നിധി കിട്ടി

വെളിച്ചം പരന്നു കഴിഞ്ഞു. വിശാലമായ മരുഭൂമി ഉറക്കിന്റെ ആലസ്യത്തിൽ കിടക്കുന്നു. ചക്രവാളത്തിൽ പ്രകാശ രശ്മികളുടെ തിളക്കം. നമസ്കാരം നിർവ്വഹിച്ചു, അല്ലാഹുവിന്ന് കൃതജത രേഖപ്പെടുത്തിയ സഹാബികൾ വീണ്ടും യാത്രക്കൊരുങ്ങി.

നിധി കിട്ടി

ആയിശ (റ )

ഭാഗം നാല് 
തയമ്മം ചെയ്യാം                                                                                                                        

നബി (സ) തങ്ങളും സഹാബികളും ഒരു യാത്രയിലാണ്. ആയിശ(റ) കൂടെയുണ്ട്. അവരുടെ കഴുത്തിൽ ആ പഴയ മാലയും കിടക്കുന്നു. സമയം രാത്രി. യാത്രാ സംഘം ദാത്തുൽ ജൈശിൽ എത്തി.  അവിടെ വെച്ചു മാല നഷ്‌ടപ്പെട്ടു. പഴയതു പോലെ നൂലറ്റു  വീണു പോയി. അന്നൊരിക്കൽ മാല തിരയാൻ പോയി. എന്തൊക്കെ സംഭവങ്ങൾ പിന്നീട് ഉണ്ടായി. ഇനി മാല തിരയാൻ പോവേണ്ട. അവർ വിവരം നബി(സ) തങ്ങളെ അറിയിച്ചു. ഒരാളെ മാല തിരയാൻ പറഞ്ഞയച്ചു. യാത്രാസംഘം അവിടെ വിശ്രമിച്ചു അതു വെള്ളമില്ലാത്ത  സ്ഥലമായിരുന്നു. സുബ്ഹി നമസ്ക്കാരത്തിനു സമയമായി. വെള്ളം കിട്ടാനില്ല. എന്തു ചെയ്യും ? ആയിശ(റ) ആണ് ഇതിനു കാരണക്കാരി.ആളുകൾ അബൂബക്കർ സിദ്ദീഖ്(റ) വിനെ സമീ പിച്ചു. താങ്കളുടെ മകൾ ആളുകളെയെല്ലാം ബുദ്ധിമുട്ടിച്ചിരിക്കുന്നു. അവർ ആവലാതിപ്പെട്ടു.

ആ പിതാവിനു സഹിക്കാൻ കഴിഞ്ഞില്ല, തന്റെ മകൾ കാരണം ഇത്രയും പേർക്കു സുബ്ഹി നമസ്കരിക്കാൻ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു. അവളുടെ ഒരു മാല?
അബൂബക്കർ(റ) നേരെ മകളുടെ സമീപത്തേക്കു നടന്നു. മകളെ ശിക്ഷിക്കാനുള്ള വരവാണ്. വന്നപ്പോൾ എന്താണ് കണ്ടത്? മകളുടെ മടിയിൽ തലവെച്ചു പ്രവാചകൻ ഉറങ്ങുന്നു. "നീ ഓരോ ദിവസവും ഓരോ വിപത്തുകൾ ഉണ്ടാക്കുന്നു" അബൂബക്കർ (റ) പറഞ്ഞു. ഇതും പറഞ്ഞു അവളുടെ പാർശ്വത്തിൽ ഒരു കുത്തു വെച്ചു കൊടുത്തു. മകൾ, പക്ഷെ അനങ്ങിയില്ല. അനങ്ങിയാൽ തിരുമേനിയുടെ വിശ്രമം നഷ്‌ടപ്പെടും. നേരം പുലരുകയാണ്. റസൂൽ(സ) ചുറ്റും  നോക്കി. വെള്ളമില്ല. എല്ലാവരും വിഷമിച്ചിരിക്കുകയാണ്. വെള്ളമുള്ള സ്ഥലത്തെത്താൻ സമയവുമില്ല. എന്താണിനി ചെയ്യുക? പെട്ടെന്ന് പ്രവാചകന്റെ മുഖഭാവത്തിൽ മാറ്റം ദൃശ്യമായി. വഹ് യിന്റെ ലക്ഷണങ്ങൾ കണ്ടു. തയമുമിൻറെ വിധിയുമായി ജിബരീൽ (അ) വന്നെത്തി. "നിങ്ങൾ രോഗികളോ യാത്രക്കാരോ, മലമൂത വിസർജനം ചെയ്തുവന്നവരോ, സ്ത്രീകളെ സ്‌പർശിച്ചവരോ ആവുകയും നിങ്ങൾക്ക് വെള്ളം കിട്ടാതിരിക്കുകയുമാണെങ്കിൽ നല്ല ശുദ്ധ‌മായ മണ്ണ് എടുക്കുക, എന്നിട്ട് മുഖവും കൈകളും തടവുക. അല്ലാഹു മാപ്പു ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു. "ഈ ആശയം വരുന്ന ആയത്ത് ഇറങ്ങി. ജനങ്ങൾ ആഹ്ളാദം കൊണ്ട് വീർപ്പുമുട്ടി. എന്തൊരു സൗകര്യം. വെള്ളം കിട്ടാത്ത മരുഭൂമിയിൽ ദീർഘദൂരം സഞ്ചരിക്കുന്ന ആ അറബികൾക്കെന്തൊരാശ്വാസം! അവർക്ക് ആയിശ(റ) യോടുണ്ടായ ബഹുമാനത്തിനതിരില്ല. ആദ്യം ശിക്ഷിക്കാൻ ചെന്ന പിതാവിന് ഇപ്പോൾ മകളെ ആശ്വസിപ്പിക്കാനും, അഭിനന്ദിക്കാനും വാക്കുകൾ കിട്ടുന്നില്ല. ആ പിത്യ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു.
"ഓമന മകളേ! നീ ഇത്രത്തോളം ഭാഗ്യവതിയാണെന്ന് ഞാനറിഞ്ഞില്ല. നീ കാരണമായി എത്ര സൗകര്യമാണ് അല്ലാഹു മുസ്‌ലിംകൾക്ക് നൽകിയത്.
സിദ്ദീഖിൻറെ കുടുംബത്തിന്ന് എത്രയെത്ര സൗഭാഗ്യങ്ങൾ! ജനങ്ങൾ അതേക്കുറിച്ചോർക്കുകയും വിളിച്ചു പറയുകയും ചെയ്‌തുകൊണ്ടിരുന്നു.

