ബനൂ ഖൈനുഖാഅ് യുദ്ധം കരാർ ലംഘനവും മദീനയിൽ നിന്നുള്ള നാടുകടത്തലും

ഹിജ്റ രണ്ടാം വർഷത്തിലാണ് ബനൂ ഖൈനുഖാഅ് യുദ്ധം നടക്കുന്നത്. മദീനയിലെ ജൂതന്മാരുമായി നബി ﷺ ഒരു സമാധാന കരാറുണ്ടാക്കിയിരുന്നു. അതനുസരിച്ച് നബി ﷺ ക്കെതിരെ ആരെയും സഹായിക്കരുതെന്നും, മദീനയ്ക്ക് നേരെ ഏതെങ്കിലും ശത്രുവിന്റെ ആക്രമണമുണ്ടായാൽ അവിടുത്തെ സഹായിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

ബനൂ ഖൈനുഖാഅ് യുദ്ധം  കരാർ ലംഘനവും മദീനയിൽ നിന്നുള്ള നാടുകടത്തലും

 ബനൂ ഖൈനുഖാഅ് യുദ്ധം  കരാർ ലംഘനവും മദീനയിൽ നിന്നുള്ള നാടുകടത്തലും

ഹിജ്റ രണ്ടാം വർഷത്തിലാണ് ബനൂ ഖൈനുഖാഅ് യുദ്ധം നടക്കുന്നത്. മദീനയിലെ ജൂതന്മാരുമായി നബി ﷺ ഒരു സമാധാന കരാറുണ്ടാക്കിയിരുന്നു. അതനുസരിച്ച് നബി ﷺ ക്കെതിരെ ആരെയും സഹായിക്കരുതെന്നും, മദീനയ്ക്ക് നേരെ ഏതെങ്കിലും ശത്രുവിന്റെ ആക്രമണമുണ്ടായാൽ അവിടുത്തെ സഹായിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

എന്നാൽ, ബദ്‌ർ യുദ്ധത്തിൽ ഖുറൈശി മുശ്‌രിക്കുകളിൽ പെട്ട പ്രമുഖരെ നബി ﷺ വധിച്ചപ്പോൾ, ജൂതന്മാർ അവിടുത്തോട് കടുത്ത അസൂയയും വിദ്വേഷവും പ്രകടിപ്പിക്കുകയും കരാർ ലംഘനം പരസ്യമാക്കുകയും ചെയ്തു.

തുടർന്ന്, നബി ﷺ ഖൈനുഖാഅ് ചന്തയിൽ വെച്ച് അവരെ ഒരുമിച്ചുകൂട്ടി ഇപ്രകാരം അരുളി:

“يا معشر اليهود احذروا من الله عز وجل مثل ما نزل بقريش من النقمة، وأسلموا فإنكم قد عرفتم أني نبي مرسل تجدون ذلك في كتابكم”

(ഹേ ജൂത സമൂഹമേ! ഖുറൈശികൾക്ക് വന്നത് പോലുള്ള അല്ലാഹുവിന്റെ ശിക്ഷയെ നിങ്ങൾ ഭയപ്പെടുവിൻ. നിങ്ങൾ ഇസ്‌ലാം സ്വീകരിക്കുവിൻ. നിങ്ങളിൽ ഇറക്കപ്പെട്ട വേദഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതുപോലെ, ഞാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്ന് തീർച്ചയായും നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടല്ലോ.)

