ദുരാഗ്രഹത്തിന്റെ ചാരവും പശ്ചാത്താപത്തിന്റെ പച്ചപ്പും സൂറത്തുൽ ഖലമിലെ തോട്ടക്കാരുടെ കഥ

ശുദ്ധ ഖുർആനിലെ സൂറത്തുൽ ഖലമിൽ الله تعالى തോട്ടത്തിന്റെ ഉടമസ്ഥരായ ഒരു കൂട്ടം ആളുകളുടെ കഥ വിവരിക്കുന്നുണ്ട്. الله تعالى അവരിൽ നിശ്ചയിച്ച അവകാശങ്ങൾ (സകാത്തും ധർമ്മവും) അവർ നൽകിയില്ല, തന്മൂലം അവരുടെ ദുഷിച്ച നിയ്യത്ത് കാരണം അവിടുന്നു അവരെ ആ തോട്ടത്തിൽ നിന്ന് വഞ്ചിതരാക്കുകയും അതിനെ നശിപ്പിച്ച് ശിക്ഷിക്കുകയും ചെയ്തു. എന്താണ് ഈ കഥയുടെ പൂർണ്ണ രൂപം എന്ന് നോക്കാം.

ദുരാഗ്രഹത്തിന്റെ ചാരവും പശ്ചാത്താപത്തിന്റെ പച്ചപ്പും  സൂറത്തുൽ ഖലമിലെ തോട്ടക്കാരുടെ കഥ

ദുരാഗ്രഹത്തിന്റെ ചാരവും പശ്ചാത്താപത്തിന്റെ പച്ചപ്പും  സൂറത്തുൽ ഖലമിലെ തോട്ടക്കാരുടെ കഥ

വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഖലമിൽ الله تعالى തോട്ടത്തിന്റെ ഉടമസ്ഥരായ ഒരു കൂട്ടം ആളുകളുടെ കഥ വിവരിക്കുന്നുണ്ട്. الله تعالى അവരിൽ നിശ്ചയിച്ച അവകാശങ്ങൾ (സകാത്തും ധർമ്മവും) അവർ നൽകിയില്ല, തന്മൂലം അവരുടെ ദുഷിച്ച നിയ്യത്ത്  കാരണം അവിടുന്നു അവരെ ആ തോട്ടത്തിൽ നിന്ന് വഞ്ചിതരാക്കുകയും അതിനെ നശിപ്പിച്ച് ശിക്ഷിക്കുകയും ചെയ്തു. എന്താണ് ഈ കഥയുടെ പൂർണ്ണ രൂപം എന്ന് നോക്കാം.

യമൻ രാജ്യം സമൃദ്ധമായ തോട്ടങ്ങൾക്കും ഫലഭൂയിഷ്ഠമായ നിലങ്ങൾക്കും പേരു കേട്ടതായിരുന്നു. അതിന്റെ പ്രധാന നഗരങ്ങളിലൊന്നായ സ്വൻആയിക്ക് (Sana'a) സമീപമുള്ള 'ദൂറാൻ' എന്ന സ്ഥലത്ത് ഒരു സ്വാലിഹായ  മനുഷ്യൻ തന്റെ മക്കളോടൊപ്പം ജീവിച്ചിരുന്നു. അദ്ദേഹത്തിന് വളരെ വിശാലമായ ഒരു തോട്ടമുണ്ടായിരുന്നു. ഈന്തപ്പനകളും മുന്തിരിവള്ളികളും വിവിധതരം പച്ചക്കറികളും അതിൽ ധാരാളമായി ഉണ്ടായിരുന്നു. കാണുന്നവർക്ക് കൺകുളിർമയും യാത്രക്കാർക്ക് വിശ്രമകേന്ദ്രവുമായിരുന്നു ആ തോട്ടം.