വെളിച്ചം പരന്നു കഴിഞ്ഞു. വിശാലമായ മരുഭൂമി ഉറക്കിന്റെ ആലസ്യത്തിൽ കിടക്കുന്നു. ചക്രവാളത്തിൽ പ്രകാശ രശ്മികളുടെ തിളക്കം. നമസ്കാരം നിർവ്വഹിച്ചു, അല്ലാഹുവിന്ന് കൃതജത രേഖപ്പെടുത്തിയ സഹാബികൾ വീണ്ടും യാത്രക്കൊരുങ്ങി. ഒട്ടകങ്ങളെ യാത്രക്കൊരുക്കി നിർത്തി. അപ്പോൾ മണൽത്തരികൾക്കിടയിൽ ഒരു തിളക്കം. കയ്യിലെടുത്തുനോക്കി. നോക്കുമ്പോൾ ആയിശ(റ)യുടെ നഷ്ടപ്പെട്ടുപോയ മാല! എല്ലാവരും സന്തോഷത്തോടെ യാത്ര തുടർന്നു.


നിധി കിട്ടി


നബി(സ) തങ്ങൾ പത്നിമാരെ സന്ദർശിക്കാൻ തെരഞ്ഞെടുത്ത സമയം അസർ നമസ്ക്കാരത്തിന് ശേഷമായിരുന്നു. അസർ നമസ്‌കരിച്ചശേഷം ഒന്നു നടക്കാനിറങ്ങും. എല്ലാ ഭാര്യമാരുടെ വീടുകളിലും കയറും. ആരുടെ അടുത്തും അധികനേരം ചെലവഴിക്കില്ല എല്ലായിടത്തും ഒരുപോലെ സമയമെടുക്കും. അൽപനേരം സംസാരിച്ച് സ്ഥലം വിടും. ചില ദിവസങ്ങളിൽ സൈനബാ(റ)യുടെ വീട്ടിൽ അൽപം കൂടുതൽ സമയം ഇരിക്കും. അവരുടെ ബന്ധു  തേൻ കൊടുത്തയക്കും. പ്രവാചകന് തേൻ വളരെ ഇഷ്ടമായിരുന്നു അത് കുടിക്കാനിരിക്കും. അതാണ് താമസത്തിനു കാരണം.മറ്റു  ഭാര്യമാർക്ക് നേരം വൈകാനുണ്ടായ കാരണ മറിയണം. അവർ അന്വേഷണമായി. കാരണം കണ്ടെത്തുകയും ചെയ്തു. മൂന്നു ഭാര്യമാർ ചേർന്നിരുന്നു ഇതിനെപ്പറ്റി സംസാരിച്ചു. ആയിശ, സൗദ, ഹഫ്സ(റ:അ) "പ്രവാചകൻ നല്ല വൃത്തിയുള്ള ആളാണ്. വെടിപ്പും വൃത്തിയും ഇഷ്ടപ്പെടുന്ന ആളാണ്. ചെറിയ വൃത്തികേടു പോലും ഇഷ്‌ടപ്പെടില്ല. ഇനി വരുമ്പോൾ ദുർഗന്ധം അനുഭവപ്പെടുന്നുവെന്നു പറയണം. അപ്പോൾ അവിടുന്ന് തേൻ ഉപേക്ഷിക്കും. സൈനബിന്റെ  വീട്ടിൽ അധികം താമസിക്കുകയുമില്ല".  ഇതായിരുന്നു അവരുടെ പദ്ധതി.
നബി(സ) ആദ്യം വന്നുകയറിയത് ഹഫ്സ(റ) യുടെ വീട്ടിലായിരുന്നു. "തിരുമേനിയുടെ വായിൽ നിന്ന് അസുഖകരമായ വാസന വരുന്നു". ഹഫ്‌സ(റ) പറഞ്ഞു.
"ഞാൻ സൈനബിന്റെ വീട്ടിൽവെച്ച് അൽപം തേൻ കഴിച്ചു. ദുർഗന്ധമുണ്ടെങ്കിൽ ഇനിയത് കഴിക്കില്ല". നബി(സ) വാക്കുകൾ. പ്രവാചകന് നീരസം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഇത്പോലെ മറെറാരു സംഭവം കൂടി നടന്നു. നബി പത്നിമാർ അവരുടെ റേഷൻ കൂട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുമ്പോട്ടുവന്നു. അവർക്കു കിട്ടിയിരുന്ന ധാന്യത്തിന്റെയും കാരക്കയുടെയും അളവ് കുറവായിരുന്നു. അവരെല്ലാം വലിയ ദാനശീലരുമായിരുന്നു. അതുകൊണ്ട് പലപ്പോഴും വീട്ടിൽ പട്ടിണിയാണ്.പത്നിമാരിൽ ചിലർ നേരത്തെ നല്ല നിലയിൽ ക ഴിഞ്ഞിരുന്നവരാണ്. ഗോത്രത്തലവന്മാരുടെ മക്കളു മറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രവാചകൻ പത്നീപദത്തിൽ വന്നതോടെ അവരുടെ ആഢംബര ജീവിതം അവസാനിച്ചു. പട്ടിണിയും പ്രയാസവും നേരിട്ടു.
ഇനി സംഭവം പറയാം.
ഖൈബർ യുദ്ധം കഴിഞ്ഞു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്‌ലിംകൾക്കു വളരെ പ്രയാസങ്ങൾ നേരിട്ടു. പിന്നീട് അവർ ജൂതന്മാരുടെ കോട്ടകൾ ഒന്നൊന്നായി കീഴടക്കി. അവരുടെ വമ്പിച്ച ധനം മുസ്‌ലിംകൾക്കധീനമായി. പിടിച്ചെടുത്ത യുദ്ധ‌ മുതലുകളിൽ തൗറാത്തിന്റെ  ധാരാളം കോപ്പികളുണ്ടായിരുന്നു. അവ തങ്ങൾക്ക് മടക്കി തരണമെന്ന് അവർ അഭ്യർത്തിച്ചു. അവ മടക്കിക്കൊടുത്തു. ജൂതന്മാർ സന്ധിക്ക് അപേക്ഷിച്ചു. അവരെ കൊല്ലരുതെന്നും അപേക്ഷിച്ചു. ആ അപേക്ഷകൾ സ്വീകരിക്കപ്പെട്ടു. ജയിച്ചടക്കിയ ഭൂമിയിലെ പാതിവിള ജൂതന്മാർ മുസ്‌ലിംകൾക്ക് നൽകണമെന്ന നിബന്ധന അംഗീകരിക്കപ്പെട്ടു. ഫദക് നിവാസികൾ ഖൈബറിന്റെ  പതനം അറിഞ്ഞപ്പോൾ ഭയന്നു പോയി. തങ്ങളെയും ആക്രമിക്കുമോ ! ആക്രമിച്ചാൽ രക്ഷയില്ല. പ്രവാചകന്റെ സന്ദേശം അവർക്കു കിട്ടി."