ബുർദ

അനുരാഗം ഉണ്ടായിരുന്നില്ലെങ്കിൽ പ്രവാചക ഭവനത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ ഓർത്തു നീ കണ്ണുനീർ വാർക്കുമായിരുന്നില്ല. 'ബാൻ' എന്ന സുഗന്ധച്ചെടിയോ അലം പർവ്വതമോ നിന്റെ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.

ബുർദ

അനേകം മഹത്വങ്ങളുള്ള ഇമാം ബൂസ്വീരിയുടെ ബുർദയാണ് താഴെ ദിവസവും അല്പമെങ്കിലും ചൊല്ലാൻ സമയം കണ്ടെത്തുക. അർത്ഥങ്ങളില്ലാത്ത  കോപിയും കൂടെയുണ്ട് . കൂടെയുള്ള font കൾ install ചെയ്യുന്നത് കൂടുതൽ ഭംഗിയിൽ കാണാൻ സഹായിക്കുന്നതാണ്. വേർഡ് ഫയലിൽ ആവശ്യമുളളവർ ബന്ധപ്പെടുക.

അർത്ഥങ്ങളിലോ മറ്റോ  തെറ്റുകൾ കണ്ടാൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.


بسم لله الرحمن الرحيم الحمد لله رحمة العالمين  وصلى الله وسلم وعلى سيدنا محمد وعلي آله وصحبه واجمعين       قصيدة البردة المباركة للإمام شرف الدين أبي عبد الله محمد بن سعيد البوصيري رحمه 

 مولاي صَل وَسَلّمْ دَائما أبداً      عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ

എന്റെ രക്ഷിതാവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബിന്റെ മേലിൽ നീയെന്നുമെന്നും സ്വലാത്തും സലാമും ചൊരിയണേ.

أَمِنْ تَذَكَّرِ جِيرَانِ بِذِي سَلَم                مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمٍ      

സലം വൃക്ഷങ്ങളുടെ ദേശത്തിന്റെ അയൽക്കാരനെ ഓർത്തു കൊണ്ടാണോ നിന്റെ നയനങ്ങൾ നിണം കലർന്ന അശ്രു ഒഴുക്കുന്നത് ?

أَمْ هَبَّتِ الريحُ مِنْ تِلْقَاءِ كَاظِمَةِ         وَأَوْمَضَ الْبَرْقُ فِي الظُّلْمَاءِ مِنْ إِضم

അതൊ കാളിമയിൽ നിന്നു വീശിയെത്തുന്ന  കാറ്റോ  ഇളമിൽ നിന്ന് ഇരുട്ട് തുരന്നെത്തുന്ന മിന്നൽ പിണറോ നിന്റെ കണ്ണീരിനാധാരം?


فَمَا لِعَيْنَيْكَ إِنْ قُلْتَ اكْفُفَا هَمَتَا        وَمَا لِقَلْبِكَ إنْ قُلتَ اسْتَفِقُ يَهم

എന്ത് പറ്റി കണ്ണുകൾക്ക് ? തടഞ്ഞിട്ടും ധാരമുറിയാതെ അവ അശ്രു പൊഴിക്കുന്നു. ഹൃദയത്തിനെന്തു പറ്റി? ഒട്ടും ശാന്തമാവാതെ അതു ഭയവിഹ്വലാവുകയാണല്ലോ.


 أَيَحْسَبُ الصَّبُ أَن الحب مُنْكَتم       مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِم 

ബാഷ് പം പ്രവഹിക്കുകയും ഹൃദയം പ്രകമ്പനം കൊള്ളുകയും ചെയ്യുമ്പോൾ അനുരാഗം ഒളിച്ചുവെക്കുക സുസാധ്യമാവുമെന്ന് അനുരക്തൻ കരുതുന്നുണ്ടോ?


لَوْلاَ الْهَوَى لَمْ تُرقُ دَمْعًا عَلَى طَلَل          وَلا أَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ

അനുരാഗം ഉണ്ടായിരുന്നില്ലെങ്കിൽ പ്രവാചക ഭവനത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ ഓർത്തു നീ കണ്ണുനീർ വാർക്കുമായിരുന്നില്ല. 'ബാൻ' എന്ന സുഗന്ധച്ചെടിയോ അലം പർവ്വതമോ നിന്റെ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.

 فَكَيْفَ تُنْكِرُ حُبًّا بَعْدَمَا شَهدَتْ          بهِ عَلَيْكَ عُدُولُ الدَّمْع وَالسَّقَمِ

ഹൃദയവേദന, കണ്ണുനീർ എന്നീ രണ്ടു നീതിമാൻമാരായ സാക്ഷികൾ വഹിച്ചിരിക്കേ നിനക്കെങ്ങനെ നിന്റെ അനുരാഗത്തെ നിഷേധിക്കാനാവും?

 وَأَثْبَتَ الوَجُدُ خَطَّي عَبْرَةٍ وَضَنَى      مِثْل البَهَارِ عَلَى خَدَّيْكَ وَالْعَلَم

നിൻ കപോലത്തിൽ അനം' ചെടിയെപ്പോലെ ചുവപ്പുരാശി പടർന്നതും നീ മെലിഞ്ഞു പീതവർണ്ണത്തിലുളള റോസാപ്പൂ പോലെ ആയതും പ്രവാചക തിരുമേനിയോടുള്ള നിൻ അനുരാഗത്തിന്റെ സുദൃഢമായ തെളിവുകളാണ്.

نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرقَنِي     وَالحُبُّ يَعْتَرِضُ اللَّذَّاتِ بِالْالم

 അതേ എന്റെ പ്രേമഭാജനം എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. എല്ലാ രുചികളെയും കെടുത്തിക്കളയുന്നതാണല്ലോ പ്രണയവേദന.

 يا لائمي في الهَوَى الْعُذْرِي مَعْذِرَةً     منِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلُم 

പ്രവാചകനോടുള്ള എന്റെ തീവ്രാനുരാഗത്തെപ്പറ്റി എന്നെ ആക്ഷേപിക്കുന്നവനെ. എന്റെ ന്യായം നീ അംഗീകരിക്കുക. നീ നീതിമാനായിരുന്നെങ്കിൽ എന്നെ
ആക്ഷേപിക്കുമായിരുന്നില്ല.

عَدَتْكَ حَالي لا سري بِمُسْتَتِرٍ    عَن الْوُشَاةِ وَلا دَانِي بِمُنْحَسِم

സഥിതിവിശേഷം നിന്നെയും ഗ്രസിക്കട്ടെ. ഏഷണി കൂട്ടുന്നവർക്ക്  അജ്ഞാതമല്ലല്ലോ എന്റെ രഹസ്യം എന്റെ രോഗത്തിനു ശമനമില്ല.

 محضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ إِنَّ      الْمُحِبَّ عَنِ الْعُذَالِ فِي صَمَم 

നിഷ്ക്കളങ്കം തന്നെ നിന്റെ ഉപദേശം. പക്ഷേ ഞാനതു ചെവിക്കൊള്ളുന്നില്ല.  കുറ്റപ്പെടുത്തുന്നവനെ കേൾക്കാൻ അനുരക്തൻ തയ്യാറാവുകയില്ല

إِنِّي اتهَمْتُ نَصِيحَ الشَّيبِ فِي عَذَلٍ     الشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التُّهم

നരയുടെ ഉപദേശത്തെ ഞാൻ വൃഥാ തെറ്റിദ്ധരിച്ചു. നരയാണെങ്കിൽ ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല.


في التحذير من هوى النفس


فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ       مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالْهَرَمِ 

ചീത്തയോടു ചായ് വു കാണിക്കുന്ന ദേഹം അഞ്ജത  നിമിത്തം നരയുടെയും വാർധക്യത്തിന്റെയും മുന്നറിയിപ്പുകളെ അവഗണിച്ചു. 

وَلا أَعَدَّتْ مِنَ الْفِعْلِ الجَمِيلِ قِرَى      ضَيْف أَلَم برَأْسِي غَيْرَ مُختَشِم 

ശിരസ്സിൽ നര  വിരുന്നുവന്നപ്പോൾ സുകൃതങ്ങളൊന്നും ഞാനൊരുക്കി വെച്ചിട്ടുണ്ടായിരുന്നില്ല.

لَوْ كُنْتُ أَعْلَمُ أَنِّي مَا أُوقِرُهُ       كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَم 

നരയെ ഞാൻ ബഹുമാനിക്കുകയില്ലന്ന് അറിയാമായിരുന്നെങ്കിൽ ഞാനാ രഹസ്യം ചായം തേച്ച് ഒളിപ്പിക്കുമായിരുന്നു 

من لي بِرَد جماح مِنْ غَوَايَتِها       گما يرد جماح الخيل باللجم

കുതിരയുടെ ധിക്കാരത്തെ നിയന്ത്രിക്കാൻ കടിഞ്ഞാണുണ്ട്. എന്റെ മാർഗഭ്രംശത്തെ ആരു നിയന്ത്രിക്കും.

فَلا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا           إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِم

കുററകൃത്യങ്ങളിൽ  മുഴുകി ശരീരത്തിന്റെ ആസകതികളെ മറികടക്കാമെന്നു മോഹിക്കേണ്ട. ഭക്ഷണം  ഭോജന പ്രിയന്റെ  കൊതിയെ ശക്തിപ്പെടുത്തുകയേ ഉള്ളു

والنَّفْسُ كَالطَّفْلِ إِنْ تُحْمِلْهُ شَبَّ      عَلَى حب الرَّضَاعِ وإِنْ تَفْطِمْهُ يَنْفَطِمِ

ശിശുവെപ്പോലെയാണു മനസ്സ്. മുലകുടി നിറുത്താതെയിരുന്നാൽ യൗവനദശയിലും
മുലകുടിക്കണമെന്ന ആഹ്രം നിലനിൽക്കും. 

