ഉറച്ച തീരുമാനം

ഗൾഫിൽ വന്ന ശേഷം അഞ്ചു വർഷം കഴിഞ്ഞാണ് ആദ്യമായി നാട്ടിൽ പോകുന്നത്. കല്ല്യാണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാട്ടിലേക്കുള്ള യാത്ര. അതിനു മുമ്പ് തന്നെ  ജ്യേഷ്ടനെ കാര്യങ്ങൾ ധരിപ്പിക്കുകയും അനുകൂലമായി നിർത്തുകയും ചെയ്തിരുന്നു.

ഉറച്ച തീരുമാനം

            ഉറച്ച തീരുമാനം

ബാല്യകാലത്ത് പള്ളി ദർസിൽ പഠിക്കുമ്പോൾ സഹപാഠികൾക്ക് കൊടുത്ത വാക്കാണ് ഞാൻ സ്ത്രീധനം വാങ്ങാതെ കല്ല്യാണം കഴിക്കുമെന്നത്. സ്ത്രീധന ദുരന്തത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടൊന്നുമല്ല.പിന്നീടാണ് അതിന്റെ ഗൗരവം പൂങ്കാവനം പോലോത്ത മാസികകളിൽ നിന്നും ഉസ്താദുമാരുടെ പ്രസംഗങ്ങളിൽ നിന്നും സ്ത്രീധനം വാങ്ങൽ ഹറാമല്ലെങ്കിലും ചോദിച്ചു ബുദ്ധിമുട്ടിച്ച് ഇരന്നു വാങ്ങുന്ന സ്ത്രീയുടെ "ധനം'അത്ര നല്ലതല്ല എന്നു മനസ്സിലായത്. പക്ഷെ,എന്റെ ഈ തീരുമാനം നടപ്പിൽ വരുത്താൻ വളരെയേറെ കഷ്ടപ്പെടേണ്ടിവന്നു എന്നതാണ് സത്യം.

ഗൾഫിൽ വന്ന ശേഷം അഞ്ചു വർഷം കഴിഞ്ഞാണ് ആദ്യമായി നാട്ടിൽ പോകുന്നത്. കല്ല്യാണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാട്ടിലേക്കുള്ള യാത്ര. അതിനു മുമ്പ് തന്നെ  ജ്യേഷ്ടനെ കാര്യങ്ങൾ ധരിപ്പിക്കുകയും അനുകൂലമായി നിർത്തുകയും ചെയ്തിരുന്നു. വീട്ടുകാർ ഇതിന് പൂർണ്ണമായി സമ്മതിക്കില്ലാ എന്ന് എനിക്ക് നേരത്തെ  തന്നെ അറിയാമായിരുന്നു. എന്നാലും നാട്ടിൽ പോകുന്നതിന് മുമ്പ് ഉപ്പയെയും ഉമ്മയെയും വിളിച്ച് ഞാൻ നാട്ടിൽ വരികയാണെന്നും കല്ല്യാണം കഴിക്കുകയാണെങ്കിൽ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയെ നോക്കി വെക്കെണമെന്നും ഒന്നും വാങ്ങാനുള്ള ഉദ്ദേശമില്ല എന്നും പറഞ്ഞിരുന്നു. അതൊക്കെ നീ വന്നിട്ട് തീരുമാനിക്കാം എന്ന് അവർ പറഞ്ഞു. നാട്ടിലെത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു അവരുടെ പ്രതികരണം. നീ നിന്റെ പെങ്ങളെ എങ്ങനെയാണ് കെട്ടിച്ച് കൊടുത്തത്? ഒന്നും കൊടുക്കാതെയല്ലല്ലോ?? പിന്നെ നിനക്ക് വാങ്ങുന്നതിനെന്താ? നീ ഒരാൾ വിചാരിച്ചാലൊന്നും ഈ നാട് നന്നാക്കാൻ കഴിയില്ല. അത് കൊണ്ട് കൂടുതൽ വേണ്ടെങ്കിൽ കുറച്ചെങ്കിലും വാങ്ങണം എന്നായി വീട്ടുകാരുടെ ഭാഷ്യം. യതീം കുട്ടിയേയോ,ഒന്നിനും ഗതിയില്ലാത്തവരേയോ നീ കെട്ടരുത് എന്നുള്ള നിർദ്ദേശവും കൂടെ  കിട്ടി. ചുരുക്കിപ്പറഞ്ഞാൽ, ഒരിടത്തരം കുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെ നോക്കി. സംസാരത്തിനായി പെണ്ണ് വീട്ടുകാർ വന്നപ്പോൾ പതിവിന് വിപരീതമായി പുതിയാപ്പിളയായ ഞാൻ തന്നെ സംസാരത്തിൽ ഇടപെട്ടു. ഞാൻ പറഞ്ഞു കൂടുതലൊന്നും നമുക്ക് സംസാരിക്കാനില്ല,വാങ്ങുന്നതിന്റെ കണക്കൊക്കെ പറഞ്ഞ് തർക്കിക്കാനൊന്നുമില്ലല്ലോ തീയ്യതി നിശ്ചയിച്ചാൽ മതി. പെണ്ണ് വിഭാഗക്കാർ പണം പൊന്ന് എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് പണമൊന്നും വേണ്ട, ആഢംബരമില്ലാതെ കല്ല്യാണം നടത്താനാണ് ഉദ്ദേശം. പിന്നെ സ്വർണ്ണത്തിന്റെ ചെറിയ കണക്ക് പറയാമെന്നായി , വീട്ടുകാർ തുടങ്ങുന്നതിന് മുമ്പു തന്നെ ഞാൻ പറഞ്ഞു. പെണ്ണിന് പൊന്ന് അല്ലാഹു തആല ഹലാലാക്കിയതാണല്ലോ, പിന്നെ എനിക്ക് അത് വേണ്ടെന്ന് പറയാൻ അധികാരമില്ലല്ലോ അതിനാൽ നിങ്ങൾക്ക് കഴിയുന്ന  സ്വർണ്ണം ചെറിയ മട്ടിൽ കൊടുത്താൽ മതി. അതിന്റെ പേരിൽ കടങ്ങൾ വാരിക്കൂട്ടരുത്. അതും കേട്ട് പെണ്ണ് വീട്ടുകാർ തിരിച്ചുപോയി.

