നബി (സ)ക്ക് രോഗം

നബി (സ) മറ്റു  പത്നിമാരെ കാണാൻ പോയി. അവരോട് സംസാരിക്കാൻ വലിയ പ്രയാസം തോന്നിയില്ല. തലവേദന അത്ര കടുപ്പമില്ലായിരുന്നു. ഓരോരുത്തരെയായി സന്ദർശിച്ചു. മൈമൂന (റ)യുടെ വീട്ടിലെത്തി. അസുഖം വീണ്ടും വർദ്ധ‌ിച്ചു. ഇനി വിശ്രമിക്കാതെ വയ്യ. നടക്കാൻ പറ്റുന്നില്ല.

നബി (സ)ക്ക് രോഗം

ആയിശ(റ)

ഭാഗം അഞ്ച്

നബി (സ)ക്ക് രോഗം

 ആയിശ (റ ) പ്രായം പതിനെട്ടായി. സ്വപ്നങ്ങൾ വിരിയുന്ന പ്രായം. യൗവനത്തിന്റെയും പ്രസരിപ്പിന്റെയും  കാലം. ഹിജ്റ വർഷം പതിനൊന്നു. സഫർ മാസത്തിന്റെ  അവസാനം. ആയിശ (റ)ക്ക് തലവേദന വന്നു. കഠിനമായ തല വേദന ഇരിക്കാനും നിൽക്കാനും വയ്യ. നബി (സ) കയറി വന്നു. തന്റെ  പ്രിയപ്പെട്ട പത്നി വേദന കൊണ്ട് പുളയുന്നതു കണ്ടു.

"ഹാവൂ! എന്റെ തല"
അത് പറഞ്ഞത് നബി (സ) ആയിരുന്നു. പ്രവാചകനും തലവേദന അനുഭവപ്പെട്ടു.  "എന്നേക്കാൾ മുമ്പേ നീ മരിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ സംസ്‌കരിക്കുകയും നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു".  പ്രവാചകൻ പറഞ്ഞു.
ആയിഷ (റ)ക്ക് അപ്പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയില്ല. തലവേദനകൊണ്ട് വല്ലാതെ വിഷമിക്കുന്ന ആ ഭാര്യക്ക് ആ വാക്കുകൾ അസഹ്യമായിരുന്നു. അൽപം പരുഷഭാവത്തിൽ അവർ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂലേ! ഈ വീട്ടിൽ മറ്റൊരു പത്നിയെ കല്ല്യാണം കഴിച്ചു കൊണ്ടു വരാനായിരിക്കും അങ്ങ് ഇതു പറയുന്നത്. അല്ലേ?"
 ഇതുകേട്ട് പ്രവാചകൻ ചിരിച്ചു. 

