മിസ്കീനാകാൻ ആശ

ഹിജറ രണ്ടാം വർഷം അവരും അലി(റ)യും തമ്മിലുള്ള വിവാഹം നടന്നു. പ്രവാചക സന്തതികളിൽ അവശേഷിച്ച ഒരേ ഒരു പുത്രി. ആ ദാമ്പത്യം എത്ര മാതൃകാപരമായിരുന്നു. ജീവിതത്തിൻ്റെ പരുപരുത്ത വശങ്ങൾ അവർ കണ്ടു. അപ്പോഴെല്ലാം അവർ ക്ഷമാ ശീലരായി കാണപ്പെട്ടു.

മിസ്കീനാകാൻ ആശ

ആയിശ (റ )
ഭാഗം 2 

മിസ്കീനാകാൻ ആശ

ആയിശ  (റ) മിടുക്കിയായ ഒരു വിദ്യാർഥിനിയായിരുന്നു എന്നു പറഞ്ഞല്ലോ . നബി (സ) ഒരു അധ്യാപകനെ പോലെ  അവരെ പഠിപ്പിക്കുകയും ചെയ്തു. ഭാവിയിൽ ലോകത്തിനു ലഭിക്കേണ്ട  ഒട്ടനേകം  അറിവുകൾ അവർക്ക് നല്കി. ചെറിയ തെറ്റുകൾ  കാണുമ്പോൾ  അവ തിരുത്തി കൊടുത്തു. അത് പിന്നീട്  മുസ്ലിംകളുടെ ചരിത്രമായി മാറി. അവരുടെ നിയമവും. ഒരിക്കൽ  ആയിശ (റ) യുടെ ഒരു സാധനം ആരോ മോഷ്ടിച്ചു. അവർക്ക് അതെടുത്ത ആളിനോട്  വെറുപ്പ് തോന്നി. അയാളെ  ശപിച്ചു കൊണ്ട് എന്തോ പറഞ്ഞു. ഉടനെ തന്നെ സ്നേഹസമ്പന്നനായ ഭർത്താവ് അത് തിരുത്തി. 
"അങ്ങനെ  പറയരുത്. അവന്റെ കുറ്റവും നിന്റെ പുണ്യവും കുറച്ചുകളയരുത്" ഈ  സംഭവത്തിൽ നിന്ന് നമ്മുക്കെന്തെല്ലാം മനസ്സിലാക്കാനുണ്ട് ! ഇതൊരു ഉദാഹരണം  മാത്രമാണ്. ഒരിക്കൽ  ഭാര്യയും ഭർത്താവും ഒട്ടകപ്പുറത്ത് യാത്ര  ചെയ്യുകയായിരുന്നു. ഒട്ടകം  വേഗത്തിൽ നടക്കാൻ തുടങ്ങി. വേഗത കൂടിയപ്പോൾ യാത്ര അസുഖകരമായിത്തീർന്നു. ഒട്ടകത്തെ ആയിശ  (റ) അറിയാതെ ശപിച്ചു. ഉടനെ ഭർത്താവിന്റെ പ്രതികരണം. 
"നമ്മുക്ക്  ഒട്ടകത്തെ  തിരിച്ചയക്കാം. ശാപത്തിന് വിധേയമായ മൃഗം നമ്മുടെ കൂടെ വേണ്ട " വന്നു പോയ തെറ്റ്  ആയിശ(റ) പെട്ടന്നു  മനസ്സിലാക്കി. ഇനി ഇതാവർത്തിക്കില്ലെന്നു മനസ്സിലുറച്ചു. ഭർത്താവ് ഭാര്യയെ  സ്നേഹപ്പൂർവം ഉപദേശിച്ചു. 
"ആയിശാ! നിസ്സാരമായ കുററങ്ങളും സൂക്ഷിക്കണം . അല്ലാഹുവിന്റെ മുമ്പിൽ അതിനെക്കുറിച്ചും വിചാരണയുണ്ടാവും. പരദൂഷണം വലിയ കുററമാണ്. അതിൽ നിന്നും പിന്മാറണം." നബി(സ) പറഞ്ഞു.      