فَاصْرِفْ هَوَاهَا وَحَاذِرُ أَنْ تُوَلَّيَه           إِنَّ الْهَوَى مَا تَوَلَّى يُصم أَوْ يَصِمِ

ദേഹേച്ഛയിൽ നിന്നകലുക. അതിനു കീഴ്പ്പെടുന്നതു സൂക്ഷിക്കുക. ദേഹേച്ഛയ്ക്കു വിധേയനായാൽ ജീവൻ അപകടത്തിലാവും .അല്ലെങ്കിൽ പാപത്തിലേക്കു വഴുതി വീഴും

وَرَاعِها وَهي فِي الْأَعْمالِ سَائِمَةٌ        وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِم

സൽക്കർമ്മങ്ങളിൽ വ്യാപരിക്കുമ്പോഴും ശരീരത്തിന്റെ കൊതികളെ സൂക്ഷിക്കണം. അതിന്റെ മേച്ചിൽ സ്ഥലം ഇഷ്ടമായിത്തോന്നിയാലും യഥേഷ്ടം മേയാൻ വിടരുത്.

كُمْ حَسَّنَتْ لَذَّةٌ لِلْمَرْءِ قَاتِلَةً            مِنْ حَيْثُ لَمْ يَدْرِ أَن السم في الدَّسَم

മാരകമായ എത്രയെത്ര സുഖാസ്വാദനങ്ങളാണു മനുഷ്യൻ നല്ലതെന്നു കരുതുന്നത് !കൊഴുപ്പുള്ള ഭക്ഷണത്തിൽ വിഷമുണ്ടെന്ന് അവനറിയുന്നില്ല. 

وَاخْشَ الدَّسَائِسَ مِنْ جُوعِ وَمِنْ شِبَع    فَرُبَّ مَخْمَصَةٍ شَرٌّ مِنْ التَّخَم
 

വിശപ്പിന്റെയും അമിതഭോജനത്തിന്റെയും അപകടങ്ങളെ പേടിക്കണം .  ദഹനക്കേടിനേക്കാൾ ആപല് കരമായിട്ടുണ്ടു പലപ്പോഴും വിശപ്പ്.

وَاسْتَفْرغ الدَّمْعَ مِنْ عَيْنِ قَدِ امْتَلأت      مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ

 നിഷിദ്ധമായ നോട്ടങ്ങളിൽ കണ്ണു പൂണ്ടുപോയാൽ കണ്ണീരൊഴുക്കി പശ്ചാത്തപിക്കുക.
ഖേദചിന്തയാകുന്ന സംരക്ഷണവലയത്തെ ഉറപ്പിച്ചു നിറുത്തുക.

وخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا     وَإِنْ هُمَا مَحَضَاكَ النُّصْحَ فَاتَّهِمِ

ദേഹേച്ഛയെയും പിശാചിനെയും ധിക്കരിക്കുക. അവയുടെ അഭി പ്രേരണകളെ വിപരിതാർതഥത്തിൽ മനസിലാക്കുക  

وَلَا تُطِعْ مِنْهُمَا خَصْمَا وَلاَ حَكَمًا     فأنتَ تَعْرفُ كَيْدَ الخصم والحكم 

പിശാചിന്റെയും ദേഹേച്ഛയുടെയും തർക്കത്തെയോ   ന്യായവിധിയേയോ അനുസരിക്കരുത്. ഇവരുടെ തർക്കത്തിന്റെയും   ന്യായവിധിയുടെയും കുതന്ത്രം നിനക്കറിയാമല്ലോ 

أسْتَغْفِرُ الله مِنْ قَوْلٍ بِلا عَمَل        لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُم

കർമരഹിതമായ വാക്കിൽ നിന്നു ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു. മച്ചിപ്പെണ്ണിനു മക്കളുണ്ടാവുമെന്നു പറയുന്നതു പോലെയാണല്ലോ പ്രവൃത്തിയില്ലാത്ത വാക്ക് .

أَمَرْتُكَ الخَيْرَ لَكِنْ مَا ائتَمَرْتُ بِهِ      وَمَا اسْتَقَمْتُ فَمَا قَوْلِي لَكَ اسْتَقِمِ

ഞാൻ നിന്നോടു നൻമ ആജ്‌ഞാപിക്കുന്നു. ഞാനോ അതു പ്രവർത്തിക്കുന്നുമില്ല അപ്പോൾ നീ നേരെ ജീവിക്കണം എന്ന എൻറെ വാക്കിനെന്തർഥം?

وَلَا تَزَوَّدتُ قَبْلَ الْمَوْتِ نَافِلَةً         وَلَمْ أُصَلِّ سِوَى فَرْضِ وَلَمْ أَصم

മരണം വരുന്നതിനുമുമ്പ് ഐഛികാരാധനകളുടെ പാഥേയം ഞാനൊരുക്കിയിട്ടില്ല. നിർബന്ധ നിസ്ക്‌കാരവും വ്രതവുമല്ലാതെ ഞാനനുഷ് ഠിച്ചിട്ടുമില്ല.


في مدح سيد المرسلين صلى الله عليه وسلم

ظَلَمْتُ سُنَّةَ مَنْ أَحْيَ الظَّلامَ إِلَى     أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَم 

നീർ വന്നു കാലുകൾ പരാതിപറയുവോളം നിന്നു നിസ്‌കരിച്ചു രാത്രിയെ ജീവിപ്പിച്ച പ്രവാചക ചര്യയോടു ഞാൻ അക്രമം കാണിച്ചു.


وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى    تَحتَ الحِجَارَةِ كَشْحًا مُتَرَفَ الْأَدم

  വിശപ്പിന്റെ കാഠിന്യം മൂലം തിരുനബി (സ )തോൽചുരുളിൽ കല്ലുകെട്ടി വയററിൽ ബന്ധിക്കുകയുണ്ടായി.

وَرَاوَدَتْه الجبال الشم مِنْ ذَهَبٍ      عَنْ نَفْسِهِ فَأَرَاهَا أَي مَا شمم

കാഞ്ചന പർവ്വതങ്ങൾ അവിടുത്തെ മാടിവിളിച്ചു. പക്ഷേ അവിടുന്നു പ്രലോഭിതനായില്ല

وَأَكَدَتْ زُهْدَهُ فِيهَا ضَرُورَتُهُ    إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ

പ്രവാചകന്റെ അഭിലാഷങ്ങൾ പർവ്വതങ്ങളെ വിനയാന്വിതമാക്കിയിരുന്നു.പക്ഷെ 
ആഗ്രഹങ്ങൾ പരിശുദ്ധരെ കീഴടക്കുന്നില്ല 

 وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ مَنْ    لَوْلاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ 

ഐഹികമായ നേട്ടങ്ങളിലേക്കു താങ്കളെങ്ങനെ അവയെ ക്ഷണിക്കും? അങ്ങുണ്ടായിരുന്നില്ലെങ്കിൽ അല്ലാഹു ഈ ലോകം തന്നെ സൃഷ്‌ടിക്കുമായിരുന്നില്ലല്ലോ

مُحَمَّد سَيّدُ الْكَوْنَيْنِ وَالثَّقَلَيْ     نِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ

ഇരുലോകങ്ങൾക്കും ജിന്നുകൾക്കും മനുഷ്യർക്കും അറബികൾക്കും അനറബികൾക്കും നേതാവാകുന്നു മുഹമ്മദ് നബി (സ )


 نَبِيَّنَا الْآمِرُ النَّاهِي فَلاَ أَحَدٌ             أبرَّ فِي قَوْلِ لاَ مِنْهُ وَلاَ نَعَـم

നന്മ  അനുശാസിക്കുകയും തിന്മ തടയുകയും   ചെയ്യുന്ന നമ്മുടെ പ്രവാചകൻ.
വിധിക്കാനും വിലക്കാനും അവിടുത്തേക്കാൾ പുണ്യവാനായി ആരുമില്ല.


هُوَ الحَبيبُ الَّذِي تُرْجَى شَفَاعَتُهُ    لِكُلِّ هَوْلِ مِنَ الْأَهْوَالِ مُقْتَحِم

പരലോകത്ത്) തുടരെത്തുടരെ വരുന്നതും ഭയാനകവുമായ വിപത്തുകളിൽ നിന്ന് ആളുകൾ ശുപാർതേടിച്ചെല്ലുന്ന പ്രിയങ്കരൻ അവിടുന്ന് .

دَعَا إِلَى اللَّهِ فَالْمُسْتَمْسِكُونَ بِهِ      مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِـم

അവിടുന്ന് അല്ലാഹുവിലേക്കു വിളിച്ചു. അവിടുത്തെ മുറുകെ പിടിക്കുന്നവർ പൊട്ടാത്ത പാശം മുറുകെ പിടിച്ചു.

 فَاقَ النَّبِيِّينَ فِي خَلْقِ وَفِي خُلُقٍ      وَلَمْ يُدَانُوهُ فِي عِلْمٍ وَلاَ كَرَم

ആകാരത്തിലും പ്രകൃതത്തിലും മററു പ്രവാചകൻമാരേക്കാൾ മീതെയാണവിടുന്ന്. അറിവിലും ശ്രേഷ്‌ഠതയിലും അവർ അവിടുത്തോടൊപ്പമെത്തുകയില്ല


وكلهـمْ مِنْ رَسُولِ اللهِ مُلْتَمِسُ     غرفاً مِنَ البَحْرِ أو رشفاً من الدّيم

അവിടുത്തെ ജ്ഞാനസമുദ്രത്തിൽ നിന്ന് ഒരു കോരൽ, അല്ലെങ്കിൽ ആ പേമാരിയിൽ നിന്ന് ഒരുതുളളി മാത്രമേ മറ്റുള്ളവർ സ്വന്തമാക്കിയിട്ടുളളൂ.


وَوَاقِفُونَ لَدَيْهِ عِندَ حَدِهِم    مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكلَةِ الحِكم

നബിയുടെ അതിർത്തിക്കപ്പുറം  നിൽക്കുകയാണവർ അറിവിന്റെ  ഒരംശം തത്വജ്ഞാനത്തിൻറെ ഒരടയാളം ആഗ്രഹിച്ചുകൊണ്ട്.

فهوَ الَّذِي تمَّ مَعْنَاهُ وَصُورَتُهُ          ثم اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ 

ആന്തരികതലത്തിലും ബാഹ്യതലത്തിലും പൂർണനത്രെ പ്രവാചകൻ. മനുഷ്യകുലത്തിന്റെ സ്രഷ്ടാവ് അവിടുത്തെ പ്രിയപ്പെട്ടവനായി തെരഞ്ഞെടുത്തിരിക്കുന്നു.

