മദീന മുനവ്വറ

"എന്റെ ഈ പള്ളിയിൽ വെച്ച് നിസ്‌കരിക്കുന്നത് മസ്‌ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നിസ്‌കരിക്കുന്നതിന് തുല്യമാണ്" (ബുഖാരി, മുസ്‌ലിം).അശ്റഫുൽ ഖൽഖ് റസൂൽ(സ്വ)യുടെ ഖബറുശ്ശരീഫ് അവിടുന്ന് താമസിച്ചിരുന്ന ഹുജ്റയിലാണ് സ്ഥിതിചെയ്യുന്നത്. ചുറ്റു ഭാഗങ്ങളും  പിത്തള കൊണ്ടുള്ള ചുവർ കൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. ഹുജ്റശരീഫിൽ മൂന്ന് ഖബറുകളുണ്ട്.

മദീന മുനവ്വറ

മദീനാ മുനവ്വറ സന്ദർശനം

സത്യവിശ്വാസിയുടെ ജീവിതാഭിലാഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദീനാ മുനവ്വറ സന്ദർശനം. സൃഷ്ടികളിൽ അത്യുത്തമരും നേതാവും നായകരും  മാർഗ ദർശിയും ശിപാർശകരും  പ്രപഞ്ചോൽപത്തിക്കു കാരണദൂതരും എല്ലാമെല്ലാമായ സയ്യിദുനാ റസൂലല്ലാഹി(സ്വ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ സ്ഥാനമാണ്. "എന്നെ എന്റെ വിയോഗാനന്തരം ആരെങ്കിലും സന്ദർശിച്ചാൽ എന്റെ  ജീവിത കാലത്ത് എന്നെ സന്ദർശിച്ചവനെപ്പോലെയായി" എന്ന നബി(സ്വ)യുടെ വചനം ശ്രദ്ധേയമാണ്.

"എന്റെ ഖബറിടം സന്ദർശിക്കുന്നവർക്ക് എന്റെ ശിപാർശ നിർബന്ധമായിക്കഴിഞ്ഞു"  എന്ന ഹദീസ് സന്ദർശകരെ  ആവേശഭരിതനാക്കുന്നു. "ഒരാൾ ഹജ്ജ്  ചെയ്യാനെത്തിയിട്ട് എന്നെ സന്ദർശിക്കാതെ പോയാൽ അവൻ എന്നോട് പിണങ്ങിയവനാണെന്ന്" ഹദീസിൽ വന്നിട്ടുണ്ട്. 

"മദീനായാത്ര പുറപ്പെടുമ്പോൾ നബി (സ്വ)യുടെ സിയാറത്ത് കരുതുന്നതോടൊപ്പം അവിടുത്തെ പള്ളിയിൽ വെച്ചുള്ള നിസ്‌കാരവും കരുതൽ സുന്നത്താണ്. നിശ്ചയം സത്യവിശ്വാസം മദീനയിലേക്ക് അഭയം കൊള്ളുന്നതാണ്. സർപ്പം അതിന്റെ മാളത്തിലേക്ക് അഭയം കൊള്ളും പ്രകാരം" (ബുഖാരി).

“നാശകാരിയായ ദജ്ജാൽ മക്കയിലും മദീനയിലും ചവിട്ടുകയില്ല" (ബുഖാരി മുസ്‌ലിം). അതുപോലെ വ്യാപകമരണത്തിന് ഹേതുകമായ മാരകവ്യാധികൾ മദീന ശരീഫിൽ ഉണ്ടാവുകയില്ല. നബി (സ്വ)പറയുന്നു. "മദീനയുടെ അതിർത്തികളിൽ കാവൽക്കാരായ മലക്കുകളുണ്ട്. ത്വാഊൻ രോഗവും (മാരകവ്യാധി) ദജ്ജാലും അങ്ങോട്ട് പ്രവേശിക്കുകയില്ല". (ബുഖാരി മുസ്ലിം).

സത്യവിശ്വാസിക്ക് ഭൂമിയിലെ പറുദീസയാണ് മദീനാമുനവ്വറ. 

മദീനായാത്രയുടെ ആരംഭം മുതൽ സ്വലാത്തും സലാം പ്രത്യേകമായി അധികരിപ്പിക്കണം. അല്ലാഹു ലോകത്തിനാകമാനം അനുഗ്രഹമായി അയച്ചു തന്ന കാരുണ്യത്തിന്റെ ഉറവിടമാണവിടുന്ന് നബി(സ്വ) തങ്ങൾക്ക് ഇഷ്ട്ടമില്ലാത്തത് ഒന്നും പ്രവർത്തിക്കാനിടവരരുത്. ഞാൻ മരണമടഞ്ഞാലും  നിങ്ങളുടെ കർമ്മങ്ങൾ എനിക്ക് കാണിക്കപ്പെടുമെന്നും നന്മ കണ്ടാൽ സന്തോഷിക്കുമെന്നും തിന്മ കണ്ടാൽ ദുഃഖിക്കുമെന്നും പറഞ്ഞ നബി (സ്വ) നമ്മുടെ കണ്ണിൽ നിന്നു മറഞ്ഞുവെന്ന് മാത്രമേയുള്ളൂ. പ്രവാചകചര്യകൾ പൂർണമായി അനുധാവനം ചെയ്യുക. താടി വളർത്തുക, മുടി ചീകുക, വ്യത്തിയിൽ നടക്കുക, തല മറക്കുക, സുഗന്ധം പുരട്ടുക,
ബ്രഷ് ചെയ്യുക മുതലായ ചെറുതും വലുതുമായ എല്ലാ സുന്നത്തുകളും പിന്തുടരണം. വെറുക്കപ്പെടുന്ന വാസനയുള്ള വല്ലതും ഭക്ഷിച്ചവർ നമ്മുടെ പള്ളിയിൽ വരരുതെന്ന നബി(സ)യുടെ താക്കീത് പുകവലിക്കാർ ഗൗരവത്തോടെ  കാണണം. യാത്രയിൽ കണ്ടുമുട്ടുന്ന യാചകരെ വെറുതെ മടക്കരുത്. മദീനയിലേക്ക് അടുക്കും തോറും അവിടുത്തെ കാണാനുള്ള ശൗഖ് വർധിക്കണം. സിയാറത്ത് സ്വീകാര്യമാകാനും നബി(സ്വ)യുടെ സുന്നത്തുകൾ ജീവിത മാർഗമായിക്കിട്ടാനും നബി(സ്വ)യൊന്നിച്ച് സ്വർഗീയ പൂങ്കാവനത്തിൽ ഒരുമിച്ചു കൂടാനും മറ്റാവശ്യങ്ങൾക്കും അല്ലാഹുവോട് അകമഴിഞ്ഞ് പ്രാർഥിക്കണം.  

മദീനാ നിവാസികളോട് പ്രത്യേകം സ്നേഹം കാണിക്കണം. പുതുവസ്ത്ര മണിഞ്ഞ് സുഗന്ധം പുരട്ടി നല്ല വേഷത്തിലും അച്ചടക്കത്തിലും ശുദ്ധിയോടെ ഹറമിലേക്ക് പുറപ്പെടണം. പള്ളിയിൽ ചെല്ലുമ്പോഴെല്ലാം അവിടുത്തേക്കും കൂട്ടുകാർക്കും സലാം പറയുക. മദീനാ ശരീഫിൽ വെച്ച് കഴിവതും സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുക. ഖുർആൻ ഖതം തീർക്കുക. സ്വലാത്തുകൾ പെരുപ്പിക്കുക. മദീനയിലുണ്ടാകുന്ന എല്ലാ വിഷമങ്ങളിലും പ്രയാസങ്ങളിലും ക്ഷമിക്കുക. ബുദ്ധിമുട്ട്
പ്രകടിപ്പിക്കാതിരിക്കുക. പൊടിപടലങ്ങളിൽ പോലും വെറുപ്പുണ്ടാകരുതെന്ന് മഹാന്മാർ പറയുന്നുണ്ട്. നബി(സ്വ) പറയുന്നു: "മദീനയുടെ പ്രയാസങ്ങളിൽ വല്ലവനും ക്ഷമിച്ചാൽ അന്ത്യദിനത്തിൽ ഞാൻ അവന്റെ ശിപാർശകനാകും" (മുസ്‌ലിം). മറ്റൊരു ഹദീസ് ഇപ്രകാരമുണ്ട്."മദീനയുടെ പൊടിപടലങ്ങളിൽ എല്ലാ രോഗത്തിനും ശമനമുണ്ട്". 

