മാല വീണുപോയി

കുറെ ദൂരെ വെച്ചുതന്നെ അദ്ദേഹം ഏതോ കറുത്ത സാധനം വഴിയിൽ  കിടക്കുന്നതായിക്കണ്ടു. അടുത്തെത്തി ഒട്ടകത്തെ നിർത്തി. ഒരു സ്ത്രീയാണത്. മുഖപരിചയമുണ്ട്. പർദ്ദയുടെ നിയമം വരുന്നതിന്നുമുമ്പ് ആ സ്ത്രീയെ കണ്ടിട്ടുണ്ട്. ആളെ മനസ്സിലായപ്പോൾ അതിശയം കൊണ്ടിങ്ങിനെ പറഞ്ഞുപോയി. "ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.''

മാല വീണുപോയി

ആയിശ(റ)
ഭാഗം 3
മാല വീണുപോയി

നബി(സ) യാത്രക്കൊരുങ്ങുമ്പോൾ കൂടെ കൊണ്ടുപോവേണ്ടത് ഏത് ഭാര്യയെയാണെന്ന് തീരുമാനിക്കുന്നത് നറുക്കിട്ടുകൊണ്ടാണ്. ഇത്തവണ നറുക്കു കിട്ടിയത് ആയിശാ(റ)ക്കാണ്. അതുകൊണ്ട് അവരും കൂടെയുണ്ടായിരുന്നു. യാത്ര പുറപ്പെടുമ്പോൾ അവർ സഹോദരിയായ അസ്മാ (റ) യുടെ മാല വാങ്ങി കഴുത്തിൽ കെട്ടിയിരുന്നു. മുസ്ല‌ിംകളുടെ സംഘം മദീനയിലേക്ക് യാത്ര തിരിച്ചു. കുറെ ദൂരം യാത്ര ചെയ്തു. ഇടക്ക് വിശ്രമത്തിന്നായി ഇറങ്ങി. ആയിശ (റ) കയറിയ പല്ലക്ക് ഒട്ടകപ്പുറത്ത് നിന്നു താഴെയിറക്കി. അന്ന് അവർ മെലിഞ്ഞൊരു സ്ത്രീയാണ്. ഭാരം കുറവ്. പല്ലക്ക് പൊക്കുന്നവർക്ക് അവരതിൽ ഉണ്ടോ ഇല്ലേ എന്നറിയാൻ കൂടി വിഷമം. യാത്ര പുറപ്പെടാൻ നേരത്ത് പല്ലക്ക് എടുത്ത് ഒട്ടകപ്പുറത്ത് വെക്കുകയാണ് പതിവ്. ആയിശ(റ) പ്രാഥമികാവശ്യങ്ങൾക്കായി പുറത്തു പോയി. കുറച്ചു കഴിഞ്ഞ് അവർ പല്ലക്കിൻ്റെ അടുത്തേക്ക് തിരിച്ചുവന്നു. നോക്കുമ്പോൾ കഴുത്തിൽ കിടന്ന മാല കാണാനില്ല. അന്നവർക്ക് പതിനാല് വയസ്സായിരുന്നു. മാല  കാണാതെ പരിഭ്രമിച്ചു. നടന്ന വഴിയേ മാല അന്വേഷിച്ചു പോയി. കുറെ നേരം തിരഞ്ഞപ്പോൾ മാല കിട്ടി. ഉടനെ തിരിച്ചുവന്നു. തിരിച്ചു വന്നപ്പോൾ! ഞെട്ടിപ്പോയി. ആരെയും കാണാനില്ല. ആ പ്രദേശം വിജനമായിരിക്കുന്നു. യാത്രാസംഘം സ്‌ഥലം വിട്ടു കഴിഞ്ഞു. ഇനിയെന്തു ചെയ്യും? നീണ്ട് പരന്ന മരുഭൂമിയിലൂടെ എങ്ങോട്ട് നടക്കാൻ! നടന്നാൽ വഴിതെറ്റും. തന്റെ  പല്ലക്കിൽ ആളില്ലെന്ന് മനസ്സിലാക്കിയാൽ അവർ പോയവഴിയേ അന്വേഷിച്ചിറങ്ങും . അങ്ങിനെ ആരെങ്കിലും തിരിച്ചുവരും. അവർ ആശ്വസിച്ചു. മേലാകെ വസ്ത്രം കൊണ്ട് മൂടി അവർ അവിടെ കിടന്നു. മനസ്സിനും ശരീരത്തിനും ക്ഷീണം. ഉറക്കം കൺപോളകളെ തഴുകി. അൽപം കഴിഞ്ഞ് അവരുറങ്ങിപോയി.

