മിഹ്റാബും മിംബറും കാലാനുസൃതമായ അറിവും സാമൂഹിക ദൗത്യവും. സഅദിയ്യയിൽ സുലൈമാൻ കരിവെള്ളൂർ ജില്ലാ മിഹ്റാബ് കോൺഫറൻസിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്
പോയി പള്ളിയിൽ പറഞ്ഞാൽ മതി എന്നൊരു ചൊല്ലു മലയാളത്തിലുണ്ട്. നടക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇങ്ങനെ പറയാറുള്ളത്. അവ പള്ളിയിൽ പോയി പറഞ്ഞാൽ നടക്കും എന്നർത്ഥം. അത് ഇന്നും വാസ്തവമാണ്. ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹി ജുമാ മസ്ജിദിൽ എസ്.എം.എ എന്ന രോഗം ബാധിച്ച ഒരു കുഞ്ഞിന് വേണ്ടി ഒരു മണിക്കൂർ കൊണ്ട് അഞ്ച് കോടിയോളം രൂപ സമാഹരിച്ചത് മാധ്യമ ലോകം അതിശയത്തോടെ റിപ്പോർട്ട് ചെയ്തത്.
മിഹ്റാബും മിംബറും കാലാനുസൃതമായ അറിവും സാമൂഹിക ദൗത്യവും.
സഅദിയ്യയിൽ സുലൈമാൻ കരിവെള്ളൂർ ജില്ലാ മിഹ്റാബ്
കോൺഫറൻസിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്
പോയി പള്ളിയിൽ പറഞ്ഞാൽ മതി എന്നൊരു ചൊല്ലു മലയാളത്തിലുണ്ട്. നടക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇങ്ങനെ പറയാറുള്ളത്. അവ പള്ളിയിൽ പോയി പറഞ്ഞാൽ നടക്കും എന്നർത്ഥം. അത് ഇന്നും വാസ്തവമാണ്. ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹി ജുമാ മസ്ജിദിൽ എസ്.എം.എ എന്ന രോഗം ബാധിച്ച ഒരു കുഞ്ഞിന് വേണ്ടി ഒരു മണിക്കൂർ കൊണ്ട് അഞ്ച് കോടിയോളം രൂപ സമാഹരിച്ചത് മാധ്യമ ലോകം അതിശയത്തോടെ റിപ്പോർട്ട് ചെയ്തത്.
കുറച്ചു മുമ്പ് കോട്ടയത്ത് ഒരു പരിപാടിക്ക് പോയപ്പോൾ അവിടുത്തെ പ്രവർത്തകർ എന്നെ അവിടുത്തെ പുരാതനമായ താഴെതെരുവിലെ പള്ളി കാണാൻ കൊണ്ടുപോയി. വിശാലമായൊരു പള്ളി. ഒരുപാട് പ്രത്യേകതകളുണ്ട് ആ പള്ളിക്ക്. ഒറ്റ കരിങ്കല്ലിൽ നിർമിച്ച അതിന്റെ ഹൗള്, പ്രകൃത്യാ തന്നെ അതിലെ വെള്ളത്തെ തണുപ്പിച്ച് നിർത്തുന്നു. അതിന്റെ നേരെ മുകളിൽ നിർമ്മിച്ച ഇമാമിന്റെ റൂം അതുകാരണം എപ്പോഴും എയർ കണ്ടീഷൻ ചെയ്ത പോലെ അനുഭവപ്പെടുന്നു. ഇങ്ങനെ വിശാലമായ ധാരാളം പള്ളികൾ കേരളത്തിലുണ്ട്.
കുനിഞ്ഞു കയറുന്ന ചെറ്റപ്പുരകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് എന്തിനായിരിക്കാം ഇത്രവലിയ പള്ളികൾ നിർമിച്ചിരിക്കുക. കാരണം ഈ പള്ളികളായിരുന്നു അക്കാലത്തെ യൂണിവേഴ്സിറ്റികൾ. തത്വശാസ്ത്രവും തർക്കശാസ്ത്രവും അർത്ഥശാസ്ത്രവും ഗോളശാസ്ത്രവും ചികിത്സാശാസ്ത്രവും മതപാഠങ്ങളോടൊപ്പം ഇവിടെയാണ് നൽകപ്പെട്ടിരുന്നത്. തികച്ചും സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസമാണ് സമുദായം സമൂഹത്തിനായി ഇവിടെ ലഭ്യമാക്കിയിരുന്നത്.
