സ്വർഗീയാരാമത്തിൽ വനിതകളുടെ നേതാവ്
കാലം മുന്നോട്ട് നീങ്ങി. പ്രവാചകനോട് അവിശ്വാസികൾ ക്രൂരമായി പെരുമാറാൻ തുടങ്ങിയ കാലം. സഞ്ചരിക്കുന്ന വഴികളിൽ അവർ മാർഗ തടസ്സം സൃഷ്ടിച്ചു. മുള്ളുകൾ വിതറി. ബാപ്പയെ ആശ്വസിപ്പിക്കാനും അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്ന പീഡനങ്ങളോർത്ത് കരയാനും ആ വാൽസല്യ പുത്രി വിധിക്കപ്പെട്ടു.
ഫാത്വിമ(റ)ജീവിതം നമ്മുടെ സ്ത്രീകൾ മാതൃകയാക്കിയിരുന്നെങ്കിൽ കുടുംബങ്ങളിലും അല്ലാത്തവയിലുമായ ഇന്ന് കാണുന്ന ഒരു പ്രശ്നവും ഉണ്ടാവുമായിരുന്നില്ല. ഓരോരുത്തരും ഫാത്വിമ (റ)ന്റെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇസ്‌ലാമികമായി എങ്ങനെ വളരണം, ബാപ്പയോട് എങ്ങനെ പെരുമാറണം, ഭർത്താവി നോടുള്ള കടപ്പാടുകൾ എന്തൊക്കെ, തുടങ്ങിയ ജീവിതത്തിലെ മിക്ക വിഷയങ്ങൾക്കും ഇതിൽ പരിഹാരമുണ്ട്. ഫാത്വിമ(റ)ന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പലകാര്യങ്ങളെക്കുറിച്ചും ഇതിൽ സ്പർശിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന ഒരാൾക്ക് കണ്ണുകൾ ഈറനണിയിക്കാതെ മുഴുമിപ്പിക്കാൻ സാധ്യമല്ല. ഏകദേശം 10 വർഷം മുമ്പ് ഒരു പ്രമുഖ മാസികയുടെ വാർഷിക പതിപ്പിൽ വന്ന ഈ ചരിത്രം രണ്ടോ മൂന്നോ പാർട്ടുകളായി ഓൺലൈൻ സുഹൃത്തുക്കൾക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരും പത്ത് പേർക്കെങ്കിലും ഇത് അയച്ചുകൊടുക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ..
സ്വർഗീയാരാമത്തിൽ വനിതകളുടെ നേതാവ്
സ്വർഗത്തിൽ വനിതകളുടെ നേതാവെന്നറിയപ്പെടുന്ന ഫാത്വിമ (റ) പ്രവാചകൻ തിരുമേനിയുടെയും ഖദീജ (റ) യുടെയും നാലാമത്തെയും അവസാനത്തെയും മകൾ.