യാത്രാ സംഘത്തിൻ്റെ വളരെ പിന്നിലായി ഒരു ഗാർഡുണ്ടായിരിക്കും. അദ്ദേഹം ഒട്ടകപ്പുറത്തങ്ങിനെ വരും. മുമ്പെ പോയവരുടെ സാധനങ്ങൾ വല്ലതും വഴിയിൽ വീണു കിടപ്പുണ്ടോ എന്നന്വേഷിക്കാനാണ് അദ്ദേഹം വരുന്നത്. വളരെനേരം കഴിഞ്ഞ്  ഗാർഡ് അത് വഴി വന്നു . കുറെ ദൂരെ വെച്ചുതന്നെ അദ്ദേഹം ഏതോ കറുത്ത സാധനം വഴിയിൽ  കിടക്കുന്നതായിക്കണ്ടു. അടുത്തെത്തി ഒട്ടകത്തെ നിർത്തി. ഒരു സ്ത്രീയാണത്. മുഖപരിചയമുണ്ട്. പർദ്ദയുടെ നിയമം വരുന്നതിന്നുമുമ്പ് ആ സ്ത്രീയെ കണ്ടിട്ടുണ്ട്. ആളെ മനസ്സിലായപ്പോൾ അതിശയം കൊണ്ടിങ്ങിനെ പറഞ്ഞുപോയി.  "ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.''
ആ ശബ്ദം കേട്ട് ആയിശ(റ) ഞെട്ടിയുണർന്നു. മുഖത്തെ ആവരണം ശരിയാക്കി. മുമ്പിൽ നിൽക്കുന്നത് സഫ്‌വാനുൽ മുഅത്വൽ (റ). ആ സഹാബിവര്യൻ ഒട്ടകത്തെ താഴ്ത്തിക്കൊടുത്തു. ആയിശ(റ) അതിൽ കയറി. സഫ്‌വാൻ(റ) കടിഞ്ഞാൺ പിടിച്ചുകൊണ്ട് നടന്നു. ഒന്നും സംസാരിക്കാതെ. നേരം ഉച്ചയായി. ഉഷണം ശക്തിയായി മുമ്പെ പോയ യാത്രാസംഘം ഒരിടത്ത് വിശ്രമിക്കാനിറങ്ങി. സഫ്‌വാൻ (റ) അവിടെയെത്തി. ആയിശ(റ) യുടെ പല്ലക്കിനടുത്തെത്തിച്ചു യാത്രാസംഘത്തിന് അമളി മനസ്സിലായി. ആയിശ(റ) മടങ്ങിവന്നപ്പോൾ സന്തോഷം അലതല്ലി. വീണ്ടും യാത്ര തുടർന്നു. യാത്ര സംഘം അങ്ങനെ മദീനയിലെത്തി. 


