ആയിശ(റ)

എങ്ങും ശത്രുക്കൾ. കുടുംബത്തെ അവർക്കിടയിൽ വിട്ടുകൊണ്ടാണ് പോവുന്നത്. പോവാതിരിക്കാൻ പറ്റില്ല. എല്ലായിടത്തും അപകടം പതിയിരിക്കുന്നു. ആയിശ(റ) എല്ലാം മനസ്സിലാക്കുന്നുണ്ട്. പിതാവ് രണ്ട് ഒട്ടകത്തെ തയ്യാറാക്കിയിട്ടുണ്ട്. പിതാവിന്റെയും പ്രവാചകന്റെയും യാത്രക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ട്.

ആയിശ(റ)

ആയിശ(റ)


അറബികൾ അന്നൊരു സന്തോഷവാർത്ത അറിഞ്ഞു. അബൂബക്കർ വിധവയായ ഉമ്മുറുമാനെ വിവാഹം കഴിക്കാൻ പോകുന്നു. ഉമ്മുറുമാൻ എന്ന വനിതയെ നേരത്തെ വിവാഹം കഴിച്ചത് അബ്‌ദുല്ലാ അസദിയായിരുന്നു. അവർ കുറേ കാലം ഒന്നിച്ചു ജീവിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കലശലായ രോഗം പിടിപെട്ട് അസദി മരിച്ചു.വേർപാടിന്റെ വേദനയുമായി കഴിയുകയാണ് ഉമ്മുറുമാൻ. അതിനിടയിലാണ് പുതിയ വിവാഹാലോചന വന്നത്. വിവാഹം നടന്നു. സന്തോഷത്തിന്റെ നാളുകൾ വീണ്ടും വന്നു. ആ ദമ്പതികൾക്ക് പിറന്ന പൊന്നോമന മകളുടെ പേരാണ് ആയിശ.

അബൂബക്കർ (റ) ഇസ്‌ലാം മതം വിശ്വസിച്ചതിനു ശേഷമാണ് ഓമന മകളുടെ ജനനം നടന്നത്. ആയിശ ഒരു കൊച്ചുമിടുക്കിയായിരുന്നു. ഒരു വികൃതിക്കുടുക്ക. ഇസ്‌ലാമികമായ അന്തരീക്ഷത്തിലാണ് അവൾ വളർന്നുവന്നത്. അഴകും ആരോഗ്യവുമുള്ള ആ കൊച്ചുമിടുക്കിയെ ആരും ഇഷ്ടപ്പെടും . മാതാപിതാക്കളുടെ പൊന്നോമന വീട്ടിനകത്തും പുറത്തും ഓടിക്കളിച്ചു. പാവകളെ വെച്ചുള്ള കളിയാണ് കൂടുതൽ താൽപര്യം. ഊഞ്ഞാലാടുന്നതും രസമാണ്. അയൽപക്കത്തെ കുട്ടികളൊക്കെ വരും. എല്ലാവരും ഒത്തുകൂടുമ്പോൾ പിന്നെ പറയുകയേ വേണ്ട. എല്ലാവരുടെയും കണ്ണിലുണ്ണിയാണ് ആയിശ. ഇളം ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി മാതാപിതാക്കളെ രോമാഞ്ചമണിയിച്ചു. കളിയിൽ ലയിച്ച മകളുടെ പ്രവൃത്തികൾ അവരെ ആനന്ദം കൊള്ളിച്ചു. പതിവുപോലെ അയൽപക്കത്തെ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു. അതാ ഒരാൾ നടന്നുവരുന്നു. എല്ലാവരും അങ്ങോട്ടു നോക്കി. ആളെ മനസ്സിലായി. നബി(സ)തങ്ങൾ. കുട്ടികൾ പെട്ടെന്നു കളി അവസാനിപ്പിച്ചു. പാവകൾ മറച്ചു പിടിച്ചുകൊണ്ട് എല്ലാവരും ഓടിമറഞ്ഞു. നബി(സ) കുട്ടികളെയെല്ലാം വിളിച്ചുവരുത്തി. കളി തുടരാൻ പറഞ്ഞു. കുട്ടികൾ വീണ്ടും കളി തുടങ്ങി. അന്നും ആയിശയുടെ കയ്യിൽ കുറേ പാവകളുണ്ടായിരുന്നു. ഒരു പാവയെ നബി(സ) സൂക്ഷിച്ചു നോക്കി. ഇരുവശത്തും ചിറകുള്ള ഒരു പാവ.
