കടൽ സ്വാന്തനം പോലെ ..

പവിഴപ്പുറ്റുകളോട് ചേർന്ന് അസംഖ്യം ജീവികൾ വസിക്കുന്നുണ്ട്. അതി സുന്ദരമായ ജീവികളാണതിൽ പലതും. 200 കിലോഗ്രാം വരുന്ന ഭീമാകാരങ്ങളായ ചിപ്പികൾ, വൈവിധ്യമാർന്ന ഞണ്ടുകൾ, ബഹുവർണ്ണ മത്സ്യങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു. ഈ വർണ്ണ ഹാരിതക്ക്  മാറ്റുകൂട്ടത്തക്കവിധം മയിൽ പ്പീലി പോലെ അത്യന്തം  സുന്ദര വർണ്ണത്തിലുള്ള മത്സ്യങ്ങളും ഈ പൂന്തോപ്പിലുണ്ട്.

കടൽ സ്വാന്തനം പോലെ ..

കടൽ സാന്ത്വനം പോലെ

بسمِ اللهِ الرَّحْمَنِ الرَّحِيمِ

وَهُوَ الَّذِي سَخَّرَ البَحْرَ لِتَأْكلوا منه لحما طريا وتستخرجوا منه حلية تلبسونها وترى الفلك مَوَاخِرَ فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

 
" നിങ്ങൾക്ക് കടലിനെ അധീനപ്പെടുത്തിത്തന്നത് അവനാണ് പുത്തൻ മാംസം നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കുവാനും നിങ്ങൾക്ക് അണിയാനായി ആഭരണങ്ങൾ അതിൽ നിന്ന് പുറത്തെടുക്കുവാനും വേണ്ടി, കടലിനെ കീറിപ്പിളർന്ന് കപ്പൽ സഞ്ചരിക്കുന്നത് നിനക്ക് കാണാം നിങ്ങൾ അവൻ്റെ അനുഗ്രഹം തേടുവാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടി. ( സൂറത്തുന്നഹ്ൽ 14)

അളവറ്റ അനുഗ്രഹ സമ്പത്തുകളുടെ ഇരിപ്പിടമായ കടലിനെ ഖുർആൻ നാൽപത്തിയെട്ടോളം സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട്. അതിൽ മനുഷ്യർക്ക് അധീനപ്പെടുത്തിയിരിക്കുന്നതും കടൽ സഞ്ചാരവും കടലിലെ വിഭവങ്ങളും മറ്റും കടലിന്റെ  നാശവും അന്ത്യനാളിൽ അതിന്റെ  അവസ്ഥയും തുടങ്ങി പലതും ഖുർആൻ പ്രസ്‌താവിക്കുന്നു.

ജീവിതത്തിനാവശ്യമായ ഭക്ഷണം, ആഭരണം തുടങ്ങി പലതും കടലിലൊളിഞ്ഞിരിപ്പുണ്ട്. ഒരു ഘന കിലോമീറ്റർ കടൽ ജലത്തിൽ ഒരു കിലോഗ്രാം സ്വർണ്ണം അടങ്ങിയിട്ടുണ്ടത്രെ! ഏകദേശം  1,360,800,000 കിലോ ഗ്രാം സ്വർണ്ണം കടൽ ജലത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. (സമുദ്രശാസ്ത്രം: പേജ് 48 ) കരയേക്കാൾ 300 മടങ്ങ് വ്യാസം കടലിലുണ്ട്. അതിസൂക്ഷ്‌മങ്ങളായ ബാക്ടീരിയ മുതൽ 170 ടൺ ഭാരവും 37 മീറ്റർ നീളവുമുള്ള തിമിംഗലങ്ങൾ വരെയും കടലിൽ അധിവസിക്കുന്നുണ്ട്. ഇങ്ങനെ തുടങ്ങി മാനവ ധിഷണ പൂർണ്ണമായി കടൽ ജ്ഞാനത്തിനുപയോഗിച്ചാൽ തന്നെയും കണ്ടെത്താൻ കഴിയാത്ത നിഗൂഡവും അത്ഭുതകരവുമായ പലതും കടലിന്റെ മടിത്തട്ടിലൊളിഞ്ഞിരിപ്പുണ്ട്. 
 
