ധാർമിക വിപ്ലവത്തിൻ്റെ കാറ്റ്

കുട്ടിയായിരിക്കുമ്പോൾ ദീനി ചിട്ടയുടെ അല്ലെങ്കിൽ സംഘടിത ധാർമിക മുന്നേറ്റത്തിന്റെ മധുരം നുകരാനുള്ള അവസരം ലഭിച്ചവർക്കു കൗമാരത്തിന്റെ ചാപല്യത്തിൽ ദുനിയാവിലെ അഴുക്കു ചാലിലേക്കുള്ള കാലത്തിൻ്റെ കുത്തൊഴുക്കിൽ പെട്ടുപോയാൽ അതിൽ നിന്നു കര കയറാൻ കേവല ഉൽബോധനം മതിയാകുമെന്ന തിരിച്ചറിവാണു ഈ കുറിപ്പിനാധാരം. 

ധാർമിക വിപ്ലവത്തിൻ്റെ കാറ്റ്

സഊദി അറേബ്യയിലുള്ള തിരുവനന്തപുരം സ്വദേശിയായ ഷംനാദ് ഷംസുദ്ധീൻ സാഹിബിന് ഇസ്‌ലാം കേരള ഡോട്ട്കോം സന്ദർശകരുമായി പങ്ക് വെക്കാനുള്ളത് ചെറു പ്രായത്തിലെ ചില ഓർമ്മകളാണ്. അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ. ആമീൻ.
------------------------------------------
ബിസ്‌മില്ലാഹി റഹ്‌മാനി റഹീം

തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവ്, ഇസ്ലാമികമായി ജീവിക്കാൻ അത്യാവശ്യമായ പള്ളികൾ, മദ്രസകൾ തുടങ്ങിയവയും അതിലുപരി മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശം. അതാണു എന്റെ നാട്. 

വിവര സാങ്കേതിക വിദ്യയുടെ അതിന്യൂതനത ഉപയോഗിച്ചു ഇസ്ലാമിക വിജ്ഞാനത്തിൻ്റെ കലവറ ഒരുക്കിയ ഇസ്ലാം കേരളയ്ക്കും വിശിഷ്ട അബ്ദുള്ള സാഹിബിനും ഇനി ബഹുദൂരം മുന്നേറാൻ ആത്മാർത്ഥമായ ആശംസകൾ നേരുന്നു.

റസൂലുള്ളാഹി (സ:അ) പഠിപ്പിച്ചതനുസരിച്ചു തങ്ങളുടെ മാതാക്കളെ സ്നേഹിക്കുന്നതുപോലെ ഈ വിനീതനും അളവറ്റു സ്നേഹിക്കുന്ന മാതാവിന്റെ മടിത്തട്ടിൽ നിന്നു ബാല്യകാല സ്‌മരണകളിൽ ഒന്നായി കിട്ടിയ ദീനി അടിസ്ഥാനത്തിന്റെ അനുഭൂതി കൗമാരം കഴിഞ്ഞു യുവത്വത്തിലൂടെ കടന്ന് പോകുന്ന ഈ അവസ്ഥയിൽ ഞാൻ ഓർത്തു പോകുകയാണ്.

നിസ്ക്കാര സമയങ്ങളിൽ മുസല്ലയിലായിരിക്കുന്ന എൻ്റെ ഉമ്മ, പ്രത്യേകിച്ചും മഗ്‌രിബ് ഇശാ നിസ്ക്കാരത്തിനിടയിലുള്ള സമയം, ദിക്കിറുകളും, ഖുർആൻ ഓത്തും ഹദ്ദാദ് റാത്തീബും സ്വലാത്തുമെല്ലാം ഓതുന്നതിനിടയിൽ ഉമ്മ ഞങ്ങളോടു ചോദിക്കും "മോനെ നീ ഓതിയോ, നിസ്ക്കരിച്ചോ, ഇന്നു എന്താ ഓതിയത്" എന്നുള്ള പ്രോത്സാഹനത്തോടു കൂടിയുള്ള counter checking.  നാഥൻ അവർക്ക് ആരോഗ്യത്തോടുകൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഹയാത്തിലുള്ള എൻ്റെ മാതാവിനെക്കുറിച്ചും എന്റെ കുട്ടിക്കാലത്തെ സന്ധ്യാസമയത്തെക്കുറിച്ചും ഇങ്ങനെയാണു ഓർക്കുന്നതെങ്കിൽ psychologically വ്യക്തിത്വ രൂപീകരണത്തിൻ്റെ ഘടകങ്ങളിൽ ഇത്തരം ഗാർഹികാന്തരീക്ഷത്തിലൂടെയുള്ള ഒരു കുട്ടിയുടെ കടന്നു പോക്കു ഒരു സുപ്രധാന പങ്കു വഹിക്കുന്നു എന്നതാണു വസ്‌തുത. അതിവേഗം മാറികൊണ്ടിരിക്കുന്ന നമ്മുടെ ജീവിത ശൈലിയിൽ സന്ധ്യാ സമയങ്ങളിൽ മുസല്ലയിലായി കൊണ്ടുള്ള എത്ര മാതാക്കളെ നമുക്ക് കണാൻ കഴിയും. അവരുടെ നന്മയുടെ ത്രാസ് കനം കൂടുന്നു എന്നതിലുപരി ഒരു തലമുറയുടെ വ്യക്തിത്വ നിർമാണത്തിന്റെ അടിത്തറ പാകുന്നു എന്നുള്ളതു അതിൻ്റെ പ്രസക്തി വിളിച്ചോതുന്നു.

