അതിര് കവിഞ്ഞ സ്നേഹം ആരാധനയോ ?

അതിര് കവിഞ്ഞ സ്നേഹം ആരാധനയോ ?

ഈ സന്ദേശം താങ്കൾ പൂർണ്ണമായി വായിക്കുകയും മറ്റ് സഹോദരങ്ങൾക്ക് ഫോർവേഡ് ചെയ്യുകയും ചെയ്യുക.

മാന്യ സുഹൃത്ത് അൻസാർ സാഹിബ് അറിയുവാൻ,  
ഞാൻ അയച്ച മെയിലിൽ പറയുന്ന വിഷയത്തോട് പൂർണ്ണമായി യോജിക്കുന്നു എന്ന് പറയുകയും അതോടു കൂടെ പല സംശയങ്ങളും താങ്കൾക്ക് വീണ്ടും പൊങ്ങി വന്നതായി താങ്കളുടെ മെയിൽ വായിച്ചപ്പോൾ മനസ്സിലാകുന്നു.

സുഹ്യത്തേ ആദ്യമായി പറയട്ടെ. നാം എപ്പോഴും സംശയാലുക്കളുടെ കൂടെയാവരുത് അതാണ് നമുക്കുണ്ടാവുന്ന സർവ്വ കുഴപ്പത്തിനും കാരണമായിത്തീരുന്നത്. ഞാൻ കഴിഞ്ഞ മെയിലിൽ സൂചിപ്പിച്ചത് പോലെ പ്രവാചകനെയോ മറ്റോ നാം കൂടുതൽ സ്നേഹിച്ചാൽ അത് അതിര് കവിഞ്ഞ് പോകുമോ അത് അവരെ ആരാധിക്കാലാകുമോ ഇത്തരം സംശയങ്ങൾ നാം ഒഴിവാക്കാത്ത കാലത്തോളം സത്യ മാർഗ്ഗം കണ്ടെത്താൻ നമുക്ക് സാധ്യമല്ല. സത്യത്തിലേക്ക് നാം എത്തിച്ചേരുകയുമില്ല. പിന്നെ നമ്മുടെ പിന്നാലെ സംശയങ്ങൾ ഉണ്ടാക്കുവാനായി മാത്രം ശ്രമം നടത്തുന്ന ചിലരുണ്ട് എന്നുള്ള തിരിച്ചറിവിലേക്ക് നാം എത്തിക്കഴിഞ്ഞാൽ നമ്മുടെ സംശയങ്ങളിൽ നിന്ന് അല്ലെങ്കിൽ മനസ്സിൽ ഉണ്ടാവുന്ന വസ് വാസിൽ നിന്ന് പകുതി ഭാഗങ്ങളിൽ നിന്നെങ്കിലും നാം മോചിതനാവും. ശേഷിക്കുന്ന ഭാഗം സത്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നാം പഠിക്കാൻ ശ്രമിക്കുക.

ഞാൻ കഴിഞ്ഞ മെയിലിൽ താങ്കളെ അറിയിച്ചത് പോലെ നബി(സ)യെ ഒരു സുന്നി വിശ്വാസി അതിരറ്റ് സ്നേഹിച്ച് കൊണ്ട് വല്ലതും പറഞ്ഞാൽ അത് ശിർക്കാകും അവൻ ഖുറാഫിയായിരിക്കും. സമയം നെഞ്ചിനുള്ളിൽ നിയാണ്..... കണ്ണടച്ചാൽ നിയാണ്..... എൻ്റെ ഖൽബിൽ ഒളിയേ  ഫാത്തിമാ..... ഫാത്തിമാ. എന്നൊരാൾ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം ഉരവിട്ടാൽ അത് ശിർക്കാണെന്നോ അവൻ  ഖുറാഫിയാണെന്നോ ഇവിടെ പറയാൻ ആരുമില്ല. നേരെ മറിച്ച് അൻത ശംസുൻ അൻത ബദ്‌റുൻ, അൻത നൂറുൻ ഫൗഖനൂരിൻ ' എന്ന് തുടങ്ങിയ വരികൾ മൗലിദിൽ പറഞ്ഞ് പോയാൽ അവൻ തനി ശിർക്കനാണ് മാത്രമല്ല, അല്ലാഹുവിനേക്കാൾ അവൻ നബി(സ)ക്കാണ് ബഹുമാനവും സ്നേഹവും നൽകിയതെന്ന് പറയാൻ മുജാഹിദുകൾ സജീവമായി രംഗത്ത് വരുന്നു. മാന്യ സുഹൃത്ത് അൻസാറിനെപ്പോലോത്തവർ ഒരു മടിയും കൂടാതെ അത് ഏറ്റ് പറയുകയും ചെയ്യും അല്ലാഹു നമ്മെ കാക്കട്ടേ. ആമീൻ.. 
 