മദീനയിലുണ്ടാകുന്ന കാരക്ക ഭക്ഷിക്കുക. പലയിനം കാരക്കകളും അവിടെയുണ്ട്. നബി(സ്വ) പ്രത്യേകം പേരെടുത്ത് പറഞ്ഞ ഒരിനമാണ് അജ്‌വ. നബി (സ്വ) പറഞ്ഞു: "മദീനയിലെ അജ്‌വ കാരക്കയിൽ നിന്ന് ഏഴെണ്ണം രാവിലെ വെറും വയറ്റിൽ ആരെങ്കിലും ഭക്ഷിച്ചാൽ സിഹ്റ്, നഞ്ച് ഉൾപ്പെടെയുള്ള ഒന്നും ആ ദിനം അവനെ ബുദ്ധിമുട്ടിക്കില്ല" (മുസ്‌ലിം). മദീനാ ഹറമിൽ വെച്ച് വേട്ട ജീവികളെ നശിപ്പിക്കരുത്. അവിടെയുള്ള മരമോ ചെടിയോ മുറിക്കലും കല്ലോ മണ്ണോ ഹറമിന് പുറത്ത് കൊണ്ടുപോകലും പാടില്ല. എന്നാൽ അശ്ശിഫാ, വാദി ബുദ്ഹാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു മണ്ണുണ്ട്. ഇത് ഔഷധമെന്ന നിലയിൽ കൊണ്ടുപോകാവുന്നതാണെന്ന് ചില പപണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു.

മസ്ജിദുന്നബവിയുടെ ശ്രേഷ്ഠത

"എന്റെ ഈ പള്ളിയിൽ വെച്ച് നിസ്‌കരിക്കുന്നത് മസ്‌ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നിസ്‌കരിക്കുന്നതിന് തുല്യമാണ്"
(ബുഖാരി, മുസ്‌ലിം).

ഒരാൾ ഒരു വക്‌തും ഒഴിവാകാതെ പൂർണമായ നാൽപത് വഖ്‌ത് നിസ്‌കാരം എന്റെ പള്ളിയിൽ നിസ്ക്‌കരിച്ചാൽ നരകത്തെ തൊട്ടും ശിക്ഷകളെ തൊട്ടും കപടവിശ്വാസത്തെ തൊട്ടും രക്ഷപ്പെട്ടതായി എഴുതപ്പെടുന്നതാണ് (അഹ്‌മദ്, ത്വബ്റാനി).

ലോകത്ത് മറ്റൊരു സ്ഥലത്തിനുമില്ലാത്ത പ്രത്യേകതകൾ പ്രഖ്യാപിക്കപ്പെട്ട റൗളാശരീഫ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം ഈ പള്ളിയിലാണ്  റസൂൽ (സ)യുടെ ഖബറിനും മിമ്പറിനും ഇടക്കുള്ള സ്ഥലമാണത്. റൗളാശരീഫിൽ വെച്ച് പരമാവധി നിസ്‌കരിക്കാനും പ്രാർഥിക്കാനും ഉത്സാഹിക്കണം. ഈ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന 19 തൂണുകൾക്ക് വെള്ള പെയിൻറടിച്ചു പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. റസൂലുള്ളാഹി(സ) യുടെ പള്ളിയിൽ മുമ്പുണ്ടായിരുന്ന തൂണുകളുടെ സ്ഥാനത്തുള്ളതാണ് ഇപ്പോഴത്തെ 19 തൂണുകൾ. റൗളാശരീഫിൽ നിസ്‌കരിക്കുന്നതിന് ലക്ഷങ്ങൾ കണക്കെ പ്രതിഫലമുണ്ടെന്ന്  ഹദീസിൽ വന്നിരിക്കുന്നു.

റൗളശരീഫിലുള്ള തൂണുകളെക്കുറിച്ചും ചില അടയാളങ്ങളെക്കുറിച്ചും അൽപ്പം വിവരിക്കാം.

1. നബി(സ)യുടെ മിഹ്റാബ്: നബി (സ) ഇമാമായി നിസ്‌കരിച്ച  മിഹ്‌റാബാണിയെന്ന് ഇതിന്മേൽ എഴുതപ്പെട്ടിരിക്കുന്നു

2. അൽഉസ്ത്വുവാനതുൽ മുഖല്ലഖ:  ഇത് നബി(സ)യുടെ  മിഹ്റാബിനടുത്തനാണ്. പ്രിയപ്പെട്ട നബി(സ) കൂടുതലായി ഇരിക്കാറുള്ള സ്ഥാനമായിരുന്നതിനാൽ  മഹാത്മ്മാരയ സ്വഹാബാക്കൾ ഇതിൽ സുഗന്ധം  പുരട്ടാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ പേര് സിദ്ധിച്ചത്.

3. അൽ മിഹറാബുസുലൈമാനി: റൗളശരീഫിനകത്ത് രണ്ടാമതൊരു മിഹ്റാബ് കൂടി കാണാം. ഇത് ഹിജ്റ 908 ൽ ഉസ്മാനിയാ ഭരണാധികാരി സുൽത്വാൻ സുലൈമാൻ ബായസീദ് ഖാൻ സ്ഥാപിച്ചതാണ്.

4. ഉസ്ത്വുവാനുൽ ആഇശ: നബി(സ) പലപ്പോഴും ചെന്നിരിക്കുക  ഇവിടെയായിരുന്നു. സ്വഹാബിമാർ ഈ തൂണിനു ചുറ്റും ഹൽഖ കെട്ടി ഇരിക്കുകയും ഇവിടെ വെച്ച് നിസ്ത‌രിക്കുകയും പതിവായിരുന്നു.

5. ഉസ്ത്വുവാനതുസ്സരീർ: സരീർ എന്നാൽ കട്ടിൽ എന്നർത്ഥം.  രാത്രി സമയങ്ങളിൽ ചിലപ്പോൾ ഈ തൂണിനടുത്ത് കട്ടിലിട്ട് നബി(സ) ഉറങ്ങാറുണ്ടായിരുന്നു.

6. ഉസ്ത്വുവാനുൽ ഹിർസ്: ഹിർസ് എന്നാൽ കാവൽക്കാരൻ എന്നാണർഥം. നബിക്ക് രാത്രികാലങ്ങളിൽ കാവൽക്കാരായി നിൽക്കുന്നവർ ഈ തൂണിനു സമീപമായിരുന്നു നിൽക്കുക

7. ഉസ്ത്വുവാനുൽ വുഫൂദ്: നിവേദക സംഘമായോ മറ്റോ വല്ല പ്രതിനിധികളും വിദേശികളും വന്നാൽ അവരെ സ്വീകരിക്കാൻ ഇതിലൂടെയായിരുന്നു നബി(സ്വ) പ്രവേശിച്ചിരുന്നത്.

8. ബാബുജിബ്രീൽ: ഖബറുശ്ശരീഫിനടുത്തായി കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന കവാടമാണിത്. ഇന്ന് ഹറമിലെ ഏറ്റവും പ്രശസ്തമായ വാതിലാണിത്. മഹാനായ ജിബ്രീൽ(അ) നബി(സ്വ)ക്ക് വീട്ടിലായിരിക്കുമ്പോൾ വഹ്‌യുമായി വന്നിരുന്ന വഴിയാണിത്. ഈ കവാടം ഖബറു ശ്ശരീഫിന്റെ തൊട്ടടുത്തായിരുന്നു മുമ്പ്. പഴയനാമം വിസ്മരിക്കപ്പെടാതിരിക്കാൻ പേര് പുതിയ കവാടത്തിന് നൽകുകയും പഴയ ബാബുജിബ്‌രീലിന്റെ സ്ഥാനത്ത് ഒരു ജനൽ സ്ഥാപിക്കുകയും ചെയ്തു. 

9. ഉസ്തവാനതു തൗബഃ: ഈ തൂണിന് അബൂലുബാബയുടെ തൂണ് എന്നും പേരുണ്ട്. അബൂലുബാബ(റ) എന്ന സ്വഹാബിവര്യൻ ഒരു തെറ്റ് ചെയ്‌തു പോയി. കുറ്റബോധം തോന്നിയ അദ്ദേഹം പള്ളിയിലെത്തി ഈ തൂണിൽ തന്റെ ശരീരം സ്വയം ബന്ധിപ്പിക്കുകയും എന്റെ തൗബ സ്വീകരിച്ച വിവരം നബി(സ)ക്ക് അല്ലാഹു അറിയിച്ചാൽ മാത്രമേ ഞാൻ മോചിതനാവുകയുള്ളൂ എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്‌തു. അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ച വിവരം ഖുർആനിലെ സൂറഃ തൗബയുടെ നൂറ്റിരണ്ടാം വാക്യത്തിലൂടെ അവതരിപ്പിക്കുകയും നബി(സ) അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു.

