സസ്യ പ്രപഞ്ചം

അർബുദം പോലുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന സ്വതന്ത്രറാഡിക്കലികളെ നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും. അതിനാൽ വ്യായാമത്തോടൊപ്പം പച്ചക്കറികളും പഴങ്ങളും ഉൾപ്പെട്ട ഭക്ഷണം പതിവാക്കുക. കേബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ കേയ-തീഖൗവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 45-49 പ്രായപരിധിയിലുള്ള 20000 പേരെ ഉൾപ്പെടുത്തി 4 വർഷം പഠനം പൂർത്തിയാക്കിയത്

സസ്യ പ്രപഞ്ചം

സസ്യ പ്രപഞ്ചം


സസ്യങ്ങളുടെ ആവശ്യകത

وَهُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضرا تُخْرِجُ مِنْهُ حَبَا مُتَرَاكِبًا وَمِنَ النَّخْلَ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشتبها وَغَيْرَ مُتَشَابِةٍ انْظُرُوا إلى ثمره إذا أثمَرَ وَيَنْعِهِ إِنَّ فِي ذلِكُمْ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ (الانعام 99)

സൈത്തൂൻ വൃക്ഷം


അത്തി വൃക്ഷം

"ആകാശത്ത് നിന്ന് വെള്ളം വർഷിച്ചതും അവൻ തന്നെയാണ്. എന്നിട്ട് ആ വെളളം മൂലം (മുളക്കുന്ന) എല്ലാ വസ്‌തുക്കളുടെയും മുളകളെ നാം പുറത്തേക്ക് കൊണ്ട് വന്നു. അങ്ങനെ നാം അതിൽ നിന്ന് പച്ച(ഇലകളും ശാഖകളും) ഉൽപാദിപ്പിച്ചു. പിന്നീട് അവയിൽ നിന്ന് തിങ്ങിക്കൂടി നിൽക്കുന്ന ധാന്യമണികളെ പുറത്തേക്ക് കൊണ്ട്‌ വരുന്നു. ഈത്തപ്പനയിൽ നിന്ന് അതായത് അതിൻ്റെ കൊതുമ്പിൽ നിന്ന് തൂങ്ങി നിൽക്കുന്ന കതിരുകൾ ഉണ്ടാകുന്നു. മുന്തിരിത്തോട്ടങ്ങളെയും ഒലീവ് വൃക്ഷത്തെയും റുമ്മാൻ വൃക്ഷത്തെയും നാം ഉൽപാദിപ്പിച്ചു. അവ പരസ്‌പരം സദൃശ്യമുള്ളതും അല്ലാത്തതുമായ നിലയിൽ കായ്ക്കുന്ന ഘട്ടത്തിൽ അതിൻ്റെ പഴത്തിലേക്കൊന്നു നോക്കുക അത് പഴുത്ത് പാകമാവുമ്പോഴും ഒന്ന് നോക്കുക! സത്യത്തിൽ വിശ്വസിക്കുന്ന ജനതക്ക് തീർച്ചയായും ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് "(സൂറത്തുൽ അൻആം 99)

സസ്യലതാതികളെക്കുറിച്ച് വിശുദ്ധ ഖുർആനിൽ ഇത്പോലുള്ള പരാമർശങ്ങളുണ്ട്. സസ്യങ്ങളുടെ വളർച്ചയും അവയുടെ ഫലങ്ങളും വർണ്ണ വൈവിധ്യവും രുചിഭേദവും അവയുടെ പ്രയോജനങ്ങളും അതിലെ ദൃഷ്ടാന്തങ്ങളും തുടങ്ങി സസ്യ സംബന്ധമായ നാൽപ്പതിൽപരം പരാമർശങ്ങൾ ഖുർആനിൽ കാണാം. മനുഷ്യർക്കു മാത്രമല്ല, ഭൂമിയിലുള്ള ജന്തുക്കൾക്കെല്ലാം തന്നെ സസ്യങ്ങളുടെ അഭാവത്തിൽ ജീവിതം അസാധ്യമാണ്. ജന്തുക്കൾക്ക് ആവശ്യമായ ഓക്‌സിജനും ആഹാരവും ലഭിക്കുന്നത് സസ്യങ്ങൾ മുഖേനയാണ്.