അല്ലാഹു അവൻ്റെ ഖുർആനിൽ പറയുന്നു. മനുഷ്യ വർഗ്ഗത്തെയും ജിന്ന് വർഗ്ഗത്തെയും എനിക്ക് ആരാധിക്കാനല്ലതെ ഞാൻ സൃഷ്‌ടിച്ചിട്ടില്ല" എന്ന്. നമ്മുടെ ചില സുഹൃത്തുക്കൾ അവരുടെ ഭാര്യമാരോട് അല്ലെങ്കിൽ അവർ പ്രിയം വെക്കുന്നവരോട് നീ ഇല്ലാത്ത ജിവിതം എനിക്ക് വേണ്ട.... എൻ്റെ ഹൃദയത്തിൻ്റെ തുടിപ്പാണ് നീ..... എൻ്റെ ജീവിതം നിനക്കുള്ളതാണ്. എന്ന് മാത്രമല്ല ഇതിൽ കവിഞ്ഞ പലതും പറയുന്നത് നാം കേൾക്കാറുണ്ടല്ലോ ഇതൊന്നും അല്ലാഹുവിനേക്കാൾ ഉയർത്തിക്കളഞ്ഞുവെന്ന് പറഞ്ഞ് ഒരു മുജാഹിദും കൊടി പിടിക്കുന്നതായി നാം കാണുന്നില്ല അതേ സമയം അൻത ഉമ്മൻ അം അബുൻ മാറ അയാ ഫീഹിമാ മിസ്‌ല ഹുസ്‌നിക ഖത്തൂയാ സയ്യിദി ഖൈറന്നബി എന്ന് മൗലിദിൽ പറഞ്ഞു പോയാൽ അതല്ലെങ്കിൽ നബിയെ സ്നേഹിച്ച് അങ്ങ് നബി(സ)യോട് വിളിച്ച് പറഞ്ഞാൽ അത് അല്ലാഹുവിനെ കൊച്ചാക്കലും നബിയെ ഉയർത്തലുമായി. എന്തൊര അവസ്ഥയാണ്.  ഇത്തരക്കാർക്ക് അല്ലാഹു സത്യം വെളിപ്പെടുത്തി കൊടുക്കട്ടേ എന്ന് പ്രാർത്ഥിക്കാമെന്നല്ലാതെ മറ്റ് പരിഹാര മാർഗ്ഗമില്ല.

താങ്കളുടെ വരികളിലേക്ക്.
“ഞാൻ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നുവനും അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുന്നവനും റസൂൽ (സ) യെ അതേപടി പിൻപറ്റുകയും മഹാന്മാരെയും മറ്റും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്."

താങ്കളുടെ ഈ വരികളോട് പൂർണ്ണമായി ഈ വിനീതൻ യോജിക്കുന്നു. മാത്രമല്ല അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ ആശയവും ഇതാണ്. താങ്കൾ ഈ കുറിച്ചതിൽ ഉറച്ച് നിൽക്കുക.

താങ്കളുടെ അടുത്ത വരിയിലേക്ക്.
"താങ്കൾ പറയുന്ന പോലെയല്ല ഞങ്ങളുടെ നാട്ടിലെ മുസ്ലിയാക്കൾ പറയുന്നത്. അത് കൊണ്ട് തന്നെയാണ് ഞാൻ ചോദിക്കാൻ കാരണവും താങ്കൾ ഒരു കാര്യവും കൂടി മനസ്സിലാക്കണം മതപരമായ ഒരു വിഷയത്തിൽ തർക്കമുണ്ടായാൽ ഒരു സത്യ വിശ്വാസി എന്ത് ചെയ്യണം ? . അത് റസൂൽ(സ)യിലേക്ക് മടക്കണം അല്ലേ - അതോ മദ്ഹബിൻ്റെ പണ്ഡിതരുടെ പിറകെ പോകണോ ? നബി(സ) പറഞ്ഞത് സ്വീകരിക്കണോ ? പണ്ഡിതന്മാർ അവർ അറിവുള്ളവർ തന്നെയാണ് പക്ഷേ തെറ്റ് പറ്റാത്തത് റസൂൽ (സ)ക്ക് മാത്രമാണ്. കാരണം നബി(സ) പ്രവർത്തിക്കുന്നത് അല്ലാഹുവിൻ്റെ ഉത്തരവനുസരിച്ചാണ്. എന്നാൽ ഞാൻ പറയുന്നത് പണ്ഡിതന്മാരെ അംഗീകരിക്കണം എന്ന് തന്നെയാണ്. പക്ഷേ തെറ്റുണ്ടെങ്കിൽ തിരുത്തുകയും വേണം. കാരണം ഇവിടെത്തെ മുസ്ലിയാക്കൾ പറയുന്നത് അല്ലാഹുവാണ് എല്ലാറ്റിനും വലിയവൻ എന്ന് വിചാരിച്ച്  കൊണ്ട് അല്ലാഹു അല്ലാത്തവർക്ക് സുജൂദ് ചെയ്യാം എന്നാണ്. അതിനും അവർ പറയുന്നത് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്നാണ്."