10. സ്വുഫത്തിന്റെ ആൾക്കാരുടെ ചെരുവ്: നബി(സ്വ)യുടെ കൂടെ താമസിച്ച് പഠിച്ചിരുന്ന എഴുന്നൂറോളം വരുന്ന ശിഷ്യന്മാരുടെ ആസ്ഥാനമായിരുന്നു ഇത്. മഹാനായ അബൂഹുറയ്റ(റ) ആയിരുന്നു ഇവരുടെ ലീഡർ.ഖബറുശ്ശരീഫിന്റെ പിൻഭാഗത്തായി ഒരുയർന്ന തറ ഇപ്പോഴും പള്ളിയിൽ കാണാം. ആ ഭാഗത്തായിരുന്നു ഇവർ താവളമടിച്ചിരുന്നത്. ബാബുജിബ്‌രീലിലൂടെ പ്രവേശിച്ചാൽ അവിടെയാണെത്തുക.
 
ആദരണീയ സമക്ഷം

ഹബീബായ റസൂലുല്ലാഹി(സ്വ)യുടെ ആദരണീയ സമക്ഷത്തിങ്കൽ ചെന്ന് നേരിട്ടൊരു സലാം പറയാനുള്ള മുഹൂർത്തം സഫലമാവുകയാണ്. വലതു കാൽ മുന്തിച്ച് സാധാരണ പള്ളികളിൽ പ്രവേശിക്കും പ്രകാരം മസ്‌ജിദുന്നബവിയിൽ കടന്നുചെല്ലുമ്പോൾ ദുആ ഉരുവിടുക.

أعود يا الله العظيم وبوجهه الكريم وسلطانه القدير من الشيطان الرجيم ، بسم الله والحمد الله ، اللهم صل على محمد وعلى آل محمد وسلم ، اللهم اغفر لي ذنوبي وافتح لي أبواب رحمتك وسهل لي أبواب رزقك ، السلام عليك أيها النبي ورحمة الله وبركاته السلام علينا وعلى عباد الله الصالحين

ഇത് ഒന്നാം നമ്പർ കവാടത്തിലൂടെ കടന്നു ചെന്നാൽ കാണുന്ന കാഴ്‌ചയാണ് നേരെ പോയാൽ ഇടതു സൈഡിൽ രിയാളുൽ ജന്നയും ശേഷം നബി(സ)ക്കും ഖലീഫമാർക്കും സലാം പറയുന്നതിനുള്ള ദ്വാരങ്ങളും കഴിഞ്ഞ് ബാബുൽ ബഖീഇലൂടെ പുറത്തിറങ്ങാം. വലതു സെഡിൽ നബി(സ)യുടെ 200 പേരുകളും സലാം പറയുന്ന സ്ഥലത്തിനിരുവശമുള്ള തൂണിലും വീടിന്റെ മറ്റു ഭാഗങ്ങളിലും നബി മദ്ഹുകളും പച്ച പ്രതലത്തിൽ  സ്വർണ ലിപികളാൽ ഉല്ലേഖനം ചെയ്‌തിട്ടുണ്ട്. സലാം പറയുന്ന സ്ഥലത്തിനു മേലെ നബി(സ)യുടെയും ഖലീഫമാരുടെയും പേരുകളും അതിന് മേലെ നബിയോട് നാം കാണിക്കേണ്ട മര്യാദകളെ കുറിച്ചുള്ള ആയത്തുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 

ബാബു ജിബ‌രീലിലൂടെ കടക്കുന്നത് സുന്നത്താണ്. പള്ളിയിലേക്ക് കയറിയ ഉടനെ വിശുദ്ധ റൗളയിലേക്ക് പോയി മിമ്പറിനരികിൽ വെച്ച് രണ്ട് റക്‌അത് തഹിയ്യത്ത് നിസ്‌കരിക്കുക. റൗള പെട്ടെന്ന് കണ്ടെത്താനും അവിടെ നിസ്‌കാര സ്ഥാനം ലഭിക്കാനും പ്രയാസമായാൽ പള്ളിയുടെ ഏതെങ്കിലും സ്ഥലത്തു നിന്ന് തഹിയ്യത്ത് നിസ്‌കരിക്കുക. പരമാവധി പള്ളിയുടെ പഴയ ഭാഗങ്ങളിൽ നിന്നാകാൻ ശ്രമിക്കണം. റൗളയിൽ വെച്ച് തഹിയ്യത്ത് നിസ്‌കരിച്ചശേഷം

اللهم ان هذه روضة من رياض الجنة شرفتها وكرمتها ونورتها بنور نبيك وحبيبك محمد صلى الله عليه وسلم واحشرنا في زمرته وامتنا على محبته وسنته واسقنا من حوضه وبيده الشريفة شربة هنيئة لا نطمأ بعدها أبدا انك على كل شيئ قدير

എന്നു പ്രാർഥിക്കുക. ശേഷം സിയാറത്തിനായി മര്യാദപൂർവ്വം നീങ്ങുക.

റൗളാശരീഫ് 

അശ്റഫുൽ ഖൽഖ് റസൂൽ(സ്വ)യുടെ ഖബറുശ്ശരീഫ് അവിടുന്ന് താമസിച്ചിരുന്ന ഹുജ്റയിലാണ് സ്ഥിതിചെയ്യുന്നത്. ചുറ്റു ഭാഗങ്ങളും  പിത്തള കൊണ്ടുള്ള ചുവർ കൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. ഹുജ്റശരീഫിൽ മൂന്ന് ഖബറുകളുണ്ട്.  ഖിബ് ലയുടെ ഭാഗത്ത് കൂടി ചെല്ലുമ്പോൾ ആദ്യം നബി(സ്വ)യുടെ ഖബറും അൽപ്പം പിറകിൽ നബി(സ്വ)യുടെ ചുമലിനു നേരെ തലയാകും വിധം അബൂബക്കർ സ്വിദ്ദീഖി(റ)ന്റെ ഖബറും അവരുടെ പിറകിലായി നബി(സ്വ)യുടെ കാലിനു നേരെ വരും വിധം ഉമറുൽ ഫാറൂഖ് (റ)ന്റെ ഖബറും സ്ഥിതിചെയ്യുന്നു. പുറത്തുനിന്ന് സിയാറത്ത് ചെയ്യുന്ന ആൾക്ക് ഇപ്രകാരം സങ്കൽപ്പിക്കാനേ കഴിയുകയുളളൂ.
 

ചുറ്റും കെട്ടിയിട്ടുള്ള ദ്വാരങ്ങൾ നിറഞ്ഞ പിത്തളച്ചുവരിൽ ആദ്യം കാണുന്ന വലിയദ്വാരം നബി (സ്വ)യുടെ മുഖത്തിനു നേരെയാണ്. അടുത്തത് അബൂബക്‌ർ (റ)ന്റെയും മൂന്നാമത്തേത് ഉമർ(റ)ന്റെയും മുഖത്തിനു നേരെയാണ് സ്ഥിതി ചെയ്യുന്നത്. വലിയ ദ്വാരത്തിന്റെ നേരെയെത്തിയാൽ ഖിബ് ലക്ക്  പിന്നിട്ട്   ഖബറുശ്ശരീഫിലേക്ക് മുഖം തിരിച്ച് വിനയത്തോടെ നിന്ന് നബി(സ്വ) തങ്ങൾക്ക് സലാം പറയണം. ജീവിച്ചിരിക്കുന്ന പ്രവാചകരെ(സ്വ) കാണാൻ വരുന്ന സർവ്വ മര്യാദകളും മനസ്സിൽ വേണം. 

റസൂൽ(സ്വ)യുടെ സവിധത്തിൽ ഉച്ചത്തിൽ സംസാരിക്കരുതെന്ന് പരിശുദ്ധ ഖുർആനിന്റെ ശക്തമായ വിലക്കുളളതാണ്. അപ്രകാരം സംസാരിക്കുന്നവരുടെ സർവ്വ നന്മകളും നഷ്ടമായിപ്പോകുമെന്ന് അല്ലാഹു പഠിപ്പിച്ചിരിക്കുന്നു. നബി(സ്വ)ക്ക് സലാം പറയേണ്ട ഉത്തമമായ രൂപം ചൊല്ലാൻ തിരക്ക്‌ മൂലം പ്രയാസമാവുകയോ ഇടുങ്ങുകയോ ചെയ്ത‌ാൽ ചുരുങ്ങിയ രീതിയിൽ "അസ്സലാമുഅലൈക യാറസൂലല്ലാഹ്” എന്ന് ചൊല്ലി ചുരുക്കാം. ഇപ്രകാരം ഖലീഫമാർകും മറ്റുമുള്ള സലാമും ചുരുങ്ങിയ രീതിയിൽ നിർവഹിക്കുക.

