ബഹുഭാര്യത്വം
ഗോത്രങ്ങൾക്കിടയിൽ ബന്ധം സ്‌ഥാപിച്ച് പ്രബോധനം സുസാധ്യമാക്കുക പ്രവാചക വിവാഹത്തിന്റെ മറ്റൊരു രാഷ്ട്രീയ ലക്ഷ്യമായിരുന്നു. ബനു മുസ്തലഖ് ഗോത്ര തലവൻ ഹാരിസിന്റെ പുത്രി ജുവൈരിയ്യയുമായുള്ള വിവാഹം ഈ ഇനത്തിൽ പെട്ടതാണ്. അത് പോലെ സ്വഫിയ്യ(റ)യുടെ വിവാഹവും ഇപ്രകാരം തന്നെ.
ബഹുഭാര്യത്വം
അസ്സലാമുഅലൈക്കും,
ഇതിന്റെ താഴെ കാണുന്ന ചർച്ച ഓണ്ലൈനിലുണ്ടായ ഒരു അമുസ്ലിം സഹോദരി ഇസ്ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഈ വിനീതൻ അയച്ച മെയിലും അതിന് ആ സ്ത്രീ അയച്ച മറുപടിയുമാണ്. ആദ്യമായി സ്ത്രീ അയച്ച കത്ത് മുകളിൽ കൊടുക്കുന്നു. അതിന്റെ താഴെ ഞാൻ അയച്ച മറുപടിയാണ്. ഇസ്ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ച് പലരും തെറ്റിദ്ധാരണയോടെയാണ് വീക്ഷിക്കുന്നത്. ആരുടെയെങ്കിലും തെറ്റിദ്ധാരണ അകറ്റാൻ സധിച്ചാൽ ദീനിന് വേണ്ടി ഖിദ്‌മത്ത് ചെയ്യുന്നവരുടെ കൂട്ടത്തിൽ നാമും ഉൾപ്പെടും ഇൻശാ അല്ലാഹ്...
ഭാഗം 1
പ്രിയപ്പെട്ട അബ്‌ദുള്ള,
നിങ്ങളുടെ മറുപടിക്ക് നന്ദി, ഇതു നന്നായിട്ടുണ്ട്. പക്ഷേ എനിക്ക് അറിയേണ്ടത് മൊത്തത്തിൽ ഇസ്ലാമിനു മറ്റു മതത്തിൽ നിന്നുള്ള വ്യത്യാസം എന്താണ് എന്നാണ്. ഞാൻ മനസ്സിലാക്കിയെടുത്തോളം ഇതൊരു പഴഞ്ചൻ മതമാണ്. ഞങ്ങളുടെ നാട്ടിലൊക്കെയുള്ള മുസ്ലികൾ കുറെയൊക്കെ പുരോഗമിച്ചിട്ടുണ്ടങ്കിലും അവരെ പുറകോട്ട് പിടിച്ച് വലിക്കാൻ പരിഷ്കരണ വാദികൾ എന്ന് പറയുന്നവർ അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുന്നു എന്നതാണ് ഏറെ കഷ്ടകരം. ഞാൻ ഇതു പറയുന്നത് എന്റെ കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്തിനെ കല്യാണം കഴിച്ചത് ഇത്തരം സംഘടനയിൽ പെട്ട ഒരാളാണ് (ജമാഅത്താണന്നോ മറ്റോ ആണെന്ന് തോന്നുന്നു) അദ്ദേഹം പെരുമാറ്റത്തിലും അവളെ നോക്കുന്നതിലും നല്ലവനായിരുന്നു. എന്നാൽ ഈ ഇടയായി അയാൾ ഒരു പെണ്ണുകൂടി കെട്ടണം എന്നു തീരുമാനിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ മാതാവാണെങ്കിലും എന്റെ കൂട്ടുകാരി ഇപ്പോഴും ശാരീരികമായി ഫിറ്റാണ്. എന്നിട്ടും അയാൾ ഇത്തരത്തിലുള്ള തോന്നിവാസത്തിന് പുറപ്പെടുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞത് നാട്ടിൽ സ്ത്രീധനം എന്ന ദുശിച്ച ആചാരത്തെ ഇല്ലാതാക്കാനാണത്രെ.
