ആശൂറാഅ്: ശ്രേഷ്ഠതകളും നോമ്പിന്റെ വിധിയും

പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. വിശ്വസ്തനും സത്യസന്ധനുമായ മുഹമ്മദ് നബി صلى الله عليه وسلم യിലും അവിടെത്തെ കുടുംബത്തിലും, പുണ്യവാന്മാരായ അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.

ആശൂറാഅ്: ശ്രേഷ്ഠതകളും നോമ്പിന്റെ വിധിയും

ആശൂറാഅ്: ശ്രേഷ്ഠതകളും നോമ്പിന്റെ വിധിയും

പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. വിശ്വസ്തനും സത്യസന്ധനുമായ മുഹമ്മദ് നബി صلى الله عليه وسلم യിലും അവിടെത്തെ കുടുംബത്തിലും, പുണ്യവാന്മാരായ അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ. 
അല്ലാഹു തആലാ വിശുദ്ധ ഖുർആനിൽ വ്യക്തമാക്കുന്നു.

" و" وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُمْ بِأَيَّامِ اللّهِ إِنَّ فِي ذَلِكَ لآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ "

" തീർച്ചയായും മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയുണ്ടായി; നിന്റെ ജനതയെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുക, അല്ലാഹുവിന്റെ അനുഗ്രഹീത ദിനങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുക എന്ന് കൽപ്പിച്ചുകൊണ്ട്. തീർച്ചയായും അതിൽ തികഞ്ഞ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്. "

ഈ ആയത്ത് റമദാനിന് ശേഷമുള്ള സുന്നത്ത് നോമ്പുകളിൽ ഏറ്റവും ഉത്തമമായത് മുഹർറം മാസത്തിലെ നോമ്പാണെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ചും മുഹർറം പത്താം ദിവസമായ ആശൂറാഅ് നാളിൽ. അതിമഹത്തായ ശ്രേഷ്ഠതയും പുരാതനമായ പവിത്രതയുമുള്ള ഒരു ദിവസമാണത്. അതിന്റെ ശ്രേഷ്ഠത കാരണമായി മുൻകാലങ്ങൾക്കിടയിലും ഈ നോമ്പ് പരിചിതമായിരുന്നു. നൂഹ് عليه السلام, മൂസാ عليه السلام, എന്നിവരെല്ലാം ഈ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ട്. 

ഇമാം മുസ്‌ലിം رضي الله عنه നിവേദനം ചെയ്ത ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു.
" أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمُ، وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ "
" റമദാനിന് ശേഷം നോമ്പ് അനുഷ്ഠിക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം അല്ലാഹുവിന്റെ മാസമായ മുഹർറം ആകുന്നു. നിർബന്ധ നിസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം രാത്രിയിലെ നിസ്കാരവുമാകുന്നു. "

ചരിത്ര പശ്ചാത്തലവും നോമ്പിന്റെ പ്രാധാന്യവും

ഇമാം അഹ്‌മദ് رضي الله عنه വിന്റെ മുസ്‌നദിൽ ഇപ്രകാരം കാണാം. ഒരിക്കൽ യഹൂദികളിൽ പെട്ട ചില ആളുകൾ ആശൂറാഅ് ദിവസം നോമ്പെടുക്കുന്നത് നബി صلى الله عليه وسلم യുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ എന്താണ് ഈ നോമ്പ് എന്ന് ചോദിച്ചു. അല്ലാഹു മൂസാ عليه السلام യെയും ഇസ്രായീൽ സന്തതികളെയും മുങ്ങിമരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ഫിർഔനെ മുക്കി നശിപ്പിക്കുകയും ചെയ്ത ദിവസമാണിത് എന്നും കൂടാതെ ജൂദി പർവ്വതത്തിന് മുകളിൽ നൂഹ് عليه السلام യുടെ കപ്പൽ ഉറച്ചുനിന്ന ദിവസവുമാണിത് എന്നും അതിനാൽ അല്ലാഹുവിന് നന്ദിസൂചകമായി നൂഹ് عليه السلام മും  മൂസാ عليه السلام മും  ഈ ദിവസം നോമ്പനുഷ്ഠിച്ചു എന്നും അവർ മറുപടി പറഞ്ഞു. അപ്പോൾ മൂസാ عليه السلام യോട് ഏറ്റവും ബന്ധമുള്ളവനും ഈ ദിവസം നോമ്പെടുക്കാൻ ഏറ്റവും അർഹനും ഞാനാകുന്നു എന്ന് നബി صلى الله عليه وسلم പറഞ്ഞു. അങ്ങനെ നബി صلى الله عليه وسلم അന്ന് നോമ്പനുഷ്ഠിക്കുകയും അനുചരന്മാരോട് നോമ്പെടുക്കാൻ കൽപ്പിക്കുകയും ചെയ്തു.

