പറവകൾ പറന്നകലുകയാണ്
പ്രഭാതത്തിൽ ഏതോ അഭൗമമായ സന്ദേശം ലഭിച്ചത് പോലെ പറന്നകലുകയും പ്രദോഷത്തിൽ വയറുനിറഞ്ഞു കൂടണയുകയും ചെയ്യുന്ന പറവകൾ മഹത്തായ ദൃഷ്ടാന്തമാണ്. അവയുടെ കൂട് നിർമ്മാണം, ഭക്ഷണസമ്പാദനം, സഹനശീലം, പരിശീലനം, സമൂഹജീവിതം എന്നിവയിലെല്ലാം ഒട്ടേറെ പാഠമുണ്ട്. പറക്കാൻ അനുയോജ്യമായ ശരീര പ്രകൃതി അവയുടെ മാത്രം പ്രത്യേകതയാണ്.
പറവകൾ പറന്നകലുകയാണ്.
بسم الله الرحمن الرحيم أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللهُ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ (79)
"ആകാശ ഭൂമിക്കിടയിലുള്ള അന്തരീക്ഷത്തിൽ പറക്കാൻ സൗകര്യപ്പെടുത്ത പ്പെട്ട പറവകളെ അവർ നോക്കുന്നില്ലയോ ? ( അവയുടെ ചിറകുകൾ കൂട്ടുകയും നിവർത്തുകയും ചെയ്യുമ്പോൾ, വീഴുന്നതിൽ നിന്ന് അല്ലാഹുവല്ലാതെ അവയെ പിടിച്ചുനിർത്തിയിട്ടില്ല.) വിശ്വസിക്കുന്ന ജനതക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്. ( സൂറത്തു അന്നഹ്ല് 79)
പ്രഭാതത്തിൽ ഏതോ അഭൗമമായ സന്ദേശം ലഭിച്ചത് പോലെ പറന്നകലുകയും പ്രദോഷത്തിൽ വയറുനിറഞ്ഞു കൂടണയുകയും ചെയ്യുന്ന പറവകൾ മഹത്തായ ദൃഷ്ടാന്തമാണ്. അവയുടെ കൂട് നിർമ്മാണം, ഭക്ഷണസമ്പാദനം, സഹനശീലം, പരിശീലനം, സമൂഹജീവിതം എന്നിവയിലെല്ലാം ഒട്ടേറെ പാഠമുണ്ട്. പറക്കാൻ അനുയോജ്യമായ ശരീര പ്രകൃതി അവയുടെ മാത്രം പ്രത്യേകതയാണ്. 8500ഓളം ജാതി പക്ഷികൾ ലോകത്തുള്ളതായി കണക്കാക്കപ്പെടുന്നു. (അഖില വിജ്ഞാനകോശം 3/239)
ഏറ്റവും വലിയ പക്ഷി ഒട്ടക പക്ഷിയും ചെറിയത് ക്യൂബയിലെ ബീഹെമിംഗ് ബേഡുമാണ്. ഒട്ടകപ്പക്ഷിയുടെ കണ്ണിൻ്റെ വലിപ്പമേ അതിനുള്ളൂ. സന്ദേശവാഹകരായ പ്രാവുകളും ഓമനയായി വളർത്തുന്ന തത്തകളും മൈനകളുമെല്ലാം നമുക്ക് സുപരിചിതങ്ങളായ പക്ഷികളാണ്.
ഖുർആനിലെ പക്ഷികൾ
അഖില വിജ്ഞാങ്ങളുടെയും അക്ഷയഖനിയായ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ 'പക്ഷി' എന്നർത്ഥത്തിലുള്ള 'തൈർ' എന്ന പദമുപയോഗിച്ചു തന്നെ പക്ഷികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് പക്ഷികളെയാണ് വിശുദ്ധ ഖുർആൻ പേരെടുത്ത് പ്രതിപാദിക്കുന്നത്. കാക്ക(ഗുറാബ്)മരം കൊത്തി(ഹുദ് ഹുദ്) അബാബീൽ എന്നിവയാണവ.
