പ്രവാചക സുന്നത്തുകൾ പിൻപറ്റിയവർ

And they fall down on their faces weeping and it increases their humility [17:109] Do you then wonder at this recitation (the Quran)? And you laugh at it and weep not" [53:59-60]

പ്രവാചക സുന്നത്തുകൾ പിൻപറ്റിയവർ

അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കുകയും yahoo.com ലെ പ്രധാന ഉദ്യോഗസ്ഥനായി ജോലി നോക്കുകയും ചെയ്യുന്ന മാന്യസുഹൃത്ത് ബഹു: സിജിത്ത് സലീമിൻ്റെ ചില അനുഭവങ്ങൾ കൂടി ഇസ്ലാം കേരള സന്ദർശകരുമായി പങ്ക്‌ വെക്കുന്നു. അല്ലാഹു അദ്ദേഹത്തിൻ്റെയും നമ്മുടെയും പ്രവർത്തനങ്ങൾ സ്വീകരിക്കുമാറാകട്ടെ. ആമീൻ
-------------------------------------------------

അസ്സലാമു അലൈക്കും,

ഇത് ഇസ്ലാം കേരള ഡോട്ട്കോമിനു വേണ്ടി എന്റെ രണ്ടാമത്തെ ലേഖനമാണ്. ഇതിനു അവസരം തന്ന അബ്ദു‌ല്ല അവർകൾക്ക് അകം നിറഞ്ഞ നന്ദി.. എന്റെ ജീവിതത്തിൽ ഞാൻ നടപ്പിലാക്കിയ മൂന്ന് സുന്നത്തുകൾ - റസൂൽ (സ.അ) തങ്ങൾക്ക് സ്വലാത്ത് ചൊല്ലുക, ഇൽമു പഠിക്കുക, അതു പഠിക്കുന്നവരെ സ്നേഹിക്കുക. ഈ മൂന്ന് സുന്നത്തുകൾ ഞാൻ എന്റെ ജീവിതത്തിൽ പകർത്തിയതിനെ പറ്റി എഴുതിയ കഴിഞ്ഞ ലേഖനം ഒരു അവിശ്വസനീയ വിജയമായി മാറി.

എന്റെ ആ ലേഖനത്തിനു ഇത്ര വലിയ പ്രതികരണം പ്രതീക്ഷിച്ചതേയില്ല. പലരും സ്വലാത്ത് കിതാബുകൾ വാങ്ങി സ്വലാത്ത് തുടങ്ങി. സ്വലാത്തു ചൊല്ലുന്നവർ അത് അധികരിപ്പിക്കാൻ തീരുമാനിച്ചു. പലരും ഇൽമു പഠിക്കാൻ ദർസിലും മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ചേരാൻ തീരുമാനിച്ചു. പലരും ഇൽമു പഠിക്കുന്നവരോടുള്ള അടുപ്പം വർധിപ്പിക്കാൻ തീരുമാനിച്ചു. പലരും ഞാൻ എഴുതിയ ആ ലേഖനം ഫോട്ടൊ കോപ്പി എടുത്തു പള്ളികളിലും അവരുടെ സുഹൃത്തുക്കൾക്കും വിതരണം ചെയ്തു. പലരും ഇ-മെയിൽ സന്ദേശമായി അവരുടെ കൂട്ടുകാർക്ക് അയച്ചു കൊടുത്തു. പലരും ആ ലേഖനം വായിച്ചു കരഞ്ഞതായി എന്നെ അറിയിക്കുകയുണ്ടായി. ആ ലേഖനം ലോകത്തിന്റെ എല്ലാ കോണിലും എത്തി. അൽഹംദുലില്ലാഹ്. ആ ലേഖനത്തിന്റെ വൻ വിജയമാണ് അടുത്ത ലേഖനത്തിനു എന്നെ പ്രേരിപ്പിച്ചത്.

ഇന്നു ഞാൻ എഴുതുന്നത് എന്റെ കുട്ടുകാർക്ക് വേണ്ടിയാണ്. അവരുടെ അനുഭവമാണ് എനിക്കു നിങ്ങളുടെ മുൻപിൽ വെക്കാനുള്ളത്. എന്റെ ഈ ചെറിയ ജീവിതത്തിനിടക്കു മുഅ്മിനായ കുറെ നല്ല സുഹൃത്തുക്കളെ എനിക്കു അല്ലാഹു തന്നു. അൽഹംദുലില്ലാഹ്. ഞാൻ ഇന്നു എഴുതുന്നതു അവർക്ക് വേണ്ടിയാണ്. അവരാണ് ഇന്നത്തെ ഈ ലേഖനത്തിലെ രാജകുമാരന്മാരും രാജകുമാരികളും. അല്ലാഹു നല്ലത് പഠിക്കുകയും അതു ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന മുത്തഖീങ്ങളിൽ നമ്മെ എല്ലാം ഉൾപെടുത്തട്ടെ. ആമീൻ.. 