നബി (സ) മറ്റു  പത്നിമാരെ കാണാൻ പോയി. അവരോട് സംസാരിക്കാൻ വലിയ പ്രയാസം തോന്നിയില്ല. തലവേദന അത്ര കടുപ്പമില്ലായിരുന്നു. ഓരോരുത്തരെയായി സന്ദർശിച്ചു. മൈമൂന (റ)യുടെ വീട്ടിലെത്തി. അസുഖം വീണ്ടും വർദ്ധ‌ിച്ചു. ഇനി വിശ്രമിക്കാതെ വയ്യ. നടക്കാൻ പറ്റുന്നില്ല. വിവരമറിഞ്ഞപ്പോൾ എല്ലാ ഭാര്യമാരും അവിടെ ഓടിയെത്തി. രോഗം വന്നാലും ഭാര്യമാരോട് നീതിയോടെ വർത്തിക്കാൻ ശ്രമിച്ചിരുന്നു. ഓരോ ദിവസവും ഓരോ ഭാര്യമാരുടെ വീട്ടിൽ താമസിച്ചു. "നാളെ ഞാനെവിടെയായിരിക്കും?" ഭാര്യമാർക്കു ആ ചോദ്യത്തിൻ്റെ ഉദ്ദേശം മനസ്സിലായി. നാളെ ആയിശയുടെ വീട്ടിലാണോ എന്നാണ് ചോദ്യത്തിന്റെ  ഉദ്ദേശം. അവരെല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി. പ്രവാചകനെ ആയിശയുടെ വീട്ടിലേക്കു മാറ്റാം. പ്രവാചകന് വളരെയേറെ സന്തോഷകരമായ തീരുമാനം. അലി ഇബ്നു അബീതാലിബ് (റ)വിന്റെയും അബ്ബാസ് (റ) വിന്റെയും ചുമലിൽ പിടിച്ചുകൊണ്ടാണ് ആയിശായുടെ വീട്ടിലെത്തിയത്. കാല് നിലത്തൂന്നി നടക്കാൻ പറ്റുന്നില്ല.രോഗം കൂടിക്കൂടി വന്നു. പള്ളിയിൽ ചെന്ന് പ്രാർത്ഥനക്ക് നേത്യത്വം നൽകാൻ പോലും പ്രയാസം നേരിട്ടു. പത്നിമാർ ശുശ്രൂഷയിൽ മുഴുകി. തിരുമേനി രോഗികൾക്ക് മന്ത്രിച്ചു കൊടുക്കാറുണ്ടായിരുന്ന മന്ത്രങ്ങൾ ആയിശ(റ) മന്ത്രിച്ചുകൊടുത്തു.

സുബ്ഹി നമസ്ക്കാരത്തിനു സമയമായി. സത്യവിശ്വാസികൾ പള്ളിയിൽ വന്നു കൂടി. സമയം കുറേയായി. തിരുമേനി പള്ളിയിലെത്തിയില്ല. നബി(സ) പല തവണ എഴുന്നേൽക്കാൻ ശ്രമിച്ചു പറ്റുന്നില്ല.അബൂബക്കർ ഇമാമത്ത് നിൽക്കട്ടെ". അവിടുന്ന് നിർദ്ദേശിച്ചു. ആയിശ(റ)ക്ക് അത് കേട്ടപ്പോൾ പ്രയാസം തോന്നി. തന്റെ  പിതാവ് ലോല ഹൃദയനാണ്. പെട്ടെന്ന് കരച്ചിൽ വരുന്ന പ്രകൃതം. പിന്നെങ്ങിനെയാണ് നമസ്ക്കാരത്തിന് നേതൃത്വം നൽകാൻ കഴിയുക. "അങ്ങ് മറ്റാരോടെങ്കിലും കൽപിച്ചാലും" പുത്രി പിതാവിനെ അതിൽ നിന്നൊഴിവാക്കാനപേക്ഷിച്ചു. തിരുമേനി അതേ നിർദ്ദേശം ആവർത്തിച്ചു. ആയിശ(റ)യുടെ നിർദ്ദേശമനുസരിച്ച് ഹഫ്‌സ(റ)യും ഇതേ കാര്യത്തിനപേക്ഷിച്ചു. എന്നിട്ടും ഫലിച്ചില്ല."പറയുക. അബൂബക്കർ നേതൃത്വം നൽകട്ടെ". അബൂബക്കർ(റ) നമസ്‌കാരത്തിന് നേതൃത്വം നൽകി. പ്രവാചകൻ്റെ ശബ്ദത്തിന്  പകരം അന്നവർ സിദ്ദീഖിൻറെ ശബ്ദം കേട്ടു.

