ജീവിതത്തിലെ പഠനാർഹമായ 3 വിഷയത്തിലുള്ള ചോദ്യവും മറുപടിയും

ഭർത്താവിന്റെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് ഭാര്യക്ക് ദാനം (സ്വദഖ) ചെയ്യാൻ അനുവാദമുണ്ടോ? , ഞാൻ ഒരു കാർ വാങ്ങി, എന്നാൽ വാങ്ങിയതിന് ശേഷമാണ് അതിൽ ഒരു തകരാർ (عيب) ഉള്ള കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഈ തകരാർ വെളിപ്പെടുത്താതെ എനിക്ക് ആ കാർ മറ്റൊരാൾക്ക് വിൽക്കാൻ പാടുണ്ടോ? , എന്റെ പക്കൽ നിസാബ് (സകാത്ത് നിർബന്ധമാകുന്ന പരിധി) എത്തിയ ധനമുണ്ട്. കണക്കുകൾ ക്രമീകരിക്കുന്നതിനായി ഞാൻ സകാത്ത് കണക്കാക്കുന്നത് ഇംഗ്ലീഷ് വർഷം (Gregorian Calendar) അനുസരിച്ചാണ്. എന്നാൽ ഇംഗ്ലീഷ് വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ ഹിജ്റ വർഷപ്രകാരമുള്ള കാലാവധി (حول - ഒരു വർഷം) പൂർത്തിയാകുന്നുണ്ടെങ്കിൽ, ഇത്തരത്തിൽ ഇംഗ്ലീഷ് വർഷം അനുസരിച്ച് സകാത്ത് കണക്കാക്കുന്നത് ശറഇയ്യായി അനുവദനീയമാണോ?

ജീവിതത്തിലെ പഠനാർഹമായ 3 വിഷയത്തിലുള്ള ചോദ്യവും മറുപടിയും

ജീവിതത്തിലെ പഠനാർഹമായ 3 വിഷയത്തിലുള്ള ചോദ്യവും മറുപടിയും

ചോദ്യം:
ഭർത്താവിന്റെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് ഭാര്യക്ക്  ദാനം (സ്വദഖ) ചെയ്യാൻ അനുവാദമുണ്ടോ?

മറുപടി:
അല്ലാഹുവിനാണ് സർവ്വ സ്തുതിയും. നമ്മുടെ നേതാവായ റസൂലുല്ലാഹി (സ്വ) തങ്ങളുടെയും കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

മറ്റൊരാളുടെ സമ്പത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ദാനം ചെയ്യണമെങ്കിൽ ഉടമസ്ഥന്റെ അനുവാദമോ അല്ലെങ്കിൽ അദ്ദേഹം അതിൽ തൃപ്തനാണെന്ന ഉറപ്പോ ഉണ്ടായിരിക്കണം. അതിനാൽ ഭർത്താവിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് വിലപിടിപ്പുള്ള കാര്യങ്ങൾ ദാനം ചെയ്യാൻ ഭാര്യക്ക് അനുവാദമില്ല.

എന്നാൽ സാധാരണ ഗതിയിൽ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ (ഉദാഹരണത്തിന് ഭക്ഷണം പോലുള്ളവ), അത് ദാനം ചെയ്യുന്നതിൽ ഭർത്താവിന് വിരോധമുണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ നിന്ന് ഭാര്യക്ക് ബോധ്യമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അനുവാദം കൂടാതെ തന്നെ നൽകുന്നതിൽ തെറ്റില്ല. അത് ഭാര്യക്ക് കൈകാര്യം ചെയ്യാൻ അനുവാദമുള്ള കാര്യങ്ങളുടെ പരിധിയിൽ വരുന്നതാണ്. ഇൻഷാ അല്ലാഹ് അതിലൂടെ അവൾക്ക് പുണ്യവും ലഭിക്കും.

