മൗലിദാഘോഷം ബിദ്അത്തോ പുണ്യകർമ്മമോ?

"നബി (സ) യുടെ തിരുസന്നിധിയിലിരുന്ന് കഅ്ബ്നു സുഹൈർ (റ )തന്റെ വിശ്വവിശ്രുതമായ ബാനത്ത് സുആദ് നബികീർത്തനമാല ആലപിച്ചു. ഇതുകേട്ടു ആവേശത്തള്ളിച്ചയിൽ സ്വഹാബത്ത് മതിമറന്നു. കഅ്ബിനെ നേരത്തെ  കണ്ഠഛേദം ചെയ്യാൻ സ്വഹാബത്തിൽ ചിലർ ഊരിയെടുത്ത വാൾ അറിയാതെ നിലത്തു വീണു. പ്രസ്തുത മാല അതിന്റെ മുഹൂർത്തത്തിലെത്തിയപ്പോൾ തിരുമേനി (സ)അവിടത്തെ പുണ്യ മേനിയിലുള്ള പച്ചപ്പുതപ്പ് കഅ്ബിന് സമ്മാനമായി നൽകി.

മൗലിദാഘോഷം ബിദ്അത്തോ പുണ്യകർമ്മമോ?

മൗലിദാഘോഷം ബിദ്അത്തോ പുണ്യകർമ്മമോ?

അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും നേടിയ മഹാത്മാക്കളെ സ്നേഹാദരസമ്മതം സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സമ്പുഷ്ടവുമായ ജീവിതത്തിന്റെ സ്തുതികീർത്തനങ്ങൾ പദ്യമോ ഗദ്യമോ, പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക എന്നതാണ് മൗലിദ് കൊണ്ട് ഉദ്ദേശ്യം.

തെളിവുകൾ

ഖുർആൻ 
1. നിശ്ചയം അല്ലാഹുവും തന്റെ മലക്കുകളും നബി(സ )യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. സത്യ -വിശ്വാസികളെ നിങ്ങൾ നബിയുടെ മേൽ സ്വലാത്തും
സലാമും ചൊല്ലുക  (അഹ്സാബ്)

അല്ലാഹു നബി(സ ) യുടെ മേൽ  സ്വലാത്ത് ചൊല്ലുന്നു എന്നതിന്റെ സാരം മലക്കുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങൾ അല്ലാഹു എടുത്തുദ്ധരിക്കുന്നു എന്നാണ് (ബുഹാരി  707-2) 

അല്ലാഹുവും മലക്കുകളും നബി(സ) യുടെ മാഹാത്മ്യങ്ങൾ വിവരിക്കുന്നതിലും ഗുണ മഹിമകൾ വർണിക്കുന്നതിലും പ്രത്യേക തൽപരരാണ് എന്ന് മേൽ സൂക്തം ഇമാം ബൈളാവി വ്യാഖ്യാനിക്കുന്നു.
ഇവിടെ സ്വലാത്ത് ചെല്ലുക എന്നതിന് മാഹാത്മ്യങ്ങൾ പറയുക എന്നാണെന്ന് ബുഖാരിയും - ബൈളാവിയും വിശദീകരിക്കുന്നു. നബി(സ) യുടെയും നബിയുടെ കുടുംബത്തിൻെറയും (വഅലാ ആലി സയ്യിദുനാ മുഹമ്മദ് )മാഹാത്മ്യങ്ങൾ എടുത്തുദ്ധരിക്കുന്നത് പുണ്യകർമമാണെന്ന് ഈ വ്യാഖ്യാനങ്ങൾ ധ്വനിപ്പിക്കുന്നു. ആലുന്നബി എന്നതിന് നബിയുടെ അനുയായി എന്നും പണ്ഡിതർ അർഥം വെക്കുന്നുണ്ട്. ചുരുക്കത്തിൽ മഹാത്മാക്കളുടെയെല്ലാം മദ്ഹുകൾ ഉദ്ധരിക്കാൻ ഈ ആയത്ത് തെളിവാണ്.

2. അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾ നിങ്ങൾ അനുസ്മരിച്ചു പറയുക അൽബഖറ, ലോകത്തെ ഏറ്റവും വലിയ അനുഗ്രഹമാണ് നബി (സ) എന്നതിനാൽ നബിയുൾപ്പെടെയുള്ള അനുഗ്രഹങ്ങൾ അനുസ്മരിക്കാൻ ഖുർആൻ നിർദ്ദേശിക്കുന്നു.

3. ഇബ്രാഹിം നബി(അ) ഇങ്ങനെ പ്രാർഥിച്ചു. അവസാന കാലക്കാരിൽ എന്റെ സ്തുതികീർത്തനങ്ങൾ പറയുന്നവരെ എനിക്കു വേണ്ടി നീ നിയോഗിക്കേണമേ നാഥാ (ശുആറ ). പിൻതലമുറ തന്റെ മൗലിദ് ഓതണം എന്ന് ഇബ്രാഹിം നബി അല്ലാഹുവിനോട് പ്രാർഥിക്കുകയാണിവിടെ

ഹദീസ്

ഇബ്നു അബ്ബാസ് റിപ്പോർട്ട് ചെയ്യുന്നു: നബി (സ)യുടെ സ്വഹാബത്തിൽ ഒരു വിഭാഗം ഒന്നിച്ചിരുന്ന് മുൻകാല പ്രവാചകരുടെ മദ്ഹുകൾ പറഞ്ഞുകൊണ്ടിരിക്കെ നബി കടന്നുവന്നു. അവിടുന്നു പറഞ്ഞു: ഞാൻ നിങ്ങളുടെ സംസാരവും സന്തോഷവും മനസ്സിലാക്കി. നിശ്ചയ ഇബ്രാഹിം (അ)അല്ലാഹുവിന്റെ ആത്മ  സുഹൃത്താണ്. മുസാ(അ ) അല്ലാഹുവുമായി നേരിട്ടു സംഭാഷണം നടത്തിയെന്നതും ശരിതന്നെ. എന്നാൽ എന്നെപ്പറ്റി നിങ്ങൾക്കറിയുമോ? അന്ത്യനാളിൽ ലിവാഉൽ ഹംദ് വഹിക്കുന്നവൻ ഞാനാണ്. പതാകക്ക് കീഴിലാകും ആദമും മറ്റെല്ലാവരും. (തുർമുദി, അബുദാവൂദ്). ഇവിടെ മുൻകാല പ്രവാചകരുടെ മാത്രമല്ല തന്റെയും മദ്ഹുകൾ പറയാൻ നബി(സ) ആവശ്യപ്പെടുന്നു.

2. നബി(സ)യുടെ കീർത്തനങ്ങൾ ഉദ്ധരിച്ച് ശത്രുക്കൾക്ക് മറുപടി നൽകാൻ മദീനത്തെ പള്ളിയിൽ  ഒരു മിമ്പർ  നബി (സ ) ഹസ്സാനു ബുന് സാബിത് (റ ) നു സ്ഥാപിച്ചു കൊടുത്തു.  മൗലിദിന് പ്രത്യേക സ്ഥലവും വ്യക്തികളെയും നിയോഗിക്കുന്നത് അനുവദനീയമാണെന്ന് ഈ ഹദീസ് നമ്മെ  പഠിപ്പിക്കുന്നു