ഇങ്ങനെ സമൂഹത്തിന്റെ നിഖില മേഖലകളിലും പള്ളി അഥവാ മിഹ്റാബും മിംബറും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഇന്നും തുടരുന്നു. അവ നമ്മുടെ മുന്നിൽ എന്നും ഇതേ പ്രൗഢിയോടെ ഉണ്ടാവണം. അതിന്റെ മുന്നിൽ നിൽക്കുന്നവർക്കും അതേപോലെയുള്ള പ്രാധാന്യം സമൂഹം കൽപ്പിച്ചു നൽകിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഉസ്താദ് പറഞ്ഞത് സമൂഹം അംഗീകരിക്കുന്നത്. ആ മിഹ്റാബിൽ ഇരുന്നുകൊണ്ട് 'അഫ്ദലുദ്ദിക്ർ' എന്ന് പറഞ്ഞാൽ സമൂഹം ഒന്നടങ്കം 'لا إله إلا الله' എന്ന് പറയും. എന്നും അങ്ങനെ തന്നെയാണ് ആ മിഹ്റാബ്. സമൂഹത്തോട് അവിടുന്ന് എന്ത് പറയുന്നു, അത് സമൂഹം കേൾക്കാൻ എന്നും സന്നദ്ധമാണ്. അതുതന്നെയതുപോലെ മിഹ്റാബും മിംബറും ശ്രദ്ധാപൂർവ്വം ഉപയോഗിക്കുകയാണെങ്കിൽ ഇനിയും വരുന്ന നൂറ്റാണ്ടുകളിലും ഈ സമുദായത്തെ മുന്നോട്ട് നയിക്കാൻ അതിന് കരുത്തുണ്ട് എന്നാണ് ഞാൻ പറഞ്ഞതിന്റെ ചുരുക്കം.
പ്രിയപ്പെട്ടവരെ, ആ സ്വീകാര്യതയും ആ അംഗീകാരവും അത് നമുക്ക് കൂടി അവകാശപ്പെട്ടതാണ്. അല്ലെങ്കിൽ നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. അവിടെ നിൽക്കുന്നത് നമ്മൾ മാത്രമാണല്ലോ? ഖതീബുമാരും ഇമാമുമാരുമായി. നമ്മളിലൂടെയാണ് ഇനിയുള്ള കാലത്തേക്ക് ഈ സമൂഹം മുന്നോട്ട് പോകേണ്ടത്. അതിനനുസൃതമായി സമൂഹത്തെ നയിക്കാനുള്ള കഴിവും കരുത്തും കാര്യശേഷിയും നമ്മൾ ആർജ്ജിച്ചെടുക്കേണ്ടതുണ്ട്...
വിശദമായ വിശകലനത്തിലേക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ പറഞ്ഞുവരുന്നത്, വിശുദ്ധ ഖുർആനിൽ ഒരു ചോദ്യമുണ്ട്: 'قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ'. അവിടെ പ്രയോഗിച്ച വാക്ക് 'يَعْلَمُونَ' എന്നാണ്. 'يَعْلَمُونَ' എന്ന് പ്രയോഗിച്ചാൽ 'പഠിച്ചുകൊണ്ടിരിക്കുന്നവർ' എന്നാണ്. പഠിച്ചവരല്ല. നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം നമ്മൾ. അവർ അങ്ങനെ ചെയ്യാത്തവരോട് സമമാവുകയില്ല. അപ്പോൾ നിരന്തരം അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കണം നമ്മൾ. കാലാനുസൃതമായി നമ്മൾ ആർജ്ജിക്കേണ്ട അറിവുകളൊക്കെ നിരന്തരമായി പഠിക്കുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുക. പത്തൊമ്പതാം നൂറ്റാണ്ടുകാർ ആവരുത് നമ്മൾ. അല്ലേ? ഇരുപത്തൊന്നിലേക്ക് തന്നെ നമ്മൾ വരണം.
"ഇത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്" എന്ന് പല്ലുകടിച്ച് ചിലയാളുകൾ ചോദിക്കുന്നുണ്ട്, അല്ലേ? അല്ല, നമ്മളും ഈ നൂറ്റാണ്ടിൽ തന്നെയാണ് ജീവിക്കുന്നത് എന്ന് സമൂഹത്തിന്റെ മുന്നിൽ നമുക്ക് കാണിച്ചു കൊടുക്കേണ്ടതുണ്ട്. എങ്കിലേ പുതിയ തലമുറ നമ്മുടെ കൂടെ നിൽക്കുകയുള്ളൂ. അല്ലേ, നിരന്തരമായ വായനകളും അറിവ് ആർജ്ജിച്ചെടുക്കലും വളരെ ആവശ്യമാണ്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്: "Update or Outdate". 'മാറുക അല്ലെങ്കിൽ മാറി നിൽക്കുക' എന്ന് മലയാളത്തിൽ പറയും. കാലത്തിനനുസരിച്ച് മാറണം, ഇല്ലെങ്കിൽ നിങ്ങളെ സമൂഹം/കാലം നമ്മെ മാറ്റിനിർത്തും.
