മകനേ, ഇത് നിന്നോടുള്ള ഹൃദയസന്ദേശം! മാതാപിതാക്കളുടെ അമൂല്യ സ്നേഹവും അനാദരവിന്റെ കൈപ്പേറിയ ഫലവും

എന്റെ പ്രിയപ്പെട്ട മകനേ, നിന്റെ മാതാവിനെ നീ ഒരിക്കലും വിസ്മരിക്കരുത്. നിന്റെ ദേഷ്യത്തിന്റെയോ വികാരവിജൃംഭിതനായ നിമിഷങ്ങളിൽ പോലും അവരോടുള്ള ആദരവും ബഹുമാനവും നീ കുറയ്ക്കരുത്. അവരെ ഒരിക്കലും തനിച്ചാക്കരുത്. നീ ആദ്യമായി ശ്വാസമെടുക്കുന്നതിനും മുമ്പ്, സ്വന്തം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നിന്നെ സ്നേഹിച്ച ഒരേയൊരു വ്യക്തി നിന്റെ ഉമ്മ മാത്രമാണെന്ന കാര്യം മറക്കരുത്. നീ നിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ വേണ്ടി സ്വന്തം സ്വപ്നങ്ങൾ ത്യജിച്ചവളാണ് അവർ. അവരുടെ മുഖത്തെ ഓരോ ചുളിവുകളും നിനക്കുവേണ്ടി അവർ നയിച്ച ജീവിതപോരാട്ടത്തിന്റെ സത്യസന്ധമായ തെളിവുകളാണ്.

മകനേ, ഇത് നിന്നോടുള്ള ഹൃദയസന്ദേശം! മാതാപിതാക്കളുടെ അമൂല്യ സ്നേഹവും അനാദരവിന്റെ കൈപ്പേറിയ ഫലവും

മകനേ, ഇത് നിന്നോടുള്ള ഹൃദയസന്ദേശം!
മാതാപിതാക്കളുടെ അമൂല്യ സ്നേഹവും അനാദരവിന്റെ കൈപ്പേറിയ ഫലവും

بسم الله والحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه

എന്റെ പ്രിയപ്പെട്ട മകനേ, നിന്റെ മാതാവിനെ നീ ഒരിക്കലും വിസ്മരിക്കരുത്. നിന്റെ ദേഷ്യത്തിന്റെയോ വികാരവിജൃംഭിതനായ നിമിഷങ്ങളിൽ പോലും അവരോടുള്ള ആദരവും ബഹുമാനവും നീ കുറയ്ക്കരുത്. അവരെ ഒരിക്കലും തനിച്ചാക്കരുത്. നീ ആദ്യമായി ശ്വാസമെടുക്കുന്നതിനും മുമ്പ്, സ്വന്തം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നിന്നെ സ്നേഹിച്ച ഒരേയൊരു വ്യക്തി നിന്റെ ഉമ്മ മാത്രമാണെന്ന കാര്യം മറക്കരുത്. നീ നിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ വേണ്ടി സ്വന്തം സ്വപ്നങ്ങൾ ത്യജിച്ചവളാണ് അവർ. അവരുടെ മുഖത്തെ ഓരോ ചുളിവുകളും നിനക്കുവേണ്ടി അവർ നയിച്ച ജീവിതപോരാട്ടത്തിന്റെ സത്യസന്ധമായ തെളിവുകളാണ്.

അവർ നിന്റെ ആത്മാവിന്റെ സംരക്ഷകയും നിന്റെ രഹസ്യങ്ങളുടെ കാവലാളുമാണ്. അതിനാൽ അവരെ സന്തോഷിപ്പിക്കുക, അവരെക്കുറിച്ച് അഭിമാനം കൊള്ളുക, അവരെ അനുസരിക്കുക, അവരുടെ ജീവിതകാലത്തും മരണശേഷവും അവരോട് നന്മ ചെയ്യുന്നവനാവുക. നിനക്കറിയില്ലെങ്കിലും, ഈ ലോകത്ത് നീ കണ്ടെത്തുന്നതിൽ വെച്ച് ഏറ്റവും പരിശുദ്ധവും സത്യസന്ധവും ഉന്നതവുമായ സ്നേഹം തുടിക്കുന്നത് ആ ഹൃദയത്തിലാണ്.