സ്വയം സലാം ചൊല്ലിയശേഷം നബി (സ്വ)ക്ക് സലാം പറയുവാൻ വല്ലവരും ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് പറയണം. പ്രത്യേകമായി  പേരെടുത്തു പറയാൻ സാധിക്കാത്ത പക്ഷം എന്നെ ഏൽപ്പിച്ചവരുടെ മുഴുവൻ സലാമും എന്ന് പറയാം. പ്രത്യേകം പേരെടുത്ത് പറഞ്ഞ് സലാം പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സലാം കൊണ്ട് ഏൽപ്പിച്ച വ്യക്തിയുടെ പേരും പിതാവിന്റെ പേരും പറയണം. ഉദാഹരണത്തിന് വ്യക്തിയുടെ പേര് മുഹമ്മദ് പിതാവിന്റെ പേര് ഹസ്സൻ السلام عليك يا رسول الله من محمد بن حسن  എന്നു  പറയണം. 

നബി(സ്വ)ക്ക് സലാം പറയേണ്ട രൂപം

السلام عليك أيها النبي الكريم والرسول العظيم الرؤوف الرحيم ورحمة الله وبركاته ، الصلاة والسلام عليك يا سيدنا وحبيبنا وقرّة أعيننا يا رسول الله السلام عليك يا رسول الله ، السلام عليك يا نبي الله ، السلام عليك يا خـليل الله ، السلام عليك يا خير خلق الله، السلام عليك يا حبيب الله، السلام عليك يا امة الله، السلام عليك يا بشير ، السلام عليك يا نذير ، السلام عليك يا طاهر ، السلام عليك يا طهور، السلام عليك يا نبي الرحمة ، السلام عليك يا نبي الأمة ، السلام عليك يا صفوة الله، السلام عليك يا أبا القاسم، السلام عليك يا سراج، السلام عليك يا منير ، السلام عليك يا طاه، السلام عليك يا يس، السلام عليك يا ماحي ، السلام عليك يا عاقب السلام عليك يا حاشر، السلام عليك يا أكرم ولد آدم، السلام عليك يا هادي السلام عليك يا مهدي ، السلام عليك يا قائد الخير، السلام عليك يا فاتح البر، السلام عليك يا جمال ملك الله ، السلام عليك يا نور عرش الله ، السلام عليك يا سيد المرسلين ، السلام عليك يا خاتم النبيّين ، السلام عليك يا رسول رب العالمين السلام عليك يا قائد الغر المحجلين . الصلات والسلام عليك يا من ارسله الله رحمة للعالمين يا من وصفه الله بقوله وإنك لعلى خلق عظيم وبالمؤمنين رؤوف رحيم ، وعلى سائر الأنبياء وارسله وعلى اهل بيتك الطيبين الطاهرين وعلى ازواجك الطاهرات امّهات المؤمنين وعلى اصحابك الكرام وعباد الله الصالحين أشهد أن لا اله الا الله وحده لا شريك له وأشهد أن سيدنا محمدا عبده ورسوله وأشهد أنك يا رسول الله قد بلغت الرسالة وأديت الأمانة ونصحت الأمة ودعوت إلي سبيل ربك بالحكمة والموعظة الحسنة وعبدت ربك  حتي أتاك اليقين ، فصلى الله عليك كثيرا أفضل وأكمل وأطيب ما صلى على أحد من الخلق أجمعين. اللهم اجز عنا نبينا أفضل ما جزيت أحدا من النبيين والمرسل ، اللهم أته الوصيلة والفضيلة وابعثه مقاما محمودا الذي وعدته ، اللهم صل على محمد وعلى آل محمد كما صليت على ابراهيم وعلى آل ابراهيم إنّك حميد مجيد. ربنا آمنا ما أنزلت واتبعنا الرسول فاكتبنا مع الشاهدين والحمد الله رب العالمين  

അബൂബക്കർ(റ)ന് സലാം പറയേണ്ട രൂപം

السلام عليك يا خليفة رسول الله أبا بكر الصديق ، السلام عليك يا من قال حقك رسول الله صلى الله عليه وسلم يا أبا بكر أنت عتيق الله من النار ، السلام عليك يا صاحب رسول الله وثاني اثنين إذ هما في الغار ، السلام عليك يا من أنفق ماله كله في حب الله وحب رسوله حـ لل بالعبا ، جزاك الله خـيرا جزاء، اللهم ارض عنه وارفع درجته وأكرم مقامه وأجزل ثوابه بفضلك وكرمك . آمين

ഉമർ(റ)ന് സലാം പറയേണ്ട രൂപം

السلام عليك يا أمير المؤمنين عمر الخطاب السلام عليك يا من قال حقك رسول الله صلى الله عليه وسلم عمر بن الخطاب سراج أهل الجنة وقال أيضا وما طلعت الشمس على رجل خ من عمر، السلام عليك يا أبا الفقراء والضعفاء والأرامل والأيتام جزاك الله عن أمة رسول الله خ ازاء، اللهم ارض عنه وارفع درجته وأكرم مقامه وأجزل ثوابه بفضلك وكرمك .آمين


ശേഷം ഈ ദുആ ചെയ്യുക

اللهم انك قلت وقولك الحق ، اللهم إنّي أسألك أن تشفع بنبيك ورسولك محمدا صلى الله عليه وسلم يوم لا ينفع مال ولا بنون الا من اتى الله بقلب سليم ، اللهم اجعله أول الشافعين وأنجح السائلين واكرم الأوّلين والآخرين بمنك وكرمك يا أكرم الأكرمين اللهم إنّي أسألك إمانا كاملا ويقينا صادقا حـتي اعلم أنه لا يصيبني إلا ما كتبت وعلما نافعا وقلبا خاشعا ولسانا ذاكرا ورزقا واسعا وحلالا وعملا صالحا واسعا مقبولا وتجارة لن تبور اللهم اشرح  صدورنا واستر عيوبنا واغفر ذنوبنا وآمن خوفنا واختم بالصالحين أعمالنا وتقبل زيارتنا وردنا من غربتنا إلي أهلنا وأولادنا سالمين غانمين واجعل عبادك الصالحين من الذين لا خوف عليهم ولا هم يحزنون ربنا آتنا في الدّنيا حسنة وفي الآخرة حسنة وقنا عذاب النار ربنا لا تزع قلوبنا بعد إذ هديتنا وهب لنا من لدنك رحمرة إنك أنت الوهاب . رب اغفر ولوالدي وللمؤمنين يوم يقوم الحساب. سبحان ربك رب العزة عما يصفون ، وسلام على المرسلين والحمد الله رب العالمين