ത്വാഹിറ, സാഹിറ, ബഥൂൽ എന്നീ അപരനാമങ്ങളും ഈ പ്രവാചക പുത്രിക്കുണ്ട്. പ്രവാചകലബ്ധിയുടെ അഞ്ച് വർഷം മുമ്പാണ് ഫാത്വിമയുടെ ജനനം. ഫാത്വിമ (റ)യുടെ ജനന സമയത്ത് നബി(സ)ക്ക് മുപ്പത്തഞ്ച് വയസ്‌സായിരുന്നു. കുട്ടിക്കാലത്ത് എകാകിനിയും ശാന്ത ശീലയുമായിരുന്നു ഫാത്വിമ(റ). വീടുവിട്ട് പുറത്തിറങ്ങുകയോ കളികളിൽ വ്യാപൃതയാവുകയോ ചെയ്‌തില്ല. പ്രവാചകന്റെയും ഉമ്മയുടെയും അടുത്തിരുന്ന് ഫാത്വിമ (റ) ചിന്താപരവും ബുദ്ധി കൂർമ്മത മുറ്റിനിൽക്കുന്നതുമായ ചോദ്യങ്ങൾ ചോദിച്ചു. ഇഹലോകത്തെ സുഖസൗകര്യങ്ങളെ വെറുക്കാൻ ചെറുപ്പത്തിലേ ഫാത്വിമ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ മാതാവ് ഖദീജ ബീവിയുടെ ഏറ്റവും അടുത്ത ബന്ധു കുട്ടിയായ ഫാത്തിമയെ കല്യാണത്തിന് ക്ഷണിച്ചു. ഭംഗിയുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അണിയാൻ കൊടുത്തു. ലാളിത്യം മാത്രം ഇഷ്‌ടപ്പെട്ടിരുന്ന ഫാത്തിമ അവ നിരസിച്ചു. തന്റെ ലളിത വസ്ത്രങ്ങളണിഞ്ഞ് വിരുന്നിൽ പങ്കെടുത്തു. ചെറുപ്പത്തിൽ തന്നെ ദൈവസ്നേഹം കാണിക്കാനും ഐഹിക നൈമിഷിക സുഖങ്ങളെ വെറുക്കാനും ഫാത്തിമ പ്രത്യേകം ശ്രദ്ധിച്ചു. ഫാത്തിമ(റ) യുടെ വിദ്യാഭ്യാസത്തിൽ ഖദീജ ബീവി(റ) (പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ പഠിപ്പിച്ചു കൊണ്ടിരിക്കേ ഫാത്തിമ ഉമ്മയോട് ചോദിച്ചു. " ഉമ്മാ. അല്ലാഹുവിന്റെ സൃഷ്ട്‌ടിവൈഭവം നാം എല്ലായിടത്തും കാണുന്നുണ്ടല്ലോ. എന്താണ് നമ്മളവനെ നേരിൽ കാണാത്തത് ?". ഖദീജ(റ) പറഞ്ഞു: "മോളേ, നന്മ ചെയ്യുകയും ദൈവികാജ്‌ഞകൾ അനുസരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനാവും. ഇത് തന്നെയാണ് ദൈവീക ദർശനം ". പ്രവാചകത്വത്തിൻറെ പത്താം വർഷം ഖദീജ ബീവി (റ) ദൈവസന്നിധിയിലേക്ക് യാത്രയായി. ഉമ്മയുടെ ആകസ്‌മിക വിയോഗം സഹിക്കാവുന്നതിലപ്പുറമുള്ള നഷ്‌ടമാണ് കൊച്ചു കുട്ടിയായ ഫാത്തിമയിൽ വരുത്തിയത്. മാതാവിൻെറ മരണത്തിൽ മനംനൊന്ത ഫാത്തിമയെ വളർത്താനും അവൾക്ക് ആശ്വാസം പകരാനും പ്രവാചകൻ വൃദ്ധയായ സൗദ(റ)യെ വിവാഹം ചെയ്‌തു. എല്ലാ ദിവസവും നബി(സ) കുറച്ചു സമയം മകളോടൊത്ത് ചെലവഴിക്കുമായിരുന്നു. സാരവത്തായ ഉപദേശങ്ങൾ മകൾക്ക് നൽകും. തനിച്ചാകുന്ന സമയത്ത് ഹഫ്‌സ (റ) ആയിശ(റ) അസ്‌മ(റ) എന്നീ പ്രമുഖ വനിതകളുമായി ഒത്ത് ചേരും.
