അറബി പയ്യൻ

മൈസറ എന്ന തൻ്റെ അടിമയോടൊപ്പം വ്യാപാരത്തിനായി ശാമിലേക്ക് പോകാൻ തയ്യാറാണോ എന്ന് അവർ നബിയോടന്വേഷിച്ചു. തിരുമേനി സമ്മതിക്കുകയും മൈസറയോടൊന്നിച്ചു യാത്ര തിരിക്കുകയും ചെയ്തു‌. യാത്രാമധ്യേ ഒരു മരത്തണലിൽ അവർ വിശ്രമിച്ചു.

അറബി പയ്യൻ

അറബി പയ്യൻ അല്ല.

"അറബികളും അനറബികളുമുൾപ്പെടെ അല്ലാഹുവിൻ്റെ മുഴുവൻ സൃഷ്ടികളിലും ഉത്തമനാണ് നബി(സ)"
--------------------------------------------------------------------

കഴിഞ്ഞ ദിവസം സാദിഖ് അയച്ച മെയിലിൽ നിന്ന് ചില വരികൾ കാണുക.

കേരള ജനതക്കിടയിൽ ജാതിമതഭേദമന്യേ സ്വീകാര്യനായ ബഹുമാനപ്പെട്ട എം.എം. അക്ബറിനെ തന്നെ ഇരയാക്കുക എന്ന പുതിയ തന്ത്രവുമായാണ് ഇവരുടെ ഇപ്പോഴത്തെ അരങ്ങേറ്റം..... യഥാർത്ഥ ഇസ്ലാം ജനങ്ങൾക്കെത്തിക്കുന്ന നിച്ച് ഓഫ് ട്രൂത്തിനെ അവഹേളിക്കാനാണ് ചെരുമ്പയുടെ ഇപ്പോഴത്തെ ശ്രമം............

സുഹൃത്തേ, ഹിന്ദു-കൃസ്‌തു മത വിഭാഗത്തിന് നമ്മുടെ പ്രവാചകനെ(സ) ഇകഴ്ത്തിക്കൊണ്ടാണോ ഇസ്‌ലാമിനെ പരിചയപ്പെടുത്തേണ്ടത് ? ഇത് ഇസ്ല‌ാമിൻ്റെ പേരിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് സാധ്യമാകുന്നതെങ്ങനെ ? നിങ്ങളുടെ നേതാക്കളെക്കുറിച്ച് പേരോട് എന്തെങ്കിലും പറഞ്ഞ് പോയാൽ നിങ്ങൾ കയർക്കാറില്ലേ ? ഈ ആവേശം പ്രവാചകൻ്റെ(സ) കാര്യത്തിൽ നിങ്ങൾക്കില്ലാത്തത് എന്ത് കൊണ്ട് ? നമ്മുടെ ജീവന്‌ തുല്യമായി സ്നേഹിക്കുന്ന പ്രവാചകനെ(സ) ഇകഴ്ത്തിക്കൊണ്ട് പ്രസംഗിച്ചതിനെ, അത്  ശരിയായില്ല എന്ന് പറഞ്ഞപ്പോൾ "നിച്ച് ഓഫ് ട്രൂത്തിനെ അവഹേളിക്കാനാണെന്നുള്ള താങ്കളുടെ ആരോപണം ശരിയല്ല സഹോദരാ. സത്യം ബോധ്യപ്പെട്ടപ്പോൾ മറുപടി പറയാനൊന്നും കിട്ടാതെ വരുമ്പോഴാണ് താങ്കൾ ഇത്തരം തമാശകൾ പറയുന്നത്. ഒരു തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ആ തെറ്റ് തിരുത്തുകായാണ് മാന്യതയുളളവർ ചെയ്യേണ്ടത്. അല്ലാതെ എന്തെങ്കിലും ദുർന്യായങ്ങൾ പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയല്ല വേണ്ടത്. അവഹേളിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് ആരാണെന്ന് നെറ്റിലുള്ള വായനക്കാർക്ക് നല്ലവണ്ണം അറിയാം. അത് താങ്കളോ ഈ വിനീതനോ പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല.

