നിങ്ങളുടെ പ്രവാചകൻ

വർത്തമാന ബിന്ദുവിൽ നിന്ന് പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചാൽ മുഴുവൻ സമയതന്തുക്കളിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചരിത്ര പുരുഷനാണ് മുഹമ്മദ്(സ) എന്ന് നാം മനസ്സിലാക്കി. എന്നാൽ കേവലം ഒരു നാമത്തിൻ്റെ അനുസ്മ‌രണത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കീർത്തി എന്നതാണ് അത്ഭുതകരം. മറിച്ച് അവിടുത്തെ അനക്കവും അടക്കവും വാക്കും നോക്കും മൗനവും

നിങ്ങളുടെ പ്രവാചകൻ

بسم اللهِ الرَّحْمَنِ الرَّحِيمِ

നിങ്ങളുടെ പ്രവാചകൻ
ഉളളടക്കം

Click
നിങ്ങളുടെ പ്രവാചകൻ ....................................02
നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുകയാണ് ..................07
വേദങ്ങൾ വിളിച്ചാർത്തു ...................................10
ഹിന്ദുമത ഗ്രന്ഥങ്ങളിൽ ....................................11
ബൈബിൾ പറയുന്നു ......................................22
ലോകം കാത്തിരിക്കുകയായിരുന്നു.........................26
അശരീരികൾ മുഴങ്ങുന്നു ..................................33
അത്ഭുതങ്ങളുടെ ജനനം.....................................39
വിസ്‌മയകരം ഈ ജീവിതം..................................40
ഹിറാഗുഹയിലെ വെളിച്ചം..................................50
എന്തിന് പ്രവാചകത്വം വാദിച്ചു..............................57
പ്രവാചകൻ പറയുന്നത്......................................60
എങ്ങനെ വിശ്വസിക്കണം...................................65

എം പി മുഹമ്മദ് ഫൈസൽ അഹ്‌സനി. 
ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ 
സ്റ്റുഡന്റ്റ്സ് സെൻ്റർ, കോഴിക്കോട്-4, 
ഫോൺ: (0495) 2720436, 3048352

ആഴങ്ങളിലേക്ക് ഒരു പരിശ്രമം...
---------------------------------

മുഹമ്മദ്(സ)യെ കുറിച്ചുളള പ്രബന്ധങ്ങൾ മലയാളത്തിൽ വിരളമല്ല. കടന്നു പറഞ്ഞാൽ അധികവുമാണ്. പക്ഷേ, പ്രവാചക വ്യക്തിത്വത്തിൻ്റെ ആഴം തൊട്ടറിയാൻ ശ്രമിക്കുന്നവ അക്കൂട്ടത്തിൽ വിരളമാണ്. ആ ആഴങ്ങളിലേക്കുള്ള ഒരു ശ്രമമാണ് ഈ പുസ്‌തകം. ആഴങ്ങൾ തൊടാനാവില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണീ ശ്രമം. പക്ഷേ, പരാജയപ്പെട്ടാലും അതിൽ നിന്ന് പലർക്ക് പലതും പഠിക്കാനുണ്ടാവും.

ഇതര വിശ്വാസികൾക്ക് തിരു നബി വ്യക്തിത്വത്തെ വിശദീകരിക്കാനാണു ഈ പുസ്‌തകത്തിൽ ശ്രമിച്ചിട്ടുള്ളത്. 'നമ്മുടെ പ്രവാചകൻ' എന്ന സാധാരണ പ്രയോഗത്തിന് പകരം 'നിങ്ങളുടെ (കൂടി) പ്രവാചകൻ' എന്നു പരിചയപ്പെടുത്താനുള്ള കാരണവും അതു തന്നെ. 'നമ്മുടെ' എന്നു പറയുമ്പോൾ പുസ്‌തകം കാണുന്ന മുറക്ക് 'അത്' മുസ്‌ലിംകൾ അവരുടെ പ്രവാചകനെപ്പറ്റി പറയുന്നതാണ്' എന്നാവും ധരിക്കുക. എന്നാൽ 'നിങ്ങൾ' എന്നാവുമ്പോൾ. 'ഓ നമുക്ക് കൂടി അവകാശമുള്ള പ്രവാചകൻ' എന്ന നിലയിലുള്ള പ്രത്യേക പരിഗണന വായനക്ക് മുമ്പെ കിട്ടും. ഓരോ അധ്യായങ്ങളിലൂടെയും കടന്നു ചെന്ന് അവസാനമെത്തുമ്പോഴേക്ക് ഒരു പ്രവാചക സ്നേഹിയായി മാറുന്ന സ്ഥിതി വിശേഷം സംജാതമാവണേ എന്ന സ്നേഹ പൂർണമായ അഭിലാഷം ഗ്രന്ഥകാരനടക്കം ഞങ്ങൾക്കെല്ലാവർക്കും ഉണ്ട്.

'ആത്മ സാക്ഷാത്‌കാരത്തിൻ്റെ വസന്തം' എന്ന സന്ദേശത്തിൽ രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായാണ് ഈ കൃതിയുടെ മൂന്നാം പതിപ്പ് യു.എ.ഇയിൽ അച്ചടിച്ചു പുറത്തിറക്കുന്നത്. പ്രവാസികൾക്കിടയിൽ തിരുനബിയുടെ ജീവിത സന്ദേശമെത്തിക്കുന്നതിന് ആർ എസ് സി. യു എഇ നാഷണൽ കമ്മിറ്റി എടുത്ത ധീരമായ ചുവടുവെപ്പിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. പുസ്‌തകത്തിൻ്റെ രണ്ടാം പതിപ്പ് സഊദിയിലാണ് പുറത്തിറക്കിയത്. ആർ എസ് സി നടത്തുന്ന ബുക് ‌ടെസ്റ്റിന്  അവലംബ കൃതിയായി തിരഞ്ഞെടുത്തതിലൂടെ പ്രവാചക സന്ദേശം കൂടുതൽ വായനക്കാരിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
നിങ്ങളുടെ സ്നേഹം നിറഞ്ഞ മനസ്സും പ്രാർത്ഥനയും കാംക്ഷിച്ചു കൊണ്ട്......
ഡയറക്ട‌ർ, 
ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ, 
കോഴിക്കോട് -4 


ആമുഖം

എൻ്റെ പ്രവാചകൻ

എൻ്റെ പ്രവാചകൻ എൻ്റേത് മാത്രമല്ല, മുസ്‌ലിം സമുദായമായ 'ഞങ്ങളുടേത്' മാത്രമല്ല. 'അവരുടേത'ല്ലാത്ത നമ്മുടേതുമല്ല. എല്ലാവരുടേതുമാണ്.
മുഴു സൃഷ്ടികളിലേക്കും അയക്കപ്പെട്ടവരാണ് എൻ്റെ പ്രവാചകൻ. എൻ്റെ പ്രവാചകനെ നിങ്ങളറിയണം.... നിങ്ങൾ ഒരു മുസ്‌ലിമാവട്ടെ, ക്രൈസ്‌തവനോ, ജൈനനോ ബുദ്ധനോ മതമില്ലാത്തവനോ സർവ്വമത സത്യവാദിയോ ആവട്ടെ.... 

എൻ്റെ പ്രാവചകൻ നിങ്ങളുടേത് കൂടിയാണ്. നിങ്ങൾ വിജയിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളാണ്. ആ പ്രവാചകനെ നിങ്ങളറിയണം.

ഈ പുസ്ത‌കത്തിൻ്റെ ശീർശകം വായിക്കുന്നവരെല്ലാം 'നിങ്ങളാണ്'. ഗ്രന്ഥകാരൻ പോലും..! അതിനാൽ അകറ്റിപ്പിടിച്ച ഹൃദയത്തോടെയല്ല നിങ്ങളുടെ ഗുണകാംക്ഷിയെ പരിചയപ്പെടാനുള്ള തൃഷ്ണ‌യോടെ ഇത് നെഞ്ചോട് ചേർക്കുക.. ഒരു സ്നേഹിതനെ ലഭിച്ച സന്തോഷം അനുഭവിച്ചാൽ ഞാൻ കൃതാർത്ഥൻ. വിയോജിപ്പുകൾ അറിയിക്കുക. യോചിപ്പുകളും സഹകരിച്ചവർക്ക് നന്ദി. പ്രത്യേകിച്ച് ഐപിബിക്ക്
ഫൈസൽ അഹ്സനി രണ്ടത്താണി. 
നുസ്‌റത്ത് ദഅവ കോളേജ്, 676510 
ഫോൺ: 9995093115, 9495377015


നിങ്ങളുടെ പ്രവാചകൻ
***********************

മുഹമ്മദ്. ആ നാമം നിങ്ങൾ കേൾക്കാതിരിക്കില്ല. വീട്ടിലോ നാട്ടിലോ ചുറ്റുഭാഗങ്ങളിലെവിടെയെങ്കിലും ആ പേരുള്ള ആരെങ്കിലും ഉണ്ടാവാതിരിക്കില്ല. കാരണം, ലോകത്ത് ഏറ്റവും കൂടുതൽ വിളിക്കപ്പെടുന്ന പേര് മുഹമ്മദ് എന്നാണത്രെ! സ്വതന്ത്രപേരുളളവർക്ക് പോലും അവരുടെ പേരിന് മുന്നിൽ പലപ്പോഴും ഒരു മുഹമ്മദ് ഉണ്ടാവും. എന്താണാവോ ഈ പേര് ലോകം മുഴുവനും വിളിക്കപ്പെടാൻ കാരണം? 

ലോകത്ത് ഒരുപാട് പ്രതിഭകൾ കഴിഞ്ഞു പോയിട്ടുണ്ട്. പുണ്യ പ്രവാചകന്മാർ, ആരാധ്യ പുരുഷന്മാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പരിഷ്‌കർത്താക്കൾ, വിപ്ലവകാരികൾ, സാഹിത്യ സാമ്രാട്ടുകൾ, വാഗ്‌മികൾ, ഭരണാധികാരികൾ. പക്ഷെ പലരും വിസ്മൃ‌തിയിലാണ്ടു പോയി. മറ്റു പലരും സിമ്പോസിയങ്ങളിലും സെമിനാറുകളും മത സൈദ്ധാന്തിക ചർച്ചകളിലും മാത്രം ഇടക്ക് പ്രത്യക്ഷപ്പെട്ടെന്ന് വരും. ചിലർ ആരാധാനാലയങ്ങളിൽ വാഴ്ത്ത‌പ്പെടുന്നു. മറ്റു ചിലരുടെ നാമങ്ങൾ ചില സ്ഥലങ്ങളിൽ ചില വ്യക്തികളിലൂടെ നിലനിൽക്കുന്നു. എന്നാൽ ലോകത്തിൻ്റെ മുഴു ദിക്കുകളിലും മുഹമ്മദ് എന്ന പേരിൽ ജീവിച്ച ഒരു ചരിത്ര പുരുഷൻ ഓർമ്മിക്കപ്പെടുന്നു. എന്താണതിന് കാരണം? എല്ലാ രാഷ്ട്രങ്ങളിലും മുസ്‌ലിം പള്ളികളുണ്ട്. അവിടെങ്ങളിൽ അഞ്ച് നേരം നിർബന്ധ പ്രാർത്ഥന നടക്കുന്നു. ഓരോ പ്രാർത്ഥനാ സമായത്തും ഉച്ചത്തിൽ ബാങ്ക് വിളിക്കുന്നു. ബാങ്കിൽ രണ്ട് പ്രാവശ്യം അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് വിളിച്ചു പറയുന്നു. ഒരു ദിവസം പത്ത് തവണ മുഹമ്മദ് എന്ന പേര് ഒരു പള്ളിയിൽ നിന്ന് തന്നെ ഉയരുന്നു. തൊട്ടടുത്ത പള്ളികളിൽ നിന്നെല്ലാം ഇത് തന്നെ കേൾക്കുന്നു. പലപ്പോഴും ഈ പേര് കേട്ടാണ് നാമുണരുക(സുബ്ഹ്). ഈ പേര് കേട്ടു കൊണ്ടാണ് നാം അന്തി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക (ഇശാഅ്). പകലന്തിയോളം പണിയെടുത്ത നിങ്ങൾ ജോലി കഴിഞ്ഞ് കുളിച്ച് ഫ്രഷായി സന്ധ്യ ആസ്വദിക്കുമ്പോഴും(മഗ്‌രിബ്) ഈ പേര് നിങ്ങളുടെ കാതിലെത്തുന്നു. നട്ടുച്ച ക്കും ജീവിത വ്യവഹാരങ്ങളിൽ നിമഗ്നനായിരിക്കുമ്പോഴും ഈ നാമം കേൾക്കാതിരിക്കാനാകുന്നില്ല(ളുഹ്ർ). ഓഫീസുകളും കലാലയങ്ങളും അടക്കാൻ നേരത്തും (അസ്ർ ) ഈ ശബ്ദം ആ ചരിത്രപുരുഷൻ്റെ ഓർമ്മയെയും വിളിച്ച്‌ കൂട്ടിക്കൊണ്ട് വരുന്നു.

നിങ്ങൾ ജീവിതത്തിന്‍റെ ഏത് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിലും ഇതാണവസ്ഥ. കച്ചവടക്കാരനും കല്ലുവെട്ടുകാരനും ഉദ്യോഗസ്ഥനും കർഷകനും അധ്യാപകനും എല്ലാം തൊട്ടടുത്ത പളളികളിൽ നിന്ന് ഈ നാമം ഒന്നിച്ചനുഭവിക്കുന്നു. നിങ്ങളുടെ സ്വന്തം പട്ടണതിൻ്റെയോ കുഗ്രാമത്തിൻ്റെയോ കഥ മാത്രമല്ലയിത്. ലോകെത്തെവിടെയും ഇങ്ങനെയാണ്. ഉരുണ്ടതാണത്രെ നമ്മുടെ ഭൂമി. നമുക്ക് രാത്രിയാണെങ്കിൽ അമേരിക്കയിൽ പകൽ. അവരുടെ മുകളിൽ സൂര്യൻ കത്തിനിൽക്കുമ്പോൾ നമുക്ക് ഭൂമിയുടെ നിഴൽ, രാത്രി! കൂരാ കൂരിരുട്ട്!! ഭൂമിയുടെ കറക്കത്തിനനുസരിച്ച് സൂര്യ വെളിച്ചം മെല്ലെ മെല്ലെ കിട്ടിത്തുടങ്ങുന്നു. നമുക്ക് പുലരിയായി. അമേരിക്കയിൽ സൂര്യൻ അസ്‌തമിക്കുന്നു. നമ്മുടെ നാട്ടിൽ പ്രഭാതമുണ്ടായി സ്വൽപം കഴിഞ്ഞേ പടിഞ്ഞാറു ഭാഗത്ത് പ്രഭാതമാകൂ. ഭൂമിയുടെ കറക്കത്തിനനുസരി ച്ച് ഓരോ നിമിഷവും ഭൂമിയിൽ പ്രഭാതമുണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരിടത്ത് പ്രഭാതമുണ്ടാകുമ്പോൾ അതേ സമയം മറ്റൊരിടത്ത്' പ്രദോഷം. അപ്പോൾ തന്നെ വേറെ ഒരിടത്ത് ഉച്ചയായിരിക്കും. ആ നിമിഷം തന്നെ ഭൂമിയിൽ രാത്രിയായിക്കഴിഞ്ഞ സ്ഥലങ്ങളും സന്ധ്യമയങ്ങാനടുത്ത സ്ഥലങ്ങളുമുണ്ടാകും. ചുരുക്കത്തിൽ. ഒരു നിമിഷം തന്നെ ഭൂമിയിലെ അഞ്ച് വിവിധ സ്ഥലങ്ങളിൽ കൂട്ടമായി മുഹമ്മദ് എന്ന നാമം വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ വിളി അനുനിമിഷം തുടർന്നു കൊണ്ടിരിക്കുന്നു. ഇതിനുള്ളിൽ എന്തെങ്കിലുമൊക്കെ ഇല്ലാതിരിക്കുമോ?

ലോക ചരിത്രത്തിൽ ഇതിന് തതുല്ല്യമായ ഒരു വ്യക്തിത്വമുണ്ടായിട്ടുണ്ടാകുമോ? ഒരിക്കലും നിലക്കാതെ, പല പ്രാവശ്യം ഓരോ നിമിഷങ്ങളിലും  ഉച്ചരിക്കപ്പെടുന്ന ഒരു മനുഷ്യൻ! 'ദൈവങ്ങൾ' പോലും ഇങ്ങനെ വാഴ്ത്തപ്പെട്ടിട്ടുണ്ടാവില്ല. എന്തായിരിക്കും ഇതിൻ്റെ രഹസ്യം?  ഈ വാഴ്ത്തപ്പെടൽ പക്ഷെ, ഇവിടെ അവസാനിക്കുന്നില്ല. ഒരാൾ ഇസ്‌ലാം മതം സ്വീകരിക്കുകയാണെങ്കിൽ ആ നാമം ഉച്ചരിക്കണം. ഒരാളുടെ പേര് പറഞ്ഞാൽ മാത്രമേ അംഗത്വം കിട്ടൂ എന്ന് നിബന്ധനയുള്ള മറ്റൊരു മതത്തേയോ പ്രസ്ഥാനത്തേയോ നമുക്കറിവില്ല. അംഗമായിക്കഴിഞ്ഞാൽ ദിവസവും അഞ്ച് തവണ നിർബന്ധ പ്രാർത്ഥനകളിൽ ആ പ്രവാചകനെ വിളിച്ച് അഭിവാദ്യം ചെയ്യൽ നിർബന്ധം. അതിനു പുറമെ ആ ചരിത്ര പുരുഷൻ്റെ നാമം ഉച്ചരിച്ച് അവിടുത്തേക്ക് വേണ്ടി പ്രാർത്ഥന നടത്തണം! അതും നിർബന്ധം തന്നെ!
ലോകത്ത് കോടിക്കണക്കിന് മുസ്‌ലിംകളുണ്ട്. അവരൊക്കെ ഇത്  വിശ്വസിക്കുന്നവരാണ്. ഏറെക്കുറെ ആളുകൾ ചെയ്യുന്നവരും നിർബന്ധബുദ്ധിയോടെ! 

ഇനി ചില ഐഛിക കർമ്മങ്ങളുണ്ട്. പ്രസവിച്ച് വീഴുമ്പോൾ കുട്ടിയുടെ വലത് ഇടത് ചെവികളിലായി ബാങ്കും ഇഖാമത്തും കൊടുക്കണം. അപ്പോഴും ഈ നാമം മൂന്ന് പ്രാവശ്യം കുട്ടി കേൾക്കുന്നു. പിന്നീട് ജീവിതത്തിൻ്റെ വിവിധ മേലഖകളിൽ. പ്രവാചകനെ പൂർണ്ണ മനസ്സോടെ സ്നേഹിക്കുന്നവരാണ്. പറയുന്നവരാണ് എല്ലാ മുസ്‌ലിംകളും. വലിയൊരു വിഭാഗം അത് അവരുടെ അനക്കത്തിലും അടക്കത്തിലുമെന്ന പോലെ പ്രാവർത്തികമാക്കുന്നു. അവരുടെ ചുണ്ടുകൾ എപ്പോഴും ചലിച്ച് കൊണ്ടിരിക്കും. സ്വല്ലല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹിവസല്ലം. അതിനെ സ്വലാത്ത് എന്നവർ വിളിക്കുന്നു. വിശുദ്ധ വേദ ഗ്രന്ഥത്തിൻ്റെ വ്യക്തമായ കൽപ്പനയുണ്ടായതിനാൽ അവർ അത് പുണ്യ കർമ്മമായി മനസ്സിലാക്കുന്നു. ദിവസവും പത്ത് മുതൽ പതിനായിരം വരെ (അതിനപ്പുറവും) സ്വലാത്ത് ചൊല്ലുന്നവർ മുസ്‌ലിംകളിലുണ്ട്. അതിന് പുറമെ പത്ത് മുതൽ ലക്ഷങ്ങൾ വരെ പങ്കെടുക്കുന്ന സ്വലാത്ത് സദസ്സുകളും മൗലിദുകളും മദ്ഹു ഗീതങ്ങളും....

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പരന്ന് കിടക്കുന്ന മുസ്‌ലിം ജനകോടികളിൽ ഒരു വലിയ വിഭാഗം ദിനേന നൂറുകണക്കിന്ന് സ്വലാത്ത് ചൊല്ലുന്നുണ്ട്. അപ്പോൾ ഒരു ദിവസം ആ നാമം എത്ര തവണ വാഴ്ത്തപ്പെട്ടിരിക്കും ? 14 നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിലെ മക്കാ മരുഭൂമിയിൽ, അനാഥനായി പ്രസവിക്കപ്പെട്ട് 63 വർഷക്കാലം ജീവിച്ച് മറഞ്ഞ് പോയ ഒരു ചരിത്ര പുരുഷനാണിത്. അന്ന് മുതൽ ഇന്ന് വരെയുള്ള മുസ്‌ലിംകളുടെ കഥയാണ് പറഞ്ഞത്. ഹാവൂ! ഇങ്ങനെ ഒരു വ്യക്തിത്വത്തെ കുറിച്ച് ചരിത്രം മുഴുവൻ പരതിയാലും നമുക്ക് എന്തെങ്കിലും സൂചന ലഭിക്കുമോ? പോവട്ടെ. ഇതിൻ്റെ കോടിയിലൊരംശമെങ്കിലും സ്മരിക്കപ്പെടുന്ന വ്യക്തികളുണ്ടോ? ജീവിച്ചിരുന്ന ഏതെങ്കിലും വ്യക്തിത്വം ഇങ്ങനെ സ്‌മരിക്കപ്പെടുന്നുണ്ടോ?

ബുഷ്, ലാദൻ, സദ്ധാം.... അതൊക്കെ ഓരോ സമയത്തിൻ്റെയും കാലത്തിൻ്റെയും സ്‌പിരിറ്റുകളാണ്. മറ്റുള്ളവരും വ്യത്യസ്‌തരല്ല. അങ്ങനെ മുമ്പ് പലരുമുണ്ടായിരുന്നു. ഫറോവ, നംറൂദ്, ഹിറ്റ്ലർ, മുസ്സോളിനി.... ഒരു കാലത്ത് കത്തിജ്വലിച്ചവർ! ഇപ്പോൾ അവരുടെ സ്‌മരണകളുടെ ചാരം പോലുമില്ല. എപ്പോഴെങ്കിലും ആരെങ്കിലും പറഞ്ഞാലായി. പക്ഷെ, ഇതങ്ങനെയല്ല. ഈ വ്യക്തിത്വത്തെക്കുറിച്ച് അന്വേഷിക്കേണ്ട ഒരു ധാർമിക ബാധ്യത നമുക്കില്ലേ?

നമ്മുടെ കൺമുമ്പിൽ നടക്കുന്ന കാര്യങ്ങളാണിതൊക്കെ. അന്വേഷിക്കേണ്ടതുണ്ടോ എന്ന് ഓരോരുത്തർക്കും ചിന്തിക്കാവുന്നതാണ്. നോക്കൂ! നമ്മുടെ വീടിൻ്റെ ഉമ്മറത്ത് ഒരു കാൽ പെരുമാറ്റം കേൾക്കുന്നു. നാം ഒരു പക്ഷെ, അപ്പോൾ തന്നെ വാതിൽ തുറന്ന് അതാരാണെന്ന് ഉറപ്പ് വരുത്തുന്നു. ഇല്ലെങ്കിൽ പിറ്റേന്ന് അയൽവാസികളോട് അതേക്കുറിച്ച് അന്വേഷിക്കും. രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ഉണ്ടായാലോ? പ്രതിയെ പിടിക്കാൻ വേണ്ടി ഉറക്കമൊഴിച്ച് കാവൽ നിൽക്കാൻ വരെ നമ്മൾ തയ്യാറാകും, ചിലപ്പോൾ നിങ്ങളുടെ ജീവിതവുമായി അതിന് ഒരു ബന്ധവുമുണ്ടാവില്ല. ഒരു പക്ഷെ, അത് പട്ടികളായിരിക്കും. മറ്റു ചിലപ്പോൾ അയൽവാസിയുടെ വീട്ടിലേക്ക് വന്ന അതിഥികൾ. വേറെ ചിലപ്പോൾ അതൊന്നുമായിരിക്കില്ല. കാറ്റടിച്ചത്, കമ്പ് വീണത്, ഇല പൊഴിഞ്ഞത്, പൂച്ച ഓടിയത്... കേവലം തോന്നിയത്! എങ്കിലും നാം ഇടപെടുന്നു. അന്വേഷിക്കാനിറങ്ങുന്നു. നമ്മുടെ ജീവിതത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ എന്ന് ഭയന്നതിനാൽ !

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കേ ഒരു പ്രകടനത്തിൻ്റെ ശബ്ദം കേൾക്കുന്നു. അതിങ്ങ് അടുത്തെത്തുന്നു. നാം പാളി നോക്കുന്നു. കാണുന്നില്ല. പിന്നെ ഇറങ്ങി നോക്കുന്നു കാണുന്നു. അന്വേഷിക്കുന്നു. അറിയുന്നു. അനുഭവിക്കുന്നു. ആസ്വദിക്കുന്നു. ചിലപ്പോൾ കൈ കഴുകി പ്രകടനത്തിലേക്കോടുന്നു. ഏതെങ്കിലും കളിക്കാരുടെ വിജയാഘോഷം, അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് പ്രചാരണം, സാംസ്കാരിക   സംഘടനയുടെ പ്രതിഷേധ പ്രകടനം... പലപ്പോഴും നിങ്ങളുടെ ജീവിതവുമായി അതിന് വിദൂര ബന്ധമേ ഉണ്ടാകൂ. ചിലപ്പോ ൾ ഒരു ബന്ധവുമുണ്ടാവില്ല. എന്നിട്ടും നിങ്ങൾ അത് അന്വേഷിക്കുന്നു. എന്തുകൊണ്ടാണത് ?

നിങ്ങൾ ദിവസവും പത്രം വായിക്കുന്നു. ന്യൂസ് കേൾക്കുന്നു. ലോകത്ത് സംഭവിക്കുന്ന വിവരങ്ങളറിയുന്നു. രാഷ്ട്രീയ മാറ്റങ്ങൾ, യുദ്ധങ്ങൾ, പൊട്ടിത്തെറികൾ ഓരോരുത്തരെക്കുറി ച്ച് വീണ്ടും വീണ്ടും വായിച്ചും കേട്ടും ചർച്ച ചെയ്‌തും പഠിക്കുന്നു. വിലയിരുത്തുന്നു. നിങ്ങളുടേതായ ഒരു അഭിപ്രായത്തിലെത്തുന്നു. പലപ്പോഴും അയാൾ നിങ്ങളുടെ ആരുമല്ല. അയാൾ വഴി നിങ്ങൾക്കൊന്നും കിട്ടാനില്ല. ഒരു വിപത്തും വരാനില്ല എന്നിട്ടും! എന്തുകൊണ്ടാണത്? അന്വേഷണം മനുഷ്യൻ്റെ ജന്മവാസനയാണ്. മൗലികാവകാശവും. അവൻ്റെ ജീവിതത്തിൻ്റെ വിജയ-പരാജയങ്ങളുമായി ബന്ധമുള്ളതാണെങ്കിൽ അഥവാ ബന്ധമുണ്ടാവാൻ ഏതെങ്കിലും സാധ്യതയുണ്ടെങ്കിൽ നിർബന്ധ ബാധ്യതയുമാണ്. ചിന്തിച്ചുനോക്കൂ......

ദിനേന, അനുനിമിഷം, പതിനായിരത്തിലേറെ തവണ സ്‌മരിക്കപ്പെടുന്ന, പല പ്രാവശ്യം കേട്ടു കൊണ്ടിരിക്കുന്ന ഈ ചരിത്ര പുരുഷനെക്കുറിച്ച് അറിയേണ്ടതും അന്വേഷിക്കേണ്ടതും നമ്മുടെ മൗലികാവകാശവും ബാധ്യതയുമല്ലേ? നമ്മുടെ ജീവിതവുമായി ആ വ്യക്തിത്വത്തിന് അതിശക്തമായ ബന്ധമുണ്ടെങ്കിൽ വിശേഷിച്ചും? എങ്കിൽ നമുക്കന്വേഷണം തുടങ്ങാം. എന്താണ് ബാങ്കിൽ പറയുന്നത്? അശ്ഹദു അന്ന മുഹമ്മ ദർറസൂലുല്ലാഹ്-മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ദൂതനാണെങ്കിലെന്ത് അല്ലെങ്കിലെന്ത് എന്ന മട്ടിൽ ഒഴിവാക്കി വിടാൻ പറ്റുന്ന സംഗതിയല്ല ഇത്. ദിവസവും പത്ത് തവണ തൻ്റെ ശ്രവണപുടങ്ങളിൽ വന്നലയടിക്കുന്ന ഈ നാദം നാം ചുമ്മാ തിരസ്‌കരിച്ച് കൂടാ. ഈ വാദഗതിയുടെ ശരിയും തെറ്റും അവലോകനം ചെയ്യുന്നു. ശരിയാണെന്ന് ബോധ്യപ്പെട്ടാൽ സ്വീകരിക്കണം. അല്ലെങ്കിൽ തളളിക്കളയാം. എല്ലാ വാദഗതികളേയും പോലയല്ലിത്. കാരണം: ഒന്ന്-നമ്മുടെ ജീവിതത്തിൻ്റെ ജയപരാജയത്തിലാണ് ഈ വാദഗതി ഊന്നൽ നൽകുന്നത്. രണ്ട്-ഈ മാറ്റം നാം നിരന്തരം ഓർമ്മിപ്പിക്കപ്പെട്ടതാണ്.

ഈ ക്രമബദ്ധമായ താളപ്പൊരുത്തത്തോടെ സഞ്ചരിക്കുന്ന ഈ ലോകത്തിന് ഒരു സ്രഷ്‌ടാവുണ്ട്. ആ സ്രഷ്‌ടാവ് നിയോഗിച്ച ദൂതനാണ് മുഹമ്മദ്. മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് വ്യക്തമായി വരച്ച് കാണിക്കുന്ന ഒരു ജീവിത പദ്ധതിയുമായാണ് മുഹമ്മദ്(സ) വന്നത്. അതനുസരിച്ച് ജീവിക്കുന്നവന് മരണ ശേഷം അനന്തമായ സ്വർഗ്ഗീയ ജീവിതമുണ്ട്. ഇത് വിശ്വസിക്കാതെആ ജീവിതപദ്ധതിയനുസരിച്ച് ജീവിക്കാതെ മരിച്ച് പോയവന് മരണ ശേഷം കഠോരമായ ശിക്ഷയാണ്. നിലക്കാത്ത, അനന്തമായ നരകശിക്ഷ..... ഇതാണ് മുഹമ്മദ്(സ) പ്രവാചകനാണ് എന്നതിന്റെ സ്വൽപം വിശാലമായ അർത്ഥം.

മരണശേഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആർക്കും അനുഭവങ്ങളില്ല. മരിച്ച ശേഷം അനുഭവ സമ്പാദ്യങ്ങളുമായി ആരും തിരിച്ചു വന്നതായി അറിവില്ല. ലബോറട്ടറിയിൽ വെച്ച് തീരുമാനിക്കാവുന്ന ഒരു കാര്യവുമല്ല ഇത്. പക്ഷെ, ഒന്നുറപ്പാണ്. ഒന്നുകിൽ മരിച്ച് കഴിഞ്ഞാൽ ചീഞ്ഞ് ദ്രവിച്ച് മണ്ണോട് ചേർന്ന് അവസാനം മണ്ണിൻ്റെ ഭാഗമായി മാറും. നരകമോ സ്വർഗ്ഗമോ ഒന്നും അനുഭവിക്കേണ്ടി വരില്ല. അങ്ങനെയാണ് എന്ന് നമുക്ക് വല്ല ഉറപ്പും കിട്ടിയിരുന്നെങ്കിൽ സുഖമായിരുന്നു. പക്ഷെ അങ്ങനെയൊരുറപ്പ് ആരും നമുക്ക് നൽകിയിട്ടില്ല. ആർക്കും നൽകാൻ കഴിയുകയുമില്ല. ഇനി അങ്ങനെ അല്ലെങ്കിൽ ദീർഘമായ ഖബർവാസത്തിന് ശേഷം ശരീരം എത്ര ദ്രവിച്ചിട്ടുണ്ടെങ്കിലും നശിക്കാതെ ബാക്കിയാകുന്ന ഒരു സെല്ല്‌ ആത്മാവുമായി ചേർന്ന് പുനർജന്മം ലഭിക്കുമെന്നത്ര: പിന്നെ വിശ്വസിച്ചവന് സ്വർഗ്ഗവും ഇല്ലെങ്കിൽ നരകവും. ഇതാണ് വാദം. 

ബാങ്ക് കേൾക്കുമ്പോൾ നമ്മൾ ഓർമ്മിക്കേണ്ടത് ഈ വാദഗതിയാണ്. അന്വേഷണം മനുഷ്യൻ്റെ മൗലികാവകാശമായത് കൊണ്ട് നമ്മുടെ ജീവിതത്തെ ബാധിക്കാൻ സാധ്യതയുളളതാണെങ്കിൽ, നിർബന്ധ ബാധ്യതയായത് കൊണ്ടും നിരന്തരം നാം കേട്ടുകൊണ്ടിരിക്കുന്ന ഈ ചരിത്രപുരുഷനേയും ആ മനുഷ്യൻ ഉയർത്തിയ വാദഗതിയേയും കുറിച്ച് അന്വേഷിക്കേണ്ടത് ആവശ്യമായിത്തീരുന്നു. 

ഇത്രയേ നമുക്ക് ചിന്തിക്കേണ്ടതുള്ളൂ. മുഹമ്മദ്, വാദിക്കപ്പെടും പ്രകാരം ഒരു പ്രവാചകനാണോ??


നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുകയാണ് 
******************************************

വർത്തമാന ബിന്ദുവിൽ നിന്ന് പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചാൽ മുഴുവൻ സമയതന്തുക്കളിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചരിത്ര പുരുഷനാണ് മുഹമ്മദ്(സ) എന്ന് നാം മനസ്സിലാക്കി. എന്നാൽ കേവലം ഒരു നാമത്തിൻ്റെ അനുസ്മ‌രണത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കീർത്തി എന്നതാണ് അത്ഭുതകരം. മറിച്ച് അവിടുത്തെ അനക്കവും അടക്കവും വാക്കും നോക്കും മൗനവും അനുവാദങ്ങളും അംഗവിക്ഷേപങ്ങളും നടത്തവും ഇരുത്തവും മൂത്രിച്ചതും തുപ്പിയതും ചിരിച്ചതും കരഞ്ഞതും എല്ലാം സ്‌മരിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഗവേഷണത്തിനും ചർവ്വിത ചർവ്വണത്തിനും വിധേയമാക്കപ്പെടുന്നുമുണ്ട്. അവിടുത്തെ മുഖവും കണ്ണും മൂക്കും ചെവിയും മുടിയും പല്ലുകളും പുരികവും നെഞ്ചും കൈയും കൈവിരലും  നഖവും അങ്ങനെയെല്ലാം വിശദീകരിക്കപ്പെട്ടിരിക്കുന്നു!. അവിടുത്തെ പ്രസവവും മുലയൂട്ടലും  ബാല്യ കാലവും കൗമാരവും യൗവനവും വാർദ്ധക്യവും വിവാഹവും  കുടുംബ ജീവിതവും രോഗവും ക്ഷീണവും യുദ്ധവും സന്ധിയും സന്തോഷവും സന്താപവും എല്ലാം! മരിക്കുന്ന അവസരത്തിൽ താടിയിൽ എത്ര രോമം നരച്ചിരുന്നുവെന്ന് വരെ റിപ്പോർട്ട് ചരിത്രത്തിലുണ്ട്. 

അനുയായികളുടെയും ശത്രുക്കളുടേയും നാടും വീടും കുടുംബവുമൊക്കെ വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നു. അവിടുത്തെ ഇരുപത്തി അഞ്ച് ഉപ്പാപ്പമാരുടെ പേരുകൂടി മുസ്‌ലിംകൾ ഓർക്കുന്നു. അവിടുത്തെ സഖാക്കളുടെ ചരിത്രങ്ങളും ഏറെകുറെ മുഴുവനായും ലഭ്യമാണ്. അവിടുത്തോടൊപ്പം ഒന്നാം ധർമ്മ സമരത്തിൽ പങ്കെടുത്ത 313 സഖാക്കളുടെയും പേരുകളും അവരുടെ പിതാവിൻ്റെയും പിതാവിൻ്റെ പിതാവിൻ്റെയും പേരുകളും കുടുംബവും ഗോത്രവും വംശവുമൊക്കെ ഒരു വലിയ വിഭാഗം മുസ്‌ലിംകൾക്ക് ഇന്നും കാണാപാഠമാണ്. പതിനാല് നൂറ്റാണ്ടു മുമ്പു നടന്ന ഒരു യുദ്ധത്തിൽ പങ്കെടുത്തവരുടെ പേരുകൾ തങ്ങളുടെ സ്നേഹനിധിയായ ദൈവദൂതൻ്റെ സഖാക്കളാണെന്നതിൻ്റെ പേരിൽ ഒരു സമൂഹം ഇപ്പോൾ ഓർമ്മയിൽ വയ്ക്കുന്നു. ഇന്ന് ആ പ്രവാചകൻ്റെ ഒരു വാക്ക് ഒരു ഗ്രന്ഥത്തിൽ നിന്ന് (ഉദാ:- ബുഖാരി. മുസ്‌ലിം, അബൂദാവൂദ്.....) വായിക്കുമ്പോൾ ആ ഗ്രന്ഥകാരൻ ആ വാക്ക് ആരിൽ നിന്ന് കേട്ടുവെന്നും അദ്ദേഹം ആരിൽ നിന്ന് കേട്ടുവെന്നും അദ്ദേഹം ആരിൽ നിന്നെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ അവസാനം അത് തിരുനബിയിൽ ചെന്ന് ചേരുന്നു. ഇങ്ങനെ പ്രവാചക വചനങ്ങൾ നിവേദനം ചെയ്യുന്നവർക്ക് 'റാവി'മാർ എന്നും ഈ നിവേദന പരമ്പരക്ക് 'സനദ്' എന്നും വിളിക്കുന്നു. ഒരു നബിവചനത്തെ (ഹദീസ്)ക്കുറിച്ച് അത് ശരിയാണ് (സ്വഹീഹ്) എന്ന് ഒരു ഗ്രന്ഥ കർത്താവ് (ഉദാ: ബുഖാരി) വിധിക്കണമെങ്കിൽ നബി(സ)വരെ മുട്ടുന്ന സനദിലെ മുഴുവൻ റാവിമാരെക്കുറിച്ചും  ശരിക്കും പഠിച്ചിരിക്കണം. അവർ കള്ളം പറയുന്നവരാണോ? അവൻ ചതിക്കുന്നവരാണോ? സത്യസന്ധരാണോ? മുൻറാവിയിൽ നിന്ന് നേരിട്ട് കേട്ടിട്ടുണ്ടോ? കേൾക്കാൻ സാദ്ധ്യതയുണ്ടോ, എന്നല്ലാം പരിശോധിച്ച ശേഷമാണ് ഹദീസുകൾ രേഖപ്പെടുത്തിയുട്ടുള്ളത്. ഈ അന്വേഷണം ഒരു വിജ്ഞാന ശാഖയായി വികസിച്ചു. അങ്ങനെ നബിവചനം ഉദ്ധരിച്ച ഓരോ വ്യക്തികളുടെയും ചരിത്രം ക്രോഡീകരിക്കപ്പെട്ടു. അയാളുടെ ജീവിതം, ജനനം, മരണം, വിദ്യാഭ്യാസം, ജീവിത രീതി, ബന്ധങ്ങൾ, സ്വഭാവം, ശൈലി, കഴിവ്, ധാരണ ശക്തി. വിശ്വസ്തത എല്ലാം! ഇതേ കുറിച്ച് മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങൾ നിരവധിയാണ്.

ഹദീസ് നിവേദനം എത്രത്തോളം വിശുദ്ധമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കാണുക. ഇമാം ബുഖാരി(റ) ധാരാളം ഹദീസ് (നബിവചനങ്ങൾ) അറിയുന്ന ഒരു പണ്ഡിതനുണ്ടെന്ന് കേൾക്കുന്നു. അദ്ദേഹത്തിൽ നിന്ന് ഹദീസ് സ്വീകരിക്കാൻ വേണ്ടി പോകുന്നു. ദീർഘമായ യാത്ര! ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് മൈലുകൾ താണ്ടി അയാളുടെ വീട്ടിലെത്തിയ ഇമാം ബുഖാരി നിരാശനായി. (കാരണം എന്തെന്നറിയേണ്ടേ?) ദൂരെ നിന്ന് മേയുന്ന അയാളുടെ നാൽകാലി മൃഗത്തെ ഒരു പാത്രം കാണിച്ച് വിളിച്ചു വരുത്തുകയാണയാൾ. പാത്രത്തിലൊന്നുമില്ല. ബുഖാരി ചിന്തിക്കുന്നു: ഇയാൾ ഈ മൃഗത്തെ വഞ്ചിക്കുകയാണ്. മൃഗത്തെ വഞ്ചിക്കുന്നവൻ തിരുവചനങ്ങളിൽ വഞ്ചന   നടത്തില്ലെന്നെന്താണുറപ്പ്? അയാളിൽ നിന്ന് ഹദീസ് സ്വീകരിക്കേണ്ടെന്ന് വച്ചു ഇമാം .

