ആപ്പിൾ മരവും ബാലനും

“തന്റെ മാതാപിതാക്കളെ സംബന്ധിച്ചു മനുഷ്യനോട് നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു.അവന്റെ മാതാവ് മേൽക്കുമേൽ ക്ഷീണത്തോടെയാണവനെ ഗർഭം ചുമന്നത്.അവന്റെ മുലകുടി അവസാനിപ്പിച്ചത് രണ്ട് കൊല്ലം കൊണ്ടു മാണ്.എനിക്കും നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം(എന്നു നാമവനോട് കൽപിച്ചു. എന്റെ അടുക്കലേക്ക് തന്നെയാകുന്നു നിങ്ങളുടെ തിരിച്ചുവരവ് ( ലുഖ്മാൻ 14)

ആപ്പിൾ മരവും  ബാലനും

 ആപ്പിൾ മരവും ബാലനും


മുമ്പ് ഒരിടത്ത് ഒരു വലിയ ആപ്പിൾ മരം ഉണ്ടായിരുന്നു. ഒരു കൊച്ചു ബാലൻ എല്ലാ ദിവസവും വൃക്ഷത്തിന്റെ അരികിൽ വരികയും കളിയാടുകയും ചെയ്തിരുന്നു.ആ ബാലൻ ആപ്പിൽ വൃക്ഷത്തിന്റെ മുകൾ അറ്റം വരെ കയറുകയും ആപ്പിൾ പറിച്ചു തിന്നുകയും, വൃക്ഷത്തണലിൽ മയങ്ങുകയുമൊക്കെ ചെയ്തിരുന്നു.അങ്ങനെ ആ കുട്ടിക്ക് ആ ആപ്പിൾമരത്തെ ഇഷ്ടമായിരുന്നു. അത്പോലെ തന്നെ ആപ്പിൾ മരം കുട്ടിയേയും ആത്മാർത്ഥമായി സ്നേഹിച്ചു.

വർഷങ്ങൾ കടന്നുപോയി അതിനോടൊപ്പം തന്നെ ആ കൊച്ചു ബാലനും വളർന്നു. അതോടെ അവൻ ആപ്പിൾ മരത്തിന്റെ അടുത്ത് സാധാരണപോലെ കളിക്കാൻ വരാതായി അങ്ങനെയിരിക്കെ ഒരിക്കൽ ആ കുട്ടി മരത്തിനരികിൽ വന്നു.അവൻ വിഷാദമൂകനായിരുന്നു  “വരൂ വന്ന് എന്റെ കൂടെ കളിക്കൂ " ആപ്പിൾ മരം ബാലനോട് പറഞ്ഞു. അപ്പോൾ ബാലൻ മറുപടി പറഞ്ഞു. "ഞാനിപ്പോൾ ചെറിയ കുട്ടിയല്ല, ഇനിയൊരിക്കലും എനിക്ക് പഴയത് പോലെ മരങ്ങൾക്കു ചുറ്റും കളിയ്ക്കാൻ സാധ്യമല്ല. എനിക്ക് കളിപ്പാട്ടങ്ങൾ വേണം, അവ വാങ്ങാനുള്ള പണവും വേണം".  "ക്ഷമിക്കണം എന്റെ അടുത്ത്പണമില്ല, പക്ഷേ, നിനക്ക് എന്റെ ആപ്പിളുകൾ പറിച്ചു അവ വിൽക്കാം. അങ്ങനെ നിനക്ക് പണമുണ്ടാക്കാം" ആപ്പിൾ മരത്തിന്റെ ഈ വാക്കുകൾ അവനെ ആവേശം കൊളളിച്ചു. ആ മരത്തിലുണ്ടായിരുന്ന സകല ആപ്പിളുകളും പറിച്ചു സന്തോഷത്തോടെ തിരിച്ചുപോയി. അതിനു ശേഷം ഒരിക്കലും അവൻ ആപ്പിൾ മരത്തിന്റെ അടുത്തേക്ക് വന്നില്ല. ആപ്പിൾ മരം ദുഃഖിതനായി.
     
വീണ്ടും ഒരിക്കൽ യുവത്വത്തിലേക്ക് കടന്ന ആ ബാലൻ അപ്പിൾ മരത്തിന്റെ അടുത്തേക്ക് വന്നു.അവനെ കണ്ട മരത്തിനു എന്തെന്നില്ലാത്ത സന്തോഷം!!! “വരൂ, വന്ന് എന്റെ കൂടെ കളിക്കൂ” മരം പറഞ്ഞു.  അപ്പോൾ അവൻ പറഞ്ഞു. “കളിക്കാനൊന്നും എനിക്ക് സമയമില്ല എനിക്ക് എന്റെ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കേണ്ടതുണ്ട്. ഞങ്ങൾക്കിപ്പോൾ പാർക്കാൻ ഒരു വീട് വേണം, എന്നെ സഹായിക്കാൻ പറ്റുമോ ?”.