എൻ്റെ സഹോദരാ സുന്നിയായ പണ്ഡിതന്മാർ അവിടെ നാട്ടിലായാലും ഇവിടെയായാലും പറയുന്നതൊക്കെ ഒരേ ആശയമാണ്. അതിൽ താങ്കൾക്ക് മനസ്സിലാക്കി തരുന്നേടത്തോ, അതല്ലെങ്കിൽ താങ്കൾ മനസ്സിലാക്കിയേടത്തോ വന്ന പിഴവായിരിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുമല്ലങ്കിൽ സുന്നി ആശയങ്ങളെക്കുറിച്ചും സുന്നി പണ്ഡിതന്മാരെക്കുറിച്ചും താങ്കളോട് തെറ്റിദ്ധാരണാ രൂപത്തിൽ ആരോ പറഞ്ഞ് തന്നിട്ടുണ്ട് എന്നാണെനിക്ക് തോന്നുന്നത്. അല്ലാഹു ഏറ്റവും അറിയുന്നവനാണ്. അല്ലാഹുവിന് പുറമെ മറ്റുള്ളവർക്കും സുജൂദ് ചെയ്യാമെന്ന് സുന്നിയായ ഒരാളും പറയുകയില്ല. അത് പോലെ മറ്റുളളവരെ ആരാധിക്കാമെന്നും പറയുകയില്ല. ഇതാണ് സത്യം അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന താങ്കൾക്ക് ഈ പറയുന്നത് വിശ്വസിക്കാം. പിന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ.

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللهَ وَأَطِيعُوا الرَّسُولَ وَأُولِي الأمر منكم فإن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إلى الله وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ باللهِ وَالْيَوْمِ الآخر ذلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً

"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിങ്ങളിൽ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുക. ഇനി വല്ല വിഷയത്തിലും നിങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉളവായാൽ അത് അല്ലാഹുവിങ്കലേക്കും റസൂലിങ്കലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിച്ചവരായിട്ടുണ്ടെങ്കിൽ, അതാണ് ഉത്തമവും ഏറ്റവും നല്ല അന്ത്യഫലം നൽകുന്നതും." ( സൂറത്തു അന്നിസാഅ് 58)

സുഹൃത്തേ ഈ ആയത്തിൻ്റെ ആശയം ഉദ്ധേശിച്ചാവാം താങ്കൾ ചില വരികൾ കുറിച്ചത്. ഇസ്ലാമിനെക്കുറിച്ച് സ്വൽപം മാത്രം പഠിച്ച് മദ്ഹബിന്റെ പണ്ഡിതരെ ഒഴിവാക്കി എല്ലാവർക്കും അവനവന് തോന്നിയത് പോലെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഗവേഷണം ചെയ്തെടുക്കാമെന്നല്ല ഇതിനർത്ഥം. മറിച്ച് ശരീഅത്തിൻ്റെ മൂല തത്ത്വങ്ങളായ ഖുർആൻ, സുന്നത്ത്, ഇജ്‌മാഅ്, ഖിയാസ് എന്നീ സുപ്രധാനങ്ങളായ നാല് വിഷയങ്ങൾ ഈ വാക്യത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്ന് മഹാന്മാരായ മുഫസ്സിറുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് പറഞ്ഞതിൽ നിന്ന് ഖുർആനും ഹദീസും ശരീഅത്തിൻ്റെ ലക്ഷ്യങ്ങളാണെന്ന് തെളിഞ്ഞു. ഉലുൽ അംറിനെ അനുസരിക്കണമെന്ന കൽപനയിൽ നിന്ന് ഇജ് മാഉം ശരീഅത്തിൻ്റെ ലക്ഷ്യമാണെന്ന് സ്‌പഷ്ടമാണ്. 'നിങ്ങളിൽ നിന്നുള്ള അധികാരസ്ഥന്മാർ' എന്ന് പറഞ്ഞാൽ മുസ്ലിംകളിലെ അധികാരസ്ഥന്മാർ എന്നർത്ഥം. ഉലുൽ അംറ് എന്നതിന് മത പണ്ഡിതന്മാർ എന്നാണ് ഇബ്‌ന് അബ്ബാസ്, മുജാഹിദ്, അഥാഅ്, ഹസൻ ബസ്വരി അബുൽ ആലിയ മുതലായവർ തഫ്‌സീർ പറഞ്ഞിട്ടുളളത്. വല്ല വിഷയത്തിലും നിങ്ങൾ ഭിന്നിച്ചാൽ അത് അല്ലാഹുവിങ്കലേക്കും അവൻ്റെ റസൂലിലേക്കും മടക്കുക.' എന്ന ശാസനയാകട്ടെ ഖിയാസ് തെളിവാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടുതൽ ഇവിടെ വിശദീകരിക്കുന്നില്ല. ഇമാം റാസി ഗറായിബുൽ ഖുർആൻ മുതലായ കിത്താബുകളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

