ഇസ്‌ലാമിലെ ബഹുഭാര്യത്വം
ബഹുഭാര്യത്വം അമ്പത്തിമൂന്നാം വയസ്സിലായിരുന്നു, ഒരാളൊഴിച്ചു എല്ലാ ഭാര്യമാരും വിധവകളായിരുന്നു. (ആയിശ (റ)ഒഴികെ) എതിരാളികൾ പ്രചരിപ്പിക്കും പോലെ വിവാഹോദ്ദേശ്യം വൈകാരികമായിരുന്നെങ്കിൽ, യുവ കന്യകകളെ സ്വന്തമാക്കുമായിരുന്നല്ലോ. സ്വയം തന്നെ സമർപ്പിക്കാൻ തയ്യാറായ അനുയായി വൃന്ദങ്ങൾ എത്ര സുന്ദരിമാരെയും നൽകാൻ സന്നദ്ധരാകുമായിരുന്നിട്ടും, വിധവകളായ വനിതകളെ വേൾക്കുകയും അനുചരരോട് കന്യകളെ വിവാഹം ചെയ്യാൻ ഉപദേശിക്കുകയും ചെയ്തതിൽ സദുദ്ധേശ്യമല്ലാതെ മറ്റെന്താണ് ദർശിക്കാനാവുക.
മാന്യ സുഹൃത്തുക്കൾക്ക്
അസ്സലാമു അലൈക്കും
ഇതിന്റെ താഴെ കാണുന്ന ചർച്ച ഓൺലൈനിലുണ്ടായ ഒരു അമുസ്ലിം സഹോദരി ഇസ്‌ലാമിലെ ബഹുഭാര്യത്വരത്തേക്കുറിച്ചു ചോദിച്ചപ്പോൾ ഈ വിനീതൻ അയച്ച മെയിലും അതിന് ആ സ്ത്രീ അയച്ച മറുപടിയുമാണ് ആദ്യമായി ആ സ്ത്രീ അയച്ച എഴുത്ത് മേലെ കൊടുക്കുന്നു. അതിന് താഴെ ഞാൻ അയച്ച മറുപടിയാണ്. ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചു പലരും തെറ്റിദ്ധാരണയോടെയാണ് വീക്ഷിക്കുന്നത്. ആരുടെയെങ്കിലും തെറ്റിദ്ധാരണ അകറ്റാൻ സാധിച്ചാൽ ദീനിന് വേണ്ടി ഖിദ്‌മത്ത് ചെയ്യുന്നവരുടെ ലിസ്‌റ്റിൽ നാമും ഉൾപ്പെടും ഇൻശാ അല്ലാഹ്...
ഇതിന് ആ സ്ത്രീ അയച്ച മറുപടിയും ശേഷം അതിന് കൊടുത്ത മറുപടിയും അടുത്ത് പ്രതീക്ഷിക്കാം.........
dear abdullah
thanks for ur mail. ഇതു നന്നായിട്ടുണ്ട് . പക്ഷെ എനിക്ക് അറിയേണ്ടത് മൊത്തത്തിൽ ഇസ്ലാമിന് മറ്റു മതങ്ങളിൽ നിന്നുള്ള വ്യത്യാസമെന്താണെന്നാണ്. ഞാൻ മനസ്സിലാക്കിയേടത്തോളം അത് ഒരു പഴഞ്ചൻ മതം മാത്രമാണ് . ഞങ്ങളുടെ നാട്ടിലൊക്കെയുള്ള മുസ്ലിംകൾ കുറെയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും, അവരെ പുറകോട്ടു പിടിച്ചു വലിക്കാൻ പരിഷ്കരണ വാദികൾ എന്നു പറയുന്നവർ അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുന്നു എന്നതാണ് ഏറെ കഷ്ടകരം . ഞാൻ ഇതു പറയുന്നത് എന്റെ കൂടെ പഠിച്ചിരുന്ന ഒരു ഫ്രണ്ടിന്റെ കല്യാണം കഴിച്ചത് ഇത്തരം സംഘടനയിൽ പെട്ട ഒരാളാണ് . (ജമാഅത്ത് എന്നോ മറ്റ് എന്തോ ആണെന്ന് തോന്നുന്നു ). അദ്ദേഹം പെരുമാറ്റത്തിലും അവളെ നോക്കുന്നതിലും ഒക്കെ വളരെ നല്ലവൻ ആയിരുന്നു . എന്നാൽ ഈയിടെയായി അയാൾക്കു ഒരു പെണ്ണ് കൂടി കെട്ടണം എന്നിടത്താണുള്ളത്. 2 കുട്ടികളുടെ മാതാവാണെങ്കിലും എന്റെ കൂട്ടുകാരി ഇപ്പോഴും ശരീരികമായി fit ആണ് എന്നിട്ടും അയാൾ ഇത്തരം തോന്ന്യസത്തിനു പുറപ്പെടുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞത് , നാട്ടിലെ സ്ത്രീധനം എന്ന ദുഷിച്ച ആചാരം ഇല്ലാതാക്കാൻ ആണെന്നാണത്രെ. മാത്രമല്ല അയാൾ മുഹമ്മദ് നബിയുടെയും അനുയായികളുടെയും മാതൃകയും അവളോട് വിശദീകരിച്ചത്രേ !മാത്രമല്ല അവളോട് ചോദിച്ചുപോലും നബിയുടെ കാലഘട്ടത്തിൽ ഏതെങ്കിലും മുസ്ലിംകൾ രണ്ടു കല്യാണം കഴിക്കാത്തവരായുണ്ടോയെന്ന് ?