അല്ലാഹുവേ, നിന്റെ വചനം സത്യമാണ്. നീ പറഞ്ഞിരിക്കുന്നല്ലോ. "നിശ്ചയം അവർ ചെയതു പോയ പാപങ്ങളുമായി നബിയെ  സമീപിക്കുകയും അല്ലാഹുവിനോട് അവരും അവർക്കുവേണ്ടി നബിയും പാപമോചനത്തിനപേക്ഷിച്ചാൽ അല്ലാഹുവെ  പശ്ചാതാപം  സ്വീകരിക്കുന്നവനും കാരുണ്യവാനുമായി അവർ എത്തിക്കും" എന്ന്. അല്ലാഹുവേ ഇത് നിന്റെ വാക്കാണ്. നിന്റെ കൽപ്പനയനുസരിച്ച് നിനക്ക് കീഴ്‌പെട്ട് നബി(സ്വ)തങ്ങളെ ശിപാർശകരാക്കി ഞങ്ങളിതാ വന്നിരിക്കുന്നു. പാപങ്ങൾ ഏറ്റു പറഞ്ഞു നിന്നിലേക്ക് ഞങ്ങൾ പശ്ചാതപിച്ച് മടങ്ങുന്നു. നീ ഞങ്ങളുടെ തൗബ സ്വീകരിക്കണമേ. ഞങ്ങളിൽ അവിടുത്തെ ശിപാർശ നീ അംഗീകരിക്കേണമേ. നിന്റെ അടുക്കൽ നബി തങ്ങൾക്കുള്ള മഹോന്നത പദവിയും സ്ഥാനവും കൊണ്ട് ഞങ്ങളെ നീ ഉയർത്തേണമേ. എന്റെ നേതാവായ തിരു നബിയേ, ഞാൻ എന്റെ പാപങ്ങളെയും പേറി അങ്ങയുടെ സന്നിധിയിലേക്ക് ഭയന്നോടി വന്നിരിക്കുന്നിതാ, അന്ധകാരത്തിലെ പ്രദീപവും ദുഃഖിതരുടെ ദുഃഖം തീർക്കുന്നവരും  സമുദായത്തിന്റെ ശിപാർശകരുമായ നബിയേ, അങ്ങ് എനിക്കു വേണ്ടി രക്ഷിതാവിനോട് ശിപാർശ ചെയ്‌താലും. അല്ലാഹുവേ, ഈ പ്രവാചകരുടെ ഹഖ് കൊണ്ട് നരകത്തെ തൊട്ട് രക്ഷിക്കണേ. കാരുണ്യത്തിന്റെ പ്രവാചകരായിട്ടുളളവരേ, അങ്ങയോടുള്ള കടപ്പാടുകൾ മനസ്സിലാക്കിക്കൊണ്ടും അങ്ങയിലേക്ക് ആശ വെച്ചു കൊണ്ടും അങ്ങയുടെ സന്ദർശകരായി ഞങ്ങൾ വരികയും അങ്ങയുടെ ഈ മഹത്തായ പടിവാതിൽക്കൽ ഞങ്ങൾ വന്നു നിൽക്കുകയും ചെയ്യുന്നു. ഞങ്ങളെ  നിരാശരാക്കി മടക്കി അയക്കരുതേ. അങ്ങയുടെ ശിപാർശയെ ഞങ്ങൾക്ക് തടയരുതേ. ഞങ്ങളുടെ യജമാനരായിട്ടുള്ള അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയോട് ഞാൻ ശിപാർശ തേടുന്നു. അങ്ങ് അല്ലാഹുവിന്റെ ശിപാർശകരാണ്. സ്വിറാത്വിൽ പാദമിടറുമ്പോൾ അങ്ങയുടെ ശിപാർശ സ്വീകരിക്കപ്പെടുന്നതാണ്. അല്ലാഹുവേ, മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബിമാർക്കും കഴിഞ്ഞു പോയ മുഅ്‌മിൻ സഹോദരന്മാർക്കും ഞങ്ങൾക്കും നീ പൊറുത്തുതരേണമേ. കരുണാവാരിധിയേ, നിന്റെ തിരുനബിയുടെ പുണ്യ ഖബറും ഹറമുമായുള്ള ഞങ്ങളുടെ ബന്ധം ഇതുകൊണ്ട് അന്ത്യം കുറിക്കാതെ വീണ്ടും വന്ന് സന്ദർശിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. അല്ലാഹുവേ, നിന്റെ വിധിക്കതീതമായി ഒന്നും ഭവിക്കില്ലെന്ന ദൃഢത ലഭിക്കുമാറുള്ള സത്യസന്ധമായ ഉറപ്പും പരിപൂർണ ഈമാനും ഞാൻ നിന്നോട് ചോദിക്കുന്നു. ഉപകാരപ്രദമായ അറിവും ഭക്തി ധന്യമായ മനസ്സും ദിക്റ് ചൊല്ലുന്ന അധരവും വിശാലമായ ഉപജീവനമാർഗവും ഹലാലായ ആഹാരവും സ്വീകാര്യമായ സദ് കർമങ്ങളും നഷ്ട്‌മില്ലാത്ത കച്ചവടവും നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ മനസ്സകം തുറക്കുകയും ന്യൂനതകൾ മറക്കുകയും പാപങ്ങൾ പൊറുക്കുകയും ഞങ്ങളുടെ ഭയമകറ്റുകയും സദ്‌വൃത്തികൾ കൊണ്ട് ഞങ്ങളുടെ കർമ്മങ്ങൾ പരിസമാപിക്കയും ഞങ്ങളുടെ സിയാറത്തിനെ സ്വീകരിക്കയും വിജയശ്രീലാളിതരും സുരക്ഷിതരുമായി ഞങ്ങളെ ഭാര്യ സന്താനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യേണമേ. ഭയാശങ്കകളും വ്യസനങ്ങളുമില്ലാത്ത സജ്ജനവിഭാഗത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ. നാഥാ, നീ ഞങ്ങൾക്ക് നേർമാർഗം നൽകിയ ശേഷം ഞങ്ങളുടെ ഖൽബുകളെ വ്യതിചലിപ്പിക്കരുതേ. നിന്റെ ഭാഗത്തു നിന്നും കാരുണ്യം ഔദാര്യമായിത്തരേണമേ. നാഥാ, എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും വിചാരണനാളിൽ നീ പൊറുത്തുതരേണമേ.

റസൂൽ(സ്വ)ക്ക് മുന്നിട്ടു കൊണ്ടുള്ള ദുആക്കു ശേഷം ഖിബ്‌ലക്കു തിരിഞ്ഞു തനിക്കും തന്റെ മാതാപിതാക്കൾ കുടുംബങ്ങൾ, ഗുരുവര്യന്മാർ, സഹോദരന്മാർ തുടങ്ങി ബന്ധപ്പെട്ടവർക്കും പൊതുവിൽ എല്ലാ മുസ്‌ലിംകൾക്കും ഐഹികവും പാരത്രികവുമായ നന്മക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിക്കണം. റൗളാശരീഫിനകത്ത് നിസ്‌കരിക്കാനും ഖബറുശ്ശരീഫിനടുത്ത് ചെന്ന് സിയാറത്ത് നടത്താനും സ്ത്രീകൾക്കു പ്രത്യേകം സൗകര്യമുണ്ട്. പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കയ്യിലുളള ചെരിപ്പുകൾ ശബ്ദ‌മില്ലാതെ പതുക്കെ വെക്കണം. അനാവശ്യമായ വിക്രിയകൾ ഉപേക്ഷിക്കണം. ഖബറുശ്ശരീഫിനു സമീപമുള്ള ചുവരുകളും മറ്റും തൊട്ട് ചുംബിക്കുക, നെറ്റി അമർത്തി വെച്ചു ഉച്ചത്തിൽ നിലവിളിക്കുക, മദീനയിലെ മഖ്ബറകളിൽ നിന്നും മണ്ണ് വാരിക്കൊണ്ട് പോവുക, 'ബഖീഇ'ന്റെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ആർത്തട്ടഹസിക്കുക, ഇവയെല്ലാം അനാചാരങ്ങളും വർജിക്കേണ്ടവയുമാണ്. മദീനയിലെ താമസകാലം മുഴുവൻ എല്ലാ നേരങ്ങളിലും നിസ്‌കാര ശേഷം നബി(സ്വ)ക്ക് സലാം പറയൽ പതിവാക്കണം.

സന്ദർശിച്ചുവരുന്നതും പരക്കെ ചരിത്രം അറിയപ്പെട്ടതുമായ കേന്ദ്രങ്ങൾ താഴെ പറയുന്നു.

1. ജന്നത്തുൽ ബഖീഅ്

പതിനായിരത്തോളം സ്വഹാബിവര്യന്മാരുടെ ഖബറിടം ഇവിടെയുണ്ട്. എല്ലാ ദിവസവും ബഖീഅ് സന്ദർശനം സുന്നത്താണ്. വെളളിയാഴ്‌ച പ്രത്യേകം സുന്നത്താണ്. നബി(സ്വ)യുടെ ജീവിതകാലത്തു തന്നെ അവിടുന്ന് നേതൃത്വം നൽകി പല പ്രമുഖ സ്വഹാബിമാരെയും ഇവിടെ അടക്കം ചെയ്‌തിട്ടുണ്ട്. സുബ്ഹി, അസ്വർ നിസ്‌കാരാനന്തരം മസ്‌ജിദുന്നബവിയുടെ ഭാഗത്തുള്ള മെയിൻ ഗേറ്റ് തുറന്നിടുന്നതിനാൽ പുരുഷന്മാർക്ക് അകത്ത് പ്രവേശിച്ച് സന്ദർശനം നടത്താം.