കടലിന്റെ സംഗീതം 

ആർത്തലച്ച്, ഓളം വെട്ടിവരുന്ന തിരമാലകൾ കടലിന്റെ സംഗീതവും മാനവന് ദൃഷ്ടാന്തവുമാണ്. ഒന്നിനു പുറമെ മറ്റൊന്നായി ഉയർന്നു വരുന്ന തിരകൾ കാറ്റടിക്കുമ്പോൾ ശക്തമാവുന്നത് കാണാം. കൊടുങ്കാറ്റുളളപ്പോഴാകട്ടെ ആകാശം മുട്ടെ ഉയർന്നു പൊങ്ങുന്നു. ഇത്തരം തിരകൾ കരയിലെ ജീവനും സ്വത്തിനും ഭീഷണിയുയർത്താറുണ്ട്. 1933 ൽ 'രമപ്പോ'എന്ന അമേരിക്കൻ കപ്പലിലേക്ക് ചുഴലിക്കാറ്റിൽ അടുച്ചു കയറിയ തിരകളാണ് ഇന്നോളം കണ്ടതിൽ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്നത്. 24 മീറ്റർ മുതൽ 34 മീറ്റർ വരെ ഉയരമുള്ള തിരകൾ ഒന്നിനു പിറകെ ഒന്നായി കപ്പലിലേക്ക് അടിച്ചു കയറുകയായിരുന്നു. 'കൊടുങ്കാറ്റുതിരകൾ' എന്നറിയപ്പെടുന്ന ഉഗ്രരൂപികളായ തിരകൾക്ക് 1830 മീറ്റർ ഉയരമുണ്ടായിരിക്കും തീരത്തുള്ള വസ്‌തുക്കളെ അവ ആകമാനം നശിപ്പിക്കുന്നു. 1883 ൽ ജാവാ ദീപിനടുത്ത് 'ക്രോകറ്റേവ' അഗ്നി പർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്നണ്ടായ ശക്തമായ തിരയിൽ നിരവധി പട്ടണങ്ങളും 36,000 ത്തോളം ആളുകളും നശിച്ചൊടുങ്ങി. (കടൽ ഒരത്ഭുതം 39) ഇത്തരത്തിലുള്ള ഒരു തിരയെക്കുറിച്ചു ഖുർആൻ പരാമർശം കാണുക.

 

وَإِذا غَشِيَهُمْ مَوْجٌ كَالظّلل دَعَوْا اللهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرّ فَمِنْهُمْ مُقْتَصِدٌ وَمَا يَجْحَدُ بِآيَاتِنَا إِلَّا كُلُّ خَتَارٍ كَفُورٍ

" പർവ്വതങ്ങൾ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാൽ കിഴ്വണക്കം അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് അവനോട് അവർ പ്രാർത്ഥിക്കുന്നു. എന്നാൽ അവരെ അവൻ കരയിലേക്കു രക്ഷപ്പെടുത്തുമ്പോഴോ അവരിൽ ചിലർ(മാത്രം) മര്യാദ പാലിക്കുന്നവരായിരിക്കും. പരമ വഞ്ചകന്മാരും നന്ദി കെട്ടവരും ആരെല്ലാമോ അവർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുകയുള്ളൂ. (സൂറത്തു ലുഖുമാൻ 32)

കടലിലെ പൂന്തോപ്പ്


 
കരയിലുളളതിനേക്കാൾ വിചിത്രവും വർണ്ണ വൈവിധ്യവുമുള്ള ഒരത്ഭുത തോട്ടമാണ് പവിഴപ്പുറ്റുകളുടേത്. കൂട്ടം കൂട്ടമായി കണ്ട് ‌വരുന്ന ഇത്തരം കടൽ പുറ്റുകൾ ഉഷ്‌ണ മിതോഷ്‌ണ മേഖലയിലെ കടൽ ജലത്തിലാണ് കണ്ടു വരുന്നത്. പെസഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാ സമുദ്രത്തിലും പവിഴപ്പുറ്റു നിരകൾ ധാരാളം കണ്ട്‌ വരുന്നു. പവിഴപ്പുറ്റ് ഒരു തരം ജീവികളുടെ അസ്ഥികൂടമാണ്. ഈ ജീവികളുടെ പ്രവർത്തനഫലമായി വിവിധ ആകൃതിയിലും വർണ്ണത്തിലുമുള്ള പവിഴപ്പുറ്റു നിരകൾ രൂപം കൊള്ളുന്നു.

പവിഴപ്പുറ്റുകളോട് ചേർന്ന് അസംഖ്യം ജീവികൾ വസിക്കുന്നുണ്ട്. അതി സുന്ദരമായ ജീവികളാണതിൽ പലതും. 200 കിലോഗ്രാം വരുന്ന ഭീമാകാരങ്ങളായ ചിപ്പികൾ, വൈവിധ്യമാർന്ന ഞണ്ടുകൾ, ബഹുവർണ്ണ മത്സ്യങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു. ഈ വർണ്ണ ഹാരിതക്ക്  മാറ്റുകൂട്ടത്തക്കവിധം മയിൽ പ്പീലി പോലെ അത്യന്തം  സുന്ദര വർണ്ണത്തിലുള്ള മത്സ്യങ്ങളും ഈ പൂന്തോപ്പിലുണ്ട്. പവിഴപ്പുറ്റുകൾ കൊക്കയിലും വിളളലുകൾക്കിടയിലും നിറയുന്നുണ്ട്. ആരലുകൾ, സ്രാവുകൾ, കടൽ കുതിരകൾ തുടങ്ങിയ എത്രയോ ജീവികൾ ഈ പൂന്തോപ്പിൽ വസിക്കുന്നു. വിവിധ വർണ്ണത്തിലുള്ള ലക്ഷോപലക്ഷം പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന ഒരു പൂന്തോപ്പിന്റെ പ്രതീതിയാണ് പവിഴപ്പുറ്റ് സമൂഹത്തിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതം ആസ്ട്രേലിയയിലെ വടക്കുകിഴക്കൻ തീരത്ത് സമാന്തരമായി പന്തലിച്ചു കിടക്കുന്ന 'ഗ്രേറ്റ് ബാറിയൻ റീഫ്' ആകുന്നു. ഈ മേഖലക്ക് 200 കിലോമീറ്റർ നീളവും 150 കിലോമീറ്റർ വീതിയുമുണ്ട്. (അഖില  വിജ്ഞാനകോശം 4/497)

