മയ്യിത്ത് സംസ്‌കരണം

"നിശ്ചയം അല്ലാഹു ശുദ്ധവാന്മാരെയും പശ്ചാത്തപിച്ചു കൊണ്ടിരിക്കുന്നവരെയും ഇഷ്ട്‌പ്പെടുന്നവനാണ്" (വിശുദ്ധഖുർആൻ).  "തെറ്റുകളിൽ നിന്നു പശ്ചാത്തപിച്ചു കൊണ്ടിരിക്കുന്നവൻ തെറ്റുകൾ തീരെ ചെയ്യാത്തവനെപ്പോലെയാണ്" (ഹദീസ് ശരീഫ്).

മയ്യിത്ത് സംസ്‌കരണം

بسم الله الرحمن الرحيم

മയ്യിത്ത് സംസ്‌കരണ മുറകൾ
(മരണം മുതൽ ഖബർവരെ)
By: C.M.V ഹനീഫാ ഫൈസി

ഉളളടക്കം

1. അൽപ്പം ചില കാര്യങ്ങൾ
2. മനുഷ്യാ നീ മയ്യിത്താകുന്നു
3. ഒരു പുതിയ ജീവിതം തുടങ്ങുന്നു
4. മരണ സ്‌മരണയിൽ ഒരു നിമിഷം
5. തയ്യാറായിരിക്കുക
6. രോഗികളെ സന്ദർശിക്കുക 
7. മരണത്തിന്റെ മുന്നിൽ
8. മരണം തീർച്ചപ്പെട്ടാൽ
9. മരണ വാർത്ത കേട്ടാൽ
10. മയ്യിത്ത് കുളിപ്പിക്കുന്നതിനെപ്പറ്റി
11. കുളിപ്പിക്കുന്നതിന്റെ നിയമവശങ്ങൾ
12. കഫൻ ചെയ്യൽ
13. മയ്യിത്ത് നിസ്കാരം
14. ഫർളുകളും ശർത്തുകളും
15. നിസ്‌കാരത്തിൻ്റെ രൂപം
16. ഗാഇബായ നിസ്‌കാരം
17. മയ്യിത്ത് ചുമക്കുന്നതിനെപ്പറ്റി
18. ഖബറടക്കൽ
19. മുഖത്തെഴുത്തും പിടിമണ്ണും
20. തസ്ബിത്തും തൽഖീനും
21. ഖബർ സിയാറത്ത്
22. മരിച്ചവർക്ക് വേണ്ടി ചെയ്യാവുന്നത്

എന്റെ വന്ദ്യപിതാവ് ചമ്മിണി വളപ്പിൽ ചേക്കണ്ണി എന്നവർ 1983 ഫെബ്രുവരി മാസം ഒന്നാം തിയ്യതി രാത്രി പത്തു മണിക്ക് ഇഹലോകവാസം വെടിഞ്ഞു. ഇന്നാലില്ലാ........ പരേതാത്മാവിൻ നിത്യ സ്‌മരണക്കു മുമ്പിൽ ഈ തുലിക ഞാൻ സമർപ്പിക്കുന്നു. ജഗന്നിയാന്‌ഥാവെ എന്റെ  പിതാവിന്റെ അവരുടെ പരലോക ജീവിതം നീ സുഖ സമ്പൂർണ്ണമാക്കേണമെ! അവരെയും ഞങ്ങളെയും നീ സ്വർഗത്തിൽ ഒരമിച്ചു കൂട്ടേണമെ (ആമീൻ) 

എന്ന് 
ഗ്രന്‌ഥകർത്താവ് ....

അവതാരിക

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ തിരു നാമത്തിൽ സ്‌തുതി അഖിലവും അവന് മാത്രമാകുന്നു. അവന്റെ ഗുണകടാക്ഷങ്ങൾ തിരദൂതർ മുഹമ്മദ് മുസ്‌തഫാ (സ:അ) തങ്ങളിലും ബന്ധുമിത്രാദികളിലും നിത്യമായി വർഷിക്കുമാറാകട്ടെ. ആമീൻ

മനുഷ്യനെ എഴുതാനും വായിക്കാനും പഠിപ്പിച്ചവനാണ് അല്ലാഹു വിശുദ്ധ ഖുർആനിന്റെ  ആദ്യ സൂക്തം തന്നെ ഇതു നമ്മെ ഓർമ്മിപ്പിക്കുന്നു. എഴുത്തും വായനയും അത്യന്താപേക്ഷിതമായ രണ്ടു കാര്യങ്ങളാണ്. ആധുനിക ലോകത്ത് ആശയ പ്രചരണത്തിന് പ്രധാനമായും അവലംബിക്കുന്നത് ഈ മാർഗത്തെയാണ്. അല്ലാഹുവിന്റെ നാമം കൊണ്ട് വായിക്കാൻ പറ്റുന്ന കൃതികളെ വായിക്കാവൂ എന്ന സൂചനയും വിശുദ്ധ ഖുർആനിന്റെ ആദ്യ സൂക്തത്തിലുണ്ട്. മരണം സുനിശ്ചിതമായ കാര്യമാണ്. അവിതർക്കിതമായ വസ്‌തുതയുണ്ടെങ്കിൽ അതു മരണം മാത്രമാണ്. മരണത്തോടു കൂടി വിശാലമായ ലോകത്തേക്ക് നാം പ്രവേശിക്കുന്നു. യഥാർത്ഥമായ ജീവിതം ആരംഭിക്കുന്നത് മരണം മുതലാണ്. ഇസ്ലാമിലെ മരണാനന്തര ക്രിയകൾ എങ്ങനെ  ആയിരക്കണമെന്ന് ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ടതാണ്. സാമൂഹിക ബാധ്യതയായിട്ടാണ് ശരീഅത്തുൽ ഇസ്ലാം അതിനെ കണക്കാക്കുന്നത്

ഈ വിഷയം സംബന്ധമായി ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്ന നല്ലൊരു പുസ്ത‌മാണ് സി.വി.എം. ഹനീഫ ഫൈസി നെല്ലിക്കാട്ടിരി എഴുതി അശ്റഫി ബുക്ക് സെൻറർ പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക മയ്യിത്ത് സംസ്കാരം എന്ന ഈ പുസ്‌തകം അനുഗ്രഹീത എഴുത്തുകാരനും എന്റെ  ശിഷ്യനുമായ ഹനീഫ ഫൈസിയുടെ ഈ ശ്രമം സാധാരണക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും അവരുടെ ഈ  വിഷയത്തിലുള്ള ജിജ്ഞാസയ്ക്ക് ശമനം വരുത്തുന്നതുമാണ്. രോഗ സന്ദർശനം മുതൽ ഖബറടക്കുന്നതു വരെയുള്ള ഇതിലെഴുതിയ കാര്യങ്ങൾ ഞാൻ ഒരാവർത്തി വായിക്കുകയുണ്ടായി. ഓരോ മുസൽമാനും അറിഞ്ഞിരിക്കേണ്ട ഇതിലടങ്ങിയ കാര്യങ്ങൾ ശ്രദ്ധയോടെ വായിക്കുകയും ഓരോ കോപ്പി എല്ലാ മുസ്ലിം വീടുകളിലും സൂക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മുസ്ലിം കേരളത്തിന് മുതൽ കൂട്ടായ ഈ സംരഭത്തെ ഞാൻ അഭിനന്ദിക്കുകയും ഗ്രന്ഥകാരനും പ്രസാധകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. 

എന്ന്
അബുൽ ബശീർ പി. ബീരാൻകുട്ടി മുസ്ല്യാർ 
അൻവരിയ്യ അറബിക് കോളേജ് പൊട്ടിച്ചിറ


ഒന്ന്
വിഷയത്തിനു മുമ്പ് 

മരണം! അതൊരു പരമ സത്യമാണ്. ജനിച്ചവരൊക്കെ മരിക്കും. മരിക്കാതിരിക്കാൻ ജനിക്കാതിരിക്കുക മാത്രമെ മാർഗ്ഗമുള്ളൂ. മരണത്തിന്റെ നിർദ്ദയമായ ഹസ്‌തങ്ങളിൽ ഞെരിഞ്ഞമരാത്ത കൊമ്പൻമാർ ആരെങ്കിലുമുണ്ടോ? ഇല്ല! ആരുമില്ല! അംബര ചുംബികളും മനോഹരങ്ങളുമായ കോൺക്രീറ്റ് മണിമാടങ്ങൾ പണിതുയർത്തി സ്വർഗ്ഗ ലോകം പോലെ അവകൾ വിതാനിച്ചൊരുക്കി സർവ്വം മറന്നുല്ലസിക്കുന്ന ആധുനിക മനുഷ്യൻ! മിനുമിനുത്ത പട്ടു മെത്തകളിൽ  തലയണകൾക്ക് മീതെ തലയണ വെച്ച് അനശ്വരമായ സൗഖ്യം സ്വപ്‌നം കണ്ട് കൂർക്കം വലിച്ചുറങ്ങുന്ന ഐഹികാഢംബര പ്രേമികളെ യാതൊര മൂന്നറിയിപ്പും കൂടാതെ അപ്രതീക്ഷിതമായി മരണമെന്ന സത്യം നിർദ്ദയമായി വേട്ടയാടുന്നു. ഏറ്റവും പ്രിയപ്പെട്ട ഉറ്റവരേയും ഉടയവരേയും തനിച്ചാക്കി അവർ മയ്യിത്ത് കട്ടിലിൽ യാത്രയാകുന്നു. ഖബറാകുന്ന ഇരുട്ടറയിൽ തന്റെ മൃതുലമായ കവിൾതടം മണ്ണിനോട് ചേർത്ത് ഏകാന്തനായി നിസ്സഹായമായി കിടക്കുന്ന ആ രംഗം! ഹാ... അതെത്ര ദയനീയം! കഷ്‌ടം ഇങ്ങിനെ ഒരു രംഗം വരാനുണ്ടെന്ന് അവനെന്നെങ്കിലും ഓർത്തിരുന്നോ? തന്റെ അവിശ്രമപരിശ്രമം നിമിത്തം ഉയർന്ന് വന്ന മണിമാടങ്ങളിലും പറുദീസകളിലും തന്റെ ജന്മശത്രുക്കൾ  കണകോടാലികൾ സ്വഛന്ദം വിഹരിക്കുന്നു. ദുഖം! ഇതെന്തു വിരോധാഭാസം! സൗന്ദര്യ വർദ്ധക വസ്‌തുക്കൾ ഉപയോഗിച്ച് അനുദിനം നൈർമല്യമായി സൂക്ഷിച്ചുവന്ന സുന്ദരമായ കവിൾ തടങ്ങളിൽ പുഴുക്കളും ജന്തുക്കളും ചുടു ചുമ്പനങ്ങളാണോ നൽകുന്നത്! ആണെങ്കിലും അല്ലെങ്കിലും അവർണ്ണനീയമായ ആ ആസ്വാദനത്തിന് കാത്തിരിക്കുന്നവൻ! ദുർബലനായ മനുഷ്യൻ!!!

മറുപുറം നോക്കൂ! അരചാൺ വയറിന്റെ വിശപ്പുമാറ്റാൻ മാർഗ്ഗമില്ലാതെ, ഉടുതുണിക്കു മറുതുണിയില്ലാതെ, സ്വസ്‌ഥമായൊന്ന്  തല ചായ്ക്കാൻ പോലും ഇടമില്ലാതെ അങ്ങാടികളിലെ പീടികത്തിണ്ണകളിൽ അഭയം കണ്ടെത്തിയവരും ഒരുനാൾ മരണവുമായി കണ്ടുമുട്ടുന്നു. ബുദ്ധി ജീവികളായ മനുഷ്യർക്ക് മരണമെന്ന് കേൾക്കുന്നത് തന്നെ ഒരു പേടി സ്വപ്‌നമാണ്. പക്ഷേ ആധുനിക ബുദ്ധി ജീവികളെന്ന് സ്വയം അഭിമാനിക്കുന്ന മനുഷ്യന് മരണം ഒരു പ്രശ്‌നമേ അല്ല. മരണ ചിന്തയിലായി ഒരു നിമിഷമെങ്കിലും ജീവിക്കാൻ അവർ തയ്യാറില്ല. സ്വന്തം ശവക്കുഴി തോണ്ടുന്ന നാശ ഗോപുരങ്ങൾ പണിതുയർത്തുന്ന  ബദ്ധപ്പാടിലാണവർ! എത്ര വിഡ്ഢിയാണീ ആധുനിക മനുഷ്യർ? മരണത്തിന്റെ ശോക സംഗീതം കേൾക്കാൻ അവന്റെ ശ്രവണേന്ദ്രിയം പ്രവർത്തിക്കുന്നില്ല. ഖബ്റിന്റെ ഭയാനകതയെക്കുറിച്ചോർക്കാൻ അവന് വിശാലമായ ഹൃദയമില്ല. നൈമിഷികമായ ഭൗതിക ജീവിതത്തിലെ ക്ഷണ ഭംഗുരമായ സുഖ സൗകര്യങ്ങൾ അനശ്വരമാകുമെന്ന് സ്വപ്‌നം കാണുകയാണവൻ.

എന്താണ് മരണം. മരണത്തിന്റെ യാഥാർത്‌ഥ്യങ്ങളിലേക്ക് നാം ചിന്തിച്ചിട്ടുണ്ടോ? ദേഹവും ദേഹിയും വേർപിരിയുന്നതിന് മരണമെന്ന് പറയുന്നു. തല, നെഞ്ച്, കൈകാലുകൾ എന്നിവ കൂടിയ ഭൗതിക ജഡത്തിന് ദേഹമെന്ന് പറയുന്നു. ദേഹി ദേഹത്തിൽ  സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന ചൈതന്യങ്ങൾ നിശ്ചലമാവുമ്പോൾ ദേഹം നശിച്ച് മണ്ണായിത്തീരുന്നു. എന്നാൽ ദേഹിക്ക് മരണവും നാശവുമില്ല! അനേക നൂറ്റാണ്ടുകൾക്കു മുമ്പ് സൃഷ്‌ടിക്കപ്പെട്ടതും ഒരു കാലത്തും നശിക്കാത്തതുമായ ഒരു അദ്യശ്യ വസ്തു‌വത്രെ ദേഹി അഥവാ റൂഹ്. റൂഹിന്റെ യാഥാർത്‌ഥ്യം മനസ്സിലാക്കുവാൻ മനുഷ്യൻ അശക്തനാണ്. അല്ലാഹുവിന് മാത്രമേ റൂഹിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചറിയുകയുളളൂ.. നബിയെ! റൂഹിനെ സംബന്ധിച്ച് അവർ തങ്ങളോട് ചോദിക്കും അപ്പോൾ റൂഹ് എന്റെ രക്ഷിതാവിന്റെ  കാര്യത്തിൽപ്പെട്ട (അറിവിൽ)താണെന്ന് പറയുക.(സൂറ. ഇസ്റാഅ്). ഭൗതിക ശരീരങ്ങൾ  സൃഷ്‌ടിക്കപ്പെടുന്നതിന്റെ അനേകായിരം വർഷങ്ങൾക്കു മുമ്പു തന്നെ അല്ലാഹു നമ്മുടെ ആത്‌മാക്കളെ സൃഷ്‌ടിച്ചിട്ടുണ്ട്. മനുഷ്യരുടെ അർവാഹുകളെയെല്ലാം ആലമുൽ അർവാഹിൽ ഒരുമിച്ചു കൂട്ടിയ ശേഷം ഞാൻ നിങ്ങളുടെ റബ്ബല്ലയോ എന്ന് ചോദിച്ച് ആ ആത്‌മാക്കളെ കൊണ്ട് അല്ലാഹുവിനെ റബ്ബായി അംഗീകരിപ്പിച്ചതായി വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് (സൂറ. അഅ്റാഫ്)

മനുഷ്യൻ ഐഹികലോകത്ത് പ്രവർത്തിച്ച നന്മ തിന്മകളുടെ പ്രതിഫലം യഥാർതഥത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ  ആത്മാക്കളാകുന്നു. സത്യവിശ്വാസികളുടെ റൂഹുകൾ ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷം 'ഇല്ലിയീൻ' എന്ന ഉന്നത സ്‌ഥലത്ത് സ്‌ഥിതി ചെയ്യുകയും. ഖബ്‌റിലുള്ള ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധപ്പെട്ട് ആനന്ദമനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ സത്യനിഷേധികളുടെ ആത്മാക്കൾ മരണത്തിനു ശേഷം 'സിജ്ജീൻ' എന്ന സ്‌ഥലത്താണ് നിലകൊളളുന്നത്. ഖബ്റുമായി ബന്ധപ്പെട്ട് അത്തരം ആത്മാക്കൾ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ഖിയാമത്ത് നാൾവരെ ഈ നില തുടരുകയാണ്. മനുഷ്യരുടെ ശരീരവും ആത്മാവും തമ്മിൽ ഒരിക്കൽ വേർപിരിയുമെന്നും അങ്ങനെ മരണം സംഭവിക്കുമെന്നും നാം മനസ്സിലാക്കുന്നതല്ലാതെ അനിവാര്യമായ ആ വേർപാട് എപ്പോൾ സംഭവിക്കുമെന്ന് നാം  അറിയുന്നില്ല. വളരെ ആകസ്‌മികവും അപ്രതീക്ഷിതവുമായി സംഭവിക്കുന്ന ആ വേർപ്പാടിന് മുമ്പ് ബുദ്ധിയും തന്റേടവുമുളള മനുഷ്യൻ പല തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. അനന്തമായ ആ യാത്രയുടെ ടികറ്റ് കൺഫോമാകുന്നതിനു മുമ്പ് നമ്മുടെ യാത്രയുടെ മദ്ധ്യേ ആവശ്യമാകുന്ന വസ്തുവകകൾ നാം സംഭരിക്കേണ്ടതുണ്ട്. ആ തയ്യാറെടുപ്പുകൾ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ടായിരിക്കണം. അങ്ങിനെ തയ്യാറെടുത്തിരിക്കുന്നവർക്ക് മരണത്തിന് മുമ്പിൽ പതറേണ്ടിവരില്ല. അത്തരക്കാർക്ക് മരണം ഒരു അനുഗ്രഹമായാണ് അനുഭവപ്പെടുക.

ഭൗതിക സുഖാനുഭൂതികളിൽ മതിമറക്കാതെ സർവ്വജ്ഞനായ അല്ലാഹുവിന് അടിമുടി കീഴ്പ്പെട്ട് ജീവിച്ച ഇഷ്‌ട ദാസന്മാർക്ക് അല്ലാഹുമായുള്ള മുഖാമുഖം ഭൗതിക പാരത്രിക ലോകങ്ങളിലെ എല്ലാ ആനന്ദങ്ങളെക്കാളും കണ്ണിനും കരളിനും കുളിർമ്മ നൽകുന്നതായിരിക്കും. ആനന്ദകരവും അനിർവ്വചനീയവുമായ ആ തൃക്കാഴ്ച്ചയ്ക്കു വേണ്ടി തയ്യാറെടുത്ത്  കഴിയുന്നവർക്ക് മരണം അവാച്യമായ അനുഭൂതി നൽകുന്നതാണ്. ഓരോ സത്യവിശ്വാസിയുടെയും അന്തിമാഭിലാഷമായ അല്ലാഹുവുമായുള്ള 'ലിഖാഇ' ന് കാരണമായി മാറുന്ന മരണവും അനന്തര കൃത്യങ്ങളും അല്ലാഹു ഇഷ്‌ടപ്പെടുന്ന രൂപത്തിലായിരിക്കേണ്ടത് അനിവാര്യമാകുന്നു. ആ രൂപത്തി വ്യക്തവും വിശദവുമായ കാര്യങ്ങൾ പ്രവാചകന്മാർ മുഖേന അല്ലാഹു മനുഷ്യന് കാണിച്ചു കൊടുത്തിരിക്കുന്നു. മയ്യിത്ത് പരിപാലന മുറകൾ, അഥവാ ഇസ്ലാമിക മയ്യിത്ത് സംസ്‌കാരം അവയിൽ പെട്ടതാകുന്നു. മുസ്ലിമായ ഓരോ പുരുഷനും സ്ത്രീയും പ്രാഥമികമായും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങൾ മാത്രമാണ് ഈ പുസ്‌തകത്തിൽ ഉൾക്കൊളളിച്ചിട്ടുള്ളത്. തികച്ചും മുസ്ലിം സാധാരണക്കാരന് വേണ്ടി മാത്രം എഴുതിയ ഈ പുസ്‌തകം സമ്പൂർണ്ണമായ ഒരു പഠനമല്ല. ഈ വിഷയത്തിൽ എന്റെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഈ പുസ്‌തകത്തിലെ മസ്‌അലകൾ ശാഫീ ഫിഖ്ഹിനെ അടിസ്‌ഥാനപ്പെടുത്തിയുള്ളതാണ്. ശാഫീ മദ്ഹബിലെ പ്രബലമായ മസ്അലക്കെതിരായി എന്തെങ്കിലും ഈ പുസ്‌തകത്തിൽ വായിക്കാനിടവന്നാൽ മാന്യ സുഹൃത്തുക്കൾ എന്നെ അറിയിക്കുന്നതിൽ ഞാൻ അവരോടെന്നും കടപ്പെട്ടിരിക്കും. 

ഈ പുസ്‌തകത്തിന് ഒരു അവതാരിക എഴുതിരുന് ഇതിനെ മുസ്ലിം കേരളത്തിന് ശുപാർശ ചെയ്‌ത എന്റെ വന്ദ്യരായ ഉസ്‌താദിനോടും ഈ പുസ്‌തകത്തിന്റെ പ്രസാധനം ഏറ്റെടുത്ത അശ്റഫി ബുക്ക് സെൻ്റെറിനോടും ഞാൻ എന്റെ കടപ്പാട് അറിയിക്കുന്നു. മയ്യിത്ത് പരിപാലനത്തെക്കുറിച്ച് വേണ്ടത്ര ബോധമില്ലാത്തതിന്റെ പേരിൽ പലയിടത്തും അതൊരു പ്രഹസനമായി മാറിക്കൊണ്ടിരിക്കുന്നു. മറ്റു പുസ്ത‌കങ്ങൾ വായിച്ചു തള്ളുന്നതു പോലെ ഇതും തള്ളാതെ ഇതിലെഴുതിയ വിഷയങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായി വരുന്നതാകയാൽ പ്രത്യേകം പരിഗണിക്കണമെന്നുണർത്തുന്നു. അല്ലാഹു ഇതൊര സ്വാലിഹായ അമലും ഖബർ ജീവിതത്തിൽ ആനന്ദം നൽകുന്ന ഒരു പ്രവർത്തനവുമാക്കി തരട്ടെ എന്ന് ദുആ ചെയ്യുകയും ചെയ്യുന്നു.

എന്ന്
നിങ്ങളുടെ വിനീത സേവകൻ 
സി.വി.എം. ഹനീഫ ഫൈസി
നെല്ലിക്കാട്ടിരി


രണ്ട്
മയ്യിത്താകുന്ന മനുഷ്യൻ

അനന്ത വിശാലമായ ഈ പ്രപഞ്ചത്തിൽ അനേകായിരം ജീവജാലങ്ങൾ അധിവസിക്കുന്നു. വിവിധങ്ങളും അസംഖ്യങ്ങളുമായ ആ ജീവികളിൽ വെച്ചേറ്റവും ഉന്നതനും ഉൽകൃഷ്ട്‌നുമത്രെ മനുഷ്യൻ. മറ്റു ജീവികൾക്ക് അവയുടെ സ്രഷ്‌ടാവ് നൽകാത്ത നിരവധി വിശേഷണങ്ങൾ മനുഷ്യന് സ്രഷ്‌ടാവ് നൽകിയിട്ടുണ്ടെന്നതാണ് ഈ ഉന്നതിക്കും ഉൽകൃഷ്‌ടതക്കും നിദാനമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

മനുഷ്യ ജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യസാക്ഷാത്ക്കാരത്തിനു വേണ്ടി മനുഷ്യൻ ഇവിടെ വളരെ വ്യസ്‌ഥാപിതവും എന്നാൽ ആസൂത്രിതവുമായ ഒരു മാർഗ്ഗരേഖയെ ജീവിതത്തിലുടനീളം അനുധാവനം ചെയ്യേണ്ടത് അനിവാര്യമാണ്. പക്ഷെ വ്യസ്ഥ‌ാപിതവും ആസൂത്രിതവുമായ ഒരു മാർഗ്ഗരേഖ മനുഷ്യനുവേണ്ടി ആര് തയ്യാറാക്കിക്കൊടുക്കുമെന്നതാണ് പ്രശ്നം? കേവലം അൽപജ്ഞാനിയും വിധിയുടെ ബലിഷ്ഠമായ കരങ്ങളിൽ അനുദിനം പമ്പരം പോലെ കറങ്ങിക്കൊണ്ടിരിക്കുന്ന ദുർബ്ബലനുമായ മനുഷ്യന് അവന്റെ നൈമിഷികമായ ഭൗതിക ജീവിതത്തിൽ അംഗീകരിക്കപ്പെടേണ്ട ഒരു തത്വശാസ്ത്രം തയ്യാറാക്കുവാൻ സ്വന്തമായി സാധിക്കുമോ?. ഇല്ലെന്ന് ബുദ്ധിജീവികൾ സമ്മതിക്കേണ്ടിവരും കാരണം മനുഷ്യന്റെ അറിവും ബുദ്ധിയും വളരെ പരിമിതമാണ്. അത്യന്തം അൽഭുതകരമായ ഈ പ്രപഞ്ചത്തെ കുറിച്ചോ അതിലുൾപ്പെട്ട അനേകായിരം ഗാലക്‌സികളെക്കുറിച്ചോ മനുഷ്യന് കൂടുതലൊന്നും അറിഞ്ഞുകൂടാ. എന്തിനേറെ തനിക്ക് നാളെ എന്ത് സംഭിക്കുമെന്നോ താനെവിടെ വെച്ച് എപ്പോൾ എങ്ങനെ മരണപ്പെടുമെന്നോ അവന് വിവരം നൽകപ്പെട്ടിട്ടില്ല. തന്നിമിത്തം തന്റെ സ്വന്തം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ട സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് അന്യൂനവും പ്രായോഗികവുമായ ഒരു ജീവിത പദ്ധതി തയ്യാറാക്കൻ മനുഷ്യന് സാധ്യമാകാതെ വരുന്നു. ഇനി മറ്റൊരാൾ തയ്യാറാക്കി കൊടുക്കാമെന്നുവെച്ചാൽ അത് ഇവനെ സംബന്ധിച്ചിടത്തോളം അസ്വീകാര്യവും അപ്രായോഗികവുമായിരിക്കും. കാരണം ഒരുത്തന്റെ ബുദ്ധിയിലും വിജ്ഞാനത്തിലും ഉൾക്കൊണ്ടതൊക്കെ സ്വീകരിക്കാനും പ്രാവർത്തികമാക്കനും എല്ലാവരും തയ്യാറായിക്കൊള്ളണമെന്നില്ല എന്നത് തന്നെ. ഈ വസ്തുത കണക്കിലെടുത്തു കൊണ്ടാണ്. മനുഷ്യനെയും അഖിലചരാചരങ്ങ ളെയും സൃഷ്ട്‌ടിച്ച് പരിപാലിക്കുകയും അവയുടെ ഓരോ ചലനങ്ങളും സദാ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രപഞ്ച സൃഷ്‌ടാവ് മനുഷ്യന് മുഴുവൻ എക്കാലത്തും സ്വീകരിക്കപ്പെടാൻ പര്യാപ്‌തമായ ഒരു സമ്പൂർണ്ണ ജീവിത പദ്ധതി തയ്യാറാക്കിയാണ് മനുഷ്യർക്ക് എത്തിച്ചു കൊടുത്തത്. ആ സമ്പൂർണ്ണ ജീവിത വ്യവസ്‌ഥിതിയാകുന്നു വിശുദ്ധ ഇസ്ലാം!

ഇസ്ലാമാകുന്ന ആ സമ്പൂർണ്ണ ജീവിത വ്യവസ്‌ഥിതിയിൽ മനുഷ്യന്റെ  നാനോന്മുഖമായ പ്രശ്ന‌ങ്ങൾക്കും പരിഹാരം നിർദ്ദേശിക്കപ്പെടുകയും വ്യക്തമായ മാർഗ്ഗദർശനം നൽകപ്പെടുകയും ചെയ്യുന്നു. ജനനം. ജീവിതം, മരണം, മരണാനന്തരം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ചില നിയന്ത്രണങ്ങളും വ്യവസ്‌ഥതകളും ഇസ്ലാം മനുഷ്യന് മുമ്പിൽ സമർപ്പിച്ചിരിക്കുന്നു. അവ പാലിക്കപ്പെടാതെ ഏതൊരാൾക്കും ഇവിടെ യഥാർത്ഥ മുസ്ലിംകളായി ജീവിക്കാൻ കഴിയുകയില്ല. പക്ഷെ ഇന്ന് മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും അത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നുളളതാണ് വാസ്തവം. ഒരു മുസൽമാൻ മരണപ്പെട്ടു കഴിഞ്ഞാൽ തോന്നിയതു പോലെ മൺമറയ്ക്കാനോ മറവു ചെയ്യാതെ എന്നെന്നും സൂക്ഷിച്ചു വെയ്ക്കാനോ അനുവദിക്കപ്പെട്ടിട്ടില്ല. മരിച്ചാൽ പിന്നെ മനുഷ്യൻ ശവമായി മാറി. അവനെ പിന്നെ എല്ലാവരും മയ്യിത്ത് എന്നാണ് വിളിക്കുന്നത്. മനുഷ്യന്റെ സ്‌ഥാനമാനവൈജാത്യങ്ങൾ ഇതിനപവാദമല്ല!. അവന്റെ എല്ലാ പ്രതാപവും പ്രൗഡിയും മരണത്തിന് കീഴ്‌പെട്ടു കഴിഞ്ഞു. ജന്മസിദ്ധമായ എല്ലാ പ്രത്യേകതകളും അവന്  നഷ്ട്ടമായി തുടങ്ങി. ആത്മീയമായ ചൈതന്യം നഷ്‌ടപ്പെട്ടതിന്റെ പ്രതിഫലനം ഉടനെ അവനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഉടനെ നിയമാനുസാരമുള്ള അനന്തരകൃത്യങ്ങൾ നടത്തിയില്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നവർക്കുപോലും അവൻ അസഹനീയത സൃഷ്ട്‌ടിക്കുമെന്നതിനാൽ സമൂഹത്തിൻ്റെ മേലിൽ മയ്യിത്തിന്റെ പരിപാലനം ഇസ്ലാം ബാധ്യതയാക്കി കൽപ്പിച്ചിരിക്കുന്നു. മുസ്ലിംകളായ ആർക്കും മയ്യിത്ത് പരിപാലനസംബന്ധമായ കാര്യങ്ങളെക്കുറിച്ച് പഠിക്കാതിരിക്കാൻ നിർവ്വാഹമില്ല. എല്ലാ ഓരോരുത്തർക്കും ഇന്നല്ലെങ്കിൽ നാളെ അത്തരം കാര്യങ്ങളുമായി ബന്ധപ്പെടേണ്ടത് അനിവാര്യമായി വരുന്നതിനാൽ മറ്റുള്ളവർ പഠിക്കട്ടെ. ഞാൻ മാറി നിൽക്കാം എന്ന ചിന്ത പറ്റുകയില്ല. മരിച്ചവർക്ക് വേണ്ടി നാലു കാര്യങ്ങളാണ് ജീവിച്ചിരിക്കുന്ന സമൂഹത്തിന്റെ മേൽ ഇസ്ലാം നിർബന്ധമാക്കിയിട്ടുള്ളത്. പ്രസ്തുത നാല് കാര്യങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വമായ വിവരണമാണ് ഈ ചെറു പുസ്‌കത്തിലുളളത്.


മൂന്ന്
മരണം ഒരു പുതിയ ജീവിതം ?

മനുഷ്യ ജീവിതം മരണത്തോടുകൂടി അവസാനിക്കുന്നില്ലെന്നും മരണം ഒരു പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. നാം ഈ ഭൂമിയിൽ വരുന്നതിന് മുമ്പ് മറ്റു രണ്ടു ലോകങ്ങളിൽ ജീവിച്ചിരിന്നിട്ടുണ്ട്. ആലമുൽ അർവാഹിലും, മാതാക്കളുടെ  ഉദരത്തിലുമാണ്. ഈ ജീവിതത്തിന് ശേഷം അനശ്വരമായ പാരത്രിക ജീവിതം നമുക്ക് തയ്യാറാക്കപ്പെട്ടിരിക്കുന്നു. പാരത്രിക ജീവിതത്തിലെ ആദ്യ കാൽവെപ്പാണ് ഖബർ ജീവിതം. അവിടെ നാം സുരക്ഷിതരായാൽ പിന്നീടുള്ള ജീവിത ഘട്ടങ്ങൾ വളരെ ആനന്ദപ്രദവും സന്തോഷകരവുമാണെന്നും ഖബർ ജീവിതം ദു:സ്സഹമായിരുന്നാൽ അനന്തരമുള്ള ഘട്ടങ്ങൾ ഏറ്റവും ഭയാനകവും ഭീതിതവുമാണെന്നും പ്രവാചക തിരുമേനി(സ) തങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ഗർഭാശയ ജീവിതം, ഭൗതിക ജീവിതം, പാരത്രിക ജീവിതം. ഇവയിൽ അന്തിമവും അനശ്വരവും പാരത്രിക ജീവിതമാണ്. ഭാസുരമായ പാരത്രിക ജീവിതത്തിന്  കളമൊരുക്കുന്ന മാർഗ്ഗങ്ങളായെ മറ്റു രണ്ടു ഘട്ടങ്ങളേയും വിലയിരുത്തപ്പെട്ടിട്ടുളളൂ. മരണത്തോടു കൂടി ഖബ്റ് ജീവിതം ആരംഭിക്കുന്നു. നാമേവരും വളരെ ഭീതിയോടെ കാത്തിരിക്കുന്ന മരണം നമ്മെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമാണെന്ന് കാണാവുന്നതാണ്. ആദം നബി മുതൽ ഇന്നു വരെ ജീവിച്ച മുഴുവൻ മനുഷ്യരും മരണപ്പെടാതെ ഇവിടെ ജീവിച്ചിരിക്കുകയായിരുന്നുവെങ്കിൽ ഇവിടെ ഉണ്ടേയാക്കാവുന്ന അനർത്ഥങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. വളരെ ബീവഭത്സവും ഭീകരവുമായിരിക്കുമത് അല്ലേ?

മനുഷ്യൻ സൃഷ്ട്‌ടികളിൽ വെച്ച് ഏറ്റവും ഉന്നതനും ഉത്കൃഷ്‌ടനുമാണെന്ന് പറഞ്ഞുവല്ലോ: മരണത്തോടു കൂടി അവന്റെ ഔന്നത്യത്തിനും ബഹുമാനത്തിനും യാതൊരു കോട്ടവും സംഭവിക്കുന്നില്ല. ആയതിനാൽ മനുഷ്യന്റെ മൃതദേഹത്തെ അർഹമായ പ്രാധാന്യത്തോടു കൂടി മറവ് ചെയ്യൽ നിർബന്ധമാണ്. ഐഹിക ജീവിതത്തിൽ മനുഷ്യൻ അനുവർത്തിച്ച നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങൾക്കും പാരത്രിക ലോകത്തുവെച്ച് അർഹമായ പ്രതിഫലം നൽകപ്പെടാതിരിക്കില്ല. മനുഷ്യനെ ഇല്ലായ്‌മയിൽ നിന്ന് സൃഷ്ടിച്ച അല്ലാഹുവിന് മരണ ശേഷം പ്രതിഫലം നൽകാൻ സർവ്വശക്തൻ പ്രാപ്തനല്ലെന്ന് വിശ്വസിക്കാൻ മാത്രം അധഃപതിച്ചുവോ? ആധുനിക മനുഷ്യൻ! "സത്യ വിശ്വാസത്തോട് കൂടി സത്കർമ്മമനുഷ്ടിച്ചവർ ആണായാലും പെണ്ണായാലും അവർക്ക് നാം അത്യുൽകൃഷ്‌ടമായ പാരത്രിക ജീവിതം പ്രദാനം ചെയ്യുന്നതും അവരുടെ ഗുണകരമായ പ്രവർത്തനഫലം അങ്ങനെ നാം പൂർത്തികരിക്കുന്നതുമാണ്” (ഖുർആൻ ശരീഫ്)

ജീവിതമുള്ളവർക്കൊക്കെ മരണം അനിവാര്യമാകുന്നു. മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കുക മാത്രമേ മാർഗ്ഗമുള്ളൂ! പക്ഷെ ജനനവും മരണവും സൃഷ്‌ടാവിന്റെ മാത്രം പരിധിയിൽപ്പെട്ടതാകയാൽ അതിൽ നിയന്ത്രണം കൽപിക്കാൻ നമുക്ക് സാദ്ധ്യമല്ല. മരണമെന്ന മൂന്നക്ഷരം ഏതൊരാളുടേയും അന്തരംഗത്തെ സംഭ്രമജനകമാക്കുന്നു. എത്ര ധിക്കാരിയായിരുന്നാലും മരണമെന്നു കേട്ടാൽ അവന്റെ ഹൃത്തടം പ്രകമ്പനം കൊള്ളും. ലോകോൽപ്പത്തി മുതൽ ഇന്നേവരെയുള്ള എല്ലാ അഹങ്കാരികളും പത്തിമടക്കിയ ഏറ്റവും ഭയാനകമായ ഒരു പ്രതിഭാസമാണ് മരണമെന്നത്. ഏതൊരാളെ സംബന്ധിച്ചിടത്തോളവും അയാളുടെ ചെരുപ്പുവാറിനേക്കാൾ അയാളോടേറ്റം അടുത്തു നിൽക്കുന്നതാണ് മരണം. എന്നാൽ ഇത്രയും ഭീതിതവും ഭയാനക വുമായ മരണത്തിന്റെ കാഠിന്യത്തെ കുറിച്ച് നാമെപ്പോഴെങ്കിലും ഓർക്കാറുണ്ടോ നാം എവിടെ വെച്ച്? എപ്പോൾ ?ഏത് നിലയിൽ? മരണപ്പെടുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ??? എന്നാൽ ഈ പുസ്‌തകം വായിച്ച് തീരുന്നതിനു മുമ്പ് തന്നെ ഒരു പക്ഷെ നാം മരിച്ചു വെന്ന് വരാം. "എല്ലാ ശരീരവും മരണത്തെ രുചി നോക്കുക തന്നെ ചെയ്യും. ഒരു ശരീരവും അത് ഏത് ഭൂമിയിൽ വെച്ച് മരണപ്പെടുമെന്ന് അറിയുകയില്ല" (വിശുദ്ധ ഖുർആൻ)

നാല്
മരിക്കണമെന്ന ഓർമ്മ

മരണം കൂടുതലും അപ്രതീക്ഷിതമാണ് സംഭവിക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലും ഭക്ഷണം  കഴിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്കും യാത്രയിൽ വെച്ചും നമ്മുടെ പല വേണ്ടപ്പെട്ടവരും മരണപ്പെട്ടത് നമുക്കൊക്കെ അനുഭവമുണ്ടായിരിക്കും. അടിയന്തിരമായി നാളെ നടത്തേണ്ട പല പരിപാടികളും ആസൂത്രണം ചെയ്‌ രാത്രി വളരെ വൈകി പായയിൽ കിടന്നുറങ്ങിയവരിൽ ചിലർ പുലർച്ചയ്ക്ക് പായയിൽ നിന്ന് എഴുന്നേൽക്കാറില്ല. വേണ്ടപ്പെട്ടവർ ചെന്ന് വിളിച്ചു നോക്കുമ്പോഴാണ് തന്റെ പ്രിയപ്പെട്ട ഭർത്താവ്, അല്ലെങ്കിൽ പിതാവ്, മാതാവ്, ഭാര്യ, മകൻ, മകൾ, ഉസ്‌താദ് എന്നിങ്ങനെയുള്ളവർ മരണപ്പെട്ട വിവരം നാം അറിയുന്നത്. രോഗിയായി കിടക്കുന്നത് സാധാരണ മരണ കാരണമായി ഗണിക്കാറുണ്ടെങ്കിലും രോഗമില്ലാത്ത പലരും പെട്ടെന്ന് മരിച്ചു മലർക്കുന്നതായാണ് നാം സാധാരണയിൽ കണ്ടു വരുന്നത്. ഒരാൾക്ക് അല്ലാഹു നിശ്ചയിച്ച ജീവിത സമയം അവസാനിച്ചു കഴിഞ്ഞാൽ ഉടൻ അയാൾ മരണപ്പെടുകയായി. എന്നാൽ വളരെ ആകസ്‌മികമായി സംഭവിക്കുന്ന മരണങ്ങൾക്കു നാം പല കാരണങ്ങളും പറഞ്ഞു വരുന്നെങ്കിലും യഥാർത്ഥ കാരണം അയാളുടെ "അജൽ" എത്തിക്കഴിഞ്ഞു എന്നുളളതാണ്.

അപകട മരണങ്ങൾ ഇന്ന് മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. വാഹനാപകടങ്ങളിലും മറ്റു അത്യാഹിതങ്ങളിലും പെട്ട് മരിക്കുന്നവർ മനസ്സിൽ അനേകമനേകം പ്രതീക്ഷകൾ പടുത്തുയർത്തിയവരായിരിക്കും. പക്ഷെ മരണമെന്ന ഭീകരന് മുമ്പിൽ എല്ലാ പ്രതീക്ഷയും തകർന്നു പോകുന്നു. ഇക്കാരണത്താൽ തന്നെ സദാ സമയവും മരണത്തെ ഓർത്തു കൊണ്ടിരിക്കുവാനും മരണത്തിന് വേണ്ടി തയ്യാറെടുത്ത് നിൽക്കാനും ഇസ്ലാം നമ്മെ നിഷ്‌ക്കർഷിക്കുന്നു. വിദ്യാർത്ഥികളല്ലാത്ത എല്ലാവർക്കും വിശിഷ്യാ രോഗികൾക്കും മരണത്തെക്കുറിച്ചുളള ചിന്ത സുന്നത്താക്കപ്പെട്ടിരിക്കുന്നു. ഇമാം തിർമുദി നിവേദനം ചെയ്‌ത ഒരു ഹദീസിൽ ഇപ്രകാരം പ്രസ്‌താവിക്കുന്നു. "എല്ലാ സുഖാനുഭൂതികളെയും നിർമാർജ്ജനം ചെയ്യുന്ന മരണത്തെക്കുറിച്ചുള്ള സ്‌മരണ നിങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക".  "ഐഹിക ലോകത്ത് നീ ഒരു യാത്രക്കാരനെപ്പോലെയോ ഒരു പരദേശിയെപ്പോലെയോ ആയി കൊള്ളുകയും നിന്റെ ശരീരത്തെ നീ ഖബ്റിനു വേണ്ടി തയ്യാറാക്കി കൊണ്ടിരിക്കുകയും ചെയ്യുക". എന്നും നബി തിരുമേനി(സ)പ്രസ്‌താവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ  രേഖപ്പെടുത്തിയിരിക്കുന്നു.

മരിക്കുമെന്ന ചിന്തയില്ലാത്തവന്റെ ജീവിതം ഒരു കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. ഒരു അടുക്കും ചിട്ടയും അവന്റെ ജീവിതത്തിലുണ്ടാവുകയില്ല.  എന്ന് മാത്രമല്ല എന്ത് തോന്നിവാസങ്ങളും പ്രവർത്തിക്കാൻ അവന് ഒരു മടിയും വൈമനസ്യവും ഉണ്ടാവുകയുമില്ല. ജീവിതത്തിന്റെ ഊഷര ഭൂമിയിൽ ധാർമ്മികതയുടെയും ഇലാഹി സ്‌മരണയുടെയും തണൽ വിരിക്കുകയാണ് ദിക്റുൽ മൗത്ത് മരണ സ്മരണ കൊണ്ടുണ്ടാകുന്ന നേട്ടം. അതിനാൽ മനുഷ്യന്റെ മനസ്സുകളിൽ എപ്പോഴും മരണ സ്‌മരണ പച്ച പിടിച്ചു നിൽക്കണം.