എന്നെ അവരുടെ അനിയനായും ഇക്കയായും കണ്ട് പലരും അവരുടെ ജീവിത സ്വപ്നങ്ങളും ദീനി രീതിയും എന്നൊട് പങ്ക്‌വെക്കാറുണ്ട്. ഞാൻ വ്യക്തിത്വ വികസനത്തിന് മുന്തൂക്കം കൊടുക്കുന്ന ആളായത് കൊണ്ട് ഈ ജിവിത രീതികൾ അവരുടെ ഭൗതിക-അത്മീയ വളർച്ചക്ക് എങ്ങനെ ഉപകരിക്കും എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ആ കൂട്ടുകാർ അവരുടെ ജീവിതത്തിൽ പകർത്തിയ ഒരു വലിയ സുന്നത്താണ് അല്ലാഹുവിനെ ഭയന്ന് കരയുക എന്നുള്ളത്.

പ്രവാചകന്റെ സുന്നത്തുകൾ നമ്മുക്ക് അല്ലാഹു തന്ന നിധി ആണ്. അത് കിതാബുകളിൽ ഒതുങ്ങി കൂടാനുള്ളതല്ല. മറിച്ച്, ജീവിതത്തിൽ പകർത്താനുള്ളതാണ്. പ്രവാചകന്റെ എല്ലാ സുന്നത്തുകളും ഒരിക്കലെങ്കിലും ജീവിതത്തിൽ പകർത്തണം എന്ന ഒരു തീരുമാനം നാം ഒരോരുത്തരും എടുക്കണം. അതു നിങ്ങളുടെ ജീവിതം തന്നെ മാറ്റിക്കളയും. തീർച്ച. ഇൻശാഹ് അല്ലാഹ്.

അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയ എനിക്ക് ഈ കൂട്ടുകാർ എന്നെ പലപ്പോഴും വിനയാന്വിതനാക്കിയിട്ടുണ്ട്. ജീവിത സൗകര്യം കുറഞ്ഞെങ്കിലും, അല്ലാഹു പരീക്ഷണങ്ങൾ നൽകുമ്പോഴും, ഈമാൻ കൊണ്ട് വെട്ടിത്തിളങ്ങുന്ന ഒരു ഖൽബ് ഞാൻ അവരിൽ കണ്ടു. അത് എന്നിലും പല നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് (അത്തർ വിൽക്കുന്ന ആളുടെ കൂടെ നിന്നാൽ നമ്മൾക്കും അത്തർ മണക്കുമല്ലോ ...).

ഇതു എഴുതുന്നതിനു മുൻപു 4 കാര്യങ്ങൾ എനിക്കു മുഖവുരയായി പറയാനുണ്ട്. 

1) ഞാൻ ഇപ്പോൾ എഴുതുന്നത് ഞാൻ അറിയുന്ന എന്റെ കൂട്ടുകാർക്ക് വേണ്ടിയാണ്. അവരുടെ ജീവിതത്തിൽ പകർത്തിയ ഒരു സുന്നത്ത് നിങ്ങളുടെ മുന്നിൽ തുറന്ന് വെക്കാൻ ഞാൻ ആഗ്രഹിച്ചു.  

2) ഞാൻ എഴുതുന്ന ആ കൂട്ടുകാർ ആലിമീങ്ങളല്ല. എന്നെ പോലെ ഒരു ദീനി വിദ്യാർഥി മാത്രം. അവർക്ക് ഇതു ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും അതിനു കഴിയും.

3) ഈ ലേഖനം നന്നായിരുക്കുന്നു എന്നു കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ട‌ം, നിങ്ങൾ എത്ര സുന്നത്തുകൾ നിങ്ങളുടെ ജീവിതത്തിൽ പകർത്തി എന്നറിയുമ്പോഴാണ്. (അപ്പോൾ എനിക്കും ആ കൂട്ടുകാർക്കും നിങ്ങളുടെ അമലിന്റെ ഒരു ഭാഗം നാളെ പരലോകത്ത് പ്രതീക്ഷിക്കാമല്ലോ..)

4) ഇതു വായിക്കുന്നതു വഴി നിങ്ങൾക്ക് വല്ല മാറ്റവും ഉണ്ടായാൽ, എന്റെ പ്രിയപ്പെട്ട ആ സുഹൃത്തുക്കളെയും ഈ വിനീതനെയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തുക.

അല്ലാഹുവിനെപ്പറ്റി ചിന്തിച്ച് കരയുക എന്നത് ഇസ്ലാമിൽ വലിയ സ്ഥാനമുള്ള ഒരു അമലാണ്. രിയാളുസ്വാലിഹീൻ എന്ന കിതാബിൽ ഒരു അധ്യായം മുഴുവൻ ഇതിനെ പറ്റി വിശദീകരിക്കുന്നു.

And they fall down on their faces weeping and it increases their humility [17:109]
Do you then wonder at this recitation (the Quran)? And you laugh at it and weep not" [53:59-60]

അല്ലാഹുവിനെ ഭയന്ന് കരയുന്ന ഒരാൾ പാൽ അതിന്റെ അകിടിലേക്കു തിരിച്ചു പോകുന്നതുവരെ നരകത്തിൽ പ്രവേശിക്കില്ല എന്നു പ്രവാചകൻ (സ അ) പഠിപ്പിക്കുന്നു.