റസൂൽ(സ്വ) യുടെ ഓമനപുത്രി ഫാത്വിമതുസ്സഹ്റാഅ്(റ),പിതൃവ്യൻ അബ്ബാസ്(റ), ഹസനുബ്നു അലിയ്യ്(റ), അലീ സൈനുൽ ആബിദീൻ(റ), മുഹമ്മദുനിൽ ബാഖിർ(റ). ജഅ്ഫറുസ്വാദിഖ്(റ), നബി (സ്വ)യുടെ പെൺമക്കളായ ബീവി ഉമ്മുകുൽസും(റ), ബീവി റുഖിയ്യ (റ), ബീവി സൈനബ്(റ), നബി(സ്വ)യുടെ പത്നിമാരായ ആഇശ(റ), ഹഫ്സ്വ(റ), മാരിയ(റ), സൗദ(റ), സൈനബ് ബിൻത് ജഹ്ശ്(റ), ഉമ്മുസലമ(റ), സ്വഫിയ്യ(റ), ജുവൈരിയ്യ (റ), ഉമ്മുഹബീബ(റ), സൈനബ് ബിൻത് ഖുസൈമ(റ) ( ഖദീജബീവി(റ) മക്കയിലും മൈമൂന ബീവി(റ) വാദിശരീഫിലുമാണ്). അബൂത്വാലിബിന്റെ മകൻ അഖീൽ (റ), സുഫ്‌യാൻ ബിൻ ഹാരിസ്(റ), അബ്ദുല്ലാഹിബ്നു ജഅ്ഫർ അൽത്വയാർ(റ),  ഇബ്നു ഉമർ (റ)വിന്റെ ഭൃത്യനും പ്രമുഖ പണ്ഡിതനുമായ നാഫിഅ് മൗലാ ഇബ്നു‌ ഉമർ(റ), മദ്ഹബിന്റെ ഇമാമുകളിൽപ്പെട്ട മാലിക്(റ), നബി(സ്വ)യുടെ മകൻ ഇബ്രാഹിം(റ), സഅദുബിൻ അബീവഖാസ്(റ), ഉസ്മാൻ ബിൻ മള്ഊൻ(റ), അബ്‌ദുറഹ്‌മാനു ബ്‌നു ഔഫ്(റ), അസ്അദ് ബിൻ സുറാറ(റ), ഖുനൈസ് ബിൻ ഹുദാഫ (റ), ഫാത്വിമ ബിൻത് അസദ്(റ),അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), മൂന്നാം ഖലീഫ ഉസ്മാൻ(റ), സഅദുബ്നു മുആദ്(റ), അബൂ സഈദുൽ ഖുദ് രി(റ), ഹർറ ശുഹദാക്കൾ, ബീവി സ്വഫിയ്യ(റ), ബീവി ആത്വിഖ(റ), നബി(സ്വ)ക്ക് മുലകൊടുത്തു വളർത്തിയ ഹലീമാ ബീവി(റ) തുടങ്ങി പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്. അവരിൽ ചില പ്രധാനികളുടെ പേരു മാത്രമാണ് പരാമർശിച്ചത്. മറ്റുള്ളവരെയും സലാം പറയുമ്പോഴും ദുആ ഇരക്കുമ്പോഴും ഉൾപ്പെടുത്തണം. പ്രവാചക കാലം മുതൽ അനേകായിരം മഹത്മാക്കൾ അവിടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മദീനയിൽ വെച്ച് മരിക്കാൻ ഭാഗ്യം ലഭിക്കുന്ന  ഹാജിമാരും അവിടെയാണ് അന്ത്യ വിശ്രമം നയിക്കുക. മദീനാശരീഫിൽ മറയടക്കം ചെയ്യപ്പെടുന്ന വിശ്വാസികൾക്കെല്ലാം നബി(സ്വ)യുടെ ശഫാഅത്തുണ്ടായിരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. ബഖീഇൽ എല്ലാ ദിവസവും കയറി സലാം പറയണം. പിരിഞ്ഞിറങ്ങുമ്പോൾ ഒന്നുകൂടി പൊതുവായി സലാം പറയാം.

2. ഉഹ്ദ്

മസ്ജിദുന്നബവിയിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമുള്ള ഉഹ്ദ് മശ്ഹദ് ഹംസ എന്ന പേരിലാണ് മദീനക്കാർ പറയുക. ഹിജ്റ മൂന്നാം വർഷം ഇസ്‌ലാമിക ചരിത്രത്തിൽ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പർവ്വത താഴ്‌വരയിൽ വെച്ചായിരുന്നു. മഹാനായ ഹംസ(റ)  ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും ജിഹാദ് ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ ഉഹ്ദ് പർവ്വതത്തിന് പ്രത്യേകമായി ചില ശ്രേഷ്ഠതകളും പ്രാധാന്യങ്ങളുമുണ്ട്.

നബി(സ്വ) പറഞ്ഞു: "ഉഹ്ദ് പർവ്വതം നാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നു" (ബുഖാരി, തിർമുദി, അഹ്‌മദ്). മറ്റൊരിക്കൽ നബി(സ്വ) പറഞ്ഞു: "നിശ്ചയം ഈ ഉഹ്ദ് മല സ്വർഗ കവാടങ്ങളിൽ നിന്ന് ഒന്നിന്റെ  അടുത്തുണ്ടായിരിക്കും" (ബൈഹഖി). മറ്റൊരിക്കൽ നബി(സ്വ)യും സ്വിദ്ദീഖും (റ) ഉമറും(റ) അലിയും(റ) കൂടി ഉഹ്‌ദ് മലയുടെ മുകളിൽ കയറിയപ്പോൾ വിറകൊള്ളുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: "ഉഹ്‌ദ് നീ സുസ്ഥിരമാവുക. നിന്റെ മേൽ ഒരു നബിയും ഒരു സ്വിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണെന്നോർക്കുക" (ബുഖാരി, അബൂദാവൂദ്, തിർമുദി). ചരിത്ര പ്രധാനമായ പോരാട്ടം നടന്നത് ഉഹ്‌ദ് മലയുടെ താഴ്‌വരയിൽ വെച്ചാണ്. ഉഹ്ദിൽ ശഹീദായ 70 സ്വഹാബിമാരിൽ മുഹാജിറുകളായ നാലു മഹാന്മാർ ഇവിടെ ഒരു  കെട്ടിനുള്ളിലാണുള്ളത്.

സയ്യിദുശ്ശുഹദാഅ് ഹംസ(റ), അബ്ദുല്ലാഹിബ്നു ജഹ്ശ്(റ), മിസ്വ്അബ് ഇബ്നു  ഉമൈർ(റ), ശമ്മാസുബ്നു ഉസ്‌മാൻ(റ) ബാക്കിയുളളവർ അൻസ്വാറുകളാണ്. ഇവരിൽ മിക്കപേരും ഇവിടെ ഹംസ(റ)യുടെ കെട്ടിനു ചുറ്റുമാണ് മറയടക്കപ്പെട്ടത്. അവരുടെ പേരുകൾ ഉഹ്ദ്  മൗലിദിലും മറ്റും കാണാം.

ഹംസ(റ) ഉൾപ്പെടെ ഒന്നിലധികം പേരെ ഉഹ്‌ദിൽ ഒരു ഖബ്‌റിലായിരുന്നു അടക്കം ചെയ്‌തിരുന്നത്. എന്നാൽ ഹിജ്റ 46ൽ (ഉഹ്ദ് യുദ്ധം കഴിഞ്ഞ് അര നൂറ്റാണ്ട് പിന്നിട്ടശേഷം) ഉമവി ഖലിഫ മർവാന്റെ ഭരണകാലത്ത് അവിടെ ഒരു മണ്ണൊലിപ്പുണ്ടായപ്പോൾ ഖബ്റിന്റെ അടിഭാഗം പ്രത്യക്ഷപ്പെടുകയും മഹാനായ ഹംസ(റ)യുടെയും അബ്‌ദുല്ലാ ഹിബ്നു‌ ജഹ്ശി(റ)ന്റെയും ശരീരങ്ങൾ യാതൊരു കേടുപാടും തകർച്ചയും കൂടാതെ പുറത്തെടുക്കുകയും തൊട്ടടുത്ത് ഒരു ഖബർ പണിത് അവരിരുവരുടെയും പുണ്യ ശരീരങ്ങൾ അവിടേക്ക് മാറ്റി വെച്ചതായുമുള്ള ചരിത്രം സർവാഗീകൃതവും പ്രശസ്‌തവുമാണ്.

ഇന്ന് ഉഹ്ദ് ശുഹദാക്കളുടെ ചുറ്റു ഭാഗത്തുമായി വിശാലമായ  മതിൽക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. വെളിയിൽ നിന്നും സന്ദർശകർക്ക് സൗകര്യാനുസരണം സിയാറത്ത് ചെയ്യാം. മതിൽ കെട്ടിന്റെ ഗെയിറ്റിന് മുന്നിട്ടു നിൽക്കുമ്പോൾ നേരെ പിൻവശം വരുന്ന ചെറിയ കുന്നുകൾ കാണാം. അതാണ് പ്രസിദ്ധമായ ജബലുറുമാത്. നബി(സ) അമ്പെയ്‌തുകാരെ കാവൽ നിർത്തിയിരുന്ന സ്ഥലം. കെട്ടിന്റെ  മുൻവശത്തായി നീണ്ടു കിടക്കുന്നതാണ് ഉഹ്ദ് മല. ശുഹദാക്കളുടെ വിശ്രമ സങ്കേത സ്ഥാനത്താണ് പ്രധാനമായും പോരാട്ടം നടന്നത്.

ഉഹ്ദ് ശുഹദാക്കൾക്ക് ഭക്തിയാദരവുകളോടെ സലാംപറയുക.  രക്തസാക്ഷികൾ എന്നെന്നും ജീവിച്ചിരിക്കുന്നവരാണെന്ന ഖുർആൻ വചനം ഓർത്തു കൊണ്ട് പെരുമാറുക.

