വഴിത്തിരിവ്.

മുഹ്‌യിദ്ദീൻ മാല, രിഫാഈ മാല, നഫീസത്ത് ‌മാല, ബദ്ർ മാല പോലെയുള്ള മാലപ്പാട്ടുകൾ വളരെ ഇഷ്ടമായിരുന്നെങ്കിലും അത് പാടാൻ അറിയുമായിരുന്നില്ല. പക്ഷേ, ഇസ്ലാം കേരളയിൽ  നോക്കിയപ്പോൾ മാലകൾ കേട്ടു പഠിക്കാനുള്ള ഓഡിയോ ഫയലുകൾ അതിൽ നിന്നും കിട്ടി.

വഴിത്തിരിവ്.

ഇസ്‌ലാം കേരള സൈറ്റിൽ "നിങ്ങളുടെ അനുഭവം" എന്ന പേജിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി അബൂദാബിയിലുള്ള "ഹസ്‌ന ഷിനാജ്" എന്ന സഹോദരി അയച്ചു തന്ന അവരുടെ ചില അനുഭവങ്ങളടങ്ങിയ കുറിപ്പാണ് താഴെയുള്ളത്. ഒഴിവ് സമയങ്ങളിൽ ഭർത്താവ് ഒരു ചാൺ ആണെങ്കിൽ, ഞാൻ ഒരു മുഴമായിരിക്കണം എന്ന നിലക്ക് ഭാര്യയും ടിവി യുടെ മുമ്പിലിരുന്നും, ഭർത്താവ് ജോലിക്ക് പോയാൽ പൂർണ്ണ നിയന്ത്രണം ഭാര്യയേറ്റെടുത്തു കൊണ്ട് ടിവി റിമോട്ടുമായോ, കംപ്യൂട്ടർ കീബോഡുമായോ, സമയത്തിന്റെ  വില മനസ്സിലാക്കാതെ,  ജീവിതത്തിന് ലക്ഷ്യബോധമില്ലാതെ, ഉള്ള സമയം മുഴുവൻ നശിപ്പിച്ചു കളയുന്ന നമ്മുടെ സഹോദരിമാർക്കും... മറ്റും ഈ കുറിപ്പ് ഒരു മാതൃക യാവട്ടെ..... അവരുടെ ഈ നല്ല പ്രവർത്തനം നാഥൻ സ്വീകരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

എന്റെ മാന്യ സുഹൃത്തുക്കളെ,-


ആദ്യമായി സർവ്വരക്ഷിതാവായ അല്ലാഹുവിനു ഒരായിരം സ്‌തുതികൾ, അവന്റെ ഹബീബായ മുത്ത് നബി(സ) തങ്ങൾക്ക് അല്ലാഹുവിന്റെ വണ്ണമായ സ്വലാത്തും സലാമും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആളുകൾക്ക് അറിവിന്റെ വെളിച്ചം വീശുന്ന വിജ്ഞാനത്തിന്റെ നിറകുടമായ ഇസ്ലാം കേരള കടുംബാംഗങ്ങൾക്കു ആദ്യമായി ഈ സഹോദരിയുടെ അഭിനന്ദനങ്ങൾ! കൂടാതെ, എനിക്ക് ആദ്യമായി ഇസ്‌ലാം കേരള സൈറ്റിൽ ഈ ലേഖനം പ്രസിദ്ധീകരിക്കാൻ അവസരം നൽകിയ അബ്ദുല്ല ചെരുമ്പ ഇക്കാക്ക് ഒരായിരം നന്ദി പറയുന്നതോടുകൂടി അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും ഉണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ, ഞാൻ തൃശൂർ സ്വദേശിയാണ്. അബുദാബിയിൽ ഭർത്താവിന്റെ കൂടെ കഴിയുന്നു. ഇവിടെ വന്നിട്ട് ഒരു വർഷം തികയുന്നു. ഗൾഫ് ജീവിതത്തിലെ ചുരുങ്ങിയ വേളയിൽ എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ഞാൻ ഈ കുറിപ്പിലൂടെ എന്റെ സഹോദരിമാരോടും  സുഹൃത്തുക്കളോടും  പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. എന്റെ ഈ ലേഖനം കൊണ്ട് മറ്റൊരു മുസ്‌ലിമിന്റെ ജീവിതത്തിൽ വല്ല മാറ്റവും ഉണ്ടാകാൻ കാരണമായാൽ അത് എന്റെ ഖബ്ർ ജീവിതം സന്തോഷത്തിലാകാൻ കാരണമാകുമല്ലോ. അല്ലാഹു ഇത് സ്വീകരിക്കുമാറാകട്ടെ. ആമീൻ എന്ന് പ്രാർത്ഥിക്കുന്നു.