കടലിലെ പ്രതിഭാസങ്ങൾ 

കടലിൽ അരങ്ങേറുന്ന പ്രതിഭാസങ്ങളിൽ പെട്ടതാണ് വേലിയേറ്റവും വേലി യിറക്കവും. കടൽ ജലത്തിന്റെ  ഉയർച്ചയും താഴ്‌ചയുമാണിത്. ചന്ദ്രനും വേലിയേറ്റവും തമ്മിൽ അഭേദ്യബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. വേലിയേറ്റം സംബന്ധിച്ച രഹസ്യം ആദ്യമായി ഐസക്ന്യൂട്ടനാണ് വിശദീകരിച്ചത്. ഭൂമിയുടെ ആകർഷണ ഫലമാണിതുണ്ടാക്കുന്നത്. കടലിൽ വേലിയേറ്റത്തിനു മുഖ്യകാരണം ചന്ദ്രനാണ് ചന്ദ്രന്റെ വ്യതിക്ഷയത്തിനനുസരിച്ച് വേലിയേറ്റത്തിന്റെ  നിരക്ക് വ്യത്യാസപ്പെടുന്നു. ഇങ്ങനെ ഉയർത്തപ്പെടുന്ന ജലം ഒരു തരംഗം കണക്കെ സഞ്ചരിക്കുകയും തീരത്തേക്ക് ഇഴഞ്ഞു കയറുകയും ചെളിത്തട്ടുകളെ മൂടുകയും മുന്നോട്ട് നീങ്ങി ഉൾക്കടലുകളിലും തുറമുഖങ്ങളിലുമുളള ജലത്തിന്റെ നിരപ്പ് ഉയർത്തുകയും ചെയ്യുന്നു. ഇതാണ് വേലിയേറ്റം.

വേലിയേറ്റത്തോടനുബന്ധിച്ചുള്ള ഒരു പ്രതിഭാസമാണ് 'ടൈഡർബോർ' വേലയേറ്റ ഫലമായി നദികളുടെ ഇടുങ്ങിയ മുഖത്തിലൂടെ ഉയരുന്ന തിര ഒരു ജല ഭിത്തി പോലെ ഇരച്ചു കയറുന്നതാണിത്. ഇങ്ങനെ പാഞ്ഞു കയറുന്ന വെളളം അതിന്റെ വഴിയിലുള്ള എല്ലാറ്റിനെയും മറിച്ചിടുന്നു. ലോകത്തിലെ ഏറ്റവും വലിയ ' ടൈഗർ ബോർ "ട്രിയാണ്ടാങ്ങ്" നദിയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏതാണ്ട് എട്ട് മീറ്റർ ഉയരത്തിലുള്ള ജലഭിത്തി ഒരു അഭയ ഭിത്തി കണക്കെ മണിക്കൂറിൽ 24 കിലോമീറ്റർ വേഗത്തിൽ ഇടിവെട്ടുന്ന ശബ്ദത്തിൽ നദിയിലേക്ക് ഇരച്ചു കയറുന്നു. തെക്കേ അമേരിക്കയിലെ ആംസോൺ കടലിലുണ്ടാകുന്ന  'ടൈഡർബോർ മൂന്ന് നാലുമീറ്റർ പൊക്കത്തിലുള്ളതായിരുന്നു. (അഖില വിജ്ഞാനകോശം   2/334)

വേലിയേറ്റത്തെക്കുറിച്ചും വേലിയിറക്കത്തെക്കുറിച്ചും ജോൺ വിത്സൺ പറ യുന്നത് കാണുക. (philosophy and religion 36 (London- 1986) these, does not destroy my belief. it is still God working through these. who is respo nsible for the tides ) ( ഇത് എന്റെ വിശ്വാസത്തെ നശിപ്പിക്കുന്നില്ല വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണക്കാരനായ ദൈവം ഇത്യാദി വസ്തുകളിൽ പ്രവർത്തിക്കുന്നുണ്ട്.)

മറ്റൊരു വിചിത്ര പ്രതിഭാസമാണ് കടലിലെ നീർച്ചുഴികൾ. പാറകൾക്ക് ചുറ്റുമാണ് ഇത് മിക്കപ്പോഴും സൃഷ്ടിക്കപ്പെടുന്നത്. അത്യധികം അപാരവും ദീകരവുമാണിത്. ഭീമാകാരങ്ങളായ കപ്പലുകൾ പോലും നീർച്ചുഴിയിൽ പെട്ട് തകരുന്നു. ലോകത്തിലെ നീർച്ചുഴികളിൽ വെച്ച് ഏറ്റവും പ്രസിദ്ധമായത് നോർവെക്കടുത്ത 'മോയിൽട്രോ' ആണ്. മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിൽ ഇത് കറങ്ങുന്നു. സിസിലിക്കും  ഇറ്റലിക്കുമിടയിൽ മെസ്സീന കടലിടുക്കിലുള്ള മറ്റൊരു പ്രസിദ്ധ നീർച്ചുഴിയാണ് 'കാരിബ്‌സിഡ് (വിശ്വവിജ്ഞാനകോശം 2/385)