സൂക്ഷ്‌മ സസ്യങ്ങൾ മുതൽ ആകാശം മുട്ടി നിൽക്കുന്ന വൻ വൃക്ഷങ്ങൾ വരെ ഈ പങ്ക് വഹിക്കുന്നു.

സൂര്യ പ്രകാശമുള്ളപ്പോൾ കാർബൺ ഡൈ ഓക്സൈഡും ജലവും ഉപയോഗപ്പെടുത്തി സസ്യങ്ങൾ നിർമ്മിക്കുന്ന ലഘു പദാർത്ഥങ്ങളാണ് ജീവജാലങ്ങളുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഘടകം. ഈ ഭക്ഷണ നിർമ്മാണം ഏറ്റെടുക്കാൻ മറ്റു ജന്തുക്കൾക്ക് സാധ്യമായിട്ടില്ല. ഇതിനു വേണ്ടി സസ്യങ്ങളെ സഹായിക്കുന്ന പ്രത്യേക ഘടകം അവയിലെ ഹരിതകമാണ്. ഹരിതകങ്ങൾ നമ്മുടെ ശരീരത്തിൽ സന്നിവേശിപ്പിച്ചാൽ നമുക്കും ഇത് പോലെ ആഹാരം പാകം ചെയ്യാൻ കഴിയുമോ എന്ന് ശസ്ത്രജ്ഞന്മാർ ഇപ്പോൾ പരിശോധിച്ചു വരികയാണ്. ( എന്തുകൊണ്ട് ? എന്തു കൊണ്ട്? 61)

ജീവികളെല്ലാം തന്നെ സസ്യങ്ങളിൽ നിന്ന് നേരിട്ടോ സസ്യങ്ങൾ തിന്നു വളരുന്ന മറ്റു ജന്തുക്കളിൽ നിന്നോ ആഹാരം തേടുന്നു. ആഹാര നിർമ്മാണ വേളയിൽ സസ്യങ്ങൾ പുറത്തു വിടുന്ന ഓക്‌സിജനാണ് നാം ശ്വസിക്കുന്നത്. നാം ശ്വസനം കഴിഞ്ഞ് പുറത്തു വിടുന്ന കാർബൺ ഡൈ ഓ‌ക്സൈഡ് സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നു. മറ്റു ജീവികൾ മുഖ്യമായും ആഹാരത്തിനു വേണ്ടി സസ്യങ്ങളെ ഉപയോഗപ്പെടുത്തുമ്പോൾ നാം ഒട്ടേറെ ആവശ്യങ്ങൾക്ക്‌ വേണ്ടി സസ്യങ്ങളെ ആശ്രയിക്കുന്നു. നാരുകൾ, വസ്ത്രങ്ങൾ, മര സാമാനങ്ങൾ എന്നിവ അവയിൽ ചിലതു മാത്രമാണ്.

സസ്യങ്ങളിലെ ഇണകൾ 

سُبْحَانَ الَّذِي خَلَقَ الأَزواج كلها مِمَّا تُنبت الأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لا يَعْلَمُونَ

ഭൂമി ഉൽപ്പാദിപ്പിക്കുന്നതിൽ നിന്നും അവരുടെ സ്വന്തം വർഗ്ഗത്തിൽ നിന്നും അവർക്ക് അറിഞ്ഞു കൂടാത്തവയിൽ നിന്നും എല്ലാ ഇണവർഗ്ഗങ്ങളെയും സ്യഷ്ടിച്ചിരിക്കുന്നവൻ മഹാ പരിശുദ്ധനത്രെ! (സൂറത്തു യാസീൻ 36) 

ഇരുപതാം നൂറ്റാണ്ടിലെ ചിന്തകരെ അമ്പരപ്പിച്ച ഖുർആനിക പ്രഖ്യാപനങ്ങളിലൊന്നാണിത്. അഖില വസ്തുക്കളിലും ഇണകൾ (ദ്വന്ദങ്ങൾ) ഉണ്ടെന്ന ആറാം നൂറ്റാണ്ടിലെ പ്രഖ്യാപനം ശാസ്ത്രം മനസ്സിലാക്കുന്നത് ആധുനിക കാലഘട്ടത്തിലാണ്.