എന്നാൽ മാതാപിതാക്കളെ ദ്രോഹിക്കുന്നതും അവരോട് അനുസരണക്കേട് കാണിക്കുന്നതും (അഖൂഖ്) വളരെ കൈപ്പുള്ള ഒരു ഫലമാണെന്ന് നീ മനസ്സിലാക്കുക. പരലോകത്തിന് മുമ്പ് ഈ ദുനിയാവിൽ വെച്ചുതന്നെ അതിന്റെ കയ്പേറിയ ഫലം നീ അനുഭവിക്കേണ്ടി വരും.

ഇമാം ബുഖാരി തൻറെ 'താരീഖി'ലും അഹ്മദ് ഇബ്നു ഹൻബൽ (റ) തുടങ്ങിയവരും സ്വഹീഹായ സനദോടെ അനസ് ബിൻ മാലിക് (റ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ ﷺ ഇപ്രകാരം അരുളി:

اثْنَتَانِ يُعَجِّلُهُمَا اللَّهُ فِي الدُّنْيَا قَبْلَ الآخِرَةِ: الْبَغْيُ وَالعُقُوقُ

"രണ്ട് കാര്യങ്ങൾക്ക് അല്ലാഹു പരലോകത്തിന് മുമ്പായി ഈ ദുനിയാവിൽ വെച്ചുതന്നെ വേഗത്തിൽ ശിക്ഷ നൽകുന്നതാണ്: 
അതിക്രമം (അന്യായം പ്രവർത്തിക്കൽ), മാതാപിതാക്കളെ ദ്രോഹിക്കൽ (അനുസരണക്കേട് കാണിക്കൽ)."

മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ താൻ ചെയ്ത ആ കുറ്റത്തിന്റെ കയ്പേറിയ അനുഭവം ഈ ലോകത്ത് വെച്ചുതന്നെ അനുഭവിച്ചറിയും. 
മൻസൂറ നഗരത്തിലെ ഒരു പൊതുസ്ഥലത്ത് ഒരു വയസ്സായ പിതാവ് കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ആളുകൾ കണ്ടു. ആ പിതാവിന്റെ കരണത്ത് അടിക്കുന്ന ഒരു യുവാവിനെ ആളുകൾ വളഞ്ഞുപിടിക്കുകയും അവനെ തല്ലാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ ആ പിതാവ് അപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞു: "അവനെ വെറുതെ വിടൂ, അവൻ എന്റെ മകനാണ്!" ആളുകൾ അത്ഭുതത്തോടെ ചോദിച്ചു: "മകനോ! നിന്റെ മകൻ നിന്റെ കരണത്തടിക്കുകയോ?" ആ പിതാവ് അല്ലാഹുവിനെ മുൻനിർത്തി അവനെ വെറുതെ വിടാൻ ജനങ്ങളോട് അപേക്ഷിച്ചു. തുടർന്ന് ആ പിതാവ് പറഞ്ഞു: "അല്ലാഹു സത്യം, കൃത്യം 20 വർഷങ്ങൾക്ക് മുമ്പ്, ഈ അതെ സ്ഥലത്തു വെച്ചാണ് ഞാൻ എന്റെ പിതാവിന്റെ കരണത്ത് അടിച്ചതു്. 20 വർഷങ്ങൾക്ക് ശേഷം ആ അടി എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു!"

