സ്വലാത്തിന്റേയും മുതഅല്ലിം സുഹൃത്തുക്കളുടെയും ശക്തി
എന്നെ ഞാനാക്കിയതു എന്റെ സ്വലാത്താണ്. എന്റെ മുതഅല്ലിം സുഹൃത്തുക്കളുടെ ദുആയാണ്. നമ്മുടെ ജീവിതം ഒരു നിയോഗമാണ്. സ്വയം നന്നാവനും, മറ്റുള്ളവർക്ക് വഴികാട്ടുവാനും ഭാഗ്യം ചെയ്ത നിയോഗം. നമ്മുടെ വിജയം നമ്മുടെ മാതാപിതാക്കളുടെ വിജയമാണ്. നമ്മുടെ കൂട്ടുകാരുടെ വിജയമാണ്. നമ്മളെ അറിയുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.
അമേരിക്കയിൽ ഉപരി പഠനം നടത്തുന്ന മാന്യ സുഹൃത്ത് സിജിത്ത് സലീം, അദ്ദേഹത്തിന്റെ പിന്നിട്ട ചില അനുഭവങ്ങളാണ് ഇസ്‌ലാം കേരള സന്ദർശകരുമായി പങ്ക് വെക്കാൻ നമുക്ക് അയച്ച് തന്നത്. അദ്ദേഹത്തിൻ്റെ ഈ അനുഭവങ്ങൾ നമുക്കും നമ്മുടെ സുഹൃത്തുക്കൾക്കും മറ്റ് വിദ്യാർത്ഥികൾക്കും ഒരു പാഠമാകട്ടെ. എത്ര ഉന്നതമായ വിദ്യ അഭ്യസിക്കുമ്പോഴും ഇസ്‌ലാമിൻ്റെ തനിമ കാത്ത് സൂക്ഷിക്കാനും സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശ അനുഷ്ടാന കർമ്മങ്ങൾ മുറുകെപ്പിടിച്ച് മുന്നേറാനും സാധിക്കുമെന്ന് സിജിത്ത് സലീം എന്ന സുഹൃത്തിൻ്റെ ജീവിതാനുഭവം നമ്മുക്ക് സന്ദേശം നൽകുന്നു. അല്ലാഹു അദ്ദേഹത്തിന് അവൻ്റെ കാരുണ്യം ചൊരിയട്ടെ ആമീൻ. അവരെയും നമ്മെയും ശരിയാം വഴി മുറുകെ പിടിച്ച് ജീവിക്കുന്ന സ്വലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ.
-------------------------------------------------------
സ്വലാത്തിന്റേയും മുതഅല്ലിം സുഹൃത്തുക്കളുടെയും ശക്തി
പ്രിയപ്പെട്ട കൂട്ടുകാർക്ക്, അസ്സലാമു അലൈക്കും
ആദ്യമായി എനിക്കു ഇവിടെ എന്റെ അനുഭവം പങ്ക്‌വെക്കാൻ അവസരം തന്ന ഇസ്ലാം കേരളക്ക് നന്ദിപറയുന്നു. www.islamkerala.com വളരെ മികച്ച നിലവാരം പുലർത്തുന്ന ഒരു ഇസ്ലാമിക സൈറ്റ് ആണ്. ഇതിന്റെ അണിയറ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ.
വെറും ഒരു മാംസപിണ്ഡമായിരുന്ന എന്നെ ഭൗതികവും പാരത്രികവുമായ വിജയത്തിനു വേണ്ട വിഭവങ്ങൾ തന്നു അനുഗ്രഹിച്ച അല്ലാഹുവിന് നന്ദി.
ഞാൻ എന്നെ പരിചയപ്പെടുത്തട്ടെ. പേരു സിജിത് സലീം, ഇപ്പൊൾ അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിക്കുന്നു. ജന്മ സ്‌ഥലം കൊച്ചിയാണെങ്കിലും പഠിച്ചതും വളർന്നതും അബുദാബിയിൽ. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു ഞാൻ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ബിടെക്ക് (കമ്പ്യൂട്ടർ) ന് ചേർന്നു. അതിന് ശേഷം 2 വർഷം ദുബൈ ഇൻറർനെറ്റ് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തു. പിന്നെ ഉപരിപഠനത്തിന് അമേരിക്കയിലേക്ക്.