ഈ സ്വാലിഹായ മനുഷ്യൻ  ഈസാ നബി (عليه السلام) യുടെ സത്യവിശ്വാസിയായ അനുയായി ആയിരുന്നു. الله تعالى തനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് അദ്ദേഹം എപ്പോഴും നന്ദി കാണിച്ചു. വിളവെടുപ്പ് കാലമാകുമ്പോൾ അദ്ദേഹം തൊഴിലാളികളെ വിളിച്ച് പഴങ്ങളും ധാന്യങ്ങളും കൊയ്യുകയും, ശേഷം പതിവുപോലെ പ്രദേശത്തെ പാവപ്പെട്ടവരെയും നിർദ്ധനരെയും ക്ഷണിക്കുകയും ചെയ്യുമായിരുന്നു. അവരെ തോട്ടത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അദ്ദേഹം തടഞ്ഞില്ല. എല്ലാവർക്കും ധാരാളമായി നൽകി. കൊയ്ത്തിന് ശേഷം നിലത്തു വീഴുന്നതും ഈന്തപ്പനകളിൽ ബാക്കിയാകുന്നതുമെല്ലാം പാവപ്പെട്ടവർക്ക് എടുത്തു കൊണ്ടുപോകാമായിരുന്നു. വർഷങ്ങളായി അദ്ദേഹം ഇത് തുടർന്നുവന്നു.

എന്നാൽ, അദ്ദേഹത്തിന്റെ ചില മക്കൾക്ക് തങ്ങളുടെ പിതാവിന്റെ സ്വത്ത് പാവങ്ങൾക്ക് വീതിച്ചു നൽകുന്നതും തോട്ടം പാവപ്പെട്ടവർക്കായി തുറന്നുകൊടുക്കുന്നതും ഇഷ്ടമായിരുന്നില്ല. അവർ പിതാവിനോട് പറഞ്ഞു: "താങ്കൾ ഇപ്രകാരം പാവങ്ങൾക്ക് നൽകുന്നതിലൂടെ ഞങ്ങളുടെ അവകാശം ഇല്ലാതാക്കുകയും ഞങ്ങളുടെ ജീവിതം പ്രയാസത്തിലാക്കുകയുമാണ് ചെയ്യുന്നത്. താങ്കൾക്ക് ശേഷം ഞങ്ങൾ പാവപ്പെട്ടവരായി മറ്റുള്ളവരോട് ഭിക്ഷ യാചിക്കേണ്ടി വരും."

അവരുടെ അനാവശ്യ വാദങ്ങൾ കേട്ട് പിതാവ് അവരോട് പറഞ്ഞു: "നിങ്ങളുടെ ചിന്തയും കണക്കുകൂട്ടലും തെറ്റാണ്. ഈ സ്വത്ത് الله تعالى നൽകിയതാണ്. ഇതിൽ നിന്ന് പാവപ്പെട്ടവർക്കും അനാഥർക്കും സകാത്ത് നൽകാൻ അവിടുന്നു എന്നോട് കൽപ്പിച്ചിട്ടുണ്ട്. ഇങ്ങനെ നൽകുമ്പോഴാണ് സ്വത്തിൽ ബറക്കത്തും വർദ്ധനവും ഉണ്ടാകുന്നത്. ഞാൻ ചെറുപ്പം മുതൽ ചെയ്തുപോരുന്ന ഈ നല്ല കാര്യം, എന്റെ മരണം അടുത്ത ഈ വയസ്സുകാലത്ത് എങ്ങനെ ഞാൻ ഉപേക്ഷിക്കും?"

അധികം വൈകാതെ ആ സ്വാലിഹായ മനുഷ്യൻ രോഗബാധിതനാവുകയും മരണപ്പെടുകയും ചെയ്തു. തോട്ടം മക്കളുടെ കൈവശമായി.