കാലം മുന്നോട്ട് നീങ്ങി. പ്രവാചകനോട് അവിശ്വാസികൾ ക്രൂരമായി പെരുമാറാൻ തുടങ്ങിയ കാലം. സഞ്ചരിക്കുന്ന വഴികളിൽ അവർ മാർഗ തടസ്സം സൃഷ്ടിച്ചു. മുള്ളുകൾ വിതറി. ബാപ്പയെ ആശ്വസിപ്പിക്കാനും അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്ന പീഡനങ്ങളോർത്ത് കരയാനും ആ വാൽസല്യ പുത്രി വിധിക്കപ്പെട്ടു. ഒരിക്കൽ നബി(സ) പറഞ്ഞു :"പൊന്ന് മോളെ. വിഷമിക്കരുത് അല്ലാഹു നിന്റെ ഉപ്പയെ തനിച്ചു വിടുകയില്ല". ഒരിക്കൽ കഅ്ബയിൽ പ്രവാചകൻ പ്രാർഥിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം ശത്രുക്കൾ പ്രവാചകന്റെ കഴുത്തിൽ ഒട്ടകത്തിന്റെ കുടൽമാലയിട്ടു. ഉഖ്‌ബ ബിൻ അബീ മുഈത്തയായിരിന്നു ഈ അക്രമികളുടെ നേതാവ്. ഈ നീചകൃത്യം അറിഞ്ഞയുടനെ ഫാതിമ(റ) ഓടിയെത്തി ഉപ്പയുടെ കഴുത്തിൽ നിന്നും അവ എടുത്തുമാറ്റി. കുറ്റവാളികൾ ഈ രംഗം കണ്ട് കൈയടിച്ച് പൊട്ടിച്ചിരിച്ചു. അവരെ തുറിച്ചു നോക്കി ഫാത്തിമ (റ) ശകാരിച്ചു. "തെമ്മാടികളെ ഏറ്റവും വലിയ വിധി നടക്കുന്ന ദിവസം അല്ലാഹു നിങ്ങളെ വെറുതെ വിടുകയില്ല". (അഹങ്കാരികളും ധിക്കാരികളുമായ ഇവർ ബദർ യുദ്ധത്തിൽ നിഷ്‌കരുണം കൊല്ലപ്പെടുകയുണ്ടായി). സത്യനിഷേധികൾ നബി(സ)യെയും സഹപ്രവർത്തകരെയും അങ്ങേയറ്റം മർദിച്ചുകൊണ്ടിരിക്കെ, മക്കയിൽ നിന്ന് വളരെയേറെ ദൂരെയുള്ള മദീനയിലേക്ക് പലായനം ചെയ്യാൻ അല്ലാഹു തന്റെ തിരുദൂതന് അനുവാദം നൽകി. പ്രവാചകത്വത്തിന്റെ പതിമൂന്നാം വർഷം നടന്ന ഹിജ്റ വിജയകരമായി പര്യവസാനിച്ചപ്പോൾ തിരുമേനി(സ) അവിടുത്തെ അടിമയായ അബൂറാഫി(റ) ദത്തുപുത്രൻ സൈദുബിന് ഹാരിസ്(റ) എന്നിവരെയും തന്റെ കുടുംബത്തെയും മദീനയിലേക്ക് കുട്ടിക്കൊണ്ട് വരാൻ പറഞ്ഞ യച്ചു. അങ്ങനെ ഫാത്തിമ (റ) ഉമ്മുകുൽസു(റ) സൗദാ ബിൻത് സമ്മാഅ്(റ) ഉമ്മു അയ്മൻ (റ)ഉസാമ ബിൻ സൈദ് (റ) എന്നിവർ മദീനയിൽ താമസമുറപ്പിച്ചു.