ഇങ്ങനെ കടഞ്ഞ് കിട്ടിയ വചനങ്ങളാണ് സ്വഹീഹായ ഹദീസുകൾ! ഒരു സ്വഹീഹായ ഹദീസ് വായിക്കുമ്പോൾ 14 നൂറ്റാണ്ട് മുമ്പ് ജീവിച്ച പ്രവാചകൻ(സ) നമ്മോട് നേരിട്ട് സംസാരിക്കുന്നത് പോലെ അനുഭവപ്പെടും. മറ്റൊരു ചരിത്ര പുരുഷൻ്റെ കാര്യത്തിലും ഈ അനുഭവം ഉണ്ടാവില്ല. യേശു ക്രിസ്‌തുവിൻ്റെയും മോശെ പ്രവാചകൻ്റെയും ചരിത്രവും തത്ത്വോപദേശങ്ങളും അടങ്ങിയതാണ് എന്ന് വിശ്വസിക്കപ്പെടുന്ന ബൈബിളിൻ്റെ കാര്യത്തിലോ വേദ ഗ്രന്ഥങ്ങളായി പരിചയപ്പെടുത്തുന്ന സാമ-യജുർ-ഋഗ്വേദങ്ങളുടെ കാര്യത്തിലോ ചരിത്രപരമായ ഈ ഉറപ്പ് കിട്ടുന്നില്ല. ബൈബിൾ രചിച്ച മത്തായിയും ലൂക്കോസും മാർക്കോസും യോഹന്നാനും ആരാണെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. അവരുടെ ജനന തിയ്യതിയോ, മരണ തിയ്യതിയോ പിതാവ്, പിതാവിൻ്റെ പിതാവ്, ഉമ്മ, മക്കൾ, ജീവിതകാലഘട്ടം, സ്വഭാവ രീതികൾ, തൊഴിൽ എന്നിവയെ കുറിച്ച് വ്യക്തമായ രേഖകളോ വിവരണങ്ങളോ ഇല്ല. അവർ യേശുവിനെ കണ്ടുവോ എന്നുറപ്പില്ല. മോശെ പ്രവാചകൻ മൺമറഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് മറമാടിയ സ്ഥലത്തെക്കുറിച്ച് തർക്കം നിലനിൽക്കുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ടതാണ് പഴയ നിയമ പുസ്തകം എന്ന് ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കുന്നു. യേശുവിൻ്റെ ആകാശാരോഹണം കഴിഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞ ശേഷം കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ പിൽകാലത്ത് പലതും ചേർന്ന് എഴുതിയിട്ടുണ്ടാക്കിയതാണ് പുതിയ നിയമ പുസ്‌തകളെന്ന് ബൈബിൾ പണ്ഡ‌ിതനായ റെയ്മണ്ട് ഇബ്രൗൺ 'ബൈബിളിനെ കുറിച്ച് 101 ചോദ്യങ്ങൾ' എന്ന പുസ്ത‌കത്തിൽ തെളിവ് സഹിതം സമർത്ഥിക്കുന്നു.അപ്പോൾ ഇതര വേദഗ്രന്ഥങ്ങളോ ചരിത്ര പുരുഷന്മാരുടെ വാക്കുകളോ സ്വഹീഹായ ഹദീസുകളുടെ സ്ഥാനത്തെത്തുകയില്ല; ജീവിച്ചിരിക്കുന്നവരുടെ പ്രസ്‌താവനകളെക്കാൾ ഉറപ്പ് ഒരു സ്വഹീഹായ ഹദീസ് വായിച്ചാൽ നമുക്ക് കിട്ടുന്നു എന്നതാണ് കൂടുതൽ കൗതുകകരം! അമേരിക്കൻ പ്രസിഡൻ്റ് ഇന്നലെ ഒരു പ്രസ്‌താവന ഇറക്കിയാൽ ഇന്ന് വിവിധ പത്രങ്ങളിൽ അവ പ്രിൻ്റ് ചെയ്‌ത്‌ വരും. ഓരോ പത്രങ്ങളും അവരവരുടെ വീക്ഷണങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് പ്രസ്‌താവന പാകപ്പെടുത്തിയിരിക്കും. ടെക്നോളജി വികസിച്ച ഇക്കാലത്ത് നേരെ ടെലിവിഷനിൽ പ്രസംഗിക്കുന്നത് കണ്ടാൽ പോലും നമുക്ക് ഉറപ്പ് കിട്ടുന്നില്ല. എന്തൊക്കെ മറിമായങ്ങൾ ഐടി രംഗത്ത് നടക്കുന്നു? ഒരേ വാർത്ത രണ്ട് ചാനലുകളിൽ രണ്ട് തരത്തിലാണ് നാം അനുഭവിക്കുന്നത്.
ചുരുക്കത്തിൽ, ഇതര വ്യക്തിത്വങ്ങളിൽ നിന്നും വ്യതസ്‌തമായി മുഹമ്മദ്(സ)യുടെ കാര്യത്തിൽ ചരിത്രം ഒരു തടസ്സമേ അല്ല. 14 നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്ന് കൊണ്ട് ഒരാൾ നമ്മുടെ ചെവിയിൽ മന്ത്രിക്കുകയാണ്. ഞാൻ അല്ലാഹുവിൻ്റെ പ്രവാചകനാണ്. എനിക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥമാണ് ഖുർആൻ. ഖുർആൻ അനുസരിച്ച് ജീവിക്കുക. അത് നിന്നെ സൃഷ്‌ടിച്ച് പരിപാലിക്കുന്നവന്റെ നിയമങ്ങളാണ്. അതനുസരിച്ച് ജീവിച്ചാൽ  ഇഹ ലോകത്ത് സംതൃപ്തമായ, സാമൂഹ്യ, കുടുംബ വ്യക്തി ജീവിതവും പര ലോകത്ത് അനന്തമായ സ്വർഗീയ സുഖവും ലഭിക്കും. തിരിച്ചാണെങ്കിൽ ഭൗതിക ജീവിതത്തിൽ അനിയന്ത്രിതവും തദ്വാര സംതൃപ്‌ത രഹിതവുമായ ജീവിതവും അനന്തമായ ജീവിതത്തിൽ കത്തിയാളുന്ന  നരകാഗ്നിയുമായിരിക്കും അനുഭവിക്കേണ്ടിവരിക. ഹദീസുകളിലൂടെ തിരുനബി നമ്മോടൊപ്പം നിന്നു കൊണ്ട് സംവദിക്കുന്ന രീതിയാണത്.
 
അറിയുക: തീർച്ചയായും നിങ്ങളിൽ അല്ലാഹുവിൻ്റെ ദൂതനുണ്ട്. (വി.ഖു)


വേദങ്ങൾ വിളിച്ചാർത്തു.
*************************

ചരിത്രത്തിൽ മറ്റാരേക്കാളും വാഴ്ത്തപ്പെടുകയും ജീവിതത്തിൻ്റെ സൂക്ഷ്‌മ തലങ്ങൾ വരെ ആധികാരികമായി രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത മഹാനാണ് മുഹമ്മദ്(സ) എന്നു നമുക്ക് ബോധ്യപ്പെട്ടു. എന്നാൽ അതിനേക്കാൾ വിസ്‌മയകരം ജനിക്കുന്നതിനു മുമ്പേ ഈ ചരിത്ര പുരുഷൻ്റെ നിയോഗത്തെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകൾ ഉണ്ടായി എന്നതാണ്.  പൂർവ്വിക പ്രവാചകന്മാരെല്ലാം ഈ പ്രവാചകനെ കുറിച്ച് പറഞ്ഞു. അതു തെളിയിക്കുന്ന പല രേഖകളും ഇന്നും നമ്മുടെ കൈകളിലിരിക്കുന്നു എന്നത് ഏറെ കൗതുകകരമായിരിക്കുന്നു. ജൂത ക്രൈസ്‌തവരുടെ കൈക്രിയകൾക്ക് ധാരാളം വിധേയപ്പെടലുകൾ ഉണ്ടായതിന് ശേഷവും നിലനിൽക്കുന്ന വേദ ഗ്രന്ഥങ്ങളിലൂടെ ഒഴുകുന്ന ഒരാൾക്ക് വരാനിരിക്കുന്ന ഒരു പ്രവാചകനെ കുറിച്ച് അവ വിളിച്ചാർക്കുന്നതായി കേൾക്കാൻ സാധിക്കുന്നു. മുൻ കഴിഞ്ഞ പ്രവാചകന്മാർക്കൊക്കെത്തന്നെയും മുഹമ്മദ് നബി(സ)യെക്കുറിച്ച് സുവിശേഷം അറിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അന്ത്യ വേദഗ്രന്ഥമായ ഖുർആനിൽ നിന്ന് മനസ്സിലാക്കുന്നത്. അല്ലാഹു പറയുന്നു.

"അല്ലാഹു പ്രവാചകന്മാരോട് കരാർ വാങ്ങിയ സന്ദർഭം, ഞാൻ നിങ്ങൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും നൽകുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ച് കൊണ്ട് ഒരു ദൂതൻ നിങ്ങളുടെ അടുത്ത്   വരികയുമാണെങ്കിൽ നിശ്ചയമായും നിങ്ങൾ ആ ദൂതനെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളത് സമ്മതിക്കുകയും എന്നോടു ബാധ്യത ഏറ്റെടുക്കുകയും ചെയ്‌തുവോ? അവർ പറയുന്നു : ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. എങ്കിൽ നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നു. (ആലു ഇംറാൻ: 81)

പ്രവാചകനെക്കുറിച്ച് വ്യക്തമായ സൂചനകൾ മുൻകാലക്കാർക്ക് ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഖുർആനിക സൂക്തങ്ങൾ ധാരാളമുണ്ട്. അല്ലാഹു  പറയുന്നു: നാം വേദ ഗ്രന്ഥം നൽകിയിട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നത് പോലെ അവിടുത്തെ (മുഹമ്മദ് നബിയെ) അറിയുന്നുണ്ട്. അൻആം: 20) നിങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൂതനെ പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തപ്പെടുന്നതാണ്).


ഹിന്ദുമത ഗ്രന്ഥങ്ങളിൽ 
************************

ഹിന്ദുമത ഗ്രന്ഥങ്ങളെ പ്രധാനമായും അഞ്ചായിത്തിരിക്കാം. 1) വൈദിക സാഹിത്യം. 2) ഇതിഹാസങ്ങൾ (പുരാണങ്ങൾ). 3) ധർമ്മ ശാസ്ത്രങ്ങൾ (സ്‌മൃതികൾ). 4) ദർശനങ്ങൾ. 5) സാഹിത്യങ്ങൾ ഇവയിൽ സംഹിതകൾ, ബ്രാഹ്മണങ്ങൾ, അരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവ വൈദിക സാഹിത്യങ്ങളിൽ പെടുന്നു. സംഹിതകൾ പ്രദാനമായും നാലാണ്. ഋഗ്വേദം, യജുർവേദം, സാമ വേദം, അഥർവ്വ വേദം .ഈ ഗ്രന്ഥങ്ങൾ പഠന വിധേയമാകുമ്പോൾ അറേബ്യയിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ഒരു മഹാത്മാവിനെ കുറിച്ചുള്ള പരാമർശങ്ങൾ നാം ശ്രദ്ധിക്കേണ്ടിവരുന്നു. പല  പ്രയോഗങ്ങളുടെയും ഉദ്ദേശ്യം ദുർഗ്രാഹ്യമാണെങ്കിലും ചരിത്രത്തിൽ നിറഞ്ഞു നിന്ന ഒരു മഹാ വ്യക്തിത്വത്തെക്കുറിച്ചാണിതെന്ന് നമുക്ക് ബോധ്യപ്പെടും.

ഈ പരാമർശങ്ങൾ എങ്ങനെ ഉണ്ടായി എന്നത് ചിന്തനീയമാണ്. ഹിന്ദു മത ഗ്രന്ഥങ്ങളുടെ പഠനത്തിലെ ഒരു പ്രധാന പ്രയാസം അവയുടെ മിക്കതിൻ്റെയും കർത്താക്കൾ ആരാണെന്ന് വ്യക്തമല്ല എന്നതാണ്. എങ്കിലും ഹിന്ദുമതത്തിലെ മൂല കൃതികളിൽ ഊന്നിപ്പറയുന്ന ഏക ദൈവ വിശ്വാസം ദൈവികമായ ഇടപെടലുകളുമായി ഈ വചനങ്ങൾക്ക് ബന്ധമുണ്ട് എന്ന ബിന്ദുവിൽ നമ്മെ എത്തിക്കുന്നു. ഒരു ലക്ഷത്തി (അല്ലെങ്കിൽ രണ്ട് ലക്ഷത്തി) ഇരുപത്തി നാലായിരം പ്രവാചകരെ ഭൂമിയിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുണ്ടെങ്കിൽ, പ്രവിശാലമായ ഇന്ത്യയിലും ചില പ്രവാചകൻമാർ വന്നിരിക്കാൻ ഇടയുണ്ട്. അവർ നിയമങ്ങൾക്കായി അവലംബിച്ച ഗ്രന്ഥങ്ങളിലുളളതേതോ കൈമാറ്റം ചെയ്തിരിക്കാം. കൈകാര്യം ചെയ്‌ത ജനങ്ങളുടെ തന്നെ വാക്കുകളും വ്യാഖ്യാനങ്ങളും അതിൽ കടന്ന് കൂടാൻ സാധ്യതയുണ്ട്. അതിനാൽ ഹൈന്ദവ സാഹിത്യങ്ങളിൽ പ്രവാചക പാഠങ്ങൾ കലർന്ന് കിടക്കുന്നുണ്ട് എന്ന് തന്നെയാണ് നമുക്ക് മനസ്സിലാവുന്നത്. മുൻ കഴിഞ്ഞ  പ്രവാചകമ്മാർക്കൊക്കെത്തന്നെയും മുഹമ്മദ് നബി(സ)യെക്കുറിച്ച് സുവിശേഷം അറിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അന്ത്യ വേദ ഗ്രന്ഥമായ ഖുർആനിൽ നിന്ന് മനസ്സിലാകുന്നത്. അല്ലാഹു പറയുന്നു: നാല് കിതാബുകളെക്കുറിച്ചും നൂറ് ഏടുകളെക്കുറിച്ചും മാത്രമേ നമുക്കറിയൂ. ഇവ അനുസരിച്ച് ജീവിക്കാൻ കൽപ്പിക്കപ്പെട്ടവർ തിരുനബിയെക്കുറിച്ചുള്ള സൂക്തങ്ങളും വാമൊഴിയും വരമൊഴിയുമൊക്കെയായി കൈമാറ്റം ചെയ്‌തിരിക്കാം. അത് കൂടാതെ അവ അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും പ്രബോധനം ചെയ്യാനും കൽപ്പിക്കപ്പെട്ട പ്രവാചകരും ഇത് പ്രചരിപ്പിച്ചിരിക്കാം. കൂടാതെ പ്രവാചകർക്ക് ലഭിച്ച്‌കൊണ്ടിരുന്ന ദിവ്യ സന്ദേശങ്ങളിലും അവർ ജനങ്ങൾക്ക് നൽകിയ ഉപദേശങ്ങളിലും ഈ പരാമർശങ്ങൾ ഉൾക്കൊണ്ടിരിക്കാം. ഇവ മനുഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിനാൽ ഇതര വേദഗ്രന്ഥങ്ങൾക്ക് സംഭവിക്കപ്പെട്ടത് പോലെ ചില വ്യത്യാസങ്ങളും സ്വാധീനങ്ങളും അതിൽ പ്രകടമായിട്ടുണ്ടായിരിക്കാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. മുഹമ്മദ് നബി(സ)യെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്ന ധാരാളം വചനങ്ങൾ ഹൈന്ദവ കൃതികളിൽ കണ്ടെത്താൻ കഴിയുന്നു. പ്രവാചകരോ പ്രവാചക ശിഷ്യരോ ആയ ഋഷികളിൽ നിന്ന് ലഭിച്ച വചനങ്ങൾ ഈ ഗ്രന്ഥങ്ങളുടെ രചനയിൽ സ്വാധീനം ചെലുത്തിയത് കൊണ്ട് മാത്രമാണ് ഇത്തരം ഒരവസ്ഥ സംജാതമായത്. അതല്ലാതെ, പിൽക്കാലത്ത് വന്ന മുസ്ലിംകൾക്ക് ഏതായാലും പുരാതനമായ ഹൈന്ദവ വേദ ഉപനിഷത്ത് പുരാണ സാഹിത്യങ്ങളിൽ തങ്ങളുടെ പ്രവാചകനെക്കുറിച്ച് എഴുതിച്ചേർക്കാനാവില്ലല്ലോ. സംസ്കൃ‌ത പഠനവും വേദജ്ഞാന സമ്പാദനവുമെല്ലാം ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നുവെന്നും അവരുടെ ശക്തമായ നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നുവെന്നും ഇതൊടു ചേർത്തിവായിക്കണം. ശുദ്രനായ ഹിന്ദു വേദം കേട്ട് പോയാൽ കാതിൽ ഇയ്യം ഒഴിക്കണമെന്നായിരുന്നുവത്രെ!  അതിനാൽ ഹൈന്ദവ സാഹിത്യങ്ങളിലെ ഈ പരാമർശങ്ങൾ ഏതൊരു  സത്യാന്വേഷിയുടേയും കണ്ണുകൾ തുറപ്പിക്കാൻ പര്യാപ്തമാണ്. 

ഉപനിഷത്തുക്കൾ
------------------
ഹൈന്ദവ സാഹിത്യങ്ങളിൽ പ്രഥമ ഗണനീയമായ വൈദിക സാഹിത്യത്തിൽ നാലാം വിഭാഗമാണ് ഉപനിഷത്തുക്കൾ എന്ന് സൂചിപ്പിച്ചല്ലോ. ധാരാളം ഉപനിഷത്തുക്കൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രസിദ്ധമാണ് അല്ലോപനിഷത്ത്. ശാസ്ത്രി ഉപേന്ദ്രനാഥാ മുഖോപാദ്ധ്യായയുടെ വ്യാഖ്യാനത്തോട് കൂടി ഇത് പ്രസിദ്ധം ചെയ്‌തിട്ടുണ്ട്. ഇതിൽ മുഹമ്മദ് നബി(സ)യെക്കുറിച്ച് വ്യക്തമായ പല പരാമർശങ്ങളും കാണാം. ഒരു വിഭാഗം ഇവിടെ ഉദ്ധരിക്കാം:

അല്ലോ ജേഷ്ഠം പരമം പൂർണ്ണം 
ബ്രഹ്‌മാണം അല്ലാം 
അല്ലോ രസൂല മഹാമദര കബരസ്യ 
അല്ലോ അല്ലാം 
ആദല്ലാ ഭൂഗമേഗം 
അല്ലാ ബുക നിവാതകം 
അല്ലോ യുജ്‌ഞ‌ന ഹുതഹൃത്വാ 
അല്ലാ സൂര്യ ചന്ദ്ര സർവ്വ നക്ഷത്രം:
അല്ലാ ഋഷിണാം സർവ്വദിവ്യാം ഇന്ദ്രായ പൂർവ്വം 
മായാ പരമന്തരീക്ഷം:
അല്ലാ പിഥിവ്യാ അന്തരീക്ഷം വിശ്വരൂപം 
ഇല്ലാം കബര ഇല്ലാം ഇല്ലല്ലേതി ഇല്ലല്ലാം 
ഓം അല്ലാ ഇല്ലല്ലാ അനാദി സ്വരൂപായ 
അഥർവ്വണാ ശ്യാമാഹും ഹ്‌റീം ജനാന പശുന 
സിദ്ധാൻ ജലചാരൻ-അദൃഷ്ട്‌ടം കരുകരുഫുട് 
സ്‌പസുര സംഹാരിണി ഹുംഹ്‌റീം അല്ലോ രസൂല 
മഹാമദര കബരസ്യ അല്ലോ അല്ലാ ഇല്ലല്ലെതി ഇല്ലല്ലാ (അല്ലോപനിഷത്ത് 2-10) 

അല്ലാ:ആദിയാണ്. അവൻ പരമ സമ്പൂർണ്ണനാണ്.
പ്രപഞ്ചമഖിലവും അവൻ്റേതാണ്. ശിവൻ്റെ പദവിയിൽ വിരാജിക്കുന്ന 
മഹാമദ്(മുഹമ്മദ്) അല്ലാ:യുടെ റസൂലാണ് (ദൂതൻ)
അല്ലാഹുവേ, അല്ലാഹുവേ.(അല്ലാ അല്ലാ-)! ഭൂമിയിലുള്ളതിൻ്റെ സംവിധായകനാണ് അല്ലാഹു.
ആദ്യ പരിപാലകനും സൃഷ്‌ടാവുമാണ് അല്ലാഹു.
യാഗത്താൽ ഹോമിക്കപ്പെട്ടത്(ബലി) നീ അംഗീകരിച്ചാലും;
ഇന്ദ്രന് മുമ്പ് തന്നെ സൂര്യ ചന്ദ്ര നക്ഷത്ര ഗോളങ്ങളിലത്തെയും  
ഋഷി വര്യന്മാരെയുമെല്ലാം- 
സൃഷ്ട്ടിച്ചവനാണ് അല്ലാഹു.
ഈ പ്രപഞ്ചാന്തരീക്ഷം മായയത്രെ!
ഈ വിശ്വാന്തരീക്ഷമാകമാനം അല്ലാഹുവിൻ്റെ ലീലയാണോ?
അതാദി സ്വരൂപനായ സത്യ ദൈവത്തിൻ്റെ ഓം കാര ശബ്ദത്തെ വാഴ്ത്തുക. 
ഓംഹ്രീ മന്ത്രങ്ങൾ ഉൾക്കൊള്ളുന്ന അഥർവ്വ വേദ പ്രോക്താവ് 
ജനതയേയും പശുക്കളേയും ഇതര ചരാചരങ്ങളഖിലത്തെയും സൃഷ്‌ടിച്ചു.
സിദ്ധന്മാരും ജലാചരനും ഉൾപ്പടെ എല്ലാവരും അവനെ പ്രാപിക്കുന്നു. 
അദൃശ്യനായ ആ സർവ്വശക്തൻറെ നാമം മന്ത്രിച്ചാലും ഓംഹ്രീം മന്ത്രം മുഖേന 
ശപ്‌തരായ അസുര വർഗത്തെ സംഹരിക്കുന്ന അല്ലാഹുവിൻ്റെ ദൂതനാണ് മുഹമ്മദ്. 
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമി ല്ല. എത്ര വ്യക്തം! സ്പഷ്ട്‌ടം!!

ഇബ്റാഹീമും ബ്രാഹ്മണനും തമ്മിൽ ബന്ധമുണ്ടായിരിക്കുമോ? പ്രചീനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയവർ ഇബ്‌റാഹീം നബിക്കയപ്പെട്ട ഏടുകളുകമായി വന്നോ? 

വേദങ്ങളിൽ
-------------
വൈദിക സാഹിത്യങ്ങളിൽ പ്രഥമ ഗണനീയം സംഹിതകളാണെന്ന് പറഞ്ഞല്ലോ. നാല് വേദങ്ങളാണ് സംഹിതകൾ വേദങ്ങളിലും പ്രവാചകനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നു. അഥർവ്വ വേദത്തിലെ കുന്തപ സൂക്തം വിശ്രുതമാണ്. സുപ്രസിദ്ധ ഇൻസോളജിസ്റ്റുകളായ ഗ്രിഫ്ത്ത്, മാക്‌സ് മുള്ളർ, വൈറ്റ്നി. ബ്ലുഫീൽഡ് തുടങ്ങിയവർ കുന്തപ സൂക്തം ദുർഗ്രാഹ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഭാരതീയ സാഹചര്യങ്ങൾ വെച്ച് കൊണ്ട് ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കാരണം കുന്തപം എന്നാൽ ഉദരത്തിലെ ഗ്രന്ഥി എന്നാണർത്ഥം. (മുഹമ്മദ് നബിയുടെ നാടായ) മക്ക എന്നതിന് ഉദരം എന്ന് കൂടി അർത്ഥമുണ്ട്. അങ്ങനെയാകുമ്പോൾ കുന്തപ സൂക്തം എന്നതിനെ മക്കാസൂക്തം എന്നും കൂടി വേണമെങ്കിൽ വിളിക്കാം. ഇനി അറേബ്യൻ സാഹചര്യങ്ങൾ വെച്ച് ഈ സൂറത്തിലെ ആലങ്കാരിക പ്രയോഗങ്ങളെ കുരുക്കഴിക്കാൻ ശ്രമിച്ചാൽ ഇതൊരു പ്രഹേളികയല്ലെന്നും മുഹമ്മദ് നബിയെക്കുറിച്ചുള്ള ഒരു പ്രവചനമാണെന്നും ബോധ്യപ്പെടും.

സൂക്തം ഇങ്ങനെ: 
ഇദം ജനാ ഉപശ്രുത നരാശംസ സ്‌തവിഷ്യതേ 
ഷഷ്ട്‌ടിം, സഹസ്രാനവതിം ചകൗരമ അരുഷവേഷ്ഠ ദദ്‌മഹേ 
ഉഷ്ടാ യസ്യ പ്രവാഹിണോ വധു മന്തോ ദ്വിർ ദശ 
വർഷ്‌മാ രഥസ്യാനി ജിഹീഡരോ ദിവ ഈഷമാണോ ഉപാസ്‌പൃശ: 
ഏഷാ ഋഷയേ മാമഹേ ശതം നിഷ്‌കാൻ ദശ സ്രജ
ത്രീഞ ശാതാനർവ്വതാം സഹസ്രാദശ ഗോനാം.
(അഥർവേദം വിംശകാണ്ഢം സൂക്തം 27 മോകം 1,2,3)

അല്ലയോ ജനങ്ങളേ, നിങ്ങൾ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക.
സ്തുത്യർഹനായവൻ വാഴ്‌ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറ്  ശത്രുക്കളുടെ മധ്യത്തിൽ നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും.  അദ്ദേഹത്തിൻ്റെ വാഹനം ഇരുപത് ആൺ പെൺ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിൻ്റെ മഹത്വം സ്വർഗ്ഗ ലോകം വരെയെത്തി അതിനെ താഴ്ത്തും. അവൻ മനുഷിക പത്തു ചതുരങ്ങളേയും നൂറ് സ്വർണ്ണ നാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നൽകും

ശ്ലോകത്തിലെ നരാശംസ (സ്ത്യുത്യർഹനായവൻ) എന്നതിൻ്റെ അറബി ഭാഷ്യമാണ് മുഹമ്മദ്. അപ്പോൾ മുഹമ്മദ് "വാഴ്ത്തപ്പെടും" എന്നാണ് മുഴുവൻ ജനങ്ങളും അറിയേണ്ടുന്ന വസ്തു‌തയായി വേദത്തിൽ പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമാകുന്നു. കാരണം നരാശംസ എന്നോ ഈ അർത്ഥം കിട്ടുന്ന ഇതര പേരുകളോ ഉള്ള മറ്റൊരാളെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ മറ്റു ചരിത്രത്തിലെവിടെയും നാം കാണുന്നില്ല. മുഹമ്മദിനെ പോലെ ലോകത്ത് മറ്റൊരു പുരുഷനും വാഴ്ത്തപ്പെട്ടിട്ടുമില്ല ,പെടുന്നുമില്ല. അനുനിമിഷമെന്നപോലെ ഭൂമിയിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മുഹമ്മദ് നബി(സ). അതിനാൽ ഇങ്ങനെ വാഴ്ത്തപ്പെടുന്ന കാര്യം പ്രവചിക്കാൻ കൊള്ളുന്നത് തന്നെ. പ്രവചനം അങ്ങനെ തിരുനബിയിൽ തന്നെ സത്യമായി പുലർന്നു. അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കൾക്കിടയിൽ നിന്നാണ് മുഹമ്മദിനെ നാം സ്വീകരിക്കുക എന്ന് വേദത്തിൽ പറഞ്ഞിരിക്കുന്നു. നബി(സ)യുടെ കാലഘട്ടത്തിൽ മക്കയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലായിരുന്നു. അവയിൽ വളരെ ചെറിയ വിഭാഗം മാത്രമേ നബിയിൽ വിശ്വസിച്ചിട്ടുള്ളൂ. അധിക പേരും ശത്രുക്കളായിരുന്നു എന്ന് ചുരുക്കം. ശത്രുക്കളുടെ സംഖ്യ പോലും നബി(സ)യുടെ കാര്യത്തിൽ സത്യമാണെന്ന് വരുന്നു!

ഈ സൂക്തത്തിലെ മധുമന്തോ ദ്വിർദശ എന്നതിനെ രണ്ട് രൂപത്തിൽ വിവർത്തിനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെയും ഭാര്യയെയും രഥം പൂട്ടിയ ഒട്ടകത്തിൽ വഹിക്കുന്നതാണ് എന്നാണ് ഒന്ന്. അദ്ദേഹത്തെ ഒട്ടകത്തെയും ഇണയെയും പൂട്ടിയ രഥം വഹിക്കുന്നു എന്നതാണ് മറ്റൊന്ന്. പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് എന്തായാലും ഒരിന്ത്യക്കാരനാകാൻ സാധ്യതയില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. കാരണം, ഹൈന്ദവ ധർമ്മ ശാസ്ത്രപ്രകാരം ഒട്ടകയാത്ര നിഷിദ്ധമായിരുന്നു. മനു മഹർഷി പറയുന്നു: ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ യാത്ര ചെയ്യുന്നതും നഗ്നമായി സ്‌നാനം ചെയ്യുന്നതും ബ്രാഹ്മണനെ അശുദ്ധനാക്കും. (മനുസ്‌മൃതി: 11:207) എന്നാൽ യാഥാർത്ഥ്യ പ്രകാരവും ഇത് മുഹമ്മദ് നബി(സ)യിൽ പുലർന്നതായി കാണാം. നബി(സ)യുടെ പ്രധാന വാഹനം ഒട്ടകമായിരുന്നു. തൻ്റെ ഭാര്യമാരോടൊപ്പം നബി (സ) ഒട്ടകയാത്ര നടത്തിയിട്ടുണ്ട്. സൂക്തത്തിലെ ഭാര്യമാർ എന്ന പ്രയോഗം നബി ജീവിതവുമായി ബന്ധപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധേയമാണ്.

അവൻ്റെ മഹത്വം സ്വർഗ്ഗലോകം വരെയെത്തി അതിനെ താഴ്ത്തും എന്നതിൻ്റെ ഉദ്ദേശ്യം നബിയുടെ ആകാശ യാത്രയാകാനിടയുണ്ട്. ഏഴാകാശങ്ങളും സ്വർഗനരകങ്ങളുമൊക്കെ അന്ന് നബി കണ്ടു എന്നാണ് പാരമ്പര്യ മുസ്‌ലിംകളുടെ വിശ്വാസം. ആകാശ ലോകങ്ങൾ കണ്ട് ഭൂമിയിലേക്ക് തന്നെ തിരിച്ചുവന്നതിനെ കുറിച്ചായിരിക്കാം അതിനെ താഴ്ത്തു എന്ന് പറഞ്ഞിട്ടുണ്ടായിരിക്കുക.

ഒന്നാമത്തെ ശ്ലോകത്തിലെ കൗരമ എന്ന പദം നരാശംസയെ   വിശേഷിപ്പിക്കുവാൻ വേണ്ടി പ്രയോഗിച്ച നാമവിശേഷമാണ്. സമാധാനത്തെ പ്രോൽസാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ എന്നാണിതിൻ്റെ അർത്ഥം: പകയും സ്‌പർദ്ധയും ജീവി വ്രതമാക്കിയ ഒരു സമൂഹത്തിന് സമാധാനത്തിൻ്റെ സന്ദേശം പഠിപ്പിച്ച് പാരസ്‌പര്യത്തിൻ്റെ നൂലിഴകളിൽ മനുഷ്യനെ കോർത്തിണക്കിയ സമാധാനത്തിൻ്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് നല്ല വണ്ണം ചേരും ഈ വിശേഷണം. സലാം (സമാധാനം) എന്നതിൽ നിന്ന് നിഷ്‌പന്നമായ ഇസ്ലാം (സമർപ്പണം) ആയിരുന്നുവല്ലോ ആ പ്രവാചകൻ്റെ സന്ദേശം.
 
അവൻ മാമാഋഷിക്ക് പത്ത് ചതുരങ്ങളും (അല്ലെങ്കിൽ ഹാരങ്ങൾ) സ്വർണ്ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും എന്നാണ് മൂന്നാം ശ്ലോകത്തിൽ പറയുന്നത്. ഇത് മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രവചനം തന്നെയാകണമെന്നില്ല. ചിലപ്പോൾ മറ്റൊരു പ്രവചനമാകാം. പക്ഷെ മാമാ എന്ന പേരിൽ ഒരു ഋഷിയെ ഞാൻ കേട്ടിട്ടില്ല. മാമാ എന്ന് പറഞ്ഞത് മുഹമ്മദിനെക്കുറിച്ച് തന്നെയാണോ എന്ന് ചിന്തിപ്പിക്കാൻ ഇത് കാരണമാകുന്നു. ഒരു അറബി പദത്തെ സംസ്കൃത വൽക്കരിച്ചപ്പോൾ ഉണ്ടായമാറ്റാമാകനിടയുണ്ട്. നബി നാമങ്ങളായ മുഹമ്മദ്, അഹ്‌മദ് തുടങ്ങിയ നാമങ്ങളിലെ മീമ് എന്ന ശബ്ദ്‌ദത്തിന് സൂഫി ദാർശനികർ വലിയ പ്രാധാന്യം നൽകിയതായി കാണാമെന്ന് ഇവിടെ ശ്രദ്ധേയമാണ്. മാത്രവുമല്ല, മുഹമ്മദ് നബിക്ക് ഏറ്റവും അടുത്ത് പത്ത് അനുചരന്മാരാണുള്ളത്. ആ ചതുരം കാണക്കെ അവർ നബിക്ക് ചുറ്റും നിലയുറപ്പിക്കുമെന്നായിരിക്കും ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതോ സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ഈ പത്ത് പേർ(അൽ അശറതുക് മുബശ്ശറ) നബി (സ)യുടെ മഹത്വത്തിന് ഹാരങ്ങൾ ചാർത്തുന്നാണോ ആവോ. ശത്രുക്കളുടെ പീഢനങ്ങളെയും അക്രമങ്ങളേയും അവഗണിച്ച് നബിക്കൊപ്പം നിലയുറപ്പിക്കുകയും അവസാനം എല്ലാം ഒഴിവാക്കി അബ്‌സീനിയയിലേക്ക് പാലായനം ചെയ്‌ത നൂറ് സ്വഹാബികളുണ്ട്. തങ്കത്തിങ്കളക്കമുളള അനുചരന്മാർ. അതായിരിക്കുമോ നൂറ് സ്വർണ്ണനാണയങ്ങൾ? കുതിരകൾ എന്നും യുദ്ധത്തിന്റെ പ്രതീകമാണ്. സമാധാന സ്ഥാപനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നബി(സ) തങ്ങൾ ആദ്യ സമരത്തിൽ പങ്കെടുത്തത് 313 പേരുമായാണ് എന്നതാണ് ചരിത്രം. ഇതിൽ വിവിധ കാരണങ്ങളാൽ യുദ്ധം ചെയ്യാൻ കഴിയാതിരുന്ന 8 പേരെയും യുദ്ധം തുടങ്ങുന്നതിന് മുമ്പ് മരിച്ച ഒരാളെയും നാല് ബാലന്മാരേയും ഒഴിവാക്കിയാൽ സമരമുഖത്ത് കുതിരകളായി കൃത്യം 300 പേരാണ് ഉണ്ടായിരുന്നത് എന്ന് ഗ്രഹിക്കാം. 

മക്കാ വിജയ സമയത്ത് സൗമ്യരും ശാന്തരും അനുസരണശീലരുമായ പതിനായിരം അനുചരന്മാർ നബിക്കൊപ്പം ഉണ്ടായിരുന്നു. പശു എന്നും ശാന്തതയുടെ അടയാളമാണല്ലോ. മക്കാ വിജയം ചരിത്രത്തിൽ തുല്യതയില്ലാത്ത ഇസ്‌ലാമിക ശാന്തിയുടെ പ്രഘോഷണമാണല്ലോ. ഇതായിരിക്കുമോ  പതിനായിരം പശുക്കൾ കൊണ്ട് വിവക്ഷിതം? എല്ലാം ഒത്തു വരുമ്പോൾ അതങ്ങനെത്തന്നെയാണെന്ന് പറയേണ്ടി വരുന്നു. ഇവയിൽ ഒരു വിശേഷണം പോലും ഒത്തവരെ ഇന്ത്യയിൽ കാണാതിരിക്കുകയും എല്ലാ വിശേഷണങ്ങളും ഒത്ത ഒരാളെ നാം അറേബ്യയിൽ കണ്ടുമുട്ടുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും!!
 
അതെ! അഥർവ്വ വേദത്തിലും നബിയെക്കുറിച്ച് പ്രവചിക്കപ്പെട്ടിരിക്കുന്നു.

സാമ വേദത്തിൽ
-----------------
സാമവേദം കക 6-8 സൂക്തത്തിങ്ങളിൽ പറയുന്നു:

അഹ്‌മദ് തൻ്റെ നാഥനിൽ നിന്ന് മത നിയമങ്ങൾ നേടി
അതിൽ പൂർണ്ണമായും യുക്തിയുണ്ട്. ഞാൻ അവനിൽ നിന്ന് സൂര്യനിൽ നിന്നെന്ന പോലെ പ്രകാശം സ്വീകരിക്കുന്നു.
നബിയുടെ മറ്റൊരു പേരാണ് അഹ്‌മദ്. ഖുർആനിലും ഹദീസിലും ഈ പേരിൽ നബിയെ പരിചയപ്പെടുത്തിയിട്ടുണ്ട്. നബി(സ)തങ്ങൾ അല്ലാഹുവിൽ നിന്ന് മത നിയമം നേടി. അതാണ് വിശുദ്ധ ഖുർആൻ. അതിൽ യുക്തിയുണ്ട് എന്നത് ഒരു അനുഭവ സത്യമാണ്. ഖുർആനും അത് വ്യക്തമാക്കിയിട്ടുണ്ട്.

ഋഗ്വേദത്തിൽ
--------------
അനസ വന്താ സൽ ബതിൽ മാമഹോം 
മേതവാ ശേതിഷ്ഷഠോ 
അസുരോപഗോണ
തിറൈ വിഷനോ അഗ്നേത ശാപി
സഹസ് നറർ വൈശ്വാനര
തിറൈയും ഗുണാ ഋഷി കേത
(ഋഭഗദ മന്ത്രം 5 സൂക്തം 28)

സത്യവാനും ജ്ഞാനിയും ബലാ ശാലിയുമായ മാമഹേ എനിക്ക് നൽകൂ. അദ്ദേഹം സമ്പൂർണ്ണനാണ്. അഖില ലോകത്തിനും അനുഗ്രനായിട്ടുള്ളവനാണ്. പതിനായിരം പേരോടുകൂടി പ്രസിദ്ധി നേടിയവനാണ്.

നബി(സ)യുടെ ജീവിതത്തിൻ്റെ ബാല്യകാലം മുതൽ വാർദ്ധക്യ ദശ വരെ നിറഞ്ഞ് നിൽക്കുന്ന മൂന്ന് വിശേഷണങ്ങളാണ് ഋഗ്വേദങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. സമുൽകൃഷ്‌ടമായ മുഴുവൻ ഗുണ വിശേഷങ്ങളേയും പൂർത്തീകരിക്കുവാൻ നിയോഗിതരായ (സമ്പൂർണ്ണൻ) അഖില ലോകങ്ങൾക്കും അനുഗ്രഹി (റഹ്‌മത്തുൽ ലിൽ ആലമീൻ)യാണ് നബി(സ) എന്നതും മക്കാ വിജയത്തിൽ പതിനായിരം പേരാണ് നബിയോട് കൂടെയുണ്ടായിരുന്നത് എന്നതും മുഹമ്മദിൻ്റെ ലോപിച്ച രൂപമോ സംസ്കൃതാവിഷ്‌കാരമോ ആണ് മമഹേ എന്ന വ്യാഖ്യാനത്തിന് ശക്തി പകരുന്നത്.