കടലിലെ ജീവവിസ്മയങ്ങൾ

وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَي

"ജീവനുളള എല്ലാ വസ്‌തുക്കളെയും നാം വെളളത്തിൽ നിന്ന് സൃഷ്ടിച്ചു " 
(സുറത്തു അമ്പിയാഅ് 30 )

കടലിലാണ് ജീവന്റെ ഉത്ഭവം. പിന്നീട് കാലാന്തരേണ കരയിലേക്ക് വ്യാപിക്കുകയായിരുന്നു. (തഫ്‌സീറുൽ മുനീർ 27/53) വിവിധ തട്ടുകളിലായി ആകൃതിയിലും പ്രകൃതിയിലും ഭിന്നങ്ങളായ അസംഖ്യം ജീവജാലങ്ങൾ കടലിൽ വസിക്കുന്നു. 140,000ത്തോളം ജീവവർഗ്ഗങ്ങൾ കടലിൽ നിന്ന് വേർതിരിക്കപ്പെട്ടിട്ടുണ്ട്. വളഞ്ഞും പുളഞ്ഞും സഞ്ചരിക്കുന്നവ, നിരങ്ങി നീങ്ങുന്നവ, ഒഴുകി നടക്കുന്നവ തുടങ്ങി ദൃഷ്ടി ഗോചരങ്ങളായ ചെറുജീവി മുതൽ ഭീമാകാരങ്ങളായ തിമിംഗലം വരെയും ഇതിൽപെടുന്നു. കടലിലെ ജീവ സമർദ്ധി നമ്മുടെ ഭാവനക്കും ചിന്തയ്ക്കും അപ്പുറത്താണ്.

ജലോപരിതലത്തിൽ ഒഴുകി നടക്കുന്ന ചില ജീവികളുണ്ട്. പ്രകാശത്തിന്റെയും താപത്തിന്റെയും വ്യതിയാനങ്ങൾക്കനുസൃതമായി ജലത്തിലൂടെ മുകളിലോട്ടും താഴോട്ടും ഇവ ചലിക്കാറുണ്ട്. ഇത്തരം ജീവികളെ 'പ്ലവകങ്ങൾ' എന്നു വിളിക്കുന്നു. മത്സ്യങ്ങളുടെ ലാർവകൾ, കോപ്പിപോഡുകൾ തുടങ്ങിയവ ഇവയിൽ പെടുന്നു. എന്നാൽ ബഹുഭൂരിപക്ഷവും സൂക്ഷ്‌മ ജീവികളാണ്. ഇരയേയും ഇണയേയും തേടി അലയുകയും നിരങ്ങുകയും ചെയ്യുന്ന ജീവികളുണ്ട്. മുത്തുച്ചിപ്പി, പവിഴങ്ങൾ, കടൽപൂവ്, സ്‌പാഞ്ച്, കടൽനൊച്ച്, താരമീൻ തുടങ്ങിയവ ഇതിൽ പെടുന്നു. അനേകായിരം മത്സ്യങ്ങൾ, കടൽ പാമ്പുകൾ, കണവ, കടലാമകൾ തുടങ്ങിയവ നീന്താൻ കഴിവുള്ള ജീവികളാണ്. മത്സ്യങ്ങൾ തന്നെ നിരവധി വർഗ്ഗങ്ങളുണ്ട്. കടലിൽനിന്ന് 20,000 മത്സ്യങ്ങൾ വേർതിരിഞ്ഞിട്ടുണ്ട്. കടലിലെ ഏതാണ്ട് 10 കോടി ജീവസമ്പത്ത് വർഷം തോറും ശേഖരിക്കപ്പെടുന്നു.

ജന്തുപ്ലവക സമൂഹത്തിൽ ധാരാളം ഇനം മത്സ്യങ്ങളുണ്ട്. നോട്ടിലുക്ക, പോർച്ചു ഗിൽ പ‌ടയാളി, ഗ്ലോബിജൗറ്റെന, കോബ്‌ജില്ലി മത്സ്യങ്ങൾ,  ആംഫിപോഡുകൾ തുടങ്ങിയവ ഇവയിൽ പെടുന്നു. ചെറിയ കണവകൾ, നീരാളികൾ,  ഒച്ചു വർഗ്ഗത്തിന്റെ ലാർവകൾ തുടങ്ങി പരസഹസ്രം ജീവവിസ്‌മയങ്ങൾ കടലിലുണ്ട്.(ജീവ ശാസ്ത്രം 2/37 )

പലതിന്റെയുമെന്ന പോലെ ഖനിജസമ്പത്തിന്റെയും ഉറവിടമാണ് കടൽ. ലവണങ്ങൾ, കാർബണികയൗശികങ്ങൾ, അംലയ അകാർബണിക പദാർത്ഥങ്ങൾ തുടങ്ങിയവ കൊണ്ട് കടൽ ജലം സമ്പന്നമാണ്. ആയിരം ഭാഗം കടൽ ജലത്തിൽ 35 ഭാഗം ലേയഖനികളാണ്. 165 ദശലക്ഷം ഖര വസ്‌തുക്കൾ കടലിലുണ്ട്. 117 ദശലക്ഷം ടൺ കറിയുപ്പ് മഗ്നീഷ്യം ദശലക്ഷം, ബോറേറ്റ് 200,00 ടൺ... അയൊഡിൻ 2,200 ടൺ, ഇരുമ്പ് 900 ടൺ, ചെമ്പ് 450 ടൺ എന്നീ ഇനങ്ങളും മറ്റ് പ്രധാന ഖനിജങ്ങളും കടലിൽ ലയിച്ചിരിക്കുന്നു.