مُنَزَّهُ عَنْ شَرِيكَ فِي مَحَاسِنِهِ      فَجَوْهَرُ الحُسْنِ فِيهِ غَيْرُ مُنقَسِم 

രൂപസൗകുമാര്യത്തിൽ അതുല്യൻ! സൗന്ദര്യത്തിന്റെ  അവിഭാജ്യമായ രത്നം!

دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِهِمِ      وَاحْكُمْ بِمَا شِئتَ مَدْحًا فِيهِ وَاحْتَكم 

ക്രൈസ്തവർ തങ്ങളുടെ പ്രവാചകനെ കുറിച്ച് അതിരു കവിഞ്ഞു വാദിച്ചതുപോലെ നീ ചെയ്യരുത്. പുണ്യറസൂലിനെ യഥേഷ്‌ടം പുകഴ്ത്തുക. അതിൽ ദൃഢത പാലിക്കുകയും ചെയ്യുക.

فَانْسُبْ إِلَى ذَاتِهِ مَاشِئْتَ مِنْ شَرَفٍ     وانسبْ إِلَى قَدْرِهِ مَاشِئتَ مِنْ عِظَم 

നീ ഉദ്ദേശിക്കുന്ന ശ്രേഷ്‌ഠത അവിടുത്തെ സത്തയോടു ചേർത്തു പറയുക. നീ
ഉദ്ദേശിക്കുന്ന മഹത്വം അവിടുത്തെ പദവിയോടു ചേർത്തു പറയുക.

فَإِنْ فَضْلَ رَسُولِ اللهِ لَيْسَ لَهُ           حَدٌ فَيُعْرِبَ عَنْهُ نَاطِقٌ بِفَم

ദൈവദൂതന്റെ ശ്രേഷ്‌ഠതയ്ക്ക് അററമില്ല. പറയുന്നവനു തന്റെ വായകൊണ്ട് അതു പറഞ്ഞുതീർക്കുക സാധ്യവുമല്ല.

لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا       أحيا اسْمُهُ حِينَ يُدْعَى دَارِسَ الرمم 

അവിടുത്തെ അതിമഹനീയങ്ങളായ ദിവ്യാൽഭുത ദൃഷ്‌ടാന്തങ്ങൾ അവിടുത്തെ പദവിക്ക് തുല്യമായിരുന്നെങ്കിൽ അവിടുത്തെ പേരു   ചേർത്ത് വിളിച്ചാൽ ദ്രവിച്ച അസ്ഥികണക്കെയായവന്  ജിവൻ കൈവന്നേനെ. 

لَم يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ     حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهم

ബുദ്ധിയെ കുഴക്കുംവിധം കാര്യങ്ങൾ സങ്കീർണ്ണമാക്കി അവിടുന്നു നമ്മെ പരീക്ഷിച്ചിട്ടില്ല. നമ്മോടുളള പ്രതിപത്തി കൊണ്ടാണത്. അതിനാൽ നമുക്കു സന്ദേഹമോ പരിഭ്രാന്തിയോ ഉണ്ടായില്ല.

 أعيى الوَرَى فَهمُ مَعْنَاهُ فَلَيْسَ يُرَى       لِلْقرْب وَالْبُعْدِ فِيهِ غَيْرُ مُنْفَحِم 

അവിടുത്തെ സാരം ഗ്രഹിക്കുന്നതിൽ മനുഷ്യർ അശക്‌തരായിരിക്കുന്നു. അടുത്തുളളവനും അകലെയുളളവനും സാധിച്ചിട്ടില്ല അത്.

فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ         وَأَنَّهُ خَيْرُ خَلْقِ اللهِ كَلِهم

അവിടുത്തെ കുറിച്ചു നമുക്ക് ഏറിയാൽ അറിയുക അവിടുന്നു മനുഷ്യനും
അല്ലാഹുവിന്റെ സൃഷ്‌ടികളിൽ ഏററവും ഉത്തമനും ആണെന്നത്രെ.


وَكُلُّ آي أَتَى الرُّسُلُ الْكِرَامُ بِهَا         فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِم

ശ്രേഷ്ഠരായ അല്ലാഹുവിന്റെ ദൂതൻമാർക്കെല്ലാം ദൃഷ്‌ടാന്തങ്ങൾ ലഭിച്ചത് അവിടുത്തെ പ്രഭയിൽ നിന്നാണ് .

فَإِنَّهُ شَمْسُ فَضْلِ هُمْ كَوَاكِبُهَا     يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَم

ശ്രേഷ്‌ഠതയുടെ സൂര്യനാണവിടുന്ന്. മററു പ്രവാചകൻമാർ നക്ഷത്രങ്ങളും. തമസ്സിൽ ജനങ്ങൾക്കായി സൂര്യ വെളിച്ചം പ്രതിഫലിപ്പിക്കുകയാണവർ.

 أكـــرمْ بِخَلْقِ نَـــي زَانَهُ خُلُق     بالحُسْنِ مُشْتَمِل بِالْبِشْرِ مُتَّسِم

നബിയുടെ ആകാരത്തെ നീ ആദരിക്കുക. സുന്ദരവും പ്രസന്നവുമായ ഗുണവിശേഷങ്ങൾ അവിടുത്തെ സ്വഭാവത്തെ അലംകൃതമാക്കിയിരിക്കുന്നു.

كَالزَّهْرِ فِي تَرَفٍ وَالْبَدْرِ فِي شَرَفٍ      والبحر في كرم والدهر في همم

ഓമനത്വത്തിൽ പൂ  പോലെ. ശ്രേഷ്‌ഠതയിൽ തിങ്കൾ പോലെ. ഔദാര്യത്തിൽ സമുദ്രം  പോലെ. കരുത്തിൽ കാലം പോലെ.

كَأَنَّهُ وَهوَ فَرْد فِي جَلَالَتِهِ    في عَسْكَرِ حِينَ تَلْقَاهُ وَفِي حَشَم 

ഏകാന്തതയിൽ കണ്ടുമുട്ടുമ്പോഴും പ്രതാപം നിമിത്തം   സൈന്യത്തോടോ  പരിവാരത്തോടോ ഒപ്പമാണെന്നതുപോലെا 

كَأَنَّمَا الأؤلُؤ الْمَكْنُونُ فِي صَدَف    مِنْ مَعْدِنَي مَنْطِقٍ مِنْهُ ومُبْتَسَم 

അവിടുത്തെ ഭാഷണവും മന്ദസ്മിതവും ചിപ്പിയിലെ മുത്തുപോലെയാണ്.

لا طيب يَعْدِلُ تُربًا ضَمَّ أَعْظُمَهُ         طُوبَى لِمُنتَشِق مِنْهُ وَمُلْتَثم

അവിടുത്തെ ദേഹത്തിൽ പുരണ്ടിട്ടുള്ള മണ്ണിനോക്കുന്ന സുഗന്ധതൈലമില്ല. അതു
വാസനിക്കുന്നവർക്കും ചുംബിക്കുന്നവർക്കും മംഗളം.

في مولده عليه الصلاة والسلام


أَبَانَ مَوْلِدُهُ عَنْ طِيبٍ عُنْصُرِهِ           يَا طِيبَ مُبْتَدَءٍ مِنْهُ وَمُخْتَـتم

അവിടുത്തെ ജനനം തന്റെ വംശമഹിമയെ  വെളിവാക്കുന്നു. എത്ര തുടക്കം. എത്ര നല്ല ഒടുക്കം

يَوْمٌ تَفَرَّسَ فِيهِ الْفُرْسُ أَنَّهُمُ        قد أُنذِرُوا بِحلول البؤس والنقم

പ്രത്യാഘാതവും ദുരിതവും തങ്ങളെ വലയം ചെയ്യുമെന്നു പേർഷ്യക്കാർക്കു മുന്നറിയിപ്പു നൽകപ്പെട്ടു. അന്ന് 

وَبَاتَ إِيوَانُ كِسْرَى وَهُوَ مُنْصَدِع    كَشَمْلِ أَصْحَابِ كِسْرَى غَيْرَ مُلْتَئم

കിസ് റയുടെ കൊട്ടാരം നിലം പൊത്തി. പുന:സംഘടിപ്പിക്കാൻ പററാത്തവിധം സൈന്യം  ശിഥിലമായി.

وَالنَّارُ خَامِدَةُ الْأَنْفَاسِ مِنْ أَسَف   عَلَيْهِ وَالنَّهرُ سَاهِي العَيْنِ مِنْ سَدَم

ദു:ഖം നിമിത്തം അഗ്നിയാരാധകരുടെ ജ്വലിക്കുന്ന തീയണഞ്ഞു.നദിയിൽ കല്ലും  ചെളിയും നിറഞ്ഞു. 


وَسَاءَ سَاوَةَ أَنْ غَاضَتْ بُحيْرَتُها      وَرُدَّ وَارِدُهَا بِالْغَيْظِ حِينَ ظَمِي

സാവാ  തടാകം വററി. തദ്ദേശവാസികൾ വ്യസനിച്ചു.ദാഹിച്ചെത്തിയവർ കോപാകുലരായി മടങ്ങി.    

كان بالنَّارِ مَا بِالْمَاءِ مِنْ بَلل       حُزْنًا وَبِالْمَاءِ مَا بِالنَّارِ مِنْ ضَرَم

വ്യസനം നിമിത്തം ജലത്തിൻറെ നനവ് തീയും തീനാളം ജലവുമായതുപോലെ
ആയിരുന്നു അത് 

وَالْجِنُّ تَهْتِفُ وَالْأَنْوَارُ سَاطِعَةٌ     وَالحَقُّ يَظْهَرُ مِنْ مَعْنَى وَمِنْ كَلم

ജിന്നുകൾ കലപില കൂട്ടുന്നു. പ്രകാശങ്ങൾ പരക്കുന്നു. വചനത്തിൽ നിന്നും ആശയത്തിൽ നിന്നും സത്യം വെളിപ്പെടുകയും ചെയ്യുന്നു.