ശാരീരികമായോ സാമ്പത്തികമായോ മറ്റോ ജീവിതത്തിൽ നാം പരീക്ഷിക്കപ്പെടുകയും തന്നിമിത്തം പലവിധ പ്രയാസങ്ങളും നമുക്കെത്തിപ്പെടുകയും ചെയ്യുമ്പോൾ ക്ഷമയില്ലാതെ നമ്മിൽ പലരും ഞാൻ മരിച്ചെങ്കിൽ നന്നായിരുന്നു. എന്റെ  ജീവൻ നശിച്ചു കിട്ടിയെങ്കിൽ മതിയായിരുന്നു എന്നൊക്കെ പറയുകയും ആഗ്രഹിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അങ്ങനെ ആഗ്രഹിക്കുന്നതും പറയുന്നതും പ്രവാചകൻ തിരുമേനി(സ) നമ്മെ വിരോധിച്ചിരിക്കുന്നു. ഇമാം ബുഖാരിയും മുസ്ലിമും(റ) റിപ്പോർട്ട് ചെയ്ത‌ ഒരു ഹദീസിൽ ഇപ്രകാരം കാണുന്നു. "നിങ്ങളാരും തന്നെ തന്നിലുണ്ടായ ആപത്തുകൾ കാരണമായി മരണത്തെ ആഗ്രഹിക്കരുത്. നിങ്ങൾക്ക് ഒഴിച്ചു കൂടാത്ത സന്ദർഭങ്ങളിൽ അല്ലാഹുവെ എനിക്ക് ജീവിതമാണ് ഗുണകരമെങ്കിൽ എന്നെ നീ മുസ്ലിമായി ജീവിപ്പിക്കുകയും മരണമാണ് എനിക്ക് ഗുണമെങ്കിൽ ഈമാനോട് കൂടി എന്നെ മരിപ്പിക്കുകയും ചെയ്യേണമേ" എന്ന് നിങ്ങൾ പ്രാർത്ഥിക്കുക. ഒരാൾ ഈ ലോകത്ത് എപ്പോഴും ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് അവൻ ഈമാനില്ലാതെ മരിക്കാൻ ഇടവരുത്തുന്ന സാഹചര്യത്തെയാണ് അല്ലാഹു ബഹുമാനിച്ച വസ്തുക്കളെയും ആളുകളെയും ബഹുമാനിക്കാതിരിക്കുകയും, അല്ലാഹു നിസ്സാരമാക്കിയ വസ്തുക്കളെയും ആളുകളെയും നിസ്സാരമാക്കാതിരിക്കുകയും ചെയ്യുന്നത് ഈമാനില്ലാതെ മരിക്കാൻ ഇടവരുത്തുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. അല്ലാഹു ബഹുമാനിച്ചവരെ ബഹുമാനിക്കാനും, അല്ലാഹു നിസ്സാരമാക്കിയവരെ നിസ്സാരമാക്കുവാനും അവസാനം ഈമാനോടു കൂടി മരിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ). 

മരണത്തെ സ്മ‌രിക്കൽ സുന്നത്താണെന്നും മരണത്തിന് വേണ്ടി കൊതിക്കൽ കുറ്റകരമാണെന്നും പറഞ്ഞുവല്ലോ. എന്നാൽ തന്റെ വിശ്വാസത്തിനും ദീനിനും കുഴപ്പം സംഭവിക്കുമെന്ന് ബോധ്യപ്പെട്ടാലും ശഹീദാവുക വഴി പാരത്രികഗുണം കരഗതമാക്കാമെന്ന് കണ്ടാലും മരണത്തിനായി ആഗ്രഹിക്കാവുന്നതാണ്. മക്ക, മദീന, ബൈത്തുൽ മുഖദ്ദിസ് തുടങ്ങിയ സ്‌ഥലങ്ങളിലും, സ്വാലിഹീങ്ങൾ അന്ത്യവിശ്രമം കൊളളുന്ന മറ്റുസ്‌ഥലങ്ങളിൽ വെച്ചും മരിക്കാൻ ആഗ്രഹിക്കുന്നത് സുന്നത്താണെന്ന് ജമൽ 135/2-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

ബുഖാരി നിവേദനം ചെയ്‌ത ഹദീസിൽ പ്രവാചകരുടെ പത്‌നി ഹഫ്‌സ(റ) പറയുന്നതായി റിപ്പോർട്ട് ചെയ്യുന്നു. എന്റെ പിതാവായ ഉമർ(റ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവെ നിന്റെ മാർഗ്ഗത്തിൽ എന്നെ നീ രക്തസാക്ഷിയാക്കേണമെ! നിന്റെ റസൂലിന്റെ രാജ്യത്ത് വെച്ച് എന്നെ നീ മരിപ്പിക്കേണമേ. (ബുഖാരി) ഞാൻ മരിക്കേണ്ടവനാണെന്ന ചിന്തയോട് കൂടി ജീവിക്കുന്നവൻ അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ടവനായി തീരുന്നതാണ്. കാരണം മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ചിന്തിക്കുന്നവൻ ഒരിക്കലും അഹങ്കാരിയാവുകയില്ലെന്ന് മാത്രമല്ല അല്ലാഹു ഇഷ്‌ടപ്പെടാത്ത ഒരു പ്രവർത്തനവും ചെയ്യാൻ അവൻ മുതിരുകയില്ല. മരണ ചിന്തയുളളവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും ദർശിക്കപ്പെടുന്നു. യാദൃശ്ചികമായി മരണം സംഭവിക്കുമെന്നുറപ്പുളളവർ അല്ലാഹുവിനോടൊ അടിമകളോടൊ ചെയ്‌ത് തീർക്കാനുള്ള ഒരു ബാദ്ധ്യതകളും നാളെയാവാമെന്ന ഭാവത്തിൽ മാറ്റി വെയ്ക്കുകയില്ല. ഭൗതികമായ സുഖാനുഭൂതികളിൽ മാത്രം ജീവിതം തുലയ്ക്കുകയോ, ഇവിടെ ലഭിച്ച അധികാരവും, സമ്പത്തും. സ്വാധീനവും അവിഹിതമായി ദുരുപയോഗപ്പെടുത്തുകയോ ചെയ്യുകയുമയില്ല. മഹാനായ ഇബ്റാഹി മുത്തൈമി(റ) പറയുകയുണ്ടായി. രണ്ട് കാര്യങ്ങൾ ഭൗതികമായ സുഖാസ്വാദനങ്ങളിൽ നിന്നെന്നെ തടഞ്ഞ് നിർത്തുന്നു. ഒന്ന് മരണചിന്തയും മറ്റൊന്ന് നാളെ പരലോകത്ത് സൃഷ്ട്‌ടാവയ അല്ലാഹുവിന്റെ മുന്നിൽ നിൽക്കണമല്ലോ എന്ന ചിന്തയുമാണത്. മരണ സ്മ‌രണ മനുഷ്യ ജീവിതത്തെ ശുദ്ധീകരിക്കുമെന്ന കാരണത്താലാണ് ഓരോ മുകല്ലഫിനും, മരണത്തെ ഓർത്തുകൊണ്ടിരിക്കൽ അനിവാര്യമാണെന്ന് ഇസ്ലാം പഠിപ്പിച്ചത്. മരണത്തെക്കുറിച്ച് ചിന്തിക്കുന്ന സത്യവിശ്വാസികൾക്ക് വളരെ നല്ല രൂപത്തിൽ സഹ ജീവികളോട് അനുവർത്തിക്കാൻ സാധിക്കുന്നു. പൊറുക്കപ്പെടാത്തതും മറക്കപ്പെടാത്തതുമായ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവർക്ക് ഉൾക്കിടിലങ്ങളുണ്ടാവുന്നു എന്നതാണ് സത്യം!


അഞ്ച്
തയ്യാറെടുപ്പ്

മരണം അപ്രതീക്ഷിതമാണെന്ന് പറഞ്ഞുവല്ലോ. നാം എപ്പോഴും മരണത്തിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കണം. അതിൽ മുഖ്യമായത് പശ്ചാതാപമാണ്. നാം അറിഞ്ഞും അറിയാതെയും ദിനംപ്രതി അനേകം പാപങ്ങൾ ചെയ്‌തു കൊണ്ടിരിക്കുന്നു. പാപ പങ്കിലമായ മനുഷ്യ ജീവിതത്തിന് പ്രതീക്ഷ നൽകുന്നത് പശ്ചാത്താപം മാത്രമാണ്. പാപങ്ങളിൽ നിന്ന് പശ്ചാതപിച്ചു കൊണ്ടിരിക്കുന്നവർ പാപം ചെയ്യാത്തവനെപ്പോലെയാണെന്നാണ് നബി(സ)തങ്ങൾ അരുൾ ചെയ്‌തത്. പർവ്വത സമാനമായ പാപങ്ങൾ ചെയ്‌തു കൂട്ടിയവനാണെങ്കിൽ തന്നെയും അല്ലാഹുവിന്റെ വിശാലമായ കരുണയിലും അനുഗ്രഹത്തിലും നിരാശപ്പെടാതെ എപ്പോഴും നാം തൗബ ചെയ്‌തു കൊണ്ടിരിക്കണം. പരാജിതരല്ലാതെ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിരാശപ്പെടുകയില്ലെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു.

എന്നാൽ പാപങ്ങൾക്കുള്ള പശ്ചാതാപം പലവിധമാകുന്നു. നമുക്ക് സൃഷ്ടാവായ അല്ലാഹുവിനോടും സൃഷ്‌ടികളോടും പലവിധ കടപ്പാടുകളുമുണ്ട്. ആ കടപ്പാടുകൾ നിർവ്വഹിക്കുക എന്നതാണ് പരമമായ പശ്ചാതാപം. അന്യരെ നാം നമ്മുടെ നാവു കൊണ്ടും കരം കൊണ്ടും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അത് എന്നെന്നും തീരാതെ ഒരു കടപ്പാടായി നിലനിൽക്കുന്നതാണ്.  ആരെങ്കിലുമായും നാം വല്ല ഹഖിടപാടുകളുണ്ടെങ്കിലും അത് ഉടനെ കൊടുത്ത് തീർക്കുകയും കൊടുത്ത് തീർക്കാൻ അസാധ്യമായാൽ സൗകര്യപ്പെട്ടാലുടൻ കൊടുത്തു തീർക്കുന്നതാണെന്ന് ദൃഢപ്രതിജ്ഞ ചെയ്യേണ്ടതുമാണ്. 

അക്രമമായി പിടിച്ചെടുത്ത വസ്‌തുക്കൾ അതിന്റെ യഥാർഥ  ഉടമയ്ക്കോ, അയാൾ ജീവിച്ചിരിക്കുന്നില്ലെങ്കിൽ അയാളുടെ അവകാശികൾക്കോ തിരിച്ചു നൽകേണ്ടതാണ്. മറ്റുള്ളവരെ പരദൂഷണം പറയുകയോ അകാരണമായി ഒരാളെ വേദനിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ നേരിൽ കണ്ട് പൊരുത്തപ്പെടിക്കലാണ് അതിന്റെ പശ്ചാതാപം. മനുഷ്യരോടുള്ള ഹഖുകൾ ഇവിടെ നിന്ന് തിരിച്ചു കൊടുത്തോ പൊരുത്തപ്പെടീച്ചോ വീട്ടാത്ത പക്ഷം നമ്മുടെ പാരത്രിക ലോകം നാം എത്ര പുണ്യങ്ങൾ ചെയ്തിരുന്നവനായിരുന്നാൽ തന്നെയും പരാചയപ്പെടുവാൻ അത് കാരണമാകുന്നതാണ്. നബി(സ) തങ്ങൾ പറയുന്നു. ഒരാൾക്ക് തന്റെ സഹോദരനുമായി അഭിമാനം സംബന്ധിച്ചോ മറ്റോ വല്ല ഹഖുകളുമുണ്ടെങ്കിൽ വെള്ളിയും പൊന്നുമില്ലാത്ത ഒരു ദിനം വരുന്നതിന് മുമ്പു തന്നെ അയാളെ പൊരുത്തപ്പെടീച്ചു കൊള്ളട്ടെ. അന്ന് തന്റെ സൽക്കർമ്മങ്ങളായിരിക്കും ഇടപാടുകാർക്ക് പകരം കൊടുക്കുക. സൽക്കർമ്മങ്ങൾ ഇല്ലെങ്കിൽ ഇടപാടുകാരന്റെ  പാപങ്ങൾ തന്റെ മേൽ ചുമത്തപ്പെടുന്നതാണ് (ബുഖാരി) ഒരിക്കൽ സഹാബികളോട് നബി(സ) തങ്ങൾ ഇപ്രകാരം ചോദിച്ചു. പാപ്പരായവൻ ആരാണെന്ന് നിങ്ങൾക്കറിയാമോ സഹാബികൾ പറഞ്ഞു. നബിയെ പൊന്നും വെള്ളിയും കയ്യിലില്ലാത്തവനല്ലെ പാപ്പരായവൻ.  നബി(സ) പ്രതിവചിച്ചു. എന്നാൽ എന്റെ സമൂഹത്തിൽ പാപ്പരായവൻ ആരാണെന്നോ! അന്ത്യനാളിൽ നിസ്ക്‌കാരം, നോമ്പ്, മുതലായ സൽക്കർമ്മങ്ങളുമായി ഒരാൾ വരും. പക്ഷെ, അവൻ അന്യനെ അസഭ്യം പറഞ്ഞിട്ടുണ്ടാവും. അന്യരെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞിട്ടുണ്ടാവും. മറ്റുള്ളവരുടെ മുതൽ അപഹരിച്ചിരിക്കും. മറ്റൊരാളുടെ രക്തം ഒലിപ്പിച്ചിട്ടുണ്ടാവും, അയാളെ വേദനിപ്പിച്ചിട്ടുണ്ടാകും, വേറെയും അനേകം ഇടപാടുകളുണ്ടാവും. അങ്ങിനെ അവന്റെ സൽക്കർമ്മങ്ങൾ എടുത്തു ഇടപാടുകാർക്ക് കൊടുക്കും. ഇടപാടുകാർക്ക് കൊടുത്തു തീരും മുമ്പേ അവന്റെ സൽക്കർമ്മങ്ങൾ തീർന്നു പോയാൽ ഇടപാടുക്കാരുടെ പാപങ്ങൾ എടുത്ത് ഇവന്റെ മേൽ ചുമത്തപ്പെടുകയും അക്കാരണത്താൽ അവൻ നരകത്തിൽ എറിയപ്പെടുകയും ചെയ്യും. (മുസ്ലിം )

അപ്പോൾ മരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ മുഖ്യമായത് മറ്റുള്ളവരുടെ ഹഖുകൾ കൊടുത്തു തീർക്കുകയും  പൊരുത്തപ്പെടീക്കുകയുമാണ്. പിന്നീട് അല്ലാഹുവുമായുളള ഇടപാടുകൾ തീർക്കാൻ ശ്രമിക്കേണ്ടതാണ്. നിസ്‌കാരങ്ങൾ ഖളാഅ് ആക്കിയവർ അവയൊക്കെ നിസ്‌കരിച്ചു തീർക്കുകയും നോമ്പ്, സക്കാത്ത് മുതലായവ വീട്ടാൻ ബാക്കിയുണ്ടെങ്കിൽ അവ യഥാക്രമം നോറ്റു വീട്ടുകയും കൊടുത്ത് തീർക്കുകയും ചെയ്യേണ്ടതും നോമ്പ് നോറ്റു വീട്ടാൻ അസാധ്യമാകുന്ന പക്ഷം അതിനുള്ള പരിഹാരം ചെയ്യേണ്ടതുമാണ്. അങ്ങനെ അല്ലാഹുവിനോടും അടിമകളോടുമുള്ള ബാധ്യതകൾ നിറവേറ്റിയ ശേഷം ജീവിതത്തിൽ മറ്റു ഘട്ടങ്ങളിൽ വന്നുപോയ സർവ്വ പാപങ്ങളെക്കുറിച്ചും നിത്യവും പശ്ചാത്തപിച്ചു കൊണ്ടിരിക്കുകയും മേലിൽ ഒരു തെറ്റുകളും അവൻ ആവർത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യേണ്ടതാണ്.

"നിശ്ചയം അല്ലാഹു ശുദ്ധവാന്മാരെയും പശ്ചാത്തപിച്ചു കൊണ്ടിരിക്കുന്നവരെയും ഇഷ്ട്‌പ്പെടുന്നവനാണ്" (വിശുദ്ധഖുർആൻ).  "തെറ്റുകളിൽ നിന്നു പശ്ചാത്തപിച്ചു കൊണ്ടിരിക്കുന്നവൻ തെറ്റുകൾ തീരെ ചെയ്യാത്തവനെപ്പോലെയാണ്" (ഹദീസ് ശരീഫ്).  ചോര തിളപ്പുളള നേരത്ത് അനേകമനേകം തെറ്റുകുറ്റങ്ങൾ ചെയ്‌ത് ആത്മാവിനെയും ശരീരത്തെയും നൊമ്പരപ്പെടുത്തുകയും അക്രമിക്കുകയും ചെയ്‌തയാളുകൾ അവരുടെ വാർധക്യ കാലത്ത് സ്വന്തം ദൗർബല്യങ്ങൾ ഏറ്റു പറഞ്ഞ് അല്ലാഹുവിനോട് മാപ്പപേക്ഷിക്കുന്നത് അല്ലാഹു പ്രത്യേകം പരിഗണിക്കുകയും അത്തരം ആളുകൾ എത്ര വലിയ ദുഷ്‌ടൻമാരായിരുന്നാലും അല്ലാഹു അവർക്ക് പൊറുത്തു  കൊടുക്കുകയും ചെയ്യുന്നതാണ്. പക്ഷെ ജനങ്ങളുമായി നിലനിൽക്കുന്ന ഹഖിടപാടുകൾ, അല്ലാഹു നേരിട്ട്  പൊറുത്തു കൊടുക്കാത്തതും മർദ്ദിതർക്ക് അവരുടെ ന്യായവും അവകാശപ്പെട്ടതുമായ അവകാശങ്ങൾ, വകവെച്ചു കൊടുക്കേണ്ടി വരികയും ചെയ്യും. നിത്യ ജീവിതത്തിൽ യാതൊരു വിധ സൂക്ഷ്‌മതയും പാലിക്കാതെ "ഹഖും ബാത്വിലും" വേർതിരിക്കാതെ സുഖിക്കുന്ന പരമസാധുക്കളുടെ അവസ്‌ഥ എന്തുമാത്രം ഭയാനകമായിരിക്കും.


ആറ്
രോഗികൾ ശ്രദ്ധിക്കുക

രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. യഥാർത്ഥ മുഅ്‌മിനുകൾക്ക് അവർക്കുണ്ടാകുന്ന രോഗങ്ങൾ കാരണമായി വളരെ ഗുണങ്ങൾ കരഗതമാകുന്നു. ഇമാം ബുഖാരിയും(റ) മുസ്ലിമും(റ) സംയുക്തമായി റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക: "ഒരു മുഅ്‌മിനായ മനുഷ്യന് ബാധിക്കുന്ന രോഗങ്ങളും മുഷിപ്പുകളും ബുദ്ധിമുട്ടുകളും അവന്റെ കാലിൽ മുള്ള് തറയ്ക്കുന്നത് പോലും അവന്റെ ദോഷം പൊറുപ്പിക്കുന്നതായിട്ടല്ലാതെ ആകുന്നതല്ല. വല്ല മനുഷ്യനെക്കൊണ്ടും അല്ലാഹു ഗുണത്തെ ഉദ്ധേശിക്കുന്നുവെങ്കിൽ അവനെ അല്ലാഹു ആപത്തുകളിൽ അകപ്പെടുത്താതിരിക്കുകയില്ല." (ബുഖാരി)

രോഗം വരുമ്പോൾ നാം കൂടുതൽ ക്ഷമ കൈകൊള്ളേണ്ടതും വേവലാതിപ്പെടാതിരിക്കേണ്ടതുമാണ്. അല്ലാഹുവിനെക്കുറിച്ച് നല്ല പ്രതീക്ഷയില്ലാത്ത ചിന്ത മനുഷ്യനെ നാശത്തിൽ കൊണ്ടെത്തിക്കുന്നതാണ്. അത്യന്തം ക്ഷമ കൈകൊളളുന്നതായാൽ അത് കാരണമായി നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടുകയും ഉന്നതമായ സ്‌ഥാനങ്ങൾ കൈവരാൻ കാരണമാവുകയും ചെയ്യും. അനസ്(റ)വിൽ നിന്നും ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു. അല്ലാഹു പറയുന്നതായി റസൂൽ(സ) പ്രസ്‌താവിക്കുന്നു. ഒരു യഥാർത്ഥ മുഅ്‌മിനിന്റെ കാര്യം വളരെ അത്ഭുതം തന്നെ! കാരണം അവന്റെ കാര്യങ്ങൾ മുഴുവനും അവന് ഗുണമായിത്തീരുന്നു. സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കും അങ്ങനെ വരികയില്ല. അവന് വല്ല ഗുണവും ലഭിച്ചാൽ അവൻ അല്ലാഹുവിന് ശുക്റ് ചെയ്യുന്നു. അത് അവന് ഗുണം തന്നെ മറിച്ച് വല്ല വിഷമങ്ങൾ അനുഭവപ്പെടുമ്പോൾ അവൻ ക്ഷമിക്കുന്നു. അതും അവന് ഗുണം തന്നെ എന്റെ അടിമയുടെ ഇരു കണ്ണുകൾ എടുത്തു കളയുകയും (അങ്ങനെ കാഴ്‌ച നഷ്‌ടപ്പെടുകയും) അവൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ക്ഷമ കൈകൊള്ളുകയും ചെയ്‌താൽ അതിന് പകരമായി അവന് ഞാൻ സ്വർഗ്ഗം നൽകുന്നതാണ് (ബുഖാരി)

അല്ലാഹുവിന്റെ വിധികളെ വെറുക്കുകയും ബുദ്ധിമുട്ടുകളും രോഗങ്ങളും വിഷമഘട്ടങ്ങളും വരുമ്പോൾ അവയെ ശപിച്ച്‌ പിരാകി പറയുന്നതും വൻ കുറ്റമാകുന്നു. ആരോഗ്യ കാലത്ത് ധിക്കാരപൂർവ്വം ദീൻ കാര്യങ്ങളോട് പുറം തിരിഞ്ഞ് ജീവിച്ചവനാണെങ്കിൽ തന്നെയും ഒരിക്കലും അല്ലാഹുവിന്റെ ഔദാര്യത്തിൽ നിരാശപ്പെടേണ്ടതില്ല. എനിക്കെന്റെ രക്ഷിതാവ് പൊറുക്കുകയും കരുണ ചെയ്യുകയും ചെയ്യുമെന്ന ഉത്തമ വിശ്വാസത്തിലാണ് ഓരോ രോഗിയും സമയം നീക്കേണ്ടത്. അതേ സമയം ജീവിതകാലം മുഴുവൻ പുണ്യകർമ്മങ്ങളുമായി ജീവിച്ചൻ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിർഭയനാകാനും പാടില്ല.

നാം ഓരോരുത്തരും ചെയ്‌ത പുണ്യകർമ്മങ്ങൾ സ്വീകര്യമായിട്ടുണ്ടോ ഇല്ലയോ എന്ന് അല്ലാഹുവിന് മാത്രമെ അറിയൂ. മുഅ്‌മിനുകൾ അല്ലാഹുവിന്റെ  ശിക്ഷയെ ഭയന്നും, രക്ഷയെ ആഗ്രഹിച്ചു കൊണ്ടുമാണ് കഴിയേണ്ടത്. സത്യവിശ്വാസിയുടെ പേടിയും പ്രതീക്ഷയും തൂക്കപ്പെടുകയാണെങ്കിൽ രണ്ടും സമമായിരിക്കെണ്ടതാണെന്ന് റസൂൽ (സ) പ്രസ്താവിച്ചത്. ഇബ്നുമസ്ഊദ്(റ) പറയുന്നു. രണ്ട് കാര്യങ്ങൾ മനുഷ്യനെ നാശത്തിലാക്കുന്നു. ഒന്ന് നിരാശയും മറ്റൊന്ന് ഉൾനാട്യവുമാണ്. രോഗത്തിന്റെ അവസ്ഥ പറഞ്ഞ് പൊറുതികേട് കാണിക്കാതിരിക്കലും കുടുംബങ്ങളോ ട് ക്ഷമിക്കാൻ ഉപദേശിക്കലും ഖുർആൻ, ദിക്റ്, സ്വലാത്ത് മുതലായവയിൽ സമയം കഴിക്കലും സുന്നത്താകുന്നു. 

ഒരാൾ ഒരു രോഗത്തിൽ നൂറ് പ്രാവിശ്യം സൂറത്തുൽ ഇഖ്‌ലാസ് ഓതുകയും നാൽപതു പ്രാവിശ്യം 'ദുആഉയൂനുസ്' ചൊല്ലുകയും ആ രോഗത്തിൽ അയാൾ മരിക്കാൻ ഇടവരുകയും ചെയ്‌താൽ അയാൾ ഖബ്റ് ശിക്ഷയിൽ നിന്ന് മോചിതനാകുമെന്നും സ്വർഗ്ഗ പ്രവേശനം നൽകപ്പെടുമെന്നും ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്നും, നിരവധി സ്വഹീഹായ ഹദീസുകളിൽ വന്നതുകൊണ്ട് ഒരു അദ്ധ്വാനവും സാമ്പത്തിക നഷ്‌ടവും കൂടാതെ ലഭിക്കുന്ന ഈ പുണ്യത്തെ കരഗതമാക്കാൻ രോഗികൾ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. അതോടപ്പം 'ലാഇലാഹ ഇല്ലളളാ' എന്നും 'അസ്തതഅ്‌ഫിറുള്ളാഹൽ അളീം' എന്നും എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നത് തൗബ സ്വീകരിക്കപ്പെടാനും ഈമാനോടെ മരിക്കാനും കാരണമാകുന്നതാണ്. മനുഷ്യരോടൊന്നും തന്നെ അസൂയ, ശത്രുത എന്നിവ ഇല്ലാതിരിക്കലും അനാവശ്യ സംസാരം, ഏഷണി, പരദൂഷണം, കളളം പറയൽ എന്നിവയിൽ നിന്ന് നാവിനെ സൂക്ഷിക്കലും ദോഷങ്ങൾ ചെയ്‌തിരുന്ന കാലത്തുള്ള സുഹൃത്തുക്കളുമായി ബന്ധം വിഛേദിക്കുകയും അവരുമായി സഹകരണമില്ലാതെ ഇരിക്കുകയും, ഏതവസരത്തിലും മരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുണ്ടാവുകയും ഓരോ രോഗികൾക്കും നിർബന്ധമാണ്. തന്റെ കുടുംബങ്ങൾ, സഹോദരങ്ങൾ എന്നിവരോട് പരസ്‌പരം സ്നേഹത്തോടും സൗഹാർദ്ദത്തിലും വർത്തിക്കാനും ആർക്കെങ്കിലും എന്തെങ്കിലും ഹഖുകൾ  കൊടുത്തു വീട്ടാനുണ്ടെങ്കിൽ കൊടുത്ത് തീർത്ത് പൊരുത്തപ്പെടീക്കാനും താൻ മരിച്ചു കഴിഞ്ഞാൽ ആർത്തട്ടഹസിച്ചു കരയാതിരിക്കാനും തന്റെ അനന്തരവകാശികളിൽ അബലരെയും ആശ്രിതരെയും സംരക്ഷിക്കുവാനും തന്റെ ഏറ്റവും വേണ്ടപ്പെട്ടവരോട് വസ്വിയത്ത് ചെയ്യുന്നതും  സുന്നത്തു തന്നെയാകുന്നു. തനിക്ക് ശേഷവും ഇലാഹി സ്‌മരണയിലും തഖ്‌വയിലും കഴിഞ്ഞു കൂടുവാൻ ഉപദേശിക്കുവാനും വസ്വിയത്ത് ചെയ്യുന്ന കൂട്ടത്തിൽ മറക്കാതിരിക്കുക.

രോഗി തന്റെ സമ്പത്തിൽ നിന്ന് തനിക്ക് ചെയ്തു തീർക്കേണ്ട ബാധ്യതകൾക്ക് വേണ്ടി നീക്കി വെക്കാൻ വസ്വിയത്ത് ചെയ്യുന്നതിന് പുറമെ സമ്പത്തിന്റെ മൂന്നിലൊരു ഭാഗം നല്ല കാര്യങ്ങൾക്കു വേണ്ടി സദഖ ചെയ്യാൻ വസ്വിയത്ത് ചെയ്യുന്നതും ആ വസ്വിയത്ത് എഴുതി വെക്കുന്നതും പ്രത്യേകം സുന്നത്താണ്. എന്നാൽ തന്റെ അനന്തരാവകാശികളിൽപ്പെട്ട ഒരാൾക്ക് വേണ്ടി പ്രത്യേകമായി വസ്വിയത്ത് ചെയ്യണമെങ്കിൽ മറ്റു അവകാശികളുടെ അനുമതി ലഭിച്ചിരിക്കണം. മരണാവസ്ഥയിൽ കിടക്കുന്ന രോഗി തന്റെ സമ്പത്ത് വിൽക്കുക, ദാനം ചെയ്യുക, വഖ്ഫ് ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യുമ്പോൾ അത് തന്റെ ആകെയുള്ള സ്വത്തിന്റെ മൂന്നിൽ ഒന്നിനേക്കാൾ കൂടുതൽ പാടില്ലാത്തതും മൂന്നിൽ ഒന്നിനേക്കാൾ കൂടുന്ന പക്ഷം തന്റെ അവകാശികളുടെ അനുമതിയോടു കൂടി ആയിരിക്കേണ്ടതുമാണ്.

വസ്വിയ്യത്ത് സ്‌ഥിരപ്പെടണമെങ്കിൽ രോഗി മരിക്കേണ്ടത് ആവശ്യമാണ്. കാരണം, മരണത്തിനു മുമ്പായി അയാളുടെ വസ്വിയ്യത്ത് പിൻവലിക്കാൻ അവകാശം നില നിൽക്കുന്നു എന്നുള്ളതാണ്. തന്റെ   അവകാശികളിൽപ്പെട്ടവർക്ക് തന്റെ ധനത്തിൽ നിന്ന് ഒന്നും ലഭിക്കരുതെന്ന ദുരുദ്ദേശത്തോടു കൂടി സ്വത്ത് മുഴുവൻ ക്രയവിക്രയം ചെയ്യുന്നത് ഹറാമാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തന്റെ സമ്പത്ത് മുഴുവൻ തന്റെ ദീനിനും വിശ്വാസത്തിനും എതിരായും തന്റെ  വസ്വിയ്യത്തുകൾ തന്റെ അവകാശികൾ നടപ്പാക്കുകയില്ലെന്നും ഉറപ്പുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല. നബി(സ)തങ്ങൾ പറയുന്നു: ആരെങ്കിലും അല്ലാഹു നിർബ്ബന്ധമാക്കിയ അനന്തരാവകാശത്തിൽ നിന്ന് എന്തെങ്കിലും തടഞ്ഞു വെച്ചാൽ അവന് അനന്തരമായി സ്വർഗ്ഗം ലഭിക്കുന്നതിനെ അല്ലാഹുവും തടയുന്നതാണ്. (ഇബ്നുമാജ)

തന്റെ അനന്തരാവകാശികളെ ദ്രോഹിക്കുവാൻ വേണ്ടി വസ്വിയ്യത്തു ചെയ്യുന്നത് മഹാ പാപങ്ങളിൽ പെട്ടതാകുന്നു. (നസാഈ) എന്നാൽ നാം കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ നമ്മുടെ നമ്പത്ത് പാരത്രിക ലോകത്ത് നമുക്ക് നാശമായി ഭവിക്കാതിരിക്കാൻ നമ്മുടെ ആരോഗ്യ കാലത്ത് തന്നെ ആവശ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് ഓരോ സത്യവിശ്വാസിക്കും അനിവാര്യമായ കടമയാകുന്നു. നിസ്ക്കാരത്തിന്റെ കാര്യത്തിലും രോഗികൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനിൽ വിശേഷ ബുദ്ധി നിലനിൽക്കുന്ന കാലത്തൊന്നും നിസ്‌കാരം അകാരണമായി വീഴ്ച്‌ വരുത്തുവാൻ ഇസ്ലാം അനുവദിക്കുന്നില്ല. നിസ്ക്കാരത്തിന്റെ  ഫർളുകളും ശർത്തുകളും ശ്രദ്ധിച്ചു കൊണ്ടും ബാത്തിലാകുന്ന കാര്യങ്ങൾ സൂക്ഷിച്ചു കൊണ്ടും കഴിവ് പോലെ അഞ്ചു നേരത്തെ നിസ്ക‌ാരം കൃത്യമായി ചെയ്യേണ്ടതാണ്. രോഗികൾക്ക് ചില പ്രത്യേക വിട്ടു വീഴ്‌ചകൾ ഇക്കാര്യത്തിൽ ഇസ്ലാം അനുവദിച്ചിട്ടുണ്ട്.

നിൽക്കാൻ സാധിക്കാതെ വരുമ്പോൾ ഇരുന്നും അതിന് കഴിയാത്തപ്പോൾ ചെരിഞ്ഞ് കിടന്നും, അതും വിഷമമായി വരുമ്പോൾ മലർന്നു കിടന്നും നിസ്ക്കാരം നിർവ്വഹിക്കണം. മലർന്ന് കിടന്ന് നിസ്ക്‌കരിക്കുമ്പോൾ സുജൂദ്, റുകൂഅ് എന്നീ പ്രവർത്തനങ്ങൾ മനസ്സിൽ 'ഇശാറത്ത്' ആക്കുകയാണ് വേണ്ടത്. മേൽപറഞ്ഞ വിധത്തിലൊന്നും നിർവ്വഹിക്കാൻ സാധ്യമല്ലാത്ത പക്ഷം നിസ്ക്കാരത്തിൽ ഫർളുകൾ ഹൃദയത്തിൽ ഓർമ്മിക്കുകയെങ്കിലും വേണം.  വുളൂഅ് ചെയ്യാൻ വേണ്ടി വെള്ളം ഉപയോഗിച്ചാൽ രോഗം ഉണ്ടാകുമെന്നോ ഉളള രോഗം വർദ്ധിക്കുമെന്നോ രോഗ ശമനത്തിന് കാലതാമസം നേരിടുമെന്നോ ഭയപ്പെടു ന്ന പക്ഷം 'തയമ്മും' ചെയ്‌ത് നിസ്ക്കരിക്കാവുന്നതാണ്. ആ നിസ്ക്കാരം പിന്നീട് ഖളാഅ് വീട്ടേണ്ടതില്ല. ഒരാൾക്ക് നിസ്ക്‌കാരം ബാക്കിയുണ്ടായി അയാൾ മരണപ്പെടുന്ന പക്ഷം നഷ്‌ടപ്പെട്ടു പോയ നിസ്ക്കാരം അയാൾക്ക് വേണ്ടി അനന്തരം അവകാശികൾ നിർവ്വഹിക്കേണ്ടതില്ലെന്നാണ് പ്രബലവും പ്രാമാണികവുമായ പണ്ഡിത തീരുമാനമെങ്കിലും ഇമാം സുബികി(റ) തങ്ങൾ മഹാനവർകളുടെ അടുത്ത കുടുംബക്കാരിൽ ചിലർക്ക് വേണ്ടി അവരുടെ ഖളാ ആയിപ്പോയ നിസ്ക്കാരങ്ങൾ നിസ്ക്കരിച്ചു വീട്ടിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ). 

കൃത്യമായി അഞ്ചുനേരം നിസ്ക്കരിക്കുന്ന ആളുകൾ തന്നെ നിസ്സാരമായ ഒരു രോഗം വരുമ്പോഴേക്കും നിസ്കാരം  ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. പക്ഷെ നിസ്ക്കാരത്തിന്റെ ശർത്തുകൾ പാലിക്കാൻ കഴിയാത്ത സന്ദർഭത്തിൽ മറ്റൊരാളുടെ സഹായത്തോട് കൂടി അത് പാലിച്ചു നിസ്ക്കരിക്കണമെന്നും ഒരാളുടെ സഹായം കൊണ്ട് ശർത്ത് പാലിക്കാൻ കഴിയാതെ വരുമ്പോൾ ശർത്തുകൾ പാലിക്കാതെ തന്നെ നിസ്ക്‌കരിക്കണമെന്നും ഇമാം അബൂ ഹനീഫ(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. രോഗിയുടെ നിസ്ക്‌കാരം സംബന്ധമായ ചർച്ചകൾ വളരെ സുദീർഘമായത് കൊണ്ട് സ്‌ഥല പരിമിതിമൂലം ആ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു. പണ്ഡ‌ിതന്മാരുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അനിവാര്യമാണ്.

ഏഴ്
രോഗസന്ദർശനം

മുസ്ലിമുകൾ പരസ്‌പരം സഹോദരന്മാരാകുന്നു. സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞു കുടുമ്പോൾ മാത്രമെ ഈ സമൂഹം ഉത്തമമായ നിലയിൽ ലോകാവസാനം വരെ നിലനിൽക്കുകയുള്ളൂ. നമ്മുക്കിടയിൽ സ്നേഹം വർദ്ധിപ്പിക്കാനും സഹോദര്യം നിലനിർത്താനും നബി(സ)തങ്ങൾ സമൂഹത്തോട് കൽപ്പിച്ചിരി ക്കുന്നു. അതിനായി ചില കടമകൾ നമുക്ക് പാലിക്കൽ അത്യന്താപേക്ഷിതമാണ്. മുസ്ലിം(റ) നിവേദനം ചെയ്‌ത ഒരു ഹദീസിൽ ഇപ്രകാരം പ്രസ്‌താവിക്കുന്നു. മുസ്ലിംകൾ തമ്മിലുള്ള കടമകൾ ആറാകുന്നു. കണ്ടാൽ സലാം ചൊല്ലുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, സദുപദേശം തേടിയാൽ നന്മ ഉപദേശിക്കുക, ഒരാൾ തുമ്മുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്‌താൽ 'യർഹമുക്കുളളാ' എന്ന് പറഞ്ഞ് അവന് പ്രാർത്ഥിക്കുക, രോഗിയായാൽ സന്ദർശിക്കുക, മരിച്ചാൽ ജനാസയെ അനുഗമിക്കുക എന്നിവയാണ് ആറ് ബാദ്ധ്യതകൾ. പ്രസ്തുത ഹദീസിൽ വന്നത് പോലെ രോഗസന്ദർശനം പ്രബലമായ സുന്നത്തുകളിൽ പെട്ടതാണ്. രോഗി ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ എല്ലാ രോഗങ്ങൾക്കും സന്ദർശനം സുന്നത്താകുന്നു. രോഗത്തിന്റെ ഗൗരവം പരിഗണനീയമല്ലെന്ന് താൽപര്യം. നബി സുന്നത്തുകളിൽ വളരെ പ്രധാനപ്പെട്ട ഈ കാര്യത്തിലും നാം അലസതാമനോഭാവം പ്രകടിപ്പിക്കുന്നു. അയൽവാസിയായ കാഫിറാണ് രോഗിയായി കിടക്കുന്നതെങ്കിൽ പോലും സന്ദർശനം സുന്നത്താണെന്ന് പണ്ഡ‌ിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. നബി(സ)യുടെ  പരിചാരകനായിരുന്ന ഒരു യഹൂദിബാലന് രോഗം പിടിച്ചപ്പോൾ നബി(സ)സന്ദർശിക്കുകയും തലഭാഗത്ത് ഇരുന്നു നീ വിശ്വസിക്കൂ എന്നു പറയുകയും അപ്പോൾ കുട്ടി തന്റെ പിതാവിന്റെ മുഖത്തേക്ക് നോക്കുകയും പിതാവിന്റെ സമ്മത പ്രകാരം കുട്ടി മുസ്ലിമാവുകയും ചെയ്‌ത സംഭവം ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ വിശന്നവർക്ക് ഭക്ഷണം നൽകുകയും രോഗിയെ സന്ദർശിക്കുകയും, ബന്ധനസ്ഥനെ മോചിപ്പിക്കുകയും ചെയ്യുക(ബുഖാരി). അബൂഹുറൈറ (റ)വിൽ നിന്നു നിവേദനം നബി(സ)പറഞ്ഞു. അള്ളാഹു അന്ത്യനാളിൽ ഇപ്രകാരം പറയും. അല്ലയോ മനുഷ്യാ, ഞാൻ രോഗിയായപ്പോൾ നീ എന്നെ സന്ദർശിച്ചില്ലല്ലോ?  ഞാൻ എങ്ങനെയാണ് നിന്നെ സന്ദർശിക്കുക??.  നിനക്കുണ്ടോ രോഗം പിടിക്കുന്നു?? നീ ലോകരക്ഷിതാവല്ലയോ?? അല്ലാഹു പറയുന്നു എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞിരുന്നില്ലേ. എന്നിട്ട് നീ അവനെ സന്ദർശിച്ചിരുന്നുവോ? നീ അവനെ സന്ദർശിച്ചിരുന്നു വെങ്കിൽ അവന്റെ അടുക്കൽ എന്നെ (എന്റെ പ്രീതി) നീ  കണ്ടെത്തിക്കുമായിരുന്നു (മുസ്ലിം)

അല്ലാഹു ഇഷ്ടപ്പെടുന്ന പ്രവർത്തനമാണ് രോഗ സന്ദർശനമെന്നും നമ്മുടെ ഒരു സഹോദരൻ രോഗിയായി നാം അവനെ സന്ദർശിക്കാതിരുന്നാൽ അന്ത്യനാളിൽ അല്ലാഹു കോപിക്കുമെന്നും മേൽ ഹദീസുകളിൽ നിന്നും വ്യക്തമാകുന്നു. രോഗ സന്ദർശത്തിന്റെ മഹിമയെയും അത് മൂലം നമ്മുക്ക് ലഭിക്കുന്ന പ്രതിഫലങ്ങളെയും വ്യക്തമാക്കുന്ന അനേകം ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ദൈർഘ്യം ഭയന്ന് അവ ഇവിടെ പകർത്തുന്നില്ല.

എന്നാൽ രോഗിയെ സന്ദർശിക്കുമ്പോൾ നിരവധി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആസന്നമായ രോഗം കാരണമായി അയാൾ മരിക്കുകയില്ലെന്നും ഇനിയും ജീവിക്കാൻ സാദ്ധ്യതയുണ്ടെന്നും മനസ്സിലാകുന്ന പക്ഷം അവന്റെ രോഗ ശമനത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും മരണപ്പെടുക തന്നെ ചെയ്യുമെന്നു ഉറപ്പുണ്ടെങ്കിൽ അയാളെ തൗബ ചെയ്യാനും, ഉദ്ദേശ കാര്യത്തെക്കുറിച്ച് വസ്വിയ്യത്ത് ചെയ്യാനും പ്രേരിപ്പിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽ കൂടുതൽ പ്രതീക്ഷയുളളവനാകാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ് സാന്ത്വനപ്പെടുത്തുകയും വേണം. രോഗിയുടെ അടുക്കൽ കൂടുതൽ ഇരിക്കുന്നത് ഭൂഷണമല്ല. രോഗ സന്ദർശനം ഇടവിട്ട ദിവസങ്ങളിലെ സുന്നത്തുളളൂ. എന്നാൽ കുടുംബങ്ങൾക്കും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് രോഗിക്ക് ആശ്വാസമോ, അനുഗ്രഹമോ ലഭിക്കുന്ന തരത്തിലുളള ആളുകൾക്കും എപ്പോഴും സന്ദർശിക്കൽ സുന്നത്തു തന്നെയാകുന്നു.

