സബീലിൽ മുഅ്‌മിനീൻ
ഇസ്തിഗാസ ശിർക്കാണെന്ന് പറയുന്നവർ ഇമാമീങ്ങളെ സ്വീകരിക്കാതെ നീ വിശുദ്ധ ഖുർആനിൽ പറഞ്ഞ "സബീലിൽ മുഅ്‌മിനീൻ"നെ സ്വീകരിക്കാതെ പരിഭാഷ നോക്കി അവനവനിക്ക് തോന്നിയത് പോലെ ചെയ്യുന്നവരാണ്.
മാന്യ സുഹൃത്ത് അബൂ ഫർഹാൻ
താങ്കളുടെ ചോദ്യം : എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാണ് സുബൈദ ടീച്ചർക്ക് അയച്ച മറുപടി താങ്കൾക്കും ഫോർവേഡ് ചെയ്തത്. അത് താങ്കൾക്ക് തൃപ്‌തികരമായില്ല അല്ലേ ? വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് താങ്കൾക്ക് മറുപടി അയക്കാൻ സ്വൽപം വൈകിയത് ക്ഷമിക്കുക.
താങ്കളുടെ ചോദ്യം :
"മഖ്ബറകളിൽ പോയിട്ടും അല്ലാതെയുമൊക്കെ അല്ലാഹു അല്ലാത്തവരോട് വിളിച്ചു തേടിയ സുന്നികളുടെ പ്രവർത്തി നാളെ പരലോകത്ത് പൊറുക്കപ്പെടാത്ത വൻ പാപങ്ങളിൽ പെട്ടില്ലെങ്കിലും എന്തെങ്കിലും കാരണവശാൽ നിസാരമായ ശിർക്കിൻ്റെ ഗണത്തിലോ മറ്റോ അത് പെടുകയാണെങ്കിൽ സുന്നികളുടെ സ്ഥിതി അപകടത്തിലാവുകയും പുത്തൻ വാദികൾ അല്ലാഹുവിന് പുറമെ ഒരാളോടും വിളിച്ച് തേടുകയോ ഇസ്‌തിഗാസ നടത്തുകയോ ചെയ്യാത്തതിന്റെ പേരിൽ രക്ഷപ്പെടുകയുമല്ലേ ഉണ്ടാവുക"
താങ്കൾ ഇസ്തിഗാസയെക്കുറിച്ച് സംശയിക്കേണ്ട ഒരാവാശ്യവുമില്ല. കാരണം 'മുസ്ലിം ഉമ്മത്ത് വഴികേടിൽ ഏകോപിക്കുകയില്ലെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചതാണ്. പ്രവാചകൻ (സ)മുതൽ പൂർവിക ഇമാമീങ്ങൾ ആരും തന്നെ ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല പൂർവിക ഇമാമീങ്ങൾ ഒക്കെയും ഇസ്‌തിഗാസ ചെയ്‌തവരാണ്. ഇസ്തിഗാസ ശിർക്കാണെന്ന വാദം ആദ്യമായി കൊണ്ടുവന്നത് ഇബ്നുന്‌തീമിയ്യയാണ്. ആയത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ അഭിപ്രായം പണ്ഡിതലോകം തള്ളിക്കളയുകയുമാണ് ചെയ്തത്. അവരൊന്നും കണ്ടെത്താത്ത ശിർക്കാണോ സഹോദരൻ അബൂ ഫർഹാൻ സംശയത്തിന്റെ നിഴലിൽ ചുറ്റിക്കൊണ്ട് ശിർക്കാക്കാൻ ശ്രമിക്കുന്നത് ?
താങ്കൾ എന്തു ഉദ്ദേശിച്ചാണ് ഇത് ചോദിച്ചതെന്ന് അറിയില്ല, സംശയങ്ങൾ കാണിച്ച് ഓൺലനിൽ ഉള്ള സുഹൃത്തുക്കളെ സംശയത്തിലാക്കലാണ് താങ്കളുടെ ലക്ഷ്യമെങ്കിൽ, മനുഷ്യ മനസ്സിൽ സംശയങ്ങൾ ഇട്ട് കൊടുത്ത് വഴിപിഴപ്പിക്കുന്നവരിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.
