ഫിത്വർ സക്കാത്ത്

സകാത്ത് നിർബന്ധമായവൻ ഏത് നാട്ടിലാണോ ആ നാട്ടിൽ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന വസ്‌തുക്കളാണ് നൽകേണ്ടത്. നമ്മുടെ നാട്ടിലെ മുഖ്യ ആഹാരം അരിയായതിനാൽ ഇവിടെ നാം നൽകുമ്പോൾ അരിയാണ് നൽകേണ്ടത്. താഴ്ന്നത്, പുഴുക്കുത്ത്, നനഞ്ഞത്, തുടങ്ങിയ ന്യൂനതയുള്ളത് നൽകാൻ പാടില്ല.

ഫിത്വർ സക്കാത്ത്

ഫിത്വർ സക്കാത്ത്


ഇസ്ലാമിന്റെ പഞ്ചകർമ്മങ്ങളിൽ ഒന്നാണ് സക്കാത്ത്. നിസ്‌കാരം, നോമ്പ് തുടങ്ങിയവ പോലെത്തന്നെ വിശ്വാസിയുടെ വിശ്വാസ സമ്പൂർ‌ണ്ണതക്ക് സക്കാത്ത് അനിവാര്യമാണ്. സകാത്തുൽ മാല് (സമ്പത്തിൻറെ സക്കാത്ത്). സക്കാത്തുൽ ബദൻ (ശരീരത്തിൻറെ സക്കാത്ത്) എന്നിങ്ങനെ സക്കാത്തിനെ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തേതിനെയാണ് സാധാരണയായി സകാത്തുൽ ഫിത്വർ എന്ന് വിളിച്ചു വരുന്നത്. റമളാനിൻ്റെ അവസാനത്തെ നോമ്പ് തുറ (ഫിതർ) യോട്‌ കൂടി നിർബന്ധമാക്കുന്നതിനാലാണ് സകാത്തുൽ ഫിത്വർ എന്ന് നാമകരണം ചെയ്യപ്പെട്ടത്. നിസ്കാരത്തിലെ സഹ് വിന്റെ സുജുദ് പോലെയാണിത്. സുജൂദ് നിസ്ക്‌കാരത്തിലെ വീഴ്ചകളെ പരിഹരിക്കും പോലെ ഫിത്വർ സക്കാത്ത് നോമ്പിലെ വീഴ്ച്ചകളെ പരിഹരിക്കുന്നതാണ്. തന്റെയും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവരുടേയും പെരുന്നാൾ രാപ്പകലിലെ വസ്ത്രം ഭക്ഷണം അനുയോജ്യമായ പാർപ്പിടം, ആവശ്യമായ പരിചാരകൻ, കടം  എന്നിവ കഴിച്ച് ബാക്കിയുണ്ടെങ്കിൽ തന്റെയും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവരുടേയും ഫിത്വർ സക്കാത്ത് കൊടുക്കൽ സ്വതന്ത്രനായ ഓരോ മുസ്‌ലിമിന്റെ  മേലും നിർ‌ബന്ധമാണ്. അടിമക്ക് സ്വന്തമായി നിർബന്ധമില്ലെങ്കിലും അടിമക്ക്‌ വേണ്ടിക്കൊടുക്കൽ യചമാനൻ്റെ മേൽ നിർബന്ധമാണ്. ബുദ്ധി , പ്രായപൂർത്തി തന്റേടം , സ്വതന്ത്രനാകൽ തുടങ്ങിയവ ഫിത്വർ സക്കാത്ത് നിർബന്ധമാകുന്നതിൽ പരിഗണനീയമല്ലെങ്കിലും ഭ്രാന്തൻ,കുട്ടി, ബുദ്ധിമാന്യൻ, അടിമ എന്നിവർക്ക് വേണ്ടി ഫിത്വർ സക്കാത്ത് നൽകേണ്ടതാണ്.