മറ്റൊരു സംഭവത്തിൽ, മകൻ തന്റെ ഭാര്യയുടെ വാക്ക് കേട്ട് പ്രായമായ പിതാവിനെ വീട്ടിൽ നിന്ന് കൈപിടിച്ച് പുറത്താക്കാൻ ശ്രമിക്കുകയാണ്. പാതിരാത്രിയായിരുന്ന ആ സമയത്ത് പിതാവ് കരഞ്ഞുകൊണ്ട് ചോദിച്ചു: "മകനേ, ഈ അർദ്ധരാത്രിയിൽ ഞാൻ എങ്ങോട്ട് പോകാനാണ്? എനിക്ക് പോകാൻ വേറെ സ്ഥലമൊന്നുമില്ലെന്ന് നിനക്കറിയില്ലേ?" എന്നാൽ മകന്റെ ഭാര്യ നിലവിളിച്ചു പറഞ്ഞു: "അയാളെ അടിച്ചിറക്ക്!" മകൻ പിതാവിനെ കൈപിടിച്ച് തള്ളി. പിതാവ് നിലത്തു വീണു. അപ്പോൾ ആ ദ്രോഹിയായ മകൻ പിതാവിനെ കാലിൽ പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ച് വാതിലിന് പുറത്തേക്ക് കൊണ്ടുപോയി. പടികളിലൂടെ താഴേക്ക് വലിച്ചിഴക്കാൻ തുടങ്ങിയപ്പോൾ ആ പിതാവ് പറഞ്ഞു: "മകനേ നിർത്ത്! ഇതുമതി മകനേ! അല്ലാഹു സത്യം, പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ എന്റെ പിതാവിനെ ഈ വാതിൽക്കൽ വരെ മാത്രമേ വലിച്ചിഴച്ചിട്ടുള്ളൂ... അതിൽ കൂടുതൽ നീ എന്നോട് ചെയ്യരുത്!"

ഓർക്കുക, മാതാപിതാക്കളോടുള്ള അനാദരവ് അത്രയും വലിയ പാപമാണ്. അതിന്റെ ഫലം നീ ഈ ലോകത്ത് അനുഭവിക്കുക തന്നെ ചെയ്യും. നീ നിന്റെ മാതാപിതാക്കളെ നോക്കിയ അതേ മോശം നോട്ടം നാളെ നിന്റെ മക്കൾ നിന്നെ നോക്കും; നീ അവരോട് പറഞ്ഞ അതേ മോശം വാക്കുകൾ നാളെ നിന്റെ മക്കളിൽ നിന്ന് നീ കേൾക്കേണ്ടി വരും.

പ്രവാചകന്റെ ﷺ കണ്ണുകൾ നിറഞ്ഞൊഴുകിയ സംഭവം

ഒരിക്കൽ ഒരാൾ പ്രവാചകൻ ﷺ യുടെ അടുക്കൽ തൻറെ പിതാവിനെക്കുറിച്ച് പരാതിപ്പെടാനായി എത്തി. അവൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവ് എന്റെ സമ്പത്തെല്ലാം എടുക്കുന്നു, എനിക്കൊന്നും ബാക്കിവെക്കുന്നില്ല!" അപ്പോൾ പ്രവാചകൻ ﷺ ആ വ്യക്തിയോട് പറഞ്ഞു: "നീ പോയി നിന്റെ പിതാവിനെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വരൂ, നമുക്ക് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കാം."

മകൻ പിതാവിനെ വിളിക്കാൻ പോയി. തൻറെ മകന്റെ ഈ പ്രവൃത്തി ഉണ്ടാക്കിയ കടുത്ത ആഘാതത്തിലും സങ്കടത്തിലും ആ പിതാവ് വഴിയരികിലൂടെ വരുമ്പോൾ ആരും കേൾക്കാതെ തന്റെ മനസ്സിൽ ചില കവിതാശകലങ്ങൾ ചൊല്ലി. ഒടുവിൽ അവർ പ്രവാചകൻ ﷺ യുടെ സന്നിധിയിലെത്തി.

പ്രവാചകൻ ﷺ പിതാവിനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ഈ മകൻ ഉണ്ടാക്കിയ സമ്പത്ത് അവന്റെ അമ്മായിമാർക്കും സഹോദരിമാർക്കും വേണ്ടിയല്ലാതെ മറ്റെവിടെയെങ്കിലും ഞാൻ ചെലവഴിച്ചിട്ടുണ്ടോ എന്ന് താങ്കൾ ഇവനോട് തന്നെ ചോദിച്ചുനോക്കൂ!" പ്രവാചകൻ ﷺ മകനോട് ചോദിച്ചപ്പോൾ അവൻ "അതെ" എന്ന് സമ്മതിച്ചു.

തുടർന്ന് പ്രവാചകൻ ﷺ ആ പിതാവിലേക്ക് തിരിഞ്ഞ് പറഞ്ഞു: "നമുക്ക് ഈ കാര്യം മാറ്റിവെക്കാം. ഇങ്ങോട്ട് വരുമ്പോൾ നീ നിന്റെ മനസ്സിൽ ചൊല്ലിയ കവിത എന്തായിരുന്നു?"