ആളുകളുടെ ശരീരപ്രകൃതി നോക്കി പല പേരുകൾ വിളിക്കാറുണ്ട്. നീളം കുറഞ്ഞവരെയും, കൂടിയവരെയും, തടി കൂടിയവരെയും മെലിഞ്ഞവരെയു മെല്ലാം പല പേരിട്ട് വിളിക്കും. ആ വിളിയിലെല്ലാം വലിയ തെറ്റുകൾ ഉണ്ടെന്ന് നബി(സ) ആയിശ(റ)യെ പഠിപ്പിച്ചു. ഒരു ഭിക്ഷക്കാരൻ ഒരിക്കൽ വീട്ടിൽ വന്നു. നിസ്സാരമായതെന്തോ അവന് നൽകി. ഭർത്താവിനത് അത്ര  നന്നായി തോന്നിയില്ല. പറഞ്ഞതിങ്ങിനെയാണ്.
"ആയിശാ! എണ്ണിനോക്കി കൊടുക്കരുത്. അല്ലാഹു നിനക്കും എണ്ണി നോക്കിയായിരിക്കും തരിക."
വളരെ പ്രയാസപ്പെട്ടു ജീവിക്കുന്ന കാലം. പട്ടിണി പടർന്നുപിടിച്ച ജീവിതം. അതിനിടയിൽ പോലും ഉള്ളതിൽ നിന്ന് കാര്യമായി സംഭാവന ചെയ്യണമെന്നാണ് പഠിപ്പിക്കുന്നത്. നന്നായി ധർമ്മം ചെയ്‌താൽ കൂടുതൽ പ്രതിഫലം കിട്ടുമെന്ന തത്വം ലോകത്തിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. ദാനം നമുക്കു രക്ഷയാണ്. ഉള്ളതിൽ നിന്ന് കൊടുക്കണം. ഒരു കാരക്കച്ചീന്താണ് ഉള്ളതെങ്കിൽ അത് കൊടുക്കണം. ആ അവസ്‌ഥയിൽ അതും വലിയൊരു ദാനമാണ്.
നബി(സ) പറഞ്ഞു: "ഒരു കാരക്കച്ചീന്ത് ദാനം ചെയ്തെങ്കിലും നരകത്തിൽ നിന്ന് നിന്നെ രക്ഷിക്കുക. "ഒരിക്കൽ നബി (സ) പ്രാർത്ഥിക്കുന്നത് സഹധർമ്മിണി കേൾക്കാനിടയായി. അൽഭുതം തോന്നിക്കുന്ന പ്രാർത്ഥന.

"അല്ലാഹുവേ! എന്നെ മിസ്ക്കീനായി ജീവിപ്പിക്കേണമേ! മിസ്ക്കീനായി മരിപ്പിക്കേണമേ! അവരുടെ  കൂടെ  അന്ത്യദിനത്തിൽ പുനർജീവിപ്പിക്കുകയും ചെയ്യേണമേ !"
ആയിശ(റ) അത്ഭുതം  കൂറി ചോദിച്ചു: എന്താണതിൻറെ അർത്ഥം. നബി(സ) പറഞ്ഞു.
"ആയിശാ! മിസ്ക്കീൻ സമ്പന്നരെക്കാൾ നാൽപത് വർഷം മുമ്പ് സ്വർഗ്ഗത്തിൽ പ്രവേശിക്കും. ഒരു സാധുവിനെയും വെറുംകയ്യോടെ തിരിച്ചയക്കരുത്". ഒരു കാരക്കച്ചീന്താണെങ്കിൽ അതെങ്കിലും അയാൾക്കു നൽകുക. അഗതികളെ സ്നേഹിക്കുക. നിന്റെ സമീപത്ത് അവർക്കിടം നൽകുക". 
എത്ര സാരവത്തായ ഉപദേശം. പാവപ്പെട്ടവനെ സമുദ്ധരിക്കാനുള്ള പദ്ധ‌തി ഈ വാക്കുകൾ ഉൾക്കൊള്ളുന്നില്ലേ? ഈ തത്വം നടപ്പിൽ വരുത്തിയാൽ ഇവിടെ പട്ടിണി കാണുമോ? അഗതികളെ അവഗണിക്കരുത്. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കണം. അവൻറെ പ്രയാസങ്ങൾ തീർക്കണം. അതിമഹത്തായ ഈ തത്വങ്ങൾ ലോകത്തെ പഠിപ്പിക്കാൻ വേണ്ടി റസൂൽ തിരുമേനി (സ) എന്തു ചെയ്തു? തന്റെ  സഹധർമ്മിണിക്ക് ഉപദേശം നൽകി. ആ ഉപദേശം നശിക്കാത്ത റിക്കാർഡായി മാറി.