 "ആയിശാ ഇതെന്താണ്?" ചിറകുള്ള പാവയെ നോക്കി തിരുമേനി ചോദിച്ചു.
 "കുതിര"
"കുതിരയോ?" കുതിരക്ക് ചിറക് ഉണ്ടാകുമോ?" 
"പിന്നെ..സുലൈമാൻ നബിയുടെ കുതിരക്ക് ചിറക് ഉണ്ടായിരുന്നില്ലേ?"
ആ മറുപടി കേട്ടപ്പോൾ നബി(സ) ചിരിച്ചു പോയി.
*    *  *
ആയിശ പിതാവ് വിശുദ്ധ‌‌ ഖുർആൻ ഓതുന്നത് ശ്രദ്ധിക്കും. പലതും കേട്ടു പഠിക്കും. അവയൊക്കെ ഇടക്കിടെ ചൊല്ലിക്കൊണ്ടിരിക്കും. കളിക്കുന്നതിനിടയിലും അവൾ പിതാവിൻറെ ഖുർആൻ പാരായണം ശ്രദ്ധിക്കും. പുന്നാരമോൾ ഇടക്കൊക്കെ നല്ല വികൃതി കാണിക്കും. ഉമ്മയോട് അടിയും കിട്ടും . കുറേനേരം ഇരുന്നു കരയും. ഒരു ദിവസം നബി(സ) തങ്ങൾ കടന്നുവന്നപ്പോൾ ആയിശ വാതിലിൽ തലവെച്ചു കരയുകയായിരുന്നു. അത് കണ്ടപ്പോൾ നബി(സ)ക്ക് സങ്കടം തോന്നി. നബി ഉമ്മുറുമാനോട് പറഞ്ഞു.
 "ഉമ്മറുമാൻ! ഞാൻ നിങ്ങളോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇവളെ അടിക്കരുതെന്ന്. നിങ്ങൾ അത് കേൾക്കാതെ ഇവളെ വീണ്ടും അടിച്ചു
വേദനിപ്പിച്ചില്ലോ."
"ഇവൾ അവളുടെ ഉപ്പാന്റെ അടുത്ത് ചെന്ന് എന്നെപ്പറ്റി ഏഷണി പറഞ്ഞു. അപ്പോൾ ഞാനവളെ തല്ലി "
"എന്തായാലും ഇവളെ തല്ലി വേദനിപ്പിക്കരുത്" നബി(സ)പറഞ്ഞു.