ഒന്നുകിൽ തന്നെ അംഗീകരിക്കുക അല്ലെങ്കിൽ സ്വത്തുക്കൾ അടിയറവെക്കുക" ഇതായിരുന്നു സന്ദേശം  ജൂതന്മാരുടെ ഉപദ്രവങ്ങൾ കൊണ്ട് അത്രക്കും പൊറുതിമുട്ടിയിരുന്നു. തങ്ങളുടെ സ്വത്തിന്റെ പകുതി നൽകാമെന്നും യുദ്ധം ഒഴിവാക്കണമെന്നും അവർ അപേക്ഷിച്ചു. പ്രവാചകൻ അത് സ്വീകരിച്ചു. യുദ്ധത്തിൽ കിട്ടുന്ന സ്വത്തിൽ യോദ്ധാക്കൾക്കവകാശമുണ്ട്. പക്ഷെ ഫദക്കിൽനിന്നു കിട്ടിയ സ്വത്തിൽ അവർക്കവകാശമില്ല. അവകാശം പ്രവാചകനു മാത്രം. കാരണം അവിടെ യുദ്ധം നടന്നില്ല . ഇതിനുശേഷം മദീനയിലേക്കു മടങ്ങാൻ തീരുമാനിച്ചു. വാദിൽഖുറാ വഴിയാണ് മടങ്ങുന്നത്. അവിടത്തെ ജൂതന്മാർ യുദ്ധത്തിനൊരുങ്ങി. അവർ അതിന്നുവേണ്ട സന്നാഹങ്ങൾ ചെയ്തു. വാദിൽ ഖുറായിൽ യുദ്ധം തുടങ്ങി. മുസ്‌ലിംകളും ജൂതന്മാരും ഏറ്റുമുട്ടി. ജൂതന്മാർ തോറ്റു പോയി. അവർ സന്ധ‌ിക്ക് അപേക്ഷിച്ചു. ആ അപേക്ഷ സ്വീകരിക്കപ്പെട്ടു. അവിടുന്നു ധാരാളം സ്വത്തുവകകൾ കിട്ടി.  തയ്മാഇലും ധാരാളം ജൂതൻമാരുണ്ടായിരുന്നു. വാദിൽപുറായിലെ പരാജയം അവരെ ഭയപ്പെടുത്തി. അതു കാരണം അവർ യുദ്ധത്തിനൊരുങ്ങിയില്ല. അവരും സന്ധിക്കു അപേക്ഷിച്ചു. നികുതി നൽകാമെന്നേറ്റു . ഇതിനെല്ലാം പുറമെ ഖൈമ്പറിൽ നിന്നു കുറെ നിധി കുഴിച്ചെടുക്കുകയും ചെയ്തും.നളീർ ഗോത്രത്തിൻറെ നിധി സൂക്ഷിച്ചിരുന്നത് കിനാനാ ഇബ്നു റബീഅ് ആയിരുന്നു-
"നളീർ ഗോത്രത്തിന്റെ നിധി നീ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?"
പ്രവാചകൻ കിനാനയോടു ചോദിച്ചു.
"നിധി എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നു എനിക്കറിയില്ല" അയാൾ സത്യം ചെയ്തു പറഞ്ഞു.
"കള്ളം പറയരുത്. നിൻ്റെ പക്കൽ നിന്നു അതു കണ്ടെടുത്താൽ നിന്നെ വധിച്ചു കളയും" പ്രവാചകൻ അയാളെ ഭീഷണിപ്പെടുത്തി. അയാൾ എന്നിട്ടും നിധിയെപ്പറ്റി ഒരു വിവരവും തനിക്കറിയില്ലെന്നു പറഞ്ഞു. ആ സംഭാഷണം അവിടെ അവസാനിച്ചു. ഖുർബ എന്ന സ്‌ഥലത്തു കിനാന ചുറ്റിപ്പറ്റി നിൽക്കുന്നതു ഒരു സഹാബി കണ്ടു. സഹാബിക്കു സംശയം തോന്നി. ഉടനെ വിവരം പ്രവാചകനെ അറിയിച്ചു. ആ പ്രദേശത്തു കുഴിച്ചു നോക്കാൻ പ്രവാചകൻ കൽപിച്ചു. കുഴിച്ചപ്പോൾ നിധി കിട്ടി. കിനാന വധിക്കപ്പെട്ടു. കിനാനയുടെ ഭാര്യയായിരുന്നു സഫിയ്യ.  ബന്ധനസ്ഥരാക്കപ്പെട്ടവരുടെ കൂട്ടത്തിൽ സഫിയ്യയും ഉണ്ടായിരുന്നു. അനുചരൻമാരിൽ ചിലർ നബി (സ) യോട് ഇങ്ങിനെ പറഞ്ഞു "സഫിയ്യ' എന്ന സ്ത്രീ ബനൂ ഖുറൈള-നളീർ ഗോത്രങ്ങളുടെ കുലീനയായ നായികയാണ്. അവർ അങ്ങേക്കു മാത്രമെ ചേരുകയുള്ളു. അങ്ങ് അവരെ വിവാഹം കഴിക്കുന്നത് നന്നായിരിക്കും" . പ്രവാചകൻ അവരുടെ വാക്കുകൾ സ്വീകരിച്ചു. സഫിയ്യയെ വിവാഹം കഴിച്ചു. വിവാഹാനന്തരം സഫിയ്യ(റ) ആ മഹൽ ജീവിതത്തെക്കുറിച്ചു അടുത്തറിഞ്ഞു. ജീവിതാന്ത്യം വരെ അവർ സ്നേഹവും വിശ്വാസവുമുള്ള ഭാര്യയായിരുന്നു.

