ഫുട്ബോൾ കളിക്കുന്നതിനും കാണുന്നതിനുമുള്ള നിബന്ധനകൾ
അടിസ്ഥാനപരമായി ഫുട്ബോൾ കളിക്കുന്നതും കാണുന്നതും അനുവദനീയമാണെങ്കിലും, ഈ അനുമതി ചില പൊതുവായ നിബന്ധനകൾക്ക് വിധേയമാണ്. അതായത്: കളിയിൽ ഇസ്ലാം വിലക്കിയ യാതൊരു കാര്യവും ഉണ്ടാകരുത്. മതപരമോ, ദേശീയമോ, ജീവിതാവശ്യങ്ങളോ, കുടുംബപരമോ ആയ യാതൊരു കടമകളും അത് കാരണം വിട്ടുപോകാൻ പാടില്ല. എതിരാളിയെ മനഃപൂർവ്വം ഉപദ്രവിക്കാൻ പാടില്ല, മറിച്ച് കളിയുടെ നിയമങ്ങൾക്കും മര്യാദകൾക്കും വിധേയമായി മാന്യമായ മത്സരമായിരിക്കണം അത്.
ഫുട്ബോൾ കളിക്കുന്നതിനും
കാണുന്നതിനുമുള്ള നിബന്ധനകൾ
അടിസ്ഥാനപരമായി ഫുട്ബോൾ കളിക്കുന്നതും കാണുന്നതും അനുവദനീയമാണെങ്കിലും, ഈ അനുമതി ചില പൊതുവായ നിബന്ധനകൾക്ക് വിധേയമാണ്. അതായത്: കളിയിൽ ഇസ്ലാം വിലക്കിയ യാതൊരു കാര്യവും ഉണ്ടാകരുത്. മതപരമോ, ദേശീയമോ, ജീവിതാവശ്യങ്ങളോ, കുടുംബപരമോ ആയ യാതൊരു കടമകളും അത് കാരണം വിട്ടുപോകാൻ പാടില്ല. എതിരാളിയെ മനഃപൂർവ്വം ഉപദ്രവിക്കാൻ പാടില്ല, മറിച്ച് കളിയുടെ നിയമങ്ങൾക്കും മര്യാദകൾക്കും വിധേയമായി മാന്യമായ മത്സരമായിരിക്കണം അത്.
കളിക്കാരോ കാണികളോ അശ്ലീല വാക്കുകളോ ചീത്തവിളികളോ അന്ധമായ പക്ഷപാതിത്വമോ കാണിക്കാൻ പാടില്ല. അത് പരസ്പര വിദ്വേഷത്തിനും പിണക്കത്തിനും കാരണമാകരുത്.
തോൽവിയും വിജയവും ഒരുപോലെ സ്വീകരിക്കാനും എതിരാളിയുടെ അവകാശത്തെ കുറച്ചുകാണിക്കാതിരിക്കാനും ഉള്ള മികച്ച കായിക മര്യാദകൾക്ക് റസൂൽ (സ്വ) നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്.
അനസ് ബിൻ മാലിക് (റ) നിവേദനം ചെയ്യുന്നു:
നബി (സ്വ) ക്ക് 'അള്ബാഅ്' എന്ന് പേരുള്ള ഒരു ഒട്ടകമുണ്ടായിരുന്നു. അത് ഒരിക്കലും മത്സരങ്ങളിൽ തോറ്റിരുന്നില്ല. എന്നാൽ ഒരിക്കൽ ഒരു ഗ്രാമീണൻ തന്റെ ഒട്ടകവുമായി വന്ന് അതിനെ മറികടന്നു. ഇത് മുസ്ലിങ്ങൾക്ക് വലിയ വിഷമമുണ്ടാക്കി. അവരുടെ മുഖത്തെ വിഷമം കണ്ടപ്പോൾ നബി (സ്വ) അരുളി:
«إِنَّ حَقًّا عَلَى اللهِ أَنْ لَا يَرْفَعَ شَيْئًا مِنَ الدُّنْيَا إِلَّا وَضَعَهُ»
"ഈ ദുനിയാവിൽ ഏതൊരു വസ്തുവിനെ ഉയർത്തിയാലും അതിനെ താഴ്ത്തുക എന്നത് അല്ലാഹുവിന്റെ ഒരു നിശ്ചയമാണ്." (ഇമാം അഹ്മദ്, മുസ്നദ്).