അപ്പോഴേക്കും ആയിശയുടെ വേദന മാറി. മുഖം തെളിഞ്ഞു. എണീററ് ഓടിപ്പോവുകയും ചെയ്തു. മാതാവിനാശ്വാസവും സന്തോഷവും തോന്നി


വിവാഹം


ആയിശാക്ക് ആറ് വയസ്സായി. നല്ല അഴകും ആരോഗ്യവുമുള്ള കുട്ടി. നല്ല ഓർമ്മശക്തിയും. ഒരു ദിവസം കൂട്ടുകാരികളോടൊപ്പം കളിക്കുകയായിരുന്നു. ഒരാൾ വന്നു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. എന്തിനാണെന്നറിയില്ല. അന്നു ആയിശയുടെ വിവാഹമായിരുന്നു. ആരാണ് പുതുമാരൻ?  മുഹമ്മദ്‌ നബി(സ) തന്നെ. ഉമ്മയാണ് വിവരങ്ങൾ പറഞ്ഞു കൊടുത്തത്. വളരെ ലളിതമായ വിവാഹം. നിക്കാഹ് നടന്നതേയുള്ളു. പുതുമാരന്റെ വീട്ടിലേക്കൊന്നും പോയില്ല. മാതാപിതാക്കളോടൊപ്പം തന്നെ താമസം. ഒന്നുരണ്ടു വർഷങ്ങൾ അങ്ങനെ കടന്നുപോയി. വീട്ടിൽ നടക്കുന്ന സംസാരമൊക്കെ ആയിശ ശ്രദ്ധിക്കും . പിതാവും ഭർത്താവും തമ്മിലുള്ള സംഭാഷണങ്ങൾ. പ്രത്യേകിച്ചും ഖുറൈശികളുടെ മർദ്ദനങ്ങൾ കൂടിക്കൂടി വരികയാണ്. ഇസ്ലാം മതം സ്വീകരിച്ചവക്ക് ജീവിക്കാൻ തന്നെ പ്രയാസം. ആർക്കെല്ലാമോ അടി കിട്ടി. ആരെയെല്ലാമോ മണൽക്കാട്ടിലിട്ട് മർദ്ദിച്ചു. നാടുവിടുകയല്ലാതെ ഒരു രക്ഷയുമില്ല. പലരും മദീനയിലേക്കു പോയിക്കഴിഞ്ഞു. ഖുറൈശികൾ അറിയാതെ വേണം സ്ഥ‌ലം വിടാൻ. അവരറിഞ്ഞാൽ പിടികൂടും. മർദ്ദിച്ച് അവശരാക്കും. ചിലപ്പോൾ ജീവൻ പോയെന്നിരിക്കും. സമ്പാദിച്ച സ്വത്തുക്കളെല്ലാം മക്കയിൽ ഉപേക്ഷിച്ചു കൊണ്ടാണ് ആളുകൾ നാട്‌ വിടുന്നത്. എന്തൊരു പരീക്ഷണം! തിരുമേനി മിക്ക ദിവസവും വീട്ടിൽ വരും. ഒരു ദിവസം അൽപം ധൃതിയിലാണ് വന്നത്.
"അബൂബക്കർ ! ഇങ്ങോട്ടു വരൂ ചിലത് സംസാരിക്കാനുണ്ട്." വന്നപാടെ നബിതങ്ങൾ പറഞ്ഞു
"അല്ലാഹുവിന്റെ ദൂതരേ! ഇവിടെ അന്യരായി ആരുമില്ലല്ലോ?"
ആയിശായും അസ്‌മായും അടുത്തുണ്ടായിരുന്നു. അവർ അകത്തേക്ക് പോയി.  തിരുമേനി അബൂബക്കർ (റ) വിനോടൊപ്പം മക്ക വിടുകയാണ്. അക്കാര്യം പറയാനാണ് വന്നത്. വീട്ടുകാരെയൊന്നും കൊണ്ടുപോവുന്നില്ല. അവർ രണ്ടു പേർ മാത്രം സ്ഥലം വിടുന്നു . എങ്ങും ശത്രുക്കൾ. കുടുംബത്തെ അവർക്കിടയിൽ വിട്ടുകൊണ്ടാണ് പോവുന്നത്. പോവാതിരിക്കാൻ പറ്റില്ല. എല്ലായിടത്തും അപകടം പതിയിരിക്കുന്നു. ആയിശ(റ) എല്ലാം മനസ്സിലാക്കുന്നുണ്ട്. പിതാവ് രണ്ട് ഒട്ടകത്തെ തയ്യാറാക്കിയിട്ടുണ്ട്. പിതാവിന്റെയും പ്രവാചകന്റെയും യാത്രക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ട്.  