അതു കേട്ട മരത്തിന്റെ മറുപടി "ക്ഷമിക്കണം എന്റെ പക്കൽ തരാൻ വീടില്ല, എങ്കിലും എന്റെ വൃക്ഷക്കൊമ്പുകൾ മുറിച്ചു നിങ്ങൾക്കൊരു വീടു പണിയാം" കേൾക്കേണ്ട താമസം എല്ലാ വ്യക്ഷക്കൊമ്പുകളും മുറിച്ചു അയാൾ സന്തോഷത്തോടെ സ്ഥലം വിട്ടു.അയാളുടെ സന്തോഷം കണ്ട ആപ്പിൾ മരം സന്തുഷ്ടനായി. എന്നാൽ അയാളാകട്ടെ ഒരിക്കൽ പോലും പിന്നീട് ആപ്പിൾ മരത്തെ തിരിഞ്ഞു നോക്കിയില്ല. വീണ്ടും ആപ്പിൾമരം ഏകനും ദുഃഖിതനും ആയിത്തീർന്നു.
     
ഒരു ചൂടുളള വേനൽ കാലത്ത് അയാൾ തിരിച്ചു വന്നത് കണ്ടപ്പോൾ മരം അത്യധികം ആഹ്ളാദിച്ചു .“ വരൂ എന്റെ കൂടെ കളിക്കാൻ വരൂ " മരം സാധാരണ പോലെ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു.“ എനിക്ക് വയസ്സായി വരികയാണ്,എനിക്ക് വിശ്രമിക്കാനായി ഒരു കപ്പൽ സഞ്ചാരത്തിനു പോകണം. അതിനാൽ ഒരു തോണി തരാൻ കഴിയുമോ ? എന്റെ താഴ്തടി ഉപയോഗിച്ചു നിനക്കൊരു തോണി പണിയാം. അതിൽ ഒരുപാട് സഞ്ചരിച്ചു നിനക്ക് സന്തോഷിക്കാം എന്നായി ആപ്പിൾമരം” അങ്ങനെ ആപ്പിൾ മരം കൊണ്ട് പണിത തോണിയുമായി അയാൾ സഞ്ചാരത്തിനു പുറപ്പെട്ടു.പിന്നീട് കുറേ കാലത്തേക്ക് അയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല
      
 അവസാനം കുറേകാലത്തിനു ശേഷം അയാൾ തിരിച്ചുവന്നു. ആപ്പിൾ മരം പറഞ്ഞു ക്ഷമിക്കണം, എന്റെ കുട്ടി, ഇനിയും നിനക്ക് തരാനായി എന്റെ " അരികിൽ ഇനി ഒന്നും ശേഷിക്കുന്നില്ല.മരം : "നിനക്കു തരാൻ ആപ്പിളുകൾ ഇല്ല എന്റെ കയ്യിൽ."
അവൻ : "സാരമില്ല ആപ്പിളുകൾ തിന്നാൻ എനിക്ക് പല്ലുകൾ ഇല്ല"
മരം : "നിനക്ക് കയറി കളിക്കാൻ കൊമ്പുകളോ ചില്ലകളോ, തൈത്തടിയോ ഇല്ല" 
അവൻ : "അതിനു പറ്റിയ പ്രായമല്ല ഇപ്പോൾ എന്റേത്"
മരം : "ശരിക്കും ഇപ്പോൾ നിനക്ക് തരാൻ എന്റെ അടുത്ത് ഒന്നും ഇല്ലാതായി, ഇപ്പോൾ ആകെ എന്റെ പക്കൽ ഉള്ളത് മരിച്ചു കൊണ്ടിരിക്കുന്ന എന്റെ അടിവേരുകൾ മാത്രം ആണ്." കണ്ണീരോടെ മരം പറഞ്ഞു.
 - “കൂടുതലൊന്നും എനിക്കിപ്പോൾ ആവശ്യമില്ല. ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ ക്ഷീണിതനാണ്"  അവൻ വേദനയോടെ പറഞ്ഞു. ആപ്പിൾ മരം പറഞ്ഞു. “പഴക്കമുളള വൃക്ഷത്തിന്റെ വേരുകൾ ആണ് വിശ്രമി ക്കാൻ ഏറ്റവും ശ്രേഷ്ടമായത്. വരൂ, എന്റെ അരികിൽ വന്നിരിന്നു വിശ്രമിക്കൂ " അവൻ ആപ്പിൾ മരത്തിന്റെ അടിയിൽ വിശ്രമിക്കാൻ ഇരുന്നു. ആപ്പിൾ മരം സന്തോഷം കൊണ്ട് ആനന്ദകണ്ണീർ തൂകി...!