കടലിന്റെ അടിത്തട്ടിൽ നിന്ന് സ്വർണ്ണം, വെള്ളി, കൽക്കരി, വജ്രം. വെളുത്തിയം സൾഫർ തുടങ്ങിയവ ഖനനം ചെയ്യപ്പെടുന്നു. വിമാന നിർമ്മാണത്തിനാവശ്യമായ മഗ്നീഷ്യവും. ഗ്ലാസ്, വെടിമരുന്ന് തുടങ്ങിയവ നിർമ്മിക്കാനാവശ്യമായ പൊട്ടാസ്യം ലവണങ്ങളും കടലിൽ അന്തർ ലീനമായി കിടക്കുന്നു. (കടൽ ഒരു അത്ഭുതം 33)

കടലിൽ നിന്ന് ഭക്ഷണം

മനുഷ്യന്റെ  ഭക്ഷണ സാധനങ്ങളിൽ ഏതാണ്ട് ഒരു ശതമാനമാണ് കടലിൽ നിന്ന് ഇപ്പോൽ ലഭിക്കുന്നത്. കടലിൽ നിന്ന് ഇപ്പോൾ ഒരാണ്ടിൽ കിട്ടുന്ന മൊത്തം 5കോടി മെട്രിക്‌ടൺ മത്സ്യം അതിന്റെ  ഒന്നര ഇരട്ടി മുതൽ പത്ത് മടങ്ങുവരെയായി വർദ്ധിപ്പിക്കാൻ കഴിയും.

സമുദ്ര ജലത്തിൽ അലക്ഷ്യമായി അലഞ്ഞുതിരിയുന്ന സൂക്ഷ്‌മ ജീവികളായ പ്ലവകങ്ങൾ ഒരു കാലത്ത്  നല്ലൊരു ഭക്ഷ്യ വിഭവമാകരുതെന്നില്ല. മത്സ്യത്തിനും കക്ക വർഗ്ഗങ്ങൾക്കും പുറമെ മനുഷ്യർക്ക് ഭക്ഷിക്കുവാനും കാലി-കോഴി തീറ്റകൾക്കും ഉതകിയ മറ്റു പല പദാർത്ഥങ്ങളും കടലിലുണ്ട്. വ്യാപകമായ തോതിൽ വളരുന്ന സമുദ്ര പായലുകൾ അവയിലൊന്നാണ്. നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നതിനേക്കാൾ ഭക്ഷ്യ സാധനങ്ങളുടെ കാര്യത്തിൽ ഈ പായൽ കൃഷി (Algae forming)  പലമടങ്ങ് ആദായകരമാണെന്ന് ചില കണക്കുകൾ കാണിക്കുന്നു. കന്നുകാലികൾക്ക് വൈക്കോൽ രൂപത്തിലോ മറ്റു കാലിത്തീറ്റകളുടെ ഭാഗമായോ മനുഷ്യർക്ക് തന്നെയും രുചികരമായ ഒരു ഭക്ഷ്യമായോ ഈ പായലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇവയിൽ ചിലതിന് ഔഷധ ഗുണമുണ്ട്. മറ്റു ചിലത് വളം നിർമ്മാണത്തിനുപയോഗിക്കുന്നു. ഇതിൽ നിന്ന് ചിലത് കൊണ്ട് ആൽക്കഹോളുകളും (Multialo solid alcohols) ഈതറുകളും (Ethers), വിനാഗിരി( vinegar), അന്നജങ്ങൾ (starch),അൽ ജിനോറ്റുകൾ (Alignotes)എന്നിവയും ഉൽപ്പാദിപ്പിക്കാൻ കഴിയും. (വിശ്വവിജ്ഞാനകോശം 3/815)

കടലിൽ നിന്ന് മുത്തും പവിഴവും

يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ

അവ രണ്ടിൽ നിന്നും (ശുദ്ധ വെളളത്തിൽ നിന്നും ഉപ്പ്‌ വെളളത്തിൽ നിന്നും) മുത്തുകളും പവിഴങ്ങളും ഉൽപ്പാദിപ്പിക്കുന്നു. (സൂറത്തുറഹ്‌മാൻ 23)