ജുവൈരിയ്യയുടെ കല്ല്യാണം
    
മുസ്ത്വലഖ് യുദ്ധ‌ത്തിൽ അറുനൂറോളം പേരെ യുദ്ധത്തടവുകാരായി പിടിച്ചുകൊണ്ട് വന്നിരുന്നു. അക്കൂട്ടത്തിൽ ഗോത്രത്തലവനായ ഹാരിസ്‌ അബൂസിറാറിന്റെ പുത്രി ജുവൈരിയായും പെട്ടിരുന്നു. അവരുടെ ഭർത്താവായ മുസാഫിഇബ്നു സഫ്‌വാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. നബി(സ) തങ്ങൾ യുദ്ധത്തടവുകാരെ മുസ്‌ലിം കൾക്ക് വീതിച്ചു കൊടുത്തു. അപ്പോൾ ജുവൈരിയ എന്ന സ്ത്രീയെ ആർക്കാണ് ലഭിച്ചതെന്നോ. സാബിത്ത് ഇബ്നു ഖൈസ് (റ) എന്ന അൻസാരിക്ക്. ഗോത്രത്തലവൻ്റെ മകൾ അടിമയായി കഴിയുകയോ? അവർക്കത് ഓർക്കാൻ കഴിഞ്ഞില്ല. ജുവൈരിയ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു. അവർ പണം കൊടുത്ത് മോചനം നേടാനാഗ്രഹിച്ചു. സാബിത് ഇബ്നു ഖൈസ്(റ) ഒരു വലിയ സംഖ്യ ആവശ്യപ്പെട്ടു. ജുവൈരിയയുടെ പിതാവായ ഹാരിസ് ഇബ്നു അബീസിറാർ നബി(സ)തങ്ങളുടെ അരികെവന്നു. അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ അന്തസ്സുള്ളവരാണ്. എന്റെ  മകൾ ഒരു ദാസിയായി കഴിയുന്നത് ഞങ്ങളുടെ അഭിമാനത്തിന്ന് ചേർന്നതല്ല. അതിനാൽ എൻ്റെ മകളെ സ്വതന്ത്രയാ ക്കി എന്റെ കൂടെ വിട്ടു തന്നാലും."  "ജുവൈരിയക്ക് ഇഷ്ടം പോലെ ചെയ്യാം." പിതാവ് ഉടനെ തന്നെ മകളെ സമീപിച്ചു.  "മുഹമ്മദ് നിൻ്റെ ഇഷ്ടം പോലെ ചെയ്യാൻ കൽപിച്ചിരിക്കുന്നു. അത്കൊണ്ട് നമുക്ക് ഉടനെ പുറപ്പെടാം "
ഇതിനിടയിൽ ഇസ്‌ലാം മത സിദ്ധ‌ാന്തങ്ങൾ ജുവൈരിയായെ ആകർഷിച്ചു കഴിഞ്ഞിരുന്നു. അത്കൊണ്ട് മുസ്ലിംകൾക്കിടയിൽ ഒരു മുസ്‌ലിമായി ജീവിക്കാൻ അവർ ആശിച്ചു. എന്നാൽ അടിമത്വം അസഹ്യമാണുതാനും. ജുവൈരിയാക്ക് ഉത്തമമായ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുക്കാൻ നബി(സ) തീരുമാനിച്ചു. അവരെ വിവാഹം കഴിച്ചു ഭാര്യയാക്കാം. ജുവൈരിയ എന്ന സുന്ദരിയായ സ്ത്രീ അളവറ്റ സന്തോഷത്തോടും നന്ദിയോടും കൂടി പ്രവാചകരുടെ പത്നീപദം സ്വീകരിച്ചു.ഗോത്രത്തലവനായ ഹാരിസ് ഓർത്തു. ഞാനിപ്പോൾ പ്രവാചക പത്നിയുടെ പിതാവാണ്. ഇതിനെക്കാൾ അഭിമാനകരമായി എന്തുണ്ട്? ഒട്ടും താമസിച്ചില്ല. അദ്ദേഹവും ഇസ്‌ലാംമതം സ്വീകരിച്ചു. അത്യധികം സന്തോഷത്തോടെയാണ് സഹാബികൾ ആ വാർത്ത സ്വീകരിച്ചത് തങ്ങളുടെ അധീനതയിലുള്ള യുദ്ധത്തടവുകാർ ജുവൈരിയ (റ) യുടെ ബന്ധുക്കളാണ്. ഇനിയും അവരെ ബന്ധനത്തിൽ നിർത്തുന്നത് ശരിയല്ല. അറുനൂറോളം വരുന്ന അടിമകൾ കൂട്ടത്തോടെ മോചിപ്പിക്കപ്പെട്ടു. ഈ സംഭവം അവരുടെ മനസ്സാക്ഷിയെ സ്പർശി അവർ കാത്തുനിന്നില്ല മിക്കവാറും ആളുകൾ ഉടനെ ഇസ്ലാം മതത്തിൽ ചേർന്നു. അന്നുവരെ മുസ്‌തലഖ് ഗോത്രം ഇസ്ലാമിന്റെ ശത്രുക്കളായിരുന്നു. സമീപ പ്രദേശത്തുള്ളവരെ കൂട്ടിനു വിളിച്ചുകൊണ്ടാണ് അവർ മദീനയെ ആക്രമി ക്കാൻ പ്ളാനിട്ടത്. അതറിഞ്ഞിട്ടാണ് നബി (സ) തങ്ങൾ അവർക്കെതിരെ യുദ്ധ‌ം പ്രഖ്യാപിച്ചത്. ഇന്നിതാ ആ ഗോത്രം പ്രവാചകന്റെ ബന്ധുക്കളായിരിക്കുന്നു. ആ ബന്ധം മൂലം ധാരാളം പേർ ഇസലാം മതത്തിൽ വന്നു. ഇതൊരു വലിയ രാഷ്ട്രീയ വിജയം കൂടിയായിരുന്നു. അതിന്റെ  ഫലമോ? ഇസ്‌ലാമിക രാഷ് ട്രത്തിന്റെ പരിധി വീണ്ടും വർദ്ധിച്ചു. ഇസ്‌ലാംമതം കൂടുതൽ ശക്തിപ്പെട്ടു. 