ഖൈബർ വിജയത്തിനു ശേഷം മുസ്‌ലിംകൾ മദീനയിൽ തിരിച്ചെത്തി. വിജയത്തിന്റെ കഥകൾ എല്ലാവരും അറിഞ്ഞു. ധാരാളം സ്വത്ത് കിട്ടിയ സമയം നബി പത്നിമാർക്കൊരാഗ്രഹം. തങ്ങൾക്കു കിട്ടുന്ന റേഷൻ വളരെ കുറവ്. ദാനം ചെയ്തു കഴിഞ്ഞാൽ പട്ടിണി തന്നെ. റേഷൻ കൂട്ടിക്കിട്ടിയാൽ കൊള്ളാം. ഭാര്യമാരെല്ലാം ഒന്നിച്ചു കൂടി. ഈ ആവശ്യം പ്രവാചകൻ്റെ മുമ്പിൽ വെക്കാൻ തീരുമാനിച്ചു. അവർ നബി  (സ) യെ സമീപിച്ചു. കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു. ഉമർ(റ) ഇതറിഞ്ഞപ്പോൾ വളരെ ദുഃഖിതനായിത്തീർന്നു. ഭാര്യമാർ റസൂൽ (സ) യെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ല. ഉമർ(റ) മകളുടെ സമീപം വന്നു. ആ മഹാന്റെ  മകളാണ് നബി പത്നിയായ ഹഫ്‌സ(റ)."നിൻ്റെ റേഷൻ കൂട്ടിക്കിട്ടാൻ വേണ്ടി നീ തിരുമേനിയെ നിർബന്ധ‌ിക്കരുത്. "നിനക്കാവശ്യമുള്ളത് എന്നോട് ചോദിക്കണം "
ഉമർ (റ) മറ്റുള്ളവരെയും ഉപദേശിച്ചു. ഫലമുണ്ടായില്ല. അവർ ഉറച്ചു നിന്നു. പക്ഷെ അബൂബക്കർ (റ) ഉമർ(റ) എന്നിവർ ഒരു ദിവസം തിരുമേനിയുടെ സമീപം ചെന്നു. ഭാര്യമാർ റേഷൻ വർദ്ധിപ്പിക്കാനായി അവരുടെ ഭർത്താവിനെ നിർബ്ബന്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട പേരും അസ്വസ്ഥരായി. അവർ രണ്ടുപേരും തങ്ങളുടെ പുത്രിമാരെ ശിക്ഷിക്കാനൊരുങ്ങി. രണ്ട് പേരുടെ പുത്രിമാരും തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിൻവാങ്ങി. "ഞങ്ങളിനി ഇക്കാര്യത്തിന് നിർബദ്ധിക്കില്ല. അവർ സമ്മതിച്ചു. എന്നിട്ടും മറ്റുള്ളവർ പിൻവാങ്ങിയില്ല. പ്രവാചകൻ അസ്വസ്ഥനായി. നബി (സ)ക്ക് ഒരു വീഴ്ച പറ്റിയതും ഈ ഘട്ടത്തിലാണ്. കുതിരപ്പുറത്ത് നിന്ന് വീണു. മുറിവുപറ്റി . പ്രവാചകൻ ഭാര്യമാരിൽനിന്ന് അകന്നു നിൽക്കാനാഗ്രഹിച്ചു. സൈനബ(റ)യുടെ വീട്ടിൽനിന്ന് തേൻ കുടിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളും, ഭക്ഷണ സാധനങ്ങൾ വർദ്ധിപ്പിക്കാനുള്ള ഭാര്യമാരുടെ നിർബ്ബന്ധവും പ്രവാചകനെ വിഷമിപ്പിച്ചു