ഫാത്വിമ (റ)ക്ക് വിവാഹ പ്രായമെത്തി. ഉമർ(റ) അബൂബക്കർ(റ) എന്നിവർ പ്രവാചക പുത്രിയെ പ്രിയതമയാക്കാൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ, പ്രവാചകൻ(സ) അലി(റ)ക്കാണ് ഫാത്വിമ (റ)യെ വിവാഹം ചെയ്‌തുകൊടുത്തത്. അബൂബക്കർ (റ), ഉമർ(റ), സഅ്‌ദുബിന് അബീ വഖാസ്(റ) എന്നിവർ തമ്മിലൊരു സംഭാഷണം "ധാരാളം ആലോചനകൾ ഫാത്വിമക്കുവേണ്ടി പ്രവാചക സന്നിധിയിലെത്തിയല്ലോ. അവയൊന്നും പ്രവാചകന് സമ്മതമായിട്ടില്ല ". പ്രവാചകന്റെ വിശ്വസ്തനും അടുത്ത ബന്ധുവുമായിരുന്നിട്ടും അലി മൗനിയായിരിക്കുന്നതിൽ അവർ അദ്ഭുതപ്പെടുകയും ചെയ്‌തു. തന്റെ ആശാവഹമല്ലാത്ത സാമ്പത്തിക സ്‌ഥിതി കൊണ്ടാവണം അലി മൗനിയായിരിക്കുന്നത് എന്നവർ ന്യായമായും ശങ്കിച്ചു. അവർ അലിയെ വിഷയത്തിൽ പ്രേരിപ്പിക്കാനും സഹായിക്കാനും തീരുമാനിച്ചു. ഒരു ദിവസം അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. വനാന്തരങ്ങളിൽ അലി(റ) വിറക് വെട്ടുന്നതവർ കണ്ടു അവരുടെ മുഴുവൻ സ്വാധീനവുമുപയോഗിച്ച് ഫാത്വിമക്ക് വിവാഹാലോചനയുമായി അയക്കാനവർ അലി(റ) യെ നിർബന്ധിച്ചു. ഫാത്വിമ(റ)യെ വിവാഹം കഴിക്കുക അത് അലി (റ)യുടെ ആഗ്രഹമായിരുന്നു. ഉമറി(റ)ന്റെയും മറ്റും പ്രോൽസാഹനം കൂടിയായപ്പോൾ അലി(റ) നബി(സ)യുടെ അടുത്തേക്ക് വിവാഹാലോചന അയച്ചു. ബാപ്പയുടെ തീരുമാനം കേട്ട മകൾ അനുസരണയോടെ ആ ബന്ധത്തിന് സമ്മതം മുളി. പ്രവാചകൻ അലി (റ)യുടെ വിവാഹാലോചന ഉടൻ പരിഗണിക്കുകയും ചെയ്‌തു. ഈ സമയം പുറത്ത് കാത്തുനിന്ന അൻസാരികൾ നബി (സ)യുടെ പൊന്നുമകളെ അലി(റ)ക്ക് വിവാഹം ചെയ്തു കൊടുക്കുമെന്നറിഞ്ഞപ്പോൾ അലി(റ)യെ അഭിനന്ദിക്കുകയും അളവറ്റ് ആഹ്ളാദം പ്രകടിപ്പിക്കുകയുമുണ്ടായി.
ഫാത്വിമ (റ)യുടെ വിവാഹത്തെക്കുറിച്ച് മറ്റൊരു വിവരണം കൂടിയുണ്ട്. സ്വതന്ത്രയാക്കപ്പെട്ട ഒരു അടിമ ഒരിക്കൽ അലി(റ)വിനോട് ചോദിച്ചു."ഫാത്വിമക്ക് ആരെങ്കിലും വിവാഹാലോചനകൾ അയച്ചിട്ടുണ്ടോ.......? "എനിക്ക് അതിനെക്കുറിച്ചൊന്നുമറിയില്ല"...