ആട് മാവ് തിന്നു

പതിവുപോലെ ആയിശാ(റ) ധാന്യം നല്ല വിധത്തിൽ പാകം ചെയ്തു ഭർത്താവിനെ കാത്തിരുന്നു. ഉത്തമ ഭാര്യമാർ അങ്ങിനെയായിരിക്കുമല്ലോ. കുറേ കഴിഞ്ഞപ്പോൾ നബി(സ) തങ്ങൾ വന്നു. ആയിശ(റ)ക്ക് ആശ്വാസമായി. വന്നപാടെ ഭക്ഷണം കഴിക്കാനിരിക്കുകയല്ല ചെയ്തത്. ഉടനെ നിസ്ക്കാരം തുടങ്ങി. അയൽ വീട്ടിലെ ആട് അത് ‌വഴി കയറി വന്നു. പാത്രത്തിൽ മാവ് കണ്ടു. മെല്ലെ തലയിട്ടു. നാവ് കൊണ്ട് രുചിച്ചു നോക്കി. നല്ല രുചി. പിന്നെ കാത്തു നിന്നില്ല. മാവ് മുഴുവൻ തിന്നു തീർത്തു. ആട് അതിൻറെ വഴിക്കുപോയി. ഇത് ആയിശ(റ) കണ്ടില്ല. നബി(സ) അവരോടതിന് യാതൊരു വഴക്കും പറഞ്ഞതുമില്ല. അത്രക്കും സ്നേഹമായിരുന്നു. ആയിശാ(റ)യുടെ വിരിപ്പിൽ വെച്ച് നബി(സ)ക്ക് വഹ്യ്യ്  കിട്ടിയിട്ടുണ്ട് . അക്കാര്യം അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നബി(സ)ക്ക് ഒരിക്കൽ ഒരു മാലകിട്ടി. ഭാര്യമാരൊക്കെ അത് കണ്ടു. ആർക്കാണ് അത് കിട്ടുക? ആർക്കും ഒരു രൂപവുമില്ല.
"എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾക്കാണ് ഇത് നൽകുക." അവിടുന്ന് പറഞ്ഞു.
അപ്പോൾ എല്ലാവരും അതാരാണ് എന്ന് ചിന്തിച്ചു. ഏറ്റവും പ്രിയപ്പെട്ട ആൾ ആയിശ തന്നെ. അവർക്കു തന്നെ അത് കിട്ടും. സംഭവിച്ചതങ്ങിനെയല്ല. നബി(സ) തന്റെ പേരക്കുട്ടിയായ ഉമാമത്തിനാണ് അത് കൊടുത്തത്. ഒരു രാത്രി നബി(സ)യും  പ്രിയ പത്നിയും കിടന്നുറങ്ങി. മുറിയിൽ കട്ടപിടിച്ച ഇരുട്ട്. സമയം വളരെയായി. ഭാര്യ പെട്ടെന്നുണർന്നു. വിരിപ്പിൽ തപ്പിനോക്കി. ഭർത്താവ് എവിടെ? തന്നെ ഒറ്റക്ക് വിട്ടിട്ട് എവിടെപോയി? അതും ഈ രാത്രിയിൽ. ഒന്നും കാണാൻ വയ്യ. വിരിപ്പിൽ നിന്നെണീറ്റു. മുറി മുഴുവൻ തപ്പി നോക്കി. ഒടുവിൽ കൈ ചെന്നു തട്ടി ഭർത്താവിൻ്റെ കാലിൽ . ഭർത്താവ് സുജൂദിൽ കിടക്കുകയായിരുന്നു.
*  * *
നബി(സ)ക്ക് ആയിശ(റ) യോട് ഇത്രയേറെ സ്നേഹം തോന്നാൻ എന്താണ് കാരണം? സുന്ദരിയാണ് എന്നതാണോ? അബൂബക്കർ (റ) വിന്റെ മകളാണ് എന്നതാണോ? അതോ മറ്റു വല്ലതുമാണോ? മേൽപ്പറഞ്ഞ രണ്ട് കാരണങ്ങളും തള്ളിക്കളയാവുന്നതല്ല. എന്നാൽ പ്രധാനപ്പെട്ട കാരണം അതൊന്നുമല്ല. അതെന്താണ് പിന്നെ? പറയാം.  ആ പെൺകുട്ടിയുടെ അപാരമായ കഴിവുകൾ മറ്റു   ഭാര്യമാർക്കൊന്നുമില്ലാത്തത്ര കൂടുതൽ കഴിവുകൾ അവർക്കുണ്ടായിരുന്നു. മത നിയമം പഠിക്കുന്നതിൽ മിടുക്കിയായിരുന്നു. തത്വങ്ങൾ വിശദീകരിക്കുന്നതിലും അങ്ങിനെതന്നെ. പണ്ഡിതന്മാരായ പുരുഷന്മാരെ പോലെ അവരും ശോഭിച്ചു. പുരുഷന്മാർ പ്രവാചകന്റെ പൊതു ജീവിതത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ടു ചെയ്തു. നബി പത്നിയാവട്ടെ പൊതു ജീവിതവും രഹസ്യ ജീ വിതവും പഠിച്ചറിഞ്ഞ് റിപ്പോർട്ടു ചെയ്തു. കഴിവുള്ള ഭാര്യയെ ഏത് ഭർത്താവാണ് ഇഷ്ടപ്പെടാത്തത്? കൂട്ടത്തിൽ സൗന്ദര്യവും കുടുംബമഹിമയും കൂടി ഉണ്ടെങ്കിൽ പറയാനുമില്ല. പ്രവാചകൻ പത്നിമാരെല്ലാം വിധവകളായിരുന്നു. ഒരാളൊഴിച്ചു. അത് ആയിശാ(റ) ആയിരുന്നു. അവർ മാത്രമായിരുന്നു ഭാര്യമാരുടെ കൂട്ടത്തിൽ കന്യക. എന്നാൽ ഖദീജാ (റ)യോടുണ്ടായിരുന്ന സ്നേഹവും അപാരമായിരുന്നു.  അവർ മരിക്കുമ്പോൾ അറുപത് വയസ്സുണ്ടായിരുന്നു. ആ അറുപത്കാരിയെ ഭർത്താവ് വർണ്ണിക്കുന്നതു കേട്ടാൽ ചെറുപ്പക്കാരിയായ ഭാര്യക്കുപോലും അസൂയ തോന്നും. മരിച്ചുപോയ പ്രഥമ ഭാര്യയെക്കുറിച്ച് ആരെങ്കിലും ദോഷം പറഞ്ഞാൽ പ്രവാചകന്ന് അത് അസഹ്യമായിരുന്നു.