പ്രിയപ്പെട്ടവരുടെ സന്ദർശനം കൊണ്ട് രോഗിയുടെ മാനസിക വിഷമത്തിന് നൈമിഷികമായ നിർവ്യതിയെങ്കിലും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ? അത് തന്നെയാണ് രോഗ സന്ദർശനം സുന്നത്താക്കപ്പെട്ടതിന്റെ പിന്നിലുള്ള രഹസ്യവും. ഏത് കഠിന ഹൃദയനും അല്ലാഹുവിനെ ഓർക്കുന്ന സന്ദർഭമാണല്ലോ രോഗാവസ്‌ഥ. ആ കഠിന ഹൃദയന്റെ മാനസാന്തരവും ലോലമായ പെരുമാറ്റവും നമ്മെ ചിന്തിപ്പിക്കാനും അത്തരം അസന്നിഗ്ദ ഘട്ടം നമുക്കും എത്തിപ്പെട്ടേക്കാമെന്നും ഊഹിച്ച് അല്ലാഹുവിനോട് കാവലിനെ തേടാനും രോഗ സന്ദർശനം നമുക്ക് അവസരം നൽകുന്നു. രോഗ സന്ദർശനം സുന്നത്ത് എന്നാണെന്നും. സുന്നത്ത് കിഫായ ആണെന്നും പണ്ഡിതന്മ‌ാർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ രോഗസന്ദർശനം നിർബന്ധമാണെന്നാണ് ഇമാം ബുഖാരി (റ)യുടെ പക്ഷം. ഏതൊരു മുസ്ലിമിന് രോഗം പിടിച്ചാലും സന്ദർശിക്കൽ സുന്നത്തുണ്ടെങ്കിലും ഇസ്ലാമിൽ തിരുത്തൽ വാദങ്ങളുമായി നടക്കുന്ന വ്യക്തികൾ, പരസ്യമായി ദോഷം ചെയ്യുന്നവർ കൈകൂലി, പലിശ മുതലായവ വാങ്ങുന്നവർ തുടങ്ങിയവരെ സന്ദർശിക്കൽ സുന്നത്തില്ലെന്നും അത്തരം രോഗികളെ സന്ദർശിച്ച് അവരെ സന്തോഷിപ്പിക്കുന്നത് കറാഹത്താണെന്നും ദീനിന്റെ ഇമാമുകൾ  അഭിപ്രായപ്പെട്ടിരിക്കുന്നു (നിഹായ, മുഗ്‌നി, ശർവാനി). അലി(റ)പറയുന്നു. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. ഏതൊരു മുസ്ലിമും തന്റെ സഹോദരന്റെ രോഗം രാവിലെ സന്ദർശിക്കുന്നുവോ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകൾ അവന് പൊറുക്കലിനെ തേടുന്നു. ഇപ്രകാരം വൈകുന്നേരം സന്ദർശിച്ചാൽ രാവിലെ വരെയും ആ മലക്കുകൾ പൊറുക്കലിനെ തേടുന്നു. സ്വർഗ്ഗത്തിൽ ഒരുക്കി വെക്കപ്പെട്ട പഴങ്ങൾ അവന് ലഭിക്കാതിരിക്കുകയും ഇല്ല. (തിർമുദി) രോഗിയെ സന്ദർശിക്കുമ്പോൾ അയാളുടെ രോഗ ശമനത്തിനും സമാധാനത്തിനുമായി ഹദീസുകളിൽ വന്ന മന്ത്രങ്ങൾ മന്ത്രിക്കുന്നത് പ്രത്യേകം സുന്നത്താക്കപ്പെട്ടിരിക്കുന്നു. അത്തരം അനേകം മന്ത്രങ്ങളും ദുആകളും ഹദീസ് ഗ്രന്ഥങ്ങളിൽ സ്‌ഥിരപ്പെട്ടിട്ടുണ്ട്. ഉമ്മുൽ മുഅ്‌മിനീൻ ആയിശാ(റ) പറയുന്നു. ഒരാൾക്ക് രോഗം ബാധിച്ച് നബി(സ) അയാളെ സന്ദർശിക്കുകയാണെങ്കിൽ അവിടുത്തെ വലം കൈ കൊണ്ട് രോഗിയെ തടവി ഇപ്രകാരം പറയും.

اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَأْسَ اِشْفِ أَنْتَ الشَّافِي لاشِفَاءَ إِلا شِفَاتُكَ شِفَاءً لَا يُغَادِرُ سَقَمًا

സാരം: ജനങ്ങളുടെ നാഥനായ അല്ലാഹുവെ! നീ വിഷമം നീക്കിക്കളയൂ! രോഗം ഭേദമാക്കൂ! നീയാണ് രോഗം ഭേദമാക്കുന്നവൻ. നീ ഭേദമാക്കിയാലല്ലാതെ ഒരു രോഗവും ഭേദമാവുകയില്ല. ഒരു രോഗവും അവശേഷിക്കാത്ത തരത്തിൽ നീ ഭേദമാക്കൂ! മറ്റോരു ഹദീസിൽ ആയിശാ(റ) പറയുന്നു. ശരീരത്തിൽ വല്ല മുറിവോ കുരുവോ ബാധിച്ച രോഗിയുടെ അടുത്ത് നബി(സ) ചെന്നാൽ അവിടത്തെ വിരലിൽ അൽപം തുപ്പു നീരെടുത്തു അത് മണ്ണിൽ വെയ്ക്കും. ആ മണ്ണു പുരണ്ട വിരൽ രോഗിയുടെ മുറിവുള്ള സ്ഥാനത്ത് വെച്ച് ഇപ്രകാരം പറയും.

بِسْمِ اللَّهِ تُرْبَةِ أَرْضِنَا بِريقَةِ بَعْضُنَا لِيُشْفِي بِهِ سَقِيمُنَا * (بخاري ومسلم)

സാരം: അല്ലാഹുവിന്റെ നാമത്തിൽ നമ്മുടെ ഭൂമിയിലെ മണ്ണ്. നമ്മളിൽ ഒരാളുടെ ഉമിനീരോടൊ നമ്മുടെ നാഥന്റെ അനുമതിയോടെ നമ്മുടെ രോഗിക്ക് ഭേദമാകാൻ. ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ മഹാനായ ഇമാം ഖുർതുബി പറയുന്നു. എല്ലാ വേദനകൾക്കും ഈ ഹദീസിനെ  മന്ത്രിക്കാവുന്നതാണ്. മന്ത്രിക്കുമ്പോൾ രോഗിയുടെ  ശരീരത്തിൽ കൈ വെക്കുന്നത് ആവശ്യമാണെന്നും  ഇത് തെളിയിക്കുന്നു. ഇത് വളരെ പ്രസിദ്ധമായ ഒരു കാര്യമാണ്. ഇസ്ലാമിൽ നിരോധിക്കപ്പെട്ട വാക്കുകളും ശിർക്കിന്റെ ഭാഗങ്ങളുള്ള മന്ത്രങ്ങളും ഹറാമാകുന്നു.

മിർഖാത്തുൽ മഹാതിഹ് അലാ മിശ്ക്കാത്തിൽ മസ്വാബീഗ് - വാല്യം 2 പേജ് 297

ബഹു: ഉസ്മ‌ാനുബ്നുൽ ആസ്(റ) പറയുന്നു. ഞാൻ റസൂൽ(സ)യോട് എന്റെ രോഗത്തെ സംബന്ധിച്ചു അന്യായം പറഞ്ഞു. അപ്പോൾ അവിടെ നിന്നെന്നോട് ഇപ്രകാരം കൽപിച്ചു. നിന്റെ രോഗമുള്ള സ്‌ഥലത്ത് കൈവെച്ച് മൂന്ന് പ്രാവിശ്യം ബിസ്‌മില്ലാ എന്ന് പറഞ്ഞശേഷം

أعُوذُ بِعِزَّةِ اللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأَحَادِرُ

സാരം: അല്ലാഹുവിന്റെ അന്തസ്സ് കൊണ്ടും ശക്തി കൊണ്ടും ഞാൻ അനുഭവിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന എല്ലാ തിന്മകളിൽ നിന്നും ഞാൻ അഭയം തേടുന്നു എന്ന് ഏഴ് പ്രാവശ്യം പറയുക. ഞാൻ അപ്രകാരം പ്രവർത്തിക്കുകയും അല്ലാഹു എന്റെ രോഗം പൂർണ്ണമായി സുഖമാക്കുകയും ചെയ്‌തു. (മുസ്ലിം)

ബഹു: അബ്ദുല്ലാഹി ഇബ്നു അബ്ബാസിനെ തൊട്ട് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നബി(സ) തന്റെ പേരമക്കളായ ഹസൻ, ഹുസൈൻ(റ) എന്നിവർക്ക് രോഗം ബാധിച്ചപ്പോൾ മന്ത്രിക്കുകയും നിങ്ങളുടെ ഉപ്പാപ്പ ഇബ്രാഹിം നബി(അ) തന്റെ മക്കളായ ഇസ്ഹാഖ് നബി ഇസ്‌മാഈൽ നബി(അ) എന്നിവർക്ക് രോഗം ബാധിച്ചപ്പോൾ മന്ത്രിക്കുകയുണ്ടായി എന്ന് പറയുകയും ചെയ്‌തു. മന്ത്രത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

أُعِيدُكُمَا بِكَلِمَاتِ اللهِ التَّامَّاتِ مِنْ كُلِّ شَيْطَانٍ وَهَامَةٍ وَمِنْ كُلَّ عَيْنٍ لامَةٍ * (بخاري)

സാരം: അല്ലാഹുവിന്റെ പൂർണ്ണ വചനങ്ങൾ കൊണ്ട് എല്ലാ പിശാചിൽ നിന്നും, ആപത്തിൽ നിന്നും, കണ്ണേറിൽ നിന്നും ഞാൻ അഭയം തേടുന്നു.

ഉസ്മ‌ാനുബിൻ ഹുനൈഫ്(റ)പറയുന്നു. ഒരിക്കൽ നബിയുടെ അടുക്കൽ കാഴ്‌ച നഷ്ട്‌ടപ്പെട്ട ഒരാൾ വന്നു കൊണ്ട് പറഞ്ഞു. നബിയെ! അവിടുന്ന് എന്റെ കാഴ്‌ച തിരിച്ചു കിട്ടാൻ പ്രാർത്ഥിച്ചാലും. നബി(സ)പറഞ്ഞു ക്ഷമിക്കുകയാണ് നിനക്ക് നല്ലത്. നിർബന്ധമാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം. അയാൾ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാളോട് വുളു ചെയ്‌തുവരാൻ കൽപ്പിക്കുകയും ഈ ദുആ ഓതുവാൻ പറയുകയും ചെയ്തു.

اللَّهُمَّ إِنِّي أَسْأَلُكَ وَاتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ صَلَّي اللهُ عَلَيْهِ وَسَلَّمَ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إِنِّي أَتَوَجَّهُ بِكَ إِلى رَبِّي لِتُقضي حَاجَاتِي اللَّهُمَّ شَقِعْهُ فِيّ * ترمذ, نسائي, ابن ماجه, طبراني

സാരം: അല്ലാഹുവേ! നിന്നോട് ഞാൻ ചോദിക്കുന്നു. കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബിയെ കൊണ്ട് നിന്നെ ഞാൻ  അഭിമുഖീകരിക്കുന്നു. മുഹമ്മദ് നബി! എന്റെ ആവശ്യ നിർവ്വഹണത്തിന് അങ്ങ് മുഖേന ഞാനെന്റെ നാഥനെ അഭിമുഖീകരിക്കുന്നു. അള്ളാഹുവേ! എന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ശുപാർശ നീ സ്വീകരിക്കേണമേ!. ഉസ്‌മാനുൽ ഹുനൈഫ് പറയുന്നു. ഈ ദുആ ഓതിതീർക്കുന്ന ഉടനെ അയാളുടെ കാഴ്‌ച തിരിച്ചു കിട്ടുകയും വളരെ സന്തോഷവാനായി അയാൾ മടങ്ങിപ്പോവുകയും ചെയ്തു. സുപ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളിൽ ഈ ഹദീസ് സ്‌ഥിരപ്പെടുത്തപ്പെട്ടിരിക്കുന്നു. വിഷയത്തിൽ ഇനിയും അനേകം  പ്രബലങ്ങളായ ഹദീസുകളുണ്ടെങ്കിൽ ദൈർഘ്യം ഭയന്ന് ഇവിടെ ചുരുക്കുന്നു. പ്രബലങ്ങളായ നാലു ഹദീസു ഗ്രന്ഥങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഈ ഹദീസ് മുസ്ലിം സമുദായത്തിന്റെ ഉൾക്കാഴ്‌ചക്ക് വിധേയമാക്കേണ്ടതാണ്. അന്ധനായ ഒരു സഹാബി നബി(സ)യുടെ തിരുസന്നിധിയിലെത്തി കാഴ്‌ച ലഭിക്കാൻ വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെടുകയും നബിയെ തന്നെ മുൻനിറുത്തി ദുആ ചെയ്യാൻ അദ്ധേഹത്തോട് ആവശ്യപ്പെടുകയും അപ്രകാരം ചെയ്തപ്പോൾ കാഴ്‌ച തിരിച്ചുകിട്ടുകയും ചെയ്‌ത ഒരു സുവിദിത സംഭവമാണിത്.


എട്ട്
മരണം ആസന്നമായാൽ

മരണം ആസന്നമായ രോഗിയെ അവന്റെ മുൻഭാഗം ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിയുന്ന നിലയിൽ വലതുഭാഗത്തിന്റെ മേലിലോ, അതിനു സാധ്യമാകാത്തപക്ഷം ഇടതു ഭാഗത്തിന്റെ മേലിലോ കിടത്തേണ്ടതാണ്. ഇടവല ഭാഗങ്ങളിൽ മുറിവോ മറ്റോ ഉളളത് കാരണത്താലോ, സ്‌ഥല സൗകര്യമില്ലാത്തതിനാലോ ചെരിച്ചു കിടത്താൻ വിഷമമായി വന്നാൽ രണ്ടു കാലുകളുടെ അടിഭാഗങ്ങളും മുഖവും ഖിബ്‌ലയുടെ നേരെയാവുന്ന നിലയ്ക്ക് കിഴക്ക് പടിഞ്ഞാറായി കിടത്തണം. എന്നാൽ മുഖം ഖിബ്ലയ്ക്ക് അഭിമുഖമാകുന്നതിന് വേണ്ടി തലയിണപോലൊത്ത ഉയരമുള്ളതും  മൃദുലതയുള്ളതുമായ വസ്തുക്കൾ തലയ്ക്ക് താഴെവെച്ച് അൽപം ഉയർത്തുകയും വേണം. 

രോഗിയിൽ മരണ ലക്ഷണം പ്രകടമാക്കി തുടങ്ങിയാൽ പരിശുദ്ധ കലിമത്തുത്തൗഹിദ് അഥവാ ലാഇലാഹഇല്ലള്ളാ എന്ന് ചൊല്ലി കൊടുക്കണം. വിവേകമുളള കുട്ടികൾ അടക്കം (ഏഴ് വയസ്സ് കഴിഞ്ഞവർ) കലിമ: ചൊല്ലി കൊടുക്കൽ സുന്നത്തുണ്ട്. ചൊല്ലിക്കൊടുക്കുന്ന ആൾ രോഗിയോട് ശത്രുത ഇല്ലാത്തവനും രോഗി മരിക്കുന്നതിൽ സന്തോഷമുളളവനല്ലാതിരിക്കലും തന്റെ സ്വത്തിന്റെ അവകാശികളിൽപെട്ടവരല്ലാതിരിക്കലും ഉത്തമമാകുന്നു. അടുത്ത കുടുംബങ്ങൾ മാത്രം ഹാജറുള്ളിടത്ത് രോഗിയോട് കൂടുതൽ വാത്സല്യവും സ്നേഹവും ഉള്ളവനും, ശത്രുവും ബന്ധുവും ഒരുമിച്ച് കൂടുന്നിടത്ത് ബന്ധുവാണ് ചൊല്ലി കൊടുക്കേണ്ടത്.

നിങ്ങൾ ചൊല്ലൂ! ചൊല്ലൂ! എന്നിങ്ങനെ പറഞ്ഞ് നിർബന്ധിക്കാൻ പാടില്ല. ഒരിക്കൽ ചൊല്ലിയ ശേഷം രോഗി പിന്നീട് മറ്റ് ദിക്റുകളോ നാടൻ  സംസാരങ്ങളോ സംസാരിച്ചിട്ടില്ലെങ്കിൽ വീണ്ടും ചൊല്ലികൊടുക്കണമെന്നില്ല. ഒറ്റ പ്രാവശ്യം ചൊല്ലണമെന്നേ ആവശ്യമുള്ളൂ! കാരണം അവസാനവചനം 'ലാഇലാഹ ഇല്ലല്ലാഹ് എന്നതായിരിക്കുകയെന്നതാണ് ഉദ്ധേശിക്കപ്പെടുന്നത്. 'ലാഇലാഹ ഇല്ലല്ലാഹ്' എന്നതിനോടുകൂടെ മുഹമ്മദ് റസൂലുള്ളാ എന്ന് ചൊല്ലികൊടുക്കൽ സുന്നത്തില്ല. അങ്ങിനെ ചൊല്ലി കൊടുക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിന് പ്രാബല്യമില്ല (തുഹ്ഫ)

നിങ്ങളിൽ ആർക്കെങ്കിലും മരണം ആസന്നമാകുന്നുവെങ്കിൽ 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലി കൊടുക്കുവിൻ. വല്ലവരുടെയും അന്ത്യവചനം ലാഇലാഹ ഇല്ലല്ലാഹ് എന്നായി തീർന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (അബൂദാവൂദ് അഹ്‌മദ്) വല്ലവരുടെയും അവസാന വാക്ക് ലാഇലാഹ ഇല്ലല്ലാ എന്നായാൽ അവനെ നരകം സ്‌പർശിക്കുകയില്ല. (ഹാകിം)

മരണ വേളയിൽ വെള്ളം കുടിപ്പിക്കേണ്ടതും ശീല നനച്ചു വരണ്ട ചുണ്ടുകൾ തുടച്ചു കൊണ്ടിരിക്കേണ്ടതുമാണ്. വെള്ളം ആവശ്യമാണെന്ന് കാണുന്നപക്ഷം കുടിപ്പിക്കൽ നിർബന്ധവും അല്ലാത്തപക്ഷം സുന്നത്തുമാകുന്നു. ഏറ്റവും ഭീകരമായ ഒരവസ്ഥയായതിനാൽ ദാഹം അതിന്റെ മുർദ്ധന്യദശയിലെത്തുന്ന സമയമായിരിക്കുമത്. അപ്പോൾ ശൈത്താൻ ഒരു പാത്രത്തിൽ വെള്ളവുമായി വരികയും ഞാനല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നു പറയൂ! എന്നാൽ വെള്ളം നൽകുന്നതാണെന്ന് പറഞ്ഞ് മനുഷ്യനെ അവസാന നിമിഷത്തിൽ പോലും നാശത്തിലാക്കാൻ വരുന്ന ഘട്ടമാണത് (തുഹ്ഫ). 

ആ സമയത്ത് ഇബ്ല‌ീസിന്റെ കെണി വലയിൽ പെട്ടുപോകാൻ വളരെ സാധ്യത കൂടുതലാണ്. അല്ലാഹുവിന്റെ കാവലും രക്ഷയും മാത്രമെ അപ്പോൾ അഭയമുളളൂ. മരണം ആസന്നമായവരുടെ അടുക്കൽ വെച്ച് 'യാസീൻ' സൂറത്ത് ഓതൽ സുന്നത്താകുന്നു. നബി(സ) പറയുന്നു. നിങ്ങൾ മരണം ആസന്നമായവരുടെ അടുക്കൽ വെച്ച് സൂറത്ത് യാസീൻ ഓതുക (അബൂദാവൂദ്) ഖുർആൻ ഓതുന്ന സ്‌ഥലത്ത് അല്ലാഹുവിന്റെ കാരുണ്യം വർഷിക്കുമെന്നതിനാൽ വിഷമതകൾ ലഘൂകരിക്കുവാനും,
സന്തോഷത്തോടെയും സമാധാനത്തോടെയും മരണമടയുവാനും അത് കാരണമാവുന്നു. സൂറത്ത് റഅ്ദ് ഓതുന്നതും സുന്നത്താക്കപ്പെട്ടിരിക്കുന്നു. യാസീൻ സൂറത്ത് ഓതുന്നതായാൽ ദാഹം തീർന്നതായി മരണപ്പെടുന്നതും ഖബ്റിൽ ദാഹം ഇല്ലാതെ പ്രവേശിക്കപ്പെടുന്നതുമാണ്. റഅദ് സൂറത്തോതുന്നതായാൽ റൂഹ് പുറപ്പെടുമ്പോൾ വിഷമം കുറഞ്ഞു കിട്ടുമെന്നും പറയപ്പെട്ടിരിക്കുന്നു. (തുഹ്ഫ 3/94)

റഹ്‌മത്തിന്റെ മലക്കുകൾ സന്നിഹിതരാകാൻ വേണ്ടി മരണാസന്ന രോഗിയെ സുഗന്ധം പൂശുക, ശുദ്ധവസ്ത്രം ധരിപ്പിക്കുക, ജനാബത്തുകാരും ആർത്തവകാരികളും മാറി നിൽക്കുക. പട്ടി, നായ മുതലായ മലിന ജീവികളെ പരിസരത്തു നിന്ന് ദൂരെയാക്കുക, റൂമിൽ നിന്ന് ഫോട്ടോ,  വിനോദ ഉപകരണങ്ങൾ തുടങ്ങിയവ എടുത്തു മാറ്റുക എന്നിവയും അത്യാവശ്യമാകുന്നു. രോഗിക്ക് വുളുഅ് എടുത്തു കൊടുക്കൽ സുന്നത്തുണ്ട്. വുളുവോടു കൂടി മരണപ്പെടുന്നവന്റെ സന്നിധിയിൽ ജിബ്‌രിൽ(അ) ആഗതനാകുമെന്ന് ഹദീസിൽ പ്രസ്‌താവിച്ചിരിക്കുന്നു. അല്ലാഹുവിനെ സംബന്ധിച്ച് വളരെ നല്ല പ്രതീക്ഷ ഒരിക്കലും കൈവിടരുത്. നബി(സ) പറയുന്നു. അല്ലാഹുവിനെക്കുറിച്ച് നന്മ വിചാരിച്ചു കൊണ്ടല്ലാതെ  നിങ്ങളാരും മരിക്കരുത്. (മുസ്ലിം) അല്ലാഹു നമ്മെയും വേണ്ടപ്പെട്ടവരേയും സന്തോഷത്തിൽ മരിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ. (ആമീൻ)


ഒമ്പത്
മരിച്ചെന്ന് ഉറപ്പായാൽ

റൂഹ് വേർപിരിഞ്ഞ ഉടനെ മയ്യിത്തിന്റെ രണ്ടു കണ്ണുകളും തിരുമ്മി അടക്കൽ സുന്നത്താകുന്നു. കുരുടനായിരുന്നാലും കണ്ണുകൾ ചിമ്മിപ്പിക്കേണ്ടത് ആവശ്യമാണ് (തുഹ്ഫ) ഉമ്മസലമ:(റ)പറയുന്നു. അബൂസലമ(റ) മരണപ്പെട്ടപ്പോൾ അവിടെ നബി(സ)വന്നു. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ തുറന്ന് തന്നെ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ നബി(സ) മയ്യിത്തിന്റെ കണ്ണുകൾ അടച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. നിശ്ചയം റൂഹ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ പിന്തുടരുന്നതാണ്. ഇതു കേട്ടപ്പോൾ അവിടെയുണ്ടായിരുന്നവർ പൊട്ടിക്കരഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു. നന്മ കൊണ്ടല്ലാതെ നിങ്ങൾ പ്രാർത്ഥിക്കരുത്. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മലക്കുകൾ ആമീൻ പറയുന്നതാണ്. (മുസ്ലിം) മയ്യിത്തിന്റെ കണ്ണുകൾ തുറന്ന് തന്നെ ഇരിക്കുകയാണെങ്കിൽ ഭീകരമായിരിക്കും ആ ദൃശ്യം.  അങ്ങനെ ഭീകരമായി കാണാതിരിക്കാനാണ് കണ്ണുകൾ അടക്കുന്നത്.

കണ്ണുകൾ ചിമ്മിപ്പിക്കുമ്പോൾ.

بسْمِ اللَّهِ وَعَلَي مِلَّةِ رَسُولُ اللَّهِ صَلَّي  اللَّهُ عَلَيْهِ وَسَلَّمَ * اللهمّ اغْفِرْ لَهُ وَارْحَمْهُ وَارْفَعْ دَرَجَتَهُ فِي  الْمَهْدِيِّينَ وَاخْلَفهُ فِي عَقِبَيْهِ فِي الغَابِرِينَ * وَاغْفِرْلَنَا وَلَهُ يَارَبَّ الْعَالَمِينَ * وَافْسَحْ لَهُ في قَبْرِهِ * وَنَوّرْ لَهُ فِيهِ *

സാരം: അല്ലാഹുവിന്റെ  നാമത്തിൽ അവന്റെ റസൂലിന്റെ മാർഗ്ഗത്തിലും അല്ലാഹുവേ! മയ്യിത്തിന് നീ പൊറുത്തു കൊടുക്കൂ. അദ്ദേഹത്തിന് കരുണ ചെയ്യൂ! അദ്ദേഹത്തിന്റെ പദവി ഉയർത്തൂ! സന്മാർഗ്ഗ ദർശികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തൂ. കഴിഞ്ഞു പോയ തന്റെ സമൂഹത്തിൽ അദ്ദേഹത്തെ നീ പ്രതിനിധിയാക്കൂ! ലോക രക്ഷിതാവേ! അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരൂ! അദ്ദേഹത്തിന്റെ ഖബ്റിൽ നീ വിശാലത കാണിക്കൂ! അവിടം നീ പ്രകാശമാനമാക്കൂ! എന്ന് പറഞ്ഞു കൊണ്ടിരിക്കേണ്ടത് സുന്നത്താകുന്നു. അതിന് ശേഷം വീതിയുളള ഒരു നാട കൊണ്ടോ തുണി കഷ്‌ണം കൊണ്ടോ മയ്യിത്തിന്റെ താടിയും തലയും കൂട്ടിക്കെട്ടേണ്ടതാണ്. അല്ലാത്ത പക്ഷം മയ്യിത്തിന്റെ വായ തുറന്ന് നിൽക്കുന്നതും ഈച്ച മുതലായ പ്രാണികൾ ഉളളിലേക്ക് കടക്കാൻ കാരണമാകുന്നതുമാണ്. വായ തുറന്ന് കിടക്കുന്ന മയ്യിത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ വെറുക്കപ്പെടാതിരിക്കാൻ വേണ്ടിയും കൂടിയാണ് ഇങ്ങനെ കെട്ടൽ ആവശ്യമായി വരുന്നത്. (തുഹ്ഫ)

റൂഹ് വേർപിരിഞ്ഞു വെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമേ അനന്തര കൃത്യങ്ങൾ ചെയ്യേണ്ടതുള്ളൂ. കാൽപാദം തളരുക, മൂക്ക് ചെരിയുക, തലയുടെ ചെന്നി കുഴിയുക, മുഖത്തെ തൊലി നീളുക, വിരലുകൾ പൊട്ടിച്ചാൽ പൊട്ടാതിരിക്കുക, പല്ലുകൾ നീണ്ട് ചുണ്ടുകൾ ചെറുതായിരിക്കുക, തലയിൽ എണ്ണ തേച്ച പോലെ മിനുങ്ങുക എന്നിവ മരണം സംഭവിച്ചു എന്ന് മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്. വിഷമേറ്റത് കാരണത്താലോ മറ്റോ ചിലപ്പോൾ ശ്വാസം അടങ്ങി നിന്നു കൊണ്ട് മരണം സംഭവിച്ചതു പോലെ കാണപ്പെടാറുള്ളതിനാൽ മരണ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് (ജമൽ 142-2)

കണ്ണിൽ നിന്ന് വെള്ളം ഒലിക്കുക, നെറ്റിത്തടം വിയർക്കുക, മൂക്കിന്റെ ദ്വാരങ്ങൾ വികസിക്കുക, സ്ഖലനമുണ്ടാവുക മുതലായ സംഗതികൾ നല്ല നിലയ്ക്ക് മരിക്കുന്നതിന്റെ ലക്ഷണങ്ങളായി പണ്‌ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. (മശാരിഖ്)

മയ്യിത്തിന്റെ കൈകാലുകളുടെ എല്ലാ സന്ധികളെയും മടക്കുകയും, നിവർത്തുകയും ചെയ്തു മയപ്പെടുത്തേണ്ടതാണ്. കുളിപ്പിക്കുവാനും കഫൻ ചെയ്യുവാനും കൂടുതൽ സൗകര്യമുണ്ടായിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശരീരം തണുക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യേണ്ടതാണ്. സമയം ദീർഘിച്ചാൽ പിന്നെ അങ്ങനെ ചെയ്യാൻ വിഷമം നേരിടും മരണ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴിച്ചു മാറ്റി കനം കുറഞ്ഞു നേരിയ ഒരു വസ്ത്രം കൊണ്ട് മയ്യത്തിന്റെ ശരീരം മുഴുവൻ മൂടുകയും, കട്ടിൽ മുതലായ ഉയരമുള്ള വസ്‌തുക്കളുടെ മേൽ വിരിപ്പുകളൊന്നും കൂടാതെ ഖിബ്ലയുടെ ഭാഗത്തേക്കായി കിടത്തേണ്ടതുമാണ്. ചെരിഞ്ഞു കിടന്നാണ് മരിച്ചതെങ്കിൽ മലർത്തിക്കിടത്തേണ്ടതും വയറിന്മേൽ ഏകദേശം ഏഴ് ഉറുപ്പിക തൂക്കം (60 ഗ്രാം) ഭാരമുള്ള നനഞ്ഞ മണ്ണിൻ കട്ടയോ ഇരുമ്പു വസ്തുക്കളോ വെച്ച് ഒരു തുണിക്കഷ്ണം കൊണ്ട് കെട്ടുകയും വേണം. മയ്യിത്തിന്റെ വയറ് വീർത്ത് വരാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. മയ്യിത്തിനെ ആകെയും ഒരു കനം കുറഞ്ഞ വസ്ത്രം കൊണ്ട് മൂടണമെന്ന് പറഞ്ഞല്ലോ മൂടുന്ന വസ്ത്രത്തിന്റെ തുമ്പുകൾ മയ്യിത്തിന്റെ തലയുടെയും കാലിന്റെയും അടിഭാഗത്ത് തിരുകി വെയ്ക്കണം. എന്നാൽ ഹജ്ജിന് ഇഹ്റാം കെട്ടിയ പുരുഷൻ മരിച്ചാൽ അവന്റെ തലയും, സ്ത്രീ മരിച്ചാൽ അവളുടെ മുഖവും ഈ സമയത്തും കഫൻ ചെയ്യുന്ന അവസരത്തിലും മൂടാൻ പാടില്ലാത്തതാകുന്നു. (തുഹ്ഫ ശർവാനി സഹിതം)

മേൽകാര്യങ്ങളെല്ലാം മയ്യിത്തിന്റെ കുടുംബത്തിൽ നിന്ന് അവനോട് ഏറ്റവും സ്നേഹമുളള ആളുകളാണ് ചെയ്യേണ്ടത്. മയ്യിത്ത് പുരുഷനാണെങ്കിൽ പുരുഷനും സ്ത്രീയാണെങ്കിൽ സ്ത്രീയും നിർവ്വഹിക്കണം. ഗർഭമുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടതെങ്കിൽ കുട്ടിയെ ജീവനോടെ എടുക്കാൻ കഴിയുമെന്ന് വിദഗ്ദ്ധനായ ഒരു ഡോക്ട‌ർ അഭിപ്രായപ്പെടുന്ന പക്ഷം മയ്യിത്തിന്റെ വയർ പൊളിച്ച് കുട്ടിയെ പുറത്തെടുക്കൽ നിർബന്ധമാണ്. നമ്മുടെ നാടുകളിൽ ഇന്ന് വേണ്ടപ്പെട്ട ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ ബന്ധുക്കൾ വട്ടം കൂടി ആർത്തട്ടഹസിച്ചു കരയുക എന്നല്ലാതെ അടിയന്തിരമായി ചെയ്യേണ്ട പല കാര്യങ്ങളും പിന്തിച്ചുകൊണ്ട് പോകുന്നതായി കാണാം. പരിചയമില്ലെന്നോ, ഭയമാണെന്നോ പറഞ്ഞു പലരും മാറി നിന്ന് പള്ളിയിലെ മൊല്ലാക്കയെ അന്വേഷിച്ചു നടക്കുന്ന സമ്പ്രദായങ്ങളും ഇല്ലാതെയില്ല നിശ്ചിതസംഖ്യ കൂലിയെടുത്ത് മയ്യിത്ത് പരിപാലന കർമ്മങ്ങൾ നടത്തിക്കുന്ന പല നാട്ടുകാരും നമ്മുടെയൊക്കെ അനുഭവത്തിൽ തന്നെയുണ്ട്. മയ്യിത്ത് കുളിപ്പിച്ചതിന് നൂറ് രൂപയും ഇരുന്നൂറ് രൂപയും കൂലി നിശ്ചയിക്കുന്ന ചില പുരോഗമന പ്രദേശങ്ങളിലും ചെന്നുപെടാൻ ഈയുള്ളവന് അവസരമുണ്ടായിട്ടുണ്ട്. നമ്മുടെ സമൂഹത്തിന്റെ അധഃപതനത്തിൽ ദുഃഖിക്കുകയല്ലാതെ എന്തു ചെയ്യും.


പത്ത്
മരിച്ചുവെന്ന് കേട്ടാൽ

മരിച്ച ആൾക്ക് വേണ്ടി നിലവിളികൂട്ടലും മാറത്തടിച്ചും മുടി അഴിച്ചിട്ടും നിലത്ത് കിടന്ന് മറിയുന്നതും നിഷിദ്ധമായ കാര്യങ്ങളാണ്. നമ്മുടെ തോന്നിവാസങ്ങൾ മൂലം മയ്യിത്ത് ശിക്ഷിക്കപ്പെടാൻ കാരണമാകുന്നു എന്നത് ഏറ്റവും സങ്കടകരമല്ലേ? മരണം അല്ലാഹുവിന്റെ വിധിയാണെന്ന് കരുതി ക്ഷമയോടും, മന:സമാധാനത്തോടും കൂടി ഇരിക്കലാണ് മുസൽമാന്റെ ബാധ്യത. എന്നാൽ ദുഃഖം സഹിക്കവയ്യാതെയാവുമ്പോൾ ശബ്ദിക്കാതെ കരയുന്നതിനും കണ്ണുനീരൊലിപ്പിക്കുന്നതിനും വിരോധമില്ല. അനസ്(റ)പറയുന്നു. നബി(സ)യുടെ പുത്രി ഉമ്മുകുൽസും മരണപ്പെട്ടപ്പോൾ ആ മയ്യിത്ത് പരിപാലനത്തിൽ നബിയോടൊപ്പം ഞാനും സംബന്ധിച്ചിരുന്നു. നബി(സ) ഖബ്റിന്റെ അരികിൽ ഇരിക്കുകയാണ്. അവിടുത്തെ രണ്ട് കണ്ണിൽ നിന്നും കണ്ണുനീരൊഴുകുന്നതായി ഞാൻ കണ്ടു. (ബുഖാരി)

മയ്യിത്തിന് വല്ല കടങ്ങളും ഉണ്ടായിരുന്നാൽ മയ്യിത്തിന്റെ മരണാനന്തര സ്വത്തിൽ നിന്നും ഉടനെ അത് കൊടുത്തു വിട്ടേണ്ടതും സമ്പത്തില്ലാത്ത മയ്യിത്തിന് വേണ്ടി അവന്റെ ബന്ധുക്കൾ ഉടനെ അതിന് പരിഹാരം ഉണ്ടാക്കേണ്ടതുമാണ്. അവന്റെ കടം വീട്ടപ്പെടുന്നത് വരെ അവന്റെ റൂഹിനെ ഉന്നതമായ സ്‌ഥാനങ്ങളെ തൊട്ട് തടഞ്ഞു വെയ്ക്കപ്പെടുന്നതാണ് എന്ന് നബി(സ) പ്രസ്‌താവിച്ചിരിക്കുന്നു. (തിർമുദി, അഹ്‌മദ്) മയ്യിത്തിനെ കുളിപ്പിക്കൽ ആരംഭിക്കുന്നതിനുമുമ്പായി തന്നെ മയ്യിത്തിന്റെ കടത്തിന് പരിഹാരമുണ്ടാക്കൽ (കൊടുത്ത് തീർക്കുകയോ അല്ലാത്തപക്ഷം പൊരുത്തപ്പെടീപ്പിക്കുകയോ) അവകാശികളുടെ മേൽ അടിയന്തിരമായ കടമയാകുന്നു. മയ്യിത്തിന് കടമുണ്ടായിരുന്നാൽ അത് വീട്ടുകയോ ആരെങ്കിലും ഏൽക്കുകയോ ചെയ്ത‌തല്ലാതെ ആ മയ്യിത്തിനു വേണ്ടിയുള്ള നിസ്‌കാരത്തിന് പോലും നബി(സ) പങ്കെടുത്തിരുന്നില്ലെന്ന് ഹദീസിൽ കാണാവുന്നതാണ്. ഒരിക്കൽ നബി(സ)യുടെ അടുക്കൽ ഒരു ജനാസഃ കൊണ്ടു വരപ്പെട്ടു. അന്വേഷണത്തിൽ മയ്യിത്തിന് കടം ബാക്കിയുളളതായി വ്യക്തമായി തന്നിമിത്തം ആ മയ്യിത്ത് നിസ്ക്കാരത്തിൽ നിന്ന് നബി(സ) പിന്മാറി എന്നിട്ടിപ്രകാരം പറഞ്ഞു. രക്തസാക്ഷിയുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും കടം ഒഴികെ (ഹദീസ്). മയ്യിത്തിന് വല്ല നേർച്ചകളോ വസ്വിയ്യത്തുകളോ വീട്ടാനുണ്ടെങ്കിൽ അതും അയാളുടെ കടത്തിൽ ഉൾപ്പെടുന്നതാണ്. ഇപ്രകാരം തന്നെ മയ്യിത്തിന്റെ നോമ്പും ഹജ്ജുമെല്ലാം കടത്തിൽ ഉൾപ്പെടുന്നതും മയ്യിത്തിന്റെ സ്വത്തിൽ നിന്ന് അതിനുള്ള വിഹിതങ്ങൾ നീക്കി വെയ്ക്കേണ്ടതുമാണ്. മയ്യിത്തിന്റെ  സമീപം വെച്ച് ഖുർആൻ ഓതുന്ന സമ്പ്രദായം നമ്മുടെ പ്രദേശങ്ങളിൽ സധാരണ നടന്നു വരുന്നു. ഇത് ഏറ്റവും അനിവാര്യമായ സുന്നത്ത് കൂടിയാണ്. മയ്യിത്തിന് അല്ലാഹുവിന്റെ കാരുണ്യം വർഷിക്കപ്പെടാൻ വേണ്ടിയാണിത്. ഖുർആൻ ഓതുന്നിടത്ത് അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുമെന്നതിൽ രണ്ടു അഭിപ്രായമില്ലല്ലോ. (മദ്ഘൽ 13-3)

വസ്വിയ്യത്ത് ചെയ്‌ത കാര്യങ്ങൾ നടപ്പാക്കുന്നതിൽ മരണപ്പെട്ടവന്റെ  വേണ്ടപ്പെട്ടവർ കൂടുതൽ ജാഗ്രത പുലർത്തണം അതിൽ വൈമനസ്യം കാണിക്കുന്നത് മയ്യിത്തിനോട് ചെയ്യുന്ന അനീതിയാണെന്നതിൽ സംശയമില്ല. പക്ഷെ വസ്വിയ്യത്ത് ചെയ്ത കാര്യങ്ങൾ നിറവേറ്റപ്പെടാവുന്നതോ തള്ളപ്പെടാവുന്നതോ എന്ന് വിവരമുള്ളവരുമായി ആലോചിച്ച് മാത്രം ചെയ്യേണ്ടതാണ്. കാരണം എല്ലാ വസ്വിയത്തുകളും നടപ്പാക്കാൻ നിർബന്ധമല്ലാത്തതു കൊണ്ട് തന്നെയാണത്.
മയ്യിത്ത് നിസ്ക്കാരത്തിലും അനന്തര കൃത്യങ്ങളിലും കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനുവേണ്ടി മയ്യിത്തിന്റെ ബന്ധുക്കളെയും, സ്നേഹിതന്മാരെയും മറ്റും മരണ വാർത്ത അറിയിക്കൽ സുന്നത്താണ്. മരണം സംഭവിച്ചുവെന്ന വിവരം കേട്ടാൽ 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ * اللَّهُمَّ أَجِرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْرًا مِنْهَا

സാരം: തീർച്ചയായും ഞങ്ങൾ അല്ലാഹുവിനുള്ളവരാണ് അല്ലാഹുവിങ്കലേക്ക് മടങ്ങുന്ന വരുമാണ് ഞങ്ങൾ. അല്ലാഹുവേ! എന്റെ ഈ വിപത്തിൽ എന്നെ നീ രക്ഷിക്കുകയും അതിനെക്കാളും ഉത്തമമായത് എനിക്ക് പകരം തരുകയും ചെയ്യേണമേ. എന്നു ചൊല്ലേണ്ടതും മറമാടുന്നതടക്കമുള്ള എല്ലാ ചടങ്ങുകളിലും സംബന്ധിക്കലും ഏതൊരു മുസ്ലിമിൻ്റെയും കടമയാണ്. മയ്യിത്തിൻ്റെ അടുക്കൽ ഹാജറാകുന്നവർ നേരമ്പോക്കും  അനാവശ്യ വർത്തമാനങ്ങളും പറയുന്നത് സൂക്ഷിക്കണം. എവിടെയുമെന്നപോലെ മയ്യിത്തിൻ്റെ തല ഭാഗത്തിരുന്നും രാഷ്ട്രീയം പറയുന്ന ഒരു ദുഷ്ടിച്ച ഏർപ്പാട് നമ്മുടെ സമൂഹത്തിൽ ഒരു ശാപമായി മാറിയിരിക്കുന്നു. അല്ലെങ്കിലും ഇന്നത്തെ രാഷ്ട്രീയമാണല്ലോ സമുദായത്തെ അടിമുടി  നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മയ്യിത്തിനെകുറിച്ച് ഗുണമല്ലാതെ ദോഷങ്ങളൊന്നും പറയരുത്. മരിച്ചയാളുടെ സത്‌കർമ്മങ്ങളും ഗുണങ്ങളും എടുത്തുപറയലും, കുറ്റങ്ങളും, കുറവുകളും മറച്ചുവെയ്ക്കലും സുന്നത്താകുന്നു. മരിച്ചതു മുതൽ ഖബറടക്കാൻ എടുക്കുന്നതുവരെ വീട്ടിൽ സാമ്പ്രാണി മുതലായ സുഗന്ധ വസ്തുക്കൾ പുകയ്ക്കുന്നതും മയ്യിത്തിന്റെ ബന്ധുക്കൾ,  സഹോദരങ്ങൾ മുതലായവർക്ക് മുഖം ചുംബിക്കുന്നതും സുന്നത്തു തന്നെ. എന്നാൽ സ്വാലിഹായ മയ്യിത്തിനെ ചുംബിക്കുന്നത് എല്ലാവർക്കും സുന്നത്താണെന്ന് തുഹ്ഫയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, മയ്യിത്തിനെ ഒരു പ്രദർശന വസ്തു പോലെ നാനാ ജാതി മതസ്‌ഥർക്കും അന്യ സ്ത്രീ പുരുഷന്മാർക്കും ബന്ധുക്കൾ തന്നെ കാട്ടി കൊടുക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളിലൊക്കെയുണ്ട്. കുളിപ്പിച്ചു കഴിഞ്ഞ ശേഷം പരസ്യമായി എല്ലാവരുടെയും മുമ്പിൽ വെച്ച് കഫൻ ചെയ്യുന്നതും കാണുന്നു. ഈ നിലപാട് വളരെ മോശമാണ്. ഫിഖ്ഹിൻ്റെ കിതാബുകൾ ഇത്തരം സമ്പ്രദായങ്ങളെ വിരോധിക്കപ്പെട്ടിരിക്കുന്നു. പലരും വിവരമുണ്ടായിട്ടും നമ്മുടെ കൺമുമ്പിൽ നടക്കുന്ന പേക്കൂത്തുകൾക്ക് നേരെ കണ്ണടയ്ക്കുന്നു. ഇത് വളരെ വ്യസനകരമാണ്. സമൂഹത്തിൻ്റെ പണ്ഡിതന്മാർ ബോധവാന്മാരാകുകയും കർത്തവ്യ നിർവ്വഹണ രംഗത്ത് സ്വതന്ത്രരാവുകയും ചെയ്‌താൽ വഴിതെറ്റിപ്പോകുന്ന സമൂഹത്തെ ഒരു പരിധി വരെ ഇസ്ലാമിൻ്റെ വിധി വിലക്കുകളിൽ പിടിച്ചു നിറുത്താൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.


