റമളാൻ അനുഗ്രഹത്തിൻ്റെ മാസം
ഞങ്ങളൊരിക്കൽ നബി(സ)യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. നോമ്പ് അനുഷ്ഠിച്ചവരും അനുഷ്ഠിക്കാത്തവരുമുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ. അങ്ങനെ കഠിന ചൂടുള്ള ഒരു ദിവസം ഞങ്ങളൊരു താവളത്തിലിറങ്ങി. അപ്പോൾ നോമ്പുള്ളവരെല്ലാം തളർന്നു വീണു. നോമ്പില്ലാത്തവർ എഴുന്നേറ്റു തമ്പു കെട്ടുകയും വാഹനങ്ങൾക്ക് വെളളം കൊടുക്കുകയും ചെയ്തു. അന്നേരം നബി(സ) അരുളി. ഇന്ന് നോമ്പനുഷ്ഠി ക്കാത്തവർ ധാരാളം പ്രതിഫലം കൊണ്ടു പോയി
ബുഖാരി മുസ്ലിമിൽ നിന്ന് വിശുദ്ധ റമളാനെ ക്കുറിച്ച് വന്ന ഹദീസുകളിൽ നിന്ന് 27 എണ്ണം
റമളാൻ അനുഗ്രഹത്തിൻ്റെ മാസം
عنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم : إِذَا دَخَلَ رَمَضانُ فُتِحَتْ أَبْوَابُ السَّمَاءِ وَفِي رِوَايَةٍ فتِحَتْ أَبْوَابُ الْحَنةِ وَغُلِقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتِ الشَّيَاطِينُ وَفِي روايَةٍ فُتِحَتْ أَبْوَابُ الرَّحْمةِ
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം നബി(സ) അരുളി. റമളാൻ പ്രവേശിച്ചാൽ (സമാഗതമായാൽ) സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടും. മറ്റൊരു റിപ്പോർട്ടിൽ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലക്കിടപ്പെടുകയും ചെയ്യുമെന്നുണ്ട്. മറ്റൊരു റിപ്പോർട്ടിൽ 'റഹ്മത് (അനുഗ്രഹം)ൻ്റെ കവാടങ്ങൾ തുറക്കപ്പെടുമെന്നും വന്നിരിക്കുന്നു.( ബുഖാരി-മുസ്ലിം)
وَعَنْ سَهْلِ بْنِ سَعْدٍ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم فِي الْجَنَّةِ ثَمَانِيَةُ أَبْوَابٍ منها باب يُسمى الريانُ لَا يَدْخُلُهُ إِلَّا الصَائِمُونَ
നോമ്പുകാർ മാത്രം പ്രവേശിക്കുന്ന സ്വർഗ്ഗ കവാടം
സഹ്ലുബന് സഅ്ദി(റ)ൽ നിന്ന് നിവേദനം നബി(സ)പറഞ്ഞു. സ്വർഗ്ഗത്തിൽ എട്ടു വാതിലുകളുണ്ട് അവയിൽ പെട്ടതാണ് 'റയ്യാൻ' എന്ന് പറയപ്പെടുന്ന വാതിൽ. നോമ്പുകാരൊഴികെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. (അവർ കടന്നു പോയാൽ അതു അടക്കപ്പെടും. പിന്നെ അതു തുറക്കുകയില്ല തന്നെ (ബുഖാരി-മുസ്ലിം)
നോമ്പ്-തറാവീഹിൻ്റെ മഹത്വം
وَعَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم مَنْ صَامَ رَمَضانَ إيمانا وَاحتسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنِيهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ഒരാൾ 'റമളാനിൽ' വ്രതമനുഷ്ടിച്ചാൽ തന്റെ മുൻ കഴിഞ്ഞ (ചെറു) പാപങ്ങൾ പൊറുക്കപ്പെടും. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമളാനിൽ ഒരാൾ (രാത്രി) നമസ്കരിച്ചാൽ തൻ്റെ മുൻ കഴിഞ്ഞ ദോഷങ്ങൾ പൊറുക്കപ്പെടും. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി'ഖദ്ർ'ൻ്റെ രാവിൽ (ലൈലത്തുൽ ഖദ്റ്) വല്ലവനും നിസ്കാരം നിർവ്വഹിച്ചാൽ തൻ്റെ കഴിഞ്ഞ കാല പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി-മുസ് ലിം)
തറാവീഹ് റമളാനിലെ പ്രത്യേക നിസ്കാരം അതു ഇരുപത് റകഅത്താകുന്നു. സ്വഹാബികളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. അത്കൊണ്ട് തന്നെ സർവ്വലോക മുസ്ലിംകളും അതംഗീകരിക്കാൻ ബാധ്യസ്ഥരാണ്. സ്വഹാബത്തിന്റെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട ഒരു കാര്യത്തെ നിഷേധിക്കൽ 'കുഫ്റ്' (മതനിരാകരണം) ആണെന്നതിൽ പക്ഷാന്തരമില്ല. നബി(സ)യുടെ
കാലത്ത് മൂന്നോ നാലോ ദിവസം മാത്രമേ തറാവീഹ് ജമാഅത്തായി നിർവ്വഹിക്കപ്പെട്ടിട്ടുള്ളൂ. പിന്നെ അത് നിർബന്ധമാക്കപ്പെടുമോ എന്ന് ശങ്കിച്ചു നബി (സ) വീട്ടിൽ വെച്ചു നമസ്കരിക്കുവാൻ കൽപിക്കുകയാണുണ്ടായത്. അനന്തരം തറാവീഹിലെ ജമാഅത്ത് പുന:സ്ഥാപിതമായത് ഖലീഫ : ഉമർ(റ)ന്റെ ഭരണ കാലത്തായിരുന്നു. അന്ന് അദ്ദേഹം നിയമിച്ച ഇമാമിൻ്റെ പിന്നിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. ഇമാം ബൈഹഖി(റ) സുനനുൽ കുബ്റയിൽ ഉദ്ധരിച്ച സ്വീകാര്യമായ ഒരു ഹദീസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർവ്വലോക പണ്ഡിതന്മാരും നിരാക്ഷേപം അംഗീകരിച്ചതുമാണ്.