സാദിഖിൻ്റെ അടുത്ത വരികളിലേക്ക് :

പ്രവാചകൻ 40 വയസ്സുവരെ ഒരു സാധാരണ പയ്യനായിരുന്നു എന്ന ഒരു വാചകം മാത്രം അടർത്തിയെടുത്തു പ്രകോപനം ഉണ്ടാക്കുകയാണ് ചെരുമ്പയും പേരോടും ചെയ്തിരിക്കുന്നത്. അക്ബർ പ റഞ്ഞ വാചകം കാണുക: 

"മുഹമ്മദ്‌ നബി(സ) ഒരു മനുഷ്യനായിരുന്നു അദ്ദേഹം ഒരു മനുഷ്യനായിരുന്നു. ഞാൻ പറഞ്ഞല്ലോ നാൽപത് വയസ്സ്‌ വരെ അറബികൾക്കിടയിൽ ജീവിച്ച ഒരു സാധാരണ അറബി പയ്യൻ"

അതിലെന്തോ കൂട്ടുകയോ കുറക്കുകയോ ചെയ്‌ത പോലെ അതൊന്ന് കാണാൻ താങ്കൾ പറഞ്ഞല്ലോ എന്താണ് താങ്കൾക്ക് മനസ്സിലായത് ? ഇത്തരത്തിൽ ഇകഴ്ത്തിപ്പറഞ്ഞാലെ മറ്റുള്ളവർക്ക് ഇസ്‌ലാം മനസ്സിലാവുകയുള്ളൂയെന്നാണോ സാദിഖിൻ്റെ കണ്ട്പിടുത്തം. ? സ്വന്തം നേതാക്കൾ അബദ്ധം പറഞ്ഞതിനെ മറ്റ്‌ മതക്കാരെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പേരും പറഞ്ഞ് ഇവിടെന്ന് തൽക്കാലം തടിയൂരാം. പക്ഷേ അല്ലാഹുവിൻ്റെ മുമ്പിൽ ഇത്തരം തട്ടിപ്പുകൾ നടക്കില്ല സുഹൃത്തേ. വാചകം അടർത്തിയെടുത്തുവെന്ന് പറയുന്ന താങ്കളോട്, അടർത്താത്ത ഭാഗങ്ങൾ ചേർത്ത് ഇതിനെ നന്നാക്കിയെടുക്കാമോ ? വേണമെങ്കിൽ നെറ്റിലുളള മുഴുവൻ മുജാഹിദുകളെയും സഹായം ആവശ്യപ്പെട്ടു കൊളളുക. കഴിഞ്ഞ ദിവസം ബഷീർ സാഹിബിനോട് ഇത് അവശ്യപ്പെട്ടിട്ട് ഒരു വിവരവുമില്ല. ചിലപ്പോൾ അതിൻ്റെ ഭാഗങ്ങൾ തേടിപ്പിടിക്കുന്നുണ്ടാവാം എന്ന് മനസ്സിലാക്കുന്നു.
ഒരു പണ്ഡിതൻ്റെ പ്രസംഗം എടുത്ത് സാദിഖ് പറയുന്നു. സാദിഖിൻ്റെ വരികളിലേക്ക് :

പ്രവാചകനെ പയ്യൻ എന്ന്‌ വിളിച്ച് പ്രകോപനമുണ്ടാക്കുന്ന മുസ്ല്യാരേ, കണ്ടോളു ഒരു പുരോഹിതൻ പ്രവാചകനെ വിശേഷിപ്പിക്കുന്നത്, നീ.. നീ.. എന്ന് വിളിച്ചുകൊണ്ടാണ്. മുസ്ല്യാർ പറയുന്നത് ഇങ്ങിനെ :