പിന്നെ വീട്ടുകാരുടെ ആവശ്യം കല്ല്യാണം ഗംഭീരമാക്കണം എന്നതാണ് ഗൾഫിൽ തുച്ചമായ ശമ്പളത്തിന് ജോലി ചെയ്യുന്ന എന്റെ കയ്യിൽ ഇന്ത്യൻ 75,000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ നിന്നു തന്നെ മൂന്ന് മാസത്തെ ലീവും കഴിച്ചു കൂട്ടണം. ഞാൻ പറഞ്ഞു "പ്രധാനപ്പെട്ട കുറച്ചു ആളുകളെ വിളിച്ച് ചെറിയ ഒരു സദ്യ ഒരുക്കി കല്ല്യാണം നടത്താമെന്ന്, അതിന് വീട്ടുകാർ സമ്മതിച്ചില്ല , അവർ പറയുന്നത് ചുരുങ്ങിയത് മഹല്ല് മൊത്തവും (എൻപത് വീടുകളാണ് മഹല്ലിലുള്ളത്) പുറത്തുനിന്നുള്ള ബന്ധുക്കളെയും വിളിക്കേണ്ടി വരും അപ്പോൾ എണ്ണൂറോളം ആളുകൾക്കുള്ള സദ്യ ഒരുക്കണം. ഞാൻ പറഞ്ഞു ഇത്രയൊന്നും വലിയ രീതിയിൽ എന്നെക്കൊണ്ട് കഴിയില്ല. അപ്പോൾ അവർ പറയുന്നത് കയ്യിൽ പണമില്ലെങ്കിൽ സ്ത്രീധനം വാങ്ങിക്കൊള്ളൂ. പക്ഷെ ഞാൻ പറഞ്ഞു സ്ത്രീധനം വാങ്ങിയിട്ടൊന്നും നാട്ടുകാരെ തീറ്റിക്കണമെന്ന നിർബന്ധമില്ല. ഞാൻ കല്ല്യാണം തന്നെ കഴിക്കുന്നില്ല, തിരിച്ചു ഗൾഫിൽ തന്നെ പോകുകയാണ്. പിറ്റെ ദിവസം തന്നെ ടിക്കറ്റ് ഓകെ ചെയ്യാൻ പറഞ്ഞു. ഇതറിഞ്ഞ് അമ്മാവന്മാരും മറ്റും ചേർന്ന് എന്റെ ആവശ്യപ്രകാരം കല്ല്യാണം നടത്താൻ തിരുമാനിച്ചു.

ജുമഅത്ത് പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ്. വെറും നൂറ്റമ്പത് പേർ മാത്രമുള്ള സദ്യ. അതിന്റെ പേരിൽ ആർക്കും ക്ഷീണമോ ആരുടെയെങ്കിലും നിസ്കാരമോ ഖളാഅ് ആയിട്ടില്ല. ഇങ്ങനെ സ്വന്തമായി ഉറച്ച തീരുമാനമുണ്ടെങ്കിൽ ഏതു നാട്ടു മാമുലുകളേയും ധീരമായി നേരിടാം.
   

ബി. കെ . അബ്ദുല്ലത്തീഫ് (അബൂദാബി)
ബെളിഞ്ചം കാസർഗോഡ്
Mobile: 00971 50 4380690