ആ രാത്രിയിൽ ശത്രുക്കൾ നബി(സ)യുടെ വീട് വളഞ്ഞു. അവരുടെ കൈകളിൽ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു. പ്രഭാതത്തിൽ പുറത്തുവരുമ്പോൾ നബിയെ വെട്ടിക്കൊല്ലണം. അതാണ് പ്ളാൻ. നട്ടപ്പാതിര നേരം. ശത്രുക്കളുടെ കണ്ണു വെട്ടിച്ച് പ്രവാചകൻ പുറത്ത് കടന്നു. നേരെ അബൂബക്കർ (റ)വിന്റെ  വീട്ടിൽ വന്നു. അവിടെ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ഇരുളിന്റെ മറവിൽ അവർ വീട് വിട്ടിറങ്ങിപ്പോയി. ആയിശ(റ)ക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവം. പിറേറന്ന് വാർത്ത നാടാകെ പരന്നു. ഖുറൈശികൾ അവരെ പിടികൂടാൻ തിരച്ചിൽ നടത്തി. എവിടെയും ബഹളം. ഈ ബഹളങ്ങളൊക്കെ ആയിശയെ വിഷമിപ്പിച്ചു. തൻറെ ഭർത്താവും പിതാവും സൗർ ഗുഹയിലാണുള്ളത്. സഹോദരൻ മക്കാ നഗരത്തിൽ നടന്ന് വാർത്തകൾ ശേഖരിക്കുന്നു. രാത്രിയിൽ അത് ഗുഹയിലെത്തിക്കുന്നു. സഹോദരി ഭക്ഷണം തയ്യാറാക്കി രഹസ്യമായി ഗുഹയിലേക്ക് കൊണ്ടുപോകുന്നു. വികാര തീവ്രമായ നാളുകൾ! ഉറക്കം മറന്ന രാത്രികൾ !!!


ഭർത്താവിന്റെ വീട്ടിലേക്ക്

  മദീനയിൽ നിന്ന് രഹസ്യമായി ചിലർ മക്കയിൽ വന്നു. അവരിൽനിന്ന് വിവരങ്ങൾ അറിഞ്ഞപ്പോൾ ആശ്വാസമായി. അബൂബക്കർ (റ)വിന്റെ പുത്രനാണ് അബ്ദുല്ല. അബ്ദുല്ല തൻ്റെ ഉമ്മയെയും സഹോദരിമാരായ ആയിശ (റ)യെയും അസ്മ്‌മാ(റ)യെയും കൂട്ടി മദീനയിലേക്കു പുറപ്പെട്ടു. മറക്കാനാവാത്ത യാത്ര. വഴിയിൽ അപകടങ്ങൾ ഏറെയാണ്. ഒട്ടകം അതിവേഗം കുതിച്ചു വിഷമങ്ങളൊക്കെ തരണം ചെയ്തു ഒരു വിധത്തിൽ മദീനയിലെത്തി. അവർ തങ്ങളുടെ സഹോദരങ്ങളെ വീണ്ടും കണ്ടു മുട്ടി. കാലാവസ്ഥ പ്രതികൂലമാണ്. പലർക്കും അസുഖം പിടിപ്പെട്ടിരിക്കുന്നു. പിതാവിന് ശക്തിയായി പനി പിടിച്ചു. ആയിശ (റ) അടുത്തിരുന്ന് ശുശ്രൂഷിച്ചു. നബി(സ) രോഗശമനത്തിന്നായി പ്രാർത്ഥിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അസുഖം മാറി. അപ്പോഴേക്കും മകൾ കിടപ്പിലായി. വളരെ കടുത്ത രോഗം തന്നെ. പിതാവ് സ്നേഹപൂർവ്വം