നാളെ അർശിന്റെ തണൽ കിട്ടുന്ന എഴു വിഭാഗത്തിൽ ഒന്ന് അല്ലാഹുവിനെ ഓർത്ത് ഒറ്റക്കിരുന്നു കരഞ്ഞ വ്യക്തിയാണ്. അല്ലാഹു നമ്മളെയെല്ലാം ആ  വിഭാഗത്തിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.

ഞാൻ പ്രതിനിധീകരിച്ചു സംസാരിക്കുന്ന ഈ സുഹൃത്തുക്കളെ  സംബന്ധിച്ചിടത്തോളം അല്ലാഹുവെ പറ്റി ചിന്തിച്ചു കരയുക എന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ്. 2-3 ദിവസം, 1 ആഴ്ച, അല്ലെങ്കിൽ 2 ആഴ്‌ച, 1 മാസം. ഈ സമയത്തിനുള്ളിൽ കരഞ്ഞില്ലെങ്കിൽ അവരുടെ ഈമാനിനു എന്തോ തകരാറ് വന്നു എന്ന് അവർ ഭയപ്പെടും.

ഇവർ സാധാരണ കരയാറുള്ള അവസരങ്ങൾ താഴെ കൊടുക്കുന്നു.

1) പരിശുദ്ധ ഖുർആൻ നരകത്തിനെ പറ്റി പറയുന്ന ആയത്ത് വായിക്കുമ്പോൾ ഇതിൽ ഒരാൾക്ക് സഹിക്കാൻ കഴിയില്ല. ദുഖാൻ സൂറത്തിൽ സഖൂം  വൃക്ഷത്തെ പറ്റി വായിച്ചു ഈ വ്യക്തി പല തവണ കരഞ്ഞിട്ടുണ്ട്. നരകത്തിലെ തീയിൻ്റെ കടുപ്പം, അതിലുള്ള വിഷ ജന്തുക്കളുടെ വിവരണം, അവിടത്തെ ആഹാരം, വസ്ത്രം, അവിടത്തെ ആളുകളോടുള്ള മലക്കുകളുടെ ചോദ്യങ്ങൾ, ഇതെല്ലാം ഉദാഹരണമാണ്.

2) അല്ലാഹു തന്ന അനുഗ്രഹങ്ങൾക്ക് അവൻ അർഹിക്കുന്ന രീതിയിൽ നന്ദി കാണിക്കാൻ കഴിഞ്ഞില്ല എന്ന ദുഖം ഒരു സുഹൃത്തിനെ പലപ്പോഴും കരയിപ്പിക്കും. ഇദ്ദേഹം കരഞ്ഞു ഇങ്ങനെ ദുആ ചെയ്യാറുണ്ട്. "അല്ലാഹുവേ നീ ഈ ജീവിതത്തിൽ എനിക്കു വളരെ അനുഗ്രഹങ്ങൾ തന്നിട്ടുണ്ട്. ഞാൻ എന്തു ആഗ്രഹിച്ചാലും നീ എനിക്കതു സാധിച്ചു തരുന്നു. എനിക്കു ഒരു പോറലുമേൽക്കുന്നതു പോലും നിനക്കു ഇഷ്ട്ടമല്ല,  ദുനിയാവിന്റേയും പാരത്രിക വിജയത്തിന്റെയും ആവശ്യമായ എല്ലാം നീ എനിക്കു തരുന്നു. ഞാൻ ചോദിക്കുക പോലും ചെയ്യാതെ. പക്ഷെ അല്ലാഹ്. നീ അർഹിക്കുന്ന രീതിയിൽ ഞാൻ നിന്നെ ഇബാദത് ചെയ്തില്ലല്ലോ. നീ അർഹിക്കുന്ന രീതിയിൽ ഞാൻ നിന്നോട് നന്ദി കാണിച്ചില്ലല്ലോ. നീ അർഹിക്കുന്ന രൂപത്തിൽ ഞാൻ നിന്നെ സ്നേഹിച്ചില്ലല്ലോ. അറിഞ്ഞും അറിയാതെയും ഞാൻ ഒരുപാട് തെറ്റ്‌ ചെയ്തിട്ടുണ്ട്. പൊറുക്കണേ.. വെറുക്കരുതേ..  കൈ വിടരുതേ.. നീ എന്നെ കൈ വിട്ടാൽ പിന്നെ എനിക്കു ഈ ലോകത്ത് വേറെ ആരും തന്നെ ഇല്ല. നീ തന്നതല്ലാതെ എന്റെ കയ്യിൽ ഒന്നും ഇല്ല. ഞാനും എനിക്കുള്ളതു മുഴുവനും നിന്റെയാണല്ലോ"

3) മറ്റുള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് കൊടുത്ത് പരീക്ഷിക്കുന്നത് കാണുന്ന സമയത്ത്, അവരിലും താഴ്ന്ന ഈമാനുള്ള തന്നെ അല്ലാഹു അത്ര വലിയ പരീക്ഷണം തന്നില്ല എന്ന ചിന്ത പല തവണ ഇവരെ കരയിപ്പിച്ചിട്ടുണ്ട്.