പുരാണങ്ങളിൽ
------------------
വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും പദവിയില്ലെങ്കിലും ഹിന്ദുമത ഗ്രന്ഥങ്ങളിൽ പ്രധാനമാണ് പുരാണങ്ങൾ. ഹിന്ദു മതത്തിൽ ആചാര്യനും അവതാരവുമായി വ്യവഹരിക്കപ്പെട്ട വ്യക്തിയാണ് വ്യാസ മഹർഷി, ഇദ്ദേഹം രചിച്ചതാണെന്ന് വിശ്വസിക്കപ്പെട്ട അഷ്‌ടാദശ(പ്രതിനെട്ട്) പുരാണങ്ങളിൽ ഭാവി കാര്യങ്ങളെക്കുറിച്ച് പ്രവചനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭവിഷ്യൽ പുരാണം. ഈ പുരാണത്തിലെ പ്രതിസർഗ പർവ്വത്തിൽ പറയുന്നു.

ഏത് സ്‌മിന്നന്തരേ മേഛ ആചാര്യേണ സമന്വിതം
(ഭവിഷ്യൽ പുരാണം. പ്രതിസർഗ പർവ്വം. മൂന്നാം കാണ്ഡ‌ം, മൂന്നാം അദ്ധ്യായം -ശ്ലോകം അഞ്ച് )

അപ്പോൾ മഹാമദ് എന്ന പേരിൽ വിദേശിയായ ഒരു ആചാര്യൻ തൻ്റെ അനുചരരോടു കൂടെ പ്രത്യക്ഷപ്പെടും.

ഇതിന് ശേഷമുള്ള ശ്ലോകങ്ങൾ ഭോജരാജാവുമായി മഹാമദിനെ ബന്ധപ്പെടുത്തിയുള്ളതാണ്. മഹാമദ് അറേബ്യൻ നിവാസിയാണെന്നും മനുഷ്യരാശിയുടെ അഭിമാനമാണെന്നും പിശാചിനെ നിഗ്രഹിക്കുന്നവാനാണ് എന്നൊക്കെ പ്രസ്‌തുത ശ്ലോകങ്ങളിൽ പ്രസ്‌താവിക്കുന്നുണ്ട്. ഈ ആചാര്യൻ്റെ അനുയായികളെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്.
ലിംഗഛേദി ശിഖാഹീന: ശ്‌മശ്രുധാരി സദുഷക 
ഉച്ചാലപീ സർവ്വഭക്ഷി ഭവിഷ്യതി ജനമോ.
വിനീകുശലം വശസതോ ഷാം ഭക്ഷയാ മതാമാ 
മുസലേനൈവ സംസ്‌കാര കുശൈരി ഭവിഷ്യതി
തസ്മ‌ാൻ മുസല വന്തോഹി ജാതയോ ധർമ്മ ദൂഷകാ:
ഇതി പൈശാച ദർമ്മശ്‌വ ഭവിഷ്യതി മയകൃത
(ശ്ലോകം 25-28)
അദ്ദേഹത്തിന്റെ അനുയായികൾ ചേലാകർമ്മം ചെയ്യും. അവർ കുടുമ വെക്കുകയില്ല. താടി വളർത്തും. അവർ വിപ്ലവകാരികളും ജനങ്ങളോട് ഉച്ചത്തിൽ പ്രാർത്ഥിക്കുവാൻ ഉത്ഘോഷിക്കുന്നവരുമായിരിക്കും. അവർ പന്നിയൊഴിച്ച് മിക്ക മൃഗങ്ങളേയും ഭക്ഷിക്കും. ശുദ്ധി ചെയ്യുവാൻ ദർദ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്‌ത്‌ അവർ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നവരാകയാൽ മുസലേനൈവർ (മുസ്‌ലികൾ?) എന്ന പേരിൽ അവർ അറിയപ്പെടും. ഈ മാംസ ഭുക്കുകളുടെ ആവിർഭാവം എന്നിൽ നിന്നായിരിക്കും.

മരുഭൂ വാസിയായ മഹാമദിൻ്റെ അനുയായികളായ മുസലേനൈവർക്ക് പറഞ്ഞ മുഴുവൻ സവിശേഷതകളും അറബിയായ മുഹമ്മദിൻ്റെ അനുയായികളായ മുസ്‌ലിംകളിൽ പൂർത്തീകരിക്കപ്പെട്ടതായി നാം കാണുന്നു. എന്ന് മാത്രമല്ല. ഈ വിശേഷണങ്ങൾ മേളിച്ച മറ്റൊരു ആചാര്യനെ നാം ചരിത്രത്തിൽ കാണുന്നില്ല. അതിനാൽ വ്യാസ മഹർഷിയുടെ പ്രവചനം പുലർന്നിട്ടുണ്ടെങ്കിൽ അത് മുഹമ്മദ് നബിയാവാനേ നിവർത്തിയുള്ളൂ.

കർക്കി പുരാണത്തിൽ
-----------------------
ഭഗവത് ഗീതയിലെ യദായദാഹി ധർമ്മസ്യ പവിത്രാണയ സാധുനാം എന്നിങ്ങനെ തുടങ്ങുന്ന ശ്ലോകങ്ങൾ ധർമച്യുതി സംഭവിച്ച അധർമ്മം ആധിപത്യം നടത്തുന്ന കാലത്ത് ദൈവിക മാർഗ്ഗനിർദേശങ്ങൾ തുടർന്ന് നടക്കുമെന്ന് സൂചിപ്പിക്കുന്നു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് ധർമ്മം സ്ഥാപിക്കുമെന്നാണ് ഭൂരിപക്ഷം ഹൈന്ദവരും വിശ്വസിക്കുന്നത്. എന്നാൽ മനുഷ്യനിൽ നിന്ന് പ്രവാചകന്മാരെ തെരഞ്ഞെടുത്തയക്കുകയാണ് ചെയ്യുക എന്നതാണ് ഇസ്‌ലാമിക വീക്ഷണം. ദശാവതാര സിദ്ധാന്ത പ്രകാരവും ശ്രീദേവി മഹാഭാഗവതത്തിലെ ഇരുപത്തിയാറ് അവതാരങ്ങൾ എന്ന തത്വപ്രകാരമുള്ള അവതാരമാണ് കൽക്കി. നീരന്ധ്രമായ ഇരുളിൻ്റെ ചുരുളിൽ നിന്ന് വിശ്വത്തെ വിമോചിപ്പിക്കുന്ന പ്രഭാതർക്കനെപ്പോലെ മ്ലേച്ചദേഷം തീണ്ടാത്ത ശാന്തി സുന്ദരമായ ഒരു ലോകത്തിൻ്റെ ഉദയവുമായി കൽക്കി പ്രത്യക്ഷപ്പെടുമെന്ന് കഷേന്ദ്രൻ തൻ്റെ ദശാവതാര ചരിത്രത്തിലെ ധ്യാന ശ്ലോകങ്ങളിലൂടെ വരച്ചുകാട്ടുന്നു.

സ്വഛന്ദ പ്രോപ്‌ഛലൻ മ്ലേഛതിമിതേദ്ഭേദ സപ്‌ഛവി
കൽക്കിവിഷ്‌ണു പ്രകാശമായ പ്രാഭാതാർക്ക ഇമാസ്തുവ

കൽക്കിയെ സംബന്ധിച്ച് പല കഥകളും ഉപകഥകളും പുരാണങ്ങളിലുണ്ട്. പലതും വിചിത്രവും അവിശ്വസനീയവുമാണ്. എങ്കിലും വിഷ്‌ണു പുരാണത്തിലും കൽക്കി പുരാണത്തിൽ മഹാഭാഗവതത്തിലും വിവരിക്കപ്പെടുന്ന കൽക്കി പല വിഷയങ്ങളിലും മുഹമ്മദ് നബിയുമായി സാമ്യം പുലർത്തുന്നതായി കാണാം.
ചിലത് ശ്രദ്ധിക്കാം.
1.കൽക്കിയുടെ ജന്മത്തിനു മുമ്പ് പിതാവ് മരിക്കും. നബി(സ)യെ രണ്ട് മാസം ഗർഭത്തിലായിരിക്കെയാണ് പിതാവ് മരിച്ചത്.
2. ജന്മ ശേഷം താമസിക്കാതെ മാതാവ്‌ മരിക്കും. നബി(സ)ക്ക് ആറ് വയസ്സായപ്പോൾ മാതാവ് മരിച്ചു.
3.കൽക്കിയുടെ പിതാവിൻ്റെ പേര് വിഷ്‌ണു ഭഗത എന്നാണ്. വൈഷ്‌ണവ മത പ്രകാരം ഏക ദൈവത്തിൻ്റെ പേരാണ് വിഷ്‌ണു. ഭഗത് എന്നാൽ ദാസൻ എന്നാണ് അർത്ഥം. അഥവാ ദൈവ ദാസൻ മുഹമ്മദ് നബിയുടെ പിതാവിൻ്റെ പേര് അബ്‌ദുല്ല(ദൈവദാസൻ) എന്നായിരുന്നു.
4.കൽക്കിയുടെ മാതാവിൻ്റെ പേര് സുമതി എന്നാണ്. നബിയുടെയും മാതാവിൻ്റെ പേര് ആമിന(സുമതി) എന്നാണ്.
5.കൽക്കി അവസാനത്തെ അവതാരമാണ്. മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ്. കലിയുഗത്തിൻ്റെ പരമ്യതയിലാണ് കൽക്കി അവതരിക്കുക. കലിയുഗം ആരംഭിക്കുന്നത് ബി.സി.3102 ലാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോൾ നബി ജനിക്കുന്നത് കലിയുഗത്തിൻ്റെ പാരമ്യതയിൽ തന്നെയാണ്.
7.കൽക്കിയുടെ പുരാണത്തിൽ അവതാര പുരുഷൻ്റെ തിയ്യതിയും സമയവും പറയുന്നുണ്ട്. നബിയുടെ ജന്മതിയ്യതിയോട്(റ.അ. 12തിങ്കൾ)കൃത്യമായും യോജിക്കുന്നു. സമയത്തിൽ ചില്ലറ വ്യത്യാസം കാണാം. കൽക്കിയുടെ അവതാരം നേരം പുലർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ജനിക്കുന്നത്. സമയം നേരം പുലരുന്നതിന് മുമ്പാണ്. എന്നാൽ ഇന്ത്യയിൽ നേരം പുലർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞേ അറേബ്യയിൽ നേരം പുലരുന്നുള്ളൂ എന്ന വസ്‌തുത പരിഗണിച്ചാൽ അവതാര സമയവും ജനന സമയവും ഒന്നാണെന്ന് ബോധ്യപ്പെടും.
8. കൽക്കി അവതരിക്കുക ഒരു മണൽ ദ്വീപിൽ വെച്ചായിരിക്കും. മുഹമ്മദ് നബി(സ)ജനിച്ചത് മണാലാരണ്യത്തിലാണല്ലോ.
9.കൽക്കി പരശുരാമനിൽ നിന്ന് മലയിൽ വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി(സ)ദൈവിക സന്ദേശങ്ങൾ ആദ്യമായി സ്വീകരിച്ചത് ജിബ്‌രീൽ(അ)എന്ന മലക്കിൽ നിന്ന് ഒരു മലയിൽ വെച്ചായിരുന്നു.
10. കൽക്കി അവതാരം സ്വദേശത്ത് നിന്ന് ഉത്തര ദിക്കിലെ മലകളിലേക്ക് പാലായനം ചെയ്യും. എന്നാൽ അൽപ കാലത്തിനു ശേഷം അതേ നഗരത്തിലേക്ക് തിരിച്ചുവരികയും ചെയ്യും. നബി (സ) മദീനഃയിലേക്ക് പാലായനം ചെയ്തു വർഷങ്ങൾക്ക് ശേഷം മക്കയിലേക്ക് തിരിചെത്തി മക്ക കീഴടക്കിയത് ചരിത്ര പ്രസിദ്ധമാണല്ലോ.

രാമ സംക്രമിൽ
----------------
വേദ വ്യാസൻ രാമസംക്രമിൽ രേഖപ്പെടുത്തി: 
അറേബ്യയിലെ അധിപതി ശുക്ര നക്ഷത്രം പോലെ നല്ലവനാണ്. ആ ഭൂമി അനുഗ്രഹീതരാവും. അല്ലെയോ ഗുരുജി, കേൾക്കുക! അദ്ദേഹത്തിൽ നിന്ന് അസംഭനവ്യകത്വം പ്രത്യക്ഷപ്പെടും. അദ്ദേഹം ഈശ്വരൻ്റെ മാമുനിയായി എഴുന്നേൽപ്പിക്കപ്പെടും. അദ്ദേഹം വിക്രമവർഷം രണ്ടാം ശതകത്തിൽ അന്ധകാരത്തിൽ ചിത്രപതംഗത്തെപ്പോലെ ഭൂജാതനാകും. പരിസര പ്രദേശത്ത് എന്നല്ല ലോകം മുഴുവൻ തന്നെ ധർമ്മ സ്നേഹാദികൾ കൊണ്ടും ഭീതി ജനിപ്പിച്ചും (മുന്നറിയിപ്പ് നൽകിയും) സകലർക്കും തൻ്റെ മതം ഗ്രഹിപ്പിക്കും. അദ്ദേഹത്തിന് സേവനം ചെയ്യുന്ന സത്യവാന്മാരും ബുദ്ധിമാന്മാരുമായ നാലു യതിവരന്മാരുണ്ടാകും.

നബി(സ)യോട് കൃത്യമായും പൊരുത്തപ്പെടുന്ന ഒരു പ്രവചനമാണ്. മക്കാ ഫത്ഹോടു കൂടി നബി(സ) അറേബ്യയുടെ അധിപതിയായി എന്നത്. മക്ക അനുഗ്രഹീത നാടാണെന്നു ഖുർആൻ സാക്ഷി പറഞ്ഞു. സാധാരണ ഗതിയിൽ അസംഭവ്യമായ ധാരാളം കാര്യങ്ങൾ (മുഅ്‌ജിസത്ത്) നബി(സ)യിൽ നിന്നും പ്രത്യക്ഷമായി. സൃഷ്‌ടികളിൽ അല്ലാഹുവിനോട് ഏറ്റവും അടുത്ത ശ്രേഷ്ട്‌ട പ്രവാചകനാണ് നബി(സ). വിക്രമാദിത്യൻ്റെ കാലം ക്രിസ്‌താബ്‌ദം 330 മുതൽ 413 വരെയാണ് അതിൻ്റെ രണ്ടാം ശതകത്തിൽ തന്നെയാണ് നബി തിരുമേനി ജനിക്കുന്നത്. അന്ധകാര നിബിഡമായിരുന്നു അന്നത്തെ അറേബ്യയെന്ന് ചരിത്രകാരന്മാർ ഒരുമിച്ചു പറഞ്ഞിട്ടുണ്ട്. ലോകം മുഴുവൻ ആ മതത്തിൻ്റെ സന്ദേശമെത്തിക്കാൻ തിരുനബി തുടങ്ങി വെച്ച വിപ്ലവം ലോകത്തിൻ്റെ നാനാദിക്കിലുമെത്തി. അബൂബക്കർ, ഉമർ, ഉസ്‌മാൻ, അലി എന്നീ നാലു ഖലീഫമാരാണ് സത്യവാന്മാരും ബുദ്ധിമാന്മാരുമായ നാലു യതിവര്യന്മാർ.

അതെ! ഒരു പ്രവാചകനെ കുറിച്ചുള്ള പരാമർശങ്ങൾ പ്രാചിന ഹൈന്ദവ മതഗ്രന്ഥങ്ങളിൽ വ്യക്തമായി തെളിഞ്ഞു കിടക്കുന്നു. ലോകം മുഴുവനും മുഹമ്മദ് എന്ന ഒരു പ്രവാചകനെ കുറിച്ച് അനുനിമിഷം ബാങ്കിൻ ധ്വനികളിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. സത്യാന്വേഷികൾക്ക് ഈ പ്രവാചകനെ കുറിച്ചു പഠിക്കാൻ ഇനിയും സമയമായില്ലേ?  വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും? ഈ ദൂതൻ ഒരു യാഥാർത്ഥ്യമാണെന്ന് അവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവർക്ക് വ്യക്തമായ തെളിവുകൾ വന്ന് കിട്ടിയിട്ടുമുണ്ട്. അക്രമികളായ ജനവിഭാഗത്തെ അല്ലാഹു നേർ  വഴിയിലാക്കുകയില്ല. (വി.ഖു. 3:86)


ബൈബിൾ പറയുന്നു
*********************

ബൈബിൾ പുസ്‌തകങ്ങളിലൂടെ കടന്നു പോകുന്ന ഒരാൾക്ക് ബോധ്യപ്പെടുന്ന ഒരു സംഗതിയുണ്ട്. വരാനിരിക്കുന്ന ഒരു പ്രവാചകനെകുറിച്ച് അത് നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്. ആ വിശേഷണങ്ങൾ മുഴുവനായും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടതായി നാം കാണുന്നു. ചില ഉദാഹരണങ്ങൾ പരിശോധിക്കാം.

ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ 
എൻ്റെ തെരഞ്ഞെടുക്കപ്പെട്ടവൻ 
എൻ്റെ ഉളളം അയാളിൽ പ്രസാദിച്ചിരിക്കുന്നു.
അയാൾ ജനങ്ങളുടെ മേൽ നീതി നടത്തും. 
അയാൾ നിലവിളിക്കയില്ല. സ്വരമുയർത്തുകയില്ല. 
തെരുവിൽ തൻ്റെ സ്വരം കേൾപിക്കുകയുമില്ല.
അയാൾ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല.
കരിന്തിരിപ്പ് കെടുത്തുകയില്ല.
അയാൾ വിശ്വസ്‌തതാ പൂർവ്വം നീതി നടത്തും 
അയാൾ ഭൂമിയിൽ നീതി സ്ഥാപിക്കുന്നത് വരെ പരാജയപ്പെടുകയില്ല
ദ്വീപുകൾ അയാളുടെ നിയമത്തിന് വേണ്ടി കാത്തിരിക്കുന്നു. (യെശയ്യാ:42:41-44)

അല്ലാഹു താങ്ങുകയും (സഹായിക്കുകയും) അവനാൽ തെരഞ്ഞെടുക്കപ്പെടുകയും (അൽ മുസ്തഫാ)അവൻ്റെ ഉള്ളം പ്രസാദിക്കുകയും (ഹബീബുല്ലാഹി) ചെയ്‌ത ദാസൻ തന്നെയാണ് മുഹമ്മദ്(സ). മിത ഭാഷിയായിരുന്ന തിരുനബി(സ). അങ്ങാടിയിൽ ഒച്ചയിട്ട് സംസാരിച്ചില്ല. നിലവിളിച്ച് വിലപിച്ചില്ല. നീതിയുടെ സംസ്ഥാപത്തിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായി. ബനൂ ഖുസൈമ ഗോത്രത്തിൽ പെട്ട കുലീനയായ ഒരു സ്ത്രീ മോഷണം നടത്തി പിടിക്കപ്പെട്ടപ്പോൾ അവൾ നൽകപ്പെടേണ്ട ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് നബി(സ) വളരെയധികം പ്രിയപ്പെട്ട ഉസാമ(റ) ശുപാർശയുമായി ചെന്നപ്പോൾ അവിടുന്ന് നടത്തിയ പ്രതികരണം നീതിക്ക് വേണ്ടി കൊതിക്കുന്ന ഒരു സമൂഹത്തിൻ്റെ മുദ്രാവാക്യമായിരുന്നു. എൻ്റെ മകൾ ഫാതിമ കട്ടാലും അവളുടെ കൈ ഞാൻ മുറിക്കും. ശരിയാണ് ദ്വീപുകൾ അയാളുടെ നിയമത്തിനു വേണ്ടി കാത്തിരുന്നു. അവരത് കേട്ടു. ഉൾക്കൊണ്ടു. ഇസ്‌ലാമിനെ പരിചയമില്ലാത്ത ഒരു നാടും ഇന്ന് ഭൂപടത്തിലില്ല. ഈ പ്രവചനം യേശുവിനെക്കുറിച്ചല്ലെന്നുറപ്പാണ്. കാരണം യേശു തൻ്റെ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ഉറക്കെ നിലവിളിച്ചതായി ബൈബിൾ തന്നെ സാക്ഷീകരിക്കുന്നുണ്ട്. ഒമ്പതാം മണിക്കൂറിൽ യേശു ഉറക്കെ നിലവിളിച്ചു

ഏലോയ് എലോയ ലമ്മാ സബകതാനി
ദൈവമേ ദൈവമേ നീ എന്തിനാണ് എന്നെ കൈവിട്ടത്? (മാർക്കോസ്-15:33,34)

വരാനിരിക്കുന്ന പ്രവാചകൻ്റെ കീർത്തിയെക്കുറിച്ച് ദാവൂദിൻ്റെ സങ്കീർത്തനത്തിൽ പറയുന്നതെത്ര ശരി!

അയാളുടെ നാമം എന്നെന്നും നില നിൽക്കട്ടെ.
സൂര്യനുള്ള കാലത്തോളം അയാളുടെ കീർത്തി ഉണ്ടായിരിക്കട്ടെ.
സർവ്വ ജനതയും അയാൾ വഴി അനുഗ്രഹീതരാവും.
അവർ അയാളെ അനുഗ്രഹീതൻ എന്ന് വിളിക്കും. (സങ്കീർത്തനം 72/17)

ലോകചരിത്രത്തിൽ നബി(സ)യെക്കാൾ കീർത്തനം ചെയ്യപ്പെടുന്നതായാരുണ്ട്?? 

ശരീരവർണന
---------------
സോളമന്റെ പ്രവചനത്തിൽ ഇങ്ങനെ കാണാം. എൻ്റെ പ്രിയൻ തേജസ്വിരക്ത വർണൻ, പതിനായിരം പേരുടെ ഇടയിലും മികവുറ്റവൻ, അയാളുടെ ശിരസ്സ് തനിത്തങ്കം. അയാളുടെ തലമുടി പനങ്കുല പോലെ, അതിന്നു കാക്കക്കറുപ്പ്, അയാളുടെ കണ്ണുകൾ അരുവികൾക്കിടയിലെ അരിപ്രാവുകൾ, അയാളുടെ പല്ലുകൾ പാലിൽ കുളിപ്പിനും ഭംഗിയായി ഉറപ്പിച്ചിരിക്കു ന്നു. പരിമളം ചൊരിയുന്ന സുഗന്ധ തടങ്ങൾ പോലെയാണ് അയാളുടെ കവിൾതടങ്ങൾ... അയാളുടെ സംസാരം മധുരതരം. മൊത്തത്തിൽ അയാൾ മനോഹരൻ, ജറും ശലോം പുത്രിമാരേ, ഇതാണെൻ്റെ പ്രിയതമൻ. ഉത്തമഗീതം 5:10-10)

എൻ്റെ പ്രിയൻ എന്ന് വിവർത്തനം ചെയ്‌തിരിക്കുന്ന പദത്തിന് ഹീബ്രുവിൽ മുഹമ്മദ് അസീം (ഉത്തമനായ മുഹമ്മദ്) എന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നു. സമ സ്രഷ്ടങ്ങളിൽ ഏറ്റവും സുന്ദരനായിരിക്കുന്നു തിരുനബി. ചുവപ്പ് കലർന്ന വെളുപ്പ് നിറമായിരുന്നുവല്ലോ തിരു നബിയുടേത്.

പാറാൻ പർവ്വതത്തിലെ പ്രകാശം
--------------------------------
മോശെ പറഞ്ഞതായി ആവർത്തനപുസ്‌തകം പറയുന്നു:
കർത്താവ് സീനായിൽ നിന്ന് വന്നു. സേയീരിൽ വെച്ച് നമ്മുടെ മേൽ ഉദിച്ചു. പാറാൻ പർവ്വതത്തിൽ അവൻ പ്രകാശിച്ചു. തൻ്റെ വലതു കയ്യിൽ അഗ്നി ഗദയുമായി. പതിനായിരങ്ങളായ വിശുദ്ധരിൽ നിന്നും അവൻ വന്നു. അതേ അവൻ്റെ ജനത്തെ അവൻ സ്നേഹിച്ചു. (ആവർത്തന പുസ്തകം 33:1-3)

കർത്താവ് സീനായിൽ നിന്നു വന്നു എന്നത് സീന പർവ്വതത്തിൽ നിന്ന് മൂസാ നബിക്ക് തൗറാത്ത് നൽകിയതിനെ കുറിച്ചാണെന്നും യേശുവിൻ്റെ ജന്മ നാടുകൾ കൊണ്ടുണ്ടാകുന്ന പ്രകാശമാണ് (സേയീർ) എന്നും ബൈബിൾ വ്യാഖ്യാതാക്കൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ പാറാൻ പർവ്വതത്തിൽ അവൻ പ്രകാശിച്ചു എന്നത് തിരുനബിയുടെ ഖുർആൻ സ്വീകരണത്തെക്കുറിച്ച് തന്നെയായിരിക്കും. കാരണം, പാറാൻ എന്നാൽ മക്കയാണെന്ന് ബൈബിളിൽ നിന്ന് തന്നെ വ്യക്തമായി മനസ്സിലാക്കാം. യെശ്‌മയേലിൻ്റെ മക്ക നിവാസത്തെക്കുറിച്ച് പാറാൻ മരുഭൂമിയിൽ പടർന്നു എന്നാണ് ഉൽപ്പത്തി 21:21ൽ പറയുന്നത്. മാത്രമല്ല, വിശുദ്ധ ഖുർആനിലെ സൂറ:തീനുമായി ഈ വചനത്തിന് നല്ല സാദൃശ്യം കാണുന്നുണ്ട്. വലതു കയ്യിലെ അഗ്നി വിശുദ്ധ ഖുർആനും (ഖുർആനെ കുറിച്ച് വെളിച്ചം എന്ന് ഖുർആൻ പ്രയോഗിച്ചിട്ടുണ്ട്) പതിനായിരങ്ങൾ തിരുനബിയുടെ സ്വഹാബികളുമാണ് വ്യക്തമാണല്ലോ. ഹബുക്കിന്റെ മൊഴികളിലും ഇത് കാണുന്നുണ്ട്.

പരിശുദ്ധനായവൻ പാറാൻ പർവ്വതത്തിൽ നിന്ന് വരുന്നു. അവൻ്റെ മഹത്വം ആകാശം മുട്ടുന്നു. ഭൂമിയിൽ അവന് സ്‌തുതി പറയുന്നു. അവൻ്റെ തേജസ്സ് പ്രകാശം പോലെയാണ്.(ഹബക്കുക് 3:34)

പാറാൻ (മക്ക) ദേശത്തെ പർവ്വതത്തിൽ നിന്ന് ഖുർആൻ എന്ന പ്രകാശവുമായി വന്നത്  മുഹമ്മദ് നബി(സ) അല്ലാതെ, ആകാശത്തും ഭൂമിയിലും സ്തുതി നിറഞ്ഞവരായി ആരുണ്ട് ചരിത്രത്തിൽ ?

മോശെയെപ്പോലെയുള്ള പ്രവാചകൻ
-------------------------------------
ആവർത്തന പുസ്‌തകത്തിൽ പറയുന്നു. 
അപ്പോൾ കർത്താവ് എന്നോട് അരുളി ചെയ്തു. അവർ പറഞ്ഞതെല്ലാം ശരി തന്നെ. നിൻ്റെ പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരിൽ നിന്ന് അവർക്കായി ഞാൻ ഉയർത്തും. ഞാൻ എൻ്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും. ഞാൻ കൽപിക്കുന്നതെല്ലാം അയാൾ അവരോട്  സംസാരിക്കും. അയാൾ എൻ്റെ നാമത്തിൽ ഉച്ചരിക്കുന്നു. എൻ്റെ വാക്കുകൾ ചെവികൊള്ളാത്തവരോട് ഞാൻ തന്നെ കണക്ക് ചോദിക്കും. (ആവർത്തനം.18:17-19)

ഈ പ്രവചനം യേശുവിനെക്കുറിച്ചാണെന്ന് വരുത്തിത്തീർക്കുവാൻ ചിലർ ശ്രമിക്കാറുണ്ട്. അത് ശരിയല്ല. കാരണം ജനനം. ജീവിതം, ജീവിതദൗത്യം, കുടുംബം, മരണം എന്നീ വിഷയങ്ങളിലൊന്നും തന്നെ യേശു മോശയെപ്പോലെയല്ല. എന്നാൽ മുഹമ്മദിനെ(സ)പ്പോലെയുമല്ല. പിതാവില്ലാതെയാണ് യേശു ജനിക്കുന്നത്. മുൻകഴിഞ്ഞ പ്രവാചകൻ്റെ നിയമങ്ങളെ നിവർത്തിക്കുവാനാണ് യേശു വന്നത്. കുടുംബജീവിതം നയിക്കുകയോ, പാലായനം ചെയ്യുകയോ ചെയ്തിട്ടില്ല. ഭൂമിയിൽ വെച്ച് മരണപ്പെടുകയല്ല ആകാശത്തേക്ക് ആരോഹണം ചെയ്യപ്പെടുകയാണുണ്ടായത്. മുഹമ്മദ് നബി(സ)യും മോശെ പ്രവാചകനും അങ്ങനെയായിരുന്നില്ല. അവർക്ക് പിതാവുണ്ട്. കുടുംബജീവിതം നയിച്ചിട്ടുണ്ട്. പാലായനം ചെയ്തു. പുതിയ നിയമ സംഹിതകളുമായി വന്നു. ഭൂമിയിൽ വെച്ചു തന്നെ രണ്ട് പേരും വഫാതായി.

അവരുടെ(ഇസ്രാഈല്യരുടെ) സഹോദരന്മാരിൽ നിന്നാണ് പ്രവാചകൻ വരികയെന്നത്, പ്രവചിത പ്രവാചകൻ മുഹമ്മദ്(സ)യാണെന്നു  സ്ഥിരീകരിക്കുന്നു. കാരണം ഇസ്‌റാഈല്യരുടെ സഹോദരർ ഇസ്‌മാഈലി പരമ്പരയാണ്. ഇസ്‌മാഈലി പരമ്പരയിലെ ഏക ദൈവദൂതൻ  മുഹമ്മദ്(സ) ആണെന്നതിൽ തർക്കമില്ല.

ഞാൻ പോകുന്നു; അഹമ്മദ് വരും.
-----------------------------------
യേശു പറഞ്ഞതായി യോഹന്നാൻ ഉദ്ധരിക്കുന്നു. 

എങ്കിലും സത്യം ഞാൻ നിങ്ങളോട് പറയുന്നു. ഞാൻ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയക്കും. അവൻ വരുമ്പോൾ പാപത്തേയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും. (യോഹ. 16:7-8)

ഇനിയും പല കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങൾക്കത് താങ്ങാൻ സാധ്യമല്ല. സത്യാത്മാവ് വരുമ്പോൾ അവൻ നിങ്ങളെ സകല സത്യത്തിലേക്കും വഴി നടത്തും. സ്വന്തം അധികാരത്തിൽ ഒന്നും അവൻ പറയുകയില്ല. എന്നാൽ താൻ കേൾക്കുന്നതെന്തും അവൻ പറയും. വരാനിരിക്കുന്ന കാര്യങ്ങളെ അവൻ നിങ്ങളോട് ബോധിപ്പിക്കും. (യോഹന്നാൻ 16:12,13)

പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും.
ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ ഓർമ്മിപ്പിക്കും. (യോഹന്നാൻ 14:25,26)

നിങ്ങളോട് കൂടി എന്നെന്നും ഉണ്ടായിരിക്കുന്നതിന് പിതാവ് മറ്റൊരു സഹായകനെ നിങ്ങൾക്ക് തരും. (യോഹന്നാൻ 14:15,16)

പ്രസ്തുത വചനങ്ങളിൽ സഹായകൻ, സത്യാത്മാവ് പരിശുദ്ധാത്മാവ് എന്നൊക്കെ ഭാഷാന്തരം ചെയ്തിരിക്കുന്ന പദത്തിൻ്റെ ഗ്രീക്ക് മൂലം പെരിക്ലിറ്റോസ് എന്നാണ്. വൈദിക സാഹിത്യത്തിൽ മേൽ പ്രകാരമാണ് ഇത് പരിഭാഷപ്പെടുത്തി വരുന്നതെങ്കിലും ഭാഷാ പണ്ഡിതരുടെ അഭിപ്രായത്തിൽ ഏറ്റവും വാഴ്ത്തപ്പെടുന്നവൻ എന്നാണ് പ്രസ്‌തുത വാക്കിൻ്റെ അർത്ഥം. ഇതിനോട് ഏറ്റവും യോചിക്കുന്ന അറബി പദം അഹ്‌മദ് എന്നാണ്. പുരാതന അറബി ബൈബിളുകളിൽ അഹ്‌മദ് എന്ന് തന്നെ പരിഭാഷപ്പെടുത്തിയിരുന്നുവത്രെ. ഈ രണ്ട് പദങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വില്യം മൂർ (മുഹമ്മദ് നബി ചരിത്രം 17) പറയുന്നുണ്ട്. യേശു അഹ്‌മദ് എന്ന പ്രവാചകൻ്റെ  ആഗമനത്തെക്കുറിച്ചും പ്രവചിച്ചിട്ടുണ്ടെന്ന് ഖുർആനിലും കാണാം.

അഹ്‌മദിനെ കുറിച്ച് യേശു പറഞ്ഞ മുഴുവൻ കാര്യങ്ങളും തിരുനബിയിൽ സംശയലേശമന്യേ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:
1. യേശുവിന് ശേഷമാണ് അഹ്‌മദ് വരിക
2. അഹ്‌മദ് എല്ലാ സത്യത്തിലേക്കും നയിക്കും
3. പാപത്തെയും നീതിയേയും ന്യായവിധി നാളിനെക്കുറിച്ച് ഭയപ്പെടുത്തും
4. സ്വന്തമായി ഒന്നും പറയില്ല.
5. ദിവ്യ ബോധനം ലഭിക്കുന്ന കാര്യങ്ങൾ എല്ലാം പറയും.
6. വരാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കും.
7. അന്ത്യനാൾ വരെയുള്ള പ്രവാചകനാണ് (നിങ്ങളോടൊപ്പം എന്നെന്നും ഇരിക്കും) ഉദ്ധ്യുത കാര്യങ്ങളെല്ലാം ഖുർആനിലും നബി(സ)യെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

അതെ! പ്രവചിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്(സ). പൂർവ്വ വേദങ്ങളിൽ ആ നബിയെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളുണ്ട്. എല്ലാം വെട്ടലുകൾക്കും തിരുത്തലുകൾക്കും ശേഷവും ആ ഗ്രന്ഥങ്ങളിൽ പല പരാമർശങ്ങളും നാം കണ്ടെത്തുന്നു.

"നാം വേദഗ്രന്ഥം നൽകിയുട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നതു പോലെ മുഹമ്മദ് നബി(സ)യെ അറിയുന്നു."(വി:ഖു: 6/20) ദൈവിക സന്ദേശം സൃഷ്ടികളിലേക്ക് അറിയിച്ചു കൊടുക്കാൻ നിയുക്തനായ ദൂതനാണെന്നതിന് ഇതിൽ പരം എന്ത് തെളിവുകൾ വേണം?


ലോകം കാത്തിരിക്കുകയായിരുന്നു
************************************

ജനങ്ങളുടെ കൈക്രിയകൾക്ക് വിധേയമായ വേദങ്ങളിൽ തന്നെ നബി(സ)യെ കുറിച്ചുള്ള പ്രസ്താവനകൾ നാം വായിച്ചു. മാറ്റത്തിരുത്തലുകളും നിലവിലുള്ള പുസ്‌തകങ്ങൾ ഒഴിവാക്കുന്നതും ഇല്ലാത്ത പുസ്‌തകങ്ങൾ ചേർക്കലുമൊക്കെ ഓരോ കാലഘട്ടങ്ങളിലും സംഭവിച്ചിട്ടുണ്ട്. അതിനാൽ നബി(സ)യുടെ  കാലത്ത് ഏതൊക്കെ ബൈബിൾ പുസ്‌തകങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന് നമുക്കറിയില്ല. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പലതും ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇനി പുസ്തകമായി നിലവിലില്ലെങ്കിലും വേദവാക്യങ്ങൾ വാമൊഴിയായിട്ടെങ്കിലും അവരിൽ എത്തിയിട്ടുണ്ട്. കാരണം ചരിത്രപരമായി നാം ഒരന്യേഷണത്തിനു മുതിർന്നാൽ നബി(സ)യെ പ്രസവിക്കപ്പെടുന്നതിനു മുമ്പും പ്രസവിക്കപ്പെട്ടതിന് ശേഷവും കൗമാരത്തിലും ബാല്യത്തിലു മൊക്കെ നബി(സ)യുടെ ഒട്ടനവധി ഗുണ വിശേഷങ്ങളോട് കൂടിയ ഒരു പ്രവാചകനെ വേദ പണ്ഡ‌ിതർ പ്രതീക്ഷിച്ചിരുന്നതായി നാം കാണുന്നു.

മുമ്പ് ഹദീസുകളെ കുറിച്ച് പറഞ്ഞതോർമ്മയുണ്ടല്ലോ. അവരുടെ നിവേദന പരമ്പരയുടെ കണിശത! ഏറെക്കുറെ അതേ രീതിയിൽ തന്നെ ഉദ്ധരിക്കപ്പെട്ട ചരിത്ര വസ്‌തുതകൾ നാം അവലോകനം ചെയ്യുമ്പോൾ ജനിക്കുന്നതിൻ്റെ നൂറ്റാണ്ടുകൾക്ക് മുമ്പേ വാഴ്ത്തപ്പെട്ടവൻ മുഹമ്മദ് ആണ് പ്രവാചകനെന്നും അറേബ്യയിലെ ഒരു പ്രവാചക ഉദയം മനുഷ്യ ചരിത്രമാകെ പഠിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആ സത്യം കണ്ടറിഞ്ഞ് ജൂതരിൽ നിന്നും ക്രിസ്‌ത്യാനികളിൽ നിന്നും പലരും ഇസ്ല‌ാം ആശ്ലേഷിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലാകും. ഒപ്പം അറേബ്യയിൽ ജനിച്ച മുഹമ്മദ് എന്ന ആ ചരിത്ര പുരുഷൻ അല്ലാഹുവിൻ്റെ പ്രവാചകനാണെന്നും നാം ആണയിടേണ്ടിവരും. 

വേദപണ്ഡിതനായ കഅ്ബ്‌  ബിനു അഹ്ബാർ(റ), അബ്‌ദുല്ലാഹിബ്‌നു സലാം എന്നിവർ ഇസ്ലാം ആശ്ലേഷിച്ചവരിൽ പ്രമുഖനാണ്. ഇബ്നു‌ അബ്ബാസ്(റ) ഒരിക്കൽ കഅ്ബ്(റ)നോട് ചോദിച്ചു: തൗറാത്തിൽ നിങ്ങൾ നബി(സ)യെ എങ്ങനെ കാണുന്നു?. കഅ്ബ്(റ)പറഞ്ഞു: മുഹമ്മദുർറസൂലുല്ലാഹ്(അല്ലാഹുവിൻ്റെ പ്രവാചകനായ മുഹമ്മദ്) പരുഷ സ്വഭാവക്കാരനല്ല. ഗൗരവ പ്രകൃതനല്ല. മറിച്ച് പൊറുക്കുകയും മാപ്പ് ചെയ്യുകയും ചെയ്യുന്നവൻ. അദ്ദേഹത്തിന്റെ സമുദായം അല്ലാഹുവിനെ കൂടുതലായി സ്‌തുതിക്കുന്നവരാണ്. എല്ലാ കുന്നിലും കുണ്ടിലും അവർ തക്‌ബീർ മുഴക്കുന്നു...അദ്ദേഹത്തിൻ്റെ ജനനം മക്കയിലാണ്. ഹിജ്റ പോകുന്ന സ്ഥലം തൈബ(മദീന)യാണ്.