മാത്രമല്ല അയാൾ മുഹമ്മദ് നബിയുടേയും അനുയായികളുടേയും മാതൃകയും അവളോട് വിശദീകരിച്ചുവത്രെ. മാത്രമല്ല അവളോട് ചോദിച്ചുപോൽ നബിയുടെ കാലഘട്ടത്തിൽ ഏതെങ്കിലും മുസ്ലിംകൾ രണ്ടു കല്യാണം കഴിക്കാത്തവരായുണ്ടോ എന്ന്?. പ്രിയ സുഹൃത്തെ എനിക്കും ഇസ്ലാമിലെ ഇത്തരം കാര്യങ്ങളുടെ യഥാർത്ഥ നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്. വിശദീകരണം പ്രതീക്ഷിച്ച് നിറുത്തുന്നു.
സ്നേഹത്തോടെ.
ശീജ
ഒമാൻ
മറുപടി
ബഹുമാന പൂർവ്വം ശീജ ,
താങ്കളിൽ ദൈവ കാരുണ്യം ഉണ്ടാവട്ടെ. ഞാൻ ഓൺലൈനിൽ ഉണ്ടായ സമയത്ത് താങ്കൾ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് ഇസ്ലാമിന്റെ മത സൗഹാർദ്ധത്തെ കുറിച്ചുള്ള ഒരു മെയിൽ താങ്കൾക്ക് അയച്ച് തന്നത്. അതിന് അയച്ച മറുപടിയിൽ ഇസ്ലാമിനെക്കുറിച്ച് പ്രത്യേകിച്ച് ഇസ്ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചറിയാൻ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ചില വ്യവസ്‌ഥകളോട് കൂടി ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്. ഭാര്യമാർക്കിടയിൽ നീതി വർത്തിക്കൻ കഴിയാത്തവരും ചെലവ് കൊടുക്കാൻ വകയില്ലാത്തവരും ബഹുഭാര്യത്വം സ്വീകരിക്കരുത്. പ്രവാചകൻ പറയുന്നു. "ഒരാൾക്ക് രണ്ട് ഭാര്യയുണ്ടായി. അവർക്കിടയിൽ അവൻ നീതി പ്രവർത്തിച്ചിട്ടില്ലെങ്കിൽ അന്ത്യനാളിൽ അവന്റെ ഒരു ഭാഗം ചെരിഞ്ഞുവീണവനായിട്ടാണ് അവൻ ഹാജരാവുക." (അബൂദാവൂദ്)
ബഹുഭാര്യത്വം അത്യാവശ്യമാകുന്ന ഘട്ടങ്ങൾ സമൂഹത്തിൽ ഉൽഭവിക്കാറുണ്ട്. രാഷ്ട്രീയമോ ഗോത്രപരമോ ആയ സംഘട്ടനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുമ്പോൾ അധികവും പുരുഷന്മരാണ് കൊല്ലപ്പെടുന്നത്. അപ്പോൾ വിധവകളായിതീരുന്ന യുവതികൾ ഒരു പുരുഷന്റെ സുഖം ലഭിക്കാതെ അനാഥകളായിത്തീരാറുണ്ട്.
വൈകാരിക ശക്തി പുരുഷന് കൂടുതലാണ് ഒരു ഭാര്യയെക്കൊണ്ട് തൃപ്തിവരാത്ത വൈകാരിക ഊർജ്ജം പുരുഷനുണ്ടായെന്ന് വരാം. കൂടാതെ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറ്റാത്ത ആർത്തവ, പ്രസവ സമയങ്ങളുണ്ടാവും. ഇത്തരം അവസരങ്ങളിൽ വ്യഭിചാരത്തിലേക്ക് തെന്നി വീഴാതിരിക്കാൻ ബഹുഭാര്യത്വം സ്വീകരിക്കലാണ് യുക്തി. ഭാര്യ വന്ധ്യയോ, രോഗിയോ അയാൽ തഥൈവ.
ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വം ബുദ്ധി ജീവികളുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട്. ഡോ: മിസിസ് ആനി ബസന്റ് പാശ്ചാത്യ പണ്ഡിതനായ ജെ. എസ്. കലിയർ മാക്‌ഫോർ ജോർജ് റൈലി, ഡോ: ലിബോൺ ഫ്രാൻസ് തുടങ്ങിയവർ കാര്യ കാരണ സഹിതം ബഹുഭാര്യത്വത്തെ ന്യായീകരിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ ബഹുഭാര്യത്വത്തെ എതിർക്കുന്നവർ പ്രവാചകനെ കുറിച്ചും പ്രവാചകന്റെ ബഹുഭാര്യത്വത്തെ കുറിച്ചും മോശമായി ചിത്രീകരിക്കുന്നത് കാണാം. പ്രവാചകനെ വിലയിരുത്തുമ്പോൾ സുപ്രധാനമായ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. ബഹുഭാര്യത്വം അമ്പത്തി മൂന്നാം വയസ്സിലായിരുന്നു. ഒരാളൊഴിച്ച് എല്ലാ ഭാര്യമാരും വിധവകളായിരുന്നു. (ആയിശ (റ) ഒഴികെ). എതിരാളികൾ പ്രചരിപ്പിക്കും വിവാഹ ഉദ്ദേശ്യം വൈകാരികമായിരുന്നെങ്കിൽ, യുവ കന്യകകളെ സ്വന്തമാക്കാമായിരുന്നല്ലോ. സ്വയം തന്നെ സമർപ്പിക്കാൻ തയ്യാറായ അനുയായികൾ എത്ര സുന്ദരിമാരേയും നൽകാൻ സന്നദ്ധമാകുമായിരുന്നിട്ടും, വിധവകളായ വനിതകളെ വേൾക്കുകയും അനുചരരോട് കന്യകകളെ വിവാഹം ചെയ്യാൻ ഉപദേശിക്കുകയും ചെയ്തതിൽ സദുദ്ധേശ്യമല്ലാതെ മറ്റെന്താണ് ദർശിക്കാനാവുക?
പ്രവാചകരുടെ ബഹുഭാര്യത്വത്തിന് മഹത്തായ ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെങ്കിലും പ്രാധാനപ്പെട്ട നാല് കാര്യങ്ങൾ താങ്കളെ ഉണർത്താൻ അഗ്രഹിക്കുന്നു. വിദ്യഭ്യാസപരം, മതപരം, സമൂഹികം, രാഷ്ട്രീയപരം, സമൂഹത്തിന്റെ ഒരു ഭാഗമായ സ്ത്രീക്ക് വിജ്ഞാനം പകരാൻ പണ്ഡിത വനിതകളെ സൃഷ്ടിക്കുകയും ഒരു പുരുഷനിൽ നിന്ന് പൂർണ്ണമായി ചോദിച്ച് പഠിക്കാൻ സൗകര്യപ്പെടാത്ത ഏറെ കാര്യങ്ങൾ (ഉദ: ഋതുരക്തം, പ്രസവം) പ്രവാചക പത്നിമാരിൽ നിന്ന് നിർലജജം മറ്റു സ്ത്രീകൾക്ക് അവസരം ലഭിക്കുകയും ചെയ്യുക എന്നതാണ്. ചില കാര്യങ്ങൾ പ്രവാചകനോട് ചോദിക്കാൻ മടിച്ചിരുന്നു. അല്ലെങ്കിൽ കന്യകയേക്കാൾ നാണമുള്ള പ്രവാചകരും പ്രത്യുത്തരം നൽകാൻ ലജ്ജിച്ചിരുന്നു.
ആയിശ(റ)യിൽ നിന്ന് നിവേദനം. അൻസാരി വനിതകളിൽപ്പെട്ട ഒരു സ്ത്രീ പ്രവാചകനോട് ഋതുരക്തം സംബന്ധമായ കുളിയെക്കുറിച്ച് ചോദിച്ചു പ്രാവചകർ പറഞ്ഞു. "സുഗന്ധം പൂശിയ ഒരു കഷണം പഞ്ഞി കൊണ്ട് ശുദ്ധിയാക്കുക" സ്ത്രീ വീണ്ടും അതേ ചോദ്യ മുന്നയിച്ചു. എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത് ? പ്രവാചകർ ആദ്യത്തെ ഉത്തരം തന്നെ പറഞ്ഞു. പക്ഷേ സ്ത്രീ വിട്ടില്ല തിരുദൂതരേ അത് കൊണ്ട് ഞാനെങ്ങനെ ശുദ്ധിയാകും? അവിടുന്ന് ആശ്ചര്യപൂർവ്വം പറഞ്ഞു സുബ്ഹാനല്ലാഹ്.. അത് കൊണ്ട് നീ ശുദ്ധിയാക്കൂ. ആയിശ(റ) പറയുന്നു. ഞാൻ ആ സ്ത്രീയോട് ഈ പറഞ്ഞതിനെ വ്യക്തമാക്കി കൊടുത്തു. പ്രവാചകൻ വ്യക്തമാക്കാൻ ലജജിച്ച ഒരു സംഭവമാണിത്. സ്ത്രീകൾക്ക് അദ്ധ്യാപനം നൽകുന്ന ഏറ്റവും നല്ല ഗുരുവര്യകൾ പ്രവാചക പത്നിമാർ തന്നെ. അവർ മുകേനയാണല്ലോ സ്ത്രീ സമൂഹം മത കാര്യങ്ങളിൽ വ്യുൽപത്തി നേടിയത്.