ഇസ്‌റാഅ് മിഅ്‌റാജ് കഴിഞ്ഞ് വന്ന പ്രവാചകൻ(സ), രാത്രി നടന്ന സംഭവമൊക്കെ പറഞ്ഞപ്പോൾ അവിടെത്തെ ശത്രുക്കൾ നബി(സ)യോട് ബൈയ്‌തുൽ മുഖ്ദിസിൻ്റെ വാതിലും മറ്റും ചോദിച്ചു ഉത്തരം മുട്ടിക്കാൻ ശ്രമിച്ചു. പക്ഷെ, പ്രവാചകൻ(സ) അവർ ചോദിച്ച സർവ്വതിനും മറുപടി പറഞ്ഞപ്പോൾ അബൂ ജഹലും കൂട്ടരും നേരെ പോയത് അബൂബക്കർ സിദ്ധീഖ്(റ) അടുത്തേക്കായിരുന്നു. ഈ വിഷയം പറഞ്ഞ് അബൂബക്കർ സിദ്ധീഖിനെ, പ്രവാചകനെക്കുറിച്ച് സംശയത്തിലാക്കാമെന്നതാണ് അത് കൊണ്ടവർ ലക്ഷ്യം വെച്ചത്. പ്രവാചകൻ(സ) ഒറ്റ രാത്രി കൊണ്ട് മസ്‌ജിദുൽ അഖ്സയിലേക്കും അവിടെ ഏഴു ആകാശവും കയറി തിരിച്ച് വന്നിരിക്കുന്നു എന്ന് പറയുന്നു. എന്ന് സിദ്ധീഖുൽ അക്ബറിനോട് പറഞ്ഞപ്പോൾ അത് മനുഷ്യർക്ക് കഴിയാത്ത കാര്യമാണെന്ന് സംശയിച്ച് നിൽക്കാൻ കൂട്ടാക്കിയില്ല 'എൻ്റെ പ്രവാചകൻ അങ്ങനെപറഞ്ഞോ' എന്നാണ് അബൂബക്കർ സിദ്ധീഖ്(റ)ചോദിച്ചത്. പറഞ്ഞു എന്ന് പറഞ്ഞപ്പോൾ 'ഞാനിതാ അതുൾക്കൊള്ളുന്നു. ഞാൻ അത് വിശ്വസിച്ചിരിക്കുന്നു' സംശയം ഉണ്ടാക്കാൻ മെനെക്കെട്ടിറങ്ങിയ അബൂജഹൽ ഇത് കേട്ടപ്പോൾ പൊടിയും തട്ടി പോയത് പോലെ സഹോദരൻ അബൂ ഫർഹാനും ഇസ്തിഗാസയിൽ സംശയം ഉണ്ടാക്കാൻ നടത്തുന്ന ശ്രമം ഒഴിവാക്കലാണ് നല്ലത്. ഇനി അതല്ല നല്ല മനസ്സോടെയാണ് സഹോദരൻ സൂക്ഷ്‌മത ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ കഴിഞ്ഞ് പോയ പൂർവീകർക്കൊന്നുമില്ലാത്ത സൂക്ഷ്മതയാണോ ഈ അവസാന നാളിലെ ചപ്പു ചവറുകളായ നമ്മുക്ക് ഉണ്ടാവുന്നത് ?