നോമ്പ് നോറ്റ് ശണ്ഠ കൂടരുത്
وَعَنْهُ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم كُلِّ عَمَلِ ابْنِ آدَمَ يُضَاعَفُ الحسن بعشر أمثالها إلى سبع مِائَةِ ضِعْفٍ قَالَ اللهُ تَعَالَى إِلَّا الصَوْمَ فَإِنَّهُ لِي وَأَنَا أَجْزى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلى للصَائِمِ فَرْحَتَانِ فَرَحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِندَ لِقَاء رَبِّهِ وَلخَلُوفُ فَمِ الصَّائِمِ أَطْبُ عِندَ اللَّهِ من ريح المسك والصيامُ جنَّةٌ وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلا يَرْفُتْ وَلَا يَصْخَبْ فَإِنْ سَابَهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرؤ صائم
അബൂഹുറൈ റ(റ)യിൽ നിന്ന് നിവേദനം. നബി(സ)പറഞ്ഞു മനുഷ്യൻ്റെ എല്ലാ സൽകർമ്മങ്ങൾക്കും പത്തു മുതൽ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു. നോമ്പ് ഒഴികെ. അതെനിക്കുളളതാണ്. അതിന് ഞാൻ പ്രതിഫലം നൽകുകയും ചെയ്യും. എൻ്റെ പേരിലാണല്ലോ നോമ്പുകാരൻ തൻ്റെ ദേഹേഛകളും ഭക്ഷണ പാനീയങ്ങളും ഉപേക്ഷിക്കുന്നത്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പ് തുറക്കുന്ന സമയത്ത്. മറ്റൊന്ന് തൻ്റെ നാഥനെ ദർശനം (ലിഖാഅ് ) ചെയ്യുന്ന നേരത്തും. നോമ്പുകാരൻ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തുരിയേക്കാൾ സുഗന്ധമുളളതാകുന്നു. കുറ്റങ്ങളെ തടുക്കുവാനുള്ള ഒരു പരിചയാണ് നോമ്പ്, നോമ്പു ദിനത്തിൽ നിങ്ങളിൽ ആരും തെറ്റായ പ്രവർത്തികൾ ചെയ്യുകയോ അനാവശ്യ വാക്കുകൾ പറയുകയോ അരുത്. ഇനി വല്ലവനും അവനോട് ശണ്ഠ കൂടുകയോ ശകാരിക്കകയോ ചെയ്താൽ ഞാൻ നോമ്പനുഷ്ടിച്ച മനുഷ്യനാണെന്ന് പറഞ്ഞു ( അവൻ ഒഴുഞ്ഞുമാറി) കൊളളട്ടെ. ( ബുഖാരി- മുസ്ലിം)
പരസ്പ്പരം ശണ്ഠകൂടലും ചീത്ത പറയലും നോമ്പുകാർക്ക് മാത്രമല്ല നിഷിദ്ധം, മറ്റുളളവർക്കും അത് നിഷിദ്ധമാകുന്നു. നോമ്പുകാർ ആ വിഷയത്തിൽ കൂടുതൽ സൂക്ഷ്മത കൈകൊളളണമെന്നാണ് ഈ ഹദീസിൻ്റെ താൽപര്യം.
മാസം കാണാതെ നോമ്പും പെരുന്നാളും അനുഷ്ടിക്കരുത്
عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم لا تَصُومُوا حَتَّى تَرَوُا الهلالَ ولا تفطروا حَتَّى تَرَوْهُ فان غمَّ عَلَيْكُم فاقدروا له .
ഇബ്ന് ഉമർ(റ) ൽനിന്ന് നിവേദനം നബി(സ) പറഞ്ഞു. റമളാൻ ചന്ദ്രപ്പിറവി കാണുന്നത് വരെ നിങ്ങൾ വ്രതമനുഷ്ടിക്കരുത് ( അപ്രകാരം തന്നെ ശവ്വാൽ) പിറവികാണുന്നത് വരെ നിങ്ങൾ നോമ്പ് നിർത്തുകയും ചെയ്യരുത്. മേഘം മൂടിയതു നിമിത്തം നിങ്ങൾക്ക് അത് കാണാൻ സാധിക്കാതെ വന്നാൽ നിങ്ങൾ മാസം(മുപ്പത്) കണക്കാക്കിക്കൊള്ളുക.മറ്റൊരു റിപ്പോർട്ടിൽ മാസം (ചിലപ്പോൾ) ഇരുപത്തൊമ്പതായേക്കാം. അപ്പോൾ അതു കാണുന്നതു വരെ നിങ്ങൾ വ്രതമനുഷ്ടിക്കരുത്. മേഘം മൂടുക നിമിത്തം മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ശഅ്ബാൻ മുപ്പതും നിങ്ങൾ പൂർത്തിയാക്കിക്കൊളളുക.