കാലാനുസൃതമായി സമൂഹത്തോട് സംവദിക്കാനുള്ള കരുത്ത് നമ്മൾ ആർജ്ജിച്ചെടുക്കണം. ഈ കാലത്ത് ഇതൊക്കെ നടക്കുമോ എന്ന് നമ്മൾ ചോദിക്കരുത്. ഏത് കാലത്തും നന്മകളൊക്കെ നിലനിൽക്കും. അതുകൊണ്ടാണല്ലോ ഡൽഹിയിലെ ആ പള്ളിയിൽ നിന്ന് ഇമാം അങ്ങനെ പറഞ്ഞപ്പോൾ ഇതേ 'ജെൻ സി' സമൂഹം അതിനോട് ചേർന്നുനിന്നത്. അവരെ പ്രചോദിപ്പിക്കാനുള്ള ശേഷി നമ്മൾ ആർജ്ജിച്ചുകൊണ്ടിരിക്കണം.
ഞാനൊരു അനുഭവം പറയട്ടെ.
മോദി സർക്കാർ വന്നയുടനെ 'മുത്തലാഖി'നെ കുറിച്ച് വലിയൊരു വിവാദമുണ്ടായാല്ലോ? മുത്തലാഖ് നിരോധനങ്ങളൊക്കെ നടന്നു. ആ സമയത്ത് എന്റെയൊരു പരിചയക്കാരനുണ്ട്. കൈരളി ചാനലിൽ ഇയാൾ കുറെ ഡോക്യുമെന്ററികളും സിനിമകളുമൊക്കെ ചെയ്തിട്ടുണ്ട്, പേരിൽ മുസ്ലിമായ ഒരു വ്യക്തി. അദ്ദേഹം ഒരു ദിവസം എന്നോട് വിളിച്ചു ചോദിച്ചു: 'സാറേ, ഒന്ന് സംസാരിക്കാനായിട്ട് സമയം ഉണ്ടോ?' ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരു ഹോട്ടലിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ അവിടെ പോയപ്പോൾ അദ്ദേഹത്തിന്റെ കൂടെ രണ്ടു മൂന്ന് ആൾക്കാരുണ്ട്. ഫുഡൊക്കെ ഓർഡർ ചെയ്തു.
അവർ കാര്യത്തിലേക്ക് കടന്നു: 'ഞങ്ങൾ നിങ്ങളോട് സംസാരിക്കാൻ വന്നത്, ഞങ്ങൾ പുതുതായി എടുക്കുന്ന ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനാണ്.' ഞാൻ ആകെ ഒന്ന് പരുങ്ങി. 'എന്താണ് വിഷയം?' എന്ന് ചോദിച്ചു. "'മുത്തലാഖ്' ആണ് വിഷയം. മുത്തലാഖിനെ ബേസ് ചെയ്തുകൊണ്ട് ഒരു സിനിമ എടുക്കാനാണ് ഉദ്ദേശിക്കുന്നത്." 'മുസ്ലിങ്ങളിൽ ഇത്ര വൃത്തികെട്ട ഒരു ആചാരം വേറെ കാണാൻ പറ്റില്ല' എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ സംസാരം തുടങ്ങിയത്.
അപ്പോൾ ഞാൻ അയാളോട് ചോദിച്ചു: 'നിന്റെ നാട് ഏതാണ്?' അയാൾ നാട് പറഞ്ഞു. നാട് ഞാൻ ഇപ്പോൾ പറയുന്നില്ല. ഞാൻ വീണ്ടും ചോദിച്ചു: 'ആ നാട്ടിൽ എത്ര മുസ്ലിം കുടുംബങ്ങൾ ഉണ്ട്?' അയാൾ പറഞ്ഞു: '3000 മുസ്ലിം കുടുംബങ്ങൾ ഉള്ള വലിയൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് ഞാൻ താമസിക്കുന്നത്.' ഞാൻ ചോദിച്ചു: 'ഒരു വീട്ടിൽ ഏകദേശം അഞ്ച് ആൾ എന്ന് ശരാശരി കൂട്ടിയാൽ എത്ര ആളുണ്ടാവും ഈ മഹല്ലിൽ? 15,000. നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി? നാല്പത്തൊമ്പത്.' 'അപ്പോൾ 15,000 മുസ്ലിങ്ങൾ താമസിക്കുന്ന ഒരു നാട്ടിൽ അര നൂറ്റാണ്ടായി നിങ്ങൾ ജീവിക്കുന്നു, അല്ലേ? എന്നിട്ട് എത്ര മുത്തലാഖ് നിങ്ങൾ കണ്ടിട്ടുണ്ട്?'