3. മുഅവ്വിദിന്റെ പുത്രി റുബയ്യിന്റെ കല്യാണദിവസം നബി  (സ) അവരുടെ വീട്ടിൽ കടന്നുചെന്നു. അപ്പോൾ വീട്ടിലുണ്ടായിരുന്ന ചില പെൺകുട്ടികൾ ബദ്ർ ശുഹദാക്കളെ പ്രകീർത്തിച്ചും അവരുടെ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞും, ബദ് രീങ്ങളെ എന്നു വിളിച്ചും ദഫ് മുട്ടി ഗാനമാലപിക്കുകയാണ് . ഇടയിൽ ഒരു കുട്ടി വഫീനാ നബിയ്യുൻ, യഅ്ലമു മാഫിഗ്ദിൻ എന്നിങ്ങനെ പാടിയപ്പോൾ നീ ഈ പാടുന്നത് ഒഴിവാക്കി നേരത്തെ പാടിയത് ബദ്രീങ്ങളുടെ മൗലിദ് തന്നെ ഇപ്പോൾ പാടുക എന്ന് നബി (സ) നിർദ്ദേശിച്ചു (ബുഖാരി, തുർദുമി,) കാവ്യരൂപത്തിൽ മൗലിദ് പാരായണം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാകുന്നു.

4. "നബി (സ) യുടെ തിരുസന്നിധിയിലിരുന്ന് കഅ്ബ്നു സുഹൈർ (റ )തന്റെ വിശ്വവിശ്രുതമായ ബാനത്ത് സുആദ് നബികീർത്തനമാല ആലപിച്ചു. ഇതുകേട്ടു ആവേശത്തള്ളിച്ചയിൽ സ്വഹാബത്ത് മതിമറന്നു. കഅ്ബിനെ നേരത്തെ  കണ്ഠഛേദം ചെയ്യാൻ സ്വഹാബത്തിൽ ചിലർ ഊരിയെടുത്ത വാൾ അറിയാതെ നിലത്തു വീണു. പ്രസ്തുത മാല അതിന്റെ മുഹൂർത്തത്തിലെത്തിയപ്പോൾ തിരുമേനി (സ)അവിടത്തെ പുണ്യ മേനിയിലുള്ള പച്ചപ്പുതപ്പ് കഅ്ബിന് സമ്മാനമായി നൽകി. മൗലിദോതുന്നവർക്ക് സന്തോഷത്തോടെ സമ്മാനം നൽകുന്നത് അനുവദനീയമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. മുആവിയത (റ)ആ പുതപ്പിന് പതിനായിരം വെള്ളി വില പറഞ്ഞിട്ടും കഅബ് (റ)പുതപ്പ് വിറ്റില്ല.

5. ആഇശ(റ )യുടെ സഹോദരനായ  അബ്ദുർറഹിമാനുബ്നു അബീബക്കർ (റ ) മരണപ്പെട്ടപ്പോൾ മക്കത്ത് സംസ്കരിച്ചു. മദീനയിൽ നിന്നും ആയിശ (റ)സഹോദരന്റെ ഖബ്ർ - സന്ദർശിക്കാനെത്തി. അവർ ഖബ്റിനരികെ നിന്ന് വകുന്നാകനദ്മാനാ... എന്ന വിലാപകാവ്യം ചൊല്ലി സാരം... ഇനിയെ രിക്കലും വിട്ടുപിരിയില്ലെന്ന മട്ടിൽ നാം കുറേകാലം കൂട്ടുകാരെപ്പോലെ ജീവിച്ചു. വളരെക്കാലം ഒരുമിച്ച് ജീവിച്ചിട്ടും ഒറ്റരാത്രിയും ഒരുമിച്ചു ജീവിക്കാത്ത പോലെ തോന്നുന്നു. (തുർമുദി),

പണ്ഡിതർ 

ബുഖാരിക്ക് ശറഹ് എഴുതിയ മഹാനായ ഇമാം ഖസ്തല്ലാനി(റ)പറയുന്നു :  "മുസ്ലിംകൾ നബി (സ) യുടെ  ജന്മമാസത്തിൽ സംഘടിക്കുകയും പ്രത്യേക സദ്യയുണ്ടാക്കുകയും ചെയ്യുന്നവരായിരുന്നു. ജന്മ മാസത്തിന്റെ രാവുകളിൽ അവർ വ്യത്യസ്തങ്ങളായി ദാനധർമ്മങ്ങൾ ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും സൽകർമ്മങ്ങളിൽ വർദ്ധനവ് വരുത്തുകയും നബി (സ) യുടെ മൗലിദ് പാരായണം കൊണ്ട് പ്രത്യേക ശ്രദ്ധിക്കുകയും ചെയ്തിരുന്നു. (അൽ മവാഹിബുദുന്നിയ്യ- 78). "മക്കാ നിവാസികൾ റബിഉൽ അവ്വൽ 12-ന് നബി (സ) യുടെ ജന്മഭവനം സന്ദർശിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും പതിവായിരുന്നു. (പേ.75)

