മൗലിദാഘോഷം ഡോ:യൂസഫ് അൽ ഖർദാവിയുടെ വീക്ഷണത്തിൽ

എട്ടാം വയസ്സിൽ പിതാമഹനും മരിച്ചു . പിന്നീട് ദാരിദ്ര്യവും  ജീവിത ക്ലേശങ്ങളുമനുഭവിക്കുന്ന പിതൃവ്യനായ അബൂത്വാലിബാണ് നബിയുടെ സംരക്ഷണമേറ്റെടുത്തത്. തന്റെ ജീവിതാവശ്യങ്ങൾക്കു അബൂത്വാലിബിനെ ആശ്രയിക്കാതെ തിരു നബി(സ) തൊഴിൽ തേടി ഇടയനായി. ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച നബി സാമൂഹത്തിൽ ഇടപഴകി ജീവിച്ചിട്ടും  ഒരിക്കൽ പോലും  മദ്യപിച്ചിട്ടില്ല.

മൗലിദാഘോഷം ഡോ:യൂസഫ് അൽ ഖർദാവിയുടെ വീക്ഷണത്തിൽ

“ സമസ്തക്കാർ വയർ  വീർപ്പിക്കാനാണ് മാല മൗലിദുമായി നടക്കുന്നത്" യൂസുഫ് അൽ ഖർദാവിയുടെ ലക്ഷ്യമെന്തെന്ന് കൂടി അറിയാൻ സുന്നികൾക്ക് താൽപര്യമുണ്ട്. ബന്ധപ്പെട്ടവർ വിശദീകരിക്കുമോ ?????
സുന്നികൾ നബിദിനമാഘോഷിക്കുന്നതിന് തെളിവായല്ല ഇത് ഉദ്ധരിക്കുന്നത്. മൗലിദിനെ എതിർക്കുന്നവർ അംഗീകരിക്കുന്ന ഒരു പണ്ഡിതന്റെ നിലപാട് ഇങ്ങിനെയാവുമ്പോൾ , അത് ജനങ്ങളെ അറിയിക്കൽ നബിയെ സ്നേഹിക്കുന്ന ഒരാളുടെ ബാധ്യതയാണ്.

മൗലിദാഘോഷം ഡോ:യൂസഫ് അൽ ഖർദാവിയുടെ വീക്ഷണത്തിൽ

ഈ ലേഖനം ഡോ:യൂസുഫ് അൽ ഖർദാവിയുടെ അറബിയിലുള്ള ലേഖനത്തിന്റെ മലയാള പരിഭാഷയാകുന്നു.