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടപ്പോൾ അയാൾ ആകെ ഒന്ന് പരുങ്ങി. കുറെ ആലോചിച്ച ശേഷം പറഞ്ഞു: 'എന്റെ ഓർമ്മയിൽ ഒന്നുമില്ല.' 'നിങ്ങളുടെ ഓർമ്മയിലല്ല, എനിക്ക് നിങ്ങളേക്കാൾ വയസ്സായി, എന്റെ ഓർമ്മയിലും ഇല്ല. കാരണം മുസ്ലിങ്ങൾ ഇത്തരം ഒരു പ്രശ്നം നേരിടുന്നേയില്ല.'
അപ്പോൾ തൊട്ടടുത്തിരുന്നയാൾ എന്നോട് ചോദിച്ചു: 'എങ്കിൽപോലും സാറേ, ഈ 'തലാഖ്' എന്ന് പറയുന്നത് തന്നെ വലിയൊരു മോശം കാര്യമല്ലേ?' ഞാൻ ചോദിച്ചു: 'ഏറ്റവും ആധുനിക സമൂഹം എന്ന് നിങ്ങൾ വ്യവഹരിക്കുന്നത് യൂറോപ്യൻ സമൂഹത്തെയാണല്ലേ? യൂറോപ്പിൽ ഇന്ന് തലാഖ് അനുവദനീയമാണോ അല്ലേ? അനുവദനീയമാണ്. നിങ്ങൾക്കറിയുമോ, ഒരുപാട് പോരാട്ടങ്ങൾക്കൊടുവിലാണ് ഈയൊരു അവകാശം ആ സമൂഹം നേടിയെടുത്തത്. (ക്രിസ്തീയ വിശ്വാസമനുസരിച്ച് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേർപെടുത്താൻ അധികാരമില്ലാത്തതുകൊണ്ട് തലാഖ് പാടില്ല. വഴിയില്ലാത്ത ആളുകൾ എന്ത് ചെയ്യണം? ഒരു ഗ്യാസൊക്കെ വീട്ടിൽ പൊട്ടിത്തെറിക്കേണ്ടി വരും.)'
ഞാൻ അയാളോട് ചോദിച്ചു: 'ഈ യൂറോപ്യന്മാർ ഇത്രയും കടുത്ത നിയമമുള്ള ഒരു സ്ഥലത്തുനിന്ന് ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് വിവാഹമോചനം എന്നൊരു അവകാശം നേടിയെടുത്തത്. അത്രയും ആധുനികമായ ഒരു അവകാശം 14 നൂറ്റാണ്ടുകൾക്ക് മുൻപ് അനുവദിച്ചു തന്ന ഒരു സമുദായമാണ് ഇത്.' ഇതിന്റെ ഫലമായി അയാൾ പറഞ്ഞു... പിന്നെ ഒന്നും പറയാനില്ല. അപ്പോൾ തൊട്ടടുത്തിരുന്നയാൾ പറഞ്ഞു: 'എന്നാലും അത് ആണുങ്ങൾക്ക് മാത്രമല്ലേ നിങ്ങൾ കൊടുക്കുന്നത്, യൂറോപ്പിൽ അത് പെണ്ണുങ്ങൾക്കും ഉണ്ടല്ലോ' എന്ന് ചോദിച്ചു.
അപ്പോൾ ഞാൻ അയാളോട് പറഞ്ഞു: 'മലയാളത്തിൽ മൂന്ന് മുസ്ലിം പത്രങ്ങൾ ധാരാളമായി വായിക്കപ്പെടുന്നു. മുസ്ലിം മാനേജ്മെന്റിന്റെ മൂന്ന് പത്രങ്ങൾ. സാധാരണ നമ്മൾ കാണുന്നത് ഒന്ന് സിറാജാണ്, മറ്റൊന്ന് ചന്ദ്രികയാണ്, മറ്റൊന്ന് മാധ്യമമാണ്. പിന്നെ സുപ്രഭാതം ഈ പത്രങ്ങളിൽ മിക്കവാറും ദിവസങ്ങളിലൊക്കെ 'ഫസ്ഖ്' പരസ്യം എന്ന് പറഞ്ഞുവരുന്നത് കാണാൻ പറ്റും, നിങ്ങൾ കണ്ടിട്ടുണ്ടോ?' എന്ന് ചോദിച്ചു. 'മിക്കവാറും ദിവസങ്ങളിലൊക്കെ ഫസ്ഖ് പരസ്യമാണ്. അത് ഭാര്യ ഭർത്താവിനെ ഒഴിവാക്കുന്നതാണ്, തലാഖ് ചെയ്യുന്നതാണ്.'