അബൂസഈദ് അൽ ഖുദ്‌രി പറയുന്നു. അബൂമാലിക്ക്ബ്‌നു സിനാൻ പറയുന്നത് ഞാൻ കേട്ടു. ഞാൻ ഒരിക്കൽ ബനു അശ്ഹലുമായി സംസാരിക്കുകയായിരുന്നു. അപ്പോൾ ജൂതനായ യുശത്ത് പറയുന്നത് കേട്ടു. അഹ്‌മദ് എന്ന ഒരു പ്രവാചകൻ്റെ ആഗമ സമയമായിരിക്കുന്നു. ഹറമിൽ നിന്നാണ് അദ്ദേഹം വരിക. ഇത് കേട്ട ഖലീഫത്ബ്നു‌ സഅ്ലബ  പരിഹാസത്തോടെ ചോദിച്ചു: ഉം! അയാളെ ഗുണഗണങ്ങളൊന്നു പറഞ്ഞാട്ടെ. യൂശഅ് : അദ്ദേഹം കൂടുതൽ നീളമുള്ളവനോ കുറിയവനോ അല്ല. ശംല വസ്ത്രം ധരിക്കും. കഴുതപ്പുറത്ത് യാത്ര ചെയ്യും ഈ നാട് അദ്ദേഹത്തിൻ്റെ ഹിജ്റ സ്ഥലമാണ്. അബൂമാലിക് പറയുന്നു: ഞാൻ എൻ്റെ ജനത ബനു ഖദ്റയുടെ അടുക്കൽ തിരിച്ചെത്തി. യൂശഅ് പറഞ്ഞതിലെ കൗതുകം അറിയിച്ചപ്പോൾ ഞങ്ങളിൽ ഒരാൾ പറഞ്ഞു: "യൂശഅ് മാത്രമോ ഇത് പറയുന്നത്? മദീനയിലെ മുഴുവൻ ജൂതനും നബി(സ)യെക്കുറിച്ച് ഇത് പറയുന്നു". ഇത്രയുമായപ്പോൾ ഞാൻ ബനൂ ഖുറൈളയെ സമീപിച്ചു. അവരെല്ലാം ഇതു തന്നെ പറഞ്ഞു. സുബൈറുബ്‌നു ബാത്വയുടെ വാക്കുകളിൽ: ഒരു പ്രവാചകൻ്റെ പുറപ്പാട് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അഹ്‌മദ് അല്ലാതെ ഇനി പ്രത്യക്ഷപ്പെടാനില്ല. ഈ നാട്ടിലേക്കാണ് അദ്ദേഹം ഹിജ്റ: വരിക.ഇങ്ങനെയൊക്കെ അറിഞ്ഞിട്ടും എന്ത് കൊണ്ട് ജൂതൻ കൂട്ടമായി ഇസ്‌ലാം ആശ്ലേഷിച്ചില്ല എന്ന ചോദ്യം ന്യായമാണ്. അവരുടെ വംശീയ ചിന്തയുടെ ഫലമായിരുന്നു അത്. പ്രവാചകത്വം ഇസ്റാഈല്യരിൽ നിന്ന് അറബികളിലേക്ക് മാറുന്നത് അവർക്ക് അസഹനീയമായിരുന്നു. പിന്നെ അഹന്തയും ജനസ്വാധീനം നഷ്‌ടപ്പെടുമെന്ന ബോധവും മതം കൊണ്ട് ലാഭം കൊയ്യുന്ന ഏർപ്പാട് അവസാനിക്കുമെന്ന ഭയവും കൂടെ അസൂയയും. അത് കൊണ്ടാണ് ജൂതരിൽ നിന്ന് കുട്ടിയെ സംരക്ഷിക്കണമെന്ന് പലരും താക്കീത് ചെയ്‌തത്. ചില സംഭവങ്ങൾ കൂടി വായിക്കുക.

മുഹമ്മദുബ്നു സലമ: പറയുന്നു: ബനൂ അബ്‌ദിൽ അശ്ഹലിൽ യുശഅ് എന്ന പേരുള്ള ഒരു ജൂതനേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കുട്ടിയായ കാലത്ത് അവൻ പറയുന്നത് കേട്ടു. ഈ വീടിന്റെ(കഅ്ബയുടെ) ഭാഗത്ത് നിന്ന് പ്രത്യക്ഷപ്പെടുന്ന നബിയുടെ ആഗമന സമയം ആയിരിക്കുന്നു. തുടർന്ന് അദ്ദേഹം കഅ്ബയിലേക്ക് വിരൽ ചൂണ്ടി. ആരെങ്കിലും അദ്ദേഹത്തെ കണ്ടാൽ വിശ്വസിച്ചു കൊളളുക. മുഹമ്മദ് ബിനുസലമ തുടരുന്നു: നബി(സ) നിയോഗിക്കപ്പെട്ടു. ഞങ്ങൾ എല്ലാവരും ഇസ്‌ലാം സ്വീകരിച്ചു. യൂശഅ് ഞങ്ങൾക്കിടയിൽ അപ്പോൾ ജീവിച്ചിരുന്നു. പക്ഷെ അയാൾ ഇസ്ല‌ാം മതം സ്വീകരിച്ചില്ല: അസൂയയും അഹന്തയും നിമിത്തം.

മുഗീറയുടെ ഇസ്‌ലാം ആശ്ലേഷം
--------------------------------
മുഗീറത്തുബ്നു ശുഅ്ബ പറയുന്നു. ഞാൻ അലക്‌സാണ്ട്രിയയിൽ താമസിച്ചു. അവിടെയുള്ള മുഴുവൻ ചർച്ചിലെയും പാതിരിമാരോട് വരാനുള്ള പ്രവാചകൻ്റെ ഗുണ വിശേഷത്തെക്കുറിച്ച് ചോദിച്ചു. അവരിൽ പ്രമുഖനായിരുന്നു അബൂ യഹ്നസ്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ഇനിവല്ല പ്രവാചകനും വരാനുണ്ടോ? അദ്ദേഹം പ്രതികരിച്ചു. അതെ. അത് അന്ത്യ പ്രവാചകനാണ്. അദ്ദേഹത്തിനും ഈസബ്നു മർയമിനും (യേശുക്യസ്‌തു) ഇടക്ക് മറ്റൊരു പ്രവാചകനില്ല. ഞങ്ങളോട് ഈസാ(അ) പിന്തുടരാൻ കൽപിച്ച പ്രവാചകനാണത്. അറബിയായ  അക്ഷരാഭ്യാസം നടത്തിയിട്ടില്ലാത്ത പ്രവാചകൻ. പേര് അഹ്‌മദ്. കൂടുതൽ നീണ്ടവനല്ല. കുറിയവനുമല്ല. തനിവെളുത്തവനോ തവിട്ട് നിറമുള്ളവനോ അല്ല. അദ്ദേഹം പിരടിയിൽ വാളേന്തും. നേരിടുന്നവനെ ഭയപ്പെടില്ല. സ്വയം യുദ്ധം ചെയ്യും. ആത്മാർപ്പണം നടത്താ൯ സന്നദ്ധരായ അനുയായികൾ കൂടെയുണ്ടാവും. സ്വന്തം പിതാക്കളെക്കാളും മക്കളേക്കാളും അവർ അദ്ദേഹത്തെ സ്നേഹിക്കും. ഖുറൈള പ്രദേശത്ത് നിന്ന് വരും. ഒരു ഹറമിൽ നിന്ന് മറ്റൊരു ഹറമിലേക്ക് പോകും. ഈത്തപ്പനകളുളള നാട്ടിലേക്ക് ഹിജ്റ പോകും. ഇബ്രാഹീമി മതം കൈകൊള്ളുക.

മുഗീറ പറഞ്ഞു: സ്വൽപം കൂടി പറഞ്ഞു തരൂ. അംഗസ്നാനം ചെയ്യും(വുളൂഅ്). ഇതര പ്രവാചകന്മാർക്ക് ഇല്ലാത്ത സവിശേഷതകളുണ്ടാകും. മുഴു ജനങ്ങളിലേക്കും നിയമിക്കപ്പെടും. ഭൂമി മുഴുവനും അദ്ദേഹത്തിനു  പള്ളി (നിസ്‌കാര യോഗ്യം)യായിരിക്കും. മണ്ണ് ഉപയോഗിച്ച് ശുദ്ധി ചെയ്‌ത്‌ നിസ്‌കരിക്കും. പിന്നീട് മുഗീറ ഇസ്‌ലാം സ്വീകരിച്ചു. നബി(സ)യോട് മുഴുവൻ കാര്യങ്ങളും വിവരിച്ചു കൊടുത്തു. 

ജൂതൻ സ്ഥിരീകരിക്കുന്നു.
--------------------------
ആയിശ (റ) ഉദ്ധരിക്കുന്നു. മക്കയിൽ കച്ചവടം ചെയ്ത‌്‌ ഒരു ജൂതൻ  ജീവിച്ചിരുന്നു. നബി(സ)യെ പ്രസവിച്ച രാത്രിയിൽ അയാൾ ഖുറൈശികളുടെ ഒരു സദസ്സിൽ കയറി വന്നു ചോദിച്ചു. ഇന്ന് രാത്രി നിങ്ങളുടെ കൂട്ടത്തിൽ (ഖുറൈശികളിൽ) ആർക്കെങ്കിലും ഒരു കുഞ്ഞ് പിറന്നിട്ടുണ്ടോ ? അവർ  പറഞ്ഞു: ഞങ്ങൾക്കറിയില്ല. ജൂതൻ :ഖുറൈശികളെ ശ്രദ്ധിക്കൂ ഇന്ന് രാത്രി ഈ സമുദായത്തിൻ്റെ പ്രവാചകൻ അഹ്‌മദ് പ്രസവിക്കപ്പെട്ടിരിക്കുന്നു. അവൻ്റെ രണ്ട് തോളുകൾക്ക് നടുവിൽ സ്വൽപം മുടികളുളള ഒരു സീലുണ്ട്.  ഈ വൃത്താന്തം അവരെ കൗതുകപ്പെടുത്തി. വീട്ടിലെത്തി  കുടുംബങ്ങളോടെല്ലാം വിവരം ഉണർത്തിച്ചപ്പോൾ ആരോ പറഞ്ഞു: അബ്‌ദുല്ലാക്ക് ഒരു കുഞ്ഞ് പ്രസവിച്ചിട്ടുണ്ട്. മുഹമ്മദ് എന്നാണ് പേര്. അവർ ജൂതനെ സന്ദർശിച്ച് വിവരം ധരിപ്പിച്ചു. 
ജൂതൻ: എൻ്റെ വൃത്താന്തത്തിന് മുമ്പോ ശേഷമോ?
അവർ: സ്വൽപ്പം മുമ്പ്, പേര് അഹ്‌മദ്.
ജൂതൻ: എന്നെ അവിടേക്ക് കൊണ്ടു പോകുമോ?
അങ്ങന അവർ ജൂതനെയും കൂട്ടി ആമിന(റ)ൻ്റെ വീട്ടിലെത്തി. കുട്ടിയെ കാണിച്ച് കൊടുത്തു. മുതുകിലെ അടയാളം കണ്ട് ജൂതൻ ബോധം കെട്ടു വീണു. കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ച് കിട്ടിയപ്പോൾ അവർ ചോദിച്ചു: എന്ത് പറ്റി? ജൂതൻ: പ്രവാചകത്വം ബനൂ ഇസ്രാഈല്യരിൽ നിന്ന് പോയി. അവരുടെ കയ്യിൽ നിന്ന് കിതാബും നഷ്‌ടപ്പെട്ടു. അറബികൾ പ്രവാചകത്വം കൊണ്ട് വിജയിച്ചിരിക്കുന്നു. ഖുറൈശികളേ നിങ്ങൾ സന്തോഷിക്കുന്നില്ലേ?

മുഹമ്മദ് എന്ന നാമം
---------------------
ഖലീഫ ഇബ്നു അബ്‌ദ പറയുന്നു: ഞാൻ മുഹമ്മദ്ബ്‌നു അദിയ്യിനോട് തനിക്ക് മുഹമ്മദ് നാമം കിട്ടിയ കാരണത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. ഇവ്വിഷയം പിതാവിനോട് ചോദിച്ചപ്പോൾ ഇങ്ങനെ പ്രതികരിച്ചു: ഞാനും സുഫ്‌യാനും യസീദും കൂടി ഗസ്സാനിയെ കാണാൻ പോയി. ഞങ്ങൾ ശാമിലെത്തിയപ്പോൾ സസ്യശ്യാമളമായ ഒരു തടാകത്തിലിറങ്ങി. അതിൻ്റെ തൊട്ടടുത്ത് ഒരു സന്യാസി മഠമുണ്ടായിരുന്നു. അതിനകത്തുണ്ടായിരുന്ന പുരോഹിതന്മാർ ഇറങ്ങി വന്ന് പറഞ്ഞു: നിങ്ങൾ ഈ നാട്ടുകാരല്ലല്ലോ? 
ഞങ്ങൾ: ഞങ്ങൾ മുളർ ഗോത്രക്കാരാണ്.
പുരോഹിതൻ: ഏത് മുളർ?
ഞങ്ങൾ: ഖന്തഖിൻ്റെ ഭാഗത്തുള്ള മുളർ
പുരോഹിതൻ: എന്നാൽ നിങ്ങളിലേക്ക് ഒരു പ്രവാചകൻ വരാനിരിക്കുന്നു. അയാളെ വിശ്വസിക്കുക, ഉൾക്കൊള്ളുക. എങ്കിൽ നിങ്ങൾക്ക് വിജയിക്കാം. കാരണം , അദ്ദേഹം അന്ത്യ പ്രവാചകനാണ്. മുഹമ്മദ് എന്നാണ് പേര്.

ഞങ്ങൾ ഇബ്നു ജഫ്‌നയുടെ അടുക്കൽ നിന്ന് മടങ്ങി വീട്ടിലെത്തി. നാല് പേർക്കും ആദ്യം പ്രസവിച്ച കുട്ടിക്ക് മുഹമ്മദ് എന്ന് പേരിട്ടു.

ത്വൽഹ:യുടെ ഇസ്‌ലാം ആശ്ലേഷം
-----------------------------------
ഇസ്‌ലാമിക ചരിത്രത്തിൽ നിറഞ്ഞ് നിന്ന സ്വഹാബി വര്യനാണ് ത്വൽഹ(റ). അദ്ദേഹം തന്റെ ഇസ്‌ലാം ആശ്ലേഷത്തെ കുറിച്ച് വിവരിക്കുന്നു.

ബസ്‌റയുടെ അങ്ങാടിയിൽ നിൽക്കവെ അവിടെയുണ്ടായിരുന്ന ഒരു മഠത്തിലെ പുരോഹിതൻ വിളിച്ച് പറയുന്നു: ചന്തക്ക് വന്നവരേ നിങ്ങളിൽ ഹറമിൽ നിന്ന് വന്ന ആരെങ്കിലുമുണ്ടോ? 
ഞാൻ പറഞ്ഞു. അതേ ഉണ്ട് ഞാൻ തന്നെ.
പുരോഹിതൻ: മക്കയിൽ അഹ്‌മദ് നബി പ്രത്യക്ഷനായോ?
ഞാൻ: ഏതാണ് അഹ്‌മദ്?
പുരോഹിതൻ: അബ്‌ദുൽ മുത്തലിബിൻ്റെ മകൻ അഹ്‌മദ്. അദ്ദേഹം പുറപ്പെടാനിരിക്കുന്ന മാസം ഇതാണ്. അന്ത്യ പ്രവാചകൻ. ഹറമിൽ നിന്ന് ഈത്തപ്പനകളുടെ നാട്ടിലേക്ക് അദ്ദേഹം ഹിജ്റ പോകും. 
പുരോഹിതൻ്റെ വാക്കുകൾ എന്നെ സ്വാധീനിച്ചു. ഞാൻ മക്കയിൽ നിന്ന് വാർത്തകളന്വേഷിച്ചു. മക്കക്കാർ പറഞ്ഞു: അതെ, അൽ അമീൻ (സത്യസന്ധൻ) മുഹമ്മദു ബ്‌നു അബ്ദുല്ലാ നബിയാണെന്ന് വാദിച്ചിരിക്കുന്നു. ഇബ്‌നു അബിഖുഹാഫ(അബൂബക്കർ(റ)) അദ്ദേഹത്തെ വിശ്വസിച്ചിരിക്കുന്നു. ഞാൻ അബൂബക്കർ(റ)വിൻ്റെ അടുക്കൽ ചെന്ന് ചോദിച്ചു: നിങ്ങൾ ആ മനുഷ്യൻ്റെ പിന്നാലെ കൂടിയോ?  അബൂബക്കർ(റ): അതേ നീയും അദ്ദേഹത്തെ അനുഗമിക്കൂ, അദ്ദേഹം സത്യ മതത്തിലേക്കാണ് ക്ഷണിക്കുന്നത്. അബൂബക്കർ(റ)ൻ്റെ കൂടെ ഞാൻ നബിയുടെ അടുത്തെത്തി. പുരോഹിതൻ പറഞ്ഞ കാര്യങ്ങൾ നബി(സ)യോട് ധരിപ്പിച്ചു.

നബി(സ)യുടെ ചിത്രം
----------------------
നബി(സ)യുടെ രൂപം പോലും ക്രിസ്ത്യാനികൾക്കറിയാമെന്നതാണ് ഏറ്റവും കൗതുകകരം. അവരുടെ കയ്യിൽ വരാൻ പോകുന്ന നബിയുടെ ഫോട്ടോ പോലുമുണ്ടായിരുന്നു! 

ജുബൈർ ബിൻ മുത്വഹും ഉദ്ധരിക്കുന്ന ഒരു സംഭവം വായിക്കുക നബി(സ) നിയോഗിതനാവുകയും ആ വാർത്ത പടർന്ന് പിടിക്കുകയും ചെയ്യുന്ന സമയത്ത് ഞാൻ ശാമിൽ (സിറിയ)യിൽ എന്നെ സമീപിച്ച് ചോദിച്ചു: നീ പോയി. ബസ്വറയിലെത്തിയപ്പോൾ ഒരു ക്രിസ്ത്യാനികൾ എന്നെ സമീപിച്ച് ചോദിച്ചു:  നീ ഹറംകാരനാണോ?
ഞാൻ:അതെ
അവർ: നിങ്ങളിൽ പ്രവാചകത്വം വാദിക്കുന്നയാളെ അറിയുമോ?
ഞാൻ: അതെ
അപ്പോൾ അവർ എന്നേയും കൂട്ടി മഠത്തിലേക്ക് പ്രവേശിച്ചു. അവിടെ ധാരാളം ചിത്രങ്ങളും രൂപങ്ങളും! അവർ ചോദിച്ചു: നിങ്ങൾക്കിടയിൽ ആഗതനായ നബിയുടെ ഫോട്ടോ ഇതിൽ കാണുന്നുണ്ടോ?
ഞാൻ നോക്കി. പക്ഷെ നബി(സ)യുടെ രൂപം അതിൽ കാണാനില്ല. 
ഞാൻ പറഞ്ഞു: ഞാൻ കാണുന്നില്ല.
അപ്പോൾ അതിനേക്കാൾ വലിയ മഠത്തിലേക്കവർ എന്നെ കൊണ്ടുപോയി. അവിടെ ഒരു പാട് ചിത്രങ്ങളുണ്ട്. കൂട്ടത്തിൽ നബി(സ)യുടെ ചിത്രം ഉണ്ടോയെന്ന് നോക്കാൻ പറഞ്ഞു. ഞാൻ സൂക്ഷിച്ച് നോക്കിയപ്പോൾ അത്ഭുതം! അവിടെ നബി(സ)യുടെ ചിത്രവും! കൂടെ അബൂബക്കർ (റ)വിന്റെ ചിത്രവുമുണ്ട്.

അവരുടെ ചോദ്യം: നബിയുടെ ഗുണഗണങ്ങൾ കാണുമോ?
ഞാൻ: അതേ
അവർ: ഇതാണോ അദ്ദേഹം?
ഞാൻ: അതെ! ശേഷം അവർ ചില ഗുണഗണങ്ങളിലേക്ക് സൂചന നൽകി.
ഞാൻ: അതെ! ഇത് നബി(സ)തന്നെയാണെന്ന് ഞാൻ സാക്ഷി പറയുന്നു.
അവർ: അദ്ദേഹത്തിൻ്റെ കൈ പിടിച്ചിരിക്കുന്നത് ആരാണെന്നറിയുമോ?
ഞാൻ: അതെ
അവർ: ഇത് നിങ്ങളുടെ കൂട്ടുകാരനാണ്. നബിക്ക് ശേഷമുള്ള മുസ്ലികളുടെ ഖലീഫ.
(ഇമാം ബുഖാരി, താരീഖുൽ കബീർ 1/ 179, ബൈഹഖി, ദലാഇലുന്നുബുവ്വ 1/384, അബൂനുഐം- ദലാഇന്നുബുവ്വ 18)

മക്കയിൽ നിന്ന് വാർത്തകളുണ്ടോ?
-----------------------------------
അംറുബ്നു അബ്‌സയുടെ ഇസ്‌ലാമാശ്ലേഷത്തെ കുറിച്ച് കേൾക്കൂ! അദ്ദേഹം പറയുന്നു: എൻ്റെ ജനതയുടെ ദൈവിക വിശ്വാസത്തിൽ എനിക്ക് വൈമുഖ്യം തോന്നി. അത് അസത്യമാണെന്ന് എന്നിൽ ബോധ്യപ്പെട്ടു. അവർ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലിനെ ആരാധിക്കുന്നു! ഞാൻ ഒരു വേദക്കാരനെ കണ്ടു. അദ്ദേഹത്തോട് ഉത്തമമായ മതമേതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: മക്കയിൽ നിന്ന് ഒരാൾ വരും. അദ്ദേഹം തൻ്റെ ജനതയുടെ ദൈവങ്ങളെ നിരാകരിക്കും. സത്യമതം കൊണ്ടു വരും. അദ്ദേഹത്തെ കുറിച്ച് കേട്ടാൽ നീ അദ്ദേഹത്തെ അനുഗമിക്കുക.

അന്ന് മുതൽ മക്ക മാത്രമായി എൻ്റെ ചിന്ത. ഞാൻ മിക്കപ്പോഴും അവിടെ ചെന്ന് അന്വേഷിക്കും. പുതിയ വാർത്തകളെന്തെങ്കിലും ഉണ്ടോ? 
അവർ പറയും: ഇല്ല, ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചു വരും. മക്കയിൽ നിന്ന് വരുന്ന യാത്രികരോടൊക്കെ അന്വേഷിക്കും. എല്ലാവരും ഇല്ലെന്ന് മറുപടി പറയും. ഒരിക്കൽ ഞാൻ ഒരിടത്തിരിക്കുമ്പോൾ എൻ്റെ സമീപത്ത് കൂടെ ഒരു യാത്രക്കാരൻ കടന്ന് പോയി.

ഞാൻ അയാളോട് ചോദിച്ചു: നിങ്ങൾ എവിടെ നിന്ന് വരുന്നു?
യാത്രികൻ: മക്കയിൽ നിന്ന്.
ഞാൻ: അവിടെ വല്ലതും സംഭവിച്ചോ?
യാത്രികൻ: അതെ, ഒരാൾ വന്നിരിക്കുന്നു. തൻ്റെ ജനതയുടെ ദൈവങ്ങളെ തള്ളിപ്പറഞ്ഞു മറ്റൊരു ദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. 

ഉടൻ ഞാൻ വാഹനത്തിൽ കയറി മക്കയിലെത്തി മുസ്‌ലിമായി. അതെ! വാഴ്ത്തപ്പെട്ടവൻ്റെ ജന്മത്തിന് വേണ്ടി ലോകം കാത്തിരിക്കുകയാണ്.  ആ പുരുഷൻ ജനിക്കും മുമ്പേ അവൻ്റെ പേരും നാടും വീടും കുടുംബവും സ്വഭാവ വൈശിഷ്ട്യങ്ങളും ആകാര വിശേഷങ്ങളും ഹിജ്റയുടെ ഇടവും ഒക്കെ പൂർവ്വവേദങ്ങളിൽ അവർ പാരായണം ചെയ്‌തു. ആ നബിയുടെ ആഗമനത്തിന് വേണ്ടി അവർ കാത്തിരിക്കുന്നു. സംശുദ്ധ മാനസർ ആ നബിയെ സ്വീകരിച്ചു. വിശ്വസിച്ചു. ഭൗതിക മോഹങ്ങളും വംശീയ ചിന്തയും അഹന്തയും കൈമുതലാക്കിയവർ വെളിച്ചം കിട്ടാതെ, സ്വർഗ്ഗലോകം അവകാശമാക്ക തെ ഒടുങ്ങി. 

പ്രവാചകനെ കുറിച്ചും അവരുടെ ജ്ഞാനത്തെക്കുറിച്ചും നിഷേധത്തെക്കുറിച്ചും വിശുദ്ധ ഖുർആൻ വാചാലമാവുന്നുണ്ട്.

"വേദക്കാരേ! നിങ്ങളെന്തിനാണ് അല്ലാഹുവിൻ്റെ സൂക്തങ്ങളിൽ അവിശ്വസിക്കുന്നത്? നിങ്ങൾ തന്നെ അവക്ക് സാക്ഷ്യം വഹിക്കുന്നവരാണല്ലോ."  (ആലു ഇംറാൻ 70)

"നാം വേദം നൽകിയിട്ടുള്ള ആളുകൾക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ നബിയെ അറിയാവുന്നതാണ്. തീർച്ചയായും അവരിൽ ഒരു വിഭാഗം അറിഞ്ഞ് കൊണ്ട് തന്നെ സത്യം മറച്ച് വയ്ക്കുകയാണ്. (അൽബഖറ 146)

"തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായ അവർക്ക് കണ്ടത്താൻ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനെ പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്) അവിടുന്ന് അവരോട് സദാചാരം കൽപ്പിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കൾ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങൾ അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവയ്ക്കുകയും ചെയ്യുന്നു. അപ്പോൾ ആ പ്രവാചനകിൽ  വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും സഹായിക്കുകയും അദ്ദേഹത്തോടാപ്പം അവതരിക്കപ്പെട്ടിട്ടുള്ള പ്രകാശത്തെ പിൻപറ്റുകയും ചെയ്‌തവരാരോ അവരാണ് വിജയികൾ. (അഅ്റാഫ് 157)

ഇനി ചിന്തിക്കുക 
-----------------
പ്രസവിക്കപ്പെടുന്നതിന് മുമ്പും ജീവിത കാലത്തും വർദ്ധമാനനിരക്കിൽ മരണ ശേഷവും പ്രവാചകനായി വാഴ്ത്തപ്പെട്ടുകൊണ്ടിരുന്ന മുഹമ്മദ് പ്രവാചകൻ തന്നെയായിരിക്കുമോ? നിങ്ങളുടെ ഭാവി ജീവിതത്തിൻ്റെ ജയാപജയങ്ങളെ നിർണ്ണയിക്കുന്ന ചോദ്യമാണിത്.


അശരീരികൾ മുഴങ്ങുന്നു.
**************************

വേദക്കാരുടെ വെളിപ്പെടുത്തലുകൾക്ക് പുറമെ, പ്രകൃതി തന്നെയും ചില അറിയിപ്പുകൾ നൽകിയിട്ടുണ്ട് എന്ന് ചരിത്രം. തൻ്റെ സന്ദേശങ്ങളുടെ പ്രചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ദാസനെ കുറിച്ച് സർവ്വേശ്വരൻ അസാധാരണമായ ചില ചാനലുകളിലൂടെ പ്രക്ഷേപണം നടത്തുക എന്നതിൽ യുക്തി രഹിതമായി ഒന്നുമില്ല. കേവലം കഥകൾ എന്നതിലപ്പുറം ചരിത്ര പരമായി പിൻബലങ്ങൾ ഉണ്ടാകുമ്പോൾ വിശേഷിച്ചും. അത്ഭുതങ്ങളിൽ തീരെ വിശ്വാസമില്ലാത്തവർക്ക് ഇത്തരം സംഭവങ്ങൾ മാറ്റി നിർത്തിക്കൊണ്ടും അന്വേഷണം ആകാവുന്നതാണ്. ചില സംഭവങ്ങൾ കാണുക; 
തമീമുദ്ദാരി പറയുന്നു: നബി(സ)ക്ക് നുബുവ്വത്ത് കിട്ടിയ കാലത്ത് ഞാൻ സിറിയയിലായിരുന്നു. ഒരു ദിവസം ചില ആഭ്യന്തര ആവശ്യങ്ങൾക്ക് ഞാൻ പുറത്തിറഞ്ഞി. നേരം പോയതറിഞ്ഞില്ല. സന്ധ്യ മയങ്ങി. ഇരുട്ട് പരന്നു. അന്ന് ഒരു മലഞ്ചെരുവിൽ തങ്ങേണ്ടി വന്നു. കിടക്കാനൊരുങ്ങുമ്പോൾ ഒരശരീരി. ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി. ആളെ കാണുന്നില്ല. അയാൾ വ്യക്തമായ ഭാഷയിൽ ഇങ്ങനെ പറയുന്നു. അല്ലാഹുവിനോട് കാവൽ ചോദിക്കുക. അല്ലാഹുവിൻ്റെ സത്യസന്ധനായ പ്രവാചകൻ  ആഗതനായിരിക്കുന്നു. ഹന്ദുനിൽ വെച്ച് ഞങ്ങൾ ആ പ്രവാചകന്ന് പിന്നിൽ വെച്ച് നിസ്‌കരിച്ചു, മുസ്‌ലിമായി, അവിടത്തെ പിന്തുടർന്നു. ജിന്നുകളുടെ കുതന്ത്രം നടക്കാതെ പോയി. അവർ ചെങ്കോലുകൾ കൊണ്ട് എറിയപ്പെട്ടു. അതിനാൽ സർവ്വലോക രക്ഷിതാവിൻ്റെ ദൂതനായ മുഹമ്മദിൻ്റെ അടുക്കൽ ചെന്ന് മുസ്‌ലിമാകൂ. 

തമീം തുടരുന്നു: നേരം പുലർന്നപ്പോൾ ഞാൻ ദീർഅയ്യൂബിലേക്ക് (ക്രിസ്‌ത്യൻ മഠം) പോയി. അവിടെയുണ്ടായിരുന്ന പുരോഹിതനോട് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു. അവർ പറയുന്നത് സത്യം തന്നെ. അദ്ദേഹം ഹറമിൽ നിന്നാണ് പ്രത്യക്ഷപ്പെടുക. പ്രവാചകരിൽ അത്യുത്തമരാണവിടുന്ന്.
ഇത് കേട്ടപാടെ ഞാൻ മക്കയിലേക്ക് പുറപ്പെടാൻ ഒരുങ്ങി. ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. തിരു നബി സന്നിധിയിലെത്തി ഇസ്‌ലാം ആശ്ലേഷിച്ചു.

വിഗ്രഹങ്ങളുടെ സാക്ഷ്യം
--------------------------
അബ്ബാസുബ്നു മിർദാസ് പറയുന്നു. എൻ്റെ പിതാവിന് മരണം ആസന്നമായപ്പോൾ ളമാർ എന്ന് പേരുള്ള ഒരു വിഗ്രഹത്തെ എനിക്കേൽപ്പിച്ചു തന്നു. അതിന് ആരാധനകളർപ്പിക്കാൻ എനിക്ക് വസിയ്യത്ത് ചെയ്‌തു. ഞാനതിനെ വീട്ടിൽവച്ചു. ദിനേന അതിനെ ഒരോ പ്രാവശ്യം സന്ദർശിക്കാൻ തുടങ്ങി. ഒരിക്കൽ അതിൻ്റെ ഉള്ളിൽ നിന്ന് ഒരു ശബ്ദം കേട്ടു. അത് ഒരു കവിതയായിരുന്നു. 

സുലൈം ഗോത്രത്തോടടങ്കലും നീ ചൊല്ലുക.
അനീസ് നശിച്ചിരിക്കുന്നു.
മസ്‌ജിന്റെയാടുകൾ ജീവിച്ചിരിക്കുന്നു. 
മുഹമ്മദ് നബിക്ക് കിതാബ് ലഭിക്കും മുമ്പ് 
ആരാധിക്കപ്പെട്ടിരിക്കുന്ന ളമാർ പിൻവലിയുന്നു. 
ഇബ്നു മർയമിന് ശേഷം സന്മാർഗവും നുബുവ്വത്തും
അന്തരമെടുത്ത ഖുറൈശി സൻമാർഗ സിദ്ധൻ

ഞാൻ സംഭവം ആരോടും പറഞ്ഞില്ല. പിന്നീടൊരിക്കൽ ഉറക്കത്തിൽ ഒരു ശബ്‌ദം കേട്ടു. ചൊവാഴ്ച്ച രാത്രിയുണ്ടായ പ്രകാശം അള്ബാത്ത് ഒട്ടകത്തിൻ്റെ ആൾക്കൊപ്പമുണ്ട്. (നബി(സ) സഞ്ചരിച്ച ഒട്ടകത്തിൻ്റെ പേരാണ് അള്ബാഅ്)
പിന്നെ ഞാൻ താമസിച്ചില്ല. പെട്ടെന്ന് നബി(സ)യെ സമീപിച്ച് ഇസ്‌ലാം ആശ്ലേഷിച്ചു. (ഇബ്നു ഹിശാം/സീറത്തുന്നബവിയ്യ, ഇബ്‌നുജസി/അള്ബാത്ത്) 

ഖുവൈലിദുളളാരി പറയുന്നു: ഞങ്ങൾ ഒരു ബിംബത്തിൻ്റെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ അതിൻ്റെ ഉളളിൽ നിന്ന് ഒരു ശബ്ദ‌ം: കേട്ടു കേൾവി നിർത്തൽ ചെയ്യപ്പെട്ടിരിക്കുന്നു. കൊള്ളിമീനുകൾ കൊണ്ട് എറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. മക്കയിൽ ജാതനായ ഒരു പ്രവാചകൻ കാരണം. അദ്ദേഹത്തിൻ്റെ പേര് അഹ്‌മദ്. യസ്‌രിബിലേക്ക് ഹിജ്റ പോകും. നിസ്കാരം, നോമ്പ്, നന്മ, കുടുംബ ബന്ധം എന്നിവ പാലിക്കാൻ അദ്ദേഹം കൽപ്പിക്കും. ഞങ്ങൾ കൗതുകത്തോടെ ബിംബത്തിൻ്റെ ചാരത്ത് നിന്ന് അന്വേഷിക്കാൻ തുടങ്ങി. ജനം പറഞ്ഞു: അതെ മക്കയിൽ അഹ്‌മദ്‌ എന്ന് പേരുള്ള ഒരു പ്രവാചകൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. (ഇബ്നു ൽ ജൗസി / അൽവഫാ)

റാശിദ്‌ബ്നു അബ്‌ദിറബ്ബ് പറയുന്നു: സുലൈം ഗോത്രത്തിലെ ബനു ജുഫ്ർ, ഹുദെയിൽ എന്നിവർ ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു മഅ്ലാനിലെ സുവാഅ്. ഒരിക്കൽ സുലൈം ഗോത്രത്തിലെ ബനു ജഅ്ഫർ റാശിദ്ബ്നു  അബ്‌ദിറബ്ബിനെ സുലൈം ഗോത്രത്തിൻ്റെ ഒരു ഉപഹാരവുമായി സുവാഅ് വിഗ്രഹത്തിന് അടുത്തേക്ക് പറഞ്ഞയച്ചു.

റാശിദ് തുടരുന്നു: സുവാഅ് വിഗ്രഹത്തിന് മുമ്പിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഒരു വിഗ്രഹത്തിനടുത്തെത്തി. പെട്ടെന്ന് ഉളളിൽ നിന്നൊരു ശബ്ദം. അത്ഭുതം! അബ്‌ദുൽ മുത്വലിബിൻ്റെ സന്താന പരമ്പരയിൽ ഒരു നബി പ്രത്യക്ഷപ്പെട്ടത് അത്ഭുതമായിരിക്കുന്നു. പലിശയും വ്യഭിചാരവും ബിംബങ്ങൾക്ക് ബലിയറുക്കലും നിഷിദ്ധമാക്കുന്ന ഒരു നബി. ആകാശം സുരക്ഷിതമാക്കപ്പെട്ടു. ഞങ്ങൾ എറിയപ്പെട്ടു. അപ്പോഴേക്ക് ഇങ്ങനെ ഒരു വിഗ്രഹം ഇങ്ങനെ വിളിച്ചു കൂവുന്നു. ആരാധിക്കപ്പെട്ടിരിക്കുന്ന ളമാർ ഉപേക്ഷിക്കപ്പെട്ടു. മുഹമ്മദ് നബി പ്രത്യക്ഷപ്പെട്ടു. നിസ്‌കരിക്കുന്ന സകാത്തും നോമ്പും ബന്ധങ്ങളും കൽപ്പിക്കുന്ന നബി. മറ്റൊരു വിഗ്രഹം ഇങ്ങനെ:  ഇബ്നു ‌മർയമിന് ശേഷം നുബുവ്വത്തും ഹുദയും അനന്തരമെടുത്ത  ഖുറൈശി സന്മാർഗ സിദ്ധൻ കഴിഞ്ഞ് പോയതും നാളെ സംഭവിക്കുന്നതും പ്രവചിക്കും: തീർച്ച ആ തിരുനബി.

റാശിദ് തുടരുന്നു. പ്രഭാതമായപ്പോൾ ഞാൻ രണ്ടു കുറുക്കന്മാരെ അവിടേക്ക് തെളിച്ചു വിട്ടു. അവ വിഗ്രഹങ്ങൾക്ക് കിട്ടിയ ഉപഹാരങ്ങൾ നക്കിത്തിന്നാൻ തുടങ്ങി. മൂത്രമൊഴിച്ച് വൃത്തി കേടാക്കി. അപ്പോൾ ഞാൻ പാടി:

രണ്ട് കുറുക്കന്മാർ തലക്കുമേൽ മൂത്രമൊഴിക്കുന്നൊരീശ്വരനോ 
കുറുക്കന്മാരുടെ മൂത്രം ഏറ്റുവാങ്ങുന്നവൻ നിന്ദ്യന്മാർ തന്നെ.

നബി(സ)പ്രത്യക്ഷപ്പെട്ട സമയമായിരുന്നു ഇത്.

ചെന്നായ പറയുന്നത്
---------------------
അബൂഹുറൈറ ഉദ്ധരിക്കുന്നു. ഒരാട്ടിൻ പറ്റത്തിൻ്റെ കൂട്ടത്തിൽ നിന്ന് ചെന്നായ ഒരാടിനെ  പിടിച്ചു. ആട്ടിടയൻ ചെന്നായയുടെ പിന്നാലെ ഓടി ആടിനെ മോചിപ്പിച്ചു. ഒരാടിനെ
അപ്പോൾ ചെന്നായ ഉയർന്ന കുന്നിൽ കയറി വാൽ വളച്ച് കാലുകൾക്കിടയിലാക്കി ഇരുന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു:
എനിക്ക് അല്ലാഹു നൽകിയ ഭക്ഷണം കഴിക്കാനാണ് ഉദ്ദേശിച്ചത്. അത് എന്നിൽ നിന്ന് തട്ടിയെടുക്കുകയോ? 
അയാൾ അത്ഭുതം കൂറി: സംസാരിക്കുന്ന ചെന്നായയോ ! 
ചെന്നായ പ്രതികരിച്ചു: കല്ല് നിറഞ്ഞ രണ്ട് പ്രദേശങ്ങൾക്കിടയിൽ, ഈത്തപ്പനകൾക്ക് നടുവിൽ നിങ്ങളോട് കഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ സംഗതികൾ വിവരിച്ചു തരുന്ന ഒരു മനുഷ്യനുണ്ട്. അതാണ് ഇതിനേക്കാൾ അത്ഭുതം. ആ ഇടയൻ ഒരു ജൂതനായിരുന്നു. അദ്ദേഹം നബി(സ)യുടെ അടുത്തെത്തി. വിവരം ധരിപ്പിച്ചു. നബി(സ) അയാൾ പറഞ്ഞത് അംഗീകരിച്ചു. തുടർന്ന് പറഞ്ഞു: ഇത് അന്ത്യ നാളിൻ്റെ ഒരു അടയാളമത്രെ. ഒരു മനുഷ്യൻ അവൻ്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ, അവൻ്റെ ചെരിപ്പുകളും ചാട്ടയും (കയ്യിലും കാലിലുമുള്ള നിർജ്ജീവ വസ്‌തുക്കൾ) തൻ്റെ വീട്ടിൽ നടന്ന സംഭവങ്ങൾ വിവരിച്ച് കൊടുത്തതിന് ശേഷമല്ലാതെ അവൻ വീട്ടിൽ തിരിച്ചെത്താതിരിക്കുന്ന സമയം അടുത്തെത്തിയിരിക്കുന്നു.
(ഹദീസ്: അബൂനുഐം/ദലാഇലുന്നുബുവ്വ. മാവറദി/അദലാമുന്നുബുവ്വ:. ഇബ്നുൽ ജൗസി/ അൽവഫാ)

ജിന്നുകൾ മുട്ടിവിളിക്കുന്നു.
---------------------------
മുഹമ്മദ്ബ്നു കഅ്ബ് അൽ ഖുറളി പറയുന്നു: ഉമർ(റ)പള്ളിയിലാകുമ്പോൾ പള്ളിയുടെ പിൻ ഭാഗത്തു കൂടെ ഒരാൾ നടന്നു പോയി. അപ്പോൾ ഒരാൾ ഉമറിനോട്‌ പറഞ്ഞു: ആ നടന്നു പോയത് ആരാണെന്നറിയാമോ
ഉമർ(റ): ആരാണത് ?
അയാൾ: സവാദുബ്നുനു ഗാരിബാണ്. യമനി കുബേരൻ. നബിയുടെ ആഗമനത്തെക്കുറിച്ച് ജിന്നിൽ നിന്ന് സന്ദേശം ലഭിച്ചയാളാണദ്ദേഹം.
ഉമർ(റ): എങ്കിൽ അയാളെ ഒന്നുകാണണമല്ലോ.(അയാൾ അദ്ദേഹത്തെ വിളിച്ചു കൊണ്ട് വന്നു)
ഉമർ(റ): നിങ്ങളാണോ സവാദുബ്‌നു ഖാരിബ്
സവാദ്: അതെ
ഉമർ(റ): നബിയുടെ ആഗമനത്തെക്കുറിച്ച് ജിന്നിൽ നിന്ന് സന്ദേശം ലഭിച്ചയാളാണോ നിങ്ങൾ
സവാദ്: അതെ 
ഉമർ(റ) : അപ്പോൾ നിങ്ങൾ ജോത്സ്യനായിരുന്നോ (ഈ ചോദ്യം സവാദിന് ഇഷ്ട്‌ടപ്പെട്ടില്ല) ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു: അമീറുൽ മുഅ്‌മിനീൻ, ഇത്തരമൊരു ചോദ്യം ഇസ്ല‌ാം ആശ്ലേഷിച്ചതു മുതൽ ആരും എന്നോട് ചോദിച്ചിട്ടില്ല.
ഉമർ(റ): സുബ്ഹാനല്ലാഹ്, മുമ്പ് നിൻ്റെ ജോത്സ്യത്തേക്കാൾ കടുത്ത ശിർക്ക് ചെയ്തിരുന്ന ആളുകളാണു ഞങ്ങളൊക്കെ. നീ ജിന്ന് സന്ദേശത്തെക്കുറിച്ച് പറയൂ.
സവാദ് : പറയാം, ഞാൻ കിടന്നുറങ്ങുമ്പോൾ ഒരാൾ വന്ന് കാലു കൊണ്ട് എന്നെ തൊഴിച്ച് കൊണ്ട് പറഞ്ഞു: സവാദ്, എഴുന്നേൽക്കൂ,മനസ്സിലാക്കൂ. ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കൂ. അല്ലാഹുവിലേക്കും അവന് ആരാധന ചെയ്യുവാനും ക്ഷണിക്കുന്ന ദൂതൻ ലുഅയ്യു ബ്നു ഗാലിബിൻ്റെ സന്താന പരമ്പരയിൽ നിന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നു. തുടർന്ന് ജിന്നുകൾ മക്കയിലേക്ക് ഒഴുകുകയാണ്. അതിനാൽ നീയും പുറപ്പെടുക എന്ന് ആവശ്യപ്പെടുന്ന മൂന്ന് വരി കവിത ചൊല്ലി.