 عموا وصموا فَإِعْلانُ الْبَشَائِر لَمْ    تسْمَعْ وَبَارِقَةُ الْإِنْذَارِ لَمْ تُشَمِ   

അവർ അന്ധരും ബധിരരുമായിത്തീർന്നു. സുവാർത്തയുടെ വിളംബരമോ താക്കീതിൻറെ മിന്നൽപ്പിണറോ അവർ കേട്ടതും കണ്ടതുമില്ല.

مِنْ بَعْدِ مَا أَخْبَرَ الْأَقْوَامَ كَاهِنُهُمْ        بِأَنَّ دِينَهُمُ الْمُعْوَجَّ لَمْ يَقُم

തങ്ങളുടെ വക്രമതം   നിലനിൽക്കുകയില്ലെന്നു ജ്യോൽസ്യൻമാർ അവരെ അറിയിച്ചതിനുശേഷവും.


  وَبَعْدَ مَاعَايَنُوا فِي الْأُفُقِ مِنْ شُهُبٍ       مُنْقَضَّةٍ وَفْقَ مَا فِي الْأَرْضِ مِنْ صَنَم

ചക്രവാളത്തിൽ ഉൽക്കകൾ പിശാചുക്കളെ എറിഞ്ഞോടിച്ചു കൊണ്ടിരിന്നിട്ടും, ഭൂമിയിൽ വിഗ്രഹങ്ങൾ തലകുത്തി മറിഞ്ഞിട്ടും.

 حَتَّى غَدَا عَنْ طَرِيقِ الْوَحْيِ مُنْهَزِم        منَ الشَّيَاطِينِ يَقْفُو إِثْرَ مُنْهـزم

വെളിപാട് ഒളിഞ്ഞുകേട്ട പിശാചുക്കൾ ഒന്നിനുപിറകെ ഒന്നായി ഓടിക്കപ്പെട്ടു.


كأنه هَرَبًا أَبْطَالُ أَبْرَهَةٍ            أَوْ عَسْكَرْ بِالْحَصَى مِنْ رَاحَتَيْهِ رُمِي  

ഭയന്നോടുന്നിതിൽ അബ്റഹത്തിൻറെ പടയാളികളെ പ്പോലെയോ നബിയുടെ ഏറ കിട്ടിയവരെപ്പോലെയോ ആയിരുന്നു അവർ

نَبْذَا بِهِ بَعْدَ تَسْبِيحِ بِبَطْنِهِمَا               نَبْذَ الْمُسَبِّحِ مِنْ أَحْشَاءِ مُلْتَقِمٍ

അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയ ശേഷം ഉളളം കൈയിലെ ചരൽ നബി (സ )എറിഞ്ഞു. മൽസ്യത്തിന്റെ ഉദരത്തിനകത്തുവെച്ചു റബ്ബിനെ പ്രകീർത്തിച്ച യൂനുസ് നബിയെ മൽസ്യം കരയിലേക്കെറിഞ്ഞതുപോലെ.

في معجزاته صلى الله عليه وسلم


جَاءَتْ لِدَعْوَتِهِ الْأَشْجَارُ سَاجِدَةً     تَمْشِي إِلَيْهِ عَلَى سَاقٍ بِلا قَدَمِ

 നബി വിളിച്ചപ്പോൾ മരങ്ങൾ സാഷ്‌ടാംഗം നമിച്ചു കാലുകളില്ലാതെ നടന്നു വന്നു.


كَأَنَّمَا سَطَرَتْ سَطْراً لِمَا كَتَبَتْ           فُرُوعُهَا مِنْ بَدِيعِ الخط باللقم

നേർരേഖയിലെ എഴുത്തുപോലെ കൊമ്പുകൾ നിവർത്തി, പുതുമയുള്ള രീതിയിലായിരുന്നു മരങ്ങളുടെ ഗമനം.

مِثْلَ الْغَمَامَةِ أَنَّى سَارَ سَائِرَةً          تقـيهِ حَرَّ وَطِيسِ لِلْهَجِيرِ حَمِي

മധ്യാഹ്‌ന സൂര്യന്റെ കഠിന രശ്മികളെ തടുക്കാൻ മേഘങ്ങൾ നബിക്കു തുണ പോയ
പ്രകാരം 

أَقْسَمْتُ بِالْقَمَرِ الْمُنْشَقِّ إِنَّ لَهُ        مِنْ قَلْبِهِ نِسْبَةً مَبْرُورَةَ الْقَسَم


പിളർക്കപ്പെട്ട ചന്ദ്രനു തിരുഹൃദയത്തോടു സാദൃശ്യമുണ്ടായിരുന്നുവെന്നു ഞാൻ സത്യം ചെയ്തു‌ പറയുന്നു.

وَمَا حَوَى الْغَارُ مِنْ خَيْرٍ وَمِنْ كَرَم     وَكُلُّ طَرْفٍ مِنَ الْكُفَّارِ عَنْهُ عَمِي

നൻമയും ഉദാരതയും സൗർ ഗുഹയിലൊളിച്ചപ്പോൾ ദൈവനിഷേധികളുടെ കണ്ണുകൾ കാഴ്ച കെട്ടതായിത്തീർന്നു.

فالصدق في الغَارِ وَالصَّدِيقُ لَمْ يَرمَا        وَهُمْ يَقُولُونَ مَا بالغَار من أرم

സത്യസന്ധതയും സത്യസന്ധനും ഗുഹയിൽ ഉണ്ടായിരിക്കെ ശത്രുക്കൾ പറഞ്ഞു, അതിൽ ആരുമില്ലെന്ന് .

ظَنُّوا الحَمَامَ وَظَنُّوا الْعَنْكَبُوتَ عَلَى         خيْرِ الْبَرِيةِ لَمْ تَنْسُجُ وَلَمْ تَحْمِ

സൃഷ്ട്‌ടികളിൽ ശ്രേഷ്‌ഠൻ ഒളിഞ്ഞിരിക്കുന്ന ഗുഹയ്ക്കു മീതെ ചിലന്തി വല കെട്ടുകയോ പ്രാവ് മുട്ടയിടുകയോ ഇല്ലെന്ന് അവർ നിനച്ചു.

وقَايَةُ اللَّهِ أَغْنَتْ عَنْ مُضَاعَفَةٍ   مِنَ الدُّرُوعِ وَعَنْ عَالٍ مِنَ الْأُطُمِ

അല്ലാഹുവിന്റെ കാവൽ കോട്ടയുടെയും പടയങ്കിയുടെയും ആവശ്യം ഇല്ലാതാക്കി

 مَا سَامَنِي الدَّهْرُ ضَيْمًا وَاسْتَجَرْتُ بِهِ    إِلا وَنلْتُ جِوَارًا مِنْهُ لَمْ يُضَمِ

കാലം എന്നെ കഷ്‌ടപ്പെടുത്തിയപ്പോഴൊക്കെ അവിടുത്തെ അപദാനങ്ങൾ പാടുക വഴി എനിക്കു ഫലം ലഭിക്കാതിരുന്നിട്ടില്ല.

 وَلاَ الْتَمَسْتُ غِنَى الدَّارَينِ مِنْ يَدِهِ    إلا اسْتَلَمْتُ النَّدَى مِنْ خَيْرِ مُسْتَلَم 

നൽകുന്നവരിൽ ഉത്തമനായ അവിടുന്ന്, ഇരുഭവനങ്ങളിലേക്കും ഐശ്വര്യം തേടിയപ്പോൾ എനിക്കു നൽകാതിരുന്നിട്ടുമില്ല.

 لا تنكر الوَحْي مِنْ رُؤْيَاهُ إِنَّ لَهُ     قَلْبَا إِذَا نَامَتِ الْعَيْنَانِ لَمْ يَنَم

സ്വപ്‌നം വഴിയുള്ള ദിവ്യവെളിപാടിനെ നിഷേധിക്കരുത്. പ്രവാചകരുടെ മിഴികൾ  ഉറങ്ങിയാലും ഹൃദയം ഉറങ്ങുന്നില്ല.

 وَذَاكَ حِينَ بُلــــوعٍ مِنْ نُبُوَّتِه      فَلَيْسَ يُنْكَرُ فِيهِ حال مُحتَلِم

പ്രവാചകത്വ ലബ് ധിയോടടുത്തായിരുന്നു സ്വപ്‌ന വെളിപാട്. അതിനാൽ അതിനെ നിഷേധിക്കരുത്.

تَبَارَكَ اللهُ مَا وَحْيٌ بِمُكْتَسَب    وَلَا نَبِيَّ عَلَى غَيْبٍ بِمُـتهم

 അല്ലാഹു പരിശുദ്ധൻ. ദിവ്യബോധനം ആർജിച്ചെടുക്കുന്നതല്ല. അദൃശ്യ കാര്യങ്ങളുടെ കാര്യത്തിൽ പ്രവാചകനെ തെററിദ്ധരിക്കേണ്ടതുമില്ല.

كَمْ أَبْرَأَتْ وَصِبًا بِاللَّمْسِ رَاحَتُهُ    وَأَطْلَقَتْ أَرِبًا مِنْ رِبْقَةِ اللَّمَم

എത്ര രോഗങ്ങൾ സ്‌പർശനം മൂലം അവിടുന്ന് സുഖപ്പെടുത്തി. എത്ര ബന്ധനസഥരെ അടിമത്തത്തിൽ നിന്ന് അവിടുന്ന് മോചിപ്പിച്ചു.

 وَأَحْيَتِ السَّنَةَ الشَّهْبَاءَ دَعْوَتُهُ     حَتَّى حَكَتْ غُرَّةَ فِي الْأَعْصُرِ الدُّهُم

സമ്യദ്ധിയുടെ കാലത്തിനു ശേഷം വരൾച്ചയുടെ കാലം വന്നപ്പോൾ പ്രാർഥനയാൽ അവിടുന്നു വരൾച്ചയുടെ കാലത്തെ ഹരിതാഭമാക്കുകയുണ്ടായി.

 بِعَارِضِ جَادَ أَوْ خِلْتَ الْبِطَاحَ بِهَا    سَيبا مِنَ الْيَمَ أَوْ سَيْلا مِنَ الْعَرِمِ

അവിടുത്തെ പ്രാർഥനയുടെ  ഫലമായി മേഘം  ജീവനുളളതായി. അണക്കെട്ട് 
പൊട്ടിയൊഴുകുന്നതുപോലെയോ സമുദ്രം പരന്നൊഴുകുന്നതുപോലെയോ പേമാരി വർഷിച്ചു.  