ഒരു ടീമിനെ പിന്തുണയ്ക്കുന്നതിന്റെ
(ഫാൻ ആകുന്നതിന്റെ) വിധി
ടീമുകളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട്: ദേശീയ ടീമുകളെയോ, മികച്ച കളി പുറത്തെടുക്കുന്ന ടീമുകളെയോ പിന്തുണയ്ക്കുന്നത് ഇസ്ലാമിക മര്യാദകൾക്കും സാമൂഹിക ബാധ്യതകൾക്കും വിധേയമായി അനുവദനീയമാണ്.
ബനൂ ഇസ്മാഈൽ ഗോത്രക്കാരോട് അമ്പെയ്യാൻ നബി (സ്വ) പ്രോത്സാഹിപ്പിച്ച ഹദീസ് ഇതിനെ പിന്തുണയ്ക്കുന്നു.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ സലമത്ത് ബിൻ അൽ-അക്വഅ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു:
നബി (സ്വ) അസ്ലം ഗോത്രത്തിലെ ഒരു കൂട്ടം ആളുകൾ അമ്പെയ്ത്ത് മത്സരം നടത്തുന്നത് കണ്ടപ്പോൾ അരുളി:
«ارْمُوا بَنِي إِسْمَاعِيلَ، فَإِنَّ أَبَاكُمْ كَانَ رَامِيًا ارْمُوا، وَأَنَا مَعَ بَنِي فُلاَنٍ»
"ഇസ്മാഈലിന്റെ മക്കളേ, നിങ്ങൾ അമ്പെയ്യുക. കാരണം നിങ്ങളുടെ പിതാവ് ഒരു അമ്പെയ്ത്തുകാരനായിരുന്നു. നിങ്ങൾ അമ്പെയ്യുക, ഞാൻ ഇന്ന ഗ്രൂപ്പിന്റെ (ബനൂ ഫുലാൻ) കൂടെയാണ്."അപ്പോൾ ഒരു വിഭാഗം അമ്പെയ്യാതെ കൈകൾ പിൻവലിച്ചു. റസൂൽ (സ്വ) ചോദിച്ചു: "നിങ്ങൾക്ക് എന്തുപറ്റി?
നിങ്ങൾ എന്താണ് അമ്പെയ്യാത്തത്?" അവർ പറഞ്ഞു: "അങ്ങവർ അവരുടെ കൂടെയായിരിക്കുമ്പോൾ ഞങ്ങൾ എങ്ങനെ അമ്പെയ്യും?"
അപ്പോൾ നബി (സ്വ) അരുളി:
«ارْمُوا فَأَنَا مَعَكُمْ كُلِّكُمْ»
"നിങ്ങൾ അമ്പെയ്യുക, ഞാൻ നിങ്ങൾ എല്ലാവരുടെയും കൂടെയാണ്." ഇമാം ബുഖാരി ഈ ഹദീസിന് 'അമ്പെയ്ത്തിന് പ്രേരിപ്പിക്കുന്ന അധ്യായം' എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്.അല്ലാമ ത്വാഹിർ ഇബ്നു ആശൂർ 'അന്നുദറുൽ ഫസീഹ്' (പേജ്: 91-92) എന്ന ഗ്രന്ഥത്തിൽ പറയുന്നു:"മത്സരങ്ങൾ കാണാൻ എത്തുന്നവർ ഏതെങ്കിലും ഒരു ഭാഗം ചേരുക എന്നത് സാധാരണമാണ്. ഇസ്ലാം വന്നപ്പോൾ ഇത്തരത്തിൽ ഒരു ടീമിനെ പിന്തുണയ്ക്കുന്ന രീതി നിലനിർത്തുകയും എന്നാൽ അതിലുണ്ടായിരുന്ന ചൂതാട്ടവും പന്തയവും ഇല്ലാതാക്കുകയും ചെയ്തു. റസൂൽ (സ്വ) അവരുടെ അടുത്ത് വന്നപ്പോൾ ഈ പതിവ് രീതി തന്നെയാണ് സ്വീകരിച്ചത്; കാരണം അത് അമ്പെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അവർക്ക് ആവേശം നൽകും."
ചുരുക്കത്തിൽ, നല്ലൊരു ലക്ഷ്യത്തോട് കൂടിയുള്ള എല്ലാ പിന്തുണയും അനുവദനീയമാണ്. ദേശീയ ടീമുകളെ പിന്തുണയ്ക്കുന്നതും അന്താരാഷ്ട്ര ടീമുകളുടെ കളിമിടുക്കിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതും, പരസ്പരമുള്ള കഴിവുകൾ പങ്കുവെക്കാനും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ദൃഢമാക്കാനും സഹായിക്കും.
ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
സന്ദര്‍ശിക്കുക! www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861