മകളെ പരിചരിച്ചു. ആശ്വാസ വചനങ്ങൾ ചൊരിഞ്ഞു. രോഗത്തിന്റെ കടുപ്പം കാരണം തലമുടി പോലും കൊഴിഞ്ഞുപോയി. മെല്ലെ രോഗം മാറി. പഴയ സൗന്ദര്യം പതുക്കെ മടങ്ങിവന്നു. മാസങ്ങൾ പിന്നെയും കടന്നു പോയി. വയസ്  ഒമ്പതിലെത്തി. മണവാട്ടിയെ പുതുമാരന്റെ വീട്ടിലേക്ക് കൊണ്ടു വരണം. അതിൽ എല്ലാവർക്കും താൽപര്യമാണ്. അൻസാരി വനിതകൾക്കാണ് കൂടുതൽ ആവേശം. ഒരു ദിവസം കുറെ അൻസാരി പെണ്ണുങ്ങൾ വീട്ടിൽ വന്നു. ആയിശാ(റ) കൂട്ടുകാരികളോടൊപ്പം കളി ക്കുകയായിരുന്നു. ഉമ്മായുടെ വിളികേട്ടു ആയിശ ഉടനെ ഓടിച്ചെന്നു. ഉമ്മ മകളുടെ മുഖം കഴുകി വൃത്തിയാക്കി. മുടി ചീകിയൊതുക്കി. അൻസാരി വനിതകൾ ഇരിക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി. അവർ നിറഞ്ഞ സന്തോഷത്തോടെ വധുവിനെ സ്വീകരിച്ചു. മണവാട്ടിയെ ചമയിച്ചൊരുക്കി. പുതുമാരനും അവിടെയെത്തി. ഒരു പാത്രം പാൽ നൽകി സ്വീകരിച്ചു. അൽപം കുടിച്ചിട്ട് പാൽ പാത്രം വധുവിനു നൽകി. അവളും അൽപം കുടിച്ചു പാത്രം താഴെ വെച്ചു.
"കൂട്ടുകാരികൾക്കും കൊടുക്കൂ!" നബി(സ) പറഞ്ഞു. ആയിശ പാൽ അവർക്കും നൽകി. ഹിജ്റ ഒന്നാംവർഷം ശവ്വാൽ മാസത്തിലായിരുന്നു ഈ സംഭവം. പണ്ടൊരിക്കൽ അറേബ്യയിൽ ഒരു കോളറ പടർന്നു പിടിച്ചിരുന്നു. അതും ഒരു ശവ്വാൽ മാസത്തിലായിരുന്നു. അതിനുശേഷം ശവ്വാൽ മാസത്തിൽ അറബികൾ വിവാഹം നടത്താതായി. അത് നല്ലതല്ലെന്ന് അവർ വിശ്വസിച്ചു. ആ വിശ്വാസം ഇവിടെ തകർക്കപ്പെട്ടു. മദീനയിൽ ഒരു പള്ളി നിർമ്മിച്ചു കഴിഞ്ഞിരുന്നു. അതോട് ചേർന്നു തന്നെ ചില മുറികളും. പത്നിയായ സൗദാ ബീവി (റ)യും പുത്രിമാരായ ഫാത്തിമ (റ) ഉമ്മുകുൽസും (റ) എന്നിവരുമാണ് നബി(സ) യോടൊപ്പം അവിടെ താമസിച്ചിരുന്നത്. ഇപ്പോൾ പുതിതായി ആയിശാ(റ)യും വന്നു. ഒരു മുറി അവർക്കും നൽകി. ലളിതമായൊരു മുറി. അവിടെ എന്താണുള്ളത്? ഒരു പായ, ഒരു മുക്കാലിപ്പലക, ഒരു വിരിപ്പ്, മരത്തൊലി നിറച്ച ഒരു തലയിണ, ധാന്യപ്പൊടിയും കാരക്കയും സൂക്ഷിക്കാനുള്ള മൺകുടങ്ങൾ, വെള്ളം സൂക്ഷിക്കാൻ ഒരു പാത്രം, കുടിക്കാൻ ഒരു കോപ്പയും. ഈത്തപ്പന മടൽ കൊണ്ടാണ് മേൽപ്പുര. മഴയുടെ ചോർച്ച തടയാൻ വേണ്ടി കമ്പിളി കെട്ടിത്തൂക്കിയിരിക്കുന്നു. ഒരു