പ്രിയ സുഹൃത്തേ എനിക്ക് ഇസ്ലാമിലെ ഇത്തരം കാര്യങ്ങളിലെ യഥാർത്ഥ നിലപാട് എന്താണെന്നു അറിയണം ആഗ്രഹമുണ്ട്. വിശദീകരണം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു .
urs lovingly
sheeja oman
ബഹുമാന പൂർവ്വം
ശീജ
താങ്കളിൽ ദൈവ കാരുണ്യം ഉണ്ടാവട്ടെ . ഞാൻ ഓൺലൈനിൽ ഉണ്ടായ സമയത്ത് താങ്കൾ കയറി വന്നപ്പോൾ ഞാൻ പരിഗണിക്കാതിരുന്നത് ഓൺലൈനിൽ സ്ത്രീകളുമായി സംവദിക്കാൻ ഇഷ്ട്‌ടപ്പെടാത്തത് കൊണ്ടാണ്. അതിനാലാണ് താങ്കളുടെ ID Add ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ സ്വീകരിക്കാതിരുന്നത്. ഇസ്ലാമിനെക്കുറിച്ചു പഠിക്കാൻ താങ്കൾ താൽപര്യം പ്രകടിപ്പിച്ചത് കൊണ്ട് ഇസ്ലാമിൻ്റെ മത സൗഹാർദ്ധത്തെക്കുറിച്ചുള്ള ഒരു Mail താങ്കൾക്ക് അയച്ചു തന്നത്.
അതിന് അയച്ച മറുപടിയിൽ ഇസ്ലാമിനെക്കുറിച്ചു പ്രത്യേകിച്ച് ഇസ്ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചു അറിയാൻ താങ്കൾ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ചില വ്യവസ്‌ഥകളോട് കൂടി ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്. ഭാര്യമാർക്കിടയിൽ നീതിയിൽ വർത്തിക്കാൻ കഴിയാത്തവരും ചിലവ് നൽകാൻ വകയില്ലാത്തവരും ബഹുഭാര്യത്വം സ്വീകരിക്കരുത്, പ്രവാചകൻ പറയുന്നു "ഒരാൾക്ക് രണ്ട് ഭാര്യയുണ്ടായി, അവർക്കിടയിൽ അവൻ നീതി പ്രവർത്തിച്ചിട്ടില്ലെങ്കിൽ അന്ത്യ നാളിൽ അവന്റെ ഒരു ഭാഗം ചെരിഞ്ഞു വീണവനായിട്ടാണ് അവൻ ഹാജറാവുക.” (അബുദാവൂദ്)
ബഹുഭാര്യത്വം അത്യാവശ്യമാകുന്ന ഘട്ടങ്ങൾ സമൂഹത്തിൽ ഉൽഭവിക്കാറുണ്ട്. രാഷ്ട്രീയമായോ ഗോത്രപരമോ ആയ സംഘട്ടനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുമ്പോൾ അധികവും പുരുഷന്മാരാണ് കൊല്ലപ്പെടുന്നത്. അപ്പോൾ വിധവകളായിത്തീരുന്ന യുവതികൾ ഒരു പുരുഷന്റെ സുഖം ലഭിക്കാതെ അനാഥകളായിത്തീരാറുണ്ട്. വൈകാരിക ശക്തി പുരുഷന് കൂടുതലാണ്. ഒരു ഭാര്യയെ കൊണ്ട് തൃപ്തി അടയാത്ത വൈകാരിക ഊർജ്ജം പുരുഷനുണ്ടായെന്ന് വരാം കൂടാതെ ഒരു സ്‌ത്രീയുമായി ലൈംഗിക ബദ്ധത്തിലേർപ്പെടാൻ പറ്റാത്ത ആർത്തവ, പ്രസവ സമയങ്ങളുമുണ്ടാവും. ഇത്തരം വ്യക്‌തികൾ വ്യഭിചാരത്തിലേക്ക് തെന്നി വീഴാതിരിക്കാൻ ബഹുഭാര്യത്വം സ്വീകരിക്കലാണ് യുക്‌തി. ഭാര്യ വന്ദ്യയോ രോഗിയോ ആയാലും തഥൈവ.
ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വം ബുദ്ധിജീവികളുടെ പ്രശംസക്കു പാത്രമായിട്ടുണ്ട്. ഡോൾ മിസിസ് ആനി ബസന്റ്, പാശ്ചാത്യ പണ്ഡിതനായ ജെ. എസ്. കലിയർ മാക്‌ഫാർ ലൈംഗിക ശാസ്ത്രജ്‌ഞരായ ഡോക്‌ടർ റോം ലാഡാവ് ജോർജ് റൈലി, ഡോക്‌ടർ ലിബോൺ ഫ്രാൻസ് തുടങ്ങിയവർ കാര്യകാരണസഹിതം ബഹുഭാര്യത്വത്തെ ന്യായീകരിച്ചിട്ടുണ്ട്. ഇസ്ലാമിൻ്റെ ബഹുഭാര്യത്വത്തെ എതിർക്കുന്നവർ പ്രവാചകനെക്കുറിച്ചും പ്രവാചകൻ്റെ ബഹുഭാര്യത്വത്തെക്കുറിച്ചും മോശമായി ചിത്രീകരിക്കുന്നത് കാണാം. പ്രവാചകൻ്റെ വിവാഹത്തെ വിലയിരുത്തുമ്പോൾ സുപ്രധാനമായ രണ്ടു കാര്യങ്ങൾ മനസ്സിലാക്കാം. ബഹുഭാര്യത്വം അമ്പത്തിമൂന്നാം വയസ്സിലായിരുന്നു, ഒരാളൊഴിച്ചു എല്ലാ ഭാര്യമാരും വിധവകളായിരുന്നു. (ആയിശ (റ)ഒഴികെ) എതിരാളികൾ പ്രചരിപ്പിക്കും പോലെ വിവാഹോദ്ദേശ്യം വൈകാരികമായിരുന്നെങ്കിൽ, യുവ കന്യകകളെ സ്വന്തമാക്കുമായിരുന്നല്ലോ. സ്വയം തന്നെ സമർപ്പിക്കാൻ തയ്യാറായ അനുയായി വൃന്ദങ്ങൾ എത്ര സുന്ദരിമാരെയും നൽകാൻ സന്നദ്ധരാകുമായിരുന്നിട്ടും, വിധവകളായ വനിതകളെ വേൾക്കുകയും അനുചരരോട് കന്യകളെ വിവാഹം ചെയ്യാൻ ഉപദേശിക്കുകയും ചെയ്തതിൽ സദുദ്ധേശ്യമല്ലാതെ മറ്റെന്താണ് ദർശിക്കാനാവുക.? പ്രവാചകരുടെ ബഹുഭാര്യത്വത്തിന് മഹത്തായ ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട നാല് കാര്യങ്ങൾ താങ്കളെ ഉണർത്താൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ പരം മതപരം, സാമൂഹികം, രാഷ്ട്രീയപരം.