ആയിഷ (റ) നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ (സ്വ) അരുളി:

"ഒരു സ്ത്രീ തന്റെ വീട്ടിലെ ഭക്ഷണം ദുർവ്യയം ചെയ്യാത്ത രീതിയിൽ ദാനം ചെയ്താൽ, അവൾക്ക് ,അവൾ ദാനം ചെയ്തതിനും, ഭർത്താവിന് അദ്ദേഹം സമ്പാദിച്ചതിനും പ്രതിഫലമുണ്ട്. അത് സൂക്ഷിച്ചു വെച്ച വ്യക്തിക്കും അതുപോലെ പ്രതിഫലമുണ്ട്. ഒരാളുടെ പ്രതിഫലവും മറ്റൊരാളുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയ്ക്കുകയില്ല." (സ്വഹീഹുൽ ബുഖാരി)

ഇമാം സ്വൻആനി (റ) ഇതിനെ വിശദീകരിച്ചു പറഞ്ഞു: "ഭർത്താവിനും കുടുംബത്തിനുമായി ഭാര്യ തയ്യാറാക്കുന്ന ഭക്ഷണത്തിൽ നിന്ന് ഉപദ്രവകരമല്ലാത്ത രീതിയിൽ അവൾക്ക് ദാനം ചെയ്യാമെന്നതിന് ഇതിൽ തെളിവുണ്ട്."

അസ്മാഅ് ബിൻത് അബീബക്കർ (റ) ഒരിക്കൽ പ്രവാചകനോട് (സ്വ) ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, സുബൈർ (റ) എനിക്ക് നൽകുന്നതല്ലാതെ എന്റെ കൈവശം ഒന്നുമില്ല. അവർ നൽകുന്നതിൽ നിന്ന് അല്പം ഞാൻ ദാനം ചെയ്യുന്നതിൽ തെറ്റുണ്ടോ?"
പ്രവാചകൻ (സ്വ) മറുപടി നൽകി: "നിനക്ക് സാധിക്കുന്നത് പോലെ നീ നൽകുക, പിശുക്ക് കാണിക്കരുത്." (ബുഖാരി, മുസ്‌ലിം).

ഇവിടെ 'അല്പം നൽകുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സുബൈർ (റ) തൃപ്തിപ്പെടുമെന്ന് ഉറപ്പുള്ള അത്രയും നൽകാനാണ്.

ചുരുക്കത്തിൽ:
ഭർത്താവിന് വിരോധമുണ്ടാകില്ലെന്ന് ഉറപ്പുള്ള നിസ്സാരമായ കാര്യങ്ങൾ അദ്ദേഹത്തിന്റെ സമ്മതം ചോദിക്കാതെ തന്നെ ഭാര്യക്ക് ദാനം ചെയ്യാവുന്നതാണ്. അതിന് അവൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ ഭർത്താവ് അതിൽ അതൃപ്തനാണെന്ന് അറിയാമെങ്കിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ദാനം ചെയ്യാൻ പാടുള്ളതല്ല.

====================================

ചോദ്യം:
ഞാൻ ഒരു കാർ വാങ്ങി, എന്നാൽ വാങ്ങിയതിന് ശേഷമാണ് അതിൽ ഒരു തകരാർ (عيب) ഉള്ള കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഈ തകരാർ വെളിപ്പെടുത്താതെ എനിക്ക് ആ കാർ മറ്റൊരാൾക്ക് വിൽക്കാൻ പാടുണ്ടോ?

മറുപടി:
അല്ലാഹുവിനാണ് സർവ്വ സ്തുതിയും. നമ്മുടെ നേതാവായ റസൂലുല്ലാഹി (സ്വ) തങ്ങളുടെയും കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ഇടപാടുകൾ നടക്കേണ്ടത് വിൽക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള പൂർണ്ണ തൃപ്തിയോടെ (തറാളി) ആയിരിക്കണം. അല്ലാഹു തആല ഖുർആനിൽ പറയുന്നു: "സത്യവിശ്വാസികളെ, നിങ്ങൾ പരസ്പര തൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി ഭുജിക്കരുത്." (സൂറ അന്നിസാഅ്: 29). പ്രവാചകൻ (സ്വ) അരുളി: "കച്ചവടം പരസ്പര തൃപ്തിയോടെ മാത്രമായിരിക്കണം." (ഇബ്നു മാജ). വസ്തുവിനെക്കുറിച്ചുള്ള അറിവില്ലായ്മ (അജ്ഞത) ഇല്ലാതിരിക്കുന്നതും തകരാറുകളിൽ നിന്ന് മുക്തമായിരിക്കുന്നതും ഈ തൃപ്തിയുടെ ഭാഗമാണ്.

നിങ്ങൾ വാങ്ങിയ കാറിൽ അതിന്റെ വില കുറയ്ക്കുന്നതോ അല്ലെങ്കിൽ അതിന്റെ ഉപയോഗത്തിന് തടസ്സമാകുന്നതോ ആയ എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ, അത് വാങ്ങുന്നയാളോട് വെളിപ്പെടുത്താതെ വിൽക്കാൻ പാടുള്ളതല്ല. കാരണം, ഒരു തകരാർ ഒളിച്ചുവെക്കുന്നത് വഞ്ചനയും (الغش), ചതിയും (التدليس), മറ്റൊരാളുടെ ധനം അന്യായമായി കൈക്കലാക്കലുമാണ്. ഇത് ഇസ്‌ലാമിൽ നിഷിദ്ധമാണ്.