ആ പിതാവ് അത്ഭുതപ്പെട്ടു! "അല്ലാഹുവിന്റെ റസൂലേ, എന്റെ ചെവികൾ പോലും കേൾക്കാത്ത, എന്റെ ഉള്ളിൽ മാത്രം ഞാൻ പറഞ്ഞ ആ വരികൾ താങ്കൾ എങ്ങനെ അറിഞ്ഞു?
" അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് ആ വിവരമെത്തിക്കാൻ ജിബ്‌രീൽ (അ) ആകാശത്തുനിന്ന് ഇറങ്ങിവന്നിരുന്നു! 
സ്വന്തം മകൻ കാരണം ഹൃദയം തകർന്ന ആ പിതാവിന്റെ സങ്കടവും ഉള്ളിലെ വരികളും ജിബ്‌രീൽ (അ) പ്രവാചകന് ഓതിക്കേൾപ്പിച്ചുകൊടുക്കുകയായിരുന്നു.

ആ പിതാവ് കണ്ണീരോടെ പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, താങ്കൾ അല്ലാഹുവിന്റെ ദൂതൻ തന്നെയാണ്! അല്ലാഹു സത്യം, എന്റെ ചെവികൾ പോലും അത് കേട്ടിരുന്നില്ല. ഞാൻ എന്റെ മനസ്സിൽ പറഞ്ഞ വരികൾ ഇതായിരുന്നു:"

غَذَوْتُكَ مَوْلُوداً وَعِلْتُكَ يَافِعاً ... تُعَلُّ بِمَا أُدْنِي إِلَيْكَ وَتَنَّهَلُ
إِذَا لَيْلَةٌ نَابَتْكَ بِالشَّكْوِ لَمْ أَبِتْ ... لِشَكْوَاكَ إِلاَّ سَاهِراً أَتَمَلْمَلُ
كَأَنِّي أَنَا المَطْرُوقُ دُونَكَ بِالَّذِي ... طُرِقْتَ بِهِ دُونِي وَعَيْنِيَ تَهْمَلُ
تَخَافُ الرَّدَى نَفْسِي عَلَيْكَ وَإِنَّهَا ... لَتَعْلَمُ أَنَّ المَوْتَ حَتْمٌ مُؤَجَّلُ
فَلَمَّا بَلَغْتَ السِّنَّ وَالغَايَةَ الَّتِي ... إِلَيْهَا مَدَى مَا كُنْتُ فِيكَ أُؤَمِّلُ
جَعَلْتَ جَزَائِي غِلْظَةً وَفَظَاظَةً ... كَأَنَّكَ أَنْتَ المُنْعِمُ المُتَفَضِّلُ
فَلَيْتَكَ إِذْ لَمْ تَرْعَ حَقَّ أُبُوَّتِي ... فَعَلْتَ كَمَا الجَارُ المُجَاوِرُ يَفْعَلُ

(നീയൊരു പിഞ്ചുകുഞ്ഞായിരുന്നപ്പോൾ ഞാൻ നിന്നെ ഊട്ടി വളർത്തി, നീ വളർന്നു വലുതായപ്പോഴും നിന്റെ ആവശ്യങ്ങളെല്ലാം ഞാൻ നിറവേറ്റി തന്നു. നിനക്ക് വല്ല രോഗമോ വിഷമമോ ഉണ്ടാകുന്ന രാത്രികളിൽ, നിന്റെ വേദന കാരണം ഉറങ്ങാൻ കഴിയാതെ വിങ്ങിപ്പൊട്ടി വീർപ്പുമുട്ടിയത് ഞാനായിരുന്നു. നിനക്കുവന്ന ആ അസുഖം എനിക്കാണ് വന്നത് എന്നപോലെ എന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു. മരണം നിശ്ചിത സമയത്ത് വന്നെത്തുന്ന ഒന്നാണെന്ന് അറിഞ്ഞിട്ടും, നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് എന്റെ മനസ്സ് ഭയന്നുകൊണ്ടിരുന്നു. ഒടുവിൽ, ഞാൻ നിന്നിൽ ആഗ്രഹിച്ച ആ പ്രായത്തിലേക്ക് നീ എത്തിയപ്പോൾ, എനിക്ക് നീ നൽകിയ പ്രതിഫലം കഠിനമായ ക്രൂരതയും പരുഷമായ പെരുമാറ്റവുമായിരുന്നു! എനിക്ക് അതെല്ലാം  തന്ന ഔദാര്യവാൻ നീയാണെന്ന ഭാവത്തിൽ! എന്റെ പിതൃത്വത്തിന്റെ അവകാശം പരിഗണിക്കാൻ നിനക്ക് കഴിഞ്ഞില്ലെങ്കിലും, ഒരു അയൽക്കാരൻ തൻറെ അയൽക്കാരനോട് കാണിക്കുന്ന മര്യാദയെങ്കിലും നീ എന്നോട് കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!)