പതിനൊന്ന്
മയ്യിത്ത് കുളിപ്പിക്കേണ്ടത് എങ്ങനെ?

മരിച്ചു കഴിഞ്ഞാലുടൻ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ നാം ചുരുങ്ങിയ നിലക്ക് വിവരിച്ചല്ലോ. ഇനി വേണ്ടത് മയ്യിത്തിനെ കുളിപ്പിക്കുകയെന്നതാണ്. കുളിപ്പിക്കൽ, കഫൻ ചെയ്യൽ, നിസ്ക്കരിക്കൽ, മറവ് ചെയ്യൽ എന്നീ കാര്യങ്ങളെല്ലാം ഫർള് കിഫായഇൽ(സമൂഹ ബാധ്യതയിൽ) ഉൾപ്പെടുന്നു. മയ്യിത്തിൻ്റെ കുടുംബക്കാരും അല്ലാത്തവരും ഈ നിർബന്ധത്തിൻ്റെ പരിധിയിൽ പെടുന്നതാണ്. സമൂഹത്തിലെ ആരെങ്കിലും നിർവ്വഹിച്ചാൽ എല്ലാവരും കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതും ആരും നിർവ്വഹിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതുമായ കാര്യങ്ങൾക്കാണ് 'ഫർള് കിഫായ' എന്ന് പറയുന്നത്. ശഹീദ് (ഇസ്ലാമിൻ്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്‌തു മരിച്ചവൻ) അല്ലാത്ത എല്ലാ മയ്യിത്തിനെയും കുളിപ്പിക്കൽ നിർബന്ധമാകുന്നു. വെള്ളത്തിൽ മുങ്ങിമരിച്ച  ആളായിരുന്നാൽ തന്നെയും കുളിപ്പിക്കാതിരിക്കാൻ നിർവ്വാഹമില്ല. കറാമത്ത് മുഖേന മയ്യിത്ത് കുളി സ്വയം കുളിച്ചാൽ മതിയാകുമെന്ന് പണ്ഡ‌ിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. മഹാനായ അശൈഖ് അഹ്‌മദ് ബദവി(റ) എന്നവർ സ്വയം കുളിച്ചതായി ബാജുരിയിൽ കാണുന്നുണ്ട്. എന്നാൽ ഒരു മയ്യിത്തിനെ മലക്കുകൾ കുളിപ്പിക്കുന്നതായി നമ്മുടെ ദൃഷ്ടിയിൽ പെട്ടാലും വീണ്ടും നാം കുളിപ്പിക്കേണ്ടതാണ്. സാധാരണ കുളിക്ക് രണ്ട് ഫർളുകളാണുളളത്. ഒന്ന് നിയ്യത്ത്, രണ്ട് മുടിയും നഖവും, തൊലിയും ഉൾപ്പടെ ശരീരത്തിന്റെ പ്രത്യക്ഷമായ ഭാഗം മുഴുവനും വെള്ളം ഒഴുക്കൽ. എന്നാൽ മയ്യിത്ത് കുളിപ്പിക്കുന്നതിന് ഒരു ഫർള് മാത്രമെയുള്ളൂ. നിയ്യത്ത് ഫർളില്ല! എന്നാലും നിയ്യത്ത് ചെയ്യൽ സുന്നത്തുണ്ട്. മയ്യിത്തിനെ മേൽ നിസ്ക്കാരം അനുവദനീയമാകാൻ വേണ്ടി കുളിപ്പിക്കുന്നു എന്നോ, നിർബന്ധമാക്കപ്പെട്ട മയ്യിത്ത് കുളിപ്പിക്കൽ ഞാൻ കുളിപ്പിക്കുന്നു എന്നോ നിയ്യത്ത് ചെയ്‌താൽ മതി. (തുഹ്ഫ 3/99)

നിയ്യത്ത് നിർബന്ധമില്ല എന്ന് 'മസ്അല' അനുസരിച്ച് മയ്യിത്തിനെ ഒരു അമുസ്ലിം കുളിപ്പിച്ചാലും സ്വഹീഹാകുന്നതാണ്. പക്ഷേ കാഫിറുകൾക്ക് മുസ്ലിംങ്ങളുടെ മയ്യിത്ത് വിട്ടു കൊടുക്കൽ ഹറാമാകുന്നു. ജിന്നുകളോ, ഭ്രാന്തന്മാരോ കുട്ടികളോ കുളിപ്പിച്ചാലും മതിയാകും.(ബുജൈരിമി) മയ്യിത്ത് കുളിപ്പിക്കുവാൻ പറയുമ്പോൾ പലരും എനിക്കതിൻ്റെ നിയ്യത്ത്  അറിയുകയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് കാണാം. എന്നാൽ നിയ്യത്ത് തന്നെ നിർബന്ധമില്ല എന്ന കാര്യം അറിയാത്തതാണ് ഈ ഒഴിഞ്ഞ് മാറ്റത്തിന് കാരണമെങ്കിൽ മയ്യിത്ത് പരിപാലനസംബന്ധമായി ഒന്നും  അറിഞ്ഞുകൂടെന്നതാണ് മറ്റു ചിലർക്കുള്ള കാരണം.

മരണത്തിന് മുമ്പ് ജനാബത്ത്, പ്രസവം, ഹൈള്, നിഫാസ് തുടങ്ങിയ കാരണങ്ങളാൽ കുളി നിർബന്ധമായവരായിരുന്നാൽ തന്നെയും ഒരു കുളി കൊണ്ട് എല്ലാം മതിയാകുന്നതാണ്. മാലിന്യങ്ങൾ നീക്കിയ ശേഷം മയ്യിത്തിൻ്റെ ശരീരമാസകലം ഒരു പ്രാവശ്യം വെളളം ഒഴുക്കലാണ് കുളിപ്പിക്കുന്നതിൻ്റെ ചുരുങ്ങിയതും നിർബന്ധമുള്ളതുമായ രൂപം. ജീവിതകാലത്ത് കുളിക്കുമ്പോൾ വെള്ളമെത്തിക്കൽ നിർബന്ധമായ സ്‌ഥലങ്ങളിലൊക്കെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും വെള്ളമെത്തിക്കൽ ആവശ്യമാണ്. എന്നാൽ സുന്നത്തുകളും ആദാബുകളും പാലിച്ച് കുളിപ്പിക്കുന്നതിൻ്റെ പൂർണ്ണ രൂപം താഴെപറയും പ്രകാരമാണ്. മേൽ ഭാഗവും ചുറ്റു ഭാഗവും മറക്കപ്പെട്ടതും ജനങ്ങളുടെ ദൃഷ്ട്‌ടിയിൽ നിന്ന് ഒഴിഞ്ഞതുമായ ഒരു സ്‌ഥലത്ത് തല ഭാഗം കാൽ ഭാഗത്തേക്കാൾ ഉയർന്ന കട്ടിലോ, ബെഞ്ചോ പോലുള്ള വസ്‌തുക്കളിന്മേൽ മയ്യിത്തിനെ കിടത്തുക. കുളിപ്പിക്കുന്നവരും സഹായത്തിനുമുള്ളവരുമല്ലാതെ മറ്റാരും അവിടെ ഉണ്ടാവാൻ പാടില്ല. കുളിപ്പിക്കുന്നിടത്തേക്ക് എത്തിയും പാളിയും നോക്കാൻ ഇടയുള്ള എല്ലാ പഴുതുകളും മറ്റും ആദ്യമേ അടച്ചിരിക്കണം. മയ്യിത്തിൻ്റെ ഏറ്റവും അടുത്ത ബന്ധുവല്ലാതെ പിന്നീട് ആരും അങ്ങോട്ട് പ്രവേശിക്കരുത്.  സൗകര്യപ്പെടുമെങ്കിൽ മയ്യിത്തിൻ്റെ ശരീരം മുഴുവൻ ഒരു നീളൻ കുപ്പായം കൊണ്ടോ നേരിയ വസ്ത്രം കൊണ്ടോ മൂടിയിരിക്കണം. മുട്ടുപൊക്കിളിൻ്റെ ഇട മുഴുവൻ മറക്കൽ നിർബന്ധവും മുഴുവൻ ശരീരവും മറക്കൽ സുന്നത്താകുന്നു. മയ്യിത്ത് സ്ത്രീയായാലും പുരുഷനായാലും മുട്ട് പൊക്കിളിൻ്റെ ഇടയിലുള്ള സ്‌ഥലം നോക്കലും മറയില്ലാതെ തൊടലും ഹറാമാകു ന്നു. ഔറത്തല്ലാത്ത ഭാഗങ്ങൾ നോക്കുന്നതും മറയില്ലാതെ തൊടുന്നതും കറാഹത്താകുന്നു. (തുഹ്ഫ 3/83)

കുളിപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒരു വലിയ പാത്രത്തിലാക്കി അതിലേക്ക് തെറിക്കാതിരിക്കാൻ വേണ്ടി കുറച്ചകലെ വെയ്ക്കണം. പ്രസ്‌തുത വെള്ളം തണുത്ത ഉപ്പുവെളളമായിരിക്കലാണ് ഉത്തമം. എന്നാൽ അഴുക്ക് നീങ്ങുവാനും മറ്റും ചുടു വെളളം ആവശ്യമായി വന്നാൽ അത് ഉപയോഗിക്കാവുന്നതാണ്. കുളിപ്പിക്കുന്ന സന്ദർഭത്തിൽ സാമ്പ്രാണി മുതലായ സുഗന്ധ വസ്‌തുക്കൾ പുകച്ച് കൊണ്ടിരിക്കണം. കുളിപ്പിക്കുന്ന കട്ടിലിൽ മയ്യിത്തിനെ ഖിബ്‌ലയുടെ ഭാഗത്തേക്കായി മലർത്തിയാണ് കിട ത്തേണ്ടത്. കിടത്തുമ്പോൾ

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللهِ سُبْحَانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللهُ وَاللَّهُ أَكْبَرُ وَلَا حَوْلَ ولا قوة الا باللهِ الْعَلِيِّ العَظِيمِ *

എന്ന് ചൊല്ലേണ്ടതാണ്. സാരം: അല്ലാഹുവിൻ്റെ നാമത്തിലും അല്ലാഹുവിൻ്റെ റസൂലിൻ്റെ മാർഗ്ഗത്തിലും ഞാൻ ആരംഭിക്കുന്നു. അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വസ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. മഹാനും ഉന്നതനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയും ഇല്ല.

പിന്നീട് കുളിപ്പിക്കുന്ന ആൾ തൻ്റെ വലത്തെ കൈ കൊണ്ട് മയ്യിത്തിൻ്റെ പിരടിയിൽ താങ്ങി തല ചായുകയും ചെരിയുകയും ചെയ്യാതെ പിടിക്കുകയും സാധാരണ ഇരിക്കുന്നതിൽ നിന്ന് അൽപം പിന്നോട്ട് ചാഞ്ഞ നിലയിൽ തൻ്റെ  മുട്ടിനോട് ചാരി ഇരുത്തുകയും ഇടത്തെ കൈയ്യിൽ മേൽ ഒരു തുണിക്കഷ്‌ണം ചുറ്റി മയ്യിത്തിന്റെ വയർ അൽപം അമർത്തി പല പ്രാവശ്യം  തടവി  കൊണ്ടിരിക്കുകയും വേണം. മലം പോലെയുള്ള വസ്‌തുക്കൾ അപ്പോൾ പുറത്ത് വരുന്നുണ്ടെങ്കിൽ ഒരാൾ  പിൻ ദ്വാരത്തിൻ്റേയും മുൻ ദ്വാരത്തിൻ്റേയും ഭാഗത്ത് യഥേഷ്‌ടം വെള്ളം ഒഴിച്ചു കൊടുക്കുകയും വേണം. ശേഷം മയ്യിത്തിനെ പഴയ പോലെ മലർത്തിക്കിടത്തി തന്റെ ഇടത്തെ കയ്യിൽ ശീല ചുറ്റി മുൻ ദ്വാരവും പിൻ ദ്വാരവും നല്ല പോലെ കഴുകി വൃത്തിയാക്കണം. കുളിപ്പിച്ച് കഴിഞ്ഞ ശേഷം കഫൻ ചെയ്യുമ്പോൾ മാലിന്യങ്ങൾ പുറത്ത് വരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കുളിപ്പിക്കുന്നവർ ഭാര്യയോ ഭർത്താവോ ആണെങ്കിൽ പോലും കൈയ്യിൽ തുണി ചുറ്റാതെ ഗുഹ്യ ഭാഗങ്ങൾ തൊടുവാൻ പാടുള്ളതല്ല. ശേഷം ആശീല മാറ്റി കൈയ്യിൽ വേറെ ശീല ചുറ്റി സോപ്പോ താളിയോ മറ്റോ ഉപയോഗിച്ച് വെളളമൊഴിച്ച്  ശരീരത്തിലെ മറ്റുഭാഗങ്ങളിലുളള വിയർപ്പ്, അഴുക്ക് മുതലായവ നീക്കുകയും ആ ശീലമാറ്റി വീണ്ടും ശീല ചുറ്റി നനച്ച് പല്ലുകൾ തേച്ച്  കൊടുക്കുകയും വേണം. പല്ലുകൾ ചേർന്ന് നിൽക്കുകയാണെങ്കിൽ തുറക്കേണ്ടതില്ല. അപ്രകാരം തന്നെ മൂക്കിനുള്ളിലുള്ള മ്ലേച്ഛ വസ്തുക്കളെ നീക്കി കൊടുക്കുകയും ശേഷം സുന്നതുകൾ ഉൾപ്പടെ പൂർണ്ണമായ ഒരു വുളുഅ് ഉണ്ടാക്കിക്കൊടുക്കുകയും വേണം. വെള്ളം വായിൽ കൊടുക്കുമ്പോൾ അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ തലചെരിച്ച് പിടിക്കുകയും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. ശേഷം സോപ്പോ മറ്റു വസ്‌തുക്കളോ ഉപയോഗിച്ച് തലയും താടിയും കഴുകുകയും പല്ലുകൾ വിടർന്ന് നിൽക്കുന്ന ചീർപ്പു കൊണ്ട് മുടി പറിഞ്ഞു പോന്നിട്ടുണ്ടെങ്കിൽ കഫൻ ചെയ്യുമ്പോൾ കൂടെ വെയ്ക്കാൻ വേണ്ടി സൂക്ഷിച്ചു വെയ്ക്കേണ്ടതുമാണ്. പിന്നീട് മുൻഭാഗം മുഴുവനും ഇടത്തോട്ടു ചെരിച്ചു കിടത്തി വലതു ഭാഗവും പിൻഭാഗവും വലത്തോട്ട് ചെരിച്ചുകിടത്തി ഇടതുഭാഗവും കഴുകണം. 

മയ്യിത്തിനെ വുളൂഅ് എടുത്തു കൊടുക്കുമ്പോൾ മയ്യിത്തിന് ഞാൻ വുളുഅ് എടുത്തു കൊടുക്കുന്നു എന്ന് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്.  ശരീരത്തിൻ്റെ എല്ലാ ഭാഗവും സോപ്പ്, താളി എന്നിവ ഉപയോഗിച്ച് കഴുകിയതിന് ശേഷം മൂർദ്ധാവ് മുതൽ പാദം വരെ വെള്ളം ഒഴിച്ച് സോപ്പിൻ്റെയും മറ്റും അംശങ്ങൾ നീക്കം ചെയ്യണം. എന്നാൽ ഈ  അവസരങ്ങളിലൊന്നും തന്നെ മയ്യിത്തിൻ്റെ മുഖം താഴെ മുട്ടുന്ന നിലയ്ക്ക് കമഴ്ത്തിക്കിടത്തരുത്. അങ്ങിനെ കിടത്തുന്നത് ഹറാമാകുന്നു. (തുഹ്ഫ 3/104). പിന്നീട് അൽപം കർപ്പൂരം ചേർത്ത വെള്ളം ദേഹമാസകലം ഒഴിക്കണം. എന്നാൽ വെളളം പകർച്ചയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കർപ്പൂരം കലർന്ന വെള്ളം ഒഴിക്കുന്നതു കൊണ്ട് മയ്യിത്തിന് ബലം കിട്ടുന്നതിനാൽ അത് ഒഴിവാക്കൽ കറാഹത്താകുന്നു. കർപ്പൂരം അവസാനത്തെ പ്രാവശ്യത്തിലായിരിക്കലാണ് സുന്നത്ത്. ഇപ്പോൾ എല്ലാം കൂടി മൂന്ന് പ്രാവശ്യം കഴുകൽ വന്നു. (ആദ്യം സോപ്പോ മറ്റോ ഉപയോഗിച്ചു കൊണ്ടും രണ്ടാമത്തേത് അതിനെ നീക്കാൻ വെള്ളം ഒഴിക്കുന്നതു കൊണ്ടും മൂന്നാമത്തേത് കർപ്പൂരം കലർന്ന വെള്ളം ഒഴുക്കുന്നത് കൊണ്ടും) ഓരോ പ്രാവശ്യവും വെളളം തല മുതൽ കാല് വരെ ഒഴുക്കേണ്ടതാണ്. പക്ഷെ ഈ മൂന്ന് കഴുകലും കൂടി ഒരു പ്രാവശ്യമായിട്ടാണ് തുഹ്ഫയിൽ എണ്ണിയിട്ടുളളത്. ഒന്നായി കൂട്ടുമ്പോൾ ഇപ്രകാരം വേറെ രണ്ടു പ്രാവശ്യം കൂടി കഴുകണം. അപ്പോൾ ആകെ ഒമ്പത് പ്രാവശ്യം കഴുകൽ വരുന്നതാണ്. ഏതായിരുന്നാലും ശുദ്ധിയാകുന്നത് വരെ കഴുകണം. ഇരട്ട പ്രാവശ്യം കൊണ്ടാണ് ശുദ്ധിയാകുന്നതെങ്കിൽ വീണ്ടും ഒരു പ്രാവശ്യം കൂടി കഴുകി ഒറ്റയാക്കൽ സുന്നത്താകുന്നു.

ലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ച് മറ്റാത്ത മയ്യിത്താണെങ്കിൽ പ്രസ്തുത തൊലി (സുന്നത്ത് കർമ്മം ചെയ്യപ്പെടാത്ത) മേലോട്ട് ഉയർത്തുകയും മേൽഭാഗം കഴുകുകയും ചെയ്യൽ നിർബന്ധമാണ്. ഉള്ളിലേക്ക് വെള്ളം ചേർക്കൽ പ്രയാസമായി വരുന്ന പക്ഷം ആ ഭാഗത്തിനു വേണ്ടി തയമുമ്മും ചെയ്യൽ നിർബന്ധമാണ്. തൊലി മുറിച്ചു കളയാൻ ഒരിക്കലും പാടില്ല. നഖത്തിൻ്റെ താഴ്ഭാഗത്ത് പറ്റിപ്പിടിച്ച ചെളിയും മറ്റും ചെറിയ കൊള്ളിക്കഷ്‌ണം കൊണ്ട് കുത്തിക്കളയേണ്ടതുമാണ്.  കുളിപ്പിച്ചു കഴിഞ്ഞ ശേഷം മയ്യിത്തിനെ നല്ലവണ്ണം തോർത്തുകയും സ്ത്രീയുടേതാണെങ്കിൽ അതിൻ്റെ തലമുടി മൂന്ന് പിളർപ്പാക്കി മെടഞ്ഞു പിൻഭാഗത്തേക്കിടുകയും വേണം. ശേഷം അവയവങ്ങളെയെല്ലാം മടക്കി നിവർത്തി ശരിക്ക് വെയ്ക്കണം. വുളുഅ് എടുക്കുമ്പോഴും ശേഷമുള്ള ദിക്റ് ദുആകൾ മയ്യിത്തിന് വുളു എടുത്തു കൊടുക്കുമ്പോഴും കുളിക്ക് ശേഷമുളള ശഹാദത്തും ദുആയും, കുളിപ്പിച്ചു കഴിഞ്ഞ ശേഷവും ചൊല്ലുന്നത് സുന്നത്താകുന്നു. ശഹാദത്തിൻ്റെ പദങ്ങൾക്ക് ശേഷമുളള  'അല്ലാഹുമ്മജ്അൽനി' എന്നിടത്ത് അല്ലാഹുമ്മജ്അൽഹു' എന്ന് പറയലാണ് സുന്നത്ത്. കുളിപ്പിച്ചു കഴിഞ്ഞ ശേഷം മയ്യിത്തിൽ നിന്ന് വല്ല മലിന വസ്‌തുക്കളും പുറപ്പെട്ടാൽ അത് കഴുകി ശുദ്ധിയാക്കൽ മാത്രമെ നിർബന്ധമുള്ളൂ. വുളുവും കുളിയും ആവർത്തിക്കേണ്ടതില്ല. (തുഹ്ഫ 3/106)

കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളം സമുദ്രജലം പോലെ സ്വയം ഉപ്പുള്ളതായിരിക്കൽ സുന്നത്താണെങ്കിലും തനി ശുദ്ധവെള്ളത്തിൽ ഉപ്പിടൽ സുന്നത്തില്ല. (ശിബ്റാല്ലമുസി) സംസം വെള്ളം കൊണ്ട് മയ്യിത്ത് കുളിപ്പിക്കാൻ പാടില്ല. (നിഹായ 180) ഉമ്മു അത്വിയ്യ(റ) പറയുന്നു. ഞങ്ങൾ റസൂലിൻ്റെ മകൾ സൈനബ(റ)യെ കുളിപ്പിക്കുമ്പോൾ നബി(സ) അങ്ങോട്ടു കടന്നു വന്നു ഇപ്രകാരം പറഞ്ഞു. മൂന്നോ അഞ്ചോ ആവശ്യമെന്ന് തൊന്നുന്നപക്ഷം അതിൽ കൂടുതൽ പ്രാവശ്യമോ താളിയും വെള്ളവും ഉപയോഗിച്ച് കുളിപ്പിക്കുക. അവസാന കഴുകലിൽ അൽപം കർപ്പൂരം കൂടി ചേർത്തു കൊള്ളുക. അങ്ങിനെ ഞങ്ങൾ കുളിപ്പിച്ച് കഴിഞ്ഞപ്പോൾ നബി(സ)യെ വിവരമറിയിച്ചു. തൽസമയം അവിടുത്തെ അടിവസ്ത്രം ഞങ്ങൾക്ക് തരികയും അത് അവളുടെ ആദ്യത്തെ കഷ്‌ണമാക്കി ഉപയോഗിക്കുക എന്ന് പറയുകയും ചെയ്‌തു. മറ്റൊരു രിവായത്തിൽ നിങ്ങൾ അവളുടെ വലതുഭാഗം കൊണ്ടും വുളുവിൻ്റെ സ്‌ഥലങ്ങൾ കൊണ്ടും ആരംഭിക്കുക എന്നുമുണ്ട്. (ബുഖാരി മുസ്ലിം)

വെന്തുകരിയുക മുതലായ കാരണങ്ങളാൽ കുളിപ്പിക്കാൻ വിഷമം നേരിടുന്ന മയ്യിത്തിന് 'തയമ്മം' ചെയ്യൽ നിർബന്ധമാണ് 'തയമ്മം ചെയ്യാനും ബുദ്ധിമുട്ടാകുന്ന പക്ഷം ആ മയ്യിത്തിൻ്റെ മേൽ നിസ്ക്കരിക്കുവാൻ പാടില്ല! അപകട മരങ്ങൾ ഇന്ന് സർവ്വ സാധാരണമാണല്ലോ. ഇക്കാരണത്താൽ പോസ്റ്റു മോർട്ടം ചെയ്യപ്പെട്ട മയ്യിത്തുകളിൽ നിന്ന് ചിലപ്പോൾ രക്തം നിൽക്കാതെ വന്നു കൊണ്ടിരിക്കുകയും കഴുകിയാൽ ശുദ്ധിയാവാതിരിക്കുകയും ചെയ്യും. അപ്പോൾ ആ സ്‌ഥലത്ത് കുളിപ്പിച്ച ഉടനെ തന്നെ പഞ്ഞി, തുണിക്കഷ്ണം മുതലായവ വെച്ചുകെട്ടുകയും പെട്ടെന്ന് നിസ്ക്‌കരിക്കുകയും ചെയ്യേണ്ടതുമാണ്. നിസ്ക്കരിക്കാൻ വൈകുന്ന പക്ഷം വീണ്ടും പഞ്ഞിയും തുണി കഷ‌ണങ്ങളും മാറ്റേണ്ടിവരും. മയ്യിത്തിൻ്റെ മുടി ജഢപിടിച്ചതു കൊണ്ട് ഉള്ളിലേക്ക് വെളളം ചേരാതെ വന്നാൽ ആ മുടി കളഞ്ഞ് തൽസ്‌ഥാനത്ത് വെള്ളം ചേർക്കേണ്ടതും പ്രസ്തുത മുടി കഫൻ പുടവയിൽ വെയ്ക്കേണ്ടതും ആവശ്യമാണ്. നിർബന്ധിതാവസ്‌ഥയിലല്ലാതെ മയ്യിത്തിൻ്റെ മുടി നഖം പോലെയുള്ളത് നീക്കാൻ പാടില്ല! മയ്യിത്ത് കുളിപ്പിച്ച ആളുകൾക്ക് തയമ്മും ചെയ്‌ത്‌ കൊടുത്തവർക്കും അതിനു ശേഷം കുളിക്കൽ സുന്നത്തുണ്ട്. കുളിപ്പിച്ചു കഴിഞ്ഞശേഷം മയ്യിത്ത് പൊതുദർശനത്തിന് വെയ്ക്കുക. ഇതൊക്കെ ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ടെങ്കിലും അത്തരം ദുരാചാരങ്ങൾക്ക് ഇസ്ലാമിൻ്റെ പിന്തുണയില്ലെന്ന് മനസ്സിലക്കുന്നത് നന്ന്? മരിച്ചയുടൻ മയ്യിത്തിന്റെ അവകാശികളും ബന്ധുക്കളുമായ  സഹോദരിമാരും മറ്റും ആർത്ത് അട്ടഹസിച്ചു കരയുകയും അത് നീണ്ടുപോയി ഒരു ആർപ്പുവിളിയായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം ആർപ്പുവിളികൾ കാരണമായി മയ്യിത്തിന് ഉപദ്രവം വരുത്തുകയാണ് നാം ചെയ്യുന്നതെന്ന് പറഞ്ഞുവല്ലോ. അങ്ങിനെ മയ്യിത്തിനെ കുളിപ്പിക്കാൻ എടുത്തുവെച്ചാൽ കുറച്ചൊരു ശാന്തത കേൾക്കാൻ നമുക്ക് സാധിക്കുന്നു. കുളിപ്പിച്ചു കഴിഞ്ഞ ശേഷം മുക്രിയോ മറ്റാരെങ്കിലുമോ മയ്യിത്തിനെ ഒരു സൗകര്യമുള്ള സ്‌ഥലത്ത് കിടത്തുകയും കഫൻ ചെയ്യാൻ ഏർപ്പെടുകയും ചെയ്യുന്നു. ആ സമയത്ത് ഒരറിയിപ്പു കേൾക്കാം. ഇതാ മയ്യിത്തിനെ കഫൻ ചെയ്യാൻ പോകുന്നു. കണാൻ ബാക്കിയുളളവരൊക്കെ കണ്ടു കൊള്ളീൻ, പിന്നെ ഒരു തള്ളികയറ്റമാണ് നാനാജാതി മതസ്ഥരും, ആണും പെണ്ണും വേണ്ടപ്പെട്ടവരും അല്ലാത്തവരും, പിന്നെ ഒരു കൂട്ട നിലവിളി. തികച്ചും തിരുത്തപ്പെടേണ്ട ഒരു സമ്പ്രദായമാണിത്. കുളിപ്പിച്ചു കഴിഞ്ഞ ശേഷം മയ്യിത്തിനെ അത്യാവശ്യം ഒഴിച്ചുകൂടാത്ത അവകാശികൾക്ക് കാണിച്ചു കൊടുക്കുകയല്ലാതെ പരസ്യമായ ഈ ദർശന പരിപാടി ഉപേക്ഷിക്കേണ്ടതുതന്നെയാണ്.


പന്ത്രണ്ട്
കുളിപ്പിക്കുന്നവർ ശ്രദ്ധിക്കുക

മയ്യിത്ത് കുളിപ്പിക്കുന്നവർ ഏറ്റവും വിശ്വസ്തരും  സ്നേഹ സമ്പന്നരുമായിരിക്കണം. പുരുഷന്മാരുടെ മയ്യിത്ത് പുരുഷന്മാരും,  സ്ത്രീകളുടെ മയ്യിത്ത് സ്ത്രീകളുമാണ് കുളിപ്പിക്കേണ്ടത്. പുരുഷന്മാരെ കുളിപ്പിക്കാൻ ഏറ്റവും  അർഹതയുളളവർ പിതാവ്, പിതാമഹൻ, പുത്രന്മാർ, പൗത്രന്മാർ, സഹോദരന്മാർ, സഹോദര പുത്രന്മാർ എന്നിവരാണ്. അവരാരും ഇല്ലെങ്കിൽ മാതാമഹൻ, അമ്മാവൻ തുടങ്ങിയ അടുത്ത ബന്ധുക്കളും പിന്നീട് മറ്റു പുരുഷന്മാരുമാണ്. 

സ്ത്രീകളുടേതാണെങ്കിൽ ഉമ്മ, മകൾ, മകൻ്റെ മകൾ, മകളുടെ മകൾ, സഹോദരികൾ, അമ്മായികൾ, ഇളയുമ്മ, മുത്തമ്മ എന്നീ അടുത്ത ബന്ധുക്കളും പിന്നീട് അന്യരായ സ്ത്രീകളുമാണ്. എന്നാൽ ഭർത്താവിന് ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും കുളിപ്പിക്കാവുന്നതാണ്. എന്നാൽ മയ്യിത്ത് പുരുഷനായിരിക്കെ വിവാഹ ബന്ധം അനുവദനീയമായ അന്യ സ്ത്രീകളല്ലാതെ മറ്റാരും ഇല്ലാതാവുക. സ്ത്രീ മരണപ്പെട്ടപ്പോൾ അന്യ പുരുഷന്മാരല്ലാതെ മറ്റാരും ഇല്ലാതിരിക്കുക, എന്നീ ഘട്ടങ്ങളിൽ കൈകളിൽ തുണി ചുറ്റി മയ്യിത്തിന് മുഖത്തും ഇരു കൈകളിലും തയമ്മും ചെയ്‌ത്‌ കൊടുക്കേണ്ടതാണ്. തൊട്ടാൽ വുളു മുറിയാത്ത ആരും അവിടെ ഇല്ലെങ്കിൽ കുളിപ്പിക്കാൻ പാടില്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. കുളിപ്പിക്കൽ വിഷമകരമായ സാഹചര്യത്തിലെന്ന പോലെ തയമ്മും ചെയ്യുകയാണ് അപ്പോൾ വേണ്ടത്. അത്തരം മയ്യിത്തിനെ മറവു ചെയ്യുന്നതിന് മുമ്പ് കുളിപ്പിക്കൽ അർഹതയുള്ള ആരെങ്കിലും അവിടെ എത്തിപ്പെട്ടാൽ (അവർ സ്വവർഗ്ഗത്തിൽപ്പെട്ട അന്യരോ, ബന്ധുക്കളോ ആരായിരുന്നാലും) മയ്യിത്തിനെ വീണ്ടും കുളിപ്പിച്ച് നിസ്ക്‌കരിക്കേണ്ടതാണ്. 

ആർത്തവമുളളവൾ, ജനാബത്തുളളവർ തുടങ്ങിയ വലിയ അശുദ്ധിക്കാർ, മറ്റുളളവർ ഉണ്ടെങ്കിൽ മാറിനിൽക്കുകയാണ് നല്ലത്. കണ്ടാൽ ആഗ്രഹം തോന്നാത്ത നിലയ്ക്കുളള ചെറിയ പ്രായമായ പെൺകുട്ടികളെ അന്യപുരുഷന്മാർക്കും അപ്രകാരം സ്ത്രീകൾക്കും കുളിപ്പിക്കുന്നതിന്ന് വിരോധമില്ലെന്ന് പണ്ഡ‌ിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. കുളിപ്പിക്കുന്ന സമയത്ത് കൂടുതൽ ആളുകൾ ഉണ്ടാവാൻ പാടില്ല. നബി(സ)യെ  കുളിപ്പിച്ചപ്പോൾ അവിടെ നാലാളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അലി(റ) നബി(സ)യെ കുളിപ്പിക്കുകയും ഫള്‌ല്(റ) സഹായിക്കുകയും വലിയ്യ് എന്ന നിലക്ക് അബ്ബാസ്(റ) കൂടെ നിൽക്കുകയും ചെയ്തു. ഉസാമത്ത്(റ) പോലെയുള്ള ആളുകൾ വെളളം കൊടുക്കുന്നതിനായി പുറത്ത് നിൽക്കുന്ന സന്ദർഭത്തിൽ അവരുടെ കണ്ണുകൾ കെട്ടുകയും ചെയ്‌തിരുന്നു. (ശർവാനി, 3/100)

മയ്യിത്തിൽ നിന്നനുഭവപ്പെടുന്ന മുഖ പ്രസന്നത, സുഗന്ധം മുതലായ സൽഗുണങ്ങൾ പരസ്യമാക്കേണ്ടതും ദുർഗന്ധം, വികൃത രൂപം തുടങ്ങിയ ദുർഗണങ്ങൾ മറച്ചു വെയ്ക്കേണ്ടതുമാണ്. മയ്യിത്തിൽ നിന്നനുഭവപ്പെട്ട ദൂഷ്യങ്ങൾ പറയൽ പരദൂഷണവും വൻകുറ്റവുമാകുന്നു.  പൊരുത്തപ്പെടിക്കാനുള്ള ഒരവസരം കൂടി ലഭ്യമാകാത്തതിനാൽ വളരെ സൂക്ഷിക്കേണ്ട കാര്യമാണിത്. കുളിപ്പിക്കുമ്പോൾ മയ്യിത്തിനെക്കുറിച്ച് ഒരു ചീത്ത ഭാവന പോലും മനസ്സിൽ വിചാരിക്കരുത്. എന്നാൽ ഇസ്ലാമിൽ നൂതന മാർഗ്ഗം സ്വീകരിച്ചവനായ 'മുബ്‌തദിഅ് ഫാസിഖ് മുതലായവരിൽ നിന്ന് വല്ല ദുർഗുണങ്ങളും കണ്ടാൽ അത് പരസ്യമാക്കുകയും വല്ല സൽഗുണങ്ങളും കണ്ടാൽ അത് മറച്ച്‌ വെയ്ക്കുകയും വേണം. ജനങ്ങളെ അത്തരം കാര്യങ്ങളിൽ നിന്ന് തടഞ്ഞു നിറുത്താൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. (അദ്കാർ പേജ് 70, ഇഹ്‌യാ)
 
ഇമാം മാലിക്ക്(റ) മദീനയിൽ താമസിക്കുന്ന കാലത്ത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മയ്യിത്ത് കുളിപ്പിക്കുന്ന സന്ദർഭത്തിൽ മയ്യിത്തിൻ്റെ ഗുഹ്യ സ്‌ഥാനത്തിൽ അവളുടെ കൈ പറ്റി നിന്നു. എത്ര പ്രയാസപ്പെട്ടിട്ടും കൈ വേർപെടുത്താൻ കഴിഞ്ഞില്ല. കൈയോ ഗുഹ്യസ്‌ഥാനമോ മുറിച്ചു നീക്കേണ്ടത് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. അവസാനം ഇമാമവർകളുടെ സന്നിധിയിൽ ജനങ്ങൾ പ്രശ്‌നമെത്തിച്ചു. അപ്പോൾ കുളിപ്പിക്കുന്ന സ്ത്രീ മയ്യിത്തിനെ സംബന്ധിച്ചു വല്ലതും സംസാരിച്ചിട്ടുണ്ടോ എന്ന് ചോദിക്കാൻ ഇമാം ഉത്തരവിട്ടു. ആ സ്ത്രീയെ സമീപിച്ച് വിവരം അന്വേഷിച്ചപ്പോൾ മയ്യിത്തിൻ്റെ ഗുഹ്യസ്‌ഥാനം കഴുകി കൊണ്ടിരിക്കെ അല്ലാഹുവിന് വളരെയധികം തെറ്റുകൾ ചെയ്‌ത ഒരു സ്‌ഥലമാണിതെന്ന് അവൾ പറഞ്ഞതായി സമ്മതിച്ചു. ഉടൻ സംഭവം ഇമാമിനെ അറിയിച്ചു. മയ്യിത്തിൻ്റെ പേരിൽ അപവാദം പറഞ്ഞതിനുള്ള ശിക്ഷയായി എൺപത് അടി അടിക്കാൻ കൽപിച്ചു. താമസം വിനാ അവൾ ശിക്ഷയ്ക്ക് വിധേയമായി. അടിപൂർത്തിയായതോടുകൂടി മയ്യിത്തിൻ്റെ ഗുഹ്യസ്‌ഥാനത്ത് നിന്ന് കൈവേർപിരിയുകയും ചെയ്തു. (മുഗ്‌നി. വാല്യം 1/358 പേജ്)

മയ്യിത്തിനെപ്പറ്റി അപവാദം പറയുന്നവർക്ക് ഈ സംഭവം ഒരു ശക്തമായ താക്കീതായി ജനങ്ങൾ മനസ്സിലാക്കി. ജീവിതകാലത്ത് അന്യോന്യം കാണൽ അനുവദനീയമായവർക്ക് മാത്രമേ മരണ ശേഷവും മയ്യിത്ത് കാണാൻ അനുവദിക്കപ്പെട്ടിട്ടുളളു. വിവാഹ ബന്ധം അനുവദിക്കപ്പെട്ട സ്ത്രീകളുടെ മയ്യിത്ത് പുരുഷന്മാർക്കും അത്തരം പുരുഷന്മാരുടെ മയ്യിത്ത് സ്ത്രീകൾക്കും കാണാൻ അനുവദനീയമല്ല. നിസ്ക്കാരം, ദുആ എന്നീ കാര്യങ്ങൾക്ക് കൂടുതൽ ആളുകൾ പങ്കെടുക്കാൻ വേണ്ടി മരണ വാർത്ത അറിയിക്കുന്നത് സുന്നത്താകുന്നു.


പതിമൂന്ന്
കഫൻ ചെയ്യൽ

മയ്യിത്തിനെ കുളിപ്പിച്ചു കഴിഞ്ഞാൽ ഉടൻ വേണ്ടത് കഫൻ ചെയ്യുകയാണ്. ജീവിത കാലത്ത് സാധാരണ ഉപയോഗിക്കൽ അനുവദനീയമായ  വസ്ത്രത്തിലാണ് കഫൻ ചെയ്യുന്നത്. ശരീരത്തിൻ്റെ നിറം  കാണാത്ത വിധത്തിൽ കട്ടിയുള്ള വെള്ള വസ്ത്രമായിരിക്കലാണ് സുന്നത്ത്.  പുരുഷന്മാരെ പട്ട്, കുങ്കുമഛായം പിടിപ്പിച്ച കളർ വസ്ത്രങ്ങൾ എന്നിവയിൽ കഫൻ ചെയ്യാൻ പാടുള്ളതല്ല. ജീവിതകാലത്ത് അവർക്കത് ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നു എന്നതാണ് കാരണം.  സ്ത്രീകളെയും കുട്ടികളെയും പട്ടുവസ്ത്രങ്ങളിലും കളർ വസ്ത്രങ്ങളിലും കഫൻ ചെയ്യൽ അനുവദനീയമാണെങ്കിലും കറാഹത്താകുന്നു. (തുഹ്ഫ) കഫൻ പുടവയ്ക്ക് ഉപയോഗിക്കുന്നത് വില കുറഞ്ഞ   വസ്ത്രമായിരിക്കണമെന്ന് നിയമമുളളതിനാൽ വില കൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമല്ല. എന്നാലും ജീവിതകാലത്തെ  മേന്മയനുസരിച്ച് വസ്ത്രത്തെ മെച്ചപ്പെടുത്തുന്നതിന് വിരോധവും ഇല്ല. പഴയതും അലക്കിയതുമായ വസ്ത്രമായിരിക്കലാണ് ഉത്തമമെന്ന് ഇമാം ബഗ് വി   അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും പുത്തൻ വസ്ത്രത്തിൽ തന്നെ ആയിരിക്കലാണ് സുന്നത്ത്. 