ഒരേ ചെടിയിലുള്ളതോ വ്യത്യസ്‌ത ചെടികളിൽ ഉളളതോ ആയ  ബീജോൽപാദക വർഗ്ഗങ്ങളുടെ (പുരുഷ-സ്ത്രീ കോശങ്ങളുടെ) ഇണചേരൽ മുഖേനയാണ് സസ്യ ലോകത്തിലെ 'ലൈംഗിക പ്രജനനം, (sexual reproduction) നടക്കുന്നത്. ഖുർആൻ ഈ വസ്‌തുത 'മനോഹരമായ ചെടികളുടെ ജോഡികളെ നാം മുളപ്പിക്കുകയും ചെയ്‌തു' വെന്നും,'എല്ലാ കനികളിൽ നിന്നും ഇണകളെ രണ്ടു തരമായി അതിന്മേൽ ഉണ്ടാക്കി' യെന്നുമുള്ള വാക്യങ്ങളിലൂടെ  വ്യക്തമാക്കുന്നുണ്ട്.

സസ്യങ്ങളിലെ പഴത്തിന് മുമ്പുള്ള ഘട്ടംപൂവാണ്. അതിൽ പുരുഷ-സ്ത്രീ ഇന്ദ്രിയങ്ങളുണ്ട്. അവ കേസരവും (staneus) അണ്ഡ (ovales) വുമാണ്.  പൂമ്പൊടി അണ്ഡങ്ങളിലേക്ക് വഹിക്കപ്പെട്ടു കഴിഞ്ഞാൽ ഫലം കായ്ക്കുകയും അത് പിന്നെ പൂർണ്ണ വളർച്ചയെത്തിയ ബിജത്തെ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ എല്ലാ സസ്യങ്ങളിലും പുരുഷ സ്ത്രീ ഇന്ദ്രിയങ്ങളുടെ അസ്‌തിത്വം കുടികൊള്ളുന്നുവെന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. (വിശുദ്ധ ഖുർആൻ ഡൈജസ്റ്റ് 1985)


വർണ്ണ വൈവിധ്യവും രുചിഭേദവും.......

أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بهِ زَرْعًا مُخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًا ثُمَّ يَجْعَلُهُ حُطَامًا إِنَّ فِي ذلك لذِكْرَى الأولى الْأَلْبَابِ

നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്നു മഴ വർഷിച്ചു. എന്നിട്ട് അവനത് ഭൂമിയിലെ ഉറവിടങ്ങളിൽ പ്രവേശിപ്പിച്ചു പിന്നെ അത് മൂലം വിവിധ വർണ്ണങ്ങളോടു കൂടിയ കൃഷി ഉൽപാദിപ്പിക്കുന്നു. പിന്നീട് അത് ഉണങ്ങിപ്പോകുന്നു അപ്പോഴത് മഞ്ഞ നിറം പൂണ്ടതായി നിനക്ക് കാണാം. പിന്നെ അതിനെ അവൻ തുരുമ്പൽ (വൈക്കോൽ) ആക്കുന്നു. നിശ്ചയമായും ഇതിൽ ബുദ്ധിയുള്ളവർക്ക് ചിന്തിക്കുവാനുള്ള വകയുണ്ട്.( അസ്സുമർ 21)

സസ്യഫലങ്ങളുടെ രൂപത്തിലും വർണ്ണ - രുചി വ്യത്യസ്‌തതയിലുമുള്ള സൃഷ്ടിപ്പിൻ്റെ സജീവ ശക്തിയിലേക്ക് ഖുർആൻ വിരൽ ചൂണ്ടുകയാണിവിടെ. (സ്വഫ‌ത്തുത്തഫാസീർ2/574) വ്യത്യസ്‌ത വർണ്ണത്തിലും രുചിഭേതത്തിലുമുള്ള ഫലങ്ങൾ നാം കാണുന്നു. എല്ലാം നനക്കപ്പെടുന്നത് ഒരേ വെള്ളം കൊണ്ടാണ്. എന്നിട്ട് ചിലത് മറ്റു ചിലതിനേക്കാൾ നിറത്തിലും രുചിയിലും മറ്റും വൈവിധ്യം പുലർത്തുന്നു. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷഠമാകുന്നു. എങ്ങനെയാണ്  ഫലങ്ങളിൽ ഈ രുചി വ്യത്യാസവും നിറഭേദവും ഉണ്ടാവുന്നതെന്ന് നോക്കാം.