3. മസ്‌ജിദു ഖുബാഅ്

വിശുദ്ധ ഖുർആൻ സൂറഃ തൗബ 107-110 സൂക്തങ്ങൾ അളവറ്റ് പ്രകീർത്തിച്ച വിശുദ്ധ പള്ളിയാണ് മസ്‌ജിദുഖുബാഅ്. തഖ്‌വയിൽ അടിത്തറ തീർത്ത ആദ്യ മസ്ജിദ് എന്നാണ് ഖുർആൻ ഭാഷ്യം. മഹാനായ നബി(സ്വ) മദീനയിൽ ആദ്യമായി കാൽ കുത്തിയ സ്ഥാനത്ത് അവിടുന്ന് നേത്യത്വം നൽകി നിർമിച്ച പള്ളിയാണിത്. എല്ലാ ശനിയാഴ്‌ചയും റസൂൽ(സ്വ) അവിടെ പോവുകയും നിസ്‌കരിക്കുകയും ചെയ്ത‌ിരുന്നു. മസ്‌ജിദു ഖുബായിൽ വെച്ചുള്ള നിസ്‌കാരം ഉംറയോട് തുല്യമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. നിസ്‌കാരവും സന്ദർശനവും കരുതി അവിടെ പോകൽ ശക്തിയായ സുന്നത്തുണ്ട്. ശനിയാഴ്‌ചയാകൽ അത്യുത്തമമാണ്.

4. മസ്‌ജിദുൽ ഖിബ്‌ലതൈൻ

മഹാനായ നബി കരീം(സ്വ) നിസ്‌കാരത്തിൽ അഭിമുഖീകരിച്ചിരുന്നത് ബൈതുൽ മുഖദ്ദസിലേക്കായിരുന്നു. എന്നാൽ നബി(സ്വ)ക്ക് കഅ്ബാ ശരീഫിനോടുള്ള ആത്മബന്ധം വളരെ കൂടുതലായിരുന്നതിനാൽ ഖിബ്‌ലയായി കഅ്ബാശരീഫ് തിരഞ്ഞെടുക്കപ്പെടണമെന്ന് അവിടുന്ന് അതിയായി ആശിച്ചു.  മസ്‌ജിദു ബനൂസലമ എന്ന പേരിലറിയപ്പെട്ടിരുന്ന പള്ളിയിൽ നബി(സ്വ) അനുചരന്മാരൊന്നിച്ച് നിസ്ക‌രിക്കാൻ നിന്നു. പതിവുപോലെ ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടുളള ആ നിസ്ക‌ാരം രണ്ട് റക്‌അത്ത്  പിന്നിട്ടപ്പോൾ ഖിബ‌ല മാറ്റത്തെ കുറിക്കുന്ന കൽപ്പന അല്ലാഹു അവതരിപ്പിച്ചു. ഉടൻ നബി (സ്വ) കഅ്ബാ ശരീഫിന്റെ ദിശയിലേക്ക് മാറുകയും പിന്തുടർന്ന് സ്വഹാബിമാർ അത് അനുഗമിക്കുകയും ചെയ്തു‌. ഒരേ നിസ്‌കാരത്തിൽ രണ്ട് ഖിബ്ല ലഭിച്ചതിനാൽ മസ്‌ജിദു ഖിബ്‌ലതൈൻ എന്ന പേരിൽ ഈ പള്ളി അറിയപ്പെട്ടു.

5. മസ്‌ജിദുൽ ഫത്ഹ്

മസ്ജിദുൽ അഹ്‌സാബെന്നും ഇതിനു പേരുണ്ട്. ഖൻദഖ് യുദ്ധം നടന്ന സ്ഥാനത്ത് ചെറിയ മലയുടെ മുകളിലുള്ള വളരെ ചെറിയ ഒരു  പള്ളിയാണിത്. ഇതിന്റെ പരിസരത്തായി മറ്റ് അഞ്ച് പളളികൾ കൂടിയുണ്ട്. 1. മസ്‌ജിദു സൽമാനുൽ ഫാരിസി(റ) 2. മസ്‌ജിദു അബൂബക്‌ർ സ്വിദ്ദീഖ്(റ) 3. മസ്ജിദു ഉമറുബ്‌നുൽ ഖത്വാബ്(റ) 4. മസ്‌ജിദു അലിയ്യുബ്‌നു അബൂ ത്വാലിബ്(റ) 5. മസ്‌ജിദു സയ്യിദതുനാ ഫാത്വിമതുസ്സഹ്റാ(റ) എന്നിവയാണവ. ഇവയിൽ മിക്കവയും ഇപ്പോൾ ഇല്ല. ഇവിടെ വിശാലമായ മറ്റൊരു പള്ളിയുടെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 

ഖൻദഖിൽ പ്രതിരോധം നീണ്ടു നീണ്ടു പോയി. മുസ്‌ലിംകൾ വല്ലാതെ വിഷമിച്ചു. നബി(സ്വ) മസ്‌ജിദുൽ ഫത്ഹിൽ സുജൂദിൽ കിടന്ന് പൊട്ടിക്കരഞ്ഞു പ്രാർഥിച്ചു. തിങ്കളും ചൊവ്വയും ബുധനും പ്രാർഥന തുടർന്നു. ബുധനാഴ്‌ച ളുഹ്റിനും അസ്വറിനുമിടയിൽ പ്രാർഥനക്ക് ഉത്തരം ലഭിച്ചു. ശത്രു സൈന്യത്തെ അതിശക്തമായ കൊടുങ്കാറ്റടിപ്പിച്ച് അല്ലാഹു തുരത്തിയോടിച്ചു. ഈ സന്തോഷ വാർത്ത നബി(സ്വ)ക്ക് ലഭിച്ചപ്പോൾ മസ്‌ജിദുൽ ഫത്ഹിൽ സ്വഹാബിമാരെ വിളിച്ചുകൂട്ടി അവിടുന്നു  സന്തോഷ വാർത്ത അറിയിച്ചു.  "വിമോചന വിജയം" എന്നർഥമുള്ള മസ്‌ജിദുൽ ഫത്ഹ് അന്നു മുതൽ മോചനത്തിന്റെ കേന്ദ്രമായി.

7. മസ്‌ജിദുൽ ഗമാമഃ

മസ്‌ജിദുന്നബവിയുടെ വടക്കു പടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ)  നിസ്‌കരിക്കുകയും മഴക്കുവേണ്ടി പ്രാർഥിച്ച് ഉടൻ തന്നെ ഉത്തരം ലഭിക്കുകയും ചെയ്‌ത പുണ്യ സ്ഥലത്താണ് മസ്‌ജിദുൽ ഗമാമ സ്ഥാപിക്കപ്പെട്ടത്. ഗമാമ എന്നാൽ കാർമേഘം എന്നാണർഥം.
നബി(സ്വ) നിസ്ക്‌കരിച്ചതായി രേഖയുള്ള മറ്റു പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും മുമ്പ് പള്ളികൾ സ്ഥാപിക്കപ്പെട്ടിരുന്നു. അവയിൽ പലതും മദീനാപള്ളി ഇന്ന് സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥാനത്തായിരുന്നതിനാൽ വികസന സമയങ്ങളിൽ നീക്കം ചെയ്യപ്പെടുകയുണ്ടായി. മറ്റു ചില പള്ളികൾ ഇന്നും അറിയപ്പെടുന്നു.

മസ്‌ജിദു ഉമറുബ്‌നുൽ ഖത്ത്വാബ് പള്ളി ഈ ഗണത്തിൽപ്പെട്ടതാണ്. നബി(സ്വ) ഹിജ്‌റ മൂന്നാം വർഷം പെരുന്നാൾ നിസ്‌കരിച്ചത് ഈ സ്ഥാനത്തായിരുന്നു.  അതുപോലെ, നബി(സ്വ) ഹിജ്റ ആറാം വർഷം പെരുന്നാൾ നിസ്‌കരിച്ച സ്ഥാനത്ത് സ്ഥാപിക്കപ്പെട്ട പള്ളിയാണ് ഇന്നും നിലവിലുളള മസ്‌ജിദു അലിയ്യുബ്‌നു അബീത്വാലിബ്(റ). നബി(സ്വ) ഹിജ്‌റ അഞ്ചാം വർഷം പെരുന്നാൾ നിസ്കരിച്ച സാവിയതു അബീയസാർ എന്ന സ്ഥലത്താണ് ബാബു ശ്ശാമിയയിലെ സൈനിക കോട്ടക്കുള്ളിൽ സ്ഥിതിചെയ്യുന്ന മസ്‌ജിദു ഉസ്‌മാനുബ്ൻ അഫ്‌ഫാൻ(റ). നബി(സ്വ) ഹിജ്റ എട്ടാം വർഷം പെരുന്നാൾ നിസ്‌കാരം നിർവഹിച്ച മൻസിൽ മുഹമ്മദ്ബിൻ അബ്‌ദില്ലാ എന്ന സ്ഥലത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന പള്ളിയാണ് മസ്‌ജിദു അബൂബക്‌ർ സ്വിദ്ദീഖ്(റ). മസ്‌ജിദുൽ ഗമാമയുടെ ഏകദേശം അടുത്തായി ഇത് സ്ഥിതി ചെയ്യുന്നു.