പ്രവാചകൻ പിണങ്ങി

ഒരു ദിവസം ഉമറുബുനുൽ ഖത്താബും ഭാര്യയും തമ്മിൽ ചെറിയൊരു വഴക്കു നടന്നു. ഭർത്താവ് ഭാര്യയോടു അൽപം കോപിച്ചു. രസമില്ലാത്ത വിധത്തിൽ സംസാരിച്ചു. ഉടനെ ഭാര്യയുടെ മറുപടിയുണ്ടായി. "ഞാൻ വല്ലതും പറഞ്ഞു പോയാൽ അതു വലിയ അപരാധമായി താങ്കൾക്കു കോപമായി". നബി(സ) യുടെ ഭാര്യമാർ അവിടുത്തോട് കയർത്തു പറയുന്നു. ചിലപ്പോൾ ദിവസം മുഴുവൻ അവർ നബിയോടു പിണങ്ങും. ഇതുകേട്ടു ഭർത്താവ് ഞെട്ടിപ്പോയി. തന്റെ  മകളും ലോകാനുഗ്രഹിയായ പ്രവാചകനോടു കയർത്തു സംസാരിക്കുമെന്നോ? കേട്ടത് സത്യമാണോ എന്നറിയണം. മകളുടെ വീട്ടിലേക്കു പുറപ്പെട്ടു. "നിങ്ങൾ നബി(സ) യോടു കയർത്തു സംസാരിക്കുകയും പകൽ മുഴുവൻ പിണങ്ങുകയും ചെയ്യാറുണ്ടോ ??" പിതാവ് മകളോടു ചോദിച്ചു."അതെ "    മറുപടി കേട്ടപ്പോൾ ക്ഷോഭം വന്നു. മകളെ താക്കീത് ചെയ്തുകൊണ്ട് പറഞ്ഞു.
"നബി(സ) യോടു കോപിച്ചാൽ അല്ലാഹു കോപിക്കുമെന്നു നിനക്കറിഞ്ഞു കൂടെ? അല്ലാഹുവിന്റെ കോപത്തിനു ഇരയായാൽ നീ നശിച്ചതു തന്നെ. മേലിൽ നീയങ്ങനെ കയർത്തു സംസാരിക്കരുത്. ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. ആവശ്യമുള്ളതു എന്നോടു ചോദിച്ചാൽ മതി". മകൾ പിതാവിൻ്റെ ശാസനകൾ ക്ഷമയോടെ കേട്ടു.