ജാബിർ(റ)ൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് നബി(സ) പറഞ്ഞു
اذا رأيتم الهلال فصوموا واذا رأيتموه فافطروا فان اغمى عليكم فعدوا ثلاثين يوما
ചന്ദ്രപ്പിറവി കണ്ടാൽ നിങ്ങൾ വ്രതമനുഷ്ടിക്കുകയും അതു കണ്ടാൽ നിങ്ങൾ നോമ്പ് മുറിക്കുകയും (പെരുന്നാൾ ആഘോഷിക്കുകയും ) ചെയ്യുക. നിങ്ങളുടെ മേൽ മേഘം മൂടപ്പെട്ടാൽ മുപ്പത് ദിവസം നിങ്ങൾ എണ്ണുവീൻ, (പൂർത്തീകരിക്കുവീൻ) (ബുഖാരി-മുസ്ലിം)
സംശയത്തിന്റെ ദിവസം നിങ്ങൾ നോമ്പനുഷ്ഠിക്കരുത്
وَعَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم صُومُوا لِرُؤْيَتِهِ وَأَفْطِرُوا رُؤْيَتِهِ فَإِنْ غُمَّ عَلَيْكُمْ فَا كَمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ
അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം നബി(സ)പറഞ്ഞു. മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയും അതു കണ്ടാൽ നിങ്ങൾ നോമ്പ് നിർത്തുകയും (പെരുന്നാൾ ആഘോഷിക്കുകയും) ചെയ്യുക. മേഘം മൂലം അത് ദൃശ്യമാവാതെ വന്നാൽ ശഅ്ബാൻ മാസം മുപ്പതായി നിങ്ങൾ പൂർത്തീകരിക്കുക. (ബുഖാരി-മുസ്ലിം)
മാസം ഇരുപത്തി ഒമ്പതും മുപ്പതും ഉണ്ടാകും
وَعَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ الله صلى الله عليه وسلم إنا أمة أمية لا نكتب وَلَا نَحْسَبُ الشَّهْرُ هكَذا وهكذا وَهَكَذَا وَعَقَدَ الإِبْهَامَ فِي الثَّالِثَةِ ثُمَّ قَالَ الشَّهْرُ هَكَذَا وَهَكَذا وَهَكَذَا يَعْنِي تَمامَ الثَّلاثِينَ يَعْنِي مَرَّةً تسْعًا وَعِشْرِينَ وَمَرَّةً ثَلَاثِينَ
ഇബ്ന് ഉമർ(റ)ൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു നിശ്ചയമായും (മിക്ക ആളുകൾക്കും) എഴുത്തും വായനയും അറിയാത്ത സമൂഹമാണ് , നാം എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാറില്ല. മാസം ഇപ്രകാരവും ഇപ്രകാരവും ഇപ്രകാരവുമാകുന്നു. (രണ്ട് തവണ പത്തു വിരൽ നിവർത്തിപ്പിടിച്ചും)മൂന്നാം തവണയിൽ ഒരു തള്ളവിരൽ മടക്കിപ്പിടിച്ചും(ഇരുപത്തി ഒമ്പതിനെ സൂചിപ്പിച്ചു ആംഗ്യം കാണിച്ചുകൊണ്ടാണിതു പറഞ്ഞത്.) അനന്തരം (മൂന്നു പ്രാവശ്യവും പത്ത് വിരൽ നിവർത്തിപ്പിടിച്ചു) നബി(സ) അരുളി. മാസം ഇപ്രകാരവും ഇപ്രകാരവും ഇപ്രകാരവുമാകുന്നു. അതായത് ഒരിക്കൽ ഇരുപത്തിയൊമ്പതും ഒരിക്കൽ മുപ്പതും. (ബുഖാരി-മുസ്ലിം)
وَعَنْ أَبِي بَكْرَةَ قَالَ قَالَ رَسُولُ اللَّهِ شَهْرًا عِيدِ لا يَنْقُصانِ رَمَضَانُ وَذُ الْحجَةِ
ദിവസം കുറഞ്ഞാലും പുണ്യം കുറയുകയില്ല. അബൂബകറതി(റ)ൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു. പെരുന്നാളുകളുടെ രണ്ട് മാസം റമാളാനും ദുൽ ഹജ്ജും ചുരുങ്ങുകയില്ല. (ബുഖാരി-മുസ്ലിം) റമളാനിൻ്റെ പരിസമാപ്തിയോടെയാണല്ലോ ചെറിയ പെരുന്നാൾ അതു കൊണ്ടാണ് റമളാൻ പെരുന്നാൾ മാസം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. പെരുന്നാൾ മാസങ്ങൾ ചുരുങ്ങുകയില്ലെന്നതിന്റെ വിവക്ഷ, ദിവസം ഇരുപത്തിയൊമ്പതായാലും അവയുടെ പുണ്യം ചുരുങ്ങുകയില്ലെന്നാണ്. (ശറഹ്മുസ്ലിം)
റമളാൻ്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പതിവില്ലാത്ത നോമ്പ് അനുഷ്ഠിക്കരുത്
وَعَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم لا يَتَقَدَّمنّ أَحَدُكُمْ رَمَضَانَ بِصَوْمٍ يَوْمٍ أَوْ يَوْمَيْنِ إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمًاَ فلْيصُمْ ذَلِكَ الْيَوْمِ
അബൂഹുറൈ റ(റ) നിവേദനം നബി(സ) പറഞ്ഞു ഒന്നോ രണ്ടോ ദിവസത്തെ നോമ്പ് കൊണ്ട് റമളാനിനെ നിങ്ങൾ മുൻകടക്കരുത്. (പതിവുള്ള) നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിയാണെങ്കിൽ ഒഴികെ. അയാൾ ആ ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചു കൊള്ളട്ടെ. (അതിനു വിരോധമില്ല തിങ്കളാഴ്ച നോമ്പ്, ഖളാവീട്ടുന്ന നോമ്പ്, നേർച്ച നോമ്പ് മുതലായവയും പ്രസ്തുത ദിവസങ്ങളിൽ അനുഷ്ഠിക്കാം. (ബുഖാരി-മുസ്ലിം)
അത്താഴത്തിൽ ബറകതുണ്ട്
عَنْ أَنس قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَة
അനസ് (റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തിൽ ബറകതുണ്ട്. ( ബുഖാരി-മുസ്ലിം)