സ്വന്തം ശരീരത്തിൽ കയറിക്കൂടി, അലോസരപ്പെടുത്തുന്ന ജീവികളുടെ ദേഹത്തോ മറ്റു പദാർത്ഥങ്ങളിലോ മുത്തുച്ചിപ്പി ഒഴുക്കുന്ന ദ്രവ വസ്തു‌ ഉറഞ്ഞു കൂടിയാണ് പ്രകൃതിപരമായ മുത്ത്(Pearl)ഉണ്ടാകുന്നത്.  ഇന്ത്യയിലും സിലോണിലും മുത്തുകൾ കിട്ടുന്നത്  മാർഗരിറ്റി ഫെറഗാരിസ്( Margariti ferava lgaris) എന്ന മുത്തുച്ചിപ്പിയിൽ മൊളസ്‌ക (Mollusca)ൻ ജന്തു മണ്ഡലത്തിലെ പെലിസ് പേഡ്(Pelecypade) വിഭാഗത്തിൽ പെടുന്നു. 1905ൽ സിലോൺ ഗവൺമെന്റ് ആറാഴ്ച്‌ചകാലത്തിനിടക്ക്  8,00,000ത്തിൽ അധികം ഇത്തരം ജീവികളെ പിടിച്ചെടുത്തിരുന്നു. കന്യാകുമാരി മുതൽ മദിരാശിവരെയുള്ള തീരങ്ങളിൽ മുത്തുച്ചിപ്പി കാണാറുണ്ട്. പറിച്ചെടുത്ത് ഒരു വ്യവസായമെന്ന നിലയിൽ നടത്തപ്പെടാവുന്നതാണ്. കക്കയുടെയും കല്ലിന്മേൽ കായയുടെയും വർഗ്ഗത്തിൽപെട്ട മുത്തുച്ചിപ്പികൾ പൂർണ്ണ  വളർച്ചയെത്തിയാൽ ഏതാണ്ട്  മൂന്നര അംഗുലം വീതി വരു ന്ന ജീവിയാണ് (വിശ്വവിജ്ഞാനകോശം 9/642)

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ മുത്തുച്ചിപ്പികളെ പിടിച്ചിരുന്നു. എന്നതിനു തെളിവുകളുണ്ട്. മുത്തുച്ചിപ്പിയുടെ വ്യതി (mantle)യുടെ അകലത്തേക്ക് 33 പദാർത്ഥങ്ങൾ കടത്തിവിട്ട് കൃത്രിമ മുത്തുകൾ നിർമ്മിക്കുന്ന വ്യവസായം ജപ്പാനിലുണ്ട്. ജപ്പാനിലുണ്ടാകുന്ന ഇത്തരത്തിലുള്ള 'മിക്കിമോട്ടോ' മുത്തുകൾ ലോക പ്രസിദ്ധമാണ്. ജല വിഭവങ്ങളായ ഇത്തരം മൂല്യവസ്തുക്കളെ ചൂഷണം ചെയ്തെടുക്കാനുള്ള സൂക്ഷ്‌മ സൂചനയാണ് ഉപര്യുക്ത ഖുർആൻ സൂക്തത്തിൽ മുഴങ്ങി നിൽക്കുന്നത്.

കടൽ സഞ്ചാരം

ألَمْ تَرَ أَنَّ الفلك تَجْرِى فِي البَحْرِ بِنِعْمَةِ اللهِ لِيُرِيَكُمْ مِّنْ آيَاتِهِ إِنَّ فِي ذلك لآيَاتٍ لِّكُلِّ صَبَّارٍ شَكُور

"കടലിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ ? അവന്റെ ദൃഷ്ടാന്തങ്ങളിൽ ചിലത് നിങ്ങൾക്ക് കാണിച്ചു തരാൻ വേണ്ടിയത്രേ! അത് ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്,  തീർച്ച!"
(സൂറത്തു ലുഖ്മാൻ 31 )

ആകാശത്തിന്റെ അനന്തതയിലൂടെ പറന്നുയരാനും ആഴിയുടെ അഗാധത യിൽ ഊളിയിട്ടിറങ്ങാനുമുള്ള മനുഷ്യാഭിലാഷം പൂവണിഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ  ഉത്തരാർദ്ധത്തിലാണ്. ശാസ്ത്രത്തിന്റെ  അതിശീഘ്രപ്രയാണത്തിലെ മുഖ്യ പുരോഗതിയാണിത്. 1943ൽ പ്രശസ്‌ത സമുദ്ര വീക്ഷകനായ ക്യാപ്റ്റൻ 'കോസ്സോയാൽ' ജലശ്വാസിനി കണ്ടുപിടിച്ചതോടെ വായു ശ്വസിച്ചു കൊണ്ട് മണിക്കൂറുകളോളം മനുഷ്യന് കടലിന്റെ അന്തർഭാഗത്ത് താമസിക്കാൻ കഴിഞ്ഞു. (സമുദ്രശാസ്ത്രം-74)

കടലിന്റെ ഉപരിതല സഞ്ചാരത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ചെറു തോണിയിൽ നിന്ന് അത്യധികം സാങ്കേതിക വൈഭവം കൈവന്ന മഹത്തായ പായക്കപ്പലിലെത്തിച്ചേർന്നത് പതിനേഴാം നൂറ്റാണ്ടോടെയാണ്. മനുഷ്യന്റെ പ്രഥമ ആഗോളപ്രദക്ഷിണ വാഹനം പായക്കപ്പലായിരുന്നു. പായക്കപ്പലിനെ കുറിച്ച് ഖുർആൻ പറയുന്നു.