വിളവെടുപ്പ് കാലമെത്തി. പതിവുപോലെ തങ്ങൾക്ക് ലഭിക്കേണ്ട വിഹിതം വാങ്ങാനായി പാവപ്പെട്ടവർ കാത്തിരുന്നു. എന്നാൽ ദുരാഗ്രഹികളായ ആ മക്കൾ ഒരുമിച്ചുകൂടി തീരുമാനിച്ചു: "ഇന്നുമുതൽ ഈ തോട്ടത്തിൽ നിന്ന് ഒരു പാവപ്പെട്ടവനും ഒന്നും കൊടുക്കില്ല. ആർക്കും ഇവിടെ പ്രവേശനവുമുണ്ടാകില്ല. അങ്ങനെ ചെയ്താൽ നമ്മുടെ ധനം വർദ്ധിക്കും, നമ്മുടെ പദവി ഉയരും."

അവരിൽ നല്ല  നിലപാടുള്ള, പിതാവിനെപ്പോലെ നന്മ ആഗ്രഹിക്കുന്ന ഒരു മകനുണ്ടായിരുന്നു. അവൻ പറഞ്ഞു: "നിങ്ങൾ വലിയ തെറ്റാണ് ചെയ്യാൻ പോകുന്നത്. പാവപ്പെട്ടവരുടെ അവകാശം തടഞ്ഞുവെച്ചാൽ الله تعالى വിൽ നിന്നുള്ള കോപവും ശിക്ഷയും നമ്മുടെ തോട്ടത്തെ വേരോടെ നശിപ്പിക്കും എന്ന് ഞാൻ ഭയപ്പെടുന്നു."

എന്നാൽ സഹോദരന്മാർ അത് കേട്ടില്ല. പ്രഭാതത്തിൽ ആളുകൾ ഉണരുന്നതിന് മുമ്പ് രഹസ്യമായി തോട്ടത്തിൽ പോയി എല്ലാ പഴങ്ങളും ധാന്യങ്ങളും കൊയ്തെടുക്കാനും പാവങ്ങൾക്ക് ഒന്നും ബാക്കിവെക്കാതിരിക്കാനും അവർ ഗൂഢാലോചന നടത്തി.

എന്നാൽ, അവരുടെ ദുഷിച്ച പദ്ധതികളെക്കുറിച്ച് الله تعالى തആലാ പൂർണ്ണമായി അറിയുന്നവനായിരുന്നു. അവിടുന്നു രാത്രിയിൽ ജിബ്‌രീൽ (عليه السلام) എന്ന മലക്കിനെ ശക്തമായ ഒരു ശിക്ഷയുമായി അയച്ചു. കൊടുങ്കാറ്റും തീയുമേറ്റ് തോട്ടത്തിലെ വൃക്ഷങ്ങളും ചെടികളും കരിഞ്ഞുണങ്ങി. തോട്ടം മുഴുവൻ ഇരുണ്ട രാവുപോലെ കറുത്തുപോയി.
രാവിലെ തോട്ടത്തിലെത്തിയ അവർക്ക് തങ്ങളുടെ കൺമുമ്പിൽ കാണുന്ന കാഴ്ച്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതാണോ ഇന്നലെ വരെ പച്ചപ്പും പഴങ്ങളും നിറഞ്ഞ നമ്മുടെ തോട്ടം? നമ്മൾ വഴിതെറ്റി വേറെവിടെയോ എത്തിയതായിരിക്കും" എന്ന് അവർ പരസ്പരം പറഞ്ഞു.

അപ്പോൾ ഇടത്തരം നിലപാടുള്ള സഹോദരൻ പറഞ്ഞു: "അല്ല, ഇതുതന്നെയാണ് നമ്മുടെ തോട്ടം. പാവപ്പെട്ടവർക്ക് നൽകുന്നതിന് മുമ്പ് തന്നെ   الله تعالى നിങ്ങളെ ഇതിൽ നിന്ന് വഞ്ചിതരാക്കിയിരിക്കുന്നു. നിങ്ങളുടെ പിശുക്കിനും ദുരാഗ്രഹത്തിനും ലഭിച്ച ശിക്ഷയാണിത്."