അലി പറഞ്ഞു. അടിമയുടെ നിർബന്ധത്തിന് വഴങ്ങി അലി(റ) പ്രവാചക സന്നിധിയിലെത്തി ലജ്ജ മൂലം പ്രവാചകനോട് കാര്യം തുറന്ന് പറയാൻ അലിക്കായില്ല. അലി(റ)യുടെ പതിവില്ലാത്ത മൗനം കണ്ട് പ്രവാചകൻ അലിയുടെ ആഗമനോദ്ദേശ്യം അങ്ങോട്ട് പറഞ്ഞു "അലി(റ)ഫാത്വിമയെ വധുവാക്കാൻ ആഗ്രഹിക്കുന്നു അല്ലേ....?" അലി (റ) "അതെ" എന്ന അർഥത്തിൽ തലകുലുക്കി. "സ്ത്രീധനമായി കൊടുക്കാനെന്തുണ്ട്" പ്രവാചകൻ ചോദിച്ചു. "ഒന്നുമില്ല" അലി(റ)മൊഴിഞ്ഞു. പ്രവാചകൻ അവിടുത്തെ പടയങ്കി അലിക്ക് നൽകി. അലി(റ പടയങ്കി വിൽക്കാനായിപുറപ്പെട്ടു.വഴിയിൽ ഉസ്‌മാന് ബിന് അഫ്ഫാൻ (റ) നെ കണ്ടുമുട്ടി. അലിയിൽ നിന്ന് അവസഥകളെല്ലാം കേട്ടറിഞ്ഞ ഉസ്‌മാൻ(റ) പടയങ്കിക്ക് 480 ദിർഹം നൽകി. പടയങ്കി അലിക്ക് തന്നെ സമ്മാനമായി നൽകി. തനിക്ക് കിട്ടിയ 480 ദിർഹവുമായി അലി (റ)ഉടനെത്തന്നെ പ്രവാചകനെ സമീപിച്ചു. സുഗന്ധ ദ്രവ്യങ്ങൾ, വിവാഹാവശ്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവക്ക് ആ തുക ചെലവഴിക്കാൻ പ്രവാചകൻ ആവശ്യപ്പെട്ടു. പ്രവാചകൻ സമീപത്തുണ്ടായിരുന്ന അനസ്(റ)വിനോട് അബൂബക്കർ സിദ്ധീഖ്(റ) ഉമറുൽ ഫാറുഖ്(റ) അബ്ദു റഹ്‌മാന് ബിന് ഔഫ്(റ) മുഹാജിറുകൾ, അൻസാരികൾ എന്നിവരെ വിളിക്കാനും ആവശ്യപ്പെട്ടു. തിങ്ങിക്കൂടിയ ജനങ്ങളുടെ മുമ്പിൽവെച്ച് പ്രവാചകൻ (സ)മിമ്പറിൽ കയറി. "അല്ലാഹു അവൻറെ ദൂതൻറെ പുത്രിയെ വിവാഹം കഴിക്കാൻ അലി(റ) വിനെ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ ഈ കൂടിയവർ സാക്ഷികളായി ദമ്പതികളുടെ സമ്മതത്തോടെ വിവാഹ ഉടമ്പടി നടത്തുകയാണ്". പ്രവാചകൻ അറിയിച്ചു. പിന്നീട് സുസ്മേരവദനനായി അവിടുന്ന് അലിയോട് പറഞ്ഞു "400 ദിർഹമിന് പകരമായി ഫാത്വിമയെ അലിക്ക് വിവാഹം ചെയ്‌തു തരുന്നു. താങ്കൾ സ്വീകരിക്കുമോ ?". അലി (റ)പറഞ്ഞു. "ഞാൻ സ്വീകരിക്കുന്നു". "അല്ലാഹു നിങ്ങളുടെ പരിശ്രമം സ്വീകരിക്കുകയും അനുഗ്രഹം ചൊരിയുകയും മഹത്തായ സന്താനങ്ങളെ പ്രദാനം ചെയ്യുകയും ചെയ്യട്ടെ". സദസ്യർ നബി(സ)യോടൊത്ത് ഈ വാക്യങ്ങൾ ഏറ്റുചൊല്ലി. ഒരു കൊട്ട ഈത്തപ്പഴം നബി(സ) അവിടെ വിതരണം ചെയ്തു. തിരുമേനി(സ)യുടെ വീട്ടിൽ നിന്ന് അകലെയായി ഒരു വീട് വാടക്കക്കെടുത്തു. അലിയുടെ വീട്ടിലേക്ക് യാത്രയാകും മുമ്പ് ഫാത്വിമയെ നബി(സ) അരികിലേക്ക് വിളിച്ചു അവിടുത്തേക്കണച്ച് നെറുകയിൽ ഉമ്മവെച്ച് മകളെ പിതൃവ്യ പുത്രന്റെ കരങ്ങളിലേൽപിച്ചു പറഞ്ഞു : "അലി ..അല്ലാഹ്, പ്രവാചക പുത്രിയിലൂടെ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ."