സവാദ് തുടരുന്നു: ഞാൻ തലയുയർത്തി നോക്കിയതു പോലുമില്ല. ഇന്നലെ ശരിക്ക് ഉറക്കം കിട്ടിയില്ല. എന്നെ ഉറങ്ങാൻ വിടൂ എന്ന് പറഞ്ഞു ഞാൻ ഉറക്കം തുടർന്നു. രണ്ടാം ദിവസവും ഇതേ അനുഭവം ഉണ്ടായി. ഞാനതു പോലെ തന്നെ പ്രതികരിച്ചു. മൂന്നാം ദിവസവും തഥൈവ. അപ്പോളെൻ്റെ ഹൃദയത്തിൽ ഇസ്‌ലാമിനോട് സ്നേഹമുണ്ടായി. മുസ്‌ലിമാകാൻ ഞാൻ കൊതിച്ചു. പുലർന്ന ഉടനെ വാഹനത്തിൽ കയറി ഞാൻ മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. വഴി മദ്ധ്യേ നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയ വിവരം ഞാൻ അറിഞ്ഞു. ഞാൻ മദീനയിലെത്തി. നബി(സ)യെ കുറിച്ച് അന്വേഷിച്ചു. അവിടുന്ന് പള്ളിയിലാണെന്ന് വിവരം കിട്ടി. ഞാൻ പള്ളിയിലെത്തി. ഒട്ടകത്തെ കെട്ടിയിട്ടു. നബി(സ)കണ്ടു. ചുറ്റും അനുചരരുണ്ട്. ഞാൻ ചോദിച്ചു: ഞാൻ പറയുന്നത് കേൾക്കാമോ. നബി(സ)അബൂബക്കറിനോട് എന്നെ നബി(സ)യോട് അടുപ്പിച്ചു നിർത്താൻ പറഞ്ഞു. അങ്ങനെ ഞാൻ നബി(സ)യുടെ തൊട്ടടുത്തെ ത്തി. ഞാൻ പറഞ്ഞു: ഞാൻ പറയുന്നത് ശ്രദ്ധിക്കൂ.

നബി(സ): ആട്ടെ പറയൂ.
ഉടൻ സവാദുബ്നു‌ ഖാരിബ് ഒരു പദ്യം ചെല്ലി. അതിൻ്റെ സാരം:
ഞാൻ ശാന്തനായി ഉറങ്ങവെ ഒരാൾ വന്നു. 
മുമ്പൊന്നും ഞാൻ അസത്യം മൂലം പരീക്ഷിക്കപ്പെട്ടിട്ടില്ല.
മൂന്നു രാത്രികൾ, ദിവസവും അദ്ദേഹം ഓർമ്മപ്പെടുത്തി.
ലുഅയ്യുബ്നു ഗാലിബിൽ നിന്നു റസൂൽ ആഗതനായിരിക്കുന്നു.
ഞാൻ മുണ്ടു മുറുക്കി പെണ്ണൊട്ടകത്തിൽ കുതിച്ചെത്തി.
അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു ഞാൻ സാക്ഷി പറയുന്നു.
അങ്ങ് എല്ലാ പരോക്ഷ വിഷയങ്ങളിലും അങ്ങാണ് ആശ്രയം. 
പ്രവാചകരിൽ  അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത വസീലയാണെന്നും ദൂതരിൽ അത്യുത്തമരേ, 
സന്ദേശങ്ങൾ കല്പ്പിച്ചാലും ശിപാർശകരില്ലാത്ത ദിവസം എനിക്ക് ശിപാർശകനായാലും. 

സവാദ് തുടരുന്നു. നബി(സ) എൻ്റെ ഇസ്‌ലാം ആശ്ലേഷം തൃപ്‌തിപ്പെട്ടു. സ്വഹാബാക്കളും സന്തോഷിച്ചു. സന്തോഷം കാരണം അവരുടെ മുഖങ്ങൾ പ്രദീപ്‌തമായി. നിവേദകൻ പറയുന്നു: ഈ സംഭവ വിവരം കേട്ടപ്പോൾ ഉമർ(റ)ചാടിയെഴുന്നേറ്റ് സവാദിനെ ആശ്ലേഷിച്ചു. ഈ കേട്ടത് എനിക്ക് വല്ലാത്ത ഇഷ്ട്‌ടമായി. ഇപ്പോഴും ജിന്ന് വരാറുണ്ടോ?
സവാദ്: ഞാൻ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയതു മുതൽ ഇല്ല. ജിന്നിനേക്കാൾ എത്രയോ ഉത്തമം ഖുർആൻ തന്നെ. (അബൂനുഐം-ദലാഇലുന്നുബുവ്വ)

പശു സംസാരിക്കുന്നു
----------------------
മുജാഹിദ്(റ) പറയുന്നു: ജാഹിലിയ്യാ കാലത്ത് ജീവിച്ചിരുന്ന ഇബ്നു അൻബസ് എന്ന വ്യദ്ധൻ എന്നോട് പറഞ്ഞു: ഞാൻ ഞങ്ങളുടെ കുടുംബത്തിലെ ഒരാളുടെ പശുവിനെ തെളിച്ചു കൊണ്ടു പോവുകയായിരുന്നു. അപ്പോൾ അതിൻ്റെ അകത്തു നിന്നു കേട്ടു. ദരീഹ് കുടുംബമേ! സ്‌ഫുടമായ സംസാരം! ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന പുരുഷൻ. ഞാൻ മക്കയിലെത്തി നബി(സ)യെ കണ്ടു. (ഇബ്‌നുജസി/അൽവഫാ: 154)

ബലി മൃഗത്തിൻ്റെ സാക്ഷ്യം
----------------------------
അബൂഅംറ് അൽ ഹുദലി പറഞ്ഞു: ഞാനും കുറച്ചാളുകളും കൂടി സുവാഅ് വിഗ്രഹത്തിനടുത്തെത്തി. ബലി മൃഗങ്ങളെ തെളിച്ചു കൊണ്ടായിരുന്നു ഞങ്ങളെ വരവ്. തടിച്ചു കൊഴുത്ത ഒരു പശുവിനെ ഞാൻ തന്നെ ആദ്യമായി ബലിയറുത്തു. ബിംബത്തിന് മുകളിൽ വെച്ചാണ് അതിനെ ഞാൻ അറുത്തത്. അപ്പോൾ അതിൻ്റെ ഉള്ളിൽ നിന്നൊരു ശബ്ദം.  അത്ഭുതം, അത്ഭുതങ്ങളുടെ അത്ഭുതം. പുൽമേടുകളിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ഒരു പ്രവാചകനാണ്. അദ്ദേഹം വ്യഭിചാരം നിഷിദ്ധമാക്കും. ബിംബങ്ങൾക്  ബലിയറുക്കുന്നത് നിരോധിക്കും. ആകാശം സുരക്ഷിതമായിരിക്കും. ഞങ്ങൾ ചെങ്കോലുകൾ കൊണ്ട് എറിയപ്പെടും. തുടർന്ന് ഞങ്ങൾ പല ഭാഗങ്ങളിലേക്ക് പോയി.  ആ പ്രവാചകൻ്റെ ആഗമനത്തെക്കുറിച്ച് ഞങ്ങളാരോടും പറഞ്ഞില്ല. അവസാനം ഞങ്ങൾ അബൂബക്കറിനെ കണ്ടുമുട്ടി. മക്കയിൽ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന വല്ല പ്രവാചകനും വന്നിട്ടുണ്ടോ? ഞങ്ങൾ ചോദിച്ചു. അബൂബക്കർ: അതെന്താ അങ്ങനെ ചോദിക്കുന്നത്?  ഞങ്ങൾ സംഭവം വിശദീകരിച്ചു. ഉടനെ അബൂബക്കർ ഞങ്ങളെ സത്യമതത്തിലേക്ക് ക്ഷണിച്ചു. പക്ഷെ ഞങ്ങളുടെ ജനത എങ്ങനെ പ്രതികരിക്കുമെന്ന് നോക്കട്ടെ എന്ന് ഞങ്ങൾ പറഞ്ഞു. അന്നു തന്നെ ഞങ്ങൾ ഇസ്‌ലാമിൽ കടന്നിരുന്നെങ്കിൽ. പക്ഷെ പിന്നീട് മാത്രമാണ് ഇസ്ലാം ആശ്ലേഷിക്കാൻ ഞങ്ങൾക്ക് സൗഭാഗ്യമുണ്ടായത്. (അൽ വഫാ/ശൈഖ് ഇബ്നുൽ ജൗസി)


അത്ഭുതങ്ങളുടെ ജനനം
************************

പറഞ്ഞല്ലോ, ലോകം കാത്തിരിക്കുകയായിരുന്നു. ജൂതരും ക്രൈസ്‌തവരും. അന്വേഷിച്ചു തുട ങ്ങി. ആ പ്രവാചകൻ പ്രസവിക്കപ്പെട്ടോ? അത് കൊണ്ട് തന്നെ, ഒരു സാധാരണ കുഞ്ഞ് പിറക്കുന്നത് പോലെ പിറന്നാൽ മതിയായിരുന്നില്ല പ്രവാചകന്. ഈ ജന്മം ലോകം അറിയണം. ലോകത്തെ അറിയിക്കണം. ഈ കാത്തിരിപ്പുകൾക്ക് ഉത്തരം ലഭിക്കുന്നത് ലോകം മനസ്സിലാക്കണമെന്നതിനാൽ സവിശേഷമായ അൽഭുതങ്ങൾ അന്നുണ്ടായി. അത്ഭുതങ്ങളോടെ ജനിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ കുഞ്ഞല്ല തിരുനബി. ഈസാ നബിയുടെ (യേശു) ജന്മസമയത്തും അൽഭുതങ്ങളുണ്ടായിട്ടുണ്ട്. തൻ്റെ ഉമ്മയുടെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ച പൊതുജനത്തോട് തൊട്ടിലിൽ കിടന്ന കുഞ്ഞ് സ്‌ഫുടമായി പ്രസംഗിച്ചതിനെ കുറിച്ച് ഖുർആൻ വാചാലമാകുന്നുണ്ട്. പക്ഷെ, ബൈബിളുകളിൽ അത് നാം കാണുന്നില്ല. എന്നാൽ ഇതേക്കാൾ വലിയ അത്ഭുതങ്ങളാണ് തിരുനബി(സ)യുടെ ജന്മസമയത്തുണ്ടായത്. 

ആമിന(റ) നബി(സ)യെ ഗർഭം ധരിച്ചപ്പോൾ സാധാരണ ഗർഭിണികൾക്കുണ്ടാവുന്ന ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ലത്രെ.  ആ സമയത്ത് സ്വപ്‌ന ദർശനങ്ങൾ ഉണ്ടായതായും സ്വപ്‌നത്തിൽ, ഈ സമുദായത്തിൻ്റെ നായകനും പ്രവാചകനുമായ മഹാനെയാണ് താൻ ഗർഭം ചുമന്നിരിക്കുന്നതെന്ന് അറിയിക്കപ്പെട്ടിട്ടുണ്ടെന്നും മഹതി വിശദീകരിക്കുന്നു. കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത് അതിശക്തമായ ഒരു പ്രകാശമുണ്ടായി. ആ പ്രകാശത്തിൽ സിറിയ യിലെ കൊട്ടാരങ്ങൾ ആമിന കണ്ടു. കൂടെയുണ്ടായിരുന്ന ശിഫാ എന്ന സ്ത്രീക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. കുഞ്ഞിൻ്റെ പൊക്കിൾ കൊടികൾ മുറിക്കപ്പെട്ടിരുന്നു. ചേലാകർമം ചെയ്യപ്പെട്ടിരുന്നു. സുജൂദിലെന്ന പോലെ കിടക്കുകയായിരുന്നു കുഞ്ഞ്.

മഖ്സുമ്ബ്നു ഹാനിഅ് തൻ്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ)പ്രസവിച്ച രാത്രിയിലുണ്ടായ ഒട്ടേറെ അൽഭുത സംഭവങ്ങളെ കുറിച്ച് പറയുന്നുണ്ട്. അന്ന് കിസ്‌റാ രാജാവിൻ്റെ കൊട്ടാരം വിറച്ചു. അതിൽ നിന്ന് 14 കഷ്‌ണങ്ങൾ വീണു. സാവ തടാകം വരണ്ടു. ആയിരം വർഷങ്ങൾ കെടാതെ കത്തിക്കൊണ്ടിരുന്ന പേർഷ്യക്കാരുടെ തീ പൊലിഞ്ഞുപോയി അങ്ങനെ ഒട്ടേറെ വിശ്രുതമായ അൽഭുത സംഭവങ്ങൾ! വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും അൽഭുതങ്ങൾ നബി(സ)ക്ക് അകമ്പടി ചേർന്നു.


വിസ്മയകരം ഈ ജീവിതം 
*************************

ജനനസമയത്തും അതിനു മുമ്പുമെന്ന പോലെ തുടർന്നും അത്ഭുതങ്ങൾ ആ ജീവിതത്തിൽ നിറഞ്ഞു നിന്നു. യക്ഷിക്കഥകൾ പോലെ പരിഹാസ പൂർവ്വം തള്ളിക്കളയേണ്ടതല്ല അവ. വർത്തമാനത്തിന്റെ അത്ഭുതങ്ങൾ തന്നെ ഭൂത കാലാനുഭവങ്ങളുടെ സാധൂകരണത്തിന് സാക്ഷി പറയുന്നുണ്ട്. കൂടാതെ ചരിത്ര രേഖകളുടെ പിൻബലവും. നുബുവ്വത്തിൻ്റെ മുമ്പു വരെയുള്ള ജീവിത ചരിത്രം പ്രവാചകത്വത്തിന് സുശക്തമായ തെളിവുകൾ നൽകുന്നു. നബി(സ)യെ ഗർഭം ധരിച്ചതും പ്രസവിച്ചതും മുലയൂട്ടിയതും ബാല്യവും കൗമാരവും യാത്രയും കച്ചവടവും എല്ലാം നിവേദക പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ  ഉദ്ധരിക്കപ്പെട്ട അനുഭവ ചീന്തുകളിൽ നിന്ന് ചില സംഭവങ്ങൾ ഒന്നിച്ചു വെക്കുകയാണ് ഇവിടെ.

കഅ്ബ്(റ) ഉദ്ധരിക്കുന്നു. ഹലീമ(റ)പറഞ്ഞു: മുഹമ്മദിനെയും വഹിച്ച് ഞാൻ കുതിരപ്പുറത്ത് കയറി സഞ്ചരിച്ചു. അങ്ങനെ ഞങ്ങൾ മക്കയിലെ പ്രധാന കവാടത്തിങ്കലെത്തി. എൻ്റെ ചില ആവശ്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടി കുട്ടിയെ ഞാൻ താഴെ വെച്ചു. പെട്ടെന്നൊരു സ്ഫോടന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല. ഞാൻ വിളിച്ചു പറഞ്ഞു: അല്ലയോ ജനങ്ങളേ, എൻ്റെ കുട്ടിയെവിടെ? ജനം ചോദിച്ചു: ഏതു കുട്ടി? ഞാൻ പറഞ്ഞു: അബ്ദു‌ൽ മുത്തലിബിൻ്റെ മകൻ അബ്‌ദുല്ലയുടെ മകൻ മുഹമ്മദ്. അവൻ കാരണം എൻ്റെ മുഖം പ്രകാശിച്ചു. എൻ്റെ വിശപ്പടങ്ങി. പൂർണ്ണ സന്തോഷം കൈവരുന്നതുവരെ ഞാനവനെ പോറ്റി. ഉമ്മാക്ക് തിരിച്ചേൽപ്പിച്ച ശേഷം പൂർണ്ണ ഉത്തരവാദിത്വത്തിൽ വീണ്ടും തിരിച്ചു കൊണ്ടു വന്ന കുഞ്ഞ് എൻ്റെ കയ്യിൽ നിന്നും പിടിച്ചു പറിക്കപ്പെട്ടിരിക്കുന്നു. ലാത്തയും ഉസ്സയുമാണെ, അവനെ കണ്ടില്ലെങ്കിൽ ഞാൻ എൻ്റെ ശരീരം ഈ പർവ്വത ശിഖിരത്തിൽ നശിപ്പിക്കും. അവർ പറഞ്ഞു: ഞങ്ങളൊന്നും കണ്ടില്ലല്ലോ? ഞാൻ വാവിട്ടു കരഞ്ഞു:  മുഹമ്മദേ, നിനക്കെന്തുപറ്റി മോനെ. നിനക്കെന്തു പറ്റി? എൻ്റെ കരച്ചിൽ കേട്ട് കൂടി നിന്നവരും കരയാൻ തുടങ്ങി. ഞാൻ അബ്ദു‌ൽ മുത്തലിബിൻ്റെ അടുക്കൽ ചെന്ന് വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ വാൾ വലിച്ചൂരി. ഖുറൈശികളെ സഹായത്തിനു വിളിച്ചു. ഖുറൈശികൾ ഒത്തുകൂടിയപ്പോൾ പറഞ്ഞു: എൻ്റെ മകൻ മുഹമ്മദിനെ കാണാനില്ല.

ഖുറൈശികൾ പ്രതികരിച്ചു. വാഹത്തിൽ കയറൂ. ഞങ്ങളും കയറാം. നീ കടലിൽ ചാടിയാൽ നിന്നോടൊപ്പം ഞങ്ങളും ചാടും. അവരൊന്നിച്ച് വാഹനത്തിൽ കയറി മക്കയുടെ ഉച്ചിയിൽ വരെയെത്തി താഴേക്ക് ഊർന്നിറങ്ങി. ഒന്നും കാണാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം ജനങ്ങളെ ഒഴിവാക്കി കഅ്ബക്കരികിലേക്ക് ചെന്ന് ത്വവാഫ് ചെയ്‌തു. ശേഷം പാടി: 
"പാലകാ മുഹമ്മദിനെ എനിക്ക് തിരിച്ചുതാ
അവനിൽ എനിക്ക് നീ ശക്തി താ
പെട്ടെന്നൊരു ശബ്ദം, ഒരശരീരി. ജനങ്ങളേ, ദു:ഖിക്കേണ്ട. മുഹമ്മദിന് ഒരു രക്ഷകനുണ്ട്. അവൻ മുഹമ്മദിനെ കയ്യൊഴിക്കില്ല. 
അബ്ദു‌ൽ മുത്തലിബ്: അല്ലയോ അശരീരി. എൻ്റെ മകൻ എവിടെ?
അശരീരി: തിഹാമയുടെ ചെരിവിൽ യമൻ വ്യക്ഷത്തിനടുത്തുണ്ട്. അബ്‌ദുൽ മുത്തലിബ് പോയിനോക്കിയപ്പോൾ മരച്ചില്ലകളോടും ഇലകളോടും കിന്നാരം പറഞ്ഞ് കളിക്കുന്നുണ്ട് മുഹമ്മദ്. (ഇബ്നു‌ ജൗസി: അൽ വഫാ 112)

നബി(സ) ഹർബുൽ ഫിജാറിൽ
---------------------------------
നുബുവ്വത്തിനു മുമ്പ് നബി(സ)യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ഹർബുൽ ഫിജാറിൽ രണ്ടാം ഘട്ടത്തിൽ. ഹവാസികളും ഖുറൈശികളും തമ്മിലാണ് യുദ്ധം നടന്നത്. കിനാനയും ഹവാസിൽ ഗോത്രക്കാരും ഹറമിൽ കയറി കലഹം സൃഷ്ടിക്കുകയും തോന്നിവാസങ്ങൾ ചെയ്‌തു കൂട്ടുകയും ചെയ്‌തതാണ് യുദ്ധകാരണം.

നബി(സ)പറയുന്നു; ഫിജാർ യുദ്ധ ദിവസം ഞാൻ എൻ്റെ അമ്മാവന്മാർക്ക് അമ്പെടുത്തു കൊടുത്തിരുന്നു. (ഇബ്‌നുകസീർ: അൽബിദായത്തുവന്നിഹായ 2/290) അന്ന് നബി(സ) തങ്ങൾക്ക് പതിനാല് വയസ്സായിരുന്നു.

പക്ഷിയെ പറത്തുന്നു:
----------------------
ഇബ്നു അബ്ബാസ്‌(റ)പറയുന്നു: നബി(സ)ആറാം ദിവസം ഉമ്മയോടൊപ്പം മദീനയിലെ അമ്മാവന്മാരുടെ വീട്ടിൽ പോയി. കൂടെ ഉമ്മു ഐമനുമുണ്ടായിരുന്നു. അവിടെ നിന്ന് നാബിഗയുടെ വീട്ടിൽ ഒരു മാസം താമസിച്ചു. (ദലാഇലുന്നുബുവ്വ: 1/188)

പിൽക്കാലത്ത് മദീനയിലെ അദിയ്യുബ്നു നജ്ജാറിൻ്റെ കോട്ടക്കരികിൽ നബി(സ) എത്തിയപ്പോൾ തന്റെ ബാല്യകാല സ്‌മൃതികൾ തികട്ടി വന്നു. അവിടുന്നു പറഞ്ഞു: ഈ കോട്ടക്കുളളിൽ വെച്ച് അൻസാരികളിൽ പെട്ട അനീസ എന്ന ബാലികയോടൊപ്പം ഞാൻ കളിക്കാറുണ്ടായിരുന്നു. അമ്മാവന്മാരുടെ കുട്ടികൾക്കൊപ്പം അവിടങ്ങളിൽ വന്നിരിക്കുന്ന പക്ഷികളെ പറത്താറുണ്ടായിരുന്നു.

അവിടെ കണ്ട വീട്ടിലേക്ക് നോക്കി നബി(സ) വിതുമ്പി. ഇവിടെയാണ് ഞാൻ എൻ്റെ ഉമ്മയോടൊപ്പം ഇറങ്ങി താമസിച്ചത്. ഈ വീട്ടിലാണ് എൻ്റെ ഉപ്പയെ മറമാടപ്പെട്ടത്. ബനു അദിയ്യു ബ്നു നജ്ജാറിന്റെ കിണറിൽ നിന്നാണ് ഞാൻ നീന്തൽ പഠിച്ചത്.

ഉമ്മയുടെ ഖബറിനരികിൽ:
----------------------------
ഉമ്മയുമായി മക്കയിലേക്ക് തന്നെ മടങ്ങവെ അബവാഅ് എന്ന സ്ഥലത്ത് വെച്ച് ഉമ്മ വഫാത്തായി. അവിടെ തന്നെ അവർ മറമാടപ്പെട്ടു. ഉമ്മു ഐമനോടൊപ്പം നബി(സ)മക്കയിലെത്തി. പിൽകാലത്ത് ഹുദൈബിയയിലേക്കുള്ള യാത്രമധ്യേ നബി(സ)  അബവാഇലെത്തി അവിടുന്ന് പറഞ്ഞു. മുഹമ്മദിന് തൻ്റെ ഉമ്മയുടെ ഖബ്ർ സന്ദർശിക്കുവാൻ അല്ലാഹു അനുവാദം നൽകിയിരിക്കുന്നു. (ത്വബഖാത്ത്: ഇബ്‌നുസഅദ് 1/73) തുടർന്ന് നബി(സ)ഖബ്റിന്നരികിലേക്ക് ചെന്നു അതു വൃത്തിയാക്കി കുറെ നേരം കരഞ്ഞു. ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ നബി(സ)പറഞ്ഞു: ഉമ്മയോടുള്ള റഹ്‌മത്ത്. അതു കൊണ്ടാണ് ഞാൻ കരഞ്ഞത്.

ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അബ്‌ദുൽ മുത്തലിബിൻ്റെ മുറിയിൽ ഒരു വിരിപ്പ് ഉണ്ടായിരുന്നു. അദ്ദേഹം മാത്രമേ അതിൽ ഇരിക്കാറുണ്ടായിരുന്നുളളൂ. ഹർബുബ്നു ഉമയ്യയെപ്പോലുള്ള പ്രമുഖർ റൂമിൽ വന്നാൽ വിരിപ്പിനടുത്ത് മാത്രമേ ഇരിക്കൂ. പ്രയപൂർത്തി എത്തുന്നതിനു മുമ്പ് ഒരിക്കൽ നബി(സ) അങ്ങോട്ടു കയറി വന്ന് വിരിപ്പിൽ ഇരുന്നു. അപ്പോൾ ഒരാൾ പിടിച്ചു വലിച്ചു. അവിടുന്ന് കരഞ്ഞു. കരച്ചിൽ കേട്ട അബ്‌ദുൽ മുത്തലിബ് ഓടിയെത്തി ചോദിച്ചു. എൻ്റെ മകന് എന്തു പറ്റി. അവർ കാര്യം ധരിപ്പിച്ചപ്പോൾ അബ്‌ദുൽ മുത്തലിബിൻ്റെ പ്രതികരണം. എൻ്റെ മകനെ വിടൂ. അവൻ അവിടെ ഇരിക്കട്ടെ. അവന് എന്തൊക്കെയോ ഉൽകൃഷ്ടതകളുണ്ട്. മുമ്പോ ശേഷമോ ഒരറബിക്ക് എത്തിപ്പെടാനാവാത്ത ഔന്നത്യം അവനുണ്ടാവട്ടേ എന്ന് ഞാൻ ആശിക്കുന്നു.

നുബുവ്വത്തിനു മുമ്പ് മഴ തേടുന്നു:
----------------------------------
റഖീഖ: പറയുന്നു: രൂക്ഷമായ വരൾച്ചയുടെ വർഷങ്ങൾ ഖുറൈശികൾക്ക് തുടർച്ചയായി വറുതി അനുഭവപ്പെട്ടു. ഞാൻ ഉറങ്ങിക്കൊണ്ടിരിക്കുന്നു. പെട്ടൊന്നശരീരി. ഖുറൈശികളെ. നിങ്ങളിലേക്ക് ആഗതനാവാനിരിക്കുന്ന പ്രവാചകൻ്റെ നാളുകൾ അടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ  ഉദയ കിരണങ്ങളുടെ സമയമാണിത്. അതിനാൽ നാട്ടിൽ ക്ഷേമവും സമൃദ്ധിയും വരട്ടെ. കണ്ടില്ലേ നിങ്ങളിൽ ഒരാൾ നേർത്ത തൊലിയും, കട്ടിയുള്ള പുരികവുമുള്ള മാർദ്ദവമായ കവിളുകളും ഉയർന്ന മൂക്കുകളുമുള്ള കുറിയവനോ നീളമുള്ളവനോ അല്ലാത്ത വെളുത്ത ഒരു മനുഷ്യൻ അസൂയാവഹമായ ബഹുമതിയും ആരെയും ആകർഷിക്കുന്ന ജീവിത രീതിയുമുളള ഒരാൾ. അദ്ദേഹവും സന്തതികളും രക്ഷപ്പെടട്ടേ. അതിനായി ഓരോ ഗോത്രത്തിലെയുമാളുകൾ അദ്ദേഹത്തിന്നടുക്കൽ ചെല്ലുക. കുളിച്ച് സുഗന്ധം പൂശി റുക്‌നുൽ (അസ്‌വദ്) മുത്തിയ ശേഷം അബൂഖുബൈസ് മലയിൽ കയറുക. ആ മനുഷ്യൻ മഴ തേടട്ടേ. ജനത ആമീൻ പറയട്ടേ.  നിങ്ങൾക്ക്  മഴ ലഭിക്കാതിരിക്കുകയില്ല.
 
നേരം പുലർന്നു. ഞാനാകെ കോൾമയിൽ കൊണ്ടു. സ്വപ്‌നം വിവരിച്ചു. മക്കാനിവാസികളൊന്നടങ്കം പറഞ്ഞു. ആ പുരുഷൻ മുഹമ്മദ് തന്നെ ഖുറൈശി പുരുഷാരം മുഹമ്മദിൻ്റെ അടുത്തേക്ക് ഒഴുകി. ഓരോ കുടുംബത്തിൽ നിന്നും ഓരോരുത്തർ വീതം കുളിച്ച് സുഗന്ധം പൂശി ഹജറുൽ അസ്‌വദ് ചുംബിച്ച് അബൂഖുബൈസ് പർവ്വതത്തിൽ കയറി. തുടർന്നു അവിടുന്ന് പ്രാർത്ഥിച്ചു: നഥാ! ദരിദ്രമകറ്റുന്നവനേ, പ്രയാസങ്ങൾ നീക്കുന്നവനേ, നീയാണ് പഠിപ്പിക്കുന്നവൻ, നിന്നെയാരും പഠിപ്പിക്കാനില്ല. നീ ഒട്ടും പിശുക്കനല്ല. ഇവർ നിൻ്റെ അടിമകളാണ്. നിൻ്റെ ഹറമിൽ മഴ കിട്ടുവാൻ ഇവർ നിന്നോട് പരാതിപ്പെടുന്നു. പക്ഷി മൃഗാദികൾ ചത്തു പോയിരിക്കുന്നു. നാഥാ മഴ!മഴ !

കഅ്ബയാണ! കനത്ത പേമാരി ഉണ്ടായതിന് ശേഷമേ അവർ മടങ്ങിയുള്ളൂ. ആകാശം ജല സംഭരണികൾ മുഴുക്കെ തുറന്നു വിട്ടു. തെരുവീഥികളിൽ ജലം നിറഞ്ഞൊഴുകി. ഖുറൈശി പ്രമുഖരായ അബ്‌ദുല്ലാഹിബ്നു ‌ജദ്ആനും ഹർബ് ബ്നു ഉമയ്യയും നിശാമു ബ്നു‌ മുഗീറയുമൊക്കെ പറഞ്ഞുവത്രെ: അബ്‌ദുൽ മുത്തലിബ്, മംഗളങ്ങൾ! നിൻ്റെ മോൻ കാരണം മക്കക്കാർക്ക് ജീവിക്കാനായി. (ദലാഇലുന്നുബുവ്വ: 2:15 19) 

വിഗ്രഹത്തിന് മുമ്പിൽ
-----------------------
ഉമ്മു ഐമൻ പറഞ്ഞു: ഖുറൈശികൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദൈവമായിരുന്നു ബവ്വാന ഹജ്ജ് കർമ്മങ്ങൾ അതിനടുത്ത് വെച്ചായിരുന്നു ചെയ്തിരുന്നത്. മുടി കളയും, രാത്രിവരെ ഭജനമിരിക്കും. ആ ആഘോഷത്തിൽ പങ്കെടുക്കാൻ തിരുനബി വിസമ്മതിച്ചു. "കൊല്ലത്തിൽ ഒരിക്കൽ മാത്രമേ ഈ ആഘോഷമുണ്ടാവൂ". ഇതറിഞ്ഞ അബൂതാലിബ്  നബി(സ)യോട് കോപിച്ചു. അമ്മായിമാരും ശക്തമായി ദേഷ്യം പിടിച്ചു. അവർ പറയാൻ തുടങ്ങി. നീ നിൻ്റെ ജനതയുടെ ആഘോഷത്തിൽ പങ്കെടുക്കില്ലെന്നോ. വിഗ്രഹങ്ങളുമായി വിട്ടു നിൽക്കുന്നത് കാരണം നിനക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു. അവർ നിർബന്ധിച്ചപ്പോൾ നബി പോകാനൊരുങ്ങി. കുറച്ചങ്ങ് നടന്നതേയുള്ളൂ. ഉടൻ പേടിച്ച് പരിഭ്രമിച്ച് ഓടി വരുന്നു. അമ്മായിമാർ ചോദിച്ചു എന്തു പറ്റി. നബി(സ): എനിക്ക് എന്തെങ്കിലും അപകടം പിണയുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അവർ:പിശാചിന് ഏതായാലും നിന്നെ പരീക്ഷിക്കാനാവില്ല. കാരണം നിറഞ്ഞ നന്മയും ഒട്ടേറെ വശങ്ങളുമുണ്ട് നിനക്ക്. നീയെന്താണ് കണ്ടത്. നബി(സ): ഞാൻ  വിഗ്രഹത്തിനടുത്തേക്കടുക്കുമ്പോൾ വെളുത്ത നീളമുള്ള ഒരാൾ എന്നോട് പറയുന്നു. അകന്നു നിൽക്കൂ മുഹമ്മദ്, വിഗ്രഹത്തെ തൊട്ടുപോകരുത് എന്ന്. (ഇബ്നു സഅ്ദ്: ത്വബവാതുൽകുബ്റ 1:103) പിന്നെ നബി(സ) ആ ആഘോഷത്തിന് പോയിട്ടില്ല. 

ബഹീറയുടെ സദ്യയിൽ
-------------------------
ദാവൂദ്ബ്നു‌ ഹുസൈൻ ഉദ്ധരിക്കുന്നു: അബൂതാലിബ് സിറിയയിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ മുഹമ്മദ്(സ)യും കൂടെപ്പോയി. അന്ന് പന്ത്രണ്ട് വയസ്സേ ആയിട്ടുള്ളൂ. സിറിയയിലെ ബുസ്‌റാ പട്ടണത്തിൽ എത്തിയപ്പോൾ കച്ചവട സംഘം അവിടെ ഇറങ്ങി. അവിടെ തൊട്ടടുത്ത് ഒരു ക്രിസ്ത്യൻ മഠം ഉണ്ടായിരുന്നു. മഠത്തിൽ ബഹീറ എന്നു പേരുള്ള ഒരു പാതിരിയും. സിറിയയിലേക്ക് പോവുമ്പോൾ പലപ്പോഴും ഈ വഴി കടന്നു പോയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഈ പാതിരി ഇവരുമായി എന്തെങ്കിലും സംസാരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ യാത്രാസംഘം മഠത്തിനടുത്തുള്ള പ്രദേശത്തിറങ്ങിയപ്പോൾ ബഹീറ ആ ദൃശ്യം ശ്രദ്ധിച്ചു. യാത്രാസംഘത്തിലെ ഒരു പയ്യന് മേഘം തണലിട്ടു കൊടുക്കുന്നു. ഇതു കണ്ട ഉടനെ ബഹീറ ഇറങ്ങി വന്ന് വിളിച്ച് പറഞ്ഞു: ഖുറൈശികളേ നിങ്ങൾക്ക് ഞാനോരു സദ്യ ഒരുക്കിയിരിക്കുന്നു. എല്ലാവരും അതിൽ പങ്കെടുക്കണം. വലിയവരും ചെറിയവരും അടിമകളും സ്വതന്ത്രരും എല്ലാം. ഇതു കേട്ട സംഘത്തിലെ ഒരാൾ പറഞ്ഞു: ബഹീറാ ഇത് വല്ലാത്ത കാര്യമായിരിക്കുന്നുവല്ലോ. നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യാറില്ലല്ലോ. ഇന്ന് എന്തു പറ്റി? 
ബഹീറ: നിങ്ങളെ ആദരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് അതിനുള്ള അർഹതയുണ്ട്.  

കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു നബി(സ). അതിനാൽ നബി(സ)പോകാൻ താൽപര്യമെടുത്തില്ല. അവരുടെ  സാധന സാമഗ്രികളുടെയും വാഹനങ്ങളുടെയും ചാരത്ത് ഒരു മരച്ചുവട്ടിൽ നബി(സ)ഇരുന്നു. ബഹീറ ആഗതരെ മുഴുവൻ ശ്രദ്ധിച്ചു. പക്ഷെ താനുദ്ദേശിക്കുന്ന ഗുണങ്ങളോടു കൂടിയ ആളെ മാത്രം അവരുടെ കൂട്ടത്തിൽ കാണാതിരുന്നപ്പോൾ ബഹീറ പറഞ്ഞു: എൻ്റെ സദ്യയിൽ നിങ്ങൾ ആരും വിട്ടു നിൽക്കരുത്. ഞങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരു ബാലൻ മാത്രമേ മാറി നിന്നിട്ടുളളൂ. അവർ പ്രതികരിച്ചു.ബഹീറ അവനെയും വിളിക്കൂ. ഒരാളെ മാത്രം മാറ്റി നിങ്ങളെല്ലാവരും  സദ്യക്കൊരുങ്ങുന്നത് എത്ര വഷളത്തരം.
സംഘം പറഞ്ഞു: ഞങ്ങളിൽ ഏറ്റവും കുലീനനാണ് ആ പയ്യൻ.  അബൂതാലിബിനെ ചൂണ്ടി. ഇദ്ദേഹത്തിൻ്റെ സഹോദരപുത്രനാണ്. അബ്‌ദുൽ മുത്തലിബിൻ്റെ പേരമകൻ. അങ്ങനെ നബി(സ)യെ അവർ വാത്സല്യ പൂർവ്വം കൂട്ടിക്കൊണ്ടു വന്നു ഭക്ഷണത്തിൻ്റെ മുമ്പിലിരുത്തി. ബഹീറ നബി(സ)യെ സൂക്ഷ്‌മമായി ശ്രദ്ധിക്കാൻ തുടങ്ങി. ഭക്ഷണശേഷം പാതിരി തിരുനബിയോട് ചോദിച്ചു: കുഞ്ഞേ ലാത്തയെയും ഉസ്സയെയും മുൻ നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു. ഞാൻ ചോദിക്കുന്നതിനൊക്കെ നീ ശരിയായ മറുപടി തരണം.
നബി(സ): ലാത്തയും ഉസ്സയും മുൻ നിർത്തി എന്നോട് ഒന്നും ചോദിക്കരുത്. അവരോടുളളത്ര വെറുപ്പ് എനിക്ക് മറ്റാരോടുമില്ല. ബഹീറ എങ്കിൽ അല്ലാഹുവിനെ മുൻ നിർത്തി.
നബി: ചോദിച്ചോളൂ.
നബി(സ) പറഞ്ഞ ഉത്തരങ്ങളെല്ലാം ബഹീറയുടെ നിഗമനങ്ങളോട് യോജിച്ചതായിരുന്നു.തുടർന്ന് അദ്ദേഹം നബി(സ)യുടെ  കണ്ണുകൾക്കിടയിലേക്ക് നോക്കി. ശേഷം ശരീരത്തിൻ്റെ പുറം ഭാഗം ശ്രദ്ധിച്ചു. തോളുകൾക്കിടയിൽ നുബുവ്വത്തിൻ്റെ സീൽ താൻ പഠിച്ച അതേ രൂപത്തിൽ കണ്ടു. അദ്ദേഹം ആ ഭാഗത്ത് ചുംബിച്ചു. ഖുറൈശികൾ പറഞ്ഞു: ഈ പാതിരിയുടെ അടുക്കൽ മുഹമ്മദിന് വല്ലാത്ത സ്ഥാനമാണല്ലോ. 
ബഹീറ അബൂതാലിബിനോട്: ഈ കുട്ടിയുമായി നിങ്ങളുടെ ബന്ധമെന്താണ്?
അബൂതാലിബ്: ഇതെൻ്റെ മകനാണ്. 
ബഹീറ: ഇത് നിങ്ങളുടെ മകനല്ല. ഈ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കുകയില്ല.
അബൂതാലിബ്: ഇതെൻ്റെ സഹോദരൻ്റെ മകനാണ്.
ബഹീറ: പിതാവിനെന്ത് സംഭവിച്ചു ?
അബൂതാലിബ്: ഇവൻ ജനിക്കുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു.
ബഹീറ: ഉമ്മക്കെന്തു പറ്റി ?
അബൂതാലിബ്: ഈയടുത്ത് അവരും മരണപ്പെട്ടു.
ബഹീറ: ശരി, നിങ്ങൾ പറഞ്ഞതൊക്കെ സത്യം. അതിനാൽ സഹോദര പുത്രനുമായി നാട്ടിലേക്ക് മടങ്ങുക. ജൂതരെ സൂക്ഷിക്കുക. അല്ലാഹുവാണെ, ഈ കുഞ്ഞിനെ അവർ കാണുകയും എനിക്ക് മനസ്സിലായ കാര്യങ്ങൾ അവർക്ക് മനസ്സിലാകുകയുമാണെങ്കിൽ അസൂയ നിമിത്തം അവർ അവനോട് അക്രമം കാണിക്കും. നിങ്ങളുടെ സഹോദരപുത്രന് മഹത്തായ ചില കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നു. ഞങ്ങളുടെ കിതാബിലും ഞങ്ങളുടെ പിതാക്കളിൽ നിന്ന് കേട്ട് വരുന്ന കാര്യങ്ങളിലും ഈ കുട്ടിയുടെ വിശേഷണങ്ങൾ ഞാൻ കാണുന്നു. അറിയുക. ഞാൻ നിങ്ങളുമായുള്ള എൻ്റെ ഗുണകാംക്ഷ നിർവ്വഹിച്ചിരിക്കുന്നു.