 

[സാദിഖ് അയച്ച ക്ലിപ്പ് കാണാൻ ക്ലിക്ക് ചെയ്യുക http://islamkerala.com/videos/clips/clip.3gp]  

ഒരു ഉർദു കാവ്യത്തിൽ പറഞ്ഞതിനെ അദ്ദേഹം എടുത്ത് പറയുകയാണ് ചെയ്‌തത് മാത്രമല്ല മലയാളത്തിൽ അത് പറഞ്ഞാൽ നാം ചിലപ്പോൾ കോപിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്. ആ ക്ലിപ്പിൻ്റെ ടെക്സ്റ്റ് ചേർത്തതിൽ തന്നെ സാദിഖ് സത്യം പറഞ്ഞത് കാണുക. സുന്നി വിരോധം കാരണം സലഫിയുടെ തട്ടിപ്പ് സാദിഖിനും മനസ്സിലായില്ലന്നർത്ഥം.

നാം എന്ന് പറഞ്ഞതിൽ നിന്ന് അദ്ദേഹത്തെയും കൂടി ചേർത്തിപ്പറഞ്ഞത് സലഫി ഒഴിവാക്കുകയും അവിടെ നിങ്ങൾ എന്ന് സലഫി കൂട്ടിച്ചേർക്കുകയും ചെയ്തത് മാന്യ വായനാക്കാർ കാണുക. ഈ ക്ലിപ്പ് സാദിഖ് അയച്ചതിനാൽ സലഫിയുടെ ഒരു തട്ടിപ്പും കൂടെ പിടികൂടാനായി എന്നല്ലാതെ അഷ്റഫുൽ ഖൽഖ്(സ)യെക്കുറിച്ച് അദ്ദേഹം സ്വന്തമായി നീ എന്ന് പറയുന്നില്ല എന്നുളളത് ആ ക്ലിപ്പ് കേൾക്കുന്ന ഏതൊരാൾക്കും വ്യക്തമാകുന്നതാണ്. അതിൽ എന്താണ്‌ പറയുന്നതെന്ന് പോലും ചിന്തിക്കാതെ അതങ്ങനെ തന്നെ നെറ്റിൽ ക്ലിപ്പുമായി വന്ന സാദിഖിൻ്റെ കാര്യമാണ് വളരെ കഷ്ടം അദ്ദേഹം കൊണ്ട് വന്ന ക്ലിപ്പ് അദ്ദേഹത്തിന് തന്നെ എതിരായത് സത്യത്തെ അസത്യം കൊണ്ട് നേരിടുന്നവർക്ക് അല്ലാഹു കൊടുക്കുന്ന ശിക്ഷയാണെന്ന് നമുക്ക് മനസ്സിലാക്കാം. നെറ്റിലുള്ള മുജാഹിദുകളേ, അത്പോലെ നിഷ്പക്ഷമതികളേ സാദിഖ് അയച്ച ക്ലിപ്പൊന്ന് നിങ്ങൾ കാണുക. എന്നിട്ട് മുജാഹിദ് പ്രസ്ഥാനത്തെ നിങ്ങൾ മനസ്സിലാക്കുക. ഇത് എന്തിനാണ് സാദിഖ് കഷ്ടപ്പെട്ട് ഇവിടെ കൊണ്ട് വന്നത് എന്നതും കൂടി നിങ്ങൾ കണക്കിലെടുക്കണം. അവരുടെ വലിയ നേതാവ് എം എം അക്ബർ സാഹിബ് നബി(സ)യെ സാധാരണ അറബിപ്പയ്യൻ എന്ന് പറഞ്ഞതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് സലഫി ഇത് നാദാപുരത്ത് ക്ലിപ്പാക്കിയതും സാദിഖ് അതിനെ നമുക്ക് മെയിലയച്ചതും.