ഇത്രയും പറഞ്ഞപ്പോൾ അവർക്ക് മറുപടി ഇല്ലാതെയായി. എന്നിട്ട് പറഞ്ഞു: 'ഇത്രയും വിശാലമായിട്ടൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ലായിരുന്നു.' പിന്നെ അവർ തലാഖിന്റെ എല്ലാ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. അവസാനം അവർ പറഞ്ഞു, ആ സിനിമ എടുക്കുന്നത് ഞങ്ങൾ നിർത്തിവെച്ചു. പ്രിയപ്പെട്ടവരെ, ആധുനിക സമൂഹത്തോട് അവരുടെ ഭാഷയിൽ സംസാരിച്ചാൽ തീർച്ചയായിട്ടും അവർ അത് അക്സെപ്റ്റ് ചെയ്യും. നമ്മൾ അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കണം. അത് പ്രധാനമായിട്ടും അറിവിൽ തന്നെയാണ്.
അതുപോലെ നല്ലൊരു വ്യക്തിത്വം നമ്മൾ ആർജിച്ചെടുക്കണം. സമൂഹം അംഗീകരിക്കുന്ന ഒരു വ്യക്തിത്വം. നമ്മുടെ വേഷം, ഭാഷ, സ്വഭാവം ഇതിലൊക്കെ ഒരു കുലീനത നമ്മൾ പാലിക്കുകയാണെങ്കിൽ സമൂഹം നമ്മളോടൊപ്പം വരും. നമ്മെ കേൾക്കാൻ അവർ സന്നദ്ധരാകും. സമൂഹത്തോട് ചേർന്നുനിൽക്കാൻ നമുക്ക് കഴിയും. പുഞ്ചിരി, ഒരു സ്വദഖയാണ്. അതോട് ചേർന്നുള്ള സംസാരം മധുരതരമായിരിക്കും.
നമ്മുടെ സാന്നിധ്യം വേണ്ടടത്തൊക്കെ നമ്മുടെ സാന്നിധ്യം ഉണ്ടാവുക. നമ്മുടെ അസാന്നിധ്യം വേണ്ടടത്ത് ഒരു കാരണവശാലും നമ്മൾ ഇല്ലാതിരിക്കുക. പറയേണ്ടത് മാത്രം പറയുക, പറയാൻ പാടില്ലാത്തതൊന്നും നമ്മുടെ വായിൽ നിന്ന് വരാതിരിക്കുകയും ചെയ്യുക. ആ രൂപത്തിലൊക്കെ കുലീനമായി സമൂഹത്തോട് ഇടപെടാനുള്ള ഒരു സന്നദ്ധത നമുക്കുണ്ടെങ്കിൽ തന്നെ സമൂഹത്തെ നമുക്ക് കൂടെ നിർത്താൻ കഴിയും.
ഒരിക്കലും 100 ഡിഗ്രി സെൽഷ്യസിൽ തിളച്ചു മറിയുന്നവരാവരുത് നമ്മൾ. പലപ്പോഴും നമ്മുടെ ചൂട് കാരണം അടുത്തേക്ക് വരാൻ പോലും ഖൗമിന് കഴിയുന്നില്ല. പിന്നെ ഖൗം മെഴുകിലുള്ളതാണെങ്കിൽ അവർ അവിടെത്തന്നെ ഉരുകിത്തീരും. പലപ്പോഴും ഒന്ന് പുഞ്ചിരിക്കാൻ, ഒന്ന് ചേർന്നുനിൽക്കാൻ, അവരെ ചേർത്തുപിടിക്കാൻ ഒക്കെ നമുക്ക് കഴിയുന്നില്ല. ആഗോളതാപനം എന്നാണ് ചിലരെയൊക്കെ കാണുമ്പോൾ നമുക്ക് തോന്നിപ്പോവുക. സമൂഹത്തിന് അടുക്കാൻ കഴിയാത്തത്ര ഹീറ്റ് നമുക്ക് വരരുത്.