പൂർവികരുടെ സൂക്ഷ്‌മതയെക്കുറിച്ച് ഒരു ഉദാഹരണം മാത്രം കുറിക്കാം. ഇമാം അബൂ ഹനീഫ(റ) യുടെ നാട്ടിലുള്ള ഒരാളുടെ ഒരു ആട് കളവ് പോയി. ഈ വിവരം ഇമാം അബൂഹനീഫ(റ)യുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഉടനെ തന്നെ ഒരു ആട് കൂടിയാൽ എത്ര കാലം ജീവിക്കുമെന്ന് അന്വേഷിക്കുകയും അത്രയും കാലം മഹാൻ അവർകൾ ആട് മാംസം ഭക്ഷിച്ചിരുന്നില്ല എന്നും അവിടെത്തെ ചരിത്രം പറയുന്നു. ഇത്രയും സൂക്ഷ്‌മതകൾ വെച്ച് പുലർത്തിയ ഇമാമീങ്ങളൊക്കെ ഇസ്‌തിഗാസ ചെയ്‌തിട്ടുണ്ട്. അവരൊന്നും ശിർക്കാണെന്ന് പറയാതെ അവസാന കാലത്ത് വന്ന ചില മൗലവിമാരുടെ കണ്ടെത്തലുകൾ കൊണ്ട് സൂക്ഷ്‌മതക്ക് ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് സ്വീകരിക്കാൻ മുസ്ലിംകൾക്കാവില്ല എന്ന് മാത്രമേ പറയുന്നുള്ളൂ.
സ്നേഹം പ്രകടിപ്പിച്ചു സൂക്ഷ്‌മതയും പറഞ്ഞ് അവസാന കാലത്ത് ഇത്തരം ഒരു കൂട്ടർ വരുമെന്ന് നമ്മുടെ പ്രവാചകൻ(സ) തന്നെ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾ കേൾക്കാത്ത നിങ്ങളുടെ പൂർവീകർ കേൾക്കാത്ത പുതിയ വാദവുമായി അവസാന നാളിൽ ചിലർ കളവുമായി നിങ്ങളെ പിഴപ്പിക്കാൻ നിങ്ങളുടെ അടുത്ത് വരും അത് നിങ്ങൾ സൂക്ഷിക്കണേ' എന്നുൾ ക്കൊള്ളുന്ന പ്രവാചക വചനം നാം എപ്പോഴും ഓർക്കുന്നത് നന്നായിരിക്കും പുത്തൻ വാദികൾ നമ്മെ അവരുടെ പിഴച്ച വാദങ്ങളിലേക്ക് തള്ളിയിടാതിരിക്കാൻ അതുപകരിക്കും.
ഒരാൾ ഇസ്തിഗാസ ചെയ്യുന്നില്ല പക്ഷേ, ഇസ്‌തിഗാസ ശിർക്കാണെന്ന വാദവും അദ്ദേഹത്തിനില്ല. അനുവദനീയമാണെന്നാണ് അദ്ദേഹം പറയുന്നത് എങ്കിൽ ആ വ്യക്തിക്ക് കുഴപ്പമൊന്നുമില്ല അവൻ സുന്നി തന്നെയാണ് പക്ഷേ, താങ്കൾ പറഞ്ഞ സൂക്ഷ്‌മത പുലർത്തേണ്ടത് അദ്ദേഹമാണ് കാരണം വിശുദ്ധ ഖുർആൻ ആയത്തുകൾ ഓതി ഇസ്തിഗാസ ശിർക്കാണെന്ന് പറയുന്ന ഒരു കമ്പനി ഇവിടെയുള്ളത് കൊണ്ട് അദ്ദേഹവും അത് ചെയ്യാത്തത് കൊണ്ട് ഈ കമ്പനിയിൽ പെട്ടുപോകുമോ എന്ന ഭയമോ സംശയമോ ഉണ്ടെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി (പുത്തൻ വാദികളിൽ) പെട്ടുപോകാതിരിക്കാൻ വേണ്ടി ഒരിക്കലെങ്കിലും അദ്ദേഹം ഇസ്‌തിഗാസ ചെയ്യുന്നത് നന്നായിരിക്കുമെന്ന് ഈ വിനീതൻ മനസ്സിലാക്കുന്നു. പൂർവീകർ ഏകോപിച്ച കാര്യം മനസ്സറിഞ്ഞു ഒഴിവാക്കിയാൽ വല്ല കാരണത്താലും പുത്തൻ വാദികളിലേക്ക് വഴുതാതിരിക്കാൻ വേണ്ടിയാണിത്.