അബൂ ദാവൂദ് ഉദ്ധരിച്ച സഹീഹായ ഹദീഥ്
ഇബ്‌നു അബ്ബാസ്(റ)നിവേദനം ചെയ്ത ഈ ഹദീഥ് ബനൂ ഖൈനുഖാഅ് സംഭവത്തിന്റെ പ്രധാന പശ്ചാത്തലം വ്യക്തമാക്കുന്നു:
«لما أصاب رسول الله صلى الله عليه وسلم قريشا يوم بدر، وقدم المدينة، جمع اليهود في سوق بني قينقاع، فقال: يا معشر يهود، أسلموا قبل أن يصيبكم مثل ما أصاب قريشا. قالوا: يا محمد، لا يغرنك من نفسك أنك قتلت نفرا من قريش كانوا غمارا لا يعرفون القتال، إنك لو قاتلتنا لعرفت أننا نحن الناس، وأنك لم تلق مثلنا. فأنزل الله عز وجل في ذلك: {قل للذين كفروا ستغلبون وتحشرون إلى جهنم وبئس المهاد}»  (سنن أبي داود: 3001 - ഹദീഥ് സഹീഹ്)
"നബിﷺബദ്റിലെ മഹാ വിജയത്തിന്ന് ശേഷം  മദീനയിൽ തിരിച്ചെത്തിയപ്പോൾ, ബനൂ ഖൈനുഖാഅ് ചന്തയിൽ വെച്ച് ജൂതന്മാരെ ഒരുമിച്ചുകൂട്ടി പറഞ്ഞു: 'ഹേ ജൂത സമൂഹമേ! ഖുറൈശികൾക്ക് സംഭവിച്ചത് പോലെ നിങ്ങൾക്കും സംഭവിക്കുന്നതിന് മുൻപ് നിങ്ങൾ ഇസ്‌ലാം സ്വീകരിക്കുവിൻ.'
അപ്പോൾ അവർ പറഞ്ഞു: 'ഹേ മുഹമ്മദ്! യുദ്ധതന്ത്രങ്ങൾ അറിയാത്ത ഖുറൈശികളിലെ അനുഭവപരിചയമില്ലാത്ത ചിലരെ വധിക്കാൻ കഴിഞ്ഞു എന്നത് നിങ്ങളെ അഹങ്കാരിയാക്കാതിരിക്കട്ടെ. ഞങ്ങളോടാണ് നിങ്ങൾ യുദ്ധം ചെയ്യുന്നതെങ്കിൽ, യഥാർത്ഥ പോരാളികൾ ആരാണെന്ന് നിങ്ങൾ മനസ്സിലാക്കും; ഞങ്ങളെപ്പോലെയുള്ളവരെ നിങ്ങൾ കണ്ടുമുട്ടിയിട്ടില്ല.'

അപ്പോഴാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത്: 
«قُل لِّلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ»
(سورة آل عمران: 12)
(നബിയേ,) സത്യനിഷേധികളോട് പറയുക: "തീർച്ചയായും നിങ്ങൾ ഉടൻ കീഴടക്കപ്പെടുകയും നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും. അത് എത്രയോ മോശമായ വിശ്രമസങ്കേതമത്രെ!"

ജൂതന്മാർ ബദ്‌ർ യുദ്ധത്തെയും ഖുറൈശികളുടെ പരാജയത്തെയും നിസ്സാരവൽക്കരിച്ച് സംസാരിച്ചതിന് മറുപടിയായി അല്ലാഹു ഈ തൊട്ടടുത്ത ആയത്തിലൂടെ മറുപടി നൽകി:
«قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَا ۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِ ۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَن يَشَاءُ ۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ»
(سورة آل عمران: 13)   
"ഏറ്റുമുട്ടിയ ആ രണ്ട് സംഘങ്ങളിൽ തീർച്ചയായും നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു. ഒരു സംഘം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നു, മറുവിഭാഗമാകട്ടെ സത്യനിഷേധികളും. 
(സത്യവിശ്വാസികൾ) തങ്ങളുടെ ഇരട്ടി ആളുകളായി സ്വന്തം കണ്ണുകൊണ്ട് അവരെ (അവിശ്വാസികളെ) കാണുകയായിരുന്നു. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ സഹായം നൽകി പിൻബലമേകുന്നു. കാഴ്ചപ്പാടുള്ളവർക്ക് തീർച്ചയായും ഇതിൽ വലിയൊരു ഗുണപാഠമുണ്ട്."

മുൻകൂട്ടിയുള്ള മുന്നറിയിപ്പ്:
 "നിങ്ങൾ ഉടൻ കീഴടക്കപ്പെടും" എന്ന 12-ാം ആയത്തിലെ അല്ലാഹുവിന്റെ പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം തന്നെ സത്യമായി പുലരുകയും, ബനൂഖൈനുഖാഅ് ജൂതന്മാർ മുസ്‌ലിംകൾക്ക് മുന്നിൽ കീഴടങ്ങി മദീനയിൽ നിന്ന് നാടുകടത്തപ്പെടുകയും ചെയ്തു.