റബീഉൽ അവ്വൽ സമാഗതമായി പ്രവാചക സ്മരണകളും പ്രവാചക ജന്മദിന സ്മരണകളും അയവിറക്കപ്പെടുന്ന മാസം, നബി(സ) ജനിച്ചതും പ്രവാചകരായി നിയോഗിക്കപ്പെട്ടതും മദീനയിലേക്ക് ഹിജ്റ പോയതും  റബീഉൽ അവ്വലിലാണ്, പ്രവാചകാനുബന്ധിയായ അവസരങ്ങൾ സമാഗതമാവുമ്പോൾ (പവാചകർ(സ)യുടെ മഹത്ചരിതങ്ങൾ അയവിറക്കേണ്ടത്  നമ്മുടെ ബാധ്യതയാണ്. നബിദിനാഘോഷവേളയിൽ നാം ജനങ്ങൾക്ക് നബിയെകുറിച്ച് പറഞ്ഞു കൊടുക്കുന്നു. മുഹമ്മദീയ രിസാലത്തുമായി ജനതയെ ബന്ധപ്പെടുത്തുന്നു. ഇതൊരിക്കലും ബിദ്അത്തായ ആഘോഷമല്ല.സ്വഹാബത്ത്  നബിയെക്കുറിച്ച് പ്രവാചക സ്മരണകൾ പങ്കുവെക്കാറുണ്ടായിരുന്നു.സഹദ് ബനു അബീവഖാസ് (റ) പറയുന്നു. ഞങ്ങൾ കുട്ടികൾക്ക് വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കുന്നത് പോലെ    നബി(സ)യുടെ യുദ്ധങ്ങളെക്കുറിച്ച് പറഞ്ഞ കൊടുക്കാറുണ്ടായിരുന്നു. ബദറിലും ഉഹ്ദിലും ഖന്തക്കിലും ബൈഅത്ത് റിള്വാവാനിലും സംഭവിച്ചത് ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു. അത് കൊണ്ട് സ്വഹാബത്ത്(റ)വിനെ പിന്തുടങ്ങുകയും സമൂഹത്തിന് റസൂൽ(സ)യെ ഓർമ്മപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്, നാം നബിദിനമാഘോഷിക്കുമ്പോൾ വ്യക്തിയും ജന്മദിനാഘോഷം മാത്രമല്ല, മറിച്ച് നബി(സ)യിലൂടെ പ്രത്യക്ഷപ്പെട്ട പ്രവാചകത്വത്തിന്റെ ജന്മദിനമാണ് നാം ആഘോഷിക്കുന്നത്. ഭൗതികവും പാരത്രികവുമായ മുഴുവൻ കാര്യങ്ങളുമുൾക്കൊള്ളാൻ മാത്രം ആഴമേറിയ മുഴുവൻ മനുഷ്യ സഞ്ചയങ്ങളെയും കോർത്തിണക്കാൻ പര്യാപ്തമായ സാർവ്വകലികമായ അന്ത്യ പ്രവാചകത്വത്തിനായി അല്ലാഹു പാകപ്പെടുത്തി എടുത്ത വ്യക്തിത്വത്തിന്റെ ജന്മദിനമാണാഘോഷിക്കുന്നത്. (മുസ്ലിംകൾക്ക് ,സത്യ സന്ദേശവും , അനുഗ്രഹവും, നേർമാർഗ്ഗവും എല്ലാറ്റിന്റെയും വിശദീകരണവുമായി അങ്ങേക്ക് നാം ഗ്രന്ഥം  അവതരിപ്പിച്ചിരിക്കുന്നു.) ചിന്തിക്കുന്നവർക്ക് അവരുടെ ചരിത്രത്തിൽ ദൃഷ്ടാന്തങ്ങളുണ്ട്. അതൊരു നിർമ്മിത വൃത്താന്തമല്ല.തന്റെ മുൻ വേദങ്ങളെ  വാസ്തവീകരിക്കുന്നതും സർവ്വ കാര്യങ്ങളും വിശദീകരിക്കുന്നതുമായ ഗ്രന്ഥമാണ് . വിശ്വാസികളായ ജനതക്കു അനുഗ്രഹവും സന്മമാർഗവുമാണ്.

നബി(സ)യെ അനുധാവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് ജീവിതത്തിന്റെ നിഖില മേഖലകളിലും ഉദാത്തമായ മാതൃകയുണ്ട്. "ആഭിചാത്യവും, കുലമഹിമയും ആഗ്രഹിക്കാതെ വിയർപ്പൊഴുക്കി അധ്വാനിച്ച് ജീവിച്ച പ്രവാചക(സ)യുടെ ജീവിതത്തിൽ" യുവാക്കൾക്കു ഉത്തമ മാതൃകയുണ്ട്. "പ്രവാചകർ(സ)യുടെ 25 വയസ്സ് വരെയുള്ള  അവിവാഹിത ജീവിതത്തിൽ" അവിവാഹിതർക്കു ഉത്തമ മാതൃകയുണ്ട്. "50  വയസ്സുവരെയുള്ള  തന്റെ ദാമ്പത്യജീവിതത്തിലെ നീണ്ട 25 വർഷം"  ഭർത്താക്കന്മാർക്ക്  മാതൃക കണ്ടെത്താം . "ഇസ്രായേൽ, അറബ് വംശചരും , ചെറിയവരും, വലിയവരും, വിധവകളും, കന്യകകളുമായ ഒന്നിലധികം ഭാര്യമാരുമായി ദാമ്പത്യ ജീവിതം നയിച്ച പ്രവാചകരുടെ 10 വർഷം"  ബഹുഭാര്യത്വം സ്വീകരിച്ചവർക്ക് നല്ല മാതൃകയുണ്ട്.
 