കഫൻ പുടവയുടെ എണ്ണങ്ങളെക്കുറിച്ച് പണ്ഡ‌ിതന്മാർക്കിടയിൽ  അഭിപ്രായ വ്യത്യാസമുണ്ട്. ഏറ്റവും പ്രാമാണികമായ അഭിപ്രായം ഇപ്രകാരമാകുന്നു. മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്നാണ് കഫൻ പുടവയുടെ ചിലവ് വഹിക്കുന്നതെങ്കിൽ ശരീരം മുഴുവൻ മൂടുന്ന മൂന്ന് തുണിക്കഷ്‌ണം നിർബന്ധമാകുന്നു. എന്നാൽ അനന്തര സ്വത്ത് മുഴുവനും ഉൾക്കൊള്ളുന്ന നിലയിലുള്ള കടബാധ്യതയുണ്ടെങ്കിൽ ഒരു തുണിക്കഷ്‌ണമെ നിർബന്ധമുള്ളൂ. എന്നാൽ ഒന്നിൽ കൂടുതൽ ഉപയോഗിക്കുന്നതിനെ തടയാൻ കടക്കാർക്ക് അവകാശമുള്ളതു കൊണ്ടാണ് ഇപ്രകാരം പറയുന്നത്. അവർ തടസ്സം ചെയ്യുന്നില്ലെങ്കിൽ മൂന്ന് കഷ്‌ണം തന്നെ ഉപയോഗിക്കണം. കഫൻ പുടവയുടെ ചിലവ് പൊതു ഖജനാവിൽ നിന്നോ, കഫൻ പുടവയുടെ  ആവശ്യാർത്ഥ‌ം വഖ്ഫ് ചെയ്ത സ്വത്തുകളിൽ നിന്നോ എടുക്കുന്ന പക്ഷം ഒന്നിൽ കൂടാൻ പാടുളളതല്ല. കട ബാധ്യതയില്ലാത്ത മയ്യിത്തിന് ധനമുണ്ടെങ്കിൽ മൂന്നെണ്ണം നിർബന്ധമുണ്ടെന്ന കാര്യം പ്രത്യേകം സ്‌മരണീയമാണ്. മയ്യിത്തിൻ്റെ വേണ്ടപ്പെട്ടവരുടെ കയ്യിൽ നിന്നാണ് ചിലവ് വഹിക്കുന്നതെങ്കിൽ അവരുടെ ഇഷ്‌ടാനുസരണം മൂന്നെണ്ണം വേണ്ടതും അവർക്കതിന് തൃപ്ത‌ിയില്ലാത്ത പക്ഷം ഒന്നിന്മേൽ ചുരുക്കേണ്ടതുമാണ്. ചില പുസ്തകങ്ങളിൽ കഫൻ പുടവയുടെ ഏറ്റവും ചുരുങ്ങിയ നിർബന്ധ രൂപം ശരീര മാസകലം മൂടുന്ന ഒരു വസ്ത്രമായിരിക്കലാണെന്ന് എഴുതിക്കാണുന്നുണ്ട്. എന്നാൽ കഫനിന്റെ ചിലവ് ബൈത്തുൽ മാലിൽ നിന്നോ, വഖ്ഫ് സ്വത്തിൽനിന്നോ എടുക്കുമ്പോൾ മാത്രമെ ഒന്നു കൊണ്ട് നിർബന്ധം തീരുകയുള്ളൂ. അല്ലാത്ത പക്ഷം മൂന്നെണ്ണം തന്നെ ആവശ്യമാണ്. മയ്യിത്തിൻ്റെ വലിപ്പ ചെറുപ്പ വ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഈ വിഷയത്തിലില്ലെന്ന് തുഹ്ഫ, നിഹായ, മുഗ്‌നി എന്നീ കിതാബുകളിൽ കാണാവുന്നതാണ്. പുരുഷനെ സംബന്ധിച്ചിടത്തോളം കഫൻ പുടവ മൂന്നെണ്ണം ആകുന്നതാണ് നല്ലത്. എന്നാൽ അവകാശികൾ ഇഷ്‌ടപ്പെടുന്ന പക്ഷം ഒരു നീളക്കുപ്പായം, ഒരു തലപ്പാവ് എന്നിങ്ങനെ അഞ്ചെണ്ണം ആക്കാവുന്നതാണ്. ഈ രൂപത്തിലാണെങ്കിൽ ആദ്യം നീളക്കുപ്പായവും തലപ്പാവും ധരിപ്പിച്ചശേഷം മൂന്ന് തുണികൊണ്ട് പൊതിയണം. ഇബ്നുൽ ഉമർ(റ) തൻ്റെ മകനെ അഞ്ചു വസ്ത്രങ്ങളിൽ കഫൻ ചെയ്തുവെന്ന് ബൈഖവി(റ) റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. പക്ഷെ ഇമാം ബുഖാരിയും മുസ്ലിമും(റ) റിപ്പോർട്ടു ചെയ്യുന്ന ഹദീസിൽ ആയിശ(റ) പറഞ്ഞതായി ഇപ്രകാരം വന്നിട്ടുണ്ട്. യമനിൽ നിർമ്മിതമായ മൂന്ന് വെളുത്ത പരുത്തി വസ്ത്രത്തിൽ നബി(സ)യെ കഫൻ ചെയ്തു. അതിൽ നീളക്കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല.അബ്ദുല്ലാഹിബിൻ ഉബൈയ്യ്(റ) മരണപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ പുത്രൻ നബി(സ)യുടെ അടുക്കൽ വന്നു. നബിയെ അങ്ങയുടെ ഖമീസ് എനിക്ക് തരിക. അതിൽ ഞാൻ പിതാവിനെ കഫൻ ചെയ്യട്ടെ എന്ന് പറയുകയും നബി(സ) അത് കൊടുക്കുകയും ചെയ്‌തു. (ബുഖാരി മുസ്ലിം)

മയ്യിത്ത് സ്ത്രീയാണെങ്കിൽ അഞ്ചു വസ്ത്രങ്ങളിൽ കഫൻ ചെയ്യലാണ് ഉത്തമം. ഒരു അരയുടുപ്പ്, നീളക്കുപ്പായം, മുഖമക്കന, ദേഹം മുഴുവൻ മറക്കുന്ന രണ്ടു വസ്ത്രങ്ങൾ എന്നിവയാണ് അഞ്ചെണ്ണം. നബി(സ)യുടെ മകൾ ഉമ്മുകുസും(റ)യെ അഞ്ചു വസ്ത്രങ്ങളിൽ കഫൻ ചെയ്‌തതായി അബൂദാവൂദ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ പുരുഷനും സ്ത്രീക്കും അഞ്ചു വസ്ത്രത്തെക്കാൾ കൂടുതലാക്കൽ കറാഹത്താണെന്നും ഒരു വിഭാഗം പണ്ഡിതന്മാർ ഹറാമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. (ശറാഹുൽമിൻഹാജ്). സ്ത്രീകളുടെ മുലകൾ ഉലയാതിരിക്കാൻ വേണ്ടി മാറത്തൊരു കെട്ടും ആവശ്യമാണ്. പൊറുക്കപ്പെടാത്ത നജസ് കൊണ്ട് മലിനമായ തുണികളിൽ കഫൻ ചെയ്യാൻ പാടില്ല. ശുദ്ധിയുള്ള വസ്ത്രം കിട്ടാനില്ലാത്ത സാഹചര്യത്തിൽ നജസായ വസ്ത്രത്തിൽ കഫൻ ചെയ്യാവുന്നതാണ്. അപ്പോൾ കഫൻ ചെയ്യുന്നതിന് മുമ്പ് നിസ്ക്കരിക്കലും ആവശ്യമാണ്. നജസായതല്ലാത്ത വസ്ത്രം കിട്ടാനില്ലാത്ത സാഹചര്യത്തിൽ കുളിപ്പിച്ച് കഴിഞ്ഞ ഉടൻ നിസ്ക്കരിച്ചു പിന്നീട് കഫൻ ചെയ്യേണ്ടതാണ്. കഫൻ ചെയ്യുന്ന വസ്ത്രം പരുത്തിയാൽ നിർമ്മിക്കപ്പെട്ടതും ഒരിക്കൽ കഴുകിയതുമായിരിക്കൽ നല്ലതാണ്. പൊതിയാനുപയോഗിക്കുന്ന  വസ്ത്രങ്ങൾ സമത്തിലുള്ളതായിരിക്കണം. വലുപ്പ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വീതി കൂടിയത് അടിയിൽ വിരിക്കുകയും കുറഞ്ഞ വീതിയുള്ളത് അതിൻ്റെ മുകളിൽ വിരിക്കുകയും ചെയ്യുക. ഓരോ വസ്ത്രത്തിലും സുഗന്ധ വസ്തുക്കൾ തെളിക്കുകയോ പുരട്ടുകയോ വേണം. അങ്ങനെ വിരിച്ച തുണിയിൽ മയ്യിത്തിനെ മലർത്തിക്കിടത്തി നിസ്ക്കാരത്തിൽ കൈകെട്ടുന്നത് പോലെ ഇടത്തെ കയ്യിനെ വലത്തെ കൈകൊണ്ട് പിടിച്ച നിലയിൽ നെഞ്ചിൻ്റെ താഴെയും പൊക്കിളിൻ്റെ മേലെയുമായി വെയ്ക്കണം. കൈ കെട്ടാതെ രണ്ടു ഭാഗത്തുമായി നിർത്തിവെയ്ക്കുന്നത് കൊണ്ടും വിരോധമില്ല. മലദ്വാരം മുൻദ്വാരം തുടങ്ങിയ സ്‌ഥലങ്ങളിൽ പഞ്ഞിവെച്ചു കൊണ്ട് കേട്ടേണ്ടതും പഞ്ഞിയിൽ സുഗന്ധ ദ്രവ്യങ്ങൾ പുരട്ടിയിരിക്കേണ്ടതുമാണ്. ഇപ്രകാരം കണ്ണ്, മൂക്ക്, ചെവി, വായ മുതലായ ദ്വാരങ്ങളിലും സുജൂദിന്റെ അവയവങ്ങളിലും പഞ്ഞി വെയ്ക്കൽ സുന്നത്താകുന്നു. ശേഷം ഇടത്തു ഭാഗത്ത്നിന്ന് ഒരു  വിരിച്ച തുണിയെടുത്ത് വലതുഭാഗത്തേക്കും പിന്നീട് വലത് ഭാഗത്ത് നിന്ന് ഇടത് ഭാഗത്തേക്കും വലിച്ചു വെച്ച് തലഭാഗത്തും കാൽ ഭാഗത്തും നടുവിലും ചെറിയ തുണിയുടെ വക്കു കൊണ്ട് കെട്ടുകയും വേണം. കാൽഭാഗത്തും, തലഭാഗത്തും അൽപം തുമ്പ് നീട്ടിയ നിലയിൽ കെട്ടണം. സ്ത്രീകളുടെ മാറിടം കെട്ടുന്നതുപോലെ പുരുഷന്മാരുടെ കാൽ തുടകളും കെട്ടുന്നത് ഉലയാതിരിക്കാൻ സഹായകരമാണ്. ഖബറിൽ വെച്ച ശേഷം കെട്ടുകൾ എല്ലാം അഴിക്കുകയും തുണി നീക്കി കവിൾതടം മണ്ണിനോട് ചേർത്തിവെയ്ക്കുകയും വേണം.

കഫൻ ചെയ്യാൻ വസ്ത്രം ലഭ്യമായില്ലെങ്കിൽ തോല്, പുല്ല് എന്നിവ കൊണ്ട് മയ്യിത്തിനെ പൊതിയുകയും അതും കിട്ടിയില്ലെങ്കിൽ കളിമണ്ണ് മയ്യിത്തിൻ്റെ ശരീരം മുഴുവനും പുരട്ടുകയും വേണം. വസ്ത്രം ലഭിക്കുവാൻ വഴിയുള്ളതോടു കൂടി ഇപ്രകാരം ചെയ്യൽ ഹറാമാകുന്നു.  പരിപാലന ചിലവുകൾ മയ്യിത്തിൻ്റെ സ്വത്തിൽ നിന്നാണ് എടുക്കേണ്ടത്. എന്നാൽ ഭാര്യയുടെ സംസ്‌കരണ ചിലവ് ഭർത്താവാണ് വഹിക്കേണ്ടത്. ഭർത്താവ് ദരിദ്രനാണെങ്കിൽ അവളുടെ സ്വത്തിൽ നിന്ന് തന്നെ എടുക്കേണ്ടതാകുന്നു. സ്വത്ത് ഇല്ലാത്ത മയ്യിത്താണെങ്കിൽ അവർക്ക് ചിലവ് കൊടുക്കൽ ഏറ്റെടുത്തിരുന്ന ആളുകളാണ് നിർവ്വഹിക്കേണ്ടത്. ചിലവ് കൊടുക്കൽ നിർബന്ധമായവരും ഇല്ലെങ്കിൽ പൊതു ഖജനാവിൽ നിന്നും അതുമില്ലെങ്കിൽ സാമ്പത്തിക ശേഷിയുള്ള സമൂഹത്തിൽ പെട്ട മറ്റു മുസ്ലിം സഹോദരന്മാരും വഹിക്കേണ്ടതാകുന്നു.

മരിക്കുന്നതിനു മുമ്പ് തന്നെ കഫൻ തുണി വാങ്ങിവെയ്ക്കൽ സുന്നത്തില്ല. സ്വാലിഹീങ്ങളായ ആളുകളിൽ നിന്ന് ലഭിച്ച വസ്ത്രം ബർക്കത്തിന് വേണ്ടി കഫൻ പുടവയ്ക്ക് ഉപയോഗിക്കാൻ സൂക്ഷിച്ചു വെക്കാവുന്നതാണ്. നബി(സ)തങ്ങൾ ധരിച്ചിരുന്ന ഒരു വസ്ത്രം ഒരു സ്വഹാബി ആവശ്യപ്പെടുകയും നബി(സ) അയാൾക്കത് നൽകുകയും ചെയ്തു. അപ്പോൾ പ്രസ്‌തുത സ്വഹാബി ഈ വസ്ത്രം ഞാൻ എൻ്റെ കഫൻ പുടവയ്ക്കായി സൂക്ഷിച്ചു വെയ്ക്കുമെന്ന് പറഞ്ഞു. (ബുഖാരി)

ശഹീദിനെ അയാൾ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെയാണ് കഫൻ ചെയ്യേണ്ടത്. ഹജ്ജിനും ഉംറക്കും വേണ്ടി ഇഹ്‌റാം കെട്ടിയ ആളാണ് മരിച്ചതെങ്കിൽ ചുറ്റു തുന്നിയ വസ്ത്രം ധരിപ്പിക്കലും സുഗന്ധം പൂശലും ഹറാമാകുന്നു. സ്ത്രീയുടെ മുഖവും പുരുഷൻ്റെ തലയും മറക്കാനും പാടില്ല. കഫൻ തുണി വെളളയായിരിക്കലാണ് സുന്നത്ത്. കാരണം നിങ്ങൾ വെളള വസ്ത്രം ധരിക്കുകയും മയ്യിത്തുകൾ വെള്ള വസ്ത്രത്തിൽ കഫൻ ചെയ്യുകയും ചെയ്യുക. വസ്ത്രങ്ങളിലുത്തമം വെള്ളയാണെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്) കഫൻ പുടവയിൽ ബഹുമാനിക്കപ്പെട്ട ഖുർആൻ ആയത്തുകൾ മുതലായവ എഴുതൽ ഹറാമാകുന്നു. അപ്പോൾ തന്നെ മാഞ്ഞുപോകുന്ന വിധം വെള്ളം കൊണ്ടോ മറ്റോ എഴുതുന്നത് കൊണ്ട് വിരോധമില്ല. എന്നാൽ വന്ദിക്കപ്പെടേണ്ട പദങ്ങളിലല്ലാത്ത ദുആകളും മറ്റും എഴുതുന്നത് കൊണ്ട് വിരോധവും ഇല്ലെന്ന് മാത്രമല്ല. അങ്ങനെ  എഴുതി വെയ്ക്കുന്നത് ആവശ്യവും ഗുണകരവുമാണ്. പല മഹാന്മാരും അവരുടെ കഫൻ പുടവയിൽ എഴുതിവെയ്ക്കാൻ കൽപിച്ചതും അങ്ങിനെ ചെയ്ത‌തുമായ ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനായ ഖലീഫ ഉമർ ബിൻ ഖത്താബ്(റ) തൻ്റെ മകൻ അബ്‌ദുല്ലാഹിബ്നു ഉമറിനോട് അത്തരം ഒരെഴുത്ത് തന്റെ ഖബറിൽ വെയ്ക്കാൻവേണ്ടി വസിയ്യത്ത് ചെയ്‌തതും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സൂഫിവര്യനായ ഇമാം യാഫീ(റ) തങ്ങൾ എഴുതി തൻ്റെ കഫൻ പുടവയിൽ വെയ്ക്കാൻ വേണ്ടി കൽപിച്ച പദ്യം സുപ്രസിദ്ധമാണ്. തദ്സംബന്ധമായി അടുത്ത അധ്യായത്തിൽ കൂടുതൽ വിശദീകരിക്കാം. (ഇൻ)


പതിനാല്
മയ്യിത്ത് നിസ്കാരം

കുളിപ്പിച്ച് കഫൻ ചെയ്‌തു കഴിഞ്ഞാൽ പിന്നീട് നാം ചെയ്യേണ്ടത് മയ്യിത്തിൻ്റെ പേരിൽ നിസ്‌കരിക്കുകയാണ്. ഇതും "ഫർള് കിഫായ"യാകുന്നു. അതുകൊണ്ട് തന്നെ പ്രായ പൂർത്തിയും ബുദ്ധിയുമുള്ള ഒരു മുസ്ലിം മാത്രം മയ്യിത്തിൻ്റെ മേൽ നിസ്‌കരിച്ചാലും കടമ വീടുന്നതാണ്. പക്ഷെ ഒന്നിലധികം ആളുകൾ പങ്കെടുത്തുകൊണ്ടുള്ള നിസ്ക്കാരം മയ്യിത്തിനെ  സംബന്ധിച്ചിടത്തോളം വളരെ അനുഗ്രഹമാകുന്നു. മുസ്ലിം(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ നബി(സ)പറയുന്നു. അല്ലാഹുവിനോട് ഒരു വസ്തുവിനേയും പങ്കുചേർക്കാത്ത (മുസ്ലിംകൾ) നാൽപത് ആളുകൾ ഒരു മയ്യിത്തിൻ്റെ പേരിൽ നിസ്കരിച്ചാൽ ആ മയ്യിത്തിൻ്റെ കാര്യത്തിൽ ആ നാൽപതാളുകളുടെ ശുപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. ഇമാം ഹാകിം(റ) നിവേദനം ചെയ്‌ത ഒരു ഹദീസിൽ മനുഷ്യ പിതാവ് ആദംനബി(അ) ക്ക് മരണം ആസന്നമായ സന്ദർഭത്തിൽ മലക്കുകൾ സ്വർഗ്ഗത്തിൽ നിന്ന് കഫൻ തുണി സുഗന്ധ വസ്‌തു എന്നിവ കൊണ്ടുവരികയും മരണാനന്തരം താളി ഉപയോഗിച്ച് മൂന്നു പ്രാവശ്യം വെള്ളം കൊണ്ട് കുളിപ്പിക്കുകയും കഫൻ തുണികളുടെ എണ്ണം ഒറ്റയായ നിലയിൽ (മൂന്ന്, അഞ്ച്, ഏഴ്) അതിൽ പൊതിയുകയും മയ്യിത്തിന്റെ പേരിൽ നിസ്ക്കരിച്ച് ഖബർ കുഴിച്ച് മറവ് ചെയ്യുകയും ചെയ്‌ത ശേഷം ഇപ്രകാരമാണ് ആദം സന്തതികളുടെ ചര്യ അതുപോലെ നിങ്ങൾ ചെയ്യുക എന്ന് പറയുകയും ചെയ്തു എന്ന് പ്രസ്താവിച്ചിരിക്കുന്നു. ഈ ഹദീസ് വ്യത്യസ്‌തമായ പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഇന്ന് നാം ചെയ്‌തുവരുന്ന മരണാനന്തര ക്രിയകൾ മുൻ കഴിഞ്ഞ സമുദായങ്ങൾക്കും ഉണ്ടായിരുന്നുവെന്ന് മേൽ ഹദീസ് മനസ്സിലാക്കിത്തരുന്നു. പക്ഷേ മയ്യിത്ത് നിസ്ക്കാരം ഈ സമുദായത്തിൻ്റെ മാത്രം പ്രത്യേകതയാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായമനുസരിച്ച് മുൻ സമുദായക്കാരുടെ മയ്യിത്ത് നിസ്ക്കാരവും നമ്മുടെ മയ്യിത്ത് നിസ്ക്കാരവും രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഗ്രഹിക്കേണ്ടത്. തക്ബീർ, ഫാത്തിഹ, സ്വലാത്ത്, ദുആ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക രൂപത്തിലാണ് നമ്മോട് കൽപിക്കപ്പെട്ടിട്ടുളളത് എന്ന് സാരം. (തുഹ്ഫ 3/131)

ലളിതമായ ചടങ്ങുകളോട് കൂടി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർക്കുവാനും അതിമഹത്തായ പ്രതിഫലം വാഗ്ദ‌ാനം ചെയ്യപ്പെട്ടതുമായ ഒരു കർമ്മമാണ് മയ്യിത്ത് നിസ്ക്കാരം. ചെറുതും വലുതുമായ അശുദ്ധികൾ ഇല്ലാതിരിക്കുക. നിസ്ക്കരിക്കുന്ന സ്‌ഥലം, വസ്ത്രം, ശരീരം എന്നിവ നജസിൽ നിന്ന് ഒഴിവായിരിക്കുക, നഗ്‌നത മറയ്ക്കുക, ഖിബ്ല‌ക്ക് അഭിമുഖമായിരിക്കുക തുടങ്ങിയ സാധാരണ നിസ്‌കാരത്തിൻ്റെ  ശർത്തുകൾക്ക് പുറമെ മയ്യിത്ത് നിസ്‌കാരത്തിന് ചില പ്രത്യേക ശർത്തുകൾ കൂടിയുണ്ട്. നിസ്ക്കരിക്കുന്നതിനു മുമ്പ് മയ്യിത്തിനെ കുളിപ്പിച്ചിരിക്കുക, മയ്യിത്ത് സ്‌ഥലത്തുള്ളതാകുമ്പോഴും ഖബ്‌റിനടുത്തായിരിക്കുമ്പോഴും മയ്യിത്തിന്റെ പിന്നിൽ നിൽക്കുക. മയ്യിത്ത് മുന്നൂറ് മുഴത്തെക്കാൾ ദൂരം അകലാതിരിക്കുക, മയ്യിത്ത് വെച്ച സ്‌ഥലത്തു ചെന്ന് ചേരുക, മയ്യിത്തിനെ കാണുക എന്നിവയെ തടസ്സപ്പെടുത്തുന്ന  നിലയ്ക്കുള്ള മറവുണ്ടാകാതിരിക്കുക. എന്നിവയും ശർത്തുകളാകുന്നു. കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്ക്‌കരിക്കൽ അനുവദനീയമാണെങ്കിലും കഫൻ ചെയ്തു കഴിയുന്നതിനു മുമ്പ് നിസ്ക്കരിക്കൽ കറാഹത്താണെന്ന് “മിൻഹാജിൽ” രേഖപ്പെടുത്തിയിരിക്കുന്നു. മയ്യിത്തിൻ്റെ വസ്ത്രമാകുന്ന കഫൻ തുണിക്ക് ശുദ്ധിയുണ്ടായിരിക്കൽ നിസ്ക്കാരം കഴിയുന്നതുവരെയെങ്കിലും നിർബ ന്ധമാണ്. മണ്ണിടിഞ്ഞ് വീഴൽ, വെള്ളത്തിൽ മുങ്ങിപ്പോകൽ, കെട്ടിടം തകർന്ന് വീഴൽ തുടങ്ങിയ അപകടങ്ങളിൽപെട്ട് മരണമടഞ്ഞ മയ്യിത്തിനെ കുളിപ്പിക്കാനും തയമ്മം ചെയ്യാനും അസാദ്ധ്യമാകുന്ന പക്ഷം ആ മയ്യിത്തിൻ്റെ പേരിൽ നിസ്ക്കരിക്കൽ അനുവദനീയമല്ല. (മിൻഹാജ്)

മുസ്ലിമായ മയ്യിത്തിൻ്റെ പേരിൽ മാത്രമേ നിസ്കരിക്കാൻ പാടുളളൂ. യഥാർത്ഥ മുസ്ലിമെന്നാൽ ഇസ്ലാമിക തത്വങ്ങളെ മനസാ വാചാ കർമ്മണാ അംഗീകരിക്കുന്നവനാണ്. എന്നാൽ നമ്മുടെ മിക്ക നാടുകളിലും ജീവിത കാലത്ത് ഇസ്ലാമുമായി പേരു കൊണ്ടല്ലാതെ മറ്റൊരു ബന്ധവും ഇല്ലാത്ത ആളുകളെ മുസ്ലിംകളുടെ ഖബർ സ്ഥാനിൽ മറവു ചെയ്യുകയും അത്തരക്കാരുടെ പേരിൽ പള്ളികളിലെ ഇമാമുമാരുടെ നേതൃത്വത്തിൽ നിസ്ക്കരിക്കുകയും ചെയ്യുന്നു. യുക്തി വാദപ്രസ്ഥാനങ്ങളിലോ നിരീശ്വര നിർമ്മിത പ്രസ്ഥാനങ്ങളിലോ പ്രവർത്തിക്കുകയും അനുദിനം  മുർത്തദ്ദായി കൊണ്ടിരിക്കുന്ന (ഇസ്ലാമിൽ നിന്ന് പുറത്താകുന്ന) വാക്കുകളും  പ്രവർത്തനങ്ങളുമായി നടക്കുകയും ചെയ്യുന്നവരെ നമുക്ക് ഇസ്ലാമിൽ ഉൾപ്പെടുത്താനൊക്കുമോ? പേരു കൊണ്ടാരെങ്കിലും മുസ്ലിമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ ഫാദർ അലവിയെ പോലുളളവരും മിർസാഗുലാം അഹ്‌മദിനെയും അയാളുടെ അനുയായികളും മുസ്ലിംകളാണെന്ന് വിശ്വസിക്കാൻ നാം തയ്യാറാകുമോ? അത്തരക്കാർ കാഫിറുകളാണെന്ന് സംശയിക്കുന്നവർ പോലും ഇസ്ലാമിൽ നിന്ന് പുറത്താണെന്നാണ് ഇസ്ലാമിന്റെ സിദ്ധാന്തം. വിശ്വാസം കൊണ്ടാണ് ഒരാൾ മുസ്ലിമാകുന്നത്. വിശ്വാസമുള്ള തോടുകൂടി പ്രവർത്തനമില്ലാത്തവരെ നാം (ഉസ്വാത്തുൽ മുഅ്‌മിൻ) പാപിയായ വിശ്വാസികളുടെ കൂട്ടത്തിലാണ് എണ്ണുന്നത്. എന്നാൽ പാപിയായ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കാവുന്നതും അവരുടെ പേരിൽ മയ്യിത്ത് നിസ്ക്കരിക്കുന്നതും അനുവദനീയമാണെങ്കിൽ ഇസ്ലാമിൽ  വിശ്വാസമില്ലാത്തവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും മയ്യിത്ത് നിസ്ക്കരിക്കുന്നതും ഹറാമാണെന്ന് മാത്രമല്ല അത് ഇസ്ലാമിനു നേരെ നാം ഉയർത്തുന്ന വെല്ലുവിളി കൂടിയാണെന്ന് ഈ സന്ദർഭത്തിൽ ഉണർത്താൻ ആഗ്രഹിക്കുന്നു.

മയ്യിത്ത് ശഹീദാണെങ്കിലും നിസ്ക്കരിക്കാൻ പാടില്ല. ശഹീദിൻ്റെ മേലുള്ള നിസ്ക്കാരം ഹറാമാകുന്നു. (ഫത്ഹുൽ മുഈൻ) ശഹീദുകൾ രണ്ടു വിധമുണ്ട്. ഒന്ന്: ദുനിയാവിലും, ആഖിറത്തിലും ശഹീദിൻ്റെ പദവിയുള്ളവർ അത്തരക്കാരുടെ പേരിൽ മാത്രമേ മയ്യിത്ത് നിസ്ക്കാരം ഹറാമുള്ളൂ. ഇസ്ലാമിന് വേണ്ടി രണാങ്കണത്തിലിറങ്ങി വീരമരണം വരിച്ചവരാണ് ദുനിയാവിലും ആഖിറത്തിലും രക്ത സാക്ഷിയുടെ  സ്‌ഥാനമുളളവർ. രണ്ട്: പരലോകത്ത് മാത്രം ശഹീദിൻ്റെ പദവിയും പ്രതിഫലമുള്ളവരാണ്. വയറ് രോഗം പിടിച്ച് മരിച്ചവർ, വെള്ളത്തിൽ മുങ്ങിമരിച്ചവർ, മാറാവ്യാധികൾ പിടിപെട്ടു മരിച്ചവർ,  അഗ്നി ബാധയിൽപ്പെട്ടു മരിച്ചവർ, കെട്ടിടം തകർന്ന് വീണ് അതിന്നടിയിൽപ്പെട്ടു മരിച്ചവർ, പ്രസവ വേദനയാൽ മരിച്ചവൾ, സ്വശരീരത്തിൻ്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിനു വേണ്ടി മരിച്ചവർ, വിജ്ഞാന സമ്പാദനത്തിനിടയിൽ മരിച്ച വിദ്യാർത്ഥികൾ, വിഷബാധയേറ്റു മരിച്ചവർ എന്നിവർ യഥാർത്ഥ വിശ്വാസികളാണെങ്കിൽ അവർ പരലോക ശുഹദാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അവരുടെ പേരിൽ മയ്യിത്ത് നിസ്ക്കാരവും മറ്റു അനന്തരക്രിയകളും നിർബന്ധവുമാണ് (ഇഹ്‌യാ ഉലൂമി ദ്ദീൻ)

മയ്യിത്ത് നിസ്ക്കാരത്തിന് ശുദ്ധി മുന്തണമെന്ന് അഥവാ നിസ്ക്കാരത്തിന് മുമ്പ് മയ്യിത്തിനെ കുളിപ്പിച്ചിരിക്കണമെന്ന് പറഞ്ഞുവല്ലോ. എന്നാൽ നമ്മുടെ വേണ്ടപ്പെട്ടവർ അന്യനാടുകളിൽ വെച്ച് മരണപ്പെട്ട വിവരം നമുക്ക് ലഭിച്ചാൽ സാധാരണ അവരുടെ പേരിൽ നാം മയ്യിത്ത് നിസ്‌കരിക്കുന്ന പതിവുണ്ട്. എന്നാൽ അവർ മരണപ്പെട്ട സ്ഥലത്തുവെച്ച് അവരെ കുളിപ്പിച്ചു നിസ്‌കരിച്ചു എന്ന് നമുക്ക് വിവരം കിട്ടുകയോ നമുക്ക് ഉറപ്പ് ലഭിക്കുകയോ ചെയ്യാതെ നാം നിസ്ക്‌കരിച്ചാൽ ആ നിസ്‌കാരം സാധുവാകയില്ല. കാരണം മരണപ്പെട്ടുവെന്ന് നാം അറിഞ്ഞുവെങ്കിലും അതിൻ്റെ എത്രയോ ദിവസങ്ങൾ തന്നെ കഴിഞ്ഞ ശേഷമാവും മയ്യിത്ത് കുളിപ്പിച്ച് നിസ്ക്കരിച്ച് മറമാടുന്നത്. അങ്ങനെ വരുമ്പോൾ നമ്മുടെ നിസ്‌കരത്തിന് ശേഷമായിരിക്കും മയ്യിത്തിന് ശുദ്ധിയുണ്ടാകുന്നത്. ശുദ്ധി മുന്തുക എന്നത് മയ്യിത്ത് നിസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ശർത്തായതു കൊണ്ട് കുളിപ്പിച്ചുവെന്നോ തയമ്മം  ചെയ്‌തുവെന്നോ വിവരം ലഭിക്കാതെ നിസ്ക്‌കരിച്ചാൽ സാധുവാകുകയില്ലെന്ന് മനസ്സിലാക്കാം.


പതിനഞ്ച്
മയ്യിത്ത് നമസ്കാരത്തിൻ്റെ ഫർളുകൾ

മയ്യിത്ത് നിസ്ക്കാരത്തിൻ്റെ ഫർളുകൾ ഏഴാകുന്നു.
1. നിയ്യത്ത്: ഇത് എല്ലാ നിസ്‌കാരങ്ങൾക്കും ഫർളാകുന്നു. നിയ്യത്ത് കൊണ്ട് 
ആരാധനാകർമ്മങ്ങൾ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന നബി വചനത്തിൻ്റെ അടിസ്ഥാനത്തിലാണിത് ഫർളാക്കപ്പെട്ടത്. മയ്യിത്ത് മുന്നിൽ വെച്ചോ ഖബ്റിന്നടുത്ത് വെച്ചോ നിസ്കരിക്കുമ്പോൾ أصَلِّي فَرْضَ عَلى هذ المَيِّتِ اللَّهِ تَعَالي *
(ഉസല്ലീ ഫർള അലാ ആദൽ മയ്യത്തി ലില്ലാഹിതആല)  സാരം:ഈ മയ്യിത്തിൻ്റെ മേൽ നിർവ്വഹിക്കേണ്ട ഫർള് നിസ്‌കാരം അല്ലാഹുവിന് വേണ്ടി ഞാൻ നിർവ്വഹിക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക. അഥവാ ഈ മയ്യിത്തിൻ്റെ മേൽ നിർവ്വഹിക്കപ്പെടേണ്ട ഫർളാക്കപ്പെട്ട നിസ്ക‌ാരം ഞാൻ നിസ്ക്‌കരിക്കുന്നു എന്ന് മനസ്സിൽ കരുതുക. ഇമാമോടൊപ്പമാണ് നിസ്‌കരിക്കുന്നതെങ്കിൽ ഇമാമോടുകൂടി എന്നും ചേർത്ത് കരുതേണ്ടതാണ്. മയ്യിത്തിൻ്റെ പേര് നിജപ്പെടുത്തേണ്ടതും വ്യക്തി പരമായി അവനെ അറിഞ്ഞിരിക്കേണ്ടതുമാണ്. മറഞ്ഞ മയ്യിത്തിൻ്റെ മേലിൽ നിസ്ക‌രിക്കുമ്പോൾ വ്യക്തിപരമായി അറിയേണ്ടതില്ലെങ്കിലും പേരുകൊണ്ടോ മറ്റു അടയാളങ്ങൾ കൊണ്ടോ മയ്യിത്തിനെ നിജപ്പെടുത്തൽ ആവശ്യമാണ്. മുമ്പിലില്ലാത്ത മയ്യിത്തി ൻ്റെ മേൽ സംഘടിതമായി നിസ്‌കരിക്കുമ്പോൾ ഇമാം നിസ്ക‌രിക്കുന്ന മയ്യിത്തിന്റെ പേരിൽ ഞാൻ നിസ്‌കരിക്കുന്നുവെന്ന് കരുതിയാൽ മതി. ഈ നിയ്യത്ത് നിസ്കാരത്തിൽ ആരംഭിക്കുന്നതിൻ്റെ മുമ്പ് തക്‌ബീറിനോട് യോചിച്ചു കൊണ്ടിരിക്കൽ നിർബന്ധമാകുന്നു. മറ്റു നിയ്യത്തുകളെ പോലെ ഇവിടെയും മനസ്സിൽ കരുതൽ നിർബന്ധവും നാവു കൊണ്ട് പറയൽ സുന്നത്തുമാകുന്നു. നിയ്യത്ത് നമുക്കറിയുന്ന ഏത് ഭാഷയിലായിരുന്നാലും വിരോധമില്ല. മയ്യിത്ത് സ്ഥലത്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒന്നിൽ കൂടുതൽ മയ്യിത്തിൻ്റെ പേരിൽ നിസ്ക്‌കരിക്കാം. നിയ്യത്ത് ചെയ്യുമ്പോൾ എല്ലാറ്റിനേയും കരുതണമെന്ന് മാത്രം. വെവ്വേറെ നിസ്ക്കരിക്കലാണ് ഏറ്റവും ഉത്തമം.

2. നിൽക്കാൻ കഴിവുള്ളവൻ നിന്നു കൊണ്ടു തന്നെ നിസ്‌കരിക്കുക.

3. ആകെ നാല് തക്‌ബീർ ചൊല്ലുക. നാലിൽ കൂടുതൽ തക്‌ബീർ ഒരാൾ ചൊല്ലി എന്ന കാരണത്താൽ അയാളുടെ നിസ്‌കാരം നിഷ്‌ഫലമാവുകയില്ല. പക്ഷെ നാല് തക്‌ബീർ ചൊല്ലലാണ് ഫർള്. അതിൽ കൂടുതൽ ചൊല്ലൽ സുന്നത്തും ഇല്ല. നജാശി രാജാവ് മരണ മടഞ്ഞപ്പോൾ നബി(സ)തങ്ങൾ സ്വഹാബികളെയെല്ലാം ഒരുമിച്ചു കൂട്ടി മയ്യിത്ത് നിസ്ക്‌കരിച്ചു. അതിൽ നബി(സ) നാലു തക്‌ബീർ ചൊല്ലുകയുണ്ടായി.  നജാശി രാജാവിൻ്റെ മരണം വരെ മയ്യിത്ത് നിസ്‌കാരത്തിൽ നബി(സ)തങ്ങൾ നാലും അഞ്ചും ചിലപ്പോൾ അതിൽ കൂടുതലും തക്‌ബീർ ചൊല്ലാറുണ്ടായിരുന്നു. നജാശിയുടെ മരണ വാർത്തയറിഞ്ഞപ്പോൾ അവിടുന്ന് നിസ്‌കാര സ്ഥലത്തേക്ക് പുറപ്പെടുകയും നാലു തക്‌ബീർ ചൊല്ലി നിസ്‌കരിക്കുകയും ചെയ്‌തു. അതിനു ശേഷം വഫാത്ത് വരെ നബി(സ) തങ്ങൾ നാലിൽ കൂടുതൽ തക്‌ബീർ ചൊല്ലിയിട്ടില്ല. (ഇസ്‌തിദ്‌കാർ) തക്‌ബീറുകൾ നാലെണ്ണമാണെന്ന കാര്യത്തിൽ മദ്ഹബിൻ്റെ പണ്ഡിതന്മാർക്കിടയിൽ പോലും ഒരഭിപ്രായവ്യത്യാസവുമില്ല.

4. ആദ്യത്തെ തക്‌ബീരിന് ശേഷം ഫാത്തിഹ സൂറത്ത് ഓതുക. എന്നാൽ മറ്റു നിസ്കാരങ്ങളെപ്പോലെ ഫാത്തിഹക്ക് മുമ്പ് 'ദുആ ഉൽഇഫ്‌തിതാഹും' ഫാതിഹക്ക് ശേഷം സൂറത്ത് ഓതലും ഈ നിസ്കാരത്തിൽ സുന്നത്തില്ല. ബിസ്‌മിക്ക്‌ മുമ്പ് അഊദു ഓതലും ശേഷം ആമീൻ പറയലും സുന്നത്ത് തന്നെ. ഫാത്തിഹ ഒന്നാം തക്ബീരിനു ശേഷം തന്നെയാവൽ നിർബന്ധമൊന്നുമില്ല എന്നാണ് പ്രബലമായ അഭിപ്രായമെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ പരിഗണിച്ചത് കൊണ്ട് ഒന്നാം തക്‌ബീറിന് ശേഷം തന്നെ ഓതുകയാണ് വേണ്ടത്.
 
5. രണ്ടാം തക്ബീറിന് ശേഷം നബി(സ)യുടെ മേലിൽ സ്വലാത്ത് ചൊല്ലുക. സ്വലാത്ത് രണ്ടാം തക്‌ബീറിന് ശേഷം തന്നെയായിരിക്കൽ നിർബന്ധമായത് കൊണ്ട് മറ്റേതെങ്കിലും തക്‌ബീറുകൾക്ക് ശേഷം സ്വലാത്ത് ചൊല്ലിയാൽ മതിയാവുകയില്ല. സ്വലാത്തിന്റെ രൂപം താഴെ ചേർക്കും വിധമാണ്.

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ * اللَّهُمَّ صَلَّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آل سَيّدِنَا مُحَمَّدٍ اللَّهُمَّ صَلَّ عَلَى مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلي سَيِّدِنَا مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ * اللَّهُمَّ اغْفِرْ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ *

(അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. അല്ലാഹുമ്മ സ്വല്ലിവസല്ലിം അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലി സയ്യിദിനാ മുഹമ്മദിൻ. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദി കമാസ്വല്ലെത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീമ വബാരിക് അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലി മുഹമ്മദിൻ കമാ ബാറക്‌ത അലാ ഇബ്റാഹീമവഅലാ ആലി ഇബ്റാഹീമ ഫിൽ ആലമീന ഇന്നക്ക ഹമീദുൻ മജീദ്, അല്ലാഹുമ്മ ഇഗ്‌ഫിർലിൽ മുഅ്‌മിനീന വൽ മുഅ്‌മിനാത്ത്)

സാരം: ലോകരക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും നബി തിരുമേനിയുടെയും കുടുംബത്തിൻ്റെയും മേൽ നീ സ്വലാത്തും സലാമും (അനുഗ്രഹവും രക്ഷയും) വർഷിക്കേണമേ. അല്ലാഹുവേ! ഇബ്രാഹിം നബിയുടേയും കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ മുഹമ്മദ് നബിയുടെയും കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹം ചൊരിയേണേ. ലോക ജനതയിൽ വെച്ച് ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും മേൽ നീ ബർക്കത്ത് വർഷിച്ചതു പോലെ മുഹമ്മദ് നബിയുടെയും കുടുംബത്തിൻ്റേയും മേലും നീ ബർക്കത്ത് വർഷിക്കേണമേ. തീർച്ചയായും നീ സ്‌തുതിക്കപ്പെട്ടവനും മഹത്വമുള്ളവനുമാണ്. അല്ലാഹുവേ! സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കേണമേ.!

സാധാരണ നിസ്കാരത്തിൽ അത്തഹിയ്യാത്തിന് ശേഷമുള്ള സ്വലാത്ത് തന്നെയാണ് ഇതെങ്കിലും സ്വലാത്തിന് മുമ്പ് ഹംദും, ശേഷം മുഅ്‌മിനുകൾക്ക് വേണ്ടി ദുആ ചെയ്യലും സുന്നത്താകയാൽ അവ കൂടി കൂട്ടി ചൊല്ലേണ്ടതാണ്. (തുഹ്ഫ, ഫത്ഹുൽ മുഈൻ)

6. മൂന്നാം തക്ബീറിന് ശേഷം മയ്യിത്തിന്‌ വേണ്ടി പ്രത്യേകം ദുആ ചെയ്യുക. ഈ ദുആ മൂന്നാം തക്‌ബീറിന് ശേഷം തന്നെയാവേണ്ടതാണ്. ദുആയുടെ ചുരുങ്ങിയ രൂപം “അല്ലാഹുമ്മ ഇഗ്‌ഫിർ ലഹു വർഹംഹു" എന്ന് മതിയാകുമെങ്കിലും പൂർണ്ണരൂപം താഴെ ചേർക്കും പ്രകാരമാണ്.

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَاعْفُ عَنْهُ وَعَافِهِ وَأَكْرِمْ نُزلَهُ وَوَسعْ مَدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ وَابْدِلَهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِّنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَادْخِلُهُ الْجَنَّة وَاعِدْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ النَّارِ*

(അല്ലാഹുമ്മഗ്‌ഫിർലഹു വർഹംഹു വഅഫു അൻഹു വഅക്‌രിം നുസുലുഹു വവസ്സിഅ് മദ്‌ഖലഹു വഅഗ്‌സിൽഹുബിൽമാഇ വസ്സൽജി വൽബർദി വനഖിഹീ മിനൽഖതായ കമായുനകസ്സൗബുൽ അബ്‌യളു മിനദ്ദനസി വഅബ്‌ദിൽഹു ദാറൻ ഖൈറൻ മിൻ ദാരിഹീ വഅഹ്ലൻ ഖൈറൻ മിൻ അഹ്ലിഹീ വസൗജൻ ഖൈറൻ മിൻ സൗജിഹീവജീറാനൻ ഖൈറൻ മിൻ ജീറാനിഹീ വഅദ്‌ഖിൽഹുൽ ജന്നത്ത വഅഇദുഹു മിൻ അദാബിൽ ഖബ്‌രി വഫിത്നതിഹീ വമിൻ അദാബിന്നാർ)

സാരം: അല്ലാഹുവെ! നീ ഈ വ്യക്തിക്ക് മാപ്പുനൽകുകയും കരുണ ചൊരിയുകയും, മോക്ഷപ്പെടുത്തുകയും ആളുടെ വാസ സ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിൻപഴം കൊണ്ടും കുളിപ്പിക്കുകയും ശുദ്ധവസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ. സ്വത്തിനേക്കാൾ നല്ല വീടിനേയും, കുടുംബാദികളെക്കാൾ നല്ല കുടുംബത്തെയും, ഇണകളിൽ വെച്ചേറ്റവും നല്ല ഇണകളെയും പ്രതിഫലം നൽകേണമേ ഇവരെ സ്വർഗ്ഗത്തിൽക്കടത്തുകയും കുഴിമാടത്തിലെ ശിക്ഷകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ.