മിച്ചം മതിയായില്ലെങ്കിൽ

പെരുന്നാൾ ദിനത്തിലെ ചിലവ് കഴിച്ച് മിച്ചമുള്ളത് ഫിത്വർ സകാത്തിന് മതിയാകാൻ മാത്രമില്ലെങ്കിൽ മിച്ചം എത്രയാണോ അത്ര കൊടുക്കണം. ആദ്യം തനിക്കും ബാക്കി മറ്റുള്ളവർക്കു വേണ്ടി നൽകണം. താൻ, ഭാര്യ ഇളയ സന്താനം പിതാവ്, മാതാവ്, മൂത്ത സന്താനം എന്നീ ക്രമത്തിലാണ് കൊടുക്കേണ്ടത്.


എന്ത് നൽകണം?

സകാത്ത് നിർബന്ധമായവൻ ഏത് നാട്ടിലാണോ ആ നാട്ടിൽ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന വസ്‌തുക്കളാണ് നൽകേണ്ടത്. നമ്മുടെ നാട്ടിലെ മുഖ്യ ആഹാരം അരിയായതിനാൽ ഇവിടെ നാം നൽകുമ്പോൾ അരിയാണ് നൽകേണ്ടത്. താഴ്ന്നത്, പുഴുക്കുത്ത്, നനഞ്ഞത്, തുടങ്ങിയ ന്യൂനതയുള്ളത് നൽകാൻ പാടില്ല. ദായകന്റെയോ വാങ്ങുന്നവന്റെയോ മുഖ്യ ആഹാരം, ദായകന്റെ നാട്ടിലെ മുഖ്യ ആഹാരം എന്നിവ പരിഗണനീയമല്ല. ആരുടെ സക്കാത്താണോ വിതരണം ചെയ്യുന്നത് അവന്റെ നാട്ടിലെ മുഖ്യാഹരമാണ് നൽകേണ്ടത്.

എത്ര നൽകണം ?

ഒരു ശരീരത്തിന് ഒരു സ്വാഅ് വീതം കൊടുക്കണം ഒരു സ്വാഅ്  എന്നാൽ  4 മുദ്ധ് ആണ്. മിതമായ ഒരാളുടെ രണ്ട് കയ്യും കൂട്ടിയുള്ള ഒരു കോരലാണ് ഒരു മുദ്ധ് (800 മില്ലി ലിറ്റർ ) ഏകദേശം  3.200 ലിറ്റർ   2.450 kg യാണ്  ശൈഖുനാ  ശാലിയാത്തിയുടെ കണക്കനുസരിച്ച്  ഒരു സ്വാഅ് . 

പണമായി നൽകൽ

ഫിത്വർ സകാത്ത് പണമായി നൽകുന്നത് ശാഫിഈ മദ്ഹബ്  പ്രകാരം സ്വീകാര്യമല്ല എന്നല്ല  സകാത്ത്  വീടുകയുമില്ല. ഗൾഫ് നാടുകളിൽ  ചിലർ ഫിത്വർ സകാത്ത് പണമായി നൽകുകയും അതിന് ഹനഫി മദ്ഹബിന്റെ പിന്തുണ അവകാശപ്പെടുകയും  ചെയ്യാറുണ്ട് അത് ശരിയല്ല. വെറും എളുപ്പം കണക്കിലെടുത് മറാവുന്നതല്ല മദ്ഹബ് എന്ന വസ്‌തുത ഗൗരവ പൂർവ്വം ഓർക്കേണ്ടതാണ്. ചില അനിവാര്യമായ  സാഹചര്യത്തിൽ  മദ്ഹബ് മാറൽ അനുവദനീയമാണ്. ഒരു വിഷയത്തിൽ സ്വന്തം മദ്ഹബ്  വിട്ട് മറ്റൊന്നിലേക്ക് മാറുമ്പോൾ തൽവിഷയവുമായി ബന്ധപ്പെട്ട സർവ്വ നിബന്ധനകളിലും ആ  മദ്ഹബ്  തന്നെ സ്വീകരിക്കണമെന്നാണ് നിയമം. ഒരു വിഷയത്തിൽ മദ്ഹബ് മാറുമ്പോൾ ആ  മദ്ഹബിനെ  കുറിച്ച് ആ വിഷയവുമായി ബന്ധപ്പെട്ട് എല്ലാം മനസ്സിലാക്കിയിരിക്കണമെന്നർത്ഥം.