7. മസ്‌ജിദുൽ ജുമുഅഃ

നബി(സ്വ) ആദ്യമായി ജുമുഅ നിസ്‌കാരം നിർവഹിച്ച പള്ളിയാണിത്. അവിടുന്ന് ഹിജ്റ വന്ന് ഖുബാ പള്ളി സ്ഥാപിച്ച്, ശേഷം മദീനയിലേക്ക് പോരുമ്പോൾ വഴിയിൽ വെച്ച് ജുമുഅയുടെ സമയമായി. "ബനൂ സാലിം ബിൻ ഔഫ്" കുടുംബക്കാരുടെ നിസ്‌കാര സ്ഥലമായിരുന്ന മസ്‌ജിദുൽ ജുമുഅയുടെ സ്ഥാനത്ത് വെച്ച് അവിടുന്ന് ജുമുഅക്ക് നേതൃത്വം നൽകി. അന്നു മുതൽ മസ്‌ജിദുൽ ജുമുഅ എന്ന പേരിൽ ഇതറിയപ്പെട്ടു.

8. മസ്‌ജിദുൽ ഇജാബ

സിത്തീൻ റോഡിൽ അദ്ദഖിൽ ഹോട്ടലിനടുത്തായി സ്ഥിതിചെയ്യുന്ന മസ്‌ജിദുൽ ഇജാബ ചരിത്രമുറങ്ങുന്ന പള്ളിയാണ്. നബി(സ്വ) ഇവിടെ വെച്ച് സുപ്രധാനമായ ചില കാര്യങ്ങൾ അല്ലാഹുവോട് ചോദിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. അക്കാരണത്താൽ ഇജാബപ്പളളി എന്ന പേരിൽ അറിയപ്പെട്ടു. ബനൂ മുആവിയ കുടുംബക്കാരുടെ മസ്‌ജിദായിരുന്നു ഇവിടെ മുമ്പ്. ഇവിടെവെച്ച് പ്രാർഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കാറുണ്ടെന്ന അനുഭവം ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

9. മസ്‌ജിദു അബൂ ദർറുൽ ഗിഫാരി

സിത്തീൻ റോഡിനടുത്ത് എയർപോർട്ട് റോഡിൽ, അബൂദർറ് റോഡ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന മസ്‌ജിദു അബൂദർറുൽ ഗിഫാരി(റ) ചരിത്രപ്രസിദ്ധമാണ്. നബി(സ്വ) ഒരിക്കൽ രണ്ട് റക്അത് നിസ്‌കരിച്ചു ദീർഘമായി പ്രാർഥിക്കുകയുണ്ടായി. തുടർന്ന് അവിടുന്ന് ഇപ്രകാരം സന്തോഷവാർത്ത പറഞ്ഞു: 'ജിബ്‌രീൽ(അ) എന് നെ സന്തോഷമറിയിച്ചിരിക്കുന്നു. എന്തെന്നാൽ എന്റെ പേരിൽ ആരെങ്കിലും സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് സ്വലാത് ചെയ്യുന്നതാണ്. എന്റെ പേരിൽ ആരെങ്കിലും സലാം പറഞ്ഞാൽ അല്ലാഹു അവന് സലാം പറയുന്നതാണ്. ഈ സന്തോഷ വാർത്തക്കു നന്ദിയായി ഞാൻ അല്ലാഹുവിന് സുജൂദ് ചെയ്‌തു'. ഈ സംഭവം നടന്ന സ്ഥലത്താണ് മസ്‌ജിദു അബൂ ദർറുൽഗിഫാരി സ്ഥിതിചെയ്യുന്നത്.

10. മസ്ജിദു ദുൽഹുലൈഫ (അബ്‌യാർഅലി)

മദീനാശരീഫിലെ ഒരു സുപ്രധാന പള്ളിയാണ് മസ്‌ജിദു ദുൽഹുലൈഫ. നബി(സ്വ) കൂടുതലായി ഇറങ്ങുകയും നിസ്‌കരിക്കുകയും വിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്ന സ്ഥലത്താണ് പള്ളി നിൽക്കുന്നത്. മദീന ഭാഗത്തു നിന്ന് വരുന്നവരുടെ ഹജ്ജിന്റെ മീഖാത്ത് ഈ സ്ഥലമാണ്. ദുൽഹുലൈഫ പള്ളിയിൽ വെച്ച് നിസ്‌കരിച്ച ശേഷമാണ് നബി(സ്വ) ഹജ്ജിന് ഇഹ്‌റാം ചെയ്‌തത്. ഉംറക്കും നബി(സ്വ) ഇവിടെ നിന്ന് ഇഹ്‌റാം ചെയ്ത‌ിട്ടുണ്ട്.

11. ബദർ ശുഹദാക്കൾ

ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ബദർ യുദ്ധം നടന്ന പടക്കളമാണ് ബദർ ഭൂമി. ബദർ യുദ്ധത്തിൽ രക്തസാക്ഷികളായ പതിനാലു പേരിൽ പതിമൂന്നു പേരും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.

മദീനാ ശരീഫിനോട് വിട
 
മദീനാ മുനവ്വറയിൽ ഇത്ര ദിവസം താമസിക്കണമെന്ന് നിയമമില്ലെങ്കിലും നാൽപ്പത് ജമാഅത്തുകൾ മസ്‌ജിദുന്നബവിയിൽ നിസ്‌കരിക്കുന്നത് പ്രത്യേകം പുണ്യമുള്ളതാണ്. മദീനാശരീഫിൽ കൂടുതൽ കാലം കഴിഞ്ഞു കൂടുന്നത് പുണ്യ വർധനവിന് കാരണമാണ്. മദീനയിൽ മരണമടയു ന്നവർക്ക് നബി(സ്വ)യുടെ ശഫാഅത്ത് ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. "എന്റെ മരണം രക്ത സാക്ഷിത്വമാകുന്നതോടൊപ്പം നിന്റെ നബി(സ്വ) യുടെ നാട്ടിൽ വെച്ചായിരിക്കണ"മെന്ന് മഹാനായ ഉമറുൽ ഫാറൂഖ്(റ) അല്ലാഹുവോട് പ്രാർഥിച്ചത് ബുഖാരിയിലുണ്ട്.

മദീനാ മുനവ്വറയിൽ നിന്ന് മടക്കയാത്ര ഉദ്ദേശിച്ചാൽ മസ്‌ജിദുന്നബവിയിൽ ചെന്ന് രണ്ട് റക്അത് നിസ്ക‌രിക്കൽ സുന്നത്താണ്. ഇത്  റൗളാ ശരീഫിൽ വെച്ചാകൽ ഉത്തമമാണ്. അവിടെ വെച്ച് ഇഹപര വിജയത്തിനായി അല്ലാഹുവോട് പ്രാർഥിക്കുക. ഇനിയും ഈ മഹത്തായ സൗഭാഗ്യം ലഭിക്കുവാനും തന്റെ സിയാറത്ത് സ്വീകാര്യമാകാനും വേണ്ടി അകമഴിഞ്ഞു ദുആ ഇരക്കണം. തുടർന്ന് നബി(സ്വ)യുടെ ഖബറുശരീഫിനടുത്ത് ചെന്ന് മര്യാദകൾ പാലിച്ച് സലാം പറയുകയും ദുആ ചെയ്യുകയും വേണം. നബി(സ്വ)യോട് സലാം പറഞ്ഞു പിരിയുമ്പോൾ ഇനിയും ഈ മഹത്തായ സ്ഥാനത്ത് തിരിച്ചെത്തണമെന്ന് ആശിക്കുകയും കണ്ണീരോടെ വിടപറയുകയും വേണം. സിയാറത്തും ദുആയും കഴിഞ്ഞു മുന്നോട്ടു നടന്ന് പള്ളിയിൽ നിന്ന് ഇടതുകാൽ വെച്ച് പുറത്തിറങ്ങി ഉദ്ദേശിച്ച ഭാഗത്തേക്ക് തിരിയാം. പിന്നോട്ട് നടക്കരുത്.

അവലംബം : സബാഹ് പബ്ലിക്കേഷൻസ് കൊല്ലം.

ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നികേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്

www.islamkerla.com
E-mail: [email protected]
mobile :00919400534861