ആജീവനാന്തം ജീവനാംശ നിയമം നടപ്പായാൽ

ഇന്ത്യൻ കോടതികൾക്ക് വിശുദ്ധ ഖുർആനിനോട് യാതൊരു ഉത്തരവാദിത്വവുമില്ല. സി.ആർ.പി.സി 125-ാം വകുപ്പ് ഇല്ലെങ്കിൽ ഈ പ്രശ്ന‌ത്തിൽ കോടതി ഒരിക്കലും ആജീവനാന്തം ചിലവിനു കൊടുക്കാൻ വിധിക്കുമെന്ന് ഊഹിക്കാവുന്നതുമല്ല. ഈ യാഥാർത്ഥ്യം അറിയാതെയോ മനപ്പൂർവ്വം മറച്ചു വെച്ചു കൊണ്ടോ ആണ് കോടതി 2.241 ന് അനുസരിച്ച് വിധി പ്രസ്താവിച്ചുവെന്ന് ചിലർ തട്ടിമൂളിക്കുന്നത്.

ആജീവനാന്തം ജീവനാംശ നിയമം നടപ്പായാൽ
ഇസ്ല‌ാമിക ശരീഅത്തിനെതിരെ മുമ്പ് ഇന്ത്യൻ പരമോന്നത കോടതി ഇടപെട്ട് വിധി കൽപിച്ചന്ന്. മുസ്‌ലിം ജന സമൂഹം ആ വിധിക്കെതിരെ പ്രതികരിച്ചപ്പോൾ അന്നത്തെ ഗവൺമെൻ്റ് ഇടപെട്ട് ഇസ്‌ലാമിക ശരീഅത്തിനെതിരെയുള്ള ആ നീക്കം അവസാനിപ്പിക്കുകയാണുണ്ടായത്. ഇപ്പോഴിതാ വിവാഹ മോചനം, ബഹുഭാര്യത്വം തുടങ്ങിയ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. മുമ്പ് ശരീഅത്ത് വിവാദമുണ്ടായപ്പോൾ അതിൽ പ്രധാന പങ്ക്‌ വഹിച്ചത് മുസ്‌ലിം ജന സമൂഹത്തിന്റെ ആധികാരിക മത സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അന്നത്തെ അതിൻ്റെ അമരക്കാരനായ മർഹൂം : ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാരുടെ അന്ന്  അതിനെക്കുറിച്ചുള്ള ഒരു ലേഖനം സിറാജ് ദിനപത്രത്തിലും ചന്ദ്രികയിലും പ്രസിദ്ധീകരിച്ചിരുന്നു. ചന്ദ്രികയിൽ വന്ന ലേഖനമാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ളത്. 
-----------------------------------------
 ആജീവനാന്ത ജീവനാംശ നിയമം നടപ്പിലായാൽ
ഇ.കെ.അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി, സമസ്‌ത കേരള  ജംഇയ്യത്തുൽ ഉലമ)
വിവാഹ മോചിതയായ മുസ്ലിം സ്ത്രീകളിൽ നിർദ്ധനരായവരുടെ നേരെ അനുകമ്പ കാണിക്കുന്നതിൽ മുസ്ലിംകളേക്കാൾ അധികം അമുസ്ലിംകൾ താൽപര്യം കാണിക്കുന്നു. മുസ്ലിംകളിൽ എണ്ണപ്പെടുന്ന ചിലരും അവരുടെ പിന്നിലുണ്ട്. ഇന്ത്യൻ കോടതികൾ ഖുർആൻ അനുസരിച്ച് വിധിപറയുന്ന കോടതികളാണെന്ന് വരെ ചിലർ വാദിച്ചു തുടങ്ങിയിരിക്കുന്നു. സാധു സംരക്ഷണത്തിൻ്റെ പേരും പറഞ്ഞു മുതലക്കണ്ണീരൊഴുക്കുന്നവർക്ക് ഈ പ്രശ്നം തങ്ങളുടെ മുതലെടുപ്പിനുള്ള നല്ലൊരു ആയുധമായിത്തീർന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഇസ്ലാമിക വീക്ഷണഗതി എന്താണെന്ന് വിശദീകരിക്കേണ്ട അവസരം ഇതാണെന്ന് മനസ്സിലാക്കി തന്നെയാണ് ഈ കുറിപ്പെഴുതുന്നത്. കോടതി വിധിയെ സംബന്ധിച്ചു ഇവിടെ കൂടുതൽ സ്പ‌ർശിക്കാൻ ഉദ്ദേശമില്ല. കാരണം ഇന്ത്യൻ കോടതികളുടെ ഉത്തരവാദിത്വം ഇവിടെത്തെ  ഭരണഘടനയോടും പാർലിമെൻ്റിനോടും ആണെന്നുളള യാഥാർത്ഥ്യം സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയാവുന്നതാണ്.