പ്രവാചകൻ (സ) തങ്ങളുടെ മേലിലുള്ള സ്വലാതും മുതഅല്ലിമീങ്ങളോടുള്ള എന്റെ സ്നേഹവും, അതു മുഖേനെ എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളുമാണ് ഈ അനുഭവ കുറിപ്പിനാധാരം.
എന്റെ ജീവിതത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും അവരുടെ ജീവിതത്തിൽ പകർത്താൻ കഴിഞ്ഞാൽ ഈ എഴുത്തിന്റെ ലക്ഷ്യം പൂർത്തിയായി. എന്റെ മലയാളത്തിൽ തെറ്റുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു.
2000 ത്തിൽ എന്റെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ഞാൻ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. കാമ്പസിനു അടുത്തുള്ള ഒരു വീട്ടിൽ കൂട്ടുകാർക്കൊപ്പം താമസം തുടങ്ങി. എനിക്ക് പടച്ച തമ്പുരാൻ തന്ന അനുഗ്രഹം ഞാൻ മനസിലാക്കുന്നതു കേരളത്തിൽ എന്റെ ജീവിതം ആരംഭിച്ചപ്പോഴാണ്. ആയിടക്കാണ് പരലോക വിചാരം എന്ന ഒരു കാസറ്റ് ഞാൻ കേൾക്കുന്നത്. അതിനു ശേഷം എന്തെന്നില്ലാത്ത മാറ്റം എന്നിൽ എനിക്കനുഭവപ്പെട്ടു. ഒരു നിയോഗമെന്നോണം വിവിധ സ്വലാതുകൾ ഉൾക്കൊണ്ട ഒരു പുസ്തകം കിട്ടി. ശേഷം എന്റെ ജീവിതം തന്നെ മാറിപോയി.
എനിക്കു ഒഴിവു കിട്ടുമ്പൊഴൊക്കെ ഞാൻ ചെറിയ ചെറിയ സ്വലാത്തുകൾ ചെല്ലാനും മന:പ്പാഠമാക്കാനും തുടങ്ങി. അതിനു ശേഷം വലിയ സ്വലാത്തുകൾ മനപാഠമാക്കാൻ തുടങ്ങി. താജു സ്വലാത്ത്, നാരിയതു സ്വലാത്ത് , എല്ലാം എനിക്കു മന:പ്പാഠമായി. ഞാൻ യാത്ര പോകുമ്പോഴൊക്കെ ഒരു സ്വലാത്ത് കിതാബ് കയ്യിൽ വെക്കുക എനിക്കു പതിവായി. ഒരു മണിക്കൂറിൽ ആയിരം സ്വലാത് ചെല്ലാൻ എനിക്കു പറ്റുന്നു എന്നു എനിക്കു മനസിലായി. യാത്ര പോകുന്നത് എനിക്ക് വളരെ ഇഷ്‌ടമുള്ള കാര്യമായി. സ്‌ഥലം കാണുന്നതിന്റെ കൂടെ എനിക്ക് സ്വലാത് ചൊല്ലുകയും ചെയ്യാമല്ലോ.
ഞാൻ ദലാഇലുൽ ഖൈറാത്ത് വായിക്കാൻ തുടങ്ങി. ആദ്യമെല്ലാം 30-40 മിനിറ്റ് എടുക്കുമായിരുന്നതു പിന്നെ 5-10 മിനിറ്റ് ആയി മാറി. വെള്ളിയാഴ്ച 1000 സ്വലാത്ത് എന്റെ പതിവായി.
പിന്നെ അങ്ങോടുള്ള ജീവിതം ഒരു മായാജാലമായിരുന്നു. ഞാൻ എന്തു മനസിൽ ആഗ്രഹിച്ചാലും അതു എനിക്കു കിട്ടാൻ തുടങ്ങി. (ആഗ്രഹിച്ചതു ഹലാലായതും എനിക്കു ഗുണം ചെയ്യുന്നതുമായിരുക്കണം എന്ന് മാത്രം). ഞാൻ എന്തു തുടങ്ങിയാലും അതു നല്ല നിലയിൽ അവാസാനിക്കും. എന്തു ചെയ്താലും അതിൽ വിജയം കണ്ടു. എനിക്കുവരേണ്ട എല്ലാ ആപത്തുകളും തട്ടിപ്പോയി. എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. എനിക്കു അല്ലാഹുവിന്റെ ഒരു അദൃശ്യ കാവൽ ഉള്ളതു പോലെ ഒരു തോന്നൽ. നല്ല വിചാരങ്ങ ൾ തനിയേ മനസ്സിൽ വരും, അതു ചെയ്യാനുള്ള മനസും പഠച്ചവൻ തന്നു.