4) നാളെ ഖബറിൽ ഒറ്റക്ക് കിടക്കണം എന്നോർത്ത് അവർ സ്‌ഥിരമായി കരയും. ഒരിക്കൽ ഒരാൾ, ആ കരച്ചിലിന് ശേഷം സൂറ മുൽക് വായിച്ചു. അദ്ദേഹത്തിൻ്റെ കരച്ചിൽ അപ്പോഴും നിന്നിട്ടുണ്ടയിരുന്നില്ല. കുറേ കണ്ണിര് ആ ഖുർആൻ പേജുകളിൽ വീണത് ആ സുഹൃത്തു വിസ്മരിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ.

5) എല്ലാ തെറ്റിനും മാപ്പ് തരാൻ പശ്ചാത്തപിക്കുന്ന സമയത്ത്. 3 ദിവസത്തിൽ ഒരിക്കൽ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എല്ലാ തെറ്റുകൾക്കും വേണ്ടി പശ്ചാത്തപിക്കൽ ഇതിൽ ഒരാളുടെ രീതിയാണ്. പലപ്പോഴും അത് കരച്ചിലിലാണ് അവസാനിക്കാറ്.

6) ദുആ ചെല്ലുന്ന സമയത്ത് അതിലെ ചില വചനങ്ങൾ പലരെയും കരച്ചിലിൽ എത്തിക്കും. ഉദാഹരണത്തിന്: ഉറങ്ങുന്ന സമയത്തുള്ള ഒരു ദുആ ഉണ്ട്.
"ഓ അല്ലാഹ്. നീ എൻ്റെ ആത്മാവിനെ സൃഷ്‌ടിച്ചു. എന്നിട്ട് നീ തന്നെ അത് തിരിച്ചെടുക്കും. നിന്നിലേക്കാണ് അതിന്റെ മരണവും ജീവിതവും. നീ അതിനു ജീവൻ നൽകിയാൽ അതിനെ സംരക്ഷിക്കണം. നീ അതിനെ മരിപ്പിച്ചാൽ, അതിന് പൊറുത്ത് കൊടുക്കണം. ഓ അല്ലാഹ്, ഞാൻ നിന്നോട്  ആഫിയത് ചോദിക്കുന്നു. "ഇവിടെ “നീ അതിനെ മരിപ്പിച്ചാൽ" എന്ന വാചകം വായിച്ചപ്പോൾ ഒരാൾ കരയാൻ തുടങ്ങി. “അതിന് പൊറുത്ത് കൊടുക്കണം" എന്നു പറയുന്ന സമയത്ത് ആ സുഹൃത്തിന്റെ കവിളിലൂടെ കണ്ണീരു  വാർത്തൊലിക്കുന്നുണ്ടായിരുന്നു. ഇന്നു എന്റെ ജീവിതത്തിലെ അവസാന ഉറക്കമായിരുക്കുമോ എന്നോർത്തു കുറെ നേരം പിന്നെ ആ കൂട്ടുകാരനു ഉറക്കം വന്നില്ല. വേഗം എണീറ്റു മുൽക് സൂറ  ഒരിക്കൽ കൂടി അദ്ദേഹം ഓതി.

7) നമസ്കാരത്തിൽ ഖുർആൻ ഓതുന്ന സമയത്ത് ആ ഖുർആൻ  അവതരിപ്പിച്ചവന്റെ മുൻപിൽ ആണു ഞാൻ നിൽക്കുന്നതു എന്നോർത്ത് ആ നിസ്‌കാരത്തിൽ കരഞ്ഞവരുണ്ട്. ഈ കരച്ചി ൽ സുജൂദിലും സലാം ചൊല്ലുന്നതുവരെയും ചിലപ്പോൾ തുടരും.

8) ബെഡിൽ കിടക്കുമ്പോൾ നാളെ ഈ ബെഡിന് പകരം മണ്ണാണല്ലോ എന്നൊർത്ത് ചിലർ കരയും.

9) ആരെങ്കിലും മരിച്ചു എന്നു കേട്ടാൽ ചിലപ്പോൾ നാളെ എനിക്കും ഇതു തന്നെ അല്ലേ വരുന്നത് എന്നോർത്ത് ചില സമയത്ത് ഇതിൽ ഒരാൾ കരയും.

10) ഈ ചെയ്ത ഇബാദത് മുഴുവൻ ലോക മാന്യത്തിന്റെ പേരിൽ നഷ്ട്ടപ്പെടുമോ?  നാളെ നരകത്തിൽ ഒരു ദിവസം കിടന്ന് ബാക്കി സ്വർഗത്തിൽ പൊയ്‌ക്കോളു എന്നു പറഞ്ഞാൽ ആ ഒരു ദിവസം ഞാൻ എങ്ങനെ ആ നരകത്തിൽ കിടക്കും എന്നോർത്തും ഇവർ കരഞ്ഞിട്ടുണ്ട്.

11) പ്രവാചകൻ (സ.അ.) തനിക്കും ഉമ്മത്തിനും വേണ്ടി ചെയ്ത ത്യാഗം ഓർത്ത് ഒരാൾ കരഞ്ഞിട്ടുണ്ട്.