എല്ലാവരേയും സ്നേഹിച്ചു

പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നെങ്കിലും തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു ആയിശ(റ)ക്ക് നല്ല ബോധമുണ്ടായിരുന്നു. ഭർത്താവിനെ നന്നായി പരിചരിക്കാൻ അവർ ശ്രമിച്ചു. സ്വന്തം കൈകൊണ്ട് തന്നെ അവർ ഗോതമ്പ് പൊടിക്കും. പൊടി പാകപ്പെടുത്തും. ആഹാര സാധനങ്ങൾ വേവിക്കും. താൽപര്യപൂർവ്വം ഭർത്താവിന് വിളമ്പിക്കൊടുക്കും. ഭർത്താവിന് ശയ്യവിരിച്ചു കൊടുക്കും, വെള്ളം കൊണ്ടു വന്നു വെക്കും, മുടി ചീകിക്കൊടുക്കും, സുഗന്ധദ്രവ്യങ്ങൾ പുരട്ടിക്കൊടുക്കും,  വസ്ത്രങ്ങൾ അലക്കും, മിസ്‌വാക്ക് എടുത്തുകൊടുക്കും. ഭർത്താവിന്റെ ദിനചര്യകളിൽ അവർ വളരെയേറെ ശ്രദ്ധിച്ചു. എന്തു പറഞ്ഞാലും അനുസരിക്കും. വെറുപ്പുണ്ടാക്കുന്നതൊന്നും ചെയ്യില്ല.
ഒരു ദിവസം നല്ലൊരു തുണി കിട്ടി. അത് വാതിലിൽ തൂക്കിയിട്ടു. കൊള്ളാം . ഭംഗിയുണ്ട്.!ഭർത്താവ്  കയറിവന്നു  പെട്ടന്നാണ് വിരി ശ്രദ്ധിച്ചത്.  മുമ്പോട്ടു വെച്ച കാൽ പിന്നോട്ടു വലിച്ചു. എന്ത് പറ്റി? ഭാര്യക്കു വെപ്രാളമായി. തന്റെ  പക്കൽ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്. തനിക്കു പറ്റിയ തെറ്റെന്താണെന്നു ചോദിച്ചു. തെറ്റു പറ്റിയെങ്കിൽ മാപ്പാക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
അവിടുന്ന്  ഇങ്ങനെ പറഞ്ഞു.
"രൂപങ്ങളുള്ള വീട്ടിൽ മലക്കുകൾ കടക്കുകയില്ല." അവക്കു കാര്യം മനസ്സിലായി. വാതിലിൽ തൂക്കിയ വിരിയാണ് കുഴപ്പം വരുത്തിയത്. ആ വിരിയിൽ രൂപങ്ങളുണ്ടായിരുന്നു. ഉടനെ അത് എടുത്തുമാറ്റി .

ഇശാ നമസ്കാരം കഴിഞ്ഞിട്ടാണ് തിരുമേനി വീട്ടിൽ വരിക. പല്ലുതേച്ച് വൃത്തിയാക്കിയ ശേഷമേ ഉറങ്ങാൻ കിടക്കുകയുള്ളു. രാത്രിയുടെ മൂന്നിൽ രണ്ടുഭാഗം കഴിയുമ്പോൾ എഴുന്നേൽക്കും. എന്നിട്ട് തഹജജുദ് നമസ്ക്‌കരിക്കും. രാത്രിയുടെ അവസാനത്തിൽ ഭാര്യയെ വിളിച്ചുണർത്തും. രണ്ടുപേരും ഒന്നിച്ചാണ് വിത്ർ നമസ്ക്കരിക്കുക. സുബ്ഹിന്റെ സമയം വന്നാൽ രണ്ട് റകഅത്തു  സുന്നത്ത് നമസ്ക്കരിക്കുന്നു. അൽപനേരം ചെരിഞ്ഞു