ആയിടക്കാണ് ഇൽമു നേടണം എന്നു ആഗ്രഹം മനസ്സിൽ വന്നത്. ത്രിക്കാക്കര ദർസിനെപ്പറ്റി അറിഞ്ഞു. ആ ദർസ് എന്റെ വീടിന്റെ 5 മിനിറ്റ് നടക്കുന്ന ദൂരമേ ഉള്ളു എന്നു കൂടിയായപ്പോൾ ഞാൻ പടച്ചവനോടു അകം നിറഞ്ഞ നന്ദി പറഞ്ഞു. ദർസ് മുദരിസ്സ് അലി ബാഖവി ആയിരുന്നു. ആലി ഉസ്താതു "ഓക്കെ" ഉസ്താതിന്റെ ശിഷ്യനും, അൽഫിയ 1000 ബെയ്ത് മ:നപ്പാഠം പഠിച്ച വ്യക്തിയും ആയിരുന്നു. എന്നെ ശിഷ്യനാക്കാൻ ഉസ്താതു സമ്മതിച്ചു. പുതിയ മീസാൻ (അറബി പഠനത്തിന്റെ ആദ്യ പുസ്തകം) ബാച്ചിന്റെ കുടെ ചേർന്നോളാൻ എന്നൊടു പറഞ്ഞു. എനിക്കു ബിടെക് അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളതു കൊണ്ടു, മാറ്റുളളവരേക്കാളും കൂടുതൽ പാഠങ്ങൾ എടുക്കാൻ തുടങ്ങി. എനിക്കും എന്റെ കൂട്ടുകാരനും രിയാളു സ്വാലിഹീൻ പാഠം എടുക്കാനും ഉസ്താത് സമ്മതിച്ചു.
ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. രാവിലെ സുബ്ഹിക്കു പള്ളിയിൽ പോകും. നമസ്‌കാര ശേഷം എല്ലാവരുടെയും കൂടെ ഇരുന്നു ഖുർആൻ പാരായണം. 7 മുതൽ 8.30 വരെ ദർസ് (ഫല ഫഅലാ..) പിന്നെ 9 മുതൽ 4 വരെ ബിടെക്ക് ക്ലാസ്. തിരിച്ചു വന്നു മഗ് രിബ് വരെ ക്രിക്കറ്റ്. പിന്നെ മഗ് രിബ് ഇഷാക്ക് ഇടയ്ക്ക് രിയാളു സ്വാലിഹീൻ. പിന്നെ ഇഷാ നമസ്കാരം. പള്ളിയിൽ എല്ലാ ദിവസവും ഹദ്ദാദ് ഉണ്ടാവും. അതു കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിൽ വരും. പിന്നെ പാതിരാത്രി വരെ കമ്പ്യൂട്ടർ പഠനം. ക്ലാസ് നേരത്തെ കഴിഞ്ഞാലോ അവധി ദിവസങ്ങളിലോ, നേരത്തെ ദർസിൽ പൊകും. അവിടെ മുതഅല്ലിമീങ്ങളുടെ കൂടെ സർഫ് ചെയ്യും. ചിലപ്പോൾ രാത്രി സർഫ് കഴിഞ്ഞു അവരുടെ കൂടെ തന്നെ കിടന്ന് ഉറങ്ങും.
ഈ സമയത്തു ത്രിക്കാക്കര ദർസ് മുതഅല്ലിമീങ്ങൾ എന്റെ ജീവിതത്തിലെ ഭാഗമായി. എല്ലാവർക്കും ഞാൻ "സിജിത്തിക്ക" ആയി. അവരുടെ കുടുംബ വിശേഷവും ജീവിത സ്വപ്‌നങ്ങളും എന്നോടു പങ്കുവെച്ചു. ഞാൻ അവരുടെ കൂടെ ഭക്ഷണം കഴിക്കും. വെള്ളിയാഴ്‌ച ജുമാനമസ്‌കാരം കഴിഞ്ഞു അവരുടെ കൂടെ ഭക്ഷണം എനിക്കു പതിവായി. അവരുടെ സമാജത്തിൽ ഞാൻ പങ്കെടുക്കുമായുരുന്നു. എനിക്കു ബൈക്ക് ഉണ്ടായിരുന്നു. അവർക്കു മരുന്നു വാങ്ങാനോ അങ്ങാടിയിൽ പൊകാനോ ഞാൻ കൂടെ പോകും. ഒരിക്കൽ ഒരാൾ പള്ളിക്കു ഒരു കമ്പ്യൂട്ടർ സംഭാവന ചെയ്തു. താമസിയാതെ, ഞാൻ മുതഅല്ലിമീങ്ങളുടെ കമ്പ്യൂട്ടർ മാഷായി മാറി. ഉസ്താദിനും സമയം കിട്ടുമ്പോൾ കമ്പ്യൂട്ടർ ക്ലാസ് എടുക്കും.