സുഹ്യത്തേ, റസൂലല്ലാഹ്(സ)യല്ലാത്ത എല്ലാവർക്കും തെറ്റ് സംഭവിക്കാം എന്നത് ദീനിൽ സ്വയം ഗവേഷണം ചെയ്യാൻ വേണ്ടി ചില തൽപരകക്ഷികൾ പറയുന്ന വാദമാണ്. ആ വാദം അംഗീകരിക്കുകയാണെങ്കിൽ വിശുദ്ധ ഖുർആൻ പോലും നമുക്ക് സ്വീകരിക്കാൻ പറ്റില്ല. കാരണം നബി(സ) ഇന്ന് കാണുന്ന രീതിയിലുള്ള മുസ്ഹഫ് സ്വഹാബത്തിനെ ഏൽപിച്ചു കൊണ്ട് ഈ ഖുർആനും, അത് പോലെ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളും സ്വഹാബത്തിനെ ഏൽപിച്ച് ഇത് പോലെ നിങ്ങൾ ജീവിച്ചോളീൻ എന്ന് പറഞ്ഞതല്ല. മറിച്ച് വിശുദ്ധ ഖുർആൻ സ്വഹാബത്തിൻ്റെ ഹൃദയത്തിലായിരന്നു ഉണ്ടായിരുന്നത്. നബി(സ)യുടെ കാല ശേഷം നടന്ന ചില യുദ്ധങ്ങളിൽ നിരവധി ഖുർആൻ മനഃപാഠമുള്ള സ്വഹാബികൾ ശഹീദായിപ്പോയി. ഇങ്ങനെയായാൽ ഭാവിയിലുള്ളവർക്ക് വിശുദ്ധ ഖുർആൻ ലഭിക്കാതെ പോവുമോ എന്ന് ഭയന്ന് സ്വഹാബത്താണ് അത് ഗ്രന്ഥ രൂപത്തിലായി ക്രോഡീകരിച്ചത്. നബി(സ)യല്ലാത്തവർക്ക് തെറ്റ് പറ്റാമെങ്കിൽ എന്ത് കൊണ്ട് ഈ വിശുദ്ധ ഖുർആനിൽ തെറ്റ് സംഭവിച്ചു കൂടാ എന്ന് ഒരാൾ ചോദിക്കുകയാണെങ്കിൽ അദ്ദേഹത്തോട് ഈ വാദക്കാർക്ക് പറയാൻ വല്ല മറുപടിയുമുണ്ടോ ? ഒരു മുജാഹിദ് സുഹൃത്തിനോട് ഇത് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി അല്ലാഹു തന്നെ വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഈ ഖുർആൻ അവൻ തന്നെ സംരക്ഷിച്ച് കൊള്ളുമെന്ന്' അപ്പോൾ ഞാനദ്ദേഹത്തോട് ചോദിച്ച് ഈ പറഞ്ഞ ആശയം തന്നെ സ്വഹാബത്ത് കടത്തിക്കൂട്ടിയതാണെന്നൊരാൾ പറഞ്ഞാൽ അവനോടെന്ത് മറുപടി പറയും ? പിന്നെ അദ്ദേഹത്തിന് മറുപടിയില്ല. താങ്കളൊരു എഞ്ചനിയറാണെന്ന് താങ്കൾ പറഞ്ഞല്ലോ . താങ്കളുടെ ചിന്ത ഇതിനെന്താ മറുപടി പറയുക. ? ഖുർആൻ അങ്ങനെപോയി. ഇനി നമുക്ക് ഹദീസെടുക്കാം. റസൂലിനെ പിൻപറ്റുക എന്നാൽ ഹദീസാണല്ലോ. അപ്പോൾ ഈ ഹദീസ് ഗ്രന്ഥങ്ങൾ നബിയുടെ കാലത്തുമില്ല, സ്വഹാബത്തിൻ്റെ കാലത്തുമില്ല. മദ്ഹബിൻ്റെയും ശേഷമാണ് ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ ക്രോഡീകരിച്ചത്. താങ്കളുടെ വാദമെന്ന് ഞാൻ പറയുന്നില്ല. താങ്കളെ നേർവഴിയിൽ നിന്ന് വഴിതിരിക്കാൻ വേണ്ടി തെറ്റിദ്ധരിപ്പിച്ച പ്രസ്ഥാനക്കാരുടെ വാദ പ്രകാരം റസൂലുല്ലാഹ്(സ)യല്ലാത്തവർക്ക് തെറ്റ് പറ്റാമെങ്കിൽ ഈ ഹദീസ് ഗ്രന്ഥങ്ങളൊക്കെ പണ്ഡിതന്മാരാൽ ക്രോഡീകരിച്ചതാണ് അപ്പോൾ ഇതിൽ തെററ് സംഭവിച്ചിട്ടുണ്ടാകാമെന്ന് ഒരാൾ പറയുകയാണെങ്കിൽ എന്ത് മറുപടിയാണ് പറയുക ? മുജാഹിദുകളുടെ അടുത്ത് ഇതിന് പറയാൻ വല്ല മറുപടിയുമുണ്ടോ ? അപ്പോൾ എന്താണ് ഇതിനെക്കുറിച്ചുള്ള വിവരമെന്ന് ചെറുതായൊന്ന് വിവരിക്കാം. പണ്ഡിതന്മാരെക്കുറിച്ച് അല്ലാഹു എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് നോക്കാം.

അല്ലാഹു ഉണ്ട് എന്നുള്ളതിന് സാക്ഷിയായി അല്ലാഹു പറഞ്ഞിട്ടുള്ളത് ഒന്ന് അല്ലാഹു തന്നെ, രണ്ട് അവൻ്റെ മലക്കുകൾ, മൂന്ന് പണ്ഡിതന്മാർ. ആയത്ത് കാണുക.