മഹാനായ മുല്ലാ അലിയ്യുൽ ഖാരി(റ ) പറയുന്നു: 'മുസ്ലിംകൾ എല്ലാ വർഷത്തിലും യോഗങ്ങൾ സംഘടിപ്പിക്കുകയും നബി (സ) യുടെ മൗലിദു പാരായണം ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും തന്നിമിത്തം പല ഗുണങ്ങൾ അവരിൽ പ്രകടമാകുകയും ചെയ്തിരുന്നു (അൽ മൗരിദുർവി )

ഇമാം സുയൂഥി(റ) പറയുന്നു:ഇമാം ബൈഹകീ ഉദ്ധരിച്ച ഹദീസ്   നബി ദിനാഘോഷത്തിന് തെളിവാണ് . അനസ് (റ) പറഞ്ഞു ; പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിന്  വേണ്ടി നബി (സ) അറുത്തുകൊടുത്തു. നബി (സ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്തലിബ് നബി (സ) വേണ്ടി അറുത്തതായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്. അഖീഖ ആവർത്തിച്ചു ചെയ്യപ്പെടുന്ന  കാര്യമല്ല. അപ്പോൾ പിന്നെ ലോകാനുഗ്രഹിയായി നബി (സ) ജനിച്ചതിന് നന്ദിസൂചകമായാണ് അങ്ങിനെ ചെയ്തത് . മുസ്ലിം സമുദായത്തിന് മൗലിദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകൻ (ഫതാവാ സുയൂഥി 1/196).
"എനിക്ക് ഉഹുദ് മല കണക്കെ സ്വർണമുണ്ടെങ്കിൽ അവയെല്ലാം സുലിന്റെ മൗലിദ് ഓതിക്കുവാൻ ഞാൻ ചെലവഴിക്കുമെന്ന് ഹസൻബസ്വരി പറഞ്ഞിരിക്കുന്നു (ഹാശിയത്തു ഖുർറത്തിൽ അയ്ൻ 3-366), ഹസനുൽ ബസരി ഉമറുൽ ഫാറൂഖിന്റെ ഭരണത്തിന്റെ എട്ടാം വർഷത്തിൽ മദീനത്താണ് പ്രസവിക്കപ്പെട്ടത്.

പ്രത്യേക രീതി 

പ്രത്യേക ദിവസം നിശ്ചയ സമയത്ത് ക്ഷണിക്കപ്പെട്ടവർ സമ്മേളിക്കുക. ആദ്യമായി ഫാതിഹയും ചെറിയ മൂന്നു സൂറത്തുകളും ഓതുക. മഹാത്മാക്കൾക്കും മറ്റും പ്രാർഥന നടത്തുക. പിന്നീട് ആരുടെ മൗലിദാണേ ഓതുന്നതെങ്കിൽ അദ്ദേഹത്തിന്റെ സ്തുതികീർത്തനങ്ങൾ പാടുക പറയുക. യാസീനോ മറ്റോ ഓതി മേൽപ്പറഞ്ഞവർക്ക് പ്രാർഥിക്കുക. സാധുക്കൾക്കും അവിടെ പങ്കെടുത്തവർക്കും ഭക്ഷണം  നൽകുക. ഇതാണ് നിലവിലുള്ള രീതി  ഇത് ബിദ്അത്താണെന്നാണ് വിമർശകർ പറയുന്നത് .