കിടക്കുന്നു. പിന്നീട് പള്ളിയിലേക്കു പുറപ്പെടുന്നു. ഇതാണ് പതിവ്. ചില രാത്രികളിൽ ധാരാളം നമസ്ക്കരിക്കും. നബി(സ) ഇമാമും ആയിശ(റ) മഅ്‌മൂമുമായിരിക്കും. ദീർഘമായ സൂറത്തുകളാണ് ഓതുക. സുന്നത്ത് നമസ്കാരം പോലെ അവർ സുന്നത്ത് നോമ്പും വളരെ വർദ്ധിപ്പിച്ചിരുന്നു. മിക്ക ദിവസവും നോമ്പായിരിക്കും.എല്ലാ ആഢംബരങ്ങളിൽ നിന്നും അവർ അകന്നു നിന്നു. ഭാര്യാ ഭർത്താക്കന്മാരുടെ സംഭാഷണത്തിനിടയിൽ പലപ്പോഴും ഖദീജാ (റ)യെക്കുറിച്ചു പരാമർശിക്കും. അവരുടെ സ്നേഹം, സൽസ്വഭാവം, ത്യാഗസന്നദ്ധത, പരിചരണം തുടങ്ങിയ ഗുണങ്ങൾ വാഴ്ത്തപ്പെടും. കൊല്ലത്തിലൊരിക്കൽ ഖദീജാ(റ)ക്കു വേണ്ടി ബലിയറുത്തിരുന്നു. അവരുടെ കൂട്ടുകാരികൾക്ക്  സമ്മാനങ്ങൾ കൊടുത്തയക്കുക പതിവായിരുന്നു.ഇസ്ലാമിൻറെ പ്രാരംഭകാലം. ചുറ്റും ശത്രുക്കൾ. അനുയായികൾ ക്രൂരമായി മർദ്ദിക്കപ്പെട്ടു. എവിടെയും പരിഹാസത്തിന്റെ കൂരമ്പുകൾ. അക്കാലത്ത് നബി (സ)ക്ക് സഹായം കിട്ടിയത് ഖദീജാ (റ) യിൽ നിന്നാണ്. അവരുടെ ത്യാഗത്തിനും സേവനത്തിനും കണക്കില്ല. ആ സേവന ചരിത്രം ലോകത്തെ അറിയിച്ചത് ആയിശ(റ)യാണ്. ഖദീജ(റ)യുടെ മക്കളെ അറിയാമോ? രണ്ട് ആണും നാലു പെണ്ണും. ആൺ  മക്കൾ ഖാസിമും അബ്ദുല്ലായും. അവർ രണ്ടുപേരും ചെറുപ്പത്തിൽ തന്നെ മ രിച്ചുപോയി. പെൺ മക്കൾ സൈനബ്, റുഖിയ്യ, ഉമ്മുകുൽസും, ഫാത്തിമ എന്നിവരും. ആയിശ(റ) നബി(സ)യുടെ വീട്ടിൽ വരുമ്പോൾ ഫാത്തിമ (റ) മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. മറ്റു പുത്രിമാരെല്ലാം ഭർത്താക്കന്മാരുടെ കൂടെയായിരുന്നു. അവരെല്ലാം ആയിശ(റ)യെ വളരെയധികം സ്നേഹിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ റുഖിയ്യ(റ) മരിച്ചു പോയി. അത് ഹിജ്റയുടെ രണ്ടാം വർഷമായിരുന്നു. ഹിജ്റയുടെ എട്ടാം വർഷം സൈനബ് (റ) മരണപ്പെട്ടു. ഹിജ്റ ഒമ്പതാം വർഷം ഉമ്മുകുൽസും (റ) യും. ഇക്കാലത്തിനിടയിൽ നബി പത്നിയും പുത്രിമാരും തമ്മിൽ അതൃപ്‌തികരമായി ഒന്നും സംഭവിച്ചിട്ടില്ല. അവരെന്നും സ്നേഹത്തിലും സൗഹാർദ്ദത്തിലുമാണ് കഴിഞ്ഞത്. ഫാത്തിമ(റ) മിടുക്കിയും ബുദ്ധിമതിയുമായിരുന്നു.

