ഖബ്റ് സിയാറത്ത്

ഉലമാക്കൾ, ഔലിയാക്കൾ, സ്വലിഹീങ്ങൾ എന്നിവരുടെ ഖബറുകളിൽ ഖുബ്ബകൾ പണിയുന്നതും അവരുടെ ഖബറുകളിൽ വസ്ത്രങ്ങൾ മൂടുന്നതും അവരെ ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ അനുവദനീയമാണ്. നല്ല ഉദ്ദേശത്തോടെയാണെങ്കിൽ വിളക്ക് കത്തിക്കുന്നതും അനുവദനീയം തന്നെ

ഖബ്റ് സിയാറത്ത്

ഖബ്റ് സിയാറത്തിനെക്കുറിച്ചുള്ള ചർച്ച രണ്ടാം ഭാഗം

ചോദ്യം:

പൊതു ഖബറിസ്‌ഥാനിൽ വഖ്ഫ് ചെയ്യപ്പെട്ട സ്‌ഥലത്ത് ഔലിയാഇൻ്റെയും സ്വാലിഹുകളുടെയും ഖബ്റ് കെട്ടിപ്പൊക്കുന്നതിന്റെ വിധിയെന്ത് ?

ഉത്തരം:

പൊതുശ്മശാനത്തിൽ ഖബറുകൾ കെട്ടിപ്പൊക്കൽ അനുവദനീയമല്ല കാരണം,മയ്യിത്ത് നുരുമ്പിയ ശേഷം ആ ഖബ്റ് മാന്തി മറ്റു മയ്യിത്തുകൾ മറവു ചെയ്യുന്നതിന് അത് തടസ്സമാകും (തുഹ്ഫ3/198). പക്ഷേ, സ്വഹാബികളോ വിലായത്ത് കൊണ്ട് പ്രസിദ്ധരായ ഔലിയാക്കളോ ആണ് മറവ് ചെയ്യപ്പെട്ടതെങ്കിൽ ആ ഖബ്റ് മാന്തൽ അനുവദനീയമല്ലെന്ന് ചില പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. ജനങ്ങൾ സിയാറത്തിന് വരാനും തബർറുക്ക്  നേടാനും അവസരം ഉള്ളത് കൊണ്ടു സ്വാലിഹുകളുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത്ത്  ചെയ്യൽ അനുവദനീയമാണെന്ന് ഇമാം നവവി (റ)യും ഇമാം റാഫിഇ (റ)യും വ്യക്‌തമാക്കിയത് ഇതിന് പിൻബലമാകുന്നു. (തുഹ്ഫ 3/206) ഇത് വ്യാഖ്യാനിച്ചു കൊണ്ട് ഇബ്‌നു ഖാസിം (റ) പറയുന്നു. മാന്തൽ അനുവദനീയമല്ലാത്ത സ്വാലിഹുകളുടെയും മറ്റും ഖബറുകൾ മുസബ്ബലായ ഭൂമിയിൽ ആയിരുന്നാൽ പോലും കെട്ടിപ്പൊക്കൽ അനുവദനീയമാണെന്നാണ് വ്യക്‌തമാകുന്നത്. ഇതാണ് ഇമാം റംലിയുടെ പക്ഷവും

ചോദ്യം:

ഖബറിലുള്ള മഹത്തുക്കളെ ക്കൊണ്ട് ആവശ്യ പൂർത്തീകരണത്തിനു വേണ്ടി തവസ്സുലും ഇസ്തിഗാസയും ചെയ്യുന്നതിന് ഇസ്ല‌ാമിൽ വല്ല തെളിവുമുണ്ടോ ?

ഉത്തരം:

തെളിവുണ്ട്. ശൈഖ് മുഹ്‌യിദ്ദീൻ അബ്‌ദുൽ ഖാദിർ ജീലാനി (റ) പറയുന്നു. നബി (സ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പുണ്യ ഖബറിലേക്ക് തിരിഞ്ഞു നിന്നു ദോഷങ്ങൾ പൊറുത്ത് കിട്ടാനും ആവശ്യങ്ങൾ പരിഹരിക്കാനും നബി (സ)യെക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യൽ സുന്നത്താണെന്ന് നാല് മദ്ഹബുകളിലെയും ഗ്രന്ഥകാരന്മാരിൽ നിന്നു പലരും പറഞ്ഞിരിക്കുന്നു. (ഗുൻയത്ത് 190). ലോക പണ്ഡിതനായ ഇമാം നവവി (റ) തന്റെ 'ശറഹുൽ മുഹദ്ദബി' (2/224) ലും അദ്‌കാർ (92)ലും നബി (സ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തെക്കൊണ്ട് തവസ്സുലാക്കൽ സുന്നത്താണെന്ന് വ്യക്ത‌മാക്കിയിട്ടുണ്ട്.