ഇതിൽ നമുക്ക് ഏറെ സുപരിചിതമായ ഒരു പക്ഷിയാണ് കാക്ക ലോകത്തെ നാടുമായി പലതരത്തിലുള്ള കാക്കകളുണ്ട്. കൂട്ടംകൂട്ടമായി കഴിയുന്ന കൗശലമുള്ള പക്ഷിയാണിത്. എറിഞ്ഞു കളയുന്ന മാലിന്യങ്ങളും മറ്റും തിന്ന് ഇവ പരിസരം വൃത്തിയാക്കുന്നു. ഉയരം കൂടിയ മരങ്ങളിലും വിളക്കുകാലുകളിലും ഇവ കൂട് കെട്ടുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകളും മറ്റുമുപയോഗിച്ച് മെനെഞ്ഞെടുക്കുന്ന കൂട്ടിൽ അവ മുട്ടകളിടുന്നു. ആണും പെണ്ണും മാറി മാറി അടയിരുന്നാണ് മുട്ടവിരിക്കുന്നത്.
فبعث الله غرَابًا يبحث في الأرض ليرية كيف يواري سوءة أَخِيهِ قَالَ يَا وَيْلَتَا أعجزت أن أكون مثل هذا الغراب فأواري سوءة أخي فَأَصْبَحَ مِنَ النَّادِمِينَ (31)
(2)അവസാനം തൻ്റെ സഹോദരനെ എങ്ങനെയാണ് മറവ് ചെയ്യേണ്ടതെന്ന് അവനു കാണിച്ച് കൊടുക്കേണ്ടതിനായി ഭൂമിയിൽ മാന്തികുഴിക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. ( അത് കണ്ടപ്പോൾ) അവൻ പറഞ്ഞു. ഹാ കഷ്ടം! ഈ കാക്കയെപ്പോലെ(യെങ്കിലും) ആകുവാനും അങ്ങനെ സഹോദരൻ്റെ മൃതദേഹം മറവ്ചെയ്യുവാനും എനിക്ക് കഴിഞ്ഞില്ലല്ലോ' അങ്ങനെ അവൻ വലിയ ഖേദക്കാരിൽ പെട്ടവനായിത്തീർന്നു. (അൽമാഇദ 31)
കൗശലവും ആർത്തിയുമുള്ള ഈ പക്ഷിയാണ് മൃത ശരീരം മറവു ചെയ്യുന്ന രീതി മനുഷ്യന് പഠിപ്പിച്ചത്. ഭൂമിയിൽ ആദ്യമായി കൊല നടത്തിയ ഖാബീൽ തൻ്റെ സഹോദരൻ്റെ മൃതശരീരം എന്തു ചെയ്യണമെന്നറിയാതെ ചുമലിലേറ്റി നടക്കുമ്പോൾ പരസ്‌പരം പോരടിച്ചുകൊണ്ടിരുന്ന രണ്ട് കാക്കകളിലൊന്ന്
നിലംപതിക്കുകയും വിജയിയായ കാക്ക കൊക്കു കൊണ്ടും കാലു കൊണ്ടും മണ്ണ് മാന്തിചലനമറ്റ കാക്കയെ അതിനടിയിൽ സംസ്ക്‌കരിക്കുകയും ചെയ്യുന്നത് ദൃഷ്ടിയിൽ പെട്ടു. താമസിയാതെ തൻ്റെ സഹോദരൻ്റെ മൃതശരീരം അപ്രകാരം സംസ്‌കരിച്ചു. ഈ സംഭവം ഖുർആൻ പറയുന്നു. അപ്പോൾ അവൻ്റെ മനസ്സ് സഹോദര വധത്തെ അവന് ഭംഗിയായി കാണിച്ചു. അങ്ങനെ അവൻ അവനെ കൊന്ന നഷ്ടക്കാരിൽ പെട്ടുപോവുകയും ചെയ്തു. അപ്പോൾ ഭൂമിയിൽ മണ്ണ് മാന്തുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു. സ്വസഹോദരൻ്റെ ജഡം എങ്ങനെ മറവ് ചെയ്യണമെന്ന് അവന് കാണിച്ച് കൊടുക്കാൻ വേണ്ടി, അവൻ പറഞ്ഞു. "എൻ്റെ നാശമേ, എൻ്റെ സഹോദരൻ്റെ ജഡം മറവ് ചെയ്യാൻ ഈ കാക്കയെപ്പോലെയെങ്കിലുമാവാൻ എനിക്ക് കഴിഞ്ഞില്ലല്ലോ?! അവൻ ഖേദിച്ചവരുടെ കൂട്ടത്തിലായിത്തീർന്നു" (ഖുർആൻ) കാക്കയെ പരാമർശിക്കുന്ന ഏക സൂക്തമാണിത്.
മരംകൊത്തി (ഹുദ് ഹുദ്)
ഖുർആൻ പരാമർശിച്ച മറ്റൊരു പക്ഷിയാണ് മരം കൊത്തി മരങ്ങളിലെ പുറംചട്ട കൊത്തിപ്പൊളിച്ച് അതിനുളളിലെ പുഴുക്കളെയും മറ്റും കൊത്തിത്തിന്നുന്ന പലയിനം പക്ഷികൾക്ക് പൊതുവെ പറയുന്ന പേരാണിത്. പ്രധാനമായും പന്ത്രണ്ടിനം മരംകൊത്തികളുണ്ട്. (bird of kerala-Dr salim ali) നിറത്തിലും വലിപ്പത്തിലും സ്വഭാവത്തിലും വ്യത്യസ്‌തമാണിവ. എന്നാൽ മിക്ക ഇനങ്ങൾക്കും തലയിൽ ശിഖയുണ്ട്. അവയവങ്ങളിലെ മൂർച്ചയും ബലവുമുള്ള നഖങ്ങൾ മരത്തടിയിൽ പിടിച്ചിരിക്കാൻ സഹായിക്കുന്നു. വാലിലെ കൂർത്ത പരക്കൻ തൂവലുകളും ഇതിന് സഹായകമാവുന്നുണ്ട്. വാൽ അടിയിലൂന്നി മേൽപ്പോട്ട് കുതിച്ചാണിവ മരം കയറുന്നത്.
ഉളിപോലുള്ള മൂർച്ചയേറിയ കൊക്ക് ഇര തേടുന്നതിനും കൂടുണ്ടാക്കുന്നതിനും സഹായിക്കുന്നു. മരംകൊത്തിയുടെ നാവിനുമുണ്ട് പ്രത്യേകത. മറ്റു പക്ഷികളുടെ നാവ് മനുഷ്യരുടേത് പോലെ തൊണ്ടയിൽ നിന്നാണുത്ഭവിക്കുന്നത്. എന്നാൽ മരംകൊത്തിയുടേത് നെറ്റിയിൽ നിന്നു തുടങ്ങി കണ്ണിനുമീതെയുള്ള ഒരു കഴല്വഴി കപാലത്തെയും ചുറ്റി തൊണ്ടയിലെത്തുകയാണ് ചെയ്യുന്നത് ഇങ്ങനെ ചുരുണ്ടു കൂടിയ നീളത്തിലുള്ള നാവ് ഇരയെ ലക്ഷ്യമാക്കി വേഗത്തിൽ നീട്ടാൻ കഴിയും (അഖില വിജ്ഞാനകോശം 4/173)
വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നത് ഭൂലോക ചക്രവർത്തി സുലൈമാൻ നബി(അ)യുടെ പരിചാരക വൃന്ദത്തിൽ പെട്ട പ്രസിദ്ധമായ പക്ഷിയെയാണ്. നിരവധി പ്രയോജനങ്ങൾ ഈ പക്ഷിയെക്കൊണ്ട് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രവാചകനും പരിവാരവുമൊത്ത് മരുഭൂമിയിലൂടെയുള്ള യാത്രാവേളയിൽ വെളളം ആവശ്യമാകുമ്പോൾ ഭൂഗർഭത്തിൽ ജലസാന്നിധ്യമുളള സ്ഥലം ആ പക്ഷി അറിയിച്ചു കൊടുക്കുകയും അപ്പോൾ സുലൈമാൻ നബി(അ) ജിന്നുകളെക്കൊണ്ട് യഥാസ്ഥാനം കുഴിപ്പിച്ച് വെള്ളമെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവം ഖുർആൻ പറയുന്നതിങ്ങനെ..