شهدَ اللهُ أَنَّهُ لا إله إلا هُوَ وَالْمَلائِكَة وأولوا العلم قائما بالقسط لا إلهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ

"താനല്ലാതെ ഇലാഹില്ല എന്നതിന് അല്ലാഹു തെളിവുകളും  വെളിപ്പെടുത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനമുള്ളവരും അതിന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. അവൻ നീതി പാലിക്കുന്നവനാണ്. അവനല്ലാതെ ഒരു ഇലാഹുമില്ല തന്നെ. അവൻ പ്രതാപവാനും മഹാ തന്ത്രജ്ഞനുമാകുന്നു'. (സൂറത്ത് ആലു ഇംറാൻ 18)

നബി(സ) പഠിപ്പിക്കുന്നു എൻ്റെ സമുദായത്തിലെ പണ്ഡിതന്മാർ ബനീ   ഇസ്‌റാഈലിലെ പ്രവാചകന്മാരെപ്പോലെയാണ്. നബി(സ) വീണ്ടും പറയുന്നു. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്.

സുഹൃത്തേ ഇന്ന് താങ്കൾ കാണുന്ന തുണ്ടം ഹദീസും തുണ്ടം ആയത്തും ഓതി ശിർക്കാക്കാൻ നടക്കുന്ന മൗലവിമാരെയല്ലേ കണ്ണടച്ച് വിശ്വസിച്ച് കൊണ്ട് ഈ സംശയങ്ങളെല്ലാം നമ്മളിൽ വരുന്നത്. അതേ സമയം ഇവർ പറയുന്നത് തെറ്റോ ശരിയോ എന്ന് മനസ്സിലാക്കുന്നത് ഏത് മാനദണ്ഡം വെച്ചാണെന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? താങ്കളുടെ ചിന്തയൊന്ന് അതിലേക്ക് തിരിക്കുക. അപ്പോൾ പൂർവികർ കാണിച്ച് തന്ന വഴി മതിയെന്ന് താങ്കൾക്ക് ബോധ്യപ്പെടും. ഞാൻ മുമ്പ് സൂചിപ്പിച്ചത് പോലെ ഈ അൽപജ്ഞാനികളായ പുത്തൻ പ്രസ്ഥാനക്കാരെ അനുകരിച്ച് പിഴച്ച് പോകുന്നതിനേക്കാൾ അല്ലാഹും റസൂലും പരിചയപ്പെടുത്തിയ പൂർവിക പണ്ഡിത മഹത്തുക്കളെ തഖ്‌ലീദ് ചെയ്‌തു പിഴക്കുന്നതാണ് നല്ലത് കാരണം പിഴക്കാനുണ്ടായ കാരണത്തെക്കുറിച്ച്" അല്ലാഹു ചോദിക്കുമ്പോൾ ആ വിഷയത്തിലെങ്കിലും നാം പിഴച്ചിട്ടില്ല എന്ന് പറയാമല്ലോ ?

പിന്നെ താങ്കൾ ചോദിക്കുന്നു അല്ലാഹുവിനെയും റസൂലിനെയും മുറുകെ പിടിക്കുന്നവർ എങ്ങനെ പിഴച്ച് പോകുമെന്ന്. ഒരാൾ അല്ലാഹുവിനെയും റസൂലിനെയും മുറുകെ പിടിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം അവൻ പിഴക്കാതിരിക്കില്ല. കാരണം ഇവിടെയുള്ള മുഴുവൻ ആളുകളും അല്ലാഹുവിനെയും റസൂലിനെയും മുറുകെ പിടിക്കുന്നു എന്ന് പറയുകയും അതനുസരിചാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണ്. ഖാദിയാനികളും, ചേകനൂരികളും, ശിയാക്കളും ഇങ്ങനെ തുടങ്ങിയ പിഴച്ചവരായ മുഴുവൻ ആളുകളുടെയും വാദം അവർ വിജയത്തിന്റെ കക്ഷികൾ എന്നാണ്. അത് കൊണ്ട് എങ്ങനെ പിഴച്ചുപോകും എന്ന താങ്കളുടെ ചോദ്യത്തിന് ഇതൊക്കെ തന്നെയാണ് പറയുവാനുള്ളത്. പിന്നെ നമ്മൾ മനസ്സിലാക്കി വെക്കേണ്ടത് സത്യത്തിൻ്റെ ആളുകൾ ആരാണ് എന്നാണ്. അത് വളരെ നിഷ്പ്രയാസം ഏതൊരു നിഷ്പക്ഷമതികൾക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. 

നബി(സ) പറഞ്ഞു. ഈസ(അ)ന്റെ ഖൗമ് 72 വിഭാഗമാവുകയും എഴുപത്തൊന്നും നരകത്തിലും ഒരു വിഭാഗം സ്വർഗ്ഗത്തിലുമാണെന്ന്. ഭാവിയിൽ എൻ്റെ ഉമ്മത്ത് 73 വിഭാഗമാവുകയും മുഴുവൻ നരകത്തിൽ ഒരു വിഭാഗം ഒഴികെ, അപ്പോൾ സ്വഹാബത്ത് ചോദിച്ചു ആ സ്വർഗ്ഗത്തിൻ്റെ വിഭാഗം ആരാണ് നബിയേ എന്ന്. അപ്പോൾ നബി(സ) പറഞ്ഞില്ല ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവരെല്ലാം സ്വർഗ്ഗത്തിൽ എന്ന് അങ്ങനെ പറയാത്തതിൻ്റെ കാരണം പിഴച്ച മുഴുവൻ വിഭാഗവും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എന്ന് തന്നെയാണ് പറയുക. ഇത് മനസ്സിലാക്കിയാണ് ചോദിച്ച സ്വഹാബത്തിനോട് നബി(സ) പറഞ്ഞത്, ഞാനും എൻ്റെ സ്വഹാബത്തും ഏതൊരു മാർഗത്തിലാണോ അത് മുറുകെ പിടിച്ച് ജീവിക്കുന്ന അന്ത്യനാൾ വരെയുള്ളവർ എന്ന്. 