രോഗം പിടിപെടുന്നതിനു മുമ്പ് കുറച്ച് സ്വർണ്ണം ആയിഷ (റ)യുടെ പക്കൽ സൂക്ഷിക്കാൻ കൊടുത്തിരുന്നു. പിന്നെ അതങ്ങു മറന്നുപോയി. രോഗത്തിൽ കിടക്കുമ്പോൾ ഓർമ്മ വന്നു. ഉടനെ ഭാര്യയോ ട് ചോദിച്ചു: "ആയിശാ ! ആ സ്വർണ്ണം എവിടെ? അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കണം. മുഹമ്മദ് അല്ലാഹുവിനെ സന്തോഷമില്ലാത്ത അവസ്‌ഥയിൽ കണ്ടുമുട്ടാൻ ഇടവരരുത്". ആ സ്വർണ്ണം ആയിശാ (റ) ധർമ്മം ചെയ്തു. നമസ്കാരത്തിനു വീണ്ടും സമയമായി. ബിലാൽ (റ) ബാങ്ക് വിളിച്ചു. അബൂബക്കർ (റ)വിനെ അവി ടെയെങ്ങും കാണാനില്ല. സമയം ഇഴഞ്ഞുനീങ്ങി. "ഉമർ നമസ്കാരത്തിനു നേതൃത്വം നൽകട്ടെ" . ആ നമസ്കാരം ഉമർ (റ)വിന്റെ  നേതൃത്വത്തിൽ നടന്നു. പ്രവാചകൻ രോഗബാധിതനാണെന്ന വാർത്ത നാട്ടിൽ പരന്നു. അതറിഞ്ഞ ഉടനെ ഉസാമാ (റ) സൈന്യത്തോടൊപ്പം ജൂർഫിൽനിന്നും മദീനയിലെത്തി. ഇരുപതു വയസ്സുപോലും തികയാത്ത സൈന്യാധിപൻ. ശാമിലേക്കൊരു പട നയിക്കാൻ പ്രവാചകൻ തന്നെയാണ് ആ സേനാപതിയെ ചുമതലപ്പെടുത്തിയത്. ജൂർഫിൽ വെച്ചാണ് സന്നാഹങ്ങൾ തയ്യാറാക്കിയത്. നീണ്ട യാത്രയാണ്. ദുർഘടം പിടിച്ച നീണ്ട വഴി. എല്ലാം ഒരുങ്ങിയതാണ്. അപ്പോഴാണ് രോഗവാർത്തയറിഞ്ഞത്. ഉടനെ മദീനയിലേക്കു തിരിച്ചു. ഉസാമാ [റ] നബി [സ]യുടെ വീട്ടിൽ പ്രവേശിച്ചു . പ്രവാചകന്റെ സംസാര ശക്‌തി ക്ഷയിച്ചു കഴിഞ്ഞിരുന്നു. ചെറുപ്പക്കാരനായ ആ സഹാബിയെ സ്പർശിച്ച് കൈകൾ ഉയർത്തി തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പ്രവാചകൻ ആംഗ്യം കാണിച്ചു. പ്രമുഖ വ്യക്തികളെല്ലാം അവിടെത്തന്നെയുണ്ട്. പ്രവാചകൻറെ രോഗം അവരെയെല്ലാം വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. സാധാരണ നിലയിൽ റസൂൽ [സ] രോഗബാധിതനാവാറില്ല. ജീവിതകാലത്ത് രോഗം ബാധിച്ച അനു ഭവങ്ങൾ ഏറെയില്ല. ജീവിതത്തിലെ ചിട്ടകളും വൃത്തിയുമെല്ലാം ആരോഗ്യത്തെ സഹായിച്ചു.  അമിതാഹാരം ഒരിക്കലും നബി [സ] കഴിച്ചിട്ടില്ല. അവസാന കാലത്താണ് രോഗം ശരിയായ നിലയിൽ പ്രത്യക്ഷ പ്പെട്ടത്.