في شرف القرآن ومدحه

دَعْنِي وَوَصْفِي آيَاتٍ لَهُ ظَهَرَتْ      ظهور نَارِ الْقِرَى لَيْلاً عَلَى عَلَم

സദ്യയുടെ അറിയിപ്പിനായി  മലമുകളിൽ തീയിടുന്നതുപോലെ  അവിടുത്തെ  ദിവ്യാൽഭുതങ്ങൾ ഞാൻ വിശദീകരിക്കാം.

 فَالدُّرُ يَزْدَادُ حُسْنًا وَهُوَ مُنْتَظِمْ     وَلَيْسَ يَنْقُصُ قَدْرًا غَيْرَ مُنْتَظِمٍ 

കോർത്ത മുത്തിനു ഭംഗിയേറും . കോർക്കാത്ത മുത്തിനു മഹത്വം കുറയുന്നുമില്ല.

 فَمَا تَطَاوُلُ آمَالِ الْمَدِيحَ إِلَى    مَا فِيهِ مِنْ كَرَمِ الْأَخْلاقِ وَالشّيم

പ്രവാചക തിരുമേനിയുടെ സ്വഭാവ വൈശിഷ്‌ട്യവും ഗുണങ്ങളും   വർണിക്കുക  ഗായകന്റെ ആശക്കതീതം 

 آيَاتُ حَقِّ مِنَ الرَّحْمَنِ مُحْدَثَةٌ      قَدِيمَةٌ صِفَةُ الْمَوْصُوفِ بِالْقِدَمِ 

സത്യവചനങ്ങൾ കരുണാവാരിധിയിൽ നിന്നു വന്നവയാണ്. പ്രാചീനമായി പറയപ്പെട്ടവ. അനാദിയായവനിൽ നിന്നു പുറപ്പെട്ടവ.

لَمْ تَقْترن بزمان وهي تخبرنا     عَنِ الْمَعَادِ وَعَنْ عَادٍ وَعَنْ إِرَم

കാലാതിവർത്തിയായ വചനങ്ങൾ. ആദ്,ഇറം ഗോത്രങ്ങളെയും അന്തിമ പരിണാമത്തെയും കുറിച്ച് അവ പറയുന്നുണ്ട്. 

دَامَتْ لَدَيْنَا فَفَاقَتْ كُلَّ مُعْجِزَةٍ      مِنَ النَّبِيِّينَ إِذْ جَاءَتْ وَلَمْ تَدُمِ 

നമ്മുടെ മുമ്പിൽ അതെന്നെന്നും നിലകൊളളുന്നു. മററു പ്രവാചകൻമാരുടെ താൽകാലികമായി അൽഭുതവൃത്തികൾക്കെല്ലാം ഉപരിയണത് .

مُحَكَمَاتٌ فَمَا يُبْقِينَ مِنْ شُبه    لِذِي شِقَاقٍ وَلاَ يَبْغِينَ مِنْ حَكَم 

സുവ്യക്ത വചനങ്ങളത്രെ അവ. ഇതിരാളികളുണ്ടാക്കിയ ആശയക്കുഴപ്പങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. തെളിവുതേടി ഒരു വിധികർത്താവിനെ സമീപിക്കേണ്ട ആവശ്യവുമില്ല.

مَا حُورِبَتْ قَطُّ إِلا عَادَ مِنْ حَرَبٍ    أعْدَى الأَعادِي إِلَيْهَا مُلْقِي السَّلَم

എതിരാളികളുടെ മൂപ്പൻമാർ പത്തി മടക്കി സന്ധി ചെയ്‌തു പിൻവാങ്ങുകയും ചെയ്തു‌.

رَدَّتْ بَلاغَتُها دَعْوَى مُعَارِضِهَا     رَدَّ الْغَيُورِ يَدَى الجَانِي عَنِ الْحُرَمِ

ഖുർആൻ അതിന്റെ സാഹിത്യമേൻമ  കൊണ്ട് ശത്രുക്കളെ തടഞ്ഞു നിറുത്തുന്നു. ധർമ നിഷ്‌ഠയുളള പുരുഷൻ തൻറെ വീട്ടുകാരികളെ അപഥ മാർഗത്തിൽ നിന്നു തടഞ്ഞു നിറുത്തുന്നതു പോലെ.

لَهَا مَعَانٍ كَمَوْجِ الْبَحْرِ في مَدَدٍ      وَفَوْقَ جَوْهَرِهِ فِي الحُسْنِ وَالْقِيَم 

സമുദ്രത്തിലെ തിരമാലകൾ പോലെ ഒന്നിനോടൊന്നു ബന്ധിതമാണ് അതിന്റെ ആശയശൃംഖല. മൂല്യത്തിലും ഗുണത്തിലും മുത്തുകളേക്കാൾ മികച്ചവയത്രെ അവ.

 فَمَا تُعَدُّ وَلاَ تُحْصَى عَجَائِبُهَا    وَلَا تُسَامُ عَلَى الْإِكْثَارِ بِالسَّأمِ 

അതിന്റെ ആശയങ്ങൾക്ക് അതിരില്ല. ആവർത്തിച്ചുളള പാരായണം
മുഷിപ്പുളവാക്കുകയുമില്ല.

 قَرَّتْ بِهَا عَيْنُ قَارِيهَا فَقُلْتُ لَهُ      لَقَدْ ظَفِرْتَ بِحَبْلِ اللهِ فَاعْتَصِمِ  

ഓതുന്നവനു കൺകുളിർമ. ദൈവപാശത്താൽ നീ വിജയം വരിച്ചിരിക്കുന്നു. അതിനാൽ നീ മുറുകെ പിടിക്കുക. എന്നു ഞാനവനോടു പറയുന്നു.

إن تَتلُهَا خِيفَةً مِنْ حَر نار لظى    أَطْفَأتَ حَرَّ لَظَى مِنْ وِرْدِهَا الشَّبم

ജ്വലിക്കുന്ന നരകാഗ്നിയെ ഭയന്നു നീ ഖുർആൻ പാരായണം ചെയ്താൽ അതിൻറ തണുപ്പു കാരണം നരകം തണുക്കും.

 كَأَنَّهَا الْحوْضُ تَبْيَضُ الْوُجُوهُ بِهِ   منَ الْعُصَاةِ وَقَدْ جَاءُوهُ كَالحمَـم

പാപത്തിന്റെ കരിപുരണ്ട മുഖങ്ങളെ തടാകത്തിലെ തീർഥം കണക്കെ അത് വെളുപ്പിക്കും. 

وَكَالصِّرَاطِ وَكَالميزان مَعْدِلَةً       فَالْقِسْط مِنْ غَيْرِهَا فِي النَّاسِ لَمْ يَقُم 

അന്തിമ വിചാരണ വേളയിലെ ത്രാസ് പോലെയും സ്വിറാത് പാലം പോലെയും നീതിയൽ കണിശമാണത്. അതിന്റെ അഭാവത്തിൽ ജനങ്ങൾക്കിടയിൽ നീതി നില നിൽക്കുയില്ല.

لا تَعْجَبَنُ لِحَسُودٍ رَاحَ يُنْكِرُهَا     تَجَاهُلاً وَهُوَ عَيْنُ الْحَاذِقِ الْفَهِمِ

ബുദ്ധിശാലിയും ഉൾക്കാഴ്‌ചയുളളവനും വിവരക്കേടു നടിച്ചുകൊണ്ട് അസൂയ മൂലം അതിനെ നിഷേധിക്കാൻ തുനിഞ്ഞാൽ നീ അൽഭുതപ്പെടേണ്ട.

 قد تُنكِرُ العَيْنُ ضَوْءَ الشَّمْسِ مِنْ رَمَد     وَيُنْكِرُ الْفَمُ طُعْمَ الْمَاءِ مِنْ سَقَمِ

ചെങ്കണ്ണ് പിടിപെട്ടാൽ കണ്ണ് സൂര്യപ്രകാശത്തെ വെറുക്കും. പനി പിടിച്ചവൻ വായ
പാനീയത്തിന്റെ രുചിയെ വെറുക്കും.


في إسرائه ومعراجه صلى الله عليه وسلم


يَا خَيْرَ مَنْ يَمَّمَ الْعَافُونَ سَاحَتَهُ      سَعْيًا وَفَوْقَ مُتُونِ الْأَيْنُقِ الرُّسُمِ 

കാൽനടയായും ഒട്ടകപ്പുറത്തും ആരുടെ ഖബർ സന്ദർശിക്കാൻ ജനങ്ങൾ ആശിച്ചു പുറപ്പെടുന്നുവോ അവരിൽ ഉത്തമാനായ നബിയേ!

وَمَنْ هُوَ الْآيَةُ الْكُبْرَى لِمُعْتَبِرٍ     وَمَنْ هُوَ النِّعْمَةُ الْعُظْمَى لِمُغْتَنم
 

വിചാരശിലമുളളവർക്ക് ഏററവും വിലിയ ദൃഷ് ടാന്തമാണവിടുന്ന്. അനുഗ്രഹം
തേടുന്നവർക്ക് ഏററവും വലിയ അനുഗ്രഹവും.

سَرَيْتَ مِنْ حَرَمٍ لَيْلاً إِلَى حَرَم     كَمَا سَرَى الْبَدْرُ فِي دَاجٍ مِنَ الظُّلَمِ

ഇരുൾ മുററിയ രാവിൽ പൂർണ്ണ ചന്ദ്രൻ ഒരു താവളത്തിൽ നിന്നു മറെറാന്നിലേക്കു സഞ്ചരിക്കുന്നതുപോലെ അങ്ങ് രാത്രി മസ്‌ജിദുൽ ഹറാമിൽ നിന്നു മസ്‌ജിദുൽ അഖ് സയിലേക്കു സഞ്ചരിക്കുകയുണ്ടായി.

 وبت ترقى إلى أن نلت منزلة     مِنْ قَابٍ قَوْسَيْن لَمْ تُدْرك وَلَمْ تُرم 

തുടർന്ന് അതേ രാത്രി താങ്കൾ അത്യുന്നത സഥാനത്തേക്ക് ആരോഹണം ചെയ്തു. ആർക്കും ലഭിക്കാത്തതും ആർക്കും പ്രാപിക്കാനാവാത്തതുമാണ് ആ മഹനീയ പദവി.