സഹോദരാ ഇപ്പോൾ താങ്കൾക്ക് കാര്യം പിടികിട്ടിയിട്ടുണ്ടാവുമെന്ന് ഞാൻ മനസ്സിലാക്കുന്നു. സ്വഹാബത്തിൻ്റെ മാർഗ്ഗം പിൻപറ്റുന്നവർ ആരാണെന്ന് താങ്കൾക്ക് പറഞ്ഞ് തരേണ്ടതില്ലല്ലോ നബി(സ) അല്ലാത്ത എല്ലാവർക്കും തെറ്റ് പറ്റാമെന്ന് താങ്കളുടെ മെയിലിൽ തന്നെ കുറിച്ചതാണല്ലോ ? അത് മുജാഹിദുകൾ പറയുന്നതും പ്രവർത്തിക്കുന്നതുമാണല്ലോ ? ഉദാഹരണത്തിന് ഒന്ന് രണ്ട് കാര്യങ്ങൾ സൂചിപ്പിക്കാം. തറാവീഹ് നിസ്‌കാരം സ്വഹാബത്ത് മുതൽ സർവ്വപൂർവിക പണ്ഡിതരും 20 റകഅത്തായി നിസ്‌കരിച്ചതാണല്ലോ  ഉമറുൽ ഫാറൂഖ്(റ) 20 റകഅത്ത് തറാവീഹ് ജമാഅത്തായി നിസ്‌കരിച്ചതാണല്ലോ ? ഇത് മുജാഹിദുകൾ സ്വീകരിക്കുന്നുണ്ടോ ? ഇല്ല. ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്ക് അത് ഉസ്‌മാൻ(റ)ൻ്റെ കാലം മുതൽ തുടർന്ന് വരുന്നതല്ലേ ? ഇത് മുജാഹിദുകൾ സ്വീകരിക്കുന്നുണ്ടോ ? ഇല്ല. ജുമുഅ ഖുതുബ സ്വഹാബത്ത് മുതൽ ഹിജ്റ ആയിരം വർഷം വരെ സർവ്വ പണ്ഡിതന്മാരും അറബിയിലായിരുന്നല്ലോ നിർവ്വഹിച്ചിരുന്നത് ഇത് മുജാഹിദുകൾ സ്വീകരിക്കുന്നുണ്ടോ ? ഇല്ല. പള്ളിയിൽ പോയ ഭാര്യ ആതിഖ(റ)യെ ഭർത്താവായ ഉമറുൽ ഫാറൂഖ്‌(റ) അടിച്ച് കൊണ്ട് നിർത്തിച്ചു ഇത് മുജാഹിദ് സ്വീകരിക്കുന്നുണ്ടോ ? ഇല്ല. അവർ അവരുടെ ഭാര്യയേയും കൂട്ടി പള്ളിയിൽ പോകുന്നതല്ലേ നാം കാണുന്നത് ? ഇങ്ങനെ എണ്ണി പറഞ്ഞാൽ ഇസ്ല്‌ലാമിൻ്റെ എല്ലാ വിഷയത്തിലും താങ്കൾ മെയിലിൽ പറഞ്ഞത് പോലെ പ്രവാചകനല്ലാത്ത എല്ലാവർക്കും തെറ്റ് പറ്റാമെന്ന് താങ്കളെ മാത്രമല്ല ഇത് ധരിപ്പിച്ചിരിക്കുന്നത് സർവ്വ മുജാഹിദുകളെയും ഇത്തരം അബദ്ധമായ വാദങ്ങളിലൂടെയാണ് അവർ നയിച്ച് കൊണ്ട് പോകുന്നത്. ബാഹ്യമായി അവരുടെ വാദങ്ങളിൽ ചിലത് ശരിയാണെന്ന് നമുക്ക് തോന്നിയേക്കാം പക്ഷേ മനുഷ്യ ബുദ്ധി കൊണ്ട് നിർമ്മിതമായ വാദങ്ങളായത് കൊണ്ടാണ് നമ്മുടെ ബുദ്ധിയും ചിലപ്പോൾ അതിൽ ചിലത് ശരിയുണ്ടോ എന്ന് തോന്നുന്നത്. പക്ഷേ ഒരിക്കലും അത് ശരിയാകാൻ പോകുന്നില്ല. കാരണം പൂർവികരുടെ പിന്തുണ അവർക്കില്ലന്നുളളത് കൊണ്ട് തന്നെ.