ഖുറൈശി പ്രമുഖനായ ആ പിതാവ് ഓർത്തു.'കാലം എത്ര മാറിപ്പോയി. ഖുറൈശികളായ  ഞങ്ങൾ സ് ത്രീകളെ അടക്കി ഭരിക്കുകയായിരുന്നു. സ്ത്രീകളിൽ പുരുഷൻമാർക്കു ആധിപത്യം ഉണ്ടായിരുന്നു. മദീനയിൽ വന്നപ്പോൾ കണ്ടതെന്താണ്? ഇവിടുത്തെ സ്ത്രീകൾ പുരുഷൻമാരുടെ മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഞങ്ങളുടെ സ്ത്രീകളും അതു പഠിച്ചു കഴിഞ്ഞു. ഇപ്പോൾ പ്രവാചകനെപ്പോലും ഭാര്യമാർ ശല്യപ്പെടുത്തുന്നു. ഉമർ ഇബ്നുൽ ഖത്താബ്(റ)വിന്ന് അൻസാരിയായ ഒരു അയൽവാസി ഉണ്ടായിരുന്നു. അവർ തമ്മിൽ വളരെ സ്നേഹത്തിലായിരുന്നു. അൻസാരി സഹോദരൻ ചിലപ്പോൾ നബി(സ)യെ കാണാൻ പോവും. മടങ്ങിവന്നാൽ വിശേഷങ്ങളോക്കെ അയൽക്കാരനോട് പറയും. ഉമർ (റ) തിരുമേനിയെ കണ്ടു വന്നാലും വിശേഷങ്ങൾ അൻസാരിയോട് പറയും. ഒരു ദിവസം രാത്രി പതിവില്ലാതെ അയൽക്കാരൻ വന്നു വാതിലിൽ മുട്ടി. അസമയത്തു അദ്ദേഹം വന്നപ്പോൾ എന്തോ പന്തികേടുണ്ടെന്നു ഉമർ(റ)വിനു തോന്നി. അയൽക്കാരൻ മുഖത്ത് ഭാവമാറ്റമുണ്ട്. ഏതോ അപകടത്തിൽ പെട്ടത് പോലെ.