സാദിഖിൻ്റെ അടുത്ത വരികളിലേക്ക് :
അക്ബർ,പ്രവാചക(സ)നെ പയ്യൻ എന്ന് വിളിച്ചതായി തെളിയിക്കുക.

സുഹൃത്ത് സാദിഖേ, ഇതാ തെളിയിക്കുന്നു. ശ്രദ്ധിച്ച് കാണുക [ക്ലിക്ക് http://islamkerala.com/videos/clips/clip.3gp ]

സാദിഖിൻ്റെ അടുത്ത വരികളിലേക്ക് :
മുഹമ്മദ് നബി(സ) 40 വയസ്സിന് മുമ്പും പ്രവാചകനായിരുന്നു എന്ന് തെളിയിക്കുക.

ഈ ചോദ്യം സാദിഖ് മാത്രമല്ല. പല മുജാഹിദ് സുഹൃത്തുക്കളും എനിക്ക് ഫോൺ വിളിച്ച് ചോദിച്ചതിനാൽ 40 വയസ്സിന് മുമ്പുള്ള മുഹമ്മദ്(സ)യെക്കുറിച്ച് ചെറിയ ഒരു വിവരണം തന്നെ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ്.

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ

(നബിയേ) ലോകത്തുള്ളവർക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല (സൂറത്തുൽ അമ്പിയാഅ്)

ലോകത്ത് കഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ സർവ്വ സൃഷ്ടികൾക്കും കാരുണ്യമായിട്ടാണ് നബി(സ)യെ അയച്ചതെന്ന് വിശുദ്ധ ഖുർആൻ പറയുമ്പോൾ മുജാഹിദ് പറയുന്നു. അതൊരു സാധാരണ പയ്യനായിരുന്നുവെന്ന് പറഞ്ഞാൽ ഈമാനുള്ള ഒരു മനുഷ്യന് ഉൾക്കൊള്ളാൻ സാധ്യമല്ല. പ്രകോപനമെന്ന് പറഞ്ഞ് ഇതിനെ മറ്റൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കരുത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയ്യാറാവുകയാണ് വേണ്ടത്. ഇവിടെ പ്രകോപനമുണ്ടാക്കി നമുക്കൊന്നും നേടാനില്ല. അങ്ങിനെയുള്ളവരിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ.

അശ്റഫുൽ ഖൽഖ്(സ)ക്ക് നമ്മോട് എത്രത്തോളം സ്നേഹമുണ്ടെന്നും അവിടെന്ന് നമ്മോടുള്ള അലിവ് എത്ര ശക്തിയായിരുന്നുവെന്നും ഖുർആൻ എടുത്ത് പറയുന്നത് കാണുക.

لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ (128)

“സ്വന്തത്തിൽ (നിങ്ങളിൽ) നിന്നു തന്നെയുള്ള ഒരു റസൂൽ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങൾ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങൾ സന്മാർഗികളാകുന്നതിൽ അത്യാഗ്രഹിയുമാണദ്ദേഹം; സത്യ വിശ്വാസികളോട് വളരെ അലിവും കനിവുമുള്ള ആളും." (അത്തൗബ 128)

നമ്മൾ അതിരറ്റ് സ്നേഹിക്കുന്ന പ്രാവചകൻ(സ)ക്ക് നുബുവ്വത്തിന്‌ മുമ്പ് പ്രവാചകനായിരുന്നോ എന്ന് നിങ്ങൾ ചോദിച്ചല്ലോ. എങ്കിൽ 40 വയസ്സിന് മുമ്പ് മക്കയിൽ ജീവിച്ച മുഹമ്മദ്‌ മുസ്‌തഫ(സ)യെക്കുറിച്ച് ചരിത്രം എന്ത് പറഞ്ഞു വെന്ന് നമുക്ക് പരിശോധിക്കാം.