സുഹൃത്തുക്കളെ, ഞാനൊരു സാധാരണ കടുംബത്തിൽ വളർന്ന ഒരു കുട്ടിയാണ്, ഒഴിവ് സമയങ്ങളിൽ ടിവി കണ്ടും, മനസ്സിനു ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചും മറ്റും ജീവിച്ചു പോന്നു. ഞങ്ങളുടെ വല്ലിപ്പമാർ ദീനീ വിഷയങ്ങളിൽ വളരെ കർശന നിലപാടു പുലർത്തിയിരുന്നവരാണെങ്കിലും, ഞങ്ങളുടെ ഇപ്പോഴത്തെ തലമുറ അതിൽ നിന്നും സ്വൽപം വ്യത്യാസമാണ്. വസ്ത്രധാരണയിലും മറ്റും ശ്രദ്ധ പുലർത്താത്ത ഞാൻ പക്ഷേ നിസ്കാരം പോലെയുള്ള നിർബന്ധ വിഷയങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്നു. എന്റെ  +2 പഠനത്തിനു ശേഷം വളരെ പെട്ടന്നായിരുന്നു വിവാഹം. ഭർത്താവ് ദീനിയ്യായ താൽപര്യമുള്ള ആളായതു കൊണ്ട് എന്റെ ജീവിതം പുതിയ ഒരു രീതിയിലേക്ക് ചിട്ടപ്പെടുത്തേണ്ടി വന്നു. അദ്ദേഹം എന്നോട് ഫുൾ കയ്യുള്ള വസ്ത്രവും മഫ്‌തയും ധരിക്കാൻ ആവശ്യപ്പെട്ടു. ആദ്യമൊക്കെ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല കാരണം ഞാൻ സ്‌ഥിരമായി അങ്ങനെയുള്ള വസ്ത്രം ധരിച്ചിരുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഞാൻ ഈ രീതിയിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഞാൻ താമസിക്കാതെ ഗൾഫിൽ എത്തി. ഇവിടെ വന്നപ്പോൾ ദീനി ചിട്ടയിൽ ജീവിക്കാൻ വളരെ അനുകൂലമായ ഒരു സാഹചര്യമാണ് എനിക്കുണ്ടായത്. നാളിതു വരെ ജീവിച്ചിട്ടില്ലാത്ത വളരെ നല്ല ദീനീ ചിട്ടയിലാണു ഞങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ സാധിച്ചത്. അൽഹംദുലില്ലഹ്. അതിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ പോലും അറിയാതെ അല്ലാഹു ഞങ്ങൾക്ക് വേണ്ടി ഒരുക്കിത്തരുകയായിരുന്നു. എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങളിൽ എന്നും ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ചാരിതാർത്ഥ്യത്തോടെ നോക്കിക്കാണുന്നു. അല്ലാഹു നമുക്ക് എല്ലാവർക്കും അവന്റെ ദീനീചിട്ടകൾ മുറുകെ പിടിക്കാനും അത് നിലനിർത്താനും  തൗഫീഖ് ചെയ്യട്ടെ. ആമീൻ.