വളർന്നു കൊണ്ടിരിക്കുന്ന ഒരു കായയിലേക്ക് ചെടിയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് പഞ്ചസാര ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കും. വെള്ളത്തിൽ ലയിച്ച പഞ്ചസാര കായയിലെത്തുമ്പോൾ അന്നജം, കൊഴുപ്പ്, ജൈവാമ്ലങ്ങൾ എന്നീ വസ്തുക്കളായി മാറുന്നു. ഇവയൊന്നും വെള്ളത്തിൽ ലയിക്കുന്നവയല്ല.  മാത്രമല്ല, ഇവയ്ക്ക് അസുഖകരമായ രുചിയാണുതാനും.

എന്നാൽ കായ പഴുക്കാൻ തുടങ്ങുമ്പോൾ അവ പൂർണ്ണമായോ ഭാഗികമായോ  പഞ്ചസാരയായി മാറുന്നു. ഈ മാറ്റം പൂർണ്ണമായി സംഭവിക്കുകയാണെങ്കിൽ,  അതായത് അന്നജം, കൊഴുപ്പ്, ജൈവാമ്ലങ്ങൾ മുതലായവ മുഴുവൻ പഞ്ചസാരയായി മാറുകയാണെങ്കിൽ പഴത്തിന് നല്ല മധുരമുണ്ടാകും. പക്ഷേ, എല്ലാ തരം കായ്‌കളും പഴുക്കുമ്പോൾ ഇങ്ങനെ പൂർണ്ണമായ മാറ്റം സംഭവിക്കുന്നില്ല. ജൈവാമ്ലങ്ങൾ മാറ്റത്തിന് വിധേയമാവാതെ നിലകൊളളുന്നു. ഇത്തരം ഫലങ്ങൾ എത്ര തന്നെ പഴുത്താലും അവയ്ക്ക് പുളിയോ ചവർപ്പോ ആയിരിക്കും രുചി. ഉദാ : ചെറുനാരങ്ങ എത്ര പഴുത്താലും പുളിക്കുന്നത് അത്കൊണ്ടാണ്. അതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡാണ് ഇതിനു കാരണം. ടാർട്ടോറിക് ആസിഡിൻ്റെ സാന്നിധ്യം മൂലം വാളൻ പുളിക്ക് പുളിയായിരിക്കും. പഴുത്ത നെല്ലിക്കയുടെ ചവർപ്പ് അതിലടങ്ങിയ 'അസ്ബോർബിക്  അമ്ലം മൂലമാണ്. ഇങ്ങനെ ഓരോ ഫലവും മറ്റുള്ളവയിൽ നിന്ന് സ്വാദിലും നിറത്തിലുമെല്ലാം വ്യത്യസ്‌തത പുലർത്തുന്നു. ഖുർആൻ പറയുന്നു.

وَفِي الْأَرْضِ قطع مُتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صنْوَانٌ وَغَيْرُ صِنْوَانِ يُسْقَى بِمَاءٍ وَاحِدٍ وَنُفَضّلُ بَعْضَهَا عَلَى بَعْضٍ في الأكل إِنَّ فِي ذلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ (الرّعد 4 )

ഭൂമിയിൽ തൊട്ട് തൊട്ട് കിടക്കുന്ന പല കഷ്‌ണങ്ങളുണ്ട്. (അവയിൽ) മുന്തിരിത്തോട്ടങ്ങളും ധാന്യം കൃഷി ചെയ്ത സ്ഥലങ്ങളും ഒരു മുരടിൽ നിന്ന് വിവിധ മുളകൾ പൊട്ടി വളർന്നതും പല മുരടുകളിൽ നിന്ന് വേറെ വേറെ മുളകൾ പൊട്ടി വളർന്നതുമായ ഈത്തപ്പനത്തോട്ടങ്ങളുമുണ്ട്. അവയെല്ലാം തന്നെ ഒരൊറ്റ വെള്ളം കൊണ്ടാണ് നനക്കപ്പെടുന്നത് താനും. (എന്നിട്ടു കൂടി) ഫലങ്ങളുടെ കാര്യത്തിൽ അവയിൽ ചിലതിനെ ചിലതിനേക്കാൾ നാം മെച്ചപ്പെടുത്തുന്നു. ചിന്തിക്കുന്ന ജനതക്ക് നിശ്ചയമായും ഇതിൽ ദൃഷ്ടാന്തങ്ങളുമുണ്ട്. ( സൂറത്തുറഅ്ദ് 4)

നാം പുളിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു. അറബ് നാടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാനീയം (ജൂസ്) വാളൻ പുളിയുടേതാണ്!!!!!!