وَقَدَّمَتكَ جَمِيعُ الْأَنْبِيَاءِ بها        وَالرُّسْلِ تَقْدِيمَ مَخْدُومٍ عَلَى خَدَمٍ

സർവ്വ പ്രവാചകൻമാരും അങ്ങയ്ക്ക് മുന്തിയ പദവി നൽകി. ദാസൻമാരേക്കാൾ യജമാനനെ പരിഗണിക്കുന്നതുപോലെ.

وَأَنْتَ تَخْتَرِقُ السَّبْعَ الطَّبَاقَ بِهِمْ     فِي مَوْكِبٍ كُنْتَ فِيهِ صَاحِبَ العَلَم

സപ്‌താകാശങ്ങളെയും അങ്ങ് മുറിച്ചു കടന്നു. അങ്ങാകുന്നു പതാകവാഹകനും

حَتَّى إِذَا لَمْ تَدَعْ شَأْوَا لِمُسْتَبِقِ      منَ الدُّنُو وَلاَ مَرقى لِمُسْتَنم

ഇനി  മുന്നേറുവാനോ കയറുവാനോ ഇടം അവശേഷിക്കാത്തവിധം അങ്ങ്  
 അല്ലാഹുവുമായി അടുത്തു കഴിഞ്ഞു.

خَفَضْتَ كُلَّ مَقَامِ بِالْإِضَافَةِ إِذْ      نُودِيتَ بِالرَّفْعِ مِثْلَ الْمُفْرَدِ الْعَلَمِ 

ഒരേയൊരു പേരായി ഉന്നതങ്ങളിൽ അങ്ങ് വിളിക്കപ്പെട്ടു. എല്ലാ പദവികൾക്കും ഉപരിയായ പദവി അങ്ങേയക്കു കൈവന്നു.

كيما تَفُوزَ بِوَصْلٍ أَي مُسْتتر   عن الْعُيُونِ وَسِرٍ أَي مُكْتَتم

കണ്ണുകൾക്കു പിന്തുടരാനാവാത്ത അത്യുന്നത പദവിയും നിഗൂഢരഹസ്യവും അങ്ങേയ്ക്കു പ്രദാനം ചെയ്യുന്നതിനുവേണ്ടി.

 فَحزتَ كُلَّ فَخارٍ غَيْرَ مُشْتَرَكِ     وَجُزْتَ كُلَّ مَقَامٍ غَيْرَ مُزْدَحَم 

മററാരും  പങ്കു വെക്കനില്ലാതെ  മഹത്വങ്ങളെല്ലാം  അങ്ങ് കരസ്ഥമാക്കി .  ആൾത്തിരക്കില്ലാതെ   സ്ഥാനമാനങ്ങൾ അങ്ങേയ്ക്ക് ലഭ്യമാവുകയും ചെയ്തു.

وَجَلَّ مِقْدَارُ مَا وُلَّيتَ مِنْ رُتَبٍ   وَعَزَّ إِدْرَاكُ مَا أُولِيتَ مِنْ نِعَم

അങ്ങയ്ക്കു ലഭിച്ച പദവി മഹത്വപൂർണമെത്രെ. അങ്ങേയ്ക്കു ലഭിച്ച അനുഗ്രഹങ്ങൾ സീമാതീതവും.

بُشْرَى لَنَا مَعْشَرَ الْإِسْلَامِ إِنَّ لَنَا     مِنَ الْعِنَايَةِ رُكْناً غَيْرَ مُنْهَدِم 

ഇസ് ലാമിക സമൂഹമേ സന്തോഷിക്കുക. ഒരിക്കലും തകർന്നു പോവാത്ത സ്തംഭം നമുക്കുണ്ട്.

لَمَّا دَعَا اللهُ دَاعِينَا لِطَاعَتِهِ    بِأَكْــــرمِ الرُّسُلِ كُنَّا أَكْرَمَ الأمم

അല്ലാഹുവെ അനുസരിക്കുന്നതിലേക്കു നമ്മെ ക്ഷണിക്കാൻ നിയുക്‌തനായ നബി. അവിടുത്തെ 'ദൈവ ദൂതരിൽ ശ്രേഷ്‌ഠൻ' എന്നു വിളിക്കുക വഴി അല്ലാഹു നമ്മെ സമാദരണീയ സമൂഹമാക്കിയിരിക്കുന്നു.

في جهاد النبي صلى الله عليه وسلم

رَاعَتْ قُلُوبَ الْعِدَا أَنْبَاءُ بِعْثَتِهِ    كَنَبْأَةٍ أَجْفَلَتْ غُفْلاً مِنَ الْغَنَم 


നബിയെ നിയോഗിച്ചതറിഞ്ഞു ശത്രുക്കൾ വിറകൊണ്ടു. പുൽമേടുകളിൽ അലസം മേഞ്ഞു നടക്കുന്ന ആട്ടിൻകുട്ടികൾ സിംഹത്തിന്റെ ഗർജനം കേട്ടിട്ടെന്നപോലെ.

مَا زَالَ يَلْقَاهُمْ فِي كُلِّ مُعْتَرَك     حَتَّى حَكَوْا بِالْقَنَا لَحْمًا عَلَى وَضَمِ

രണാങ്കണങ്ങളിലെല്ലാം അവിടുന്ന് പൊരുതി. മാംസ വിൽപ്പനക്കാരെന്റെ  പലകയിൽ തറച്ചിട്ട ഇറച്ചിപോലെയായി ശത്രുക്കൾ.

وَدُّوا الْفِرَارَ فَكَادُوا يَغْبِطُونَ بِهِ      أَشلاء شَالَتْ مَعَ الْعِقْبَانِ وَالرخم 

അവയവങ്ങൾ പരുന്തും കഴുകനും കൊണ്ടു പോയെങ്കിൽ എന്ന് ആവരാഗ്രഹിച്ചു. യുദ്ധമുഖത്തു നിന്ന് ഓടിരക്ഷപ്പെടാനും അവർ വെമ്പി.

 تَمْضِي اللَّيَالِي وَلا يَدْرُونَ عِدَّتَها     مَالَمْ تَكُنْ مِنْ لَيَالِي الأشهر الحرم

യുദ്ധം നിഷീദ്ധമായ മാസങ്ങളുടെ ദിനരാത്രങ്ങൾ വരുന്നതും പോവുന്നതും ദയ വെപ്രാളങ്ങൾ നിമിത്തം ശത്രുക്കൾക്കു കണക്കു കൂട്ടാനാവാതെയായി.

 كأَنَّمَا الدِّينُ ضَيْف حَل سَاحَتَهُمْ       بِكُلِّ قَرْمِ إِلَى لَحْمِ الْعِدَى قَرِم

അവരുടെ മുററത്തെത്തിയ അതിഥിയായിരുന്നു ഇസ്‌ലാം. ശത്രുക്കളെ അത് വേട്ടയാടി.

يَجُرُّ بَحْرَ خَمِيسِ فَوْقَ سَابِحَةٍ      تَرْمِي بِمَوْجٍ مِنَ الْأَبْطَالِ مُلْتَطِمِ 

പഞ്ച മഹാസമുദ്രങ്ങൾ പോലെ അഞ്ച് അശ്വ സേനകളാണ് അതിനെ നയിച്ചത്. ധീരയോദ്ധാക്കൾ തിരമാലകളെപ്പോലെ മുന്നോട്ടു  ഗമിച്ചു.

مِنْ كُلِّ مُنْتَدِب لِلَّهِ مُحْتَسِب    يسطو بِمُسْتَأْصِلِ لِلْكُفْرِ مُصطلم


അല്ലാഹുവിന്റെ  പ്രതിഫലവും തിൻമയുടെ വിപാടനവും കൊതിച്ച് ആയുധ പാണികളായി അവർ അടരാടി.

حَتى غَدَتْ مِلَّة الْإِسْلامِ وَهْيَ بِهِمْ     مِنْ بَعْدِ غُرْبَتِهَا مَوْصُولَةَ الرَّحِيمِ

അന്യോന്യം അപരിചിതരായിരുന്നവരെ കുടുംബ ബന്ധത്തിന്റെ പാശം കൊണ്ട് ഇസ് ലാം കൂട്ടിയിണക്കി.

مَكْفُولَةً أَبَدًا مِنْهُمْ بِخَيْرِ أَبِ         وَخَيْرِ بَعْلٍ فَلَمْ تَيْتمْ وَلَمْ تَئم 

ഉത്തമ പിതാവും ഉത്തമ ഭർത്താവുമായ ശത്രുക്കളിൽ നിന്ന്  മുഹമ്മദ് നബി(സ )   മുഖേന അവർ രക്ഷപ്പെട്ടു. അനാഥത്വമോ വൈധവ്യമോ അവരെ
ബാധിച്ചില്ല.

هُمُ الجِبَالُ فَسَلْ عَنْهُمْ مُصَادِمَهُمْ    مَاذَا رَأَى منهم فِي كُلِّ مُصْطَدَم 

പ്രതിരോധത്തിന്റെ മലകളാണവർ. സർവം തരിപ്പണമായ ആ രണങ്കണത്തിൽ എന്തു സംഭവിച്ചുവെന്ന് ശത്രുക്കളോടു ചോദിച്ചു നോക്കു.

فَسَلْ حُنَيْنًا وَسَلْ بَدْرًا وَسَلْ أُحُدًا         فصول حتفٍ لَهُمْ أَدْهَى مِنَ الْوخم 

ബദറിനോടും ഉഹ്ദിനോടും ഹുനയ്നോടും ചോദിക്കുക. ശത്രുക്കൾക്കു
 വിഷൂചികയേക്കാൾ കടുത്ത നാശത്തിന്റെ ദിനങ്ങളായിരുന്നു അവ.

الْمُصْدِرِي الْبِيضِ حُمْرًا بَعْدَمَا وَرَدَتْ      مِنَ الْعِدَى كُلَّ مُسْوَدٍ مِنَ اللَّمَم


വെളുത്ത ഖഡ്‌ഗങ്ങളെ അവർ ചുവപ്പു വർണ്ണമണിയിച്ചു. ശത്രുക്കളുടെ കറുത്ത തലകളിൽ പ്രയോഗിച്ചു കൊണ്ട്.