وتفقد الطير فقال ما لي لا أرى الهُدهدَ أَمْ كَانَ مِنَ الْغَائِبِينَ (20) لَأَعَذِّبَنَّهُ عَذَابًا شَدِيدًا أَوْ لأَدْبَحَنّهُ أَوْ لَيَأْتِيَنّي بسلطان مّبين (21) فمَكَثَ غَيْرَ بَعِيدٍ فقالَ أَحَطتُ بمَا لَمْ تُحِطْ بِهِ وَجِئْتُكَ مِن سَبإ بنيإ يقين (22) إِنِّي وَجَدتُ امْرَأَةَ تَمْلِكُهُمْ وَأُوتِيَتْ من كُلِّ شَيْءٍ وَلَهَا عَرْشَ عَظِيمٌ (23) وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دونِ اللَّهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَن السَّبِيلِ فَهُمْ لَا يَهْتَدُونَ (24)
അദ്ദേഹം തൻ്റെ (സൈന്യവ്യൂഹത്തിൽ പെട്ട)പക്ഷികളെ പരിശോധിച്ച ശേഷം അരുളി: മരം കൊത്തിയെ ഞാൻ കാണാത്തതെന്തേ? അതല്ല, അത് സ്ഥലം വിട്ടിരിക്കുകയാണോ ?(സമ്മതം കൂടാതെ പോയതിന്) ഞാൻ അതിനെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം സ്‌പഷ്ടമായ
കാരണത്തിനുള്ള തെളിവ് അതിവിടെ ഹാജറാക്കുക തന്നെ വേണം. അൽപ്പമേ വൈകിയുള്ളൂ അതെത്തിച്ചേരാൻ. എന്നിട്ട് അത് പറഞ്ഞു. "അങ്ങ് അറിയാത്ത ഒരു കാര്യം ഞാൻ അറിഞ്ഞിട്ടുണ്ട്. 'സബഅ് ദേശത്തിൽ നിന്നും സ്വീ കരിച്ച ഒരു വാർത്തയുമായാണ് അതിവിടെ വന്നിരിക്കുന്നത്. തദ്ദേശിയരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടെത്തുക തന്നെ ചെയ്‌തു. എല്ലാ വിഭവങ്ങളും അവൾക്ക് നൽകപ്പെട്ടിട്ടുണ്ട്. മഹത്തായ ഒരു സിംഹാസനവും അവൾക്കുണ്ട്. അവളും അവളുടെ ജനതയും അല്ലാഹുവിന് പകരം സൂര്യനെ സാഷ്ടാംഗം നമിക്കുന്നതായി ഞാൻ കണ്ടു. പിശാച് അവർക്ക് അവരുടെ കർമ്മങ്ങൾ മനോഹരമായി തോന്നിപ്പിച്ചിരിക്കുന്നു. അവൾ അവരെ സത്സരണിയിൽ നിന്ന് തടഞ്ഞു. അതിനാൽ അവർ സന്മാർഗ്ഗം കണ്ടെത്തുന്നില്ല. (സൂറത്തുന്നംല്20-24)
വിവരമറിഞ്ഞ സുലൈമാൻ നബി(അ) രാജ്ഞിക്ക് കത്തെഴുതിയതും ഒടുവിൽ അവർ ഇസ്ലാം മതത്തെ ആശ്ലേഷിച്ചതും ഖുർആൻ തുടർന്നു പറയുന്നുണ്ട്.
അബാബീൽ പക്ഷികൾ
ഖുർആൻ പരാമർശിച്ച എന്നാൽ നമുക്കപരിചിതങ്ങളായ പക്ഷികളാണിത്. കഅ്ബാശരീഫ് തകർക്കാൻ വന്ന യമനിലെ രാജാവായ അബ്റഹത്തിനെയും അയാളുടെ ആനപ്പടയെയും നശിപ്പിക്കാൻ അല്ലാഹു അജ്ഞാന ലോകത്തിൽ നിന്നിറക്കിയ പക്ഷിക്കൂട്ടങ്ങളാണിവ. ഇതിൻ്റെ പ്രഭവ സ്ഥാനത്തെക്കുറിച്ചും ആകൃതിയെക്കുറിച്ചും അഭിപ്രായാന്തരമുണ്ട്. (തഫ്‌സീർ ഖുർതുബി 2/176) ഈ പക്ഷികൾ ചാരക്കാളി(STARLINGS) കൊക്ക് (HERON) എന്നിവകളോട് സാദൃശ്യമുളളവയാണ്. ( സയ്യിദുൽ ബശർ 40 ) ഈ പക്ഷികളെ ഖുർആൻ പരാമർശിക്കുന്നത് ഇങ്ങനെ.