ഇത് ബിദ്അത്താണെങ്കിൽ മതസ്ഥാപനങ്ങളുടെ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നതും അതിനോടനുബന്ധിച്ച് മതഭേതമന്യേ ആദ്യമായി അതിഥികളെ ക്ഷണിക്കുന്നതും,നോട്ടീസടിക്കുന്നതും,  ഉച്ചഭാഷിണിയിൽ സെമിനാറുകളും  പ്രചരണം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതും, സിമ്പോസിയങ്ങളും സംഘടിപ്പിക്കുന്നതും, ദൃശ്യ-ശാവ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതും എന്ത് കൊണ്ട് ബിദ് അല്ല???
മഹാത്മാക്കളുടെ മദ് ഹുകൾ പറയാമെങ്കിൽ, പാടാമെങ്കിൽ അത് കൊണ്ട് ഒരുമിച്ചിരുന്നായി കൂടാ?? എല്ലാ ദിവസങ്ങളെയും പോലെ എന്ത് കൊണ്ട് റബിഉൽ അവ്വൽ 12-നും ആയിക്കൂടാ??

എന്താണ് ബിദ് അത്ത് ?

ശാഫിഈ (റ) പറയുന്നു: ഖുർആനിനോ സുന്നത്തിനോ ഇജ്മാഇനോ എതിരാവാത്ത കാര്യങ്ങളൊന്നും  ബിദ്അത്ത് അല്ല (ഫത്ഹുൽ ബാരി  -93)

"ശറഇൽ അടിസ്ഥാനമില്ലാത്ത നിലക്ക് പുതുതായി ഉണ്ടാക്കിയതാണ് ബിദ്അത്ത് (ഫത്ഹുൽ ബാരി). നല്ല കാര്യത്തിൽ ഒരാൾ പുതുതായി നിർമ്മിച്ചത് മേൽ പറഞ്ഞവക്ക് എതിരല്ലെങ്കിൽ അത് ശറഇൽ  ബിദ്അത്തല്ല .ഭാഷാർഥത്തിൽ ആണെങ്കിലും ഇമാം ശാഫി മേലെ  വിവരിച്ച രീതിയിലുള്ള മൗലിദിൽ  എന്താണ് ശറഇന് വിരുദ്ധമായിട്ടുള്ളത് (ബിദ്അത്തുള്ളത്) ?

വിമർശകരുടെ മുൻകാല നേതാക്കൾ എന്ത് പറഞ്ഞു?
നബിദിനം: മുസ്ലിംകൾ ആഹ്ളാദിക്കുന്നു!. ഇ.കെ.മൗലവി

"റബിഉൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ളാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല.ലോക ഗുരുവായ മുഹമ്മദ് മുസ്തഫ (സ)ജനിച്ചത് റബിഉൽ അവ്വൽ മാസത്തിൽ ആണ്.  അതുകൊണ്ട്  തന്നെയാണ്  ഈ മാസം അടുത്തുവരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും 
 ആഹ്ളാദിക്കുകയും ചെയ്യുന്നത്. നബി(സ)പറ്റി   അറിയുന്ന ഏതൊരാൾക്കും ഈ  മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്തായിട്ടാണ് അലാഹുതആലാ മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് ..." (അൽ മുർശിദ് : പുസ്തകം 1, ലക്കം 5 )

മൗലിദ് യോഗങ്ങൾ സംഘടിപ്പിക്കണം: കെ.എം. മൗലവി

" "...അതിനായി മുഹമ്മദ് നബിയെ  അല്ലാഹുതആലാ  ഭൂജാതനാക്കി  ലോക ത്തെ അനുഗ്രഹിച്ചിട്ടുള്ളതിനു  ഈ മാസത്തിൽ നബിയുടെ ദഅവത്ത്  പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലാഹുതആലാക്ക് ശുക്ർ  ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവർക്കെല്ലാം നബിയുടെ ദഅവത്ത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം  നിർവ്വഹിക്കുകയും, ഈ  മാസത്തിലും റമസാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം" (പ്രതാധിപലേഖനം, അൽമുർശിദ് പേ 1 ല 5 )