ഇതറിഞ്ഞതോടെ അവർ പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങി. "നീയാണ് പാവങ്ങൾക്ക് കൊടുക്കേണ്ട എന്ന് ഉപദേശിച്ചത്", "അല്ല, നീയാണ് ഞങ്ങളെ പാവപ്പെട്ടവരാകുമെന്ന് ഭയപ്പെടുത്തിയത്" എന്നിങ്ങനെ അവർ തർക്കിച്ചു. ഒടുവിൽ തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ അവർ الله تعالى വിനോട് പ്രാത്ഥിച്ചു: "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ അതിക്രമികളായിപ്പോയി. അല്ലാഹുവിന്റെ കൽപ്പന ലംഘിച്ച് സകാത്ത് തടഞ്ഞുവെച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു."

അവർ സത്യസന്ധമായി തൗബ ചെയ്തു (മടങ്ങി) ഖേദിച്ചപ്പോൾ الله تعالى തആലാ തന്റെ റഹ്‌മത്ത് (കാരുണ്യം) അവർക്ക് നൽകി. "പകരം ഇതിനേക്കാൾ നല്ലൊരു തോട്ടം الله تعالى നൽകിയാൽ, ഞങ്ങളുടെ പിതാവ് ചെയ്തതുപോലെ പാവങ്ങൾക്ക് നൽകി ഞങ്ങൾ ജീവിക്കും" എന്ന് അവർ പ്രതിജ്ഞ ചെയ്തു.

അവരുടെ സത്യസന്ധമായ തൗബ കാരണം, الله تعالى അന്നുരാത്രി തന്നെ അതിനേക്കാൾ അനുഗ്രഹീതമായ മറ്റൊരു തോട്ടം അവർക്ക് നൽകി. ജിബ്‌രീൽ (عليه السلام)നോട് കരിഞ്ഞുപോയ തോട്ടം അവിടെനിന്ന് മാറ്റി ഷാമിലെ (Syria) സമൃദ്ധമായ ഒരു തോട്ടം അവിടെ സ്ഥാപിക്കാൻ കൽപ്പിച്ചു. അതിൽ വലിയ മുന്തിരിക്കുലകളും സമൃദ്ധമായ വിളവുകളും ഉണ്ടായിരുന്നു. തുടർന്ന് അവർ തങ്ങളുടെ പിതാവിന്റെ മാർഗ്ഗത്തിലേക്ക് മടങ്ങുകയും, പാവപ്പെട്ടവരെ തടയാതെ, الله تعالى വിന് തൃപ്തികരമായ രീതിയിൽ ധർമ്മം നൽകി തങ്ങളുടെ സ്വത്തും ശരീരവും പരിശുദ്ധമാക്കുകയും ചെയ്തു.

സൂറത്തുൽ ഖലമിലെ (ആയത്തുകൾ 17–33) ഈ തോട്ടക്കാരുടെ സംഭവം വിവരിക്കുന്നു.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.

إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ (١٧) وَلَا يَسْتَثْنُونَ (١٨)
 "പ്രഭാതത്തിൽ തന്നെ തോട്ടത്തിലെ പഴങ്ങൾ കൊയ്തെടുക്കുമെന്ന് അവർ സത്യം ചെയ്തു പറഞ്ഞ സന്ദർഭം. (ഇൻശാ അല്ലാഹ് എന്ന്) അവർ  പറഞ്ഞതുമില്ല."

തങ്ങളുടെ പിതാവിന്റെ മരണശേഷം ദുരാഗ്രഹികളായ ആ മക്കൾ, പാവപ്പെട്ടവർക്ക് ഒരു വിഹിതവും നൽകാതിരിക്കാൻ നേരം പുലരും മുമ്പ് കൊയ്തെടുക്കാൻ ഉറപ്പിച്ചു. ഭാവി കാര്യങ്ങൾ അല്ലാഹുവിൽ തവക്കൽ ചെയ്ത് 'ഇൻശാ അല്ലാഹ്' എന്ന് പറയാൻ പോലും അവരുടെ അഹങ്കാരം അനുവദിച്ചില്ല.

فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ (١٩) فَأَصْبَحَتْ كَالصَّرِيمِ (٢٠)
"എന്നാൽ അവർ ഉറങ്ങിക്കിടക്കുമ്പോൾ നിന്റെ രക്ഷിതാവിൽ നിന്നുള്ള ഒരു ദുരന്തം അതിനെ ബാധിച്ചു. അങ്ങനെ അത് കരിഞ്ഞുണങ്ങി ഇരുണ്ട രാവുപോലെയായി മാറി."
മനുഷ്യരുടെ ദുഷിച്ച നിയ്യത്തുകളെക്കുറിച്ച് അല്ലാഹു പൂർണ്ണമായി അറിയുന്നവനാണ്. അവർ ഉറങ്ങുന്ന സമയത്ത് അല്ലാഹുവിൽ നിന്നുള്ള ശിക്ഷ തീയായും കൊടുങ്കാറ്റായും ആ തോട്ടത്തെ വന്ന് മൂടുകയും, അതിലെ സമൃദ്ധമായ സസ്യങ്ങളെല്ലാം ചാരം പോലെ ഇരുണ്ടതാക്കുകയും ചെയ്തു.

فَتَنَادَوْا مُصْبِحِينَ (٢١) أَنِ اغْدُوا عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ (٢٢)
"അങ്ങനെ പ്രഭാതമായപ്പോൾ അവർ പരസ്പരം വിളിച്ചുണർത്തി: നിങ്ങൾ (പഴങ്ങൾ) കൊയ്തെടുക്കുന്നവരാണെങ്കിൽ നിങ്ങളുടെ തോട്ടത്തിലേക്ക് അതിരാവിലെ പുറപ്പെടുക."
തോട്ടത്തിന് സംഭവിച്ച നാശത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെ, തങ്ങളുടെ പ്ലാൻ നടപ്പിലാക്കാൻ അവർ അതിരാവിലെ തന്നെ പരസ്പരം വിളിച്ച് ഉണർത്തുകയായിരുന്നു.

فَانطَلَقُوا وَهُمْ يَتَخَافَتُونَ (٢٣) أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ (٢٤) وَغَدَوْا عَلَىٰ حَرْدٍ قَادِرِينَ (٢٥)
"അങ്ങനെ അവർ രഹസ്യം പറഞ്ഞുകൊണ്ട് നടന്നു: ഇന്ന് ഒരു പാവപ്പെട്ടവനും നിങ്ങളുടെ അടുത്ത് അതിൽ പ്രവേശിക്കരുത്. തങ്ങൾക്ക് സാധ്യമാകുമെന്ന ധാരണയിൽ കോപത്തോടെ/ഉറച്ച തീരുമാനത്തോടെ അവർ അതിരാവിലെ പോയി."                                                                                                                                                                                                                                                                          
ആളുകൾ ഉണരുന്നതിന് മുമ്പ് തോട്ടത്തിലെത്താനും, പാവപ്പെട്ടവർ ആരും തങ്ങളെ കാണാതിരിക്കാനും അവർ വളരെ ശബ്ദം കുറച്ചാണ് സംസാരിച്ചത്. പാവങ്ങളെ പൂർണ്ണമായി തടയാൻ തങ്ങൾക്ക് കഴിയും എന്ന തെറ്റായ അഹങ്കാരത്തിലായിരുന്നു അവർ.

فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ (٢٦) بَلْ نَحْنُ مَحْرُومُونَ (٢٧)
 "എന്നാൽ തോട്ടം കണ്ടപ്പോൾ അവർ പറഞ്ഞു: തീർച്ചയായും നമ്മൾ വഴിതെറ്റിപ്പോയതാണ്. അല്ല, നമ്മൾ (സർവ്വതും) നഷ്ടപ്പെട്ടവരാണ്."