ഭാര്യ  , മക്കൾ

ഭാര്യയുടെയും അവരുടെ മക്കളുടെയും ചിലവ് കൊടുക്കൽ നിർബന്ധമായതിനാൽ അവയുടെ ഫിത്വർ സക്കാത്ത് കൊടുത്തു വീട്ടൽ ഭർത്താവിൻ്റെ ബാധ്യതയാണ്. ഭാര്യ ധനികയാണെങ്കിലും ശരി അവൾക്ക് ബാധ്യതയില്ല. ഭർത്താവ് ദരിദ്രനായാൽ ഭർത്താവ് നിർദ്ദനനാണെങ്കിൽ ഭാര്യയുടെ സകാത്ത് അവന്റെ  മേൽ നിർബന്ധമില്ല. അവൾ പൂർണ്ണമായും ഭർത്താവിന് കീഴ്‌പെട്ടവളായതിനാൽ ധനികയാണെങ്കിൽ തന്നെയും അവളുടെ മേൽ  നിർബന്ധമില്ല.

ത്വലാഖ് ചെല്ലപ്പെട്ടവൾ

തിരിച്ചെടുക്കാവുന്ന വിധം ത്വലാഖ് ചൊല്ലപ്പെട്ടവൾ, തിരിച്ചെടുക്കാൻ പറ്റാത്തവിധം ത്വലാഖ് ചൊല്ലപ്പെട്ട ഗർഭിണി എന്നിവയുടെ ഫിത്വർ സക്കാത്ത് ഭർത്താവിന്റെ മേൽ നിർബന്ധമാണ്. അവർക്ക് ചിലവിന് കൊടുക്കൽ അവന്റെ മേൽ നിർബന്ധമായതാണ് കാരണം

പിണങ്ങിയ ഭാര്യ

പിണക്കത്തിലിരിക്കുന്ന ഭാര്യയുടെ ഫിത്വർ സക്കാത്ത് ഭർത്താവിന്റെ മേൽ നിർബന്ധമില്ല. ചെലവ് കൊടുക്കൽ അവന്റെ മേൽ നിർബന്ധമില്ലാത്തത് പോലെ തന്നെ. എങ്കിലും അവൾ ധനികയാണെങ്കിൽ അവൾ കൊടുക്കൽ നിർബന്ധമാണ്.

സമ്പന്ന സന്താനം

സാമ്പത്തിക ശേഷിയുള്ള കുട്ടിയുടേത് അവന്റെ  മുതലിൽ നിന്ന് തന്നെയാണ് കൊടുക്കേണ്ടത്. എങ്കിലും പിതാവിന്റെ മുതലിൽ നിന്ന് പിതാവിന് കൊടുക്കാവുന്നതാണ്. പിന്നീട് തിരിച്ചു വാങ്ങാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തിരിച്ചുവാങ്ങാവുന്നതുമാണ്.

ജാര  സന്തതി

അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയുടെ ഫിത്വർ സകാത്ത് നിർബന്ധമാകുന്നത് മാതാവിന്റെ  മേലിലാണ്. 