സമയമായാൽ ഉടനെ നോമ്പ് തുറക്കുക
وَعَنْ سَهْلِ قَالَ قَالَ رَسُولُ الله صلى الله عليه وسلم لا يَزَالُ النَّاسُ بِخَيْرٍ مَا عجَّلُوا الْفِطْرَ
സഹ്ൽ (റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു (സമയമായ ഉടൻ) നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്ന കാലത്തൊക്കെ ജനങ്ങൾ നന്മയിലായിരിക്കും. (ബുഖാരി)
അസ്തമിച്ചാൽ നോമ്പ് അവസാനിച്ചു
وَعَنْ عُمَرَ قَالَ قَالَ رَسُولُ الله صلى الله عليه وسلم إِذا أَقبلَ اللَّيْلُ مِنْ ههنا وادبر النَّهَارُ مِنْ ههُنَا وَغَربَتِ الشَّمْسُ فَقَدْ أَفْطَرَ الصَّائِم
ഉമർ(റ) ൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു ഇവിടെ നിന്ന് (കിഴക്ക് ഭാഗത്ത് നിന്ന്) രാവു ആസന്നമാവുകയും ഇവിടെ നിന്ന് (പടിഞ്ഞാറ് ഭാഗത്ത് നിന്ന് ) പകൽ പിന്നിടുകയും സൂര്യൻ അസ്തമിക്കുകയും ചെയ്താൽ നോമ്പുകാരൻ (നിയമദൃഷ്ട്യാ) നോമ്പു മുറിച്ചവനായി. (ബുഖാരി-മുസ്ലിം)
ഒന്നിലധികം നോമ്പ് ചേർത്തു നോൽക്കരുത്
وَعَنْ أَبِي هُرَيْرَةَ قَالَ نَهَى رَسُولُ اللهِ صلى الله عليه وسلم عَنِ الوِصال في الصّوم فَقَالَ لَهُ رَجُلٌ إِنَّكَ تُوَاصِلُ يَا رَسُولَ اللَّهِ قَالَ وَأَيّكُمْ مِثْلِي إِنِّي أَبِيتُ يُطْعِمُنِي رَبِّي وَيَسْقِنِي
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം നോമ്പ് തുറക്കാതെ ഒന്നിലധികം നോമ്പ് ചേർത്തു നോൽക്കുന്നതിനെ നബി(സ) നിരോധിച്ചു. അന്നേരം ഒരാൾ പറഞ്ഞു' അല്ലാഹുവിൻ്റെ ദൂതരേ, താങ്കൾ ചേർത്തു നോൽക്കാറുണ്ടല്ലോ ? നബി(സ) അരുളി, നിങ്ങളിൽ എന്നെപ്പോലെ ആരുണ്ട് ? എൻ്റെ രക്ഷിതാവ് എനിക്ക് ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെയാണ് ഞാൻ രാത്രി കഴിച്ചുകൂട്ടുന്നത്. (ബുഖാരി-മുസ്ലിം)
നബി(സ) സാധാരണ മനുഷ്യനല്ല
نهى رسول الله صلى الله عليه وسلم عن الوصال رحمة لهم فقالو انك تواصل قال انى لست كهيئتكم اني يطعمني ربي ويسقين
ആയിശ(റ)യിൽ നിന്ന് നിവേദനം ജനങ്ങളോടുള്ള കരുണ കാരണം നോമ്പ് ചേർത്തു നോൽക്കുന്നതിനെ നബി(സ) നിരോധിച്ചു. അപ്പോൾ അവർ പറഞ്ഞു തങ്ങൾ ചേർത്തു നോൽക്കാറുണ്ടല്ലോ ? നബി(സ) അരുളി. ഞാൻ നിങ്ങളുടെ അവസ്ഥയിലല്ല. നിശ്ചയം എൻ്റെ രക്ഷിതാവ് എനിക്ക് ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്. (അന്നപാനാദികളിൽ നിന്ന് ലഭ്യമാകുന്ന ശക്തിയും ഊർജ്ജവും അവൻ എനിക്ക് പ്രദാനം ചെയ്യുന്നു.) (ബുഖാരി-മുസ്ലിം)
نهى رَسُولُ اللهِ صلى الله عليه وسلم عَنِ الْوِصالِ قَالُوا إِنَّكَ تُواصِلُ قَالَ إِنِّي لَسْتُ مِثْلَكُمْ إِنِّي أَطْعَمُ وَأَسْقَى
അബ്ദുല്ലാഹിബ്ന്ന് ഉമറിൽ നിന്ന് നിവേദനം. നോമ്പ്ചേർത്തു നോൽക്കുന്നതിനെ നബി(സ) വിരോധിച്ചു. അപ്പോൾ അവർ പറഞ്ഞു. തങ്ങൾ ചേർത്തു നോൽക്കാറുണ്ടല്ലോ ? നബി(സ) അരുളി. ഞാൻ നിങ്ങളെപ്പോലെയുള്ള മനുഷ്യനല്ല. എനിക്ക് ഭക്ഷിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. (ബുഖാരി-മുസ്ലിം)
നോമ്പ് നോറ്റ് ചുംബിക്കൽ
عَنْ عَائِشَةَ قَالَتْ كَانَ رَسُولُ اللهِ صلى الله عليه وسلم يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ وَكَانَ أَمْلَككُم لإربِهِ
ആയിശ(റ) യിൽ നിന്ന് നിവേദനം നബി(സ)ക്ക് നോമ്പുണ്ടായിരിക്കെ അവിടു ന്ന് ഭാര്യമാരെ ചുംബിക്കുകയും അവരെ തൊട്ടുരുമ്മിക്കിടക്കുകയും ചെയ്യാറുണ്ടായിരുന്നു. തൻ്റെ വൈകാരികാവശ്യങ്ങളെ നിയന്ത്രിക്കുന്നതിൽ നിങ്ങളെക്കാളെല്ലാം കഴിവുള്ള വ്യക്തിയായിരുന്നു നബി(സ) (ബുഖാരി-മുസ്ലിം)
ചുംബനം മൂലം വികാരോത്തജനമുണ്ടാകുന്നവർക്ക് നോമ്പ് നോറ്റു ചുംബിക്കൽ ഹറാമാകുന്നു. അതില്ലാത്തവർക്ക് 'ഹറാമില്ലെ'ങ്കിലും ഉത്തമമല്ല. ആത്മ നിയന്ത്രണ ശക്തിയിൽ മറ്റാരെക്കാളും ഉയർന്ന വ്യക്തിയായിരുന്നു നബി (സ) ചുംബനം മറ്റു വൈകാരിക വ്യവഹാരങ്ങളിലേക്ക് വഴുതിപ്പോവാതെ പിടിച്ചു നിർത്തുവാൻ തങ്ങൾക്ക് കഴിയുമായിരുന്നു. അതു കൊണ്ടാണ് നബി (സ) അത് ചെയ്തിരുന്നതെന്നു ആയിശ (റ) തന്നെ സൂചിപ്പിച്ചത് സ്മരണീ യമാണ്. ചുംബനം മൂലം ഇന്ദ്രിയം പുറപ്പെട്ടാൽ നോമ്പ് മുറിയും. അല്ലെങ്കിൽ മുറിയുകയില്ല.