കച്ചവടം കഴിഞ്ഞയുടനെ അബൂതാലിബ് സഹോദര പുത്രനെയും കൂട്ടി പെട്ടെന്ന് തന്നെ മടങ്ങി. ചില ജൂതന്മാർ നബിയെ കാണുകയും അവിടുത്തെ  ഗുണ വിശേഷണങ്ങൾ മനസ്സിലാക്കുകയും ചെയ്‌തിരുന്നു. നബി(സ)യുടെ കഥ കഴിക്കാൻ അവർ തീരുമാനിച്ചുറച്ചു. ചർച്ച ചെയ്യാ൯ വേണ്ടി അവർ  ബഹീറയുടെ അടുത്തെത്തി. അദ്ദേഹം അതിനെ നിശിതമായി വിമർശിച്ചു. അദ്ദേഹം അവരോട് ചോദിച്ചു: അദ്ദേഹത്തിൻ്റെ ഗുണവിശേഷണങ്ങൾ നിങ്ങൾ കാണുന്നുവോ? 
അവർ: അതേ.
ബഹീറ: എങ്കിൽ അദ്ദേഹത്തെ പിടിക്കാൻ ഒരു നിലക്കും നിങ്ങൾക്ക് കഴിയില്ല. അവരത് അംഗീകരിച്ചു. ഒന്നും ചെയ്യാതെ നബിയെ വെറുതെ വിട്ടു. അബൂതാലിബ് തുടരുന്നു: ഈ സംഭവത്തിന് ശേഷം നബിയെയും കൂട്ടി ഞാൻ ഒരു യാത്രയും ചെയ്ത‌ിട്ടില്ല.

പോറ്റുമ്മയുടെ അനുഭവങ്ങൾ
------------------------------
തിരുനബി(സ)യുടെ ജീവിതത്തിലെ പല സംഭവങ്ങളും മൊത്തമായി അറിയുന്നവരാണ് മുസ്‌ലിം പൊതുജനം. എന്നാൽ അവയുടെ ആഴങ്ങളും, നിവേദനങ്ങളിലെ വൈവിധ്യങ്ങളും ഹൃദയസ്‌പൃക്കായ വിവരണങ്ങളും വിശ്വാസി ഹൃദയത്തെ തരളിതമാക്കാതിരിക്കില്ല. നബി(സ)യുടെ മുലകുടി, നെഞ്ച് കീറൽ തുടങ്ങിയവയുടെ ചരിത്ര  പശ്ചാത്തലങ്ങളിലേക്കിറങ്ങിവരുമ്പോൾ ഈ വസ്തുത വ്യക്തമാകും.  മുലയൂട്ടുവാനുണ്ടായ സാഹചര്യവും തുടർന്നുണ്ടായ സംഭവങ്ങളും . നബിക്ക് ഏറ്റവും കൂടുതൽ മുലകൊടുത്ത സഅദ് ഗോത്രത്തിലെ ഹലീമ(റ) തന്നെ വിശദമായി വിവരിക്കുന്നുണ്ട്. ഇമാം ഇബ്‌നു ജൗസി അൽവഫയിൽ ഉദ്ധരിക്കുന്നു. ഹലീമ(റ) പറയുന്നു. ഞാനും എൻ്റെ ഭർത്താവ് ഹാരിസ്ബ്‌നു അബ്‌ദിൽ ഉസ്സ:യും കൂടി ഒരു കഴുതപ്പുറത്ത് കയറി പുറപ്പെട്ടു. മുലയൂട്ടാൻ ഒരു കുട്ടിയെ കിട്ടുകയായിരുന്നു ലക്ഷ്യം. കൂടെ ഒരു പെണ്ണൊട്ടകമുണ്ടായിരുന്നു. ഒരു തുളളി പാൽ പോലും ചുരത്താൻ അതിനായിരുന്നില്ല. എൻ്റെ കുട്ടിയുടെ കരച്ചിൽ കാരണം ഞങ്ങൾക്ക് ഉറങ്ങാനേ ആയില്ല. എൻ്റെ മുലയിൽ അവന് തികയാൻ മാത്രം പാൽ ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല.

മക്കയിലെത്തി ഞങ്ങളുടെ സംഘത്തിലുള്ള എല്ലാ സ്ത്രീകളും മുഹമ്മദിനെ കണ്ടുവെങ്കിലും ആരും സ്വീകരിച്ചില്ല. പിതാവ് ജീവിച്ചിരിക്കുന്നവരിൽ നിന്നേ കാര്യമായ പ്രതിഫലം കിട്ടുകയുള്ളൂ എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒരു അനാഥയുടെ ഉമ്മാക്ക് നമുക്കെന്ത് തരാൻ കഴിയും എന്നായിരുന്നു മനോഗതം. അങ്ങനെ എന്റെ കൂട്ടുകാരികൾക്കെല്ലാം ഓരോ കുഞ്ഞിനെ കിട്ടി. എനിക്ക് മാത്രം കിട്ടിയില്ല. എനിക്ക് വല്ലാത്ത വൈഷമ്യം അനുഭവപ്പെട്ടു.  അനാഥ ബാലനെ സ്വീകരിക്കുമെന്ന് പറഞ്ഞു ഞാൻ ചെന്ന് നബിയെ സ്വീകരിച്ച് തിരിച്ച് വാഹനത്തിലെത്തിച്ചു. ഭർത്താവ് ചോദിച്ചു: നീ ആ കുട്ടിയെ സ്വീകരിച്ചോ?
ഞാൻ: അതെ, മറ്റാരെയും കിട്ടാത്തതിനാൽ അവനെ തന്നെ സ്വീകരിച്ചു.
ഭർത്താവ്: നല്ലത്. അല്ലാഹു അവനിൽ നന്മ നിറക്കട്ടെ!
ഹലീമ തുടരുന്നു. അത്ഭുതമെന്ന് പറയട്ടെ, അല്ലാഹുവാണെ ആ കുഞ്ഞിനെ എൻ്റെ അടുത്ത് വെച്ചപ്പോഴേക്കും സ്‌തനങ്ങളിൽ പാൽ നിറഞ്ഞു. അവൻ ദാഹം തീരുവോളം കുടിച്ചു. അവൻ്റെ സഹോദരനും (ഹലീമയുടെ മകൻ) വേണ്ടുവോളം കുടിച്ചു. അന്ന് രാത്രി എൻ്റെ ഭർത്താവ് ഒട്ടകത്തിന്റെ അടുത്ത് ചെന്നപ്പോൾ അതിൻ്റെ അകിടിലും പാൽ നിറഞ്ഞിരുന്നു. വേണ്ടുവോളം പാൽ കറന്നെടുത്തു ഞങ്ങൾ രണ്ടുപേരും വേണ്ടുവോളം കുടിച്ച് ദാഹം തീർത്തു. വിശപ്പും ദാഹവും അറിയാതെ അന്ന് രാത്രി അവർ കഴിച്ചു കൂട്ടി. ഭർത്താവ് പറഞ്ഞു: ഹലീമാ, നമുക്ക് അനുഗ്രഹീതനായ ഒരു സന്താനത്തെ തന്നെയാണല്ലോ കിട്ടിയത്. കുട്ടികൾ ഉറങ്ങി. ഞങ്ങളുടെ ക്ഷീണമകന്നു. എൻ്റെ കഴുത വേഗം നടക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന യാത്രാ സംഘത്തെ മുഴുവനും അത് പിന്നിലാക്കി. ആർക്കും അതിൻ്റെ ഒപ്പമെത്താനായില്ല. അവർ പറയാൻ തുടങ്ങി: ഹലീമാ ഇങ്ങോട്ടു വരുമ്പോൾ നീ കയറിയ കഴുത തന്നെയല്ലേ ഇത്? അതെ ഞാൻ പ്രതികരിച്ചു. എങ്കിൽ അതിനു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്

ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. വരണ്ട നാടായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ആടുകളെ അവിടെയാണ് മേച്ചിടുന്നത്. പക്ഷേ, വൈകുന്നേരം ആടുകളുമായി ഇടയന്മാർ തിരിച്ചു വരുമ്പോൾ എൻ്റെ ആട്ടിൻ പറ്റത്തിൻ്റെ വയറ് നിറഞ്ഞ് കൊഴുത്തിട്ടുണ്ടാകും. മറ്റുള്ളവരുടേത് വിശന്ന് പൊരിഞ്ഞാണ് തിരിച്ചു വരാറ്. അവരുടെ അകിടിൽ നിന്ന് ഒരിറക്ക് പോലും കുടിക്കാൻ കിട്ടിയിരുന്നില്ല. എൻ്റെ പറ്റം സമ്യതമായി പാൽ ചുരത്തി. അത് കണ്ട് ഇടയന്മാരെ ആട്ടുടമകൾ ശാസിച്ചു. ഹലീമയുടെ ആടുകളെ മേക്കുന്ന അതേ സ്ഥലത്ത് തന്നെ നിങ്ങൾക്ക് മേച്ചു കൂടേ? അങ്ങനെ അവരും അവിടെ തന്നെ മേച്ചു. എന്നിട്ടും ഫലം തഥൈവ. മറ്റൊരിക്കൽ ഉണ്ടായ അനുഭവം ഹലീമ വിവരിക്കുന്നു.
 
നെഞ്ച് കീറുന്നു
----------------
ഹലീമ(റ)യുടെ വീട്ടിൽ താമസിക്കുമ്പോഴാണ് ഒരു അജ്ഞാത സംഘം വന്ന് നബിയെ അത്ഭുതകരമായ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മേൽ വിവരണത്തിൻ്റെ തുടർച്ചയായി ഹലീമ(റ) സംഭവം വിശദീകരിക്കുന്നുണ്ട്. നബി(സ)തന്നെ ഈ സംഭവം ദീർഘമായി വിശദീകരിക്കുന്നുണ്ട്. അവിടുന്ന് പറയുന്നു: ഞാൻ വീട്ടിൽ നിന്ന് സ്വൽപം അകലെ കൂട്ടുകാരൊന്നിച്ച് നിൽക്കുകയായിരുന്നു. അപ്പോൾ മൂന്നാളുകൾ അവിടെ വന്നു. അവരുടെ കയ്യിൽ ഐസ് നിറച്ച ഒരു പാത്രമുണ്ട്. എൻ്റെ കൂട്ടുകാർക്കിടയിൽ നിന്ന് അവരെന്നെ പിടിച്ചു. കൂട്ടുകാർ പേടിച്ചോടി താഴ്വ‌രയുടെ അറ്റത്തെത്തി. പിന്നീടവർ തിരിച്ചു വന്ന് സംഘത്തോട് ചോദിച്ചു: നിങ്ങൾക്ക് ഈ കുട്ടിയെ കൊണ്ട് എന്താണാവശ്യം. അവർ ഞങ്ങളുടെ കുടുംബങ്ങളിൽ പെട്ടവനല്ല. ഇവിടെയിതാ ഖുറൈശി മക്കൾ.. നിങ്ങൾക്ക് കൊന്നേ തീരുവെങ്കിൽ പകരം ഞങ്ങളിൽ നിന്ന് ആരെ വേണമെങ്കിലും തിരഞ്ഞുപിടിച്ചു കൊല്ലുക.

ഒരാൾ എന്നെ ചെരിച്ച് കിടത്തി. എൻ്റെ നെഞ്ച് കീറി ഹൃദയവും മറ്റും പുറത്തെടുത്ത് അത് മഞ്ഞ് വെള്ളം കൊണ്ട് വൃത്തിയാക്കി. അത് തൽസ്ഥാനത്ത് തന്നെ വെച്ചു. തുടർന്ന് രണ്ടാമൻ എഴുന്നേറ്റു. കൂടെയുളളവരോട് സ്വൽപം മാറി നിൽക്കാൻ പറഞ്ഞു. ശേഷം എൻ്റെ ഉളളിൽ കയ്യിട്ട് എൻ്റെ ഹൃദയം പുറത്തെടുത്തു. ഞാനതിലേക്ക് നോക്കി. അതിൽ നിന്ന് ഒരു കറുത്ത കഷ്‌ണമെടുത്ത് പുറത്തെറിഞ്ഞു. പിന്നെ കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. അപ്പോൾ അദ്ദേഹത്തിൻ്റെ കൈ വിരലിലെ വെട്ടിത്തിളങ്ങുന്ന മോതിരം ഞാൻ ശ്രദ്ധിച്ചു. അത് കൊണ്ട് എൻ്റെ ഹൃദയത്തിൽ അയാൽ സീൽ വെച്ചു. എൻ്റെ ഹൃദയം പ്രകാശമാനമായി. ആ സീലിന്റെ തണുപ്പ് ഒരു വർഷത്തോളം ഹൃദയത്തിൽ ഞാനനുഭവിച്ചിട്ടുണ്ട്. തുടർന്ന് കീറിയ ഭാഗം മൂന്നാമൻ തടവി. അത്ഭുതം, മുറിവ് പൂർണമായും സുഖപ്പെട്ടു. ശേഷം എൻ്റെ കൈപിടിച്ച് മെല്ലെ ഉയർത്തി എന്നെ ആലിംഗനം ചെയ്‌തു. എൻ്റെ നെറ്റിയിൽ ചുംബനങ്ങളർപ്പിച്ചു. തുടർന്ന് അവർ പറഞ്ഞു: അല്ലാഹുവിൻ്റെ ഹബീബെ അല്ലാഹു നിങ്ങളെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന്  നിങ്ങൾക്കറിയാമെങ്കിൽ നിങ്ങളുടെ കണ്ണുകൾ കുളിരണിയുമായിരുന്നു. 

നോക്കുമ്പോൾ ഗോത്രം മുഴുവനും എൻ്റെ സമീപത്തെത്തിയിരിക്കുന്നു. പോറ്റുമ്മ ഹലീമയുമുണ്ട്. അവർ ഓടിവന്ന് എന്നെ വാരിയെടുത്ത് വാവിട്ടു കരഞ്ഞു. എന്തു പറ്റി കുഞ്ഞേ. ഗോത്രക്കാരെല്ലാം കൂടെ എന്നെ വളഞ്ഞു. അവർ മുഖത്ത് മുത്തങ്ങൾ നൽകിക്കൊണ്ടിരുന്നു. പോറ്റുമ്മ വിലപിച്ചു: മോനേ, നീ ബലഹീനനായത് കൊണ്ടണോ നിന്നെ അവർ കൊല്ലാൻ ശ്രമിച്ചത്? ശേഷം അവരെന്നെ മാറോടണച്ചു. ഞാൻ പോറ്റുമ്മയുടെ മടിത്തട്ടിലാണ്. കയ്യും കാലുമൊക്കെ ആരുടെയോ കൈകളിലാണ്. ഞാൻ കരുതി ആളുകളൊക്കെ ആഗതരെ കാണുന്നുണ്ടാകുമെന്ന്! പക്ഷേ, അവർക്കാർക്കും അവരെ കാണാൻ സാധിച്ചില്ല. ആരോ പറഞ്ഞു: കുട്ടിക്ക് പ്രേതബാധയാണെന്ന് തോന്നുന്നു. അങ്ങനെ അവർ ഒരു ജോത്സ്യനെ സമീപിച്ച് സംഭവം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ മിണ്ടാതിരി കുട്ടി പറയുന്നതെന്താണെന്ന് ഞാനൊന്ന് കേൾക്കട്ടെ. നിങ്ങളെക്കാൾ കാര്യങ്ങളുടെ നിജസ്ഥിതി അവനാണല്ലോ  അറിയുക.

ഞാൻ സംഭവം വിശദീകരിച്ചു കൊടുത്തു. കേട്ടു കഴിഞ്ഞപ്പോൾ അയാൾ എൻ്റെ നേരെ ചാടി വീണു. ശേഷം ഉറക്കെ പ്രഖ്യാപിച്ചു. അറബികളേ, ഈ കുഞ്ഞിനെ കൊന്നു കളയുക കൂടെ എന്നെയും കൊല്ലുക. ലാത്തയും ഉസ്സയുമാണ്, അവൻ വാഴുന്ന പക്ഷം നിങ്ങളുടെ മതം മാറ്റിമറിക്കും.

അത്ഭുതകരമായ ഈ സംഭവത്തിൻ്റെ ഉടനെ കുട്ടിയെ സ്വന്തം മാതാവിന്, തിരിച്ചേൽപിക്കാൻ അവർ തയ്യാറായി. സംഭവങ്ങൾ വിശദീകരിച്ചു കേട്ടപ്പോൾ നിർവികാരതയോടെ ആമിന(റ) പറഞ്ഞുവത്രെ. നിങ്ങൾ ഇവന്റെ കാര്യത്തിൽ ഭയപ്പെടുന്നുവോ? എൻ്റെ ഈ മകൻ  മഹോന്നതമായ പദവികൾ ഉളളവനത്രെ.  അവനെക്കുറിച്ച് ഞാൻ പറയണമോ? അവനെ ഞാൻ ഗർഭം ധരിച്ചപ്പോൾ എനിക്ക് അശേഷം പ്രയാസം  അനുഭവപ്പെട്ടിട്ടില്ല. വല്ലാത്ത അനുഗ്രഹകാലമായിരുന്നു അത്. സാധാരണ കുട്ടികൾ പ്രസവിച്ച് വീണതു പോലെയല്ല അവൻ വീണത്. രണ്ട് കൈകളും നിലത്ത് വെച്ച് ആകാശത്തേക്ക് തലയുയർത്തി കിടക്കുകയായിരുന്നു. അവനെ പ്രസവിക്കുമ്പോൾ എന്നിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും അതിൻ്റെ വെളിച്ചത്തിൽ സിറിയാ രാജ്യത്തെ ബുസ്‌റാ പട്ടണത്തിലെ കൊട്ടാരങ്ങൾ ഞാൻ കാണുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ വിഷമിക്കേണ്ട. നിങ്ങൾ പിന്തിരിഞ്ഞു പോവുക.

ഇത്തരം ഹൃദയ ശസ്ത്രക്രിയകൾ പിന്നീട് നുബുവ്വത്ത് സമയത്തും മിഅ്റാജിൻ്റെ സമയത്തും ഉണ്ടായതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പൈശാചികതയുടെ സകല ചേരുവകളിൽ നിന്നുമുള മോചനത്തിന്റെ പ്രത്യക്ഷീകരണങ്ങളായിരിക്കാം ഈ സംഭവങ്ങൾ. സകല പാപങ്ങളിൽ നിന്നും സുരക്ഷിതനാണല്ലോ തിരുനബി.

ആടു മേക്കുന്നു
----------------
അബൂഹുറൈറ:(റ) ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു പ്രവാചകനും ആടുമേക്കാതിരുന്നിട്ടില്ല. സഹാബികൾ ചോദിച്ചു: നബിയേ അങ്ങും ? നബി(സ) പറഞ്ഞു: അതേ, മക്കക്കാരുടെ ഖറാറീബ് എന്ന സ്ഥലത്ത് ഞാൻ ആട് മേക്കാറുണ്ടായിരുന്നു. (ബുഖാരി) (ഖറാദീബ് എന്നതിന് വെള്ളി എന്നാണർത്ഥമെന്ന് സുബൈദ് ബിൻ സഊദ് പറയുന്നു. ഓരോ ആടിനും നിശ്ചിത അളവ് വെള്ളി പ്രതിഫലമായി നിശ്ചയിച്ച് ആട് മേച്ചിരുന്നു എന്നാണ് ഈ വ്യാഖ്യാന പ്രകാരം ഹദീസിന്റെ അർത്ഥം)

കച്ചവടം ചെയ്യുന്നു.
-------------------
സാഇബ്നു അബീസാഇബ്(റ) പ്രവാചകത്വത്തിന് മുമ്പ് നബി(സ) മക്ക ജയിച്ചടക്കിയപ്പോൾ അദ്ദേഹം തിരു നബിക്ക് സമീപം വന്നു. അവിടുന്ന് പറഞ്ഞു: എന്റെ സഹോദരനായ കൂട്ടുകാരന് മംഗളങ്ങൾ! ഇവൻ കച്ചവടത്തിൽ വഞ്ചിക്കുകയോ തർക്കിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. 


ഹിറാഗുഹയിലെ വെളിച്ചം 
***************************

നാല്‌പത് വർഷം തിരുനബി മക്കാ നിവാസികൾക്കിടയിൽ ജീവിച്ചു: ആർക്കും ആക്ഷേപമില്ല; എതിരഭിപ്രായമില്ല. ആരോപണമില്ല. എല്ലാവരും ഏക സ്വരത്തിൽ വിളിക്കുന്നു; അൽഅമീൻ. ജീവിതത്തിൻ്റെ കുട്ടിത്തവും തീക്ഷ്‌ണതയും വൈകാരികതയും വിടുന്ന പ്രായമാണ് നാല്പ‌ത്. മനുഷ്യൻ  പരിപക്വതയിലേക്ക് നീങ്ങുന്ന സമയം. ആ പ്രായത്തിൽ മുഹമ്മദ്(സ) അതുവരെ പറഞ്ഞിട്ടില്ലാത്ത ചിലത് നാട്ടുകാരെ കേൾപ്പിക്കുന്നു. ജബലുന്നൂറിൽ ധ്യാനത്തിലിരിക്കവെ ജിബ്‌രീൽ മാലാഖ ആഗതമാവുന്നു; വായിക്കാൻ ഉത്തരവ്  വിടുന്നു. അക്ഷരജ്ഞാനമില്ലാത്ത തിരുനബി താൻ ഒരു വായനക്കാരനല്ലെന്ന സത്യം ബോധ്യപ്പെടുത്തുന്നു; വീണ്ടും ഉത്തരവ്. നിസ്സാഹയത വീണ്ടും അറിയിക്കുന്നു. മൂന്നാമതും കൽപ്പന. മൂന്നാമതും അതേ മറുപടിയുടെ ആവർത്തനം. അവസാനം ആഗതനായ ജിബ്‌രീൽ തന്നെ ഓതിക്കൊടുക്കുകയുണ്ടായി.

"വായിക്കുക!" സൃഷ്ട്‌ടികർമ്മം നിർവ്വഹിച്ച നാഥൻ്റെ നാമത്തിൽ.
അവൻ മനുഷ്യനെ "അലഖി" നിന്ന് പടച്ചു.
വായിക്കുക: നിൻ്റെ നാഥൻ അത്യുദാരനാണ്.
അവൻ പേന കൊണ്ട് പഠിപ്പിച്ചു
മനുഷ്യന് അവൻ അറിയാത്തത് പഠിപ്പിച്ചു

ദിവ്യ വെളിപാടുകളുടെ തുടക്കമായിരുന്നുവത്; ചരിത്രത്തിൻ്റെ  ഗതിവിഗതികളെ നിയന്ത്രിച്ച ഒരു മഹാ പ്രസ്ഥാനത്തിൻ്റെ  സൂര്യോദയമായിരുന്നുവത്: ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം നിർവ്വഹിക്കാൻ തനിക്ക് കഴിയുമോ? നബി പേടിച്ചു വിറച്ചു. പത്നി ഖദീജയുടെ അടുക്കൽ ഓടിച്ചെന്ന് പുതപ്പിട്ട് മൂടാൻ ആവശ്യപ്പെട്ടു. ഖദീജ സാന്ത്വനിപ്പിച്ചു.

ഇതായിരുന്നു ദിവ്യബോധനത്തിൻ്റെ തുടക്കം.

തുടർന്ന് ഇരുപത്തിമൂന്ന് വർഷങ്ങൾ... ഇടക്കിടെ ദിവ്യസന്ദേശങ്ങളുമായി മലക്ക് പ്രത്യക്ഷപ്പെടും. ഓതിക്കേൾപ്പിക്കും... തിരുനബി അവ അനുചരർക്ക് വിവരിച്ചു കൊടുക്കും. ഇരുപത്തി മൂന്ന് വർഷം കൊണ്ട് ഖുർആൻ്റെ അവതരണം പൂർത്തിയായി. അതോടെ അല്ലാഹു തിരുനബിയെ  തിരിച്ചുവിളിച്ചു.

വഹ്‌യ് രോഗമോ?
-----------------
'മുഹമ്മദ്' എന്ന ചരിത്ര പുരുഷനെ വിശ്വസിക്കുകയും എന്നാൽ 'വഹ്‌യ്' (ദിവ്യസന്ദേശം) എന്ന അത്ഭുത ആശയത്തെ നിരാകരിക്കുകയും ചെയ്യുന്നവരുണ്ട്: 'വഹ്‌യിനെ അംഗീകരിച്ചാൽ ഇസ്‌ലാമിനെ അംഗീകരിക്കേണ്ടിവരില്ലേ? അതിനാൽ അവർ വഹ്‌യിനെ ഭൗതികമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ഇടമുറുക് ഇതിൽ പ്രധാനിയാണ്. വഹ്‌യ് ഒരു രോഗമാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ കണ്ടെത്തൽ! സ്‌കിസോഫ്രേനിയ എന്ന മാനസികരോഗം!

സ്‌കിസോഫ്രേനിയ ഏറ്റവും മാരകമായ മാനസിക രോഗമാണ്. പലപ്പോഴും രോഗി സംസാരിക്കുന്നതെന്തെന്ന് മനസ്സിലാകില്ല. നിരർത്ഥകമായ മുറിയൻ വാചകങ്ങൾ, പരസ്‌പരം ബന്ധമില്ലാത്ത വാക്യങ്ങൾ, സംസാര ഘടനയിൽ അടുക്കും ചിട്ടയും ഉണ്ടാവില്ല. ചിലർ സംസാരിക്കാൻ ശ്രമിക്കും കഴിയില്ല. ക്രമേണ മൂകരായി മാറും. മറ്റു ചിലർ നിയന്ത്രണം വിട്ട് ഹാലിളകും, ഭക്ഷണത്തിലെ ക്രമരാഹിത്യം, ശാരീരികമായ കഠിന ക്ഷീണം എന്നിവ പ്രകടമാവും. ചില സമയത്ത് ഭക്ഷണത്തോട് അമിതമായ ആർത്തികാണിക്കും. ഉൻമാദരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. സന്തോഷ വേളയിൽ പൊട്ടിക്കരയും. സന്താപം വരുമ്പോൾ പൊട്ടിച്ചിരിക്കും.  ഉൻമാദരോഗികൾ അന്തർമുഖരായിരിക്കും. സാമൂഹിക പ്രശ്‌നങ്ങളിൽ തീരെ ഇടപെടില്ല. മറ്റുള്ളവരുമായി സമരസപ്പെടാനാവില്ല. ഭയം മൂലം സ്വന്തം അസ്‌തിത്വം നശിച്ച് മറ്റുളളവരുടെ അടിമയായി ജീവിക്കാനുള്ള പ്രവണത പ്രകടമാകുന്നു. അശരീരി കേൾക്കുന്നു. ആളുകൾ കാണാത്തത് കാണുകയും കേൾക്കാത്തത് കേൾക്കുകയും അനുഭവിക്കാത്തത് അനുഭവിക്കുകയും ചെയ്യുന്നു.
 
1*വിശാലമായ അർത്ഥ സാധ്യകളുള്ള ഖുർആനിക പ്രയോഗമാണ് അലഖ് "രക്തക്കട്ട" എന്നാണ് പൊതുവെ പറയാറുള്ള അർത്ഥം. വിശദമായ പഠനത്തിന് ഖുർആൻ്റെ അമാനുഷികത ഇഖ്റഇലൂടെ (പ്രസാ. അരിക്കോട് മജ്‌മഅ്) വായിക്കുക. 

അവസാനമായി സൂചിപ്പിച്ച കാര്യം മാത്രം മാറ്റിവെച്ചാൽ മുകളിൽ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ പ്രവാചക ജീവിതത്തിൽ എവിടെയെങ്കിലും കണ്ടതായി പ്രവാചക ജീവിതത്തിന്റെ അവസാനക്ഷരം വരെ വായിച്ചു തീർത്ത ഒരാൾക്ക് കഴിയില്ല. സ്‌ഫുടമായ അറബിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ശാന്തനും സൗമ്യനുമായി മാത്രമാണ് അവിടുന്ന് സംസാരിച്ചത്. തുർമുദിയിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് വായിക്കുക: നിങ്ങളൊക്കെ സംസാരിക്കും പ്രകാരം ധൃതിയിൽ പറഞ്ഞൊപ്പിക്കുന്ന സ്വഭാവമായിരുന്നില്ല പ്രവാചകന്റെത്. പ്രത്യുത വ്യക്തവും സ്ഫുടവുമായ വാക്കുകളുപയോഗിച്ച് സാവകാശമാണ് അവിടുന്ന് സംസാരിക്കുക. കേട്ടിരിക്കുന്നവർക്കൊക്കെ അത് ഒപ്പിയെടുക്കാൻ കഴിയും. സംസാര കലയുടെ സകലമാന സൗന്ദര്യവും ആവാഹിച്ചെടുത്ത് സംബോധിതരുടെ സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി സരസവും സരളവുമായ ശൈലിയിൽ അവരോട് സംവദിച്ച് ഒരു മഹാജന സഞ്ചയത്തെ തന്നിലേക്കടുപ്പിച്ച ചരിത്രപുരുഷനെ ഉൻമാദ രോഗിയെന്ന് വിളിക്കാൻ, പ്രവിശാലമായ പ്രപഞ്ചത്തിന് പിന്നിലൊരു നിയന്താവില്ലെന്ന് വിശ്വസിക്കാൻ മാത്രം ഭ്രാന്തനായ നിഷേധാത്മകത പിടികൂടിയവർക്കേ കഴിയൂ.

ഭക്ഷണത്തിന്റെ കാര്യത്തിലും നിയതമായ അടുക്കും ചിട്ടയും അവിടുന്ന് പാലിച്ചിട്ടുണ്ട്. പ്രവാചകൻ പ്രാകൃതനെ പോലെ വാരിവലിച്ച് വിഴുങ്ങിയില്ല. ആർത്തി കാണിച്ചില്ല. ചില പ്രത്യേക ഭക്ഷണങ്ങൾ ഇഷ്‌ടപ്പെട്ടു.  ഇഷ്‌ടമില്ലാത്തത് മാറ്റിവെച്ചു. ഒരിക്കലും വയറ് നിറച്ചുണ്ടില്ല.  ആഹാര ക്രമത്തിൽ അത്യുൽകൃഷ്‌ട പാഠങ്ങളാണ് പ്രവാചകൻ പ്രവർത്തിച്ചതും പഠിപ്പിച്ചതുമെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതേയുളളൂ. ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഉൻമാദരോഗിയുടെ ഏത് ലക്ഷണമാണ് ഈ യുക്തിവാദികൾ കാണുന്നത്.? 

സമൂഹഗാത്രത്തിൻ്റെ സകലമാന വികാരങ്ങളും നെഞ്ചിലേറ്റിയ സമൂഹ നവോത്ഥാന നായകനെ അന്തർമുഖനെന്ന് വിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ക്രൂരതയാണ്. തമ്മിൽ തല്ലിയ ഗോത്രങ്ങളെ ഏകോതര സഹോദരങ്ങളാക്കിയ അതുല്യ നേതൃത്വം, ലഹരിയിലും ലൈംഗീതയിലും ജീവിതം തുലച്ച യുവതയെ സാംസ്‌കാരികതയുടെ ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ച അനുപമ വ്യക്തിത്വം, ഇരുപത്തി മൂന്ന് വർഷത്തെ ഹൃസ്വമായ കാലയളവുകൾക്കുള്ളിൽ പീഢനങ്ങളുടെ മുൾക്കിരീടങ്ങൾ വകഞ്ഞു മാറ്റി ഇരുപതോളം രാഷ്ട്രങ്ങളുടെ ആധിപത്യത്തിലേക്ക് നടന്നു ചെന്ന രാഷ്ട്രീയ നയതന്ത്രജ്ഞൻ, കലാപഭൂമിയായിരുന്ന അറേബ്യയെ സമാധാനത്തിൻ്റെ പറുദീസയാക്കി മാറ്റിയ ശാന്തിദൂത്, ഒരു അന്തർമുഖനായിരുന്നുവെന്നോ? ഉൻമാദരോഗിയാണെന്നോ?

ജീവിത കാലം മുഴുവൻ ഒരേ തത്വത്തിലേക്ക് വിളിച്ച ആ വിപ്ലവ നായകൻ പലപ്പോഴും പല സ്വഭാവങ്ങൾ കാണിച്ചുവോ? ഹാലിളകിയെന്നോ? പടച്ചവന് മാത്രമേ തലകുനിക്കാവൂ എന്ന് പ്രസംഗിച്ച് നടന്ന ആ അജയ്യ നായകൻ  അടിമത്വത്തിന് ദാഹിച്ചുവെന്നോ? അവിടുത്തെ വാക്കും പ്രവർത്തിയും സമരസപ്പെട്ടില്ലെന്നോ?

സാധാരണക്കാർക്കുണ്ടാവാത്ത ചില അനുഭവങ്ങൾ  പ്രവാചകനുണ്ടായിരുന്നുവെന്നത് ശരിയാണ്. ജിബ്രീൽ മാലാഖ  ദിവ്യ സന്ദേശവുമായി വന്നിരുന്നു. പലപ്പോഴും കൂടെയുള്ള ആളുകൾ ജിബ്‌രീലിനെ കണ്ടിരുന്നില്ല. വേറെ ചിലപ്പോൾ അശരീരി കേട്ടിരുന്നു. സഖാക്കൾ കേട്ടിരുന്നില്ല. വഹ്‌യ് തുടക്കം ചിലപ്പോൾ മണിനാദം പോലെയായിരുന്നു. അപ്പോൾ പ്രവാചകന് പ്രയാസം അനുഭവപ്പെട്ടിരുന്നു. ഉൻമാദരോഗികൾക്ക് ഇത്തരം അവസ്ഥയുണ്ടാകാറുണ്ട് എന്നതിനർത്ഥം ഈ  അവസ്ഥയുണ്ടാകുന്നവരൊക്കെ ഉൻമാദരോഗികളാണ് എന്നാണോ?  കുരക്കുന്നവരൊക്കെ ക്ഷയരോഗികളാണോ? വിറക്കുന്നവരൊക്കെ ടൈഫോയിഡ് രോഗികളാണോ? ശരീരം മെലിഞ്ഞവരൊക്കെ എയ്‌ഡ്‌സ് രോഗികളാണോ? വെളിച്ചമുള്ളപ്പോഴൊക്കെ സൂര്യൻ ഉദിച്ചിരിക്കണമെന്നുണ്ടോ? തലപ്പാവ് ധരിച്ചവരൊക്കെ ഇസ്‌ലാം മതപണ്ഡിതരാണോ? ഒരു ഫലത്തിന് ഒരൊറ്റ നിമിത്തമേ ഉണ്ടാവൂ എന്ന കണ്ടുപിടിത്തമാണ് ഏറ്റവും പെട്ടെന്ന് ചികിത്സക്ക് വിധേയമാക്കേണ്ടത്.

പൈശാചികമോ?
------------------
ഖുർആൻ്റെ സ്രോതസ്സിനെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത ശത്രുക്കൾ പല ആരോപണങ്ങളും ഉന്നയിക്കാൻ ശ്രമിക്കാറുണ്ട്. ഖുർആൻ മാനുഷികമല്ല എന്നത് ശരി. പക്ഷേ, ഇതിനർത്ഥം ഖുർആൻ ദൈവികമാണ് എന്നല്ല. മറിച്ച് പൈശാചികമാണ് എന്നത്രേ. ഇതാണ് ഒരു വാദം. ക്രിസ്ത്യാനികളാണ് ഈ വാദം ഉന്നയിക്കാറുളളത്.

പിശാച് പോലും അമ്പരന്ന് പോകുന്ന വാദമാണിത്. കാരണം ഖുർആനിൻ്റെ പോരാട്ടം പ്രഥമവും പ്രധാനവുമായി പിശാചിനെതിരെയാണ്. പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും (ഫാത്വിർ, 35) അവൻ്റെ കാലടികൾ നിങ്ങൾ പിന്തുടർന്ന് പോകരുതെന്നും (ബഖറ: 163) ഖുർആൻ നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്.. ഈ വചനങ്ങൾ പിശാചിൻ്റെ കേവലം ഒരു വിദ്യയാണ് എന്നാണ് വാദമെങ്കിൽ ഇത്തരം ഒരു വേല ഒപ്പിക്കുന്നത് കൊണ്ട് പിശാചിന് കിട്ടുന്ന നേട്ടമെന്താണെന്ന് മനസ്സിലാക്കണം. കാരണം, പിശാചിനോട് പ്രത്യക്ഷ തലത്തിൽ യുദ്ധം പ്രഖ്യാപിച്ച് പരോക്ഷമായി പിശാചിനെ പ്രീണിപ്പിക്കുകയോ നിഷ്ക്രിയനായി മൂലക്കിരിക്കുകയോ ആയിരുന്നില്ല തിരുനബി. പ്രത്യുത, പൈശാചികമായ മുഴുവൻ പ്രവണതകളിൽ നിന്നും അറേബ്യയുടെ മണ്ണും മനസ്സും വിമലീകരിക്കുകയായിരുന്നു.

സാഹിത്യചോരണമോ?
-----------------------
ഖുർആൻ പൈശാചികമാണെന്നും മാനസികരോഗിയുടെതാണെന്നുമൊക്കെയുള്ള ആരോപണങ്ങൾ ക്ലച്ച് പിടിക്കാതെ വരുമ്പോൾ വിമർശകർ എത്തിപ്പിടിക്കാറുള്ള പിടിവള്ളിയാണ് ഖുർആ൯ വേദക്കാരിൽ നിന്ന് പകർത്തിയതാണെന്ന ആരോപണം. ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. 

1. ഖുർആൻ കേവലം ചരിത്രഗ്രന്ഥമല്ല. ഇതര ഗ്രന്ഥങ്ങളിൽ നിന്നും മോഷ്‌ടിച്ചു എന്ന് പറയുന്നത് ചരിത്രങ്ങളെക്കുറിച്ചാണ്. ചരിത്രഗ്രന്ഥം എന്നതിലുപരി ഖുർആൻ ജീവിത പദ്ധതിയാണ്.  മനുഷ്യ ജീവിതത്തിനാവശ്യമായ മുഴുവൻ സംഗതികളും അതിലുണ്ട്. സത്യാസത്യങ്ങൾ വ്യക്തമായി അതിൽ വിവേചിച്ചിട്ടുണ്ട്. പൂർവ്വ വേദങ്ങളിൽ നിന്ന്  വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളാണ് ഖുർആൻ പല കാര്യങ്ങളിലും മുന്നോട്ടു വെക്കുന്നത്. 