മയ്യിത്തിന് വേണ്ടിയുള്ള വിവിധ പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്. ഔഫ്ബിൻ മാലിക്(റ)വിനെ തൊട്ട് ഇമാം മുസ്ലിം നിവേദനം ചെയ്‌തതും ഏറ്റവും സമ്പൂർണ്ണമായ ദുആയാണ് മുകളിൽ ചേർത്തത്. പ്രസ്തുത ദുആ പുരുഷനായ മയ്യിത്തിനെ പരിഗണിച്ചതാകയാൽ. മയ്യിത്ത് സ്ത്രീയാണെങ്കിൽ 'ഹി' എന്ന് ഉപയോഗിച്ച സ്‌ഥലങ്ങളിലൊക്കെ (ഫിത്നത്തിഹി എന്നിട ത്തൊഴികെ) 'ഹാ' എന്നാണ് ചൊല്ലേണ്ടത്. ആണിനും പെണ്ണിനും 'ഹി' എന്ന പദം ഉപയോഗിക്കുന്നത് കൊണ്ട് വിരോധവും ഇല്ല. മയ്യിത്ത് പ്രായപൂർത്തിയെത്താത്ത കുട്ടിയാണെങ്കിലും അവൻ്റെ മാതാപിതാക്കൾ യഥാർത്ഥ മുസ്ലിംകളാണെങ്കിലും ഇപ്രകാരം കൂടി ചൊല്ലണം.

اللَّهُمَّ اجْعَلْهُ فَرَطًا لِأَبَوَيْهِ وَسَلَّفَا وَدُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا وَثَقِلْ بِهِ مَوَازِينَهُمَا وَأَفْرِغ الصَّبْرَ عَلى قلوبهما ولا تَفْتِنَهُمَا بَعْدَهُ وَلَا تَحْرِمْنَا أَجْرَهُ 

(അല്ലാഹുമ്മ ഇജ്അൽഹു ഫറതൻ ലി അബവയ്ഹി വസല ഫൻ വദുഖ്റൻ വളളത്തൻ വഹ്തിബാറൻ വസഫീഹൻ വസഖിൽ ബിഹി മവാസീനഹുമാ വഅഫ്‌രിഗിസബ് അലാ ഖുലൂബിഹിമാ വലാ തഫ്ത്തിൻഹുമാ ബഹ്‌ദഹു വലാ തഹ്‌രിംഹുമാ അജ്റഹു)

സാരം: അളളാഹുവേ ഈ കുട്ടിയെ അവൻ്റെ മാതാപിതാക്കൾക്ക് പരലോകത്തേക്കുളള ഒരു സൂക്ഷിപ്പു സ്വത്തും ഓരു മുൻഗാമിയും പാഠവും, സദുപദേശവും, ഒരു ശുപാർശകനുമെല്ലാമാക്കേണമേ. ഈ കുട്ടി കാരണമായി അവരുടെ തുലാസുകളെ നീ ഭാരമാക്കുകയും അവരുടെ ഹൃദയത്തിൽ നീ ക്ഷമ വർഷിപ്പിച്ചു കൊടുക്കുകയും ഇവന്റെ പ്രതിഫലത്തെ അവർക്ക് നീ തടയാതിരിക്കുകയും ഇവന് ശേഷം നീ അവരെ നാശത്തിലാക്കാതിരിക്കുകയും ചെയ്യേണമേ! 

എന്നാൽ മയ്യിത്ത് നിസ്‌കരിക്കപ്പെടുന്ന കുട്ടി ജാരസന്താനമാണെങ്കിൽ അവൻ മാതാവിന് വേണ്ടി മാത്രമെ പ്രാർത്ഥിക്കേണ്ടതുള്ളൂ. ആദ്യം പറഞ്ഞ ദുആ ചൊല്ലിയ ശേഷം മറ്റു ഹദീസുകളിൽ വന്നതനുസരിച്ച്

اللَّهُمَّ اغْفِرْ لِحَيْنَا وَمَيِّتِنَا وَلِشَاهِدِنَا وَلِغَائِينَا وَصَغِيرِنَا وَكَبيرنَا وَذَكَرَنَا وَأَنْتَانَا اللَّهُمَّ مَنْ أحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الاسلام وَمَنْ تَوَفَّيْتَهُ مِنَّا فَتَوَقَهُ عَلَى اللإِيمَانِ 

(അല്ലാഹുമ്മ ഇഗ്‌ഫിർലിഹയ്യിനാ വമയ്യിത്തിനാ വശാഹിദിനാ വഗായിബിനാ വസഗീറി നാ വകബീറിനാ വദകറിനാ വളൻസാനാ അല്ലാഹുമ്മ മൻ അഹ്‌യയ്‌തഹു മിന്നാ ഫഅഹ്‌യിഹി അലൽ ഇസ്ലാമി വമൻ തവഫയ്‌തുഹു മിന്നാ വതവഫ്‌ഫഹു അലൽ ഈമാൻ)

സാരം: അല്ലാഹുവെ! ഞങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കും, മരിച്ചവർക്കും, ഹാജരുളളവർക്കും, മറഞ്ഞവർക്കും, ചെറിയവർക്കും, വലിയവർക്കും, പുരുഷന്മാർക്കും, സ്ത്രീകൾ ക്കും നീ പൊറുക്കേണമെ! ഞങ്ങളിൽ ജീവിച്ചിരിക്കുന്നവരെ ഇസ്ലാമിൻ്റെ മാർഗ്ഗത്തിൽ ജീവിപ്പിക്കുകയും മരിക്കുന്നവരെ ഈമാനോട് കൂടി മരിപ്പിക്കുകയും ചെയ്യേണമെ എന്നും.

اللهُمَّ هذا عَبْدُكَ وَابْنُ عَبِيدُكَ خَرَجَ مِنْ رَوْحِ الدُّنْيَا وَسَعَتِهَا وَمَحْبُوبُهُ وَأحِبَّانُهُ فِيهَا إِلَى ظُلْمَةِ القَبْرِ وَمَا هُوَ لَأَقِيهِ كَانَ يَشْهَدُ أن لا إلهَ إِلَّا أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ وَانْتَ أَعْلَمُ بِهِ مِنَّا*

(അല്ലാഹുമ്മഹാദാഅബ്‌ദുക വഇബ്‌നു അബീദുക ഖറജമിൻ റൗഹിദ്ദുൻയാ വസഹതി ഹാ വമഹ്ബൂബിഹി വഅഹിബ്ബാഹുഹു ഫീഹാ ഇലാ ളുൽമത്തിൽ ഖബ്‌രി വമാഹുവാ ലാഖീഹി കാന യഷ്ഹദു അൻ ലാഇലാഹ ഇല്ലാ അൻത വഅന്നമുഹമ്മദൻ അബ്ദുക വറസൂലുക വഅൻത അഅ്ലമു ബിഹീ മിന്നാ)

സാരം: അല്ലാഹുവെ! ഇയാൾ നിൻ്റെ ഒരടിമയും രണ്ടടിമകളുടെ മകനുമാണ്. ഈ ഐഹിക ലോകത്തിൻ്റെ സുഖാനന്ദങ്ങളിൽ നിന്നും വിശാലതയിൽ നിന്നും സ്നേഹിതന്മാരിൽ നിന്നും ഇഷ്ട്‌ വസ്‌തുക്കളിൽ നിന്നും ഖബ്റിൻ്റെ ഇരുട്ടറയിലേക്കും അദ്ദേഹം കണ്ടുമുട്ടാനിടയുള്ള മറ്റു കാര്യങ്ങളിലേക്കും ഇയാളിതാ പുറപ്പെട്ടു കഴിഞ്ഞു. ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി(സ) തങ്ങൾ നിൻ്റെ അടിമയും റസൂലുമാണെന്നും ഇയാൾ സാക്ഷ്യം വഹിച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് ഞങ്ങളേക്കാൾ കൂടുതൽ അറിയുന്നവൻ നീയാണ് എന്നുകൂടി ചൊല്ലൽ സുന്നത്താകുന്നു.

7. രണ്ട് സലാം വീട്ടുക സാധാരണ നിസ്‌കാരത്തിന് സലാംവീട്ടുന്നതിനേക്കാൾ 'വബറക്കാത്തുഹു' എന്നു കൂടി പറയൽ സുന്നത്തുണ്ട്. നാലാം തക്‌ബീറിന്  ശേഷമാണ് സലാം വീട്ടേണ്ടത്. തക്‌ബീർ ചൊല്ലി കഴിഞ്ഞത്
 
اللَّهُمَّ لَا تحرِّمْنَا أَجْرَهُ وَلَا تَفْتِنَّا بَعْدَهُ وَاغْفِرْلَنَا وَلَهُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ എന്ന് ചൊല്ലിയ ശേഷമെ സലാം വീട്ടാവൂ

(അല്ലാഹുമ്മ ലാ തുഹർരിംനാ അജ്‌റഹു വലാതഫ്ത്തിന്നാ ബഅദഹു വഗ്ഫിർലനാ വലഹു റബ്ബനാ ആത്തിനാ ഫിദ്ദുൻയാ ഹസനത്തൻ വഫിൽ ആഖിറത്തി ഹസനത്തൻ വഖിനാ അദാബന്നാർ)

സാരം: അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ നിസ്‌കരിച്ചതിൻ്റെ പ്രതിഫലത്തെ ഞങ്ങൾക്ക് നീ തടയരുതേ! അദ്ദേഹത്തിന് ശേഷം ഞങ്ങളെ നീ നാശത്തിലാക്കരുതേ! അയാൾക്കും ഞങ്ങൾക്കും നീ പൊറുക്കേണമെ!ഐഹിക ലോകത്തെ ഗുണങ്ങളെയും പര ലോകത്തെ ഗുണങ്ങളെയും ഞങ്ങൾക്ക് നീ നൽകേണമെ!. (അദ്കാറുന്നവവി) 

മയ്യിത്ത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും നിസ്കാരം നിർവ്വഹിക്കേണ്ടത് പുരുഷന്മാരാകുന്നു. പുരഷന്മാരുള്ളപ്പോൾ സ്ത്രീകൾ നിസ്‌കരിച്ചാൽ അത് കൊണ്ട് കടമ വീടുകയില്ല. പുരുഷന്മാരും ആൺ  കുട്ടികൾ പോലും സ്‌ഥലത്തില്ലെങ്കിൽ സ്ത്രീക ൾ നിസ്കരിക്കേണ്ടത് അനിവാര്യമാണ്. മയ്യിത്ത് നിസ്ക്കാരത്തിന് ഇമാമത്ത് നിൽക്കാൻ കടപ്പെട്ടത് മയ്യിത്തിൻ്റെ അടുത്ത കുടുംബങ്ങളാണ്. അത്തരക്കാരാരും ഇല്ലെങ്കിൽ മാത്രമെ മറ്റുളളവർ ഇമാമാകേണ്ടതുളളു. ഇമാമത്ത് നിൽക്കുന്നതിൽ മയ്യിത്തിന്റെ സന്താനങ്ങളേക്കാൾ അർഹതയുള്ളത് പിതാവിനാകുന്നു. മക്കൾക്ക് പിതാവിനോടുളള സ്നേഹാദരങ്ങളെക്കാൾ കൂടുതൽ വാൽസല്യം പിതാക്കൾക്ക് മക്കളോടാണുണ്ടാവുക എന്നത് സ്മരണീയമാണ്. (ശർവാനി)

മയ്യിത്ത് നിസ്ക്കാരം ഒരിക്കൽ നിർവ്വഹിച്ചാൽ വീണ്ടും നിസ്ക്‌കരിക്കൽ സുന്നത്തില്ല. നിസ്ക്കാരം പള്ളിയിൽ വെച്ച് നടത്തലാണ് സുന്നത്ത്. പക്ഷെ മയ്യിത്തിൽ നിന്ന് രക്തം മുതലായവ പുറത്ത് വന്ന് പള്ളി നജസാകുമെന്ന് തോന്നുന്ന പക്ഷം പള്ളിയിൽ വെച്ച് നിസ്കരിക്കാൻ പാടില്ലാത്തതാണ്. പ്രവാചകരുടെ കാലത്ത് പലപ്പോഴും മയ്യിത്ത് നിസ്കാരം പള്ളിയിൽ വെച്ചായിരുന്നു നിർവ്വഹിച്ചിരുന്നത് എന്ന് പ്രബലങ്ങളായ ഹദീസുകളിൽ കാണുന്നു. സിദ്ദീഖുൽ അക്‌ബറിൻ്റെ മയ്യിത്ത് നിസ്‌കാരം അനേകം സഹാബികളോട് കൂടി ഉമറുൽ ഫാറൂഖിൻ്റെ നേതൃത്വത്തിൽ പള്ളിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. (തുഹ്ഫ)

മയ്യിത്ത് നിസ്ക‌ാരത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കേണ്ടതാകുന്നു. പക്ഷെ മയ്യിത്തിൻ്റെ ഏറ്റവും അടുത്ത കുടുംബാദികൾ പോലും മയ്യിത്തിന്റെ കൂടെ പോയി നിസ്‌കാര സന്ദർഭങ്ങളിൽ പള്ളിയുടെ മുറ്റത്തും മറ്റും തൂങ്ങി തിരിഞ്ഞ് നിൽക്കുകയും ഏറ്റവും ഉത്തരവാദിത്വപ്പെട്ട പ്രസ്‌തുത കർമ്മം നിർവ്വഹിക്കാൻ പള്ളിയിലെ ഇമാമിനെനും മുക്രിയെയും ഏൽപ്പിക്കുകയും ചെയ്യുന്ന കാഴ്‌ച ഇന്ന് പുത്തരിയല്ല. മയ്യിത്തിന്‌ വേണ്ടി കുറഞ്ഞ സമയം കൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഒരു ഉപകാരത്തിൽ നിന്നും നാം നിസ്സാരമായ കാരണങ്ങൾ പറഞ്ഞ്  പിന്തിരിയുന്നത് എത്രമാത്രം നന്ദികേടും വിവരദോഷവുമാണെന്ന് നാം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 


പതിനാറ്
മയ്യിത്ത് നിസ്കാരം എങ്ങനെ? ?

സ്വന്തം മാതാപിതാക്കളുടെയും സന്താനങ്ങളുടെയും മയ്യിത്ത് നിസ്‌കാരത്തിനും മറ്റു പരിപാലന കർമ്മങ്ങൾക്കും നേതൃത്വം നൽകേണ്ട ഉത്തരവാദിത്വപ്പെട്ട ആളുകൾ മറ്റാരെങ്കിലും ചെയ്യട്ടെ എന്ന നിഗമനത്തോടെ മാറി നിൽക്കുന്നതിന് വ്യത്യസ്തങ്ങളായ ന്യായീകരങ്ങൾ കണ്ടെത്തുമെങ്കിലും എങ്ങനെ മയ്യിത്ത് നിസ്‌കരിക്കണമെന്നും, മയ്യിത്ത് പരിപാലനത്തിൻ്റെ പ്രാഥമിക വശങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാത്തതാണ് മുഖ്യമായ കാരണം. അറിവില്ലാത്ത കാര്യങ്ങൾ അറിയുന്നവരോട് ചോദിച്ച് പഠിക്കാൻ അത്തരക്കാരായ ആളുകളെ അവരുടെ ദുരഭിമാനവും മറ്റു ഭൗതിക പദവികളും തടഞ്ഞു നിറുത്തുന്നു എന്നതും വാസ്തവമാണ്.

വളരെ ലളിതമായ ചടങ്ങുകളാണ് മയ്യിത്ത് നിസ്‌കാരത്തിനുള്ളത്. ആദ്യമായി മേൽ പറഞ്ഞ പ്രകാരം നിയ്യത്ത് ചെയ്‌ത്‌ 'അല്ലാഹു അക്‌ബർ' എന്ന് പറഞ്ഞ് കൈ കെട്ടുക. ശേഷം ഫാത്തിഹ സൂറത്ത് ഓതുക. വീണ്ടും കൈ അഴിച്ച് അല്ലാഹു അക്‌ബർ എന്ന് ചൊല്ലി കൈ കെട്ടി നബി(സ) തങ്ങളുടെ പേരിൽ മുമ്പ് പറഞ്ഞ സ്വലാത്ത് ചൊല്ലുക. മൂന്നാമതും കൈ അഴിച്ച് അല്ലാഹു അക്ബർ ചൊല്ലി കൈ കെട്ടി മയ്യിത്തിന്റെ പേരിലുളള പ്രത്യേക ദുആ ചൊല്ലുക. നാലാമതും കൈ അഴിച്ച് അല്ലാഹു അക്‌ബർ ചൊല്ലി കൈ കെട്ടി മുമ്പ് പറഞ്ഞ ദുആ ചൊല്ലി സലാം വീട്ടുക. ഇത്രയും കാര്യങ്ങൾ കൊണ്ട് പരിപൂർണ്ണ നിലയിലുള്ള മയ്യിത്ത് നിസ്‌കാരമായി. ഇമാമും മറ്റുള്ളവരും ഫാത്തിഹ, സ്വലാത്ത്, ദുആ മുതലായവ പതുക്കെയാണ് ഓതേണ്ടത്. തക്‌ബീർ സലാം എന്നിവ ഉറക്കെയുമാണ് ചൊല്ലേണ്ടത്. ഇതിന് രാത്രി പകൽ എന്ന് വ്യത്യാസമില്ല.  ഒറ്റയ്ക്കൊരാൾ നിസ്‌കരിച്ചാലും കടമ വീടുമെന്ന് മുമ്പ് പറഞ്ഞുവല്ലോ. എങ്കിലും ജമാഅത്തായി നിസ്ക്‌കരിക്കുന്നതും അതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതും പ്രത്യേകം സുന്നത്താകുന്നു. നാല്പതാളുകൾ പങ്കെടുക്കുന്ന നിലയ്ക്ക് ജമാഅത്ത യി നിസ്ക‌രിച്ചാൽ അത് മയ്യിത്തിനെ സംബന്ധിച്ചിടത്തോളം വളരെ പുണ്യം തന്നെ. മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്‌ത്‌ കഴിഞ്ഞാൽ വേഗം നിസ്‌കരിച്ച് ഖബറടക്കുകയാണ് വേണ്ടത്. എന്നാൽ അൽപ സമയം കാത്തുനിന്നാൽ നാല്‌പത്‌ ആളുകളോ അതിൽ കൂടുതലോ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുക്കുമെന്ന് കണ്ടാൽ അൽപസമയം കൂടി ഖബറടക്കാതെ കാത്തു നിൽക്കുന്നത് നല്ലതാണ്. (മുഗ്‌നി 361). ഒരു മുസ്ലിമിന് മൂന്ന് സ്വഫ്ഫ്- ആളുകൾ മയ്യിത്ത് നിസ്‌കരിച്ചാൽ അക്കാരണത്താൽ അവന് സ്വർഗ്ഗം നിർബന്ധമായി എന്ന് നബി(സ) പ്രസ്‌താവിച്ചതായി ഇമാം ഹാകിം(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിലുണ്ട്. ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സ്വഫ്ഫായി നിൽക്കൽ സുന്നത്താകുന്നു. ഒരോ സ്വഫ്ഫിലും രണ്ടാളുകളെങ്കിലും ഉണ്ടായിരിക്കണം. നിസ്കരിക്കാൻ വേണ്ടി മയ്യിത്ത് വെയ്ക്കുമ്പോൾ തല വടക്ക് ഭാഗത്തേക്കും കാൽ തെക്ക് ഭാഗത്തേക്കും വരുന്ന ക്രമത്തിലാണ് വെയ്ക്കേണ്ടത്. മയ്യിത്ത് പുരുഷനാണെങ്കിൽ ഇമാം മയ്യിത്തിൻ്റെ തലയുടെ ഭാഗത്തും  സ്ത്രീയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗത്തുമാണ് നിൽക്കേണ്ടത്. ഇങ്ങനെ നിൽക്കുന്നതിൻ്റെ പിന്നിൽ വളരെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മയ്യിത്ത് നിസ്ക്‌കാരം ജമാഅത്തായി നിർവ്വഹിക്കുമ്പോൾ വളരെ കാര്യങ്ങൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്സാരമായ അശ്രദ്ധ മൂലം പെട്ടെന്ന് ബാത്വിലായിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്! ജമാഅത്തായി നിസ്‌കരിക്കുമ്പോൾ മഅ്‌മൂമുകൾ ഇമാമിനേക്കാൾ നിറുത്തത്തിൽ മുന്താതിരിക്കുക. തക്‌ബീറിൽ പിന്താതിരിക്കുക. എന്നിവ നിർബന്ധമാണ്. മയ്യിത്ത് നിസ്‌കാരത്തിലെ ഓരോ തക്‌ബീറിന് മറ്റു സാധാരണ നിസ്‌കാരത്തിൻ്റെ ഒരു റക്അത്തിൻ്റെ സ്ഥാനമാണുള്ളത്. ആകയാൽ കാരണം കൂടാതെ ഇമാമിനെക്കാൾ ഒരു തക്‌ബീർ മുന്തിയാലും പിന്തിയാലും നിസ്കാരം ബാത്വിലാകുന്നതാണ്. ഇമാമോടു കൂടി ഒരുമിച്ച് നിസ്ക്‌കാരം ആരംഭിച്ച ആൾ ഫാത്തിഹ മറന്നതിനാലോ മറ്റോ പിന്തുകയും ഫാത്തിഹ പൂർത്തിയാക്കുന്നതിനു മുമ്പ് ഇമാം അടുത്ത് തക്‌ബീർ ചൊല്ലിയാൽ ഫാത്തിഹ അവസാനിപ്പിക്കാതെ ഇമാമോടൊപ്പം തക്ബീർ ചൊല്ലിയാലും നിസ്‌കാരം ബാത്വിലാവുന്നതാണ്. ഇമാം നിസ്കാരം ആരംഭിച്ചതിനു ശേഷം വന്ന് തുടർന്ന ആളാണെങ്കിൽ സാധാരണ നിസ്കാരങ്ങളിലെ മസ്ബൂഖിനെപ്പോലെ പ്രവർത്തിക്കണം. ഇമാം ഫാത്തിഹ ഓതിക്കൊണ്ടിരിക്കെ ഒരാൾ വന്ന് തക്ബീർ ചൊല്ലി ഉടൻ തന്നെ ഇമാം അടുത്ത തക്‌ബീറിൽ പ്രവേശിച്ചാൽ ഇമാമിനോടൊപ്പം അയാളും അടുത്ത തക്‌ബീറിലേക്ക് പ്രവേശിക്കണം. ഫാത്തിഹ പൂർണ്ണമായും അല്ലെങ്കിൽ ഓതിയതിൻ്റെ ബാക്കി ഇമാം വഹിക്കുന്നതിനാൽ പിന്തിതുടർന്ന ആൾ മറ്റു ക്രമം അനുസരിച്ച് ഇമാമിനോടൊപ്പം നീങ്ങണം. ഇമാം മൂന്നാം തക്‌ബീർ ചൊല്ലി മയ്യിത്തിന് ദുആ ചെയ്യാൻ ആരംഭിക്കുമ്പോഴാണ് ഒരാൾ വന്ന് തുടർന്നതെങ്കിൽ അയാൽ ഉടൻ തന്നെ ഫാത്തിഹ ഓതുകയാണ് വേണ്ടത്. ഫാത്തിഹ ആരംഭിക്കുവാനോ പരിപൂർണ്ണമാക്കുവാനോ സമയം കിട്ടുന്നതിന്ന് മുമ്പാണ് ഇമാം നാലാം തക്‌ബീർ ചൊല്ലിയതെങ്കിൽ തന്നെയും ഇമാമോടൊത്ത് അടുത്ത തക്ബീറിലേക്ക് മാറണം. ഇമാം നാലാം തക്‌ബീറ് ചൊല്ലി സലാം വീട്ടുന്നതിന്ന് മുമ്പുളള ദുആ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ പ്രസ്തു‌ത മസ്ബൂഖ് (പിന്തി തുടർന്നവൻ) രണ്ടാം തക്‌ബീറിന് ശേഷം ചൊല്ലേണ്ട നബി(സ)യുടെ മേലിലുള്ള സ്വലാത്ത് കൊണ്ട് വരികയാണ് വേണ്ടത്. ഇമാം സലാം വീട്ടിക്കഴിഞ്ഞാൽ മൂന്നാം തക്ബീറും ശേഷമുള്ള ദുആയും നാലാം തക്ബീറും ശേഷമുള്ള ദുആയും ചൊല്ലി സലാം വീട്ടണം. 

ചുരുക്കത്തിൽ പിന്തി തുടർന്നവൻ തക്‌ബീറ് കൊണ്ട് ഇമാമോടൊപ്പം ആവേണ്ടതും ശേഷമുള്ള ഫാതിഹാ സ്വലാത്ത് ദുആ എന്നിവ അവൻ്റെ തക്‌ബീറിൻ്റെ ക്രമപ്രകാരമുളള എണ്ണത്തോട് കണക്കാക്കി നിർവ്വഹിക്കേണ്ടതുമാണ്.

ഉളള ആളുകൾ മൂന്ന് സ്വഫ്ഫായി നിൽക്കണമെന്ന് പറഞ്ഞല്ലോ? ഇമാമിനെ കൂടാതെ അഞ്ചാളുകളാണ് ഉള്ളതെങ്കിൽ ഒരാൾ ഇമാമോട് ചേർന്ന് നിൽക്കുകയും മറ്റുളള നാലു പേർ രണ്ടാളുകൾ വീതം രണ്ടു സ്വഫ്ഫായി നിൽക്കുകയും വേണം. മൂന്നിനും ഒരേ ശ്രേഷ്ഠതയാണുണ്ടായിരിക്കുക (തുഹ്ഫ 3/191)

നിസ്കാരം തുടങ്ങിയതിന് ശേഷമോ കഴിഞ്ഞയുടനെയോ ആരെങ്കിലും വന്നാൽ അവർക്കും നിസ്ക‌രിക്കൽ സുന്നത്താകുന്നു. പക്ഷെ മയ്യിത്ത് മറവ് ചെയ്യാൻ അവരുടെ നിസ്കാരം കാരണത്താൽ സമയം വൈകുമെന്ന് കണ്ടാൽ മയ്യിത്ത് ഖബറടക്കിയ ശേഷം ഖബറുങ്ങൾ നിന്ന് കൊണ്ട് നിസ്ക്‌കരിക്കലാണ് സുന്നത്തെന്ന് ഒരു വിഭാഗം പണ്ഡിതർ അഭിപ്രായപ്പെട്ടിരിക്കുന്നു. മയ്യിത്തിൻ്റെ രക്ഷകർത്താവ് സ്‌ഥലത്തില്ലെങ്കിൽ മയ്യിത്തിന് പകർച്ചയൊന്നും സംഭവിക്കുകയില്ല എന്ന ഉത്തമ വിശ്വാസവും ഉണ്ടെങ്കിൽ അയാൾ വരുന്നത് വരെ ഖബറടക്കം താമസിപ്പിക്കുന്നതിന് വിരോധമില്ല (തുഹ്ഫ 3/192)

മറവുചെയ്യാതെ അൽപ സമയം കൂടി കാത്തിരിക്കുകയാണെങ്കിൽ ഉടനെ നാൽപത് ആളുകളോ നൂറാളുകളോ അയാളുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കാൻ വരുമെന്ന് കണ്ടാലും കുറച്ച് സമയം പിന്തിക്കാമെന്ന് ഇമാം സുബുക്കി പ്രസ്‌താവിച്ചിട്ടുണ്ട്. പക്ഷെ മയ്യിത്തിന് പകർച്ച വരാൻ പാടില്ല എന്നത് പ്രത്യേകം നിബന്ധനയായി പരിഗണിച്ചി ട്ടുണ്ട്.(തുഹ്ഫ) നജസാകുമെന്ന് ഭയമില്ലെങ്കിൽ പള്ളിയിൽവെച്ച് നിസ്‌കരിക്കാമെന്ന് പറഞ്ഞുവല്ലോ. അപ്രകാരം തന്നെ മൈതാനികളിൽ വെച്ചും വീട്ടിൽ വെച്ചും നമസ്കരിക്കാം. നജാശി രാജാവിൻ്റെ പേരിൽ നബിയും സഹാബികളും മൈതാനിയിൽ വെച്ചാണ് നിസ്‌കരിച്ചതെന്ന് മുമ്പ് ഹദീസിൽ വ്യക്‌തമായല്ലോ.

സ്ത്രീകൾക്ക് മയ്യിത്ത് നിസ്ക്‌കാരം ഹറാമാണെന്ന് ധരിച്ചു വെച്ച കുറെ ആളുകളുണ്ട്. അക്കാരണത്താൽ തന്നെ മയ്യിത്ത് നിസ്ക്കാരത്തിൻ്റെ രൂപത്തെ കുറിച്ച് അവർ അജ്ഞരുമത്രെ. ഈ തെറ്റിദ്ധാരണ നീക്കുവാനും മയ്യിത്തിൻ്റെ പേരിൽ നിസ്‌കരിച്ചതിനുളള പ്രതിഫലം അവർക്ക് ലഭിക്കുന്നതിനും വേണ്ടി മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് വീട്ടിൽ വെച്ച് സ്ത്രീകൾക്ക് നിസ്‌കരിക്കാൻ അവസരം നൽകുന്നത് നന്നായിരിക്കും.

മയ്യിത്ത് മറവ് ചെയ്യുന്നതിന് മുമ്പ് ഒരാൾക്ക് മയ്യിത്ത് നിസ്കരിക്കാൻ സാദ്ധ്യമാവാതെ വന്നാൽ പിന്നീട് അയാൾക്ക് ഖബ്‌റിൻ്റെ അടുക്കൽ ചെന്ന് നിസ്ക്കരിക്കാവുന്നതാണ്. എന്നാൽ പരേതൻ്റെ മരണ സമയത്തു നിസ്‌കാരം നിർബന്ധമായവർക്ക് മാത്രമെ ഖബ്റിൻ്റെ അരികിൽ വെച്ച് നിസ്‌കരിക്കാൻ പാടുള്ളൂ. അഥവാ മയ്യിത്ത് മരിക്കുന്ന സന്ദർഭത്തിൽ പ്രായ പൂർത്തിയെത്തുകയും മുസ്ലിമായിരിക്കുകയും ചെയ്തവർക്കെ ഖബറിൻ്റെ അടുക്കൽ വെച്ച് നിസ്‌കരിക്കാൻ അനുവാദമുള്ളൂ. ഖബ്റിന്റെ അടുക്കൽ വെച്ച് എപ്പോൾ വേണമെങ്കിലും നിസ്‌കരിക്കാമെങ്കിലും മയ്യിത്ത് ജീർണ്ണിക്കുന്നതിന് മുമ്പായിരിക്കണമെന്നും ചില പണ്ഡ‌ിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നബി(സ)യുടെ കാലത്ത് പള്ളി അടിച്ചു വാരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. നബി(സ) തങ്ങൾ മദീനയിലില്ലാത്തപ്പോൾ ആ സ്ത്രീ മരണമടഞ്ഞു. കുറേ ദിവസങ്ങൾക്കു ശേഷം നബി(സ) അവളെ കുറിച്ചന്വേഷിച്ചു. അവളുടെ മരണ വിവരം നബിയെ എന്തിന് അറിയിക്കുന്നു എന്ന നിഗമനത്തിൽ ആരും നബിയെ അറിയിച്ചിരുന്നില്ല. അവൾ മരണപ്പെട്ടുവെന്ന് കേട്ടപ്പോൾ നബി(സ)ചോദിച്ചു. അവളുടെ മരണ വാർത്ത എന്ത് കൊണ്ട് നിങ്ങൾ എന്നെ അറിയിച്ചില്ല. അവളുടെ ഖബർ എവിടെ കാട്ടിത്തരൂ. നബി(സ) തങ്ങൾ അവരുടെ ഖബറിൻ്റെ അടുത്തേക്ക് പോയി. അവിടെ വെച്ച് ആ മയ്യിത്തിൻ്റെ പേരിൽ നിസ്കരിച്ചു. (ബുഖാരി മുസ്ലിം)

മയ്യിത്ത് നിസ്ക‌കാരത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഖബറിങ്ങൽ വെച്ചു നിസ്കരിക്കൽ അനുവദനീയമാണെന്ന വിവരം നമ്മിൽ പലർക്കും അജ്ഞാതമാണ്. പലരും ഓടിക്കിതച്ച് വരുമ്പോഴേക്കും മയ്യിത്ത് ഖബറടക്കിക്കാണും. പള്ളിപ്പറമ്പിൽ ഇരുന്ന്  രണ്ടിറ്റു കണ്ണീർ വാർത്തു മടങ്ങിപ്പോകുന്നതും കാണാം. മയ്യിത്തിനോട് സ്നേഹമുണ്ടെങ്കിൽ അവിടെ വെച്ചെങ്കിലും നാം മയ്യിത്തിൻ്റെ പേരിൽ നിസ്‌കരിക്കുകയാണ് വേണ്ടത്. എന്നാൽ ഖബറിങ്ങൽ വെച്ചുള്ള നിസ്‌കാരത്തിൽ നിന്ന് അമ്പിയാക്കളുടെ ഖബറുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവരുടെ ഖബറിൻ്റെ അടുക്കൽ വെച്ച് മയ്യിത്ത് നിസ്കരിക്കാമെന്ന പോലെ മറ്റു നിസ്‌കാരങ്ങളും അനുവദനീയമല്ല! (ജമാൽ)


പതിനേഴ്
മറഞ്ഞ മയ്യിത്തിൻ്റെ പേരിലുള്ള നിസ്കാരം

നജാശി രാജാവ് എത്യോപ്യയിൽ വെച്ച് മരണപ്പെട്ട വിവരം അറിഞ്ഞ നബി(സ)യും സ്വഹാബികളും മദീനയിലെ ഒരു മൈതാനിയിൽ വെച്ച് രാജാവിൻ്റെ പേരിൽ മറഞ്ഞ നിലയിൽ മയ്യിത്ത് നിസ്‌കരിച്ചു. ഈ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ മറഞ്ഞ മയ്യിത്തിൻ്റെ പേരിൽ നിസ്ക്‌കരിക്കാമെന്ന് ഇമാം ശാഫി(റ) പ്രസ്ത‌ാവിച്ചിരിക്കുന്നു. നിസ്കാരം നിർവ്വഹിക്കുന്ന സ്ഥലവും മരണപ്പെട്ട സ്ഥലവും ഒന്നായിരിക്കാൻ പാടില്ല. (തുഹ്ഫ 3/143) ഒരു നാട്ടിൽ മരിച്ചയാൾക്ക് അതേ നാട്ടിൽ തന്നെ മറ്റൊരിടത്ത് വെച്ച് നിസ്ക‌രിക്കാൻ പാടില്ലെന്ന് സാരം. രോഗം മുതലായ കാരണങ്ങളാൽ ആ മയ്യിത്തുളള സ്ഥലത്തേക്ക് എത്തിപ്പെടാൻ വിഷമിക്കുന്ന പക്ഷം അങ്ങിനെ ചെയ്യാമെന്ന് ഇമാം റംലി (റ) പ്രസ്താവിക്കുന്നു. (ശർവാനി 3/150)

ഒരു പേരിൽ അറിയപ്പെടുന്ന കൂടുതൽ വിഷാലമായ മഹല്ലിൻ്റെ ഒരു ഭാഗത്ത് മരണപ്പെട്ട ആളുടെ മേലിൽ അതേ മഹല്ലിൽ മറ്റൊരു ഭാഗത്ത് വെച്ചും ഗായിബായി നിസ്ക്‌കരിക്കാൻ പാടില്ല. അതേ മഹല്ലിൽ തന്നെ ഒന്നിലധികം ജുമുഅകൾ നടക്കുന്നുവെന്നാലും പാടില്ല! എന്നാണ് നിയമം. മരിച്ചയാളുടെ പേരിൽ മറഞ്ഞ നിലക്ക് നിസ്കരിക്കണമെങ്കിൽ സാധാരണ നിലയ്ക്ക് മയ്യിത്തിൻ്റെ അടുത്ത് ചെന്ന് ചേരാൻ വിഷമമാകുന്ന ദൂരമുണ്ടായിരിക്കണം. അയൽ പ്രദേശങ്ങളിൽ മരിച്ച വ്യക്തികൾക്ക് ചില മഹല്ലത്തുകളിൽ മയ്യിത്ത് നിസ്‌കരിക്കുന്ന സമ്പ്രദായമുണ്ട്. പ്രബലമായ മസ്അല അനുസരിച്ച് ഇത് അനുവദനീയമല്ല. (ജമാൽ). മറഞ്ഞ മയ്യിത്തിൻ്റെ പേരിൽ നിസ്‌കാരം സ്വഹീഹാകാനുള്ള നിബന്ധനകൾ മുമ്പ് പറഞ്ഞുവല്ലോ. ഖബർ മുൻവശത്താക്കുക, മുന്നൂറ് മുഴത്തേക്കാൾ അകലാതിരിക്കുക എന്നീ നിബന്ധനകൾ മറഞ്ഞ മയ്യിത്തിന് ബാധകമല്ല.

മരണപ്പെട്ട സ്ഥലത്തുള്ളവരാരും നിസ്കരിക്കാതെ ഖബറടക്കിയ മയ്യിത്തിൻ്റെ പേരിൽ ഖബറിന്റെ അടുക്കൽ നിബന്ധനയൊത്ത ആളുകൾ നിസ്‌കരിച്ചാൽ ഫർള് വീട്ടുന്നതും എന്നാൽ ഒരു പ്രതിബന്ധവുമില്ലാതെ പ്രസ്തുത മയ്യിത്തിൻ്റെ പേരിൽ നിസ്ക‌രിക്കാതെ  മറവ് ചെയ്ത നാട്ടുകാർ കുറ്റക്കാരാവുന്നതാണ്. ഒരു പുരുഷനോ പ്രായ പൂർത്തിയെത്തിയിട്ടില്ലെങ്കിലും വിവേകമുള്ള കുട്ടിയോ നിസ്‌കരിച്ചിരുന്നാലും കുറ്റത്തിൽ നിന്നൊഴിവാകും. പുരുഷന്മാരില്ലാത്ത ഘട്ടത്തിൽ സ്ത്രീകൾക്ക് നിർബന്ധവും അത് ജമാഅത്തായിത്തന്നെ നിർവ്വഹിക്കാൻ സുന്നത്തുമാണ്. (തുഹ്ഫ 3/148) ശാഫീ മദ്ഹബിലും ഹമ്പലി മദ്ഹബിലും മാത്രമേ മറഞ്ഞ മയ്യിത്തിൻ്റെ പേരിൽ നിസ്കാരം അനുവദിക്കപ്പെട്ടിട്ടുളളൂ. ഇമാം മാലിക് (റ)ൻ്റെയും അബൂഹനീഫ(റ) എന്നിവരുടെയും അഭിപ്രായത്തിൽ മറഞ്ഞ നിലയ്ക്ക് മയ്യിത്ത് നിസ്‌കാരം അനുവദനീയമല്ല. (മുഗ്‌നി)

ജീവനുളള ഒരാളുടെ ശരീരത്തിൽ നിന്നും വേർപിരിഞ്ഞ അവയവങ്ങൾക്ക് വേണ്ടി നിസ്കരിക്കേണ്ടതില്ല. ഒരു മനുഷ്യാവയവം ഛേദിക്കപ്പെട്ട നിലയിൽ എവിടെയെങ്കിലും കണ്ടെത്തുകയും അതിൻ്റെ ഉടമ മയ്യിത്താവുകയും പ്രസ്തുത മയ്യിത്തിൻ്റെ പേരിൽ ജനാസ നിസ്കരിച്ചിട്ടില്ലെന്ന് ബോധ്യമാവുകയും ചെയ്‌താൽ പ്രസ്‌തുത അവയവത്തെ കുളിപ്പിക്കലും, കഫൻ ചെയ്യലും, നിസ്‌കരിക്കലും നിർബന്ധമാണ്. പ്രസ്‌തുത അംഗത്തിൻ്റെ ഉടമയായ മയ്യിത്തിൻ്റെ പേരിൽ നിസ്‌കരിക്കുന്നുവെന്നാണ് അപ്പോൾ നിയ്യത്ത് ചെയ്യേണ്ടത്. ചരിത്ര പ്രസിദ്ധമായ ജമൽ യുദ്ധത്തിൽ വെച്ച് ശഹീദായ ബഹു: 'അബ്‌ദുറഹ്‌മാൻ ഇബ്നു ഇതാബ്ബിൻ അസീദ്(റ)വിൻ്റെ ഒരു കൈ പരുന്ത് കൊത്തിയെടുത്ത് മക്കയിൽ കൊണ്ട് വന്നിടുകയുണ്ടായി. അദ്ദേഹത്തിൻ്റെ കയ്യിലുണ്ടായിരുന്ന ഒരു മോതിരം കാരണമായി ജനങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻ്റെ പേരിൽ ജനങ്ങൾ മയ്യിത്ത്  നിസ്‌കരിച്ചു വെന്ന് ഇമാം ശാഫി(റ) പ്രസ്‌താവിച്ചിരിക്കുന്നു. (അൽ അസ് ലത്തുവൽ അജ്‌വിബ)

ഏത് നാട്ടിൽ വെച്ചു മരിച്ചോ ആ നാട്ടിൽ വെച്ചു തന്നെ മയ്യിത്തിനെ കുളിപ്പിക്കുകയും നിസ്കരിക്കുകയും ചെയ്യണം. മറവു ചെയ്യലും  ആ നാട്ടിൽ വെച്ചു തന്നെയായിരിക്കണം. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മറവ് ചെയ്യാനായി മറ്റ് സ്‌ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുവെങ്കിൽ അതിനു മുമ്പ് കുളിക്കലും നിസ്കരിക്കലും അവിടെ വെച്ചു തന്നെ നിർവ്വഹിക്കൽ നിർബന്ധവുമാണ്. അല്ലാത്ത പക്ഷം ആ നാട്ടുകാർ കുറ്റക്കാരായിരിക്കുന്നതാണ്. മയ്യിത്തോടൊപ്പം ആ നാട്ടുകാർ മറ്റൊരു നാട്ടിലേക്ക് പോയി അവിടെ വെച്ച് കുളിപ്പിച്ചാലും നിസ്‌കരിച്ചിരുന്നാലും ശരി കുറ്റത്തിന് നിന്ന് ഒഴിവാക്കുകയില്ല. എന്നാൽ പ്രസ്തുത നാട്ടുകാർക്ക് ആ മയ്യിത്തിനെ കൊണ്ടു പോയ ശേഷം മയ്യിത്തിൻ്റെ പേരിൽ മറഞ്ഞ നിലയിൽ നിസ്‌കാരം നിർവ്വഹിക്കാവുന്നതാണ്. ഇത് പോലെ മരിച്ചയാളെ സന്ദർശിച്ച് നിസ്‌കാരത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് തിരിച്ചു പോന്ന ആൾക്കും മറഞ്ഞ നിലയിൽ ആ മയ്യിത്തിൻ്റെ പേരിൽ നിസ്‌കരിക്കാം. ജീവനില്ലാത്ത നിലയിൽ പ്രസവിക്കപ്പെട്ട കുട്ടികൾക്ക് 'ചാപിള്ള' എന്ന് പറയുന്നു. പ്രസവിച്ചയുടൻ കുട്ടിക്ക് ജീവൻ്റെ അടയാളങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നാൽ ആ കുട്ടിക്ക് വലിയ ആളുകളെപ്പോലെ നിസ്‌കാരവും മറ്റു കാര്യങ്ങളും നിർബന്ധമാണ്. ജീവന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ നിസ്ക്‌കാരമല്ലാത്ത മറ്റു കാര്യങ്ങൾ മാത്രമെ നിർവ്വഹിക്കേണ്ടതുള്ളൂ. എന്നാൽ ഗർഭം ആറുമാസമായി കഴിഞ്ഞശേഷം പ്രസവിക്കപ്പെട്ട കുട്ടിയാണെങ്കിൽ നിസ്‌കാരമടക്കമുള്ള എല്ലാകാര്യങ്ങൾ നിർബന്ധമാണെന്നാണ് ഇമാം റംലിയുടെ അഭിപ്രായം. (മുഗ്‌നി 1/349)

മനുഷ്യ രൂപം പൂർണ്ണമാകാത്ത നിലയിൽ രക്തക്കട്ട, മാംസപിണ്ഡ‌ം എന്നിവ പ്രസവിക്കപ്പെട്ടാൽ ശീലയിൽ പൊതിഞ്ഞ് മറവ് ചെയ്യൽ സുന്നത്താണ്. എന്നാൽ ഗർഭം നാല് ‌മാസമോ അതിലധികമോ ആയിരുന്നാൽ തന്നെയും പ്രസവിക്കപ്പെട്ടയുടൻ ജീവന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിൽ അതിൻ്റെ പേരിൽ നിസ്‌കരിക്കാൻ പാടില്ലെന്നാണ് പ്രബലമായ അഭിപ്രായം. പ്രസവിക്കപ്പെട്ടയുടൻ ജീവൻ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ഗർഭാവസ്ഥ ആറുമാസത്തിൽ കൂടുതലുള്ള കുട്ടികൾക്ക് പൂർണ്ണമായ മനുഷ്യരൂപം പ്രാപിച്ചിട്ടുണ്ടെങ്കിൽ നിസ്‌കാരമുൾപ്പെടെ എല്ലാ കാര്യങ്ങളും നിർബ്ബന്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. (കുർദി 2/80)

വിശ്വാസപരമായി മുസ്ലിമാണെന്ന് ബോധ്യപ്പെട്ടാൽ അവൻ പാപിയാണെന്നോ നല്ലവനാണെന്നോ നാം നോക്കേണ്ടതില്ല. അവൻ്റെ പേരിൽ എല്ലാ പരിപാലനങ്ങളും നാം നിർവ്വഹിക്കണം. നിസ്‌കാരവും മറ്റു കാര്യങ്ങളും ആത്മാർഥതയോടു കൂടിയുമായിരിക്കണം. അല്ലാഹു അവനെ എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് നമുക്കറിയില്ലല്ലോ. എന്നാൽ മുസ്ലിമാണോ എന്ന് സംശയമുള്ളവൻ്റെ പേരിൽ നിസ്കരിക്കാൻ പാടില്ല. കാരണം സത്യവിശ്വാസികൾ അല്ലാത്തവർക്കുവേണ്ടി പരലോക ഗുണത്തിനായി പ്രാർത്ഥിക്കാൻ പാടില്ല എന്നതു തന്നെ! (തുഹ്ഫ 3/162) എന്നാൽ ആത്മഹത്യ ചെയ്തു മരിച്ചവരുടെ പേരിൽ നാം നിസ്‌കരിക്കണം.