വാങ്ങിയ വസ്തു കൈപ്പറ്റുന്നതിന് മുൻപാണെങ്കിൽ വിൽക്കുന്നയാളുടെ അനുവാദം കൂടാതെ തന്നെ അത് തിരിച്ചുകൊടുക്കാൻ വാങ്ങുന്നയാൾക്ക് അവകാശമുണ്ട്. ഇനി കൈപ്പറ്റിയ ശേഷമാണെങ്കിലും തകരാറിന് ആനുപാതികമായി വില കുറച്ചു വാങ്ങാനോ അല്ലെങ്കിൽ വസ്തു പൂർണ്ണമായും തിരിച്ചുകൊടുക്കാനോ (رد بالعيب) അയാൾക്ക് അവകാശമുണ്ട്. ഉബാദത്തുബ്നു സ്വാമിത് (റ) നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ (സ്വ) വിധിച്ചു: "ആർക്കും ഉപദ്രവം വരുത്താനോ ഉപദ്രവത്തിന് പകരമായി ഉപദ്രവിക്കാനോ പാടില്ല (لا ضرر ولا ضرر)."

വിഷയത്തിൽ വിൽക്കുന്നയാൾക്ക് ആ തകരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല, മറിച്ച് വാങ്ങുന്നയാളിന്റെ അവകാശം എല്ലാ നിലയ്ക്കും സുരക്ഷിതമാണ്. ഇമാം ഇബ്നു ഖുദാമ (റ) തന്റെ 'അൽ-മുഗ്നി'യിൽ പറയുന്നു: "തകരാർ കാരണം ഒരു വസ്തു തിരിച്ചുകൊടുക്കാൻ വിൽക്കുന്നയാളുടെ തൃപ്തിയോ സാന്നിധ്യമോ ഒരു ജഡ്ജിയുടെ വിധിയോ ആവശ്യമില്ല; അത് വാങ്ങുന്നയാൾ കൈപ്പറ്റുന്നതിന് മുൻപായാലും ശേഷമായാലും ശരി."

ചുരുക്കത്തിൽ:
ചോദിച്ച വ്യക്തിക്ക് താൻ അറിഞ്ഞ തകരാർ വെളിപ്പെടുത്താതെ ആ കാർ വിൽക്കാൻ അനുവാദമില്ല. അത് വെളിപ്പെടുത്തിയ ശേഷം വാങ്ങുന്നയാൾക്ക് ഒന്നുകിൽ തകരാറിനുള്ള തുക കുറച്ച് കാർ വാങ്ങാം, അല്ലെങ്കിൽ ആ കച്ചവടത്തിൽ നിന്ന് പിന്മാറാം.

=====================================

ചോദ്യം:
എന്റെ പക്കൽ നിസാബ് (സകാത്ത് നിർബന്ധമാകുന്ന പരിധി) എത്തിയ ധനമുണ്ട്. കണക്കുകൾ ക്രമീകരിക്കുന്നതിനായി ഞാൻ സകാത്ത് കണക്കാക്കുന്നത് ഇംഗ്ലീഷ് വർഷം (Gregorian Calendar) അനുസരിച്ചാണ്. എന്നാൽ ഇംഗ്ലീഷ് വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ ഹിജ്റ വർഷപ്രകാരമുള്ള കാലാവധി (حول - ഒരു വർഷം) പൂർത്തിയാകുന്നുണ്ടെങ്കിൽ, ഇത്തരത്തിൽ ഇംഗ്ലീഷ് വർഷം അനുസരിച്ച് സകാത്ത് കണക്കാക്കുന്നത് ശറഇയ്യായി അനുവദനീയമാണോ?

മറുപടി:
അല്ലാഹുവിനാണ് സർവ്വ സ്തുതിയും. നമ്മുടെ നേതാവായ റസൂലുല്ലാഹി ﷺ തങ്ങളുടെയും കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് സകാത്ത്. ധനത്തെയും മനസ്സിനെയും ശുദ്ധീകരിക്കുക എന്നതടക്കം ഒട്ടനവധി ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ട്. അല്ലാഹു തആല പറയുന്നു: "അവരുടെ സ്വത്തുക്കളിൽ നിന്ന് നീ ദാനധർമ്മം സ്വീകരിക്കുക, അതിലൂടെ നീ അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു." (സൂറ തൗബ: 103).