പ്രവാചകന്റെ ബഹുഭാര്യത്വത്തിന്റെ മറ്റൊരു കാരണം സാമൂഹികമാണ്. പ്രാവാചകരുടെ ഏറ്റവും പ്രിയപ്പെട്ട സഹചാരികളായിരുന്ന നാല് ഖലീഫമാരിൽ അദ്യത്തെ രണ്ടു പേരുടെ പുത്രിമാരെയും മറ്റു ചില ഗോത്രങ്ങലിലെ വനിതകളേയും വിവാഹം ചെയ്തതിൽ സാമൂഹിക നന്മയായിരുന്നു. പ്രാവാചകർ ആയിശ(റ)യെ വിവാഹം ചെയ്തത് തന്റെ സന്തത സഹചാരിയുടെ മകൾ എന്ന നിലയിലായിരുന്നു. ആദ്യമായി ഇസ്ലാം വിശ്വസിച്ച് സമ്പത്തും സർവ്വസ്വവും അതിന്റെ നന്മക്കായി സമർപ്പിച്ച് ഏറെ ത്യാഗങ്ങൾ വരിച്ച അബൂബക്കർ സിദ്ധീഖ്(റ)ന്റെ പൊന്നോമന പുത്രിയാണല്ലോ അവർ. പ്രവാചകർ (സ) അബൂബക്കറിന് നൽകിയ ഏറ്റവും നല്ല പ്രത്യുപകാരമായിരുന്നു അദ്ദേഹത്തിന്റെ പുത്രി ആയിശയുമായുള്ള വിവാഹം.
ഇസ്ലാമിന്റെ ധീരനായ പോരാളി ഖലീഫ ഉമർ(റ)ന്റെ പുത്രി ഹഫ്‌സ്വ(റ)യെ വിവാഹം ചെയ്തതും ഇതേ നമ്മക്ക് വേണ്ടിയാണെന്ന് മേലെ സൂചിപ്പിച്ചുവല്ലോ. ഈ രണ്ട് പേരേയും ആദരിക്കാൻ ഇതിലപ്പുറം മറ്റൊരു മാർഗ്ഗം ഇല്ലായിരുന്നു. പ്രവാചകരുടെ പ്രധാനപ്പെട്ട നാലു ഖലീഫമാരിൽ അബൂബക്കർ സിദ്ധീഖ്(റ) ഉമർ(റ) എന്നിവരെ അവരുടെ മക്കളെ വിവാഹം ചെയ്ത് ആദരിച്ച പ്രവാചകർ ഉസ്‌മാൻ(റ) അലി(റ) എന്നിവർക്ക് സ്വന്തം പുത്രിമാരെ വിവാഹം ചെയ്തു കൊടുത്തു ആദരിക്കാൻ മറന്നില്ല.
ഗോത്രങ്ങൾക്കിടയിൽ ബന്ധം സ്‌ഥാപിച്ച് പ്രബോധനം സുസാധ്യമാക്കുക പ്രവാചക വിവാഹത്തിന്റെ മറ്റൊരു രാഷ്ട്രീയ ലക്ഷ്യമായിരുന്നു. ബനു മുസ്തലഖ് ഗോത്ര തലവൻ ഹാരിസിന്റെ പുത്രി ജുവൈരിയ്യയുമായുള്ള വിവാഹം ഈ ഇനത്തിൽ പെട്ടതാണ്. അത് പോലെ സ്വഫിയ്യ(റ)യുടെ വിവാഹവും ഇപ്രകാരം തന്നെ. ഖൈബർ യുദ്ധത്തിൽ തടവ് പുള്ളിയായിരുന്നു അവർ. ഭർത്തവിന്റെ വധം അവരെ ഏറെ വിഷമിപ്പിച്ചു. ഉന്നത കുലജാതയായ അവർക്ക് അനുയോജ്യമായ ഭർത്താവായി ആരുമില്ലെന്ന വിവരം അനുയായികൾ പ്രവാചകർ (സ) യെ അറിയിച്ചു. പ്രവാചകർ സ്വഫിയ്യ(റ)ക്ക് കുടുംബത്തിന്റെ കൂടെ പോവുകയോ അവിടത്തെ ഭര്യയായി കൂടുകയോ ചെയ്യുന്നതിന് അനുവാദം കൊടുത്തു. പ്രവാചകരുടെ ഉന്നത വ്യക്തിത്വം മനസ്സിലാക്കിയ അവർ അവിടത്തെ പത്നീ പദം തെരെഞ്ഞെടുക്കുകയായിരുന്നു.