സമൂഹത്തിന്റെ ഒരു ഭാഗമായ സ്ത്രീക്ക് വിജ്‌ഞാനം പകരാൻ പണ്ഡിത വനിതകളെ സൃഷ്ടിക്കുകയും ഒരു പുരുഷനിൽ നിന്ന് പുർണ്ണമായി ചോദിച്ചു പഠിക്കാൻ സൗകര്യപ്പെടാത്ത ഏറെ കാര്യങ്ങൾ (ഉദാഃ ഋതുരക്‌തം, പ്രസവം) പ്രവാചക പത്നിമാരിൽ നിന്ന് നിർലജ്ജം മനസ്സിലാക്കാൻ മറ്റു സ്ത്രീകൾക്ക് അവസരം ലഭിക്കുകയും ചെയ്യുക. എന്നതാണത്. ചില കാര്യങ്ങൾ പ്രവാചകരോട് ചോദിക്കാൻ അവർ മടിച്ചിരുന്നു. അല്ലെങ്കിലും കന്യകയേക്കാൾ നാണമുള്ള പ്രവാചകരും വ്യക്‌തമായി പ്രത്യുത്തരം നൽകാൻ ലജ്ജിച്ചിരുന്നു. ആയിശ(റ)യിൽ നിന്ന് നിവേദനം അൻസാരി വനിതകളിൽ പെട്ട ഒരു സ്ത്രീ പ്രവാചകരോട് ഋതുരക്‌ത സംബന്ധമായ കുളിയെക്കുറിച്ചു ചോദിച്ചു. പ്രവാചകൻ പറഞ്ഞു. "സുഗന്ധം പൂശിയ ഒരു കഷണം പഞ്ഞികൊണ്ട് ശുദ്ധിയാക്കുക. "സ്ത്രീ വീണ്ടും അതേ ചോദ്യമുന്നയിച്ചു. എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത്.? പ്രവാചകൻ ആദ്യത്തെ ഉത്തരം തന്നെ പറഞ്ഞു. പക്ഷേ,സ്ത്രീ വിട്ടില്ല. തിരുദൂതരെ, അത് കൊണ്ട് ഞാനെങ്ങനെ ശുദ്ധിയാക്കും? അവിടുന്ന് ആശ്ചര്യ പൂർവ്വം പറഞ്ഞു. സുബ്ഹാനല്ലാഹ്.. അത് കൊണ്ട് നീ ശുദ്ധിയാക്കു. ആയിശ(റ)പറയുന്നു ഞാൻ ആസ്ത്രീയോട് ഈ പറഞ്ഞതിനെ വ്യക്‌തമാക്കി കൊടുത്തു. പ്രവാചകൻ വ്യക്‌തമാക്കാൻ ലജ്ജിച്ച ഒരു സംഭവമാണിത്. സ്ത്രീകൾക്ക് അദ്ധ്യാപനം നൽകുന്ന ഏറ്റം നല്ല ഗുരുവര്യകൾ പ്രവാചക പത്നിമാർ തന്നെ. അവർ വഴിയാണല്ലോ സ്ത്രീ സമൂഹം മത കാര്യങ്ങളിൽ വ്യുൽപത്തി നേടിയത്.
പ്രവാചകന്റെ ബഹുഭാര്യത്വത്തിനുള്ള മറ്റൊരു കാരണം സാമുഹികമാണ്. പ്രവാചകരുടെ ഏറ്റവും പ്രിയപ്പെട്ട സഹചാരികളായിരുന്ന നാല് ഖലീഫമാരിൽ ആദ്യത്തെ രണ്ട് പേരുടെ പുത്രിമാരെയും മറ്റു ചില ഗോത്രങ്ങളിലെ വനിതകളെയും വിവാഹം ചെയ്തതിൽ ഈ സാമൂഹിക നന്മയായിരുന്നു. പ്രവാചകൻ ആയിശ(റ)യെ വിവാഹം ചെയ്തത്, തന്റെ സന്തത സഹചാരിയുടെ മകൾ എന്ന നിലയിലായിരുന്നു. ആദ്യമായി ഇസ്‌ലാം വിശ്വസിച്ചു സമ്പത്തും സർവ്വസ്വവും അതിന്റെ നന്മക്കായി സമർപ്പിച്ച് ഏറെ ത്യാഗങ്ങൾ വരിച്ച അബൂബക്കർ സിദ്ധീഖ് (റ)ൻ്റെ പൊന്നോമന പുത്രിയായിരുന്നല്ലോ അവർ. പ്രവാചകൻ(സ) അബൂബക്കറിന് നൽകിയ ഏറ്റവും വലിയ പ്രത്യുപകാരമായിരുന്നു അദ്ദേഹത്തിൻറെ പുത്രി ആയിശയുമായുള്ള വിവാഹം. ഇസ്ലാമിൻറെ ധീരനായ പോരാളി ഖലീഫ ഉമർ(റ)ന്റെ പുത്രി ഹഫ്സ(റ)യെ വിവാഹം ചെയ്തതും ഇതേ നന്മക്ക് വേണ്ടിയാണെന്ന് മേലെ സൂചിപ്പിച്ചുവല്ലോ. ഈ രണ്ട് പേരെയും ആദരിക്കാൻ ഇതിലപ്പുറം മറ്റൊരു മാർഗവുമില്ലായിരുന്നു. പ്രവാചകരുടെ പ്രധാനപ്പെട്ട നാലു ഖലീഫമാരിൽ അബൂബക്കർ സിദ്ധീഖ്(റ) ഉമർ(റ) എന്നിവരെ അവരുടെ മക്കളെ വിവാഹം ചെയ്‌തു ആദരിച്ച പ്രവാചകർ ഉസ്മാൻ(റ) അലി(റ) എന്നിവർക്ക് സ്വന്തം പുത്രിമാരെ വിവാഹം ചെയ്തു കൊടുത്തു ആദരിക്കാൻ മറന്നില്ല.