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെക്കുറിച്ച് പറയുന്നിടത്തൊക്കെ എപ്പോഴും നമ്മൾ പറയാറുണ്ടല്ലോ, ആ മുഖത്ത് എപ്പോഴും തെളിഞ്ഞൊരു പുഞ്ചിരി കാണാമായിരുന്നു എന്ന്. ആ പുഞ്ചിരിയല്ലേ സമൂഹത്തെ ആകർഷിച്ചത്? 'وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ' എന്ന് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെക്കുറിച്ച് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ടല്ലോ? 'وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ' എന്നും ഖുർആനിൽ കാണാം. നബിയേ, അങ്ങ് കഠിനനും പരുഷഭാവിയുമൊക്കെ ആയിരുന്നെങ്കിൽ സമൂഹം എന്നേ അങ്ങയിൽ നിന്ന് അകന്നു മാറുമായിരുന്നല്ലോ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട് വിശുദ്ധ ഖുർആൻ ചോദിക്കുന്നത് അങ്ങനെയാണല്ലോ.
എന്റെ ഒരു ഉസ്താദുണ്ടായിരുന്നു,.....
ഉമർ കോയ തങ്ങൾ. വഫാത്തായി, അല്ലാഹു അദ്ദേഹത്തിന് പരലോക വിജയം നൽകി സന്തോഷത്തിലാക്കുമാറാകട്ടെ (ആമീൻ). എപ്പോഴും എനിക്ക് വലിയ സ്നേഹവും പരിഗണനയും തന്ന ഉസ്താദും കൂടിയാണ്. ഞാൻ തൃക്കരിപ്പൂർ വടക്കുമ്പാട് ദർസിൽ പഠിക്കുന്ന സമയത്ത്... പള്ളിയുടെ വരാന്ത ഭയങ്കര ഹൈറ്റാണ്, ഏകദേശം നമ്മുടെ നെഞ്ചോളം വരും. ഈ വരാന്തയിൽ അസർ നിസ്കാരത്തിന് ശേഷം ഉസ്താദ് ഒരു ഫ്ലാസ്കിൽ നിറയെ കട്ടൻചായയും അടുത്ത് നാലഞ്ച് ഗ്ലാസും വെച്ചുകൊണ്ട് പതിവായി ഇരിക്കും. പള്ളിയുടെ അടുത്തതന്നെ റോഡുണ്ട്. അതിലൂടെ പോകുന്ന രാമനെയും അശ്രേഫിനെയും കുഞ്ഞിരാമനെയും കൃഷ്ണനെയും എല്ലാവരെയും ഉസ്താദ് വിളിക്കും. 'ഏയ് രാമാ, സുഖമല്ലേ? വാ, അര ഗ്ലാസ് കട്ടൻചായ കുടിച്ചിട്ട് പോകാം. വീട്ടിലെ സുഖവിവരങ്ങളൊക്കെ ചോദിക്കും, ഭാര്യ എങ്ങനെയാണ്, മക്കളൊക്കെ എങ്ങനെയാണ്, കുട്ടികളൊക്കെ പഠിക്കുന്നുണ്ടോ, അസുഖമൊന്നുമില്ലല്ലോ.' ചിലർ നൂല് മന്ത്രിച്ചുതരാൻ കൊടുക്കും, ചിലർ വെള്ളം മന്ത്രിക്കാൻ കൊണ്ടുവരും. ഉസ്താദ് ഏതിലെ പോകുമ്പോഴും മാടക്കത്തൊക്കെ അഴിച്ച് ഇവർ ബഹുമാനത്തോടെ നിൽക്കുന്നത് കാണാം.
ഒരു ദിവസം നാട്ടിലെ ലൈൻമാൻ ജോസിന്റെ ഭാര്യ ഉസ്താദിന്റെ മുന്നിൽ കരഞ്ഞുകൊണ്ട് വന്നു പറഞ്ഞു: 'തങ്ങളെ, എന്നെ രക്ഷപ്പെടുത്തണം. എന്റെ ഭർത്താവ് സ്ഥിരമായിട്ട് കള്ളുടിയനാണ്. ഇന്നലെ കുടിച്ച് പോസ്റ്റിൽ കയറി ഷോക്കടിച്ചു. ചാവാത്തത് കർത്താവ് കാത്തു. അയാൾ കോട്ടയത്തുനിന്ന് വന്ന് അവിടെ ലൈൻമാനായി ജോലി ചെയ്യുകയാണ്.' ഉസ്താദ് അവരെ സമാധാനിപ്പിച്ച് അയച്ചു. കുറച്ചു കഴിയുമ്പോൾ ജോസ് വരുന്നുണ്ട്. ജോസ് വരുന്നത് പാമ്പായിട്ടാണ്. റോഡിലൂടെ ഇങ്ങനെ ഇഴഞ്ഞ് വരുന്നു. അയാളെ ഉസ്താദ് വിളിച്ചു. അവൻ പറഞ്ഞു: 'ഉസ്താദേ, ഞാൻ പിന്നെ വന്നോളാം.' 'ഇങ്ങ് വാടാ ജോസേ.' ജോസ് ആ കോലത്തിൽ വരാൻ മടിച്ചു. 'കുറച്ചു കഴിഞ്ഞിട്ട് ഞാൻ വരാം ഉസ്താദേ.' 'നിന്നോടല്ലേ വരാൻ പറഞ്ഞേ, ഇങ്ങ് വാ.' അപ്പോൾ അവൻ പരുങ്ങലോടെ അടുത്ത് വന്നു.