സമ്പത്ത് നിസാബിൽ എത്തുകയും, അതിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടാവുകയും, അതിൽ ഒരു വർഷം (حول) പൂർത്തിയാവുകയും ചെയ്താൽ സകാത്ത് നിർബന്ധമാകും. പ്രവാചകൻ ﷺ അരുളി: "ഒരു വർഷം പൂർത്തിയാകുന്നത് വരെ ധനത്തിൽ സകാത്തില്ല." (അബൂദാവൂദ്).

സകാത്തിന്റെ കാര്യത്തിൽ ഇസ്‌ലാമിക പ്രമാണങ്ങൾ അടിസ്ഥാനമാക്കിയിരിക്കുന്നത് ചന്ദ്രവർഷത്തെ (ഹിജ്റ വർഷം) ആണ്, സൂര്യവർഷത്തെയല്ല (ഇംഗ്ലീഷ് വർഷം). കാരണം അല്ലാഹു തആല പറയുന്നു: "ചന്ദ്രക്കലകളെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യർക്ക് സമയനിർണ്ണയത്തിനും ഹജ്ജിനുമുള്ള അടയാളങ്ങളാണ്." (സൂറ ബഖറ: 189).

ഇമാം ഷാഫി (റ) തന്റെ 'അൽ-ഉമ്മ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: "മനുഷ്യർക്ക് സമയങ്ങൾ മനസ്സിലാക്കാൻ അല്ലാഹു ചന്ദ്രക്കലകളെ നിശ്ചയിച്ചു. മുസ്ലിങ്ങൾക്കുള്ള സമയനിർണ്ണയ അടയാളമായി അവൻ നിശ്ചയിച്ചത് ചന്ദ്രക്കലകളെയാണ്."

അതുകൊണ്ട്:
ഹിജ്റ വർഷപ്രകാരം സകാത്ത് നൽകേണ്ട സമയം ആയിക്കഴിഞ്ഞാൽ, ഇംഗ്ലീഷ് വർഷം അവസാനിക്കുന്നത് വരെ അത് വൈകിപ്പിക്കാൻ പാടുള്ളതല്ല. അർഹമായ കാരണം കൂടാതെ സകാത്ത് വൈകിപ്പിക്കുന്നത് അനുവദനീയമല്ല.

എങ്കിലും, സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഒരാൾക്ക് ഇംഗ്ലീഷ് വർഷം അനുസരിച്ചേ കണക്കാക്കാൻ സാധിക്കൂ എങ്കിൽ, ഇസ്‌ലാം നൽകുന്ന ഇളവ് (തൈസീർ) എന്ന നിലയിൽ അതിന് അനുവാദമുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ രണ്ട് കലണ്ടറുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. ചന്ദ്രവർഷത്തേക്കാൾ ഏകദേശം 11 ദിവസം കൂടുതലാണ് സൂര്യവർഷത്തിൽ. അതിനാൽ, ഈ വ്യത്യാസം പരിഹരിക്കുന്നതിനായി സകാത്തിന്റെ ശതമാനത്തിൽ വർദ്ധനവ് വരുത്തണം. സാധാരണ നൽകേണ്ട 2.5% എന്നതിന് പകരം 2.577% എന്ന തോതിൽ നൽകിയാൽ മാത്രമേ ആ അധിക ദിവസങ്ങളിലെ വിഹിതം കൂടി പൂർത്തിയാവുകയുള്ളൂ.

ചുരുക്കത്തിൽ:
അടിസ്ഥാനപരമായി ഹിജ്റ വർഷമാണ് പിന്തുടരേണ്ടത്. കണക്കുകൾ ക്രമീകരിക്കാൻ ഇംഗ്ലീഷ് വർഷം ഉപയോഗിക്കുന്നുണ്ടെങ്കിൽ, ആ അധിക ദിവസങ്ങൾ കൂടി കണക്കിലെടുത്ത് 2.577% എന്ന തോതിൽ സകാത്ത് നൽകേണ്ടതാണ്.

=============================

ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു പ്രതിഫലത്തിൽ പങ്കാളിയാവുക.
സന്ദർശിക്കുക. www.islamkerala.com 
സി പി അബ്ദുല്ല ചെരുമ്പ 
 9400534861

Files