മൗലിദ് സദസിൽ സംബന്ധിക്കുന്നവർ ഭാഗ്യവാൻമാർ :മൗലവി അബൂഅഹ്മദ്  റശീദ് 

"ദൈവസന്ദേശവാഹി ജനിച്ചമാസമാണ് റബീഉൽ അവ്വൽ , അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം നല്ലകാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. ഈ  കാര്യങ്ങൾ സാധിക്കുന്ന സദസ് ഒരു പുണ്യസദസ്  തന്നെയാണ്. അതിൽ സംബന്ധിക്കുവാൻ തൗഫീഖ് ലഭിക്കുന്നവർ ഭാഗ്യവാൻമാരുമാണ്. ഈ സദസിൽ സഹീഹായ ദീൻ അറിയുന്ന ആലിമുകൾ ധാരാളം  കൂടിയിരിക്കണം.
(അൽ മുർഷിദ് പേജ് .4 ലക്കം  1)

മൗലിദ് അറബിയിൽ മാത്രം പോരാ .. . 

റബിഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിയുന്ന സമ്പ്രദായം
നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അറബിഭാഷയിലായിരുന്നത് കൊണ്ട് അത് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില  സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞു കൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾകൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുമുണ്ട്. ഇതെലാം ഏറെക്കുറെ സന്തോഷകരം തന്നെ". (അൽ-മുർശിദ്, പേജ് . 1, ലക്കം 5)

അനിസ്ലാമികമല്ല - ജമാഅത്തെ ഇസ്ലാമി

എന്നാൽ മഹന്മാരുടെ ചരിത്രങ്ങൾ അനുസ്മരിക്കുന്നതും അവരുടെ മഹത്തായ മാതൃകകൾ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതും വളരെ നല്ലതാണെന്നും അത്തരം അനുസ്മരണങ്ങൾക്ക് കൂടുതൽ ഉചിതമായ സന്ദർഭമായി അവരുടെ ജന്മദിനങ്ങളേയോ  ചരമദിനങ്ങളെയോ തിരഞ്ഞെടുക്കുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ലെന്നും ഈ പംക്തി തന്നെ മുമ്പ് ലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈയടിസ്ഥാനത്തിലാണ് പാക് ജമാഅത്ത് മൗദൂദിയുടെ ചരമദിനത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കാറുള്ളത്. മൗദൂദി സാഹിബിന്റെ ചരിത്രം അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തന സേവനങ്ങളും ജനങ്ങളിൽ പ്രചരിപ്പിച്ച് അവരെ ഇസ്ലാമികമായി ബോധവൽകരിക്കുകയുമാണ് അതിന്റെ ലക്ഷ്യം  (പ്രബോധന വാരിക  1989 ഒക്ടോബർ 28 പേ 31
  
തുടരും 

നബിദിനാഘോഷത്തെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പിറകെ

റബീഉൽ അവ്വൽ പ്രമാണിച്ചു പ്രവാചകസ്തുതികീർത്തനങ്ങൾ ( മൻഖൂസ് മൗലിദ് )
പരിഭാഷയുൾപ്പടെ (ഓഡിയോ) പദ്യമോ, ഗദ്യമോ, പദ്യഗദ്യ സമ്മിശ്രമോ ആയ
രീതിയിൽ നിങ്ങൾക്ക് ഇ-മൈൽ വഴി എത്തിച്ചു തരുന്നു. Yahoo, Gmail പോലോത്ത വലിയ Storage ഉള്ള ഇ-മൈൽ ID കൾ അയച്ചു തരിക. ബന്ധപ്പെടുക.

[email protected] 
സുന്നത്ത് ജമാഅത്ത്   പണ്ഡിതർ മുജാഹിദ് സുഹൃത്തുക്കളുമായി നടത്തിയ മുഖാമുഖ പ്രഭാഷണങ്ങൾ ശ്രവിക്കാൻ സൗകര്യം,സന്ദർശിക്കുക www.sunni.itgo.com
Abdulla Cherumba Abudhabi
Mbile 00971 50 7927429