തിരുനബി(സ)യെ ഗർഭം ധരിച്ച സമയത്ത് ആമിന ബീവി ഒരശരീരി കേട്ടതായി അവർ പറയാറുണ്ടായിരുന്നു. ഈ സമുദായത്തിൻ്റെ നേതാവിനെയാണ് നിങ്ങൾ ഗർഭം ചുമന്നിരിക്കുന്നതെന്നും പ്രസവിച്ച ഉടനെ എല്ലാ അസൂയക്കാരുടെ ശല്യങ്ങളിൽ നിന്നും ഏകനായ അല്ലാഹുവിനോട് കുട്ടിക്ക് വേണ്ടി കാവൽ ചോദിക്കണമെന്നുമായിരുന്നു ആ അശരീരി. അതിൻ്റെ അടയാളമായി ശാമിലെ കോട്ടകൾ നിറയുന്ന പ്രകാശത്തെ നിങ്ങൾ കാണുമെന്നും മുഹമ്മദ് എന്ന് കുട്ടിക്ക് നാമകരണം ചെയ്യണമെന്നും ശബ്ദം തുടർന്ന് പറഞ്ഞു. തൗറാത്തിലും ഇഞ്ചീലിലും അവരുടെ പേര് അഹ്‌മദ്‌ എന്നാണെന്നും, വിശുദ്ധ ഖുർആനിലെ നാമം മുഹമ്മദ് എന്നായിരിക്കുമെന്നും ആകാശ ഭൂമികളിലുളളവർ അവരെ പുകഴ്ത്തുമെന്നും ആ അശരീരിയിലുണ്ടായിരുന്നു. തിരു നബി(സ) ജനന സമയത്ത് കിസ്‌റയുടെ സിംഹാസനം വിറ കൊണ്ടിരുന്നതായും അതിൽ നിന്ന് 14 തീപ്പൊരികൾ വീണു വെന്നും പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ടം അണഞ്ഞു പോയതായും പറയപ്പെട്ടിട്ടുണ്ട്.

നബി(സ)യുടെ ജനനത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് എത്യോപ്യയിൽ രാജാവായി സൈഫ് ബിന് ദീയസിൻ ചുമതലയേറ്റപ്പോൾ അബ്ദുൽ മുത്തലിബ് ഉൾപ്പെടെയുള്ള ഒരു അറേബ്യൻ സംഘം ആശംസകൾ നേരാൻ കൊട്ടാരത്തിലെത്തി. അപ്പോൾ അബ്ദുൽ മുത്തലിബിനോട് രാജാവ് പറഞ്ഞു. ഞാ൯ വിശുദ്ധമായ ഗ്രന്ഥത്തിൽ വലിയൊരു വാർത്ത കാണുന്നു. അതായത് തിഹാമയിൽ (മക്കയും പരിസര പ്രദേശവും) ചുമലുകൾക്കിടയിൽ അടയാളമുളള കുട്ടി ജനിച്ചാൽ നേത്യത്വം ആ കുട്ടിക്കാണ്. അന്ത്യ നാൾ വരെ നിങ്ങൾക്ക് ആ കുട്ടി സഹായവും കാവലുമായിരിക്കും. മാതാവും പിതാവും മരിച്ചാൽ പിതാമഹനും പിതൃസഹോദരനും കുട്ടിയെ പരിപാലിക്കും. അല്ലാഹു അവരെ സുപ്രസിദ്ധവും പരസ്യവുമായി നിയോഗിക്കും. ബിംബങ്ങൾ തരിപ്പണമാവും. വിധി നിർണ്ണയം നീതിപൂർണ്ണമായിരിക്കും നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും. അതെ നിങ്ങളാണ് ആ കുട്ടിയുടെ പിതാമഹൻ. തൽക്ഷണം അബ്ദുൽ മുത്തലിബ് രാജാവിൻ്റെ കാൽക്കൽ വീണ്‌ കൊണ്ട് പറഞ്ഞു. ശരിയാണ് രാജാവേ എനിക്ക് ഒരു മകനുണ്ടായിരുന്നു. അവന് ആമിന എന്ന ഭാര്യയിലൂടെ ജനിച്ച കുട്ടിക്ക് ഞാൻ മുഹമ്മദ് എന്ന് പേരിട്ടിട്ടുണ്ട്. പിതാവും മാതാവും മരണപ്പെട്ടുപോയ ശേഷം ഞാനാണ് ആ കുട്ടിയെ പരിപാലിക്കുന്നത്. "രാജാവ് തുടർന്നു." ജൂതന്മാരെ നിങ്ങൾ സൂക്ഷിക്കണം. അവർ ആ കുട്ടിയുടെ ശത്രുക്കളാണ്. പക്ഷേ അവർക്ക് കുട്ടിയെ ഒന്നും ചെയ്യാൻ സാധിക്കില്ല തന്നെ. യസ്‌രിബ് (മദീനയുടെ പഴയ പേര്) കാർ തിരുമേനിയുടെ സഹായികളാണെന്നും അവിടെയാണ് അവരുടെ അന്ത്യവിശ്രമമെന്നും ഞാൻ കാണുന്നു."

അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബി(സ)തങ്ങളുടെ ചെറുപ്പകാലത്ത് മറ്റ് കുട്ടികളോടുകൂടെ കളിച്ച് കൊണ്ടിരിക്കെ ഒരു ദിവസം ജിബ്രീൽ(അ) വന്നു. നബി(സ)യുടെ നെഞ്ച് പിളർന്ന് ഹൃദയം പുറത്തെടുക്കുകയും പിന്നീട് ഹൃദയം പിളർന്ന് ഒരു രക്ത പിണ്ഡം പുറത്തെടുത്ത് ഒഴിവാക്കുകയും ചെയ്തു. ഇത് നിങ്ങളിലെ പിശാചിൻ്റെ സ്വാധീന വിഹിതമായിരുന്നു എന്ന് ജിബ്രിൽ(അ) പറഞ്ഞു. പിന്നീട് അത് സ്വർണ്ണ തളികയിൽ കഴുകി സത്യ വിശ്വാസവും ദൈവിക വിദ്യയും നിറച്ചു പൂർവ്വ സ്ഥാനത്ത് സ്ഥാപിച്ചു. ആ തിരു നെഞ്ചിൽ അന്ന് തുന്നിയ അടയാളമുള്ളത് താൻ കണ്ടിരുന്നു. അനസ്(റ) പറഞ്ഞിട്ടുണ്ട്. (മുസ്ല‌ിം) അല്ലാഹുവേ ഈ പ്രവാചകനെ ഇകഴ്ത്തുന്നവരിൽ നിന്ന് ഞങ്ങളെ നീ കാക്കണേ നാഥാ....