രാഷ്ട്രീയപരം , ഗോത്രങ്ങൾക്കിടയിൽ ബന്ധം സ്‌ഥാപിച്ച് പ്രബോധനം സുസാധ്യമാക്കുക എന്നതും പ്രവാചക വിവാഹത്തിൻ്റെ മറ്റൊരു ലക്ഷ്യമായിരുന്നു. ബനുമുസ്തലഖ് ഗോത്രത്തലവൻ ഹാരിസിന്റെ പുത്രി ജുവൈരിയ്യയുമായുള്ള വിവാഹം ഈ ഇനത്തിൽ പെട്ടതാണ്. അത് പോലെ സ്വഫിയ്യ(റ)യുടെ വിവാഹവും ഇപ്രകാരം തന്നെ. ഖൈബർ യുദ്ധത്തിലെ തടവ് പുള്ളിയായിരുന്നു അവർ. ഭർത്താവിന്റെ വധം അവരെ ഏറെ വിഷമിപ്പിച്ചു. ഉന്നത കുലജാതയായ അവർക്ക് അനുയോജ്യ ഭർത്താവായി ആരുമില്ലെന്ന വിവരം അനുയായികൾ പ്രവാചകൻ(സ)യെ അറിയിച്ചു. പ്രവാചകൻ സ്വഫിയ്യ(റ)ക്ക് കുടുംബത്തിൻ്റെ കൂടെ പോവുകയോ അവിടെത്തെ ഭാര്യയായി കൂടുകയോ ചെയ്യുന്നതിന് അനുവാദം കൊടുത്ത പ്രവാചകരുടെ ഉന്നത വ്യക്‌തിത്വം മനസ്സിലാക്കിയ അവർ അവിടുത്തെ പത്നീപദം തെരഞ്ഞെടുക്കുകയായിരുന്നു.
ശീജ..
താങ്കൾ അയച്ച മെയിലിൽ പ്രവാചകന്റെ ബഹുഭാര്യത്വത്തിനെക്കുറിച്ചു സൂചിപ്പിച്ചതാണ്. ഇത്രയും നീണ്ടു പോയത് പ്രവാചകൻ്റെ ഓരോ വിവാഹത്തിന്റെ പിന്നിലും ഇതിനേക്കാൾ പല സംഭവങ്ങളും അടങ്ങിയിട്ടുണ്ട്. താങ്കൾക്ക് അതിനെക്കുറിച്ചുള്ള പുസ്‌തകങ്ങൾ അയച്ചു തരുന്നതാണ് താങ്കൾ സ്വീകരിക്കുമെങ്കിൽ. മറ്റൊരു കാര്യം വിവാഹം മാത്രം ശീലമാക്കി നടക്കുന്ന സാമൂഹിക ദ്രോഹികളെ നോക്കി ഇസ്ലാമിനെ വിലയിരുത്തുന്നത് ശരിയല്ല. അത് പോലോത്ത കെട്ട് വീരൻമാർ എല്ലാ മതത്തിലും ഉള്ളത് പോലെ മുസ്ലിംകളിലും ഉണ്ടാകും. ഇത്രയും എഴുതിയതിൽ നിന്ന് താങ്കളുടെ തെറ്റിദ്ധാരണ നീങ്ങുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
താങ്കളുടെ മെയിൽ സൂചിപ്പിച്ച ഇസ്ലാമും മറ്റുള്ള മതങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്നുള്ളതിന് മറ്റൊരു ഇമെയിൽ അയക്കുന്നതാണ്. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ മുസ്‌ലിംകൾ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നു. മറ്റുള്ള മതങ്ങൾ ഒന്നിൽ കൂടുതൽ വസ്തുക്കളെ ദൈവമായി അംഗീകരിക്കുന്നു. നിറുത്തട്ടെ.
താങ്കളിൽ ദൈവ കാരുണ്യം ഉണ്ടാവട്ടെ.
എന്ന്.
അബദുല്ല ചെരുമ്പ അബുദാബി