അല്ലാതെ എപ്പോഴും ഇസ്‌തിഗാസയിൽ തന്നെയായിരിക്കണമെന്ന് സുന്നികൾ പറയുന്നില്ല ഇസ്‌തിഗാസ ആർക്കാണ് ആവശ്യമുള്ളത് അവർക്ക് ചെയ്യാം. അല്ലാത്തവർ ചെയ്യണ്ട. ഒരു നിർബന്ധ കാര്യമൊന്നുമല്ലല്ലോ. ഇസ്തിഗാസയുമായി ഇരിക്കണമെന്നോ അല്ലാഹുവിനോട് ചോദിക്കുന്നതിനേക്കാൾ ഉത്തമമെന്നോ സുന്നികൾ പറയുന്നില്ല. കഴിഞ്ഞ ദിവസം ഒരു സീഡി കേൾക്കാനിടയായി. സുന്നി എന്ന പേരിൽ നടത്തിയ ഒരു മുഖാമുഖത്തിൽ ഒരു മാന്യദേഹം പറയുന്നത് ഇസ്‌തിഗാസയും അല്ലാത്തതിൻ്റെയും വ്യത്യാസം ബെൻസ് കാറും കെ എസ് ആർ ടി സി ബസ്സും പോലെയാണ്. ഈ ഉദാഹരണം ദുരുപയോഗപ്പെടുത്താൻ കാരണമാകും. ഇസ്തിഗാസ ചെയ്യുന്നവനേക്കാൾ മഹാൻ ഇസ്‌തിഗാസ ചെയ്യപ്പെടുന്ന വ്യക്തിയായത് കൊണ്ട് അല്ലാഹു അവൻ്റെ സജ്ജനങ്ങൾ മുഖേനെയെങ്കിലും നമ്മുടെ കാര്യം നടത്തിത്തരട്ടെ എന്ന ലക്ഷ്യമാണതിലുള്ളത്. അല്ലാതെ ഒന്ന് മറ്റൊന്നിനേക്കാൾ ഉത്തമമാക്കുകയോ ചെറുതാക്കുയോ ചെയ്യേണ്ട ആവശ്യമില്ല. ഇസ്‌തിഗാസ മുഖേനെയായാലും നേരിട്ടായാലും സുന്നികൾ ചോദിക്കുന്നത് അല്ലാഹു നിർവഹിച്ചു തരും എന്ന വിശ്വാസത്തോടെയാണ്. മഹാന്മാർ സ്വന്തമായി ചെയ്‌തു തരുമെന്നുള്ള വിശ്വാസമൊന്നും മുസ്‌ലിംകൾക്കില്ല.
ഇനി താങ്കളുടെ വാദപ്രകാരം ഇസ്‌തിഗാസയിൽ വല്ല പോരായ്‌മകളും ഉണ്ടെങ്കിൽ ഇസ്തിഗാസ ചെയ്യുന്ന സുന്നികൾ അല്ലാഹുവിനോടു പറയും നാഥാ...
"ഞങ്ങൾ ദീൻ മനസ്സിലാക്കിയത് നീ ഖുർആനിൽ പുകഴ്ത്തിപ്പറഞ്ഞ സ്വഹാബത്തിലൂടെയും അവരെ പിൻപറ്റിയ താബിഉകളെയും താബിഉത്വാബിഈകളിലൂടെയുമാണ് അവരാണ് എല്ലാരേക്കാളും ഉത്തമരെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കാരണം അവർ ലക്ഷക്കണക്കിന് ഹദീസ് നോക്കി കണ്ടെത്തിയവരാണ്. മാത്രമല്ല അവരാണെങ്കിൽ നേരെത്തെപ്പറഞ്ഞ അബൂ ഹനീഫ(റ)യെ പ്പോലെ വളരെ സൂഷ്‌മാലുക്കളായിരുന്നു. അവരാണ് നല്ലവരെന്ന് നിൻ്റെ പ്രവാചകൻ(സ) യും ഞങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട്.