2. ഒരു മത സമൂഹമെന്ന നിലക്ക് ജൂതരോ ക്രൈസ്‌തവരോ മക്കയിൽ ഉണ്ടായിരുന്നില്ലെന്നത് ഒരു ചരിത്രയാഥാർത്ഥ്യമാണ്. ബഹുദൈവാരാധനയെ വെറുക്കുന്ന ഇബ്രാഹീമി മതത്തിൻ്റെ വേരുകൾ തേടി മക്കവിട്ട് യാത്രചെയ്‌ത നാല് പേരിൽ പ്രമുഖനായ വറഖതുബ്നു‌ നൗഫൽ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ക്രിസ്‌തുമതത്തെക്കുറിച്ച് പഠിക്കാൻ മക്കവിടേണ്ടിവന്നതിൽ നിന്ന് മനസ്സിലാക്കുന്നത് അതിൻ്റെ വക്താക്കൾ മക്കയിൽ ഉണ്ടായിരുന്നില്ല എന്നാണ്.

3. മദീനയിൽ വെച്ച് ജൂത സമൂഹങ്ങളുമായി നബി(സ) സമ്പർക്കത്തിലായിരുന്നുവെന്നത് ശരിയാണ്. പക്ഷെ, പൂർവ്വകാല പ്രവാചകന്മാരെക്കുറിച്ചുള്ള അധ്യായങ്ങളിലധികവും അവതരിച്ചത് മക്കയിൽ വെച്ചാണ്. ചോദ്യം വീണ്ടും ആവർത്തിക്കുന്നു. മുഹമ്മദിന്(സ) ആരായിരുന്നു ഇത് പഠിപ്പിച്ചു കൊടുത്തത്?

4. പൂർവ്വ പ്രവാചകൻമാരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടാൻ വേണ്ടി നബി(സ) ആരെയെങ്കിലും സന്ദർശിച്ചതായോ ആരെങ്കിലും പറഞ്ഞു കൊടുത്തതായോ ചരിത്രപരമായി തെളിയിക്കാൻ സാധ്യമല്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചുണ്ടെങ്കിൽ ആര്, എവിടെ വെച്ച്, എന്തൊക്കെ കാര്യങ്ങളാണ് പഠിപ്പിച്ചു കൊടുത്തതെന്ന് തെളിയിക്കേണ്ട ബാധ്യത വിമർശകർക്കുണ്ട്.

5. വ്യാപാരം നടത്തിയിരുന്ന കാലത്ത് നബി(സ) ജൂത-ക്രൈസ്‌തവ പുരോഹിതരുമായി സമ്പർക്കത്തിലായിട്ടുണ്ടെന്നും അവരിൽ നിന്ന് കേട്ടു പഠിച്ച കാര്യങ്ങളാണ് പിൽകാലത്ത് പറഞ്ഞതെന്നും വാദമുണ്ട്. കേവല വാദം എന്നതിലുപരി ഒരു രേഖയുടെ കഷ്‌ണം പോലും അക്കാര്യത്തിൽ  ഉദ്ധരിക്കപ്പെട്ടിട്ടില്ല.  

ക്രിസ്ത‌ീയ പുരോഹിതമ്മാരുമായി കണ്ടുമുട്ടിയ രണ്ട് സംഭവമുണ്ടായിട്ടുണ്ട്. നബി(സ)യുടെ 12-ാംവയസ്സിലും 25-ാം വയസ്സിലും നടന്ന ആ സംഭവങ്ങൾ സംഭാഷണങ്ങൾ സഹിതം രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രസ്‌തുത സംഭങ്ങൾ പ്രവാചകത്വത്തെ നിഷേധിക്കുകയല്ല; അതിനെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്.

6. വറഖത്തുബ്നു നൗഫലും സൽമാനുൽ ഫാരിസിയും പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ഏറ്റ് പറയുകയായിരുന്നു മുഹമ്മദ് എന്ന് ചിലർ വാദിക്കുന്നു. വറഖത്തുബ്നു നൗഫൽ നബി(സ)ക്ക് പൂർവ്വവേദങ്ങളിലെ എന്തെങ്കിലും കാര്യങ്ങൾ എപ്പോഴെങ്കിലും പറഞ്ഞു കൊടുത്തതായി ചരിത്രപരമായി തെളിയിക്കാൻ സാധ്യമല്ല. മറിച്ച് ബഹുദൈവാരാധനയെ വെറുത്ത് യഥാർത്ഥ മതം തേടിയലഞ്ഞ് വേദങ്ങളെക്കുറിച്ച് പഠിച്ച് ക്രിസ്‌തുമതം സ്വീകരിച്ച വറഖത്ത്. വേദങ്ങളിൽ പ്രവചിക്കപ്പെടുന്ന ആളാണ് മുഹമ്മദ് എന്ന് തിരിച്ചറിയുകയും അതു പ്രകാരം തിരുനബി(സ)ക്ക് വരാനിരിക്കുന്ന പലായനം(ഹിജ്റ) അടക്കമുള്ള ഭാവി കാര്യങ്ങൾ പ്രവചിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹം ഇസ്ല‌ാം സ്വീകരിക്കുകയും ചെയ്‌തു. ദിവ്യസന്ദേശങ്ങൾ അവതരിച്ച് തുടങ്ങിയതിന് ശേഷം നബി(സ) വറഖയെ  സന്ദർശിക്കുന്നതായാണ് പ്രബലമായ രേഖകളിൽ കാണുന്നത്. കൂടുതൽ വൈകാതെ വറഖ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്. അതിന് ശേഷം ഇരുപത്തി മൂന്ന് വർഷക്കാലം ദിവ്യസന്ദേശങ്ങൾ അവതരിച്ചിട്ടുണ്ട്. അതൊക്കെ ആര് പറഞ്ഞു കൊടുത്തതായിരിക്കും? സൽമാനുൽ ഫാരിസി മദീനയിൽ വെച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്. മദീനയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച വ്യക്തി മക്കയിൽ വെച്ച് എങ്ങനെയാണ് നബി(സ)ക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുക.

7. സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി കഥനം നടത്തുന്ന രീതിയല്ല  ഖുർആനിൽ കാണുന്നത്. പലപ്പോഴും സത്യ നിഷേധികളുടെ  ചോദ്യങ്ങൾക്കുള്ള മറുപടികളും അവരുടെ നിലപാടുകളോടുള്ള പ്രതികരണ രൂപത്തിലുമാണ് ഖുർആൻ അവതരിക്കുന്നത്. മുൻകാലങ്ങളിൽ കേട്ട് പഠിച്ച കാര്യങ്ങൾ പറയുകയല്ല. വർത്തമാനകാല സമൂഹങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഖുർആൻ. പല ചോദ്യങ്ങൾക്കും ഉടനെ ഉത്തരം പറയാതെ ദിവ്യസന്ദേശം അവതരിപ്പിച്ചതിന് ശേഷം മാത്രം പറഞ്ഞ് കൊടുത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

8. വേദക്കാരിൽ നിന്ന് പകർത്തിയതാവാൻ വല്ല  സാധ്യതയുമുണ്ടായിരുന്നുവെങ്കിൽ അത്തരം ഒരു ആരോപണം ഉയർത്തേണ്ടത് ഇസ്‌ലാമിൻ്റെ പ്രഥമ ശത്രുക്കളായിരുന്നു. പിൽക്കാലക്കാരേക്കാൾ നബി(സ)യെക്കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്നത് അവർക്കാണല്ലോ.

9. ഇനി ഏതെങ്കിലും ജൂത ക്രൈസ്‌തവ പണ്ഡിതൻ പറഞ്ഞ് കൊടുത്തതായി സങ്കൽപ്പിച്ചാൽ തന്നെ അവരുടെ വേദങ്ങളിലുള്ളതാണല്ലോ അവർ പറഞ്ഞ് കൊടുക്കുക. എന്നാൽ ബൈബിൾ ഗ്രന്ഥങ്ങളിൽ മിക്കതും വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും അശ്ലീലങ്ങളും (ഉദാ: ഉൽപത്തി 11, 31, 38) നിറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ഖുർആനിൽ ഒരിടത്തും വൈരുദ്ധ്യങ്ങളോ, അബദ്ധങ്ങളോ, അശ്ലീലതകളോ കണ്ടെത്താൻ  സാധിക്കുകയില്ല. ഇത് പകർത്തൽ വാദത്തിൻ്റെ മുനയൊടിക്കുന്നു.

10. പല പ്രവാചകന്മാരുമായും ബന്ധപ്പെട്ട് പൂർവ്വിക ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത പല കാര്യങ്ങളും ഖുർആൻ പരാമർശിക്കുന്നുണ്ട്. ഈസാ(അ)ൻ്റെ പ്രസവ സമയത്തുണ്ടായ അത്ഭുതങ്ങൾ ഉദാഹരണം. 'തൻ്റെ മാതാവിനെ വേശ്യ എന്ന് മുദ്രകുത്തിയ ജനത്തിന് മുമ്പാകെ തൊട്ടിലിൽ കിടക്കുന്ന ഉണ്ണിയേശു മാതാവിൻ്റെ ചാരിത്രശുദ്ധി തെളിയിക്കുവാൻ വേണ്ടി അത്ഭുതകരമായി പ്രസംഗിച്ച' സംഭവം ഒരു ബൈബിളിലും കണ്ടെത്താൻ സാധിക്കുകയില്ല. ഇക്കാര്യവും പകർത്തൽ വാദത്തെ നിഷേധിക്കുന്നു.

11. പല സ്ഥലങ്ങളിലും ഖുർആൻ വേദക്കാരുടെ വാദങ്ങളെ തെളിവുകൾ നിരത്തി തിരുത്തുന്നുണ്ട്. ഉസൈർ(അ)നെ ദൈവ പുത്രനായും ഇസാ(അ)നെ ത്രിത്വത്തിലെ ഒരംഗമായും സങ്കൽപ്പിച്ച ജൂത-ക്രൈസ്‌തവ വിശ്വാസങ്ങളുടെ അടിവേരറുക്കുന്നുണ്ട് ഖുർആൻ. 'സ്രോതസ്സുകളെ' തന്നെ ചോദ്യം ചെയ്യാൻ മാത്രം വിവരങ്ങൾ മുഹമ്മദ് നബി(സ)ക്ക് ആരാണ് പറഞ്ഞു കൊടുത്തത്.

12. ആധുനിക മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കുമ്പോൾ ബൈബിൾ ഉദ്ധരിച്ച പല ചരിത്രങ്ങളിലും അബദ്ധങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെടുന്നു. എന്നാൽ പ്രസ്തുത അബദ്ധങ്ങൾ ഖുർആനിൽ കണ്ടെത്താൻ സാധിക്കുന്നില്ല. ഇന്ന് കാണുന്ന ബൈബിളുകൾ മനുഷ്യരാൽ വിരചിതമാണെന്നും എന്നാൽ ഖുർആൻ ത്രികാല ജ്ഞാനിയായ സ്രഷ്‌ടാവിന്റെ വചനങ്ങളാണെന്നും ഇതിൽ നിന്ന് ബോധ്യപ്പെടുന്നു.

ഒരുദാഹരണം പറയാം. അബ്രഹാമിൻ്റെ കാലത്ത് ഈജിപ്ഷ്യൻ രാജാവിനെ ബൈബിൾ ഫറോവ എന്ന് ആറ് തവണ വിളിക്കുന്നുണ്ട്. (ഉൽപ്പത്തി 12-10 20) എന്നാൽ ഈജിപ്ഷ്യൻ രാജാക്കന്മാർ ഫറോവ എന്ന് വിളിക്കപ്പെടാൻ തുടങ്ങിയത് ഈജിപ്‌തിൻ്റെ പുതിയ രാജത്വ കാലത്ത് 18-ാം രാജവംശത്തിൻ്റെ കാലത്താണെന്ന് ഈജിപ്റ്റോളജിയെക്കുറിച്ചുളള പുതിയ പാഠങ്ങൾ വ്യക്തമാക്കുന്നു.

അബ്രഹാമിൻ്റെ കാലം മധ്യരാജത്വകാലത്തായിരിക്കുമെന്നാണ് ബൈബിൾ പണ്ഡിതരുടെ തന്നെ നിഗമനം. എന്നാൽ പുതിയ ഗവേഷണങ്ങൾ പറയുന്നത് പുരാതന രാജത്വ  (Old Kingdom) കാലത്താണ് അബ്രഹാം ജീവിച്ചതെന്നാണ്. രണ്ട് വീക്ഷണ പ്രകാരവും പുതിയ രാജത്വകാലത്ത് ജീവിച്ചയാളല്ല അബ്രഹാം. പിന്നെയെങ്ങനെ അബ്രഹാമിൻ്റെ കാലത്തെ രാജാവിനെക്കുറിച്ച് 'ഫറോവ' എന്ന് ബൈബിൾ പുസ്തകങ്ങളിൽ കടന്നു കൂടി? ഈ  ചരിത്ര യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധം ഇല്ലാത്ത ആളുകളാണ് ബൈബിൾ രചിച്ചത് എന്നതു തന്നെ. യോസേഫിൻ്റെ കാര്യത്തിലും ബൈബിളിൽ ഈ അബദ്ധം ആവർത്തിച്ചിട്ടുണ്ട്. യോസേഫിൻ്റെ കാലത്തെ ഈജിപ്ഷ്യൻ രാജാവിനെ ഉൽപത്തി പുസ്തകം(39-50) തൊണ്ണൂറ് തവണ ഫറോവ എന്ന് വിളിച്ചിരിക്കുന്നു! മധ്യ രാജത്വകാലത്താണ് (Middle Kingdom) യോസേഫിൻ്റെ കാലമെന്നതിൽ പ്രമുഖരായ ബൈബിൾ പണ്ഡിതർക്കിടയിൽ അഭിപ്രായന്തരമേ ഇല്ല. എന്നാൽ ഖുർആനിൽ ഇബ്രാഹീം നബിയുടെയോ യൂസുഫ്‌ നബിയുടെയോ കാലഘട്ടത്തിൽ ഈജിപ്ഷ്യൻ രാജാവിനെക്കുറിച്ച് ഫറോവ(ഫിർഔൻ) എന്ന് പറഞ്ഞിട്ടില്ല. മറിച്ച് പുതിയ രാജത്വകാലത്ത് ജീവിച്ച മൂസാനബിയുടെ ശത്രുവായ ഈജിപ്ഷ്യൻ രാജാവിനെ മാത്രമേ ഫിർഔൻ എന്ന് വിളിച്ചിട്ടുള്ളൂ. അത് ചരിത്രപരമായി ശരിയാണ് താനും. യോസേഫിൻ്റെ കാലത്തെ രാജാവിനെക്കുറിച്ച് ഖുർആൻ പലസൂക്തങ്ങളിലും (യൂസുഫ്:43, 50, 54, 72, 76) പരാമർശിചിട്ടുണ്ട്. അവിടെയെല്ലാം ഖുർആൻ ഫിർഔൻ(ഫറോവ) എന്ന് പ്രയോഗിക്കാതെ കേവലം മലിക്(രാജാവ്) എന്ന് മാത്രമാണ് പ്രയോഗിക്കുന്നത്!

ഖുർആൻ വേദങ്ങളിൽ നിന്ന് പകർത്തിയതല്ലെന്നും മറിച്ച് ത്രികാലജ്ഞാനിയായ പടച്ച തമ്പുരാനിൽ നിന്ന് അവതീർണ്ണമായതാണെന്നുള്ളതിന് ഇതിൽ പരമെന്ത് തെളിവ് വേണം?


എന്തിന് പ്രവാചകത്വം വാദിച്ചു ?
*********************************

ഖുർആൻ്റെ സ്രോതസ്സ് മാനുഷികമോ പൈശാചികമോ അല്ലെന്നും ദൈവികമാണെന്നും ഒരു ചെറിയ അന്വേഷണം കൊണ്ട് മാത്രം നമുക്ക് ബോധ്യപ്പെട്ടു. ഇനി വാദത്തിന് വേണ്ടി മുഹമ്മദ് അത് സ്വന്തമായി രചിച്ചതാണെന്ന് സങ്കൽപ്പിക്കുക. അപ്പോൾ പല ചോദ്യങ്ങളും ഉയർന്നു വരുന്നു. സ്വന്തമായി രചിച്ച ഒരു കൃതി ദൈവത്തിൻ്റെ മേൽ ആരോപിക്കാൻ മുഹമ്മദ് നബി(സ) യെ പ്രേരിപ്പിച്ച ഘടകം എന്ത്? അഥവാ എന്തിനാണ് അവിടുന്ന് ഒരു കാര്യവുമില്ലാതെ പ്രവാചകത്വം വാദിച്ചത്?

പ്രശസ്തി മോഹമോ?
--------------------
പ്രശസ്തി മോഹം കൊണ്ടാണ് അങ്ങനെ ചെയ്‌തതെന്ന് കരുതാൻ യാതൊരു ന്യായീകരണവുമില്ല. കാരണം കവികൾക്കും സാഹിത്യകാരന്മാർക്കും ഏറ്റവും കൂടുതൽ സ്വീകാര്യതയും പ്രശസ്തിയും കിട്ടിയിരുന്ന കാലമായിരുന്നു അത്. ഒരു ഗോത്രത്തിൽ ഒരു കവി ജനിച്ചു എന്നറിഞ്ഞാൽ കവിത കഅ്ബയിൽ കെട്ടിത്തൂക്കുകയും അതൊരു ആഘോഷമായി കൊണ്ടാടുകയും ചെയ്യുമായിരുന്നു. ഖുർആൻ ഉൽകൃഷ്‌ട സാഹിത്യമാണെന്ന കാര്യത്തിൽ ഖുറൈശികൾക്ക് പോലും തർക്കമുണ്ടായിരുന്നില്ല. ഇസ്‌ലാമിൻ്റെ കഠിന ശത്രുവായ വലീദ് പോലും ഇക്കാര്യം ആണയിട്ട് സമ്മതിക്കുന്നുണ്ട്. പ്രശസ്‌തിയും സ്വീകാര്യതയുമാണ് നബി(സ) ഉദ്ദേശിച്ചതെങ്കിൽ ഇത് സ്വന്തം രചനയാണെന്ന് പറയുകയായിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ ഉന്നത സാഹിത്യകാരൻ എന്ന മേൽ വിലാസവും ആദരവും പ്രശസ്‌തിയും മുഹമ്മദ് നബി(സ)ക്ക് കൈവരുമായിരുന്നു.

അധികാരമോഹമോ?
----------------------
മുഹമ്മദ് നബി(സ)യുടെ ലക്ഷ്യം അധികാരമായിരുന്നില്ല. കാരണം ദിവ്യ ബോധനം തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ നബി(സ)യുടെ അടുക്കൽ പൗര പ്രമുഖരെല്ലാം ചെന്ന് വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർ പറഞ്ഞു: നീ സമ്പത്താണ് കൊതിക്കുന്നതെങ്കിൽ നിനക്ക് വേണ്ടത്ര ധനം ഞങ്ങൾ നൽകാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ പ്രദേശത്തെ രാജാവായി നിന്നെ വാഴിക്കാം. സൗന്ദര്യമാണ് മോഹിക്കുന്നതെങ്കിൽ നിനക്കിഷ്‌ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തരാം. പക്ഷേ, തിരുനബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അധികാരമോ കവർച്ചമുതലോ എനിക്കാവശ്യമില്ല. മനുഷ്യർക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് എന്നെ നിയോഗിച്ചിട്ടുളളത്. അവന്റെ സന്ദേശമാണ് ഞാൻ നിങ്ങൾക്ക് എത്തിച്ചു തരുന്നത്. അത് സ്വീകരിക്കുന്നവർക്ക് ഈ ലോകത്ത് സുഖവും സമാധാനം പരലോകത്ത് ശാശ്വത വിജയവും നേടാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവർക്കിടയിൽ തീർപ്പു കൽപ്പിക്കുന്നവൻ അവൻ തന്നെയാണ്.'

അധികാരം മോഹിച്ചില്ലെങ്കിലും പിൽകാലത്ത് അധികാരം തൻ്റെ കയ്യിൽ വന്നണഞ്ഞു എന്നത് നേരാണ്. പക്ഷേ, അപ്പോഴും ഒരു രാജകീയ പ്രൗഢിയോടെ അവിടുന്ന് ജീവിച്ചിട്ടില്ല. പ്രത്യുത, തന്നെ അമിതമായി ആദരിക്കരുതെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി. ഒരിക്കൽ തിരുന ബി(സ)പറഞ്ഞു: ക്രിസ്ത്യാനികൾ മർയമിൻ്റെ പുത്രനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്," അനുയായികൾക്കിടയിൽ അവരിൽ ഒരാളായിട്ടാണ് തിരുനബി ജീവിച്ചത്. തനിക്ക് മറ്റുളളവർ സേവനം ചെയ്യുന്നത് പോലും അവിടുന്ന് ഇഷ്ട്‌ടപ്പെട്ടിട്ടില്ല. ഈത്തനപ്പനയോലയിൽ കിടന്നുറങ്ങിയത് നിമിത്തം ശരീരത്തിൽ അതിൻ്റെ പാടുകൾ കാണാമായിരുന്നു. ഭരണാധികാരിയായ കാലത്തു തന്നെ അങ്ങനെ ജീവിച്ച ഒരു മനുഷ്യനെ അധികാരമോഹിയെന്ന് എങ്ങനെയാണ് വിളിക്കുക?

ഭൗതിക മോഹങ്ങളോ?
-----------------------
ഭൗതിക മോഹങ്ങളൊന്നും നബി(സ)യെ ഭരിച്ചിരുന്നില്ല എന്ന് മേൽ വിശദീകരണങ്ങളിൽ തന്നെ വ്യക്തമാണ്. ഉളളതെല്ലാം മറ്റുളളവർക്ക് നൽകി അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ ഒരു സാമൂഹ്യ സേവകനാണ് മുഹമ്മദ് നബി(സ). 

മഹതി ആഇശ(റ) വിശദീകരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ ഒന്നും പാചകം ചെയ്യാനില്ലാത്തതിനാൽ അടുപ്പ് പുകയാത്ത ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞുപോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോൾ മദീനത്തുകാർ കൊണ്ടുവരുന്ന ആട്ടിൻപാലും ഈത്തപ്പഴത്തോടൊപ്പമുണ്ടാവും.

ഇസ്‌ലാമിക സാമ്രാജ്യത്തിൻ്റെ അധിപനായ തിരുനബി(സ)യുടെ കൊട്ടാരത്തെക്കുറിച്ച് അനുചരനായ ഉമർ(റ)വിൻ്റെ വിവരണം കേൾക്കുക: തിരുനബി(സ)യുടെ മുറിയിൽ ഊറക്കിട്ട മൂന്ന് തോൽക്കഷ‌ണങ്ങളും ഒരു മൂലയിൽ അൽപം ബാർലിയുമല്ലാതെ ഞാൻ കണ്ടിട്ടില്ല. ഞാൻ കരഞ്ഞുപോയി. നബി(സ)ചോദിച്ചു. "എന്തിനാണ് നീ കരയുന്നത്?" ഞാൻ പറഞ്ഞു: "തിരുദൂതരെ! ഞാൻ എങ്ങനെ കരയാതിരിക്കും? അങ്ങയുടെ ദേഹത്ത് ഈത്തപ്പനയോലയുടെ പാട് കാണുന്നു. തിരുദൂതരെ! സമൃദ്ധിക്ക് അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. അവിശ്വാസികളായ  പേർഷ്യക്കാരുടെയും റോമക്കാരുടെയും രാജാക്കന്മാർ അരുവികൾ ഒഴുകുന്ന തോട്ടങ്ങളിൽ താമസിക്കുമ്പോൾ അല്ലാഹുവിൻ്റെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ദാരുണമായ പട്ടിണിയിൽ ജീവിക്കുന്നു". ഇത് കേട്ടപ്പോൾ തലയണയിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ എഴുന്നേറ്റിരുന്നു പറഞ്ഞു: ഉമർ, നീ ഇനിയും സംശയാലുവാണോ? ഭൗതിക ജീവിതത്തിലെ സുഖ സൗകര്യങ്ങളേക്കാൾ മരണാനന്തര ജീവതത്തിലെ സുഖ സൗകര്യങ്ങളാണ് നല്ലത്. അവിശ്വാസികൾ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തിൽ ആസ്വദിക്കുന്നു. നമ്മുടെത് മരണാനന്തര ജീവിതത്തിന്‌ വേണ്ടി ബാക്കി വെച്ചിരിക്കുകയാണ്. ഞാൻ തിരുദൂതരോട് പറഞ്ഞു: എനിക്ക് തെറ്റിപ്പോയി! മാപ്പ്. ഈ മഹാമനീഷിയെയാണോ ഭൗതിക പ്രേമിയായി മുദ്രകുത്തിയത്?

കളളം പറഞ്ഞതോ?
--------------------
ജനങ്ങളെ ജീർണതകളിൽ നിന്ന് രക്ഷിക്കാൻ മുഹമ്മദ് വെറുതെ പറഞ്ഞതാണെന്ന് വാദിക്കുന്നവരുണ്ട്. നാൽപത് വയസ്സുവരെ ഒരു സാധാരണക്കാരനെക്കുറിച്ച് പോലും കളവ് പറയാത്ത മുഹമ്മദ്(സ) അതിന് ശേഷം ദൈവത്തെക്കുറിച്ച് കള്ളം പറയുകയോ? ദൈവത്തെക്കുറിച്ച് കളവ് പറയുന്നവൻ്റെ ശിക്ഷ അതി കഠിനമാണെന്ന് ആ നബി തന്നെയും പഠിപ്പിച്ചിട്ടുമുണ്ട്! അപ്പോൾ മുഹമ്മദ് സ്വയം ശാപം ഏറ്റുവാങ്ങുകയായിരുന്നോ?


പ്രവാചകൻ പറയുന്നത് ?
*************************

വിശുദ്ധ ഖുർആനിലൂടെ ഈ പ്രവാചകൻ എന്താണ് ലോകത്തോട്  പറഞ്ഞുകൊണ്ടിരിക്കുന്നത്?  അത് അപകടകരമായ എന്തെങ്കിലും വാദങ്ങളാണോ? നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണോ? വ്യക്തി ജീവിതമോ സാമൂഹ്യ ജീവിതമോ നശിപ്പിക്കുന്നത്? 

അല്ലേ അല്ല! പ്രത്യുത ഈ ലോകത്ത് ശാന്തിയോടെ, സമാധാനത്തോടെ ജീവിക്കാൻ ഉതകുന്ന സന്ദേശങ്ങൾ. കൂടെ അനന്തമായ പാരത്രിക ലോകത്തുള്ള   സന്തോഷം!. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പ്രവാചകന് പറയാനുള്ളത്.

ഒന്ന്: തൗഹീദ്:
---------------
ഈ ലോകത്തിന് ഒരു സ്രഷ്‌ടാവുണ്ട്. അവനാണ് എല്ലാം സൃഷ്ട്‌ടിക്കുന്നതും എല്ലാം പരിപാലിക്കുന്നതും. അവൻ്റെ വിധി പ്രകാരമാണ് ലോകത്ത് എല്ലാ സംഗതികളും നടക്കുന്നതും മറ്റൊരു വസ്തുവും ഒന്നും സൃഷ്‌ടിച്ചിട്ടില്ല.  സൃഷ്‌ടിക്കുന്നതിൽ അവനോട് പങ്ക് ചേർന്നിട്ടില്ല: അവനെ ആരും  സഹായിച്ചിട്ടുമില്ല. ആരുടെയും സമ്മർദ്ദവും അവനില്ല. അവനാണ് സ്വതന്ത്രാധികാരി. അതിനാൽ അവൻ മാത്രമാണ് ഒരു ദൈവം എന്ന നിലക്കുള്ള ഏതൊരു വണക്കവും (ആരാധന) അർഹിക്കുന്നവൻ. അവനെയല്ലാതെ ആരാധിച്ചുകൂടെ അവനോടല്ലാതെ പ്രാർത്ഥിച്ചു (ദൈവം എന്ന നിലക്കുള്ള പ്രാർത്ഥന)കൂടാ. അവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ച് കൊണ്ടല്ലാതെ നേർച്ച വഴിപാടുകൾ നടത്തിക്കൂടാ 

അല്ലാഹുവിൻ്റെ അധികാരം മറ്റുള്ളവർക്ക് വകവെച്ച് കൊടുക്കുന്നത് അവൻ ഇഷ്ട്‌ടപ്പെടില്ല; കെട്ടിട ഉടമക്കു കൊടുക്കേണ്ട വാടക കെട്ടിടത്തിനുള്ളിലെ എലിയുടെയും പൂച്ചയുടെയും കഴുത്തിൽ കെട്ടിക്കൊടുക്കുന്നത് ഉടമ ഇഷ്‌ടപ്പെടില്ല. സ്രഷ്‌ടാവിന് ചെയ്യേണ്ട ആരാധന ജനിക്കുകയും  വേദനിക്കുകയും കരയുകയും പ്രയാസമനുഭവിക്കുകയും മരിക്കുകയും ചെയ്‌ത സൃഷ്ട്ടികളായ രാമനും കൃഷ്‌ണനും ക്രിസ്‌തുവിനും അനുവദിച്ചുകൂടാ. സങ്കൽപ കഥാപാത്രങ്ങളായ ശിവനോ വിഷ്‌ണുവിനോ വകവെച്ചു കൂടാ.അടിമകളായ അമ്മയും ബാബയും സൃഷ്‌ടിപ്പ് അവകാശപ്പെട്ടിട്ടില്ലല്ലോ. അല്ലാഹു അത് വിശുദ്ധ ഖുർആനിലൂടെ അവകാശപ്പെട്ടു. എനിക്കു മാത്രമേ ആരാധന പാടുള്ളുവെന്ന് വിശുദ്ധ ഗ്രന്ഥത്തിലൂടെ അവൻ  പറഞ്ഞു കൊണ്ടിരുന്നു. അവന് മലക്കുകൾ എന്ന സവിശേഷ സൃഷ്ട്‌ടികളുണ്ട്. അവർ പ്രഞ്ചത്തിൽ അവൻ നിശ്ചയിച്ച ചില ഉദ്യോഗസ്ഥരാണ്; മനുഷ്യരുടെ നഗ്ന നേത്രങ്ങൾ കൊണ്ട് അവരെ കാണാനാവില്ല: വിവിധ രൂപത്തിൽ  രൂപാന്തരപ്പെടാൻ അവർക്ക് സാധിക്കും.

മഴ, ഇടി, മിന്നൽ, കാറ്റ്. നന്മ തിന്മകളുടെ റിക്കോർഡിംഗ്, ലോകവസാനം എന്നിങ്ങനെയുള്ള വിവിധ ഡ്യൂട്ടികൾ അവരെ അല്ലാഹു ഏൽപ്പിച്ചിരിക്കുന്നു; അവരൊന്നും സ്വതന്ത്രാധികാരികളല്ല; അതിനാൽ ദൈവങ്ങളുമല്ല. അല്ലാഹുവിൻ്റെ അനുവാദത്തോട്‌കൂടെ മാത്രമെ അവർക്കെന്തും ചെയ്യാനാവൂ.  അവരെ വിശ്വസിക്കുന്നത് അല്ലാഹുവിനെ വിശ്വസിക്കുന്നതിൻ്റെ ഭാഗമത്രെ. 

രണ്ട്: രിസാലത്ത്
------------------
അല്ലാഹു തൻ്റെ സന്ദേശങ്ങൾ സൃഷ്ട്‌ടികളെ അറിയിക്കുന്നത്  തെരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ മുഖേനയാണ്. ലക്ഷക്കണക്കിന് ദൂതന്മാരെ അല്ലാഹു നിയോഗിച്ചു. അതിൽ ആദ്യത്തെ പ്രവാചകനാണ് ആദ്യ മനുഷ്യനായ ആദം നബി(അ). അന്ത്യ പ്രവാചകൻ മുഹമ്മദ്(സ), നൂഹ്, മൂസാ, ഈസാ, ഇബ്രാഹീം..... എല്ലാ പ്രവാചകന്മാർ തന്നെ; പ്രവാചകന്മാരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവൻ ഗ്രന്ഥങ്ങൾ നൽകി. മൂസാ നബിക്ക് തൗറാത്ത്, ഈസാ നബിക്ക് ഇഞ്ചിൽ ദാവൂദ്‌ നബിക്ക് സബൂർ, മുഹമ്മദ്‌ നബി(സ)ക്ക് ഖുർആൻ. തോറയും സങ്കീർത്തനവും പുതിയ നിയമവും, പ്രവാചകന്മാർക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങളാണെന്നതിന് രേഖയില്ല; അല്ല എന്നതിന് രേഖയുണ്ട് താനും. അത്കൊണ്ടാണ് മൂസാ നബിയുടെ  മരണത്തെക്കുറിച്ച് ഈസാ നബിയുടെ (സാങ്കൽപിക) ക്രൂശീകരണത്തെ കുറിച്ചു അവരിൽ പ്രതിപാദ്യങ്ങളുണ്ടായത്. പ്രവാചകന്മാരുടെ കാലശേഷം കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ പിൻഗാമികൾ എഴുതിയുണ്ടാക്കിയതാണവ. അവയിൽ സത്യങ്ങളുണ്ടാവാം:അസത്യങ്ങളും.

മുഹമ്മദ് നബി(സ)യോട് കൂടി പ്രവാചകത്വം അവസാനിച്ചു. ഖുർആൻ  അവസാന ഗ്രന്ഥമാണ്. അവസാന മനുഷ്യൻ്റെ മോചനത്തിനാവശ്യമായ കാര്യങ്ങൾ വരെ അതിലുണ്ട്. മനുഷ്യൻ വിശ്വസിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അവൻ്റെ സാംസ്‌കാരിക ഭൂമികയും...എല്ലാം. തനിക്ക് ഒരു ഉടമയുണ്ടെന്നും അവൻ തന്നെ സഹായിക്കാൻ കഴിവുള്ളവനാണെന്നും അവൻ കാരുണ്യവാനാണെന്നും എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണെന്നും വിശ്വസിക്കുന്നവൻ ഭയപ്പെടേണ്ടിവരില്ല. അവൻ നിരാശപ്പെടില്ല. എല്ലാം ആ യജമാനൻ്റെ വിധി പ്രകാരമാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്ന അടിമ ആരെ, എന്തിന് പേടിക്കണം? സ്വസ്ഥതയുളള ജീവിതം ഈ പ്രത്യ ശാസ്ത്രം പ്രദാനം ചെയ്യുന്നു. പ്രധാനമായും അഞ്ചു കാര്യങ്ങളാണ് അവന് ആരാധനയായി ചെയ്യേണ്ടത്.

ഒന്ന്: 'അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അവൻ്റെ ദൂതനാണെന്നും വിശ്വസിച്ച് നാവ് കൊണ്ട് വ്യക്തമാക്കിപ്പറയുക' ഇത് വിശ്വസിച്ച് പറയുന്നതോടെ ഒരാൾ മുസ്‌ലിമായി. ഏതെങ്കിലും കേന്ദ്രത്തിൽ പോയി ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെങ്കിലും പേര് മാറ്റിയിട്ടില്ലെങ്കിലും അവൻ ഒരു മുസ്‌ലിമാണ്. അവൻ മുസ്‌ലിമിൻ്റെ സഹോദരനാണ്. അയിത്തത്തിന്റെയും തൊട്ടുകൂടായ്‌മയുടെയും പേരിൽ അവനെ മാറ്റിനിർത്തില്ല: നിറവും ജാതിയും തിരിച്ചുള്ള വിവേചനമില്ല. ശാന്തസുന്ദരം... ഈ പ്രഖ്യാപനം നടത്തുകയും അതിനെതിരായ കാര്യങ്ങളും ചെയ്യാതെ മരണപ്പെടുകയും ചെയ്‌താൽ അയാൾ മുസ്‌ലിമായി മരിച്ചു. ശാശ്വതമായ നരകത്തിൽ നിന്ന് അയാൾ മോചിതനായി: എന്നാൽ മറ്റു ആരാധനകളും സ്വഭാവ ഗുണങ്ങളും ആർജിച്ചാൽ മാത്രമേ ഒരാൾ പൂർണ മുസ്‌ലിമാവൂ.

ബാക്കിയുള്ള 4 ആരാധനകൾ ഇവയാണ്.
1. അഞ്ച് നേരം നിസ്‌കാരം നിർവ്വഹിക്കുക
2. ധനം ഒരു നിശ്ചിത പരിധിയെത്തിയാൽ അർഹർക്കുള്ള  വിഹിതം നിർബന്ധ ദാനം ചെയ്യുക.
3. റമളാൻ മാസം നോമ്പനുഷ്ടിക്കുക.
4. കഴിവുള്ളവർ ഹജ്ജ് തീർത്ഥാടനം നിർവ്വഹിക്കുക.

അനുഷ്‌ഠാനപരമായ കാര്യങ്ങളാണിവ. എന്നാൽ മനുഷ്യജീവിതത്തിൻ്റെ പൂർണതക്കാവശ്യമായ മുഴുവൻ ഉത്തമ ഗുണങ്ങളും തിരുനബി പഠിപ്പിച്ചു. മുഴുവൻ നന്മയും അവിടുന്ന് ഉപദേശിച്ചു. തിന്മകളെല്ലാം അവിടുന്ന് വെറുത്തു, വെടിഞ്ഞു, തടഞ്ഞു.

തിരുനബി പഠിപ്പിച്ച ചില ഉത്തമഗുണങ്ങൾ

1. മാതാപിതാക്കളെ ആദരിക്കണം, അവർക്ക് സേവനങ്ങൾ ചെയ്യണം
2. ബന്ധുക്കളോടും അയൽവാസികളോടും മനുഷ്യന് കടപ്പാടുണ്ട്.
3. വിധവകളോടും അനാഥകളോട്, അശരണരോട് കനിവുണ്ടാകണം.
4. മൃഗങ്ങളോടും കാരുണ്യം കാണിക്കണം
5. മനുഷ്യരെ സഹായിക്കണം, സ്നേഹിക്കണം
6. സസ്യങ്ങൾ വെച്ച് പിടിപ്പിക്കണം
7. ജലം ദുർവ്യയം ചെയ്യരുത്. 
8. പ്രകൃതിയോട് ക്രൂരത കാണിക്കരുത്.
9. പരിസ്ഥിതി സംരക്ഷിക്കണം. 
10. മലിനീകരണം അരുത്. 
11. ഭീകരവാദം പാടില്ല. 
12. വർഗീയത അരുത്. 
13. മദ്യപാനം നിഷിദ്ധം. 
14. പലിശ, ചൂതാട്ടം, ചൂഷണം, കവർച്ച പാടില്ല. 
15. സാമ്പത്തിക രംഗത്ത് കൃത്യത പാലിക്കണം, വിശ്വസ്‌തത പുലർത്തണം
16. അക്രമിക്കരുത്, അവഹേളിക്കരുത്, കൊല്ലരുത്, വഞ്ചിക്കരുത്. 
17. നിയമം കയ്യിലെടുക്കരുത്, സമാധാനം തകർക്കരുത്. 
18. ഭരണാധികാരിയെ അനുസരിക്കണം. 
19. അസത്യത്തിന്/അനീതിക്ക് കൂട്ട് നിൽക്കരുത്. 
20. ഗർഭഛിദ്രം പാടില്ല; ജനനാവകാശം നിഷേധിക്കരുത്. 
21. ചാവേറുകളാകരുത്, ആത്മഹത്യ നിഷിദ്ധം. 
22. ബാലവേല പാടില്ല
23. മത സൗഹാർദ്ദം നിലനിർത്തണം
24. സ്ത്രീകളെ പീഢിപ്പിക്കരുത്; അവർക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പുരുഷന്മാർ നൽകണം. 
25. വിവാഹം കഴിക്കണം.
26. ലൈംഗീക അരാചകത്വം പാടില്ല.
27. മൃദുലവികാരങ്ങളെ ഉത്തേജിപ്പുക്കുന്ന പ്രവണതകൾ അരുത്. 
28. സ്വജനപക്ഷപാതം പാടില്ല.
29. കള്ളസാക്ഷി പറയരുത്'
ഇങ്ങനെ എന്തെല്ലാം... നന്മകൾ തിരുനബി നടപ്പിലാക്കി. തിന്മകളെല്ലാം തടഞ്ഞു. ഇതെല്ലാം കൃത്യമായി പാലിക്കുന്നവനാണ് സമ്പൂർണ്ണ മുസ്‌ലിം; അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും മുഴുവൻ മനുഷ്യരും നിർഭയരാണ്.

