്കുകയും ചെയ്യുന്നു. ഒരു കാര്യം നന്നായി നാം മനസിലാക്കണം, അലസമായും അശ്രദ്ധയോടും കൂടി നമസ്ക്കരിക്കുന്നവർക്കും എങ്ങനെയെങ്കിലും കാട്ടികൂട്ടി നമസ്ക്കരിക്കുന്നവർക്കും നേട്ടങ്ങൾ ലഭിക്കില്ല. എന്നു മാത്രമല്ല നരകീയ ശിക്ഷ ലഭിക്കുകയും ചെയ്യും. ഭയഭക്തി ഇല്ലാതെ നമസ്ക്കരിക്കുന്നതിനാലാണ് പലരുടെയും ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്തത്.  നമസ്ക്‌കാരത്തിലൂടെ സൃഷ്ടാവായ അല്ലാഹുവിനോടു നമ്മൾ  സംസാരിക്കുകയാണെന്ന ബോധം ഉണ്ടായാൽ തന്നെ സ്ഥിതിഗതികൾ ഒരു വിധം മെച്ചപ്പെടും.

നമ്മുടെ ഇബാദത്തുകൾ പ്രഹസനങ്ങൾ ആകാതെ അല്ലാഹു സ്വീകരിക്കപ്പെടുന്ന ഇബാദത്തുകൾ ചെയ്യാൻ നമ്മെ എല്ലാവരെയും  സർവ്വ ശക്തനായ പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. 

ദുആ വസിയ്യത്തോടെ...........
സജീല നവാസ് 
--------------------------------------------------------

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861