"സന്താന പരിപാലനത്തിനും സന്താന വിയോഗത്തിലും" പിതാവിനു പ്രവാചകരിൽ മാതൃകയുണ്ട്. "ഹസൻ ഹുസൈൻ  എന്നിവരെ താലോലിച്ചതിൽ" പിതാമഹന്മമാർക്കും മാതൃക  കാണാം. "യോദ്ധാവ്  എങ്ങനെ യുദ്ധം  ചെയ്യണമെന്നുള്ള  യുദ്ധമര്യാദകളും സഹായമഭ്യർത്തിക്കുമ്പോൾ സഹായമെങ്ങനെയാവണമെന്നും ഉഹ്ദ് പോലുള്ള പരീക്ഷണ ഘട്ടങ്ങൾ എങ്ങിനെ തരണം ചെയ്യണമെന്നതിനും പ്രവാചകരിൽ മാതൃകയുണ്ട്". ജനങ്ങൾക്കിടയിൽ തുല്ല്യത നിലനിർത്തുകയും നീതി പൂർവ്വം വിധി നിർണ്ണയിക്കുകയും ചെയ്ത  പ്രവാചക ജീവിതത്തിൽ ഭരണാധികാരികൾക്കും രാഷ്ട്ര നേതൃത്വത്തിനും ഉത്തമാതൃകയാണുള്ളത്. എല്ലാ മനുഷ്യർക്കും പ്രവാചകർ(സ)യുടെ ജീവിതത്തിൽ മാതൃക കണ്ടെത്താം.  മദീനയിൽ പ്രജാപതിയും മക്കയിൽ പ്രജയുമായി ജീവിച്ച നബി(സ)യിൽ  നല്ല ഭരണാതികാരിക്കും പ്രജക്കും മാതൃകയുണ്ട് . വിശപ്പിന്റെ കാഠിന്യത്തിൽ വയറിൽ കല്ലുകൾ കെട്ടി വെച്ച് ജീവിച്ച നബിയിൽ ദരിദ്രനും ത്യാഗിയുമായ മാതൃകാ പുരുഷനെ കാണാം. ശൈശവക്കാലത്തെ   മുഹമ്മദ് നബി(സ)യിൽ  ഉത്തമ  മാതൃകയുണ്ടായിരുന്നു. ചരിത്രത്തിലെ  ഏറ്റവും വലിയ ദൗത്യനിർവ്വഹണത്തിനായി അല്ലാഹു മനുഷ്യനെ സജ്ജമാക്കി. 

അനാഥത്വം നല്കികൊണ്ട്  ജീവിതത്തിൽ മറ്റാരെയും  ആശ്രയിക്കാതെ സ്വയം 
പര്യാപ്തനാവാനാണ്  അല്ലാഹു തീരുമാനിച്ചത്. “നിന്നെ യത്തീമായി ജീവിപ്പിച്ചില്ലെ എന്നിട്ടവൻ നിനക്കഭയം നൽകുകയും ചെയ്തു (വി;ഖു ) ആറു വയസ്സുവരെ സ്നേഹത്തിന്റെയും ലാളനയുടെയും മികച്ച മാതൃകയിൽ മാതാവ് നബിയെ വളർത്തി. പിന്നീട് പിതാമഹൻ സംരക്ഷണമേറ്റെടുത്തു. അബ്ദുൽ മുത്തലിബിനു മുഹമ്മദ് നബി(സ) യോട് അളവറ്റ സ്നേഹവും ബഹുമാനവുമായിരുന്നു. ഒരു നല്ല ഭാവിയുടെ ഉടമസ്തനാണ് ഈ കുഞ്ഞെന്ന ശുഭ പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. പൗത്രനോട് തന്നെ അബ്ദുൽ മുത്ത്വലിബ് ഇത് പറയാറുണ്ടായിരുന്നു.