ഇന്നു നാം കേൾക്കുന്ന പോലെ (സയാമീസ് ഇരട്ടകൾ) അന്യോന്യം കുട്ടു കട്ടപിടിച്ചു പ്രസവിക്കപ്പെടുന്ന കുട്ടികളിൽ ഒന്ന് ജീവിക്കുകയും മറ്റുള്ളത് മരണപ്പെടുകയും ചെയ്താൽ ശസ്ത്രക്രിയമൂലം വേർപെടുത്തി മരണപ്പെട്ടതിൻ്റെ പേരിൽ പൂർണ്ണമായി പരിപാലന ക്രിയകൾ നടത്തേണ്ടതാകുന്നു. മയ്യിത്ത് നിസ്‌കാര പരിപാലന സംബന്ധമായ കാര്യങ്ങൾ നമുക്ക് അറിവുണ്ടായിരുന്നാൽ തന്നെയും തക്കസമയത്ത് ഒരു പ്രഗൽഭ പണ്ഡഡിതൻ്റെ അഭിപ്രായമാരാഞ്ഞ ശേഷം നാം നിർവ്വഹിക്കുന്നത്' ഏറ്റവും സ്തുത്യർഹമായ കാര്യമാണെന്ന് ഉണർത്തി കൊളളട്ടെ!.


പതിനെട്ട്
ചുമക്കലും കൂടെപോകലും

മയ്യിത്ത് ചുമക്കുന്നതും മയ്യിത്തിൻ്റെ കൂടെ പോകുന്നതും എല്ലാ മുസ്ലിം സഹോദരന്മാർക്കും സുന്നത്താകുന്നു. അതു കൊണ്ട് ആരുടെയും അന്തസ്സിനും ആഭിജാത്യത്തിനും ഒരുപോറലും സംഭവിക്കുകയില്ല. പുരുഷന്മാർക്ക് മാത്രമെ മയ്യിത്തിന്റെ കൂടെ പോകൽ സുന്നത്തുള്ളൂ. വിശ്വസിച്ചു കൊണ്ടും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ഒരാൾ ഒരു മുസ്ലിമിന്റെ ജനാസയെ അനുഗമിക്കുകയും നിസ്‌കരിച്ചു ഖബറടക്കുകയും ചെയ്യുന്നത് വരെ അവൻ അതിന്റെ കൂടെയുണ്ടാവുകയും ചെയ്‌താൽ രണ്ട്‌ ഖിറാത്ത്(ഉഹ്ദ് പർവ്വതത്തോളമുളള) പ്രതിഫലവുമായി അവൻ മടങ്ങും. നിസ്‌കാരം കഴിഞ്ഞ് ഖബറടക്കുന്നതിനു മുമ്പ് മടങ്ങുന്നവൻ ഒരു ഖിറാത്ത് പ്രതിഫലവുമായി മടങ്ങും(ബുഖാരി മുസ്‌ലിം) മയ്യിത്ത് കൊണ്ട് പോകുന്നത് കണ്ടാൽ

لا إلهَ إِلَّا اللهُ الْحَيُّ الَّذِي لَا يَمُوتُ*

(ലാഇലാഹ ഇല്ലല്ലാഹുൽ ഹയ്യുല്ലദീ ലായമൂത്തു)

(മരിക്കാത്തവനും ജീവിച്ചിരിക്കുന്നവനുമായ അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ല) എന്ന് പറയൽ സുന്നത്താകുന്നു. കട്ടിൽ, പലക മുതലായവയിൽ വെച്ച് കൊണ്ടാണ് മയ്യിത്തിനെ കൊണ്ടു പോകേണ്ടത്. കൊട്ടയിലാക്കിയും ചാക്കിൽ കെട്ടിയും മയ്യിത്തിനെ നിന്ദിക്കും വിധം കൊണ്ടുപോകാൻ പാടില്ല. സ്ത്രീകളുടെ മയ്യിത്ത് മൂടിയുള്ള മയ്യിത്ത് കട്ടിലിലോ പെട്ടി പോലുള്ളതിലോ കൂടുതൽ മറക്കപ്പെട്ടതായി കൊണ്ടു പോകലാണ് സുന്നത്ത്. മയ്യിത്തിൻ്റെ കൂടെ പോകുന്നവർ അടക്കത്തോടെയും വേഗതയോടെയും നടങ്ങു നീങ്ങണം. തലഭാഗം മുന്നിലായിട്ടാണ് മയ്യിത്തിനെ പിടിക്കേണ്ടത്. കൂടെ പോകുന്നവർ കൂടുതൽ ശബ്ദമുയർത്താതെ ദിക്‌റ് ചൊല്ലൽ സുന്നത്താണ്. അനസ്ബിൻ മാലിക്(റ) നിവേദനം ചെയ്‌ത ഒരു ഹദീസിൽ 'മയ്യിത്ത് കൊണ്ടു പോകുമ്പോൾ ലാഇലാഹഇല്ലള്ളാ എന്ന വാക്കിനെ നിങ്ങൾ അധികരിപ്പിക്കുക. എന്ന് പ്രസ്താവിച്ചിരിക്കുന്നു.(ജാമി ഉസ്സ്വഗീർ 1/380) ശബ്ദം ഉയർത്താതെ ദിക്റ് ചൊല്ലൽ സ്വഹാബികളുടെ ചര്യയായിരുന്നുവെന്ന് മഹല്ലി 347/1 രേഖപ്പെടുത്തിയിട്ടുണ്ട്.

മയ്യിത്തിന്റെ കൂടെ പോകുന്നവർ അനാവശ്യ സംസാരങ്ങളിലും മറ്റും ഏർപ്പെടുന്നത് തടയാൻ ചെറിയ നിലക്കുള്ള ഉച്ചത്തിൽ ദിക്റ് ചൊല്ലുന്നതും വിരോധമില്ല. (ബുശ്റൽ കരിം) തീയുള്ള വസ്തുക്കൾ മയ്യിത്തിൻ്റെ കൂടെ കൊണ്ടുപോകാൻ പാടില്ല. അത് സുഗന്ധ വസ്തുക്കൾ  പുകച്ചു കൊണ്ടാണെങ്കിലും കറാഹത്താണ്. അതൊരു ദുർലക്ഷണമാകയാൽ ഹറാമാണെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. ചിലയാളുകൾ സിഗരറ്റ് വലിച്ച് മയ്യിത്തിൻ്റെ പിറകെ യാതൊരു മര്യാദയും ഇല്ലാതെ നടന്നു നീങ്ങുന്നത് ചിലരെങ്കിലും കണ്ടിരിക്കും. അത്തരക്കാർ ഈ വിഷയം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുസ്ലിമിന്റെ മയ്യിത്ത് കൊണ്ടു പോകുമ്പോൾ പ്രസ്തുത മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുകയും മയ്യിത്തിൻ്റെ ഗുണങ്ങൾ എടുത്തു പറയലും സുന്നത്താണ്. അനസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ. ഒരാൾ മയ്യിത്ത് കൊണ്ടു പോകുന്നത് കാണുമ്പോൾ

اللَّهُ أَكْبَرُ صَدَقَ اللَّهُ وَرَسُولُهُ * هذَا مَا وَعَدَنَا اللهُ وَرَسُولُهُ اللَّهُمَّ زِدْنَا إِيمَانًا وَتَسْلِيمًا*

(അല്ലാഹു അക്‌ബർ സദഖളളാഹു വറസൂലുഹു ഹാദാ മ വഅദനള്ളാഹു വറസൂലുഹു അള്ളാഹുമ്മ സിദ്‌ന ഈമാനൻ വതസ്ല‌ീമാ)

സാരം: അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവും അവൻ്റെ റസൂലും സത്യം പറഞ്ഞു. അല്ലാഹുവും അവൻ്റെ റസൂലും നമ്മോട് വാഗ്ദാനം ചെയ്‌തതാണിത്. അല്ലാഹുവേ! ഞങ്ങൾക്ക് വിശ്വാസവും അനുസരണയും വർദ്ധിപ്പിക്കേണമേ!  എന്ന് പറഞ്ഞാൽ അവന് ഇരുപത് ഹസനാത്തുകൾ നിശ്ചയിക്കപ്പെടുമെന്ന് നബി (സ) പ്രസ്താവിച്ചതായി വന്നിരിക്കുന്നു. (ശർവാനി 3/131) മയ്യിത്ത് പൊട്ടി ഒലിക്കുമോ എന്ന് ഭയപ്പെട്ടാൽ വേഗത്തിൽ കൊണ്ടുപോകൽ നിർബന്ധവും അല്ലാത്തപ്പോൾ വേഗം പോകൽ സുന്നത്തുമാകുന്നു. ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ മയ്യിത്തിനെ നിങ്ങൾ വേഗത്തിൽ കൊണ്ടു പോകുക. മയ്യിത്ത് ഗുണവാനാണെങ്കിൽ ഗുണത്തിലേക്ക് നിങ്ങളവനെ വേഗമെത്തിക്കുന്നു. പാപിയാണെങ്കിൽ പാപത്തെ നിങ്ങളുടെ ചുമലിൽ നിന്ന് വേഗം ഒഴിവാക്കുന്നു എന്നിപ്രകാരം വന്നിരിക്കുന്നു. മയ്യിത്ത് ചുമക്കൽ വളരെ പ്രതിഫലമുള്ള ഒരു സദ് കർമ്മമാണ്. പലരും അതൊരു രണ്ടാം തരമായി ഗണിക്കുന്നു. നബി(സ)തങ്ങൾ നിരവധി മയ്യിത്തുകൾ ചുമന്നിട്ടുണ്ട്. സ്വഹാബികൾ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. മയ്യിത്ത് വീട്ടിൽ നിന്നെടുത്ത് ഖബർസ്ഥാനിൽ എത്തുന്നത് വരെ എല്ലാവരും മാറിമാറി മയ്യിത്ത് ചുമക്കുകയാണെങ്കിൽ മഹത്തായ ആ പ്രതിഫലത്തിൽ എല്ലാവർക്കും പങ്കാളികളാവാം. ചുമക്കുന്നവർ നാലു പേരായിരിക്കാലാണ് ഉത്തമം. കൂടെ നടക്കുന്നവർ മയ്യിത്തുമായി കൂടുതൽ അകലാതെ മയ്യിത്തിൻ്റെ മുന്നിൽ നടക്കലാണ് സുന്നത്ത്. അസുഖം കാരണമായി വാഹനത്തിൽ പോകുന്നവരും മയ്യിത്തിൻ്റെ മുന്നിൽ തന്നെയാണ് പോകേണ്ടത്. ഇന്ന് സാധാരണ ഏതാനും കാരണവന്മാർ മയ്യിത്തിന്റെ മുന്നിലും ബാക്കിയുള്ളവർ മയ്യിത്തിനെ മധ്യത്തിലാക്കി പിന്നിലുമായി നടക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. എന്നാൽ, മയ്യിത്തിൻ്റെ പിന്നിൽ നടക്കുന്നതിന് ഹദീസിലും ഫിഖ്ഹി ഗ്രന്ഥങ്ങളിലും ഒരു അടിസ്ഥാനവും കാണുന്നില്ല. മയ്യിത്ത് ചുമക്കലും കൂടെ പോകലും പുരുഷന്മാരുടെ മേൽ നിർബന്ധവും സ്ത്രീകളുടെ മേൽ ഹറാമുമാകുന്നു. മുസ്ലികളുടെ ഖബർസ്ഥാനിൽ മറവുചെയ്യുന്ന മയ്യിത്ത് മുസ്‌ലിമിൻ്റേതാണെന്ന് ഉത്തമ വിശ്വാസം ഉണ്ടാവൽ നിർബന്ധമാണ്. മുസ്‌ലിമാണോ, കാഫിറാണോ എന്ന് സംശയിക്കുന്ന പക്ഷം മറ്റൊരു പ്രത്യേക സ്ഥലത്ത് മറവും ചെയ്യുകയാണ് വേണ്ടത്. എന്നാൽ അമുസ്ലിംകളായ നമ്മുടെ അയവാസികളുടെയും സുഹൃത്തുക്കളുടെയും ശവ സംസ്ക്കാരചടങ്ങിലും മറ്റും സംബന്ധിക്കുന്നത് അനുവദനീയമാണ്. ഇത്തരം പ്രവർത്തനങ്ങൾ കാരണമായി അവരുമായി മൈത്രിയിലും സൗഹാർദ്ദത്തിലും വർത്തിക്കാൻ കാരണമാകുന്നതുമാണ്. (ഖൽയൂബി 1/346)


പത്തൊൻപത്
ഖബറടക്കലും മറ്റും

മരിച്ചു കഴിഞ്ഞാൽ അനന്തരകൃത്യങ്ങൾ നടത്തി കഴിഞ്ഞ ഉടൻ മറവു ചെയ്യുക എന്നതാണ് ഇസ്‌ലാമിക സംസ്ക്കാരം. ബഹുമാന്യനായ മനുഷ്യനെ മരിച്ചുവെന്ന കാരണത്താൽ നിന്ദിക്കപ്പെടാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. മയ്യിത്ത് ഏതാനും ദിവസം കഴിയുമ്പോഴേക്കും ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുർഗന്ധം വന്നു തുടങ്ങും. അതിനാൽ വാസന പുറത്ത് വരാനും മൃഗങ്ങൾക്ക് മാന്തിയെടുക്കാനും പറ്റാത്ത നിലയ്ക്ക് കുഴി കുഴിച്ച് മറവു ചെയ്യൽ നിർബന്ധമാകുന്നു. ഖബ്റ് കുഴിക്കാൻ സൗകര്യമുള്ളപ്പോൾ മയ്യിത്ത് നിലത്ത് വെച്ച് ചുറ്റും കെട്ടിപ്പൊക്കിയാൽ മതിയാവുകയില്ല. ഖബ്റ് വിശാലമാക്കുകയും, ഒരാൾ അതിലിറങ്ങി നിന്നു കൈ ഉയർത്തിയാൽ കാണാത്ത വിധം ആഴമുണ്ടായിരിക്കലും സുന്നത്താകുന്നു.

ഇടിഞ്ഞു വീഴാത്ത ഉറപ്പുള്ള ഭൂമിയാണെങ്കിൽ ഒരു ഭാഗം തുരന്ന് പൊത്താക്കി അതിൽ മറവ് ചെയ്യലാണ് ഉത്തമം. നബി(സ)യെ മറവ് ചെയ്‌തത് അപ്രകാരമയതിനാൽ എന്നെയും അതേ രൂപത്തിൽ മറവ് ചെയ്യണമെന്ന് സഅദ്ബിൻ അബീ വഖാസ്(റ) വസ്വിയ്യത്ത് ചെയ്‌തതായി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്‌ത ഒരു ഹദീസിൽ കാണുന്നു. ഖബർ കുഴിക്കാൻ സൗകര്യപ്പെടാത്ത ഒരു സ്ഥലത്തു വെച്ച് ഒരാൾ മരണപ്പെട്ടാൽ കുളിപ്പിച്ച് കഫൻ ചെയ്‌ത്‌ നിസ്‌കാരം നിർവ്വഹിച്ച ശേഷം പെട്ടിപോലെയുളളതിലാക്കി സമുദ്രം പോലെയുള്ള ജലാശയങ്ങളിൽ താഴ്ത്തുകയാണ് വേണ്ടത്. പ്രസ്തുത മയ്യിത്ത് ഏതെങ്കിലും കരയിൽ പ്രത്യക്ഷപ്പെട്ടാൽ അന്നാട്ടുകാർ എടുത്തു മറവു ചെയ്യുകയും വേണം. മൃഗങ്ങൾക്ക് മയ്യിത്ത് ലഭിക്കാത്ത വിധം സുരക്ഷിതമായി മറവ് ചെയ്യേണ്ടതാണ്. ഖബ്‌റിൽ വെള്ളമോ നനവോ ഉണ്ടാകുന്ന പക്ഷം പെട്ടിയിലാക്കി മറവു ചെയ്യണം. അത്തരം  ബുദ്ധിമുട്ടുകളൊന്നും ഇല്ലായെങ്കിൽ പെട്ടിയിലാക്കൽ കറാഹത്താകുന്നു. മണ്ണ് ബലം കുറഞ്ഞതിനാലോ, മറ്റൊ ഭദ്രമാകുന്ന നിലക്ക് ഖബ്റ് കുഴിക്കാൻ പ്രയാസപ്പെടുന്ന പക്ഷം വലിയ കുഴിയുണ്ടാക്കി നാലുഭാഗവും പടുത്തുയർത്തി ശേഷമാണ് മറവ് ചെയ്യേണ്ടത്.

മയ്യിത്തിൻ്റെ മേൽ മണ്ണ് വീഴുന്ന രീതിയിൽ മൂടുകല്ല് വെക്കാതെ മറവ് ചെയ്യൽ ഹറാമാകുന്നു. ഒരേ ഖബ്റിൽ അന്യ സ്ത്രീ പുരുഷന്മാരെ ഒരുമിച്ചും അതുപോലെ ഒരു മയ്യിത്ത് നശിച്ചു തീരുന്നതിന് മുമ്പ് അതേ ഖബ്‌റിൽ മറ്റൊരു മയ്യിത്തിനേയും ഒരേ വർഗ്ഗത്തിൽ പെട്ടവർ തന്നെയാണെങ്കിലും ഒന്നിന് മീതെ മറ്റൊരു മയ്യിത്തിനെയും വെച്ച് ഖബറടക്കലും പാടില്ലാത്തതാകുന്നു. ഭാര്യഭർത്താക്കന്മാർ, തൊട്ടാൽ വുളൂഅ് മുറിയാത്തവർ, ഒന്നിലധികം സ്ത്രീകൾ, അല്ലെങ്കിൽ പുരുഷന്മാർ എന്നിവരെ തന്നെയും കാരണം കൂടാതെ ഒരെ ഖബ്റിൽ മറവ് ചെയ്യൽ കറാഹത്താണ്. എന്നാൽ കാലപ്പഴക്കത്താൽ ജീർണ്ണിച്ച് മണ്ണായിപ്പോയ മയ്യിത്തിൻ്റെ ഖബ്റ് പൊളിച്ച് അതിൽ മറ്റൊരു മയ്യിത്ത് മറവ് ചെയ്യുന്നതിന് വിരോധമില്ല. നിസ്കരിക്കാൻ കടപ്പെട്ടവർ തന്നെയാണ് മയ്യിത്ത് ഖബ്റിൽ ഇറക്കാനും ബാദ്ധ്യസ്ഥർ. എന്നാൽ പ്രായം കൂടിയവരെക്കാൾ മുൻഗണന നൽകേണ്ടത് ചെറുപ്പക്കാർക്കാണ്. ഭാര്യയുടെ മയ്യിത്ത് ഭർത്താവാണ് ഖബ്‌റിൽ ഇറക്കേണ്ടത്. മയ്യിത്ത് ഖബ്റിൽ ഇറക്കുമ്പോൾ വളരെ സമാധാനപൂർവ്വം ഇറക്കേണ്ടതും തൽസമയം

بسمِ اللهِ وَعَلَى مِلَّةِ رَسُولِ اللَّهِ

(ബിസ്‌മില്ലാഹി വഅലാ മില്ലത്തി റസൂലില്ലാഹി) എന്ന് പറയുകയും വേണം. സാരം: അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ മാർഗ്ഗത്തിൽ അപ്പോൾ ചുറ്റും നിൽക്കുന്നവർ ഒരു വസ്ത്രം കൊണ്ട് ഖബ്‌റിനു മുകളിൽ മറച്ചു പിടിക്കുന്നതും (സ്ത്രീയുടെതാണെങ്കിൽ പ്രത്യേകവും) സുന്നത്താകുന്നു. രാത്രിയോ പകലോ  വ്യത്യാസം കൂടാതെ എല്ലാ സമയത്തും മറവ് ചെയ്യാം. പകൽ മറവു ചെയ്യാൽ സൗകര്യപ്പെടുമെങ്കിൽ അതാണുത്തമം. മറ്റൊരു കാരണവും ഇല്ലാതെ രാത്രി കഴിയട്ടെ എന്ന് പറഞ്ഞ് പിന്തിച്ച് വെക്കൽ പാടില്ല.

ഖബ്റ് മയ്യിത്തിനേക്കാൾ അൽപം കൂടി വീതിയും നീളവുമുള്ള നിലയിൽ ഏകദേശം നാലരമുഴമെങ്കിലും ആഴമുണ്ടായിരിക്കലാണ് സുന്നത്ത്. അങ്ങനെ മയ്യിത്തിന്റെ തലഭാഗം ഖബ്‌റിൻ്റെ കാൽഭാഗത്ത് വരത്തക്ക നിലയിൽ തെക്കുഭാഗത്ത് മയ്യിത്ത് കട്ടിൽ വെച്ച് അതിൽ നിന്ന് മയ്യിത്ത് എടുത്ത് വടക്കു ഭാഗത്ത് ആളുകൾ കൂടി നിന്ന് നീക്കുന്നതാണ് നല്ലത്. നമ്മുടെ നാടുകളിൽ സൗകര്യാർത്ഥം മയ്യിത്ത് കട്ടിൽ ഖബ്റിന്റെ കിഴക്കോ പടിഞ്ഞാറോ വശത്ത് വെച്ച് നേരെ പൊക്കി ഖബ്‌റിൽ ഇറക്കുകയാണ് കണ്ടുവരുന്നത്. ഇതിന് അടിസ്ഥാനമില്ല. സുന്നത്ത് പ്രകാരം തന്നെ പ്രവർത്തിക്കാൻ നാം സന്നദ്ധരാവേണ്ടതാണ്. ഖബ്‌റിലേക്കിറങ്ങുമ്പോൾ മയ്യിത്ത് ഒടിയാനും വളയാനും പാടില്ല. തലഭാഗം കാൽഭാഗം താഴുന്നതിന് മുമ്പ് താഴാനും പാടില്ല. ഒരേ സമയത്തിലായി ഇറക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. ഖബ്റിൻ്റെ ഉൾഭാഗം വിരിപ്പ്, തലയിണ എന്നിവ വെക്കുന്നതും സിമൻറ്, കുമ്മായം എന്നിവ തേക്കുന്നതും കറാഹത്താണ്. എന്നാൽ ഖബ്റിൻ്റെ പ്രകൃതിയിൽ തന്നെ തലഭാഗം അൽപം ഉയർത്തി തലയിണ പോലെ ആക്കുന്നതിന് വിരോധമില്ല.

ഖബറിൽ കിടത്തിയ ശേഷം മയ്യിത്തിനെ വലതു ഭാഗത്തേക്കു ചരിച്ചു മുഖവും നെഞ്ചും ഖിബ്‌ലക്ക് നേരിടീക്കുകയും നിർബന്ധമാണ്. ഖിബ്‌ലക്ക് മുന്നിടിക്കാതെയാണ് മറവു ചെയ്‌തതെന്ന് ഉറപ്പുണ്ടെങ്കിൽ മയ്യിത്ത് പകർച്ച വരുന്നതിന് മുമ്പ് ഖബർ തുറന്ന് ഖിബ്‌ലക്ക് നേരിടീക്കണം. (തുഹ്ഫ) മുഖത്ത് നിന്ന് കഫൻ തുണി നീക്കി കവിൾ മണ്ണോട് ചേർത്ത് വെക്കുകയും കഫൻ പുടവയുടെ കെട്ടുകൾ അഴിക്കുകയും വേണം. മയ്യിത്തിൻ്റെ മുഖവും ഇരുപാദങ്ങളും ഖബ്റിൻ്റെ ചുമരിനോട് ചേർത്ത് മദ്ധ്യഭാഗം അൽപ്പം വളച്ചുവെച്ച് റുകൂഅ് ചെയ്യുന്നത് പോലെ കിടത്തണം. കിടത്തി കഴിഞ്ഞ ശേഷം അടി ഖബ്റിൽ മണ്ണ് വീഴാത്ത വിധം കല്ല് പലക മുതലായവ വെച്ച് ഭദ്രമായി അടക്കണം. എന്നാൽ തീയിൽ വേവിച്ചതോ  തീ തട്ടിയതോ ആയ ഇഷ്‌ടിക, ഗുരുഡീസ്, എന്നിവ ഖബ്റിൽ വിടവിനും മൂടുകല്ല് വെക്കുന്നതിനുമായി ഉപയോഗിക്കുന്നത് നന്നല്ല. അതൊരു ദുർലക്ഷണമായി ഫിഖ്ഹിൻ്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ദുർറുൽമുഖ്‌താർ 1/166)

മയ്യിത്ത് പരിപാലന കർമ്മങ്ങളിലും ആഢംബര പ്രേമികളായ ചിലയാളുകൾ പലക, കല്ല് മുതലായ വസ്‌തുക്കൾ സുലഭമായിട്ടും അതൊന്നും ഉപയോഗിക്കാതെ ചൂളയിൽ വെച്ച ഗുരുഢീസ് ഇഷ്‌ടിക മുതലായ വസ്തുക്കൾ കൊണ്ട് ഖബറിൻ്റെ ഭിത്തികൾ പടുക്കുന്നതും മൂടുകല്ലുകൾ വെക്കുന്നതും കാണുന്നു. ഇസ്ലാമിക ദൃഷ്‌ട്യാ ഇത് ഉത്തമമായതെല്ലന്ന് അവർ മനസ്സിലാക്കത്തത് കൊണ്ടായിരിക്കാമെന്ന് നമുക്ക് ആശ്വസിക്കാം.

മൂട്‌കല്ല് വെച്ച് ഖബ്റ് ഭദ്രമായി അടച്ച ശേഷം ഖബ്‌റിന് ചുറ്റും   നിൽക്കുന്നവരെല്ലാം ഇരു കൈകളും കൂട്ടി മൂന്ന് പിടിമണ്ണ് വാരി ഖബ്റിലേക്കിടൽ സുന്നത്താകുന്നു. അപ്പോൾ ഒന്നാമത്തെ വാരിയിടലിൽ مِنْهَا خَلَقْنَاكُمْ  എന്നും രണ്ടാമത്തെ വാരിയിടലിൽ وَفِيهَا نُعِيدُكُمْ എന്നും മൂന്നാമത്തെ വാരിയിടലിൽ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرى

(മിൻഹാ ഖലഖ്‌നാക്കും, വഫീഹാ നുഈദുക്കും, വമിൻ ഹാനുഖ്‌രിജുകും താറത്തൻ ഉഖ്റ ) 

സാരം: ഇതിൽ നിന്ന് നിങ്ങളെ നാം സൃഷ്‌ടിച്ചു ഇതിലേക്ക് തന്നെ നാം നിങ്ങളെ മടക്കുന്നു മറ്റൊരിക്കൽ ഇതിൽ നിന്ന് നിങ്ങളെ നാം പുറപ്പെടിക്കുകയും ചെയ്യും. ഖുർആൻ വാക്യം ചൊല്ലുകയും വേണം

ചിലയാളുകൾ കൈയിൽ മണ്ണാകുന്നത് പേടിച്ച് ഒരു കൈകൊണ്ട് മണ്ണ് നുള്ളി ഇടുന്നത് കാണാം. എന്നാൽ രണ്ട് കൈകൊണ്ടും മൂന്ന് പ്രാവശ്യം (മയ്യിത്തിന്റെ തലഭാഗം മുതൽ കാൽഭാഗം വരെ) മണ്ണ് വാരിയിടലാണ് സുന്നത്ത്. അതിന് മടിയുളള ആളുകൾ സുന്നത്തിനെ വികൃതമാക്കാതിരിക്കുന്നതാണ് നല്ലത്.

അതിനു ശേഷം ഖബ്റ് മണ്ണിട്ട് മൂടേണ്ടതാകുന്നു. ഭൂമിയുടെ സമനിരപ്പിൽ നിന്ന് ഒരു ചാൺ ഉയർത്തൽ സുന്നത്താണ്. ഖബ്റിൻ്റെ മുകൾഭാഗം കൂർത്ത നിലയിലാകരുത്. മണ്ണിട്ട് മൂടി കഴിഞ്ഞാൽ രണ്ടറ്റത്തും മീസാൻ കല്ല് കുത്തണം. ഉസ്‌മാനുബിൻ മസ്ഊനി(റ)ന്റെ ഖബ്‌റിനു മീതെ നബി(സ) മീസാൻ കല്ല് നാട്ടിയതായി അബൂ ദാവൂദ്(റ)റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിനു ശേഷം ഖബ്‌റിൻ്റെ തല ഭാഗം മുതൽ കാൽ ഭാഗം വരെ തണുത്ത വെളളം ഒഴിക്കൽ സുന്നത്താണ്. മണ്ണ് അമർന്നു നിൽക്കുക എന്നതുകൂടാതെ പ്രത്യേകമായ ഒരു ശുഭലക്ഷണം കൂടിയാണിത്. ഖബറടക്കിയ ഉടൻ മഴ പെയ്‌തതിനാൽ വെള്ളം ഒഴിച്ച പോലെ അയിട്ടുണ്ടെങ്കിൽ വീണ്ടും ഒഴിക്കേണ്ടതില്ല. ഖബറിന്മേൽ പേരെഴുതി വെക്കൽ കറാഹത്താകുന്നു. പേരെഴുതലും കുമ്മായം തേക്കലും നബി(സ) വിലക്കിയതായി ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ സിയാറത്തിന്നായി വരുന്നവർക്ക് തിരിച്ചറിയാൻ വേണ്ടി പേരും മരിച്ച തിയ്യതിയും മാത്രം എഴുതുന്നത് വിരോധമില്ല. പൊതുസ്‌ഥലങ്ങളിൽ (പളളിപ്പറമ്പ് പോലെയുള്ള വഖ്ഫ് ചെയ്യപ്പെട്ട) ഖബ്റ് കെട്ടിപ്പൊക്കൽ ഹറാമാകുന്നു.

ഖബ്റിൻ്റെ മീതെ പച്ചയായ ചെടികളൊ മറ്റൊ വെച്ചു പിടിപ്പിക്കൽ സുന്നത്താണ്. അത്തരം ചെടികൾ പച്ചയായി വളരുന്ന കാലത്തൊക്കെ മയ്യിത്തിന് വേണ്ടി അത് തസ്ബീഹ് ചൊല്ലുമെന്നും അക്കാരണമായി മയ്യിത്തിന് ഗുണം ലഭിക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. നബിയും സഹാബികളും ഒരു വഴിക്ക് നടന്ന് നീങ്ങുമ്പോൾ രണ്ട് ഖബർ കണ്ടതായും നബി(സ) ഒരു പച്ചയായ ഈത്തപ്പന മട്ടൽ എടുത്തു പ്രസ്തുത ഖബ്റിന്മേൽ കുത്തുകയും ചെയ്‌ത സംഭവം ഹദീസിൽ വന്നിട്ടുണ്ട്. ഈത്തപ്പന മട്ടൽ പച്ചയായി നിലകൊള്ളുന്ന കാലത്തൊക്കെ ഈ ഖബ്റ്  നിവാസികൾക്ക് ശിക്ഷ ഇളവ് ചെയ്യുമെന്നും നബി(സ)പറഞ്ഞു. എന്നാൽ മറ്റു ഖബറിന്മേൽ കുത്തിയതായ ചെടി ഒടിച്ച് കുത്തൽ ഹറാമാകുന്നു.

സ്വന്തം വീട്ടിലോ സ്വന്തം ഉടമയിലുള്ള സ്ഥലത്തോ മറവ് ചെയ്യുന്നതിന് വിരോധമില്ല. പൊതു ശ്മശാനത്തിൽ ഖബറടക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം സിയാറത്തിനു വരുന്നവരുടെ സലാമും പ്രാർത്ഥനയുമൊക്കെ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുവാൻ അത് സഹായകരമാണല്ലോ? നബി(സ)ജീവിച്ചിരിക്കെ വഫാത്തായ സഹാബികളെയെല്ലാം മദീനയിലെ പൊതു ഖബർ സ്ഥാനമായ ജന്നത്തുൽ ബഖീഇലായിരുന്നു മറവ് ചെയ്തിരുന്നത്. പുണ്യ ദിവസങ്ങളിൽ എല്ലാ ഖബറാളികൾക്കും വേണ്ടി നബി(സ) അവിടെ പോയി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. മുൻകൂട്ടി ഖബർ കിളച്ചു വെക്കുന്നത് സുന്നത്താണ്. ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡ‌ിതന്മാർ തുടങ്ങിയ മഹാന്മാരുടേതല്ലാത്ത ഖബ്‌റുകൾ മയ്യിത്ത് മുഴുവൻ ജീർണ്ണിച്ച ശേഷം പൊളിച്ചു മാറ്റി അതിൽ മറ്റു മയ്യിത്തുകൾ ഖബ്റടക്കുന്നതിന് വിരോധമില്ല. മേൽ പറഞ്ഞ മഹത്തുകളുടെ ഖബ്റ് പൊളിക്കാനോ, തട്ടിനിരപ്പാക്കാനോ പാടില്ല. അത് ഏറ്റവും വലിയ പാതകമാകുന്നു. ഖബ്‌റിന്മേൽ ചവിട്ടുക ഇരിക്കുക തുടങ്ങിയ നിസ്സാരമാക്കുന്ന കാര്യങ്ങൾ ചെയ്യൽ വലിയ തെറ്റാകുന്നു. സിയാറത്തിനോ മറ്റോ പോകുമ്പോൾ നിർബന്ധിതാവസ്ഥയിൽ ചവിട്ടുന്നത് കറാഹത്തുമില്ല. എന്നാൽ ഖുർആൻ ഓതാൻ വേണ്ടി ഖബ്റിന്മേൽ ഇരിക്കുന്നത് വിരോധിക്കപ്പെട്ടിട്ടില്ല. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളെയും മറ്റും ഖബ്റ്സ്ഥാനിൽ മേക്കലും മലമൂത്രവിസർജ്ജനത്തിന് അനുവദിക്കലും ഹറാമാണ്. പള്ളി പറമ്പ് (ഖബർസ്‌ഥാൻ) ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരുടെ ബാധ്യതയാകുന്നു. അവർ അത് നിർവ്വഹിക്കാത്ത പക്ഷം പ്രസ്തു‌ത തെറ്റിന് അവരും ഉത്തരവാദികളാകുമെന്ന കാര്യം വിസ്‌മരിക്കരുത്.


ഇരുപത്
മുഖത്തെഴുത്തും പിടിമണ്ണും

കഫൻ തുണിയിൽ ഖുർആൻ, അല്ലാഹുവിൻ്റെ പരിശുദ്ധമായ ഇസ്‌മുകൾ എന്നിവ എഴുതാൻ പാടില്ലെന്ന് മുമ്പ് പറഞ്ഞുവല്ലൊ. എന്നാൽ ഖബ്റിൽ മുഖത്തെഴുത്ത് വെക്കുക എന്ന ഒരു സമ്പ്രദായം ചില മഹല്ലുളിൽ ഇപ്പോഴും തുടർന്നു വരുന്നു. നമ്മുടെ മുൻഗാമികളായ മഹാന്മാർ പലരും അങ്ങിനെ ചെയ്‌തവരായിരുന്നു. ഖലീഫ ഉമറുൽ ഫാറൂഖ്(റ) തൻ്റെ ഭരണകാലത്ത് വാർദ്ധക്യത്തിലെത്തിയ ഒരു സ്ത്രീയോട് തന്റെ ഭരണത്തിൻ്റെ കീഴിൽ നിന്നും തനിക്ക് കിട്ടേണ്ടതായ എല്ലാ അവകാശങ്ങളും കിട്ടി ബോധിച്ചുവെന്ന് ഒരു തോൽ കഷ്ണത്തിൽ എഴുതി വാങ്ങിക്കുകയും താൻ മരിക്കുമ്പോൾ തൻ്റെ ഖബ്‌റിൽ ആ എഴുത്ത് കഫൻ പുടവയോടൊപ്പം വെക്കാൻ തന്റെ മകൻ അബ്‌ദുല്ലാഹിബിൻ ഉമറിനോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്‌ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പല മഹാന്മാരും കഫൻ തുണിയിൽ എഴുതി വെക്കാൻ കൽപ്പിച്ച പല പ്രാർത്ഥനകളും പദ്യങ്ങളും വളരെ അധികമുണ്ട്. മഹാനായ ഇമാം അബ്ദുല്ലാഹിൽ യാഫിഈ(റ) തൻ്റെ കഫൻ പുടവയിൽ എഴുതി വെക്കാൻ വസ്വിയ്യത്ത് ചെയ്യുകയും നടപ്പാക്കുകയും ചെയ്‌ത ആറുവരി പദ്യങ്ങളും, സൽമാ നുൽഫാരിസി(റ) റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചുവരി പദ്യങ്ങളുമാണ് ഇന്ന് സാധാരണയായി എഴുതി വെച്ചു വരുന്നത്. മയ്യിത്ത് മറവ് ചെയ്യുമ്പോൾ ആ ഖബ്റിന് വേണ്ടി കിളച്ച മണ്ണിൽ നിന്ന് ഒരു പിടി ഉരുട്ടിയെടുത്ത് സൂറത്തുൽ ഖദ്റ് ഏഴാവശ്യം ഓതി അതിന്മേൽ ഊതുകയും മയ്യിത്തിൻ്റെ ശരീരത്തിലോ കഫൻ തുണിയിലോ, ഖബറിലോ വെയ്ക്കുകയും ചെയ്‌താൽ ആ മയ്യിത്ത് ഖബ്റ് ശിക്ഷയിൽ നിന്ന്  സുരക്ഷിതനാകുമെന്ന് നബി(സ)തങ്ങൾ പ്രസ്‌താവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ശർവാനി 3/172)

പിടിമണ്ണ് വെയ്ക്കാൻ ഉപയോഗിക്കുന്ന മണ്ണ് പ്രസ്‌തുത ഖബ്‌റിൻ്റെ മണ്ണു തന്നെയായിരിക്കൽ നല്ലതാണ് (ജമൽ 203/2) പിടിമണ്ണ് വെയ്ക്കുന്നതും മുഖത്തെഴുത്ത് വെയ്ക്കുന്നതും ഒരു നിർബന്ധമായ കർമ്മമാണെന്ന് ഇതുവരെ പറഞ്ഞതിനർത്ഥമാക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നതു കൊണ്ട് മയ്യിത്തിന്  എന്തെങ്കിലും ഒരു നന്മയുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ടാണല്ലോ ബുദ്ധിജീവികളും സൂക്ഷ്‌മ ജ്ഞാനികളുമായ നമ്മുടെ മുൻഗാമികളായ പണ്ഡ‌ിതന്മാർ അത് ചെയ്‌തുവന്നത്. എങ്കിൽ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർക്കു ലഭിച്ചേക്കാവുന്ന ഒരു ഗുണം നാം തടയേണ്ടതില്ലല്ലോ? നബി(സ)പറയുകയുണ്ടായി. മയ്യിത്തിൻ്റെ ഖബ്‌റിലുള്ള സ്‌ഥിതി വളരെ ഭയാനകമാകുന്നു. അവർ വെള്ളത്തിൽ മുങ്ങിമരിക്കാൻ പോകുന്നവർ സഹായം ആവശ്യപ്പെടുന്ന പോലെ എന്തെങ്കിലും ഒരു പുൽക്കൊടിക്കുവേണ്ടി ശ്രമിച്ചു നോക്കുന്നു. അവർ സഹായത്തിന് ആവശ്യപ്പെടുന്നപോലെ സ്വന്തം ബന്ധുമിത്രാദികളിൽ നിന്ന് ഖബറിലുളളവർ സഹായം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് . നമ്മെക്കൊണ്ട് എന്തെങ്കിലും ഒരു നന്മ അവർക്ക് ലഭിച്ചാൽ അവർ അളവറ്റു സന്തോഷിക്കുകയും ആശ്വാസം കൊളളുകയും ചെയ്യുന്നതിനാൽ, അവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയല്ലാതെ ഒന്നും മുടക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേ ണ്ടിയിരിക്കുന്നു.

മുഖത്തെഴുത്തിൻ്റെ കൂടെ ബിസ്‌മി, ഖുർആൻ, ദിക്‌റ് പോലെത്തതൊന്നും എഴുതരുത് എന്ന് ഇമാം യാഫീ(റ) പ്രത്യേകം വസ്വിയ്യത്ത് ചെയ്‌തത്‌ ശ്രദ്ധേയമാണ്. കാരണം മയ്യിത്ത് അൽപ്പ സമയങ്ങൾക്കകം ചീഞ്ഞുനാറി ദുർഗന്ധവും ചീഞ്ഞളിഞ്ഞു രക്തവും, ചലവും, പരത്തി വന്ദിക്കപ്പെടേണ്ട വാക്യങ്ങളെ മലിനപ്പെടുത്തുന്നതാകുന്നു. അത് തടയാൻ വേണ്ടിയാണ് അങ്ങനെ എഴുതരുതെന്ന് പറയാൻ കാരണം. അങ്ങനെ വല്ലതും  എഴുതുകയാണെങ്കിൽ അത് പ്രത്യേകം കുപ്പിയിലാക്കി അടച്ച് ഖബ്റിന്റെ ഭിത്തികളിൽ തുരന്ന് ഒളിപ്പിച്ചു വെയ്‌ക്കേണ്ടതാകുന്നു. പല സ്‌ഥലങ്ങളിൽ മുഖത്തെഴുത്ത് ഒരു വിഷയമായി കണക്കാക്കുന്നില്ല. അതൊരു സ്‌ഥലങ്ങളിലെ ഖതീബുമാരും മുദരിസുമാരും  ശ്രദ്ധ വെയ്ക്കുകയാണെങ്കിൽ മയ്യിത്ത് പരിപാലന കർമ്മങ്ങളിൽ ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്താനും ആവശ്യമില്ലാത്ത കാര്യങ്ങൾ നിർമ്മാർജ്ജനം ചെയ്‌ത്‌ സമുദായത്തിനെ ശുദ്ധീകരിക്കാനും ഒരു പരിധിവരെയെങ്കിലും കഴിയുന്നതാണ്.