ആയിശ(റ) കുറ്റം ചെയ്തോ ?

ജനങ്ങൾക്കിടയിൽ പിറുപിറുപ്പ്. അടക്കിപ്പിടിച്ച സംസാരം. എന്തോ നല്ല തല്ലാത്തത് സംഭവിച്ചത് പോലെ. എന്താണ് സംഭവം? കേട്ടവരൊക്കെ അന്വേഷണമായി. ആർക്കും വിശ്വാസം വരുന്നില്ല. വിശ്വസ്തരായ രണ്ട് പേർ തെറ്റ് ചെയ്തിരിക്കുന്നു. ഒരു യാത്രാ സംഘം ഒരിക്കൽ ആയിശയെ വഴിയിലിട്ടേച്ചു പോയ കഥ നാം കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചല്ലോ ഇതാണ് പിറുപിറുപ്പിന് കാരണം. സഫ്‌വാൻ (റ) നോട് കൂടെയാണ് വഴി തെറ്റിയ ആയിശ(റ) വന്നത്. അവരൊറ്റക്കാണ് വന്നതും . അതിനിടയിൽ അവർ പാപം ചെയ്‌തു പോലും.ഇതാണ് നാട്ടിൽ പരന്ന വാർത്ത. മദീനയിലെത്തിയ ആയിശ(റ) രോഗം പിടിച്ചു കിടപ്പിലായി. അവർ നാട്ടിൽ പരന്ന കഥയൊന്നും അറിഞ്ഞില്ല. രോഗം കൂടി വന്നു. ഒരു മാസത്തോളം ഈ രോഗം നീണ്ടു നിന്നു. അസുഖം വന്നാൽ നബി(സ) കൂടുതൽ സ്നേഹം കാണിക്കും. നന്നായി പരിചരിക്കും. ഇത്തവണ അതുണ്ടായില്ല. വീട്ടിൽ വരും. സലാം ചൊല്ലും. സുഖമുണ്ടോ എന്ന് അന്വേഷിക്കും. തിരിച്ചു പോവും. എന്താണിങ്ങിനെ? ഒരു വല്ലാത്ത മാറ്റം. ഭാര്യക്ക്  വല്ലാത്ത സംശയം. ഒന്നും മനസ്സിലാവുന്നില്ല. സുന്ദരിയായ ജുവൈരിയായെ കിട്ടിയത് കൊണ്ടാണോ?  ഒരു ദിവസം രാത്രി ഉമ്മുമിസ്‌തഹ് എന്ന സ്ത്രീയോടൊപ്പം വീട്ടിൽ നിന്നു പുറത്തിറങ്ങി. രണ്ടുപേരും കുറച്ചുദൂരം നടന്നു. ഉമ്മുമിസ്‌തഹ് തുണി തടഞ്ഞ് വീഴാൻ പോയി. ഉടനെ അവരുടെ വായിൽ നിന്ന് ഒരു ശാപവാക്ക് പുറത്ത് വന്നു.
"മിസ്തഹ്  നശിക്കട്ടെ. "
ആയിശ(റ) ഞെട്ടിപ്പോയി. അവർ ഒരമ്പരപ്പോടെ ചോദിച്ചു.
"നിങ്ങൾ ആരെയാണ് ശപിച്ചത്? അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത ആളാണ്."
ഉമ്മുമിസ്തഹ് തിരിച്ചൊരു ചോദ്യം.
"അവൻ പറഞ്ഞ് പരത്തിയതൊന്നും നീ അറിഞ്ഞില്ലേ?"
"ഇല്ല. എന്താണ് പറഞ്ഞു പരത്തിയത്?" ഉമ്മുമിസ്തഹ് ആ കഥ പറഞ്ഞു. അപവാദത്തിൻറെ കഥ! 
ആയിശ(റ) തളർന്നുപോയി. അവർക്കെല്ലാം വ്യക്‌തമായി. നബി തിരുമേനിയുടെ അകൽച്ചയുടെ കാരണം അതാണ്. രോഗം വർദ്ധിച്ചു. കണ്ണുകൾ ഇടതടവില്ലാതെ വരിഞ്ഞൊഴുകി.
"എനിക്കെന്റെ  മാതാവിന്റെ അടുത്തേക്കു പോവണം ”
ആയിശാ(റ) വിവരം നബി(സ)യെ അറിയിച്ചു. അനുവാദം കിട്ടി. വളരെ പെട്ടെന്നുതന്നെ. മകൾ മാതാവിൻ്റെ സമീപത്തെത്തി. അവർ മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"കുറെ ഭാര്യമാരില്ലേ? ഒരാളോട് അൽപം അടുപ്പം കൂടിയാൽ മറ്റുള്ളവർ പലതും പറഞ്ഞു പരത്തും. സാരമില്ല. നീ അതിൽ ദു:ഖിക്കേണ്ട. "