ഇസ്തിഗാസ ശിർക്കാണെന്ന് പറയുന്നവർ ഇമാമീങ്ങളെ സ്വീകരിക്കാതെ നീ വിശുദ്ധ ഖുർആനിൽ പറഞ്ഞ "സബീലിൽ മുഅ്‌മിനീൻ"നെ സ്വീകരിക്കാതെ പരിഭാഷ നോക്കി അവനവനിക്ക് തോന്നിയത് പോലെ ചെയ്യുന്നവരാണ്. അവരുടെ സൂക്ഷ്‌മതയെക്കുറിച്ച് പറയുകയാണെങ്കിൽ സത്യത്തിനെതിരെ പോരാടാൻ കളവ് പറയുന്നവരും കളവ് പറയാൻ വേണ്ടി മൽസരം നടത്തിയവരുമാണ് " ഞങ്ങൾ സ്വീകരിച്ച് വന്ന മാർഗ്ഗം ശരിയെന്നുള്ളതിന് ഞങ്ങളുടെ നാഥനോട് പറയുവാനുള്ളത് ഇതാണ്.
അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിച്ച പുത്തൻ വാദികൾ ചിലപ്പോൾ ആഖിറത്തിൽ രക്ഷപ്പെട്ടു പോയാലോ എന്നുള്ള താങ്കളുടെ ആശങ്ക അസ്ഥാനത്താണ്. കാരണം പ്രവാചകൻ (സ) പഠിപ്പിച്ച അല്ലാഹുവല്ല പുത്തൻ വാദികളുടേത് അവരുടെ അല്ലാഹുവിന് മുഖമുണ്ട്. കയ്യുണ്ട് കാലുണ്ട്. ചിലപ്പോൽ ഇറങ്ങും. മറ്റു ചിലപ്പോൾ കയറും. ഇത്തരത്തിലുള്ള അല്ലാഹുവിലാണവർ വിശ്വസിക്കുന്നത് അത് കൊണ്ട് തന്നെ ഒരു കാരണത്താലും അവർ സത്യത്തിൽ പെട്ടു പോകുമോ എന്ന ഭയം താങ്കൾക്ക് വേണ്ട. അത് പോലെ തന്നെ പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് അല്ലാഹു നൽകിയ പ്രത്യേകതകളൊന്നും തന്നെ പുത്തൻ വാദികൾ അംഗീകരിക്കുന്നില്ല അവർ വിശ്വസിക്കുന്ന പ്രവാചകനെ അവർ കാണുന്നത് വെറും സാധാരണ ഒരു അറബിപ്പയ്യൻ ആയിട്ടാണ് അത് അവർ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് നാം എത്രയോ കണ്ടതാണ്.