ഇരുപത്തി ഒന്ന്
തസ്ബീത്ത്, തൽഖീൻ

മയ്യിത്ത് ഖബറടക്കി കഴിഞ്ഞ ശേഷം ആളുകളെല്ലാം ഖബറിൻ്റെ ചുറ്റിലും നിന്ന് മയ്യിത്തിന് വേണ്ടി പൊറുക്കലിനെ തേടൽ സുന്നത്താണ്. ഇങ്ങനെ പൊറുക്കലിനെ തേടുന്നതിന് തസ്ബീത്ത് എന്ന് പറയുന്നു. ഇമാം അബൂദാവൂദ് റുപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു. മയ്യിത്ത് ഖബറടക്കി കഴിഞ്ഞാൽ നബി(സ) തങ്ങൾ ഖബറിൻ്റെ അടുത്ത് തന്നെ നിൽക്കുകയും പറയുകയും ചെയ്‌തിരുന്നു. നിങ്ങളുടെ സഹോദരന് വേണ്ടി പൊറുക്കലിനെ തേടുകയും തസ്ബീത്ത് ചോദിക്കുകയും ചെയ്യുവിൻ. (മലക്കുകൾ ഖബ്റിൽ വെച്ച് ചോദിക്കുമ്പോൾ ഹഖിൻ്റെ മേൽ  സ്‌ഥിരത ലഭിക്കാൻ വേണ്ടിയുള്ള പ്രാർത്ഥന)

ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ പ്രമുഖ സഹാബിയായിരുന്ന അംറുബിൻ ആസ്(റ)ഇപ്രകാരം വസ്വിയ്യത്ത് ചെയ്യുകയുണ്ടായി. എന്നെ ഖബറടക്കി കഴിഞ്ഞാൽ നിങ്ങളെല്ലാവരും ഖബ്റിനു ചുറ്റും ഒരു ഒട്ടകത്തെ അറുത്ത് തോൽ പൊളിച്ച് അതിൻ്റെ മാംസം ഓഹരി ചെയ്യപ്പെടുന്നത്ര സമയം നിൽക്കുവിൻ. എന്നാൽ അക്കാരണമായി എൻ്റെ ഖബ്റിൽ എനിക്ക് നേരമ്പോക്കുണ്ടാവുന്നതും എന്റെ മലക്കുകൾ എന്നോട് ചോദിക്കുന്നതിന് എന്ത് മറുപടി പറയണമെന്ന് ഞാൻ ഓർക്കുകയും ചെയ്യും! ഇങ്ങനെ കുറച്ചു നേരം നിന്ന് മയ്യിത്തിന് സ്‌ഥിരത ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കലും തൽഖീൻ ചൊല്ലി കൊടുക്കലും സുന്നത്താകുന്നു. (തുഹ്ഫ 3/206)

എന്നാൽ ഇന്ന് നമ്മുടെ നാടുകളിൽ തസ്‌ബീത്ത് ചൊല്ലി കൊടുക്കുന്നത് വളരെ അപൂർവ്വമാണ്. തൽഖീൻ ചൊല്ലി കൊടുത്ത് അവസാനിപ്പിക്കുകയാണ് പതിവ്. തസ്ബീത്ത് വളരെ പ്രധാനപ്പെട്ട സുന്നത്താണെന്ന് എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പരിചയമില്ലാത്ത ആളുകൾക്ക് എഴുതിക്കൊടുക്കുന്നതായാൽ തദ് സമയം അത് നോക്കി ചൊല്ലുകയാണെങ്കിൽ മയ്യിത്തിന് അത് വളരെ ഗുണം കിട്ടുന്നതും നഷ്ട്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രസ്തുത സുന്നത്തിനെ നിലനിറുത്തിയതിലുളള പ്രതിഫലം നമുക്ക് ലഭിക്കുന്നതുമാണ്. തസ്ബീത്തിൻ്റെ വാക്കുകൾ ഹദീസുകളിൽ വന്നിരിക്കുന്നു. അതിലൊന്ന് ഇപ്രകാരമാണ് 

اللَّهُمَّ ثبّتْهُ عَلَى الْحَقِّ وَلَقِنَهُ حُجَّتَهُ اللَّهُمَّ ثبّتْهُ عِنْدَ السُّؤَال * اللَّهُمَّ الْهمْهُ الْجَوَابَ اللَّهُمَّ اعِدُهُ مِنَ الْعَذَابِ اللَّهُمَّ جَافِي القَبْرَ عَنْ جَنْبَيْهِ اللَّهُمَّ آمِنْهُ مِنَ الْفَزَعِ اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ*

(അല്ലാഹുമ്മ സബ്ബിത്ത്ഹു അലൽ ഹഖി. വലഖിൻഹു ഹുജ്ജത്തഹു. അല്ലാഹുമ്മ സബ്ബി ത്ത്ഹു ഇന്തസ്സുആാൽ. അള്ളാഹുമ്മ അൽഹിംഹുൽ ജവാബ അള്ളാഹുമ്മ അഇദ്ഹു മിനൽ അദാബി. അല്ലാഹുമ്മ ജാഫിൽ ഖബ്റ അൻജൻബയ്ഹി അളളാഹുമ്മ ആമിൻ ഹു മിനൽഫസഹി അള്ളാഹുമ്മ ഇഗ്ഫിർലഹു വർഹംഹു.)

സാരം: അല്ലാഹുവേ! അദ്ദേഹത്തെ സത്യത്തിൽ ഉറപ്പിച്ച് നിർത്തേണമേ; തന്റെ തെളിവ് അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണമേ. അല്ലാഹുവേ! ചോദ്യ സമയത്ത് അദ്ദേഹത്തിന് സ്ഥിരത നൽകണേ! അല്ലാഹുവേ! അദ്ദേഹത്തിന് ഉത്തരം തോന്നിച്ചു കൊടുക്കണേ! അല്ലാഹുവേ! ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കണേ; അല്ലാഹുവേ! അദ്ദേഹത്തിൻ്റെ വശങ്ങളിൽ നിന്നും ഖബറിനെ അകറ്റണേ. അല്ലാഹുവേ! ഭയത്തിൽ നിന്നും അദ്ദേഹത്തെ മോചിപ്പിക്കണേ. അല്ലാഹുവെ! അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കാരുണ്യം നൽകുകയും ചെയ്യണേ.

ഇത് പല പ്രാവശ്യം ഏകദേശം ഒരു മണിക്കൂറ് നേരമെങ്കിലും എല്ലാവരും ഖബ്റിന്റെ ചുറ്റിലും കൂടി നിന്ന് ചൊല്ലുന്നതാണ് സുന്നത്ത്. തസ്‌ബീത്ത് പോലെ തന്നെ തൽഖീൻ ചൊല്ലിക്കൊടുക്കലും സുന്നത്താകുന്നു. അതും വിവിധങ്ങളായ ഹദീസു കൊണ്ട് സ്ഥിരപ്പെട്ടതാണ്. മയ്യിത്തിൻ്റെ മുഖത്തോടഭിമുഖമായി തല ഭാഗത്തിരുന്ന് മൂന്ന് പ്രാവശ്യം ആവർത്തിച്ചു തൽഖീൻ ചൊല്ലിക്കൊടുക്കണം. ചൊല്ലിക്കൊടുക്കുന്ന ആൾ ഇരിക്കുകയും മറ്റുള്ളവർ നിൽക്കുകയുമാണ് വേണ്ടത്. തൽഖീനിൽ മയ്യിത്തിന്റെ മാതാവിൻ്റെ പേരും കൂട്ടി അവനെ വിളിച്ചു കൊണ്ടാണ് തൽഖീൻ ചൊല്ലിക്കൊടുക്കേണ്ടത്. മയ്യിത്തിൻ്റെ ഉമ്മയുടെ പേര് അറിയാത്ത പക്ഷം ആദ്യ മാതാവ് ഹവ്വാ(റ)യിലേക്ക് ചേർത്ത് വിളിക്കണമെന്നാണ് ഹദീസുകളിൽ വന്നിട്ടുളളത്.

يَا عَبْدَ اللَّهِ بْنَ أَمَةِ اللهِ .... أذكر العَهْدَ الَّذِي خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَن لَا إِلَهَ إِلَّ اللَّهُ وَحْدَهُ لا شَرِيكَ لَهُ وَأَنَّ مُحَمَّدًا رَّسُولُ اللهِ وَأَنَّ الْجَنَّة حَقٌّ وَأَنَّ النَّارَ حَقٌّ وَأَنَّ الْبَعْثَ حَقٌّ وَأَنَّ السَّاعَةَ آتِيَة لا رَيْبَ فِيهَا وَأَنَّ اللهَ يَبْعَثُ مَنْ فِي القُبُورِ * وَأَنَّكَ رَضِيتَ بِاللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إِمَامًا وَبِالْكَعْبَةِ قِبْلَةَ وَبِالْمُؤْمِنِينَ إِخْوَانًا رَبِّيَ اللهُ لا إلهَ إِلا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ العظيم (فتح المعين)


യാ അബ്ദുളളാഹിബ്‌ന അമത്തില്ലാഹി.... ഉദ്കുരിൽ അഹ്‌ദല്ലദീ ഖറജ്ത്ത അലൈഹി മിനദ്ദുൻയാ ശഹാദത്ത അൻലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു വഅന്ന മുഹമ്മദൻ റസൂലുള്ളാഹി: വഅന്നൽ ജന്നത്ത ഹഖുൻ വഅന്നന്നാറ ഹഖുൻ വഅന്നൽ ബഅ്സ ഹഖുൻ വഅന്നസ്സാഅത്ത ആത്തിയത്തുൻ ല്ലാറൈബ ഫീഹാ വഅന്നളളാഹ യബ്അസു മൻഫിൽ ഖുബൂറി വഅന്നക്ക റളീത്ത ബില്ലാഹി റബ്ബൻ വബിൽ ഇസ്ലാമി ദീനൻ വബിമുഹമ്മദിൻ സല്ലള്ളാഹു അലൈഹിവസല്ലമ നബിയ്യൻ വബിൽ ഖുർആനി ഇമാമൻ വബിൽ കഅ്ബത്തി ഖിബ്‌ലത്തൻ. വബിൽ മുഅ്‌മിനീന ഇഖ്‌വാനൻ, റബ്ബിയള്ളാഹു ലാഇലാഹ ഇല്ലാഹുവ അലൈഹിതവക്കൽത്തു വഹു വറബ്ബുൽ അർശിൽ അളീം.

സാരം: അല്ലാഹുവിൻ്റെ ദാസാ!.. എന്ന അല്ലാഹുവിൻ്റെ ദാസിയുടെ പുത്രാ! ഇഹ ലോകത്ത് നിന്ന് നീ പുറത്ത് കടക്കുമ്പോൾ ചെയ്‌ത കരാർ സ്‌മരിക്കുക. അല്ലാഹു ഒഴികെ ഒരാരാധ്യനുമില്ലെന്നും അവൻ ഏകനും  പങ്കുകാരനല്ലാത്തവനുമാണെന്നും മുഹമ്മദ്(സ)അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ള സത്യ സാക്ഷ്യമാണ് ആ കരാർ. സ്വർഗ്ഗം സത്യമാകുന്നു. നരകം സത്യമാകുന്നു. പുനരുജ്ജീവിതം സത്യമാണ്. അന്ത്യ നാൾ വരുക തന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ഖബ്റിലുളളവരെ അല്ലാഹു ജീവിപ്പിക്കുക തന്നെ ചെയ്യും. അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ്(സ)യെ നബിയായും ഖുർആനെ ഇമാമായും കഅ്ബയെ ഖിബ്ലയായും സത്യവിശ്വാസികളെ സഹോദരന്മാരായും നീ തൃപ്‌തിപ്പെട്ടിരിക്കുന്നു. എൻ്റെ നാഥൻ അല്ലാഹുവാകുന്നു. അവൻ ഒഴികെ ഒരു ആരാധ്യനുമില്ല. അവൻ്റെ പക്കൽ ഞാൻ എല്ലാ കാര്യങ്ങളും ഏൽപിച്ചിരിക്കുന്നു. മഹത്തായ സിംഹാസനത്തിൻ്റെ അധിപനാണവൻ. ഇപ്രകാരമാണ് തൽഖീൻ ചൊല്ലി കൊടുക്കേണ്ടത്. പ്രായപൂർത്തിയെത്തി മരണപ്പെട്ട എല്ലാ മുസ്ലിമിനും തൽഖീൻ ചൊല്ലിക്കൊടുക്കൽ സുന്നത്താണ്. സമുദ്രത്തിൽ യാത്ര ചെയ്‌തു കൊണ്ടിരിക്കെ മരണപ്പെട്ടയാളെ കുളിപ്പിച്ച് കഫൻ ചെയ്‌ത്‌ നിസ്ക‌രിച്ച്  പെട്ടിയിലാക്കി വെള്ളത്തിൽ താഴ്ത്തുന്നതിന് മുമ്പായി തൽഖീൻ ചൊല്ലിക്കൊടുക്കണമെന്നാണ് പണ്ഡ‌ിതന്മാർ ഫത്‌വ നൽകിയിട്ടുള്ളത്. വെള്ളത്തിൽ താഴ്ത്തിയ ശേഷമായാലും മയ്യിത്ത് അത് കേൾക്കാതിരിക്കുകയില്ലെന്നാണ് പണ്ഡ‌ിതന്മാരുടെ പ്രബലമായ പക്ഷം (ബിഗ്‌യ 96)

മയ്യിത്തിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ചൊല്ലി കൊടുക്കുന്നത് വളരെ ആശ്വാസകരമാണ്. പാരത്രിക ജീവിതത്തിലെ ആദ്യഘട്ടമാണല്ലോ ഖബ്റ്. മാത്രമല്ല ഖബ്റ് ജീവിതത്തിന്റെ ആദ്യ ദിവസം, അതിൻ്റെ ഭയാനകവും ഭീതിജനകവുമായ രംഗം കണ്ട് അസഹനീയമായ വിഷമം  സഹിച്ചു കൊണ്ടിരിക്കുന്ന ആ സമയത്ത് നാം അവിടെ സന്നിഹിതരായി മയ്യിത്തുമായുള്ള അഭിമുഖവും പ്രാർത്ഥനയും വളരെ സന്തോഷകരവും വിഷമാവസ്ഥ  ലഘൂകരിക്കുന്നതിനുള്ള കാരണവുമാകുമെന്ന്  പറയേണ്ടതില്ലല്ലോ?


ഇരുപത്തി രണ്ട്
ഖബ്റ് സിയാറത്ത്

ഖബ്റ് സിയാറത്ത് നിങ്ങളെ ഞാൻ നിരോധിച്ചിരുന്നു. ഇനി മുതൽ നിങ്ങൾ ഖബർ സിയാറത്ത് ചെയ്യുവിൻ. ഒരിക്കൽ നബി(സ) സഹാബികളോട് പറഞ്ഞതാണിത്. സിയാറത്തിനെ കുറിച്ചുള്ള രണ്ടു വശങ്ങൾ പ്രസ്തുത ഹദീസിൽ നിന്ന് മനസ്സിലാക്കാം. ആദ്യം അത് നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് അത് അനുവദനീയമാക്കി. ഇത് രണ്ടിന്റെയും കാരണം എന്ത്? നബി(സ)ആഗതനാകുന്നതിന് മുമ്പ് അറബി സമൂഹത്തിൽ അനേകം ദുരാചാരങ്ങൾ നിലനിന്നിരുന്നു. ഒരാൾ മരിച്ചു കഴിഞ്ഞാൽ ആളുകൾ ആ വീട്ടിൽ തടിച്ചു കൂടുകയും മരിച്ചയൾക്ക് വേണ്ടി ആർത്തട്ടഹസിച്ചു കരയുകയും വസ്ത്രം വലിച്ചെറിഞ്ഞ് നഗ്ന‌രായി തലയിട്ടു തല്ലുകയും ചെയ്‌തിരുന്നു. ചിലയാളുകൾ മരണത്തിനു മുമ്പ് തന്നെ താൻ മരിച്ചു കഴിഞ്ഞാൽ തനിക്ക് വേണ്ടി കരയാൻ കൂലി കൊടുത്ത് ചില സ്ത്രീകളെനിറുത്തുന്ന പതിവുണ്ടായിരുന്നു. മയ്യിത്ത് മറവു ചെയ്‌തു കഴിഞ്ഞാൽ ഖബ്റിങ്ങൽ ചെന്നു കൊണ്ട് പൂജ നടത്തുകയും ഖബറാളികൾക്ക് വേണ്ടി സുജൂദ് ചെയ്യുകയും കൂടി ചെയ്ത‌ിരുന്നു. ഇത്രയും ഭീകരമായ അനാചാരങ്ങൾ നിറുത്തൽ ചെയ്യാൻ വേണ്ടി നബി(സ)തങ്ങൾ ഖബ്റ്സിയാറത്ത് പാടെ നിരോധിച്ചു. ജനങ്ങൾ സത്യത്തിൻ്റെ മാർഗ്ഗത്തിൽ അടിയുറയ്ക്കുകയും ദുരാചാരങ്ങൾ കയ്യൊഴിയുകയും ചെയ്‌തപ്പോൾ ഇസ്ലാമിൽ ഏറ്റവു പുണ്യകരമായ ഖബ്റ് സിയാറത്ത് ജനങ്ങളോട് പ്രവാചകൻ(സ) സുന്നത്തായി കൽപിച്ചു. ഈ സംഭവമാണ് ഖബ്റ് സിയാറത്ത് നിങ്ങളെ ഞാൻ നിരോധിച്ചിരിക്കുന്നു. ഇനി മുതൽ നിങ്ങളത് ചെയ്യുവിൻ എന്ന ഹദീസിന്റെ ആശയം.

ഖബ്റ് സിയാറത്ത് ചെയ്യുന്നത് മൂലം ചെയ്യുന്ന ആൾക്കും മരണപ്പെട്ട വ്യക്തിക്കും വളരെയേറെ ഗുണങ്ങൾ ലഭ്യമാകുന്നു. ഖബ്റ് സിയാറത്ത് പുരുഷന്മാർക്കു മാത്രമെ സുന്നത്തുളളൂ. ഖബ്റ് സിയാറത്ത് സുന്നത്താണെന്നത് പണ്ഡ‌ിത ലോകം ഏക കണ്ഠമായി സമ്മതിച്ചതാണെന്നും തുഹ്ഫ 3/199-ൽ രേഖപ്പെടുത്തിയുട്ടുണ്ട്

ഖബ്റിലെ മയ്യിത്ത് ഏറ്റവും സന്തോഷിക്കുന്നത് അവൻ്റെ ഭൗതിക ജീവിതകാലത്ത് അവന് ഏറ്റവും പ്രിയപ്പെട്ടവൻ അവൻ്റെ ഖബർ സന്ദർശിക്കുമ്പോഴാണ് നബി(സ) പറഞ്ഞിട്ടുണ്ട്. ആയിശ(റ)പറയുന്നു. ഒരിക്കൽ നബി(സ) ഇപ്രകാരം പറഞ്ഞു. ഒരാൾ തൻ്റെ സഹോദരൻ്റെ ഖബ്റ് സന്ദർശിക്കുകയും ഖബറിനരികെ ഇരിക്കുകയും ചെയ്‌താൽ അയാൾ എഴുന്നേൽക്കുന്നത് വരെ ഖബ്റിലുള്ള ആൾക്ക് നേരമ്പോക്കുണ്ടാവുകയും സന്തോഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. (ശറഫുസുദൂർ)
സിയാറത്ത് ചെയ്യുമ്പോൾ ഖബ്റാളികൾക്ക് സലാം പറയുന്നതും ഖബ്‌റിങ്ങൽ വെച്ച് ഖുർആൻ ഓതുന്നതും സുന്നത്തകുന്നു. ഖബ്റാളികൾക്ക് സലാം എങ്ങനെയാണെന്ന് നബി(സ)യോട് ആയിശാ(റ)ചോദിച്ചു. അപ്പോൾ 

السَّلَامُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ يَرْحَمُ اللهُ الْمُسْتَقْدِمِينَ وَالْمُسْتَأْخِرِينَ إِنَّا إِنْ شَاءَ اللَّهُ بِكُمْ لَأَحِقُونَ*

(അസ്സലാമു അലാ അഹ്‌ലി ദ്ദിയാരി മിനൽ മുഅ്‌മിനീൻ വൽ മുസ്‌ലിമീൻ യർഹമുളളാ ഹുൽ മുസ്തഖ്‌ദിമീന വൽ മുസ്‌തഅ്ഖിരീൻ. ഇന്നാ ഇൻശാ അള്ളാഹു ബികും ലാഹിഖൂൻ)

സാരം: സത്യവിശ്വാസികളും അനുസരണ ശീലരുമായ ഈ വീട്ടുകാരുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയുണ്ടാവട്ടെ. നിങ്ങക്കു മുമ്പ് വന്നവരെയും ശേഷം വന്നവരെയും അല്ലാഹു കരുണ കൊണ്ട് പൊതിയട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ തീർച്ചയായും ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ് എന്ന് പറയൂ എന്ന് നബി(സ) മറുപടി പറയുന്നു. (മുഗ് നി 1/365)

എന്നാൽ പ്രത്യേക വ്യക്തികൾക്ക് വേണ്ടി സിയാറത്ത് ചെയ്യാൻ പോകുമ്പോൾ ഖബ്റാളികൾക്ക് പൊതുവെയും അവൻ ഉദ്ദേശിക്കുന്നവർക്ക് പ്രത്യേകമായും സലാം പറയണം. പിതാവാണെങ്കിൽ അസ്സലാമുലൈക്കയാ അബീ-അസ്സലാമു അലൈക്ക യാ വാലിദീ തുടങ്ങി പോലെ. മാതാവ്, ഗുരുനാഥൻ, സഹോദരൻ എന്നിവരെ പ്രത്യേകമാക്കി പറയേണ്ടതാണ്. സലാം പറയുമ്പോഴും ഖുർആൻ ഓതുമ്പോഴും മയ്യിത്തിന് അഭിമുഖമായി ഖിബ്‌ലക്ക് പിന്നിട്ടു കൊണ്ടും ദുആ ചെയ്യുമ്പോൾ ഖിബ്ലക്ക് മുന്നിട്ടു കൊണ്ടും ആയിരിക്കലാണ് സുന്നത്ത്.(തുഹ്ഫ 1/202)

ഇമാം അഹ്‌മദുബിൻ ഹമ്പൽ(റ) പറയുന്നു. നിങ്ങൾ മഖ്ബറയിലേക്ക് കടന്നു ചെന്നാൽ സൂറത്തുൽ ഫാതിഹ: ഇഖ്‌ലാസ്, മുഅവ്വദത്തൈനി എന്നീ സൂറത്തുകൾ ഓതി അതിന്റെ പ്രതിഫലം അവിടെയുള്ള ഖബ്റാളികൾക്ക് ദാനം ചെയ്യുക. എന്നാൽ അതവർക്ക് ലഭിക്കുന്നതാണ്.

ഒരാൾ തൻ്റെ മാതാപിതാക്കളുടെ ഖബ്റ് സന്ദർശിച്ചു യാസീൻ സൂറത്ത് ഓതി അവർക്ക് ദാനമാക്കി പ്രാർത്ഥിച്ചാൽ അല്ലാഹു അവരുടെ ദോഷങ്ങൾ പൊറുത്ത് കൊടുക്കുമെന്ന് ഒരു ഹദീസിൽ വന്നിരിക്കുന്നു. എപ്പോഴും ഖബ്റ് സിയാറത്ത് ചെയ്‌തുകൊണ്ടിരിക്കുന്നത് മയ്യിത്തിന് വളരെ ആനന്ദകരമാണ്. അതുകൊണ്ട് നമ്മിൽ പരലോക ചിന്തയുണ്ടാവുകയും മയ്യിത്തിൻ്റെ അവസ്ഥ കണ്ട് പാഠമുൾ കൊളളാൻ അവസരമുണ്ടാവുകയും ചെയ്യുന്നു. ഖബ്റ് ചുമ്പിക്കുക, തൊട്ടു മുത്തുക, തൊട്ടു തലോടുക, അവിടെയിരുന്നു കരയുക എന്നിവ ചെയ്യുന്നത് തെറ്റാകുന്നു. മാത്രമല്ല അത് ക്രിസ്ത‌്യാനികളുടെ സമ്പ്രദായം കൂടിയാണ് (ഇഹ്‌യാ 4/492) സാധാരണക്കാരുടെ ഖബ്റ്സിയാറത്ത് ചെയ്യൽ സ്ത്രീകൾക്ക് സുന്നത്തില്ല. ഖബർ സന്ദർശനത്തിന് പോകുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുമെന്ന് ഒരു ഹദീസിൽ ഉളളതാണെന്നും മറ്റും ഹദീസുകളിൽ നിന്നും പണ്ഡ‌ിതന്മാരുടെ അഭിപ്രായത്തിൽ മനസ്സിലാകുന്നു. എന്നാൽ അമ്പിയാക്കൾ, ശുഹദാക്കൾ, ഔലിയാക്കൾ, സ്വാലിഹുകൾ, പണ്ഡിതന്മാരെന്നിവരുടെ ഖബ്റ് സിയാറത്ത് ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്തുതന്നെയാണ്. മഹാന്മാരുടെ ഖബ്റുകൾ സിയാറത്ത് ചെയ്യുന്നത് നിമിത്തം വളരെയധികം ആത്മീയമായ ചൈതന്യവും പാരത്രിക നേട്ടങ്ങളും നമുക്ക് ലഭിക്കുന്നു. അതുപോലെ തന്നെ നബി(സ) തങ്ങളെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് ഇബാദത്തും പ്രത്യേക സുന്നത്തുമാകുന്നു. നബി(സ)യുടെയും, അല്ലാഹുവിൻ്റെ ഇഷ്ടദാസരായ മറ്റു മഹാന്മാരുടെയും ഖബ്റ് സിയാറത്ത് ചെയ്യുമ്പോൾ അവിടെ കൂടുതൽ സമയം ചിലവഴിക്കണമെന്നു കൂടി പണ്ഡ‌ിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്തരം മഖ്ബറകൾ സിയാറത്ത് ചെയ്യാനായി സ്ത്രീകൾ പുറപ്പെടുമ്പോൾ വളരെ നിബന്ധനകൾ പാലിക്കേണ്ടതാണ്. അന്യ പുരുഷന്മാരുടെ ദൃഷ്ടിയിൽ പെടാതിരിക്കാൻ പർദ്ദ പോലെയുള്ള മൂടുവസ്ത്രങ്ങൾ ധരിച്ചിരിക്കേണ്ടതും സുഗന്ധ വസ്‌തുക്കൾ ഉപയോഗിക്കാതിരിക്കേണ്ടതും കിലുകിലുക്കമുണ്ടാകുന്ന ആഭരണങ്ങൾ ധരിക്കാതിരിക്കേണ്ടതും നിർബന്ധമാണ്. ഈ വക നിബന്ധനകൾ പാലിക്കാതെ സ്ത്രീകൾ മഹാന്മാരുടെ ഖബ്റ് സന്ദർശിക്കാനെന്ന പേരിൽ അണിഞ്ഞൊരുങ്ങി പുറപ്പെടുന്നു. എന്നാൽ മഹാന്മാരുടെ ഖബ്റ് സിയാറത്ത് നിമിത്തം ലഭ്യമാകുന്ന പുണ്യത്തെ നശിപ്പിച്ചു കളയും വിധത്തിലുള്ള അവരുടെ രംഗപ്രവേശനം തടയേണ്ടതു തന്നെയാണ്. ഈ നിബന്ധനകളൊക്കെ പാലിച്ചുകൊണ്ടാണെങ്കിൽ തന്നെയും സാധാരണക്കാരുടെ ഖബ്റ് സിയാറത്ത് സ്ത്രീകൾക്ക് കറാഹത്തു തന്നെയാകുന്നു. മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നത് കൊണ്ട് അവരെ ബഹുമാനിക്കലുണ്ടാവുന്നതും അവർ കാരണമായി പാരത്രിക ഗുണങ്ങൾ കരഗതമാകലുണ്ടാകുന്നു. സാധാരണക്കാരിൽ നിന്ന് ഇതുണ്ടാവുന്നില്ലല്ലോ?

ഇമാം ബുഖാരിയും മുസ്ലിം(റ)വും റിപ്പോർട്ട് ചെയ്‌ത ഒരു ഹദീസിൽ ഒരു സ്ത്രീ തൻ്റെ കുട്ടിയെ ഖബ്റിന്നരികെ നിൽക്കുന്നത് നബി(സ) കണ്ടപ്പോൾ ആ സ്ത്രീയോട് കൂടുതൽ ക്ഷമിക്കുവാനും തഖ്‌വാ ചെയ്യുവാനും ഉപദേശിച്ചുവെന്നല്ലാതെ ആ സ്ത്രീയെ ആട്ടി ഓടിക്കുകയോ അവിടെ നിൽക്കുന്നത് വിലക്കുകയോ ചെയ്‌തില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നു. സ്ത്രീകൾക്ക് ഖബർ സന്ദർശനം ഹറാമാണെങ്കിൽ നബി (സ) ആ സ്ത്രീയെ ശാസിക്കുമായിരുന്നു. ഈ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് ഖബ്റ് സിയാറത്ത് കറാഹത്താണെങ്കിലും ഹറാമില്ല എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളിൽ കൂടുതലും അബലരും ക്ഷമയില്ലാത്തവരുമായതിനാൽ അവർ സിയാറത്തിന് വരുമ്പോഴേക്കും മയ്യിത്തിൻ്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞും വേർപാടിലുളള വ്യസനം പറഞ്ഞും ആർത്തു കരയാൻ തുടങ്ങും. ഇക്കാരണം കൊണ്ടാണ് സ്ത്രീകൾക്ക് സിയാറത്ത് കറാഹത്താക്കിയത്. ഇതൊന്നുമില്ലാത്ത പക്ഷം സ്ത്രീകൾക്ക് കറാഹത്തില്ലെന്നാണ് ആയിശാ(റ)യുടെ അഭിപ്രായം.


ഇരുപത്തിമൂന്ന്
മരിച്ചവർക്ക് വേണ്ടി നാമെന്ത് ചെയ്യും

നമ്മുടെ ജീവിതത്തിലെ എല്ലാ വിജയത്തിനും നിദാനമായി വർത്തിച്ച നമ്മുടെ വേണ്ടപ്പെട്ടവരിൽ പലരും ഇന്ന് മൺമറഞ്ഞു പോയി. അവരുടെ പാരത്രിക ജീവിതത്തിൻ്റെ അവസ്ഥ എന്താണെന്ന് നമുക്കാർക്കും അറിഞ്ഞുകൂടാ. അവരുടെ അവസ്ഥയെ ക്കുറിച്ച് അല്ലാഹുവിന് മാത്രമേ അറിയൂ. ഈ സന്ദർഭത്തിൽ അവർക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ചെയ്താൽ അവർക്കത് പ്രയോജനപ്പെടുമോ? പലരും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. മരിച്ചവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന സൽക്കർമ്മങ്ങൾ അവർക്ക് ഉപകാരപ്പെടുമെന്ന കാര്യത്തിൽ  സംശയിക്കേണ്ടതില്ല. കാരണം മരിച്ചവർക്ക് വേണ്ടി അവരുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കുന്നതും മറ്റും അവർക്കുപകാരപ്പെടുകയില്ലെങ്കിൽ അത്തരം കാര്യങ്ങൾ സമൂഹ്യബാധ്യതയായി ഇസ്ലാം നമ്മോട് കൽപിക്കുകയില്ലല്ലോ? അറ്റമില്ലാത്ത വെളളത്തിൽ മുങ്ങിത്താഴുന്നവനെപ്പോലെയാണ് ഖബ്റാളികളുടെ ജീവിതം. വെളളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നവന് ഒരു ചെറിയ പുൽകൊടി പോലും സഹായകമായി ഭവിക്കുന്നത് പോലെ മരിച്ചവരുടെ പേരിൽ നാം ചെയ്യുന്ന ഏതൊരു സൽകർമ്മവും അവർക്ക് വലിയ ഉപകാരം ചെയ്യുമെന്ന് നബി(സ)തങ്ങൾ പ്രസ്താവിച്ചിരിക്കുന്നു.

ഇബ്നുഅബ്ബാസ്(റ)നിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക. സഅ്‌ദ് ബിൻ ഇബാദത്ത്(റ)ൻ്റെ മാതാവ് അദ്ദേഹം നാട്ടിലില്ലാത്ത സന്ദർഭത്തിൽ മരണപ്പെട്ടു. നാട്ടിൽ വന്ന ശേഷം അദ്ദേഹം നബി(സ)യോട് ചോദിച്ചു. അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ മാതാവ് മരണപ്പെട്ടു. തദവസരത്തിൽ ഞാൻ ഇവിടെ ഇല്ലായിരുന്നു. എൻ്റെ ഉമ്മായ്ക്കുവേണ്ടി ഞാൻ ഇനി വല്ലതും ചെയ്‌താൽ അതവർക്ക് പ്രയോജനപ്പെടുമോ? അതെ! പ്രയോജനപ്പെടും. റസൂൽ(സ) മറുപടി നൽകി. എന്നാൽ ഞാൻ തങ്ങളെ സാക്ഷി നിറുത്തി പറയുന്നു. എൻ്റെ മിഖ്റാഫ് എന്ന തോട്ടം ഉമ്മായ്ക്ക് വേണ്ടി ഞാൻ സദഖ:ചെയ്യുന്നു എന്ന് സഅ്ദ്(റ) പറഞ്ഞു. ഈ ഹദീസ് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അബൂഹുറൈറ(റ)വിൽ നിന്നും ഇമാം മുസ്ലിം(റ)റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ നബി(സ)യുടെ അടുക്കൽ വന്നു കൊണ്ട് ഒരാൾ പറഞ്ഞു. അല്ലാഹുവിൻ്റെ റസലേ! എൻ്റെ പിതാവ് മരണപ്പെട്ടു. പിതാവിനാണെങ്കിൽ കുറെ സമ്പത്തുണ്ട്. ഒന്നും വസ്വിയത്ത് ചെയ്‌തിട്ടുമില്ല. പിതാവിനായി ഞാൻ എന്തെങ്കിലും ദാനം ചെയ്താൽ മതിയാകുമോ? പ്രവാചകൻ അതേ! എന്ന് മറുപടി നൽകി. (മുസ്ലിം)

നിശ്ചയമായും ഓരോ സത്യവിശ്വാസിക്കും അവൻ്റെ മരണ ശേഷം അവന്റെ ജീവിതത്തിൽ ചെയ്തുതു വെച്ച സൽക്കർമ്മങ്ങളുടെ പ്രതിഫലം എത്തിക്കൊണ്ടിരിക്കുന്നതാണ്. അവൻ പ്രചരണം ചെയ്ത‌ ദീനീ വിജ്ഞാനങ്ങൾ ഒഴിച്ചിട്ടുപോയ സ്വാലിഹായ സന്താനങ്ങൾ-ഖുർആൻ ഓതുന്നവർക്ക് വേണ്ടി വാങ്ങിവെച്ച മുസ്ഹഫ്, അവർ നിർമ്മിച്ച പളളി. അവൻ കുഴിച്ച കിണർ, കുളം പോലുള്ളത്, ആരോഗ്യകാലത്ത് ചെയ്‌ത ദാനധർമ്മങ്ങൾ എന്നിവയാണവ. ഈ ഹദീസ് അബൂഹുറൈറ(റ)യിൽ  നിന്നും ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. മരണപ്പെട്ടവർക്ക്‌ വേണ്ടി ഹജ്ജ് ചെയ്തു‌ വീട്ടുന്നതിനെക്കുറിച്ചും നോമ്പ്നോറ്റ് വീട്ടുന്നതിനെക്കുറിച്ചും പല സന്ദർഭങ്ങളിലും പലരും നബി(സ) യോട് ചോദിച്ചിട്ടുണ്ട്. അവർക്കെല്ലാം നബി(സ) അതിൻ്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കുമെന്നും കടമ വീടുമെന്നും പറഞ്ഞിട്ടുണ്ട്. നിങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ സൂറത്ത് ഓതുകയെന്നതു നബി(സ)സഹാബികളോട് കല്‌പിച്ചതായും നിരവധി ഹദീസുകളിൽ കാണാം.

മരിച്ചവർക്ക് വേണ്ടി അവരുടെ അഹ്‌ലുകാർ ചെയ്യുന്ന എല്ലാ സൽകർമ്മങ്ങളും അവർക്ക് പ്രയോജനപ്പെടുമെന്നും അത് കൊണ്ട് മരിച്ചവരുടെ പേരിൽ ദാന ധർമ്മങ്ങൾ ചെയ്യുക, ഖുർആൻ ഓതി ഹദ്‌യ ചെയ്യുക. അവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതാണെന്നും മനസ്സിലാക്കിത്തരുന്ന അനേകം സ്വഹീഹായ ഹദീസുകളും പണ്ഡിതന്മാരുടെ ഉദ്ധരണികളും ഉണ്ട്. തെളിവിന് മാത്രം നാം ഉദ്ധരിച്ചു കഴിഞ്ഞു. ഇനിയും തെളിവുകളുടെ ആവശ്യമില്ല.

ചുരുക്കത്തിൽ നാം ചെയ്യുന്ന സൽകർമ്മങ്ങളുടെ ഫലം മരിച്ചവർക്ക് ലഭിക്കുമെന്ന കാര്യത്തിൽ ഇനി സംശയിക്കേണ്ടതില്ല. പിന്നെ നാം അങ്ങനെ ചെയ്യേണ്ടതുണ്ടോ എന്നാണ് മറ്റൊരു സംശയം. നമ്മെ നാമാക്കിയ നമ്മുടെ മാതാപിതാക്കൾ, വന്ദ്യഗുരുനാഥന്മാർ, മറ്റു വേണ്ടപ്പെട്ടവർ അവരോട് നമുക്കൊരു ബാധ്യതയും ഇല്ലെ? അവരിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ നമുക്ക് നേരിൽ കാണാൻ കഴിയുകയാണെങ്കിൽ അവരുടെ സഹായത്തിന് വേണ്ടി നമ്മുടെ ജീവൻ പോലും നാം ത്യജിക്കാൻ  തയ്യാറാകില്ലേ? അല്ലാഹു നമുക്ക് ചെയ്‌ത തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ നമ്മോട് കൽപിച്ച കൂട്ടത്തിൽ സ്വന്തം മാതാപിതാക്കൾക്കു നന്ദി ചെയ്യാൻ അല്ലാഹു നമ്മോട് വിശുദ്ധ ഖുർആനിലൂടെ കൽപ്പിച്ചിരിക്കുന്നു. നമ്മുടെ സുഖവാസത്തിന് വേണ്ടി ജീവിത കാലത്ത് അത്യന്തം കഠിനാദ്ധ്വാനം ചെയ്ത മാതാപിതാക്കളെ കുറിച്ചോർക്കാതിരിക്കുകയും അവരുടെ ഖബ്റിടത്തിലൂടെ നടന്ന് പോകുമ്പോഴെങ്കിലും അവരുടെ പാരത്രിക ഗുണത്തിനും പാപ മോചനത്തിനും വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്നതിൽ കവിഞ്ഞ നന്ദികേട് മറ്റെന്തുണ്ട്. 

മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതലും അവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യലും മറ്റു ദാനധർമ്മങ്ങൾ നടത്തലും പ്രവാചകരുടെ കാലം മുതൽ ഇതു വരെയുള്ള സത്യവിശ്വാസികളുടെ ചര്യയായിരുന്നു. ആ ചര്യ പിന്തുടരാൻ നാം കഴിവതും ശ്രമിക്കുക! നേർമാർഗ്ഗം വ്യക്തമായ ശേഷം ഏതൊരാൾ അല്ലാഹുവിൻ്റെ റസൂലിനോട് വിയോജിക്കുകയും  സത്യ വിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിൻ പറ്റുകയും ചെയ്യുന്നുവോ അവൻ സ്വീകരിച്ച മാർഗ്ഗം അവന് നാം സൗകര്യപ്പെടുത്തി കൊടുക്കുകയും അവനെ നാം നരകത്തിൽ പ്രവേശിക്കുകയും ചെയ്യും, ഏറ്റവും ചീത്തയായ ഒരു സങ്കേതമത്രെ നരകം. (സൂറ: അന്നിസാഅ്)
 
മയ്യിത്ത് പരിപാലനസംബന്ധമായി പ്രാഥമികവും ഹൃസ്വവുമായ വിവരണമാണ് ഈ ചെറു കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. തദ്‌വിഷയകമായി സമ്പൂർണ്ണമായ ഒരു പുസ്ത‌കമല്ല ഇത്. വളരെ നിഷ്ക്കർഷതയോടെയും അത്യന്തം ജാഗ്രതയോടെയും ചെയ്തു തീർക്കേണ്ട മയ്യിത്ത്  പരിപാലന കർമ്മത്തിൽ ഇന്ന് പ്രാദേശികമായ വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞു നിൽക്കുന്നതായി കാണുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ സ്‌പന്ദനങ്ങളും എങ്ങനെയായിരിക്കണമെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. മനസാവാചാകർമ്മണാ അവ നാം നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമെ തഖ്‌വയോടു കൂടി പരിപൂർണ്ണമായ നിലയിൽ ഒരു മുസൽമാനായി നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ.  ഈ വിഷയത്തിൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും കരണീയമായിട്ടുള്ളത് പണ്ഡിതന്മാരെ പൂർണ്ണമായി അംഗീകരിക്കുകയും അവലംബമാക്കുകയും ചെയ്യുകയാണ്. അതാത് ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന മതനിയമങ്ങൾ അറിവുളളവരുമായി നേരിൽ ബന്ധപ്പെട്ട് സംശയ നിവാരണം വരുത്താൻ നാം ശ്രമിക്കണം. അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അവൻ പൊരുത്തപ്പെട്ട മാർഗ്ഗത്തിലൂടെ ജീവിച്ചു മരിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ഇതൊരു സ്വാലിഹായ പ്രവർത്തനമായി നമ്മിൽ നിന്നും അല്ലാഹു സ്വീകരിക്കട്ടെ. (ആമീൻ)

ഇത് ടൈപ് ചെയ്ത്‌ തയ്യാറാക്കിയത് : മുഹമ്മദ് കുഞ്ഞി കൊളവയൽ
 
സുഹൃത്തുക്കളെ, നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഇസ്‌ലാം കേരള പ്രവർത്തകരെയും പ്രത്യേകിച്ച് ഈ പുസ്‌തകത്തിൻ്റെ രചയിതാവ് ബഹു : ഹനീഫ ഫൈസിയെയും, ഇത് നിങ്ങൾക്കെത്തിക്കാൻ ടൈപ് ചെയ്‌തു തയ്യാറാക്കിയ സുഹൃത്ത് : മുഹമ്മദ് കൊളവയലിനെയും മറ്റു നമുക്ക് വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ..............
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861