وَالْكَاتِبِينَ بِسُمْرِ الخَطِ مَا تَرَكَتْ     أَقْلَامُهُمْ حَرْفَ جِسْمِ  غَيْرَ مُنْعَجِمٍ

വരയുളള കുന്തങ്ങൾ പേനകളാക്കി അവരെഴുതി. ശത്രു ശരീരങ്ങളാകുന്ന അക്ഷരങ്ങളിൽ അവർ പുളളികളിട്ടു.

 شاكي السلاح لهم سيما تميزهم    وَالْوَرْدُ يَمْتَازُ بِالسّيمَا عَنِ السَّلَم 

അവർ സായുധരാണ്. പക്ഷേ  'സലം' പുഷ്പത്തിൽ  നിന്നു പനിനീർപൂവിനെ തിരിച്ചറിയാവുന്നതുപോലെ അടയാളം  കൊണ്ട് അവരെ ശത്രുക്കളിൽ നിന്നു  തിരിച്ചറിയാം.  

تُهْدِي إِلَيْكَ رِياحُ النَّصْرِ نَشْرَهُمْ    فَتَحْسَبُ الزَّهْرَ فِي الْأَكْمَامِ كُلَّ كَمي 

വിജയത്തിന്റെ  കാററിൽ കീർത്തിയുടെ പരിമളം . പടയങ്കിയണിഞ്ഞ പനിനീർപൂവിന്റെ ദളങ്ങളാണെന്നു നിനക്കു തോന്നും.

كَأَنَّهُمْ فِي ظُهورِ الخَيْلِ نَبْتُ رُبَا     مِنْ شِدَّةِ الحزم لا مِنْ شِدَّةِ الحُزم 

കുതിരപ്പുറത്ത് അവർ പർവ്വതമുകളിലെ 'റൂബാ' വൃക്ഷത്തെപ്പോലെയാണത്രെ. അവർ ദൃഢചിത്തരും കരുത്തരുമായതു കൊണ്ടാണങ്ങനെ. ജീനിയിൽ കയറുകൊണ്ടു കെട്ടിയതിനാലല്ല.

طَارَتْ قُلُوبُ العِدَى مِنْ بَأْسِهِمْ فَرَقًا    فما  تُفَرِّقُ بَيْنَ البَهم وَالْبُهم

യോദ്ധാക്കളെയും ആട്ടിൻകുട്ടികളെയും  വേർതിരിച്ചറിയാൻ പററാത്തവിധം
ശത്രുഹൃദയങ്ങളെ യുദ്ധനൈപുണിയാൽ അവർ പരിഭ്രാന്തിയിലാഴ്ത്തി 

وَمَنْ تَكُنْ بِرَسُولِ اللهِ نُصْرَتُهُ       إِنْ تَلْقَهُ الْأَسْدُ فِي آجَامِهـــا تــجم

അല്ലാഹുവിന്റെ  ദൂതന്റെ  സഹായമുള്ളവരെ സിംഹങ്ങൾ അവയുടെ ഗുഹകളിൽ വെച്ചുകണ്ടാൽപോലും ഭയപ്പെടും.

وَلَنْ تَرَى مِنْ وَليٍ غَيْرِ مُنْتَصِـر     بِهِ وَلاَ مِنْ عَدُوٍ غَيْرِ مُنْقَصِمِ

അവിടുത്തെ സഹായം ലഭിക്കാത്ത മിത്രമില്ല. പരാജയം രുചിക്കാത്ത ശത്രുവുമില്ല.

أحَلَّ أُمَّتَهُ فِي حِرْزِ مِلَّتِهِ    كَاللَّيْثِ حَـلَّ مَعَ الْأَشْبَالِ فِي أَجَمٍ 

സ്വസമുദായത്തെ അവിടുന്ന് സുഭദ്രമായ കോട്ടകളിൽ സംരക്ഷിച്ചു. സിംഹം കുഞ്ഞുങ്ങളെ ഗുഹയിൽ സംരക്ഷിക്കുന്നതുപോലെ.

كم جدلَتْ كَلِمَاتُ اللهِ مِنْ جَدِل     فِيهِ وَكَمْ خَصَمَ البُرْهَانَ مِنْ خَصِمٍ

അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ട് അവിടുന്ന് എത്ര തർക്കങ്ങൾ അതിജയിച്ചു!
തെളിവുകൾകൊണ്ട് എത്ര എതിർവാദങ്ങളെ നേരിട്ടു!

كَفَاكَ بِالْعِلْمِ فِي الْأُمِّي مُعْجِزَة        في الْجَاهِلِيَّةِ وَالتَّأْدِيبِ فِي الْيُتم   

അജ്‌ഞാനയുഗത്തിലെ ജ്ഞാനം നിറഞ്ഞ നിരക്ഷരത. അനാഥത്വത്തിലും ആർജിച്ച സംസ്കാര സമ്പന്നത. അമാനുഷിക ദൃഷ്‌ടാന്തമായി ഇത്രയും തന്നെ മതി.


في التوسل بالنبي صلى الله عليه وسلم


خَدَمْتُهُ بِمَدِيحٍ أَسْتَقِيلُ بِهِ    ذُنُوبَ عُمْرٍ مَضَى فِي الشِّعْرِ وَالْخِدَمِ

 ഞാനവിടുത്തെ അപദാനങ്ങൾ വാഴ്ത്തുന്നത് എന്റെ കാവ്യ ജീവിതത്തിലെയും ഔദ്യോഗിക സേവനകാലത്തെയും പാപങ്ങൾ മായ്ക്കുന്നതിനു വേണ്ടിയാകുന്നു.

إِذْ قَلَّدَانِيَ مَا تُخْشَى عَوَاقِبُهُ     كأننِي بِهِمَا هَدْي مِنَ النَّعَمِ 

ഖണ്ഠാഭരണമായിത്തീർന്ന പാപങ്ങളെ കുറിച്ച ഭീതി നിമിത്തം അറവുശാലയിലേക്കു നയിക്കപ്പെടുന്ന ബലി മൃഗത്തെപ്പോലെയായിട്ടുണ്ട് ഞാൻ.

أَطَعْتُ غَيَّ الصَّبَا فِي الْحَالَتَيْنِ وَمَا    حَصَلْتُ إِلا عَلَى الْآثَامِ وَالنَّدَمِ

രണ്ടവസ്‌ഥകളിലും യുവ സഹചമയ ചാപല്യത്തിനു ഞാൻ വിധേയനായി. പാപവും
ഖേദവുമാണെന്റെ സമ്പാദ്യം.

فَيَا خَسَارَةَ نَفْسٍ فِي تِجَارَتِها     لَمْ تَشْتَرِ الدِّينَ بِالدُّنْيَا وَلَمْ تَسُم 

ഹാ, എന്റെ നഷ്ടമേ! ഇഹത്തിനു പകരം മതത്തെ ഞാൻ വാങ്ങുകയുണ്ടായില്ല.


ومَنْ يَبعُ آجِلاً مِنْهُ بِعَاجِلِهِ   يبن لَهُ الْغَبْنُ فِي بَيْعِ وَفِي سَلَم 

പരലോകം നഷ്ടപ്പെടുത്തി ഇഹലോകം വാങ്ങുന്നവൻ തന്റെ ഇടപാടിൽ  വഞ്ചിതനായിരിക്കുന്നു.

إِنْ آتِ ذَنْباً فَمَا عَهْدِي بِمُنْتَقِضٍ     مِنَ النَّبِي وَلَا حَبْلِي بِمُنْصَرم

നബിയുമായുളള കരാർ ലംഘിച്ചു കൊണ്ടല്ല ഞാൻ തെററു ചെയ്‌ തത് . അവിടുന്നുമായുള്ള എൻ്റെ ബന്ധം മുറിഞ്ഞിട്ടുമില്ല.

 فَإِنَّ لِي ذِمَّةً مِنْهُ بِتَسْــميتي    مُحَمَّدًا وَهُوَ أَوْفَى الخَلْقِ بِالذِّمَم 

എന്റെ പേർ മുഹമ്മദ് എന്നാകയാൽ അവിടുന്നുമായി എനിക്കൊരു കരാറുണ്ട്. ഏററവും ഭംഗിയായി കരാർ പാലിക്കുന്നവരാണ് തിരു നബി (സ)

إِنْ لَمْ يَكُنْ فِي مَعَادِي آخِـذَا بِيَدِي     فَضْلاً وَإِلا فَقُلْ يَا زَلَّةَ الْقَدَمِ

എന്റെ  കൈപിടിക്കാൻ അവിടുന്നില്ലെങ്കിൽ 'അടിതെറ്റിയവനേ' എന്നു നീ എന്നെ വിളിക്കുക.

حَاشَاهُ أَنْ يُحْرِمَ الرَّاجِي مَكَارِمَهُ      أو يرجع الجارُ مِنْهُ غَيْرَ مُحترم 

ഔദാര്യം തേടി വരുന്നവരേയും ശരണാർഥികളേയും അവിടുന്ന് വെറും കൈയോടെ മടക്കുകയില്ല.

وَمُنْذُ أَلزَمْتُ أَفْكَارِي مَدَائِحَهُ    وَجَدتُّهُ لِخَلاصِي خَيْرَ مُلْتَزَمِ

എന്റെ ചിന്തകളെ അവിടുത്തെ അപദാനത്തിൽ വ്യാപരിച്ചതു മുതൽ അവിടുത്തെ നിർലോഭമായ അനുഗ്രഹം എനിക്കു ലഭിക്കുന്നുണ്ട്.

وَلَنْ يَفُوتَ الْغِنَى مِنْهُ يَدًا تَرِبَتْ     إِنَّ الحَيَا يُنْبِتُ الْأَزْهَارَ فِي الأَكَم 

ചോദിക്കുന്നവന്റെ  കരം അവിടുന്ന് തട്ടിമാറുകയില്ല. കുന്നിൻപ്രദേശങ്ങളിൽ പൂച്ചെടികളെ മുളപ്പിക്കുന്ന വൃഷ്‌ടി പോലെയാണ് അവിടുത്തെ ഔദാര്യം.