അഗ്നി കൊളുത്തപ്പെട്ടു

ആയിശ(റ) നബിയുടെ ജീവിതത്തിലേക്കു കടന്നു വന്നത് ഒമ്പതാമത്തെ വയസ്സിലാണ്. അന്നു മുതൽ അവർ അന്ത്യപ്രവാചകന്റെ ജീവിതം പഠിക്കുകയായിരുന്നു. ആ പഠനം അന്ത്യനാൾ വരെയുള്ളവർക്കു പ്രയോജനപ്രദമാകും വിധം രേഖപ്പെടുത്തപ്പെട്ടു. അന്ത്യപ്രവാചകൻ്റെ അന്ത്യ നിമിഷങ്ങൾ അവരുടെ മാർവിടത്തിലായിരുന്നു. ആ നിമിഷങ്ങളൊരോന്നും ആ പ്രിയ പത്നി കണ്ടുപഠിക്കുകയായിരുന്നു. ആ സംഭവങ്ങൾ ഒരു മാറ്റവും വരാതെ അന്ത്യനാൾ വരെയുള്ളവർക്കു വേണ്ടി അവർ പറഞ്ഞു തന്നു. തന്റെ ജീവിതം പോലെ തന്നെ മരണവും വ്യക്‌തമായ രൂപത്തിൽ ഇവിടെ റിപ്പോർട്ടു ചെയ്യപ്പെടണമെന്നു പ്രവാചകൻ കരുതി. അന്ത്യനാളുകൾ ആയിശ (റ) യുടെ വീട്ടിലായിരിക്കണമെന്നു റസൂൽ (സ) തീരുമാനിച്ചതിന്റെ ആന്തരാർത്ഥവും അതു തന്നെ. 

ആയിശ(റ) തന്റെ മടിയിൽ മയങ്ങുന്ന പ്രവാചകന്റെ  മുഖത്തേക്കു നോക്കി. ആ മനസ്സിൽ എന്തെല്ലാം ഓർമ്മകൾ തെളിഞ്ഞു വന്നു കാണും.
എത്രയെത്ര യാത്രകളിൽ ഈ പ്രവാചകനെ താൻ അനുഗമിച്ചിട്ടുണ്ട്. എന്തെന്തു അനുഭവങ്ങൾ! ഹുദൈബിയ്യാ യാത്രയിലും ഹജജത്തുൽ വദാഇലുമൊക്കെ താൻ കൂടെ പോയിരുന്നു. പ്രവാചകനു കുതിര സവാരിയും അമ്പെയ്ത്‌തും ഇഷ്ട‌ടമായിരുന്നു. സഹാബിമാരെ അതിനു പ്രേരിപ്പിച്ചിരുന്നു. ഒരിക്കൽ ഒരു യുദ്ധത്തിനു ആയിശ(റ) നബി (സ) യുടെ കൂടെ പോകുമ്പോൾ നബി (സ) ക്കു അവരുമായി ഒന്നു മൽസരിക്കാൻ തോന്നി. നബി (സ) പറഞ്ഞു. "ആയിശാ! നമുക്കൊന്നു മൽസരിക്കാം. ആര് ജയിക്കും എന്നറിയാമല്ലോ?". രണ്ടു പേരും ഓടി. ഭാര്യയും ഭർത്താവും. ഭാര്യ മെലിഞ്ഞു കനം കുറഞ്ഞ ആളായിരുന്നു. അതിനാൽ അവൾ തന്നെ ജയിച്ചു. ഏതാനും കൊല്ലങ്ങൾക്കു ശേഷം ഇതുപോലെ ഒരവസരമുണ്ടായി. രണ്ടുപേരും ഓടി. അന്നു ആയിശ(റ) കുറച്ചു കൂടെ തടിച്ചു കൊഴുത്ത പെണ്ണായി മാറിയിരിക്കുന്നു. അതുകൊണ്ട് ഓട്ടത്തിൽ ഭാര്യ തോറ്റുപോയി. ഉടനെ ഭർത്താവ് തിരിച്ചടിച്ചു. "ആയിശാ! അന്നത്തേതിന് ഞാൻ പകരം വീട്ടി." അങ്ങനെ എത്രയെത്ര സംഭവങ്ങൾ!