ഇന്ത്യൻ കോടതികൾക്ക് വിശുദ്ധ ഖുർആനിനോട് യാതൊരു ഉത്തരവാദിത്വവുമില്ല. സി.ആർ.പി.സി 125-ാം വകുപ്പ് ഇല്ലെങ്കിൽ ഈ പ്രശ്ന‌ത്തിൽ കോടതി ഒരിക്കലും ആജീവനാന്തം ചിലവിനു കൊടുക്കാൻ വിധിക്കുമെന്ന് ഊഹിക്കാവുന്നതുമല്ല. ഈ യാഥാർത്ഥ്യം അറിയാതെയോ മനപ്പൂർവ്വം മറച്ചു വെച്ചു കൊണ്ടോ ആണ് കോടതി 2.241 ന് അനുസരിച്ച് വിധി പ്രസ്താവിച്ചുവെന്ന് ചിലർ തട്ടിമൂളിക്കുന്നത്. നിയംജ്ഞന്മാർക്ക് ഈ പരമാർത്ഥം ഗ്രഹിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പ്രതിപക്ഷത്ത് നിന്നു ഉന്നയിക്കുന്ന വാദഗതികളെ സ്‌പർശിച്ചു കൊണ്ട് കോടതി വല്ലതും പറഞ്ഞിട്ടുണ്ടാവാം. പക്ഷേ, അതിൻ്റെ അടിസ്ഥാനത്തിലല്ല വിധി നൽകുന്നത് വിധി നൽകേണ്ടത് തനി ഇന്ത്യൻ ഭരണഘടനയുടെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കണം. എന്നാൽ, വിവാഹമോചിതരായ സ്ത്രീകൾക്ക് പുനർ വിവാഹം വരേയോ മരണം വരേയോ ചിലവിനു വേണ്ട തുക നൽകണമെന്നു വന്നാൽ അതിൽ നിന്നു ഉൽഭവിക്കുന്ന അപത്തുകൾ എന്തൊക്കെയാണെന്ന് നമുക്കൽപം ചിന്തിക്കാം. 
ഒന്ന്: സമൂഹത്തിൽ വലിയൊരു വിഭാഗം ഇന്നും ദാരിദ്ര്യ രേഖക്കു താഴെയാണ് നിലകൊള്ളുന്നത്. വിവാഹ പ്രായമെത്തിയ പെൺമക്കളെ  കെട്ടിച്ചയക്കാൻ സാധിക്കാതെ മനം നൊന്തു കഴിയുന്ന എത്രയോ കുടുംബങ്ങളെ നമുക്കാകൂട്ടത്തിൽ കാണാം. പ്രസ്തു‌ത നിയമം ബലത്തിൽ വന്നാൽ അത്തരം കുടുംബങ്ങളിലെ യുവതികൾക്കൊന്നും തന്നെ വൈവാഹിക ജീവിതം സ്വ‌പ്നം കാണാൻ പോലും സാധിച്ചില്ലെന്ന് വന്നേക്കാം. കാരണം സ്വന്തം നിലക്ക് സ്വത്തില്ലാത്ത സ്ത്രീകളെ വിവാഹം ചെയ്യാൻ ആളുകൾ മടി കാണിക്കും. സ്വഭാവ ദൂഷ്യം കൊണ്ടോ അപരിഹാര്യങ്ങളായ മറ്റു വല്ല കാരണങ്ങളെ കൊണ്ടോ നീതിപൂർവ്വകമായി തന്നെ വിവാഹ ബന്ധം വേർപ്പെടുത്തേണ്ടി വന്നാൽ ആജീവനാന്തം ചെലവിന് നൽകുകയെന്ന തലയിൽ പേറാൻ ആരെങ്കിലും തയ്യാറാവുമോ ? ഇന്ന് അവർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നവർ പോലും അതിന് സന്നദ്ധത കാണിക്കുമോ ? അങ്ങനെ വന്നാൽ സമുദായത്തിൽ എത്ര ശതമാനം പേർ ജീവിതകാലം മുഴുവൻ അവിവാഹിതരായി തന്നെ കഴിയേണ്ടി വരുമെന്ന ചിന്തിക്കാവുന്നതാണ്.