12) സ്വപ്നത്തിൽ താൻ ഖിയാമത്ത് നാളിലാണ് നിൽക്കുന്നത് എന്നൊർത്ത് കരഞ്ഞു ഞെട്ടി എണീറ്റ ഒരു സുഹൃത്ത്. ആ സ്വപ്‌നം ഓർത്ത് കരയാൻ തുടങ്ങി.

13) മരിക്കുന്നതിനു മുൻപു ഇബ്‌ലീസ് വഴി തെറ്റിക്കുമോ എന്നോർത്ത് ഒരു സുഹൃത്ത് കരഞ്ഞു എന്നു പറഞ്ഞു.

14) താൻ സ്വർഗത്തിലും തന്റെ കുടുംബാംഗങ്ങൾ നരകത്തിലും ആയാലുള്ള അവസ്ഥ ആലോചിച്ചു കരഞ്ഞവരുണ്ട്.

15) തനിക്കു അല്ലാഹു ചെയ്ത കരുണ ഓർത്ത് കരഞ്ഞവർ.

16) തനിക്ക് യഥാർത്ഥ മുത്തഖീങ്ങളുടെ പാത കാണിച്ച് തരാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്ന സമയത്ത്, ഈ ദുആ അവൻ സ്വീകരിച്ചില്ലെങ്കിൽ, തന്റെ  അവസ്‌ഥ എന്താണ് എന്നോർത്ത് ഒരാൾ കരയാൻ തുടങ്ങി.

17) തന്റെ മാതാപിതാക്കളെ അവർ അർഹിക്കുന്ന രീതിയിൽ നോക്കാൻ തനിക്ക് കഴിഞ്ഞില്ലല്ലോ. ഞാൻ നിനക്കു നല്ലൊരു ഉമ്മയെയും ഉപ്പയെയും തന്നിട്ട് അവർ മുഖേനെ നിനക്ക് സ്വർഗം ലഭിക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ എന്ന് അല്ലാഹു നാളെ പരലോകത്ത് ചോദിച്ചാൽ താൻ എന്ത് മറുപടി പറയും എന്നോർത്ത് കരഞ്ഞവർ.

18) നാളെ സ്വിറാത്ത് പാലം കടക്കുന്ന സമയത്ത് കാൽ വഴുതി നരകത്തിലേക്ക് വീഴുമോ എന്നോർത്ത് കരഞ്ഞവർ.

19) ദഫ് ഗാനം കേൾക്കുന്ന സമയത്ത് അതിലെ വരികൾ കേട്ട് കരഞ്ഞവർ. ഒരു സുഹൃത്ത് യത്തീമായ ഒരു കുട്ടിയുടെ വിലാപം ദഫിലൂടെ കേട്ടു. താൻ യത്തീമല്ലല്ലോ എന്ന ചിന്ത കൊണ്ട്, അല്ലാഹുവിനു നന്ദി പറഞ്ഞു അയാൾ കരയാൻ തുടങ്ങി. യത്തീം മക്കളുടെ സംരക്ഷകനും താനും സ്വർഗത്തിൽ രണ്ട് വിരലുകൾ പോലെ അടുത്തവർ ആണ് എന്നു കൂടി കേട്ടപ്പോൾ അയാൾ നേരെ ചെന്നത് അടുത്തുള്ള ഒരു മുസ്ലിം യതീംഖാനയിലേക്കാണ്. അവിടെ ഒരു യത്തീം  പെൺകുട്ടിയെ അദ്ദേഹം സ്പൊൻസർ ചെയ്യുകയും ചെയ്തു. അല്ലാഹു ആ അമൽ സ്വീകരിച്ചു അദ്ദേഹത്തിനു സ്വർഗത്തിൽ പ്രവാചകന്റെ സഹാബി ആവാനുള്ള ആഗ്രഹം പൂർത്തിയാക്കി കൊടുക്കട്ടെ. ആമീൻ

അല്ലാഹു ഈ അമലുകൾ മുഴുവൻ സ്വീകരിച്ചു. നമ്മളെയും അവരെയും അവന്റെ കരുണ കൊണ്ടു പരലോകത്തെ അദാബിൽ നിന്ന് കാക്കട്ടെ ആമീൻ.

ഈ സുന്നത്ത് പ്രവർത്തിക്കുന്ന എന്റെ കുട്ടുകാർ ആലിമീങ്ങളല്ല എന്നു ഞാൻ പറഞ്ഞല്ലോ. ചിലർ മുതഅല്ലിമീങ്ങൾ, ചിലർ സാധരണ ജോലിക്കാർ, ചിലർ ഉയർന്ന മേഖലയിൽ വിദ്യഭ്യാസം നേടുകയും ജോലി ചെയ്യുകയും ചെയ്യുന്നവർ. അവരുടെ ജീവിതം ഞാൻ പഠിച്ചപ്പോൾ അവർ ജീവിതത്തിൽ പകർത്തിയ 11 കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. നമസ്കാരം, നോമ്പ്, സക്കാത്ത്, സ്വലാത്ത് പോലുള്ള ആരാധനകൾക്കൊപ്പം താഴെ പറയുന്ന 11 കാര്യങ്ങൾ ഈ അമൽ ചെയ്യുന്നവരിൽ ഞാൻ കണ്ടു. അതു താഴെ കൊടുക്കുന്നു. ഈ 11 കാര്യങ്ങൾ പഠിക്കാനും അതു ജീവിതത്തിൽ പകർത്താനും അല്ലഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

1) അസൂയ, അഹങ്കാരം, ഗീബത്ത് / നമീമത്ത് ഇതെല്ലാം ജീവിതത്തിൽ നിന്നു ഇല്ലാതാക്കണം.