ഫലങ്ങളിലെ വർണ്ണ വൈവിധ്യവും രുചിഭേദവും പോലെ തന്നെ ചില വൃക്ഷങ്ങളുടെ ഇലകൾ ചില പ്രത്യേക സമയത്ത് നിറം മാറുന്നതായി കാണാം.

വർഷം മുഴുവൻ പച്ചിലകൾ നിലനിർത്തുന്ന നിത്യ ഹരിതവൃക്ഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സ്വഭാവമാണ് ഇലപൊഴിയും വൃക്ഷങ്ങളുടേത്. ശൈത്യ കാലത്തിന്റെ ആഗമനം മുൻ കൂട്ടി കണ്ടത് പോലെ അത് വരെ ഇലകളിൽ പച്ചനിറം നൽകിയിരുന്ന ഹരിതകം മറ്റു രാസ വസ്‌തുക്കളുമായി വിഘടിക്കാൻ തുടങ്ങുന്നു. ഈ പുതിയ രാസ ദിശകളുടെ സാന്നിധ്യമാണ് ഇലകൾക്ക് പച്ച നിറം മാറി മറ്റു നിറമാകാൻ കാരണം. ഇത്തരം ഇലകൾക്ക് ചുവപ്പ്, മഞ്ഞ, ഓറഞ്ച്, എന്നിങ്ങനെ പല നിറങ്ങളും കാണാറുണ്ട്. നിറം മങ്ങിയ ഇലകൾ ക്രമേണ ഉണങ്ങുന്നു.

പുഷ്പിക്കലും കായ്ക്കലും......

സസ്യങ്ങളുടെ വംശം നിലനിർത്തുന്നതിനും വംശ വ്യാപനത്തിനുമുള്ള ഉപാധികളാണ് പൂക്കൾ. പരാഗണത്തെയും വിത്തുകളുടെ ഉൽപ്പാദനത്തെയും സഹായിക്കുന്നത് പൂക്കളാണ്. ഫ്ളോറിജിൻ എന്ന ഒരു ഹോർമോണിന്റെ പ്രവർത്തന ഫലമാണ് ചെടികൾ പുഷ്‌പിക്കുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെടികളുടെ വളർച്ചാ ക്രമത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ മനസ്സിലാക്കിയാൽ അവ പുഷ്‌പിക്കുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കാം.

وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثجّاجًا لّنخرج به حَبًّا وَنَبَاتًا وَجَنَّاتٍ أَلْفَافاً (النّبإ 14 / 15 / 16 )

മേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം- അതു മൂലം ധാന്യങ്ങളെയും സസ്യങ്ങളെയും ഇടതിങ്ങി നിൽക്കുന്ന തോട്ടങ്ങളെയും ഉൽപാദിപ്പിക്കുവാൻ വേണ്ടി നാം വർഷിക്കുകയും ചെയ്‌തു. (സൂറത്തുന്നബഅ് 14,15,16)

ഒരു സസ്യത്തിൻ്റെ വളർച്ചാ ക്രമത്തിൽ രണ്ട് ഘട്ടങ്ങളുണ്ട്. പുഷ്പത്തിന് മുമ്പുള്ള  പ്രഥമ ഘട്ടവും, പുഷ്പിച്ച ശേഷമുള്ള ദ്വീതിയഘട്ടവും. കാണ്ഡം, ഇലകൾ എന്നിവ പൂർണ്ണ വളർച്ചക്ക് എടുക്കുന്ന കാലയളവ് ആണ് പ്രഥമഘട്ടം. ഈ ഘട്ടം അവസാനിക്കുന്നതോടെ സസ്യത്തിൻ്റെ ഇലകളിൽ 'ഫ്ളോറിജിൻ' എന്ന ഒരിനം ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ കാണ്ഡം വഴി ചെടിയുടെ മുകള കോശത്തിലെത്തിച്ചേരുന്നു. മുകള കോശങ്ങൾ ഫ്ളോറിജിൻ്റെ സ്വാധീനം മൂലം പുതിയ ഇലകളും രണ്ട് തണ്ടുകളും  നിർമ്മിക്കുന്നതിന് പകരം ഉൽപ്പാദനാവയവമായ പൂക്കൾ സൃഷ്ടിക്കുന്നു. അതോടെ ഈ സസ്യം വളർച്ചയുടെ രണ്ടാ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