ഇനി ഞങ്ങളുടെ ഗൾഫ് ജീവിതത്തിലെ കൗതുകമുള്ള മറ്റൊരു കാര്യം പറയട്ടെ, ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൽ ഇതുവരെ ടിവി എന്നു പറയുന്ന വസ്തുവിനെ പ്രവേശിപ്പിച്ചിട്ടില്ല എന്നുള്ളതാണ്. ഞങ്ങളുടെ  സുഹൃത്തുക്കളിൽ പലരും അൽഭുതത്തോടെ ചോദിക്കും, ടിവി ഇല്ലാതെ എങ്ങനെ ജീവിതം നീക്കുന്നു എന്ന്. എന്നാൽ പറയട്ടെ, ടിവി ഇല്ലാത്തതാണ് എന്നെ കുറച്ചെങ്കിലും ആത്മീതയിലേക്ക് ഉയർത്താൻ സാധിപ്പിച്ച ഘടകം. പിന്നെ ഇവിടെ ഉണ്ടായിരുന്നതു കംപ്യൂട്ടറും ഇന്റർ നെറ്റുമാണ്. കൂടുതലൊന്നും കംപ്യൂട്ടർ പരിജ്ഞാനമില്ലെങ്കിലും ഭർത്താവിന്റെ സഹായത്തോടെ അത്യാവശ്യ കാര്യങ്ങൾ  മനസ്സിലാക്കുകയും ഭർത്താവ് ഓഫീസിൽ പോയ സമയങ്ങളിൽ ഞാൻ കംപ്യൂട്ടറും ഇന്റർനെറ്റും കൂടുതൽ പഠിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭർത്താവ് എനിക്ക്  ഇസ്ലാംകേരള എന്ന സൈറ്റ് പരിചയപ്പെടുത്തി തന്നു. അതാണ് എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.

ഇസ്‌ലാം  കേരളയിലെ മത പ്രഭാഷണങ്ങളും മറ്റും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. പിന്നെ അതിലുള്ള ഖുർആൻ തജ്‌വീദ് പഠനം എന്ന ഭാഗം കണ്ടു. മദ്രസ്സയിൽ പഠിച്ചു മറന്നുപോയ ഒട്ടേറെ കാര്യങ്ങൾ വീണ്ടും ഓർക്കാനും പഠിക്കാനും കഴിഞ്ഞു. ഞാൻ ഓരോ ദിവസവും വ്യത്യസ്ത ഭാഗങ്ങളായി പഠിക്കുകയും നോട്ട് ഉണ്ടാക്കുകയും ചെയ്തു‌. പിന്നെ ഖുർആൻ ഡൗൺലോഡ് ചെയ്യുകയും,അത് തജ്‌വീദിന്റെ നിയമ പ്രകാരം ഓതി പഠിക്കുകയും ചെയ്തു‌. കൂടാതെ എനിക്ക് മുഹ്‌യിദ്ദീൻ മാല, രിഫാഈ മാല, നഫീസത്ത് ‌മാല, ബദ്ർ മാല പോലെയുള്ള മാലപ്പാട്ടുകൾ വളരെ ഇഷ്ടമായിരുന്നെങ്കിലും അത് പാടാൻ അറിയുമായിരുന്നില്ല. പക്ഷേ, ഇസ്ലാം കേരളയിൽ  നോക്കിയപ്പോൾ മാലകൾ കേട്ടു പഠിക്കാനുള്ള ഓഡിയോ ഫയലുകൾ അതിൽ നിന്നും കിട്ടി.
  
പിന്നീട് ദീനീ വിഷയങ്ങളിൽ എനിക്ക് കൂടുതൽ താൽപര്യം വരികയും, അത് പോലെയുള്ള വേറെയും ഇസ്‌ലാമിക് സൈറ്റുകൾ ഞാൻ കണ്ടെത്തുകയും ചെയ്തു‌. ഒരുപാട് അറിവുകൾ അല്ലാഹു കാണിച്ചു തന്നു. അൽഹംദുലില്ലഹ്, 'ഖുതുബിയ്യമൻസിൽ' എന്ന ഒരു സൈറ്റിൽ നിന്നും ഒരുപാട് മൗലിദുകളും മറ്റും പഠിക്കാൻ സാധിച്ചു. നമുക്ക് ആത്മാർത്ഥമായ താൽപര്യമുണ്ടെങ്കിൽ അല്ലാഹു അത് സാധിപ്പിക്കും എന്നതു സത്യമാണ്. 'ഖസ്വീദത്തുൽ ബുർദ' 'ഗൗസിയ്യ, മുഹമ്മദിയ്യ, വിത്റിയ്യ, പോലെ യുള്ള വ്യത്യസ്ത ഖസീദകളും, അവാഇലുൽ ഖൈറാത്ത്, ബഷാഇറുൽ ഖൈറാത്ത്, ദലാഇലുൽ ഖൈറാത്ത്, ബൈത്ത് ഇനങ്ങൾ, വ്യത്യസ്ത സ്വലാതുകൾ, മൗലിദുകൾ മുതലായവ എനിക്ക് വ്യത്യസ്ത സൈറ്റുകളിൽ നിന്നു പഠിക്കാൻ കഴിഞ്ഞു. അൽ ഹംദുലില്ലാഹ്