കരിഞ്ഞുണങ്ങി കിടക്കുന്ന പ്രദേശം കണ്ടപ്പോൾ തങ്ങൾക്ക് വഴി തെറ്റി വേറെവിടെയോ എത്തിയതാണെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോൾ തങ്ങളുടെ തോട്ടം തന്നെയാണ് നശിച്ചതെന്ന് മനസ്സിലാവുകയും തങ്ങൾ ശിക്ഷിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുകയും ചെയ്തു.

قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ (٢٨) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ (٢٩)
"അവരിൽ മിതത്വം പാലിച്ചയാൾ (നല്ലവൻ) പറഞ്ഞു: ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ, നിങ്ങൾ അല്ലാഹുവിനെ തസ്ബീഹ് (സ്തുതി) ചെയ്യേണ്ടതായിരുന്നു എന്ന്? അവർ പറഞ്ഞു: നമ്മുടെ രക്ഷിതാവ് പരിശുദ്ധനാണ്, തീർച്ചയായും ഞങ്ങൾ അതിക്രമികളായിരുന്നു."

നേരത്തെ അവരെ തെറ്റിൽ നിന്ന് തടയാൻ ശ്രമിച്ച സഹോദരൻ, അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ച് പാവങ്ങൾക്ക് കൊടുക്കാതിരുന്നതിന്റെ അനന്തരഫലം ഓർമ്മിപ്പിച്ചു. അപ്പോഴാണ് അവർക്ക് സ്വന്തം തെറ്റ് ബോധ്യപ്പെടുകയും അല്ലാഹുവിനോട് അപാകതകൾ ഏറ്റുപറയുകയും ചെയ്തത്.

فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ (٣٠) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ (٣١)
 "അങ്ങനെ അവർ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് മുന്നോട്ടുവന്നു. അവർ പറഞ്ഞു: ഞങ്ങൾക്ക് നാശം! തീർച്ചയായും ഞങ്ങൾ അതിക്രമികളായിപ്പോയി."

ദുരന്തം വന്നപ്പോൾ ഓരോരുത്തരും മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. എന്നാൽ പിന്നീട് എല്ലാവരും തങ്ങളുടെ അതിക്രമം അംഗീകരിക്കുകയും ഖേദിക്കുകയും ചെയ്തു.

عَسَىٰ رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ (٣٢)
 "നമ്മുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായ ഒന്ന് പകരം നൽകിയേക്കാം. തീർച്ചയായും ഞങ്ങൾ നമ്മുടെ രക്ഷിതാവിലേക്ക് ആഗ്രഹ തിരിവുള്ളവരാണ്."

മനസ്സറിഞ്ഞ് പശ്ചാത്തപിച്ച (തൗബ ചെയ്ത) അവർ അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചു. ഈ സത്യസന്ധമായ മടക്കം കാരണം അല്ലാഹു അവർക്ക് അതിനേക്കാൾ അനുഗ്രഹീതമായ മറ്റൊരു തോട്ടം നൽകി അനുഗ്രഹിച്ചു.

كَذَٰلِك الْعَذَابُ ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ (٣٣)
 "ഇപ്രകാരമാകുന്നു (ഈ ലോകത്തെ) ശിക്ഷ. എന്നാൽ പരലോക ശിക്ഷയത്രെ ഏറ്റവും വലുത്, അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!"

അല്ലാഹുവിന്റെ കൽപ്പനകൾ ലംഘിക്കുന്നവർക്ക് ഈ ദുനിയാവിൽ ലഭിക്കുന്ന ശിക്ഷയുടെ ഉദാഹരണമാണിത്. എന്നാൽ ഇതിലും കഠിനമായ പരലോക ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യർ അല്ലാഹുവിനെ ഭയന്ന് ജീവിക്കണമെന്ന് ഈ ആയത്ത് ഓർമ്മിപ്പിക്കുന്നു.

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files