ഇത് കേട്ട പ്രവാചകൻ ﷺ കണ്ണീരണിഞ്ഞു. തുടർന്ന് ആ മകനോട് ചരിത്രപ്രസിദ്ധമായ ആ വാക്ക് പറഞ്ഞു:

أَنْتَ وَمَالُكَ لأَبِيكَ
(നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനുള്ളതാണ്!)

പിതാവിന്റെ പദവിയും മഹാഭാഗ്യവും

സ്വന്തം മകൻ കാരണം ഹൃദയം തകർന്ന്, ജിബ്‌രീൽ (അ) വരെ ആകാശത്തുനിന്ന് ഇറങ്ങിവരാൻ കാരണമായ ആ സങ്കടം ഇന്ന് ഈ കാലഘട്ടത്തിലെ എത്രയോ പിതാക്കന്മാരുടെ ഉള്ളിലുണ്ട്! 

നബി ﷺ അരുളി:
لاَ يَجْزِي وَلَدٌ وَالِداً إِلاَّ أَنْ يَجِدَهُ مَمْلُوكاً فَيَشْتَرِيَهُ فَيُعْتِقَهُ

(ഒരു മകനും തന്റെ പിതാവിന്റെ അവകാശം പൂർണ്ണമായി വീട്ടാൻ സാധിക്കുകയില്ല; തൻറെ പിതാവ് അടിമയായിരിക്കെ അദ്ദേഹത്തെ വിലയ്ക്ക് വാങ്ങി സ്വതന്ത്രനാക്കുന്ന സാഹചര്യമൊഴികെ.) ഈ കാലഘട്ടത്തിൽ ആർക്കും അങ്ങനെ ചെയ്യാൻ സാധ്യമല്ലാത്തതിനാൽ, ഒരു മകനും തൻറെ പിതാവിന്റെ കടമ പൂർണ്ണമായി വീട്ടാൻ കഴിയില്ലെന്ന് സാരം.

മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു: കുട്ടികൾ മാതാപിതാക്കളെ പേടിയുള്ളവരും, ദുഃഖിപ്പിക്കുന്നവരും, പിശുക്കന്മാരാക്കുന്നവരുമാണ് (إن الولد مجبنة محزنة مبخلة). ഒരു പിതാവ് സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് നിന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ജീവിക്കുന്നു. ജീവിതാവസാനം വരെ അവൻ നിന്നെക്കുറിച്ച് ഭയന്നുകൊണ്ടിരിക്കുകയാണ്.

 പിതാക്കന്മാർ എപ്പോഴും മക്കളെറിച്ചുള്ള ആധിയിലാണ്. നിന്റെ വളർച്ചയിൽ, നിന്റെ പഠനത്തിൽ, നിന്റെ ജീവിതമാർഗ്ഗത്തിൽ, നിന്റെ എല്ലാ കാര്യങ്ങളിലും അവർക്ക് ഭയമാണ്. നീ മണ്ണിൽ ഉറച്ചുനിൽക്കുന്നത് വരെ, അല്ല മരണം വരെ ആ ഭയം അവരെ വിട്ടുപിരിയുന്നില്ല! തൻറെ മകൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് അകന്നുപോകുമോ എന്ന് മാത്രമാണ് ഒരു പിതാവിന്റെ ഏറ്റവും വലിയ ഭയം. നിന്നെ സന്തോഷത്തോടെയും സുരക്ഷിതനായും ഉറക്കാൻ വേണ്ടി സ്വന്തം സുഖങ്ങൾ ത്യജിച്ചവനാണ് അവൻ.