ഇമാം ബുഖാരി رضي الله عنه വിന്റെ സ്വഹീഹിൽ ഇപ്രകാരം വന്നിരിക്കുന്നു.
" هَذَا يَوْمُ عَاشُورَاءَ وَلَمْ يَكْتُبِ اللَّهُ عَلَيْكُمْ صِيَامَهُ وَأَنَا صَائِمٌ فَمَنْ شَاءَ فَلْيَصُمْ وَمَنْ شَاءَ فَلْيُفْطِرْ "
" ഇത് ആശൂറാഅ് ദിവസമാകുന്നു. ഇതിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ ഞാൻ നോമ്പുകാരനാണ്. അതിനാൽ ആഗ്രഹിക്കുന്നവർ നോമ്പെടുക്കട്ടെ, ആഗ്രഹിക്കാത്തവർക്ക് നോമ്പ് ഒഴിവാക്കാവുന്നതുമാണ്. "

ഇമാം മുസ്‌ലിം رضي الله عنه സ്വഹീഹിൽ അബൂഖതാദ അൽഅൻസ്വാരി رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു. ആശൂറാഅ് ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി صلى الله عليه وسلم പറഞ്ഞു.
" صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الْمَاضِيَةَ "
" ആശൂറാഅ് ദിവസത്തെ നോമ്പ് കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങളെ പൊറുത്തുനൽകുമെന്ന് ഞാൻ അല്ലാഹുവിനോട് പ്രതീക്ഷിക്കുന്നു. "

ആശൂറാഅ് നോമ്പ് സുന്നത്തുള്ളതുപോലെ തന്നെ മുഹർറം ഒൻപതിലെ താസൂആഅ് നോമ്പും സുന്നത്താകുന്നു. നബി صلى الله عليه وسلم പറഞ്ഞു.
" لَئِنْ بَقِيتُ إِلَىَ قَابِلٍ لأَصُومَنَّ التَّاسِعَ "
" അടുത്ത വർഷം വരെ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ ഒൻപതാമത്തെ ദിവസവും നോമ്പനുഷ്ഠിക്കും. "

"بَلَغَنَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لَئِنْ عِشْتُ إلَى قَابِلٍ لَأَصُومَنَّ التَّاسِعَ... فَإِنَّمَا أَرَادَ - وَاللَّهُ أَعْلَمُ - أَنْ لَا يُشْبِهَ أَهْلَ الْكِتَابِ فِي إفْرَادِ يَوْمِ عَاشُورَاءَ... وَأُحِبُّ صَوْمَ التَّاسِعِ وَالْعَاشِرِ وَالْحَادِيَ عَشَرَ جَمِيعًا"
"അടുത്ത വർഷം വരെ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ ഒൻപതാമത്തെ ദിവസവും നോമ്പനുഷ്ഠിക്കും എന്ന് റസൂൽ صلى الله عليه وسلم പറഞ്ഞതായി നമുക്ക് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്... യഹൂദികളോട് സാദൃശ്യം വരാതിരിക്കാൻ ആശൂറാഅ് (പത്ത്) ദിവസം മാത്രം നോമ്പെടുത്ത് ഒതുക്കാതിരിക്കാനാണ് നബി صلى الله عليه وسلم ഇത് ഉദ്ദേശിച്ചത് - അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ. അതുകൊണ്ട് ഒൻപത്, പത്ത്, പതിനൊന്ന് എന്നീ മൂന്ന് ദിവസങ്ങളിലും ഒരുമിച്ച് നോമ്പനുഷ്ഠിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു (അത് സുന്നത്താണ്)."
(ഗ്രന്ഥം: കിതാബുൽ ഉമ്മ്, വാല്യം: 2, അധ്യായം: സിയാമു യൗമി ആശൂറാഅ്)

ആശൂറാഅ് ദിനത്തിലെ ചരിത്ര സംഭവങ്ങൾ

മുസ്ലിം സഹോദരങ്ങളേ, മുഹർറം പത്ത് അഥവാ ആശൂറാഅ് ദിവസം ഒട്ടനവധി നന്മകളും ശ്രേഷ്ഠതകളും ചരിത്ര സംഭവങ്ങളും ഗുണപാഠങ്ങളും നിറഞ്ഞതാണ്. മുൻകാലങ്ങളിലും പിൽക്കാലങ്ങളിലും ഈ ദിവസം ഏറെ പ്രസിദ്ധമാണ്.