ശീജാ താങ്കൾ അയച്ച മെയിലിൽ പ്രവചകൻ ബഹുഭാര്യത്വത്തിനെക്കുറിച്ച് സൂചിപ്പിച്ചതാണ് ഇത്രയും നീണ്ടുപോയത്. പ്രാവചകൻ ഓരോ വിവാഹത്തിന്റെ പിന്നിലും ഇതിനേക്കാൾ പല സംഭവങ്ങളും അടങ്ങിയിട്ടുണ്ട്. താങ്കൾക്ക് അതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ അയച്ച് തരുന്നതാണ്. താങ്കൾ സ്വീകരിക്കുമെങ്കിൽ.
മറ്റൊരു കാര്യം വിവാഹം മാത്രം ശീലമാക്കി നടക്കുന്ന സാമൂഹിക ദ്രോഹികളെ നോക്കി ഇസ്ലാമിനെ വിലയിരുത്തുന്നത് ശരിയല്ല. അത്പോലെയുള്ള കെട്ട് വീരന്മാർ എല്ലാ മതത്തിലും ഉള്ളത് പോലെ മുസ്ലിംകളിലും ഉണ്ടാകും. ഇത്രയും എഴുതിയതിൽ നിന്ന് താങ്കളുടെ തെറ്റിദ്ധാരണ നീങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
താങ്കളുടെ മെയിലിൽ സൂചിപ്പിച്ച ഇസ്ലാമും മറ്റുള്ള മതങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്നുള്ളതിന് മറ്റൊരു ഈ മെയിൽ അയക്കുന്നതാണ്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ മുസ്ലിംകൾ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നു. മറ്റുള്ള മതങ്ങൾ ഒന്നിൽ കൂടുതൽ വസ്തുക്കളെ ദൈവമായി അംഗീകരിക്കുന്നു. നിറുത്തട്ടെ.
ഭാഗം 2
പ്രിയപ്പെട്ട അബ്ദുള്ള
താങ്കളുടെ മറുപടിക്ക് നന്ദി, ഞാൻ ഉന്നയിച്ച മർമ്മ പ്രധാനമായ കാര്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ലെങ്കിലും മൊത്തത്തിൽ ഇസ്ലാം വിമർശകർക്കുള്ള മറുപടിയായിട്ടുണ്ട്. എന്നാൽ ഞാൻ ഉന്നയിച്ചത് പരിഷ്കരണ പ്രസ്ഥാനക്കാർ എന്ന് സ്വയം പ്രചരിപ്പിക്കുന്ന ചില സംഘടനയുടെ ആളുകൾ വരെ പ്രവാചകന്റെ കാലത്ത് നടന്നിരുന്നു എന്ന ഒറ്റ തെളിവ് വെച്ച് കൊണ്ട് ബഹുഭാര്യത്വത്തെ ന്യായീകരിക്കുന്നത്. എന്റെ കൂട്ടുകാരിയുടെ ഭർത്താവിനെ ഉദ്ധരണം ഉദ്ധരിച്ച് കൊണ്ട് ഞാൻ പറഞ്ഞതിന് മറുപടി ലഭിക്കേണ്ടത്. കാരണം മേൽ പറഞ്ഞ പ്രസ്‌ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട ചിലർ വേറെ നിലയിൽ പ്രചരിപ്പിക്കുകയും രണ്ടും, മൂന്നും പെണ്ണ് കെട്ടി മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്. പ്രിയ സുഹൃത്തെ, അന്ന് അന്ധകാര യുഗം എന്ന് നിങ്ങൾ തന്നെ വിശേഷിപ്പിക്കാറുള്ള കാലഘട്ടത്തിൽ നടന്നിരുന്ന ഒരു കാര്യം ഇന്ന് ഏറ്റവും നല്ല തെളിവാക്കി ഉദ്ധരിക്കുന്ന നിങ്ങൾ അന്നു നടന്നിരുന്ന അടിമ സമ്പ്രദായം തിരിച്ചുക്കൊണ്ട് വരുമോ എന്നാണ് എനിക്ക് പേടി. കാരണം അതും വിധവകൾക്കും അശരണർക്ക് സുരക്ഷിതത്വം ഉണ്ടാക്കുന്നതാണെന്ന് നിങ്ങൾക്ക് ന്യയീകരിക്കാമല്ലോ.