ബദ്‌റിലെ ദൃഷ്ടാന്തം: 
കുറഞ്ഞ എണ്ണവും ആയുധങ്ങളുമുള്ള മുസ്‌ലിംകൾ ഖുറൈശികളെ തോൽപ്പിച്ചത് കേവലം യാദൃശ്ചികമല്ല, മറിച്ച് അല്ലാഹുവിന്റെ സഹായത്താലാണ് എന്ന് 13-ാം ആയത്തിലൂടെ അല്ലാഹു ജൂതന്മാർക്ക് ഓർമ്മപ്പെടുത്തിക്കൊടുത്തു.
എന്നാൽ ജൂതന്മാർ മർക്കടമുഷ്ടി കാണിക്കുകയും സത്യം സ്വീകരിക്കുന്നതിൽ അഹങ്കാരം നടിക്കുകയും ചെയ്തു.

മദീനയിലെ സമ്പന്ന വിഭാഗമായിരുന്നു ബനൂ ഖൈനുഖാഅ് ജൂതന്മാർ. അവിടെ അവർക്ക് ശക്തമായ കോട്ടകളുമുണ്ടായിരുന്നു. നബി ﷺ നൽകിയ ഉപദേശങ്ങളെ അവഗണിച്ച് അവർ ദുർമാർഗത്തിലും അക്രമത്തിലും തുടർന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, ഒരു അറബ് വനിത തങ്ങളുടെ ചില കച്ചവടച്ചരക്കുകളുമായി ബനൂ ഖൈനുഖാഅ് ചന്തയിലെത്തി അത് വിൽക്കുകയും ഒരു സ്വർണ്ണപ്പണിക്കാരന്റെ അടുത്ത് ഇരിക്കുകയും ചെയ്തു. അപ്പോൾ ഒരു കൂട്ടം ജൂതന്മാർ അവരെ വളയുകയും വസ്ത്രം നീക്കി ശരീരഭാഗങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ സ്ത്രീ അത് നിരസിച്ചു. ഇതുകണ്ട സ്വർണ്ണപ്പണിക്കാരൻ, ആ സ്ത്രീയറിയാതെ അവരുടെ വസ്ത്രത്തിന്റെ ഒരറ്റം പുറകിലേക്ക് കൂട്ടിക്കെട്ടി. അവർ എഴുന്നേറ്റപ്പോൾ വസ്ത്രം മാറി അവഹേളിക്കപ്പെടുകയും ജൂതന്മാർ അത് കണ്ട് ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. 
ആ സ്ത്രീ ഉച്ചത്തിൽ സഹായത്തിനായി നിലവിളിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു മുസ്‌ലിം ധീരനായി മുന്നോട്ടുവന്ന് ആ സ്വർണ്ണപ്പണിക്കാരനായ ജൂതനെ വധിച്ചു. ഉടൻ തന്നെ മറ്റു ജൂതന്മാർ ഒന്നടങ്കം വന്ന് ആ മുസ്‌ലിമിനെ വളഞ്ഞു ആക്രമിച്ചു രക്തസാക്ഷിയാക്കി. (ഇബ്‌നു ഹിശാം)

സംഭവം വഷളായതോടെ, യുദ്ധത്തിന് ഒരുങ്ങി ജൂതന്മാർ തങ്ങളുടെ കോട്ടകൾക്കുള്ളിൽ അഭയം പ്രാപിച്ചു. തുടർന്ന്, നബി ﷺ പതിനഞ്ച് രാവുകൾ അവരുടെ കോട്ടകൾ ഉപരോധിച്ചു. അവരിൽ നിന്ന് ആർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ അവർ നബി ﷺ യുടെ തീരുമാനത്തിന് മുന്നിൽ പൂർണ്ണമായി കീഴടങ്ങി.

ഈ സമയത്ത് മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഇബ്‌നു സലൂൽ നബി ﷺ യുടെ അടുക്കൽ ചെന്ന് അവർക്കായി ശുപാർശ ചെയ്യുകയും, അവരെ വധിക്കാതെ വെറുതെ വിടണമെന്ന് കഠിനമായി നിർബന്ധിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് നബി ﷺ അവരുടെ ജീവൻ ഒഴിവാക്കികൊടുക്കുകയും, തുടർന്ന് നബി ﷺ അവരെ മദീനയിൽ നിന്ന് നാടു കടത്താൻ (ഇജ്‌ലാഅ്) ഉത്തരവിടുകയും ചെയ്തു.

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files