എട്ടാം വയസ്സിൽ പിതാമഹനും മരിച്ചു . പിന്നീട് ദാരിദ്ര്യവും  ജീവിത ക്ലേശങ്ങളുമനുഭവിക്കുന്ന പിതൃവ്യനായ അബൂത്വാലിബാണ് നബിയുടെ സംരക്ഷണമേറ്റെടുത്തത്. തന്റെ ജീവിതാവശ്യങ്ങൾക്കു അബൂത്വാലിബിനെ ആശ്രയിക്കാതെ തിരു നബി(സ) തൊഴിൽ തേടി ഇടയനായി. ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച നബി സാമൂഹത്തിൽ ഇടപഴകി ജീവിച്ചിട്ടും  ഒരിക്കൽ പോലും  മദ്യപിച്ചിട്ടില്ല. ഏതെങ്കിലും സാഹചര്യങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തുകയോ ഏതെങ്കിലും വിനോദത്തിലേർപ്പെടുകയോ അവിഹിത ബന്ധത്തിൽ ഏർപ്പെടുകയോ   ചെയ്തിട്ടില്ല. ഇതെല്ലാം  ജാഹിലീ സമൂഹത്തിൽ അനുവദനീയമായിരുന്നു. അവസരങ്ങൾ സുലഭമായിരുന്നു. ഒരിക്കൽ ഒരു ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ഇറങ്ങിത്തിരിച്ചുവെങ്കിലും വഴിയിൽ മൊഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. പിന്നീട് പ്രഭാത സമയത്താണ് ഉണർന്നത്. പൂർണ്ണ സംശുദ്ധനായി നബി(സ)യെ അല്ലാഹു തന്നെ സംരക്ഷിക്കുകയായിരുന്നു 

ജാഹിലിയ്യ സമൂഹം തിരു നബിയെ 'അൽ അമീൻ' എന്നു വിളിച്ച് ആദരിച്ചു. നബി പൂർണ്ണ വിശ്വസ്ഥനായത് കൊണ്ട് തന്നെയാണിത്. പ്രവാചക ലബ്ധിക്കു ശേഷം നബിക്കും സമൂഹത്തിനുമിടയിൽ പൊരുത്തക്കേടും എതിർപ്പുമുണ്ടായിട്ടും തങ്ങളുടെ സാധനങ്ങൾ വിശ്വസിച്ചേൽപിക്കാൻ അവർക്കുണ്ടായത് മുഹമ്മദ് നബി(സ) തന്നെയായിരുന്നു. നീണ്ട 13 വർഷം എന്തെല്ലാം ദുരനുഭവങ്ങളുണ്ടായിട്ടും ഒരു  യുദ്ധത്തിലേക്ക് നയിക്കാതെ നബി കാര്യങ്ങൾ തന്ത്രപരമായി കൈകാര്യം ചെയ്തു.നാടും വീടും വിട്ട്  മദീനയിലേക്ക് പാലായനം ചെയ്തപ്പോഴും നബി തന്റെ നാട്ടുകാരെ വിമർശിച്ചില്ല. വിശുദ്ധ ഖുർആൻ നബിയുടെ ഏറ്റവും വലിയ മുഅജിസത്തായിരുന്നു. സാഹിത്യ സാമ്രാട്ടുകളായ അറബികളെ നബി വെല്ലുവിളിച്ചു. 'ഖുർആനിലുള്ളതിന് തുല്യമായത് കൊണ്ടുവരാൻ പക്ഷെ അവർക്കു കഴിഞ്ഞില്ല. വിശുദ്ധ ഖുർആൻ ഇന്നും മുഅ്ജിസത്തായി നില കൊള്ളുകയാണ്. പ്രവാചകകാലത്തോ  അതിനുശേഷം കഴിഞ്ഞുപോയ  നൂറ്റാണ്ടുകളിലോ ജനങ്ങൾക്ക് പരിചയമില്ലാത്ത ശാസ്ത്ര യാഥാർത്ഥ്യങ്ങൾ ഖുർആനിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നു.