ഇതിൽ 'അവൻ' എന്നുളളത് നമ്മെയെയും, ആപ്പിൾ മരം നമ്മുടെ മാതാപിതാക്കളെയും ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.നമ്മളിൽ എത്ര പേർ സ്വന്തം മാതാപിതാക്കളോട് കൃതജ്ഞതയുള്ളവരുണ്ട് ?ചിന്തിക്കുക സുഹൃത്തു ക്കളേ,ഒരായുസ്സ്കാലം മുഴുവൻ നമുക്ക് വേണ്ടി ത്യാഗം സഹിക്കുന്ന അവരെ സന്തോഷിപ്പിക്കാനും സംതൃപ്തിപ്പെടുത്താനും നാം എന്താണ് ചെയ്തിട്ടുളളത് ? എന്താണ് ചെയ്യുന്നത് ? “ഉമ്മാന്റെ കാലിന്നടിയിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ സമുദായമാണ് നമ്മൾ!!! നമ്മുടെ മാതാപിതാക്കളെ സംതൃപ്തിപ്പെടുത്തുന്നതിൽ നമ്മൾ വിജയിച്ചാൽ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും സംതൃപ്തിപ്പെടുത്തുന്നതിൽ നമ്മൾ വിജയിച്ചവരായി.അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നത് കാണുക.

وقضى ربك ألا تعبدوا إلا إياه وبالوالدين إحْسَانَا إِمَّا يَبْلُغَنَّ عِندَكَ الكبرَ أَحَدُهُمَا أَوْ كلاهما فلا تقل لهما أفٍّ وَلا تَنْهَرْهُمَا وَقُل لَّهُمَا قولا كريما واخفض لهما جناح الذُّلِّ مِن الرَّحْمَةِ وَقُل رَّبِّ أَرْحَمْهُمَا كَمَا رَبَّياني صغيرا

അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കൾക്ക് ഉപകാരം ചെയ്യണമെന്നും നിന്റെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു.അവരിലൊരാളോ അല്ലെങ്കിൽ രണ്ട് പേരും തന്നെയോ നിന്റെയടുത്ത് വാർധക്യ പ്രാപ്തകരാകുമ്പോൾ 'ചെ' എന്നു പോലും നീ അവരോട് പറഞ്ഞു പോകരുത് അവരോട് കയർക്കുകയുമരുത്  : ആദരപൂർവ്വമായ വാക്കു പറയണം

കാരുണ്യത്തോടെ വിനയമാകുന്ന ചിറക് അവർക്കു നീ താഴ്ത്തിക്കൊടുക്കുക. രക്ഷിതാവേ, എന്റെ ചെറുപ്രായത്തിൽ അവരെന്നെ രക്ഷിച്ചു വളർത്തിയ സന്ദർഭത്തിൽ അവരെ എനിക്ക് കരുണ ചെയ്തു) തുപോലെ തന്നെ അവർക്ക് നീയും കരുണചെയ്യേണമേ' എന്നു പ്രാർത്ഥിക്കുക 
(സൂറത്തു അൽ ഇസ്റാഅ് ) (23,24) 

                                            وَوَصَّيْنا الإنسان بوالديه حملته أمه وهنا عَلَىٰ وَهَن وَفَصَالَهُ في عامين أن أشكر لي ولوالديك إلى المصير


“തന്റെ മാതാപിതാക്കളെ സംബന്ധിച്ചു മനുഷ്യനോട് നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. അവന്റെ മാതാവ് മേൽക്കുമേൽ ക്ഷീണത്തോടെയാണവനെ ഗർഭം ചുമന്നത്. അവന്റെ മുലകുടി അവസാനിപ്പിച്ചത് രണ്ട് കൊല്ലം കൊണ്ടുമാണ്. എനിക്കും നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം (എന്നു നാമവനോട് കൽപിച്ചു. എന്റെ അടുക്കലേക്ക് തന്നെയാകുന്നു നിങ്ങളുടെ തിരിച്ചുവരവ് (ലുഖ്മാൻ 14)

അല്ലാഹുവിനെ അനുസരിക്കുകയും മാതാപിതാക്കളെ ബഹുമാനിക്കുകയും ചെയ്യുന്ന സ്വലിഹീങ്ങളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ.

ഇത് തയ്യാറാക്കിയത് : Dr. ബുഷ്റ മുജീബ് പട്ടാമ്പി (റഷ്യ)