ചെടികളിൽ നിന്ന് ശുദ്ധമായ ' ഫ്ളോറിജിൻ' ഇതുവരെ വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും അതിൻ്റെ സാന്നിധ്യം അനിഷേധ്യമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പുഷ്‌പിച്ച' സാന്ഥിയം ' (Xanthiyam) ചെടിയുടെ ഇലയിൽ നിന്ന് വേർതിരിച്ചെടുത്ത സത്ത് പുഷ്‌പിക്കാൻ പ്രായമാകാത്ത മറ്റൊരു ചെടിയിൽ കുത്തി വെച്ചപ്പോൾ അത് പുഷ്പിച്ചു തുടങ്ങിയതായി ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ഇതിൽ നിന്നും ചെടികൾക്ക് പുഷ്‌പിക്കാനുള്ള പ്രചോദനം നൽകുന്നത് ഫ്ളോറിജിനാണെന്ന് അനുമാനിക്കപ്പെടുന്നു. 

പൂക്കളിൽ ഫലപ്രദമായ ബീജ സംയോജനം നടക്കുന്നതിൻ്റെ ഫലമാണ് ചെടികൾ കായ്ക്കുന്നത്. ബീജ സംയോജനത്തിൻ്റെ ശേഷം അണ്ഡവും അണ്ഡാശയവും (ovary) വളർന്ന് യഥാക്രമം വിത്തും കായയുമായി രൂപാന്തരം പ്രാപിക്കുന്നു. വിത്തുകൾ കേടു കൂടാതെ സൂക്ഷിക്കുകയും അവയെ ഫലവത്തായി  ദൂരെ ദിക്കിലേക്ക് വിതരണം ചെയ്യാൻ സഹായിക്കുകയുമാണ് പഴങ്ങളുടെ പ്രധാന  ധർമ്മം. വിത്തുകൾ അനുകൂല സാഹചര്യം വരുമ്പോൾ മറ്റൊരു സസ്യമായി വളർന്നു വരികയും പൂവണിഞ്ഞ് കായ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.  സസ്യത്തിൻ്റെ വരും തലമുറ വിത്തുകളിൽ സുരക്ഷിതമാണ്. വംശം നിലനിർത്താൻ ചെടികൾ കാ‌യ്ക്കേണ്ടത് അനിവാര്യമാണ്.

ഇലകൾ പൊഴിയുന്നത്.........?
وَمَا تَسقط من وَرَقَةٍ إِلا يَعْلَمُهَا  

"അവനറിയാതെ ഒരില പോലും പൊഴിയുന്നില്ല " (സൂറത്തുൽ അൻആം 59)

മൊത്തമായും സൂക്ഷ്‌മമായുമൊക്കെ കാര്യങ്ങൾ അല്ലാഹുവിനറിയുമെന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്. ( ബഹ്റുൽ മുഹീത്വ് 4/146). എന്തിനധികം സസ്യത്തിൻ്റെ ഇല വീഴുന്നത് വരെ അവനറിയുന്നു. അവ എപ്പോൾ  വീഴുന്നെന്നും എവിടെ, എങ്ങനെ, എത്ര എല്ലാം സസൂക്ഷ്‌മം അവനറിയുന്നുണ്ട്. ( തഫ്‌സീറുൽ മുനീർ 27/38). സസ്യത്തിൽ നിന്ന് ഇല വീഴുന്ന വിധം എങ്ങനെയാണ് സ്രഷ്ടാവ് അതിൽ സംവിധാനിച്ചിട്ടുള്ളതെന്ന് നോക്കാം.