ഉമർ (റ) : "എന്താണ് വിശേഷം?"
അയൽക്കാരൻ: "ഒരു മഹാസംഭവം നടന്നിരിക്കുന്നു"
ഉമർ (റ): "എന്താണ് സംഭവം.ഗസ്സാൻകാർ യുദ്ധത്തിനു വന്നോ?"
അയൽക്കാരൻ: "അല്ല. അതിനേക്കാൾ ഭയങ്കരം"
ഉമർ(റ): "എന്താണതു പറയൂ?"
അയൽക്കാരൻ: "നബി (സ) ഭാര്യമാരെ തലാഖ് ചൊല്ലി."
ഉമർ(റ) തരിച്ചുപോയി.ഉമർ (റ) :'ഹഫ്സ നശിച്ചു. ഭയന്നത് സംഭവിച്ചു'
ആ പിതാവ് തൻ്റെ മകളെക്കുറിച്ച് അങ്ങിനെയാണ് അപ്പോൾ കരുതിയത്.
നബി(സ) ഭാര്യമാരെ തലാഖ് ചൊല്ലിയില്ല. എന്നിട്ടും മദീനയിൽ അങ്ങിനെ ഒരു വാർത്ത പരന്നു. ഭാര്യമാരെ തലാഖ് ചൊല്ലിയെന്നോ, അല്ലെങ്കിൽ തലാഖ് ചൊല്ലാൻ പോവുന്നു എന്നോ ഒക്കെയാണ് മദീനയിൽ പ്രചരിച്ചത്. നേരം വെളുക്കട്ടെ, എന്നിട്ടന്വേഷിക്കാം. ഉമർ(റ) അങ്ങിനെ സമാധാനിച്ചു. സുബുഹി നമസ്ക്കാരത്തിനു ശേഷം മകളുടെ വീട്ടിൽ പോയി. ഹഫ്സ(റ) കരഞ്ഞു കൊണ്ടിരിക്കുന്നു. സങ്കടകരമായ അവസ്‌ഥ തന്നെ.
"നബി(സ) നിങ്ങളെ തലാഖ് ചൊല്ലിയിരിക്കുകയാണോ?"
പിതാവ് മകളോട് ചോദിച്ചു.
"എനിക്കൊന്നും അറിയില്ല. അവിടുന്ന് അതാ മാളികയിൽ ഇരിക്കുന്നു."
മകളുടെ കണ്ണീരിൽ കുതിർന്ന മറുപടി.
ആയിശ (റ) യുടെ മുറിയോട് ചേർന്നു ഒരു മാളിക മുറിയുണ്ട്. റസൂൽ(സ) ആ മുറിയിലേക്കു താമസം മാറ്റി. ഒരു മാസക്കാലം ഭാര്യമാരെ സമീപിക്കില്ലെന്നു വാക്കു പറഞ്ഞു. കപടവിശ്വാസികൾ രംഗത്തിറങ്ങി. അവർ കള്ള ക്കഥകൾ പടച്ചുണ്ടാക്കി ഭാര്യമാരെ തലാഖ് ചൊല്ലിയെന്ന കഥക്ക് അവരാണ് പ്രചാരം നൽകിയത്.
എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ആർക്കും അറിയില്ല. കടന്നുചെന്നു ചോദിക്കാൻ ആർക്കും ധൈര്യവുമില്ല. എവിടെയും അടക്കിപ്പിടിച്ച സംസാരം മാത്രം. എല്ലാ വീട്ടിലും അസ്വസ്‌ഥത പടർന്നുപിടിച്ചു. എങ്ങും ശോകമൂകം. ദു:ഖത്തിന്റെ ആവരണം മനുഷ്യ മനസ്സുകളെ മൂടി. പ്രവാചക പത്നിമാർ കരയുകയാണ്. ആ ഹൃദയങ്ങൾ പശ്ചാത്താപം കൊണ്ടു വിങ്ങിപ്പൊട്ടി. കൊടും നിരാശയും നെടുവീർപ്പും മാത്രം. ഭർത്താവിനോടു അപമര്യാദയായി പെരുമാറിയെന്നു അവർക്കു തോന്നി. വരാനിക്കുന്ന വിപത്തിനെ അവർ വല്ലാതെ ഭയപ്പെട്ടു. ഭാവിയെക്കുറിച്ചു ഒരു രൂപവുമില്ല. ഉമർ(റ) പ്രവാചകന്റെ  മുറിയുടെ സമീപത്തേക്കു ചെന്നു. പ്രവാചകൻ്റെ സഹായിയായ റബാഹ് പുറത്തു നിൽപുണ്ട്.
"തിരുമേനിയെ ഒന്നു കാണണം. അനുവാദം ചോദിക്കു!' ഉമർ (റ) പറഞ്ഞു.
റബാഹ് അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞ പുറത്തു വന്നു. ഒന്നും പറയാതെ നിശബ്ദനായി നിന്നു. അനുവാദം കിട്ടിയില്ലെന്നു മനസ്സിലായി. മിമ്പറിന്റെ സമീപം വന്നപ്പോൾ അവിടെ കുറെ ആളുകൾ ഇരിക്കുന്നു. ചിലർ കരയുന്നുണ്ട്. അവിടെയെല്ലാം ദുഃഖം തളം കെട്ടിയതുപോലെ. 
ഉമർ (റ) വീണ്ടും അനുവാദം തേടി. ഇത്തവണയും റബാഹ് മറുപടി പറഞ്ഞില്ല.
"റബാഹ്'' സമുന്നതനായ ആ സഹാബിവര്യൻ ഉച്ചത്തിൽ വിളിച്ചു.
"പ്രവാചകനോട് എനിക്കുവേണ്ടി പ്രവേശനാനുമതി ചോദിക്കുക. ഹഫ്‌സയുടെ കാര്യം പറയാനാണ് ഞാൻ വന്നതെന്ന് അവിടുന്ന് കരുതിക്കാണും. അവളുടെ കഴുത്ത് വെട്ടാൻ കൽപിച്ചാൽ പോലും ഞാൻ അതിന് സന്നദ്ധനാണ്". പ്രവേശനാനുമതി ലഭിച്ചു. ഉമർ(റ) അകത്ത് പ്രവേശിച്ചു. അവിടത്തെ ശരീരത്തിലേക്കു നോക്കിയതേ ഉളളൂ  ഉമർ(റ)വിൻ്റെ നയനങ്ങൾ നിറഞ്ഞൊഴുകി