അതോടൊപ്പം തന്നെ വൈകാരിക ശക്തി ആണുങ്ങൾക്കാണ് കൂടുതൽ എന്ന വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. മറിച്ച് പലപ്പോഴും സ്ത്രീകൾക്ക് പുരുഷനെക്കൊണ്ട് തൃപ്തിയുണ്ടാകാറില്ല എന്നതും സത്യം. കഴിവ് കെട്ട പുരുഷനെ വേൾക്കേണ്ടി വരുന്ന സ്ത്രീകൾ അവരുടെ ജീവിത കാലം മുഴുവനും കണ്ണീരൊഴുക്കി കഴിയേണ്ടി വരുന്നു എന്നതും നിങ്ങളെ പോലുള്ളവർ കാണാതെ പോകുന്നു. ഞാൻ താങ്കൾക്ക് കത്ത് എഴുതിയതിന് ശേഷം കേട്ട മറ്റൊരു വാദം ഈ ബഹുഭാര്യത്വം സ്ത്രീധനത്തിന് ഒരു പ്രതിവിധി എന്നാണ്. യഥാർത്ഥത്തിൽ ഞാൻ മനസ്സിലാക്കിയെടുത്തോളം ഈ പരിഷ്കരണ പ്രസ്‌ഥാനങ്ങളെല്ലാം തന്നെ മനുഷ്യനെ പഴയ അന്ധകാരയുഗത്തിലേക്ക് തിരിച്ച് കൊണ്ട് പോകുകയാണ്. താങ്കൾ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ആളാണോ എന്ന് എനിക്കറിയില്ല എന്തായാലും താങ്കൾ താങ്കളുടെ സമൂഹത്തിൽ ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കണം എന്നാണ് എന്റെ അഭ്യർത്ഥന. ഇസ്ലാമിനെക്കുറിച്ച് ഞാൻ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്. താങ്കൾ പുസ്തകതിന്റെ ലിസ്‌റ്റ് അയച്ചാൽ മതി ഞാൻ സ്വന്തമായി സംഘടിപ്പിച്ച് കൊള്ളാം. താങ്കളെ സർവ്വേശ്വരൻ തുണക്കട്ടെ
എന്ന് .
ശീജ ഒമാൻ
മറുപടി
മാന്യ സഹോദരി, ശീജ
താങ്കൾക്ക് അയച്ച മറുപടിയിൽ ആദ്യത്തേത് തന്നെയാണ് വീണ്ടും ആവർത്തിച്ചിട്ടുള്ളത്. ബഹുഭാര്യത്വത്തിനു ഇസ്ലാമിന്റെ ശരിയായ ആശയമാണ് തങ്കളെ ഞാൻ അറിയിച്ചത്. ഇസ്ലാം ബഹുര്യത്വത്തിന് അനുമതി നൽകിയിട്ടുള്ളത് നിബന്ധനയോടെയാണെന്ന് കഴിഞ്ഞ മെയിലിലൂടെ താങ്കളെ അറിയിച്ചു. താങ്കളുടെ കൂട്ടുകാരിയുടെ ഭർത്താവ് ഏത് പ്രസ്ഥാനക്കരനാണെന്ന് എനിക്ക് അറിയില്ല. ഇനി ഏത് ആളായലും പരിഷ്കാരകനോ അല്ലാത്തവനോ, എല്ലാവർക്കും ഒരേ നിയമമാണ്. അത് മാറ്റാൻ ആർക്കും അവകാശമില്ല.
സർവ്വ വിഷയങ്ങളിലും ഇസ്ലമിന്റെ നിയമം സ്വീകരിക്കുന്ന ഒരാൾക്ക് ബഹുഭാര്യത്വത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇസ്ലാമിലെ ബഹുഭാര്യത്വം, സ്വത്തവകാശം, വിവാഹ മോചനം ഇത് മാത്രം മനസ്സിലാക്കി വെച്ചവർക്ക് ഒരിക്കലും ഇസ്ലാമിനെ ശരിയായ രൂപത്തിൽ കണാൻ സാധിക്കില്ല. താങ്കൾ പറഞ്ഞ പോലെ വികാരം കൂടുതൽ സ്ത്രീക്ക് തന്നെയാണ്. പക്ഷേ അവളുടെ ലജ്ജ അതിനെ മറച്ച് വെക്കുന്നു. പുരുഷനാണെങ്കിൽ നേരെ വിപരീതം. ഇസ്ലാം അതിനും നിർദേശം നൽകിയിട്ടുണ്ട്.