സസ്യങ്ങളിൽ നിന്ന് ഇല പൊഴിയുന്നതിന് വാർദ്ധക്യമൃത്യ(senescene) എന്നാണ് പറയുക. ഇലയ്ക്ക് വാർദ്ധക്യം ബാധിക്കുന്നതോടെ അതിൽ അവശേഷിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും പോഷകാംശങ്ങളും വ്യക്ഷത്തിലേക്ക് തിരിച്ചു പോകുന്നു. അതോടെ ഇല ഞെട്ടിൻ്റെ അടിഭാഗത്തുള്ള കോശങ്ങൾക്ക് മറ്റ് കോശങ്ങളുമായി ബന്ധം നഷ്ടപ്പെടുന്നു. ഈ കോശ നിരയെ ഭജ്ഞാനകോശനിര (abscission layen) എന്ന് പറയുന്നു. ഭജ്ഞാന നിര ഇലയെ വ്യക്ഷത്തിൽ നിന്ന് വേർപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ ഈ അവസരത്തിലും ഇല വൃക്ഷത്തിൽ നിന്ന് കൊഴിഞ്ഞു പോകാതെ അൽപ്പം നാൾ നിന്നെന്നിരിക്കും വാർദ്ധക്യം ബാധിക്കുന്നതിന് മുമ്പ് വെള്ളവും ധാതുലവണങ്ങളും കടന്നു പോയിക്കൊണ്ടിരിക്കുന്നു. കനത്ത ഭിത്തികളുള്ള ചില കോശങ്ങൾ ഇലയേയും വ്യക്ഷത്തെയും ബന്ധിപ്പിച്ചു നിർത്തുന്നതാണ് ഇതിനു കാരണം. പക്ഷെ, ഇലയുടെ ഭാരത്തെയോ കാറ്റിൻ്റെ ഗതിയേയോ അധികനാൾ അതിജീവിക്കാൻ മേൽ പറഞ്ഞ കോശങ്ങൾക്ക് ശേഷിയുണ്ടാവില്ല. അതു കൊണ്ട് ദിവസങ്ങൾക്കകം ഇല വ്യക്ഷത്തിൽ നിന്ന് കൊഴിയുന്നു. "അവനറിയാതെ ഒരില പോലും വീഴുന്നില്ല" 

സസ്യങ്ങളും ആരോഗ്യവും

സസ്യങ്ങൾ മനുഷ്യാരോഗ്യത്തെ എത്ര മാത്രം സ്വാധീനിക്കുന്നുവെന്ന് ശാസ്ത്ര ലോകം പരീക്ഷണങ്ങളും പഠനങ്ങളും നടത്തി വരികയാണ്. അവയിൽ പെട്ട ചില പഠന റിപ്പോർട്ടുകൾ താഴെ.

പച്ചക്കറിയും പഴവർഗ്ഗങ്ങളുമാണ് ജീവകം 'സി' യുടെ മുഖ്യ ഉറവിടങ്ങൾ.  ഭക്ഷണത്തിൽ ഇവ കൂടുതലായി ഉൾപ്പെടുത്തിയാൽ ശരീരത്തിൽ ലഭിക്കുന്ന ജീവകം ' സി 'യുടെ അളവ്‌ വർദ്ധിക്കും. ഹൃദ്രോഗംപോലുള്ള മാരകമായ ആരോഗ്യ പ്രശ്ന‌ങ്ങളാൽ ഒരാൾ മരിക്കാനുള്ള സാധ്യത ജീവകം'സി' ലഭിക്കുകവഴി കുറക്കാമെന്ന് ബ്രിട്ടനിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അസകോർബിക് ആസിഡ് " എന്നാണ് ജീവകം 'സി' യുടെ രാസനാമം.  ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു രാസവസ്തുവാണത്. മാത്രമല്ല അതൊരു നല്ല നിരോക്‌സികാരി കൂടിയാണ്.

അർബുദം പോലുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന സ്വതന്ത്രറാഡിക്കലികളെ നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും. അതിനാൽ വ്യായാമത്തോടൊപ്പം പച്ചക്കറികളും പഴങ്ങളും ഉൾപ്പെട്ട ഭക്ഷണം പതിവാക്കുക. കേബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ കേയ-തീഖൗവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 45-49 പ്രായപരിധിയിലുള്ള 20000 പേരെ ഉൾപ്പെടുത്തി 4 വർഷം പഠനം പൂർത്തിയാക്കിയത് (ലാൻസെറ്റ് വാരിക 2001 മാർച്ച്)