തന്റെ  കൈകളിലൂടെ പ്രത്യക്ഷമായ  ഒട്ടേറെ അത്ഭുതസിദ്ധികൾ നബി (സ)യുടെ  പ്രവാചകത്വത്തിന് തെളിവാണ്. ഇസ്റാഅ്  മിഅ്റാജ് (ആകാശാരോഹണം), ബദർ, ഹുനൈൻ,ഖൻതഖ് തുടങ്ങിയ യുദ്ധങ്ങളിൽ തനിക്കും വിശ്വാസികൾക്കും രക്ഷകരായി മലക്കുകളിറങ്ങിയത്. പട്ടിണിയവസരങ്ങളിൽ കുറഞ്ഞ ഭക്ഷണശകലങ്ങളുപയോഗിച്ച് അനേക ജനങ്ങൾക്ക് മൃഷ്ടാന്ത ഭോജനം  നൽകിത് തുടങ്ങിയവ ഇവയിൽ ചിലതു മാത്രം . ഒത്തിരി സന്ദർഭങ്ങളിൽ   നബി(സ)യുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിട്ടുണ്ട്.എണ്ണമറ്റ ധാരാളം സംഭവങ്ങളും  ബദർ യുദ്ധ വേളയിലും മറ്റ് യുദ്ധവസരങ്ങളിലും  കാണാം.  

അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ പ്രവാചകത്വത്തിന് തെളിവാണ്. ഒട്ടേറെ പ്രവചനങ്ങൾ ജീവിത കാലത്തു തന്നെ തെളിഞ്ഞിട്ടുണ്ട്. മറ്റു പലതും വഫാത്തിന് ശേഷം പുലർന്നു. വേറെ  പലതും ഇപ്പോഴും പുലർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ കൺമുമ്പിൽ കാണുന്ന കാര്യങ്ങളും പതിനാല് നൂറ്റാണ്ട് മുമ്പ് തിരുനബി(സ) പ്രവചിച്ചതായി കാണാൻ കഴിയുന്നു. വസ്ത്രം ധരിച്ച് നഗ്നരായി നടക്കുന്ന സ്ത്രീകൾ, മുസ്ലിം വിഭാഗത്തിനു പല ഭാഗത്ത് നിന്നുയർന്നു വരുന്ന അക്രമങ്ങൾ തുടങ്ങിയവ അതിനു ചില ഉദാഹരണം . 
ഇതൊന്നും നബി(സ) സ്വന്തം ഇഷ്ട്ട  പ്രകാരം പറയുകയായിരുന്നില്ല. അല്ലാഹു അവന്റെ അദൃശ്യജ്ഞാനം അവൻ ഇഷ്ടപ്പെടുന്നവർക്കേ പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുകയുള്ളൂ. അല്ലാഹു മുൻകൂട്ടി അറിയിച്ചതനുസരിച്ചാണ് നബി(സ) അദൃശ്യ കാര്യങ്ങൾ നേരത്തെ
പ്രഖ്യാപിച്ചതും പ്രവചിച്ചതുമെല്ലാം. 