മാതാവും പിതാവും സ്നേഹത്തിന്റെ രണ്ട് തലങ്ങൾ

ഒരു പിതാവ് ഈ ലോകം മുഴുവൻ നിന്റെ കൈകളിൽ വെച്ചുതരുന്നു. ജീവിതം നൽകുകയും എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

മാതാവ് ഒമ്പത് മാസം നിന്നെ ഗർഭപാത്രത്തിൽ ചുമന്നപ്പോൾ, പിതാവ് തൻറെ ആയുസ്സ് മുഴുവൻ നിന്നെ ചുമക്കുന്നു.

മാതാവ് നീ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമ്പോൾ, പിതാവ് നീ ഒരിക്കലും പട്ടിണി കിടക്കാതിരിക്കാനുള്ള വഴി പഠിപ്പിക്കുന്നു.

മാതാവ് നിന്നെ മാറോട് ചേർത്തുപിടിക്കുമ്പോൾ, പിതാവ് നിന്നെ തൻറെ തോളിലേറ്റുന്നു.

മാതാവ് കാരുണ്യം പഠിപ്പിക്കുമ്പോൾ, പിതാവ് നിന്നിൽ ഉത്തരവാദിത്തബോധം നട്ടുപിടിപ്പിക്കുന്നു.

മാതാവ് നീ വീഴാതെ സംരക്ഷിക്കുമ്പോൾ, വീണുപോയാൽ എങ്ങനെ എഴുന്നേറ്റു നിൽക്കണമെന്ന് പിതാവ് പഠിപ്പിക്കുന്നു.

ഉമ്മയുടെ സ്നേഹം നീ ജനിക്കുമ്പോൾ തന്നെ അനുഭവിക്കുന്നു; എന്നാൽ ഉപ്പയുടെ സ്നേഹം നീ ഒരു പിതാവായി സ്വന്തം മക്കളെ കൈയിലെടുക്കുമ്പോൾ മാത്രമേ നിനക്ക് പൂർണ്ണമായി മനസ്സിലാകൂ! മാതാവ് സ്നേഹത്തിന്റെ ഉറവിടമാണെങ്കിൽ, പിതാവ് നന്മയുടെയും സ്വഭാവ മഹിമയുടെയും ഉറവിടമാണ്. താൻ കത്തിത്തീർന്ന് നിനക്കും നിന്റെ സഹോദരങ്ങൾക്കും വെളിച്ചം നൽകിയ മെഴുകുതിരിയാണവൻ. കുടുംബത്തിന് സന്തോഷമുണ്ടാക്കാൻ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയും പിരിഞ്ഞ് പ്രവാസത്തിൽ കഴിഞ്ഞവനാണ് അവൻ. രാത്രിയും പകലും കടബാധ്യതകൾ ചുമന്ന്, വീട്ടുവാതിലിൽ എത്തുമ്പോൾ തൻറെ വിഷമങ്ങൾ പുറത്തുവെച്ച് പുഞ്ചിരിയോടെ ഉള്ളിലേക്ക് വന്നവനാണ് നിന്റെ പിതാവ്.

പ്രത്യേകിച്ച് പെൺകുട്ടികൾക്ക് തങ്ങളുടെ ജീവിതത്തിൽ ചാരിനിൽക്കാൻ പറ്റിയ ഏറ്റവും വലിയ മതിലാണ് പിതാവ്. ജീവിതക്കടലിൽ സുരക്ഷിതമായ തോണിയാണവൻ. മനുഷ്യരിൽ യഥാർത്ഥ അനാഥൻ ഉമ്മയില്ലാത്തവനല്ല, മറിച്ച് ഉപ്പയില്ലാത്തവനാണ്!