പുത്തൻ വാദികൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരാണെന്ന് പറയുന്നതല്ലാതെ പ്രാർത്ഥനയുമായി അവർക്ക് ഒരു ബന്ധവുമില്ല. നിസ്കാര ശേഷം സുന്നികൾ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുന്നത് താങ്കൾ കാണാറില്ലേ ? സുന്നികൾ സാധാരണ നിസ്‌കാര ശേഷം ഇസ്‌തിഗാസയോ മറ്റോ ചെയ്യുന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനാണ്. അവിടെ ഇസ്‌തിഗാസ പാടില്ല എന്നത് കൊണ്ടല്ല. മറിച്ച് അതിന് പറ്റിയ സദസ്സ് സുന്നികൾ വേറെ പലതും സംഘടിപ്പിക്കാറുണ്ട്. പക്ഷേ.. മുജാഹിദുകളോ, സലാം വീട്ടിയ ഉടനെ സ്ഥലം വിടണമെന്നാണ് അവർ പഠിപ്പിക്കുന്നതും അവർ ചെയ്യുന്നതും. പിന്നെ എവിടെയാണ് അവർ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുന്നത് ? പ്രാർത്ഥിക്കാൻ ഉതകുന്ന സമയങ്ങളും അവസരങ്ങളുമെല്ലാം അവർ ശിർക്കിൻ്റെയും ബിദ്അത്തിൻ്റെയും ഗണത്തിൽ ഉൾപ്പെടുത്തി. നിസ്‌കാര ശേഷമാണെങ്കിൽ ഓടണമെന്നുമായി. ചുരുക്കിപ്പറഞ്ഞാൽ അവർ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുന്നവരെന്ന് പറയുന്നതല്ലാതെ അത് ചെയ്യാറില്ല. ആയതിനാൽ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചവർ എന്ന ഗണത്തിൽ പെടുന്നവരും സുന്നികൾ തന്നെയാണ്. ഇസ്തിഗാസ ചെയ്തതിനാൽ പ്രവാചകരുടെയും മഹാന്മാരുടെയും ശഫാഅത്തും സുന്നികൾക്ക് തന്നെയാണ്. പുത്തൻ വാദികൾ ആഖിറത്തിൽ ഒന്നുമില്ലാതെ വിരൽ കടിക്കുന്ന അവസ്ഥയാണുണ്ടാവുക.
അവർ ഒരു വിഷയത്തിലും വിജയിക്കാൻ പോകുന്നില്ല. സുന്നികളുടെ പല പള്ളികളും പിടിച്ചെടുത്തത് പോലെ ആഖിറത്തിലും സ്വർഗ്ഗം അവർ കയ്യിലാക്കുമോ എന്ന ഭയമൊന്നും താങ്കൾക്ക് വേണ്ട. അല്ലാഹുവിനെ മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കിയ അല്ലാഹുവിൻ്റെ റസൂലിന് അല്ലാഹു നൽകിയ പ്രത്യേകതകൾ പൂർണ്ണമായും ഉൾക്കൊണ്ട മുത്തഖീങ്ങൾക്കാണ് അല്ലാഹു സ്വർഗ്ഗം വെച്ചിട്ടുളളത്.
അവസാനമായി താങ്കളോട് പറയുവാനുള്ളത് മേലെ സൂചിപ്പിച്ചത് പോലെ നല്ല മനസ്സോടെ, അതായത് ഇസ്‌തിഗാസ ചെയ്‌താൽ അവസാനം പിഴക്കാൻ അത് കാരണമാകുമോ എന്നുള്ള സംശയങ്ങൾ കാരണമാണ് ഈ ചോദ്യം താങ്കൾ ചോദിച്ചെതെങ്കിൽ, ഇസ്ലാമിൽ അനുവദനീയമായ ഒരു കാര്യത്തെ ക്കുറിച്ച് സംശയിക്കൽ ഇസ്ലാമിനെ സംശയിക്കുന്നതിനു തുല്യമാണ്. ഇത്തരം സംശയങ്ങൾ, അത് ഇബ്ലീസ് മനുഷ്യ മനസ്സിൽ ഇട്ട് കൊടുക്കുന്ന ഒരുതരം വസ് വാസാണ്. അത്തരം ശർറിൽ നിന്നൊഴിവാകാൻ 'സൂറത്തുൽ ഇഖ്ലാസും സൂറത്തുൽ മുഅവ്വിദതൈനി'യും സ്ഥിരമായി പാരായണം ചെയ്യുക. വസ് വാസുകൾ നീങ്ങിക്കിട്ടാൻ അത് ഉപകരിക്കും.
എന്ന് സഹോദരൻ......
സി. പി. അബ്ദുല്ല ചെരുമ്പ
www.islamkerala.com
[email protected]
Mobile: 0091 9400534861