അതുകൊണ്ടൊന്നും മകളുടെ സങ്കടം തീർന്നില്ല. രാത്രിയിൽ ഉറക്കം വന്നില്ല. പുലരുവോളം കരഞ്ഞു. പുലർന്നതിനു ശേഷവും കരഞ്ഞു. കരഞ്ഞു കണ്ണീർ വറ്റി . എന്താണ് സംഭവിച്ചതെന്ന് മനസ്സിലായോ? കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യും കൂട്ടുകാരും പറഞ്ഞുപരത്തിയ കള്ളക്കഥയായിരുന്നു അത് . പ്രവാചക പ്രിയപത്നിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുക. ആ പത്നിയുടെ അഭിമാനം കളങ്കപ്പെടുത്തുക. ആ കുടുംബത്തെ ജന മദ്യത്തിൽ തരം താഴ്ത്തുക. അതിൽ മുനാഫിഖുകൾ ആനന്ദം കണ്ടെത്തി. ചിലരൊക്കെ അത് വിശ്വസിച്ചു. ഹസ്സാൻ ഇബ്നു സാബിത് ഇത് വിശ്വസിച്ചവരിൽ പെടും. മിസ്‌തഹ് ഇബ്നു‌ അസാസാണ് മറ്റൊരാൾ. ഇനി ഒരാൾ കൂടിയുണ്ട്. ജഹ്ശിന്റെ  മകൾ ഹംന. ഈ സ്ത്രീ ആരെന്നറിയാമോ പ്രവാചക പത്നിയായ സൈനബിന്റെ സഹോദരി. ആയിശയോടുള്ള സ്നേഹം അൽപ്പം കുറഞ്ഞു കിട്ടിയാൽ നബി (സ) തന്റെ  സഹോദരിയെ കൂടുതൽ സ്നേഹിക്കുമെന്നും ഹംനക്കു തോന്നിയോ? തോന്നിയിരിക്കാം. സ്ത്രീ സഹജമായ വികാരം. പ്രവാചകൻ തീരെ അസ്വസ്ഥനായിരുന്നു. നാട്ടിൽ പ്രചരിക്കുന്ന കഥകൾ ആ ചെവിയിലെത്തുന്നുണ്ടായിരുന്നു. അവിടന്നും അനുചരന്മാരിൽ ചിലരോട് സംസാരിക്കും. അവരെല്ലാം ആ പത്നിയെക്കുറിച്ച് നല്ലതേ പറഞ്ഞുള്ളു. ഉസാമ (റ) പറഞ്ഞു "അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാത്തതൊന്നും ഞാനറിയില്ല". വേലക്കാരി പറത്തതിങ്ങിനെയാണ്. "തട്ടാൻ തങ്കത്തെപ്പറ്റി അറിയുന്നതുപോലെ ഞാനവരെ അറിയും".  എന്നു പറഞ്ഞാൽ ഒരു തെറ്റും അവരിൽ നിന്നുണ്ടാവില്ലെന്നു ചുരുക്കം. അവരുടെ പരിശുദ്ധ‌ിയിൽ വേലക്കാരിക്ക് ദൃഢവിശ്വാസമായിരുന്നു. ഹംനയുടെ സഹോദരിയും നബി പത്നിയുമായ സൈനബു (റ ) പറഞ്ഞു "ആയിശയിൽ നന്മയല്ലാതെ ഞാനൊന്നുമറിയില്ല". ഒരു ദിവസം നബി (സ) തങ്ങൾ ആയിശ (റ)യുടെ സമീപം വന്നു. കട്ടിലിൽ ഇരുന്നു. ഈ സംഭവത്തിനുശേഷം ആദ്യമായാണ് ഇങ്ങിനെ അടുത്ത് വന്നിരിക്കുന്നത്. നബി(സ) ഭാര്യയെ ഇങ്ങനെ ഉപദേശിച്ചു.
"ആയിശാ! നീ കുററം ചെയ്തിട്ടില്ലെങ്കിൽ അല്ലാഹു നിന്റെ  നിരപരാധിത്വം തെളിയിക്കും കുറ്റം  ചെയ്തുപോയിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് മാപ്പ് അപേക്ഷിക്കുക. പാശ്ചാത്താപിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും. കേൾക്കേണ്ട താമസം ആ ഹൃദയം തപിച്ചു കണ്ണീർ വാർത്തു. ഭർത്താവിനു മറുപടി നൽകാൻ പിതാവിനോടാവശ്യപ്പെട്ടു. പിതാവിനാണെങ്കിൽ എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു. മാതാവിനോട് മറുപടി പറയാനാവശ്യപ്പെട്ടു. അവർക്കും എന്തു പറയണമെന്നറിയില്ല.
വികാര തീവ്രമായ നിമിഷങ്ങൾ! ആ പെൺകുട്ടിയുടെ മനസ്സിൽ ഭർത്താവിനുള്ള മറുപടിയുടെ വാക്കുകൾ തെളിഞ്ഞുവന്നു.