ചോദ്യം:

ചില മഖ്ബറകളിൽ കണ്ടുവരുന്ന ജാറം മൂടൽ ആചാരത്തിന് ഇസ്‌ലാമിൽ വല്ല അടിസ്ഥ‌ാനവുമുണ്ടോ ?

ഉത്തരം:

ഉലമാക്കൾ, ഔലിയാക്കൾ, സ്വലിഹീങ്ങൾ എന്നിവരുടെ ഖബറുകളിൽ ഖുബ്ബകൾ പണിയുന്നതും അവരുടെ ഖബറുകളിൽ വസ്ത്രങ്ങൾ മൂടുന്നതും അവരെ ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ അനുവദനീയമാണ്. നല്ല ഉദ്ദേശത്തോടെയാണെങ്കിൽ വിളക്ക് കത്തിക്കുന്നതും അനുവദനീയം തന്നെ ഖബറുകളുടെ സമീപം വിളക്ക് കത്തിക്കാൻ എണ്ണയും നെയ്യും നേർച്ച നേരുന്നതും അവരോടുള്ള സ്നേഹത്താ ലും ബഹുമാനത്താലുമാകയാൽ അനുവദനീയം തന്നെ (റൂഹുൽബയാൻ 3/400) വസ്ത്രമിട്ട് മൂടൽ ആദരിക്കലാണ്. അത് കൊണ്ടാണല്ലോ കഅ്ബയെ വസ്ത്രമിട്ട് മൂടുന്നത്. ഇമാം സയ്യദീ സംഹൂദീ (റ) പറയുന്നു. കഅ്ബയെ ആദരിക്കാൻ വേണ്ടി വസ്ത്രമിട്ട് മൂടുന്നത് അനുവദനീയമാണ് അത് പോലെ നബി (സ) യുടെ റൗളയെ ആദരിക്കലും അനുവദനീയം തന്നെ. (വഫാഉൽവഫ 2/582)

ചോദ്യം:

ഔലിയാക്കളുടെ മഖാമുകളിൽ നിന്ന് പുല്ല്,മണ്ണ് തുടങ്ങിയവ ബറക്കത്തിന് വേണ്ടി എടുക്കുന്നത് അനുവദനീയമാണോ ?

ഉത്തരം:
 
മറവ് ചെയ്യാൻ വേണ്ടി പ്രത്യേകം തയ്യാർ ചെയ്‌തതോ ഖബറിനു വേണ്ടി വഖഫ് ചെയ്‌തതോ ആയ സ്‌ഥലത്താണ് മഖാമെങ്കിൽ ഇത് അനുവദനീയമല്ല. ഇങ്ങനെയല്ലാത്ത മഖ്ബറകളിൽ ലഭിക്കുന്ന പഴങ്ങളും മറ്റും വിറ്റ് മഖ്ബറയുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നതാണ് നല്ലത്. മഹാന്മാരുടെ മഖ്‌ബറകളോട് ബന്ധപ്പെട്ട വസ്‌തുക്കളിൽ നിന്ന് പൂണ്യം നേടൽ പണ്ടു കാലത്തെ പ്രചാരത്തിലുള്ളതാണ്. കഅ്ബയുടെ കില്ലയും സംസം വെള്ളവും ബറക്കത്തിന്‌ വേണ്ടി ലോക ജനത കൊണ്ട് പോകുന്നത്‌ പ്രസിദ്ധമാണല്ലോ. ജഅ്‌ഫർ സ്വാദിഖ് (റ)വിന്റെ പുത്രൻ ഇസ്മ‌ാഈൽ (റ)വിന്റെ മഖ്ബറക്കടുത്തുള്ള കിണറ്റിൽ നിന്ന് ചികിത്സാവശ്യാർത്ഥം വെള്ളം കൊണ്ട് പോകാറുണ്ട്. (വഫാഉൽവഫ)

നെല്ലിക്കുത്ത് ഇസ്‌മാഈൽ മുസ്‌ലിയാർ 
(ഫതാവാ വാള്യം രണ്ട് )

by Abdulla cherumba abudhabi
e-mail: [email protected]
tel:050 7927429 Abudhabi