അബൂത്വാലിബ് തൻ്റെ ശാമിലേക്കള്ള ഒരു യാത്രയിൽ തിരുമേനി(സ)യെയും ഒന്നിച്ചു കൂട്ടി. യാത്രയിൽ സംഘം വിശ്രമിക്കാനിറങ്ങിയ സ്ഥലത്തിനടുത്ത് ബുഹൈറാ എന്ന് പേരുള്ള ഒരു പുരോഹിതൻ താമസിച്ചിരുന്നു. ഒരു വലിയ കൃസ്ത്യൻ പണ്ഡിതനായിരുന്നു അദ്ദേഹം. പതിവിന് വിപരീതമായി അദ്ദേഹം തൻ്റെ ആരാധനാ ഗൃഹത്തിൽ നിന്നറങ്ങി യാത്രാ സംഘത്തിനടുത്ത് ചെന്നു. തുടർന്ന് തിരുമേനിയുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു. ഈ കുട്ടി ലോകത്തിൻ്റെ നേതാവാണ്. ലോക രക്ഷിതാവിൻ്റെ തിരുദൂതരാണ്. ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടുന്നവരാണ്. തൽസമയം സംഘത്തിലെ ചില ഖുറൈശി പ്രമുഖർ ചോദിച്ചു താങ്കൾക്കെങ്ങനെ അറിയാം ? പുരോഹിതൻ പറഞ്ഞു നിങ്ങൾ വരുന്ന വഴിയിലെ എല്ലാ കല്ലുകളും മരങ്ങളും ഈ കുട്ടിക്ക് വണങ്ങുന്നുണ്ടായിരുന്നു. ഒരു നബിയെ മാത്രമാണവ വണങ്ങാറുളളത് പ്രവാചകത്വമുദ്ര ഈ മേനിയുടെ പിരടിക്ക് താഴെ ഒരാപ്പിൾ പോലെ പതിഞ്ഞിരിക്കുന്നതും ഞാൻ കാണുന്നു. പിന്നീട് അദ്ദേഹം തിരിച്ച് പോയി സംഘത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കി തിരുമേനിയെ വിളിക്കാൻ ആളെ അയച്ചു. തിരുമേനി(സ) നടന്ന് വരുമ്പാൾ മേഘങ്ങൾ തണൽ വിരിച്ചു നീങ്ങുന്നത് അവരെല്ലാവരും ശ്രദ്ധിച്ചു

ഇബ്ന് ഇസ്ഹാഖ് നിവേദനം ചെയ്യുന്നു. ഖദിജ ബീവി(റ)പണവും പ്രതാപവുമുള്ള ഒരു വ്യാപാരിയായിരുന്നു. മൈസറ എന്ന തൻ്റെ അടിമയോടൊപ്പം വ്യാപാരത്തിനായി ശാമിലേക്ക് പോകാൻ തയ്യാറാണോ എന്ന് അവർ നബിയോടന്വേഷിച്ചു. തിരുമേനി സമ്മതിക്കുകയും മൈസറയോടൊന്നിച്ചു യാത്ര തിരിക്കുകയും ചെയ്തു‌. യാത്രാമധ്യേ ഒരു മരത്തണലിൽ അവർ വിശ്രമിച്ചു. മരത്തിനടുത്ത് താമസിച്ചിരുന്ന ഒരു പുരോഹിതൻ തൻ്റെ ആരാധനാ ഗേഹത്തിൽ നിന്നറങ്ങി വന്ന് മൈസറത്തിനോട് ഇവർ ആരാണ് ? എന്ന് ചോദിച്ചു. ഹറം വാസികളിൽപെട്ട ഖുറൈശിക്കാരിൽ ഒരാളാണെന്ന് മൈസറ  പ്രവചിച്ചു. തൽസമയം പുരോഹിതൻ പറഞ്ഞു. ഈ മരത്തണലിൽ നബിയല്ലാത്ത ആരും വിശ്രമിച്ചിട്ടില്ല. ചൂടുള്ള ദിവസങ്ങളിൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന തിരുനബി(സ)ക്ക് മലാഖമാർ തണൽ വിരിക്കുന്നത് കാണാമായിരുന്നുവെന്നും മൈസറ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രവാചകത്വത്തിന് മുമ്പ് നടന്ന മറ്റൊരു സംഭവവും കൂടി കാണുക. അംറ് ബിൻ ദീനാർ(റ)പറയുന്നു. ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നതായി ഞാൻ കേട്ടു. കഅ്ബം പുനർ നിർമ്മിക്കുന്ന സന്ദർഭത്തിൽ നബി(സ)യും അബ്ബാസ് (റ)യും കല്ലുകൾ കൊണ്ട്‌ വരാൻ പോയി. ആ സന്ദർഭത്തിൽ അബ്ബാസ്(റ) നബി(സ)യോട് പറഞ്ഞു. (പിരടി വേദനിക്കാതിരിക്കാൻ) നിങ്ങളുടുത്ത തുണി പിരടിയിൽ വെക്കുക(അങ്ങനെ ചെയ്‌തപ്പോൾ) നബി(സ)ബോധം കെട്ട് ഭൂമിയിലേക്ക് വീഴുകയും രണ്ട് കണ്ണു ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു‌. ( ബുഖാരി)