മൂന്ന്. പരലോകം:
-------------------
വിശ്വസിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുകയും ആരാധനകൾ നിർവ്വഹിക്കുകയും സ്വഭാവഗുണങ്ങൾ  സ്വാംശീകരിക്കുകയും ചെയ്യുന്നവന് മരണ ശേഷം സ്വർഗീയ ജീവിതം ലഭിക്കുന്നു. ഖുർആനിക സന്ദേശങ്ങളെ ധിക്കരിക്കുകയും പരിഹസിക്കുകയും ചെയ്‌തവർക്ക് കഠോരമായി ശിക്ഷ ലഭിക്കുന്നു. തിരുനബി നിരന്തരമായി ഓർമ്മപ്പെടുത്തിയ സംഗതിയാണിത്. നരക സ്വർഗങ്ങളെക്കുറിച്ച് ഖുർആൻ ഓർമപ്പെടുത്തുന്നത് നോക്കൂ..

"തീർച്ചയായും തീരുമാനത്തിൻ്റെ ദിവസം സമയം നിർണയിക്കപ്പെടുന്നതായിരിക്കും' കാഹളത്തിൽ ഊതുകയും നിങ്ങൾ കൂട്ടമായി വരികയും ചെയ്യുന്ന ദിവസം. ആകാശം തുറക്കപ്പെടുകയും പല കവാടങ്ങളായി തീരുകയും ചെയ്യും. പർവ്വതങ്ങൾ സഞ്ചരിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും. തീർച്ചയായും നരകം  അതിക്രമകാരികൾക്കായി കാത്തിരിക്കുന്നതും അവർക്ക് മടങ്ങിച്ചെല്ലാനുള്ളതുമായ സ്ഥലമാകുന്നു. അതിൽ അവർ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും. കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ. അനുയോജ്യമായ പ്രതിഫലമത്രേ അത്. അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. നമ്മുടെ ദൃഷ്‌ടാന്തങ്ങളെ അവർ നിഷേധിച്ചു തളളുകയും ചെയ്തു. ഏതു കാര്യവും നാം എഴുതി  തിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ നിങ്ങൾ(ശിക്ഷ) ആസ്വദിച്ചു കൊളളുക. തീർച്ചയായും ഞാൻ നിങ്ങൾക്ക് ശിക്ഷയല്ലാതെ വർധിപ്പിച്ചു  തരികയില്ല. തീർച്ചയായും സൂക്ഷ്‌മത പാലിച്ചവർക്ക് വിജയമുണ്ട്. അതായത് സ്വർഗത്തിലെ തോട്ടങ്ങളും, മുന്തിരികളും തുടുത്തമാറിടമുള്ള  സമപ്രായക്കാരായ തരുണികളും, നിറഞ്ഞ പാത്രങ്ങളും.  അവിടെ വെച്ച് അനാവശ്യമായ ഒരു വാക്കോ വ്യാജ വാർത്തയോ അവർ കേൾക്കുകയില്ല. അത് രക്ഷിതാവിങ്കൽ നിന്നുള്ള ഒരു പ്രതിഫലവും കണക്കറ്റ സമ്മാനവുമാകുന്നു." (78:17: 36) 

മരണ ശേഷം എന്ത് സംഭവിക്കും എന്ന് ഉറപ്പിച്ച് പറയാൻ മുമ്പിൽ മാർഗങ്ങളില്ല. മറിച്ച്. അനുഭവ യാഥാർത്ഥ്യം പോലെ ജീവിതത്തിൽ ഒരിക്കലും കളവ് പറയാത്ത ഒരു വ്യക്തി അത് വിശദീകരിച്ച് തന്നിട്ടുണ്ടെങ്കിൽ  അതംഗീകരിക്കുകയേ നമുക്ക് നിർവ്വാഹമുള്ളൂ.

യുക്തിവാദി പറയുന്നത് പോലെ മരിച്ച് ചീഞ്ഞു മണ്ണോട് ചേർന്ന  നമ്മളില്ലാതാവുമെന്നും സ്വർഗ നരകങ്ങൾ ഇല്ല എന്ന് സങ്കൽപ്പിക്കുക; എന്നാൽ നിസ്‌കാരനോമ്പാദികൾ ചെയ്‌തത് കൊണ്ട് വല്ല നഷ്ടവും സംഭവിക്കാനുണ്ടോ? നിസ്‌കാരം കൊണ്ട് ശരീരത്തിന് വ്യായാമം ലഭിക്കും. നോമ്പ് ആരോഗ്യത്തിന് ആവശ്യമാണ്. ഹജ്ജ് ഒരു യാത്രയാണല്ലോ, സകാത് ദാനവും. നമുക്കും അപരനും സംതൃപ്‌തി ലഭിക്കുന്ന കാര്യങ്ങൾ. നഷ്ടമെന്ത്? എന്നാൽ മറിച്ചാണെങ്കിലോ? കളവ് പറയാത്ത, മുത്തുനബി(സ) പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുകയെങ്കിൽ ഈ നൈമിഷകമായ ലോകത്ത് നാം ചെയ്‌തു കൂട്ടിയ വൃത്തികേടുകൾക്ക് അനന്തമായ ശിക്ഷ അനുഭവിക്കേണ്ടിവരില്ലേ? അത് സഹിക്കുവാൻ താങ്കൾക്ക് സാധിക്കുമോ? എങ്കിൽ അതാണ് സത്യമെന്ന് മനസ്സിലാക്കുക; മനഷ്യേതരമായ സ്രോതസ്സിൽ നിന്നാണ് തിരു നബി ഈ വിശ്വാസ കാര്യങ്ങൾ പറഞ്ഞതെന്ന ബോധ്യപ്പെട്ട മനുഷ്യാ, വൈകരുത്. താങ്കളുടെ ഇഹവും പരവും രക്ഷിക്കാൻ ഇനിയും വൈകിക്കൂടാ. പടച്ചവൻ വേദഗ്രന്ഥത്തിലൂടെ പറഞ്ഞത് ഓർമയുണ്ടാവട്ടെ! 
 
"നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിൽ നിന്ന് തെളിവുകൾ വന്നിരിക്കുന്നു. ആരെങ്കിലും അത് കണ്ടെത്തുന്നുവെങ്കിൽ അവന് നല്ലത്. ആരെങ്കിലും അന്ധത നടിച്ചാൽ അവന് നാശം" (അൻ ആം -104)

നബിയേ!) ജനങ്ങൾക്ക് വേണ്ടി അങ്ങയുടെ മേൽ ഞാൻ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു. അതിൽ നിന്ന് ആരെങ്കിലും സന്മാർഗം പ്രാപിക്കുന്നുവെങ്കിൽ അവന് നല്ലത്; ആരെങ്കിലും വഴി പിഴക്കുന്നുവെങ്കിൽ അവന് തന്നെയാണ് വഴികേടിൻ്റെ നാശം. ആരെയും നിർബന്ധിച്ച് സന്മാർഗത്തിലാക്കേണ്ട ബാധ്യതയൊന്നും നിങ്ങൾക്കില്ല' (സുമർ 41)

സത്യമന്വേഷിച്ചിറങ്ങിയ വായനക്കാരാ, ഇതാ ഈ മുത്ത്  നബി(സ) പഠിപ്പിച്ച ഈ ആശയങ്ങൾ ഞാൻ താങ്കൾക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു: എന്റെ നാഥൻ സാക്ഷി! അവൻ നമുക്ക് വെളിച്ചം നൽകട്ടേ!


എങ്ങനെ വിശ്വസിക്കണം ?
****************************

മുഹമ്മദ് നബി(സ) അല്ലാഹുവിൻ്റെ പ്രവാചകനാണെന്ന്  ബോധ്യമായിക്കഴിഞ്ഞാൽ അവിടുത്തെ പൂർണ്ണാർത്ഥത്തിൽ വിശ്വസിക്കലും അനുസരിക്കലും നിർബന്ധമായി.

പ്രവാചകൻ (റസൂൽ(സ)) എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നവൻ എന്നാണ്. ജനങ്ങളോട് ഇടപഴകി,  ജനങ്ങൾക്കിടയിൽ ജീവിച്ച്, മാതൃക കാണിച്ചു കൊടുക്കുന്നവനാണ് ഒരു ദൂതൻ. അതിനാൽ ഒരു പ്രവാചകൻ മനുഷ്യനായേ തീരൂ. മലക്കാണെങ്കിൽ മലക്ക് ജീവിക്കുന്നതു പോലെ മനുഷ്യരായ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നു ജനം തിരിച്ചടിക്കും. ആ പ്രവാചകൻ അല്ലാഹുവിൻ്റെ  കൽപ്പനക്കനുസരിച്ച് പ്രവർത്തിക്കുന്നവനേ ആകാവൂ. ഒരിക്കലും അവനെ മറികടക്കുന്നവനോ സ്വതന്ത്രാധികാരമുളളവനോ ആയിക്കൂടാ.  അങ്ങനെയാവുമ്പോൾ ദൈവമായിപ്പോകും. ഈ രണ്ട് തെറ്റിദ്ധാരണങ്ങളും അകറ്റാൻ വേണ്ടി ഞാൻ നിങ്ങളെ പോലുളള (സ്വതന്ത്രാധികാരം ഇല്ലാത്ത, നന്മ തിന്മകൾ തെരെഞ്ഞെടുക്കാൻ സ്വതന്ത്രം നൽകപ്പെട്ട) മനുഷ്യൻ തന്നെയാണെന്ന് അവിടുന്ന് വ്യക്തമാക്കുകയുണ്ടായി. ഇതാണ് വിശുദ്ധ ഖുർആൻ (18:109)ൽ പറയുന്നത്.  

എന്നാൽ മനുഷ്യനോടെന്ന പോലെ, അല്ലാഹുവിൻ്റെ സന്ദേശദൂതനായ മലക്കിനോടും നബി (സ)ബന്ധപ്പെടുന്നുണ്ട്. അങ്ങിനെയാണ് ദൈവിക സന്ദേശങ്ങൾ മനുഷ്യന് ലഭിക്കുക. ഇങ്ങനെ ബന്ധപ്പെടണമെങ്കിൽ ജിബ്‌രീലിനെ കാണുവാനും മലക്ക് പറയുന്നത് കേൾക്കുവാനും സാധിക്കണം. സാധാരണക്കാരനപ്പുറം ഒരു കേൾവിയും കാഴ്‌ചയും ഉണ്ടെങ്കിലേ ഇത് നടക്കൂ. തിരു നബിയുമായി ബന്ധപ്പെട്ട വസ്‌തുക്കൾക്കൊക്കെ സ്വഹാബത്ത് അസാധാരണത്വം കൽപ്പിക്കുവാൻ കാരണം മറ്റൊന്നല്ല! ലോകചരിത്രം ഉറ്റുനോക്കിയ ഒരു മനുഷ്യന് വഹ്‌യിന്റെ അവതരണം അനുഭവിച്ച ഒരു വ്യക്തിക്ക്, മലക്കുകളെ യാഥാർത്ഥ രൂപത്തിലും മനുഷ്യ രൂപത്തിലുമൊക്കെ കണ്ട തിരുനബി(സ)ക്ക് അസാധാരണത്വം കൽപ്പിക്കാൽ അഹന്ത  അനുവദിക്കാത്തവന് ഇസ്ല‌ാമിൽ സ്ഥാനമില്ല .

ഇതുവരെയുള്ള വിശദീകരണത്തിൽ നിന്ന് മാനുഷിക ചരിത്രത്തിൽ തീർത്തും വ്യതിരിക്തമായ വ്യക്തിത്വമായാണ് നാം മുഹമ്മദ് നബി(സ)യെ  അനുഭവിക്കുന്നത്. അവിടുത്തെ പ്രസവം മുതൽ വഫാത്ത് വരെയും നീണ്ട് നിന്ന ഭൗതിക ജീവിതവും ശേഷമുള്ള ബർസഖി ജീവിതവും (ഖബർ ജീവിതം) അസാധാരണത്വങ്ങൾ നിറഞ്ഞതാണ്. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളും അത് തന്നെയാണ് പഠിപ്പിക്കുന്നത്. നബി(സ)തന്നെ പറയുന്നു: തീർച്ചയായും ഞാൻ നിങ്ങളെപ്പോലെയല്ല (ബുഖാരി). അല്ലാഹുവാണെ, നിങ്ങളുടെ ഭക്തിയും റുകൂഉം എനിക്ക് അവ്യക്തമല്ല. ഞാൻ നിങ്ങളെ എൻ്റെ പിറകിലൂടെ കാണുന്നു(ബുഖാരി). ഞാൻ സ്വർഗ്ഗം കണ്ടു!. അതിൽ നിന്ന് ഒരു പഴക്കുല പറിക്കാൻ ശ്രമിച്ചു. ഞാൻ നരകം കണ്ടു. അതിനേക്കാൾ വഷളായ കാഴ്ച്‌ ഞാൻ കണ്ടിട്ടില്ല(ബുഖാരി ). നിസ്കാര സമയത്ത് നിങ്ങൾ അണികൾ ശരിപ്പെടുത്തുക. അടുത്തടുത്ത് തോളുരുമ്മി നിൽക്കുക കാരണം വിടവുകളിലൂടെ പിശാച് പ്രവേശിക്കുന്നത് ഞാൻ കാണുന്നു (ബുഖാരി). മാലാഖയെ കാണുന്ന നബി, പിശാചിനെ കാണുന്ന നബി, സ്വർഗം കാണുന്ന നബി, നരകം കാണുന്ന നബി, മനസ്സിനകത്തുള്ളതും ഭൗതിക ലോകത്തിന് പുറത്തുള്ളതും കാണുന്ന നബി. ആ നബി സാധാരണ കാഴ്‌ചയും സാധാരണ കേൾവിയും സാധാരണ ചിന്തയും സാധാരണ ബുദ്ധിയുമുള്ള സാധാരണ മനുഷ്യനായിക്കൂടാ. 
 
നബി(സ) മാത്രമല്ല, അവിടുത്തോട് ബന്ധപ്പെട്ട മുഴുവൻ വസ്തുക്കൾക്കും വ്യക്തികൾക്കും പ്രത്യേകതകളുണ്ട്. കാരണം. ഇത് ചരിത്രത്തിൻ്റെ ഏതോ ഒരു ബിന്ദുവിൽ ജനിച്ച് 63 വർഷം ജീവിച്ച് ജീവിത ദൗത്യം പരമാവധി പൂർത്തീകരിക്കാൻ ശ്രമിച്ച് മൃതിയടഞ്ഞു പോയ ഒരു കേവലം മുഹമ്മദല്ല. ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും ജീവിക്കുന്ന (വാഴ്ത്തപ്പെടുന്ന) അല്ലാഹുവിൻ്റെ ദിവ്യവചനങ്ങളുടെ വാഹകനായ, അല്ലാഹുവിൻ്റെ തെരഞ്ഞെടുക്കപ്പെട്ട ദാസനാണ്. അതിനാൽ അവിടുത്തെ കുപ്പായം, മുടി, വിയർപ്പ്, അംഗസ്‌നാനം ചെയ്‌ത വെളളം എന്നിങ്ങനെ അവിടുത്തോട് ബന്ധപ്പെട്ട മുഴുവൻ വസ്തുക്കളും ആദരവോടെ മാത്രമാണ് തന്റെ സഖാക്കൾ മനസ്സിലാക്കിയത്. അവർ നബി(സ) വുളൂഅ് ചെയ്‌ത വെളളത്തിന്റെ മിച്ചത്തിന് വേണ്ടി തിക്കുകയും തിരക്കുകയും ചെയ്‌തു. സംഘട്ടനത്തിൻ്റെ വക്കോളമെത്തി. വെളളം കിട്ടാത്തവർ കിട്ടിയവരുടെ ശരീരത്തിൽ നിന്ന് തൊട്ടു പുരട്ടി. വിയർപ്പ് കുപ്പിയിലാക്കി. അമൂല്യ സുഗന്ധമായിരുന്നു അത്. സുഗന്ധത്തിന് വേണ്ടി അതുപയോഗിച്ചു. അവിടുത്തെ മുടി കളഞ്ഞപ്പോൾ സഖാക്കൾ വീതിച്ചെടുത്തു. ഖാലിദ്(റ) അത് തൊപ്പിക്കുളളിൽ  തുന്നിപ്പിടിപ്പിച്ചു. ആ തൊപ്പിയിട്ട് നടത്തിയ യുദ്ധമെല്ലാം ഗംഭീരമായി ജയിച്ചു. ഒരിക്കൽ മുഅ്തത് യുദ്ധത്തിൽ തൊപ്പി നഷ്‌ടപ്പെട്ടു. പിന്നെ ആ തൊപ്പിക്കായി യുദ്ധം! ധാരാളം യോദ്ധാക്കളുടെ ധീര രക്തസാക്ഷ്യത്വത്തിന് ശേഷം തൊപ്പി കയ്യിലെത്തി. ഉമ്മു സലമാ(റ) മുടി ഒരു വെള്ളപ്പാത്രത്തിൽ സൂക്ഷിച്ചു. ആളുകൾ രോഗമുണ്ടാകുമ്പോൾ വെള്ളപ്പാത്രവുമായി ഉമ്മുസലമയെ സമീപിക്കും. വെള്ളത്തിൽ മുടി മുക്കിക്കൊടുക്കും. വെള്ളം കുടിക്കും. രോഗം സുഖപ്പെടും. അബൂബക്കർ(റ)ൻ്റെ മകൾ അസ്‌മാഅ്(റ)നബി(സ)യുടെ കുപ്പായം ബറക്കത്തെടുക്കാൻ സൂക്ഷിച്ചു.
 
ഇത് വ്യക്തി പൂജയല്ല. വീരാരാധനയല്ല. പൗരോഹിത്യമല്ല. ഇസ്‌ലാം അതൊക്കെ ഉച്ചാടനം ചെയ്‌ത മതമാണ്. അല്ലാഹുവിൻ്റെ അടിമ മാത്രമാണ് നബി(സ). പക്ഷെ അതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ദാസനാണ്. കേവലം ഉദ്യോഗസ്ഥൻ്റെ സന്ദേശം കൊണ്ട് വന്ന പോസ്റ്റ്മാൻ്റെ നിലവാരത്തിൽ ആ അടിമയെ കാണുവാനല്ല ഇസ്‌ലാം പഠിപ്പിച്ചത്. അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ട അവൻ്റെ തെരഞ്ഞെടുക്കപ്പെട്ട ദാസനാകയാൽ ചില സവിശേഷകൾ നൽകി. ആ സവിശേഷതകൾ ഇസ്‌ലാം പൂർണ്ണമായി ഉൾക്കൊണ്ട സച്ചരിതരായ അനുചരർ നമുക്ക് വരച്ച് കാണിച്ച് തന്നു. ഖുർആൻ നമുക്ക് നേരിട്ട് ലഭിച്ചതല്ല. ഒരു വലിയ തലമുറയുടെ കൈകളിലൂടെയാണ് അത് നമുക്ക് ലഭിച്ചത്. അതിൽ അത്യുത്തമരായ സ്വഹാബത്ത് നബി(സ)യെ മനസ്സിലാക്കിയ രീതിലേക്കുയർന്നാൽ മാത്രമേ നമ്മുടെ ഇസ്‌ലാം പൂർത്തിയാകുകയുള്ളൂ. ആ നബിയോട് ആത്മ ബന്ധം പുലർത്താനും ആദരവ് കാണിക്കാനുമാണ് ഖുർആൻ നമ്മോട് കൽപ്പിക്കുന്നത്.

ഉപഭോഗ സംസ്ക്‌കാരത്തിൻ്റെതാണ് പുതിയ യുഗം. ആറ്റ് നോറ്റ് പെറ്റുവളർത്തിയ ഉമ്മയും രക്തം വിയർപ്പാക്കി മാറ്റിയ ഉപ്പയേയും സഹോദരനേയും  അയൽവാസികളേയുമൊക്കെ തങ്ങൾക്ക് സുഖസൗകര്യങ്ങൾ ഒരുക്കിത്തരാനുള്ള ഉപകരണങ്ങളായി കാണുന്ന യുഗം. ഉപഭോഗം കഴിഞ്ഞാൽ ഒഴിവാകുന്നു. മക്കൾ ശല്യമായപ്പോൾ കളി വീട്ടിൽ, വാപ്പ ശല്യമായപ്പോൾ പകൽ വീട്ടിൽ ഒരു യാന്ത്രിക ജീവിതം. അളന്ന് മുറിച്ച ആചാര മര്യാദകൾ. മനുഷ്യൻ സ്വന്തം ഷെല്ലിലേക്ക് ചുരുങ്ങിപ്പോകുന്നു. ഒന്ന് ഹൃദയം തുറന്ന് ചിരിക്കാൻ പോലും ഇടമില്ല. അവിടെ സ്നേഹവും ബഹുമാനവുമൊക്കെ ഗണിത ശാസ്ത്രത്തിൻ്റെ ത്രാസുകൾ ഉപയോഗിച്ച് ക്രമീകരിക്കപ്പെടുന്നു.  ഹൃദയം കൊട്ടിയടച്ച് സാക്ഷയിട്ട് സാക്ഷാൽ ഒരു യന്ത്രമായിത്തീർന്നിരിക്കുന്നു മനുഷ്യൻ. ഭൗതികത മാത്രമേ അവനെ ഭരിക്കുന്നുള്ളൂ. മാതാവ് മരിക്കുമ്പോൾ മനം നൊന്ത് കരയാൻ പോലും അവനാകുന്നില്ല. ഈ യാന്ത്രികതയും ഉപഭോഗ സംസ്ക്കാരവും മതത്തിലേക്കും കൂടി പടർന്ന് പിടിക്കുന്നവസ്ഥയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. 

ചിലർ പറയുന്നതിങ്ങനെയാണ്. 'ഞാൻ മുസ്‌ലിം. ഖുർആൻ എൻ്റെ ജീവിത പദ്ധതി. അത് കൊണ്ടുവന്നത് ആമിനയുടേയും അബ്‌ദുല്ലയുടേയും മകനായി ജനിച്ച മുഹമ്മദ്. സാധാരണക്കാരനായി ജനിച്ചു. സാധാരണക്കാരനായി ജീവിച്ചു. സത്യസന്ധനായിരുന്നു. കൂട്ടത്തിൽ നല്ലവൻ. ഈ ഇരുണ്ട യുഗം വെളുപ്പിക്കേണ്ടത് ആവശ്യമാണെന്ന് ദൈവം കണ്ടു. അവൻ മുഹമ്മദിന് വേദം നൽകി. അവൻ അത് പ്രബോധനം ചെയ്‌തു. 63 വയസ്സായപ്പോൾ സാധാരണ മനുഷ്യൻ മരിക്കുന്നത് പോലെ മരിച്ചു. ജീർണ്ണിക്കുമോ എന്ന് പേടിച്ച് സാധാരണക്കാരെ മറമാടുന്നത് പോലെ മറമാടി. ശരീരം ദ്രവിച്ചു മണ്ണായി. നമുക്ക് വേണ്ടത് ഇസ്‌ലാം അത് കിട്ടി. മുഹമ്മദിൽ വിശ്വസിക്കണമെന്ന് കൽപ്പനയുണ്ട്. അതിനാൽ വിശ്വസിക്കുന്നു. സ്നേഹിക്കണമെന്നും പറഞ്ഞിട്ടുണ്ട്. നിസ്‌കരിക്കുന്നതും നോമ്പ് നോൽക്കുന്നതുമൊക്കെയാണ് സ്നേഹം. അതിലപ്പുറം പാടില്ല. ചില നിഷ്‌ഠകൾ, ആചാരങ്ങൾ ഇതാണ് ഇസ്ല‌ാം'.

ഹൃദയം തുറന്ന് സ്നേഹിക്കാൻ പാടില്ലാത്ത മതം!.  ഇത് ഒരു വരണ്ട ഇസ്ല‌ാം ആണ്. ജീവനില്ലാത്ത ഇസ്‌ലാം. യഥാർത്ഥ ഇസ്‌ലാം സ്നേഹത്തിന്റെയും ബഹുമാനത്തിൻ്റെയും വിധേയത്വത്തിൻ്റെയും മതമാണ്. തിരുനബിയെ അല്ലാഹുവിന്റെ കേവലം ഒരു കൂലിപ്പണിക്കാരനായിട്ടല്ല ഇസ്‌ലാം പരിചയപ്പെടുത്തുന്നതെന്ന് നാം മനസ്സിലാക്കി. മനുഷ്യ ചരിത്രത്തിൻ്റെ പ്രഥമ ബിന്ദു മുതൽ അന്ത്യനാൾ വരെ വാഴ്‌ത്തപ്പെടുന്നവ(മുഹമ്മദ്)നാണ് മുഹമ്മദ്. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് ആ നബിയുടെ നൂർ(പ്രകാശം)ആയിരുന്നു എന്ന് ചില ഹദീസുകളിൽ നിന്ന് നമുക്ക് മനസ്സിലാകും. പ്രപഞ്ചത്തിൻ്റെയാകെയും പൊരുളും മൂലസ്രോതസും  നൂറുന്നബിയായിരുന്നുവെന്ന സൂഫി ദാർശനികരുടെ വാദത്തിൻ്റെ  ഒരടിസ്ഥാനമിതാണ്. അല്ലാഹുവിനെ കൂടുതലായി വാഴ്‌തിയതിനാൽ
(അഹ്‌മദ്) ചരിത്രത്തിൽ മുഹമ്മദ് ആയിത്തീരുകയായിരുന്നു. അതിന് കുലീനമായ കുടുംബം, സംശുദ്ധമായ താവഴി അവനൊരുക്കിക്കൊടുത്തു. ഇങ്ങനെ വിശുദ്ധമായ മാതാപിതാക്കളിലൂടെ അഹ്‌മദ് മുഹമ്മദായി ഭൂമിയിൽ പിറന്നു. അത്ഭുതകരമായ ജനനം അത്ഭുതകരമായ മുലകുടി അത്ഭുതകരമായ അനുഭവങ്ങൾ, തെറ്റുകളിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെടൽ, അതെ? ചരിത്രത്തിന്റെ കേവല നിയോഗമായിരുന്നില്ല തിരുനബി.

അല്ലാഹു കണക്കാക്കിയ സമയവും സന്ദർഭവും എത്തിയപ്പോൾ പ്രവാചകത്വം നൽകുകയാണ്. അത് ഏറ്റെടുത്ത് ഭംഗിയായി നിർവ്വഹിച്ചു. കൊടിയ പീഢനങ്ങൾ സഹിച്ചു. താഢനങ്ങൾ ഏറ്റുവാങ്ങി. പരിഹാസങ്ങൾ, വെല്ലുവിളികൾ, കല്ലേറ്, കൂക്കുവിളി, ഒട്ടകത്തിൻ്റെ കുടൽമാല, വധശ്രമം. അതേ സമയം മറ്റൊരു ജനത ജനിച്ചു. അവർ ആ നബിയെ ഹൃദയം തുറന്ന് സ്നേഹിച്ചു. ആദരിച്ചു. ബഹുമാനിച്ചു. അവിടത്തോടുള്ള സ്നേഹം കാരണം മുഴുവനും ത്യജിച്ചു. തൂക്കിലേറ്റപ്പെട്ടവർ, ശരീരം രണ്ടായി ചീന്തപ്പെട്ടവർ, ഇരുമ്പ് ദണ്ഡ്‌ അടിച്ച് കയറ്റപ്പെട്ടവർ, പൊളളുന്ന മണലിൽ വിവസ്ത്രരായി കിടന്ന് പാറക്കല്ലുകൾക്ക് താഴെ പിടഞ്ഞവർ. 

അവർ നബിയെ ആത്മാർത്ഥമായി സ്നേഹിച്ചു. മുഴുവൻ പ്രശ്‌നങ്ങളും നബിക്ക് മുന്നിൽ തുറന്ന് വെച്ചു ഓർമ്മക്കുറവുണ്ടായപ്പോൾ അബൂഹുറൈറ(റ) നബി(സ)യുടെ അടുക്കലേക്ക് ഓടുന്നു. ഉഹ്‌ദിൽ പരിക്ക് പറ്റിയ സലമ:(റ) നബി(സ)യെ സമീപിക്കുന്നു. കണ്ണ് നഷ്ടപ്പെട്ട ഖതാദ(റ) അതുമായി നബിക്കരികിലേക്ക്! ക്ഷാമവും വറുതിയും വന്നപ്പോഴും പ്രശ്ന പരിഹരത്തിന്  നബിയോട് സങ്കടം പറയുന്നു. പെണ്ണ് കെട്ടാനൊരുങ്ങുന്നവനും വീട്ടിൽ നിസ്‌കാരം തുടങ്ങാൻ കൊതിക്കുന്നവനുമൊക്കെ നബിയെ വേണം. ചോദിക്കുന്നത് ഭൗതിക കാര്യമാണെന്നോ അഭൗതിക കാര്യമാണെന്നോ അവർ വേർതിരിച്ചിട്ടില്ല. നബി(സ)യെ തെരഞ്ഞെടുക്കപ്പെട്ട ദാസനായി മനസ്സിലാക്കിയവർ അതിൽ ശിർക്കിൻ്റെ അംശങ്ങൾ ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയില്ല. അവർക്ക് നബി(സ)എല്ലാമെല്ലായിരുന്നു. അത് കൊണ്ട് തന്നെ നബി(സ)യുടെ വേർപ്പാട് സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. ഉമറിന് നബി(സ)യുടെ വേർപ്പാട് അംഗീകരിക്കാൻ കഴിഞ്ഞില്ല. ബിലാലിന് നബി(സ)ഇല്ലാത്ത നാട്ടിൽ ബാങ്ക് വിളിക്കാൻ സാധിച്ചില്ല. നാട് വിട്ടവർ, കർണ്ണം നഷ്ടപ്പെട്ടവർ, ഭ്രാന്ത് പിടിച്ചവർ, സ്നേഹം!..... സ്നേഹമാണത്!!. അതിരുകളില്ലാത്ത സ്നേഹം!!! 

വികാരമില്ലാത്ത മരപ്പാവകളായിരുന്നില്ല അവർ. മരണത്തോടെ എല്ലാം തീരുമെന്നവർ വിശ്വസിച്ചില്ല. മരണത്തോടെ ജീവിതം തുടങ്ങുകയാണെന്ന് പഠിപ്പിക്കപ്പെടുന്നവരാണവർ. അതുകൊണ്ട് അബൂബക്കർ(റ) വഫാത്തിന് ശേഷവും അവിടുത്തെ സാമീപ്യം കൊതിച്ചു. മയ്യിത്ത് കട്ടിൽ തിരുനബിയുടെ ഖബറിലേക്കെടുക്കുമ്പോൾ "സ്നേഹിതനെ സ്നേഹിതൻ്റെയടുക്കലേക്ക് അടുപ്പിക്കുവിൻ" തിരു ഹുജ്റയിൽ നിന്ന് അശരീരി മുഴങ്ങി. ഉമർ(റ)അതു തന്നെ കൊതിച്ചു. മരണം ആസന്നമായ സമയത്ത് ആയിശ(റ)വിനോട് പ്രത്യേക അനുവാദം വാങ്ങി. ആയിശ(റ) തനിക്ക് വേണ്ടി കരുതി വെച്ച സ്ഥലം ഉമറിന് നൽകി. കാൽ തരിച്ചപ്പോൾ പോലും ഇബ്നു‌ ഉമർ(റ) യാ മുഹമ്മദ് എന്ന് വിളിച്ചു. ബിലാലു ബ്നു ഹാരിസ്(റ) അവിടുത്തെ ഖബറിങ്ങൽ ചെന്ന് വരൾച്ചയെക്കുറിച്ച് വേവലാതി പറഞ്ഞു. ഇമാം ത്വബ്‌റാനി അടക്കമുള്ള സംഘം വിശന്ന് പൊരിഞ്ഞപ്പോൾ ഖബറിലെ നബിയോട് സങ്കടം പറഞ്ഞു. ഇമാം അബൂ ഹനീഫ(റ) നബിയെ വിളിച്ച് പരാതിപ്പെട്ടു. ഇമാം മാലിക്ക്(റ)വും ഇമാം ശാഫിഈ(റ)വും അല്ലാഹുവിലേക്കുള്ള നമ്മുടെ വസീലയാണ് നബിയെന്ന് നമ്മെ ബോധ്യപ്പെടുത്തി.... സ്നേഹം....സ്നേഹത്തിൻ്റെ വിവിധ  മുഖങ്ങൾ.. മുസ്‌ലിമിൻ്റെ സ്നേഹം ജഢികമല്ല. ആത്മീയമാണത്. അവൻ മുത്ത് നബിയെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്നു. ആ സ്നേഹം സ്വലാത്തായി ദിക്ക്‌റായി  മൗലിദായി വിളിയായി ഒഴുകുന്നു.

തിരു നബിയെ ഭൗതിക ലോകത്തോട് ഒരു ബന്ധവുമില്ലാതെ മരിച്ച് ദ്രവിച്ച് കിടക്കുകയല്ല. സ്വലാത്തുകൾ അവിടുന്ന് അറിയുന്നുണ്ട്. അറിയിക്കുവാൻ പ്രത്യേക മലക്കുകളെ അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട്. ബർസഖി ലോകത്ത് അവിടുത്തെ ആത്മാവ് ഭൗതികലോകവുമായി നിരന്തരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നാണ് ഇതിൻ്റെ അർത്ഥം. അത് കൊണ്ടാണ് തിരുനബി തന്നെ പറഞ്ഞത്: എൻ്റെ ജീവിതവും എൻ്റെ മരണവും നിങ്ങൾക്ക് ഉത്തമം. നിങ്ങളെന്തെങ്കിലും നന്മ ചെയ്‌താൽ ഞാൻ അല്ലാഹുവിനെ സ്‌തുതിക്കും. തിന്മ ചെയ്താൽ നിങ്ങൾക്ക് ഞാൻ പൊറുക്കലിനെ തേടും. മലയാളിയുടെ മനക്കോട്ടകളിൽ നിന്ന് "ഇർതക്‌ബതു"വിൻ്റെ ഈരടികൾ ഉറപൊട്ടുന്നതിൻ്റെ സാഹചര്യമിതാണ്.

ഇതാണ് ജീവനുള്ള ഇസ്‌ലാം. ഹൃദയമുള്ള ഇസ്‌ലാം. കടപ്പാടുകളും വിധേയത്വവുമുള്ള ഇസ്ല‌ാം. പശിമയുളള ഇസ്‌ലാം. ബന്ധങ്ങളും ബാധ്യതകളുമുളള ഇസ്‌ലാം. ശുദ്ധ ആത്മീയതയാണ് അതിൻ്റെ മുഖമുദ്ര. തസ്വവുഫ് ആണ് അതിൻ്റെ അന്തർധാര. വിധേയത്വത്തിനെതിരെ യുക്തിവാദവുമായി മുന്നോട്ട് വന്ന് ഇബ്ലീസിയൻ ചിന്താധാരകളോട് അതെന്നും സമരത്തിലാണ്. വിമോചനമാണ് വേണ്ടത്. സാക്ഷയിട്ട് കൊട്ടിയടച്ച സ്നേഹം ലഭിക്കാത്ത കൂരിരുട്ടിൽ നിന്നുളള മോചനം.


സമാപ്ത‌ം
********

ഇവിടെ ഒരു തുള്ളി വെളിച്ചമുണ്ട്. കൂരിരുട്ട് നിറഞ്ഞ ഈ ലോകത്ത് വെട്ടം കൊതിക്കുന്ന സഹോദരാ. ഇവിടേക്ക് വരൂ, നിങ്ങൾ എന്നും പത്ത് തവണയെങ്കിലും ഓർമിക്കുന്ന ചരിത്രത്തിലെ തുല്യതയില്ലാത്ത നേതാവിനെ പരിചയപ്പെടുത്തുക മാത്രമായിരുന്നു ധർമ്മം. ഇതാ, ഇതാണ് പ്രവാചകൻ. അല്ലാഹുവിൻ്റെ ദൂതനാണെന്ന് വാദിക്കുന്ന പ്രവാചകൻ. നിങ്ങളെ സ്വർഗ്ഗത്തിലേക്ക് വിളിക്കുന്ന ദൂതൻ. കളവ് പറയാത്ത വഞ്ചന കാണിക്കാത്ത മുത്ത് നബി(സ): തിരുനബി ജീവിതം കൂടുതൽ പഠിക്കാൻ ഈ കൈ പുസ്‌തകം പ്രചോദകമാവട്ടെ.

വായിക്കുക, വീണ്ടും വായിക്കുക. അതാണല്ലോ ആ പ്രവാചകന് ആദ്യമായി അവതരിച്ച കൽപ്പനയും. അങ്ങനെ ആ നബിയെ തിരിച്ചറിയാൻ ശ്രമിക്കുക. ശേഷം തീരുമാനിക്കുക. 

ആരാണ് മുഹമ്മദ്(സ)? 
അറേബ്യയിലെ ഇരുണ്ട യുഗത്തെ വെളുപ്പാക്കാനായി മാത്രം സ്വയം മുണ്ടു മുറുക്കിയ ഒരു പരിഷ്കർത്താവോ? 
ഖുർആൻ ലോകത്തിന് ഓതിക്കൊടുക്കാനായി മാത്രം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രവാചകനോ?
നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ച് അയക്കുവാനായി നിങ്ങളോട് ഹൃദയത്തിൻ്റെ ഭാഷയിൽ നിരന്തരം സംവദിച്ച് കൊണ്ടിരിക്കുന്ന, സൃഷ്ടി ലോകത്തിന്റെയാകയെയും അസ്ഥിത്വത്തിൻ്റെ കാരണമായി സൃഷ്ടികർത്താവ് തിരഞ്ഞെടുത്തയച്ച നിങ്ങളുടെ പ്രവാചകനോ?

അതെ, നിങ്ങളുടെ പ്രവാചകനാണ് മുത്ത് നബി(സ). കരളിൻ്റെ കഷ്‌ണം. ഹൃദയത്തിൻ്റെ രാജാവ്. നിങ്ങളുടെ സ്വർഗ്ഗ പ്രവേശനമാണ് ആ തിരുനബിയുടെ ലക്ഷ്യം. അതിന് അവിടുത്തെ ഹൃദയം തുറന്ന് സ്നേഹിക്കുക. വിശ്വാസിക്ക് സ്വന്തം ശരീരത്തേക്കാൾ ബന്ധപ്പെട്ടവനാണ് തിരുനബിയെന്ന വിശുദ്ധ വാക്യം മറക്കാതിരിക്കുക. സ്വന്തക്കാരെയും ബന്ധുക്കളേക്കാളുമെല്ലാം കൂടുതലായി തിരുനബിയെ സ്നേഹിക്കുന്നത് വരെ വിശ്വാസം പൂർത്തിയാകുകയില്ല എന്ന് മറക്കാതിരിക്കുക. സ്നേഹമുണ്ടോ എന്ന് ഇടക്കിടെ ആത്മ വിചാരണ നടത്തുക. സ്വലാത്തുകൾ കൊണ്ട് നിരന്തരം ചുണ്ടും മനസ്സും ചലിപ്പിക്കുക. നബി(സ)യെ ജീവിതത്തിലേക്ക് ആവാഹിക്കുവാൻ ശ്രമിക്കുക. തീറ്റയിലും കുടിയിലും ഉറക്കത്തിലും ഉണർച്ചയിലും ഇരുത്തത്തിലും നടത്തത്തിലും സംസാരത്തിലും ചിരിയിലും കരച്ചിലിലും ആചാര മര്യാദകളിലും  ജീവിത വ്യവഹാരങ്ങളിലുമൊക്കെ തിരു സുന്നത്ത് ഒപ്പിയെടുക്കാൻ ശ്രമിക്കുക. എങ്കിൽ അവിടുന്ന് നിങ്ങളെ സന്ദർശിക്കാതിരിക്കില്ല. സ്നേഹത്തിന് ഭാഷയും ദേശവും ദൂരവും കാലവും പ്രശ്ന‌മല്ല. എന്നെ സ്വ‌പ്നം കണ്ടവർ എന്നെത്തന്നെയാണ് കണ്ടിരിക്കുന്നത്. കാരണം പിശാചിന് എൻ്റെ രൂപം സ്വീകരിക്കാൻ കഴിയില്ല എന്ന തിരുവചനം നിങ്ങളെ നയിക്കട്ടേ. ആ തിരു നബിയോടൊപ്പം നിങ്ങളേയും നമ്മളേയും അല്ലാഹു അവൻ്റെ സ്വർഗ്ഗ ലോകത്ത് ഒരുമിപ്പിക്കട്ടെ  ആമീൻ.. 

സുഹൃത്തുക്കളെ നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഇസ്‌ലാം കേരള പ്രവർത്തകരെയും പ്രത്യേകിച്ച് ഈ പുസ്‌തകത്തിൻ്റെ രചയിതാവ് ബഹു : എം പി മുഹമ്മദ് ഫൈസൽ അഹ്സനിയെയും. ഇത് നിങ്ങൾക്കെത്തിക്കാൻ ടൈപ് ചെയ്‌തു തയ്യാറാക്കിയ സുഹൃത്ത് : മുഹമ്മദ് കൊളവയലിനെയും  മറ്റു നമുക്ക് വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ 

ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ് 

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861