സുഹൃത്തുക്കളെ, എന്നെപ്പോലെ ഇസ്‌ലാമിക് സൈറ്റുകൾ സന്ദർശിക്കു മ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുമുണ്ട്. കാരണം അതിൽ ബിദ്അത്ത്കാരുടെ വിഷയങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. അതുകൊണ്ട് ഞങ്ങൾ ചെയ്യുന്ന പോലെ, വല്ല ഇസ്‌ലാമിക് സൈറ്റുകളും കിട്ടിയാൽ അതു സുന്നി പണ്ഡിതന്മാരോട് ചോദിച്ചു ഉറപ്പു വരുത്തിയിട്ടേ അതു തുടർന്ന് ഉപയോഗിക്കാവൂ. പ്രത്യേകിച്ചു ചില ബിദ്അത്തു സൈറ്റുകൾ കണ്ടാൽ സുന്നികളുടെ സൈറ്റ് പോലെ തന്നെയായിരിക്കും. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരിമാർ പ്രത്യേകം സൂക്ഷിക്കണം. ഇത്പോലെ ഒരു ശിയ വിഭാഗത്തിൽ പെട്ട സൈറ്റ് ഞാൻ സന്ദർശിക്കുകയുണ്ടായി. അതിൽ ബൈത്തുകളും, ഇസ്‌ലാമിക് വീഡിയോകളും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ സുന്നി തന്നെ പക്ഷേ, പിന്നീട് എന്റെ ഭർത്താവിന്റെ സുഹൃത്തായ ഒരു സഖാഫിയാണ് അത് ശിയാക്കളുടെ സൈറ്റാണെന്ന് പറഞ്ഞുതന്നത്.

വഅ്ള് കേൾക്കൽ എന്റെ പ്രധാന ഹോബിയാണ്. ഒരുപാടു കേട്ടു മടുപ്പു തോന്നിയാൽ, പേരോട് ഉസ്‌താദിന്റെ  "ആരോഗ്യവും ആരാധനയും" എന്ന സീഡി കേൾക്കും, അപ്പോൾ കുറച്ച് കൂടി തഖ്‌വ ലഭിക്കും. പേരോട് ഉസ്താദിന്റെ പാറക്കടവ് പ്രസംഗം (മദ്ഹുറസൂൽ) എന്റെ ഇഷ്ട സീഡിയാണ്. വഅ്ള് കേൾക്കുന്ന വിഷയത്തിൽ ഇസ്ലാം കേരള സൈറ്റ് എന്നെ വളരെ സഹായിച്ചിട്ടുണ്ട്. അതിൽ പ്രതിപാദിക്കാത്ത വിഷയങ്ങളില്ല. ഇസ്ലാമിന്റെ എല്ലാ വിഷങ്ങളെയും സ്‌പർശിച്ചു കൊണ്ടുള്ള ഒരു സമഗ്ര പാഠ്യപദ്ധതിയാണു ഇസ്‌ലാംകേരള സൈറ്റ് .