2) ഉമ്മാക്കും ഉപ്പാക്കും അതിരിറ്റ സ്നേഹം കൊടുക്കണം. അവർ എന്തു പറഞ്ഞാലും എതിരു പറയരുത്. കാരണം അവരെ അനുസരിക്കുന്നതിലാണ് നന്മ അവർ നമ്മുക്ക് വേണ്ടി സഹിച്ച കഷ്ടപ്പാട് വളരെ വലുതാണെന്നും അതിനു ഒരിക്കലും അവർക്ക് അർഹിക്കുന്ന രീതിയിൽ തിരിച്ച് നൽകാൻ കഴിയില്ല എന്ന ബോധം എപ്പോഴും ഉണ്ടാവണം. നമ്മുടെ മാതാപിതാക്കൾക്ക് എന്നും  അഭിമാനിക്കവുന്ന മകനോ മകളോ ആയി നാം മാറണം.

3) ഖുർആൻ നിങ്ങളുടെ ജീവിതത്തിന്റെ ദൈനംദിന കുട്ടുകാരനാവണം. അതില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ കഴിയാത്ത അവസ്‌ഥ വരണം. സുപ്രധാനമായ എല്ലാ സൂറകളും പതിവായി ചൊല്ലാൻ ശ്രമിക്കണം. മുൽക്, ദുഖാൻ, യാസീൻ, അർറഹ്‌മാൻ, സജ്‌ദ, ആയതുൽ കുർസിയ്യ്,  ആമനറസൂൽ, സുറ ഹഷർ അവസാന മൂന്ന് ആയത്ത്, ഖുർആൻ ഒരു പേജെങ്കിലും ഓതി, കഴിയും വേഗത്തിൽ ഖത്തം തീർക്കാൻ ശ്രമിക്കണം. കഴിഞ്ഞ റമളാനിനു 1 ഖത്തം തീർക്കാൻ എന്റെ ഒരു വിദ്യാർഥി സുഹൃത്തിനു കഴിഞ്ഞു.

4) സമ്പത്ത് കയ്യിൽ ഉണ്ടെങ്കിലും അതിനു ഹൃദയത്തിൽ സ്ഥാനം  കൊടുക്കരുത്. നമ്മുടെ കമ്പനി മുതലാളി നമ്മുക്ക് സൂക്ഷിക്കാൻ കുറച്ച് പൈസ തന്നാൽ ആ പൈസക്ക് നമ്മുടെ കയ്യിലേ സ്ഥാനം ഉണ്ടാവുകയുള്ളു. ഹൃദയത്തിൽ സ്ഥാനം അതിനു നമ്മുക്കുണ്ടാവില്ലല്ലോ. അതു പോലെ തന്നെ സമ്പത്ത് നമ്മുടെ ഹൃദയത്തെ കീഴ്പ്പെടുത്തരുത്.

5) നമ്മുക്ക് എന്ത് സംഭവിച്ചാലും (നല്ലതും ചീത്തയും) അതു നല്ലതിനാണെന്നും അല്ലാഹു അതിൽ നമുക്ക് നാം അറിയാത്ത എന്തൊ ഗുണം വെച്ചിട്ടുണ്ടെന്നും കരുതണം. അല്ലാഹുവിന്റെ ഇഷ്ടത്തിനു നമ്മുടെ ഇഷ്‌ടത്തേക്കാൾ മുൻതൂക്കം കൊടുക്കുകയും വേണം. ഇതു അല്ലാഹുവിനു നമ്മോടുള്ള തൃപ്തി വർധിക്കാൻ കാരണമാകും.

6) അല്ലാഹുവിന് കൂടുതൽ ശുക്ർ ചെയ്യാൻ ശ്രമിക്കണം. തനിക്കു കിട്ടിയ അനുഗ്രഹങ്ങൾക്ക് തിരിച്ച് അതേ രിതിയിൽ ഇബാദത്ത് ചെയ്യാനുള്ള കഴിവില്ല എന്ന ബോധം മനസിലുണ്ടാവണം.

7) ഹിദായത്ത് നൽകാൻ അല്ലാഹുവിനോട് സ്‌ഥിരമായി ചോദിക്കണം.