മകളോടായി നബി(സ) പറഞ്ഞു. "ഫാത്വിമാ! നിന്റെ ഭർത്താവ് തീർച്ചയായും മഹാനാണ്". ദമ്പതികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് വിശദമാക്കി നബി(സ)വാതിൽപ്പടിവരെ അവരെ അനുഗമിച്ചു. യാത്രാവേളയിൽ തന്നെ നബി(സ) മകൾക്ക് സമ്മാനമായി ഈജിപ്ഷ്യൻ പായ, കട്ടിൽ, തോൽ തലയിണ, ജലസഞ്ചി,രണ്ട് മൺ പാത്രങ്ങൾ, അമ്മി, കുഴിയൻ പാത്രം, രണ്ട് വിരിപ്പുകൾ, രണ്ട് വെള്ളി വളകൾ, നിസ്കാരപ്പടം എന്നിവ നൽകി.
വെള്ളി വളയും തിരശ്ശീലയും
വിവാഹ ശേഷം പ്രവാചകൻ അലി(റ)യോട് വിവാഹ സദ്യ കൊടുക്കാൻ ആവശ്യപ്പെട്ടു. "സ്ത്രീധനം" നൽകിയതിന്റെ ബാക്കി സംഖ്യ ഉപയോഗിച്ച് സദ്യയൊരുക്കി. ഈത്തപ്പഴം, നെയ്യ്, മാംസം, റൊട്ടി എന്നിവയായിരുന്നു വിഭവങ്ങൾ ആ സദ്യ അക്കാലത്തെ ഏറ്റവും നല്ല വിവാഹ പാർട്ടിയായിരുന്നു. പുതിയ വീട്ടിലേക്ക് കുടിയിരുന്നതിന് ശേഷം പ്രവാചകൻ(സ)ഒരു നാൾ ഫാത്വിമ(റ)വീട് സന്ദർശിച്ചു. വാതിലിന്നടുത്ത് നിന്ന് അനുവാദം ചോദിച്ചതിനു ശേഷം അകത്തേക്ക് പ്രവേശിച്ചു. ഫാത്വിമയോട് അൽപം വെള്ളമാവശ്യപ്പെട്ടു. പ്രവാചകൻ പറഞ്ഞു. "ഫാത്വിമാ" ഏറ്റവും കുലീനനായ മനുഷ്യനിനാണ് ഞാൻ നിന്നെ വിവാഹം ചെയ്‌തു കൊടുത്തത്". വെള്ളം കുടിച്ച് പ്രവാചകൻ യാത്രയായി.