അറബികളെല്ലാം നബി(സ)ക്കെതിരെ സംഘടിച്ചു. ഒറ്റമൂന്നണിയായി ഉറച്ച് പോരാടി.നാനാ ദിശകളിൽ നിന്നും അവർ നബിയെ വളഞ്ഞു. അസത്യത്തിന്റെ ശക്തികൾ സമ്മേളിച്ചു. ആളും അർത്ഥവും ആയുധങ്ങളും നബിക്കെതിരെ സുസജ്ജമായി, ഈ പ്രധിസന്ധിഘട്ടങ്ങളിൽ തിരു നബി(സ) സ്വന്തം ശിശ്യന്മാർക്ക് നിർദ്ദേശം നൽകി ശത്രുവിനെതിരെ സുസജ്ജരാവാൻ അവരും പരമാവധി ആയുധങ്ങൾ ശേഖരിച്ചു. ശിഷ്യർ പോരാളികളായി അണിചേർന്നു. രക്തരൂക്ഷിതമായ പോർക്കളങ്ങളിൽ അവർ ധീരമായി  ചെറുത്തു നിന്നു. പ്രബോധനത്തിന്റെ അതിസങ്കീർണമായ സന്ദഭങ്ങളായിരുന്നു ഇത്. ഈ യുദ്ധങ്ങളിൽ തിരുനബി(സ) മുന്നണിയിൽ തന്നെ നിന്ന് പോരാടുകയും ചെയ്തു. ഇങ്ങിനെ തിരു നബി ചരിത്രം ഓർക്കാനും പഠിക്കാനും എമ്പാടുമുണ്ട്

സഹോദരങ്ങളെ, നാം ഇന്നനുഭവിക്കുന്ന ഈ ദീൻ അത്യുദാരനായ അല്ലാഹുവിൻറ അനുഗ്രഹം, അതിന്റെ തണലിലാണ് നാം ആശ്വാസം കൊള്ളുന്നത്. ഇതൊരു ഗനീമത്ത് സ്വത്താണ്. ഇത് നമുക്ക് വെറുതെ ലഭിച്ചതല്ല. ഒരു പരിശ്രമവുമില്ലാതെ എത്തിച്ചേർന്നതല്ല. വീണു കിട്ടിയതുമല്ല. ഹിമ വൃഷ്ടി പോലെ വർഷിച്ചതല്ല. ഈ ദീനിന്റെ മാർഗത്തിൽ ധാരാളം യത്നങ്ങൾ നടന്നിട്ടുണ്ട്, രക്തം ചിന്തിയിട്ടുണ്ട്, ഒട്ടേറെ ആത്മാക്കൾ ബലിനൽകിയിട്ടുണ്ട്,ആത്മാർപ്പണങ്ങളും ത്യാഗങ്ങളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്... അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തെ നാം ഓർക്കണം.

പിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാണീ മതം. നാം അതിനു വേണ്ടി ഒന്നും നൽകിയിട്ടില്ല. ഇതേ മതത്തിന് വേണ്ടി അനേകം ത്യാഗങ്ങൾ സഹിച്ചവരുണ്ട്. ധാരാളമാളുകൾ ഇതിനായി ജീവൻ ത്യജിച്ചിട്ടുമുണ്ട്. തിരുനബിയും സഹാബികളും നേരിട്ടത് ബഹുമുഖ ശത്രുക്കളെയായിരുന്നു. മക്കയിലും ജസീറത്തുൽ അറബിലും ബഹുദൈവ വിശ്വാസികൾ, മറുഭാഗത്ത് നബിക്കെതിരെ പടനയിച്ച ജൂതമുന്നണി, ചതിയും കരാർ ലംഘനവുമായിരുന്നു അവരുടെ ശൈലി. മറ്റൊരു ഭാഗത്ത് റോമിലെ കൃസ്ത്യാനികൾ, അവർ നബി(സ)ക്കെതി യുദ്ധങ്ങൾ ആസൂത്രണം ചെയ്തു. പക്ഷെ അവർക്കവസരം കൊടുക്കാതെ  തബൂക്ക്  പ്രദേശങ്ങളിലേക്ക് മുന്നേറിക്കൊണ്ട് നബി(സ) അവരുടെ പദ്ധതികൾ തകർത്തു. മദീനക്കകത്ത് കപടവിശ്വാസികൾ, എല്ലാ ശത്രുക്കളെക്കാളും സങ്കീർണ്ണവുമായിരുന്നു ഇവരുടെ ശല്യം. തങ്ങൾ വിശ്വാസികളെന്ന് അവർ  പ്രഖ്യാപിക്കും സത്യത്തിൽ അവരാകട്ടെ വിശ്വാസികളല്ലതാനും.അല്ലാഹുവിനെയും   വിശ്വാസികളായുളളവരെയും ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ . പക്ഷെ ചതിക്കുന്നത് അവരെത്തന്നെയാണ്. അതാകട്ടെ അവർക്ക്  ബോധ്യമാകുന്നുമില്ല.  അവരുടെ ഹൃദയളിൽ രോഗമായിരുന്നു.രോഗത്താൽ അവർക്കല്ലാഹു വർദ്ധനവ് നൽകി. (അൽബഖറ:)