8) കുടുംബത്തിലോ പുറത്തോ ഉള്ള എല്ലാവരോടും നല്ല രീതിയിൽ പെരുമാറണം. സൽ-സ്വഭാവം ജീവിത ഭാഗമാവണം. ആരോടും അനീതി കാട്ടരുത്. പരമാവധി സ്നേഹവും നല്ല വാക്കും അവർക്ക് കൊടുക്കണം. കുടുംബ ബന്ധം പുലർത്തുന്നതിൽ വളരെ അധികം പുണ്യമുണ്ട്. സ്വത്തിനു വേണ്ടിയോ മറ്റ് ഭൗതിക കാരണങ്ങൾക്കു വേണ്ടിയോ കുടുംബ ബന്ധം നിങ്ങൾ മുറിക്കരുത്.

9) നല്ല കൂട്ടുകെട്ട് മാത്രം മതി നമ്മൾക്ക്. നമ്മുടെ ഈമാൻ നശിപ്പിക്കുന്ന പത്ത് പേരെക്കാൾ നല്ലതാണ് നമുക്കു നല്ല വഴി കാണിക്കുന്ന ഒരു കൂട്ടുകാരൻ. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇൽമും തഖ്‌വയും അറബിയും  ഖുർആനും അറിയുന്നവർക്ക് മുന്തൂക്കം കൊടുക്കുക.

10) സിനിമ സംഗീതം മുതലായവ ആത്മീയ വളർച്ചക്ക് തടസ്സം നിൽക്കും എന്നു ഒരു കൂട്ടുകാരൻ പറഞ്ഞതു ഓർക്കുന്നു.

11) അത്യാവശ്യം ജീവിതത്തിൽ ചൊല്ലേണ്ട പരമാവധി ദുആ ചെല്ലാൻ ശ്രമിക്കുക. ഉദാഹരണത്തിന്. എല്ലാം ബിസ്‌മി കൊണ്ട് ആരംഭിക്കുക. അവസാനം അൽഹംദുലില്ലാഹ് എന്നു പറയുക. എപ്പോഴും പുഞ്ചിരിക്കുക, ഉറങ്ങാൻ പോകുമ്പോൾ ഉറങ്ങി എണിക്കുമ്പോൾ പുറത്തേക്ക് പോകുമ്പോൾ തിരിച്ച് വരുമ്പോൾ, എല്ലാം ചൊല്ലേണ്ട ദുആ ജീവിതത്തിലെ ഒരു ഭാഗമാവണം. റിയാളു സ്വാലിഹീൻ കിതാബ് പതിവായി വായിക്കുന്നത് വളരെ ഗുണം ചെയ്യും. മിസ് വാക്ക് ഉപയോഗിക്കുന്നത് അല്ലാഹുവിന്റെ പ്രീതി കിട്ടാൻ വളരെ സഹായകമാണ്.

ഞാൻ കഴിഞ്ഞ ലേഖനത്തിൽ എഴുതിയ പോലെ നമ്മുടെ ജീവിതം ഒരു നിയോഗമാണ്. നമുക്കോരോരുത്തർക്കും ഇവിടെ നിന്നു പോകുന്നതിന് മുൻപു നമ്മുടെ ആ നിയോഗം പൂർത്തിയാക്കാനുണ്ട്. അതിനു മനസ്സും ശരീരവും ഒരുങ്ങണം. ഭൗതിക ജീവിതവും പാരത്രിക ജീവിതവും ഒരു പോലെ വിജയിക്കണം. ഇതായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം, അല്ലാഹു സഹായിക്കട്ടെ.ആമീൻ 

എന്നെ എന്റെ കൂട്ടുകാർ വിളിക്കുന്നതു "bill gates" എന്നാണ് ചുരുക്കി "Mr. Gates" എന്നും വിളിക്കും. എന്റെ computer നോടും സോഫ്റ്റുവെയർസ് എഴുതുന്നതിലും ഉള്ള അടുപ്പം കണ്ട് അവർ ഇട്ടതാണ്. ആ പേരു ദുനിയാവിൽ എനിക്കു കൂട്ടുകാർ ഇട്ടതാണ്. പക്ഷെ അതേ കൂട്ടുകാർ നാളെ എന്നെ വിളിക്കുന്നത് “മയ്യിത്ത്" എന്നാവും ആ സമയത്ത് ഈ പദവിയും പത്രാസും എന്നെ രക്ഷിക്കില്ല. ഞാൻ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ചെയ്ത അമലുകൾ മാത്രമേ ഉണ്ടാവൂ. ഈ ഭൗതിക ആഡംബരമെല്ലാം വലിച്ചെറിഞ്ഞ് വെറും കഫം തുണിയിൽ നാളെ പള്ളിക്കാട്ടിലാണ് നമ്മുടെ ബാക്കി ജീവിതം. പിന്നെ അങ്ങോട്ട് അതിഭയാനകരമായ പലതും നമ്മെ കാത്തിരിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാ തെറ്റും പൊറുത്ത് നരകത്തിൽ ഒരു നിമിഷം പോലും കടത്താതെ നമ്മെ എല്ലാം അവൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ

ഞാൻ മുൻപ് പറഞ്ഞത് പോലെ നമ്മുടെ ജീവിതം ഒരു പുണ്യം ചെയ്ത ജീവിതമാണ്. നമ്മൾ ഓരോരുത്തർക്കും ഒരു ജീവിത ദൗത്യമുണ്ട്. തണല്ലില്ലാത്തവർക്ക് തണലാവാനും, ആശ്രയമില്ലാവർക്ക് ആശ്രയമാവാനും, കയ്യില്ലാത്തവർക്ക് കയ്യാവാനും, കാലില്ലാത്തവർക്ക് കാലാവാനും, സ്നേഹം വാരി കോരി കൊടുക്കാനും, സ്വയം നന്നാവാനും വഴി തെറ്റിയവർക്കു മാർഗ ദർശിയാവാനും വേണ്ടിയുള്ള പുണ്യ ദൗത്യം. മരിക്കുന്നതിന് മുൻപു ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് നമ്മുക്ക്. അല്ലാഹുവിന്റെ വിധിവിലക്ക്  അനുസരിച്ച് ജീവിക്കാൻ ഒരേ ഒരു അവസരം. ഈ അവസരം നാം കളയരുത്. നമ്മുടെ യുവത്വം അല്ലഹുവിന് സമർപ്പിക്കുക. അവനെ അനുസരിക്കുക. അവനെ സ്നേഹിക്കുക.

ഈ ജീവിതം നമുക്കു ധന്യമാക്കണം. അതിനു ഇന്നു തന്നെ ഒരു തീരുമാനമെടുക്കുക. ഇനി മുതൽ ഇബ്ലീസിനെയും ദേഹേഛയേയും ഞാൻ അനുസരിക്കില്ല. പകരം എന്റെ ജീവിതം അല്ലാഹുവിനും പ്രവാചകനും വഴിപ്പെട്ട് ഞാൻ ജീവിക്കും എന്നും. ആ തീരുമാനം നിങ്ങളുടെ ജീവിതം ഒരു പുണ്യം ചെയ്ത ജന്മമാക്കും. നിങ്ങൾ ഓരോരുത്തരും അവന്റെ മുന്നിൽ മുത്തുകളായി മാറും. ലക്ഷങ്ങളോ കോടികളോ വിലമതിക്കാനാവാത്ത  വെട്ടിത്തിളങ്ങുന്ന മുത്തുകൾ.

അവസാനിക്കുന്നതിനു മുൻപു ഒരു കാര്യം കൂടി. ഇതു ഞാൻ എനിക്കറിയുന്ന എല്ലാവരോടും പറയുന്ന ഒരു വാചകമാണ്.  

"Let us be the best son/daughter a parent can get. The best husband/wife a partner can get. The best friend a person can get. The best parent a child can get. The best social worker a society can get and the best citizen a country can get. Let us not be the moon which reflects light, but be the sun which gives light to all and be remembered as a person who spent his life to make a difference"

"ഏതു മാതാപിതാക്കൾക്കും ലഭിക്കാവുന്ന ഏറ്റവും നല്ല സന്തതിയാകാം നമ്മുക്ക്. ഏത് ഇണക്കും ലഭിക്കാവുന്ന ഏറ്റവും നല്ല ഭാര്യ / ഭർത്താവ് ആകാം നമ്മുക്ക്. ഏതൊരാൾക്കും ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്ത് ആകാം നമ്മുക്ക്. ഏതു കുട്ടിക്കും ലഭിക്കാവുന്ന ഏറ്റവും നല്ല രക്ഷിതാവാകാം നമ്മുക്ക്. ഏതു സമൂഹവും പ്രതീക്ഷിക്കുന്ന ഏറ്റവും നല്ല സമൂഹ്യ പ്രവർത്തകനാകാം നമുക്ക്. ഒരു രാജ്യത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല പൗരനാകാം നമ്മുക്ക്. പ്രകാശം പ്രതിബിംബിക്കുന്ന ചന്ദ്രനല്ല പ്രകാശം ചൊരിയുന്ന സുര്യനാവണം നാം വ്യത്യസ്ഥമാം രീതിയിൽ സമൂഹത്തിനായി സമർപ്പിച്ച ജീവിതമായി ലോക ജനതയുടെ ഹൃദയത്തിൽ എന്നും മരിക്കാതെ നമ്മുക്ക് ജീവിക്കാം."

പക്ഷേ ഇതെല്ലാം പേരിനോ പ്രശസ്തിക്കോ ലോക മാന്യത്തിനോ വേണ്ടിയാവരുത്. എല്ലാം അല്ലാഹുവിന്റെ പ്രീതി നേടുകയും അതു വഴി ആഖിറം രക്ഷപ്പെടുകയും ചെയ്യണം എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി മാത്രം. കാരണം  ഇബാദത്ത് സ്വീകരിക്കുന്നത് നിയ്യത്ത് അനുസരിച്ചാണല്ലോ.

ഈ റമദാൻ ഇബാദത് കൊണ്ട് ധന്യമാക്കാൻ നമ്മുക്കോരോരുത്തർക്കും  ശ്രമിക്കാം. അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ 
എല്ലാവർക്കും എന്റെ റമദാൻ ആശംസകൾ.

ദുആ വസ്വിയത്തോടെ സിജിത് സലിം 
www.sijith.com 
[email protected]
---------------------------------------------------------

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861