നബി(സ)യുടെവസതി കുറെ അകലെയായിരുന്നതിനാൽ ഇടക്കിടെ ഫാത്വിമ (റ)ന്റെ വീട് സന്ദർശിക്കുക അവിടുത്തേക്ക് ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ സന്ദർശന വേളയിൽ മകളോട് നബി പറഞ്ഞു "എനിക്ക് ഇടക്കിടെ നിൻെറയടുത്ത് വരിക പ്രയാസകരമാവുന്നു. നിൻ്റെ വീട് എൻെറയടുത്തായിരുന്നെങ്കിൽ". ഹരിസ ബ്ന് നുഅ്‌മാന് താങ്കളുടേതിനടുത്ത് ധാരാളം വീടുകളുണ്ടല്ലോ, ഒരു വീട് തരാനാവശ്യപ്പെട്ടുകൂടേ ? ഹരിസ ബിൻ നുഅ്‌മാൻ (റ) സമ്പന്നനായ അൻസ്വാരിയായിരുന്നു നബി(സ)ക്ക് മുമ്പ് ധാരാളം വീടുകൾ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. അത് ഓർത്ത് നബി(സ)പറഞ്ഞു. ഇനി വീടാവശ്യപ്പെടാൻ എനിക്ക് വിഷമമാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സന്തോഷത്തിന്നായി മുമ്പ് ധാരാളം വീടുകൾ നൽകിയതാണദ്ദേഹം.എങ്ങനെയോ ഹരിസ ബിൻ നുഅ്‌മാൻ (റ) ഇത് കേൾക്കാനിടയായി. തൽക്ഷണം അദ്ദേഹം പ്രവാചക സന്നിധിയിൽ ഹാജരായി. "തങ്ങൾ ഫാത്വിമക്ക് വേണ്ടി വീട് അന്വേഷിക്കുന്നതായി കേട്ടു എൻ്റെ ഭവനങ്ങളിലൊന്ന് തങ്ങൾക്ക് ഒഴിച്ച് തരുന്നതിലെനിക്ക് സന്തോഷമുണ്ട്. അല്ലാഹുവിൻറെ പ്രീതിക്കായി എൻറ സമ്പത്ത് മുഴുവൻ പ്രവാചകന് നൽകുന്നതാണ് ഞാനവ സൂക്ഷിക്കുന്നതിനേക്കാൾ എനിക്ക് സന്തോഷം. "നീ സത്യം പറഞ്ഞു. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ". പ്രവാചകൻ വീട് സ്വീകരിച്ചു. അലി(റ)യും ഫാത്വിമ(റ)യും ഹരിസ ബിൻ നുഅ്‌മാൻ (റ)വീട്ടിലേക്ക് അധികം വൈകാതെ മാറി.
സ്വഭാവത്തിലും ജീവിത രീതിയിലും സംസാരത്തിലും പ്രവാചകനുമായി നല്ല സാദൃശ്യമുണ്ടായിരുന്നു ഫാത്വിമ(റ)ക്ക്. എല്ലാ ഗൃഹ ജോലികളും അവർ തനിയെ ചെയ്തു. അടുപ്പ് കത്തിച്ചു. മാലിന്യം വൃത്തിയാക്കി വസ്ത്രം പലപ്പോഴും മുഷിഞ്ഞു. ധാന്യങ്ങളിടിച്ചിടിച്ച് കൈയിൽ തഴമ്പ് വന്നിരുന്നു. തിരക്കിട്ട ജോലികൾക്കിടയിലും നീണ്ടു നിൽക്കുന്ന പ്രാർഥനകൾക്കവർ സമയം കണ്ടെത്തി. സഹാബിമാരിൽ ഉന്നതനായി പ്രിയ ഭർത്താവ് അറിയപ്പെടുന്നതിനെ അന്വർഥമാക്കിവിശുദ്ധവും ഭക്‌തി സാന്ദ്രവുമായ ഒരു ജീവിതം ഫാത്വിമ(റ)നയിച്ചു. ഒന്നും തിന്നാൻ കിട്ടാതെ അവർക്ക് പലപ്പോഴും വിശപ്പ് സഹിക്കേണ്ടി വന്നു. തനിക്ക് ദിനം തോറും കിട്ടുന്ന ഒരു ദിർഹമിന് ബാർലി വാങ്ങി അലി(റ) ഒരു വൈകുന്നേരം വീട്ടിലെത്തി. സുസ്മേരവദനയായി അദ്ദേഹത്തെ എതിരേറ്റ ഫാത്വിമ(റ) ബാർലി പൊടിച്ച് പെട്ടെന്ന് റൊട്ടിയുണ്ടാക്കി. ഭർത്താവിന് ഭക്ഷണം വിളമ്പി. അദ്ദേഹം തിന്നു കഴിഞ്ഞതിനു ശേഷമാണവർ ആഹാരം കഴിച്ചത്. "ലോക സ്ത്രീകളിൽ ഏറ്റവും നല്ലവളാണ് ഫാത്വിമ" എന്ന തിരുവചനം അന്വർഥമാക്കുന്ന പല സംഭവങ്ങളിൽ ഒന്നാണിത്.