എന്റെ ഇസ്ലാമിക വസ്ത്രധാരണയിൽ ഇസ്‌ലാം കേരളക്ക് ഒരു വലിയ പങ്കുണ്ട്. എങ്ങനെയാണെന്ന് സുഹൃത്തുക്കൾക്ക് അറിയുമോ ? ഒരു ദിവസം ഇസ്ലാം കേരളയിൽ "സ്ത്രീ പരിഷ്ക്കരണ യുഗത്തിൽ" എന്ന വിഷയം ചർച്ച ചെയ്യുന്ന വഅ്ളു കേൾക്കാൻ ഇടയായി. "സ്ത്രീ മറയണം" എന്ന ബഷീർ ഫൈസി ഉസ്‌താദിന്റെ ആവർത്തിച്ചുള്ള വാചകം എന്റെ ഹൃദയത്തിൽ വല്ലാതൊരു മാറ്റം വരാനിടയാക്കി. അത് കേട്ടു കഴിഞ്ഞപ്പോഴാണു ഇസ്‌ലാമിലെ സ്ത്രീ വേഷത്തിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കാൻ  സാധിച്ചത്. ഉടനെ തന്നെ പർദ്ദയും, മുഖമുൾപ്പടെ മറയുന്ന ജിൽബാബും, കൈ മറക്കുന്ന ഷോക്സും ഉപയോ ഗിക്കാൻ തീരുമാനിച്ചു. എന്റെ ഭർത്താവിനു ഈ മാറ്റത്തിൽ അതിയായ സന്തോഷമുണ്ടായി. ഈ ഒരു മാറ്റത്തിന്റെ ഇടയിലാണ് എനിക്ക് നാട്ടിൽ പോകേണ്ട ഒരു സാഹചര്യം വന്നത്. പലരും എന്നെ ഒരു അൽഭുത ജീവിയെപ്പോലെ നോക്കിക്കണ്ടു. മറ്റു ചിലർ എനിക്ക് വട്ടാണെന്ന് പറഞ്ഞു കളിയാക്കി. വളരെ കുറഞ്ഞവർ നല്ലത് എന്നു പറഞ്ഞു.

നോക്കൂ,, സഹോദരിമാരെ കാലത്തിന്റെ  മാറ്റം, ഇസ്ലാമിക വേഷം ധരിക്കേണ്ടിവന്നതിലുള്ള ഒരു പെണ്ണിന്റെ നിയോഗം നോക്കൂ. ഇതുമായി ബന്ധപ്പെട്ട മറ്റൊരു അനുഭവവും കൂടി നിങ്ങളുമായി പങ്ക് വെക്കൽ അനിവാര്യമാണെന്ന് തോന്നുന്നു. ഒരിക്കൽ എന്റെ നാട്ടിൽ ഒരു കല്ല്യാണത്തിനു ഞാൻ പോയപ്പോൾ, ഒരു സ്ത്രീ തന്റെ കുട്ടിക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച കുട്ടിയോട്, ശരീരം എല്ലാം മറച്ചു, കറുത്ത പർദ്ദ ധരിച്ച എന്നെ ചൂണ്ടികാണിച്ചു കൊണ്ട് കുട്ടിയെ പേടിപ്പിച്ചു ഭക്ഷണം കഴിപ്പിച്ചു. ഈയൊരവസ്ഥ കണ്ടു അടുത്തുള്ളവർ പരിഹാസഭാവത്തോടെ ചിരിച്ചു. കണ്ടോ സുഹൃ ത്തുക്കളെ.... എനിക്ക് ജനങ്ങളുടെ ഇടയിൽ കിട്ടിയ ബഹുമതി ! എന്റെ മുസ്ല‌ിം സഹോദരിമാരുടെ അധപതനം കണ്ടു എനിക്ക് വിഷമം തോന്നി. കാരണം, അവർ നല്ലതു ചെയ്‌തില്ലെങ്കിലും നല്ലതു ചെയ്യുന്നവരെ  നിരുൽസാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതെല്ലാം അറിഞ്ഞു എന്റെ ഉമ്മ പറഞ്ഞു. നല്ലതു ചെയ്യുന്നവർക്കാണു എതിർപ്പുകളും പരിഹാസവും ഉണ്ടാവുകയെന്ന്.