'നീ കള്ളുകുടിച്ചു അല്ലേ? നീ ഇന്നലെ പോസ്റ്റിൽ കയറി ഷോക്കടിച്ചു അല്ലേ?' എന്ന് ഒറ്റ ചോദ്യം. അവൻ സമ്മതിച്ചു. 'നിനക്ക് ആരാടാ ഉള്ളത്? നിന്റെ ഭാര്യയും ചെറിയ കുഞ്ഞുമല്ലേ ഉള്ളത്? നീ ചത്തുപോയാൽ അവർക്ക് ആരാ ഉള്ളത്? ആ കുഞ്ഞിന്റെ ഗതി എന്താണ്?' എന്നൊക്കെ ചോദിച്ച് കുറച്ചങ്ങ് ഉസ്താദ് സംസാരിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങി.
അവൻ പറഞ്ഞു: 'ഇനി ഞാൻ കള്ളുകുടിക്കില്ല ഉസ്താദേ.' 'നീ കള്ളുകുടിക്കില്ലേ?' 'ഇല്ല.' 'ആ നീ അങ്ങനെ പറഞ്ഞാൽ പോരാ, നീ നാളെ വീണ്ടും കള്ളുകുടിക്കും. നീ എൻ കയ്യിൽ കൈ പിടിച്ച്, ഇത് പള്ളിയാണ്, പള്ളിയുടെ സാക്ഷ്യത്തിൽ നീ എന്നോട് വാക്ക് തരണം, ഇനി കള്ളുകുടിക്കില്ല എന്ന്.' അവൻ അവിടുന്ന് ഉസ്താദിന്റെ കൈ പിടിച്ച് സത്യം ചെയ്തു, ഞാൻ കള്ളുകുടിക്കില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ അയാളുടെ ഭാര്യ വീണ്ടും തങ്ങൾ ഉസ്താദിന്റെ മുൻപിൽ വന്നിട്ട് കരഞ്ഞുകൊണ്ട് പറയുന്നു, 'ഉസ്താദേ, അതിനുശേഷം ഇതുവരെ അയാൾ കള്ളുകുടിച്ചിട്ടില്ല.' അപ്പോൾ നമ്മുടെ കണ്ണൊക്കെ നിറഞ്ഞു. അല്ലേ? ആ ഉസ്താദിനെ സമൂഹം കൈവിടുമോ? സമൂഹം കൈവിടുമോ? ഇല്ല, നമ്മുടെ പഴയ കാലത്തൊക്കെ അങ്ങനെയൊക്കെയായിരുന്നു. അങ്ങനെ സമൂഹത്തോട് ചേർന്നുനിന്നവരായിരുന്നു നമ്മുടെ പള്ളി മിമ്പറും മിഹ്റാബും മുദരിസുമാരുമൊക്കെ, അല്ലേ?