ഏതാണ്ട് ഒൻപതോളം വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ നാട്ടിലെ SSF ന്റെ പ്രസരിപ്പിനു ചെറുതായി മാന്ദ്യം അനുഭവപ്പെട്ട സമയത്തു എൻ്റെ +2 ബാച്ചിലെ പല സുഹൃത്തുക്കളും ഇസ്ലാമികമായി പിന്നോട്ട് സഞ്ചരിച്ചു തുടങ്ങിയ അവസ്ഥയിൽ അബ്ദുൾ ഗഫൂർ മുസ്ലിയാർ ഞങ്ങളുടെ നാട്ടിലെ മദ്രസയിൽ ചെറു ക്ലാസുകളിൽ ഉസ്‌താദായി ചാർജെടുത്തു. Civil Service നു prepare ചെയ്യുകയായിരുന്നു തിരുവനന്തപുരത്തെക്കുള്ള അദ്ദേഹത്തിൻ്റെ വരവിൻ്റെ ലക്ഷ്യം. മനം കവരു ന്ന പുഞ്ചിരിയോടു കൂടിയ സമീപനവും വ്യക്തിത്വവും ബന്ധപ്പെട്ടവർക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട ഗഫൂർ ഉസ്‌താദായി, മാത്രമല്ല എൻ്റെ സുഹൃത്തുക്കളെ സ്ഫുടം ചെയ്തു മാതൃകാ പ്രവർത്തകനു വേണ്ട പല ഗുണങ്ങൾ ചേർന്ന ഒരു കൂട്ടമാക്കി മാറ്റാൻ അദ്ദേഹത്തിനു അധിക സമയം വേണ്ടി വന്നില്ല.

ധാർമിക വിപ്ലവത്തിൻ്റെ കാറ്റ് പൂർവ്വാധികം ശക്തിയോടെ ഞങ്ങളുടെ മഹല്ലിൽ വീശി.അവരുടെ ധാർമികതയിലേക്കുള്ള മടക്കം അത് പലർക്കും അവിശ്വസനീയവും അസൂയാവഹവുമായിരുന്നു. ഈ യുവനിരയുടെ ഉത്തരവാദിത്വത്തിൽ പണ്ഡിതന്മാരുടെ ഇജാസത്തോടെ ആഴ്ച്ചയിൽ സ്വലാത്ത് ഹൽഖ സ്ഥാപിക്കുകയും ചെയ്തു. ഗഫൂർ ഉസ്‌താദും അക്കൂട്ടത്തിലെ പലരും സൗദിയിലും, ദുബായിലും, ഖത്തറിലുമെല്ലാം ചേക്കേറിയെങ്കിലും അൽഹംദുലില്ലാഹ്... ഇന്നും സ്വലാത്ത് മുടങ്ങാതെ നടക്കുകയും അതിൻ്റെ വാർഷികം എല്ലാ വർഷവും വിവിധ കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം നടന്നു വരുന്നു. ഈ വർഷവും സ്വലാത്ത് വാർഷികം ഒക്ടോബർ 10-നു നടത്താൻ തീരുമാനിച്ച വിവരം സഃസന്തോഷം അറിയിച്ചു കൊള്ളുന്നു.

കുട്ടിയായിരിക്കുമ്പോൾ ദീനി ചിട്ടയുടെ അല്ലെങ്കിൽ സംഘടിത ധാർമിക മുന്നേറ്റത്തിന്റെ മധുരം നുകരാനുള്ള അവസരം ലഭിച്ചവർക്കു കൗമാരത്തിന്റെ ചാപല്യത്തിൽ ദുനിയാവിലെ അഴുക്കു ചാലിലേക്കുള്ള കാലത്തിൻ്റെ കുത്തൊഴുക്കിൽ പെട്ടുപോയാൽ അതിൽ നിന്നു കര കയറാൻ കേവല ഉൽബോധനം മതിയാകുമെന്ന തിരിച്ചറിവാണു ഈ കുറിപ്പിനാധാരം. 

വള്ളക്കടവിലെ സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തകരുടെ ഐക്യത്തിനും വരും തലമുറക്കു ഉപയോഗപ്പെടും വിധം ഇസ്ലാമിക അന്തരീക്ഷം സജ്ജീകരിച്ചു കൈമാറാനും അതുമായി ബന്ധപ്പെടുന്നവർക്കു സാധിക്കാനും നിങ്ങളുടെ ആത്മാർതഥമായ ദുആ അഭ്യർഥിച്ചുകൊണ്ടു നിർത്തുന്നു..... 
അസ്സലാമു അലൈക്കും
എന്ന് 
ഷംനാദ് ഷംസുദ്ധീൻ
E-mail: [email protected]

-------------------------------------------------------
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861