ഇസ്ലാമിന് ഇക്കാലത്ത് സാർവത്രികമായ അംഗീകാരവും പ്രചാരവും നേടിക്കഴിഞ്ഞിരുന്നു. യുദ്ധാനന്തരം നബി(സ) യുടെ അടുത്ത് ധാരാളം അടിമകളെത്തിയിട്ടുണ്ട് എന്ന് അലി(റ)കേട്ടു. അലി ഒരു നാൾ ഫാത്വിമയോട് പറഞ്ഞു : ബാർലിയരച്ച് നിന്റെ കൈകളിൽ തഴമ്പ് വീഴുകയും അടുപ്പിലെ കനൽ നിന്റെ പ്രസരിപ്പ് നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു. നിനക്കൊരു സഹായിയെ തരാൻ പ്രവാചകനോടഭ്യർഥക്കൂ" ഫാത്വിമ(റ) ബാപ്പയുടെ അടുത്തെത്തി. സഹായിയെ ചോദിക്കാനുള്ള മടിമൂലം ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോന്നു. പിന്നീട് ഒരു ദിവസം ദമ്പതികൾ നബി(സ)യെ കണ്ട് കഷ്ടപ്പാട് വിവരിച്ചു. പ്രവാചകൻ(സ)അവരേട് പറഞ്ഞു എത്ര അടിമകളെ വേണമെങ്കിലും നിങ്ങൾക്ക് നൽകാനാവും. അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടി ഭവനവും അടുപ്പും ഉപേക്ഷിച്ച് പട്ടിണി കിടക്കുന്നവരെ എനിക്കെങ്ങനെ അവഗണിക്കാനാവും. നബി(സ) അന്ന് രാത്രി തന്നെ അവരുടെ വീട്ടിൽ ചെന്നു. അവരാവശ്യപ്പെട്ടതിനേക്കാൾ നല്ലത് നൽകി. "സുബ്ഹാനല്ലാഹ്" "അൽഹംദുലില്ലാഹ്" "അല്ലാഹു അക്ബർ" എന്നിങ്ങനെ നിസ്കാരത്തിന് ശേഷം പത്ത് പ്രാവശ്യം ഉരുവിടാനും സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ, എന്നിവ കിടക്കുന്നതിന് മുബ് യഥാക്രമം 33,33,34 തവണ വീതം ചൊല്ലാനും ഉപദേശിച്ചു . ഇതായിരുന്നു റസൂൽ (സ)അവർക്ക് നൽകിയത്. ഒരിക്കൽ മകളെ സന്ദർശിച്ച പ്രവാചകന് അത്യന്തം ദയനീയമായ രംഗം കാണാനിടയായി തുന്നലുകളുള്ള ഒട്ടകത്തോൽ കൊണ്ട് നിർമിച്ച വസ്ത്രം ഫാത്വിമ (റ)ധരിച്ചിരിക്കുന്നു. കുനിഞ്ഞിരുന്ന് റൊട്ടിയുണ്ടാക്കാൻ മാവ് കൂട്ടുകയായിരുന്നു അവർ ദയനീയമായ ഈ രംഗം കണ്ട് കണ്ണുനീർ നിയന്ത്രിക്കാനാവാതെ നബി(സ)പറഞ്ഞു ഈ ലോകത്തെ ദുരിതങ്ങൾ ക്ഷമയോടെ സഹിക്കുകയും പരലോകത്തിലെ പ്രതിഫലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയും ചെയ്യുക. അല്ലാഹു നിനക്കിതിന് ഭംഗിയായി പ്രതിഫലം നൽകും.
തുടരും
Abdulla Cherumba Abudhabi
Tel: 050 7927429