മറ്റൊന്ന് താങ്കൾ സൂചിപ്പിച്ചത്, കഴിവ് കെട്ട പുരുഷൻ കാരണം കണ്ണീർ പൊഴിക്കേണ്ടി വരുമെന്ന്! എന്നാൽ കേൾക്കണോ ഇസ്ലാം പൂർണ്ണമായി സ്വീകരിച്ച ഒരാണിനോ ഒരു പെണ്ണിനോ കണ്ണീർ പൊഴിക്കേണ്ടി വരില്ല. കാരണം ഇസ്ലാം പറയുന്നു നീ നിന്റെ ഭാര്യയുമായി ബന്ധപ്പെടുമ്പോൾ കന്നുകാലികളെ പോലെ ആകരുത് അവളേയും പരിഗണിച്ച് കൊണ്ടായിരിക്കണം നിന്റെ പ്രവർത്തി. നിന്റെ കാര്യം സാധിപ്പിച്ചു നീ പോകുന്ന ഒരു അവസ്ഥ ഉണ്ടാവരുത്. അവളുടെ കാര്യം സാധിപ്പിച്ചു എന്ന് നീ ഉറപ്പ് വരുത്തണം. പ്രവാചകൻ കഴിവ് കെട്ടവരായി എണ്ണിയ മൂന്ന് പേരിൽ ഒരാൾ സംയോഗത്തിൽ തന്റെ ഭാര്യയെ പരിഗണിക്കാത്തവനാണ്.
മറ്റൊന്ന് താങ്കൾ സൂചിപ്പിച്ചത് പ്രാവാചകന്റെ കാലം അന്ധകാരമായിരുന്നല്ലോ. അന്നുണ്ടായ നിയമമല്ലേ ബഹുഭാര്യത്വമെന്ന്. ഇത് ഇസ്ലാമിനെ പൂർണ്ണമായി മനസ്സിലാക്കാത്തതിന്റെ കുറവാണന്നേ പറയാൻ പറ്റുകയുള്ളൂ. ജനിച്ച കുഞ്ഞ് പെണ്ണായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം അച്ചൻ കുട്ടിയെ ജീവനോടെ കുഴിച്ച് മൂടുന്ന ഒരു കാലത്താണ് പ്രവാചകന്റെ ആഗമനം. സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ അവരെ വീട്ടിൽ നിന്ന് മാറ്റി താമസിച്ചിരുന്ന ആ അന്ധകാര യുഗത്തിലാണ് ഇസ്ലാം സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്യം നൽകിയത്. മറ്റൊരു കാര്യം അടിമ സമ്പ്രദായം ഇല്ലാതാക്കിയത് ഇസ്ലാമാണ്. എന്നിട്ടാണോ താങ്കൾ അതിനോട് ഉപമിക്കുന്നത്.
സ്ത്രീധനം ഇല്ലാതാക്കാനാണ് രണ്ടും മൂന്നും കെട്ടുന്നതെന്ന് പറയുന്നത് തനി വിഡ്ഢിത്തമാണ്. ഇസ്ലാം സ്ത്രീധന സമ്പ്രദായത്തെ പ്രോൽസാഹിപ്പിക്കുന്നില്ല. സ്ത്രീക്ക് അങ്ങോട്ട് 'മഹ്ർ' കൊടുക്കണമെന്നാണ് ഇസ്ലാം കൽപ്പിക്കുന്നത്. 'മഹ്ർ' കൊടുക്കാതെ അവളെ തൊടാൻ പോലും പാടില്ലെന്നാണ് ഇസ്ലാമിന്റെ കൽപന.
എഴുത്ത് നീട്ടുന്നില്ല ബഹുഭാര്യത്വത്തെ എതിർക്കുന്ന താങ്കളോട് ഒന്ന് രണ്ട് കാര്യം സൂചിപ്പിച്ച് കൊണ്ട് എഴുത്ത് നിറുത്തുന്നു. ഇസ്ലാമിന്റെ ബഹുഭാര്യത്വം എതിർക്കുന്നവർ താഴെ പറയുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതാണ്.