ഈ ഹദീസിന്റെ വിശദീകരണത്തിൽ "ഫത്ഹുൽ ബാരിയിൽ" പറയുന്നതും കൂടികാണുക : ബോധം വന്നതിന് ‌ശേഷം അബ്ബാസ്(റ)നബിയോട് ചോദിച്ചു. നിങ്ങൾക്ക് എന്ത് സംഭവിച്ചു. ? അപ്പോൾ നബി(സ)പറഞ്ഞു. ഞാൻ നഗ്നമായി നടക്കുന്നത് വിലങ്ങപ്പെട്ടതാണ്. അവിടെന്ന് അഞ്ച്‌ വർഷം കഴിഞ്ഞതിനു ശേഷമാണ് നബി (സ)ക്ക് നുബുവ്വത്ത് ((പ്രവാചകത്വം) ലഭിച്ചത്.

ജാബിർ(റ) പറയുന്നു. തിരുനബി(സ) അരുളി." മക്കയിലെ ഒരു കല്ല് നബിയായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ സ്ഥിരമായി എനിക്ക് സലാം പറയാറുണ്ടായിരുന്നു.( മുസ്ലിം, തിർമിദി) ഈ കല്ല് ഹജറുൽ അസ്വദാണെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്. അബുല്ലാഹി ബിന് മസ്ഊദ്(റ) പറയുന്നു. മക്കയിൽ ഞാൻ നടക്കുന്ന വഴിയിൽ, ഒരു കല്ല് തിരു നബി(സ)അതിൻ്റെ സമീപത്ത് കൂടെ നടക്കുമ്പോഴെല്ലാം അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് (അല്ലാഹുവിൻ്റെ ദൂതരെ താങ്കൾക്ക് രക്ഷയുണ്ടാവട്ടേ) എന്ന് അഭിവാദ്യം ചെയ്യാറുളളത് എൻ്റെ ചെവികൾ കൊണ്ട് ഞാൻ കേട്ടതാണ്.

സുഹൃത്തുക്കളെ നബി(സ)യുടെ ചരിത്രം ഇങ്ങനെ എഴുതുകയാണെങ്കിൽ ഒരളവ് പോലും പൂർത്തിയാക്കാൻ നമുക്ക് സാധ്യമല്ല. അങ്ങനെത്തെ പ്രവാചകനെക്കുറിച്ച് തോന്നിയത് പോലെ പറയുക എന്നത് ഈമാനുള്ള ഒരാൾക്ക് സഹിക്കാവുന്നതല്ല. ഇതാരെയെങ്കിലും താഴ്ത്തുവാനോ അവഹേളിക്കുവാനോ അതല്ലെങ്കിൽ പ്രകോപിക്കുവാനോ കുറിക്കുന്നതല്ല. മനുഷ്യ മനസ്സിൽ ഒളിച്ച്‌ വെച്ചതിനെ കൃത്യമായി അറിയുന്ന നാഥനെ സാക്ഷി നിറുത്തി ഇത് നിങ്ങളിലേക്ക് അയക്കുന്നു.

അല്ലാഹു നമ്മെ അഷ്റഫുൽ ഖൽഖ് (സ)യോടൊന്നിച്ച് സ്വർഗ്ഗത്തിൽ കഴിയുവാൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ. തെറ്റിദ്ധരിച്ച് പോയ നമ്മുടെ മുജാഹിദ് സുഹ്യത്തുക്കൾക്ക് അല്ലാഹു സത്യം വ്യക്തമാക്കിക്കൊടുക്കട്ടെ. ആമീൻ.
സി.പി.അബ്ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861