ഹിജറ രണ്ടാം വർഷം അവരും അലി(റ)യും തമ്മിലുള്ള വിവാഹം നടന്നു. പ്രവാചക സന്തതികളിൽ അവശേഷിച്ച ഒരേ ഒരു പുത്രി. ആ ദാമ്പത്യം എത്ര മാതൃകാപരമായിരുന്നു. ജീവിതത്തിൻ്റെ പരുപരുത്ത വശങ്ങൾ അവർ കണ്ടു. അപ്പോഴെല്ലാം അവർ ക്ഷമാ ശീലരായി കാണപ്പെട്ടു. നബി(സ) തങ്ങൾക്ക് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു. ഖദീജ, സൗദ, ആയിശ, ഹഫ്സ്, സൈനബ്, ഉമ്മുസൽമ, സൈനബ്, ജുവൈരിയ്യ, ഉമ്മുഹ ബീബ്, സഫിയ്യ, മൈമൂന(റ:അ)
ആദ്യത്തെ ഭാര്യ ജീവിച്ചിരുന്ന കാലത്ത് പ്രവാചകൻ മറെറാരാളെയും വിവാഹം ചെയ്തില്ല. അവരുടെ മരണശേഷമാണ് എല്ലാ വിവാഹങ്ങളും നടന്നത് ഭാര്യമാരെല്ലാം സ്നേഹത്തിലും സഹകരണത്തിലുമാണ് കഴിഞ്ഞത്. അവർക്കിടയിൽ അനൈക്യമോ ഭിന്നിപ്പോ ഉണ്ടായിരുന്നില്ല. ചില ദുർബ്ബല നിമിഷങ്ങളിൽ സ്ത്രീസഹജമായ ചില പരുഷ സംസാരങ്ങൾ നടന്നുപോയിട്ടുണ്ട്. അവയെല്ലാം പെട്ടെന്നു തന്നെ കെട്ടടങ്ങുകയും ചെയ്തു. നബി തിരുമേനി ഓരോ ദിവസം ഓരോ ഭാര്യയുടെ വീട്ടിലായിരിക്കും. സൗദാ റ) പ്രായം ചെന്ന സ്ത്രീയായിരുന്നു. അവർ തൻറെ ദിവസം ആയിശ(റ)ക്ക് സംഭാവന ചെയ്തു. അവരത് സന്തോഷത്തോടെ സ്വീകരിച്ചു