പിന്നീട് താങ്കൾ കുറേ(മുപ്പതോളം) ആയത്തുകളുടെ നമ്പറിട്ട് ഈ ആയത്തുകളൊക്കെ പരിശോധിക്കു എന്ന് പറയുകയുണ്ടായി താങ്കൾ നമ്പറിട്ട് പറഞ്ഞ ആയത്തുകൾ ഞാൻ പരിശോധിക്കാൻ പോയിട്ടില്ല. താങ്കൾക്ക് ഏതെങ്കിലും മുജാഹിദുകളുടെ പുസ്തകത്തിൽ നിന്ന് എടുത്ത് നമ്പർ എളുപ്പത്തിൽ കുറിക്കാൻ സാധിച്ചിരിക്കാം. അത് പരിശോധിക്കാൻ പറഞ്ഞത് കൊണ്ട് താങ്കളുടെ ബാധ്യത കഴിഞ്ഞല്ലോ അതൊക്കെ പരിശോധിക്കാൻ എനിക്ക് സമയം കിട്ടിയിട്ടില്ലന്നേ ഞാൻ താങ്കളോട് അതേക്കുറിച്ച് പറയുന്നുള്ളൂ. സാധാരണ മുജാഹിദുകൾ ഓതാറുളള (മക്കാ മുശ്‌രിക്കകളുടെ കാരണത്താൽ ഇറങ്ങിയ ) ആയത്തുകളായിരിക്കും താങ്കൾ നമ്പറിട്ട് വിട്ടത് എന്ന് ഞാൻ മനസ്സിലാക്കുന്നു. സാധാരണക്കാരായ സുന്നികളെ പറ്റിക്കാൻ വേണ്ടി ഓതുന്ന ആയത്തുകളാണിതൊക്കെ ആ വലയിൽ താങ്കൾ പെട്ടിട്ടുണ്ടാവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കൾക്ക് അറിയേണ്ട വിവരത്തിൻ്റെ ആയത്തുകൾ ഉദ്ധരിച്ച് വല്ല സംശയവും ചോദിച്ചാൽ ഇൻശാ അല്ലാഹ് ഉള്ള വിവരം വെച്ച് അല്ലെങ്കിൽ ആലിമീങ്ങളോട് ചോദിച്ച് താങ്കൾക്ക് മറുപടി തരുന്നതായിരിക്കും അല്ലാതെ ആയത്തുകൾ പരിശോധിക്കാൻ പറഞ്ഞാലോ നോക്കാൻ പറഞ്ഞാലോ വ്യക്തമായ മറുപടി താങ്കൾക്ക് ലഭിക്കില്ല.

താങ്കളുടെ അടുത്ത വരിയിലേക്ക്
അല്ലാഹുവിനോട് പറയേണ്ടുന്ന കാര്യം എങ്ങനെ നബി(സ)യോട് പറയും ? എങ്കിൽ പിന്നെ നസ്രാണികളും നമ്മളും തമ്മിലുള്ള വ്യത്യാസം എന്താണ് ?  ഇടയാളന്മാർ ആരുടെ സൃഷ്ടിയാണ് ? അല്ലെങ്കിൽ മധ്യസ്ഥ പ്രവർത്തനം ആര് കൊണ്ട് വന്നതാണ്" ? അപ്പോൾ എൻ്റെ സമുദായം പൂർവ്വ സമുദായത്തെ ഞാണിന് ഞാണായും മുഴത്തിന് മുഴമായും എന്ന നബിവചനം പുലയുകയാണോ ? അല്ല റസൂൽ കള്ളം പറയാറില്ല. പുലരുകയാണ്.

ഇടയാളന്മാർ എന്നത് അല്ലാഹുവിൻ്റെ സൃഷ്ടിയാണ് . ആ സൃഷ്ടി കൊണ്ട് വന്നത് നബി(സ)യാണ്. അല്ലാഹു കൊണ്ട് വന്ന സൃഷ്ടി കാണുക.

إِنَّمَا وَلِيُّكُمُ اللهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ

നിശ്ചയമായും നിങ്ങളുടെ സഹായികൾ അല്ലാഹുവും അവൻ്റെ റസൂലും വിനീതരായിക്കൊണ്ട് നമസ്‌കാരം: മുറ പ്രകാരം അനുഷ്ടിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യ വിശ്വാസികളുമാണ്. ( സൂറത്തു അൽ മാഇദ   20 23:55)

അത് ശരിയായി പുലർന്നിട്ടുണ്ട് ആ പുലർന്ന ഭാഗം താങ്കൾക്ക് ഇതിന്റെ കൂടെ ഞാൻ വിടുന്നു അപ്പോൾ താങ്കൾക്കത് ബോധ്യപ്പെടുമല്ലോ ? പുലർന്നതിൻ്റെ തെളിവുകൾ പലതുമുണ്ടെങ്കിലും നാം കഴിഞ്ഞ മെയിലിലും ഈ അയക്കുന്ന മെയിലിലുമുള്ള വിഷയവുമായി ബന്ധപ്പെട്ട ഒരു തെളിവ് ഇതിൻ്റെ താഴെ ചേർക്കുന്നു. മുജാഹിദ് മൗലവിമാർ അറിവില്ലാത്ത ജനങ്ങളെ എങ്ങോട്ട് കൊണ്ട് പോകുന്നു എന്ന് എൻ്റെ സുഹൃത്ത് നെഞ്ചത്ത് കൈ വെച്ചൊന്ന് ചിന്തിച്ചു നോക്കുക.