ശർത്തുകൾ

1 നിയ്യത്ത് 

ഇത് എന്റെ  സകാത്താണ് എന്ന് നീക്കിവെക്കുമ്പോഴോ ഏൽപിക്കുമ്പോഴോ നിയ്യത്ത് ചെയ്യണം. നിയ്യത്ത് ചെയ്യാൻ വക്കീലിനെ (ഇടനിലക്കാരനെ) ചുമതലപ്പെടുത്തുകയും ചെയ്യാവുന്നതാണ്. സകാത്ത് വിതരണത്തോട് നിയ്യത്തിനെ അന്യരിപ്പിക്കൽ ശർത്തില്ല.

2 അവകാശികൾ.

വിശുദ്ധ ഖുർആനിൽ എട്ട് അവകാശികളെ വിവരിക്കുന്നുണ്ട്. ഇങ്ങനെ ഖുർആൻ പരിചയപ്പെടുത്തിയ അവകാശികളിൽപെട്ടവർക്ക് നൽകിയാൽ മാത്രമേ സകാത്ത് വീടുകയുള്ളൂ. അവരിൽ പെടാത്തവർക്ക് നൽകിയാൽ ഒരിക്കലും വീടുന്നതല്ല. എട്ടു വിഭാഗത്തിൽ അഞ്ചു വിഭാഗം മാത്രമേ കേരള മഹല്ലുകളിൽ ഇന്ന് നിലവിലുള്ളൂ.

അഹ്ലു ബൈത്ത്.

സ്വദഖകൾ ( സകാത്ത്) ജനങ്ങളുടെ അഴുക്കാണ് അത് ഹാശിമിക്കോ, മുത്ത്വലിബിക്കോ അനുവദനീയമാകുകയില്ല എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിൽ ഹാശിമിൻ്റെയോ മുത്ത്വലിബിന്റെയോ സന്താന പരമ്പരയിൽ പെട്ടവർക്ക് (അഹ്ലു ബൈത്ത് /തങ്ങന്മാർ ) സകാത്ത് കൊടുക്കൽ അനുവദനീയമല്ല. വാങ്ങുന്നവൻ മുസ്ലിമായിരിക്കുക, സ്വതന്ത്രനാവുക, ഹാശിമിയോ മുത്ത്വലിബിയോ അല്ലാതിരിക്കുക, എന്നിവ ശർത്തായതിനാൽ അഹ്ലു‌ബൈത്തിന് കൊടുത്താൽ
സകാത്ത്  വീടുന്നതല്ല. 


അവകാശികൾ

1  ഫഖീർ : തന്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ചിലവിന് മതിയാകുന്ന അനുയോജ്യമായ ജോലിയോ ധനസ്‌ഥിതിയോ ഇല്ലാത്തവൻ.

2 മിസ്കീൻ : കുറഞ്ഞ വരുമാനം ലഭിക്കുന്ന ജോലിയോ ധനമോ ഉള്ളവനും ആവശ്യത്തിന് അത് മതിയാകാത്തവനുമാണ്.

3 ആമിൽ : ഇസ്ലാമിക ഭരണാധിപൻ നിശ്ചയിക്കുന്ന സകാത്ത് ഉദ്യോഗസ്ഥൻ

4 പുതു വിശ്വാസി:

5 കടക്കാരൻ :  ദോശകരമല്ലാത്ത ആവശ്യത്തിന് വേണ്ടി കടം വാങ്ങിയവൻ.

6 യോദ്ധാവ് : ശമ്പളവും മറ്റുമില്ലാതെ ധർ‌മ്മയുദ്ധത്തിന് സന്നദ്ധനായവൻ.

7 വഴിയാത്രക്കാരൻ: സകാത്ത് കൊടുക്കുന്ന നാട്ടിലൂടെ കടന്നു പോകുന്ന അനുവദനീയ യാത്രക്കാരനും. ആ നാട്ടിൽ നിന്നും അനുവദനീയ യാത്രയിൽ പെട്ടവനും.