റമദാൻ രാത്രികളിൽ സംയോഗം അനുവദനീയം
وَعَنْهَا قَالَتْ كَانَ رَسُولُ اللهِ صلى الله عليه وسلم يُدْرِكُهُ الْفَجْرُ فِي رَمَضَانَ وَهُوَ جنبٌ مِنْ غَيْرِ حُلْمٍ فَيَغْتَسِلُ وَيَصُومُ
ആയിശ (റ) യിൽ നിന്ന് നിവേദനം റമളാനിൽ സ്വപ്ന സ്ഖലനം നിമിത്തമല്ലാതെ (ഭാര്യമാരുമായി സഹവസിച്ചു) ജനാബത്തുകാരനായിക്കൊണ്ട് നബി(സ) പ്രഭാതം വെളിപ്പെടുമ്പോൾ എഴുന്നേൽക്കുകയും അനന്തരം കുളിച്ചു വ്രത മനുഷ്ഠിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി-മുസ്ലിം)
മറന്ന് തിന്നാൽ നോമ്പ് മുറിയുകയില്ല
وَعَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ الله صلى الله عليه وسلم مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلَيتم صَوْمَهُ فَإِنَّمَا أَطْعَمُهُ اللَّهُ وَسَقَاهُ
അബൂ ഹുറൈറ (റ)യിൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു. നോമ്പനുഷ്ഠിച്ചവൻ (അത്) മറന്ന് കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തിയാക്കിക്കൊള്ളട്ടെ. (അവൻ്റെ നോമ്പ് ബാത്വിലാവുകയില്ല) അല്ലാഹു അവന്ന് ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തു വെന്ന് മാത്രം. (ബുഖാരി-മുസ്ലിം)
وَعَنْهُ قَالَ بَيْنَمَا نَحْنُ جُلُوسٌ عِندَ النبي صلى الله عليه وسلم إِذْ جَاءَه رَجُلٌ فَقَالَ: يَا رَسُولَ اللَّهِ, هَلَكْتُ قَالَ مَا لك؟ قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ فَقَالَ رَسُولُ الله صلى الله عليه وسلم هَلْ تَجِدُ رَقَبَةً تُعتقُها قَالَ لا. قَالَ فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ ؟ قَالَ لَا. قَالَ هَلْ تَجِدُ اطعامَ سِتينَ مِسْكِينا قَالَ لا. قَالَ اجْلِسُ وَمَكث النبي صلى الله عليه وسلم فبينا نَحْنُ عَلى ذلك أتي النبي صلى الله عليه وسلم بِعَرَقِ فِيهِ تَمْرُ وَالْعَرَقُ المكْتَلُ الضَّخْمُ قَالَ أينَ السَّائِلُ قَالَ أَنَا. قَالَ خُدٌ هذَا فَتَصَدَّقْ بِهِ فَقَالَ الرَّجُلُ عَلَى أَفْقَرَ مِني يَا رَسُولَ اللهِ؟ فَوَاللَّهِ مَا بَيْنَ لا بَتيْهَا يُرِيدُ الْحَرَّتَيْنِ أَهْلُ بَيْتِ أَفْقَرُ مِنْ أَهْلِ بَيْتي فَضَحِكَ النَّبِيُّ صلى الله عليه وسلم حَتَّى بَدَتْ أَنْيابُهُ ثُمَّ قَالَ أَطْعِمهُ أَهْلَكَ
(البخار 1936\ المسلم 1111)
അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം ഞങ്ങൾ നബി(സ)യുടെ അടുക്കൽ ഇരിക്കുമ്പോൾ ഒരാൾ വന്ന് പറഞ്ഞു. അല്ലാഹുവിൻ്റെ ദൂതരേ!! 'ഞാൻ നശിച്ചു' നബി(സ)ചോദിച്ചു. നിനക്കെന്തു പറ്റി ?
ആഗതൻ : ഞാൻ നോമ്പനുഷ്ഠിച്ചുകൊണ്ട് ഭാര്യയെ സംയോഗം ചെയ്തു.
നബി(സ) : നിനക്ക് ഒരു അടിമയെ മോചിപ്പിക്കാൻ കഴിയുമോ ?
ആഗതൻ : ഇല്ല!
നബി(സ) : രണ്ടുമാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ സാധിക്കുമോ ?
ആഗതൻ : ഇല്ല!
നബി(സ) :അറുപത് ദരിദ്രർക്ക് ആഹാരം കൊടുക്കുവാൻ നിനക്ക് സാധിക്കുമോ ?
ആഗതൻ : ഇല്ല!
നബി(സ) നീ ഇരിക്കൂ! അങ്ങനെ കുറച്ച് സമയം കഴിഞ്ഞു. അപ്പോഴേക്കും ഒരു കൊട്ട കാരക്ക നബി(സ)യുടെ അടുക്കൽ കൊണ്ട് വരപ്പെട്ടു. ഉടൻ നബി (സ) അന്വേഷിച്ചു. ആ ചോദ്യകർത്താവ് എവിടെ ?
ആഗതൻ : ഞാൻ, (ഇതാ ഇവിടെ)
നബി(സ) : ( ആകാരക്ക അയാൾക്ക് കൊടുത്തുകൊണ്ട്) നീ ഇത് എടുത്തു ദാനം ചെയ്യുക, എന്നു പറഞ്ഞു.