وَلَهُ الْجَوَارِ المُنشئاتُ فِي الْبَحْرِ كَالأَعلام 

"മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെട്ട സമുദ്രങ്ങളിൽ സഞ്ചരിക്കുന്ന കപ്പലുകളും അവനുള്ളതാകുന്നു. (സൂറത്തു റഹ്‌മാൻ 24 )

ഉയർന്ന പാമരങ്ങളിൽ പായകെട്ടിയ പായക്കപ്പലുകളായിരുന്നു ആ നൂറ്റാണ്ടിലുണ്ടായിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ ആവിക്കപ്പലുകളും പത്തൊമ്പതാം നൂറ്റാണ്ടിൽ എണ്ണക്കപ്പലുകളും ഇരുപതാം നൂറ്റാണ്ടിൽ ആണവക്കപ്പലുകളും ജലോപരിതലത്തിൽ സഞ്ചാരം തുടങ്ങി.

ശേഷം ആഴിയുടെ അന്തരംഗങ്ങളിലൂടെ സഞ്ചരിക്കാനുള്ള ശ്രമഫലമായി പല പരീക്ഷണങ്ങളും നടന്നു. ജലാന്തർ സഞ്ചാരത്തിന് ഏറ്റവും നിർണ്ണായകമായ നേട്ടം കൈവരിച്ചത് 1900 ലാണ്. ആ വർഷം'ജോൺ  ഹോളണ്ട്' എന്ന ഡച്ചുകാരൻ വികസിപ്പിച്ചെടുത്ത ജലാന്തർ വാഹിനിക്കപ്പലാണ് ആധുനിക രീതയിലുള്ള ആദ്യത്തെ മുങ്ങിക്കപ്പൽ. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇന്ധനമായി ബാറ്ററിക്കു പകരം ഡീസൽ ഉപയോഗിക്കുന്നതിൽ വിജയം വരിച്ച ജർമക്കാർ, ജലാന്തർവാഹിനിയുടെ ആവിഷ്‌കാരത്തിലും നിർമ്മിതിയിലും വമ്പിച്ച കുതിച്ചു ചാട്ടം നടത്തി.

മുങ്ങിക്കപ്പൽ നിർമ്മാണം അതിന്റെ  ഉച്ചിയിലെത്തിയത് 1953ലാണ്. ആണവ ശക്തിയുപയോഗിച്ചുള്ള ഒരു കൂറ്റൻ മുങ്ങിക്കപ്പൽ അമേരിക്ക ആ വർഷം കടലിലിറക്കി. ഒരിക്കൽ പോലും പൊങ്ങാതെ മാസങ്ങളോളം സഞ്ചരിക്കാൻ ഈ കപ്പലിന് കഴിഞ്ഞു. ഒരു പിടി യുറേനിയത്തിന്റെ  സഹായത്താൽ നൂറോളം നാവികരെയും വഹിച്ച് കൊണ്ട് ഈ കപ്പൽ ഒരു ലക്ഷത്തോളം കിലോമീറ്റർ സഞ്ച രിച്ചു. (അഖില വിജ്ഞാനകോശം 2/334)

അങ്ങനെ അജ്ഞാതമായ ജലാന്തർലോകത്തിന്റെ  പല ദിക്കുകളിലും എത്തിച്ചേരാനും അറിയപ്പെടാനും മനുഷ്യന് കഴിഞ്ഞു. ഇതൊന്നും മനുഷ്യന്റെ ശക്തി സ്വാധീനം കൊണ്ടല്ല. പ്രത്യുത അഖില നാഥന്റെ  അനുഗ്രഹം കൊണ്ടും അവന്റെ  നിയന്ത്രണത്തിലുമാണ്. കപ്പലുകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതും പായക്കപ്പലുകൾ കാറ്റിന്റെ  ദിശക്കനുസരിച്ച് നീങ്ങുന്നതും മുങ്ങിക്കപ്പലുകൾ ജലാന്തരംഗങ്ങളിലൂടെ സഞ്ചരിക്കുന്നതുമെല്ലാം അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമനസരിച്ചു മാത്രമാണ്. (തഫ്സീറുൽ മുനീർ - 27/208)

ഖുർആൻ പറയുന്നു.

وَسَخَّرَ لَكُمُ الْفُلْكَ لِتَجْرِي فِي البَحْرِ بِأَمْرِهِ

അവന്റെ കൽപ്പന(നിയമ)പ്രകാരം കടലിലൂടെ സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്ക് കപ്പലുകൾ വിധേയമാക്കിത്തരുകയും ചെയ്‌തിരിക്കുന്നു. (സൂറത്തു ഇബ്രാഹീം 32)
 

هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ

കരയിലും കടലിലും നിങ്ങളെ സഞ്ചരിപ്പിക്കുന്നത് അവനാണ് (സൂറത്തു യൂനുസ് 22)

കടലിനും നാശം

ظهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِى النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ

ജനങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചതു നിമിത്തം കരയിലും കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.( സൂറത്തു റൂം 41)