* നല്ല അരോഗ്യമുള്ള ഭർത്താവ് ഭാര്യയാണെങ്കിൽ അസുഖം പിടിപ്പെട്ട് ആരോഗ്യമില്ലാതെ ഒന്നിനും താൽപര്യം ഇല്ലാത്തവളാണ്. ഈ അവസ്‌ഥയിൽ ഭർത്താവ് രണ്ട് മാർഗ്ഗങ്ങളുണ്ട്. ഒന്ന് ഒരു പെണ്ണും കൂടി കെട്ടുക അല്ലെങ്കിൽ അടുത്ത വ്യഭിചാര കേന്ദ്രത്തിൽ പോയി അവൻ കാര്യം നിറവേറ്റുക. ഇതിൽ രണ്ടിലൊന്ന് നിർബന്ധമാണ് ഏത് തിരഞ്ഞെടുക്കണമെന്നാണ് താങ്കൾ പറയുന്നത്
* വളരെ സാമ്പത്തികമായി കഴിവുള്ള ഒരാൾ, അയാളുടെ ഭാര്യ കാരണമായി അവർക്ക് കുട്ടികളില്ല. നാട്ടിലുള്ള മുഴുവൻ ഡോക്ടർമാരും പറയുന്നു. ഭാര്യയുടെ തകരാറാണ് കുട്ടികളില്ലാത്തതെന്ന് ഒരു രക്ഷയും ഇല്ലെന്നും. ഇവർക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ വളരെ ആഗ്രഹവും ഉണ്ട്. എന്ത് ചെയ്യും. ഒന്നും കൂടി കെട്ടി തന്റെ ജീവിത അഭിലാഷം പൂർത്തികരിക്കണോ അതല്ല ജീവിതം മുഴുവൻ മാനസികമായി നരകിച്ച് കഴിയണോ താങ്കളുടെ അഭിപ്രായം എന്താണ് ?
*ഭാര്യക്ക് അസുഖം ഒന്നും ഇല്ല. എങ്കിലും ലൈംഗികമായി ഒരു താൽപര്യ കുറവ്. ബാക്കി എല്ലാ കാര്യത്തിലും നാട്ടിലുള്ള എല്ലാ സ്ത്രീകളേക്കാളും മെച്ചമാണ്. ലൈംഗിക വിഷയത്തിൽ മാത്രം തൊടാൻ വിടുന്നില്ല. എന്ത് ചെയ്യും. അവളെ മാത്രം പരിഗണിച്ച് ഭർത്താവിന്റെ ജീവിതം നഷ്ടപ്പെടുത്തണോ? നേരത്തെ പറഞ്ഞ പോലെ മറ്റുള്ള സ്ത്രീകളുമായി അവിഹിത ബന്ധത്തിലൂടെ കാര്യം നിർവ്വഹിക്കണോ?. ഒരു പെണ്ണും കൂടി കെട്ടി ഇസ്ലാം പറഞ്ഞ നീതി അനുസരിച്ച് ജീവിച്ചു വളരെ സൗഹൃദത്തിൽ ഒത്തു കഴിഞ്ഞു പോകലാണോ? ഏതാണുത്തമം താങ്കളുടെ പ്രതികരണം എന്ത്?
ഇതൊക്കെ പുരുഷനിൽ ഉണ്ടായാലോ എന്ന് താങ്കൾ ചോദിച്ചേക്കാം. ഈ പറയപ്പെട്ട കാര്യങ്ങളൊക്കെ പുരുഷനിൽ ഉണ്ടാവുകയാണങ്കിൽ അവൾക്ക് അവനെ ഒഴിവാക്കാൻ "ഫസ്‌ഖ്" ചെയ്യൽ ഇസ്ലാം അനുമതി നൽകിയിട്ടുണ്ട്. അത്രത്തോളം സ്വാതന്ത്യം ഇസ്ലാം സ്ത്രീക്ക് നൽകിയിട്ടുണ്ട്.
ഇതിനൊക്കെ താങ്കളുടെ പ്രതികരണം അറിയാൻ താൽപര്യമുണ്ട്. മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിറുത്തട്ടെ.
സത്യം മനസ്സിലാക്കുവാനും അതുൾക്കൊണ്ട് ജീവിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ...
എന്ന്.
സി. പി. അബ്‌ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861