بسم الله الرحمن الرحيم الم ترَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الفيل 1 أَلَمْ يَجْعَلْ كَيْدَهُمْ في تضليل 2 وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ 3 تَرْمِيهِم بحِجَارَةٍ مِّن سِجِّيلٍ 4 فَجَعَلَهُمْ كَعَصْفٍ مَّاكُول 5
" നീ കണ്ടില്ലേ. നിൻ്റെ റബ്ബ് ആനക്കാരെ (ആനപ്പടയെ)ക്കൊണ്ട് എന്തു ചെയ്തുവെന്ന് ? അവരുടെ കുതന്ത്രത്തെ അവൻ നഷ്ടത്തിൽ കലാശിപ്പിച്ചില്ലേ ? അവർക്ക് നേരെ ഒരു തരം പക്ഷിക്കൂട്ടങ്ങളെ അവൻ കൂട്ടം കൂട്ടമായി അയക്കുകയും ചെയ്‌തു. ആ പക്ഷികൾ തീക്കല്ലുകൾ കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരിന്നു. അങ്ങനെ അവരെ അല്ലാഹു (മൃഗങ്ങൾതിന്ന) വൈക്കോൽ പോലെയാക്കി" (സൂറത്തുൽ ഫീൽ)
പക്ഷികളുടെ പ്രാധാന്യം
നമ്മെപ്പോലെ സമുദായങ്ങളായ പക്ഷികൾ മനുഷ്യമിത്രങ്ങളും, കർഷകപ്രേമികളും പ്രകൃതി സന്തുലിതത്വത്തിലെ മുഖ്യപങ്കാളികളുമാണ്. 1941ൽ ചൈനാ ഗവൺമെൻ്റ് വിളകൾ തിന്ന് നശിപ്പിക്കുന്ന പക്ഷികളെ നശിപ്പിക്കാൻ കർഷകർക്ക് തോക്കു നൽകി. രണ്ട് ലക്ഷത്തിലധികം പക്ഷികൾ ചൈനയിലെ പാടങ്ങളിൽ ചത്തു വീണു. വിളവെടുത്തപ്പോൾ സാധാരണ ലഭിക്കാറുള്ള ധാന്യങ്ങളുടെ പകുതി പോലുമില്ല. അന്വേഷണ റിപ്പോർട്ടിൽ ഗവേഷകർ ഇങ്ങനെ കുറിച്ചുവെച്ചു. "Man would perish without birds"- 'പക്ഷികളില്ലെങ്കിൽ മനുഷ്യ ജീവിതം അസാധ്യം' വിള നശിപ്പിക്കുന്ന കീടങ്ങളെ തിന്നൊടുക്കി കാർഷിക മേഖലയെ സംരക്ഷിക്കാനാണ് പക്ഷികൾ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ് അവർ ഇങ്ങനെ എഴുതി വെച്ചത്. മാത്രമല്ല സസ്യങ്ങളുടെ പരാഗണത്തിനും വിത്തു വിതരണത്തിനും പക്ഷികൾ ആവശ്യമാണ്.
ഇതിനു പുറമെ നമ്മേക്കാൾ സമയബോധവും കലാബോധവുമുള്ള പക്ഷികൾ നമുക്ക് പാഠമാണ്. സൂര്യോദയത്തിനു മുമ്പ് പൂവൻ കോഴി കൂവുന്നതിലും പ്രദോഷത്തിൽ പക്ഷികൾ കൂടണയുന്നതിലും പ്രഭാതത്തിൽ ഭക്ഷണം തേടിയലയുന്നതിലും അവയുടെ കൂട് നിർമ്മാണത്തിലും പ്രത്യേകിച്ച് 'തുന്നാരം കിളി'ക്കൂട്ടിലെ വാസ്തുവിദ്യയിലും, വീവറിൻ്റെ കൂടിൻ്റെ ചാരുതയിലും,
സൂചിമുഖിപ്പക്ഷിക്കൂടിൻ്റെ കൃത്യതയിലും, കുയിലിൻ്റെ പാട്ടിലും, മയിലിൻ്റെ നൃത്തത്തിലുമെല്ലാം മനുഷ്യ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളുണ്ട്.
കടപ്പാട് : പ്രപഞ്ചം
ഒരു ഖുർആനിക വായന
[പക്ഷി: വീഡിയോക്ലി പ്പ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. : http://islamkerala.com/videos/clips/clip.3gp]
മാന്യ സുഹൃത്തുക്കളെ, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്ത‌് പുണ്യം നേടുന്നതിൽ പങ്കാളിയാവുക.
നിങ്ങളുടെ വിലപ്പെട്ടസമയത്തുള്ള പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ സി. പി. അബ്ദുല്ല ചെരുമ്പ
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠനപ്രചരണരംഗത്ത് സുന്നികേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
e-mail: [email protected]
Mobile: 0091 9400534861