 അവർ തെറ്റ് ചെയ്തില്ല

ആ പെൺകുട്ടി രോഷാകുലയായി മാറി. താൻ നിരപാധിയാണ്. തന്റെ നിരപരാധിത്വത്തെക്കുറിച്ച് മാതാവും പിതാവും മിണ്ടുന്നില്ല. ഒരു മകൾ ഇതെങ്ങിനെ സഹിക്കും? അവൾ പൊട്ടിത്തെറിക്കില്ലെ?. ആയിശ(റ)തന്നെ അവസാനം പറഞ്ഞു.

"നബിയേ, താങ്കൾ പറഞ്ഞ കാര്യത്തെച്ചൊല്ലി എനിക്ക് ഒരിക്കലും പശ്ചാത്തപിക്കേണ്ടതില്ല. ഞാൻ നിരപരാധിയാണെന്ന് അല്ലാഹുവിനറിയാം. ഞാൻ കുറ്റക്കാരിയല്ലെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കി ല്ല. കുറ്റം ചെയ്തു എന്നു പറഞ്ഞാൽ വിശ്വസിക്കും."അവർ പറഞ്ഞുനിർത്തി. അൽപം കഴിഞ്ഞു തുടർന്നു."യൂസുഫിന്റെ  പിതാവ് പറഞ്ഞതു മാത്രമെ എനിക്കും പറയാനുള്ളു. നന്നായി ക്ഷമിക്കുക". 

ഇത്രയും പറഞ്ഞിട്ട് അവർ തിരിഞ്ഞു കിടന്നു. ഇനി എനിക്ക് ആരോടും ഒന്നും പറയാനില്ല എന്ന മട്ടിൽ പിന്നെ നിശബ്ദത . കനത്ത നിശബ്ദത. ആർക്കും ഒന്നും പറയാനില്ല.  നബി(സ) ഇരുന്നേടത്തുനിന്ന് ഇളകിയില്ല. പെട്ടെന്ന് മുഖഭാവം മാറി. ശരീരം വിയർത്തു. എന്തോ സംഭവിച്ചപോലെ. അത് മറ്റൊന്നുമല്ല. വഹ‌്യ്യ് അവതരിക്കുകയാണ്. സൂറത്തുന്നൂറിലെ ഏതാനും ആയത്തുകൾ. ആയിശ(റ)യുടെ നിരപരാധിത്വം വെളിപ്പെടുത്തുകയും അപവാദം പ്രചരിപ്പിച്ചവരെ ശക്ത‌ിയായി താക്കീതു നൽകുകയും ചെയ്യുന്ന ആയത്തുകൾ."അപവാദം പ്രചരിപ്പിച്ചവർ നിങ്ങളിൽപെട്ട ഒരു വിഭാഗം തന്നെ. ഓരോരുത്തരും അവനവന്റെ  പാപം വഹിക്കും. അതിൽ മുഖ്യപങ്ക് വഹിച്ചവനാരോ അവന് വേദനിപ്പിക്കുന്ന ശിക്ഷയുണ്ട്."അങ്ങിനെ നീണ്ടുപോവുന്നു ആയത്തുകളുടെ സാരം .