മുനാഫിഖുകൾ

മുനാഫിഖുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? മുസ്ലിംകൾക്ക് അവർ വലിയൊരു തലവേദനയായിരുന്നു. പ്രത്യക്ഷത്തിൽ അവരും മുസ്‌ലിംകളായിരുന്നു. മുസ്ലിംകളുടെ കൂട്ടത്തിൽതന്നെ അവരെയും കാണാം. പക്ഷെ, അവരുടെ മനസ്സിലെന്താണുള്ളത്? മുസ്ലിംകൾ നശിച്ചു കാണാനുള്ള ആഗ്രഹം. നല്ലൊരവസരം കിട്ടിയാൽ അവർ സഹാബികളെ വഞ്ചിക്കും. മുഹാജിറുകളെയും അൻസാറുകളെയും തമ്മിൽ പിണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും അഭ്യന്തരകലാപമുണ്ടാക്കാനും രക്തം ചിന്താനും അവർ പലപ്പോഴും ശ്രമം നടത്തി.

അബൂബക്കർ സിദ്ദീഖ് (റ)വിനോടും ഉമറുബ്നുൽ ഖത്താബ് (റ) വിനോടുമായിരുന്നു അവർക്ക് വലിയ വിരോധം. അവർ രണ്ടുപേരും ഇസ്ലാമിനുവേണ്ടി നിലകൊള്ളുന്ന അതിശ‌ക്തന്മാരായിരുന്നു. ഇതുതന്നെ കാരണം. പുറമെ ഇസ്ലാമും അകത്ത് മുസ്‌ലിം വിരോധവും വെച്ച് നടക്കുന്ന കപടവിശ്വാസികളായിരുന്നു മുനാഫിഖുകൾ. അവർക്കൊരു നേതാവുണ്ടായിരുന്നു അബ്ദുല്ലാ ഇബ്നുഉബയ്യ്. `മുറൈസിഅ് എന്ന സ്ഥ‌ലത്ത് വെച്ച് ഒരു യുദ്ധം നടന്നു. മുസ്‌ത്വലഖ് ഗോത്രക്കാരും മുസ്‌ലിംകളും തമ്മിലായിരുന്നു യുദ്ധം. മുസ്ത്വലിഖാ ഗോത്രക്കാർ സുശക്തമായൊരു സൈന്യത്തെ സജജമാക്കി ഹാരിസ് ഇബൽ അബൂ ളിറാർ ആയിരുന്നു സൈന്യാധിപൻ. അവർ നബിയെ വധിച്ചു കളയാൻ പ്ളാനിട്ടു പ്രവാചകൻ വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കി. അബൂബക്കർ സിദ്ദീഖ് (റ) വിന്റെ നേതൃത്വത്തിൽ മുഹാജിറകളും സഅദും ഇബ്നു ഉബാദ (റ)യുടെ നേതൃത്വത്തിൽ അൻസാറുകളും പുറപ്പെട്ടു. അവർ മുസ്ത്വലഖ് ഗേത്രത്തിൻറ വകയായുള്ള മുറൈസിഅ് എന്ന ജലാശയത്തിനു സമീപം താവളമടിച്ചു. യുദ്ധം തുടങ്ങി. ശക്തതരായ മുസ്‌ലിംകൾ മുസ്ത്വലഖ് ഗോത്രത്തെ വളഞ്ഞു. അവരുടെ ഭാഗത്ത് പത്ത് പേർ കൊല്ലപ്പെട്ടു. മുസ്‌ലിംകളുടെ ഭാഗത്ത് ഒരാൾ മാത്രം രക്ത സാക്ഷിയായി. ഹിശാം ഇബ്നു ളുബാബ. മുസ്‌ലിംകളെ എതിർത്തു നിൽക്കാൻ സാദ്ധ്യമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. അവർ കീഴടങ്ങി. അവരുടെ ആളുകളെയും, ഒട്ടകങ്ങളെയും, ആടു മാടുകളെയും മുസ്‌ലിംകൾ അധീനപ്പെടുത്തി.