وَلَمْ أُرِدْ زَهْرَةَ الدُّنْيَا الَّتِي اقْتَطَفَتْ     يَدَا زُهَيْرٍ بِمَا أَثْنَى عَلَى هَرِمِ

'ഹരിമിനെ' വാഴ്ത്തിപ്പാടിയ സുഹൈറിനു ലഭിച്ചതുപോലെയുള്ള ഭൗതിക നേട്ടങ്ങളല്ല ഞാനാശിക്കുന്നത്.


في المناجات وعرض الحاجات


يَا أَكْرَمَ الخَلقِ مَا لِي مَنْ أَلوذُ بِهِ     سِوَاكَ عِنْدَ حُلُولِ الْحَادِثِ الْعَمِمِ 

സൃഷ്ട്‌ടികളിൽ ശ്രേഷ്‌ഠനായ മഹാത്‌മാവേ, ഭയാനകമായ സംഭവം നടക്കുന്ന നാളിൽ (മഹ് ശറിൽ) അങ്ങല്ലാതെ എനിക്കാരു തുണ?

وَلَنْ يَضِيقَ رَسُولَ اللَّهِ جَاهُـكَ بِي     إِذَا الكَريمُ تَحَلَّى بِاسْمِ مُنْتَقِمِ 

ശിക്ഷകളുമായി ജഗന്നിയന്താവു പ്രത്യക്ഷനാകും നാൾ, ദൈവ ദൂതൻറെ മഹനീയ പദവി കാരണമായി എന്റെ ഞെരുക്കം ഇല്ലാതാവും

فَإِنَّ مِنْ جُودِكَ الدُّنْيَا وَضَرتها    وَمِنْ عُلُومِكَ عِلم اللوح وَالْقَلَمِ 

ഇഹവും പരവും അവിടുത്തെ ഔദാര്യം. ഖലമി'നെയും 'ലൗഹി'നെയും കുറിച്ച് അങ്ങേക്കറിവുണ്ട്

يَا نَفْسُ لا تَقْنَطِي مِنْ زَلَّةٍ عَظُمَتْ          إِنَّ الْكَبَائِرَ فِي الْغُفْرَانِ كَاللَّمم

മനസ്സേ, മഹാപാപങ്ങളേയോർത്തു നിരാശപ്പെടാതെ. ചെറിയ കുററങ്ങളെപ്പോലെ വലിയ കുററങ്ങളും പൊറുക്കപ്പെടും.

لَعَلَّ رَحْمَةَ رَبِّي حِينَ يَقْسِمُها       تَأْتِي عَلَى حَسَبِ الْعِصْيَانِ فِي الْقِسَمِ 

എന്റെ രക്ഷിതാവ് അനുഗ്രഹങ്ങൾ പങ്കുവെക്കുമ്പോൾ എന്റെ അനുസരണക്കേടിന്റെ തോതനുസരിച്ചുള്ള വീതം എനിക്കും ലഭിച്ചേക്കും.

يَارَبِّ وَاجْعَلْ رَجَائِي غَيْرَ مُنْعَكِس        لَدَيْكَ وَاجْعَلْ حِسَابِي غَيْرَ مُنْخَرِم 

റബ്ബേ എന്റെ പ്രത്യാശയെ  നിരാകരിക്കരുതേ.എന്റെ വിചാരണയെ നിരാശയുളവാക്കുന്ന വിധത്തിൽ കലാശിപ്പിക്കരുതേ. 

وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إِنَّ لَهُ      صَبْرًا مَتَى تَدْعُهُ الْأَهْوَالُ يَنْهَزم 

പടച്ചവനേ, ഇരുഭവനങ്ങളിലും നിൻറെ അടിമകളോടു ദാക്ഷിണ്യം കാണിക്കുക. ആപത്തു വരുമ്പോൾ കൈവിട്ടു പോകുന്ന ക്ഷമയാണെന്റെത് .

وَأُذَنْ لِسُحْبٍ صَلَاةٍ مِنْكَ دَائِمَةٍ      عَلَى النَّي بِمُنهل وَمُنْسَجم 

നിന്റെ അനുഗ്രഹത്തിന്റെ മേഘങ്ങൾ സദാ നീ നബി(സ )യുടെ മേൽ ശക്തിയായും ഇടമുറിയാതെയും വർഷിച്ചു കൊണ്ടിരുന്നാലും.

مَارَبَّحَتْ عَذَبَاتِ البَانِ رِيحُ صَبَا      أَطْرَبَ الْعِيسَ حَادِي الْعِيسِ بِالنَّغَمِ

കിഴക്കൻ കാറ്റ് 'ബാൻ' മരച്ചില്ലകളെ ഉലയ്ക്കുകയും ഒട്ടകസവാരിക്കാരൻറെ പാട്ട് ഒട്ടകങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം അവരിൽ അനുഗ്രഹം ചൊരിയുക.

 ثُمَّ الرّضَى عَنْ أَبِي بَكْرٍ وَعَنْ عُمَرٍ     وَعَنْ عَلِي وَعَنْ عُثْمَانَ ذِي الْكَرَم 

ശേഷം നിന്റെ  തൃപ്‌തി അബൂബക്കർ, ഉമർ, അലി സമാദരണീയനായ ഉസ്മാൻ (റ) എന്നിവരിലും ഭവിക്കട്ടെ 

سَعْدٍ سَعِيدٍ زُبَيْرٍ طَلْحَةٍ وَأَبِي     عُبَيْدَةٍ وَابْنِ عَوْفٍ عَاشِرِ الْكَرَمِ   

സഅ്ദ്, സഈദ്, സുബൈർ, ത്വൽഹ, അബൂ ഉബൈദ, അബ്ദുരഹ്‌മാനുബ്‌നു ഔഫ്
(റ) അടക്കം പത്ത് ശ്രേഷ്ഠരിലും 

والْآلِ وَالصَّحْبِ ثُمَّ التَّابِعِينَ لهُم     أَهْلُ التَّقَى وَالنَّقَى وَالحِلْمِ وَالكَرَمِ

നബി കുടുംബത്തിലും അനുചരൻമാരിലും ശേഷം ഔദാര്യത്തിന്റെയും സഹനത്തിന്റെയും വിശുദ്ധിയുടെയും തഖ് വയുടെയും ഉടമകളായ പിൻകാമികളിലും.

وَاغْفِرْ إِلَهي لِكُلِ الْمُسْلِمِينَ بِمَا     يَتْلُونَ بِالْمَسْجِدِ الْأَقْصَى وَفي الحَرَم

എൻറെ രക്ഷിതാവേ, ഹറം ശരീഫിലും അഖ് സാ പളളിയിലും പാരായണം ചെയ്യപ്പെടുന്നതിൻറെ ബർക്കത്തുകൊണ്ട് എല്ലാ മുസ്‌ലിമീങ്ങൾക്കും നീ മാപ് നൽകണേ.

بِجَاهِ مَنْ بَيْتُهُ فِي طَيْبَةٍ حَرَمُ     وَإِسْمُهُ قَسَم مِنْ أَعْظَمِ الْقَسَم

ഒരു നബിയുടെ സ്‌ഥാനം കൊണ്ട്. അവിടുത്തെ വീട് മദീനയിൽ ഹറമാണ്. അവിടുത്തെ പേര് സത്യവാചകങ്ങളിൽ ഏററവും മഹത്വമേറിയതാണ്..

 وَهَذِهِ بُرْدَةُ الْمُخْتَارِ قَدْ خُتِمَتْ      وَالحَمْدُ لِلَّهِ فِي بَدْءٍ وَفِي ختمَ

ശ്രേഷ്ടരായ നബി(സ ) യുടെ പേരിലുള്ള ബുർദ ഇവിടെ അവസാനിക്കപ്പെട്ടു. ആദ്യവും അന്ത്യവും അല്ലാഹുവിന്നാണ് സർവ്വ സ്‌തുതിയും.

أَبْيَاتُها قَدْ أَتَتْ سِتِّينَ مَعْ مِائَةٍ      فَرج بِهَا كَرْبَنَا يَا وَاسِعَ الْكَرَمِ 

അതിലെ വരികൾ നൂററി അറുപതാണ്. പ്രവിശാലമായ ഓദാര്യവാനേ, ഇവ കാരണമായി ഞങ്ങളുടെ വിഷമങ്ങൾ നീ അകററിത്തരണേ.

يَا رَبِّ بِالْمُصْطَفَى بَلِّغْ مَقَاصِدَنَا     وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الْكَرَمِ

അല്ലാഹുവേ, മുസ്‌ത്വഫാ മുഖേന ഞങ്ങളുടെ ഉദ്ദേശ്യങ്ങളെ നീ പൂർത്തീകരിച്ചു തരേണമേ, വിശാലോദാരനായ നാഥാ, മുൻകഴിഞ്ഞ പാപങ്ങളെല്ലാം ഞങ്ങൾക്കു 
പൊറുത്തു തന്നാലും 

مَوْلايَ صَلَّ وَسَلِمْ دَائِماً أَبَداً     عَلى حَبيبكَ خَيْر الْخَلْقَ كُلِهم


തയ്യാറാക്കിയത് : ഹുസൈൻ ബാഖവി, പൊന്നാട് . [email protected]

رتبه الراجي لعفو ربه الكريم حسين الباقوي غفر الله له ولمن ساعده في إصداره ولوالدينا ولأساتيذنا ولجميع المسلمين آمين

സുഹൃത്തുക്കളെ പുണ്യമേറിയ ഈ ഖസ്വീദത്തുൽ ബുർദയെ വ്യാഖ്യാനിച്ചു തയ്യാറാക്കിയ ബഹു : ഹുസൈൻ ബാഖവി അവർകൾക്കും ഈ വിനീതനും മരണപ്പെട്ട് പോയ എന്റെ പിതാവിനും മറ്റ് വേണ്ടപ്പെട്ടവർക്ക് വേണ്ടിയും നിങ്ങളുടെ വിലയേറിയ സമയത്തുള്ള പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ..... അബ്‌ദുല്ല ചെരുമ്പ
www.islamkerala.com
E-mail :[email protected]
Mobile: 0091 9400534861