കമ്പിളി വാതിലിലും തൂക്കിയിട്ടിട്ടുണ്ട്. വീടിന്റെ ചുമർ മണ്ണുകൊണ്ടായിരുന്നു. ഉയരം തീരെ കുറവ്. കൈ പൊക്കിയാൽ മീതെ തട്ടും. വിളക്ക് കത്തിക്കാൻ പലപ്പോഴും എണ്ണ കാണില്ല. മുറിക്കകത്ത് ഇരുട്ടായിരിക്കും. ഇരുട്ടിൽ ഇരുന്നാണ് ആഹാരം കഴിക്കുക. കാര്യമായിട്ടൊന്നും കഴിക്കാൻ കാണില്ല. ചിലപ്പോൾ കുറച്ച് കാരക്കയാണുണ്ടാവുക. അത് കഴിക്കും. കൂടെ കുറച്ചു വെള്ളവും. അത്രതന്നെ. തീ പുകയാത്ത നാളിലെ കഥയാണിത്. ചില ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ കാണും. ഇതൊന്നും പുതുക്കം മാറാത്ത വധുവിന്ന് ഒരു പ്രശ്നമേ ആയിരുന്നില്ല. തന്റെ ഭർത്താവാരാണ്? ലോകാനുഗ്രഹിയായ അന്ത്യപ്രവാചകൻ. അതിലും വലിയ ഒരു പദവി ഒരു സ്ത്രീക്കു കിട്ടാനുണ്ടോ? അവരങ്ങിനെയാണ് ചിന്തിച്ചത്. ആ പ്രവാചകനെ സ്നേഹിക്കുക, അനുസരിക്കുക, ആശ്വസിപ്പിക്കുക, പരിചരിക്കുക, അവിടുത്തെ സംതൃപ്തി കരസ്ഥമാക്കുക. അതായിരുന്നു ആയിശ (റ)യുടെ ജീവിതലക്ഷ്യം.


പഠിപ്പിലും മിടുക്കി

വളരെ ചെറുപ്പത്തിൽ തന്നെ ആയിശ(റ) നബി (സ)യുടെ ജീവിതത്തിലേക്കു കടന്നുവന്നല്ലോ. ഒരു വിദ്യാർത്ഥിനി ആയിരിക്കേണ്ട പ്രായത്തിൽ എന്തും അന്വേഷിച്ചറിയാൻ തിടുക്കമുള്ള മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവർ. സ്വന്തം ഭർത്താവിൻ്റെ ജീവിതമായിരുന്നു പ്രധാന പഠനവിഷയം. ഭർത്താവിന്റെ  ജീവിതം വാരിപ്പുണർന്നു കൊണ്ടുള്ള പഠനം. ആ പഠനം അന്ത്യനാൾ വരെയുള്ളവർക്ക് അനുഗ്രഹമായി  ഭവിച്ചു. അത് തന്നെയാണ് ആ വിവാഹത്തിൻറ നേട്ടവും. എല്ലാം കണ്ടും കേട്ടും അനുഭവിച്ചുമാണ് പഠിച്ചത്. അസാമാന്യ ബുദ്ധിമതിയായിരുന്നു ആയിശ(റ). ഓർമ്മശക്തി അൽഭുതകരവും. കൊച്ചുന്നാളിൽ നടന്ന സംഭവങ്ങൾ ഓർമ്മയിൽ നിന്നെടുത്തു പറയുന്നതു കേട്ടാൽ അതിശയം തോന്നും. ഒരിക്കൽ കേട്ടാൽ മതി അത് ഓർമ്മയിൽ കിടക്കും. രാത്രിയും പകലുമായി അവർ നേടിയ വിജ്‌ഞാനത്തിനതിരില്ല. പിതാവിന് ഗോത്രചരിത്രം അറിയാം . കവിതയിലും അദ്ദേഹം നിപുണനായിരുന്നു. ഈ ഗുണങ്ങൾ മകൾക്കും കിട്ടി. ആ മകൾ ഓർത്തുവെച്ച കവിതകൾക്ക് കണക്കില്ല. ചരിത്രത്തിലും സാഹിത്യത്തിലും മാത്രമല്ല ആ മിടുക്കി നൈപണ്യം നേടിയത്.  