ആശൂറാഅ് ദിവസമാണ് അല്ലാഹു ആദം നബി عليه السلام യുടെ തൗബ സ്വീകരിച്ചത്.

ഈ ദിവസമാണ് നൂഹ് നബി عليه السلام യെ അല്ലാഹു രക്ഷപ്പെടുത്തുകയും കപ്പലിൽ നിന്ന് വിജയപൂർവ്വം ഇറക്കുകയും ചെയ്തത്.

ഈ ദിവസമാണ് ഇബ്രാഹീം നബി عليه السلام യെ നംറൂദിൽ നിന്ന് അല്ലാഹു രക്ഷിച്ചത്.

യൂസുഫ് നബി عليه السلام യെ യഅ്ഖൂബ് നബി عليه السلام ലേക്ക് അല്ലാഹു തിരികെ എത്തിച്ചത് ഈ ദിവസമാണ്.

അയ്യൂബ് നബി عليه السلام യുടെ രോഗവും പ്രയാസങ്ങളും അല്ലാഹു ദൂരീകരിച്ചത് ഈ ദിവസമാണ്.

യൂനുസ് നബി عليه السلام യുടെ ജനതയുടെ തൗബ അല്ലാഹു സ്വീകരിച്ചതും, അദ്ദേഹത്തെ തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തതും ഈ ദിവസത്തിലാണ്.

ക്രൂരനായ ഫിർഔന് മേൽ മൂസാ നബി عليه السلام ക്ക് അല്ലാഹു വിജയം നൽകിയതും, മൂസാ നബി عليه السلام ക്കും ഇസ്രായീൽ സന്തതികൾക്കുമായി കടൽ പിളർന്നു കൊടുത്തതും ഈ ദിവസമാണ്.

സുലൈമാൻ നബി عليه السلام ക്ക് അല്ലാഹു രാജ്യാധികാരം നൽകിയതും ഈ ദിവസത്തിലാണ്.

ചരിത്രത്തിലെ വേദനാനിർഭരമായ ഒരു വെള്ളിയാഴ്ച

ഹിജ്റ 61-ാം വർഷം ഒരു ആശൂറാഅ് ദിവസത്തിലായിരുന്നു വെള്ളിയാഴ്ച മുസ്‌ലിം ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ദുരന്തം സംഭവിച്ചത്. നബി صلى الله عليه وسلم യുടെ മകൾ ഫാത്വിമ رضي الله عنها യുടെയും അലി رضي الله عنه വിന്റെയും മകനും പ്രവാചകരുടെ പ്രിയപ്പെട്ട പൗത്രനുമായ അബൂഅബ്ദില്ല അൽ ഹുസൈൻ ബിൻ അലി رضي الله عنهما ഒരു ക്രൂരസംഘത്താൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് ഈ ദിവസത്തിലാണ്.

ഹുസൈൻ  ന്റെ ഈ ചരിത്രം നമ്മൾ പ്രത്യേക ലേഖനമാക്കി ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് നമ്മുടെ സൈറ്റിലും ലഭ്യമാണ്  

മുൻകാല പ്രവാചകന്മാരുടെയും സച്ചരിതരായ മുൻഗാമികളുടെയും ചരിത്രസ്മരണകൾ ഉണർത്തുന്ന ഈ പുണ്യദിനത്തെ ഇബാദത്തുകൾ കൊണ്ടും നോമ്പുകൾ കൊണ്ടും ധന്യമാക്കാൻ നാം ശ്രദ്ധിക്കുക. ഈ ആശൂറാഅ് ദിനം നമ്മുടെ കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടാനും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടാനും കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ.

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെയും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക! www.islamkerala.com
   സി പി അബ്ദുല്ല ചെരുമ്പ
  9400534861

Files