മാനവ ജീവിതത്തിന്റെ അനിവാര്യഘടകമായ കടലിനെ നശിപ്പിക്കുന്നതിൽ മനുഷ്യ കരങ്ങൾ തന്നെയാണ് മുഖ്യ പങ്ക് വഹിക്കുന്നത്. കടൽ ഇന്ന് പ്രക്ഷുബ്ദമാവുകയാണ്.  വ്യവസായവൽക്കരണം ത്വരിതപ്പെടുകയും വ്യാപിക്കുകയും ചെയ്ത‌തോടെ കടലുകളിൽ വന്നടിയുന്ന മനുഷ്യജന്യ പദാർത്ഥങ്ങളുടെ അളവ് ഗണ്യമായി വർദ്ധിച്ചു. ഓരോ വർഷവും ആറര മില്യൺ ടൺ മലിന വസ്‌തുക്കൾ തീരദേശത്തു നിന്നും കപ്പലിൽ നിന്നുമായി കടലിൽ നിക്ഷേപിക്കപ്പെടുന്നു. അപകടകരമായ അപചയാവസ്ഥയാണ് മനുഷ്യ കരങ്ങൾ കടലുകൾക്ക് വരുത്തിത്തീർക്കുന്നത്. വൻതോതിലുള്ള മനുഷ്യജന്യ പദാർത്ഥങ്ങളുടെ ആഗമനം കടലുകളുടെ പ്രവർത്തന താളം പിഴപ്പിച്ചിരിക്കുന്നു. എവിടെ നിക്ഷേപിച്ചാലും വിഷാംശങ്ങൾ കടലുകളിലാണ് ചെന്നെത്തുന്നത് ഉപരിതലം മുതൽ അഗാധ തലം വരെ ഇത് വ്യാപിക്കുന്നു.

അടുത്തകാലത്ത് കടൽ നേരിടുന്ന പ്രധാന ഭീഷണി പെട്രോളിയത്തിന്റെയും മറ്റ് രാസവസ്തുക്കളുടെയും സാന്നിധ്യമാണ്. അവ കടലുകളിൽ ഓക്സിജൻ ശൂന്യതക്ക് കാരണമാവുന്നു. ലക്ഷോപലക്ഷം സൂക്ഷ്‌മ ജീവികൾ ഇതുമൂലം ചത്തൊടുങ്ങുന്നു. അവയെ ആഹരിക്കുന്ന വലിയ ജീവികളെയും ഒടുവിൽ മത്സ്യങ്ങളെയും ഈ പ്രക്രിയ ബാധിക്കുന്നു. ഇതിന്റെ ഫലമായി 1990 കളുടെ മധ്യത്തിൽ മത്സ്യ ലഭ്യക്കുറവു കാരണം 2,500 ലധികം മത്സ്യബന്ധന ബോട്ടുകളും കപ്പലുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം നിർത്തേണ്ടി വന്നിരുന്നു (സമുദ്രശാസ്ത്രം - 83)

കടലിലെ ജീവ സമ്പത്തിന്റെ വൈവിധ്യത്തിലേക്കും വൈപുല്യത്തിലേക്കും ഒരെത്തി നോട്ടം നടത്താൻ മാത്രമേ മനുഷ്യന് സാധിക്കുകയുള്ളൂ. അനന്ത വിസ്‌മയമായ കടലിൽ തുറക്കപ്പെടാത്ത വാതായനങ്ങൾ നിരവധിയാണ്. ഇതിനായി പഠനങ്ങളും ഗവേഷണങ്ങളും അഭംഗുരം തുടരുകയാണ്. പഠനങ്ങൾ അനുസ്യൂതം തുടരുമ്പോഴും പിന്നെയും നിഗൂഢതകളും, അത്ഭുതങ്ങളും അറിയപ്പെടാതെ കിടക്കുന്നു.

وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُط مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الأَرْضِ وَلَا رَطْب وَلَا يَابِسٍ إلا فِي كِتَابٍ مُّبِينٍ

"അദൃശ്യ കാര്യങ്ങളുടെ താക്കോലുകൾ അവന്റെ അടുക്കൽ തന്നെയാണ്. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. ഒരു ഇല വീഴുന്നത് അവൻ അറിയാതിരിക്കില്ല. ഭൂമിയുടെ ഇരുട്ടിൽ (ഉളളിൽ) ഉളള ഒരു ധാന്യ മണിയോ പച്ചയോ ഉണങ്ങിയതോ ആയ ഏതെങ്കിലും ഒരു സാധനമോ അവൻ അറിയാതിരിക്കില്ല. അഥവാ വ്യക്തമായ ഗ്രന്ഥത്തിൽ രേഖപ്പെടുത്താതിരുന്നിട്ടില്ല." (സൂറത്തുൽ അൻആം 59)

കടപ്പാട് : പ്രപഞ്ചം
ഒരു ഖുർആനിക വായന

മാന്യ സുഹൃത്തുക്കളെ.. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ്‌ ചെയ്‌ത്‌ പുണ്യം നേടുന്നതിൽ പങ്കാളിയാവുക. നിങ്ങളുടെ വിലപ്പെട്ട സമയത്തുളള പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വളരെവിനയത്തോടെ.........


ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്


www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861