മതവിജ്‌ഞാനത്തിന്റെ  എല്ലാ ശാഖകളിലും തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നു. കളിയും ചിരിയും വിട്ടു മാറിയില്ല. ഭാര്യയുടെ വിനോദങ്ങളിൽ ഭർത്താവിനു സന്തോഷം. പെരുന്നാൾ ദിവസം അബ്‌സീനിയക്കാർ കായികാഭ്യാസം നടത്തി. ആയിഷ (റ)ക്ക് അതു കാണാനാഗ്രഹം തോന്നി. ഒരടിമ സ്ത്രീ ഈണത്തിൽ പാട്ടു പാടി. ആയിശാ (റ) ആ പാട്ടിൽ ആനന്ദം കണ്ടെത്തി. ഭർത്താവ് ചിലപ്പോൾ കഥ പറയും. അവർ അത് രസം പിടിച്ച് കേൾക്കും. ചിലപ്പോൾ ഭാര്യയായിരിക്കും കഥ പറയുക. കേൾക്കാൻ നല്ല രസമായിരിക്കും. വാക്കുകളും ഭാവങ്ങളും എല്ലാം സുന്ദരമായിരിക്കും. രണ്ടുപേരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. ഒരു പാത്രത്തിൽ നിന്നു തന്നെ. പള്ളിയിൽ വെച്ച് ധാരാളം ക്ളാസ്സുകൾ നടക്കും. അന്ത്യപ്രവാചകൻ സഹാബിമാർക്ക് മതം പഠിപ്പിക്കുകയാണ്. എന്തുമാത്രം വിഷയങ്ങൾ !!എത്ര ഗഹനമായ  വിശദീകരണം!!!.
ആയിശാ (റ) വീട്ടിലിരുന്നു് അതെല്ലാം ശ്രദ്ധിച്ചു കേൾക്കും. പഠിക്കും. വല്ലതും മനസ്സിലായില്ലെങ്കിലോ ? കാത്തിരിക്കും. ഭർത്താവു സമീപത്ത്  വരുമ്പോൾ സംശയം ചോദിക്കും. വ്യക്തമായി ഉത്തരം കിട്ടിയാലേ അവർ അടങ്ങുകയുള്ളു. എന്തും ചോദിച്ചറിയും. അതിൽ മടിയില്ല. ഒരിക്കൽ നബി (സ) അന്ത്യദിനത്തിലെ  ശിക്ഷകളെക്കുറിച്ച് വിശദീകരിച്ചു. കൂട്ടത്തിൽ ഇങ്ങനെ പറഞ്ഞു 
"അന്ത്യദിനത്തിൽ ആളുകൾ നഗ്നരായിരിക്കും". ഇത് കേട്ട ഉടനെ ആയിശാ (റ) സംശയം ചോദിച്ചു. 
"സ്ത്രീയും പുരുഷനും കൂടിക്കലരുമ്പോൾ പരസ്പരം നഗ്നത കാണാനിടവരില്ലേ?"
"ആയിഷാ ആ സന്ദർഭം ഭീകരമായിരിക്കും, മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിയാത്തവിധം"
മറെറാരു സംശയം ഇതായിരുന്നു.
"അന്ത്യദിനത്തിൽ ഒരാൾ മറെറാരാളെ ഓർമ്മിക്കുമോ?"
 നബി (സ) പറഞ്ഞു  "മൂന്നു സന്ദർഭത്തിൽ ആരും ആരെയും  ഓർമ്മിക്കുകയില്ല , കർമ്മങ്ങൾ തൂക്കപ്പെടുമ്പോൾ, കർമ്മങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥം നൽകപ്പെടുമ്പോൾ, നരകം ഗർജജിക്കുമ്പോൾ"
തുടരും
അവ : ഹസ്‌റത്ത് ആയിശ(റ) കൊടുവള്ളി അബ്ദുൽ ഖാദിർ
www.islamkerala.com
E-mail: [email protected]
Mobil 0097150 7927429
Abudhabi