ഇതായിരുന്നു തിരുനബി(സ)യുടെ സ്ഥിതി. എത്രയേറെ ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ ആ മഹാനായകൻ സഹിച്ചു. ചരിത്രത്തിന്റെ നിർമ്മിതിക്കു വേണ്ടി,ഒരു രാജാവിൻറ ജീവിതമായിരുന്നില്ല നബി(സ)നയിച്ചത്, അധികാരമോഹികളുടെ ജീവിതവുമല്ല  മറിച്ച് മഹാദൗത്യം നിർവ്വഹിക്കുന്ന ഒരു ദൂതന്റെ  ലളിത ജീവിതമായിരുന്നു അത്. ന്യൂതന ജീവിത വ്യവസ്ഥയുടെ സ്ഥാപനം, ഒരു പുത്തൻ സമൂഹത്തിൻറ പിറവി, ഒരു നവീന സമുദായത്തിന്റെ ഉത്ഭവം, പുത്തൻ രാഷ്ട്രത്തിൻറ ജന്മം എന്നിവയായിരുന്നു  ജീവിതലക്ഷ്യം. അവിടെ നീതിയും നന്മയും കളിയാടുന്നു, അറിവും വിശ്വാസവും നിറഞ്ഞ് നിൽക്കുന്നു. ഉത്തമ ഗുണങ്ങളും സച്ചരിതങ്ങളും അവിടെ സമ്പൂർണമാകുന്നു. ലോകത്തിനാകെ മാതൃകയാകാൻ, നേർമാർഗ്ഗത്തിലേക്കുള്ള വിളക്കുമാടമായിത്തീരാൻ...

ഇതാണ് മുഹമ്മദു റസൂലുള്ളാഹി സല്ലല്ലാഹു അലൈഹിവസല്ലം. ആ നബിയെക്കുറിച്ച് നാം  പഠിക്കുതോറും  അവിടുത്തോടുള്ള നമ്മുടെ വിശ്വാസം വർധിക്കുന്നു. നമ്മുടെ പ്രേമം ശക്തിപ്പെടുന്നു. വിശ്വാസവും പ്രേമവും
നബിയെ പിൻ തുടരാൻ  നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങിനെ നാം നമ്മുടെ അനുധാവനം നന്നാക്കിയെടുക്കുന്നു. അല്ലാഹു പറഞ്ഞു. "പറയുക നബി, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ അനുധാവനം ചെയ്യുക.അല്ലാഹു നിങ്ങളെ സ്നേഹിക്കും നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും . അല്ലാഹു കൃപാനിഥിയും പൊറുക്കുന്നവനുമാണ് (ഖു.ശ).

മുഹമ്മദ്കുഞ്ഞി കൊളവയൽ അബുദാബി