രോഗം വന്നതോടെ ഉറക്കം കുറഞ്ഞു. അസുഖം ഇത്രത്തോളം വർദ്ധിച്ചിട്ടില്ല. ഇളം കാറ്റടിക്കുന്ന ഒരു രാത്രി. പ്രവാചകൻ വീട്ടിൽനിന്നു പുറത്തുവന്നു. കൂടെ സഹായത്തിന് അബൂമുവൈഹിബയുമുണ്ട്. മുസ്‌ലിംകളെ ഖബറടക്കിയ പ്രദേശത്തേക്കാണ് അവർ പോയത്. അവിടെ എത്തിയപാടെ പ്രവാചകൻ പറഞ്ഞു.
"ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവർക്കുവേണ്ടി പാപമോചനം തേടാൻ എന്നോട് കൽപിച്ചിരിക്കുന്നു. എന്റെ കൂടെ വരൂ!"
നബി (സ) (പ്രാർത്ഥിച്ചു. "ഖബറുകളിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ ! നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. നിങ്ങളുടെ ഇന്നത്തെ അവസ്‌ഥ മറ്റുള്ളവരെ അപേക്ഷിച്ചു എത്രയോ അനുഗൃഹീതം. കുഴപ്പങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വരാൻ പോവുന്നു. അവയിൽ പിന്നാലെ വരുന്നത് മുമ്പെ വരുന്നതിനെക്കാൾ മാരകമായിരിക്കും."
പ്രാർത്ഥന കഴിഞ്ഞു മടങ്ങി. താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അബൂമുവൈഹിബ് ജനങ്ങളോട് പറഞ്ഞു. കണ്ണീരിന്റെ നനവുള്ള ഓർമ്മകൾ. സമയം രാത്രിയായി. പനി കുറവുണ്ട്. ആശ്വാസം വന്നതുപോലെ തോന്നി.

നേരം പുലർന്നു. സുബ്‌ഹി നമസ്കാരത്തിന്നു പള്ളിയിൽ പോവണം. അവിടെ നമസ്ക്‌കാരം തുടങ്ങാറായി. അബൂബക്കർ സിദ്ദീഖ് [റ] ഇമാമായി നിസ്കരിക്കാൻ പോകുന്നു. അലി [റ], ഫസൽ ഇബ്നു അബ്ബാസ് (റ) എന്നിവരുടെ ചുമലുകളിൽ തൂങ്ങി പള്ളിയിലേക്കു പോയി. ശിരസ്സ് മുറുക്കി കെട്ടിയിരുന്നു. പ്രവാചകനെ കണ്ട സഹാബികൾ ആഹ്ളാദം  കൊണ്ട് മതിമറന്നു. നമസ്ക്കാരത്തിൽ തുടരാൻ ആഗ്യം കാണിച്ചു. "ഒരു ഇമാമിന്റെ  പിന്നിൽനിന്നുകൊണ്ട് മുസ്ലിംകൾ നിസ്ക്‌കരിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് അറബികൾ വളർന്നു കഴിഞ്ഞു'. ആശ്വാസമായി. സമാധാനമായി. നബി[സിയുടെ പുണ്ടിൽ നേരിയപുഞ്ചിരി. നബി [സ] തന്നെ പ്രാർത്ഥനക്കു നേതൃത്വം നൽകട്ടെ. അബൂബക്കർ [റ] പിന്നോട്ടു മാറി. പ്രവാചകൻ സമ്മതിച്ചില്ല. 
"താങ്കൾ തന്നെ ഇമാമത്ത് നിൽക്കൂ".
ഇമാമിന്റെ വലതുവശത്തിരുന്നു കൊണ്ട് നബി [സ] നിസ്‌കാരം നിർവ്വഹിച്ചു. നമസ്ക്കാരത്തിനു ശേഷം കഴിയാവുന്നത്ര ഉച്ചത്തിൽ അവിടന്നു വിളിച്ചു പറഞ്ഞു.
"ജനങ്ങളെ! അഗ്‌നി കൊളുത്തപ്പെട്ടു കഴിഞ്ഞു വലിയ കുഴപ്പങ്ങൾ വരാനിരിക്കുന്നു. അല്ലാഹുവാണേ ഞാനതിനുത്തരവാദിയല്ല. ഖുർആൻ അനുവദനീയമാക്കിയതല്ലാത്തതൊന്നും ഞാൻ അനുവദനീയമാക്കിയിട്ടില്ല. ഖുർആൻ നിരോധിച്ചിട്ടില്ലാത്തതൊന്നും ഞാൻ നിരോധിച്ചിട്ടുമില്ല."
പ്രവാചകൻ വീട്ടിലേക്കു മടങ്ങി. അനുയായികൾക്ക് ആശ്വാസം. അബൂബക്കർ [റ] സ്വന്തം വീട്ടിലേക്കു പോവാൻ അനുവാദം തേടി. പ്രവാചകൻ അനുമതി നൽകി. പ്രമുഖരായ പല സഹാബികളും സ്‌ഥലം വിട്ടു. പ്രവാചകന് ആശ്വാസമുണ്ടല്ലോ. ഇനി അത്ര ബദ്ധപ്പെടാനില്ല. പലരും വീടുകളിലേക്കു മടങ്ങി. ഒരു യുഗത്തിന് തിരശ്ശീല വീഴാൻ പോവുന്നത് അവരറിഞ്ഞില്ല.