ഈ വിജയം അബ്‌ദുല്ലാഹിബ്‌നു ഉബയ്യിനെ വല്ലാതെ നിരാശനാക്കി. മുസ്ലിംകളുടെ നാശം കാണാൻ കാത്തിരിക്കുയായാരുന്നല്ലോ ആ കപടവിശ്വാസിയും കൂട്ടരും. ഉമർ ഇബ്നുൽ ഖത്താബ് (റ) വിന്റെ കുതിരക്കാരനും ഒരു ഖസ്റജ് ഗോത്രക്കാരനും തമ്മിൽ വഴക്കു കൂടി. അത് സംഘട്ടനത്തിലേക്ക് നീങ്ങി. ഖസ്റജുകാരൻ അൻസാറുകളോടും മറ്റെയാൾ മുഹാജിറുകളോടും സഹായം അഭ്യർത്ഥിച്ചു. അത് അബ്ദുല്ലാഹ് ഇബ്നു ഉബയ്യ് കേട്ടു. അവൻ രോഷാകുലനായി. ഇങ്ങിനെ വിളിച്ചുപറഞ്ഞു . 
"സ്വന്തം നാട്ടിൽപോലും മുഹാജിറുകൾ നമ്മെ അധീനപ്പെടുത്തുന്നു. അവർക്കു നൽകി വരുന്ന സഹായം നിർത്തണം . 
അവൻ നിർത്തിയില്ല. അൻസാറുകളെ നോക്കി വിളിച്ചു പറഞ്ഞു. "നിങ്ങൾ ചെയ്‌‌ത തെറ്റാണിത്. സ്വന്തം നാട്  നിങ്ങൾ അവർക്ക് വീതിച്ചുകൊടുത്തു. ധനം നൽകി. സഹകരണവും നൽകി. അല്ലെങ്കിൽ അവർ മറ്റെവി ടെയെങ്കിലും പോകുമായിരുന്നു. " ഈ സംഭവം നബി (സ) തങ്ങളറിഞ്ഞു. അപ്പോൾ ഉമർ(റ)കൂടെയുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഉടനെ കൊന്നു കളയണമെന്ന് ഉമർ(റ) പറഞ്ഞു. ആ മുഖത്ത് ദേഷ്യം പടർന്നു കയറിയിരുന്നു. പ്രവാചകൻ പറഞ്ഞു സമാധാനപ്പെടുത്തി. രംഗം ശാന്തമാക്കി. ഇബ്നു ഉബയ്യ് സംഗതികൾ അറിഞ്ഞു. അവൻ ഉടനെ നബി സന്നിധിയിൽ ഓടിയെത്തി. പറഞ്ഞതെല്ലാം അവൻ നിഷേധിച്ചു. നേരത്തെ നബി തിരുമേനി അൻസാരികളെ വിളിച്ചുകൂട്ടി ചർച്ച ചെയ്തു. അവർക്കെല്ലാം അബ്‌ദുല്ലാ ഇബ്ണു ഉബയ്യിനോട് കടുത്ത വെറുപ്പ് തോന്നി. അവന്റെ  സ്വന്തം മകനുപോലും. ആ മകൻ പിതാവിൻറെ കുതിരയുടെ കടിഞ്ഞാൺ പിടിച്ചുകൊണ്ട് പറഞ്ഞു..
''താങ്കൾ നീചനാണെന്നും മുഹമ്മദ് മാന്യനാണെന്നും ഏറ്റു പറയാതെ ഞാൻ നിങ്ങളെ വിടില്ല."

അവ : ഹസ്റത്ത് ആയിശ (റ) 
കൊടുവള്ളി അബ്‌ദുൽ ഖാദിർ
തുടരും
www.islamkerala.com
E-mail: [email protected]
Mobile: 00971 50 7927429
Abudhabi