ഒരു official മുതഅല്ലിം അല്ലെങ്കിലും, ഞാൻ അറിയാതെ തന്നെ അവരുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറി. അവരുടെ പ്രിയപ്പെട്ട “സിജിത്തിക്ക", അവർക്ക് എല്ലാമെല്ലാം ആയി. ഞാൻ മീസാൻ, അജ്‌നാസ്, സഞ്ചാൻ ഓതി. മുതിർന്ന കുട്ടികളുടെ തഫ്സീർ ക്ലാസിലും ഞാൻ ഇരുക്കും (ഏതു സബകിലും ഇരിക്കാൻ എനിക്ക് അനുവാദമുണ്ടായിരുന്നു).
ഈ സമയത്തു എടപ്പള്ളി ദർസ് മുദരിസിനോടും മുതഅല്ലിമീങ്ങളൊടും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. ഞാൻ www.libimail.com എന്ന ഒരു സൈറ്റ് ഉണ്ടാക്കി. മലയാളത്തിലും ഇഗ്ലീഷിലും ഉള്ള ഒരു മെയിൽ പൊർട്ടൽ ആയിരുന്നു അത്. പത്രത്തിൽ ഇതിന്റെ വാർത്ത വരുകയും ചെയ്തു. എല്ലാം എന്റെ സ്വലാത്തിന്റെയും മുതഅല്ലിമീങ്ങളുടെയും ദുആ.
എന്റെ ബിടെക് പൂർത്തിയായി യൂണിവേഴ്‌സിറ്റിയോടു വിടപറയാൻ സമയമായി. ഞാൻ എല്ലാവരൊടും വിടപറയാൻ പള്ളിയിൽ പോയി. അന്നൊരു സംഭവമുണ്ടായി. ഞാൻ കുറച്ചു ചീരണി വാങ്ങി പള്ളിയിൽ ചെന്നു. എല്ലാ മുതഅല്ലിമീങ്ങളും വട്ടത്തിൽ ഇരുന്നു "സിജിത്തിക്ക" ക്ക് വേണ്ടി ദുആ ചെയ്തു. എന്റെ വിജയത്തിന് വേണ്ടി മനസു തട്ടിയുള്ള ദുആ. അസർ നമസ്കാര സമയമായി. നമസ്‌കരം കഴിഞ്ഞപ്പോഴേക്കും, എനിക്കു എന്തോ അസ്വസ്തത അനുഭവപെട്ടു.
താമസിയാതെ ഞാൻ കരയാൻ തുടങ്ങി. നിയന്ത്രിക്കനാവാത്ത കരച്ചിൽ. ഞാൻ സ്നേഹിച്ച,എന്നെ സ്നേഹിച്ച മുതഅല്ലിമീങ്ങളെ പിരിയണം എന്നോർത്തു കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അന്നു എന്റെ കണ്ണീർ ആ പള്ളിയിൽ വീണു. മുതഅല്ലിമീങ്ങൾ എന്നെ ഗയിറ്റ് വരെ അനുഗമിച്ചു. ഒരു വികാര നിർഭരമായ നിമിഷം. എന്റെ ജീവിതത്തിൽ ഞാൻ എന്നും താലോലിച്ചു കൊണ്ടു നടക്കുന്ന ദിവസം. എന്റെ യുവത്വം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിച്ചതിനു അല്ലഹു തന്ന ഒരു ചെറിയ സമ്മാനം.