പക്ഷേ, ഇതിലൊന്നും വിഷമമില്ല. മറിച്ച് അല്ലാഹുവിനു വേണ്ടിയാണെ ന്നുള്ള അഭിമാനമാണ് തോന്നിയത്.

കൂടുതൽ എഴുതി എന്റെ സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നില്ല. ഒരു കാ ര്യവും കൂടി നിങ്ങളെ അറിയിച്ചു നിർത്തുന്നു. വെളിയങ്കോട് ഉമർ ഖാ സി(റ) തങ്ങൾ മദീനത്ത് പോയി റസൂലുല്ലാഹി(സ) തങ്ങളുടെ റൗളയുടെ വാതിൽക്കൽ നിന്ന് ആലപിച്ചു റൗളയുടെ വാതിൽ തുറപ്പിച്ച സംഭവം നിങ്ങൾ കേട്ടിരിക്കുമല്ലോ. ആ ബൈത്ത് കിട്ടണമെന്ന് എന്റെ ആഗ്ര ഹമായിരുന്നു. കാരണം ഞങ്ങൾ ഉംറക്ക പോകാൻ തീരമാനിച്ചിരുന്നു. അവിടെന്ന് മദീനത്ത് ചെന്നാൽ ആ ബൈത്ത് എനിക്ക് അവിടെന്ന് ആലപിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. സൈറ്റുകളിൽ ഒരുപാട് തെരെഞ്ഞു കിട്ടാതെ വന്നപ്പോൾ ഒരു നിമിത്തമെന്ന പോലെയായിരുന്നു ഇസ്‌ലാം കേരളയുടെ അബ്ദുല്ല ചെരുമ്പ ഇക്കയുമായുള്ള എന്റെ ഭർത്താവിന്റെ പരിചയപ്പെടൽ. ഇസ്‌ലാം കേരളയുടെ എല്ലാ ലേഖനത്തിന്റെ അവസാനത്തിൽ അബ്ദുല്ലക്കയുടെ  e-mail അഡ്രസ്സും ഫോൺ നമ്പറും കാണാം. ഒരു നാൾ അദ്ദേഹത്തെ പരിചയപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തെ എന്റെ ഭർത്താവ് വിളിച്ചത്, ഞങ്ങൾ ഉംറക്ക് പോകുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹവുമായുള്ള പരിചയപ്പെടൽ. അദ്ദേഹത്തോട് ഉമർ ഖാസി തങ്ങളുടെ ആ ബൈത്ത് ചോദിച്ചപ്പോൾ ഉടനെ തന്നെ അത് scan ചെയ്‌തു ഞങ്ങൾക്കത് മെയിൽ അയച്ചു തന്നു. അദ്ദേഹത്തോട് ഏതു ബൈത്തും സ്വലാത്തും ദിക്റും ചോദിച്ചാൽ അദ്ദേഹത്തിന്റെ അടുക്കൽ അതുണ്ടാകും. വലിയ ഒരു കർമ്മം തന്നെയാണ് അദ്ദേഹം സമൂഹത്തിനു ചെയ്‌തു കൊടുക്കുന്നത്.

ഇൻശാ അല്ലാഹ്, ഇനിയും നിങ്ങളുമായി ഞങ്ങളുടെ ജീവിതാനുഭവങ്ങ ൾ പങ്ക് വെക്കുവാനും അത് നമ്മുടെ ജീവിതത്തിൽ അനുകൂലമായി പ്രതിഫലിപ്പിക്കുവാനും റഹ്‌മാനായ റബ്ബ് തൗഫീക്ക് ചെയ്യട്ടെ. ആമീൻ. എനിക്ക് ഇനിയും പഠിക്കാനും ഇതു പോലെ നിങ്ങളുമായി കാര്യങ്ങൾ പങ്ക് വെക്കാനും അല്ലാഹു തൗഫീക്ക് ചെയ്യട്ടെ. ആമീൻ. ഞങ്ങൾക്കും ഞങ്ങളുടെ കടുംബത്തിനും വേണ്ടി നിങ്ങൾ ദുആ ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

എന്ന്
ഹസ്‌ന ഷിനാജ് ചാവക്കാട്
E-mail: [email protected]

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861