ആഗതൻ : അല്ലാഹുവിൻ്റെ ദൂതരേ!! എന്നെക്കാൾ വലിയ ദരിദ്രർക്കാണോ ഞാൻ ദാനം ചെയ്യേണ്ടത്! ? എങ്കിൽ മദീനയുടെ രണ്ടു കറുത്ത കൽപ്രദേശങ്ങൾ(അതിർത്തി)ക്കിടയിൽ എൻ്റെ വീട്ടുകാരേക്കാൾ ദാരിദ്ര്യം അനുഭവി ക്കുന്ന ഒരു വീട്ടുകാരുമില്ല. അതു കേട്ടപ്പോൾ നബി(സ) അവിടത്തെ അണപ്പല്ലുകൾ വെളിവാകും വിധം ചിരിക്കുകയും, അനന്തരം അത് (നീ കൊണ്ട് പോയി) നിൻ്റെ വീട്ടുകാർക്ക് ഭക്ഷിപ്പിക്കുക എന്ന് അരുളുകയും ചെയ്തു. (ബുഖാരി-മുസ്ലിം)
നോമ്പ് അനുഷ്ഠിച്ച് മനപ്പൂർവ്വം സംയോഗം ചെയ്താൽ നോമ്പ് ബാത്വിലാകും അതിനു പ്രായശ്ചിത്തം നൽകൽ അനിവാര്യവുമാണ്. ന്യൂനതകളൊന്നുമില്ലാത്ത സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക. അതിന്നു കഴിയില്ലെങ്കിൽ തുടർച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കുക. അതിന്നും കഴിവില്ലെങ്കിൽ ഒരു മിസ്കീന് ഒരു മുദ്ദ് (800 മി.ലീറ്റർ) എന്ന കണക്കിൽ അറുപത് മിസ്കീന്മാർക്ക് ഭക്ഷണം നൽകുക. ഇതാണ് അതിൻ്റെ പ്രായശ്ചിത്തം ഇവ മൂന്നിൽ ഒന്നും ചെയ്യാൻ കഴിയാത്ത പക്ഷം പ്രായശ്ചിത്തം ഉത്തരവാദിത്വത്തിൽ അവശേഷിക്കുന്നതും കഴിവുണ്ടാകുമ്പോൾ നിർവ്വഹിക്കേണ്ടതുമാണ്. മറ്റു ബാധ്യതകൾ പോലെതന്നെ. പ്രസ്തുത മൂന്നു കാര്യങ്ങൾക്കും താൻ അശക്തനാണെന്നു പറഞ്ഞതിൻ്റെ ശേഷം നബി(സ)യുടെ അടുക്കൽ കൊണ്ടുവരപ്പെട്ട കാരക്ക നൽകി അതു കൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ മേൽ പറഞ്ഞ സ്വഹാബിയോട് നബി(സ) നിർദ്ദേശിച്ചത് ബാധ്യതയിൽ അവശേഷിക്കുമെന്നതിന്നു തെളിവാകുന്നു. അവശേഷിക്കുമെന്നു നബി(സ)അദ്ദേഹത്തോട് വെളിവാക്കിപ്പറഞ്ഞില്ലെന്ന് മാത്രം. (ശറഹ്മുസ്ലിം)
യാത്രയിൽ നോമ്പ് ഒഴിവാക്കുന്നതിന് വിരോധമില്ല
عَنْ عَائِشَةَ قَالَتْ إِنَّ حَمْزَةَ بْنَ عَمْرٍ وَالْأَسْلَميّ قَالَ لِلنَّبي صلى الله عليه وسلم أأَصُومُ فِي السَّفَرِ؟ وَكَانَ كَثِيرَ الصِّيَامِ فَقَالَ إِنْ شِئْتَ صمت وَإِنْ شِئْتَ فَأَفْطِرْ
ആയിശ(റ)യിൽ നിന്ന് നിവേദനം ഹംസതുബ്ന് അംറിൽ അസ്ലമി(റ) ഒരിക്കൽ നബി(സ)യോട് പറഞ്ഞു. ഞാൻ യാത്രയിൽ വ്രതമനുഷ്ഠിക്കും (അതിനു വിരോധമുണ്ടോ ?) ധാരാളം വ്രതമനുഷ്ഠിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അന്നേരം നബി(സ) അരുളി. നീ അനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അനുഷ്ഠിക്കാം. ഒഴിവാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒഴിവാക്കുകയും ചെയ്യാം. (ബുഖാരി-മുസ്ലിം)
അനുവദനീയമായ ദീർഘയാത്രയിൽ നോമ്പുപേക്ഷിക്കുന്നതിന്നു വിരോധമില്ല. എങ്കിലും ബുദ്ധിമൊട്ടൊന്നും കൂടാതെ നോമ്പനുഷ്ഠിക്കാൻ കഴിയുന്ന പക്ഷം അതു തന്നെയാണുത്തമം. ഇമാം അബൂഹനീഫ(റ) ഇമാം മാലിക്(റ) ഇമാം ശഫിഈ(റ) തുടങ്ങി ഒട്ടനവധി പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ഹദീസുകൾ അതിന്നു തെളിവായുണ്ട് താനും. 133 കിലോ മീറ്റർ (രണ്ട് മർഹല) ദൂരമില്ലാത്ത യാത്രയിലും ദോഷകരമായ കാര്യത്തിന് വേണ്ടിയുള്ള യാത്രയിലും നോമ്പുപേക്ഷിക്കൽ അനുവദനീയമല്ല തന്നെ! യാത്രക്കാർക്കുള്ള ഇളവുകളും അനുകൂല്യങ്ങളും അവർക്ക് ബാധകമല്ലന്നതാണ് കാരണം.