ഞാൻ തിരിച്ചു അബുദാബിയിൽ വന്നു. ദുബായ് ഇൻറർനെറ്റ് സിറ്റിയിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ഒരു ജോലി കിട്ടി. അവിടെയും സ്വലാത്ത് എന്നെ സഹായിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ഉപരിപഠനത്തിനു എനിക്കു അമേരിക്കയിൽ പോകണം എന്നു ആഗ്രഹം വന്നത്. ഒരു വർഷത്തിനകം ഞാൻ ന്യൂയോർക്കിൽ പ്ലെയിൻ ഇറങ്ങുകയും ചെയ്തു.
ഇവിടെ അമേരിക്കയിലും സ്വലാത്ത് എന്നെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഞാൻ യുണിവേഴ്‌സിറ്റി best student ആയി മാറി. എന്റെ libimail ഞാ൯ 6 ഭാഷകളിൽ ചെയ്തു (ഹിന്ദി, മലയാളം, കന്നട, തമിഴ്, ഗുജറാത്തി, തെലുഗു). കുട്ടുകാർ എനിക്കു ഒരു പേരും തന്നു "bill gates". ഞാൻ അവരുടെ mr. gates ആയി മാറി.
ഇപ്പോഴും ഞാൻ എന്റെ മുതഅല്ലിം സുഹൃത്തുക്കളെ വിളിക്കാറുണ്ട്. അവരുടെ സിജിത്തിക്കാന്റെ "അസ്സലാമു അലൈക്കും" കേൾക്കാൻ എത്ര ഇഷ്‌ടമാണെന്നൊ അവർക്ക്.
എന്നെ ഞാനാക്കിയതു എന്റെ സ്വലാത്താണ്. എന്റെ മുതഅല്ലിം സുഹൃത്തുക്കളുടെ ദുആയാണ്. നമ്മുടെ ജീവിതം ഒരു നിയോഗമാണ്. സ്വയം നന്നാവനും, മറ്റുള്ളവർക്ക് വഴികാട്ടുവാനും ഭാഗ്യം ചെയ്ത നിയോഗം. നമ്മുടെ വിജയം നമ്മുടെ മാതാപിതാക്കളുടെ വിജയമാണ്. നമ്മുടെ കൂട്ടുകാരുടെ വിജയമാണ്. നമ്മളെ അറിയുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.
ഞാനും നിങ്ങളെപോലെ ഒരുവ്യക്തിയാണ്. ഞാൻ നേടിയതെല്ലാം അല്ലാഹു തന്നതാണ്. എനിക്ക് ഇത് നേടാൻ പറ്റുമെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും അതിന് കഴിയും. നമ്മുടെ ജീവിതം പടച്ചവന് സമർപ്പിക്കുക. നമസ്കാരം മുറുകെപ്പിടിക്കുക. സ്വലാത്ത് അധികരിപ്പിക്കുക. ചെറുതാണെങ്കിലും നിത്യമുള്ള അമലുകൾ ചെയ്യുക. ദിവസവും ഒരു പേജെങ്കിലും ഖുർആൻ ഓതുക. ഇൽമു പഠിക്കുക. അത് പഠിക്കുന്നവരെ സ്നേഹിക്കുക. മാതാപിതാക്കളെ സന്തോഷിപ്പിക്കാനും അവർക്കു വേണ്ട സ്നേഹം കൊടുക്കുവാനും ശ്രമിക്കുക. കുടുംബ ബന്ധം പുലർത്തുക. ആരിൽ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അല്ലാഹുവിന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ച് കൊണ്ട് മറ്റുള്ളവരെ സഹായിക്കുക. പുഞ്ചിരിക്കുക. ഈ 11 കാര്യം ജീവിതത്തിൽ പകർത്തുക. എന്നാൽ നിങ്ങൾ ഒരു ധന്യമായ ജീവിതത്തിന്റെ ഉടമയാകും. തീർച്ച.
എനിക്കും എന്റെ മാതാപിതാക്കൾക്കും, എന്റെ കുടുംബക്കാർക്കും, എന്നെ അറിയുന്ന എല്ലാവർക്കും, എല്ലാ മുഅ്‌മിനീങ്ങൾക്കും വേണ്ടി നിങ്ങൾ ദുആ ചെയ്യണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു.
അല്ലാഹു നമ്മെ എല്ലാം അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ.
നിങ്ങൾക്കു എന്റെ വെബ് സൈറ്റ് സന്ദർശിക്കാം. www.sijith.com
അസ്സലാമു അലൈക്കും,
സിജിത് സലിം
---------------------------------------------
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861