മക്കളുടെ അനാദരവും അതിനുള്ള പരിഹാരവും

എത്രയോ മക്കളുടെ അവസ്ഥ ഇന്നു സങ്കടകരമാണ്! മര്യാദയില്ലാതെ പെരുമാറുന്ന, പിതാവിനോട് ശബ്ദമുയർത്തുന്ന മക്കൾ! വീട്ടിൽ രണ്ടും മൂന്നും വണ്ടികളുണ്ടാകും, എന്നാൽ വയസ്സായ പിതാവ് തന്നെയായിരിക്കും ആശുപത്രിയിലും ചന്തയിലുമെല്ലാം ഓടിനടക്കുന്നത്. മക്കൾ യാതൊരു ഉത്തരവാദിത്തവും ഏൽക്കില്ല!
ചെറുപ്പത്തിൽ മക്കൾക്ക് വേണ്ടിയെല്ലാം ചെയ്തു കൊടുത്ത പിതാവ് ഒടുവിൽ തൻറെ മക്കളിൽ നിന്ന് നല്ലൊരു ഫലം പ്രതീക്ഷിക്കുമ്പോൾ, മക്കൾ തോളുരുമ്മി നടന്ന് പിതാവിനെ ആശ്രയിച്ച് ജീവിക്കുന്ന കാഴ്ച എത്ര സങ്കടകരമാണ്!

ഒരു മകന് തൻറെ പിതാവിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം തൻറെ സ്വഭാവ മഹിമയും ഉന്നതിയുമാണ്. ആളുകൾ നിന്നെ കണ്ട് "നിന്നെ വളർത്തിയ മാതാപിതാക്കൾക്ക് അല്ലാഹു കരുണ ചെയ്യട്ടെ" എന്ന് പറയുന്നത് കേൾക്കുന്നതാണ് ഒരു പിതാവിന്റെ ഏറ്റവും വലിയ സന്തോഷം.

നിന്റെ പിതാവ് ക്രൂരനോ, വീഴ്ച വരുത്തുന്നവനോ, കഠിന സ്വഭാവക്കാരനോ ആകട്ടെ... അദ്ദേഹം നിന്റെ പിതാവാണ്! നിനക്ക് ഭാര്യയെ മാറ്റാം, പുതിയ മക്കളുണ്ടാകാം, എന്നാൽ പുതിയൊരു പിതാവിനെ നിനക്ക് എവിടെനിന്ന് കിട്ടാനാണ്? അതുകൊണ്ട് അവരോട് ക്ഷമിക്കുകയും ഏറ്റവും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുക.

മഹത്തായ പാപങ്ങളിൽ (കബാഇർ) പെട്ടതാണ് മാതാപിതാക്കളെ ദ്രോഹിക്കൽ. നബി ﷺ ചോദിച്ചു:

أَلا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟ قَالُوا: بَلَى يَا رَسُولَ اللَّهِ، قَالَ: الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ

"ഏറ്റവും വലിയ വൻപാപങ്ങളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? സ്വഹാബികൾ പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. പ്രവാചകൻ ﷺ പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കലും (ശിർക്ക്) മാതാപിതാക്കളെ ദ്രോഹിക്കലുമാണത്."
നമ്മൾ ഒരിക്കലും മാതാപിതാക്കൾക്ക് നേരെ കോപത്തോടെ കണ്ണുയർത്തി നോക്കരുത് എന്നാണ്. 

മാതാപിതാക്കളുടെ ഹൃദയം മക്കളെ സ്നേഹിക്കാൻ തനിയെ പടക്കപ്പെട്ടതാണ്. ഒരു പക്ഷിക്കുഞ്ഞ് മുട്ടയ്ക്കകത്തുള്ള മുഴുവൻ പോഷകങ്ങളും ഊറ്റിക്കുടിക്കുമ്പോൾ ആ മുട്ട വെറുമൊരു തോടായി മാറുന്നതുപോലെ, ഒരു പച്ചച്ചെടി വിത്തിനുള്ളിലെ മുഴുവൻ സത്തും വലിച്ചെടുക്കുമ്പോൾ ആ വിത്ത് വെറുമൊരു വയ്ക്കോലായി മാറുന്നതുപോലെ, മക്കൾ തങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തിന്റെ മുഴുവൻ ഊർജ്ജവും സത്തും വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ മാതാപിതാക്കൾ ജീർണ്ണിച്ച വാർദ്ധക്യത്തിലേക്ക് വീഴുമ്പോഴും അവർ സന്തോഷവാന്മാരാണ്! മകന് നൽകാൻ സ്വന്തം വായിലെ ഭക്ഷണം എടുത്തുനൽകുന്ന പിതാവും, പിഞ്ചുകുഞ്ഞിനെ ഉറക്കാൻ രാത്രി മുഴുവൻ ഉറക്കമൊഴിക്കുന്ന മാതാവും... ഈ കാരുണ്യം അല്ലാഹു അവരുടെ ഹൃദയത്തിൽ നിക്ഷേപിച്ചിട്ടില്ലായിരുന്നുവെങ്കിൽ മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് ഒഴുകുന്ന ഈ സ്നേഹത്തോടെ ജീവിതം മുന്നോട്ടുപോകുമായിരുന്നില്ല.