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് വായയിലും തൊണ്ടയിലും അർബുദം വരാനുള്ള സാധ്യത കുറവാണെന്ന് ഇറ്റലിയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. അർബുദം ബാധിച്ച 1000 പേരെയും മറ്റു രോഗങ്ങൾ ബാധിച്ച 2000 പേരെയും പഠന വിധേയമാക്കിയതിന് ശേഷമാണിത് സ്വീകരിച്ചത്. പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവയിലാണ് നാരുകൾ ധാരാളമടങ്ങിയിട്ടുള്ളത്. (മാതൃഭൂമി ആരോഗ്യമാസിക 2001 മാർച്ച്)

പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നതിന് മറ്റൊരു ഗുണം കൂടി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഔഷധങ്ങളെ ചെറുത്തു നിൽക്കാൻ കരുത്താർജ്ജിച്ച ബാക്ടീരിയകളെ നശിപ്പിക്കാൻ പച്ചക്കറിയിലും പഴങ്ങളിലും അടങ്ങിയിട്ടുള്ള 'ഫ്ളവനോയിഡുകൾ'ക്ക് കഴിയുമെന്നാണ് കാനഡയിലെ ഗവേഷകർ കണ്ടെത്തിയത്. 'ഹാലി ഫാക്‌സിൽ ദാൽ ഹദസി'
യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർ ഹോജ്- കാസിക്യുവും സംഘവും 38 വ്യത്യസ്‌ത ഫ്ളവനോയിഡുകളെ വേർതിരിച്ചെടുത്തു. ഇതിൽ ആറെണ്ണം 'സ്റ്റാഫിലിക്കോക്കസ് ' എന്ന ബാക്ടീരിയയെ നശിപ്പിക്കുന്നതായി കണ്ടു. 'മെഫിസില്ലിൻ ' എന്ന ശക്തിയേറിയ ആൻ്റി ബയോട്ടിക്കിനോട് പോലും ശക്തിനേടിയ രോഗാണുവാണിത്.

പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നവർ കൂടുതൽ ആരോഗ്യവാന്മാരായി കാണപ്പെടുന്നതിൽ ഈ ഗുണവും കാരണമാവുന്നുവെന്ന് വേണം കരുതാൻ . ഡോക്ടർ ക്സ്യു  പറഞ്ഞു. ബാക്ടീരിയ ബാധ തടുക്കുവാനും സസ്യഭക്ഷണം സഹായിക്കുമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. (ഫൈറ്റോ തെറാപ്പി റിസർച്ച്. ജൂൺ : 2000)


وَالْبَلدُ الطَّيِّبُ يَخْرُجُ نَبَاتُهُ بِإِذْنِ رَبِّهِ وَالَّذِي خَبُثَ لَا يَخْرُجُ إلا نَكِداً كَذلِكَ نُصَرِّفُ الْآيَاتِ لِقَوْمٍ يَشْكُرُونَ

നല്ല ഭൂമിയിലെ സസ്യങ്ങൾ അതിൻ്റെ രക്ഷിതാവിൻ്റെ അനുമതിയോടെ നന്നായി മുളക്കുന്നു. ചിത്ത ഭൂമിയാവട്ടെ, അതിൽ നിന്ന് മോശമായ സാധനമല്ലാതെ മുളക്കുകയില്ല. ഇപ്രകാരം നന്ദികാട്ടുന്ന ജനതക്ക് നാം ലക്ഷ്യങ്ങളെ വിവരിച്ചു കൊടുക്കുന്നു. ( അഅ്റാഫ് 58 )
കടപ്പാട് : പ്രപഞ്ചം
ഒരു ഖുർആനിക വായന
മാന്യ സുഹൃത്തുക്കളെ, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സ ഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്‌ത്‌ പുണ്യം നേടുന്നതിൽ പങ്കാളിയാവുക.
നിങ്ങളുടെ വിലപ്പെട്ടസമയത്തുള്ള പ്രാർത്ഥനയിൽ ഈവിനീതനെയും ഉൾ പ്പെടുത്തണമെന്ന് വളരെ വിനയത്തോടെ സി. പി. അബ്ദുല്ല ചെരുമ്പ
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണരംഗത്ത് സുന്നികേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
e-mail: [email protected] Mobile: 0091 9400534861