നബി(സ) വഫാത്തായി

നബി(സ) തങ്ങളുടെ അന്ത്യനിമിഷങ്ങൾ അടുത്തിരിക്കുന്നു. ഇതറിയാവുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. ഓമന മകൾ ഫാത്വിമ(റ). എല്ലാ ദിവസവും പിതാവിൻ്റെ രോഗവിവരങ്ങൾ അറിയാൻ വരും. ജീവിച്ചിരിക്കുന്ന ഏക മകൾ. ആ മകളോടുള്ള സ്നേഹത്തിനതിരില്ല. ആ മകൾ കടന്നു വന്നു പിതാവിനെ ചുംബിച്ചു. അടുത്തിരിക്കാൻ പറഞ്ഞു. മകൾ ഇരുന്നു . പിതാവ് മകളുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. പറഞ്ഞു തീർന്നതും അവർ കരഞ്ഞു പോയതും ഒപ്പമായിരുന്നു. ഉടനെതന്നെ പിതാവ് മറ്റൊരു രഹസ്യം ചെവിയിൽ മന്ത്രിച്ചു. മകൾ അതുകേട്ടു ചിരിച്ചു. നബി പത്നിമാർക്കൊന്നും മനസ്സിലായില്ല. അവർ സംഭവം നേരിൽ കണ്ടെന്നു മാത്രം. ആയിശ(റ) അതിനെപ്പറ്റി  ചോദിച്ചു. പ്രവാചകന്റെ  രഹസ്യം തനിക്കു വെളിപ്പെടുത്തിക്കൂടാ എന്നായിരുന്നു ആ മകളുടെ മറുപടി. നബി(സ) മരിക്കുന്നതു വരെ അതു രഹസ്യമായി തന്നെ കിടന്നു. ഈ രോഗത്തിൽ ഞാൻ മരണപ്പെടുമെന്നായിരുന്നു ഒന്നാമതു പറഞ്ഞ രഹസ്യം. അതു കേട്ടപ്പോഴാണ് കരഞ്ഞത്. തന്റെ  അടുത്ത് ആദ്യമായി വന്നു ചേരുന്നത് ഫാത്വിമ ആയിരിക്കും എന്നാണ് രണ്ടാമത് പറഞ്ഞത്. അപ്പോഴാണ് ചിരിച്ചത്.
 സുബുഹി നമസ്‌കാരം കഴിഞ്ഞു വീട്ടിലെത്തി. പ്രവാചകന്റെ രോഗം വർദ്ധിച്ചു. ക്ഷീണം കൂടി കൂടി വന്നു. രാവിലത്തെ ആശ്വാസം നഷ്ടപ്പെട്ടു. അന്ത്യ നിമിഷങ്ങൾ അടുത്തു വരികയാണ്. ഈ ജീവിതത്തോടു യാത്ര പറയുകയാണ്. നല്ല ചൂടുള്ള ദിവസം. മരുഭൂമിയിൽ ചൂടു പറക്കുന്ന പകൽ. ആയിശ(റ) യുടെ സഹോദരൻ അബ്ദുറഹിമാൻ മുറിയിൽ പ്രവേശിച്ചു. കയ്യിൽ ഒരു മിസ്‌വാക്കും ഉണ്ട്. പ്രവാചകൻ മിസ്‌വാക്കിനു നേരെ നോക്കി. പത്നിക്കു ആ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായി. അവർ സഹോദരൻ്റെ കയ്യിൽ നിന്നു മിസ്‌വാക്ക് വാങ്ങി. സ്വന്തം പല്ലു കൊണ്ടു കടിച്ചു മിനുസപ്പെടുത്തി. ഭർത്താവിന്റെ കയ്യിൽ കൊടുത്തു. നല്ല ആരോഗ്യമുള്ള ഒരാളെപോലെ പല്ലു തേച്ചു. 