അതുകൊണ്ടാണ് വിശുദ്ധ ഖുർആനിൽ മാതാപിതാക്കളോട് മക്കളെ നന്നായി നോക്കാൻ കൽപ്പിക്കുന്ന ആയത്തുകൾ എവിടെയും കാണാത്തത്; കാരണം മാതാപിതാക്കൾക്ക് മക്കളോട് സ്നേഹം കാണിക്കാൻ പ്രത്യേക കൽപ്പനയുടെ ആവശ്യമില്ല, അത് അവരുടെ പ്രകൃതത്തിൽ ഉള്ളതാണ്. എന്നാൽ മക്കൾക്ക് എല്ലാ കാലത്തും മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്.

പ്രിയപ്പെട്ട സഹോദരീ, സഹോദരാ മാതാപിതാക്കൾ നമ്മെവിട്ടു പിരിയുന്നതിന് മുമ്പ് അവരെ ചേർത്തുപിടിക്കുക. അവർ മരണപ്പെട്ടു കഴിഞ്ഞാൽ രക്തക്കണ്ണീരൊഴുക്കിയിട്ടും കാര്യമില്ല.

الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ
"നീ ഉമ്മയുടെ പാദങ്ങളെ മുറുകെ പിടിക്കുക, കാരണം അവിടെയാണ് സ്വർഗ്ഗം."

നിന്റെ പിതാവ് മരണപ്പെട്ടുപോയെങ്കിൽ വലിയൊരു നന്മ നിനക്ക് നഷ്ടമായിരിക്കുന്നു. നിന്റെ ഉമ്മയും മരണപ്പെട്ടെങ്കിൽ അതിനേക്കാൾ വലിയ നന്മ നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അല്ലാഹുവിന് തൃപ്തികരമായ പ്രവൃത്തികൾ ചെയ്യുക. എന്നാൽ മാതാപിതാക്കളുടെ മരണശേഷവും അവരോടുള്ള നന്മ ചെയ്യൽ അവസാനിക്കുന്നില്ലെന്ന് നീ അറിയുക. അവർക്കുവേണ്ടി ധാരാളമായി പ്രാർത്ഥിക്കുക (ദുആ ചെയ്യുക), ഇസ്തിഗ്ഫാർ ചെയ്യുക (പാപമോചനം തേടുക), അവർക്കുവേണ്ടി ദാനധർമ്മങ്ങൾ (സ്വദഖ) ചെയ്യുക, അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുക. 
മാതാപിതാക്കൾ മരണപ്പെട്ടാലും അവരുടെ ബന്ധുക്കളോട് നന്മ കാണിക്കുന്നത് മാതാപിതാക്കളോടുള്ള കടമ നിർവ്വഹിക്കലിന്റെ ഭാഗമാണ്.

അതുകൊണ്ട് ഇന്ന് തന്നെ നിന്റെ പിതാവിന്റെ അടുക്കലേക്ക് മടങ്ങുക, അവിടുത്തെ പാദങ്ങൾ ചുംബിക്കുക. നിന്റെ ഉമ്മയുടെ പാദങ്ങളിൽ അമരുക; കാരണം അതാണ് നിന്റെ സ്വർഗ്ഗം.

അല്ലാഹു നമ്മെയും നിങ്ങളെയും മാതാപിതാക്കളോട് നന്മ ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ. മാതാപിതാക്കളെ ദ്രോഹിക്കുന്നതിൽ നിന്ന് നമ്മെയും നിങ്ങളെയും അവൻ അകറ്റിനിർത്തട്ടെ. അവൻ അതിന് കഴിവുള്ളവനാണ്. അല്ലാഹുവേ, ഞങ്ങൾക്ക് ഉപകാരപ്രദമായ അറിവ് നൽകേണമേ, നീ നൽകിയ അറിവ് കൊണ്ട് ഞങ്ങൾക്ക് ഉപകാരം നൽകേണമേ... ആമീൻ.

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files