 അപവാദം പറഞ്ഞു പരത്തിയവർ നാലു സാക്ഷികളെ കൊണ്ടു വരാത്തതിനെ ഖുർആൻ വിമർശിച്ചു. കേട്ട ഉടനെതന്നെ മുഅ്‌മിനീങ്ങളായ സ്ത്രീകളും പുരുഷന്മാരും ആ അപവാദത്തെ എന്തുകൊണ്ട് തള്ളിക്കളഞ്ഞില്ലെന്നും ഖുർആൻ ചോദിക്കുന്നു. പരിശുദ്ധകളായ സ്ത്രീകളെപ്പറ്റി  അപവാദം പറയുന്നവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവരായിരിക്കുമെന്നു ഖുർആൻ പ്രഖ്യാപിച്ചു. മകൾ ആരോപണ മുകതയാണെന്നറിഞ്ഞപ്പോൾ മാതാവ് സ്നേഹപൂർവ്വം ഉപദേശിച്ചു."അവരോട് നന്ദിപറയൂ". മകളുടെ മറുപടി . "എനിക്ക് അല്ലാഹുവിനോട് മാത്രമെ നന്ദി പ്രകടിപ്പിക്കാനുള്ളു". ആയിശാ (റ)യുടെ പദവി എത്രയോ ഉയർന്നു. തന്നെക്കുറിച്ചു ഖുർആൻവാക്യം അവതരിച്ചുവെന്നത് എത്ര അഭിമാനകരമാണെന്നു അവർ ഓർത്തു. തന്റെ  വിരുപ്പിൽ വെച്ച് ഖുർആൻ അവതരിച്ച കാര്യം അഭിമാനത്തോടെ അവരോർത്തു. പരിശുദ്ധകളായ സ്ത്രീകളെപ്പറ്റി അപവാദം പറയുന്നത് വലിയ തെറ്റാണെന്ന വിധി വന്നു. ഇത്  സ്ത്രീലോകത്തിന്നനുഗ്രഹമായി ഭവിച്ചു.മൂന്നു കുറവാളികൾക്കും എൺപത് അടി വീതം  കിട്ടി.  ഹസ്സാൻ ഇബ്നുസാബിത് ആയിശാ (റ) യെ പുകഴ്ത്തികൊണ്ട് പിന്നീട് ധാരാളം കവിതകൾ പാടി. നബി (സ) തങ്ങളുടെ സംതൃപ്‌തിയും സന്തോഷവും നേടാൻ കഴിഞ്ഞതു മഹാഭാഗ്യം തന്നെ. ആ മനസ്സിൽ നഷ്‌ടപ്പെടുമെന്ന് ഭയന്നസ്ഥാനം നിലനിർത്താൻ കഴിഞ്ഞു.സഫ് വാൻ (റ)വിന്നും ഏറെ സന്തോഷമായി. മനസ്സിനു സമാധാനമായി. താൻ കാരണം പ്രവാചക പത്നിക്കും ദുഷ് പേര് വന്നതിൽ ആ സഹാബിക്ക് വളരെ ദുഃഖമുണ്ടായിരുന്നു. ദുരാരോപണം നടത്തിയ ഹസ്സാനോട് പകരം ചോദിക്കാൻ വാളുയർത്തിപ്പിടിച്ചു പുറപ്പെടാൻ വരെ ആ യോദ്ധാവ് മുതിർന്നു. ആ സംഭവങ്ങളെല്ലാം ഓർമ്മകൾ മാത്രമായി മാറി. ദിവ്യവചനങ്ങൾ ഇറങ്ങിയതോടെ രംഗം ശാന്തമായി. പുതിയ സംഭവങ്ങൾ പഴയതിനെ പിന്നിലാക്കി.
                                തുടരും 

അവ : ഹസ്റത്ത് ആയിശ(റ)
കൊടുവള്ളി അബ്ദു‌ൽ ഖാദിർ


www.islamkerala.com
E-mail: [email protected]
Mobile: 00971 50 7927429
Abudhabi