"അന്ത്യനിമിഷത്തിൽ എൻ്റെ ഉമിനീർ തിരുമേനിയുടെ വായിലായി". 
നബി പത്നി അഭിമാനത്തോടെ ഓർത്തു.
ഭർത്താവിന്റെ ആരോഗ്യത്തിനായി അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. തിരുമേനിയുടെ കരങ്ങൾ അവരുടെ കൈകളുടെ മീതെ വെച്ചിരുന്നു.
"അല്ലാഹുവെ! മരണത്തിന്റെ കൊടും വേദനയിൽനിന്ന് മോചനം നൽകേണമേ!" പ്രവാചകന്റെ  പ്രാർത്ഥന.
ആയിശ(റ)യുടെ മടിയിൽ തലവെച്ചു കിടക്കുന്നു.
പെട്ടെന്നു ശരീരത്തിൻറെ ഭാരം കൂടിയതായി തോന്നി. ആ മിഴികൾ മേൽപോട്ട് ഉയരുന്നതായി തോന്നി. ശ്വാസം നേർത്തുവന്നു. ആകാംക്ഷയുടെ നിമിഷങ്ങൾ എല്ലാവരും വീർപ്പടക്കി നിന്നു. സമയം ഏറെ കഴിഞ്ഞില്ല. എല്ലാം അവസാനിച്ചു.
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ".
"മുഹമ്മദ് നബി (സ) വഫാത്തായിരിക്കുന്നു". 
ആ വാർത്തയറിഞ്ഞപ്പോൾ ജനം അമ്പരന്നു. പ്രവാചകൻ മരണപ്പെട്ടെന്നോ? കാട്ടുതീ പോലെ വാർത്ത നാടെങ്ങും പരന്നു. ഉമർ(റ) ഓടിയെത്തി.
പ്രവാചകൻ മരണപ്പെട്ടത് ആ സഹാബിവര്യൻ വിശ്വസിച്ചില്ല. "മരണപ്പെട്ടെന്ന് ആരും പറഞ്ഞു പോവരുത്. പറയുന്നവരെ ശരിപ്പെടുത്തിക്കളയും". സ്വബോധം നശിച്ചവനെപോലെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
അബൂബക്കർ (റ) ഓടിയെത്തി. പ്രവാചകന്റെ  മുഖത്തേക്കു ഉറ്റു നോക്കി.
"ജീവിതത്തിലും മരണത്തിലും അങ്ങ് എത്ര  പരിശുദ്ധൻ."    അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചു കഴിഞ്ഞു. ഇനി അങ്ങേക്കൊരു മരണമില്ല". അബൂബക്കർ (റ) പറഞ്ഞു.
കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞ് കിടക്കുകയാണ്. പലരും മരണവാർത്ത വിശ്വസിക്കുന്നേയില്ല. സ്ഥിതിഗതികൾ നിയന്ത്രിച്ചേ പറ്റൂ. സിദ്ദീഖ് [റ] ആളുകളെ വിളിച്ചുകൂട്ടി ഒരു പ്രസംഗം ചെയ്തു. ചില ഖുർആൻ ആയത്തുകൾ കേൾപ്പിച്ചു. ശ്രോതാക്കൾക്ക് അപ്പോഴാണ് കാര്യങ്ങൾ പിടികിട്ടിയത് . രംഗം ശാന്തമായി. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്‌ചയാണ് റസൂൽ (സ) വഫാത്തായത്. ഖബറടക്കം നടന്നത് ബുധനാഴ്ച രാത്രിയും. അതിനിടയിൽ എന്തെല്ലാം പ്രശനങ്ങൾ കൈകാര്യം ചെയ്തു. മുസ്ലിംകൾ അവരുടെ നേതാവിനെ കണ്ടെത്തി. ഒന്നാം ഖലീഫയായി അബൂബക്കർ [റ] തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംകൾ അതിനുശേഷമാണ് പ്രവാചകൻ ശരീരം എവിടെ സംസ്ക്കരിക്കണം എന്നതിനെക്കുറിച്ചു ചിന്തിച്ചത്. മരണമടഞ്ഞ സ്‌ഥലത്തുതന്നെ ഖബറടക്കം എന്നു തീരുമാനിച്ചു. ആളുകൾ തങ്ങളുടെ നേതാവിൻറെ മുഖം അവസാനമായി കാണാനെത്തി. പതിനായിരക്കണക്കിനാളുകൾ. അവർ മയ്യത്ത് നമസ്കാരം നിർവ്വഹിച്ചു. അനേകം മണിക്കൂറുകൾ അങ്ങിനെ കടന്നുപോയി. പിന്നീട് അവിടെ ഖബർ കുഴിച്ചു. അടുത്ത ബന്ധുക്കൾ മൃതദേഹം കുളിപ്പിച്ചു. അലി (റ) ശരീരം കഴുകി. ബുധനാഴ്ച സന്ധ്യയോടെ സന്ദർശകരുടെ പ്രവാഹം കുറഞ്ഞു. ബന്ധുക്കൾ ഖബറടക്കൽ കർമ്മത്തിനൊരുങ്ങി. അർദ്ധരാത്രിയായി. ഖബറിടത്തിലേക്ക് മൃതദേഹം ഇറക്കേണ്ട സമയമായി. കുളിപ്പിച്ച ആളുകൾ തന്നെ ഖബറിടത്തിലേക്ക് ഇറക്കിവെച്ചു. മുകളിൽ ഇഷ്ടിക വെച്ചു. മണ്ണു വാരിയിട്ട് ഖബറിടം മൂടി.

ആയിശ [റ] പറയുന്നു: "അർദ്ധ രാത്രിയാണ് ഖബറടക്കൽ കമ്മത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്". 
പ്രവാചകൻ ഖബറിന്റെ  തൊട്ടടുത്ത മുറിയിലാണ് ആയിശ [റ] പിന്നീട് താമസിച്ചിരുന്നത്. അതും ഒരു സൗഭാഗ്യമായി അവർ കരുതി.
പ്രവാചകന്റെ മരണത്തോടെ ആയിശ(റ) വിധവയായി. അന്നും അവർക്ക് പതിനെട്ടുവയസ്സായിരുന്നു, നാൽപ്പത്തെട്ടു വർഷം നീണ്ടു നിന്ന വിധവാ ജീവിതം സംഭവബഹുലമാണ്.

തുടരും

അവ : ഹസ്റത്ത് ആയിശ(റ) കൊടുവള്ളി അബ്‌ദുൽ ഖാദിർ
www.islamkerala.com E-mail: [email protected]