വിഷമമാണെങ്കിൽ നോൽക്കാതിരിക്കൽ നല്ലത്
وَعَنْ جَابِرٍ قَالَ كَانَ رَسُولُ اللهِ صلى الله عليه وسلم في سَفَرٍ فَرَأَى زِحَامًا وَرَجُلاً قَدْ ظُللَ عَلَيْهِ فَقَالَ مَا هذَا قَالُوا صَائِمٌ فَقَالَ لَيْسَ مِنَ البرِّ الصّوْمُ فِي السَّفَرِ
ജാബിർ (റ)ൽനിന്നു നിവേദനം. ഒരു സ്ഥലത്ത് ജനങ്ങൾകൂട്ടം കൂടി നിൽക്കുന്നതും ഒരാൾക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും യാത്രമധ്യേ നബി(സ) കണ്ടു. അപ്പോൾ അവിടന്നു ചോദിച്ചു. ഇതെന്താ ? അവർ പറഞ്ഞു. അദ്ദേഹം നോമ്പ് നോറ്റ വ്യക്തിയാണ്. ഉടൻ നബി(സ) പറഞ്ഞു ( നോമ്പ്കാരണം വിഷമം ഭയപ്പെടുന്നവർക്ക്) യാത്രയിൽ നോമ്പുനോൽക്കൽ പുണ്യമല്ല. (ബുഖാ രി-മുസ്ലിം)
യാത്രയിൽ നോമ്പനുഷ്ഠിക്കാതെ സേവനം ചെയ്യുന്നവർ
وَعَنْ أَنسَ قَالَ كُنّا مَعَ النبيّ صلى الله عليه وسلم في السَّفَرِ فَمنَّا الصَّائِمُ وَمِنَّا المفْطِرُ فَنَزَلْنَا مَنزِلاً في يَوْم حَار فَسَقَطَ الصَّوامُّونَ وَقَامَ الْمُفْطِرُونَ فَضَرَبُوا الْأبِنيَةَ وَسَقَوا الرَّكَابَ فَقَالَ رَسُولُ اللهِ صلى الله عليه وسلم ذَهَبَ الْمُفْطِرُونَ الْيَوْمَ بِالْآجِرِ
അനസ്(റ) ൽ നിന്ന് നിവേദനം. ഞങ്ങളൊരിക്കൽ നബി(സ)യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. നോമ്പ് അനുഷ്ഠിച്ചവരും അനുഷ്ഠിക്കാത്തവരുമുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ. അങ്ങനെ കഠിന ചൂടുള്ള ഒരു ദിവസം ഞങ്ങളൊരു താവളത്തിലിറങ്ങി. അപ്പോൾ നോമ്പുള്ളവരെല്ലാം തളർന്നു വീണു. നോമ്പില്ലാത്തവർ എഴുന്നേറ്റു തമ്പു കെട്ടുകയും വാഹനങ്ങൾക്ക് വെളളം കൊടുക്കുകയും ചെയ്തു. അന്നേരം നബി(സ) അരുളി. ഇന്ന് നോമ്പനുഷ്ഠി ക്കാത്തവർ ധാരാളം പ്രതിഫലം കൊണ്ടു പോയി( ബുഖാരി-മുസ്ലിം)
നബി (സ) യാത്രയിൽ നോമ്പ് മുറിച്ച സംഭവം
وَعَنِ ابْنِ عَبَّاسٍ قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم مِنَ الْمَدِينَةِ إلى مكّة فَصَامَ حَتَّى بَلَغَ عُسْفَانَ ثُمَّ دَعَا بِمَا فَرَفَعَهُ إِلى يَدِهِ لِيَرَاهُ النَّاسُ فَأَفْطَرَ حَتَّى قَدِمَ مَكَةً وَذَلِكَ فِي رَمَضَانَ فَكَانَ ابْن عَبَّاسٍ يَقُولُ قَدْ صَامَ رَسُولُ اللهِ صلى الله عليه وسلم وَأَفْطَرَ فَمَنْ شَاء صَامَ وَمَنْ شَاء أَفطر
ഇബ്ന് അബ്ബാസ്(റ) ൽ നിന്ന് നിവേദനം. നബി(സ) മദീനയിൽ നിന്ന് മക്കയിലേക്ക് യാത്രയായി. അപ്പോൾ ഉസ്ഫാൻ എന്ന സ്ഥലത്ത് എത്തുന്നതു വരെ നബി(സ) നോമ്പ് അനുഷ്ഠിച്ചിരുന്നു. അനന്തരം വെളളം കൊണ്ട് വരാൻ അവിടുന്ന് ആജ്ഞാപിക്കുകയും ജനങ്ങൾ കാണുവാൻ വേണ്ടി കൈയുയർത്തുകയും ചെയ്തു (ജനങ്ങൾ കാണത്തക്കവിധം അതു കുടിച്ചു നോമ്പ് മുറിച്ചു ) ശേഷം മക്കയിൽ എത്തുന്നതു വരെ ആ യാത്രയിൽ നബി(സ) നോമ്പനുഷ്ഠിച്ചിരുന്നില്ല. ഒരു റമളാൻ മാസത്തിലായിരുന്നു ഈ സംഭവം ഇബ്ന് അബ്ബാസ്(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു. നബി(സ)യാത്രയിൽ നോമ്പ് അനുഷ്ഠിക്കുകയും അനുഷ്ഠിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ യാത്രയിൽ നോമ്പ് അനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവർ അനുഷ്ഠിക്കുകയും അല്ലാത്തവർ അനുഷ്ഠിക്കാതിരിക്കുകയും ചെയ്യട്ടെ. (മുസ്ലിം(റ)ൻ്റെ ഒരു റിപ്പോർട്ടിൽ നബി(സ) വെള്ളം കുടിച്ചത് അസറിൻ്റെ ശേഷമായിരുന്നു എന്നു കൂടിയുണ്ട്. ജാബിർ (റ) ആകുന്നു അതിൻ്റെ നിവേദകൻ (ബുഖാരി-മുസ്ലിം)
നോമ്പ് ഖളാഅ് വീട്ടേണ്ടതെപ്പോൾ
عَنْ عَائِشَةَ قَالَتْ كَانَ يَكُونُ عَلَىّ الصّوْمُ مِنْ رَمَضَانَ فَمَا اسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ قَالَ يَحْيَ بْنُ سَعِيدِ تَعْنِي الشُّغُلَ مِنَ النَّبِيِّ أَوْ بِالنَّبي صلى الله عليه وسلم
ആയിശ(റ)യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു. എനിക്ക് റമളാനിൽ നഷ്ടപ്പെടുന്ന നോമ്പ് അടുത്ത ശഅ്ബാൻ മാസത്തിലല്ലാതെ നോറ്റു വീട്ടുവാൻ സാധിച്ചിരുന്നില്ല
യഹ് യബ്ന് സഈദ്(റ) പറയുന്നു. നബി(സ)യുടെ ശുശ്രൂഷയിൽ നിരതരാവുക നിമിത്തം അങ്ങനെ പിന്തിക്കേണ്ടി വരുന്നുവെന്നാണ് ആയിശ(റ) പറഞ്ഞതിൻ്റെ വിവക്ഷ. (ബുഖാരി-മുസ്ലിം)
ഒരു റമളാനിൽ ഖളാ ആയ നോമ്പ് അടുത്ത റമളാൻ ആവുന്നതിന്നു മുമ്പ് 'ഖളാ' വീട്ടണം. അല്ലാത്ത പക്ഷം പിറ്റെ റമളാനിന്നു ശേഷം ഖളാ വീട്ടുന്നതോടുകൂടി നോമ്പ് ഒന്നിന്നു 'മുദ്ദ്' ഒന്ന് എന്ന കണക്കിൽ പിന്തിച്ചതിന്നു പ്രായശ്ചിത്തം നൽകേണ്ടതാണ്. പിന്തിക്കപ്പെടുന്ന ഓരോ വർഷത്തിനും ഓരോ മുദ്ദ് വർദ്ധിപ്പിച്ച് കൊടുക്കണം. അതായത് രണ്ട് വർഷം പിന്തിച്ചാൽ(നോമ്പ് ഒന്നിന്ന്) രണ്ട് മുദ്ദും മൂന്നു വർഷം പിന്തിച്ചാൽ മൂന്ന് മുദ്ദും.