രണ്ട് : മേൽ പറഞ്ഞ നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ സ്ത്രീധന സമ്പ്രദായം പൂർവ്വാധികം ശക്തിയോടെ നടപ്പിൽ വരുന്നതായി കാണാം. കാരണം. സ്വത്തില്ലാത്ത പെണ്ണിനെ കെട്ടാൻ ആരും ഇഷ്ടപ്പെടുകയില്ലെന്ന് മേൽ പറഞ്ഞതിൽ നിന്ന് വ്യക്തമായല്ലോ. വല്ല കാരണവശാലും വിവാഹ മോചനം നടത്തേണ്ടി വന്നാൽ അന്നു സ്വത്തില്ലാത്തപ്പെണ്ണിനു ആജീവനാന്തം ജീവനാംശം കൊടുക്കണമെന്ന വിധിയിൽ നിന്ന് രക്ഷപ്പെടാൻ ആദ്യം തന്നെ കെട്ടാൻ പോവുന്ന പെണ്ണിൻ്റെ പേരിൽ സ്വത്തുണ്ടാക്കാനായിരിക്കും ശ്രമം. ഫലമോ ? സ്ത്രീധന സമ്പ്രദായം തടുക്കാനാവാത്ത വിധം നടപ്പിൽ വരികയും ചെയ്യും. ഒരേ സ്റ്റേജിൽ നിന്നു കൊണ്ട് സ്ത്രീധന സമ്പ്രദായത്തെ ആക്ഷേപ്പിക്കുകയും വിവാഹ മോചിതർക്ക് ആജീവനാന്ത ജീവനാംശം കൊടുക്കണമെന്ന്   വാദിക്കുകയും ചെയ്യുന്നവരുടെ ബുദ്ധി അൽഭുതകരം തന്നെ. അത്തരത്തിലുളള ഒരു സ്ഥിതി വിശേഷം സംജാതമായാൽ മേൽ പറഞ്ഞ നിയമം വഴി സ്ത്രീകൾക്കുള്ള രക്ഷ, ശിക്ഷയായി പരിണമിക്കുമെന്ന് മനസ്സിലാക്കാം. അങ്ങനെ വരാതെ കഴിയുകയുമില്ല.
മൂന്ന് : വിവാഹ മോചിതയായ സ്ത്രീക്ക് ആജീവനാന്തം ചിലവിന്  നൽകണമെന്ന് വന്നാൽ സ്വഭാവ ദൂഷ്യങ്ങൾ കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ വിവാഹ ബന്ധം തുടർന്ന് പോകാൻ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പോലും അത്തരം സ്ത്രീകളെ ഭർത്താക്കന്മാർ വിവാഹ മോചനം നടത്താതെ വെച്ചുകൊണ്ടിരിക്കും അങ്ങനെ തുടരുന്ന ഭാര്യാ ഭർത്താക്കന്മാരുടെ ജീവിതം നരക തുല്യമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ലോകത്തിൽ വല്ലവർക്കും നരകം കാണണമെങ്കിൽ അത്തരം കുടുംബമൊന്ന് സന്ദർശിച്ചാൽ മതിയാകും. വികാരങ്ങൾക്ക് വശം വദരായി വല്ലപ്പോഴും അവർക്കിടയിൽ ഒരു സന്താനം ജനിച്ചുവെന്ന് വെക്കുക. ആ സന്താനത്തിൻ്റെ സ്വഭാവ ഗുണങ്ങളെപ്പറ്റി മനശ്ശാസ്ത്രപരമായി അൽപജ്ഞാനമെങ്കിലും ഉള്ളവർ ചിന്തിച്ചാൽ മതി. ദമ്പതികൾക്കിടയിൽ പരസ്‌പരം വിശ്വാസവും സ്നേഹാദരങ്ങളുമില്ലാത്ത ജീവിതത്തിൽ നിന്ന് ഉടലെടുക്കുന്ന തലമുറ ഈ ലോകത്തിനു തന്നെ തീരാ ശാപമായിത്തീരുമെന്ന് ശാസ്ത്ര തത്വങ്ങളും അനുഭവ പാഠങ്ങളും കാര്യകാരണ ബന്ധത്തോടെ ഉദ്ഘോഷിക്കുന്നുണ്ട്. ഭാര്യഭർത്താക്കന്മാരുടെ മാനാസിക നില സന്താനങ്ങളിൽ പ്രതിഫലിക്കുമെന്നു നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ല‌ാം ലോകത്തിനു  പഠിപ്പിച്ച തത്വം ഇന്ന് ശാസ്ത്രങ്ങൾ തെളിയിച്ചിരിക്കുകയാണ്. ആധുനികന്മാർ അതു പോലും ചിന്തിക്കാത്തത് അൽഭുതം തന്നെ. വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