8 മോചന  പത്രം എഴുതപ്പെട്ട അടിമ : 

ഈ എട്ടുവിഭാഗത്തിൽ ഫഖീർ, മിസ്‌കീൻ, പുതുവിശ്വാസി, കടക്കാരൻ യാത്രക്കാരൻ എന്നിങ്ങനെ അഞ്ച് വിഭാഗം മാത്രമേ കേരള മഹല്ലുകളിൽ ഇന്ന് നിലവിലുളളൂ 


വിതരണം ചെയ്യേണ്ട സമയം

റമളാനിന്റെ  അവസാന ഘട്ടവും ശവ്വാലിന്റെ ആദ്യഘട്ടവും പ്രാപിക്കുന്നതോടു കൂടിയാണിത് നിർബന്ധമാവുക. നിർബന്ധമായ ഘട്ടം മുതൽ പെരുന്നാൾ നിസ്കാരം വരെയാണിതിന്റെ  സമയം. നിസ്കാരത്തെയും വിട്ട് പിന്തിക്കൽ കറാഹത്തും പെരുന്നാൾ ദിനം വിട്ട് പിന്തിക്കൽ ഹറാമുമാണ്. റമദാനിന്റെ  അവസാന സൂര്യസ്‌തമയത്തിനു ശേഷം സംഭവിച്ച ജനനം, വിവാഹം, അടിമയെ ഉടമയാക്കൽ ഇസ്‌ലാം ആശ്ശേഷണം ഐശ്വര്യം എന്നിവയാൽ ഫിത്വർ സകാത്ത് നിർബന്ധമാവുകയില്ല. ശേഷം സംഭവിച്ച മരണം, ത്വലാഖ്, അടിമത്വമോചനം ഉടമാവകാശം നീങ്ങൽ എന്നിവ മൂലം ഫിത്വർ സകാത്ത് ഒഴിവാകുന്നതും അല്ല.


മുൻകൂട്ടി   നൽകൽ

ശവ്വാൽ മാസപ്പിറവിയോടെയാണിത് നിർബന്ധമാകുന്നതെങ്കിലും റമളാൻ ആദ്യം മുതലേ കൊടുക്കാവുന്നതാണ്. ഇങ്ങനെ മുൻകുട്ടി നൽകുമ്പോൾ കൊടുത്തയാൾ കൊടുക്കാനും വാങ്ങിയയാൾ വാങ്ങാനും ശവ്വാൽ ആദ്യ നിമിഷത്തിൽ അർഹനായിരിക്കണം എന്ന നിബന്ധനയുണ്ട്. വാങ്ങിയവരിൽ നിന്ന് ശവ്വാൽ പിറവിക്ക് മുമ്പ് അർഹത നീങ്ങിയാൽ സകാത്ത് പരിഗണിക്കുന്നതല്ല. വീണ്ടും കൊടുത്ത് വീട്ടണം. ദായകനിൽ നിന്ന് കൊടുക്കാനുള്ള അർഹത നീങ്ങിയാൽ അവൻ സക്കാത്ത് വാങ്ങാൻ ബാധ്യസ്ഥനായിരുന്നില്ലെന്ന് മനസ്സിലാക്കാം.

പിന്തിക്കൽ

പെരുന്നാൾ നിസ്‌കാരം വിട്ട് പിന്തിക്കൽ കറാഹത്തും പെരുന്നാൾ ദിനം വിട്ട് പിന്തിക്കൽ ഹറാമുമാണെങ്കിലും കുടുംബം അയൽവാസി തുടങ്ങിയവരെ പ്രതീക്ഷിച്ച് സൂര്യാസ്‌തമനം വരെ പിന്തിക്കൽ സുന്നത്താണ്. 

എവിടെ നൽകണം

സക്കാത്ത് നിർബന്ധമായവർ ഏത് നാട്ടിലാണോ ആ നാട്ടിലാണ് വിതരണം ചെയ്യേണ്ടത്. നിരുപാധികം അന്യനാട്ടിലേക്ക് വിതരണം ചെയ്യുന്നത് അനുവദനീയമല്ല.