മരിച്ചവർക്കു വേണ്ടി നോമ്പ് ഖളാ വീട്ടൽ
وَعَنْها قَالَتْ قَالَ رَسُولُ الله صلى الله عليه وسلم مَنْ مَاتَ وَعَلَيْهِ صَوْمٌ صَامَ عَنْهُ وَلِيُّهُ
ആയിശ(റ) യിൽ നിന്ന് നിവേദനം. നബി(സ)പറഞ്ഞു. നോമ്പു നോറ്റു വീട്ടാനുണ്ടായിരിക്കെ ഒരാൾ മരണമടഞ്ഞാൽ അവൻ്റെ വലിയ്യ് (കടുംബ ബന്ധമുളള ഒരാൾ) അവനെ തൊട്ട് അത് നോറ്റുവീട്ടികൊള്ളട്ടെ. ( ബുഖാരി-മുസ്ലിം)
നബി(സ)യുടെ വ്രതാനുഷ്ഠാന ശൈലി
عَنْ عَائِشَةَ قَالَتْ كَانَ رَسُولُ اللهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لا يُفْطِرُ وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ وَمَا رَأَيْتُ رَسُولَ اللهِ صلى الله عليه وسلم اسْتَكْمَلَ صِيامَ شَهْرٍ قَطّ الا رمضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثرَ صِيَامًا منه فِي شَعْبَانَ وَفِي رِوايَةٍ قَالَتْ كَانَ يَصُومُ شَعْبَانَ كُلَّهُ كَانَ يَصُومُ شَعْبَانَ إِلَّا قَلِيلًا
ആയിശ(റ)യിൽ നിന്ന് നിവേദനം. ചിലപ്പോൾ നബി(സ)(ധാരാളം ദിവസം തുടർച്ചയായി )സുന്നത്ത് നോമ്പനുഷ്ഠിക്കും. ഇനി അവിടുന്ന് നോമ്പ് ഒഴിവാക്കുകയില്ല എന്ന് ഞങ്ങൾ പറയത്തക്കവണ്ണം. ചിലപ്പോൾ അവിടുന്നു (നിരവധി ദിവസം തുടർച്ചയായി) നോമ്പ് അനുഷ്ഠിക്കാതെയിരിക്കും. ഇനി അവിടുന്ന് സുന്നത്തു നോമ്പനുഷ്ഠിക്കുകയില്ലെന്ന് ഞങ്ങൾ പറയത്തക്കവണ്ണം. റമളാനിലല്ലാതെ ഒരു മാസം മുഴുവൻ നബി(സ) വ്രതമനഷ്ഠിച്ചത് ഞാൻ കണ്ടിട്ടില്ല. ശഅ്ബാൻ മാസത്തിൽ അനുഷ്ഠിക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊരു മാസത്തിൽ അവിടുന്നു സുന്നത്ത് നോമ്പനഷ്ഠിക്കുന്നതും ഞാൻ കണ്ടിട്ടില്ല. മറ്റൊരു റിപ്പോർട്ടിൽ ശഅ്ബാൻ മുഴുവനും അവിടന്ന് വ്രതമനുഷ്ഠിക്കാറുണ്ടായിരുന്നു. (അതായത്) ശഅ്ബാനിലെ കുറഞ്ഞ ദിവസങ്ങളിലൊഴികെ. മറ്റു ദിവസങ്ങളിലെല്ലാം അവിടുന്നു വ്രതമനുഷ്ഠിക്കാറുണ്ടായിരുന്നു. എന്നും വന്നിട്ടുണ്ട്. ( ബുഖാരി-മുസ്ലിം)
നാഥാ... ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ,,ഇതിൽ വല്ല തെറ്റുകളോ പോരായ്മകളോ വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് നീ പൊറുത്ത് തരേണമേ,
മാന്യ സുഹൃത്തുക്കളെ,
ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്ത് ഇതിൻ്റെ പുണ്യം നേടുന്നതിൽ പങ്കാളിയാവുക. നിങ്ങളുടെ വിലപ്പെട്ടസമയത്തുള്ള പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ... സി. പി. അബ്ദുല്ല ചെരുമ്പ
ഇസ്ലാമിക വിശ്വാസ അനുഷ്ടാന പഠനപ്രചരണരംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
e-mail: [email protected]
Mobile: 0091 9400534861