നാല് : ഒരു തരത്തിലും ദാമ്പത്യ ജീവിതം തുടർന്നു പോവാൻ സാധ്യതയില്ലാതെ വരുന്ന സാഹചര്യത്തിൽ ആജീവനാന്തം ചെലവിന് കൊടുക്കേണ്ടിവരുമെന്ന ഭയത്താൽ വിവാഹ മോചനം നടത്താതെ ഭർത്താക്കന്മാർ ഭാര്യമാരെ വെച്ചു കൊണ്ടിരുന്നാൽ ആ "ഭാര്യമാർ " ഒടുവിൽ ചുകന്ന തെരുവിൻ്റെ  സന്തതികളായിത്തീരുമെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്. പാശ്ചാത്യ രാജ്യങ്ങളിൽ കണ്ട് വരുന്ന വർദ്ധിച്ച ലൈംഗികാരാജകത്വത്തിന്റെ അടിസ്ഥാനം ഇത്തരം കാര്യങ്ങളാണെന്ന് വാർത്താമാധ്യമങ്ങളിലൂടെ നിത്യേന നാം അറിഞ്ഞു കൊണ്ടിരിക്കുന്നു.
അഞ്ച് :"ദുസ്സഹമായ ജീവിതത്തിൽ നിന്നും മോചനം നേടാൻ  ആത്മഹത്യയിലായിരിക്കും ചെന്നെത്തുക. രണ്ടോ മൂന്നോ സന്തതികളുണ്ടായ ശേഷമാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെങ്കിൽ ആ സന്താനങ്ങളുടെ ഭാവിയും ഭയാനകരം തന്നെ. ഇനിയും പല ദൂഷ്യങ്ങളും ചിന്തിച്ചാൽ ആർക്കും കണ്ടെത്താൻ കഴിയും. സാധാരണക്കാരുടെ ജീവിതം  താറുമാറാക്കാനിടയാവുന്ന ചില കാര്യങ്ങൾ മാത്രമേ ഇവിടെ ഉദ്ധരിച്ചിട്ടുളളൂ. മേൽ പറഞ്ഞ തരത്തിലുള്ള ദൂഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടാണ്  വിവാഹമോചന നിയമങ്ങളെ ഇസ്‌ലാം വ്യവസ്ഥപ്പെടുത്തിയിട്ടുളളത്.  വിവാഹമോചനത്തിന് അടിസ്ഥാനപരമായ മൂന്ന് ഘടകങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ വിവാഹമോചനം ചെയ്ത ശേഷം ഏതാണ്ട് മൂന്ന് മാസം വരെ ചെലവിന് കൊടുത്തു കൊണ്ടു തന്നെ സ്ത്രീയുടെ സ്വഭാവ ഗുണങ്ങൾ നന്നാവുമോ . ഭാവിയിൽ ദാമ്പത്യ ജീവിതം സന്തോഷകരമായി നീക്കാൻ കഴിയുമോ എന്ന് പരിശോധിക്കുകയും ശരിപ്പെടുമെന്ന് തോന്നിയാൽ സ്ത്രീയെ തിരിച്ചെടുക്കാൻ കൽപിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തിലും അതേ നിലപാടു സ്വീകരിക്കാൻ തന്നെയാണ് ഇസ്‌ലാം കൽപിക്കുന്നത്.  അങ്ങനെ രണ്ട് തവണ  തിരിച്ചെടുത്തിട്ടും ദാമ്പത്യ ജീവിതം വീണ്ടും പരാജയപ്പെടുകയും ഇനിയൊരിക്കലും അതു വിജയകരമായി തുടരാൻ സാധ്യമല്ലെന്നുറപ്പു വരികയും ചെയ്യുമ്പോഴാണ് മൂന്നാം ഘട്ടം പ്രാബല്യത്തിൽ വരുന്നത്. അങ്ങനെ വരുമ്പോൾ തന്നെയും അവളുടെ ഭാവി നഷ്ടപ്പെടാതിരിക്കാൻ ജനങ്ങൾ അറിയത്തക്കനിലയിൽ അവൾക്കെന്തെങ്കിലും പാരിതോഷികം കൊടുത്തു വിട്ടയക്കണമെന്നാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. അവളെ മറ്റൊരാൾ സ്വീകരിക്കാമെന്ന് വെച്ചാൽ അതിന് തടസ്സം വരാതിരിക്കാനാണ് ഈ പാരിതോഷികമാനം. മേൽ വിവരിച്ച ഈ നിലപാട് ലോകത്തിലുള്ള ഒരു മതവും സ്വീകരിച്ചതായി കാണാൻ കഴിയുകയില്ല. തന്നെയുമല്ല ഇസ്‌ലാമിലെ വിവാഹമോചനം ഒരു വൺവെ ട്രാഫീഖ് അല്ല. പുരുഷനു വിവാഹമോചനത്തിന് അവകാശം നൽകുന്ന ഇസ്‌ലാം വിവാഹമോചനത്തിനുള്ള അധികാരം സ്ത്രീക്കും നൽകിയിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ ഭർത്താവിനെ ഇഷ്ടപ്പെടാത്ത സ്ത്രീക്ക് ആ ഭർത്താവിനെ വിവാഹമോചനം നടത്താമെന്ന് ഇസ്‌ലാം വിധിക്കുന്നു. ഇത് ലോകത്തിൽ ഒരു മതത്തിലും കാണാത്ത യാഥാർത്ഥ്യമാണ്.
ഇസ്ല‌ാം വിഭാവനം ചെയ്യുന്ന സന്തുഷ്ടമായ ഒരു കുടുംബത്തിൻ്റെ മാത്യകയും അത്തരം കുടുംബങ്ങളടങ്ങുന്ന സമൂഹത്തിൻ്റെ മേന്മയും ഇതിൽ നിന്ന് മനസ്സിലാക്കാം. ഒരു വ്യക്തിയുടെ സ്വത്തോ സാധനങ്ങളോ അനുഭവിക്കാൻ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. പിന്നെങ്ങനെ ഒരു മുസ്‌ലിം സ്ത്രീ തൻ്റെ മുൻ ഭർത്താവിൽ നിന്നും ആജീവനാന്ത ജീവനാംശം സ്വീകരിക്കും. മേൽ പറഞ്ഞ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീക്ക് പുനർ വിവാഹം വരേയോ മരണം വരേയോ ജീവനാംശം കൊടുക്കണമെന്ന വിധിയെപ്പറ്റി ചിന്തിക്കുമ്പോൾ സ്ത്രീകളെ കഠിനമായി ദ്രോഹിക്കാൻ ഉള്ള ഒരു വഴിയായിരിക്കും അതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. മറിച്ച് അവരെ സംരക്ഷിക്കുകയാണ് ഇസ്‌ലാം ചെയ്‌തിട്ടുളളത്. ആകെയാൽ മേൽ പറഞ്ഞ വസ്‌തുതകൾ ശരിയാംവണ്ണം മനസ്സിലാക്കുകയും ആവശ്യമില്ലാത്ത വാദ പ്രതിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യേണ്ടത് ഓരോ മുസ്‌ലിമിൻ്റെയും ബാധ്യതയാണെന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു. നിയമാനുസൃതമായ മാർഗ്ഗങ്ങളിലൂടെ വസ്‌തുതകൾ കേന്ദ്ര ഗവണ്മെൻ്റിനെ ബോധ്യപ്പെടുത്തുകയും മുസ്‌ലിം വ്യക്തി നിയമങ്ങൾ നിലനിർത്താൻ അപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ശരിയായ മാർഗ്ഗം. അതിനായിരിക്കട്ടെ ഓരോ മുസ്‌ലിമിൻ്റെയും ശ്രമവും.
ചന്ദ്രിക 20/08/1985
ഇസ്ല‌ാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കൂടുതൽ അറിയുവാൻ ഒരു അമുസ്‌ലിം സ്ത്രീയുമായി ഇ-മെയിലിലൂടെ നടന്ന ചർച്ച കാണുക. [വീഡിയോ ക്ലിപ്പ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  http://islamkerala.com/videos/clips/clip.3gp]
www.islamkerala.com
Mobile: 0091 9400534861