ഗൾഫ്കാർ 

ഗൾഫ് മലയാളികൾ അവിടുത്തെ മുഖ്യാഹാരമായ ധാന്യം അവിടെ ത്തന്നെ വിതരണം ചെയ്യണം നാട്ടിലുള്ള ഭാര്യ സന്താനം തുടങ്ങി താൻ ചിലവ് കൊടുക്കൽ നിർബന്ധമായവരുടേത് നാട്ടിൽ തന്നെ നാട്ടിലെ മുഖ്യാഹാരം നൽകണം. ഗൾഫിലുള്ളവരുടെ ഫിത്വർ സക്കാത്ത് നാട്ടിൽ നൽകുന്നത് നിരുപാധികം അനുവദനീയമല്ല. ഗൾഫിൽ സ്വീകരിക്കാൻ അർഹരും സന്നദ്ധരും ഉണ്ടായിരിക്കേ നാട്ടിലേക്കോ മറ്റോ നീക്കം ചെയ്‌താൽ മതിയാകുന്നതല്ല.

വിതരണ രീതി

1 സകാത്ത് വിഹിതം അവകാശികൾക്ക് സ്വന്തമായി എത്തിച്ചു  കൊടുക്കുക
2 ഇസ്ലാമിക ഭരണം നടത്തുന്ന ഇമാമിനെ ഏൽപ്പിക്കുക.
3 അവകാശികളിലെത്തിക്കാൻ വേണ്ടി വിശ്വസ്തനായ ഒരാളെ ചുമതലപ്പെടു ത്തുക.

എന്നീ മൂന്ന് മാർഗമാണ് സകാത്ത് വിതരണത്തിന് ഇസ്ലാം നിർദ്ദേശിക്കുന്നത്. ഈ മൂന്ന് രീതിയിൽ ഏതെങ്കിലും ഒന്നിൽ തൻ്റെ വിതരണം ഉൾപ്പെട്ടോ എന്ന് ഓരോ ദായകനും ഉറപ്പ് വരുത്തേണ്ടതാണ്. സ്വന്തമായി വിതരണം ചെയ്യുന്നത് വക്കാലത്തായി വിതരണം ചെയ്യുന്നതിനേക്കാൾ ഉത്തമമാണ്. 

സക്കാത്ത് കമ്മറ്റി

 മേൽപറഞ്ഞ ഒരിനത്തിലും പെടാത്തതിനാൽ കമ്മറ്റിയെ ഏൽപ്പിക്കാൻ പാടില്ല. കമ്മറ്റി അവകാശി അല്ലാത്തതിനാൽ ഒന്നാം ഇനത്തിലും ഇമാം അല്ലാത്തതിനാൽ രണ്ടാം ഇനത്തിലും എൽപ്പിക്കപ്പെടുന്ന വ്യക്ത‌ി നിർണ്ണിതമായിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ മൂന്നാം ഇനത്തിലും കമ്മറ്റി പെടുന്നതല്ല. കമ്മറ്റിയെ ഏൽപ്പിച്ചാൽ സക്കാത്ത് വീടുന്നതല്ല.


(ബഹു: സഈദ് സഅദിയുടെ ഫിത്വർസക്കാത്ത് എന്ന പുസ്‌തകത്തിൽ നിന്ന് ) 

അല്ലാഹു തആലാ നമ്മുടെ സർവ്വ പ്രവർത്തനങ്ങളെയും ഒരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ. റമളാനിലെ വരാനിരിക്കുന്ന രാവുകളിലുള്ള ദുആയിൽ ഈ വിനീതനയും ഉൾപ്പെടുത്തണമെന്ന് വിനയ പൂർവ്വം അറിയിച്ചുകൊള്ളുന്നു.
എന്ന് .
അബ്ദുല്ല ചെരുമ്പ
: 00971 50 7927429