"കരയുന്നതെന്തിന്"? പ്രവാചകൻ ചോദിച്ചു.
ആ നയനങ്ങൾ റസൂൽ (സ) തിരുമേനി (സ) യുടെ ശരീരത്തിൽ പതിഞ്ഞു. പരുപരുത്ത പായയിൽ കിടന്നതിന്റെ പാടുകൾ ശരീരത്തിൽ പതിഞ്ഞു കിടക്കുന്നു! ആ മുറിയിൽ ആകെ കണ്ണോടിച്ചു. ഒരു പിടിയ ഒരു പാനപാത്രം. ഒരു ഭാഗത്ത് തൂക്കിയിട്ട തോൽ.
"അല്ലാഹുവിന്റെ  ദൂതരെ! പത്നിമാർ അങ്ങേക്ക് എന്ത് പ്രയാസമാണ് ഉണ്ടാക്കിവെച്ചത്? അങ്ങ് അവരെ വിവാഹമോചനം നടത്തിയോ?" ഗദ്ഗദത്തോടെ ഉമർ(റ) ചോദിച്ചു. "പ്രവാചകരെ! അങ്ങയുടെ സമുദായത്തെ ഐശ്വര്യമുള്ളവരാക്കുവാൻ അല്ലാഹുവോട് പ്രാർത്ഥിച്ചാലും അവനെ അനുസരിക്കാത്ത പേർഷ്യക്കാരും റോമക്കാരും ഐശ്വര്യവാന്മാരാണല്ലോ."
പ്രവാചകൻ ഇങ്ങിനെ മറുപടി നൽകി.
"ഉമർ, അവരുടെ സുഖഭോഗ വസ്തുക്കൾ ഇഹ ലോകത്ത് വെച്ചു തന്നെ അവർക്കു കിട്ടി. പരലോകത്ത് അവർക്ക് യാതൊന്നുമില്ല."
ഭാര്യമാരെ വിവാഹമോചനം നടത്തിയിട്ടില്ലെന്ന് നബി(സ)തങ്ങൾ അറിയിച്ചു.
"ഈ സന്തോഷവാർത്ത ജനങ്ങളെ അറിയീക്കാൻ എന്നെ അനുവദിച്ചാലും."
അനുവാദം കിട്ടി. ഉമർ(റ) ഉച്ചത്തിൽ തക്ബീർ ചൊല്ലി. ജനങ്ങൾ അതുകേട്ട് ആകാംക്ഷഭരിതരായി. നബി തിരുമേനി (സ) പത്നിമാരെ തലാഖ് ചൊല്ലിയിട്ടില്ലെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. തപിക്കുന്ന ഹൃദയങ്ങൾ ശാന്തമായി. വരണ്ടുണങ്ങിയ ഭൂമിയിൽ മഴ പെയ്തതു പോലെ.
നബി(സ) മാളികയിൽ നിന്നു താഴെയിറങ്ങി. നേരെ ആയിശ(റ) യുടെ വിട്ടിലേക്കു നടന്നു. അവർ അമ്പരപ്പോടെ പറഞ്ഞു.  
"അവിടുന്നു ഒരു മാസത്തേക്കല്ലെ ശപഥം ചെയ്തത്. ഞാൻ ഓരോ ദിവസവും എണ്ണി എണ്ണി കഴിയുകയാണ്. ഇന്നു ഇരുപത്തൊമ്പതാം ദിവസമാണല്ലോ?"
"മാസം ചിലപ്പോൾ ഇരുപത്തൊമ്പതും ആകാറുണ്ട്.' അവിടുന്നു പറഞ്ഞു. ആ മാസം ഇരപത്തൊമ്പതു ദിവസമായിരുന്നു. 
"ആയിശാ ! ഞാൻ നിന്നോടു ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു. ധ്യതിയൊന്നും വേണ്ട. മാതാപിതാക്ക ളോടു ആലോചിച്ചു മറുപടി പറഞ്ഞാൽ മതി".
അതിനു ശേഷം ചില ഖുർആൻ ആയത്തുകൾ ഓതി കേൾപ്പിച്ചു. അതിൻറെ സാരം ഇങ്ങനെയാണ്. 
'ഓ നബീ! താങ്കൾ ഭാര്യമാരോടു പറയുക. ഐഹിക ജീവിതവും അതിലെ അലങ്കാരവും ആഢംബരവുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വരൂ, സുഖ ഭോഗ വസ്തു‌ക്കൾ നൽകി ഏറ്റവും നല്ല രീതിയിൽ ഞാൻ നിങ്ങളെ മോചിപ്പിക്കാം. അല്ലാഹുവിനെയും അവന്റെ ഭൂതരെയും പരലോകത്തെയുമാണ് നിങ്ങൾ കാംക്ഷിക്കുന്നതെങ്കിൽ, നൻമ പ്രവർത്തിക്കുന്ന സ്ത്രീകൾക്കു അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കി വെച്ചിട്ടുണ്ട്..ആയത്ത് ഓതിക്കഴിഞ്ഞ ഉടനെ ആയിശ(റ) പറഞ്ഞു: 'ഈ കാര്യത്തെപ്പററി മാതാപിതാക്കളോടു ചോദിക്കേണ്ട കാര്യമേയില്ല. ഞാൻ അല്ലാഹുവിനെയും റസൂലിനെയും പരലോകത്തെയുംnതിരഞ്ഞെടുത്തിരിക്കുന്നു മററു ഭാര്യമാരോട് ഇക്കാര്യം പറയരുത് എന്നു പറഞ്ഞപ്പോൾ 'അവർ ചോദിച്ചാൽ പറയും' എന്നായിരു ന്നു പ്രവാചകന്റെ മറുപടി .
ഇതോടെ ഭർത്താവും ഭാര്യമാരും തമ്മിലുള്ള പിണക്കം തിർന്നു. 

- തുടരും
അവഃ ഹസ്റത്ത് ആയിശ(റ)കൊടുവള്ളി അബ്‌ദുൽ ഖാദിർ
www.islamkerala.com
E-mail: [email protected]
Mobile: 00971 50 7927429