വില്യം ലോഗന്റെ 'മലബാർ മാനുവൽ'
വലിയൊരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അത് സ്വന്തമായി വാങ്ങി വായിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് പേജുകളേ ആയിട്ടുള്ളൂ. ആ 'മലബാർ മാനുവൽ' മുൻപ് ഞാൻ വായിച്ചപ്പോൾ 1800-കളിൽ അദ്ദേഹം മലബാറിന്റെ കഥ പറയുന്നുണ്ട്. അയാൾ പറയുന്നു ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾ അന്ന് കേരളത്തിൽ സജീവമാണ്. അവർ ധാരാളം സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്, ബ്രിട്ടീഷ് ഗവൺമെന്റ് അവർക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതൊക്കെ മതപ്രചാരണത്തിന് വേണ്ടിയുള്ള സഹായങ്ങളാണ്. അങ്ങനെ ഇതു കഴിഞ്ഞു പിന്നെ 1810-ലാണെന്ന് തോന്നുന്നു, പഴയ ഓർമ്മയിൽ ഞാൻ പറയുന്നത്, 1810-ലെ സെൻസസും അതിനുശേഷം 1820-ലെ സെൻസസും വെച്ചുകൊണ്ടാണ് അയാൾ സംസാരിക്കുന്നത്. 1820-ലെ സെൻസസ് എടുത്തു നോക്കുമ്പോഴേക്ക് കേരളത്തിൽ താഴ്ന്ന ജാതിക്കാരുടെ എണ്ണം വളരെ കുറഞ്ഞതായിട്ട് എനിക്ക് കാണാൻ കഴിഞ്ഞു. അപ്പോൾ അവരെക്കുറിച്ച് പഠിച്ചപ്പോൾ അവർ മതം മാറി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
അപ്പോൾ സ്വാഭാവികമായിട്ടും ബ്രിട്ടീഷ് ഗവൺമെന്റിനും മിഷണറിമാർക്കും സന്തോഷമുണ്ടായി, എന്താണ്? ഇവരൊക്കെ ഈ പ്രവർത്തനത്തിന്റെ ഫലമായി മതം മാറിട്ടുണ്ട് എന്ന് കണ്ടാണ് സന്തോഷമുണ്ടായത്. അതിനെക്കുറിച്ച് ഒന്നുകൂടി എത്രത്തോളം മാറിയിട്ടുണ്ട് എന്ന് വിശദമായ ഒരു പഠനം നടത്തണം എന്ന് വെച്ച് രണ്ടാമതൊരു പഠനം നടത്തുമ്പോഴാണ് ഞെട്ടിപ്പോകുന്നത്. കാരണം ഇവരാരും മതം മാറിപ്പോയത് ക്രിസ്തുമതത്തിലേക്കല്ല, ഇസ്ലാമിലേക്കാണ്!
ഇത്രയും സംവിധാനങ്ങളും സാമ്പത്തികമായിട്ടും വിദ്യാഭ്യാസപരമായും എല്ലാം ചെയ്തുകൊടുത്തിട്ടും ഈ കൗം മുഴുവൻ മതം മാറിയത് ഇസ്ലാമിലേക്കാണ്! വെറും 10-15 ശതമാനം മാത്രമേ ക്രിസ്തുമതത്തിലേക്ക് പോയിട്ടുള്ളൂ. അപ്പോൾ വീണ്ടും ഒരു പഠനം നടത്തി, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? അതിന് അന്ന് അവർ കണ്ടെത്തിയ കാരണം പള്ളി മിഹ്റാബിൽ നിൽക്കുന്ന ഇമാമും ഖത്തീബുമാണ് എന്നാണ്. ഇത്രയും വിശുദ്ധരായ ഒരു സമൂഹം പള്ളി മിമ്പറിൽ നിൽക്കുന്നിടത്തോളം കാലം ഇവർ അതിലേക്കേ പോവുകയുള്ളൂ എന്നാണ്.
ആ കാലത്തെ ഖത്തീബുമാരും ഇമാമുമാരും സമൂഹത്തിൽ എത്രമാത്രം ഇടപെട്ടിട്ടുണ്ട് എന്നതിന്റെ നേർചിത്രമാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്. എന്നാൽ ഞാൻ ചോദിക്കട്ടെ, ഇന്ന് നമുക്ക് ഇതര സമൂഹങ്ങളിൽ എത്ര ബന്ധങ്ങളുണ്ട്? ഇന്ന് ഇതര സമൂഹം മുസ്ലിം സമൂഹത്തെക്കുറിച്ച് വ്യാപകമായി ദുഷ്പ്രചരണം നടത്തുന്നു. നമുക്ക് എത്രത്തോളം അതിനെ പ്രതികരിക്കാൻ, പ്രതിരോധിക്കാൻ കഴിയുന്നുണ്ട്? കഴിയാതിരിക്കുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതം ഇന്ന് നമ്മിലേക്ക് തന്നെ ഒതുങ്ങി എന്നതാണ്.
സമൂഹത്തിന്റെ മുൻനിരയിലേക്ക് ഇറങ്ങിച്ചെന്നും, ആധുനിക ലോകത്തിന്റെ ഭാഷയിൽ അവരോട് സംവദിച്ചും മാത്രമേ ഈ സമുദായത്തെ ശരിയായ ദിശയിൽ മുന്നോട്ട് നയിക്കാൻ നമുക്ക് സാധിക്കൂ. അതിന്ന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
ഇത് മറ്റുള്ളവര്ക്ക് ഫോര്വേഡ് ചെയ്ത് പ്രതിഫലത്തില് പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്ഥനയില് ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്വേഡ് ചെയ്യുന്നവരെയും
നമ്മുടെ മാതാപിതാക്കളെയും ഉള്പ്പെടു ത്തുക!
സന്ദര്ശിക്കുക! www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861