ഇജ്‌തിഹാദിൻ്റെ അനിവാര്യത എന്ന വിഷയം :
നബി(സ)ക്ക് അല്ലാഹുവിൻ്റെ പക്കൽ നിന്ന് ലഭിച്ച ജ്ഞാനത്തെ പണ്ഡിതന്മാർ മൂന്നായി തിരിച്ചിരിക്കുന്നു. അതിലൊന്ന് അദ്യശ്യജ്ഞാനങ്ങളിൽ പെടുന്ന പരലോക കാര്യങ്ങൾ, ദൈവത്തിൻ്റെ നാമ വിശേഷണങ്ങൾ, സ്വർഗ്ഗ നരക കാര്യങ്ങൾ മലക്കുകൾ തുടങ്ങിയ വിശ്വാസപരമായ കാര്യങ്ങളാകുന്നു. 

അതിൽ രണ്ടാമത്തെ വിഭാഗത്തെ എണ്ണിപ്പറഞ്ഞത് താങ്കളൊന്നു കാണുക. 
 
രണ്ടാമത്തെ വിഭാഗം നമ്മിൽ നിർബന്ധമാക്കപ്പെട്ട ആരാധനാകർമ്മങ്ങളും ശരീഅത്തു നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇവയിൽ അല്ലാഹുവും മനഷ്യനും തമ്മിൽ ബന്ധപ്പെട്ട തികച്ചും ആരാധനാപരമായ കാര്യങ്ങളുണ്ട്. നമസ്ക്‌കാരം, നോമ്പ്, സകാത്ത് ഹജ്ജ് എന്നിവ അവക്കുദാഹരണങ്ങളാണ്. മനുഷ്യനും മനുഷ്യനും തമ്മിൽ ബന്ധപ്പെടുന്ന വിവാഹം, വിവാഹ മോചനം, അനന്തിരവകാശ സ്വത്ത് വിഭജനം, കരാർ, ഉടമ്പടി, രാഷ്ട്രീയവും സാമ്പത്തികവുമായ വിധി വിലക്കുകൾ എന്നിവയും ഈ വിഭാഗത്തിൽ പെട്ടവയാണ്. 

ഇത് എഴുതിയതിൻ്റെ താഴെ എഴുതുന്നത് കാണുക:

രണ്ടാമത്തെ വിഭാഗം കാലദേശ വ്യത്യാസങ്ങൾക്കനുസൃതമായി ഭേദഗതി ചെയ്യപ്പെടാവുന്നതാണ് . ( അതായത് ഇതിൻ്റെ മേലെ ഈ എണ്ണിപ്പറയപ്പെട്ട എല്ലാ വിഷയങ്ങളിലും കാലദേശ വ്യത്യാസങ്ങൾക്കനുസൃതമായി ഭേദഗതി  ചെയ്യപ്പെടാവുന്നതാണ് എന്നാണ്) (അൽ മനാർ 1996 ജൂലൈ)

അതിനുള്ള തെളിവുകൾക്ക് ആയത്തു ഉദ്ധരിക്കുന്നതും കൂടുതൽ വിശദീകരിക്കുന്നതും അതിൻ്റെ കോപിയിൽ നിന്ന് താങ്കൾ വായിക്കുക. ഇപ്പോൾ ഇതിൽ നിന്ന് നാം മുമ്പ് പറയപ്പെട്ട എല്ലാ കാര്യങ്ങളും പൂർണ്ണമായി ശരിയായിരുന്നുവെന്നും പ്രത്യേകിച്ച് റസൂലുല്ലാഹ്(സ) പറഞ്ഞ നിങ്ങൾ ജൂതക്രൈസ്‌തവരെ ഞാണിന് ഞാണായും മുഴത്തിന് മുഴമായും അനുകരിക്കും എന്ന വാക്യം പുലർന്നതിന് ഇതിലേറെ തെളിവ് എന്ത് വേണം ? ജൂതക്രൈസ്‌തവർ ചെയ്‌തതെന്താണ് അവർക്ക് നൽകിയ കിത്താബിൽ അവരുടെ ബുദ്ധിക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി. അതാണ് ഇവിടെ മുജാഹിദും മറ്റും ചെയ്‌തു കൊണ്ടിരിക്കുന്നത് എന്ന് ഈ മെയിൽ വായിക്കുന്ന ഏതൊരു നിഷ്‌പക്ഷമതിക്കും വെള്ളം പോലെ വ്യക്തമാവും ഇനിയും വല്ല ന്യായങ്ങളുമായിട്ടാണ് താങ്കൾ മെയിൽ അയക്കുന്നതെങ്കിൽ ഖുർആനിൽ പറഞ്ഞത് പോലെ താങ്കളോട് സലാം പറഞ്ഞ് പിരിയാനേ നിർവ്വാഹമുള്ളൂ. അല്ലാഹു നമ്മെ സത്യത്തിൻ്റെ കൂടെ ഒരുമിച്ചു കൂട്ടട്ടെ ആമീൻ. സത്യം മനസ്സിലായിട്ടും അതിന് നേരെ കണ്ണടക്കുന്നവരിൽ നിന്ന് നമ്മെ അല്ലാഹു രക്ഷിക്കട്ടെ.

സി. പി. അബ്ദുല്ല ചെരുമ്പ
Mobile: 0091 9400534861
www.islamkerala.com